

തൃശൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നഗരത്തിലെ വിവിധ റോഡുകളിലെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തൃശൂർ സിറ്റി പോലീസിന്റെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ഔദ്യോഗികമായി ഏർപ്പെടുത്തി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലൂർദ് ചർച്ചിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾക്കോ കെഎസ്ആർടിസി ബസുകൾക്കോ നിർത്താൻ അനുമതിയുണ്ടായിരിക്കില്ല. എല്ലാ ബസുകളും ചർച്ച് ബസ് സ്റ്റോപ്പിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള 'ഓണസ്റ്റ് ബേക്കറിക്ക്' സമീപം പുതുതായി നിർമ്മിച്ച ബസ് സ്റ്റോപ്പിൽ മാത്രമേ നിർത്താവൂ. താരതമ്യേന ഇടുങ്ങിയ റോഡായ കിഴക്കുംപാട്ടുകര റോഡിലെ ബ്ലോക്ക് കുറയ്ക്കാൻ ഈ നീക്കം സഹായകരമാകും.
കാട്ടൂക്കാരൻ ജംഗ്ഷനിൽ നിന്ന് എറണാകുളം റോഡിലേക്ക് പോകുന്ന എല്ലാ ബസുകളും നിലവിലെ ബസ് സ്റ്റോപ്പിന് പകരം 'അസറ്റ് ആങ്കറേജ് ഫ്ലാറ്റുകൾക്ക്' മുന്നിലാണ് നിർത്തേണ്ടത്. എറണാകുളം റോഡിലേക്ക് തിരിയുമ്പോൾ അരിസ്റ്റോ റോഡ് കഴിഞ്ഞയുടനെയുള്ള സ്ഥലത്ത് എല്ലാ ബസുകളും നിർത്തുന്നത് മൂലം മുണ്ടുപാലം ജംഗ്ഷനിൽ എല്ലാ ദിവസങ്ങളിലും, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ബസുകൾ അനധികൃതമായി നിർത്തുന്നത് വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, ബസ് സ്റ്റോപ്പുകൾ മാറ്റുന്നത് ഇതുമൂലമുള്ള ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാകുമെന്നും സിറ്റി പോലീസ് അറിയിച്ചു.
കർശനമായ വൺവേ നിയന്ത്രണങ്ങൾ
വരും ദിവസങ്ങളിൽ താഴെ പറയുന്ന റോഡുകളിലെ വൺവേ ട്രാഫിക് പൂർണ്ണമായും നടപ്പിലാക്കുമെന്നും, ഡ്യൂട്ടിയിലുള്ള പോലീസുകാർ ഇത് പൂർണ്ണമായി നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വൺവേ ഏർപ്പെടുത്തിയിരിക്കുന്ന റോഡുകളിൽ ഹൈറോഡ് (സ്വരാജ് റൗണ്ട് മുതൽ പോലീസ് കൺട്രോൾ റൂം വരെ), സാഹിത്യ അക്കാദമി - സെന്റ് മേരീസ് കോളേജ് റോഡ്, സെന്റ് തോമസ് കോളേജ് ജംഗ്ഷൻ - സേക്രഡ് ഹാർട്ട് ജംഗ്ഷൻ റോഡ്, ബെന്നറ്റ് റോഡ് എന്നിവ ഉൾപ്പെടുന്നു. ഇതോടൊപ്പം പാലക്കൽ അങ്ങാടി (മോർച്ചറി) - ഹൈറോഡ് SNA ജംഗ്ഷൻ - കിഴക്കുംപാട്ടുകര റോഡ്, വെസ്റ്റ് ഫോർട്ട് - ശങ്കരയ്യർ റോഡ് ജംഗ്ഷൻ, അച്യുതമേനോൻ പാർക്ക് - ശങ്കരയ്യർ റോഡ് ജംഗ്ഷൻ, പള്ളത്ത് റോഡ് (ചിന്താമണി പ്രിന്റേഴ്സ് പൂത്തോൾ മുതൽ ആരംഭിക്കുന്നത്), ചെമ്പൂക്കാവ് രാമനിലയം - ഇൻഡോർ സ്റ്റേഡിയം - ജവഹർ ബാലഭവൻ റോഡ്, കരുണാകരൻ N.B. റോഡ് - ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ എന്നീ റോഡുകളിലും വൺവേ ട്രാഫിക് കൃത്യമായി നടപ്പിലാക്കും.
മറ്റ് പ്രധാന നിരോധനങ്ങളുടെ ഭാഗമായി സെന്റ് തോമസ് ജംഗ്ഷൻ റോഡിൽ നിന്ന് പാലക്കൽ അങ്ങാടിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പോലീസ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ പട്ടുരായ്ക്കൽ ജംഗ്ഷനിൽ നിന്ന് നേരിട്ട് ഷൊർണൂർ-പട്ടാമ്പി റോഡിലേക്ക് പ്രവേശിക്കാൻ പാടില്ല. പകരം, ഷൊർണൂർ റോഡിൽ പ്രവേശിക്കാൻ പട്ടുരായ്ക്കൽ പാലത്തിന് താഴെയുള്ള റോഡ് കൃത്യമായി ഉപയോഗിക്കണം. നഗരത്തിലുടനീളമുള്ള വലിയ ഗതാഗതക്കുരുക്ക് ഒഴുവാക്കാനും എല്ലാവരുടെയും സമയം ലാഭിക്കാനും പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനായി വിപുലമായ പോലീസ് പരിശോധനയും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates