ശക്തന്റെ കോപവും ഇലഞ്ഞിത്തറയിലെ മേളപ്പെരുക്കവും; ചരിത്രവഴികളിലൂടെ വേണാട്ടുമനയുടെ യാത്രാപുസ്തകം

വേദം പഠിക്കൽ നിഷേധിക്കപ്പെട്ട 22 ഇല്ലങ്ങളുടെ പതിത്വത്തിൽ നിന്നും ജ്യോതിഷക്കണ്ണാൽ രക്ഷപ്പെട്ട വേണാട്ടുമന. പാറമേക്കാവിലമ്മയുടെ ആദ്യ മേൽശാന്തിമാരുടെ ഓർമ്മകൾ നിറഞ്ഞ, തൃശ്ശൂരിന്റെ സമാന്തര ഭരണചരിത്രം വിളിച്ചോതുന്ന നാലുകെട്ടിന്റെ വിശേഷങ്ങൾ.
Venattumana
VenattumanaSpecial Arrangement
Updated on
3 min read

തൃശ്ശൂർ: രാജാവിനെ എതിർക്കുക എന്നതിനർത്ഥം ഒടുവിൽ ഒന്നും ബാക്കിവെക്കാതെ സർവ്വനാശത്തിലേക്ക് വഴിമാറുക എന്നാണ് ക്ലൈമാക്സ്. എന്നാൽ ശക്തൻ തമ്പുരാൻ എന്ന കൊച്ചിയിലെ പ്രബലനായ ഭരണാധികാരിയുടെ രാജകോപത്തിന്റെ അഗ്നിയിൽ വെന്തുരുകാതെ, അദ്ദേഹത്തിന്റെ രാജഡർബാറിൽ തന്നെ ആദരവോടെ ഒരിടം നേടിയെടുത്ത വിസ്മയ ചരിത്രമാണ് വേണാട്ടുമനയ്ക്കുള്ളത്. പടിപ്പുര കടന്ന്, ഉണങ്ങിയ തേക്കിലകൾ ചിതറിവീണ നാട്ടുനടപ്പാതയിലൂടെ നടക്കുമ്പോൾ പ്രകൃതിയുടെ കുളിർമയും പഴമയുടെ ഗന്ധവും നമ്മെ വരവേൽക്കും. രാജകോപത്തിനിരയായതിന്റെ പതിത്വം പേറുമ്പോഴും ഇന്നും തലയുയർത്തി നിൽക്കുന്ന ഈ മനമുറ്റത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷമുത്തശ്ശന്മാർക്ക് ചുവട്ടിലൂടെയാണ് തൃശ്ശൂരിന്റെ ചരിത്രം നടന്നുപോയത്. ഇല്ലത്തെ കാരണവരായ വാസുദേവൻ നമ്പൂതിരി ചൂടേൽക്കാത്ത ആ പഴയ നാലുകെട്ടിലിരുന്ന് വേണാട്ടു സ്വരൂപവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ മനയുടെ കഥകൾ പങ്കുവെച്ചു.

'ഞങ്ങൾക്ക് വൈദികമോ താന്ത്രികമോ ആയ വലിയ പാരമ്പര്യങ്ങളൊന്നുമില്ല' എന്ന് വാസുദേവൻ നമ്പൂതിരി വിനയത്തോടെ പറയുന്നു. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ കൃത്യമായി നിർവ്വഹിച്ചു പോന്നിരുന്ന ഒരു പാരമ്പര്യ കുടുംബമായിരുന്നു ഇത്. എന്നാൽ മറ്റു പല ഇല്ലങ്ങളിലും കാണാത്തവിധം, സാമൂഹ്യജീവിതത്തിൽ മറ്റുള്ളവരുമായി എപ്പോഴും കൂടിക്കലരാൻ ഇവർ ഒട്ടും മടികാണിച്ചില്ല. തലമുറകളായി തൃശ്ശൂരിന്റെ ഭരദേവതയായ പാറമേക്കാവിലമ്മയുടെ ഉപാസകരും മേൽശാന്തിമാരുമായിരുന്നു ഈ കുടുംബക്കാർ. 1965-ൽ കാർഷിക ഭൂനിയമം വന്നതോടെ വിദ്യാഭ്യാസത്തിന്റെയും പുതിയ തൊഴിലിന്റെയും ആവശ്യകത ബോധ്യപ്പെടുകയും അതോടെ ഇവരുടെ ശാന്തിസ്ഥാനം നിലയ്ക്കുകയും ചെയ്തു. ഇന്നും ക്ഷേത്രത്തിൽ നടക്കുന്ന ദേവപ്രശ്നങ്ങളിൽ ഈ പഴയ ആത്മബന്ധം തെളിഞ്ഞുവരാറുണ്ട്. ബ്രാഹ്മണശാപമുണ്ടെന്ന് കാണുമ്പോൾ വേണാട്ടുമനക്കാരെ കൊണ്ടുപോയി ഊട്ടും ദക്ഷിണയും നൽകി പരിഹാരം ചെയ്യൽ ഇന്നും പതിവാണ്. ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠയും ഇല്ലത്തെ ഏതോ ഒരു പഴയ കാരണവരുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം.

Venattumana
VenattumanaSpecial Arrangement

ഇലഞ്ഞിത്തറയിലെ തട്ടകത്തമ്മയുടെ വരവ്

തൃശ്ശൂർ പൂരത്തിന്റെ മുഖ്യപങ്കാളിയായ പാറമേക്കാവ് ക്ഷേത്രനടയിൽ നിൽക്കുമ്പോൾ, തട്ടകം കാക്കുന്ന ഭഗവതിയുടെ വരവിനെക്കുറിച്ചുള്ള ഐതിഹ്യം ഏറെ കൗതുകകരമാണ്. നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ പ്രശസ്തമായ അപ്പാട്ട് കളരി തറവാട്ടിലെ ഒരു കാരണവർ തിരുമാന്ധാംകുന്ന് ഭഗവതിയുടെ കറകളഞ്ഞ ഭക്തനായിരുന്നു. പ്രായാധിക്യം കാരണം തിരുമാന്ധാംകുന്നിൽ പോകാൻ കഴിയാതെ വന്നപ്പോൾ തന്നോടൊപ്പം പോരണമെന്ന് അദ്ദേഹം ദേവിയോട് അഭ്യർത്ഥിച്ചു. ദർശനം കഴിഞ്ഞ് തൃശ്ശൂരിൽ മടങ്ങിയെത്തിയ അദ്ദേഹം വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിൽ ഓലക്കുടയും വെച്ച് ഉറങ്ങിപ്പോയി. പിറ്റേന്നുണർന്ന് കുടയെടുക്കാൻ ശ്രമിച്ചപ്പോൾ അത് ഇലഞ്ഞിത്തറയിൽ ഉറച്ചുപോയതായി കണ്ടു. പിന്നീട് പ്രശ്നം വെച്ചു നോക്കിയപ്പോഴാണ് കുടയിൽ ഭഗവതിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞത്.

Venattumana
അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവൃത്തികൾ; ഗതാഗതം നിരോധിച്ചു

അങ്ങനെ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ ഇലഞ്ഞിച്ചുവട്ടിൽ പാറമേക്കാവിലമ്മയെ കുടിയിരുത്തി. പിൽക്കാലത്ത് അത് ശക്തമായ 'ചൊവ്വ' യാണെന്നു ബോധ്യമാകുകയാൽ, വടക്കുന്നാഥ ക്ഷേത്രത്തിനു പുറത്ത് കിഴക്കുമാറി ഒരു പാറപ്പുറത്തേക്ക് പുനഃപ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നത് അങ്ങനെയാണ്. ദേവിയുടെ പൂർവ്വസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് പൂരത്തിന് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നത് ഇന്നും ഈ ഇലഞ്ഞിച്ചുവട്ടിൽ തന്നെയാണ്. പഴയ കൂറ്റൻ ഇലഞ്ഞിമരം വർഷങ്ങൾക്ക് മുൻപ് കാറ്റിലും മഴയിലും മറിഞ്ഞുവീണതിനെ തുടർന്ന് ഇപ്പോഴത്തെ ഇലഞ്ഞി പിന്നീട് വെച്ചുപിടിപ്പിച്ചതാണ്. പാറമേക്കാവു ഭഗവതിയുടെ ദാസരായി തുടർന്ന വേണാട്ടുമനക്കാരെ ഇപ്പോഴും പൂരം നാളുകളിൽ പറയെടുപ്പിനായി ഭഗവതി എഴുന്നള്ളിയെത്തി അനുഗ്രഹിക്കാറുണ്ട്. ഇല്ലത്തെ മേൽശാന്തിയായിരുന്ന മുത്തശ്ശൻ പരമേശ്വരൻ നമ്പൂതിരിയാണ് തട്ടകക്കാരുടെ സഹകരണത്തോടെ 'പാറമേക്കാവ് രാജേന്ദ്രൻ' എന്ന പ്രശസ്തമായ ആനയെ ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയത്.

Venattumana
ഒരു മേൽക്കൂരയ്ക്ക് കീഴിൽ തോക്കുകളും റേഡിയോകളും! കുന്നംകുളത്തിന്റെ ചരിത്ര വിസ്മയമായിരുന്ന 'പ്രകാശ് ഗൺസ് ആൻഡ് റേഡിയോസ്'

ശക്തൻ തമ്പുരാന്റെ കോപവും 22 മനകളുടെ പതിത്വവും

നാനൂറ് പറയ്ക്ക് കൃഷിനിലമുണ്ടായിരുന്ന മനയുടെ കഥകൾ പിന്നീട് നീളുന്നത് ശക്തൻ തമ്പുരാന്റെ ചോരചിന്തിയ ഭരണകാലത്തേക്കാണ്. നടുമുറ്റത്തെ ഭദ്രകാളി സങ്കൽപ്പമായ മുല്ലത്തറ ചൂണ്ടി വാസുദേവൻ നമ്പൂതിരി ആ ചരിത്രം വിവരിച്ചു. ടിപ്പുവിന്റെ ആക്രമണകാലത്ത് ഇവിടെ നിന്നും പലായനം ചെയ്ത ഒരു ഇരുണ്ട ചരിത്രവും മനയ്ക്കുണ്ട്. പിന്നീട് 1916-ലാണ് ഇപ്പോഴത്തെ നാലുകെട്ട് പണിതുയർത്തിയത്. നൂറ്റാണ്ടുകൾക്കു മുൻപ്, ശക്തൻ തമ്പുരാന്റെ കരുത്ത് സർവ്വമേഖലകളിലും പ്രതിഫലിച്ചിരുന്ന കാലത്ത് വടക്കുന്നാഥ ക്ഷേത്രം കേന്ദ്രീകരിച്ച് നമ്പൂതിരിമാരുടെ സമാന്തര ഭരണമാണ് തൃശ്ശൂരിൽ നടന്നിരുന്നത്. 'യോഗാതിരി'യായിരുന്നു അന്നത്തെ സർവ്വാധികാരി. രാജാവിനുപോലും ചോദ്യം ചെയ്യാൻ അധികാരമില്ലാത്ത രീതിയിലുള്ള ബ്രാഹ്മണ്യത്തിന്റെ ധാർഷ്ട്യത്തോട് ഭരണമേറ്റ ശക്തന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.

Venattumana
തൃശ്ശൂരിന്റെ ഹൃദയത്തിലെ പാലക്കാടൻ പ്രൗഢി; മനംമയക്കുന്ന ശില്പഭംഗിയുമായി കൊല്ലങ്കോട് കൊട്ടാരം

യോഗാതിരിപ്പാടിന്റെ തിരഞ്ഞെടുപ്പും വാഴിക്കലും രാജാവിനെ എഴുതി അറിയിക്കാൻ അവകാശമുള്ള പ്രധാന മനകളിലൊന്നായിരുന്നു വേണാട്ടുമന. വേണാട്ട്, വേട്ടനാട്ട്, മുണ്ടശ്ശേരി, കാവുങ്ങൽ മനക്കാരാണ് ഈ അവരോധം നിശ്ചയിച്ചിരുന്നത്. എന്നാൽ രാജാവിനെ വെല്ലുവിളിച്ച് കോഴിക്കോട് സാമൂതിരിയുമായി സഖ്യത്തിലായ നമ്പൂതിരിമാർക്ക് ശക്തൻ തമ്പുരാൻ നൽകിയത് ഭീകരമായ ശിക്ഷാവിധികളായിരുന്നു. ബ്രഹ്മഹത്യാ പാപം പോലും നോക്കാതെ നിരവധി പേരുടെ തലവെട്ടുകയും സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തതോടെ ബ്രാഹ്മണരുടെ സമാന്തര ഭരണം അവസാനിച്ചു. അന്ന് സാമൂതിരിയെ അനുകൂലിച്ച വേണാട്ടുമന ഉൾപ്പെടെയുള്ള 22 മനക്കാരോട് ഇനി മേലാൽ വേദപഠനം പാടില്ലെന്ന് തമ്പുരാൻ കൽപ്പിച്ചു. അങ്ങനെയാണ് വേദംപഠിക്കൽ അന്യമായ ഇല്ലങ്ങൾ എന്ന പതിത്വം ഇവർക്ക് വന്നുഭവിച്ചത്. മറ്റു പല ഇല്ലങ്ങളും പൂർണ്ണമായി തകർന്നടിഞ്ഞപ്പോഴും ജ്യോതിഷത്തിലും വാസ്തുവിദ്യയിലും അഗ്രഗണ്യന്മാരായ കാരണവന്മാർ ഉണ്ടായിരുന്നതും കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാനുമായുള്ള അടുത്ത ബന്ധവുമാണ് വേണാട്ടുമനയെ സർവ്വനാശത്തിൽ നിന്നും രക്ഷിച്ചത്.

Venattumana
ലാലൂരിലെ കാറ്റിൽ ഇപ്പോൾ കയ്പ്പില്ല; പക്ഷേ 'വാസുവേട്ടൻ' ആയുധം താഴെ വെച്ചിട്ടില്ല! 70-ലും തളരാത്ത പോരാട്ടവീര്യം

ടിപ്പു സുൽത്താന്റെ പരീക്ഷണവും വൃഷഭപ്രതിഷ്ഠയും

മൈസൂർ കടുവയായ ടിപ്പു സുൽത്താൻ പാലക്കാടൻ ചുരം കടന്ന് തൃശ്ശൂരിലെത്തി വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് പാളയമടിച്ച ചരിത്രവും വാസുദേവൻ നമ്പൂതിരി ഓർത്തെടുത്തു. അമ്പലങ്ങൾ കൊള്ളയടിച്ച ടിപ്പു വടക്കുന്നാഥ ക്ഷേത്രത്തിന് യാതൊരു നാശവും വരുത്തിയില്ല എന്നത് വലിയൊരു അത്ഭുതമാണ്. ക്ഷേത്രം നശിപ്പിക്കരുതെന്ന അധികാരികളുടെ അഭ്യർത്ഥന കേട്ട ടിപ്പു, ഇവിടുത്തെ മൂർത്തിക്ക് ശക്തിയുണ്ടെന്ന് തെളിയിച്ചാൽ അമ്പലം തകർക്കില്ലെന്ന് ഉറപ്പുനൽകി. അതിനായി ക്ഷേത്രത്തിലെ വൃഷഭ (കാള) പ്രതിഷ്ഠയ്ക്ക് മുന്നിൽ പുല്ലും കാടിയും വെച്ച ശേഷം, വൈകീട്ടിനുള്ളിൽ ഇത് തിന്നുകയും കുടിക്കുകയും ചെയ്താൽ ക്ഷേത്രം ഒഴിവാക്കാമെന്ന് സുൽത്താൻ വെല്ലുവിളിച്ചു.

Venattumana
VenattumanaSpecial Arrangement

അത്ഭുതമെന്നു പറയട്ടെ, വൈകീട്ട് സുൽത്താൻ പരിശോധനയ്ക്ക് എത്തുമ്പോൾ കാടിയും പുല്ലും തിന്ന്, ചാണകവുമിട്ട് ചിറിനക്കിത്തുടച്ചു കിടക്കുന്ന രൂപത്തിലാണ് വൃഷഭപ്രതിഷ്ഠ കണ്ടത്. ഈ അത്ഭുത പ്രതിഭാസത്തിൽ സംഭ്രമിച്ചുപോയ ടിപ്പു സുൽത്താൻ ക്ഷേത്രധ്വംസനം വേണ്ടെന്നുവെച്ച് തെക്കോട്ട് പടനയിച്ചു പോയെന്നാണ് ഐതിഹ്യം. ഇപ്പോഴും ആ രൂപത്തിൽ തന്നെയാണ് വടക്കുന്നാഥനിലെ വൃഷഭപ്രതിഷ്ഠ കാണപ്പെടുന്നത്. 'വെൺനാട്' അഥവാ മുളയുടെ നാട് എന്ന അർത്ഥത്തിൽ നിന്നായിരിക്കാം വേണാട്ടുമന എന്ന പേര് വന്നതെന്ന് കാരണവർ അനുമാനിക്കുന്നു. ചരിത്രവും ഐതിഹ്യങ്ങളും പരസ്പരം പിണഞ്ഞു കിടക്കുന്ന വേണാട്ടുമനയുടെ മുറ്റം, ഇന്നും അന്വേഷിച്ചെത്തുന്നവരോട് മാത്രം തങ്ങളുടെ ഭൂതകാല രഹസ്യങ്ങൾ പങ്കുവെച്ചുകൊണ്ട് മൗനമായി നിലകൊള്ളുന്നു.

Summary

Holding over two centuries of dramatic socio-political transformations, the historic Venattu Mana in Thrissur stands as a living testament to the volatile era of King Shakthan Thampuran and the cultural heritage of the land.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com