

തൃശ്ശൂർ: ഭാര്യ നൽകിയ കൊട്ടേഷനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ സെപ്റ്റംബർ 22-നായിരുന്നു ക്രൂരമായ ആക്രമണം അരങ്ങേറിയത്. ഭർത്താവിനെ ആക്രമിക്കാനായി ഭാര്യ ഏർപ്പാടാക്കിയ ആറംഗ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയത്.
ഭർത്താവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ് ക്വട്ടേഷൻ സംഘത്തിന് കൈമാറുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലോഡ്ജ് മുറിയിലേക്ക് ഇരച്ചുകയറിയ സംഘം മുറിക്കുള്ളിലുണ്ടായിരുന്ന യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ കൂട്ടിക്കെട്ടുകയും വായിൽ തുണി തിരുകി ശബ്ദമുയർത്താനാകാത്ത വിധം നിയന്ത്രിക്കുകയും ചെയ്തു. തുടർന്ന് ഇരുവരെയും ബലമായി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഘം ഇയാളുടെ ഇരു കൈകളും കാലുകളും തല്ലിയൊടിച്ചു. തുടർന്ന് തിരുപ്പൂരിനടുത്തുള്ള ഒരു ആശുപത്രിക്ക് മുന്നിൽ റോഡിൽ ഇയാളെ ഉപേക്ഷിച്ചു. ഇതിനുശേഷം യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റിക്കയറ്റിയ സംഘത്തിലെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിനിരയായ യുവതി തമിഴ്‌നാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സംഭവം നടന്നത് തൃശ്ശൂരിലായതിനാൽ അന്വേഷണം തൃശ്ശൂർ സിറ്റി പൊലീസിന് കൈമാറുകയുമായിരുന്നു. തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.
പ്രതികളിലൊരാളെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുനിന്നാണ് പൊലീസ് സംഘം ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ തിരുപ്പൂരിൽ നിന്നും നാലാമനെ തമിഴ്നാട്ടിലെ പളനിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates