തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന് മാതൃകയാവുകയും ചെയ്ത വിജയരാഘവനും വിടവാങ്ങി. ജീവിതത്തിന്റെ സായാഹ്നത്തിൽ കൈപിടിച്ച പ്രിയതമ സുലോചന വിടപറഞ്ഞ് ആഴ്ചകൾക്കകമാണ് വിജയരാഘവനും യാത്രയായത്. ഇവരുടെ വിയോഗത്തോടെ രാമവർമ്മപുരം സർക്കാർ വൃദ്ധസദനം കണ്ണീരണിഞ്ഞു.
79 വയസ്സുകാരൻ വിജയരാഘവനും 75 വയസ്സുകാരി സുലോചനയും 2025 ജൂലൈ 7-നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വൃദ്ധസദനത്തിൽ വെച്ച് നടന്ന ഈ അപൂർവ്വ വിവാഹം കേരളത്തിലുടനീളം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
തൃശൂർ പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019-ലാണ് രാമവർമ്മപുരം വൃദ്ധസദനത്തിലെത്തുന്നത്. സ്വന്തമായി ചെടികളുടെ നഴ്സറി നടത്തിയിരുന്ന അദ്ദേഹം ഉപഭോക്തൃ മാസികയിൽ ലേഖകനായും പ്രവർത്തിച്ചിരുന്നു. ടൈപ്പിസ്റ്റായിരുന്ന ആദ്യഭാര്യ വിലാസിനി മസ്തിഷ്കാഘാതം ബാധിച്ച് മരിച്ചതോടെയാണ് ഒറ്റയ്ക്കായ വിജയരാഘവൻ സർക്കാർ മന്ദിരത്തിലേക്ക് മാറിയത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.
ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024-ലാണ് ഇവിടെ അന്തേവാസിയായി എത്തിയത്. കരിങ്കൽ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ 26 വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി വീടുവിറ്റ് വാടകവീട്ടിലും മറ്റുമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു അവർ. സുലോചനയ്ക്കും മക്കളുണ്ടായിരുന്നില്ല.
വൃദ്ധസദനത്തിലെ ഒത്തുചേരലുകളിലൂടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി.
ജീവിതം തിരികെപ്പിടിച്ചതിന്റെ സന്തോഷത്തിലായിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് വീണ്ടും അപ്രതീക്ഷിതമായി വിയോഗമെത്തി. കഴിഞ്ഞ ജൂലൈ 13-നാണ് സുലോചന അന്തരിച്ചത്. പ്രിയതമയുടെ വിയോഗം സൃഷ്ടിച്ച കനത്ത വേദനയിലായിരുന്ന വിജയരാഘവൻ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്രയായത്. വാർദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥയിൽ സ്നേഹത്തിന്റെ തണലൊരുക്കി ഒന്നായ ഈ ദമ്പതികളുടെ സ്മരണകൾ ഇനി രാമവർമ്മപുരം സർക്കാർ വയോജന മന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഒരിക്കലും മറക്കാനാവാത്ത നൊമ്പരമായി നിലനിൽക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates