

റിയാദ്: സൗദി അറേബ്യയിൽ രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ കൈവശം വെച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ അധികൃതർ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്ന് മോചിതയായത്. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നിന്റെ ഗണത്തിൽപ്പെടുന്നതല്ലെന്ന് ലാബ് പരിശോധനയിൽ ശാസ്ത്രീയമായി വ്യക്തമായതോടെയാണ് മോചനം.
റിയാദിലെ പ്രമുഖ ആരോഗ്യകേന്ദ്രമായ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. നാട്ടിൽ വാർഷികാവധി ആഘോഷിച്ച ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി ഈ മാസം 10-നാണ് ഇവർ സൗദിയിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലെത്തുകയും അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനുമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ കസ്റ്റംസ് വിഭാഗം നടത്തിയ പതിവ് ലഗേജ് പരിശോധനയിലാണ് ഫിലോമിനയുടെ ബാഗിൽ സൗദിയിൽ കർശന നിയന്ത്രണങ്ങളോ നിരോധനമോ ഉള്ള ചില മരുന്നുകൾ കണ്ടെത്തിയത്. തുടർന്ന് ജിദ്ദ കസ്റ്റംസ് വിഭാഗം ഇവരെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും (SFDA) നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്ത മരുന്നുകൾ വിശദമായ ലാബ് പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനാഫലം വന്നതോടെ ഫിലോമിനയുടെ പക്കലുണ്ടായിരുന്നത് ലഹരിമരുന്നല്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കുള്ള സാധാരണ മരുന്നുകളാണെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇതോടെയാണ് ഫിലോമിനയ്ക്കെതിരായ തുടർനടപടികൾ അവസാനിപ്പിച്ച് ഇവരെ സുരക്ഷിതമായി വിട്ടയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates