തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം

The hidden history of Kambalanatti
മണിക്കുട്ടന്‍
Edited By:
Updated on
2 min read

തുടിയുടെ താളം ഉയരും. ചീനകുഴലിന്റെ നാദം അതിനൊപ്പം ചേരും. വട്ടത്തിലൊത്തുകൂടി സ്ത്രീകളും പുരുഷന്മാരും പാടും, കളിക്കും. കേള്‍ക്കുമ്പോള്‍ അത് ഒരു ആഘോഷത്തിന്റെ ചിത്രം പോലെ തോന്നാം. തലമുറകളിലൂടെ കൈമാറിയ ഒരു തനത് ആദിവാസി കലയുടെ മനോഹരമായ ഓര്‍മയായി കമ്പളനാട്ടിയെ അവതരിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍ ആ താളത്തിനപ്പുറം മറ്റൊരു ചരിത്രമുണ്ട്. പാട്ടിനൊപ്പം വിയര്‍പ്പും, കളിക്കൊപ്പം അധ്വാനവും, ആഘോഷത്തിനൊപ്പം ചൂഷണവും കലര്‍ന്ന ഒരു ചരിത്രം.

''കമ്പളനാട്ടി ഞങ്ങളുടെ ആദിവാസി സമൂഹത്തിന്റെ ഏതെങ്കിലും സാമുദായിക ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ് അതിനെ മഹത്വവല്‍ക്കരിക്കേണ്ടതില്ല. അതിനെ ആദിവാസികളുടെ തലയിലിട്ട് അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. കാരണം, അതിന് പിന്നിലെ ചരിത്രം നമ്മള്‍ മറന്നുപോകരുത്,'' ട്രൈബല്‍ ആക്റ്റീവിസ്റ്റ് ആയ മണിക്കുട്ടന്‍ പണിയാന്‍ പറയുന്നു.

വയനാടിന്റെ ചരിത്രത്തില്‍ വേദനയുടെ ഒരു അധ്യായമുണ്ട്. അടിയ, പണിയ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിലെ മനുഷ്യരെ ജന്മിമാര്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രപരിസരത്ത് കൂട്ടത്തോടെ കൊണ്ടുവന്ന് വിലപേശി വാങ്ങിയിരുന്ന കാലം. പിന്നീട് അവരുടെ പാടങ്ങളിലും പറമ്പുകളിലും അടിമത്തസമാനമായ സാഹചര്യങ്ങളില്‍ പണിയെടുപ്പിച്ചു. അത് വെറുമൊരു പഴയ കഥയല്ല. പൂര്‍വികര്‍ അനുഭവിച്ച മനുഷ്യചൂഷണത്തിന്റെ ചരിത്രമാണ്.

ആ ജീവിതത്തിനിടയിലും അവര്‍ക്ക് സ്വന്തമായൊരു ലോകമുണ്ടായിരുന്നു. പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും ലോകം. തുടിയുടെയും ചീനകുഴലിന്റെയും അകമ്പടിയില്‍ സ്ത്രീകളും പുരുഷന്മാരും വട്ടത്തിലൊത്തുകൂടി പാട്ടുകളും കഥകളും ചൊല്ലുകളും പാടി കളിച്ചു. കഠിനമായ ജീവിതത്തിനിടയില്‍ സന്തോഷം കണ്ടെത്തിയ നിമിഷങ്ങളായിരുന്നു അവ. കൂട്ടായ്മയുടെ ഇടം. ക്ഷീണം മറക്കാനുള്ള ഇടം. ജീവിതത്തെ കുറച്ചുനേരത്തേക്കെങ്കിലും ആഘോഷമാക്കാനുള്ള ഇടം.

പക്ഷേ, ആ സന്തോഷത്തിന്റെ ശക്തിയും ജന്മിമാര്‍ തിരിച്ചറിഞ്ഞു.തുടിയുടെയും ചീനകുഴലിന്റെയും താളം ശരീരത്തില്‍ ഉണര്‍വ് സൃഷ്ടിച്ചു. ആ ഉണര്‍വ് അധ്വാനത്തിലേക്ക് തിരിച്ചുവിടപ്പെട്ടു. പാടത്ത് ഞാറുനടുമ്പോഴും പറിക്കുമ്പോഴും കിളയ്ക്കുമ്പോഴും മറ്റ് കഠിനജോലികളില്‍ ഏര്‍പ്പെടുമ്പോഴും പാട്ടും കൊട്ടും കൂടെയുണ്ടായി. പാട്ട് നിലച്ചില്ലെങ്കില്‍ പണിയും നിലച്ചില്ല. കൊട്ട് മുഴങ്ങുമ്പോള്‍ ശരീരം ക്ഷീണം മറന്ന് വീണ്ടും ചലിച്ചു. മണിക്കൂറുകളോളം സമയം നോക്കാതെ പാടത്തും പറമ്പിലും അധ്വാനം തുടര്‍ന്നു. അവിടെ അത് ഒരു കലാപ്രകടനമായിരുന്നില്ല. ജീവിക്കാന്‍ നിര്‍ബന്ധിതരായ മനുഷ്യരുടെ അധ്വാനത്തിനൊപ്പം ചേര്‍ത്തുവച്ച ഒരു താളമായിരുന്നു.

''ഞങ്ങളുടെ പാട്ട് ഞങ്ങളുടെ സന്തോഷമായിരുന്നു. പക്ഷേ അതേ പാട്ട് ഞങ്ങളുടെ അധ്വാനം ചൂഷണം ചെയ്യാനുള്ള ആയുധമാക്കി മാറ്റപ്പെട്ടു,'' മണിക്കുട്ടന്‍ പറയുന്നു. അതുകൊണ്ടാണ് കമ്പളനാട്ടിയെ കാണുമ്പോള്‍ അതിന്റെ നിറവും താളവും മാത്രമല്ല, അതിന്റെ പിന്നിലെ നിഴലും കാണേണ്ടിവരുന്നത്.കാലം മാറി. ചൂഷണത്തിന്റെ രീതികള്‍ മാറി. എന്നാല്‍ പഴയ ഓര്‍മകള്‍ പലപ്പോഴും പുതിയ അര്‍ഥങ്ങളോടെ തിരിച്ചെത്തും. അപ്പോള്‍ ചരിത്രത്തിലെ വേദന മാഞ്ഞുപോകുകയും ശേഷിക്കുന്നത് മനോഹരമായ ഒരു പാരമ്പര്യത്തിന്റെ ചിത്രം മാത്രമാവുകയും ചെയ്യും. അതാണ് മണിക്കുട്ടന്‍ പണിയാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

തുടിയും ചീനകുഴലും പാട്ടും കളിയും സംരക്ഷിക്കണം. പക്ഷേ അവയെ ജനിപ്പിച്ച ജീവിതവും അതിന്റെ ചരിത്രവും ഒപ്പം സംരക്ഷിക്കണം. പൂര്‍വികരുടെ കണ്ണീരിലും വിയര്‍പ്പിലും പിറന്ന കലയുടെ ചരിത്രത്തിന് ആഘോഷത്തിന്റെ നിറം മാത്രം പൂശരുത്.

''ഞങ്ങളുടെ പാട്ടിന് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കൊട്ടിന് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കളിക്കും ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. പക്ഷേ, ആ പാട്ടും കൊട്ടും കളിയും ഉപയോഗിച്ച് ഞങ്ങളുടെ പൂര്‍വികരുടെ അധ്വാനം ചൂഷണം ചെയ്ത ചരിത്രത്തെ ഒരിക്കലും മഹത്വവല്‍ക്കരിക്കില്ല,'' അദ്ദേഹം പറയുന്നു.

കമ്പളനാട്ടിയെ ആദിവാസി സമൂഹത്തിന്റെ മേല്‍ നിര്‍ബന്ധമായി ചാര്‍ത്തുന്നതിന് പകരം അതിന്റെ ചരിത്രവും സാമൂഹിക പശ്ചാത്തലവും കൂടി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കാരണം, ചില താളുകള്‍ കേള്‍ക്കാന്‍ മാത്രമുള്ളതല്ല. അവ ഓര്‍ക്കാനുള്ളതാണ്. ചില പാട്ടുകള്‍ ആഘോഷിക്കാനുള്ളത് മാത്രമല്ല. അവയ്ക്ക് പിന്നിലെ നിശ്ശബ്ദമായ കരച്ചിലും കേള്‍ക്കേണ്ടതുണ്ട്.

''ചരിത്രം അറിയണം. ചൂഷണം തിരിച്ചറിയണം. കല സംരക്ഷിക്കണം. പക്ഷേ, ചൂഷണത്തെ പാരമ്പര്യമെന്ന പേരില്‍ ആഘോഷിക്കരുത്.'' അദ്ദേഹം പറഞ്ഞു.

Summary

The hidden history of Kambalanatti

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com