പുൽപള്ളി : മഴയുടെ ആദ്യ കുത്തൊഴുക്കിനായി കാത്തിരിക്കുന്നത് കർഷകർ മാത്രമല്ല. കബനിയുടെയും അനുബന്ധ തോടുകളുടെയും തീരങ്ങളിൽ വലയും ചൂണ്ടയുമായി നിൽക്കുന്ന നൂറുകണക്കിന് ആളുകളുമാണ്. കാലവർഷം ശക്തമാകുന്നതോടെ മലമുകളിലെ വൃഷ്ടിപ്രദേശങ്ങളിൽനിന്ന് കലക്കവെള്ളം പുഴയിലിറങ്ങും. അതിനൊപ്പമാണ് മത്സ്യങ്ങളും ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ മഴ തുടങ്ങിയാൽ കബനിയുടെ തീരങ്ങൾ പതിവായി മറ്റൊരു ലോകമാകും.
ഇത്തവണ ആ കാഴ്ച അൽപം വൈകിയാണ് മടങ്ങിയെത്തിയത്. ജൂൺ പിന്നിട്ട ശേഷമാണ് കബനിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയോടെ പുഴയിലേക്ക് കലക്കവെള്ളം എത്തിയതോടെ ശനിയാഴ്ച മുതൽ വിവിധ കടവുകൾ വീണ്ടും സജീവമായി. രാത്രിയും പകലുമായി വലയെറിയുന്നവരുടെ എണ്ണം കൂടുകയാണ്. മാസങ്ങൾക്കു മുൻപേ മീൻപിടിത്തത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി തട്ടടിച്ചുവച്ചവരും സ്ഥിരം സംഘങ്ങളായി എത്തുന്നവരും നേരത്തേ തന്നെ സ്ഥാനമുറപ്പിച്ചിരുന്നു.
പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിക്കരയിൽ ഇപ്പോൾ വലകളുടെ നിരയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലെത്തുന്നവർ പുഴയോരത്ത് താൽക്കാലിക ടെന്റുകൾ കെട്ടി ദിവസങ്ങളോളം തങ്ങിയാണ് മീൻപിടിത്തം നടത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കുന്നതും എല്ലാം പുഴക്കരയിൽത്തന്നെ. മറുകരയിലെ കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിൽ നിന്നുള്ളവരും കൊട്ടത്തോണികളും വലകളുമായി വിവിധ കടവുകളിൽ സജീവമാണ്.
മത്സ്യം നന്നായി ലഭിക്കുന്ന കടവുകൾക്ക് എപ്പോഴും ആവശ്യക്കാരേറെയാണ്. ഒരു സ്ഥലത്ത് നല്ല പിടിത്തം ലഭിച്ചുവെന്ന വിവരം പരന്നാൽ വൈകാതെ അവിടേക്ക് കൂടുതൽ ആളുകളെത്തും. പുഴയിലേക്ക് ചേരുന്ന തോടുകളിലും നീർച്ചാലുകളിലും തണ്ടാടി വലകെട്ടിയും മീൻപിടിത്തം നടക്കുന്നു.
ചെമ്പല്ലി, കട്ല, റോഗ്, തിലോപ്പിയ എന്നിവയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. എട്ടും പത്തും കിലോവരെ തൂക്കമുള്ള മത്സ്യങ്ങളും ഇടയ്ക്കിടെ വലയിൽ കുടുങ്ങുന്നുണ്ട്. പിടിക്കുന്ന മത്സ്യത്തിന്റെ വലിയൊരു പങ്ക് വയനാട്ടിലെ വിവിധ അങ്ങാടികളിലാണ് എത്തുന്നത്. പുഴമീനിന് ആവശ്യക്കാർ ഏറെയായതിനാൽ ലഭിക്കുന്നതെല്ലാം വേഗത്തിൽ വിറ്റുപോകുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ ഇത്തവണത്തെ സീസൺ മുൻവർഷങ്ങളിലേതുപോലെ സമൃദ്ധമല്ലെന്നാണ് മീൻപിടിത്തക്കാരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ജൂൺ ആദ്യവാരം തന്നെ കബനി നിറഞ്ഞൊഴുകിയിരുന്നു. ബീച്ചനഹള്ളി അണക്കെട്ടിൽനിന്ന് മത്സ്യങ്ങൾ വലിയ തോതിൽ മുകൾഭാഗത്തേക്ക് എത്തിയതോടെ ടൺ കണക്കിന് പുഴമീൻ വയനാട്ടിലെ വിപണികളിലെത്തി. ഇത്തവണ മഴ വൈകിയതും പുഴയിലെ ജലനിരപ്പ് കാര്യമായി ഉയരാതിരുന്നതും ലഭ്യതയെ ബാധിച്ചു.
പുൽപള്ളി മേഖലയിൽ കഴിഞ്ഞ ദിവസം മഴ കുറഞ്ഞതും പകൽ ചൂട് കൂടിയതും മീൻ കയറ്റം കുറയാൻ കാരണമായതായി വലയെറിയുന്നവർ പറയുന്നു. എന്നിരുന്നാലും പ്രതീക്ഷ അവസാനിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമായാൽ കബനിയിൽ വീണ്ടും ചാകരയുണ്ടാകുമെന്ന വിശ്വാസത്തിലാണ് അവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates