

കൽപറ്റ: ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചതിനെ തുടർന്ന് 53 കാരിയായ ആദിവാസി സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങൾ മുളയിൽ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്നുകൊണ്ടുപോയി. വയനാട് കൽപറ്റ മുണ്ടേരി ഉന്നതിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പണിയ സമുദായാംഗമായ അമ്മിണിയുടെ മൃതദേഹമാണ് ആചാരപ്രകാരം കുടുംബാംഗങ്ങൾ തോളിലേന്തി ശ്മശാനത്തിലെത്തിച്ചത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അമ്മിണി മരണപ്പെടുന്നത്. തലയിലുണ്ടായ മുഴയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്ന് രാവിലെ 11.30-ഓടെയാണ് മൃതദേഹം കോളനിയിലെത്തിച്ചത്.
സമുദായത്തിന്റെ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് മുളങ്കണ്ണികളിൽ കെട്ടിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. ഒരിക്കൽ ഇത്തരത്തിൽ കെട്ടിക്കഴിഞ്ഞാൽ മുള മാറ്റാൻ പാടില്ല. എന്നാൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ആംബുലൻസിൽ മൃതദേഹം കയറാൻ ശ്രമിച്ചപ്പോൾ, മുളയടക്കം വാഹനത്തിനുള്ളിൽ വെക്കാൻ കഴിയില്ലെന്നും സീറ്റ് കവർ തകരാറിലാകുമെന്നും പറഞ്ഞ് ഡ്രൈവർ അനുമതി നിഷേധിക്കുകയായിരുന്നു.
"സീറ്റുകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ മൃതദേഹം ഞങ്ങളുടെ മടിയിൽ വെക്കാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ തയ്യാറായില്ല. ആചാരപ്രകാരം മുള അഴിക്കാനും സാധിക്കില്ലായിരുന്നു. അങ്ങനെയാണ് വേറെ നിവൃത്തിയില്ലാതെ ഞങ്ങൾ സ്വന്തം അമ്മയുടെ മൃതദേഹം ചുമന്നുകൊണ്ട് പോകേണ്ടി വന്നത്"- മക്കൾ പറഞ്ഞു. പട്ടികവർഗ്ഗ വകുപ്പിന്റെ വാഹനത്തിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള അവഗണന നേരിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates