എന്റെ ഹൃദയത്തിന്റെ അടയാളം; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ

കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ ആദ്യഭാഗം 
എന്റെ ഹൃദയത്തിന്റെ അടയാളം; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ


കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ ആദ്യഭാഗം


 ഇത് എങ്ങനെയാണ് വായിക്കപ്പെടുക എന്നെനിക്കറിയില്ല. വായിക്കപ്പെടണം എന്നു കരുതി എഴുതിയതുമല്ല. ഓര്‍ക്കുമ്പോഴൊക്കെ കണ്ണീരു വീണ് നനയുന്ന ദിവസങ്ങളായിരുന്നു ഏറെയും. ശാരീരികമായും മാനസികമായും വൈകാരികമായും തകര്‍ന്ന നാളുകള്‍. എന്നില്‍നിന്ന് അവയൊക്കെ പുറത്തുപോയേ മതിയാവൂ എന്നു തോന്നി. കുറച്ചുകൂടി മനസ്സ് ശാന്തമാകാന്‍... അത് എത്ര പേര്‍ക്ക് മനസ്സിലാകും എന്നെനിക്കറിയില്ല. എത്രത്തോളം ആഴത്തില്‍ മനസ്സിലാകും എന്ന് എനിക്കറിയില്ല.

എത്രയായാലും എന്നെ തുറന്നുവിടാന്‍ എനിക്ക് വാക്കുകള്‍കൊണ്ട് മാത്രമേ അറിയുകയുള്ളൂ. അതാണ് ഈ ഓര്‍മ്മ.എഴുതിയതിനുശേഷം ഞാന്‍ കുറേയേറെ കനമില്ലാതെയായി എന്നത് സത്യമാണ്. എനിക്കതായിരുന്നു വേണ്ടതും. കാറും കോളും ഇല്ല എന്നല്ല; പക്ഷേ, കടല്‍ ഏറിയ നേരവും ശാന്തമാണ്. ചെറിയ കാര്യങ്ങളെ ചെറുതായിത്തന്നെ കാണാന്‍ കഴിയുന്നു.

ചില നിമിഷങ്ങളെ അതിന്റെ മനോഹാരിതയെ അനുപമമായ ആഹ്ലാദത്തോടെ ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്നു.
ചെറിയ കാര്യങ്ങളില്‍ക്കൂടി സന്തോഷം കണ്ടെത്താന്‍ പറ്റുന്നു...!ഇതു വായിക്കാന്‍ അത്ര ഭംഗിയൊന്നും ഉണ്ടാവുകയില്ല.
സാഹിത്യം തീരെയില്ല. ഭൂതവും ഭാവിയും വര്‍ത്തമാനവും ഒക്കെ ഇടകലര്‍ന്നാണ് എഴുത്ത്. ചിലപ്പോള്‍ നിശ്ചയിക്കപ്പെട്ട വ്യാകരണങ്ങളും തെറ്റിയിട്ടുണ്ടാകും. മറ്റൊന്നും കൊണ്ടല്ല, ജീവിതം അങ്ങനെയാണ്. ഭംഗിയുണ്ടാവില്ല ചിലപ്പോള്‍. സാഹിത്യം നിറച്ച് പറയാനും എഴുതാനും കഴിയണമെന്നില്ല.വായിക്കപ്പെടുന്നുവെങ്കില്‍ സന്തോഷം.

ഏതെങ്കിലും വേദനയില്‍ എങ്ങനെയെങ്കിലും സാന്ത്വനമാകുന്നുവെങ്കില്‍ ഇതിന്റെ യാത്രയും ലക്ഷ്യത്തിലെത്തി എന്ന് അഭിമാനിക്കും.
ജീവിതം അങ്ങനെയൊക്കെയാണ്. ഓരോ നിമിഷവും അതിന്റെ ആഴമറിഞ്ഞു ജീവിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
വേദനയും കണ്ണീരുമായിരിക്കും. പക്ഷേ, തീര്‍ച്ചയായും സ്‌നേഹങ്ങളും സന്തോഷങ്ങളും തേടി വരികതന്നെ ചെയ്യും.
ജീവിതം അങ്ങനെയൊക്കെയാണ്.
ജീവിതം ജീവിതം മാത്രമാണ്...!

ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഇത് ഒന്നിനെക്കുറിച്ചും ആധികാരികമായ കുറിപ്പോ വിവരണമോ അല്ല. ഇത് എന്റെ മാത്രം അനുഭവങ്ങളാണ്. എന്റെ മാത്രം വികാര വിചാരങ്ങളാണ്. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളിലേക്കുള്ള മടങ്ങിപ്പോക്കാണ്. ഒരേയൊരു വര്‍ഷത്തെ ഓര്‍മ്മകളാണ്...

ഓര്‍മ്മയെഴുത്ത് വളരെ വേദനാജനകമാണ്. ജീവിച്ച ജീവിതം ഓര്‍മ്മയില്‍ നീറിപ്പിടഞ്ഞ് ഒന്നുകൂടി ജീവിക്കുക. തീര്‍ച്ചയായും എന്നെക്കാളധികം വേദന നിറഞ്ഞ യാത്രകള്‍ നടത്തിയിട്ടുള്ളവരുണ്ടാകും. പക്ഷേ, എന്റെ വിശ്വാസം, ഞാന്‍ നടന്ന വഴികളിലൂടെ ഞാന്‍ മാത്രമേ നടന്നിട്ടുണ്ടാവൂ എന്നാണ്.

ഓരോ വ്യക്തിത്വം അവനവനാകുന്നത് ഓരോരുത്തര്‍ക്കും സ്വന്തമായുള്ള ഓര്‍മ്മകളും അനുഭവങ്ങളും കൊണ്ടാണെന്ന് എനിക്കു തോന്നുന്നു. അല്ലെങ്കില്‍ ഓരോ മനുഷ്യന്റേയും കാലടികള്‍ക്ക് കനം കൊടുക്കുന്നത് അവനില്‍ നിറഞ്ഞിരിക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളാണ്. അവയുടെ അവശേഷിപ്പുകളാണ്. ഓര്‍മ്മകളുടെ ആഴം കൂടുന്തോറും ചുവടുകള്‍ ഉറയ്ക്കുകയും അവ മാഞ്ഞുതുടങ്ങുമ്പോഴേയ്ക്കും കാലടികള്‍ ബലമില്ലാതെയായിത്തീരുകയും ചെയ്യുന്നത് മറ്റെന്തുകൊണ്ടാണ്? ഞാന്‍ ഞാനായി തീര്‍ന്നതും എന്റെ ഓര്‍മ്മകളിലൂടെയാണ്.

അതെന്തുമാവട്ടെ, പറഞ്ഞല്ലോ, ഇത് എന്റെ ജീവിതമാണ്. എന്നെ ചുറ്റിയുള്ള ചുരുക്കം ചിലര്‍ കൂടി കഥാപാത്രങ്ങളാവുന്നു ഇവിടെ. അല്ലാതെ ഞാനെങ്ങനാണ് എന്റെ ജീവിതം പറയുക? ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും പുറത്ത് അസ്തിത്വം കണ്ടെത്താന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. അല്ലെങ്കിലും ഞാനെന്നാല്‍ മറ്റാരൊക്കെയോ കൂടിയാണല്ലോ.

ഇതില്‍ കണ്ണീരാണധികവും. വേദനയാണ് തെളിഞ്ഞുകാണുക. പക്ഷേ, പറയട്ടെ, കണ്ണീരും വേദനയും ഒരുകാലത്തേയ്ക്ക് മാത്രമുള്ളതാണ്. ഏതു വേനലിനു ശേഷവും ഒരു മഴക്കാലം ഉണ്ടാവും. ഏതു വസന്തവും മനോഹരമാവുന്നത് ഒരു വരള്‍ച്ചയുടെ കാലത്തിനു ശേഷമാണ്. വേനലില്‍ നമ്മളെങ്ങനെ തളരാതെ നടക്കുന്നു എന്നതാണ് കാര്യം. ഇത് ഞാനെന്റെ വേനലിനു ശേഷം കുറിക്കുന്നതാണ്. നനുത്ത മഴയില്‍ നനഞ്ഞു കുളിര്‍ന്നതിനു ശേഷം പതിയെ ഒഴുകുന്നതാണ്.
എന്തായാലും എല്ലാവര്‍ക്കും നന്ദി.
പഴയ ഒരു പാട്ടുണ്ടല്ലോ. ''നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു..?'' എന്ന്...
അതുതന്നെയാണ് ജീവിതം.

നോക്കുമ്പോള്‍ 'നന്ദി' എന്നു പറയാനുള്ള മുഖങ്ങള്‍ മാത്രമേ മുന്‍പിലുള്ളൂ. പക്ഷേ, ചിലപ്പോള്‍ ഏറ്റവും അധികം നന്ദികേടായി തീരുന്നതും ആ വാക്കാണ്. അതുകൊണ്ട് മാത്രം ഞാനതെന്റെ ഹൃദയത്തില്‍ സൂക്ഷിക്കും ചിലപ്പോള്‍.
എങ്കിലും...

ഞാനെന്താണോ, അതായി തീരാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.
ഏറ്റവും മീതെ പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി.
എന്റെ പ്രിയപ്പെട്ടവനേ, നിനക്ക് നന്ദി...!

യാത്രയ്ക്കു മുന്‍പ്... 

ഞാന്‍-അച്ഛന്റേയും അമ്മയുടേയും മൂന്നു മക്കളില്‍ ഇളയ മകള്‍. ചേട്ടന്‍, ചേച്ചി, ഞാന്‍. ഇളയതെന്നു പറയുമ്പോള്‍ ഞാനത്ര ഓമനിക്കപ്പെട്ടു വളര്‍ന്നതാണെന്നു കരുതണ്ട. പക്ഷേ, എല്ലാവരിലും ഒരു കുട്ടിയുണ്ടാവും അല്ലേ? എനിക്കങ്ങനെ തോന്നും. ബാല്യത്തിലേയ്ക്ക് ഓടാന്‍ കൊതിക്കുന്ന കുട്ടി എന്നിലും ഉണ്ട്. എപ്പോഴും അല്ലെങ്കിലും വാത്സല്യവും സ്‌നേഹവും ആവോളം കിട്ടുന്നിടത്ത് കൊഞ്ചുന്ന, വെറുതേ കളി പറയാന്‍ ഇഷ്ടപ്പെടുന്ന, വാശിപിടിക്കുന്ന, കരഞ്ഞ് കാര്യം സാധിക്കുന്ന ഒരു കുട്ടി. ഒരുപക്ഷേ, ഇളയത് ആയതുകൊണ്ടാവാം. എന്റെ വാശിക്കരച്ചിലുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന എല്ലാ സ്‌നേഹങ്ങള്‍ക്കും നന്ദി. എപ്പോഴും കുട്ടി ആയിരിക്കുക, ജീവിതം മനോഹരമാവുകയേ ഉള്ളൂ. ഹൃദയം സ്‌നേഹംകൊണ്ട് നിറയുകയേ ഉള്ളൂ.
പഠിക്കാനയച്ചപ്പോള്‍ പഠിച്ചു എന്നുതന്നെയാണ് വിശ്വാസം. ഇലക്ട്രോണിക്‌സ് ഡിപ്ലോമ കഴിയുന്നതിനു മുന്‍പുതന്നെ ഞാന്‍ ജോലി നേടിയിരുന്നു. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ സിനിമകളില്‍ കണ്ടു പരിചയിച്ച മദിരാശിപട്ടണം അങ്ങനെ നാല് വര്‍ഷത്തേയ്ക്ക് എനിക്കും സ്വന്തമായി. തനിച്ച് ജീവിച്ചു തുടങ്ങിയ കാലമാണ് അത്. ഭാഷയറിയാത്ത നാട്ടില്‍, യൗവ്വനം തിരി നീട്ടിത്തുടങ്ങിയ കാലത്ത്. തീര്‍ച്ചയായും ആണായാലും പെണ്ണായാലും അങ്ങനൊരു ജീവിതം വേണം. കുറച്ച് കാലമെങ്കിലും തനിച്ചു ജീവിക്കണം. മറ്റൊരു നാടെങ്കില്‍ നല്ലത്. മറ്റൊരു ഭാഷയും സംസ്‌കാരവും എങ്കില്‍ വളരെ നല്ലത്.

ചെന്നൈ എനിക്കൊരിക്കലും അപരിചിതമെന്നു തോന്നിയിട്ടില്ല. ജീവിതം മനോഹരമായിരുന്നു. സൗഹൃദങ്ങളും ഭാഷയും മനോഹരമായിരുന്നു.
ഇന്നും ചിലപ്പോഴൊക്കെ എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ പൂന്തമല്ലിയുടെ വഴികളില്‍ നടക്കാനിറങ്ങാറുണ്ട്. കാഞ്ചീപുരം ക്ഷേത്രങ്ങളില്‍ പ്രദക്ഷിണം വയ്ക്കാറുണ്ട്. ശിവന്‍ കോവിലിലും അയ്യപ്പന്‍ കോവിലിലും പെരുമാള്‍ കോവിലിലും തൊഴാറുണ്ട്. സുവര്‍ണ്ണ ക്ഷേത്രം കണ്ട് അദ്ഭുതപ്പെടാറുണ്ട്. പോണ്ടിച്ചേരിയുടെ കടല്‍ കാണാറുണ്ട്. മഹാബലിപുരത്തിന്റെ കവിത കാണാറുണ്ട്. മറീന ബീച്ചില്‍ നടക്കാറുണ്ട്. ഓര്‍മ്മകള്‍... സുന്ദരം... മനോഹരം..!

സാഹിത്യം പഠിക്കാനുള്ള ചെറിയൊരു മോഹമുണ്ടായിരുന്നു. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് എന്തു സാഹിത്യം എന്നാവാം മനസ്സില്‍. അതെന്റെ പണ്ടുപണ്ടേയുള്ള ആഗ്രഹം ആയിരുന്നു. ചിലപ്പോഴൊക്കെ നമ്മള്‍ അച്ഛനമ്മമാരുടേയും കൂടെപ്പിറപ്പുകളുടേയും ആഗ്രഹങ്ങള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്. പക്ഷേ, തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടിയും ജീവിക്കണം. നമ്മുടെ മനസ്സ് പറയുന്ന വഴിയിലൂടെ നടക്കണം. ഹൃദയത്തിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യണം. ജീവിതം അപ്പോള്‍ കുറേക്കൂടി മനോഹരമാകും. അതുകൊണ്ടാണ്, കുറേയേറെ സമരങ്ങളെ അതിജീവിച്ച് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തിനു ചേര്‍ന്നത്.
2014-ല്‍ ചെന്നൈ വാസം അവസാനിപ്പിച്ച് ഞാന്‍ തിരിച്ചു വന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. ചേട്ടന്‍ ആ മാര്‍ച്ചില്‍ വിവാഹിതനാവാന്‍ പോവുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്ലാസ്സ്മുറികള്‍, പഠനം, പരീക്ഷ... രസമാണ് ആഗ്രഹിച്ചത്. ആഗ്രഹത്തോടെ പഠിക്കുമ്പോള്‍ കഷ്ടം തോന്നുകയേ ഇല്ല. ബി.എ. ഇംഗ്ലീഷിന്റെ ആദ്യ വര്‍ഷപ്പരീക്ഷ എഴുതുന്നതിനിടയ്ക്കാണ് എന്റെ പ്രണയത്തിന് എല്ലാവരും പച്ചക്കൊടി വീശിയത്. എനിക്ക് പ്രിയപ്പെട്ടവന്‍, എന്നെ പ്രിയപ്പെട്ടവന്‍.

ഏട്ടന്‍ എന്നെ കാണാന്‍ വന്നു. അച്ഛനേയും അമ്മയേയും അനിയനേയും ഇളയമ്മയേയും കൂട്ടിവന്നു. അതിന് മുന്‍പൊരിക്കലും ഏട്ടന്റെ കണ്ണിന് മുന്നില്‍ നില്‍ക്കാന്‍ എനിക്ക് മടി തോന്നിയിട്ടേയില്ല. അന്നെന്തായിരുന്നു? അത്രയധികം ഞാന്‍ ചുവന്നുതുടുത്ത വേറൊരു ദിവസം ഉണ്ടായിട്ടേയില്ല എന്നു തോന്നുന്നു. ആത്മഹര്‍ഷം. ഉത്സവം. ഈ പെണ്ണുകാണല്‍ വല്ലാത്തൊരു സംഗതി തന്നെ. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും.

മഴക്കാലം കഴിഞ്ഞിരുന്നു. മഞ്ഞു പെയ്യാന്‍ തുടങ്ങിയിരുന്നു...യാത്രയ്ക്കു മുന്‍പ്, ഇതായിരുന്നു ഞാന്‍...
അല്ലെങ്കില്‍, ഇത്രയേ ഉണ്ടായിരുന്നുള്ളൂ ഞാന്‍...വരൂ... ഓര്‍മ്മകളിലേക്കുള്ള യാത്ര തുടങ്ങുകയാണ്...കൂടെ വരൂ... എന്റെ മഴയിലും നനയൂ. എന്റെ പാട്ടും കേള്‍ക്കൂ... എന്റെ നോവും അറിയൂ..!ഓരോ നോവിനപ്പുറവും ജീവിതം സുന്ദരമാകുന്നതെങ്ങനെ എന്നുകൂടി പറയാം. അല്ലെങ്കില്‍ ഞാനെങ്ങനെ ജീവിതത്തെ പ്രണയിച്ചുവെന്ന്... ഇപ്പോഴും ചിലപ്പോഴൊക്കെ 'മടുത്തു' എന്നു തോന്നുന്നതിനിടയ്ക്കും ജീവിതം എന്നിലേയ്ക്ക് എങ്ങനെ മടങ്ങി വരുന്നുവെന്ന്, തട്ടിത്തൂവി പോകാതെ എങ്ങനെ ദുരിതങ്ങള്‍ക്കിടയിലൂടെ നടന്നുവെന്ന്...

ജനുവരി ഒരു നനുത്ത ഓര്‍മ്മ...

എടുത്തു പറയാന്‍ എന്താണുള്ളത്. ജനുവരിയില്‍...?എന്റെ വിവാഹം നിശ്ചയിച്ചത് ജനുവരിയിലായിരുന്നല്ലോ... എനിക്കാകെ ഒരു ആത്മഹര്‍ഷമായിരുന്നു..!ഏട്ടനെന്നെ കൈപിടിച്ചു ഏട്ടന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും എന്നു ഞാന്‍ കരുതിയിരുന്നില്ലെന്നതാണ് സത്യം. ഏതൊരു 'സാധാരണ' പ്രണയവുംപോലെ ഞങ്ങളുടെ പ്രണയവും കാറും കോളും നിറഞ്ഞതായിരുന്നു. ഘോരയുദ്ധങ്ങളും വീറുറ്റ സമരങ്ങളും ഞങ്ങള്‍ തമ്മില്‍ പതിവായിരുന്നു. അതിനൊക്കെ പുറമേ ഒന്നിച്ചൊരു ജീവിതം എന്ന സ്വപ്നത്തിനു വേണ്ടിയും സമരങ്ങള്‍ നടന്നു. പ്രണയം സത്യമായിരുന്നു എന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഞാനൊരിക്കലും, ഞങ്ങള്‍ സ്വര്‍ഗ്ഗം പണിത ചിലപ്പോഴൊക്കെ യുദ്ധഭൂമിയാകാറുള്ള ഈ മുറിയിലിരുന്ന് ഇത് എഴുതില്ലല്ലോ. ചിലപ്പോള്‍ മറ്റെവിടെയെങ്കിലും ഇരുന്ന് മറ്റൊരു കഥയായിരിക്കും ഞാന്‍ എഴുതുന്നുണ്ടാവുക.

ഇപ്പോഴും പ്രണയം തന്നെയാണ്, ഏട്ടന്‍ കാമുകന്‍ മാത്രമല്ല എന്നേയുള്ളൂ. ആണും പെണ്ണും തമ്മില്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന എല്ലാ ബന്ധങ്ങളും ഞങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്നു. ഏട്ടനെന്നെ മകളായും അനിയത്തിയായും സ്‌നേഹിക്കുന്നു. ഭാര്യയായി പ്രണയിക്കുന്നു. ഞാനും എന്റെ മകനായും അനിയനായും ചിലപ്പോള്‍ അച്ഛനായും ചേട്ടനായും സ്‌നേഹിക്കുന്നു. ചിലപ്പോഴൊക്കെ ഒരു സ്വാസ്ഥ്യവും തരാത്ത മട്ടില്‍ കടുത്ത പ്രണയമാണ് എനിക്കിന്നും ഏട്ടനോട്. ഇത്രയധികം പ്രണയം താങ്ങാന്‍ എനിക്ക് വയ്യ എന്നു തോന്നിക്കുന്ന മട്ടില്‍ കടുത്ത പ്രണയം. ഏട്ടാ... ഞാന്‍ നിനക്കെന്താണ് തരിക? എന്റെ ആത്മാവ് കൂടി ഞാന്‍ നിനക്ക് പണയം വച്ചിരിക്കുകയാണ്.
പുതിയ വര്‍ഷമാണിത്. നനുത്ത ജനുവരിയാണിത്.കാവിലൂടെ ഉള്ള വഴിയില്‍ മഞ്ഞ് താണിറങ്ങി കിടക്കുന്ന ജനുവരി.

കാവെന്നു പറയുമ്പോള്‍ എന്താണ് ഓര്‍മ്മയിലെത്തുക? ഞങ്ങളുടെ കാവ് പഴയൊരു കാലത്തിന്റെ അവശേഷിപ്പ് മാത്രമാണ്.
പണ്ട്, അമ്പലം ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ഒരു ഇടം. അതിനോട് ചുറ്റും കുറച്ചു സ്ഥലം. ഇപ്പോള്‍ നിറയെ റബ്ബര്‍ മരങ്ങളാണെന്നു മാത്രം. പറഞ്ഞു പഴകിയതുകൊണ്ട് എല്ലാവരും ഇന്നും കാവെന്നു പറയും. അമ്പലത്തിന്റെ അവശേഷിപ്പുകളായി കുറച്ചു കല്ലുകളും ചെറിയൊരു പൊട്ടക്കിണറും കാടും പടര്‍പ്പും. ചില നാഗത്താന്മാരൊക്കെ പഴയ മണ്ണ് വിട്ടു പോകാന്‍ മടിച്ചു കാവിലുണ്ടെന്നൊക്കെ തോന്നും.
ഇരുവശവും റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റോഡാണത്. മഞ്ഞുകാലങ്ങളില്‍ മഞ്ഞു താണിറങ്ങി കിടക്കും. പുലര്‍ച്ചെ ബസ് പിടിക്കാന്‍ ഓടുന്ന ദിവസങ്ങളില്‍ എതിരെ ആരെങ്കിലും വരുന്നുണ്ടോ എന്നു കാണാന്‍ പറ്റാത്തത്ര മഞ്ഞ്...
ഇപ്പോഴോര്‍ക്കുമ്പോഴും ആ മഞ്ഞിന്റെ കുളിരണിയാം.


അന്നത്തെ ആത്മഹര്‍ഷത്തിന്റെ നിറവും അറിയാം.എനിക്കുവേണ്ടി എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് അറിയില്ല.എന്തായാലും ജീവിതം ആകെ മാറിമറിയാന്‍ പോകുന്ന വര്‍ഷം തന്നെ. വിവാഹമെന്നാല്‍ അടിമുടി ഒരു മാറ്റം തന്നെയാണല്ലോ...?25 വര്‍ഷത്തെ ഞാന്‍ ഞാനല്ലാതെയായി മാറിയേക്കാം. എന്നില്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അലങ്കാരമായി കൊണ്ടുനടന്ന പലതും മുറിച്ചുമാറ്റപ്പെടും.എങ്കിലും ഞാനതൊക്കെ കാത്തിരിക്കുന്നു. ഏതൊരു പെണ്ണിനേയുംപോലെ ഇഷ്ടമുള്ള ഒരാള്‍ക്ക് എന്നെത്തന്നെ പങ്കുവച്ചു കൊടുക്കാന്‍ ഞാനും ഇഷ്ടപ്പെടുന്നു. ജനുവരിയുടെ നിറമുള്ള ഓര്‍മ്മകള്‍ എന്നും എന്നില്‍ മരിക്കാതിരിക്കട്ടെ.
കാത്തിരിപ്പിന്റെ, പ്രണയത്തിന്റെ ഓര്‍മ്മകള്‍...നനുത്ത ഓര്‍മ്മകള്‍...

ഫെബ്രുവരി, ഇതെന്റെ പിറന്നാള്‍ മാസം...

ഈ ഫെബ്രുവരിയില്‍ എനിക്ക് 25 വയസ്സ് പൂര്‍ത്തിയാകും. പിന്നെ ഒരു മാസം കൂടിയെ ഉള്ളൂ. ജീവിതം മാറിമറിയാന്‍. സുമംഗലിയാകാന്‍ പോകുന്നു എന്നത് സന്തോഷമുള്ള കാര്യം തന്നെ. അതിനെക്കാള്‍ അധികം പേടിയും ഉണ്ട് മനസ്സില്‍. എത്രയായാലും പിറന്ന വീട് വിട്ട്, അമ്മയില്‍നിന്നു വേര്‍പെട്ട്, വളര്‍ന്ന നാട് അന്യമാക്കപ്പെട്ട്, തനിച്ചുള്ള യാത്രകളുടേയും സിനിമകളുടേയും സ്വാതന്ത്ര്യം നഷ്ടപ്പെട്ട്... പുതിയൊരു വീട്, നാട്, ആള്‍ക്കാര്‍, ശൈലി, സംസ്‌കാരം...

എത്രയൊക്കെ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് സംസാരിച്ചാലും ഇതൊക്കെയാണ് നമ്മുടെ നാട്ടുനടപ്പ്. പെണ്ണ് വിവാഹിതയാകണം, പയ്യന്റെ കൈയും പിടിച്ച് തീര്‍ത്തും അപരിചിതമായ ഒരിടത്തേയ്ക്ക് കുടിയേറി പാര്‍ക്കണം. അനിശ്ചിതമായ ഒരു ഭാവിയിലേക്ക് നടന്നുകയറണം, പുതിയതൊക്കെ കെട്ടിപ്പടുത്ത് ഉയര്‍ത്തണം. പഴയവ പലതും മായ്ചുകളയണം...
എങ്കിലും...

പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ജീവിതം സന്തോഷം പകരുന്നതായിരിക്കും.
വീഴുമ്പോള്‍ താങ്ങാനൊരാള്‍. പരസ്പരം പൂരകങ്ങളായി തീരാനൊരാള്‍.
ആത്മാവുകൊണ്ട് സ്‌നേഹിക്കാനൊരാള്‍. ഒരുമിച്ച്, ഒന്നുചേര്‍ന്ന് ഒഴുകാന്‍ ഒരാള്‍,പങ്കുവയ്ക്കപ്പെടാന്‍ ഒരാള്‍...ഞാനും ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് മൂന്നാം സെമസ്റ്ററിന്റെ പരീക്ഷ വന്നത്. ഞാനതിന്റെ പുറകെ പോയി. അതുകൊണ്ടായിരിക്കാം ഇടതു മാറിടത്തിലെ ചെറിയൊരു തടിപ്പിനെ ഞാന്‍ അവഗണിച്ചത്.

എപ്പോഴോ കുളിക്കുമ്പോള്‍ കൈയില്‍ തടഞ്ഞ ചെറിയൊരു മുഴ. ഇടയ്ക്കെല്ലാം അതെന്റെ കയ്യില്‍ തടയും. മറ്റു ചിലപ്പോള്‍ ഒളിച്ചിരിക്കും. പരിശോധിപ്പിക്കണമെന്നു കരുതി. പക്ഷേ, അപ്പോള്‍ എനിക്ക് വലുത് പരീക്ഷയായിരുന്നു.

തീര്‍ച്ചയായും എനിക്കറിയാമായിരുന്നു. മാറിടത്തിലെ വേദനയില്ലാത്ത മുഴകളും തടിപ്പുകളും അര്‍ബ്ബുദത്തിന്റെ ലക്ഷണമായേക്കാം എന്ന്. എന്തോ അതൊന്നും നമുക്ക് വരാനുള്ളതല്ല എന്നാണല്ലോ ചിന്ത. എന്തെങ്കിലും മരുന്നു കഴിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ ആണെന്നു തോന്നി. അല്ലെങ്കില്‍ ചിലപ്പോള്‍ ആര്‍ത്തവസമയത്തെ ശാരീരിക മാറ്റങ്ങളാവാം.
എനിക്ക് പരീക്ഷ ആയിരുന്നു.

ഇന്നും ചിലപ്പോള്‍ ശപിക്കാറുണ്ട് ആ ഉദാസീനതയെ. എന്റെ പിഴ.രോഗത്തിന് അങ്ങനെ വേര്‍തിരിവുകളൊന്നും ഇല്ല. അതു കടന്നുവരുമ്പോള്‍ നമ്മുടെ സാമ്പത്തികസ്ഥിതി നോക്കില്ല. ജാതിയോ മതമോ വയസ്സോ പരിഗണിക്കില്ല. സാഹചര്യങ്ങളെ തീരെ ഗൗനിക്കില്ല...!

എന്റെ വലിയ പിഴ. സ്തനാര്‍ബ്ബുദത്തിന്റെ ഏറ്റവും സാധാരണയായ ലക്ഷണമാണ് മാറിടത്തില്‍ ഉണ്ടാവുന്ന ചെറിയ മുഴകളും തടിപ്പുകളും. പക്ഷേ, എല്ലാ മുഴകളും തടിപ്പുകളും അര്‍ബ്ബുദം ആവുകയില്ല. ആര്‍ത്തവസമയത്തെ ശാരീരിക മാറ്റങ്ങളില്‍ ചിലപ്പോള്‍ മാറിടത്തില്‍ തടിപ്പുകള്‍ ഉണ്ടായേക്കാം. പാലൂട്ടുന്ന അമ്മമാരിലും ചിലപ്പോള്‍ കണ്ടേക്കാം. പക്ഷേ, തൊടുമ്പോള്‍ തെന്നിമാറാത്ത, വേദനയില്ലാത്ത തടിപ്പുകള്‍ പരിശോധിപ്പിച്ച് നോക്കുകതന്നെ വേണം.പരീക്ഷകള്‍ തുടങ്ങി. ഒന്നുരണ്ടെണ്ണം മാറ്റിവച്ചു.
അതിനിടയ്ക്കായിരുന്നു. എന്റെ പിറന്നാള്‍...

ആഘോഷങ്ങളുടെ ഓര്‍മ്മയല്ല ആ പിറന്നാള്‍. ഇത് എന്റെ വീട്ടിലെ അവസാനത്തെ പിറന്നാള്‍ ആയിരിക്കാം എന്ന ഓര്‍മ്മയാണ്. അല്ലെങ്കിലും പിറന്നാളുകളില്‍ ആഘോഷങ്ങളും ആശംസകളും ഞങ്ങള്‍ക്ക് അത്രയ്‌ക്കൊന്നും പരിചയമില്ല. അമ്പലത്തില്‍ പോവും എന്നതുതന്നെ ആഘോഷം.ഇനിയൊരു പിറന്നാളിന് ഈ ഞാന്‍ മറ്റൊരാളായി തീര്‍ന്നിട്ടുണ്ടാവും, തീര്‍ച്ച.
ചിലപ്പോള്‍ ഒരമ്മ തന്നെയായി മാറിയിട്ടുണ്ടാവും...!
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് കുളിരുന്നു...!

മാര്‍ച്ച്, കല്യാണം വന്നല്ലോ...

ദിവസങ്ങള്‍ എണ്ണിത്തുടങ്ങി. കല്യാണം വിളികള്‍, കാത്തിരിപ്പ്...
ചേട്ടായി വന്നു. വിവാഹവസ്ത്രങ്ങള്‍, സ്വര്‍ണ്ണം...എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ, എന്നെങ്കിലും ഒരു ദിവസമുണ്ടാകുമെന്ന് കരുതിയിട്ടേ ഇല്ല ഞാന്‍... സ്വപ്നമാണെന്നു പലപ്പോഴും തോന്നി.എനിക്കറിയാം, ഈ സന്തോഷത്തിന് പിന്നില്‍ ചേട്ടായിയുടെ കഷ്ടപ്പാടുണ്ടെന്ന്... അമ്മയുടെ കണ്ണീരും വേദനയും കുറേയേറെ ഉണ്ടെന്ന്, സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടെന്ന്...അവസാനത്തെ പരീക്ഷ പതിനേഴിനോ പതിനെട്ടിനോ ആയിരുന്നു. എന്തായാലും സ്വപ്നം കണ്ട്, വീടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ പറ്റിയില്ല. പകരം മാര്‍ച്ചിലെ മീനമാസ ചൂടില്‍ കണ്ണൂര്‍ മൊത്തം നടന്നുതീര്‍ത്തു.
മൈലാഞ്ചി മണവും ആള്‍ത്തിരക്കും.ആദ്യത്തെ സെറ്റ് സാരിയും അമ്പലവും. തിമിരിയപ്പനും സോമേശ്വരിയും നന്ദി മാത്രമേ ഉള്ളൂ. ഇനി ഈ നടകളില്‍ സിന്ദൂരച്ചുവപ്പോടെ നില്‍ക്കാം.

ഇന്ന് മാര്‍ച്ച് 21...എന്റെ കല്യാണമാണ്...

ഞാനൊന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും താലി വീണിരുന്നു. 'ഇത്രേയുള്ളൂ' എന്ന് എനിക്ക് നിരാശ തോന്നിപ്പിക്കാന്‍ മാത്രം ചെറിയ സമയം! ഇതിനുവേണ്ടിയാണ് ഈ മാസങ്ങള്‍ നീണ്ട കോലാഹലങ്ങളെല്ലാം.ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട നിമിഷങ്ങളല്ലേ? കുറച്ചുകൂടി നീണ്ടു നില്‍ക്കണമായിരുന്നു...!എന്റെ കനവ് പക്ഷേ, അതൊന്നും ആയിരുന്നില്ല...എനിക്ക് അമ്പലനടയില്‍ വച്ച്, ഒരു മഞ്ഞച്ചരടില്‍ മുറുക്കിക്കെട്ടുന്നതായിരുന്നു ഇഷ്ടം...! ഒരിക്കലും അഴിയാത്തവിധത്തില്‍ മൂന്നു കെട്ടിട്ട് സ്വന്തമാക്കുന്നതായിരുന്നു ഇഷ്ടം... ഉള്ളിന്റെ ഉള്ളില്‍ കുറേയേറെ കാല്പനിക സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു പെണ്ണ് തന്നെ ഞാനും).
ആര്‍ക്കെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കണമെന്നുണ്ടോ?രണ്ടുപേരും എവിടെയെങ്കിലും പോവുക, സ്വപ്നംപോലെ പരസ്പരം വിവാഹം ചെയ്യുക. വീട്ടുകാരും നാട്ടുകാരും ഒക്കെ കൂടുമ്പോള്‍ നിങ്ങള്‍ സ്വപ്നം കണ്ടതുപോലെ ഒരിക്കലും ആ ചടങ്ങ് നടക്കില്ല.
എങ്കിലും,അതു സ്വപ്നംപോലെ തോന്നി. നെഞ്ച് പിടയ്ക്കുന്നുണ്ടായിരുന്നു. താലി വീണപ്പോള്‍...ആ നിമിഷം നിറഞ്ഞുനിന്നു. കണ്ണും മനസ്സും...ഏട്ടന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. വലംകൈ വലംകയ്യോടു ചേര്‍ത്തപ്പോള്‍ ഇത്തിരി അമര്‍ത്തി കൂടെയുണ്ടാവുമെന്ന് ഉറപ്പു തന്നു. ഇന്നുവരേയ്ക്കും ആ വലം കയ്യില്‍നിന്നു പിടിവിട്ടിട്ടേയില്ല ഏട്ടന്‍.

ഞാന്‍ നവവധുവായി, ഭാര്യയായി, മരുമകളും ഏട്ടത്തിയമ്മയും ആയി...
പുതിയ വീട്, ആള്‍ക്കാര്‍, ഗൃഹപ്രവേശം, നിലവിളക്കും പ്രാര്‍ത്ഥനകളും...
തനിച്ചായ ആദ്യ നിമിഷത്തില്‍ ഏട്ടനെന്നെ ഹൃദയത്തോടു ചേര്‍ത്തു. അതു വര്‍ഷങ്ങള്‍ നീണ്ട പ്രണയസാഫല്യത്തിന്റെ നിമിഷമായിരുന്നു.
ആ നിമിഷം മറക്കില്ല ഞാന്‍...ഏട്ടാ... അന്നത്തെ നിന്നെയും മറക്കില്ല ഞാന്‍...
നമ്മള്‍ പണിത സ്വര്‍ഗ്ഗം മറക്കില്ല ഞാന്‍...ഇത്രയധികം സ്‌നേഹിക്കപ്പെടാമെന്നു നീ ആണ് പഠിപ്പിച്ചത്. ഇത്രയധികം വാത്സല്യമുണ്ടെന്നും നീ ആണ് കാണിച്ചുതന്നത്.

ഭാര്യയും ഭര്‍ത്താവും എന്നാല്‍ അമ്മയും മകനും ആണെന്ന്, മകളും അച്ഛനും ആണെന്ന്, അനിയത്തിയും ചേട്ടനും ആണെന്ന്, ചേച്ചിയും അനിയനും ആണെന്ന്, കാമുകനും കാമുകിയും ആണെന്ന്, ആണ്‍-പെണ്‍ സൗഹൃദമാണെന്ന്, ആത്മാവിന്റെ പാതിയാണെന്നു ഞാന്‍ അറിഞ്ഞത് നമ്മുടെ ഈ മുറിയില്‍നിന്നാണ്. നമ്മള്‍ പങ്കുവച്ച നിമിഷങ്ങളുടെ മനോഹാരിത എങ്ങനെയാണ് ഞാന്‍ വാക്കുകളിലേക്ക് പകര്‍ത്തുക?
അല്ലെങ്കിലും ചിലതൊക്കെ അങ്ങനെ ഉണ്ടല്ലോ, വാക്കുകള്‍ക്ക് പകര്‍ത്താനാവാത്ത ചിലത്...

ചില നിമിഷങ്ങളും ചില ഹൃദയവികാരങ്ങളും...!നമ്മള്‍ തമ്മിലുള്ളതൊക്കെ ഞാനൊരു മണിച്ചെപ്പില്‍ പൂട്ടിവച്ചിരിക്കുകയാണ്. തനിച്ചാവുമ്പോഴൊക്കെ എടുത്ത് ഓമനിക്കാന്‍...അതാണ് സുഖവും സന്തോഷവും...വിരുന്നുകള്‍... ബിരിയാണി, പായസം, സദ്യ...യാത്രകള്‍... എറണാകുളം, ആലപ്പുഴ, ഒറ്റപ്പാലം, കണ്ണൂര്‍, കാസര്‍ഗോഡ്...

ഒന്നും ഒഴിവാക്കാന്‍ പറ്റുന്നതല്ല. പരാതിയും പരിഭവവും ഇല്ലാതെ നോക്കേണ്ടത് എന്റെ കടമയാണ്, ഞാന്‍ നവവധുവാണ്...നീലേശ്വരം എന്ന, ഇനിയും നാടിന്റെ നന്മകള്‍ വറ്റിയിട്ടില്ലാത്ത, ഇത്തിരി വലിയ ഗ്രാമത്തില്‍, ഞാന്‍ പുതിയ പെണ്ണാണ്...

ഇവിടെ പലതും പഠിച്ചെടുക്കാനുണ്ട്. സംസാരശൈലി എനിക്ക് കുറച്ച് അപരിചിതമാണ്... പുതിയ രുചികള്‍, പുതിയ ചിട്ടകള്‍, പുതിയ ദൈവങ്ങള്‍, തെയ്യക്കോലങ്ങള്‍, പുതിയ ഭാവങ്ങള്‍... അതിനൊക്കെ അനുസരിച്ച് എന്നെയും മാറ്റിപ്പണിയേണ്ടിയിരിക്കുന്നു...

തെറ്റുകള്‍ സംഭവിച്ചിരിക്കാം, തീര്‍ച്ചയായും... ഇതൊന്നും എനിക്ക് പരിചിതമല്ല.എങ്കിലും ഈ വീട്ടിലെ, പുതിയ അംഗമായി ആദ്യത്തെ പെണ്ണായി എന്നെ സ്വീകരിച്ചതിനു നന്ദി.ഇനി ഇതാണെന്റെ വീട്... ഇവിടെ അമ്മമ്മയുണ്ട്. അച്ഛനും അമ്മയും ഉണ്ട്. രണ്ട് അനിയന്മാരുമുണ്ട്. 'ഏട്ടന്റെ' എന്നു പറയുമെങ്കിലും മനസ്സില്‍ ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടേയില്ല..!
എനിക്കായി, എന്റെ പുസ്തകങ്ങള്‍ക്കായി ഒരിടമുണ്ട് ഇവിടെ...
പ്രണയം ഉള്ള ഹൃദയം ഉണ്ട്.വാത്സല്യമുള്ള മനസ്സുകള്‍ ഉണ്ട്.
സ്‌നേഹം മാത്രം ഉള്ള മനസ്സുകള്‍ ഉണ്ട്...

മറ്റെന്താണ് എന്നെപ്പോലെ പ്രണയത്തിനേയും പാട്ടിനേയും മഴയേയും പ്രണയിക്കുന്ന ഒരു പെണ്ണിനു വേണ്ടത്?
ഞാന്‍ സന്തോഷവതിയാണ്..!

ഏപ്രില്‍, എന്തൊരു വേനലാണിത്...?

തിരക്കൊക്കെ കഴിഞ്ഞു. വിഷുവാണ് വരുന്നത്. ആദ്യത്തെ വിഷു. വിഷു കഴിഞ്ഞ് ഏട്ടന്‍ പോകും. നിറഞ്ഞ ഞങ്ങളുടെ മുറി ശൂന്യമാകും. ചിരിയും സന്തോഷവും വേദനയും ആഹ്ലാദവും പങ്കുവച്ചത് ഇതിനുള്ളിലാണ്.പക്ഷേ, അതിനു മുന്‍പ് ഒന്ന് ആശുപത്രിയില്‍ പോകണം. മാറിടത്തിലെ ഈ ചെറിയ തടിപ്പ് എന്താണെന്ന് അറിയണം.ഗൈനക്കോളജിസ്റ്റിനെത്തന്നെയാണ് കാണാന്‍ പോയത്. ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം ജനറല്‍ സര്‍ജന്റെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടു. ചെറിയ പരിശോധനകള്‍ക്കു ശേഷം ''മെഡിക്കല്‍ കോളേജില്‍ പോകണം, ഒരു FNAC എടുക്കണം'' എന്നു പറഞ്ഞു.പയ്യന്നൂര്‍നിന്നു പരിയാരത്തേയ്ക്കുള്ള യാത്രയില്‍ 'Fine Needle Aspiration Cytology'' എന്താണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഗൂഗിള്‍ ആണല്ലോ ഇപ്പോള്‍ അറിവിന്റെ അനന്ത സാഗരം..!

''ഒന്നും ഉണ്ടാവില്ലെന്ന്'' പരസ്പരം ആശ്വസിപ്പിച്ച് ഞാനും ഏട്ടനും യാത്ര തുടര്‍ന്നു. FNAC ബയോപ്സിക്ക് സമാനമായ ഒരു പരിശോധനാ രീതിയാണ്. അസാധാരണമായ വളര്‍ച്ച കാണിക്കുന്ന ഇടങ്ങളില്‍നിന്നു ചെറിയ മുഴകള്‍, തടിപ്പുകള്‍ എന്നു പറയാം. കോശങ്ങളെ കുത്തിയെടുത്ത് പരിശോധിക്കുന്നു.
FNAC ഇയ്ക്കു ശേഷം നെഞ്ചിടിപ്പോടെ നമ്മള്‍ കാത്തിരുന്നത് ഓര്‍ക്കുന്നുണ്ടോ ഏട്ടാ? ആ മൂന്നു മണിക്കൂര്‍? പരസ്പരം താങ്ങി, തോളില്‍ മുഖം ചായ്ച്...

ജീവിതത്തില്‍ അന്നുവരെ വിളിച്ചതിനെക്കാള്‍ കൂടുതല്‍ ദൈവത്തെ ആ മൂന്നു മണിക്കൂറില്‍ വിളിച്ചു.വെള്ളക്കടലാസിലെ കറുത്ത അക്ഷരങ്ങളിലൊക്കെ പരതി. കാന്‍സര്‍ എന്നോ കാന്‍സറസ് എന്നോ എവിടെയും കണ്ടില്ല.
ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുതിര്‍ത്ത്, ''ഒന്നും ഇല്ല ഏട്ടാ, കണ്ടില്ലേ'' എന്നു പൂര്‍വ്വാധികം പ്രണയത്തോടെ ഏട്ടന്റെ കൈമുട്ടില്‍ പിടിച്ച് ആര്‍ത്തുല്ലസിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് പരിചയമില്ലാത്തൊരു വാക്ക് കണ്ണില്‍പ്പെട്ടത്.
"Carcinoma."
എന്താണത്?
""Carcinoma breast..."
ശരി, ഗൂഗിള്‍ ഉണ്ടല്ലോ...
ആ നട്ടുച്ചയില്‍, കത്തുന്ന വെയിലില്‍ ഒരു സൂര്യന്‍ എന്റെ ഹൃദയത്തിലും മനസ്സിലും അസ്തമിച്ചു. വൈദ്യശാസ്ത്രം 'കാന്‍സര്‍' എന്നു പറയില്ലത്രേ. അവരുടെ വാക്ക്"Carcinoma"എന്നാണ്...എന്നില്‍ എന്തോ ഒന്നു മരിച്ചുവീണു. ഒരു കയ്യില്‍ പേപ്പറും മറുകയ്യില്‍ മൊബൈല്‍ ഫോണും ആയി ഞാനവിടെ തറഞ്ഞുനിന്നു. ചുറ്റും ഇരുട്ടാണെന്നു തോന്നി. ആ ഇരുട്ടില്‍ നിറഞ്ഞ രണ്ടു കണ്ണുകള്‍ കണ്ടു. ഞാന്‍ തകര്‍ന്നുപോയി. ഇന്നും എന്റെ ഹൃദയത്തിലുണ്ട് ആ കണ്ണുനീര്‍. എനിക്കെന്നോടു ക്ഷമിക്കാന്‍ പറ്റാത്ത നിമിഷത്തിലെ കണ്ണുനീര്‍.
ഞാനൊരിക്കലും മറക്കില്ല അത്.

                                                                                                                                തുടരും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com