''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''

വേഡ്‌സ്വര്‍ത്തും സഹോദരിയും കവിയുമായ ഡൊറോത്തിയും ലെയ്ക് ഡിസ്ട്രിക്റ്റിലെ ഗ്രാസ്മെയറില്‍ താമസമാക്കിയത് 1799-ലായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ അവിടെ താമസിച്ചു. അവിടെ എത്തിയ വില്യമിന് ഇരുപത്തൊന്‍പത് വയസ്സായിരുന്നു. ലെയ്ക് ഡിസ്ട്രിക്റ്റിനെ വേഡ്‌സ്വര്‍ത്ത് 'പാരഡൈസ്' എന്നാണ് വിശേഷിപ്പിച്ചത്. ആ സ്ഥലത്തിലെ പാതയിലൂടെ കാര്‍ നീങ്ങിയപ്പോള്‍ ആ മഹാകവിയുടെ വിശേഷണം പോലും പോരായിരുന്നു എന്നാണ് തോന്നിയത്
travelogue
Updated on
4 min read

നീണ്ട കാര്‍യാത്രയുടെ അവസാനത്തില്‍ യോര്‍ക്ക് എന്ന നഗരത്തിലെത്തി. അക്ഷരങ്ങള്‍കൊണ്ട് താരാപഥങ്ങള്‍ സൃഷ്ടിച്ച വിശ്വമഹാകവി ഷെയ്ക്സ്പിയറിന്റെ ജന്മസ്ഥലമായ സ്ട്രാറ്റ്ഫഡില്‍നിന്നു ദീര്‍ഘയാത്ര കഴിഞ്ഞാണ് യോര്‍ക്കിലെത്തിയത്. ഏതാണ്ട് സന്ധ്യയാവാറായിരുന്നു. പിറ്റേന്നത്തെ സ്‌കോട്ട്ലാന്റിലേക്കുള്ള യാത്രയും അതിനിടയില്‍ എനിക്കു പ്രിയങ്കരനായ വില്യം വേഡ്‌സ്വര്‍ത്തിന്റെ സുന്ദരമായ നാട്, ലെയ്ക് ഡിസ്ട്രിക്റ്റിലെ ഗ്രാസ്മെയറുമായിരുന്നു മനസ്സുനിറയെ.

പിറ്റേന്നു പ്രഭാതത്തില്‍, പാതിമയക്കത്തിലായിരുന്ന യോര്‍ക്ക് വിട്ട് യാത്ര തുടങ്ങി. ഇനി ലെയ്ക് ഡിസ്ട്രിക്റ്റ്! വേഡ്‌സ്വര്‍ത്തും സഹോദരിയും കവിയുമായ ഡൊറോത്തിയും ലെയ്ക് ഡിസ്ട്രിക്റ്റിലെ ഗ്രാസ്മെയറില്‍ താമസമാക്കിയത് 1799-ലായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ അവിടെ താമസിച്ചു. അവിടെ എത്തിയ വില്യമിന് ഇരുപത്തൊന്‍പത് വയസ്സായിരുന്നു. ലെയ്ക് ഡിസ്ട്രിക്റ്റിനെ വേഡ്‌സ്വര്‍ത്ത് 'പാരഡൈസ്' എന്നാണ് വിശേഷിപ്പിച്ചത്. ആ സ്ഥലത്തിലെ പാതയിലൂടെ കാര്‍ നീങ്ങിയപ്പോള്‍ ആ മഹാകവിയുടെ വിശേഷണം പോലും പോരായിരുന്നു എന്നാണ് തോന്നിയത്. ദൂരങ്ങളിലേക്കു പടര്‍ന്നുപോകുന്ന പാടങ്ങള്‍, അവസാനിക്കാത്ത മലനിരകള്‍, ഹരിതജീവന്റെ മഹാപ്രളയം. ഇതിനിടയിലൂടെ തുടരെത്തുടരെ നീരരുവികള്‍. വില്യത്തിന്റെ പല കവിതകളും എഴുതപ്പെട്ടത് ഇവിടെവച്ച് അല്ലെങ്കിലും, ആ ഒന്‍പത് വര്‍ഷം ജീവിതത്തിലെ ''വികാരങ്ങള്‍ ഏകാന്തതയില്‍ സ്വരൂപിച്ചെടുത്ത''വയായിരുന്നു മിക്ക കവിതകളും.

ലെയ്ക് ഡിസ്ട്രിക്റ്റിലേക്കു കടന്നപ്പോള്‍ എന്നെ വിടാതെ പിന്തുടര്‍ന്നത് മറ്റൊരു ഓര്‍മ്മയായിരുന്നു. അദ്ദേഹത്തിന്റെത്തന്നെ 'ലൂസി ഗ്രേ' എന്ന കവിതയിലെ, കൊച്ചുപെണ്‍കുട്ടി ഒരു റാന്തലുമായി വീടുവിട്ടിറങ്ങി നാട്ടുപാതയും മലകളും അരുവികളും താണ്ടി ഏതോ ഒരു പാലത്തിന്റെ മധ്യത്തോടെ കാല്‍പ്പാടുകള്‍ തുടര്‍ന്നു കാണാതായ ഒരു ചെറിയ പെണ്‍കുട്ടി ലൂസി ഗ്രേ. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആ കവിത വായിച്ചപ്പോള്‍ ഇത്ര ശക്തമായി ലൂസി ഗ്രേ എന്റെ മനസ്സിനെ മഥിച്ചിരുന്നില്ല. ഇന്ന് ആ പ്രായത്തിലൊരു പെണ്‍കുട്ടിയുടെ മുത്തച്ഛനായ എനിക്ക് അത് വല്ലാത്ത വേദന തന്നു. മകളെ കാണാതെ അലറിനടന്ന അച്ഛനമ്മമാരുടെ, രോദനം ആ മലകളില്‍ തട്ടി തിരിച്ചുവന്നതായി തോന്നി. ആ കവിത ജനിച്ചിട്ട് ഇരുനൂറ്റിഇരുപതിലധികം വര്‍ഷങ്ങളാവുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്ക് അപ്രസക്തമായിരുന്നു. അത്രയായിരുന്നു കവിതയുടെ പ്രഹരശേഷി.

ഏകാകിയായി വനങ്ങളിലൂടെ അലഞ്ഞുനടന്ന ലൂസി ഗ്രേയെ താന്‍ ഒട്ടേറെ തേടിയിരുന്നതായി കവി 'ലൂസി ഗ്രേ' എന്ന കവിതയില്‍ പറയുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം, റാന്തലുമായി നടന്നകന്ന, പിന്നെ എങ്ങോ നഷ്ടപ്പെട്ട കുട്ടി. പല മലകളും കയറിയിട്ടും നഗരത്തിലെത്താതെ പോയ ലൂസി ഗ്രേ. ഇന്നും അവള്‍ മരിക്കാത്ത കുട്ടിയായിത്തന്നെ കഴിയുന്നു എന്നാണ് ലെയ്ക് ഡിസ്ട്രിക്റ്റുകാരുടെ വിശ്വാസം. പിന്നീട്, പലരും ഈ കഥയിലെ പെണ്‍കുട്ടി ഒരു റാന്തലുമായി മഞ്ഞുപാളികളിലൂടെ നടന്നുപോകുന്നത് കണ്ടുവെന്നും നാട്ടുകഥയിലുണ്ട്. എന്തോ, കാറിന്റെ ചില്ലിലൂടെ നോക്കിക്കൊണ്ട് ആ താഴ്വരകളിലും ഞാന്‍ തേടിയത് ഇതേ പെണ്‍കുട്ടിയെയായിരുന്നു. കവിത അവസാനിക്കുന്നു ''ഈ വന്യമായ ഏകാന്തതയില്‍, ആ സുന്ദരിക്കുട്ടിയെ നിങ്ങള്‍ ഇനിയും കാണും.'' കാണാത്തതിനെ തേടലും കാണലുമാണല്ലോ കവിത എന്നോര്‍ത്ത് ഇരുന്നപ്പോള്‍ ഞങ്ങള്‍ ഗ്രാസ്മെയറില്‍ എത്തിയിരുന്നു.

യൂറോപ്പിലെത്തന്നെ, പ്രകൃതിസുന്ദരമായ പല സ്ഥലങ്ങളിലും പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായൊരു സ്ഥലം ഞാന്‍ കണ്ടിട്ടില്ല. ഇന്നും അതിന്റെ തീക്ഷ്ണമായ വന്യസൗന്ദര്യം പൂണ്ടുനില്‍ക്കുന്ന ഗ്രാസ്മെയര്‍, ഏതാണ്ട് രണ്ടേകാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എങ്ങനെയുണ്ടാവും എന്നോര്‍ത്ത് മോഹിച്ചു.

ചെന്നിറങ്ങിയതിനു നേരെ മുന്നില്‍ വേഡ്‌സ്വര്‍ത്ത് ഒന്‍പതു വര്‍ഷങ്ങള്‍ (1799-1808) താമസിച്ച വീട് - ഡൊവ് കോട്ടേജ് (Dove Cottage) വീട് ഏതാണ്ടൊക്കെ പഴമയോടെത്തന്നെ പരിരക്ഷിച്ചിട്ടുണ്ട്. മുന്നിലെ റോഡിനുമപ്പുറം ചെറിയൊരു ടൗണ്‍ഷിപ്പ്. അല്പം ഉയര്‍ന്ന സ്ഥലത്തുള്ള വീട്ടില്‍നിന്നു നോക്കിയാല്‍ ഹരിതസാഗരം. ഏതൊക്കെയോ മരങ്ങളും ചെടികളും പിന്നെ പരന്നുകിടക്കുന്ന തടാകവും. ''ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തില്‍നിന്നും ഏറെ ദൂരെ ശാന്തമായി എന്നും പാതിമയക്കത്തില്‍ കഴിയുന്ന കവിയുടെ പ്രിയഭൂമി.

പണ്ട് കോളേജ് ക്ലാസ്സുകളില്‍ 'ഡിഫോഡി ല്‍'സും 'സോളിറ്ററി റീപ്പറും' 'ടിന്റെണ്‍ ആബി'യും 'ദ് പ്രല്യൂഡും' (The Prelude) തുടങ്ങി വേഡ്‌സ്വര്‍ത്തിന്റെ കവിതാസിദ്ധി അടുത്തറിഞ്ഞപ്പോള്‍ പലപ്പോഴും ഈ സ്ഥലം മനസ്സിലുണ്ടായിരുന്നു. ഏതോ ഒരു ജേണലില്‍ ഒരിക്കല്‍ ഈ വീടിന്റെ ചിത്രവും കണ്ടതായി ഓര്‍ക്കുന്നു. പക്ഷേ, കുറേക്കാലം താണ്ടി ഒരു പൂര്‍വ്വാഹ്നത്തില്‍ ഇവിടെ എത്തുമെന്നു കരുതിയതേയില്ലായിരുന്നു. കാരണം, പ്രധാന സന്ദര്‍ശനകേന്ദ്രത്തില്‍ ഇതില്ലായിരുന്നു. ട്രാവല്‍ പാര്‍ട്ടികളില്‍ ഇംഗ്ലണ്ടില്‍ വന്ന എന്റെ സുഹൃത്തുക്കള്‍ മിക്കവരും, ലെയ്ക് ഡിസ്ട്രിക്റ്റ് കഥയില്‍ കൗതുകം പൂണ്ടു. മിക്കവരും ലണ്ടന്‍ ചുറ്റലില്‍ യാത്ര ഒതുക്കിയിരുന്നു. തന്നെയുമല്ല, ഇവിടെ വരാന്‍ ഒരുപാട് സന്നദ്ധതയും യാത്രയും വേണം.

ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്ലന്റിന്റേയും ഏതാണ്ട് അതിര്‍ത്തിയോളമെത്തണം.


ഡൊവ് കോട്ടേജ്
ഡൊവ് കോട്ടേജ്

ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തെ കുംബ്രിയയിലാണ് 1970-ല്‍ വേഡ്സ്വര്‍ത്ത് ജനിച്ചത്. പിന്നെ പല സ്ഥലത്തായി താമസം മാറ്റിയ അദ്ദേഹം 1799-ല്‍ തന്റെ ഇരുപത്തൊന്‍പതാം വയസ്സിലാണ് സഹോദരി ഡൊറോത്തിയോടൊത്ത് ഡൊവ് കോട്ടേജില്‍ താമസമാക്കിയത്. അതിനുമുന്‍പുതന്നെ അദ്ദേഹം യൂറോപ്പിലെ പ്രകൃതിമനോഹരമായ സ്ഥലങ്ങളിലൂടെ, ഒരുപാട് പദയാത്ര നടത്തിയിരുന്നു. അതിനിടയില്‍ ഫ്രാന്‍സിലെ പര്യടനകാലത്ത് ആനറ്റ് എന്നൊരു സ്ത്രീയുമായുള്ള ബന്ധത്തില്‍ കാരൊലിന്‍ എന്നൊരു കുട്ടിയുമുണ്ടായിരുന്നു - ഇത് 1792-ല്‍. പിന്നീട് ഫ്രാന്‍സ് വിട്ട അദ്ദേഹം, വീണ്ടും മകളെ കാണാന്‍ പാരീസിലെത്തിയത് അദ്ദേഹത്തെ ''അതൊരു മനോഹരസന്ധ്യയാണ്'' (It Is A Beauteous evening) എന്ന കവിതയിലേക്കു നയിച്ചു. മകളെ പിരിഞ്ഞ അതേ ദുഃഖമായിരിക്കാം, അദ്ദേഹത്തെ 'ലൂസി ഗ്രേ'യിലുമെത്തിച്ചത്.

ഒരു മലയുടെ ചെരിഞ്ഞ ഭാഗത്താണ് ഡവ് കോട്ടേജ്. ആദ്യം പ്രവേശിച്ചത് വേഡ്‌സ്വര്‍ത്തിന്റെ സ്മരണയില്‍ സൃഷ്ടിച്ചെടുത്ത മ്യൂസിയത്തിലാണ്. അവിടെ കവിയുടെ കയ്യക്ഷരത്തിലുള്ള വരികള്‍, കവിതകള്‍, ജേണലുകള്‍, കത്തുകള്‍, പ്രസിദ്ധം ചെയ്ത കവിതകള്‍, പിന്നെ കവിയുടെ കണ്ണട, പെന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഒരുക്കിവെച്ചിരുന്നു. രണ്ട് നൂറ്റാണ്ടപ്പുറത്തുള്ള ഓര്‍മ്മകള്‍ എല്ലാം അതിന്റെ പ്രാചീന തനിമയില്‍ത്തന്നെ സംരക്ഷിച്ചെടുത്തത് അത്ഭുതകരമായി തോന്നി. ആ വീടുപോലും പഴയ രൂപത്തില്‍ സംരക്ഷിച്ചെടുക്കുകയായിരുന്നു. വില്ല്യം കുടുംബവും അതേ കാലത്തുതന്നെ ജീവിച്ചിരുന്ന പ്രശസ്ത കവി സാമുവല്‍ ടെയ്ലര്‍ കോളറിഡ്ജും ഈ കോട്ടേജില്‍ കുറേക്കാലം ഒരുമിച്ച് താമസിച്ച് കവിതകള്‍ എഴുതിയും ചൊല്ലിയും കഴിച്ചുകൂട്ടിയിരുന്നു. കോളജറിഡ്ജും വില്ല്യമും ചേര്‍ന്നാണ് 'ലിറിക്കല്‍ ബാല്ലഡ്‌സ്' എന്ന പ്രശസ്ത കവിത എഴുതിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്പനിക കാലഘട്ടം കുറിച്ച കാലം. സാഹിത്യത്തിന്റെത്തന്നെ ഒരു ദിശാമാറ്റം ആരംഭിച്ചു. ഡൊവ് കോട്ടേജിലേക്കു മാറുന്നതിന്റെ ഒരു വര്‍ഷം മുന്‍പാണ്, ഇംഗ്ലീഷ് ഭാഷയിലെ ഒരുതരം റിവൈവല്‍ നടത്തിയ 'ദ പ്രല്യൂഡ്' എഴുതിയത്. 'പ്രല്യൂഡ്' എഴുതിത്തീര്‍ത്തതും ഗ്രാസ്മെയ്‌റില്‍വെച്ചായിരുന്നു. പക്ഷേ, അതിന്റെ പ്രസിദ്ധീകരണം അദ്ദേഹത്തിന്റെ മരണശേഷമാണുണ്ടായത്.

'ഡൊവ് കോട്ടേജി'ന്റെ ഉള്ളില്‍ വേഡ്‌സ്വര്‍ത്ത് മ്യൂസിയത്തില്‍ ലേഖകന്‍
'ഡൊവ് കോട്ടേജി'ന്റെ ഉള്ളില്‍ വേഡ്‌സ്വര്‍ത്ത് മ്യൂസിയത്തില്‍ ലേഖകന്‍

'ഡൊവ് കോട്ടേജി'ന്റെ ഉള്ളിലൂടെ നടന്ന് അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലെഴുതിയ വരികളിലൂടെ കടന്നുപോയപ്പോള്‍, എന്റെ മനസ്സിലൂടെ ഏതാക്കെയോ കാലങ്ങള്‍ കടന്നുപോയി.

വേഡ്സ്വര്‍ത്ത് എനിക്കു പ്രിയ കവിയായിരുന്നു. ഗൂഢവും ലളിതവും സുതാര്യവുമായ ആ വരികളില്‍ ഗഹനഗംഭീരതയൊന്നും കണ്ടെന്നുവരില്ല. എനിക്കും തോന്നിയിട്ടില്ല. പക്ഷേ, കുക്കു പക്ഷിയുടെ പിന്നാലെ പോയ ഡഫോഡിലുകള്‍ക്കൊപ്പം നൃത്തംവെച്ച മനസ്സുള്ള 'സോളിറ്ററി റീപ്പറു'ടെ (solitary Reeper) ദൈന്യമറിഞ്ഞ ആ നാടന്‍ മനസ്സും അതില്‍നിന്നു വന്ന വരികളും എന്തോ, ഞാന്‍ കോളേജുകാലം മുതല്‍ മോഹിച്ചുപോയിരുന്നു. ഈ പ്രായത്തിലും ബുദ്ധിമുട്ടുകള്‍ മറന്ന്, ഈ വിദൂരഭൂമിയില്‍ വരാന്‍ ഞാന്‍ നിര്‍ബ്ബദ്ധനായത് അതുകൊണ്ടായിരുന്നു. ഒരുതരം ആഗ്രഹമുക്തിയാണ് ലഭിച്ചത്.

വേഡ്‌സ്വര്‍ത്ത് മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യക്ഷരം പതിഞ്ഞ പുസ്തകം ഞാനൊന്നു തലോടി. അദ്ദേഹം തന്നെ പറഞ്ഞപോലെ

ഗ്രാസ്മെയറില്‍ ''ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്ത''യുമായിരുന്നു. കൂട്ടിനു യോഗാത്മക സൗന്ദര്യം നിറച്ച കവിതയെഴുതിയ കോളറിഡ്ജും. ഞാന്‍ നിന്ന ആ മുറി ഒരു സാഹിത്യത്തിലെ മഹാകാലഘട്ടവും മഹാപ്രതിഭകളേയും കണ്ടതാണ്. ''വെറുതെയീ നിനവുകള്‍ വന്നുപോയി, വെയിലത്തൊരു മഴച്ചാറ്റല്‍ പോലെ'' എന്ന് ഒ.എന്‍.വി എഴുതിയത് എന്റെ നാട്ടില്‍നിന്ന് എത്രയോ ദൂരെ, ഒരു മാന്ത്രിക ഭൂപ്രദേശത്തുവെച്ച് ഓര്‍ത്തുപോയി. ആ കാലഘട്ടത്തിലെ മറ്റു പല സംഭവങ്ങളും ചിത്രങ്ങളും ചെറിയൊരു തിയേറ്ററില്‍ ഒരുക്കിയിരുന്നു. ഗൈഡ് അതേക്കുറിച്ചൊക്കെ വിവരണങ്ങള്‍ തന്നുകൊണ്ടിരുന്നു. വീടിനു പിന്നിലെ മലയില്‍, വേഡ്സ്വര്‍ത്ത് തന്നെ ഒരുക്കിയ 'ഗാര്‍ഡന്‍ - ഓര്‍ച്ചാഡ്' കേടുപാടുകള്‍ പറ്റാതെ സൂക്ഷിച്ചിട്ടുണ്ട്. ഈ മുറികളിലൂടെയൊക്കെ കടന്നു പുറത്തുവരുന്നതിനു മുന്‍പ്, മേല്‍ത്തട്ടിലെ 'വ്യൂയിങ്ങ് സ്റ്റേഷനി'ല്‍നിന്നുകൊണ്ട് ഗ്രാസ്മെയര്‍ താഴ്വരയെ നോക്കുക. ഇതായിരുന്നു പ്രകൃതിയെ അളവറ്റു സ്‌നേഹിച്ച വേഡ്‌സ്വര്‍ത്തിന്റെ സ്വര്‍ഗ്ഗം.

താഴത്ത് ഒരു കഫേ ഉണ്ട്. അവിടെ പ്രാദേശിക വിഭവങ്ങള്‍ ലഭിക്കും. മധ്യവയസ്സു കടന്ന അതിന്റെ നടത്തിപ്പുകാരി ഒരു കടലാസും പെന്നും തന്നു. അവിടെയിരുന്ന് നിങ്ങള്‍ക്ക് ഒരു കവിതയെഴുതി വില്ല്യമിനു സമര്‍പ്പിക്കാം. എന്റെ പേരമകള്‍ ഇഷാനി ഒരു ചെറിയ ഇംഗ്ലീഷ് കവിതയെഴുതി, പ്രാര്‍ത്ഥിച്ച് അവിടെ സമര്‍പ്പിച്ചു. അവളുടെ വിദ്യാരംഭം, മറ്റൊരു സാഹചര്യത്തില്‍ വേഡ്‌സ്വര്‍ത്ത് പിന്നീട് എഴുതിയ പല കവിതകളിലും ഗ്രാസ്മെയറിന്റെ സുഖസ്മരണകളുണ്ടായിരുന്നു. പ്രത്യേകിച്ച് 1807-ല്‍ ഗാബരോവില്‍വെച്ച് എഴുതിയ പ്രഖ്യാതമായ 'ഡഫോഡില്‍സ്' എന്ന കവിതയില്‍.

ഇതിനിടയില്‍ വില്ല്യമും ഡൊറോത്തിയും പല യൂറോപ്യന്‍ രാജ്യങ്ങളിലും ചുറ്റി. വീണ്ടും ഗ്രാസ്മെയറില്‍ തിരിച്ചുവന്നപ്പോള്‍ കോളറിഡ്ജും കൂടെയുണ്ടായിരുന്നു. അതിനടുത്തായിരുന്നു കവി റോബര്‍ട്ട് സതേയും താമസിച്ചിരുന്നത്. അവരാണ് പിന്നീട് 'ലെയ്ക് ഡിസ്ട്രിക്റ്റ് കവികള്‍' എന്നറിയപ്പെട്ടത്. വില്ല്യം പിന്നേയും പലയിടത്തും ചുറ്റി അവസാനം റൈഡല്‍

മൗണ്ടില്‍ താമസമാക്കി. 1850-ല്‍ അവിടെവെച്ച് അന്തരിച്ചു. ഗ്രാസ്മെയര്‍ ചര്‍ച്ചിലെ ശ്മശാനത്തില്‍ അന്ത്യവിശ്രമം. ഗ്രാസ്മെയറിനോട് യാത്ര പറയാറായി. മധ്യാഹ്നത്തിലേക്കു കടക്കുന്നു. കുറേദൂരം ഓടിയാലേ ഉച്ചഭക്ഷണം കിട്ടാന്‍ വഴിയുള്ളൂ. ഡൊവ് കോട്ടേജിന്റെ മുന്‍വശത്തു നിന്നുകൊണ്ട്, ഗ്രാസ്മെയര്‍ താഴ്വരയിലേക്കു നോക്കി. ഏതോ ഒരു പക്ഷി അതിവേഗത്തില്‍ പാടി കടന്നുപോയി. വേഡ്‌സ്വര്‍ത്തിന്റെ ഭാഷയില്‍ 'ചുറ്റിത്തിരിയുന്ന ശബ്ദം' - കവിയുടെ കുക്കു.

ഇനിയും കാണാമെന്നു പറഞ്ഞു, യാത്രാമൊഴിയായി. ഇനിയുമൊരു വരവുണ്ടാവില്ല. പക്ഷേ, ഒരു ജന്മാവസാനം വരെ ഓര്‍ക്കാനുള്ളതൊക്കെ ലെയ്ക് ഡിസ്ട്രിക്റ്റ് തന്നിരുന്നു. കാര്‍ ഗ്രാസ്മെയറിലെ വന്യതയിലേക്കും ഏകാന്തപഥങ്ങളിലേക്കും നീങ്ങി. ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com