''അധികാരകേന്ദ്രങ്ങളുടെ നിരവധി വിവേചനങ്ങള്‍ ഇന്നും സ്ത്രീകള്‍ നേരിടുന്നുണ്ട്; അതിനെല്ലാം അറുതിയാകുമെന്ന് എനിക്കുറപ്പുണ്ട്'' ടി.ദേവി പറയുന്നു

എന്റെ പ്രസ്ഥാനം പുര്‍ണ്ണമായി വളര്‍ന്നെന്നോ, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നോ കരുതുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന നിലയില്‍ കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ ഞാനുള്‍പ്പടെ എണ്ണമറ്റ അനേകായിരങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
T DEVI COMMUNIDT LEADER
ടി.ദേവി Photo E.Gokul/Express
Updated on
13 min read

കോഴിക്കോട് ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ രൂപീകരിച്ചപ്പോള്‍ ഞാന്‍ സെക്രട്ടറിയായി. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചായിരുന്നു രൂപീകരണയോഗം. എം.എന്‍. കുറുപ്പാണ് എന്നെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഞാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും നായനാര്‍ പ്രത്യേകം പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ലളിതപ്രഭയും ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ യോഗത്തിലെ ചര്‍ച്ചയില്‍ എല്ലാം പങ്കെടുത്തു. ഞങ്ങള്‍ അതിന്റെ ജില്ലാകമ്മിറ്റിയില്‍ വന്നു. അന്നത്തെ യോഗത്തില്‍ നായനാര്‍, തമിഴ്നാട്ടില്‍നിന്നുള്ള ചില നേതാക്കന്മാരൊക്കെ ഉണ്ടായിരുന്നു. സ്റ്റഡിസര്‍ക്കിളിന്റെ യോഗങ്ങളിലെല്ലാം പുസ്തകങ്ങളെ കുറിച്ചൊക്കെ സജീവമായി ചര്‍ച്ചയുണ്ടാകും. അതുകൊണ്ടുതന്നെ വായിക്കാതേയും പഠിക്കാതേയും യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. യോഗത്തില്‍ പുസ്തകങ്ങളെക്കുറിച്ചുള്ള എം.എന്‍. കുറുപ്പിന്റെ അവതരണം ഒരു പ്രത്യേക ശൈലിയിലായിരുന്നു. പുനത്തിലിന്റെ പുസ്തകങ്ങളെല്ലാം യോഗത്തില്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു. അവിടെ വ്യക്തിപരമായിട്ടുള്ള വിദ്വേഷങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ആശയപരമായിട്ടായിരുന്നു എല്ലാ ഏറ്റുമുട്ടലും. അങ്ങനെ തുടരെത്തുടരെ പുസ്തകചര്‍ച്ചകളും മറ്റും നടന്നു. ഞാന്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളില്‍ സജീവമായി. ഞാന്‍ ഇഷ്ടപ്പെട്ടും ആസ്വദിച്ചും ചെയ്യുന്ന കാര്യമായിരുന്നു അത്. അപ്പോഴേക്കും ഞാന്‍ മഹിളാഫെഡറേഷന്റെ ജില്ലാകമ്മിറ്റിയിലും എത്തിയിരുന്നു. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടോടെ സഹിത്യ സാംസ്‌കാരികരംഗത്ത് ഇടപെടുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പി. ഗോവിന്ദപ്പിള്ളയും ഇയ്യങ്കോട് ശ്രീധരനും ചെറുകാടും കെ. തായാട്ടുമെല്ലാം സജീവമായി ഇടപെട്ടിരുന്നു

വി.കെ. സരോജിനി ഏടത്തിയായിരുന്നു മഹിളാ ഫെഡറേഷന്റെ ജില്ലാ സെക്രട്ടറി. ചക്കുംകടവ് യൂണിറ്റ് സെക്രട്ടറിയായതോടെ കുന്ദമംഗലത്ത് നടന്ന താലൂക്ക് സമ്മേളനത്തില്‍ പങ്കെടുത്തു. സുശിലാ ഗോപാലനാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. ആ സമയത്ത്, സുശീല ഇടയ്ക്കിടയ്ക്ക് എന്നെയിങ്ങനെ നോക്കുന്നുണ്ട്. അപ്പോഴാണ് സരോജിനിയേടത്തി എന്നോട് അദ്ധ്യക്ഷയാവാന്‍ പറഞ്ഞത്. അദ്ധ്യക്ഷയാവാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്ക് സന്ദേഹമുണ്ടായിരുന്നു. ഞാന്‍ താഴത്തേയ്ക്കിറങ്ങിയിരുന്നു. അപ്പോള്‍ സുശീലാ ഗോപാലന്‍ ചോദിച്ചു: ''അതെന്താ, താഴത്തേയ്ക്കിരുന്നത്?'' എന്നെ അവിടെയാരോ പരിചയപ്പെടുത്തി, ടി. അയ്യപ്പന്റെ ഭാര്യയാണ്, ഉണ്ണിപ്പുരയിലെ മാധവിയേടത്തിയുടെ മകളാണ്, ദേവിയാണ് എന്നൊക്കെ. ''ങാ, ഹാ എന്നിട്ടാണോ ഒഴിഞ്ഞുമാറുന്നത്? ഇവിടെ വന്ന് അദ്ധ്യക്ഷയാവ്'' എന്നായി സുശീലാ ഗോപാന്‍. അങ്ങനെ ഞാന്‍ അദ്ധ്യക്ഷസ്ഥാനത്തിരുന്നു. പിന്നെ, കുറച്ചധികം തന്നെ സംസാരിച്ചു. സംഘടനയുടെ ചില പ്രശ്‌നങ്ങളും വിഷമങ്ങളുമെല്ലാം പറഞ്ഞു. അപ്പോള്‍ സുശീലാ ഗോപാലന്‍ എന്റെ പുറത്ത് ഒറ്റയടി. ''ഇതൊക്കെ മനസ്സില്‍ വെച്ചിട്ടാണോ നീ ഇത്ര നാളും മിണ്ടാതെയിരുന്നത്?'' എന്ന്. ആ യോഗത്തോടെ താലൂക്ക് കമ്മിറ്റിയിലായി. പിന്നെ ജില്ലാ കമ്മിറ്റിയിലായി.

T DEVI COMMUNIST LEADER
ടി.ദേവി(പഴകാല ചിത്രം)

അന്ന് ഒരു മഹിളാ മെമ്പര്‍ഷിപ്പിനു നാലണയാണ്. സംഘടനാപ്രവര്‍ത്തനം നടത്താന്‍ ഒരു പൈസപോലും ഉണ്ടായിരുന്നില്ല. വീട്ടില്‍ സഖാവ് കൊണ്ടുവെച്ച പേപ്പറോ കവറോ എടുത്താല്‍ പിന്നെ വഴക്കാവും. എന്നിട്ട് പറയും: ''വല്യ മഹിളാനേതാവായി നടന്നാല്‍ പോരാ... സംഘടനാ പ്രവര്‍ത്തനം നടത്തണമെങ്കില്‍ കാശുണ്ടാക്കണം.'' ഞാന്‍ ചോദിക്കും: ''കാശെങ്ങനെയുണ്ടാക്കും? മെമ്പര്‍ഷിപ്പിന്റെ പൈസ മാത്രമല്ലേയുള്ളൂ.'' അദ്ദേഹം പറഞ്ഞു: ''സംഘടനയുണ്ടാക്കണം. ഒരു കാല്‍നട പ്രചരണജാഥയൊക്കെയുണ്ടാക്ക്. നോട്ടുമാലയൊക്കെ ഇടണം യൂണിറ്റില്‍നിന്ന്. പാര്‍ട്ടിക്ക് അങ്ങനെ എഴുതിക്കൊടുക്കണം. അല്ലാതെ സ്വമേധാ ചെയ്താലൊന്നും പറ്റില്ല. അങ്ങനെ കാല്‍നട പ്രചരണജാഥ നടത്താന്‍ തീരുമാനിച്ചു. അപ്പോള്‍ സുശീലാ ഗോപാലന്‍, എ.കെ.ജിക്ക് സുഖമില്ലാത്തതുകൊണ്ട് കോഴിക്കോടുണ്ട്. അഡ്വക്കേറ്റ് പൊതുവാളിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അപ്പോള്‍, കാല്‍നട പ്രചരണജാഥയില്‍ മൂന്നാലുതവണ വിളിച്ചിട്ടും പെണ്ണുങ്ങളാരും വരുന്നില്ല. 15 സ്ത്രീകള്‍ വേണം. കോഴിക്കോട് കോര്‍പറേഷന്‍ മുഴുവന്‍ കാല്‍നട ജാഥ നടത്തണം. ഒരുവിധത്തില്‍ നിര്‍ബ്ബന്ധിച്ച് സ്ത്രീകളെ ഉള്‍പ്പെടുത്തി.

അത് അത്തരത്തില്‍ കോഴിക്കോട്ടെ ആദ്യത്തെ കാല്‍നട ജാഥയായിരുന്നു. 15 ദിവസം മുഴുവന്‍ കോഴിക്കോട് കോര്‍പറേഷനില്‍ നടന്നു. അത് ഉദ്ഘാടനം ചെയ്യാന്‍ സുശീലാ ഗോപാലനെയാണ് വിളിച്ചത്. അപ്പോള്‍ എ.കെ.ജി ചോദിച്ചു: ''എനിക്ക് സുഖമില്ലാത്തതുകൊണ്ട് എന്നെ നോക്കാന്‍ വന്നതാണ് സുശീല. നിങ്ങള് കൂട്ടിക്കൊണ്ടുപോയാ എന്നെയാരാണ് നോക്കുക?'' അദ്ദേഹം കുറേ തമാശയാക്കി. ജാഥ സുശീല സഖാവ് ഉദ്ഘാടനം ചെയ്തു.


സുശീല ഗോപാലന്‍
സുശീല ഗോപാലന്‍

അങ്ങനെ ജാഥ കഴിയുമ്പോഴേക്കും വന്ന സ്ത്രീകളെല്ലാം തന്നെ പ്രസംഗിക്കാന്‍ പഠിച്ചു. പൂമാലയ്ക്ക് പകരം നോട്ടുമാലകള്‍ സ്വീകരണകേന്ദ്രത്തില്‍നിന്നു ലഭിച്ചതോടെ സംഘടനാപ്രവര്‍ത്തനം നടത്താനുള്ള കാശ് കുറേയൊക്കെ ലഭിച്ചു. അതോടെ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം ലഭിച്ചു. സംഘടനയും കൂടുതല്‍ മെച്ചപ്പെട്ടു. എല്ലാ വാര്‍ഡിലും മെമ്പര്‍ഷിപ്പായി. ഞാന്‍ തുടങ്ങുമ്പോള്‍, അഞ്ച് യൂണിറ്റില്‍ 250 മെമ്പര്‍ഷിപ്പ് മാത്രമാണുണ്ടായത്. പിന്നീട് ഏകദേശം എല്ലാ വാര്‍ഡിലും മെമ്പര്‍ഷിപ്പും യൂണിറ്റും ഉണ്ടായി. ആ സമയത്ത് ഒരുപാട് പരിപാടികള്‍ ഞങ്ങള്‍ നടത്തി.

നദീനഗര്‍ കോളനി

ചക്കുംകടവില്‍ താമസിക്കുന്ന സമയത്താണ് ഭൂമി പ്രശ്‌നം ഏറ്റെടുക്കുന്നത്. ബീച്ചിലെ ഒരുഭാഗം മാത്രം കടല്‍ഭിത്തി കെട്ടാതെ ഒഴിച്ചിട്ടിരിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് അത് മറ്റൊരാള്‍ കയ്യടക്കിവെച്ചിരിക്കുയാണെന്നറിഞ്ഞത്. ഈ വിഷയങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചു. ഈ വിഷയം ഏറ്റെടുത്ത് സമരം നടത്തിയാലോ? എന്നു ഞാന്‍ സഖാവ് അയ്യപ്പനോട് ചോദിച്ചു. ഇത് മേലെ ചോദിക്കണം, അനുവാദം വാങ്ങണം എന്നൊന്നുമുള്ള അറിവ് എനിക്കില്ലായിരുന്നു. സ്വന്തമായിട്ട് വീടില്ലാത്ത ആളുകളെ കണ്ടുപിടിക്കുക എന്നിട്ട് അവരോട് അവിടെ കുടില്‍ കെട്ടാന്‍ പറയുക. അപ്പോള്‍ ഒന്നുകില്‍ പൊലീസ് വരും. അല്ലെങ്കില്‍ ജന്മി വരും. അങ്ങനെ പദ്ധതിയിട്ട്, 21 പേരെ തെരഞ്ഞെടുത്ത്, ചുള്ളിന്റെ മേലെ ഓല മെടഞ്ഞുകെട്ടി. പൊലീസ് എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ അടയ്ക്കുമെന്നും പറഞ്ഞിരുന്നു. ആ സമയം അവരുടെ കുടുംബത്തിനെ സംരക്ഷിക്കും എന്നു വാക്കുകൊടുത്തു. പൊലീസ് എത്തി കുടിലെല്ലാം പൊളിച്ച് കുടിലുകെട്ടിയവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിയപ്പോള്‍: ''ഈ സ്ത്രീയാണ് ഇതിന്റെയൊക്കെ കാരണക്കാരി. ഈ സ്ത്രീയാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്'' എന്ന് എസ്.ഐയോട് അവിടെയുള്ളയാള്‍ പറയുന്നു. പിന്നീട് മനസ്സിലായി ഇയാള്‍ ഭൂമി കയ്യടക്കിവെച്ചയാളുടെ പ്രതിനിധിയാണെന്ന്. കടപ്പുറത്തെ ഭൂമി അവരുടേതാണ് എങ്കില്‍ അതിന്റെ ആധാരം എടുത്തുകൊണ്ടുവരാന്‍ പറയൂ എന്നായി ഞാന്‍. അപ്പോഴേയ്ക്കും ഇന്‍സ്പെക്ടര്‍ ആധാരം കൊണ്ടുവരാനായി ആവശ്യപ്പെട്ടു. കുടിലുകെട്ടിയവരെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടു.

ഇതു വലിയ വാര്‍ത്തയായി. അരി, മുളക്, ഉപ്പ് ഇതെല്ലാം പിരിച്ച് ജയിലിലായവരുടെ കുടുംബത്തിനു കൊടുത്തു. അപ്പോഴാണ് കേളുവേട്ടന്‍ വിളിക്കുന്നത്: ''എന്താ ദേവീ അവിടെയൊരു ഭൂമി കയ്യേറ്റം? കര്‍ഷകത്തൊഴിലാളിയോ കിസാന്‍സഭയോ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ജില്ലാകമ്മിറ്റിയും സ്റ്റേറ്റ് കമ്മിറ്റിയും തീരുമാനിച്ചിട്ടില്ല. എന്താണവിടെ കയ്യേറ്റം നടന്നത്? ദേവിയാണല്ലോ അതിന്റെ നേതാവ്?'' ഞാന്‍ പറഞ്ഞു: ''ഞങ്ങള് തന്നെ കേളുവേട്ടാ, അത് സര്‍ക്കാരിന്റെ ഭൂമിയാണ്. ജന്മിയുടേത് ഒന്നുമല്ല.'' അദ്ദേഹം ചോദിച്ചു: ''ഞങ്ങള്‍ എന്നു പറഞ്ഞാ ആരാണ്?'' ''ഞങ്ങള്‍ എന്നു പറഞ്ഞാ പാര്‍ട്ടി ബ്രാഞ്ച്'' എന്നു ഞാന്‍ പറഞ്ഞു. ''അപ്പോള്‍ മേലെ ഘടകങ്ങളോട് ചോദിക്കുകയും പറയുകയും ഒന്നും വേണ്ടേ?'' എന്ന് അദ്ദേഹം. ഞാന്‍ ചോദിച്ചു: ''ഞങ്ങള്‍, ചെയ്തതു തെറ്റാണോ? അത് തെറ്റല്ലല്ലോ!'' അന്ന് ബാലന്‍ വൈദ്യരാണ് കര്‍ഷകസംഘത്തിന്റെ നേതാവ്. അദ്ദേഹം പറഞ്ഞു: ''എല്ലാം നടക്കട്ടെ ദേവീ... നടക്കട്ടെ...! എല്ലാവരും ഇപ്പോള്‍ ജയിലിലല്ലേ?'' എന്ന ഒരു ചോദ്യം കൂടി എന്നോടു ചോദിച്ചു. ഞാന്‍ ''അതെ'' എന്നു മറുപടിയും കൊടുത്തു. ''അവരുടെ കുടുംബത്തിനെ ഞങ്ങള്‍ സംരക്ഷിക്കുന്നുണ്ട്'' എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു. ''ചെയ്തത് തെറ്റാണെന്നു കേളുവേട്ടന്‍ പറഞ്ഞാ എനിക്കു മനസ്സിലാക്കാം. പക്ഷേ, ഇതു ശരിയല്ലേ?'' എന്ന് ഞാന്‍ ചോദിച്ചതിന് അദ്ദേഹം, ''അതെന്നെക്കൊണ്ട് പറയിപ്പിക്കാം എന്നു വിചാരിക്കണ്ട'' എന്നുമാത്രം പറഞ്ഞു. ദേഷ്യപ്പെട്ടില്ല. ചീത്ത പറഞ്ഞതുമില്ല. പിന്നീട് ജയിലില്‍നിന്നു വന്നവര്‍ക്ക് സ്വീകരണമൊക്കെ നല്‍കി. 1981 ആകുമ്പോഴേക്കും ഇവര്‍ക്കെല്ലാം പട്ടയം കൊടുക്കാന്‍ തീരുമാനമായി. അതോടെ ജന്മി, കിഴക്കുള്ള അയാളുടെ കുറേ ഭൂമി വില്‍ക്കാന്‍ ഒരുങ്ങി. അത് സെന്റിന് 1500-2000 രൂപ കൊടുത്ത് അളന്നിട്ട് കൊടുത്തു. അത് അയാളുടേതല്ലല്ലോ. സര്‍ക്കാരിന്റെ ഭൂമിയല്ലേ. അങ്ങനെ രണ്ടു വിഭാഗക്കാര്‍ രൂപപ്പെട്ടുവന്നു. ഒന്ന്, പട്ടയം ലഭിച്ചവര്‍, രണ്ട്, വഞ്ചിക്കപ്പെട്ടവര്‍. വീടില്ലാത്തവര്‍ വീടൊക്കെവെച്ചു അവിടെ താമസം തുടങ്ങി. അതൊക്കെ വലിയ ഉത്സവംപോലെയായിരുന്നു. അന്ന് കോഴിക്കോട് മേയറില്ല. കളക്ടറുടെ നേതൃത്വത്തിലായിരുന്നു എല്ലാം ചെയ്തത്. പിന്നീട് അവിടെ ആവശ്യമായതെല്ലാം ചെയ്തു. തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നദീനഗറിനെക്കുറിച്ച് ദേശാഭിമാനിയില്‍ വിശദമായ ഒരു ലേഖനം എഴുതി. പിന്നീട് ബംഗ്ലാദേശ് കോളനിയുടെ പേര്‍ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നദീനഗര്‍ എന്നാക്കി.

ടി.പി ദാസന്‍
ടി.പി ദാസന്‍

നദീനഗര്‍ സമരം വന്‍വിജയമായി. പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനമനുസരിച്ച് എന്നെ കോര്‍പ്പറേഷനില്‍ 42-ാം വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. ആകെ കോര്‍പ്പറേഷില്‍ ഒരു സ്ത്രീ മാത്രമേ മത്സരിക്കുന്നുള്ളൂ. അതു ഞാനാണ്. ജയിക്കുന്ന വാര്‍ഡില്‍ ജയം ഉറപ്പിക്കാവുന്ന വാര്‍ഡില്‍ത്തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനം. ഞാനന്ന് ലോക്കല്‍ കമ്മിറ്റി മെമ്പറാണ്. ലോക്കല്‍ കമ്മിറ്റിയില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നത് സഖാവ് ടി.പി. ദാസനും മരിച്ചുപോയ വാസുവേട്ടനുമായിരുന്നു. റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. ആരേലും അഭിപ്രായം പറയണമല്ലോ! സമയം പോകുന്നു, പറയണമെന്നു നിര്‍ബ്ബന്ധിക്കുകയാണ് വാസുവേട്ടനും ടി.പി. ദാസനും. ഉടനെ ഞാന്‍ ചോദിച്ചു: ''ഞാന്‍ പറയട്ടെ?'' ''അതിനെന്താ നിങ്ങള്‍ ലോക്കല്‍ കമ്മിറ്റി മെമ്പറല്ലേ!'' എന്നു മറുപടി. ''ഇവിടെ 42-ാം വാര്‍ഡില്‍ വനിതകളെ നിര്‍ത്തണമെന്നാണ് തീരുമാനം. ഞാന്‍ പറഞ്ഞു, ഞാനിവിടെ നില്‍ക്കില്ല. അഥവാ നില്‍ക്കുന്നുണ്ടെങ്കില്‍ 41-ാം വാര്‍ഡ്, ചക്കുംകടവ് വാര്‍ഡില്‍ മാത്രമേ നില്‍ക്കുകയുള്ളൂ. അപ്പോള്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ലേ...?'' എന്നായി ടി.പി. ദാസന്‍. ഞാന്‍ പറഞ്ഞു: ''പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. അതല്ലേ പറഞ്ഞത് മത്സരിക്കാമെന്ന്.'' 42-ാം വാര്‍ഡില്‍ നില്‍ക്കാന്‍ പറ്റില്ലെന്നേ പറഞ്ഞുള്ളൂ. മറ്റുള്ളവര്‍ക്കൊന്നും അഭിപ്രായമില്ല. അപ്പോള്‍ ടി.പി. ദാസന്‍ പറഞ്ഞു: ''പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി സഖാവ് ദേവി, വാശിപിടിച്ച് 41-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നു പറഞ്ഞെന്ന് മിനിട്ട്സില്‍ എഴുതും.'' ''അത് എഴുതിക്കോ, എന്നാല്‍ 41-ാം വാര്‍ഡില്‍ ഞാന്‍ മത്സരിച്ചു ജയിച്ചാല്‍ അതെന്റെ മാത്രം കഴിവാണെന്നുകൂടി എഴുതണം.''

''അതെന്തിനാ?'' -ടി.പി. ദാസന്‍ ചോദിച്ചു. എന്റെ വാശികൊണ്ടായിരിക്കുമല്ലോ മത്സരിച്ചു തോല്‍ക്കുന്നത്. അതുകൊണ്ട് എന്റെ കഴിവുകൊണ്ട് ജയിച്ചു എന്നെഴുതുന്നതില്‍ തെറ്റൊന്നുമില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എങ്കില്‍പ്പിന്നെ രണ്ടും മിനിട്ട്സില്‍ എഴുതണ്ട. ഇവിടെനിന്നു മത്സരിച്ചാല്‍ ജയിക്കുമെന്ന് എനിക്കുറപ്പാണ്. എനിക്കെതിരെ അഞ്ച് പുരുഷകേസരികളാണ് ഇവിടെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റേയും ലീഗിന്റേയും സ്വതന്ത്രരായിട്ടും എല്ലാംകൂടി. കെട്ടിവെക്കാനുള്ള പണം ഉടനെ സമാഹരിച്ചു. അങ്ങനെ നോമിനേഷന്‍ കൊടുത്തു. അങ്ങനെ തെരഞ്ഞെടുപ്പു വര്‍ക്ക് ഗംഭീരമായി നടന്നു. വോട്ടെണ്ണുന്ന സമയം എല്ലാവരും ടൗണ്‍ഹാളില്‍ ഉണ്ടാവണമല്ലോ. ഒന്നാം വാര്‍ഡില്‍നിന്നു തുടങ്ങി എണ്ണല്‍ 41-ാം വാര്‍ഡിലെത്തി. ഞാന്‍ 500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുന്നു. അതിനുമുന്‍പേ എണ്ണിയ വാര്‍ഡുകളിലെല്ലാം, ജയിച്ചവരെ അതാത് പ്രദേശത്തെ സഖാക്കള്‍ എടുത്ത് നൃത്തംവെച്ച് കൊണ്ടുപോകുന്നു. 41-ാം വാര്‍ഡിലെ സഖാക്കള്‍ അത്യാവേശത്തിലാണ്. ജയിച്ചുകഴിഞ്ഞാല്‍, ഇവരെല്ലാം കൂടിയെന്നെ പൊക്കിയെടുക്കുമോ എന്നാണെന്റെ ആശങ്ക. ആളുകളെല്ലാം മതിലിന്റേയും ഒക്കെ മുകളില്‍ കയറി ഇരിപ്പാണ്. ഞാനങ്ങനെ മെല്ലെ ടൗണ്‍ഹാളിന്റെ വരാന്തയില്‍ വന്നുനിന്നു. ''ഇറങ്ങ് ദേവ്യേടത്തീ... ഇറങ്ങ്'' എന്ന ആര്‍പ്പുവിളി. ഞാനങ്ങനെ ഒന്നും പറയാതെ നില്‍ക്കുകയാണ്. ഉടനെ എന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം സഖാക്കള്‍ കൈപിടിച്ച്, റൗണ്ട്‌പോലെ നിന്നു. ''ഇതിനുള്ളില്‍ നിന്നാല്‍ മതി.'' എനിക്ക് എടുത്തുപൊക്കി കൊണ്ടുപോവുന്നത് അസ്വസ്ഥതയാണെന്ന് അവര്‍ക്ക് മനസ്സിലായിക്കാണണം. അങ്ങനെ ടൗണ്‍ഹാള്‍ വിട്ടിറങ്ങി വാര്‍ഡ് മുഴുവന്‍ ചുറ്റിച്ച് മൂന്ന് മണിക്കാണ് എന്നെ വീട്ടിലെത്തിച്ചത്. അതിനിടയില്‍ ഒരു തമാശ പറ്റി. ആവേശത്തില്‍ ചെടിയും പൂവുമെല്ലാം പറിച്ച് എനിക്കിട്ട മാലകളിലെല്ലാം ഉറുമ്പുകൂടുകളുണ്ടായിരുന്നു. എന്റെ കഴുത്തെല്ലാം നാശമായി, ഉറമ്പുകടിച്ചിട്ട്. അപ്പോഴത്തെ ആവേശത്തില്‍ ആരുമതൊന്നും ശ്രദ്ധിച്ചില്ല!

T DEVI COMMUNIDT LEADER
ഈ സ്ത്രീകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആത്മസാക്ഷാല്‍ക്കാരമെന്നാൽ കീഴടക്കലല്ല, ജീവിതത്തിന്റെ താളങ്ങളുമായി ചേർന്നുപോവുകയാണ്, നിത്യസാധാരണതയുടെ അത്ഭുത സ്വഭാവത്തിൽനിന്നു പഠിക്കുക എന്നാണ്

1981-ല്‍ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ കേരളഘടകത്തിന്റെ സംസ്ഥാന സെക്രട്ടറിയായി. സുശീല ഗോപാലനായിരുന്നു അഖിലേന്ത്യാ പ്രസിഡന്റ്. ആ സമയത്താണ് സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റിയില്‍ എത്തുന്നത്. 1984-ല്‍ എറണാകുളത്ത് വെച്ച് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. വി.എസ്. അച്യുതാനന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി. എം.എ. ബേബിയും എം.എം. മണി, ജി. സുധാകരന്‍ എന്നിവരും ആ വര്‍ഷമാണ് സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്. സുശീല ഗോപാലന്‍, കെ.ആര്‍. ഗൗരിയമ്മ, പി. ദേവൂട്ടി, സരോജിനി ബാലാനന്ദന്‍ എന്നിവരായിരുന്നു എന്നെ കൂടാതെയുള്ള വനിതാ അംഗങ്ങള്‍. 1996 പാലക്കാട് സമ്മേളനം വരെ തുടര്‍ന്നു. സംസ്ഥാന സമ്മേളനത്തിലുണ്ടായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കേന്ദ്രകമ്മറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളായ വി.ബി. ചെറിയാന്‍, കെ. മൂസക്കുട്ടി, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായി കൂടുതല്‍ കാലം പ്രവര്‍ത്തിച്ചു. 1983 മുതല്‍ '96 വരെ. പിന്നീട് ഭരണഘടനയില്‍ത്തന്നെ മൂന്നു തവണയേ ഒരാള്‍ പാടുള്ളൂ എന്നുവന്നു. മഹിളാ അസോസിയേഷന്‍ അന്നാണ് കൂടുതല്‍ സമരമുഖങ്ങള്‍ തുറന്നതും സ്ത്രീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും.

പുരോഗമന മഹിളാ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെ നിരവധി സാമൂഹിക സുരക്ഷിതത്വ നടപടികള്‍ നേടിയെടുക്കാനായി. സ്ത്രീധന നിരോധന നിയമം, കുടുംബകോടതി, വനിതാ കമ്മിഷന്‍, പൊലീസ് വനിതാസെല്‍, തൊഴിലിടങ്ങളില്‍ പരാതിസെല്ലുകള്‍ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്. മൊഴി ചൊല്ലാനുള്ള അവകാശം നിയമപരമായി അംഗീകരിക്കപ്പെടുന്നതിന് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ശ്രമിച്ചപ്പോള്‍ അതിനെതിരെ മുസ്ലിം സ്ത്രീകളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്തി. മലപ്പുറത്തും പാലക്കാട്ടും വയനാട്ടിലും മുസ്ലിം സ്ത്രീകളുടെ പ്രകടനം നടന്നു. ഡല്‍ഹിയിലും ഇവിടെനിന്ന് ആളുകളെയെത്തിച്ച് പ്രതിഷേധം നടത്തി. ആദിവാസി സ്ത്രീകളുടെ നരകജീവിത യാതനകള്‍ ബഹുജനസമക്ഷം എത്തിക്കുന്നതിനായി കിണഞ്ഞു പരിശ്രമിച്ചു. 1984-ല്‍ വയനാട്ടിലും അട്ടപ്പാടിയിലും നല്ല ഇടപെടലുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വയനാട്ടില്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ മാച്ചി എന്ന ആദിവാസി യുവതിയെ അശാസ്ത്രീയമായി ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായുള്ള നരകയാതന പുറംലോകത്തെ അറിയിച്ചത്.

തുടര്‍ന്ന് നിരവധി സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ കഥകള്‍ പുറത്തുവന്നു. മാച്ചിയുടെ കേസ് കോടതി മുന്‍പാകെ എത്തി. കേസിലെ പ്രതികള്‍ മാച്ചിയെ തട്ടിക്കൊണ്ടുപോയി വാര്‍ത്താ സമ്മേളനം നടത്തിച്ചു. അചഞ്ചലമായ ധീരതയോടെ പോരാട്ടം തുടര്‍ന്നു.

കെ. ജയചന്ദ്രന്‍
കെ. ജയചന്ദ്രന്‍

മാതൃഭൂമിയില്‍ ഒരു കായണ്ണക്കാരന്‍ ജയചന്ദ്രനുണ്ടായിരുന്നു (കെ. ജയചന്ദ്രന്‍). അദ്ദേഹം ഇപ്പോളില്ല. എനിക്ക് അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്നു, കോഴിക്കോട് ബ്യൂറോയില്‍നിന്ന് പിന്നീട് അദ്ദേഹം വയനാട്ടിലേയ്ക്ക് മാറി. വയനാട്ടില്‍നിന്ന് സ്വന്തം ലേഖകന്റെ ഒരു ചെറിയ ബോക്‌സ് ന്യൂസ് മാതൃഭൂമി പത്രത്തില്‍ വന്നത് ഞാന്‍ ശ്രദ്ധിച്ചു. ''വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂലക്കുന്നില്‍ അവിവാഹിതയായ സ്ത്രീ നാലുതവണ അവിഹിതഗര്‍ഭം ധരിച്ച്, അശാസ്ത്രീയ ഗര്‍ഭച്ഛിദ്രം നടത്തി ഗര്‍ഭപാത്രം പുഴുവരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നു.'' വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ഇത് വയനാട്ടില്‍ നടക്കില്ലെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം. പി. വത്സലയുടെയൊക്കെ പുസ്തകത്തില്‍ വായിച്ചിട്ടുള്ള ആദിവാസി സമൂഹത്തെപ്പറ്റിയാണ് എനിക്കുള്ള ധാരണ. അതിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ പൊലീസില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞു. അവിടെ പോയപ്പോള്‍ ഇത് വയനാട്ടിലെ മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നതാണ്. എന്തെല്ലാം ചെയ്തു എന്നത് അവിടെ അന്വേഷിച്ചാലേ അറിയാന്‍ കഴിയൂ. അവര്‍ക്ക് അതില്‍ വലിയ താല്പര്യമൊന്നുമില്ല. അങ്ങനെ ഞാന്‍ മാനന്തവാടിയിലേക്ക് പോയി. അവിടെ പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസുണ്ട്. അവിടെവച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.എം. മുഹമ്മദിനെ കണ്ടു. ഇക്കാര്യം സഖാവ് വി.എസ്സിനേയും അറിയിച്ചപ്പോള്‍ എല്ലാ പിന്തുണയും തന്നു. കേസ് കോടതിവരെ എത്തി. ഇതില്‍ സുശീലാ ഗോപാലന്റെ ഇടപെടലും എടുത്തു പറയേണ്ടതാണ്.

കേരള സോപ്പ്സ്

കേരള സോപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ വലിയ പ്രയത്‌നമായിരുന്നു. വനിതകള്‍ക്ക് ഒരു സംരംഭം എന്ന രീതിയിലാണത് തുടങ്ങിയത്. വ്യവസായമന്ത്രി ഗൗരിയമ്മയായിരുന്നു. അധികാരത്തില്‍ വന്നാല്‍ വനിതകള്‍ക്ക് പുതിയ തൊഴില്‍മേഖല സൃഷ്ടിക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ ഒരു സംരംഭവും ഉണ്ടായില്ല. തൃശൂരില്‍ വെച്ച് മഹിളകളുടെ വലിയ ഒരു സമ്മേളനം നടക്കുന്നതിനിടെ ഈ വിഷയം ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഉദ്ഘാടക ഗൗരിയമ്മയാണ്. ''എന്റെ സ്റ്റേറ്റ് സെക്രട്ടറി ദേവി എന്നെ ഇടയ്ക്കിടെ ചോദ്യം ചെയ്യും. സ്ത്രീകള്‍ക്കായുള്ള പ്രകടനപത്രികയെന്ന് പറഞ്ഞിട്ട് എന്താണ് ചെയ്യാത്തതെന്ന്? അതിനുത്തരം പറയാന്‍ സമയമായി, ഞങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്'' -ഗൗരിയമ്മ പറഞ്ഞു.

ഒരു ദിവസം കല്ലായിയിലെ വീട്ടില്‍ ഖാദി ഡയറക്ടര്‍ ബോര്‍ഡില്‍നിന്നുള്ള ഒരാള്‍ വന്നു. ഞാന്‍ മന്ത്രി ഗൗരിയമ്മ പറഞ്ഞിട്ട് വരികയാണ്. ഇത് ചാരിറ്റബിള്‍ സൊസൈറ്റിയുണ്ടാക്കാനുള്ള ഫയലാണ്. മാഡത്തിനു തരാന്‍ പറഞ്ഞു. സംഘത്തില്‍ 12 സ്ത്രീകളേ പറ്റൂ. അങ്ങനെ പാര്‍ട്ടിയുമായി ആലോചിച്ചു. നമ്മുടെ കേരള സോപ്പിനെ സംരക്ഷിക്കുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ടായിരുന്നു. വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകെ 'ഒരു പഞ്ചായത്തില്‍ ഒന്ന്' എന്ന തരത്തില്‍ സ്ത്രീ സംരംഭകത്വമുള്ള സ്ഥാപനം തുടങ്ങാമെന്ന ഉദ്ദേശ്യമുണ്ടായിരുന്നു.

കെ.ആര്‍ ഗൗരിയമ്മ
കെ.ആര്‍ ഗൗരിയമ്മ EXPRESS

സ്വാതന്ത്ര്യത്തിനു മുന്‍പ് തുടങ്ങിയതാണല്ലോ കേരള സോപ്പ്സ്. ഒരു യൂണിറ്റിന് ഒരു മാസം രണ്ട് ടണ്‍ സോപ്പ് ബേസ് വേണ്ടിവരും. അങ്ങനെയാണ് ഉല്പാദനശേഷി. ഇത് വിജയിച്ചാല്‍ കേരളം മുഴുവന്‍ കൊണ്ടുവരാം. ഈ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ത്തന്നെ ഉത്തരവാദിത്വപ്പെട്ടവര്‍ എന്തെങ്കിലും പറഞ്ഞോളൂ എന്നു പറഞ്ഞ് ലഹളയായി പിരിഞ്ഞു. അങ്ങനെ നാല് ജില്ലകളില്‍ ഇതിന്റെ സൊസൈറ്റി രൂപീകരിച്ചു. ഒരോ സെന്ററിനും അഞ്ച് സെന്റ് ഭൂമി വേണ്ടിവന്നു. ആ ഭൂമി ഇന്ത്യന്‍ ബാങ്കില്‍ പണയപ്പെടുത്തിയാണ് ലോണ്‍ എടുത്തത്.

സംഘത്തിലെ അംഗങ്ങള്‍ പണം എടുത്താണ് ഭൂമി വാങ്ങിയത്. അതും ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള സ്ഥലം. മുഴുവന്‍ അംഗങ്ങളും ഒപ്പിട്ടാലേ ലോണ്‍ പാസ്സാകൂ. വലിയ പ്രോജക്ടാണ്. പ്രവര്‍ത്തനങ്ങള്‍ ത്വരിതമായി നടന്നു. ഖാദി ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാരെത്തന്നെ ഗൗരിയമ്മ ഇതിനായി നിയോഗിച്ചു. സംഘങ്ങള്‍ അതിവേഗം രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം ചെയ്തു കഴിഞ്ഞതായി താന്‍ ഗൗരിയമ്മയെ അറിയിച്ചു. എല്ലാ സംവിധാനത്തോടും കൂടി ഗൗരിയമ്മ വന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി.

ഈ 50 സൊസൈറ്റിയില്‍നിന്നും തെരഞ്ഞെടുക്കുന്ന ഏഴു പേരാണ് കേരള സോപ്പ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍. ഞാനായിരുന്നു സെക്രട്ടറി, പത്മാവതി ഖജാന്‍ജി, പി.കെ. ശ്രീമതി, മലപ്പുറത്ത് നിന്ന് വിജയലക്ഷ്മി, കാസര്‍കോട് നിന്ന് പി.കെ. ജാനകി, പിന്നെ രാധയും. ഭാരവാഹി സ്ഥാനത്ത് ഖാദി ബോര്‍ഡിന്റേയും കേരള സര്‍ക്കാരിന്റേയും പ്രതിനിധികളുണ്ട്. അവര്‍ക്ക് വോട്ടവകാശമില്ല. അവര്‍കൂടി ഇരുന്നിട്ടാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അങ്ങനെയാണ് അതിന്റെ സംവിധാനം. ഇത് നന്നായിട്ട് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ത്തന്നെ പെട്ടെന്ന് കേരള സോപ്പ്സ് പ്രവര്‍ത്തനം നിര്‍ത്തി. സോപ്പുണ്ടാക്കാനുള്ള ബേസ് കിട്ടാതെയായി. 14 യൂണിറ്റ് തുടങ്ങുമ്പോള്‍ തന്നെ ഏജന്‍സികള്‍ ഒപ്പുവെച്ചിരുന്നു. ഇത് പൂട്ടിയപ്പോള്‍ ഇന്ത്യന്‍ ബാങ്ക് ലോണ്‍ നിര്‍ത്തിവെച്ചു. അങ്ങനെയാണതു നിശ്ചലമായത്. പിന്നെ സുശീല ഗോപാലന്‍ വ്യവസായമന്ത്രിയായപ്പോള്‍ പുനരുദ്ധരിപ്പിക്കാനുള്ള പണികള്‍ ചെയ്തു, മുഖ്യമന്ത്രി നായനാര്‍ വഴി കൂടുതല്‍ സോപ്പ് ബേസ് ലഭിക്കാനുള്ള വകുപ്പുണ്ടാക്കി ഉല്പാദനം തുടങ്ങി. എന്നിട്ടും മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നമുക്കൊരു ജോലി കിട്ടുമെന്ന് കരുതിയ സ്ത്രീകള്‍ നിരാശരായി. ആര് ഇടപെട്ടാലും ഇനിയിത് നേരെയാകാന്‍ പോകുന്നില്ലെന്ന ചിന്ത അവരെ ബാധിച്ചു. ലോണ്‍ നിന്നല്ലോ! പിന്നെ ഖാദി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും താല്പര്യമില്ലായിരുന്നു. ഈ 600 പെണ്ണുങ്ങളും സി.പി.എമ്മിന്റേതാണെന്നത് സി.പി.ഐക്കാര്‍ക്കും എതിര്‍പ്പായിരുന്നു. ലോണ്‍ നിന്നതോടെ എല്ലാം തീര്‍ന്നു. പിന്നീട് എളമരം കരീം മന്ത്രിയായതോടെ വീണ്ടും സജീവമായി. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായി മാറി.

അറബിക്കല്ല്യാണം

കോഴിക്കോട് കോര്‍പ്പറേഷനില്‍ കാംഫെഡിന്റെ നേതൃത്വത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ നടത്താനായി സര്‍വ്വേ നടത്തുമ്പോഴാണ് അറബിക്കല്ല്യാണം ഒരു പ്രശ്‌നമായി എന്റെ മുന്നില്‍ വരുന്നത്. തുടക്കത്തില്‍ എനിക്കും അറബിക്കല്ല്യാണത്തെപ്പറ്റി ഒന്നുമറിയില്ല. മുസ്ലിം സ്ത്രീകള്‍ വിവാഹം കഴിക്കുന്നു. സുഖമായി ജീവിക്കുന്നു. ഇഷ്ടംപോലെ പൊന്നും പണവുമെല്ലാം കിട്ടുന്നു. ഇത്രയേ അറിയൂ. 'അങ്ങാടി'(സിനിമ)യില്‍ കുതിരവട്ടം പപ്പു പറയുന്നില്ലേ, ''വിളിക്കുമ്പോള്‍ പറന്നു വരും...'' എന്നൊക്കെ. അങ്ങനെയെല്ലാമാണ് അതിനെ കണ്ടത്.

ഇ.എം.എസ് എപ്പോഴും എന്തായി? എങ്ങനെയായി? എന്നൊക്കെ അന്വേഷിക്കും. എന്നിട്ട് പോയിന്റൊക്കെ പറഞ്ഞുതന്നിട്ടു പറയും: ''മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നന്നായി സൂക്ഷിക്കണം. വിഷയമിതായതുകൊണ്ടാണ്. മുസ്ലിം മതമൗലികവാദികളെ ആദ്യം ഇന്റര്‍വ്യൂ ചെയ്യണം. ദേവി തന്നെ അതു ചെയ്യണം. തായാട്ട് ശങ്കരനെ കണ്ട് ഒന്നു ചര്‍ച്ച നടത്തണം. ദേശാഭിമാനി വാരികയ്ക്ക് വേണ്ടിയാണെന്ന മട്ടിലാണ് മുസ്ലിം മതമൗലികവാദികളെ സമീപിക്കേണ്ടത്. എല്ലാം പറഞ്ഞിട്ട് ''സൂക്ഷിക്കണം... സൂക്ഷിക്കണം'' എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ വലിയ സെമിനാറും സംഘടിപ്പിച്ചു. പിറ്റേ ദിവസം പത്രത്തില്‍ 'ആരുടേയോ മണവാട്ടികള്‍' എന്ന വിശേഷണത്തോടെയായിരുന്നു വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

സാക്ഷരത സര്‍വ്വേ നടത്താന്‍ മറ്റുള്ളവര്‍ക്കൊപ്പം ഞാനും പോകുമായിരുന്നു. അങ്ങനെ സ്ത്രീകളോട് ചോദിക്കുന്ന ചോദ്യാവലിയിലെ ആദ്യ ചോദ്യം പേര്, രണ്ടാമത്തെ ചോദ്യം ഭര്‍ത്താവിന്റെ പേര് എന്നാണ്. അപ്പോള്‍ ഭര്‍ത്താവിന്റെ പേരിനുള്ള ഉത്തരം ''നമ്മക്ക് പിടിയില്ല'' എന്നാണ്. എന്താണ് അറിയാത്തത് എന്നു ചോദിച്ചാല്‍ ''അയാള്‍ മലബാറിയല്ല, അറബിയാണ്'' എന്നാണുത്തരം. അറബിയാണെങ്കിലും ഭര്‍ത്താവിന്റെ പേര് അറിയണ്ടേ? എന്നായി ഞാന്‍. അതിനയാള്‍ നമ്മളെ കെട്ടീട്ട് നമ്മളെ വീട്ടിലൊന്നും വരില്ല. നമ്മളെ ആങ്ങളയോ അമ്മാമനോ ഹോട്ടലില്‍ കൊണ്ടുപോയി അയാള്‍ക്കൊപ്പം വിടുകയാണ് ചെയ്യുക. ഒരാഴ്ചയോ രണ്ടാഴ്ചയോ നിന്ന് അയാള്‍ തിരിച്ചുപോവും. രണ്ടായിരമോ മൂവായിരമോ ഉര്‍പ്യ അമ്മാവനോ ആങ്ങളയ്‌ക്കോ കൊടുക്കും'' -സ്ത്രീകള്‍ പറഞ്ഞു. അങ്ങനെ സ്ത്രീധനം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ പെണ്ണിനെ കെട്ടിച്ചില്ലെന്ന പഴി കേള്‍ക്കാതിരിക്കാന്‍ കുടുംബക്കാരിങ്ങനെ ചെയ്യുന്നു. ഈ ബന്ധത്തില്‍ കുട്ടികളൊക്കെയുണ്ടാകും. ബാപ്പയും കുട്ടികളും തമ്മിലൊരിക്കലും കാണുന്നില്ല. ആദിവാസി കുഞ്ഞുങ്ങളേക്കാള്‍ കഷ്ടമാണിവരുടെ കാര്യം. അറബി ഭര്‍ത്താവ് ചിട്ടയായൊന്നും ചെലവിനു കൊടുക്കില്ല. ഒരു സ്ത്രീയെ അറബി കെട്ടിയാല്‍പ്പിന്നെ, അറബി പോയാല്‍പ്പിന്നെ ഒരു മലബാറിയും കെട്ടില്ല.

ഈ വിഷയം സുശീലാ ഗോപാലനോട് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഈ സര്‍വ്വേ നടത്തുന്നതു നല്ലതുതന്നെ. എന്നാല്‍, സംഘടനയെന്ന നിലയ്ക്കുകൂടിയും സര്‍വ്വേ നടത്തണം. സെമിനാര്‍ സംഘടിപ്പിക്കണം. ഈ വിഷയം സ്റ്റേറ്റ്-കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് നമുക്കു കൊണ്ടുവരണമെന്നവര്‍ പറഞ്ഞു. അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെത്തന്നെയാണ്. ദൃഢമാണത്. തുടര്‍ന്ന് സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വേ നടത്തി. പിന്നെ ഇതേക്കുറിച്ച് മലപ്പുറം മൂസ, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, തായാട്ട് ശങ്കരന്‍, ദേശാഭിമാനി എഡിറ്റര്‍ തുടങ്ങിയവരൊക്കെ വിഷയത്തെപ്പറ്റിയെഴുതി. ഇ.എം.എസ് എപ്പോഴും എന്തായി? എങ്ങനെയായി? എന്നൊക്കെ അന്വേഷിക്കും. എന്നിട്ട് പോയിന്റൊക്കെ പറഞ്ഞുതന്നിട്ടു പറയും: ''മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നന്നായി സൂക്ഷിക്കണം. വിഷയമിതായതുകൊണ്ടാണ്. മുസ്ലിം മതമൗലികവാദികളെ ആദ്യം ഇന്റര്‍വ്യൂ ചെയ്യണം. ദേവി തന്നെ അതു ചെയ്യണം. തായാട്ട് ശങ്കരനെ കണ്ട് ഒന്നു ചര്‍ച്ച നടത്തണം. ദേശാഭിമാനി വാരികയ്ക്ക് വേണ്ടിയാണെന്ന മട്ടിലാണ് മുസ്ലിം മതമൗലികവാദികളെ സമീപിക്കേണ്ടത്. എല്ലാം പറഞ്ഞിട്ട് ''സൂക്ഷിക്കണം... സൂക്ഷിക്കണം'' എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ വലിയ സെമിനാറും സംഘടിപ്പിച്ചു. പിറ്റേ ദിവസം പത്രത്തില്‍ 'ആരുടേയോ മണവാട്ടികള്‍' എന്ന വിശേഷണത്തോടെയായിരുന്നു വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

ബൃന്ദാകാരാട്ട്
ബൃന്ദാകാരാട്ട് PTI

കേരളത്തില്‍ ഈ പരിപാടിയൊക്കെ നടക്കുമ്പോള്‍, ഡല്‍ഹിയില്‍വെച്ച് ബൃന്ദാകാരാട്ട് വിമാനത്തില്‍വെച്ച് ഒരു അറബിയെ തടഞ്ഞു. 12 വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയേയും കൊണ്ടായിരുന്നു അയാളുടെ യാത്ര. അത് പത്രത്തിലൊക്കെ വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് സര്‍വ്വേയും കാര്യങ്ങളും നടക്കുമ്പോള്‍ത്തന്നെ നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പ്രദീപ്, 12 വയസ്സുള്ള പെണ്‍കുട്ടിയേയും ഉമ്മയേയും അറബിയേയും കസ്റ്റഡിയിലെടുത്തു. 56 വയസ്സുള്ള അറബിയും 12 വയസ്സുള്ള പെണ്‍കുട്ടിയുമാണെന്നോര്‍ക്കണം! അറബി ആരാധന ഹോട്ടലിലാണ് റൂമെടുത്തത്. പെട്ടു എന്നു മനസ്സിലായപ്പോള്‍ അയാള്‍ ഹോട്ടലില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. അന്നു ഞാന്‍ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലായിരുന്നു. പത്രങ്ങളെല്ലാം ഏറ്റെടുത്തതോടെ വാര്‍ത്ത വിദേശങ്ങളിലുമെത്തി. അന്ന് മഹിളാ അസോസിയേഷന്‍ ഭാരവാഹിയെന്ന നിലയില്‍ ഞാനീ വാര്‍ത്തയുമായി മുഖ്യമന്ത്രി കെ. കരുണാകരനെ പോയിക്കണ്ടു. അദ്ദേഹം വിഷയത്തോട് ഗൗരവമായിത്തന്നെ പ്രതികരിച്ചു: ''വലിയ ദുരിതമാണല്ലോ! എന്തുചെയ്യും?'' ''എന്തെങ്കിലും ചെയ്‌തേ പറ്റൂ'' എന്നു ഞാനും. ''അല്ലെങ്കില്‍ നിയമപരമായുള്ള രേഖയെങ്കിലും വേണ്ടേ?'' ഞാന്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാനൊരു കാര്യം ചെയ്യാം, സാമൂഹ്യക്ഷേമവകുപ്പില്‍ ഇത്തരം വിവാഹം നടക്കുന്നുണ്ടെങ്കില്‍ നിര്‍ബ്ബന്ധമായും രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിയുണ്ടാക്കാം'' അദ്ദേഹം പറഞ്ഞതുപോലെ ചെയ്യുകയും ചെയ്തു.

ഇതേക്കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുശീലാ ഗോപാലന്‍ ആവശ്യപ്പെട്ടു. സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡല്‍ഹിയില്‍ സാമൂഹ്യക്ഷേമവകുപ്പ് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് കൈമാറി. ''ഈ രംഗത്ത്, സംഘടന എന്നുള്ള നിലയ്ക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തിയത്. അഭിനന്ദനം'' സമ്മേളനത്തിന്റെ സംഘാടകര്‍ പറഞ്ഞു. സുശീലാ സഖാവിനൊക്കെ ആഹ്ലാദമുണ്ടാക്കുന്ന കാര്യമായിരുന്നു അത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പ് വഴി ആവശ്യമായിട്ടുള്ള നടപടി ഇന്ത്യാഗവണ്‍മെന്റ് സ്വീകരിക്കണമെന്നതായിരുന്നു ഞങ്ങള്‍ക്കു വേണ്ടത്. ആ നടപടികളുണ്ടായോ എന്നതൊരു ചോദ്യവിഷയമാണ്.

അതിനിടെ, ഒരു ദിവസം വൈകീട്ട് ഞാന്‍ വീട്ടില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ഒരു ഉമ്മയും മോളും കൂടി വീട്ടിലേക്കു വന്നു. ഒരു ചെറിയ പെണ്‍കുട്ടി. ഉമ്മ പറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെ കാണാന്‍ വേണ്ടിമാത്രം വന്നതാണ്. ഇതെന്റെ മകളാണ്. എന്റെ മകളെ അറബിക്കു കെട്ടിച്ചതാണ്. അറബി മാസം 500 രൂപ അയയ്ക്കും. അതുകൊണ്ടാണ് ഞാനും മക്കളുമെല്ലാം ജീവിക്കുന്നത്. ഇപ്പോള്‍ അറിയുന്നു, നാളെ നാലു മണിക്ക് ഈ മകളെ അറബി മൊഴിചൊല്ലുമെന്ന്. ആറു മണിക്ക് പയ്യാനക്കലുള്ള മറ്റൊരു മുസ്ലിം പെണ്‍കുട്ടിയെ അറബി കെട്ടും. എന്റെ കെട്ട്യോന്‍ കോഴിക്കോട് മീന്‍മാര്‍ക്കറ്റില്‍ തൊഴിലാളിയാണ്. അദ്ദേഹം എന്നെയും മക്കളേയും ഒഴിവാക്കി വേറെ പെണ്ണിനെ കെട്ടി. അറബി എന്റെ മകളെ മൊഴിചെല്ലാന്‍ സമ്മതിക്കരുത്.'' ഞാന്‍ സ്തബ്ധയായി. പുതിയൊരു വിഷയം നമ്മുടെ മുന്നില്‍ വരുകയാണ്. 'മൊഴിചൊല്ലാന്‍ സമ്മതിക്കരുത്' എന്ന വാചകം എന്നെ വേട്ടയാടി. മറ്റേ കുട്ടിയെ കെട്ടാന്‍ അറബിയെ സമ്മതിക്കരുത് എന്നും അവര്‍ നിര്‍ബ്ബന്ധം പിടിക്കുന്നു.

വി.വി ദക്ഷിണാ മൂര്‍ത്തി
വി.വി ദക്ഷിണാ മൂര്‍ത്തി EXPRESS

വിഷയം ലഘുവല്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞു: ''നോക്കട്ടെ, നിങ്ങള്‍ നാളെ വൈകുന്നേരം ഒന്നുകൂടി വാ'' എന്നു പറഞ്ഞു. ദക്ഷിണാമൂര്‍ത്തിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി. ഞാനുടനെ അദ്ദേഹത്തെ വിളിച്ചു: ''ഇങ്ങനെയൊരു ഗുരുതരപ്രശ്‌നമുണ്ട്.'' അവര്‍ക്കൊക്കെ നല്ല ധാരണയുണ്ട് ഈ മേഖലയില്‍ ഞാന്‍ നടത്തിയ വര്‍ക്കിനെപ്പറ്റിയൊക്കെ! അദ്ദേഹം എന്നോടു പറഞ്ഞു: ''അറബിയെന്നു പറഞ്ഞാല്‍ വിദേശിയാണ്. ഒരു വിദേശി താമസിക്കുന്നയിടത്തു പോയിട്ട് പ്രശ്‌നമുണ്ടാക്കിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. ദേശാഭിമാനിയില്‍ വരെ ദേവിയെ അറസ്റ്റു ചെയ്യുന്ന വാര്‍ത്ത എനിക്ക് കൊടുക്കേണ്ടിവരും. അതുകൊണ്ട് അഡ്വക്കേറ്റ് കുമാരന്‍കുട്ടിയുമായിട്ട് സംസാരിക്ക്. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ ചെയ്യാം. അല്ലാതെ അറബിയെ പിടിച്ചുവെയ്ക്കാനൊന്നും പോയിട്ട് കാര്യമില്ല.'' ഞാന്‍ ഉടനെ കുമാരന്‍കുട്ടിയെ വിളിച്ചു. അദ്ദേഹം പറഞ്ഞത് കല്ല്യാണം കഴിച്ച രേഖയുണ്ടെങ്കില്‍ ചെലവിനു കേസ് കൊടുക്കാം. അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല. കല്ല്യാണം കഴിച്ച രേഖയൊന്നും ഉമ്മയുടേയും മകളുടേയും അടുത്തുണ്ടാവാന്‍ സാധ്യതയില്ല. ഇതൊക്കെ ഡീല്‍ ചെയ്യുന്നത് സ്വദേശികളായ മലയാളി ബ്രോക്കര്‍മാര്‍ വഴിയാണ്. ഞാനാകെ ആശയക്കുഴപ്പത്തിലായി. നദീനഗറില്‍ ഞാനെന്തു പറഞ്ഞാലും കേള്‍ക്കുന്ന കുറച്ചു മനുഷ്യരുണ്ട്. പാര്‍ട്ടി മെമ്പറായ സി.കെ. കോയയെ വിളിച്ചു ഗൗരവത്തില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ''റെയില്‍വേ സ്റ്റേഷന്റെയടുത്തുള്ള വലിയ ഹോട്ടലിലെ ഏറ്റവും മുകളിലുള്ള മുറിയിലാണ് അറബി താമസിക്കുന്നത്. സി.കെ. കോയയ്ക്ക് ഹിന്ദിയും അറബിയുമെല്ലാം അറിയാം. അറബിയോട് പോയിട്ട് ജോലിക്കുവേണ്ടി ചോദിക്കണം. ഞങ്ങള്‍ പുറത്തുണ്ടാകുമെന്നും പറഞ്ഞു.

കോയ ചോദിച്ചു: ''കുഴപ്പമാകുമോ?'' ഞാന്‍ പറഞ്ഞു: ''കുഴപ്പമാകുന്നുവെങ്കില്‍ ആവട്ടെ.'' ഞാന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. ''നിങ്ങള്‍ എപ്പോഴും ഈ ഇല്ലിക്കെട്ട് (പ്രശ്‌നങ്ങള്‍) കൊണ്ടാണല്ലോ വരുന്നതെന്ന്'' പൊലീസുകാര്‍ പറഞ്ഞു. അറബി വിദേശിയാണ്. വിദേശിയെ ഒന്നും ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ട്. അങ്ങനെയാണെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. ഇതാണ് എനിക്കു കിട്ടിയ മറുപടി.

കോയ അറബിയുടെ നാട്ടില്‍ പണി അന്വേഷിക്കാനായി പോയി. കുറേ സമയം കഴിഞ്ഞ് ഞങ്ങള്‍ ചെന്നു വാതിലില്‍ മുട്ടി. അറബി വാതില്‍ തുറന്നു. അറബി എന്നു വിചാരിച്ചുവെച്ച ശാരീരിക പരിവേഷമല്ലായിരുന്നു അയാള്‍ക്ക്. ഞങ്ങള്‍ തൊപ്പിയെല്ലാം വെച്ച ഒരാളെയാണ് പ്രതീക്ഷിച്ചത്. ഇത് എം.വി.ആറിനെപ്പോലെ ഒരു മനുഷ്യന്‍. പാന്റും ഷര്‍ട്ടുമാണ് വേഷം. സുന്ദരനും സുമുഖനുമായ ഒരു മനുഷ്യന്‍. ''ഞങ്ങള്‍ അറബിയെ കാണാനാണ് വന്നതെന്നു പറഞ്ഞുകൊടുക്ക് കോയ'' എന്നായി ഞാന്‍. രാത്രി ഒന്നര മണിവരെ സംഭാഷണം നീണ്ടു. ദ്വിഭാഷിയായ കോയയുടെ സഹായത്തോടെയാണ് വര്‍ത്തമാനം. അറബി പറഞ്ഞു: ''ഞാന്‍ ആ പെണ്‍കുട്ടിയെ മൊഴി ചൊല്ലുന്നില്ല. വേറെ കെട്ടുന്നുമില്ല. അതവളോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല. ഈ പാതിരാത്രിയിലും തളരാതെ അവള്‍ക്കുവേണ്ടി വാദിക്കാന്‍ സ്ത്രീകള്‍ ഇത്രയും ബുദ്ധിമുട്ടിയല്ലോ. അവരോടുള്ള ബഹുമാനംകൊണ്ടാണ്. എനിക്ക് എത്ര വേണമെങ്കിലും കെട്ടാം. നിങ്ങള്‍ക്ക് അത് തടയാനാവില്ല. എങ്കിലും ഈ രാത്രി നിങ്ങള്‍ ഒരു സ്ത്രീക്കുവേണ്ടി വന്നല്ലോ. അത് വലിയ കാര്യമാണ്.'' അപ്പോള്‍ കോയ ചോദിച്ചു: ''ഉമ്മയും മകളും താഴെയുണ്ട് വിളിക്കട്ടെ'' എന്ന്. നാളെ രാത്രി പൊതുവെ വരാറുള്ളതുപോലെത്തന്നെ വന്നാല്‍ മതിയെന്നായി അറബി. പിറ്റേന്ന് കോയ എന്നോടു വന്നു പറഞ്ഞു: ''അറബിക്ക് നിങ്ങളെ വീട്ടില്‍വന്നു കാണണമെന്നു പറഞ്ഞു.'' അതിന്റെ ആവശ്യകത എനിക്കു മനസ്സിലായില്ല. കോയയോട് ടാക്‌സി വിളിക്കാനൊക്കെ പറഞ്ഞിട്ടുണ്ട് അറബി, എന്റെ വീട്ടിലേക്കു വരാന്‍ വേണ്ടി. അത് കുഴപ്പമാകുമോ എന്ന ചിന്തയായി എനിക്ക്. കോയ കൂടെയുണ്ടാകുമല്ലോ എന്ന ധൈര്യമുണ്ട്. അറബി വന്നപ്പോള്‍ ഞാന്‍ ആതിഥ്യ മര്യാദകളോടെത്തന്നെ പെരുമാറി. അറബി സംസാരിക്കാന്‍ തുടങ്ങി. പച്ചമലയാളത്തില്‍! ഞാന്‍ ഞെട്ടി. അയാള്‍ക്കു മലയാളം അറിയാമെന്ന് എനിക്കും കോയയ്ക്കും അറിവില്ലായിരുന്നു. അയാളുടെ ഹോട്ടല്‍ മുറിയില്‍വെച്ച് അറബിയെപ്പറ്റി ഞങ്ങള്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നല്ലോ! ഒക്കെയും അറബി മനസ്സിലാക്കിയിട്ടുണ്ട്.

''നിങ്ങളോട് എനിക്കു ബഹുമാനമുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമല്ലേ നിങ്ങള്‍ക്കു വേണ്ടത്. അത് അറബിയെ പിടിച്ചുവെച്ചതുകൊണ്ടോ ഓടിച്ചതുകൊണ്ടോ സാധ്യമാകുന്ന ഒന്നല്ല. ഈ നാട്ടിലെ പ്രശ്‌നം തൊഴിലില്ലായ്മയാണ്. പട്ടിണിയാണ്. ഇവിടെ സ്ത്രീധനമുണ്ട്. ഞങ്ങളുടെ നാട്ടില്‍ അതില്ല. നിങ്ങളുടെ സര്‍ക്കാര്‍ അല്ലേല്‍ രാഷ്ട്രീയപ്പാര്‍ട്ടികളോടു പറയണം, പട്ടിണി പരിഹരിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും. എന്റെ സ്ഥാപനങ്ങളില്‍ ഈന്തപ്പന തോട്ടത്തില്‍ മത്സ്യവളര്‍ത്തു കേന്ദ്രത്തില്‍ 25 മലയാളി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരെയൊന്നും ഞങ്ങള്‍ക്ക് സ്ഥിരമായി വേണ്ട. ഞങ്ങള്‍ ഞങ്ങളുടെ നാടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അവരെ അവിടെ ജോലി ചെയ്യിക്കുകയാണ്. അതുകഴിഞ്ഞാല്‍ ഞങ്ങളവരെ തിരിച്ചയയ്ക്കും. അവരൊക്കെ നാട്ടില്‍വരും അവര്‍ക്കും തൊഴില്‍ വേണം. അത്തരത്തില്‍ ഒരു പരിഹാരമാണ് വേണ്ടത്. പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിച്ചാല്‍ മാത്രമേ നാട് നന്നാവുകയുള്ളൂ. ഇത്തരത്തിലുള്ള മുതലെടുപ്പുകള്‍ അപ്പോഴേ അവസാനിക്കുകയുള്ളൂ. സൗമ്യമായി അറബി പറഞ്ഞ വാക്കുകള്‍ വ്യക്തമായി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

അങ്ങനെ അറബി ആ കുട്ടിക്ക് ചെലവിനൊക്കെ കൊടുക്കാന്‍ തുടങ്ങി. ആ കുട്ടി ഗര്‍ഭിണിയായി. ഉമ്മ അറബിയോടു പറഞ്ഞു മകള്‍ ഗര്‍ഭിണിയായ കാര്യം. അപ്പോള്‍ അറബി ചോദിച്ചത്രേ: ''എന്നോട് കാര്യങ്ങള്‍ പറയുന്നതിനു മുന്‍പ് ദേവിയോട് പറഞ്ഞോ'' എന്ന്. അവരോടല്ലേ ആദ്യം കാര്യങ്ങള്‍ പറയേണ്ടതെന്നാണ് അറബി പറഞ്ഞത്. കുട്ടിയുടെ വീട്ടിലേക്കു വേണ്ട ഫര്‍ണിച്ചറും ശിശുവിനുള്ള ആഭരണങ്ങളും സൗകര്യവുമെല്ലാം അറബി ഉത്തരവാദിത്വത്തോടെ ചെയ്തു. 1987-ലാണ് ഞാന്‍ കൊയിലാണ്ടിയില്‍ മത്സരിക്കുന്നത്, എം.ടി. പത്മയ്ക്ക് എതിരെ. ആ സമയത്ത് ഒരാള്‍ എന്നോടു പറഞ്ഞു, നിങ്ങളെ കാണാന്‍ പര്‍ദ്ദയിട്ട ഒരാള്‍ വന്നുനില്‍പ്പുണ്ടെന്ന്. അവരെ പാര്‍ട്ടി ഓഫീസിലേക്കു കയറ്റി. അന്ന് ആ മകളേയും കൊണ്ടുവന്ന ഉമ്മയാണത്. അറബിയാണ് എന്നോടിങ്ങനെ ഇവിടെ വരാന്‍ പറഞ്ഞത്. നിങ്ങള്‍ മത്സരിക്കുമ്പോള്‍ വോട്ട് പിടിക്കാനാണ് ഞാന്‍ വന്നത്.'' അവര്‍ ആശങ്കയിലായിരുന്നു. ''ഞങ്ങള്‍ കോണിയുടെ ആളുകളാണ്. അരിവാളിന് എങ്ങനെ വോട്ടുപിടിക്കും.''

ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ പൊയ്‌ക്കോളൂ, കുഴപ്പമില്ല. എനിക്കുവേണ്ടി വോട്ടുപിടിച്ചു എന്നു പറഞ്ഞാല്‍ മതി.'' ആ സ്ത്രീക്ക് അവരുടെ പാര്‍ട്ടിയെ പേടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടി പ്രസവിച്ച് കുഞ്ഞിനു രണ്ടര വയസ്സായി. അവരുടെ വീട് മെച്ചപ്പെട്ടു. അറബി എല്ലാം നോക്കി നടത്തും ഇതുവരെ വന്നിട്ടില്ല എന്നേയുള്ളൂ. പിന്നീട് ഒരു ദിവസം, ഈ പെണ്‍കുട്ടി സാരിയൊക്കെ ഉടുത്ത് സുന്ദരിയായി എന്റെ വീട്ടിലേക്കു കയറിവന്നു. ആദ്യമെനിക്ക് ആളെ മനസ്സിലായില്ല. ''ദേവ്യേടത്തിക്ക് എന്നെ മനസ്സിലായില്ലേ?'' അവള്‍ ചോദിച്ചു. കാര്യം പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത്. അവള്‍ മിടുക്കിയായിരിക്കുന്നു. അവള്‍ തിരിഞ്ഞുനിന്ന് ആരെയോ വിളിക്കുന്നുണ്ട്. ഞാന്‍ ചോദിച്ചു: ''അതാരാ?'' ആ കുട്ടി പറഞ്ഞു: ''എന്നെ കെട്ടാന്‍ ഒരു ചെറുപ്പക്കാരന്‍ തയ്യാറാണ്. ഉമ്മ പണവും സ്വര്‍ണ്ണവും ഒന്നും ഞങ്ങള്‍ക്കു തരില്ല. ദേവ്യേടത്തി അതു പറഞ്ഞു ശരിയാക്കിത്തരണം.'' ഞാന്‍ ആ ചെക്കനെ വിളിച്ചു. ''ഇവള്‍ക്ക് അറബി കൊടുത്തത്താണ് സ്വര്‍ണ്ണവും അക്കൗണ്ടിലെ പൈസയും ഇപ്പോഴുള്ള സൗകര്യങ്ങളുമെല്ലാം. അത് തരാന്‍ ഉമ്മയോടു ഞാന്‍ പറയില്ല. അതു മര്യാദകേടാണ്. നീ ഇവളെ കല്ല്യാണം കഴിച്ചോളൂ അതില്‍ പ്രശ്‌നമൊന്നുമില്ല.'' ഉടനെ ചെക്കന്‍ പറഞ്ഞു: ''ഞാനിവളെ കെട്ടാനൊന്നും വന്നതല്ല. വെറുതെ വന്നതാണ്. പണം കിട്ടില്ല എന്നറിഞ്ഞപ്പോള്‍ അവന്‍ മുങ്ങി. ഇതാണ് അറബിക്കല്ല്യാണത്തിന്റെ പുറകെപോയപ്പോഴുള്ള അസാധാരണ അനുഭവം.

അന്താരാഷ്ട്ര വനിതാവര്‍ഷത്തില്‍, ഓരോ രാജ്യത്തുള്ള സ്ത്രീകളുടെ സാമൂഹ്യപദവിയെപ്പറ്റി അന്വേഷണം നടക്കുകയുണ്ടായി. ആ പഠനം നടത്താന്‍ ഇന്ത്യയിലാകമാനം, ഈ അന്വേഷണം നടന്നു. ഇന്ത്യയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നിരാശാജനകമായിരുന്നു. സ്ത്രീകള്‍ക്ക് അധികാരവും സ്വാതന്ത്ര്യവും ലഭ്യമാക്കണമെങ്കില്‍ നിയമപരമായുള്ള കമ്മിഷന്‍ നടപ്പിലാകേണ്ടത് ഒരാവശ്യമായി വന്നു. അങ്ങനെയാണ് വനിതാകമ്മിഷന്‍ ഇന്ത്യയിലാകെ, നിലവില്‍ വന്നത്.

സുഗതകുമാരി
സുഗതകുമാരി EXPRESS

അതില്‍ കേരളത്തിലുള്ളതാണ് ഏറ്റവും ശക്തമായി വന്നത്. ഗൗരിയമ്മയായിരുന്നു അതിന്റെ ശില്പി. ചര്‍ച്ച നടത്തി നിയമസഭയില്‍ കൊണ്ടുവന്നു. നിയമസഭയില്‍ കൊണ്ടുവന്നെങ്കിലും അഞ്ചു കൊല്ലം കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് ഒപ്പിട്ടിട്ട് വനിതാകമ്മിഷന്‍ 1996-ല്‍ സ്ഥാപിതമായത്. അന്ന് ആന്റണിയാണ് (എ.കെ. ആന്റണി) അത് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് പ്രതിനിധികളേയും രണ്ട് ഉദ്യോഗസ്ഥകളേയും വെച്ചുകൊണ്ടാണ് തുടങ്ങിയത്. സുഗതകുമാരി ടീച്ചറായിരുന്നു അദ്ധ്യക്ഷ. 1996-ല്‍ ഇടത് ഭരണം വന്നു. നായനാര്‍ മന്ത്രിസഭ. അതോടെ കമ്മിഷനിലുണ്ടായ ഉദ്യോഗസ്ഥകള്‍ രാജിവെച്ചു. അങ്ങനെ കൊല്ലത്ത് നിന്നുള്ള ഒരു അഡ്വക്കേറ്റും ഞാനും കമ്മിഷനില്‍ അംഗമായി. 1996 മുതല്‍ 2001 വരെ സുഗതകുമാരിയായിരുന്നു അധ്യക്ഷ. വനിതാ കമ്മിഷന്‍ അശരണരുടെ വഴിവിളക്കായിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന അറുതിയില്ലാത്ത ദുരിതങ്ങള്‍ക്ക് അതൊരു താങ്ങായി.

പുരോഗമന പ്രസ്ഥാനങ്ങളുടെ വിശേഷിച്ച് മഹിളാ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് ഒട്ടനവധി സാമൂഹിക സുരക്ഷിതത്വ നടപടികള്‍ നേടിയെടുക്കാനായിട്ടുണ്ട്. അംഗനവാടി പ്രൊജക്ട്, കുടുംബകോടതി, വനിതാ കമ്മിഷന്‍, സ്ത്രീധന നിരോധനബില്‍, നിയമസഹായ വേദി, തൊഴിലിടങ്ങളിലെ പരാതി സെല്‍ ഇങ്ങനെ നീളുന്നു...

വളരെ എളിയ പശ്ചാത്തലത്തില്‍നിന്ന് അനേകം എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറിയാണ് മഹത്തായ നേട്ടങ്ങള്‍ എത്തിപ്പിടിച്ചതും കേരളം ലോകത്തിന് മാതൃകയായതും. അടിച്ചമര്‍ത്തപ്പെട്ട ജനതയെ മനുഷ്യരാക്കി മാറ്റാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് വിസ്മരിക്കുക എളുപ്പമല്ല. അവകാശബോധത്തിന്റെ, സമത്വത്തിന്റെ നെഞ്ചൂക്കൂമായി നിവര്‍ന്നുനില്‍ക്കാന്‍ സ്ത്രീകള്‍ക്ക് ദിശാബോധം നല്‍കിയ സംഘടനകളില്‍ എന്നും മുന്നിലാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍. എന്റെ പ്രസ്ഥാനം പുര്‍ണ്ണമായി വളര്‍ന്നെന്നോ, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നോ കരുതുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന നിലയില്‍ കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ ഞാനുള്‍പ്പടെ എണ്ണമറ്റ അനേകായിരങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അധികാരകേന്ദ്രങ്ങളുടെ അദൃശ്യവും ദൃശ്യവുമായ നിരവധി വിവേചനങ്ങളും ഇന്നും സ്ത്രീകള്‍ നേരിടുന്നുണ്ട്. അതിനെല്ലാം അറുതിയാകുമെന്ന് എനിക്കുറപ്പുണ്ട്. പരസ്പരം പോരടിക്കാതെ, അന്ധവിശ്വാസങ്ങള്‍ക്ക് കീഴപ്പെടാത്ത, ജാതി ഭേദവും മതസ്പര്‍ധയുമില്ലാത്ത സ്ത്രീ സമൂഹം ഉയര്‍ന്നുവരുമെന്നാണ് എന്റെ പ്രത്യാശ.?

ടി.ദേവിയുമായി പി.കെ സുജിത് സംസാരിച്ച് എഴുതിയത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com