നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍

മുഹമ്മദ്ക്ക നീണ്ട എട്ടു വര്‍ഷത്തോളം യോഗിയുടെ ശിഷ്യനായി കുടകില്‍ കൂടി. അമൂല്യമായ എല്ലാ മാന്ത്രിക താന്ത്രിക ക്രിയകളും സ്വായത്തമാക്കി.
നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍

മുഹമ്മദ്ക്ക നീണ്ട എട്ടു വര്‍ഷത്തോളം യോഗിയുടെ ശിഷ്യനായി കുടകില്‍ കൂടി. അമൂല്യമായ എല്ലാ മാന്ത്രിക താന്ത്രിക ക്രിയകളും സ്വായത്തമാക്കി. ഏതു കാര്യവും ഗുരു ശിഷ്യനെ ഏല്‍പ്പിക്കും. പിന്നെ ധനത്തിനും പ്രശസ്തിക്കും ദുര്‍മന്ത്രങ്ങള്‍ ചെയ്യരുതെന്ന് ഏതുനേരവും ഉപദേശിക്കും. മന്ത്രതന്ത്രക്രിയകള്‍ മാനവ നന്മയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടേയിരിക്കും. യോഗിക്ക് മുഹമ്മദ്ക്ക സ്വന്തം കൂടപ്പിറപ്പിനെപ്പോലെയായിരുന്നു. എല്ലാ മാസവും ഒരു ചെറുതുക മുഹമ്മദ്ക്കാനെ ഏല്‍പ്പിക്കും. അത് അങ്ങാടിയിലെ പോസ്റ്റ് ഓഫീസില്‍നിന്നു മണിഓര്‍ഡറായി തന്റെ പെരയിലേക്ക് അയച്ചുകൊടുക്കും. അങ്ങാടിയില്‍നിന്നു കുറച്ച് കഞ്ചാവ് വാങ്ങി സൂക്ഷിക്കും. രാത്രി ഒന്നോ രണ്ടോ ബീഡി വലിക്കും. കഞ്ചാവിന്റെ ഉന്മാദാവസ്ഥയില്‍ തന്റെ ദേശവും കുടുംബവും വീട്ടുകാരും കുഞ്ഞുപൈതങ്ങളും മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ തോന്നും. ചിലപ്പോള്‍ മുഹമ്മദ്ക്ക തന്റെ സൂഫിഗുരുവിനെക്കുറിച്ച് ആലോചിക്കും. അപ്പോഴൊക്കെ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാകും. 

വസന്തത്തിലെ രാത്രികളില്‍ കുടക് മൂടല്‍മഞ്ഞ് പുതപ്പായി അണിയും. അപ്പോള്‍ പുറത്തിറങ്ങി നടക്കുക അസഹ്യമാവും. ഒന്‍പത് മണിയായാല്‍ അങ്ങാടിയില്‍ അവശേഷിക്കുക നാട്ടുവേശ്യമാരും മദ്യലഹരി പിടിച്ച കുടകാരും മാത്രമായിരിക്കും. അങ്ങനെയുള്ള തണുപ്പുള്ള ഒരു രാത്രി മുഹമ്മദ്ക്ക തന്റെ മുറിക്കു പുറത്തിറങ്ങി വെറുതെ നടക്കുകയായിരുന്നു. അര്‍ദ്ധരാത്രിയായിട്ടും തന്റെ ഗുരുവിന്റെ മുറിയില്‍ വെളിച്ചം കണ്ട മുഹമ്മദ്ക്കാക്ക് ആ മുറിയുടെ അകം കാണണമെന്ന് മോഹമുണ്ടായി. മുഹമ്മദ്ക്ക ചായ്പില്‍ വെച്ച ഏണി എടുത്ത് മെല്ലെ മുറിയുടെ ജനലുകള്‍ക്ക് അഭിമുഖമായി വെച്ചു. ശബ്ദമേറെയില്ലാതെ തന്റെ ഗുരുവിന്റെ മുറിയില്‍ കണ്ണോടിച്ചു. മുഹമ്മദ്ക്കാക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. തന്റെ സൂഫിഗുരു ആലപിക്കാറുള്ള അതേ സൂഫിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് യോഗി സര്‍വ്വാനന്ദ നൃത്തമാടുന്നു. ഇടക്കിടെ തന്റെ സൂഫിഗുരു വലിക്കാറുള്ളത് പോലുള്ള സരസ് ആഞ്ഞുവലിക്കുന്നുണ്ട്. ഉന്മാദത്തിന്റെ പരമാനന്ദത്തില്‍ യോഗി ഗുരുവിന്റെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ ഇറ്റുവീഴാന്‍ തുടങ്ങി. പിന്നെ തന്റെ സൂഫിഗുരു അനുഷ്ഠിക്കാറുള്ളതുപോലെ കുറേ നേരം മൗനിയായി കാണപ്പെട്ടു. മുഹമ്മദ്ക്ക വേഗം ഏണിപ്പടി ഇറങ്ങി. കോണി ഒരു ഓരത്ത് ചാര്‍ത്തിവെച്ചു തന്റെ മുറിയിലേക്ക് പോയി. മുഹമ്മദ്ക്കാക്ക് ഇത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് മനസ്സിലായില്ല. ശിരസ്സ് മുതല്‍ കാല്‍പ്പാദം വരെ എന്തോ ഒന്ന് തരിച്ചുകയറുന്നതുപോലെ തോന്നി. 

മുഹമ്മദ്ക്ക ഒരു കഞ്ചാവ് ബീഡി എടുത്ത് ആഞ്ഞുവലിച്ചു. കഞ്ചാവിന്റെ ലഹരിയില്‍ തന്റെ സൂഫിഗുരു എങ്ങോ നിന്നു പൊട്ടിച്ചിരിക്കുന്നതായി മുഹമ്മദ്ക്കാക്ക് തോന്നി. 

രാവിലെ തന്നെ മുഹമ്മദ്ക്ക എഴുന്നേറ്റ് നേരെ തന്റെ യോഗിഗുരുവിന്റെ കാര്യസ്ഥന്റെ വീട്ടിലേക്കാണ് പോയത്! രാവിലെ തന്നെ മുഹമ്മദ്ക്കാനെ കണ്ട കാര്യസ്ഥന്‍ ആകെ പരിഭ്രമിച്ചുപോയി. കന്നഡ കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം മുഹമ്മദ്ക്കാനോടു ചോദിച്ചു: എന്നു ഇച്ചാ ബെളിക്ക് ബനതാത്തു? നിമക്ക് ദുഡ് എന്നോ ബോക്കാ? മുഹമ്മദ്ക്ക ഒന്നും മിണ്ടിയില്ല. കാര്യസ്ഥന്‍ നല്ല കടുപ്പമുള്ള ഒരു ചായ കൊണ്ടുകൊടുത്തു. മുഹമ്മദ്ക്ക ചായ ആറ്റിക്കുടിച്ചുകൊണ്ട് ചോദിച്ചു: ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം മാത്രമേ പറയാവൂ. മുഹമ്മദ്ക്ക കഴിഞ്ഞ എട്ടുവര്‍ഷമായി കുടകില്‍ കൂടീട്ട്. ഇന്നേവരെ വഴിവിട്ട ഒരു പണിക്കും നിന്നിട്ടില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നേരെ വന്നു ചോദിക്കും. എന്താ ഇച്ചാ നിങ്ങക്ക് വേണ്ടത്? ഇവിടത്തെ യോഗിക്ക് ഏതെങ്കിലും മദോരി സൂഫിയുമായി വല്ല ബന്ധവും ഉള്ളതായി നിങ്ങള്‍ക്ക് അറിയാമോ? കാര്യസ്ഥന്‍ മുഹമ്മദ്ക്കാന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു: ഞാന്‍ ഇവിടെ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. നിരവധി യോഗികളും സൂഫികളും ഇവിടെ വന്നുപോകുന്നു. നിങ്ങള്‍ വന്നിട്ട് എട്ടു വര്‍ഷമായി. എത്ര ആള്‍ക്കാര്‍ ദിനവും വരുകയും പോകുകയും ചെയ്യുന്നു. എന്താ അങ്ങനെ ചോദിക്കാന്‍ കാരണം? മുഹമ്മദ്ക്ക താന്‍ രാത്രി കോണിവെച്ചുകയറി കണ്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്ക് രാത്രി നല്ല കഞ്ചാവിന്റെ ലഹരിയില്‍ തോന്നിയതായിരിക്കും. അല്ലാ ഞാന്‍ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടതാ. അവസാനം കാര്യസ്ഥന്‍ പറഞ്ഞു: യോഗിക്ക് ഒരു സൂഫിയുമായി ആത്മബന്ധമുണ്ട്. ഇത് അധികമാര്‍ക്കും അറിഞ്ഞുകൂട. ചില ദിനം അദ്ദേഹം ഇവിടെ വരും. രണ്ടുമൂന്നു ദിവസം താമസിക്കും. പിന്നെ ഏതോ ദേശത്തേക്ക് പൂമ്പാറ്റകളെപ്പോലെ പറന്നകലും. ഇന്നേവരെ ഞാന്‍ നാടും വീടും ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ നല്ല നിലാവ് പോലെ പുഞ്ചിരിക്കും. മുഹമ്മദ്ക്ക നേരെ തന്റെ മുറിയിലേക്ക് തിരിച്ചുപോയി. മനസ്സ് വല്ലാതെ കനം വെക്കുന്നതുപോലെ തോന്നി. ശാന്തമായ മനസ്സ് നിറയെ കടല്‍ത്തിരകള്‍ അടിച്ചുവരുന്നതുപോലെ മുഹമ്മദ്ക്കാക്ക് തോന്നി. 
അന്ന് തന്റെ സമീപത്തെത്തിയ മുഹമ്മദ്ക്കാന്റെ മനസ്സില്‍ എന്തോ ചില വേദനകള്‍ കനം വെക്കുന്നതായി യോഗിഗുരുവിനു തോന്നി. മുഹമ്മദ്ക്കാക്ക് ഒരു ജോലിയിലും ശ്രദ്ധ കിട്ടിയില്ല. അദ്ദേഹം തന്റെ ഗുരുവിനോട് പറഞ്ഞു: മനസ്സിന് നല്ല സുഖം കിട്ടുന്നില്ല, എന്തോ ഒരു അസ്വസ്ഥത. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: രാത്രി വേണ്ടാത്ത കാഴ്ചകള്‍ കണ്ടതുകൊണ്ടാ മുഹമ്മദേ. പോയി നല്ലവണ്ണം ഉറങ്ങിക്കോ. നീ കാര്യസ്ഥനോട് ഇങ്ങോട്ടേക്ക് വരാന്‍ പറയൂ:

മുഹമ്മദ്ക്ക മുറിയില്‍ പോയി എന്തോ ആലോചിച്ചു കുറേ നേരം ഇരുന്നു. പിന്നെ ശാന്തനായി ഉറങ്ങി. രാത്രി നല്ല തണുപ്പായിരുന്നു. തണുപ്പ് ശരീരമാകെ കൂച്ചിപ്പിടിക്കുന്നതായി തോന്നി. മുഹമ്മദ്ക്കാ ഒന്നുരണ്ടു കഞ്ചാവു ബീഡികള്‍ വലിച്ചു. ഒന്നു നടക്കണമെന്നു തോന്നി ഇറങ്ങി. കാപ്പിത്തോട്ടത്തിലൂടെ കുറേ നേരം നടന്നു. പിന്നെയും ഒരു കഞ്ചാവു ബീഡി ആഞ്ഞുവലിച്ചു. തന്റെ ദേശം കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നതുപോലെ മുഹമ്മദ്ക്കാക്ക് തോന്നി. പിന്നെ തന്റെ പൈതങ്ങള്‍ കുറേ വളര്‍ന്നു വലിയ കുട്ടികളായതായും തന്റെ ഉമ്മയും ബിഡറും മുഖംപൊത്തി കരയുന്നതായും മുഹമ്മദ്ക്കാക്ക് അനുഭവപ്പെട്ടു. തിരിച്ചു മുറിയില്‍ എത്തിയ മുഹമ്മദ്ക്ക അന്ന് രാത്രി ഒന്നും കഴിച്ചില്ല. രാത്രിയുടെ അന്ത്യയാമത്തിലുറക്കത്തില്‍ തന്റെ സൂഫിഗുരു സമീപത്ത് വന്ന് ഇരുന്ന് മുഹമ്മദ്ക്കയോട് ഈ ദുനിയാവില്‍ അല്ലലില്ലാതെ ജീവിക്കേണ്ട സിദ്ധിയെല്ലാം നീ സ്വായത്തമാക്കിയെന്നും നാളെ രാവിലെ സ്വദേശത്തേക്ക് മടങ്ങാമെന്നും അവിടെ പൈതങ്ങള്‍ക്ക് ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക് മുട്ടുണ്ടാകില്ലെന്നും പറഞ്ഞു. പിന്നെ ചില ഉപദേശങ്ങളും. ധനത്തിനോടും പണത്തിനോടുമുള്ള ആഗ്രഹം വേണ്ട. നിനക്ക് ലഭിച്ച സിദ്ധികളെ നീ വേണ്ടാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. മുഹമ്മദ്ക്കാന്റെ നെറ്റിയില്‍ ചുംബിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് സൂഫി ഇരുളില്‍ മറഞ്ഞുപോയി. മുഹമ്മദ്ക്കാ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. ചുറ്റുപാടും തന്റെ ഗുരുവിനെ അന്വേഷിച്ചു. എങ്ങും നല്ല ഇരുട്ടുമാത്രം. അങ്ങ് ദൂരെനിന്നും തന്റെ ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു: ദുനിയാവ് ഒരു കരിവിളക്കാ. ഖല്‍ബാണ് നിലവിളക്ക്... മുഹമ്മദ്ക്കാ തന്റെ കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു... സത്യവും മിഥ്യയും തിരിച്ചറിയാതെ. രാത്രി എങ്ങനെയൊക്കെയോ അദ്ദേഹം തള്ളിനീക്കി. എട്ടുവര്‍ഷം നീന്തിത്തുടിച്ചത് ഒരു മഹാസാഗരത്തിലായിരുന്നു. തന്റെ ജീവിതത്തില്‍ എന്തെല്ലാമോ സംഭവിച്ചു. ഒരിക്കലും പരിചയമില്ലാത്ത ദേശത്ത് നീണ്ട എട്ടുവര്‍ഷം വസിച്ചു. ഒരിക്കലും തന്റെ യോഗിഗുരു ചൊടിച്ചൊരു അക്ഷരം പോലും പറഞ്ഞില്ല! മഹാമാനുഷിയായ ഗുരു. രാവിലെ നേരെ തന്റെ യോഗിഗുരുവിനെ കാണാന്‍ മുഹമ്മദ്ക്ക പോയി. ഞാന്‍ നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. യോഗി ശാന്തനായി ചോദിച്ചു: സ്വപ്നം വല്ലതും കണ്ടുവോ? മുഹമ്മദ്ക്ക പറഞ്ഞു: എന്റെ ഗുരുവിനെ ഞാന്‍ ഇന്നലെ കണ്ടു. നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞു: ദുനിയാവില്‍ അല്ലലില്ലാതെ കഴിയാനുള്ള വിദ്യ ഞാന്‍ സ്വായത്തമാക്കിയെന്നും മൊഴിഞ്ഞു. യോഗി കുറേ നേരം മൗനിയായി. പിന്നെ ശാന്തമായി തന്റെ ശിഷ്യന്റെ തലയില്‍ കൈവച്ചുകൊണ്ട് പറഞ്ഞു: നീ പഠിച്ച സിദ്ധിയും വിദ്യയും നിന്നിലൂടെ അവസാനിക്കണം. ഇത് പരമ്പരയായി ആര്‍ക്കും പകര്‍ന്നുകൊടുക്കരുത്. സ്വന്തം മക്കള്‍ക്കോ ശിഷ്യന്മാര്‍ക്കോ. നീ മരിച്ചു മണ്ണായാല്‍ നിന്റെ സിദ്ധികളും മണ്ണോട് ലയിക്കും. മുഹമ്മദ്ക്ക തന്റെ ഗുരുവിന്റെ കാലില്‍തൊട്ട് നമസ്‌കരിച്ചു യാത്രാമൊഴി ചൊല്ലി. ഗുരു അമൂല്യമായ ഒരു താളിയോലഗ്രന്ഥവും ഒരു പണസഞ്ചിയും കൊടുത്തു. ഇത് നിന്റെ യാത്ര ചെലവിനുള്ളതാണെന്നു ഓര്‍മ്മിപ്പിച്ചു. പിന്നെ മാനവന്റെ നന്മയ്ക്ക് മാത്രമേ സ്വായത്തമാക്കിയ ക്രിയകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഉപദേശിച്ചു. ഇനി ഒരിക്കലും കുടകിലേക്ക് വരാന്‍പാടില്ലെന്നും പറഞ്ഞു. നീണ്ട എട്ടുവര്‍ഷം ഒരു സഹോദരനെപ്പോലെ സംരക്ഷിച്ചുനിര്‍ത്തിയ ഗുരുവിനെ തിരിഞ്ഞുനോക്കിക്കൊണ്ട് മുഹമ്മദ്ക്ക കുടക് ദേശത്തിന്റെ അതിരുകള്‍ കടന്നു.

ഉപ്പ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. ഏഴിമലയിലെ കുന്തിരിക്ക ത്തിന്റെ കാറ്റിന് ഏറെ സൗരഭ്യമുള്ളതായി തോന്നി. അടുത്ത ആഴ്ച മുഹമ്മദ്ക്കാനെ കാണാന്‍ എല്ലാവര്‍ക്കും മോഹം വന്നു. ഇത്രയും വ്യത്യസ്തമായ ജീവിതാനുഭവമുള്ള ഒരാളെ മാടായി ദേശത്ത് ഞങ്ങള്‍ അധികം കണ്ടിട്ടില്ല. 

തന്റെ ദേശത്ത് തിരിച്ചെത്തിയ മുഹമ്മദ്ക്ക പെരയില്‍ ഇരുന്നുകൊണ്ട് മന്ത്രതാന്ത്രിക ക്രിയകളില്‍ ഏര്‍പ്പെട്ടു. തന്റെ ഗുരുനാഥന്‍ പഠിപ്പിച്ചുകൊടുത്ത വിദ്യകളൊന്നും ധനമോഹത്തിനായി വിനിയോഗിച്ചില്ല. പലപ്പോഴും ദൂരദേശത്ത് നിന്നുള്ള ചിലര്‍ മുഹമ്മദ്ക്കാനെ കാണാന്‍ വരും. അവര്‍ക്ക് വേണ്ടത് അരുതാത്ത ചില ക്രിയകളായിരുന്നു. മുഹമ്മദ്ക്ക അവരെ സ്‌നേഹപൂര്‍വ്വം എന്തെങ്കിലും ഉപായം പറഞ്ഞു തിരിച്ചയക്കും. തന്റെ പൈതങ്ങള്‍ക്ക് ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷിക്കാനുള്ള ഉപായമായി മാത്രമേ മുഹമ്മദ്ക്ക തന്റെ സിദ്ധികളെ ഉപയോഗിച്ചിരുന്നുള്ളൂ. തന്റെ ദേശത്തും അന്യദേശത്തും മുഹമ്മദ്ക്കാന്റെ മാന്ത്രിക സിദ്ധികളെക്കുറിച്ച് നാട്ടുകവലകളിലും ചായപ്പീടികയിലും ചര്‍ച്ചയായി. അതിരാവിലെ തന്നെ മാട്ടൂല്‍ കടവ് കടന്ന് ദൂരദിക്കിലുള്ളവര്‍ മുഹമ്മദ്ക്കാന്റെ പെര അന്വേഷിച്ചു വരും. അങ്ങനെ മാട്ടൂല്‍, മാടായി ദേശത്തെ മാപ്പിളമാര്‍ മുഹമ്മദ്ക്കാക്ക് ജിന്നിന്റെ സേവയെന്നും മറ്റു മതവിശ്വാസികള്‍ കുട്ടിച്ചാത്തന്‍ സേവയെന്നും പട്ടായം കൊടുത്തു.

ഞായറാഴ്ച രാവിലെ സൈനബയും അവളുടെ ഉപ്പായും എന്റെ പെരയിലേക്ക് വന്നു. ഞങ്ങള്‍ എല്ലാവരും മുഹമ്മദ്ക്കാന്റെ പെരയിലേക്ക് പോകാന്‍ തയ്യാറായി എന്റെ പെരയുടെ മുറ്റത്ത് നിന്നിട്ടുണ്ടായിരുന്നു. ഇബ്രാഹിന്ക്ക ഏറെ സന്തോഷത്തോടെയാ ചോദിച്ചത്: നിങ്ങള്‍ എല്ലാവരും ഇത്ര നേരത്തെ തയ്യാറായോ? പ്രേമനാ പറഞ്ഞത്, മുഹമ്മദ്ക്കാന്റെ ജിന്നിനെ കണ്ടിട്ട് ഞങ്ങള്‍ക്ക് കൊതി തീര്‍ന്നില്ലെന്ന്. ഞങ്ങള്‍ മാടായിയിലെ നിട്ടാന്തരമുള്ള ആയിരം കഥകള്‍ പറഞ്ഞുകൊണ്ട് തൈപ്പറമ്പുകള്‍ കടന്ന് തോട്ടിന്‍കരയിലൂടെ മുഹമ്മദ്ക്കാന്റെ വീടു ലക്ഷ്യമാക്കി നടന്നു. അന്ന് ഞങ്ങള്‍ മുഹമ്മദ്ക്കാന്റെ പെരയില്‍ എത്തിയപ്പോള്‍ ആളുകള്‍ നന്നേ കുറവായിരുന്നു. ഇബ്രാഹിന്ക്ക മുഹമ്മദ്ക്ക ഇരിക്കാറുള്ള മുറിയുടെ വാതില്‍ മുട്ടി. ആരാ, മുഹമ്മദ്ക്ക ശബ്ദം ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു. ഞങ്ങളോട് ഇന്ന് വരാന്‍ പറഞ്ഞിരുന്നു. എന്നാല്‍, കയറിവരൂ. ഇബ്രാഹിന്ക്ക മുന്നിലും ഞങ്ങള്‍ എല്ലാവരും പിറകിലുമായി ആ ഇരുട്ടുമുറിയുടെ അകത്ത് കയറി. മുറിനിറയെ എന്തോ പൂജ കഴിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ അവിടങ്ങളില്‍ കിടക്കുന്നുണ്ട്. അന്ന് മുഹമ്മദ്ക്ക ഏറെ ക്ഷീണിതനായാ തോന്നിയത്. ഞാനും പ്രേമനും കുറേ അടുത്ത് പോയി മുഖം സൂക്ഷിച്ചുനോക്കി. മുഹമ്മദ്ക്ക പിന്നെ വേഗം മുഖം പടിഞ്ഞാറുവശത്തേക്ക് തിരിച്ചുപിടിച്ചു ഒരു ബീഡി വലിക്കാന്‍ തുടങ്ങി. എന്തോ ഒരു ദുര്‍ഗന്ധം മുറിനിറയെ പരന്ന് ഒഴുകി. മുഹമ്മദ്ക്ക പിന്നെ ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്നു. പ്രേമനോട് മുഹമ്മദ്ക്കാന്റെ അടുത്ത് ഇരിക്കാന്‍ പറഞ്ഞു. അവര്‍ക്ക് അടുത്തായി സൈനബാനോടും. മുഹമ്മദ്ക്ക ഒരു വലിയ വെറ്റില എടുത്ത് അതിന്റെ പുറത്ത് എന്തോ ഒരു തരം മഷി പുരട്ടി. ഒരു കര്‍പ്പൂരവും കത്തിച്ചുവെച്ചു. സൈനബാനോട് ഏരിപുരത്തെ ധര്‍മ്മാശുപത്രിയില്‍ പോയതുമുതലുള്ള കാര്യങ്ങള്‍ പറയാന്‍ പറഞ്ഞു. പ്രേമനോട് വെറ്റിലയില്‍ സൂക്ഷിച്ചു നോക്കാനും. സൈനബ കഥ പറയാന്‍ തുടങ്ങി. പിന്നെ മുഹമ്മദ്ക്ക ശബ്ദം താഴ്ത്തി പ്രേമനോടു ചോദിക്കും, നീ വല്ലതും കാണുന്നുണ്ടോന്ന്. പ്രേമന്‍ ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. സൈനബ ചെമ്മണ്‍പാത കയറി ഞങ്ങള്‍ പന്തു കളിക്കാറുള്ള വയലിന്റെ വരമ്പിലൂടെ നടന്ന് പെരയിലേക്ക് കയറുന്നത് വരെയുള്ള വിവരങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. മുഹമ്മദ്ക്ക പ്രേമനോടു മാല നീ എവിടെയെങ്കിലും കാണുന്നുണ്ടോ, ആരെങ്കിലും എടുത്തുകൊണ്ടുപോകുന്നത് കാണുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. മുഹമ്മദ്ക്ക വീണ്ടും ചോദിച്ചു: നീ വെറ്റിലയില്‍ മാല കണ്ടിരുന്നുവോ? പ്രേമന്‍ അല്പം ഭയന്നുകൊണ്ടാ പറഞ്ഞത്: ഞാന്‍ ഒന്നും കണ്ടില്ല. മുഹമ്മദ്ക്ക ഇളം പുഞ്ചിരി തൂകിക്കൊണ്ടാ ചോദിച്ചത്. മോന് ചിക്കന്‍ബോക്‌സ് വന്നിട്ടില്ലാല്ലേ. പ്രേമന്‍ ഉറിച്ചു പറഞ്ഞു: ഇല്ല. മുഹമ്മദ്ക്ക എണീറ്റ് വീണ്ടും മുഖം പടിഞ്ഞാറോട്ടാക്കി ഇരുന്നു. എന്തോ മന്ത്രം ഉരുവിടാന്‍ തുടങ്ങി. പിന്നെ ഇബ്രാഹിന്ക്കാനോട് പറഞ്ഞു: നിങ്ങളെ മാല പെരയില്‍ തന്നെയുണ്ട്. തിരിച്ചുപോയി പെരയില്‍ മുഴുവനും പരതിനോക്കി. വെറുതെ പൈതങ്ങളെ നിങ്ങള്‍ സംശയിച്ചു. മന്ഷന്മാര്‍ ഇങ്ങനെയാ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ദുനിയാവില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട പൈതങ്ങളെ കള്ളരാക്കും. മുഹമ്മദ്ക്കാന്റെ മുഖത്ത് ഒരു തരത്തിലുള്ള അമര്‍ഷം കാണാന്‍ കഴിയും. ഇബ്രാഹിന്ക്ക ഒരു 50 രൂപയുടെ നോട്ടു കൊടുത്തു. മുഹമ്മദ്ക്ക 20 രൂപ എടുത്ത് ബാക്കി 30 രൂപ തിരിച്ചു കൊടുത്തു. ഇറങ്ങാംനേരം പാട്ടുകാരന്‍ സെഈദ് ദുനിയാവ് ഒരു കരിവിളക്കാ ഖല്‍ബാണ് നിലവിളക്ക് എന്ന് ഉറക്കെ ചൊല്ലി. ശരം വിട്ടപോലെ മുഹമ്മദ്ക്ക ഞങ്ങളെ സൂക്ഷിച്ചുനോക്കി. പിന്നെ ധൈര്യം സംഭരിച്ചു മുസ്തഫയാ ചോദിച്ചത്. മുഹമ്മദ്ക്ക കുടകില്‍ ഇപ്പോള്‍ പോകാറില്ലേ? മുഹമ്മദ്ക്ക ഞങ്ങളുടെ അടുത്ത് വന്ന് സൂക്ഷിച്ചുനോക്കി. മുഹമ്മദ്ക്കാനെ ഇത്ര അടുത്ത് നിന്ന് ഞങ്ങള്‍ ആദ്യമായാ കണ്ടത്. വല്ലാതെ വിരൂപമായ മുഖം നിറയെ ഒരുതരം താടിരോമങ്ങള്‍. പാറിപ്പറന്ന മുടികള്‍. മുഹമ്മദ്ക്ക മെല്ലെ പുഞ്ചിരി തൂകി. പിന്നെ ഖല്‍ബിലെ നിലവിളക്ക് കെട്ടല്ലോ! എന്ന് ചൊല്ലി. ഞങ്ങള്‍ എല്ലാവരും പിന്നെ ചേര്‍ന്നുകൊണ്ടു പാടി. 
ദുനിയാവ് നരകമാ 
നിന്റെ ചിന്തകളില്‍ ജാതിവരും 
വര്‍ണ്ണംവരും ഗോത്രം വരും 
നീ മാത്രമാണ് ഞങ്ങളുടെ പ്രിയതമ 
നിന്നെ മാത്രം ഞങ്ങള്‍ പ്രണയിക്കുന്നു സഖീ. 
നിന്റെ പ്രേമം എത്ര അനശ്വരമാ 
നിന്നെ കാണണം ഒരുനാള്‍ കണ്‍കുളിര്‍ക്കേ... 
ഇബ്രാഹിന്ക്കാനോടും സൈനബാനോടും മുറിക്ക് പുറത്തു പോകാന്‍ പറഞ്ഞു. ഞങ്ങളെ എല്ലാവരെയും മുഹമ്മദ്ക്ക തന്റെ കട്ടിലില്‍ ഇരുത്തി. വീണ്ടും ചോദിച്ചു. നിങ്ങള്‍ക്ക് ഈ മദോരി സൂഫി പാട്ടുകള്‍ ആരാണ് പഠിപ്പിച്ചു തന്നത്. ഇന്നേവരെ മാട്ടൂല്‍ ദേശത്തുള്ള ആരും ഈ പാട്ടുകള്‍ ഹൃദ്യസ്ഥമാക്കിയിട്ടില്ല. മുജീബാ പറഞ്ഞത് മാടായി ദേശത്തെ നിട്ടാന്തരമുള്ള എല്ലാ കിസകളും ഞങ്ങള്‍ക്ക് മനഃപാഠമാണെന്ന്. ഇറങ്ങാംനേരം തന്റെ വികൃതമായ പല്ലുകള്‍ പുറത്തുകാട്ടി മുഹമ്മദ്ക്ക പൊട്ടിച്ചിരിച്ചു. അത് നൂറ്റാണ്ടുകളോളം മാടായി ചെമ്മണ്‍പാതയിലൂടെ നടന്നുനീങ്ങിയ ആയിരം സിദ്ധാരേയും നൊസ്സരേയും ഓര്‍മ്മിപ്പിച്ചു.
തിരിച്ചുവരുമ്പോള്‍ ഇബ്രാഹിന്ക്കായാ പറഞ്ഞത്. എന്തോ ഒരു വിദ്യ മുഹമ്മദ്ക്കാക്ക് വശമുണ്ട്. എന്തായാലും മാല പെരയില്‍ത്തന്നെ ഉണ്ടല്ലോ. എന്റെ മുഹ്യുദ്ധിന്‍ ശൈഖേ, പെരയിലെത്തിയാല്‍ അത് കാണിച്ചുതരണേ. പിന്നെ ഇബ്രാഹിന്ക്ക പറഞ്ഞു: ഈ മുഹമ്മദ്ക്ക പള്ളിയില്‍ കയറില്ലാ. പള്ളിയില്‍ നമസ്‌കരിക്കാന്‍ കയറിയാല്‍. കുട്ടിച്ചാത്തന്‍ ഇയാളെ വിട്ടു പോകുമത്രേ. മാടായി മാട്ടൂല്‍ ദേശത്തെ മാപ്പിളമാര്‍ പറഞ്ഞുണ്ടാക്കിയ കഥയാ. ഞാന്‍ പറഞ്ഞു: ഇബ്രാഹിന്ക്കാ നിങ്ങള്‍ പറയുന്നതൊന്നുമല്ല സത്യം. മുഹമ്മദ്ക്കാ ജീവിച്ചത് മതമില്ലാത്ത മന്ഷന്മാരുടെ കൂട്ടത്തിലാ. അതുകൊണ്ട് തന്നെ മുഹമ്മദ്ക്കാ നിങ്ങളെ മൗലവിമാരുടെ സാമ്പ്രദായിക മതവിശ്വാസത്തിന് എതിരാണ്. ഞങ്ങള്‍ ഉച്ചയോടെ മണല്‍ത്തിട്ട കടന്ന് പെരയിലെത്തി. വൈകുന്നേരം പന്തുകളിക്കാന്‍ തുടങ്ങിയപ്പോഴാ ഇബ്രാഹിന്ക്ക വന്നു പറഞ്ഞത്. സൈനബാന്റെ മാല കിട്ടിയെന്ന്. അവളെ പുസ്തകത്തിന്റെ ഉള്ളില്‍ മയില്‍പ്പീലിക്കും കുന്നിക്കുരുവിനും പൊട്ടിയവളകള്‍ക്കും ഇടയിലായി മാല കിടക്കുന്നുണ്ടായിരുന്നുവെന്ന വാര്‍ത്ത ഞങ്ങളെ ദേശത്താകെ പറന്നു. മാപ്പിളസ്ത്രീകള്‍ അലക്കാനും പള്ളികളില്‍ സ്വലാത്തിനും ദിക്കിറിനും പോകുമ്പോഴും സംസാരിച്ചിരുന്നത് നിട്ടാന്തരമുള്ള മുഹമ്മദ്ക്കാന്റെ ജിന്നിനെക്കുറിച്ചായിരുന്നു. ചെമ്മണ്‍പാതയിലെ ഫീത്തിനക്കാരനായ കരീമിക്ക പറഞ്ഞത്. സൈനബാന്റെ മാല ഏരിപുരത്തെ ഒരു പീടികയില്‍ വീണുകിടന്നതാണെന്നും മുഹമ്മദ്ക്കാന്റെ കുട്ടിച്ചാത്തന്‍ അത് മഷിനോട്ടത്തില്‍ കണ്ടെത്തുകയും മാല നിമിഷനേരം കൊണ്ട് സൈനബാന്റെ പുസ്തകത്തിന്റെ ഇടയില്‍ കൊണ്ടുവെച്ചു മുഹമ്മദ്ക്കാന്റെ ശരീരത്തില്‍ ആവാഹിച്ചു കയറിയെന്നുമാണ്. സൈനബാന്റെ മാല തിരിച്ചുകിട്ടിയ വാര്‍ത്ത അറിഞ്ഞ് ഞങ്ങളെ പെരയിലെ എല്ലാവര്‍ക്കും സന്തോഷമായി. 
മുഹമ്മദ്ക്കാനെ കുറിച്ചായിരുന്നു പിന്നീട് പലപ്പോഴും തോട്ടിന്‍കരയിലിരുന്നുകൊണ്ടുള്ള ഞങ്ങളുടെ സംസാരം. മുഹമ്മദ്ക്കാനെ ഞങ്ങള്‍ കണ്ടു രണ്ടാഴ്ച കഴിഞ്ഞപ്പോഴാ മാടായി മാട്ടൂല്‍ ദേശത്തെ ആകെ ഇളക്കിമറിച്ച ശരീഫ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ കൊല നടന്നത്. ആരോ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്തൊക്കെയോ ചെയ്തു പുഴയില്‍ മുക്കിക്കൊന്നതാണെന്ന വാര്‍ത്ത് നാടു മുഴുവനും പ്രചരിച്ചു. അന്ന് പഴങ്ങാടിയിലെ പൊലീസുകാര്‍ ചെമ്മണ്‍പാതയിലൂടെ കാളവണ്ടികളില്‍ പോകുന്നത് ഞങ്ങള്‍ വയലുകളില്‍ ഇരുന്നു ഭയത്തോടെ നോക്കാറുണ്ടായിരുന്നു. മാട്ടൂല്‍ ദേശത്തെ തണ്ടും തടിയുമുള്ള മുഴുവനും യുവാക്കളേയും പൊലീസുകാര്‍ രാത്രി വീടുകളില്‍ കയറി പിടിച്ചുകൊണ്ടുപോകും. അതിക്രൂരമായി മര്‍ദ്ദിക്കും. ശരീഫായെ തട്ടിക്കൊണ്ടുപോയി എന്തൊക്കെയോ ചെയ്ത് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് പറയിപ്പിക്കാന്‍ നോക്കും. ഗോപാലേട്ടന്റെ ചായപ്പീടികയിലെ ചര്‍ച്ചകള്‍ ശരീഫാന്റെ കൊലയാളിയെക്കുറിച്ചായിരുന്നു. മാടായി ചെമ്മണ്‍പാതയിലെ ഫീത്തിനക്കാരനായ കരീമിക്ക ഒരു കള്ളവാര്‍ത്ത നാടുനീളെ പ്രചരിപ്പിച്ചു. ശരീഫാക്ക് മാട്ടൂലില്‍ കടല്‍പ്പണിക്ക് വന്ന ഒരു തിരുവിതാംകൂര്‍ സ്വദേശിയായ ചേട്ടനുമായി പ്രണയമുണ്ടായിരുന്നുവെന്നാണ്. അവര്‍ മെയ്യും മെയ്യും ചേര്‍ന്നിരിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ ശരീഫ ഗര്‍ഭിണിയായെന്നും അങ്കലാപ്പിലായ ചേട്ടന്‍ ഒരു ദിവസം മോന്തിക്ക് അവളെ പുഴയിലേക്ക് തള്ളിയിട്ടുപോലും. വളപട്ടണം പുഴയുടെ അഴിമുഖവുമായി സംഗമിക്കുന്ന പുഴക്ക് വലിയ ചുഴിയും കുത്തൊഴുക്കും പതിവാണ്. നാഴികനേരംകൊണ്ട് ശരീഫ അങ്ങു പുഴയുടെ കയങ്ങളിലേക്ക് മുങ്ങിത്താണുപോയത്രെ. ഇപ്രകാരം ശരീഫാന്റെ വധവുമായി നൂറായിരം കഥകള്‍ മാടായി ദേശത്ത് ദിനവും പ്രചരിച്ചു. പക്ഷേ, പഴങ്ങാടി പൊലീസുകാര്‍ എത്ര പരിശ്രമിച്ചിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനപോലും ലഭിച്ചില്ല. നാളുകള്‍ കഴിയുന്തോറും ശരീഫയുടെ കൊല ദേശവാസികള്‍ മറക്കാന്‍ തുടങ്ങി. അപ്പോഴാണ് മാട്ടൂല്‍ ദേശത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ ''ശരീഫ വധത്തിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു'' നാടുമുഴുവനും പ്രചരണം നടത്തിയത്. ഇത് പൊലീസുകാര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com