കിം ജോങ്ങ് ഉന്‍ വാസ്തവത്തില്‍ ഒരു സ്വേച്ഛാധിപതി തന്നെയാണോ?- ഉത്തരകൊറിയ നിഗൂഢഭൂമിയുടെ അനാവരണം

പാശ്ചാത്യ മാധ്യമഭാഷയില്‍ അതീവ നിഗൂഢമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തരകൊറിയയെ തൊട്ടറിയാനായി അതിസാഹസികമായി നടത്തിയ യാത്ര സമ്മാനിച്ച സ്നിഗ്ധാനുഭവങ്ങള്‍ ഏറെയുണ്ട്
പ്യോങ്യാങിലെ മാൻസുഡേ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന കിം ഇൽ സുങിന്റേയും കിം ജോങ് ഇല്ലിന്റേയും പ്രതിമകൾ
പ്യോങ്യാങിലെ മാൻസുഡേ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന കിം ഇൽ സുങിന്റേയും കിം ജോങ് ഇല്ലിന്റേയും പ്രതിമകൾ

സ്വപ്നത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള സഞ്ചാരദൂരം എത്രയാവും? അതത്രയും നീന്തിക്കടന്നാണ് ആ ഭാവനാതീത തീരത്ത് എത്തിച്ചേര്‍ന്നത്. ലോകരാജ്യങ്ങള്‍ക്ക് ഇനിയും പിടികിട്ടാത്ത പ്രഹേളികകള്‍ക്ക് ഉത്തരം അന്വേഷിച്ചാണ് ആ യാത്ര ആരംഭിച്ചത്. പാശ്ചാത്യ മാധ്യമഭാഷയില്‍ അതീവ നിഗൂഢമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തരകൊറിയയെ തൊട്ടറിയാനായി അതിസാഹസികമായി നടത്തിയ യാത്ര സമ്മാനിച്ച സ്നിഗ്ധാനുഭവങ്ങള്‍ ഏറെയുണ്ട്. നിശ്ചയമായും അതൊരു വലിയ സമസ്യയുടെ പൂരിപ്പിക്കലാവും. 2018 ഏപ്രിലില്‍ ഉത്തരകൊറിയയിലെ എന്‍.ജി.ഒ സംഘമായ ആഫ്രോ-ഏഷ്യന്‍ സോളിഡാരിറ്റി കമ്മിറ്റി നല്‍കിയ ക്ഷണം കൈപ്പറ്റിയതോടെ ഞാനും ഡോ. ജ്യോതിരാജും ആ യാത്രയ്ക്കായി തയ്യാറെടുത്തു. 

എഴുത്തുകാരോ ചരിത്രകാരന്മാരോ പ്രചോദനാത്മകമായി പ്രസിദ്ധമായ എന്തെങ്കിലും വാങ്മയങ്ങള്‍ ഉത്തരകൊറിയയെക്കുറിച്ച് ഇന്നേവരെ നല്‍കിയിട്ടില്ല. ഭൂമിയുടെ ഏതോ വിദൂരസ്ഥമായ ഒരു കോണില്‍ മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ കഴിയുന്ന രാജ്യമെന്ന അപൂര്‍ണ്ണ ചിത്രമായിരുന്നു മനസ്സില്‍. മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ ഉത്തരകൊറിയയുടെ ഒരു രൂപം ആകാംക്ഷാഭരിതമായി മനസ്സിലുണ്ടായിരുന്നു. ലോകത്തെ മറ്റേതെങ്കിലും ഒരു രാജ്യം സന്ദര്‍ശിക്കുന്നതുപോലെയാകില്ല ഉത്തരകൊറിയയിലെ പര്യടനമെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം മുന്‍കരുതലുകളും തയ്യാറെടുപ്പുകളും വേണ്ടിവന്നു. 

ചൈനയില്‍ പോയതിനുശേഷമാണ് പ്യോങ്ങിയാങ്ങിലേയ്ക്ക് പോകേണ്ടത്. ഫ്‌ലൈറ്റില്‍ പോകാം. ഇന്ത്യയില്‍നിന്നോ യൂറോപ്പില്‍നിന്നോ നേരിട്ട് ഫ്‌ലൈറ്റ് ഇല്ല. ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് നേരിട്ട് ബുക്ക് ചെയ്യാവുന്ന ലിങ്കുകള്‍ കണ്ടെത്താനായില്ല. പക്ഷേ, ചൈനയില്‍നിന്ന് പ്യോങ്ങിയാങ്ങ് നഗരത്തിലേയ്ക്ക് ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ പുറപ്പെടുന്ന ഒരു ട്രെയിനുണ്ട്. നമ്പര്‍ കെ. 27. ഞങ്ങള്‍ ആ ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. വിദേശികളെ സൂക്ഷ്മദര്‍ശിനിയിലൂടെ നിരന്തരം വീക്ഷിക്കുന്ന രാജ്യമാണ് ഉത്തരകൊറിയയെന്നും അവരുടെ നിയമങ്ങള്‍ക്ക് ലോകരാജ്യങ്ങളിലെ മറ്റ് നിയമവ്യവസ്ഥകളുമായി സാദൃശ്യമില്ലെന്നും മറ്റാര്‍ക്കും അവയില്‍ ഇടപെടാന്‍ കഴിയില്ലെന്നും സൂക്ഷിക്കണമെന്നും ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. 

കിം ജോങ്ങ് ഉന്‍ വാസ്തവത്തില്‍ ഒരു സ്വേച്ഛാധിപതി തന്നെയാണോ? ആഗോളീകരണത്തിന്റെ ഈ കാലത്ത് ഒരു രാജ്യത്തിനു മാത്രമായി ഇപ്പറഞ്ഞതുപോലെ പ്രത്യേക തുരുത്തായി നിലനില്‍ക്കാനാവുമോ? മുംബൈയില്‍നിന്ന് സിംഗപ്പൂര്‍ വഴിയാണ് ഞങ്ങളുടെ ബീജിംഗ് ഫ്‌ലൈറ്റ്. അതിനായി എയര്‍പോര്‍ട്ടില്‍ രാത്രിതന്നെ എത്തി. പിറ്റേ ദിവസം, ബീജിംഗില്‍നിന്നും പ്യോങ്ങിയാങ്ങിലേയ്ക്കുള്ള  ട്രെയിനും. 

വലിയ നഗരമാണ് ബീജിംഗ്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നു. വൈവിധ്യങ്ങള്‍ ഓരോ അണുവിലും വെട്ടിത്തിളങ്ങുന്നു. മനുഷ്യരുടെ രൂപവും മണവും ഭാഷയും വ്യത്യസ്തം. ചില തെരുവുകള്‍ ഇന്ത്യന്‍ പട്ടണങ്ങളെ അനുസ്മരിപ്പിക്കുന്നു. പ്രത്യേകിച്ച് അടുക്കുംചിട്ടയുമൊന്നും തെരുവില്‍ കാണാനില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുകൊണ്ടും അടുത്തടുത്ത് കെട്ടിടങ്ങള്‍ ഞെങ്ങിഞെരുങ്ങി നില്‍ക്കുന്നു. സോഷ്യലിസത്തിന്റെ എന്തെങ്കിലും അടയാളങ്ങള്‍ എവിടെയും കാണാനായില്ല. ചൈനയല്ല, ഉത്തരകൊറിയയാണല്ലോ കാണേണ്ടത്. ചൈനക്കാരുടെ ന്യൂഡില്‍സ് കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയിരിക്കുമ്പോഴും ഉത്തരകൊറിയയിലെ ഭക്ഷണമെന്തായിരിക്കുമെന്ന ചിന്തയാണ് മനസ്സില്‍ നിറയെ. 

വിമാനത്താവളം പോലെ തോന്നിക്കുന്ന ബീജിംഗ് റെയില്‍വേ സ്റ്റേഷന്‍. നൂറുകണക്കിന് ട്രെയിനുകള്‍ക്കു പുറപ്പെടാനുള്ള പ്ലാറ്റ്ഫോമുകള്‍ ഉള്ളതിനാല്‍ എലിവേറ്റര്‍ വഴി കയറിച്ചെന്നാലേ ടെര്‍മിനലുകളില്‍ എത്താനാകൂ. ട്രെയിന്‍ പുറപ്പെടാന്‍ സമയത്തു മാത്രമേ പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിക്കാനാവൂ. അതുവരെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വിശ്രമിക്കണം. എല്ലാ അറിയിപ്പുകളും ചൈനീസിലാണ്. ട്രെയിന്‍ നമ്പര്‍ മാത്രമേ ഇംഗ്ലീഷില്‍ തെളിയുന്നുള്ളൂ. ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യമായ സഹായം എപ്പോഴും ലഭ്യമാണ്. കെ. 27 ഒരു റഷ്യന്‍ നിര്‍മ്മിത ട്രെയിന്‍ ആയിരുന്നു. കാഴ്ചയില്‍ത്തന്നെ അതിനൊരു റഷ്യന്‍ പ്രൗഢിയുണ്ട്. അതിന്റെ ആദ്യഭാഗം ചൈനീസ് അതിര്‍ത്തി സ്റ്റേഷനായ ഡാണ്‍ഡോങ്ങ് വരെയുണ്ടാകൂ. അതുകഴിഞ്ഞാല്‍ ആറ് ബോഗികള്‍ മാത്രം അടങ്ങിയ ട്രെയിന്‍ നോര്‍ത്ത് കൊറിയയിലേയ്ക്ക് പോകും. ആ ബോഗികളുടെ നിയന്ത്രണം വടക്കന്‍ കൊറിയയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ടായിരിക്കണം, ആ കൂപ്പെകള്‍ പ്രത്യേക സജ്ജീകരണങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. റെസ്റ്റോറന്റുകളും ബാറുമൊക്കെ ട്രെയിനിനകത്ത് ഉണ്ടായിരുന്നു. ആദ്യത്തെ 12 മണിക്കൂര്‍ ചൈനയുടെ നഗരങ്ങളും ഗ്രാമങ്ങളും തന്നെയായിരുന്നു കടന്നുപോയത്. 

ട്രെയിന്‍ അതിര്‍ത്തി പട്ടണമായ ഡാണ്‍ഡോങ്ങ് സ്റ്റേഷനില്‍ പിറ്റേന്നു രാവിലെ എത്തി. അവിടെയാണ് ചൈനയുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ്. ചൈനീസ് ബോഗികള്‍ ഉപേക്ഷിച്ച ശേഷം ഉത്തരകൊറിയയിലേയ്ക്ക് പോകേണ്ടുന്ന ബോഗികളുമായി യാത്ര തുടര്‍ന്നു. പത്തുമിനിട്ടുകൊണ്ട് ട്രെയിന്‍ ഉത്തരകൊറിയയിലെ ആദ്യ സ്റ്റേഷനിലേയ്ക്ക് കടന്നു. സിനൂജി സ്റ്റേഷന്‍, കിം ഉല്‍ സൂങ്ങിന്റേയും ഇപ്പോഴത്തെ പ്രസിഡന്റ് കിം ജോങ്ങ് ഉന്നിന്റേയും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡുകള്‍ ധരിച്ച ഉദ്യോഗസ്ഥര്‍ വന്നു. വിനയപൂര്‍വ്വം പാസ്പോര്‍ട്ടും മറ്റ് രേഖകളും പരിശോധിച്ചു. ഏകദേശം അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു പരിശോധനകള്‍. ജി.പി.എസ്, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ കയ്യിലുണ്ടോയെന്ന് പ്രത്യേകം നോക്കി രേഖപ്പെടുത്തി. സുരക്ഷാ പരിശോധനകള്‍ കര്‍ശനമായിരുന്നു. മിലിട്ടറി യൂണിഫോമിലാണ് ഉദ്യോഗസ്ഥര്‍. അതിലൊരു ചോദ്യം രസകരമായി തോന്നി. കൈവശം ബൈബിള്‍ ഉണ്ടോ എന്നതായിരുന്നു ആ ചോദ്യം.  

യാലു നദിയാണ് ചൈനയേയും ഉത്തരകൊറിയയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി. അമേരിക്കന്‍ ബോംബാക്രമണത്തില്‍, 1950-ല്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയതാണ് യാലുനദി. എന്നാല്‍, ഇപ്പോള്‍ ആ തകര്‍ച്ചയുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ കാണാനില്ല. സുന്ദരമായി ഒഴുകുന്നു. നദികടന്നതോടെ ചോളപ്പാടങ്ങള്‍ കണ്ടുതുടങ്ങി. പീതാംബരഭരിതമായ ചോളപ്പൂക്കളും പച്ചയും മഞ്ഞയും ഇടകലര്‍ന്ന കൃഷിഭൂമിയും സ്വമേധയാ അച്ചടക്കം വരിച്ചതുപോലെ നിരനിരയായി നില്‍ക്കുന്നു. അസുന്ദരമായ ചെരിവുകളും കുന്നുകളും താഴ്വരകളും സമതല കൃഷിയിടങ്ങളും കൃത്യതയോടെയും സൂക്ഷ്മചാരുതയോടെയും വെട്ടിയൊതുക്കിയിട്ടുണ്ട്. അപ്പോഴും അവികസിതമാണല്ലോ ഉത്തരകൊറിയന്‍ ഗ്രാമങ്ങളിലെ കാര്‍ഷിക വിദ്യകളെന്ന് തോന്നാതിരുന്നില്ല. 

ട്രെയിന്‍ അതിവേഗതയില്‍ മുന്നോട്ടുകുതിച്ചു. സൈക്കിളുകളില്‍ യാത്ര ചെയ്യുന്നവരാണ് ഭൂരിപക്ഷം ആളുകളും. വിദ്യാര്‍ത്ഥികളും തൊഴിലാളികളും കൃഷിക്കാരും സൈക്കിള്‍ സവാരിക്കാര്‍ തന്നെ. ഫാം തൊഴിലാളികള്‍, അവരുടെ ചെറിയ വീടുകളും ഫ്‌ലാറ്റുകളും - അത്ര ഭംഗിയില്ലാത്ത കെട്ടിടങ്ങള്‍. എന്നാല്‍, അവയ്ക്ക് അടുക്കും ചിട്ടയും വൃത്തിയുമുണ്ട്. വീടുകള്‍ക്കു മുന്‍വശം കൃഷിക്കളങ്ങളാണ്. പാടങ്ങളും ഇടറോഡുകളും. അതിനപ്പുറം സമതലഭൂമികള്‍. എല്ലാം വെട്ടിയൊരുക്കി സുന്ദരമാക്കിയിട്ടുണ്ട്. വിളവെടുപ്പ് കാലം കഴിഞ്ഞതുകൊണ്ടാവണം നിലങ്ങള്‍ കുറെ സ്ഥലങ്ങളില്‍ തരിശ്ശായിരുന്നു. അത്ര മികച്ച അടിസ്ഥാന വികസനം സാധ്യമാക്കാന്‍ ഗ്രാമീണ കൊറിയയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം അപ്പോഴും ബാക്കിയായിരുന്നു. വൈകുന്നേരം ട്രെയിന്‍ പ്യോങ്ങിയാങ്ങില്‍ എത്തിച്ചേര്‍ന്നു. സ്വീകരിക്കാന്‍ കൊറിയന്‍ കമ്മിറ്റി ഫോര്‍ ആഫ്രോ-ഏഷ്യന്‍ സോളിഡാരിറ്റിയുടെ സെക്രട്ടറിയും സുഹൃത്ത് കിമ്മും കാത്തുനില്‍പ്പുണ്ടായിരുന്നു. ഏറ്റവും മുന്തിയ ഹോട്ടലില്‍ അവര്‍ ഞങ്ങളെ കൊണ്ടെത്തിച്ചു. ലോകത്തെ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരമാണ് പ്യോങ്ങിയാങ്ങ് എന്ന് കേട്ടിട്ടുണ്ട്. കേട്ടതിനെക്കാള്‍ തെളിമയാര്‍ന്ന നഗരം, ഒരു തെളിനീരുറവയില്‍ ഇറങ്ങിയാലെന്നപോലെ പരിശുദ്ധം. അത്ഭുതമെന്ന് പറയട്ടെ, ഹോട്ടലിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആകെ രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രമാണ് ഞങ്ങളെ കടന്നുപോയത്. വാഹനങ്ങളുടെ എണ്ണം അത്രയും കുറഞ്ഞതായിരിക്കും ഈ മഹാനഗരമെന്നു കരുതിയില്ല. 

സുഖമായുറങ്ങിയ ഞങ്ങളെ കടുത്ത മഞ്ഞുവീഴ്ചയുള്ള പ്രഭാതം വിളിച്ചുണര്‍ത്തി. എഴുന്നേറ്റപ്പോള്‍ രാവിലെ 8 മണി കഴിഞ്ഞിരുന്നു. കാലാവസ്ഥ നാല് ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കുകയാണ്. റൂമിലെ കര്‍ട്ടണ്‍ മാറ്റി വെളിയിലേയ്ക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കുറേ മനുഷ്യര്‍, ആ മഞ്ഞിലൂടെ, കമ്പിളിവസ്ത്രങ്ങള്‍ക്കടിയില്‍ പുതഞ്ഞ് നടന്നുനീങ്ങുന്നു. ഓഫീസിലേയ്ക്കും പാടശേഖരങ്ങളിലേയ്ക്കും ഫാക്ടറികളിലേയ്ക്കും ജോലിക്കു പോകുന്ന നൂറുകണക്കിന് ആളുകള്‍ കാല്‍നടയായി കശ്മീരിലേതിനു സമാനമായ മഞ്ഞിലൂടെയാണ് നടക്കുന്നത്. ചിലര്‍ സൈക്കിളിലും.

കിം ഇൽ സുങിന്റെ വീട്ടിൽ ലേഖകൻ
കിം ഇൽ സുങിന്റെ വീട്ടിൽ ലേഖകൻ

കിം ഇല്‍ സുങ്ങിന്റെ  വീട്ടിലേയ്ക്ക്

ഭക്ഷണത്തിനുശേഷം ഉത്തരകൊറിയക്കാരുടെ ആത്മീയ നേതാവും ആധുനിക കൊറിയയുടെ പിതാവുമായ കിം ഇല്‍ സുങ്ങിന്റെ ജന്മഗൃഹ സന്ദര്‍ശനമായിരുന്നു പരിപാടി. 1905-ല്‍ ജപ്പാന്‍കാര്‍, കൊറിയയെ ആക്രമിച്ച് തങ്ങളുടെ കോളനിയാക്കിയ നാള്‍ മുതല്‍ ജപ്പാന്‍ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു കിം ഇല്‍ സുങ്ങ്. അന്ന് മാവോ സെതുംങ്ങ് നയിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്ന കിം ഇല്‍ സുങ്ങ് കൊറിയയെ മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ ധീരോദാത്തമായ ഗറില്ലായുദ്ധങ്ങള്‍ അവരുടെ ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകളാണ്. ആ ഗറില്ലാസേനയിലെ ഭൂരിപക്ഷം പടയാളികളും ഉത്തരകൊറിയക്കാര്‍ ആയിരുന്നു. ദക്ഷിണ കൊറിയന്‍ പടയാളികള്‍ ഉണ്ടായിരുന്നെങ്കിലും നേതൃത്വം കിം ഇല്‍ സുങ്ങിനും സംഘത്തിനുമായിരുന്നു.

1932-ല്‍ ജപ്പാന്റെ അധീനതയില്‍ ഒരു പാവസര്‍ക്കാരിനെ സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ, കൊറിയന്‍ സ്വാതന്ത്ര്യപ്രക്ഷോഭം തീ പോലെ പടര്‍ന്നു. അക്രമാസക്തമായ യുദ്ധങ്ങളിലേയ്ക്ക് അത് വഴിമാറി. 1945-ല്‍ കൊറിയ സ്വതന്ത്രമാകുന്നതുവരെ, ജപ്പാനീസ് സൈന്യം പിന്മാറുന്നതുവരെ, അവരുടെ ദേശാഭിമാന പോരാട്ടം സന്ധിയില്ലാതെ മുന്നോട്ടു കുതിച്ചു. കിം ഇല്‍ സുങ്ങിന്റെ കുടുംബത്തെ ജാപ്പനീസ് സൈന്യം വധിച്ചു. ഒടുവില്‍ ജപ്പാന്‍ സൈന്യം കൊറിയന്‍ ഉപദ്വീപ് ഉപേക്ഷിച്ച് പിന്‍വാങ്ങുന്നതുവരെ സ്വാതന്ത്ര്യസമരം അടിപതറാതെ മുന്നേറി. കിം ഇല്‍ സുങ്ങ് കൊറിയക്കാരുടെ വീരനായകനായി, വിശേഷിച്ചും ഉത്തരകൊറിയക്കാരുടെ. കൊറിയ വിഭജിക്കപ്പെടുന്നതും വടക്കന്‍ കൊറിയ എന്നൊരു രാജ്യം ഉത്ഭവിക്കുന്നതും രണ്ടാം ലോകമഹായുദ്ധത്തിന്റെ സമാപനശേഷം കൊറിയന്‍ ഉപദ്വീപില്‍ നടന്ന അട്ടിമറികളെത്തുടര്‍ന്നാണ്. ആ ചരിത്രത്തിലേയ്ക്ക് പിന്നീട് വരാം. ഇപ്പോള്‍, ഉത്തരകൊറിയയുടെ എല്ലാമെല്ലാമായ അതിന്റെ സ്ഥാപകനേതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മഗൃഹം സന്ദര്‍ശിക്കാനായി പോകാം. 

ഞങ്ങളെ കിം ഇല്‍ സുങ്ങ് ജനിച്ച ഗ്രാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ചെറിയ കുടില്‍. ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പോരാളിയായി, ദേശീയ നേതാവായി മാറിയ കിം ഇല്‍ സുങ്ങ് വളര്‍ന്ന വീടും ഗ്രാമവും ഒരു പുണ്യദേശം പോലെയാണ് അവര്‍ സൂക്ഷിക്കുന്നത്. ഒരു ചെറിയ അഴുക്കുപോലും ആ പ്രദേശത്തെങ്ങും കാണാനാവാത്തവിധം വെടിപ്പാക്കപ്പെട്ട കമനീയമായ സ്ഥലം. ആരാധനയോടെ ആയിരങ്ങള്‍ വന്ന് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നത് ഞങ്ങള്‍ നോക്കിനിന്നു. സുങ്ങിന്റെ പുത്രനാണ് ഉത്തരകൊറിയയുടെ ചെയര്‍മാനായിരുന്ന കിം ജോങ്ങ് ഇല്‍. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ കിം ജോങ്ങ് ഉന്‍. 

പരമോന്നത ആത്മീയ നേതാവിന്റെ ജീവിച്ചിരിക്കുന്ന പ്രതിപുരുഷനെപ്പോലെയാണ് പേരമകനും ഇപ്പോഴത്തെ ചെയര്‍മാനുമായ കിം ജോങ്ങ് ഉന്‍. സുപ്രീം ലീഡര്‍ ഇപ്പോള്‍ ഉന്‍ ആണ്. ഞങ്ങള്‍ യാത്ര ചെയ്തുവന്ന ട്രെയിനിലെ ഉദ്യോഗസ്ഥര്‍ മുതല്‍ സര്‍വ്വ ജീവനക്കാരും ജനങ്ങളും സുപ്രീം ലീഡറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. എല്ലായിടത്തും നേതാവിനെ വാഴ്ത്തുന്ന കട്ടൗട്ടുകള്‍, ഉദ്ധരണികള്‍ എന്നിവ കാണാം. വ്യക്തിപൂജയുടെ പാരമ്യതയില്‍ അഭിരമിക്കുന്ന ഒരു ജനതയെ ആദ്യമായാണ് കണ്ടുമുട്ടുന്നത്. പക്ഷേ, അവര്‍ നിഷ്‌കളങ്കരാണ്. ആരിലും ദുഷ്ചിന്തകളൊന്നും കാണാനായില്ല. അന്ന് ഉച്ചയോടെ, ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങിവന്നു. 

ഉത്തരകൊറിയക്കാര്‍ക്ക് ഇപ്പോഴും അവരുടെ യഥാര്‍ത്ഥ ദേശീയ വാഹനമാണ് സൈക്കിള്‍. കാറും ട്രക്കുകളുമൊക്കെ അവര്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും സൈക്കിള്‍ തന്നെയാണ് അവരുടെ ഒന്നാമത്തെ വാഹനം. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സൈക്കിള്‍ ഉപയോഗിക്കുന്നു. അതിനവര്‍ക്ക് വിശദീകരണമുണ്ട്. ഒന്നാമത്തേത്, എല്ലാവരും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കും. രണ്ടാമത്തേത്, സൈക്കിള്‍ സഞ്ചാരികള്‍ക്ക് ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ കഴിയുന്നു. മൂന്നാമത്തേത്, പെട്രോളിയം ഉല്പന്നങ്ങള്‍ വളരെ കുറച്ചു മാത്രം ഉല്പാദിപ്പിച്ചാല്‍ മതിയല്ലോ. യുക്തിഭദ്രമായ മൂന്ന് ഉത്തരങ്ങള്‍. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജ്യൂച്ചേ ടവര്‍ കാണാനായി പുറപ്പെട്ടു. വാസ്തവത്തില്‍, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ജ്യൂച്ചേ. എല്ലാം തനതും തദ്ദേശീയവുമെന്നാണ് ജ്യൂച്ചേ എന്നതിന്റെ അര്‍ത്ഥം. കിം ഇല്‍ സുങ് തന്നെയാണ് ജ്യൂച്ചേ എന്ന ആശയം അവതരിപ്പിച്ചതും വളര്‍ത്തിയെടുത്തതും. സ്വന്തം കാലില്‍ നിലനിന്നുപോകുന്ന സാമ്പത്തിക വ്യവസ്ഥിതിയെ കുറിക്കാനാണ് അത്തരമൊരു നയം ആവിഷ്‌കരിച്ചതത്രെ! ഉത്തരകൊറിയക്കാര്‍ പിന്തുടരുന്നത് ജ്യൂച്ചേ കലണ്ടര്‍ ആണ്. കൊറിയന്‍ ചരിത്ര നാള്‍വഴികള്‍ അടയാളപ്പെടുത്താനും ജ്യൂച്ചേ കലണ്ടറാണ് അവര്‍ ഉപയോഗിക്കുന്നത്. അമേരിക്ക അടിച്ചേല്പിച്ച ഉപരോധത്തെ മറികടക്കാനും തദ്ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമൂഹിക-രാഷ്ട്രീയ-സൈനിക സമ്പ്രദായങ്ങളെ, തദ്ദേശീയ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കാനുമാണ് 1953-ല്‍ അവസാനിച്ച കൊറിയന്‍ യുദ്ധാനന്തരം അവരുടെ നേതാക്കള്‍ പരിശ്രമിച്ചത്. അതുകൊണ്ടുതന്നെ ജ്യൂച്ചേ എന്ന ആശയത്തിന് ജനസമ്മതി നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

എന്തായാലും, പ്യോങ്ങിയാങ്ങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജ്യൂച്ചേ ടവറാണ്. അത് കൊറിയന്‍ വ്യവസ്ഥയുടെ സവിശേഷത വിളിച്ചോതാനായി 1982-ല്‍ പണികഴിപ്പിച്ച സ്മാരകമന്ദിരമാണ്. കിം ഇല്‍ സുങിന്റെ 70-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ്, 1982 ഏപ്രില്‍ 15-ന് ജ്യൂച്ചേ ടവര്‍ അനാച്ഛാദനം ചെയ്യപ്പെട്ടത്. 18 നിലകളുള്ള ആ മണിഹര്‍മ്മ്യത്തിന്റെ മുകളില്‍ കയറിയാല്‍ പ്യോങ്ങിയാങ്ങ് നഗരം മിക്കവാറും ഭംഗിയായി കാണാന്‍ കഴിയും. ആഫ്രോ-ഏഷ്യന്‍ സോളിഡാരിറ്റി കമ്മിറ്റി നിയോഗിച്ചിരിക്കുന്ന വോളണ്ടിയറായ കിം ചുന്‍ ചോള്‍, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ അംഗം കൂടിയാണ്. റാ മ്യോങ് സോങ്ങ് കൊറിയന്‍ കമ്മിറ്റി ഫോര്‍ ആഫ്രോ-ഏഷ്യന്‍ സോളിഡാരിറ്റിയുടെ സെക്രട്ടറിയാണ്. ഇവരോടാണ് ഞങ്ങളുടെ ചോദ്യങ്ങള്‍ മുഴുവന്‍. സാമ്പത്തിക-ഉല്പാദന രംഗങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി അന്ന് വൈകുന്നേരം ഒരു കൃഷിക്കളം കാണിക്കാനായി അവര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പ്യോങ്ങിയാങ് നഗരത്തില്‍നിന്ന് വളരെ അകലെയല്ല. അതൊരു സഹകരണ ഫാം ആയിരുന്നു. കിമുല്‍സുങ്ങിയ ഫ്‌ലവര്‍ ഫെസ്റ്റിവല്‍ കാണാന്‍ പോവുക എന്നതായിരുന്നു അടുത്ത പരിപാടി. അതിനുശേഷം പോയത് കൊറിയന്‍ ചിത്രകലാ മ്യൂസിയത്തിലേയ്ക്കാണ്.

ബി.സി ആറാം നൂറ്റാണ്ടു മുതല്‍ എ.ഡി എട്ടാം നൂറ്റാണ്ടുവരെയും മധ്യകാലം മുതല്‍ ആധുനിക കാലം വരെയുമുള്ള കൊറിയയുടെ ചരിത്രമാണ് ആ ചിത്രപ്രദര്‍ശനത്തില്‍ കണ്ടത്. എണ്ണച്ഛായാ ചിത്രങ്ങളായിരുന്നു മുഴുവന്‍. കൊറിയന്‍ സ്വാതന്ത്ര്യസമരത്തിലും തുടര്‍ന്നു നടന്ന യുദ്ധത്തിലും പിതൃഭൂമിയുടെ സംരക്ഷണത്തിനായി ധീരമായി പൊരുതിമരിച്ച പോരാളികളുടെ ചരിത്രമാണ് ശില്പങ്ങളായും ചിത്രങ്ങളായും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ആ ചിത്രങ്ങള്‍ വരച്ച ചിത്രകാരന്മാരുടെ പേരുകള്‍ കണ്ടില്ല. സമാനമായ അനുഭവമാണ് അന്നേദിവസം ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ സന്ദര്‍ശിച്ച റിക്രിയേഷന്‍ ക്ലബ്ബിലും സ്വിമ്മിംഗ് പൂളിലുമുണ്ടായത്. അപൂര്‍വ്വമായ ഓഷ്യാനിക് ടെക്നോളജി മറ്റൊരു വിസ്മയം തന്നെ. എന്നാല്‍, സ്വിമ്മിംഗ് പൂളിനുള്ളില്‍ തിരമാലകള്‍ സൃഷ്ടിക്കുന്ന ഓഷ്യാനിക് സയന്‍സിന്റെ കാര്യം പറയുമ്പോഴും ബന്ധപ്പെട്ട സയന്‍സിന്റെ ആധികാരിക ശാസ്ത്രജ്ഞരെ അവര്‍ ഉദ്ധരിക്കുന്നില്ല. പകരം സുപ്രീം ലീഡറിന്റെ നിര്‍ദ്ദേശപ്രകാരം ശാസ്ത്രീയ മാറ്റങ്ങള്‍ വരുത്തിയെന്നു മാത്രമാണ് വിശദീകരണം. സമാനമായ കാഴ്ചകള്‍ അവരുടെ ടി.വി ചാനലുകളിലും കാണുകയുണ്ടായി. സംഗീതവും നൃത്തവുമാണ് സര്‍വ്വസമയവും. ആകെ ആറ് ടി.വി ചാനലുകള്‍ക്കു മാത്രമേ ഉത്തരകൊറിയയില്‍ സംപ്രേക്ഷണം ചെയ്യാന്‍ അവകാശമുള്ളൂ. മൂന്ന് വാര്‍ത്താ ചാനലുകള്‍, രണ്ട് സംഗീത ചാനലുകള്‍. പിന്നെ ഒരു വിദേശ ചാനല്‍. റഷ്യാ ടുഡേ മാത്രമാണ് അനുവദിക്കപ്പെട്ട വിദേശ ചാനല്‍. 

കൊറിയന്‍ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ചും ആ രാജ്യം അഭിമുഖീകരിക്കുന്ന ഉപരോധങ്ങളെക്കുറിച്ചുമായി പിന്നെ ചര്‍ച്ച. അക്ഷരാര്‍ത്ഥത്തില്‍ പൂജ്യത്തില്‍നിന്നാണ് ഉത്തരകൊറിയയുടെ ആരംഭമെന്ന് കിം വികാരഭരിതനായി പറഞ്ഞു. ഉപരോധം സമ്പദ്ഘടനയെ ഉലച്ചുകളഞ്ഞു. പക്ഷേ, ജനങ്ങള്‍ അവരുടെ അദ്ധ്വാനം പൂര്‍ണ്ണസമയം രാജ്യനിര്‍മ്മാണത്തിനായി ചെലവഴിച്ചു. മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതിരുന്നിട്ടും തങ്ങള്‍ അഭിവൃദ്ധിയിലേയ്ക്കും സ്വയം പര്യാപ്തതയിലേയ്ക്കും കുതിച്ചത് അങ്ങനെയാണ്. 

എല്ലാ ദിവസവും അത്താഴം ഒരു നക്ഷത്രവിരുന്നായി സ്വീകരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരായിരുന്നു. ഏതു വിഭവവും അവര്‍ നമുക്കായി ഒരുക്കിത്തരും. എല്ലാ വിഭവങ്ങളും നോണ്‍വെജ് ആണെന്നു മാത്രം. ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ഞാനൊരു വെജിറ്റബിള്‍ സൂപ്പ് ആവശ്യപ്പെട്ടു. അവര്‍ സന്തോഷപൂര്‍വ്വം അത് കൊണ്ടുവന്നു തന്നു. കഴിച്ചപ്പോള്‍ ഒന്ന് ഞെട്ടി. കാരണം, അതില്‍ കുറച്ച് ബീഫിന്റെ ഫ്‌ലേവര്‍ കൂടി അരച്ച് ചേര്‍ത്തിരിക്കുന്നു. ബീഫ് ഒഴിവാക്കി ഒരു വെജിറ്റബിള്‍ സൂപ്പ് അവര്‍ക്കു സങ്കല്പിക്കാന്‍ കഴിയില്ലായിരിക്കും.

ചോറ് ഞങ്ങള്‍ എപ്പോഴും ആവശ്യപ്പെടുന്ന ഐറ്റമാണ്. ഒരു ചെറിയ ബൗളില്‍ അവരത് നല്‍കും. പക്ഷേ, മിക്കപ്പോഴും ഭക്ഷണം കഴിച്ച് കഴിയാറാകുമ്പോഴായിരിക്കും ചോറ് കൊണ്ടുവരിക. ചോറിനോടൊപ്പം കറി എന്ന സങ്കല്പമല്ല അവര്‍ക്കുള്ളത്. മീന്‍ പ്രത്യേക രൂപത്തില്‍ തയ്യാറാക്കിയത്, സലാഡ്, ന്യൂഡില്‍സ്, മക്രോണി, ഫ്രൂട്ട്സ് ചേര്‍ത്ത് നിര്‍മ്മിച്ച ചിക്കന്‍/അല്ലെങ്കില്‍ ഫ്രൈഡ് ഐറ്റംസ് എന്നിവയൊക്കെയാണ് അവര്‍ക്ക് കൂടുതല്‍ പ്രിയം. അല്ലെങ്കില്‍ പോര്‍ക്ക്/ബീഫ് എന്നിവയൊക്കെ ആദ്യം തരും. ജ്യൂസ്, ബിയര്‍ എന്നിവയും ആവശ്യപ്പെട്ടാല്‍ വിളമ്പും. വലിയ രൂപത്തിലുള്ള, അണ്ടിപ്പരിപ്പിനെക്കാള്‍ വലിപ്പമുള്ള കപ്പലണ്ടി മിക്കവാറും ഒരു ടേസ്റ്റ് മേക്കറായി പല വിഭവങ്ങളിലും അരച്ചുചേര്‍ത്തിട്ടുണ്ട്. പീനട്ട് ചിക്കന്‍ ഒരു വിഭവത്തിന്റെ പേരാണ്. നമ്മള്‍ ബട്ടര്‍ ചിക്കന്‍ തയ്യാറാക്കി വിളമ്പുന്നതുപോലെ.

വിഭവം ഏതായാലും ഒരു പാത്രം നിറയെ തരും. അവര്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ 25 ശതമാനം പോലും കഴിച്ചുതീര്‍ക്കാന്‍ കഴിയാറില്ലായിരുന്നു. വ്യത്യസ്തയിനം പച്ചക്കറികള്‍, നമ്മുടെ ജൈവ ഇനങ്ങള്‍ പോലെ ചിലതൊക്കെ ഇടയ്ക്ക് കണ്ടു. കിംചി ആണ് അവരുടെ പ്രസിദ്ധമായ വെജിറ്റേറിയന്‍ ഡിഷ്. ചോളം, അരി, ഗോതമ്പ്, ബാര്‍ലി, ബീന്‍സ്, സോയാബീന്‍ എന്നിവയും സുലഭം. പഴവര്‍ഗ്ഗങ്ങള്‍ പലതും കണ്ടെങ്കിലും വാഴപ്പഴം കണ്ടുകിട്ടിയില്ല. തണുത്ത പ്യോങ്ങിയാങ്ങ് ന്യൂഡില്‍സ് ആണ് ഏറ്റവും പ്രസിദ്ധമായതും രുചിയേറിയതുമായ വിഭവം. ഏകദേശം നമ്മുടെ ബര്‍ഗ്ഗര്‍ പോലെയിരിക്കും. ''കോള്‍ഡ് പ്യോങ്ങിയാങ്ങ് ന്യൂഡില്‍സ് കഴിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ കൊറിയ സന്ദര്‍ശിച്ചുവെന്ന് അവകാശപ്പെടരുത്'' എന്ന ഒരു പഴമൊഴി തന്നെയുണ്ട്. എങ്കിലും അടിസ്ഥാനപരമായി ഉത്തരകൊറിയക്കാര്‍ മാംസാഹാരികളാണെന്നു വ്യക്തമാണ്. അവരുടെ അദ്ധ്വാനത്തിനും കാലാവസ്ഥയ്ക്കും മാംസാഹാരം അനിവാര്യമായിരിക്കാം.

കിം ഇൽ സുങ്
കിം ഇൽ സുങ്

പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥ

ലോകത്തെവിടെയും എപ്പോഴും ഒരു രാഷ്ട്രീയസംവാദ ബിംബമാണ് ഉത്തരകൊറിയ. തെറ്റോ ശരിയോ ആകട്ടെ, അവരുടെ ഏത് നീക്കത്തേയും വ്യാഖ്യാനിക്കാന്‍ വിശകലന വിദഗ്ധരുണ്ടാകും. തുറന്ന് പറയട്ടെ, തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ ചൂട് നേരിട്ടനുഭവിക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് അവിടെയെത്തിയ ഞങ്ങള്‍ക്കു നിരാശയാണ് ലഭിച്ചത്. എന്തെന്നാല്‍, സര്‍വ്വ മനുഷ്യരും ശാന്തരായി കാണപ്പെടുന്നു. രാഷ്ട്രീയഭാവിയെ സംബന്ധിച്ച് നമുക്കുള്ള എന്തെങ്കിലും അങ്കലാപ്പ് അവര്‍ക്കില്ല. ഞങ്ങള്‍ സന്ദര്‍ശിച്ച ദിനങ്ങളില്‍ ലോകമെമ്പാടും ചര്‍ച്ചചെയ്തുകൊണ്ടിരുന്നത് കൊറിയന്‍ മുനമ്പിലെ ആണവ നിര്‍വ്യാപനമെന്ന പ്രശ്നമാണ്. ദക്ഷിണ-ഉത്തര കൊറിയകളുടെ പുനരേകീകരണവും പ്രധാനപ്പെട്ട പ്രശ്നമെന്ന നിലയ്ക്ക് ലോകം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി സന്ധിസംഭാഷണത്തിനു തയ്യാറെന്ന് ആദ്യമായി കിം ജോങ് ഉന്‍ പ്രഖ്യാപിക്കുന്നതും ആ മാസമാണ്. പക്ഷേ, അതൊന്നും അവിടെ പൊതുസമൂഹത്തിന്റെ പ്രത്യേക ചര്‍ച്ചാവിഷയമായി കണ്ടില്ല. 

ഉത്തരകൊറിയയിലെ ഒന്നാമത്തെ ഡെയ്ലി സര്‍ക്കാര്‍ പുറത്തിറക്കുന്ന Rodong Sinmun എന്ന പത്രമാണ്. ഔദ്യോഗിക വാര്‍ത്തകള്‍ മാത്രമേ ആ പത്രത്തില്‍ വരാറുള്ളൂ. ഒരുപക്ഷേ, അതില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടാകാം. ഇംഗ്ലീഷ് പത്രം മാസത്തില്‍ ഒരെണ്ണം മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ. പ്യോങ്ങിയാങ്ങ് ടൈംസ് എന്നാണതിന്റെ പേര്. അതിലും ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം. ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആ പത്രത്തിലുണ്ടായിരുന്നില്ല. അകാരണമായി ഏറ്റുവാങ്ങേണ്ടിവന്ന രാഷ്ട്രീയ അസ്പൃശ്യതയാണ് അവരുടെ വേദനയെന്ന് ഞങ്ങളുമായി  സംവദിച്ച എല്ലാ മനുഷ്യരും ഏകദേശം ഒരേപോലെ പറയുന്നുണ്ടായിരുന്നു. സൊങ്കണ്‍ രാഷ്ട്രീയമെന്നാണ് അവരുടെ രാഷ്ട്രീയം അറിയപ്പെടുന്നത്. നിശ്ചയമായും അതിന്റെ താത്ത്വികാടിസ്ഥാനം അവരുടെ രാഷ്ട്രപിതാവായ കിം ഇല്‍ സുങ്ങ് മുന്നോട്ടുവെച്ചതും പിന്‍ഗാമിയായ കിം ജോങ്ങ് ഇല്‍ വികസിപ്പിച്ചതുമായ പ്രമാണങ്ങള്‍ തന്നെ. പൊതുവില്‍ കിം ഇല്‍ സൂങ്ങിസം എന്നും കിം ജോങ്ങിലിസം എന്നും അവ അറിയപ്പെടുന്നു. അതെന്തായാലും സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തെ വളര്‍ത്തുകയെന്നതാണ് സൊങ്കണ്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രമുഖമായ ലക്ഷ്യം. ഉത്തരകൊറിയയില്‍ ഒരു പാര്‍ലമെന്റ് നിലവിലുണ്ടെന്നത് കൗതുകകരമായ അറിവായിരുന്നു. പിറ്റേ ദിവസം, രാവിലെ തന്നെ പോകുന്ന വഴി റാമോങ്സോങ്ങിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്നിലെത്തി. മുന്‍കൂര്‍ അനുമതി വാങ്ങാന്‍ കഴിയാത്തതിനാല്‍ അതിനുള്ളിലേയ്ക്ക് പ്രവേശിക്കാനായില്ല. പുറത്തുനിന്നു നോക്കിക്കണ്ടു. മറ്റ് പ്രധാന കെട്ടിടങ്ങളെ അപേക്ഷിച്ച് ചെറിയ കെട്ടിടം. രാജ്യത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിലാണെന്ന് സോങ്ങ് വിശദീകരിച്ചു. അപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആരൊക്കെയായിരിക്കും? പ്രതിപക്ഷ പാര്‍ട്ടികളും വേണമല്ലോ. അങ്ങനെയെങ്കില്‍ ഉത്തരകൊറിയയില്‍ ഒരു പ്രതിപക്ഷം സ്വാഭാവികമായി ഉണ്ടാവണമല്ലോ? ഞങ്ങള്‍ ആകാംക്ഷയോടെയാണ് ആ ചോദ്യം ഉന്നയിച്ചത്. ഉത്തരകൊറിയയില്‍ പ്രതിപക്ഷമോ? അതിനുള്ള ഉത്തരം അദ്ദേഹം സാവകാശം പറഞ്ഞുതന്നു. 

അതെ, ഇവിടൊരു പാര്‍ലമെന്ററി സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. 99 ശതമാനം ജനങ്ങളും വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ അംഗങ്ങളോ പിന്തുണക്കാരോ ആണ്. രണ്ടാമത്തെ പ്രധാനപ്പെട്ട പാര്‍ട്ടിയുടെ പേര് കൊറിയന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി എന്നാണ്. മൂന്നാമത്തേത് ചന്ദോയിസ്റ്റ് പാര്‍ട്ടി. ആ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങള്‍ക്കും പ്രാതിനിധ്യ സ്വഭാവത്തില്‍ പാര്‍ലമെന്റില്‍ അംഗത്വം നല്‍കിയിട്ടുണ്ട്. 

ജ്യൂച്ചേ ടവർ
ജ്യൂച്ചേ ടവർ

മതങ്ങളുടെ മരുഭൂമി

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പൊതുതെരഞ്ഞെടുപ്പ് നടത്താറുണ്ട്. പക്ഷേ, അതൊക്കെ ഔപചാരിക സ്വഭാവത്തില്‍ മാത്രം. ഭൂരിപക്ഷം അംഗങ്ങളും വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയില്‍നിന്നുള്ളവരായിരിക്കുമെന്ന് സോങ്ങ് പറഞ്ഞു. ചന്ദോയിസ്റ്റ് പാര്‍ട്ടി എന്താണെന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി. അതൊരു മതത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണത്രെ. ചന്ദോ എന്നൊരു മതം 1905- മുതല്‍ അവിഭജിത കൊറിയന്‍ മണ്ണിലുണ്ട്. മതവിശ്വാസികളുടെ രാഷ്ട്രീയപ്പാര്‍ട്ടിയായിട്ടാണ് ചന്ദോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. എന്തായാലും, എത്ര ഔപചാരിക സ്വഭാവത്തിലാണെങ്കിലും ഒരു ബഹുകക്ഷി സമ്പ്രദായം നിലനില്‍ക്കുന്നുവെന്നും പാര്‍ലമെന്ററി രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള നൂതനമായ അറിവ് കിട്ടി. 

മതങ്ങള്‍ക്കു പൊതുവില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിയാത്ത മണ്ണാണ് ഉത്തരകൊറിയ. യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് തന്നെയാണ് അവരുടെ മതം. മനുഷ്യന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന 'ഒരു ജനതയ്ക്ക് ദുര്‍ബ്ബലമായ മതത്തില്‍ അഭിരമിക്കാന്‍ ആവില്ല തന്നെ. ചൈനയില്‍നിന്ന് പ്യോങ്ങിയാങ്ങ് വരെ ട്രെയിനില്‍ സഞ്ചരിച്ചിട്ടും എവിടെയെങ്കിലും ഏതെങ്കിലുമൊരു മതത്തിന്റെ ആരാധനാലയമോ പ്രാര്‍ത്ഥനയോ ജപമണിയോ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരാഴ്ചക്കാലം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടും പ്രാര്‍ത്ഥനാനിരതനായ ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടെത്താനായില്ലല്ലോയെന്ന് ഓര്‍ക്കുകയായിരുന്നു. ഒരു മതത്തിലും വിശ്വസിക്കുന്നവരല്ല കൊറിയക്കാര്‍. ഈ ഗവണ്‍മെന്റിനു മതമില്ല. ജനങ്ങള്‍ക്കും മതവിശ്വാസമില്ല. പക്ഷേ, മതസ്വാതന്ത്ര്യം ഇവിടെ അനുവദിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കണമെങ്കില്‍ ആകാം. ഭരണകൂടം എതിര്‍ക്കില്ല. പക്ഷേ, അത് സ്റ്റേറ്റിന് എതിരെ തിരിയരുതെന്നു മാത്രം. വ്യക്തികളുടെ സ്വകാര്യ വിശ്വാസത്തില്‍ ഞങ്ങള്‍ ഇടപെടില്ല. 

സാമൂഹിക ഭദ്രതയുടെ അടിസ്ഥാനം സാമ്പത്തിക ഭദ്രത തന്നെയാണ്. അങ്ങനെയൊരു കാര്യം പ്രാഥമിക തലത്തിലെങ്കിലും പ്രദാനം ചെയ്യാന്‍ കഴിയുന്ന വികസിത രാജ്യങ്ങള്‍ക്കു മാത്രമേ യഥാര്‍ത്ഥമായ സാമൂഹിക സുരക്ഷിതത്വം കൈവരിക്കാനാകൂ. ജനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടോയെന്ന സൂക്ഷ്മ പരിശോധന ലോകത്തെ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും- വികസിതമോ അവികസിതമോ- നടത്തുന്നുണ്ട്. സി.സി.ടി.വി പൊതുവഴികളില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങള്‍ വിരളമായിരിക്കും. എന്നാല്‍, അക്കാര്യത്തില്‍ ഒരു അപവാദമാണ് ഉത്തരകൊറിയ. പ്യോങ്ങിയാങ്ങ് നഗരത്തില്‍ പലവട്ടം സഞ്ചരിച്ചിട്ടും സി.സി.ടി.വി  സ്ഥാപിക്കപ്പെട്ടതായി കാണാനായില്ല. 

കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ പരിപാലിക്കുന്ന രാജ്യമായിട്ടും സി.സി.ടി.വി പൊതുയിടങ്ങളില്‍ അത്ര നിര്‍ബ്ബന്ധമല്ലായെന്നതുകൊണ്ടാകാം, അതല്ലെങ്കില്‍  പൗരന്മാരിലുള്ള വിശ്വാസം കൊണ്ടാകാം, സ്ഥാപിച്ചു കണ്ടില്ല. എന്നാല്‍, ഞങ്ങള്‍ താമസിച്ച ഹോട്ടലിന്റെ റിസപ്ഷനില്‍ ഒരു സി.സി.ടി.വി കണ്ടു. ജ്യൂച്ചേ ടവറിന്റെ കവാടത്തിലും ആര്‍ച്ച് ഒഫ് ട്രയംസിലും ഓരോന്ന് സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യമറിയില്ല. എന്തായാലും, സാമൂഹിക സുരക്ഷിതത്വവും ഭദ്രതയും പ്രദാനം ചെയ്യാന്‍ ഡി.പി.ആര്‍.കെ എന്ന ആ രാജ്യത്തിനു കഴിയുന്നുണ്ട് എന്ന് നിസ്തര്‍ക്കം പറയാം. 
ജനങ്ങള്‍ പൊതുവില്‍ ശുദ്ധഹൃദയരാണ്. അവരുടെ ഹൃദയശുദ്ധി പലവട്ടം ഞങ്ങള്‍ കണ്ടു. അവരുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം ഞങ്ങളോട് ഒരു സന്ദര്‍ഭത്തിലും മോശമായിരുന്നില്ലായെന്ന് മാത്രമല്ല, ഹൃദ്യവുമായിരുന്നു. പലവട്ടം അത് തെളിയിച്ചു. വിദേശികള്‍ എന്ന നിലയ്ക്ക് ഞങ്ങളോട് മാത്രമല്ല, അവര്‍ പരസ്പരം എങ്ങനെ അഭിവാദ്യം ചെയ്യുന്നു, പെരുമാറുന്നു തുടങ്ങിയ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. പരസ്പരം മനുഷ്യര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് എവിടെയും കണ്ടത്. ഞങ്ങളെ  ആരും  തുറിച്ചുനോക്കിയില്ല. കളിയാക്കിയതുമില്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com