മരണത്തിന്റെ കഥകള്‍; അതിജീവനത്തിന്റേയും 

സെമിത്തേരികളിലെ നിശ്ശബ്ദതയില്‍ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന മനുഷ്യരുടെ ജീവിതകഥകളില്‍ അതിനുള്ള ഉത്തരം ഒളിഞ്ഞുകിടക്കുന്നുണ്ട്
നീല​ഗിരി ​ഗോത്ര വിഭാ​ഗങ്ങൾ
നീല​ഗിരി ​ഗോത്ര വിഭാ​ഗങ്ങൾ

ത്തുവര്‍ഷം മുന്‍പാണ് സെമിത്തേരികള്‍ തോറുമുള്ള എന്റെ തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്. അക്കാദമികമായ ഒരു കൗതുകമാണ് ഈ യാത്രകള്‍ക്ക് ആദ്യം പ്രേരണയായത്. മലബാറിന്റെ തീരങ്ങളില്‍ നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്നുണ്ട്. അതെല്ലാം അധിനിവേശത്തിന്റേയും അതിനെതിരെയുള്ള പോരാട്ടത്തിന്റേയും കഥകളായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. വൈദേശിക അക്രമികളും അവരെ ചെറുക്കുന്ന ധീരദേശാഭിമാനികളും എന്നൊരു ദ്വന്ദമാണ് ലിഖിതചരിത്രത്തില്‍ കാണപ്പെടുന്നത്. എന്നാല്‍ അതു തന്നെയാണോ യാഥാര്‍ത്ഥ്യം? ദേശീയതയും ദേശരാഷ്ട്രവും സംബന്ധിച്ച ആധുനിക ആശയങ്ങള്‍ക്ക് സഹസ്രാബ്ദങ്ങള്‍ നീണ്ട സമൂഹചരിത്രത്തില്‍ എത്രമാത്രം പ്രസക്തിയുണ്ട്? എന്തിനാണ് ആളുകള്‍ കടലുകള്‍ താണ്ടി പരദേശങ്ങളിലേക്കു പോയത്? കഠിനമായ പ്രയാസങ്ങളും വെല്ലുവിളികളും മരണംപോലും തൃണവല്‍ഗണിച്ചു അകലങ്ങളിലെ നാടുകളിലേക്കുള്ള പ്രയാണത്തിനും പ്രവാസത്തിനും അവരെ പ്രേരിപ്പിച്ചതെന്താണ്? 

സെമിത്തേരികളിലെ നിശ്ശബ്ദതയില്‍ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന മനുഷ്യരുടെ ജീവിതകഥകളില്‍ അതിനുള്ള ഉത്തരം ഒളിഞ്ഞുകിടക്കുന്നുണ്ട്. പക്ഷേ, അതു നമ്മുടെ പാഠപ്പുസ്തക ചരിത്രങ്ങളില്‍ കാണാത്ത മറ്റൊരു പാഠമാണ്; ചരിത്രത്തിന്റെ ഒരു പാഠഭേദം. പ്രവാസത്തിന്റെ അനുഭവങ്ങളും പ്രവാസത്തിന്റെ രാഷ്ട്രീയവും ഇന്ന് സമൂഹശ്രദ്ധയിലുണ്ട്. അത് നമ്മുടെ സമകാല ജീവിതത്തിന്റെ അനുഭവമാണ്. പക്ഷേ, ഇതൊരു പുതിയ കാര്യമല്ല. നൂറ്റാണ്ടുകളായി പ്രവാസം മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍, പാരസ്പര്യത്തില്‍, സാംസ്‌കാരികമായ ആദാനപ്രദാനങ്ങളില്‍ സജീവമായ സാന്നിധ്യമാണ്. മലബാര്‍ അങ്ങനെയൊരു പ്രവാസകേന്ദ്രമായിരുന്നു എക്കാലത്തും. അറബിക്കടലിന്റെ വിശാല ജലപ്പരപ്പുകള്‍ താണ്ടി കാലാകാലങ്ങളില്‍ പലരും വന്നുംപോയുമിരുന്നു; അറബികളും യവനരും ആഫ്രിക്കക്കാരും ചീനക്കാരും യൂറോപ്യന്മാരും... അവര്‍ ഇവിടെ ബന്ധങ്ങളുണ്ടാക്കി; കുടുംബങ്ങളുണ്ടാക്കി. നാട്ടുകാരില്‍ പലരും അവരുടെ കപ്പലുകളില്‍ കേറി വിശാലമായ ലോകങ്ങളിലേക്കു പടര്‍ന്നുകേറി. പക്ഷേ, അത്തരം മനുഷ്യരുടെ കഥകള്‍ ചരിത്രത്തില്‍ എവിടെയൊക്കെയോ പതുങ്ങിക്കിടക്കുകയാണ്. കാലാന്തരത്തില്‍ ചിലതൊക്കെ കൂടുപൊട്ടിച്ചു പുറത്തുചാടി.  

സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍

പഴയ കൈറോ നഗരത്തിലെ ഒരു യഹൂദപ്പള്ളിയിലെ ഗ്രന്ഥപ്പുരയില്‍ (ഗനിസ എന്നാണിത് അറിയപ്പെടുന്നത്) ആയിരം കൊല്ലമായി നിക്ഷേപിക്കപ്പെട്ട പഴയ രേഖകളില്‍നിന്ന് ചരിത്രകാരന്മാര്‍ കണ്ടെടുത്ത പന്ത്രണ്ടാം നൂറ്റാണ്ടിലെ തുളുനാടന്‍ കുടുംബത്തിന്റെ കഥ ഓര്‍ക്കുക. വടക്കന്‍ മലബാറിലും തുളുനാട്ടിലും  കച്ചവടം ചെയ്ത തുനീഷ്യക്കാരനായ യഹൂദന്‍ എബ്രഹാം ബെന്‍ യിജുവിന്റെ അടിമയായിരുന്ന ബാമയുടെ കഥ നോവലിസ്റ്റ് അമിതാവ് ഘോഷ് എഴുതിയിട്ടുണ്ട്. (ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ് എന്ന നോവല്‍ നോക്കുക). ക്രിസ്ത്വബ്ദം 1130 കാലത്ത് ഏദനില്‍നിന്നും മംഗലാപുരത്തു വന്നു കച്ചവടം തുടങ്ങിയ ബെന്‍ യിജു തുളുനാട്ടില്‍ നിന്നൊരു യുവതിയെ വിവാഹവും കഴിച്ചു. തുളുനാട്ടിലും മലനാട്ടിലും ബന്ധുക്കളുള്ള അശുവെന്ന യുവതിയില്‍ (അശ്വതിയുടെ വിളിപ്പേരാവാം അശുവെന്നു എം.ജി.എസ് നാരായണന്‍) അയാള്‍ക്കു രണ്ടു മക്കളുണ്ടായി. മക്കളെ രണ്ടുപേരെയും  തന്റെ വ്യാപാരകേന്ദ്രമായിരുന്ന യമനിലെ ഏദനിലേക്കു കൊണ്ടുപോയ ബെന്‍ യിജു അവിടെ നിയമക്കുരുക്കുകളില്‍ ചെന്നുപെട്ടു. യഹൂദസമുദായ പ്രമാണിമാര്‍ തങ്ങളുടെ സമുദായാംഗത്തിനു മറുനാട്ടിലെ യുവതിയിലുണ്ടായ കുട്ടികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് കാരണം. സമുദായ വിലക്കു മറികടക്കാന്‍ ബെന്‍ യിജു തന്ത്രങ്ങള്‍ പലതും പ്രയോഗിച്ചു. ബിസിനസ് കാര്യങ്ങള്‍ക്കായി ബെന്‍ യിജു പലര്‍ക്കായി എഴുതിയ പഴയ കത്തുകളിലും അവരുടെ മറുപടികളിലുമായി ഒളിഞ്ഞുനിന്ന ഒരു തുളുനാടന്‍ കുടുംബകഥ കണ്ടെടുക്കുകയാണ് ചരിത്രകാരന്മാര്‍. ദൈവനാമത്തില്‍ എഴുതിയതെന്തും  കത്തിക്കുന്നത് ദൈവദോഷമായതിനാലാണ് രേഖകളെല്ലാം യഹൂദപ്പള്ളിയിലെ ഗനിസയില്‍ തള്ളിയത്. അതില്‍നിന്നാണ് 800 വര്‍ഷം കഴിഞ്ഞു ബാമയും അശുവും മക്കളും ഉയിര്‍ത്തെണീറ്റു വന്നത്. ഇങ്ങനെ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ ചരിത്രത്തിലെ അന്തര്‍ധാരകളെ ചികയുകയെന്നത് ദേശീയതയുടേയും രാജ്യങ്ങളുടേയും അതിരുകള്‍ക്കപ്പുറത്തു പോയി ചരിത്രത്തിലെ സാംസ്‌കാരികമായ കൊടുക്കല്‍വാങ്ങലുകളുടെ ഒരു പുതിയതലം അന്വേഷിക്കലാണ്. ദേശങ്ങളുടെ  അതിര്‍ത്തികള്‍ വീണ്ടും അടയ്ക്കപ്പെടുകയും എല്ലാ യാത്രയും ക്വാറന്റൈനില്‍ അവസാനിക്കുകയും ചെയ്യുന്ന കാലത്തു അതിരുകള്‍ക്കപ്പുറത്തേക്കു പക്ഷികളെപ്പോലെ പറന്നുപോയവരുടെ ജീവിതം ചില ഗൃഹാതുരസ്മരണകള്‍ നല്‍കുന്നുമുണ്ട്.

പള്ളിയിലായാലും സെമിത്തേരിയിലായാലും ഓരോ സ്മാരകശിലയിലും സാധാരണ മനുഷ്യരുടെ ജീവിതം  ഏതാനും വരികളില്‍ ഒതുക്കിപ്പറയുന്ന ഒരു കയ്യടക്കം നമുക്ക് കാണാം. ഓരോ കല്ലും കൊത്തിയ രീതിയും അതിലെ ഭാഷയും വാക്യങ്ങളും ചിത്രപ്പണികളും കടുംബചിഹ്നങ്ങളുമെല്ലാം കാലത്തിന്റേയും ചരിത്രത്തിന്റേയും സാമൂഹിക ബന്ധങ്ങളുടേയും സങ്കീര്‍ണ്ണമായ വലക്കണ്ണികളുടെ സൂചനകളാണ് നല്‍കുന്നത്. അവയുടെ ആന്തരാര്‍ത്ഥം തേടിപ്പോകുമ്പോള്‍ വിശാലമായ ഒരു ലോകം ചിലപ്പോള്‍ അനാവരണം ചെയ്യപ്പെട്ടു വരും. അത്തരം ഉള്‍ക്കാഴ്ചകള്‍ തേടിയാണ് കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട മുതല്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത് ഉദയഗിരിയിലെ ഡിലെന്നോയ് കോട്ട വരെ യാത്രചെയ്തു നാടെങ്ങും ചിതറിക്കിടക്കുന്ന സ്മാരകശിലകളിലെ ലിഖിതങ്ങള്‍  പകര്‍ത്തിയത്. മംഗലാപുരത്തെ റോമന്‍ കത്തോലിക്കാ ശവകുടീരങ്ങളിലും ടിപ്പുവിന്റെ ശ്രീരംഗപട്ടണത്തെ ശവക്കോട്ടകളിലും നീലഗിരിയില്‍ ചിതറിക്കിടക്കുന്ന കുന്നുകള്‍ക്കിടയിലെ ശവകുടീരങ്ങളിലും മദിരാശിയിലെ സെന്റ് ജോര്‍ജ് കോട്ടയിലെ അഞ്ഞൂറു വര്‍ഷങ്ങളുടെ കഥ പറയുന്ന  സെമിത്തേരിയിലും സമയം ചെലവഴിച്ചതു സാധാരണക്കാരായ മനുഷ്യരുടെ ജീവിതം തേടിയെടുക്കാനായിരുന്നു. മലബാറിലേയും നീലഗിരിയിലേയും ക്രൈസ്തവ സ്മാരകങ്ങളുടെ കഥ പറയുന്ന മൂന്നു പുസ്തകങ്ങള്‍ അതിന്റെ ഭാഗമായി പുറത്തുവന്നു. 

എല്ലായിടത്തും കാണുന്ന ചില പൊതുപ്രശ്നങ്ങളുണ്ട്. സെമിത്തേരികളിലെ സ്മാരകശിലകള്‍ പലതും  അപ്രത്യക്ഷമായിരിക്കുന്നു.  ചിലതൊക്കെ കാലപ്പഴക്കത്തില്‍  നാശത്തിന്റെ വക്കിലാണ്. പള്ളികളില്‍ സൂക്ഷിച്ചിരുന്ന ജനനമരണ രജിസ്റ്ററുകളില്‍ പലതും കാലപ്പഴക്കത്താല്‍ നാശോന്മുഖമായി. ചിലതൊക്കെ പള്ളികളുടെ സ്വത്തു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടയില്‍ കോടതിഫയലുകളില്‍ കുടുങ്ങിപ്പോയി. പഴയ സെമിത്തേരികള്‍ പലതും നഗരമധ്യത്തിലാണ്. മൃതരായവര്‍ക്ക് അന്ത്യശയനത്തിനു നഗരഭൂമിതന്നെ വേണമെന്ന് ശഠിക്കാനാവില്ലല്ലോ. അതിനാല്‍ സെമിത്തേരികള്‍ കയ്യേറി പലേടത്തും വ്യാപാരസമുച്ചയങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. പ്രേതങ്ങള്‍ അലഞ്ഞുനടന്ന ശ്മശാനഭൂമികളില്‍  ക്ലബ്ബുകളും വിവാഹവേദികളും തലപൊക്കിക്കഴിഞ്ഞു.

ഓരോ സമൂഹത്തിനും ചരിത്രം പലപ്പോഴും ഒരത്താണിയാണ്. ദുരിതകാലത്തു പൂര്‍വ്വികരുടെ ജീവിതത്തിലേക്ക്, അവരുടെ പ്രതിസന്ധികളിലേക്ക്, അതിജീവിക്കാന്‍ അവര്‍ നടത്തിയ പോരാട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ മനുഷ്യര്‍ക്കു താല്പര്യം കൂടും. അതിനാലാവണം കൊറോണാ മഹാമാരിയുടെ കാലത്തു പലരും സാമുവല്‍ പെപ്പിസിന്റെ  ഡയറിക്കുറിപ്പുകള്‍ വീണ്ടും വായിക്കാന്‍ തുടങ്ങിയത്. പതിനേഴാം നൂറ്റാണ്ടില്‍ ലണ്ടന്‍ നഗരത്തില്‍ പ്ലേഗ് പൊട്ടിപ്പടര്‍ന്നപ്പോള്‍ തന്റെ ഡയറിക്കുറിപ്പുകളില്‍ പെപ്പിസ് നിത്യാനുഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരുന്നു. അന്നുമിന്നും മനുഷ്യപ്രകൃതി ഒന്നുതന്നെ. പേടിയാണ് മനുഷ്യരെ ഭരിച്ചത്. പ്ലേഗ് വന്നാല്‍ വീടുകള്‍ ബന്ധിതമാകും. വഴിപോക്കര്‍ക്കു മുന്നറിയിപ്പായി പുറത്തു ചുവന്ന കുരിശും വരച്ചുവെക്കും. നാല്പതാം പക്കം അകത്ത് ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ കുളിപ്പിച്ചു ശുദ്ധിയാക്കി സമൂഹത്തിലേക്ക് തിരിച്ചു സ്വാഗതം ചെയ്യും. ക്വാറന്റൈന്‍ അന്ന് 40 ദിവസമെങ്കില്‍ ഇന്ന് 14. അതേയുള്ളു വ്യത്യാസം. 

കൊടുങ്ങല്ലൂർ ന​ഗരം ചിത്രകാരന്റെ ഭാവനയിൽ
കൊടുങ്ങല്ലൂർ ന​ഗരം ചിത്രകാരന്റെ ഭാവനയിൽ

ജീവിതവും മരണവും രേഖപ്പെടുത്തല്‍

മനുഷ്യാനുഭവങ്ങളുടെ സമാനത കാരണമാണ് മഹാമാരിയുടെ കാലത്തു വീണ്ടും മരണരജിസ്റ്ററുകളിലെ ജീവിതങ്ങള്‍ തേടിപ്പോയത്. എല്ലാക്കാലത്തും എല്ലാ ദേശത്തും മരണവും സങ്കടങ്ങളും ദുരന്തങ്ങളും ഒരേ നിറത്തിലും ഭാവത്തിലുമാണ് മനുഷ്യരെ തേടിവരുന്നത്.  കഴിഞ്ഞുപോയ നൂറ്റാണ്ടുകളില്‍ സമൂഹം നേരിട്ട മഹാമാരികളുടെ ദുരന്തചിത്രങ്ങള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കോളറയും വസൂരിയും മലമ്പനിയും കാരണം കുടുംബങ്ങള്‍ പലതും കണ്ണടച്ചു തുറക്കും മുന്‍പ് തുടച്ചുനീക്കപ്പെടുന്ന ദൃശ്യങ്ങള്‍ അതിലുണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഭിന്നതകളും അതിനിടയില്‍ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കണ്ണൂരില്‍ പ്ലേഗും വസൂരിയും പടര്‍ന്നുപിടിച്ച നാളുകളിലേക്കു നോക്കുക. സൈനിക കന്റോണ്‍മെന്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങളില്‍ വ്യാധി കാര്യമായി ഏശിയതായി കാണാനില്ല.  എന്നാല്‍,  സാധാരണ കുടുംബങ്ങള്‍ തിങ്ങിത്താമസിച്ച ബാരക്കുകളില്‍ മരണം താണ്ഡവമാടി. അവരുടെ മരണവിവരം  കത്തോലിക്കാ പള്ളിയിലെ രജിസ്റ്ററിലുണ്ട്. മരിച്ചവരില്‍ അധികവും അയര്‍ലണ്ടിലെ ഗ്രാമങ്ങളില്‍നിന്നും  സ്‌കോട്‌ലാന്‍ഡിലെ കുന്നുകളില്‍നിന്നും വന്നവരായിരുന്നു. മാപ്പിളമാരും മുക്കുവരും തിങ്ങിത്താമസിച്ച ഇടങ്ങളില്‍ മരണം ധാരാളമായി നടന്നു. സത്യത്തില്‍ എത്രപേര്‍ മരിച്ചെന്നു കണക്കില്ല. പേരും പദവിയുമില്ലാത്തവര്‍ക്കുവേണ്ടി ആരും ഒരു രജിസ്റ്ററും സൂക്ഷിച്ചില്ല. 

പ്ലേഗും വസൂരിയും പോലെയുള്ള മഹാമാരികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലും ഇടയ്ക്കിടെ  പൊട്ടിപ്പുറപ്പെട്ട ഭീഷണികളായിരുന്നു. എന്നാല്‍, ഒന്നാം ലോകയുദ്ധത്തിന് ശേഷമുള്ള വര്‍ഷങ്ങളില്‍  മഹാമാരികള്‍ കുറയുന്നതും രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയ മരണങ്ങള്‍  കുത്തനെ കുറയുന്നതും  കാണാവുന്നതാണ്. അതിനുള്ള കാരണവും വ്യക്തമാണ്: 1920-കള്‍ ആയപ്പോഴേക്കും ഭീകരമായ പകര്‍ച്ചവ്യാധികളെ കീഴ്പെടുത്തുന്നതില്‍  ശാസ്ത്രലോകം മുന്നേറ്റം കൈവരിച്ചുകഴിഞ്ഞിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ രേഖകളില്‍ കാണുന്നത് ഹൃദയഭേദകമായ ചിത്രങ്ങളാണ്: കുടുംബം ഒന്നടങ്കം ചത്തൊടുങ്ങുന്ന ദൃശ്യങ്ങള്‍. മക്കളെ ഒന്നൊന്നായി ശവമടക്കേണ്ടിവരുന്ന മാതാപിതാക്കന്മാര്‍. മാതാപിതാക്കള്‍ നഷ്ടമായി അനാഥരാവുന്ന കുട്ടികള്‍. പ്രസവത്തിലെ മരണവും ശിശുമരണവും വളരെ കൂടുതല്‍.  ശൈശവം കടക്കുകയെന്നതു ഭാഗ്യത്തിന്റെ വിഷയമായിരുന്നു. 

മലബാറിലേയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും കൊളോണിയല്‍ നഗരങ്ങളിലെ ക്രൈസ്തവ സെമിത്തേരികളേയും പള്ളികളേയും അടിസ്ഥാനമാക്കിയാണ് പഠനങ്ങള്‍ നടത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് അസ്സോസിയേഷന്‍ ഫോര്‍ സെമീറ്ററിസ് ഇന്‍ സൗത്ത് ഏഷ്യ(ബാക്‌സ)യുടെ സഹായത്തോടെയാണ് പല രേഖകളും സമ്പാദിച്ചത്. ആംഗ്ലിക്കന്‍ പള്ളികളിലെ രേഖകള്‍ അതാതു സമയങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസിലെ ആസ്ഥാനത്തും അവിടെനിന്നു ലണ്ടനിലെ ഇന്ത്യാ ഓഫീസിലും എത്തിയിരുന്നു. കത്തോലിക്കാ പള്ളികളിലെ രേഖകള്‍ അതാതിടങ്ങളില്‍ തന്നെയാണ് സൂക്ഷിച്ചത്. പക്ഷേ, പലേടത്തും രേഖകള്‍ നാശോന്മുഖമായി മാറിയതായി കണ്ടു. സെമിത്തേരികളില്‍ ബാക്കിയായ സ്മാരകശിലകളില്‍  നിന്നാണ് പരേതരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. പക്ഷേ, അതൊന്നും പൂര്‍ണ്ണമല്ല. 

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിലെ വിശാലമായ പ്രദേശങ്ങളിലെ സെമിത്തേരികളെ സംബന്ധിച്ച വിശദമായ ഒരു പഠനം തയ്യാറാക്കിയത് മദ്രാസ് സിവില്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിച്ച ജെയിംസ് ജൂലിയന്‍ കോട്ടണ്‍  എന്ന ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലും ആംഗ്ലിക്കന്‍ സഭയിലും ഉയര്‍ന്ന പദവികള്‍ വഹിച്ച കോട്ടണ്‍ കുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമായിരുന്നു ജെ.ജെ. കോട്ടണ്‍. അദ്ദേഹത്തിന്റെ പൂര്‍വ്വികനായ  ബിഷപ്പ് കോട്ടണ്‍ പ്രശസ്തമായ നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ബ്രിട്ടീഷ് സര്‍വ്വീസില്‍ മജിസ്‌ട്രേറ്റും കലക്ടറുമായി പ്രവര്‍ത്തിച്ച ജെ.ജെ. കോട്ടണ്‍ 1920-ല്‍ മദ്രാസില്‍ ഔദ്യോഗിക രേഖകളുടെ ക്യൂറേറ്റര്‍ ആയി നിയമിക്കപ്പെട്ടു. ഈ കാലത്തു കയ്യില്‍വന്ന രേഖകളില്‍ നിന്നാണ് ചരിത്രപരവും ശിലാലിഖിതപരവുമായ പ്രാധാന്യമുള്ള  സ്മാരകശിലകളിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കോട്ടണ്‍ 1905-ല്‍ തന്റെ പ്രസിദ്ധമായ ഗ്രന്ഥം പുറത്തിറക്കിയത്. വിശാലമായ മദ്രാസ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലെ സെമിത്തേരികളില്‍ സന്ദര്‍ശനം നടത്തി ലിഖിതങ്ങള്‍ പകര്‍ത്തിയാണ് വിപുലമായ പഠനം തയ്യാറാക്കിയത്. 1927-ല്‍ കോട്ടണ്‍ സായ്വിന്റെ മരണശേഷം പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 1945-ല്‍ മദ്രാസ് സര്‍ക്കാര്‍ പുസ്തകത്തിന്റെ  പരിഷ്‌കരിച്ച പതിപ്പു പുറത്തിറക്കുകയുണ്ടായി.  

കോട്ടണ്‍ തയ്യാറാക്കിയ ഗ്രന്ഥം പല നിലയിലും അപൂര്‍വ്വമാണ്. വിവരങ്ങളുടെ കൃത്യതയും വ്യക്തികളുടെ കുടുംബപരവും സാമൂഹികവുമായ പശ്ചാത്തലം സംബന്ധിച്ച കണിശതയും അതിന്റെ സവിശേഷതയാണ്. പക്ഷേ, അദ്ദേഹം ബ്രിട്ടീഷ് സമൂഹത്തിലെ വരേണ്യരെ മാത്രമാണ് ശ്രദ്ധിച്ചതെന്നു തോന്നും ലിസ്റ്റില്‍ ഉള്‍പ്പെടുന്ന പേരുകള്‍ നോക്കുമ്പോള്‍. സര്‍ക്കാരിലും സഭയിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചവരും അവരുടെ കുടുംബങ്ങളുമാണ് കോട്ടന്റെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തുടക്കം മുതല്‍ ബ്രിട്ടനിലെ ചില പ്രഭു കുടുംബങ്ങളാണ് അതിന്റെ ഭാഗധേയങ്ങള്‍ നിയന്ത്രിച്ചത്. ആംഗ്ലിക്കന്‍ സഭയിലെ അംഗങ്ങളാണ് അവരിലധികവും. ബ്രിട്ടീഷ് ഭരണസംവിധാനത്തില്‍ കത്തോലിക്കര്‍ക്ക് കാര്യമായ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ കന്റോണ്‍മെന്റുകളില്‍ ഐറിഷ്,  സ്‌കോട്ടിഷ് ഭടന്മാര്‍ക്കായി പ്രത്യേകം പള്ളികളും പട്ടക്കാരും ഒക്കെയുണ്ടെങ്കിലും അവരുടെ വിവരങ്ങള്‍ കോട്ടന്റെ പഠനത്തില്‍ തുച്ഛമായാണ് പ്രതിപാദിക്കപ്പെടുന്നത്. അതിനാല്‍ കൊളോണിയല്‍ പട്ടണങ്ങളിലെ സമൂഹത്തെ സംബന്ധിച്ച വിവരശേഖരണത്തിനു ഇത്തരം രേഖകള്‍ പൂര്‍ണ്ണമായി കണ്ടെത്തേണ്ടിവന്നു. 

അതത്ര എളുപ്പമുള്ള കാര്യമല്ല. കണ്ണൂരിലും തലശ്ശേരിയിലും മാഹിയിലുമാണ് മലബാറില്‍ ആദ്യത്തെ കോട്ടകള്‍ കൊളോണിയല്‍ ആധിപത്യത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നത്. കോട്ടകളോടനുബന്ധിച്ചു പള്ളികളും സെമിത്തേരികളുമുണ്ടായി. കണ്ണൂരില്‍ പോര്‍ത്തുഗീസ് നാവിക തലവനായ ഡോണ്‍ ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ് സെന്റ് ആന്‍ജെലോ കോട്ടയുടെ പണി തുടങ്ങിയത്; 1505-ല്‍. കോട്ടയുടെ നേരെ പലതവണ ആക്രമണങ്ങള്‍ നടന്നു. വടക്കു ഗോവയിലേക്കും തെക്കു സാമൂതിരിയുടേയും കൊച്ചിത്തമ്പുരാന്റേയും നാടുകളിലേക്കും അവരുടെ മുന്നേറ്റങ്ങള്‍ നടന്നത് സെന്റ് ആന്‍ജെലോ കോട്ടയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. പിന്നീട് 1663-ല്‍ ഡച്ചുകാരും 1790-ല്‍ ഇംഗ്ലീഷുകാരും കോട്ട കയ്യടക്കി. 1794-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേജര്‍ ജോണ്‍ ലംപാര്‍ഡിന്റെ കീഴില്‍  യൂറോപ്യന്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കോട്ടയിലെത്തി തമ്പടിച്ചു. പിന്നീട് ഒന്നര നൂറ്റാണ്ടുകാലം മലബാറില്‍ ബ്രിട്ടീഷ് സേനകളുടെ പ്രധാന കേന്ദ്രം കണ്ണൂര്‍ കോട്ടയായിരുന്നു. വടക്കു ഹൈദരാലിയും ടിപ്പുവും ഉയര്‍ത്തിയ ഭീഷണിയും തെക്കു മലബാറിലെ മാപ്പിളമാരുടെ കലാപങ്ങളും നേരിടാന്‍ അവിടെനിന്നാണ് സൈന്യങ്ങള്‍ പുറപ്പെട്ടത്.

കൊച്ചിൻ ലസാരസ് ഹൗസ്
കൊച്ചിൻ ലസാരസ് ഹൗസ്

ചരിത്രത്തിലെ ചികിത്സാപാഠങ്ങള്‍

1505-ല്‍ തന്നെയാണ് കോട്ടയ്ക്കകത്തു ജെയിംസ് പുണ്യവാളന്റെ പേരില്‍ ഒരു പ്രാര്‍ത്ഥനാലയം വന്നത്. 1598-ല്‍ പോര്‍ത്തുഗീസ് ആര്‍ച്ച് ബിഷപ്പ് അവിടം സന്ദര്‍ശിച്ചതായി രേഖയുണ്ട്. ഒരു നൂറ്റാണ്ടു കഴിഞ്ഞു പുതിയൊരു പള്ളി ഉയര്‍ന്നു. ഇക്കാലത്തു കോട്ടയ്ക്കകത്തുള്ള സെമിത്തേരിയില്‍ സ്മാരകശിലകള്‍ പലതുണ്ടായിരുന്നു. ഇപ്പോള്‍ ആകെ  ബാക്കിയുള്ളത് ഡച്ചുകാരായ വെയെര്‍മാന്‍ കുടുംബത്തിന്റെ പേരിലുള്ള സ്മാരകശില മാത്രമാണ്. കൊച്ചിയില്‍ ഡച്ച്  പ്രതിനിധിയായിരുന്ന ഗോഡ്‌ഫ്രേ  വെയെര്‍മാന്റെ ഭാര്യയും മക്കളുമാണ്  അതില്‍ അനുസ്മരിക്കപ്പെടുന്നത്. കണ്ണൂരില്‍ പത്തു വര്‍ഷത്തിനിടയില്‍ കുടുംബം നേരിടുന്ന ദുരിതങ്ങള്‍ നോക്കുക: 1745 മാര്‍ച്ച് 28-നു വെയെര്‍മാന്റെ ഭാര്യ പതിനെട്ടുകാരി സൂസന്നയും കുട്ടിയും പ്രസവത്തില്‍ മരിക്കുന്നു. വെയെര്‍മാന്‍ വീണ്ടും വിവാഹിതനായി. രണ്ടാം ഭാര്യ  ജോവന്ന ബാനിസ്റ്ററില്‍ 1749 ആഗസ്റ്റ് 28-നു ജനിച്ച മകന്‍ ഒരു മാസം മാത്രമേ ജീവിച്ചുള്ളു. കുട്ടി ഒക്ടോബര്‍ രണ്ടിന് മരിച്ചു. വീണ്ടും ഒരു മകന്റെ മരണം കൂടി രേഖകളില്‍ കാണാം.  ഇത്തവണ 15 മാസം പിടിച്ചുനിന്ന കുട്ടി 1755 ജൂലൈ 22-നാണ് ജീവന്‍ വെടിഞ്ഞത്. 

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ ജനനമരണ രജിസ്റ്ററുകളില്‍ തെളിഞ്ഞുവരുന്ന ഭീകരമായ ഒരു ചിത്രം ശിശുമരണവും പ്രസവത്തിലെ മരണവും എത്രമാത്രം വ്യാപകമായിരുന്നുവെന്നതാണ്. പ്രസവം ഒരു അഗ്‌നിപരീക്ഷണമായിരുന്നു. മാതൃ-ശിശു മരണങ്ങള്‍ വ്യാപകം. ഇതിനൊരു അന്ത്യം വരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങള്‍ക്ക് ശേഷം മാത്രമാണ്.  ചികിത്സാരംഗത്തെ പുരോഗതിയും വ്യാധികള്‍ക്കെതിരെ കുത്തിവെയ്പുകളുടെ ആവിര്‍ഭാവവും മനുഷ്യരാശിയെ ഇത്തരം ഭീകരാവസ്ഥയില്‍നിന്നു രക്ഷിക്കുന്നത് ഈ രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാനാവും. എന്നാല്‍ എത്രവേഗമാണ് മനുഷ്യര്‍ ചരിത്രത്തിലെ  പാഠങ്ങള്‍ മറന്നുപോവുന്നത്. പകര്‍ച്ചവ്യാധികള്‍ക്കും പോളിയോ അടക്കമുള്ള ശിശുരോഗങ്ങള്‍ക്കും കുത്തിവെയ്പ് എടുക്കുന്നതിനെതിരെ ചിലര്‍   സംഘടിതമായി നീങ്ങുന്ന കാലമാണല്ലോ നമ്മുടേത്. 

പകര്‍ച്ചവ്യാധികളുടെ ഭീഷണി സമൂഹത്തെ നിരന്തരം അലട്ടിയ പ്രശ്നമാണ്. മലബാറില്‍ വിശദമായ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ കണ്ണൂരിലേയും തലശ്ശേരിയിലേയും അനുഭവങ്ങള്‍ നോക്കുക. വസൂരിയും കോളറയും മലമ്പനിയും ഇടവിട്ടുള്ള വര്‍ഷങ്ങളില്‍ വന്നുകൊണ്ടിരുന്നു. അതിനൊന്നും കാര്യമായി ഒരു ചികിത്സയും ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിക്കലും അസുഖബാധിതരുള്ള വീടുകള്‍ പുറത്തുനിന്നുള്ള സമ്പര്‍ക്കങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തലും തന്നെയായിരുന്നു രോഗപ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗ്ഗം.
 
കണ്ണൂരില്‍ സെന്റ് ആന്‍ജെലോ കോട്ടയ്ക്കു സമീപമുള്ള സെന്റ് ജോണ്‍സ് പള്ളി 1808-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സേന അവിടെ സ്ഥിരമായി തമ്പടിച്ച സമയത്തു പണിതതാണ്. അന്നു മുതലുള്ള രേഖകള്‍ അവിടെയുണ്ടായിരുന്നു.  പക്ഷേ, അറുപതുകളില്‍ നടന്ന ചില തര്‍ക്കങ്ങളുടെ കാലത്ത് ആദ്യകാല രേഖകള്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ ബാക്കിയുള്ളത് 1856 മുതലുള്ള മരണങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമാണ്. അതിലുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ വസൂരി, മലമ്പനി, കോളറ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതായി കാണാം. നഗരത്തില്‍ രണ്ടുതവണ തുടര്‍ച്ചയായി പ്ലേഗ് വന്നതായി രേഖകള്‍ തെളിയിക്കുന്നു. 1908-ല്‍ ഹോളി ട്രിനിറ്റിയിലെ ഒരു കത്തോലിക്കാ കുടുംബത്തെയാണ് പ്ലേഗ് ബാധിച്ചത്. രണ്ടാം തവണ, 1911-ല്‍ വീണ്ടും പ്ലേഗ് എത്തിയപ്പോള്‍ ആംഗ്ലിക്കന്‍ സഭക്കാരായ വോള്‍ഗര്‍ ദമ്പതികളുടെ മകള്‍ വയലറ്റ് (11) അതിനിരയായി. ഇതേ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടി- അവളുടെ പേരും വയലറ്റ് എന്നുതന്നെ- 20 വര്‍ഷം മുന്‍പ് 1891 ഡിസംബര്‍ 30-ന് അഞ്ചാം വയസ്സില്‍ വസൂരി വന്നു മരിച്ചതായും കാണുന്നു. 

കന്റോണ്‍മെന്റിലും ചുറ്റിലുമുള്ള പട്ടണത്തിലും വസൂരിയും മലമ്പനിയും കോളറയും സ്ഥിരം പ്രതിഭാസമായിരുന്നു. 1861-ലും 1865-ലും കോളറാ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മലമ്പനി കൂടുതല്‍ വ്യാപകമായിരുന്നു. 1857, 1862, 1871, 1874 വര്‍ഷങ്ങളില്‍ മലമ്പനി മരണങ്ങള്‍ ആംഗ്ലിക്കന്‍ സഭാരേഖകളില്‍ കാണുന്നു. വസൂരിയും നിരന്തരമായി ഭീഷണിയുയര്‍ത്തി. 1864, 1867, 1868, 1873, 1891 എന്നിങ്ങനെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വസൂരി മരണം കാണുന്നു. 

അല്പം അകലെ, ബര്‍ണശ്ശേരിയിലെ ഹോളി ട്രിനിറ്റി കത്തോലിക്കാ പള്ളിയില്‍ 1840 മുതലുള്ള രേഖകള്‍ പത്തു വാല്യങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. കുറേക്കൂടി പാവപ്പെട്ട കടുംബങ്ങളാണ് പള്ളിയില്‍ ആരാധനയ്ക്കായി എത്തിയിരുന്നത്. നാട്ടുകാരായ ക്രിസ്ത്യാനികളും ഇവിടെ ധാരാളമായി എത്തിയിരുന്നു. അവരുടെ ജീവിതസൗകര്യങ്ങള്‍  പരിമിതമായിരുന്നു. അതിനാല്‍ മാരക രോഗങ്ങളുടെ ഇരകള്‍ അവര്‍ക്കിടയില്‍ കൂടുതലുമായിരുന്നു. ഹോളി ട്രിനിറ്റിയിലെ രേഖകള്‍ പ്രകാരം മലമ്പനി 1862, 1891, 1911 വര്‍ഷങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടതായി കാണുന്നു. കോളറയുടെ ആക്രമണമുണ്ടായത് മൂന്ന് തവണയാണ്; ആദ്യ തവണ 1861-ല്‍. അത് വളരെ മാരകമായാണ് അനുഭവപ്പെട്ടത്. ആറു കോളറ മരണങ്ങളാണ് ആ  വര്‍ഷം  രജിസ്റ്ററില്‍ രേഖപ്പെടുത്തി കാണുന്നത്. പിന്നീട് കോളറയുടെ വരവ് 1878-ലും 1908-ലുമാണ് കാണുന്നത്. ഓരോ തവണയും ഓരോ മരണം വീതമാണ് രേഖപ്പെടുത്തിയത്. 

വസൂരിയും ഒട്ടും പിന്നിലായിരുന്നില്ല. ഇടവകയില്‍ ചുരുങ്ങിയത് പത്തു മരണങ്ങളെങ്കിലും അതിന്റെ വിളയാട്ടത്തില്‍ സംഭവിച്ചതായി തെളിവുണ്ട്. 1857-ലും 1885-ലും  മൂന്നുപേര്‍ വീതം, 1887-ലും 1890-ലും ഓരോ ആള്‍, 1917-ല്‍ രണ്ടുപേര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. സഭയ്ക്ക് പുറത്തുള്ള മറ്റു  സമുദായങ്ങളിലെ അവസ്ഥ അതിനേക്കാള്‍ ഭയാനകം എന്ന് സമകാല രേഖകളില്‍ കാണാം. പക്ഷേ. കൃത്യമായ കണക്കുകള്‍  ലഭ്യമല്ല. തലശ്ശേരിയിലെ പഴയ കോട്ടയും കൊളോണിയല്‍ ബന്ധങ്ങളും കൂടുതല്‍ പഴക്കമേറിയതാണെങ്കിലും ഇടവകപ്പള്ളികളിലെ രേഖകളില്‍ സമൂഹത്തില്‍ സംഭവിച്ച ആഘാതങ്ങളുടെ ചിത്രങ്ങള്‍ ചികഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കുറവാണ്. 1579-ല്‍ പോര്‍ത്തുഗീസുകാരാണ് കടലോരത്തെ കത്തോലിക്കാ പള്ളി പണിതത്. ഡീഗോ റോഡ്രിഗ്സ് 1609-ല്‍ അതു പുതുക്കിപ്പണിതു. പക്ഷേ, ഹോളി റോസറി പള്ളിയിലെ പഴയ രേഖകള്‍ നാശോന്മുഖമായ അവസ്ഥയിലാണ്. 1940-കളില്‍ തയ്യാറാക്കിയ ഒരു കുറിപ്പ് ഗവേഷകര്‍ക്ക് ലഭ്യമാണ്. പുറമെ കോട്ടണ്‍ നല്‍കുന്ന പരിമിതമായ വിവരങ്ങളും പള്ളി സെമിത്തേരിയില്‍ ബാക്കിയായ ഒരു ഡസനിലൊതുങ്ങുന്ന ശിലാഫലകങ്ങളുമാണ് പഴയ കാലത്തേതായി അവിടെ ബാക്കിയുള്ളത്. പള്ളിയുടെ ചുമരുകളില്‍ നിരവധി സ്മാരകഫലകങ്ങള്‍ ഉണ്ടായിരുന്നത് സമീപകാലത്ത് പള്ളി പുതുക്കിപ്പണിതപ്പോള്‍ അവിടെനിന്നുമാറ്റി.  

ആംഗ്ലിക്കന്‍ സഭയുടെ സെന്റ് ജോണ്‍സ് പള്ളിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1816-ല്‍ സ്ഥാപിച്ചതാണ് പള്ളി. തലശ്ശേരിയിലെ പൗരപ്രമാണി എഡ്വേഡ് ബ്രെണ്ണന്‍ അതു പുതുക്കിപ്പണിതു. അന്നുമുതല്‍ ആരാധനയും നടക്കുന്നതാണ്. സെമിത്തേരിയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം മുതലുള്ള നിരവധി സ്മാരകശിലകളുണ്ട്. തലശ്ശേരി തുറമുഖത്തിന്റെ  ചുമതലക്കാരനായിരുന്ന ബ്രെണ്ണന്‍ അന്ത്യവിശ്രമം കൊള്ളുന്നത് അവിടെയാണ്. അഞ്ചരക്കണ്ടിയിലെ പ്രശസ്തമായ കറപ്പത്തോട്ടത്തിന്റെ ഉടമ മര്‍ഡോക് ബ്രൗണും ബ്രൗണ്‍ കുടുംബത്തിലെ പല അംഗങ്ങളും അവിടെയുണ്ട്. പഴശ്ശിരാജയുമായി ഏറ്റുമുട്ടിയ ഈസ്റ്റ് ഇന്ത്യാ കമ്പനി മജിസ്‌ട്രേറ്റ് തോമസ് ബാബറിന്റെ ഭാര്യയുടെ ശവകുടീരവും അവിടെക്കാണാം. എന്നാല്‍ ബാബര്‍ എവിടെയാണ് സംസ്‌കരിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. അക്കാലത്തെ രേഖകള്‍ 1960-കളില്‍ അപ്രത്യക്ഷമായതാണ്. സഭയ്ക്കുള്ളില്‍  ഉണ്ടായ ചില  അവകാശത്തര്‍ക്കങ്ങളെ തുടര്‍ന്നാണ് രേഖകള്‍ നശിപ്പിക്കപ്പെട്ടത് എന്നു കേള്‍ക്കുന്നു.  സെമിത്തേരിയില്‍ കാണുന്ന ശിലകളും പള്ളിക്കകത്തെ സ്മാരകഫലകങ്ങളും കോട്ടണ്‍ നല്‍കിയ വിവരണങ്ങളും മാത്രമാണ് അവിടെ ജീവിച്ച മനുഷ്യരെക്കുറിച്ചു പഠിക്കാനായി ബാക്കിനില്‍ക്കുന്നത്.

ചരിത്രപരമായി എത്രമേല്‍ പ്രധാനമാണെങ്കിലും ആരും ശ്രദ്ധിക്കാതെ അങ്ങനെ കിടക്കുകയായിരുന്നു തലശ്ശേരിയിലെ സെമിത്തേരിയും പള്ളിയും. സെമിത്തേരിയുടെ പല ഭാഗത്തും പ്രവേശിക്കുകതന്നെ അസാധ്യമായിരുന്നു. ഓരോ മഴയിലും പുല്ലും പടര്‍പ്പും വന്നു അവിടമെല്ലാം മൂടിക്കിടന്നു. എന്നാല്‍ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത്, നാട്ടുകാരനായ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസത്തിന്റെ ചുമതലകൂടി  വഹിക്കുന്ന മന്ത്രിയായപ്പോള്‍   സെമിത്തേരിയും പരിസരവും വൃത്തിയാക്കി മോടി പിടിപ്പിച്ചു അലങ്കാരവിളക്കുകള്‍ സ്ഥാപിച്ചു. കേരളത്തില്‍ ബാക്കിനില്‍ക്കുന്ന കൊളോണിയല്‍ സ്മാരകങ്ങളില്‍ പരീക്ഷിക്കാവുന്ന ഒരു സംരക്ഷണയത്‌നമാണ് കോടിയേരി നടത്തിയത്. ഇന്ന് മലബാര്‍ ഭാഗത്തെ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെടുന്ന സ്മാരകമാണ് തലശ്ശേരിയിലേത്.

കോഴിക്കോട് ന​ഗരം 1575ൽ (ചിത്രീകരണം)
കോഴിക്കോട് ന​ഗരം 1575ൽ (ചിത്രീകരണം)

തൊട്ടു വലതുഭാഗത്തു കടലിനോടു ചേര്‍ന്നുകിടക്കുന്ന ഹോളി റോസറി പള്ളിയുടെ പിന്നാമ്പുറത്തു മണ്ണില്‍  പുതഞ്ഞുകിടക്കുന്ന ഏതാനും ഫലകങ്ങളെക്കുറിച്ച് നേരത്തെ അവിടെ സന്ദര്‍ശിച്ച സുഹൃത്ത് ഹെന്റി ബ്രൗണ്‍റിഗ്ഗ് എന്നോട് സൂചിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളോളം ബാക്സയുടെ കേരളാ പ്രതിനിധിയായിരുന്ന ഹെന്റി മരണത്തിനു ഏതാനും വര്‍ഷം മുന്‍പുവരെ ലണ്ടനില്‍നിന്നും സ്ഥിരമായി ഇവിടെ വന്നു വിദൂരപ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങി സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഒരു ദീര്‍ഘകാലയളവില്‍ അദ്ദേഹം എടുത്ത ക്രൈസ്തവ-മുസ്ലിം പള്ളികളുടേയും മറ്റു ദേവാലയങ്ങളുടേയും ചിത്രങ്ങള്‍ കേരളീയ സമൂഹത്തിലെ വിവിധ സമുദായങ്ങളുടെ സാംസ്‌കാരികമായ പാരസ്പര്യത്തെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് മലബാറിലെങ്ങും ചിതറിക്കിടക്കുന്ന പഴയ മുസ്ലിം പള്ളികളുടേയും നിസ്‌കാരത്തിനുള്ള സ്രാമ്പികളുടേയും ചിത്രങ്ങള്‍. അവയില്‍ കേരളീയ നിര്‍മ്മാണശൈലിയാണ് നമുക്കു കാണാന്‍ കഴിയുക. പക്ഷേ, അവയില്‍ പലതും ഇപ്പോള്‍ പുതുക്കിപ്പണിയലില്‍ രൂപഭാവങ്ങള്‍ മാറി കേരളമണ്ണിലെ പശ്ചിമേഷ്യന്‍ സ്മാരകങ്ങളായി മാറുകയാണ്. കത്തോലിക്കാ പള്ളികളിലും ഇത്തരമൊരു രൂപമാറ്റം സംഭവിക്കുന്നുണ്ട്. ഈയിടെ പുതുക്കിപ്പണിത കോഴിക്കോട്ടെ പുരാതനമായ ദേവമാതാ കത്തീഡ്രല്‍ അതിനൊരു അപവാദമാണ്. പഴയരൂപവും ശൈലിയും അതേപടി നിലനിര്‍ത്തിയാണ് പള്ളി പുതുക്കിപ്പണിതത്.  

തലശ്ശേരിയില്‍ ഹോളി റോസറി പള്ളിക്കു പിന്നിലെ മണലില്‍ മൂടിക്കിടന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഫലകങ്ങള്‍ കാണണമെന്ന എന്റെ ആഗ്രഹം നല്ലവനായ ഇടവകയച്ചന്‍ ഫാദര്‍ പീറ്റര്‍ പാറേക്കാട്ടില്‍ സാധിച്ചുതന്നു. ഒരു മണ്‍വെട്ടി വരുത്തി അവിടെയുള്ള മണ്ണ് നീക്കിയപ്പോള്‍ മൂന്നു ശിലാഫലകങ്ങള്‍ അടുത്തടുത്തായി നിരത്തിവെച്ചതു കാണായി. അഴുക്കൊക്കെ കഴുകി നീക്കി അവയുടെ ചിത്രം പകര്‍ത്തി ഞങ്ങള്‍ സ്ഥലം വിട്ടു. പോര്‍ത്തുഗീസ് ഭാഷയിലുള്ള ലിഖിതമാണ്; 1749-ലാണ് അതവിടെ സ്ഥാപിച്ചത്.  പട്ടിക്കു തേങ്ങാ കിട്ടിയ അവസ്ഥയിലായി ഞാന്‍. എങ്ങനെ അതിലെ വിവരങ്ങള്‍ വായിച്ചെടുക്കും? അതു വായിക്കാന്‍ കഴിവുള്ളയാളെ  അന്വേഷിച്ച് കുറേക്കാലം ചെലവഴിച്ചു. അവസാനം, ലിസ്ബണ്‍ സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗത്തിലെ പ്രൊഫ. റാഫേല്‍ മൊറെയ്‌റയെ  പരിചയപ്പെട്ടു. മധ്യകാല പോര്‍ത്തുഗീസ് ലിഖിതങ്ങളില്‍ വിദഗ്ധനായ പ്രൊഫ. മൊറെയ്‌റയാണ് ഞങ്ങള്‍ കണ്ടെത്തിയ ചരിത്രപ്രാധാന്യമുള്ള പല പോര്‍ത്തുഗീസ് ലിഖിതങ്ങളും വായിച്ചുതന്നത്. തലശ്ശേരിയിലെ ഈ ഫലകങ്ങളും അങ്ങനെ ചില രഹസ്യങ്ങള്‍ ഞങ്ങള്‍ക്കായി കാത്തുവെച്ചിരുന്നു. 

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com