വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.

ചെറിയൊരു കുറ്റകൃത്യം ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കുമോ? അതും ഒരു നിരപരാധിയുടെ. സാധാരണയായി പാടില്ലാത്തതാണ്. പക്ഷേ, സംഭവിച്ചു കൂടെന്നൊന്നുമില്ല. അത്തരമൊരു സംഭവം വ്യക്തമായി ഓര്‍ക്കുന്നു, മൂന്നു ദശകത്തിനുശേഷവും. ആലപ്പുഴയില്‍ എസ്.പി ആയി ചാര്‍ജെടുത്ത കാലത്താണ് അതുണ്ടായത്.

പരാതിയുമായി ഒരമ്മയും മകളും എന്നെ കാണാന്‍ ഓഫീസില്‍ വന്നു. സാധാരണരീതിയില്‍ അവരോട് ഇരിക്കാന്‍ പറഞ്ഞു. അമ്മ വലിയ മടിയില്ലാതെ മുന്നില്‍ കിടന്ന കസേരയില്‍ ഇരുന്നു. പത്തിരുപത് വയസ്സ് പ്രായം തോന്നിച്ചിരുന്ന മകള്‍ മടിച്ചുനിന്നു. വീണ്ടും പറഞ്ഞപ്പോഴും ''വേണ്ട  സാര്‍'' എന്നു പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ നിന്നു, അമ്മയുടെ അരികത്തായി. ആ പുഞ്ചിരിക്കു പിന്നില്‍ എന്തോ അടക്കിപ്പിടിച്ച ദുഃഖം പുറത്തുവരാതെ നിയന്ത്രിക്കുന്നതുപോലെ എനിക്കു തോന്നി. അവര്‍ വിവാഹിതയായിരുന്നുവെന്ന് സീമന്തരേഖയിലെ സിന്ദൂരത്തിന്റെ ചെറുതരി സൂചിപ്പിച്ചു.

അമ്മയാണ് കാര്യം പറഞ്ഞത്. മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. പക്ഷേ, മൂന്ന് ദിവസം മാത്രമേ ഭര്‍ത്താവുമൊത്ത് താമസിച്ചിട്ടുള്ളു. ഇങ്ങനെ അവര്‍ പറഞ്ഞു തുടങ്ങി. പക്ഷേ, അവരെനിക്കു നല്‍കിയ പരാതി ഒരു മോഷണക്കേസിന്റെ അന്വേഷണം ശരിയായി നടത്തണമെന്നതായിരുന്നു. മോഷണക്കേസും വിവാഹപ്രശ്‌നവും തമ്മിലെന്ത് ബന്ധം? പല ആളുകള്‍ക്കും കാര്യങ്ങള്‍ വളച്ചുകെട്ടി അവതരിപ്പിക്കുന്ന ശീലമുണ്ട്. ''പരാതി, മോഷണക്കേസ് ആണല്ലോ,'' ഞാന്‍ ചോദിച്ചു. ''ഈ മോഷണം തന്നെയാണ് സാര്‍ പ്രശ്‌നം.'' അവര്‍ പറഞ്ഞു. വെറുമൊരു ചെറിയ മോഷണത്തിനപ്പുറം പ്രശ്‌നം ഗൗരവമുള്ളതാണെന്ന് എനിക്ക് തോന്നി. അക്ഷമ ഒഴിവാക്കി അമ്മ പറഞ്ഞതു മുഴുവന്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടു. കാര്യങ്ങള്‍ എനിക്ക് വ്യക്തമായി.  

അവരുടെ നിര്‍ദ്ധന കുടുംബം അങ്ങേയറ്റം ബുദ്ധിമുട്ടി ബന്ധുക്കളുടേയും നാട്ടുകാരുടേയുമൊക്കെ സഹകരണത്തോടെയാണ് കുട്ടിയുടെ വിവാഹം നടത്തിയത്, ഒരു വര്‍ഷം മുന്‍പ്. നാട്ടിലെ ഒരു മോട്ടോര്‍വാഹന വര്‍ക്ക്ഷോപ്പിലെ ജോലിക്കാരനായിരുന്നു വരന്‍. വീട്ടുകാര്‍ തമ്മിലുള്ള ധാരണയനുസരിച്ച് അഞ്ചുപവന്‍  സ്വര്‍ണ്ണാഭരണം ഏറെ ബുദ്ധിമുട്ടിയെങ്കിലും പെണ്‍കുട്ടിക്കു നല്‍കി. കുറേ സാമ്പത്തിക ബാദ്ധ്യതകളുണ്ടായെങ്കിലും വലിയൊരു ഭാരം ഇറക്കിവെച്ചു എന്നാ കുടുംബം ആശ്വസിച്ചു. പക്ഷേ, മൂന്ന് ദിവസം കഴിഞ്ഞില്ല. കാര്യങ്ങള്‍ കീഴ്മേല്‍ മറിയാന്‍.

വിവാഹശേഷം നാട്ടുനടപ്പ് പ്രകാരം പെണ്‍കുട്ടിയും ഭര്‍ത്താവും ഭര്‍ത്തൃവീട്ടിലേയ്ക്ക് പോയി. അവിടെ അവളുടെ പരിമിതമായ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ മുറിയിലെ ചെറിയ അലമാരയിലാണ് സൂക്ഷിച്ചത്. വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല. ഗുരുതരമായ ഒരു പ്രശ്നമായിരുന്നു അത്. വീട്ടുകാരും അവര്‍ക്ക് വേണ്ടപ്പെട്ട ദിവ്യന്‍മാരുമെല്ലാം ചേര്‍ന്ന് ആലോചനയായി, അന്വേഷണമായി. വളരെ പെട്ടെന്ന് അവര്‍ കാര്യം കണ്ടുപിടിച്ചു. എന്തായാലും അതൊരു മോഷണമല്ല. ''കള്ളന്‍ കപ്പലില്‍ത്തന്നെ'' എന്നവര്‍ക്ക് ഉറപ്പായിരുന്നു. അവര്‍ നവവധുവില്‍ കുറ്റം ആരോപിച്ചു. കടുത്ത സാമ്പത്തിക വൈഷമ്യത്തിലായിരുന്ന വീട്ടുകാരെ സഹായിക്കാന്‍ മുന്‍ധാരണ പ്രകാരം സ്വര്‍ണ്ണാഭരണങ്ങള്‍ ആ കുട്ടി രഹസ്യമായി നീക്കം ചെയ്ത് ആരോ മുഖേന അവളുടെ വീട്ടിലെത്തിച്ചുവത്രേ. മറ്റൊരു സാധ്യതയും പ്രാദേശിക കുറ്റാന്വേഷണ വിദഗ്ദ്ധര്‍ കണ്ടുപിടിച്ചു. യഥാര്‍ത്ഥത്തില്‍ ആഭരണങ്ങളൊന്നും സ്വര്‍ണ്ണമായിരുന്നില്ലെന്നും മുക്കുപണ്ടമായിരുന്നെന്നും കള്ളി പുറത്താകുന്നത് തടയാന്‍ വേണ്ടി അവളും വീട്ടുകാരും ചേര്‍ന്ന് രഹസ്യമായി ആഭരണങ്ങള്‍ നീക്കം ചെയ്തുവെന്നും. അതൊരു മോഷണമാകാമെന്ന് വിശ്വസിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയ്യാറായില്ല. എങ്ങനെയാണ് ആഭരണങ്ങള്‍ നഷ്ടമായതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ലെങ്കിലും ഒരു കാര്യം അവര്‍ക്കുറപ്പായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിന് ഉത്തരവാദി ആ പെണ്‍കുട്ടി തന്നെ. കൂട്ടുനിന്നത് അവളുടെ വീട്ടുകാരും. അവളുടെ ഭാഗം ആരും കേട്ടില്ല. വളരെപ്പെട്ടെന്നുതന്നെ അടുത്ത നടപടിയും ഭര്‍ത്തൃവീട്ടുകാര്‍ തീരുമാനിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ വീണ്ടും നല്‍കുന്നതുവരെ പെണ്‍കുട്ടി അവളുടെ വീട്ടില്‍ നില്‍ക്കട്ടെ. മൂന്ന് ദിവസം മുന്‍പ് ആഘോഷപൂര്‍വ്വം വന്നുകയറിയ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും അവളൊറ്റയ്ക്ക് തിരിച്ചയയ്ക്കപ്പെട്ടു, അവളുടെ അച്ഛനമ്മമാരുടെ അടുത്തേയ്ക്ക്.

തിരികെ മടങ്ങുമ്പോള്‍ അവള്‍ക്ക് നഷ്ടമായിരുന്നത് നാലോ അഞ്ചോ പവന്‍ സ്വര്‍ണ്ണാഭരണം മാത്രമായിരുന്നില്ല, അതിനേക്കാള്‍ വിലപ്പെട്ട മറ്റു പലതും കൂടിയായിരുന്നു. ഭര്‍ത്താവിനേയും വീട്ടുകാരേയും കബളിപ്പിച്ചാണ് വിവാഹം നടത്തിയതെന്ന ദുഷ്പേര് സൃഷ്ടിക്കുന്ന അപമാനം എത്ര വലുതാണ്. ആ പെണ്‍കുട്ടിയുടേയും അവളുടെ അച്ഛനമ്മമാരുടേയും മറ്റും അവസ്ഥ എന്താകും? അവരെങ്ങനെ മറ്റുള്ളവരെ അഭിമുഖീകരിക്കും?  ഇതെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷമാണ്  ഈ വിഷയം എന്റെ മുന്നിലെത്തുന്നത്.

വെറും അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം മോഷണത്തിലൂടെയോ മറ്റ് രീതിയിലോ നഷ്ടമായി എന്നത് പൊലീസ് കാഴ്ചപ്പാടില്‍ വലിയ ഗൗരവമുള്ള വിഷയം അല്ല. പൊലീസ് സ്റ്റേഷനിലാണെങ്കില്‍പ്പോലും അത് വലിയ തലവേദനയൊന്നുമല്ല. മറ്റൊരു സാധാരണ കുറ്റം. ആദ്യം അല്പസ്വല്പം അന്വേഷണം നടത്തും. കിട്ടിയാല്‍ കിട്ടി. കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അത്രേയുള്ളു. അത്തരമൊരു കേസിന് സാധാരണഗതിയില്‍ വലിയ ആയുസ്സൊന്നുമില്ല. പരമാവധി ഒന്നോ രണ്ടോ മാസത്തിനകം 'എഴുതി close' ചെയ്യും. സാധാരണഗതിയില്‍ പ്രതീക്ഷയ്ക്ക് വലിയ വകയൊന്നുമില്ലാത്ത ഇത്തരമൊരു കേസിനു വേണ്ടിയാണ് ആ അമ്മയും മകളും എന്നെ കാണാനെത്തിയത് എന്നത് ആദ്യം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ എനിക്കു ബോദ്ധ്യമായി, ഇത് നാലോ അഞ്ചോ പവന്‍ സ്വര്‍ണ്ണം മോഷണം പോയ പ്രശ്‌നമല്ല. മറിച്ച് ഇത് ഒരു യുവതിയുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്.

വിവാഹജീവിതത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ കനത്ത തിരിച്ചടിയേറ്റ് ഭര്‍ത്താവില്‍നിന്നും വേര്‍പിരിയേണ്ടിവന്ന അവസ്ഥ. ഒപ്പം സ്വര്‍ണ്ണം കാണാതായതുമായി ബന്ധപ്പട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ സൃഷ്ടിച്ച ദുഷ്പേരും. നിയമത്തിന്റെ ദൃഷ്ടിയില്‍ പൊലീസിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു propetry case മാത്രമാണിത്. വസ്തുതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയപ്പോള്‍ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് വലിയൊരു മാനുഷിക പ്രശ്‌നമാണെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും വ്യക്തമായി. എസ്.പി നേരിട്ടിടപെട്ട് എങ്ങനെയെങ്കിലും മോഷണക്കേസ് തെളിയിച്ച് സ്വര്‍ണ്ണം കണ്ടെത്തണമെന്നായിരുന്നു അവരുടെ ആവശ്യം. നഷ്ടമായത് സ്വര്‍ണ്ണമല്ല, ആ കുട്ടിയുടെ ജീവിതം തന്നെയാണ് എന്നെനിക്കു തോന്നി.

ഇത്രയും മനസ്സിലായപ്പോള്‍ ഞാനവരോട് പറഞ്ഞു: ''ഇക്കാര്യത്തില്‍ ഭര്‍ത്താവും വീട്ടുകാരുമാണ് വലിയ പാതകം ചെയ്തിരിക്കുന്നത്. മോഷണത്തെക്കാള്‍ വലിയ കുറ്റമാണവര്‍ ചെയ്തത്.  ഉണ്ടായത് വലിയ ക്രൂരതയാണ്. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുക മാത്രമല്ല, അതിന്റെ പേരില്‍ ഏകപക്ഷീയമായി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നിറക്കി വിട്ടിരിക്കയാണ്. നിങ്ങളെയെല്ലാം അപമാനിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.'' ഇത്തരം വാദഗതികള്‍ നിരത്തി ഉടന്‍ തന്നെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടതെന്ന് അവരെ ഉദ്‌ബോധിപ്പിച്ചു. നിയമനടപടിയെക്കുറിച്ചുള്ള എന്റെ ധാര്‍മ്മികരോഷത്തോടെയുള്ള ബോധവല്‍ക്കരണംകൊണ്ട ് ഒരു പ്രയോജനവുമുണ്ടായില്ല. എന്നു മാത്രമല്ല, അതവരെ കൂടുതല്‍ അസ്വസ്ഥരാക്കിയതേ ഉള്ളു. അവസാനം ആ അമ്മ പറഞ്ഞു: ''സാറെ, അവരുടെ പേരില്‍ ഇനി കേസും കൂടെ കൊടുത്താല്‍ പിന്നെ എല്ലാം അതോടെ തീര്‍ന്നു. ഈ ബന്ധം തന്നെ ഉപേക്ഷിക്കും.'' ഞാനുപദേശിച്ച നിയമത്തിന്റെ വഴിയില്‍ അവരുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നെനിക്കു മനസ്സിലായി. പലപ്പോഴും ഉലയുന്ന മനുഷ്യബന്ധങ്ങളെ, ഒരു വീണ്ടെടുപ്പിനുള്ള മുഴുവന്‍ സാദ്ധ്യതയും ഇല്ലാതാക്കുംവിധം തകര്‍ക്കുവാനേ നിയമനടപടികള്‍ ഉപകരിക്കൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അവരുടെ ആവശ്യം വളരെ വ്യക്തമായിത്തന്നെ അവര്‍ പറഞ്ഞു: ''സാറെടപെട്ട് എങ്ങനെയെങ്കിലും മോഷണക്കേസ് തെളിയിച്ച് എന്റെ മോടെ ജീവിതം രക്ഷിക്കണം.''

''ഇതൊന്നും നടക്കാന്‍ സാധ്യതയുള്ള കാര്യമല്ല'' എന്നു പറയാനാണ് തോന്നിയത്. അതാണ് യുക്തിപരമായ സാധ്യത. പക്ഷേ, അവരുടെ മുഖത്തു നോക്കുമ്പോള്‍, പ്രത്യേകിച്ചും ആ പെണ്‍കുട്ടിയുടെ മുഖത്തെ പ്രതീക്ഷയുടെ നിഷ്‌കളങ്കമായ പുഞ്ചിരി കാണുമ്പോള്‍, അതു പറയാന്‍ മനസ്സ് വന്നില്ല. ''ശ്രമിച്ചു നോക്കാം'' എന്നു ഞാന്‍ പറഞ്ഞു.

അതുവരെ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച്  ഞാനവരോട് തന്നെ ആരാഞ്ഞു. മകള്‍ തിരികെ വീട്ടില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പഞ്ചായത്തു മെമ്പറേയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തുവെന്നും പൊലീസ് കുറേ അന്വേഷിച്ചുവെന്നുമൊക്കെ അവര്‍ പറഞ്ഞു. പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാവുമായി ചേര്‍ന്ന് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയെന്നും അവരൊക്കെ അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു. അവര്‍ നേരിട്ടും രാഷ്ട്രീയ നേതാക്കള്‍ മുഖേനയും കേസിന്റെ പുരോഗതി നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നു. അന്വേഷണം നടക്കുന്നുണ്ട് എന്ന മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. അന്വേഷണത്തെക്കുറിച്ചോ പൊലീസിനെക്കുറിച്ചോ പരാതിയൊന്നും അവര്‍ പറഞ്ഞില്ല. പൊലീസ് അന്വേഷണത്തില്‍ അവര്‍ക്ക് നല്ല പ്രതീക്ഷയായിരുന്നുവെന്ന് തോന്നുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയുടെ പ്രതീക്ഷ.

അന്വേഷണ പുരോഗതി നേരിട്ട് മനസ്സിലാക്കാമെന്ന ധാരണയില്‍, ''നിങ്ങളല്പം പുറത്ത് നില്‍ക്കൂ, വീണ്ടും വിളിക്കാം'', എന്ന് അവരോട് പറഞ്ഞു. ഒരു വര്‍ഷം മുന്‍പുള്ള മോഷണമെന്ന് സംശയിക്കുന്ന ചെറിയ സംഭവത്തിന്മേലുള്ള പരാതിയെക്കുറിച്ച് ഡി.വൈ.എസ്.പിയോടോ സി.ഐയോടോ ഒരു റിപ്പോര്‍ട്ട് തേടിയാല്‍ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയാമായിരുന്നു. കുറേ വൈകിയെങ്കിലും റിപ്പോര്‍ട്ട് കിട്ടും; പക്ഷേ, ഉപയോഗപ്രദമായ വിവരമൊന്നുമുണ്ടാവില്ല, നിയമസഭയില്‍ ചിലപ്പോള്‍ കേള്‍ക്കാറുള്ള മറുപടിപോലെ. അതുകൊണ്ട് അവര്‍ പുറത്തിറങ്ങിയശേഷം ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഫോണ്‍ വിളിച്ച് ഈ കേസിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന് അങ്ങനെ ഒരു കേസിനെക്കുറിച്ചുതന്നെ അറിയില്ല. അടുത്തിടെ മാത്രം പുതുതായി അവിടെ ചാര്‍ജെടുത്ത ഉദ്യോഗസ്ഥനായിരുന്നതിനാലായിരിക്കണം എന്നു ഞാന്‍ കരുതി. സംഭവമെല്ലാം വിവരിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ച് കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഉടന്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അരമണിക്കൂര്‍ കഴിഞ്ഞ് സി.ഐയുടെ ഫോണ്‍ വന്നു. ''സര്‍, അവിടെയും അങ്ങനെ കേസൊന്നുമില്ല.'' ''പിന്നെ'' എന്ന് ഞാന്‍. ''എന്തോ പരാതിയോ മറ്റോ ഉണ്ടായിരുന്നെന്ന് പറയുന്നു സാര്‍'' സി.ഐ. പറഞ്ഞുനിര്‍ത്തി. പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ചു മാത്രം ഒരു വര്‍ഷം കഴിച്ചുകൂട്ടിയ പെണ്‍കുട്ടിയും അമ്മയും മുറിക്കു പുറത്തിരിപ്പാണ്. ഞാനവരെ ഓര്‍ത്തു. ഇതിങ്ങനെയൊക്കെത്തന്നെ സംഭവിക്കും എന്ന് ഏകദേശം മനസ്സിലാക്കാനുള്ള പൊലീസ് വിജ്ഞാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ എനിക്കുണ്ടായിരുന്നു. എങ്കിലും കടുത്ത അമര്‍ഷം  തോന്നാതിരുന്നില്ല. അതുകൊണ്ടൊരു കാര്യവുമില്ലെന്ന് അടുത്തക്ഷണം തിരിച്ചറിഞ്ഞു. സമാധാനത്തോടെ സി.ഐയോട് പറഞ്ഞു ''ഇതിലൊരു വലിയ മാനുഷിക പ്രശ്‌നമുണ്ട്.'' തുടര്‍ന്ന് സംഭവത്തിന്റെ പ്രാധാന്യവും ഇനിയും ഒരു ദിവസം പോലും നഷ്ടമാകാതെ തുടര്‍നടപടി സ്വീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയും എല്ലാം ഞാന്‍ വിശദീകരിച്ചുകൊടുത്തു. ''നമുക്കിതൊരു പ്രസ്റ്റീജ് കേസ് ആയിട്ടെടുക്കണം'' ഞാന്‍ പറഞ്ഞു. എന്നെ കാണാന്‍ വന്ന അമ്മയേയും മകളേയും തിരികെ പോകുമ്പോള്‍ സി.ഐയെ കണ്ട് നേരിട്ട് വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കാമെന്നും പറഞ്ഞു ഫോണ്‍ താഴെ വച്ചു. അതിനുശേഷം, വീണ്ടും പുറത്തു  കാത്തുനിന്ന അമ്മയേയും മകളേയും വിളിപ്പിച്ചു. ഒരു വര്‍ഷത്തെ 'കാര്യക്ഷമമായ പൊലീസ് അന്വേഷണ'ത്തെക്കുറിച്ചൊന്നും ഞാനവരോട് പറഞ്ഞില്ല. അവരുടെ പ്രതീക്ഷ എന്തിനു കെടുത്തണം? തിരികെ പോകുമ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണണമെന്നും അദ്ദേഹം പറയും പ്രകാരം പ്രവര്‍ത്തിക്കണമെന്നും മാത്രം നിര്‍ദ്ദേശിച്ചു. മോഷ്ടാവിനെ താമസിയാതെ കണ്ടുപിടിക്കുന്നതിനും സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിനും വേണ്ടതെല്ലാം ചെയ്യാമെന്നും ഉറപ്പുനല്‍കി അവരെ മടക്കി.

പരാതിക്കാര്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയ ഒരു വിഷയത്തില്‍ എന്തുകൊണ്ടാണ് പൊലീസ് ഒരു എഫ്.ഐ. ആര്‍ (First Information Report) പോലും രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാതിരുന്നത്? കേസെടുത്തെങ്കിലല്ലേ അന്വേഷണം? എന്തുകൊണ്ട ാണ് കേസും അന്വേഷണവും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്? മനപ്പൂര്‍വ്വം കേസെടുക്കാതിരിക്കുക എന്നത് പൊലീസിലും അനുബന്ധ വൃത്തങ്ങളിലും burking എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. കേരളത്തില്‍ ഈ പ്രവണത കുറവാണെങ്കിലും ഇത്തരം സംഭവങ്ങളില്‍ വിരളമല്ല. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടുന്നു എന്നതിന്റെ പേരില്‍ കേരളത്തില്‍ ഒരു ഉദ്യോഗസ്ഥനേയും ഒരിക്കലും ശിക്ഷിക്കാറില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാല്‍ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശരിയാംവണ്ണം അന്വേഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമൊക്കെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് സ്വാഭാവികമായും പ്രേരണയും സമ്മര്‍ദ്ദവുമുണ്ടാകും. അതൊക്കെ ഒഴിവാക്കാനുള്ള ഒറ്റമൂലി പ്രയോഗമാണ് കേസ് തന്നെ രജിസ്റ്റര്‍ ചെയ്യാതിരിക്കുക എന്നത്.

പരാതിയുമായി ആദ്യം ആ അമ്മയും മകളും എന്നെ കാണുമ്പോള്‍ ആ കേസിന്റെ കാര്യത്തില്‍ എനിക്ക് കാര്യമായ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. കാരണം ആ കേസിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഒരു കൊല്ലത്തോളം അന്വേഷിച്ചിട്ടും തുമ്പുണ്ടാകാത്ത സാഹചര്യത്തില്‍ പെട്ടെന്ന് ഒരു നാടകീയ വഴിത്തിരിവ് അല്പം ദുഃഷ്‌കരമാണ്. പക്ഷേ, വിശദാംശങ്ങള്‍ മനസ്സിലായപ്പോള്‍ വീണ്ടും ചെറിയ പ്രതീക്ഷ എനിക്കു തോന്നി. കാരണം,  സംഭവമുണ്ടായി വര്‍ഷം ഒന്നു കഴിഞ്ഞിരുന്നെങ്കിലും കാര്യമായ ഒരന്വേഷണവും അതുവരെ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായിരുന്നു.

എന്റെ അനുഭവത്തില്‍ പൊലീസ് സംവിധാനത്തിന്റെ ഒരു ശക്തി, സാധാരണയായി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്രദ്ധ പതിപ്പിക്കുകയും കേസ് തെളിയണമെന്ന് നല്ല താല്പര്യം പ്രകടിപ്പിക്കുകയും ചെയ്താല്‍ ആ ഉത്സാഹം മറ്റു സഹപ്രവര്‍ത്തകരേയും സ്വാധീനിക്കും. സി.ഐയ്ക്ക് അതൊരു അഭിമാനപ്രശ്‌നമായി. മിടുക്കരായ പൊലീസുകാരുള്‍പ്പെട്ട ഒരു ടീം രൂപീകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോയി. ഇടയ്ക്കിടെ കേസിന്റെ പുരോഗതി സംബന്ധിച്ച് സി.ഐയുമായി സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അത്ഭുതം തന്നെ സംഭവിച്ചു, കേസ് തെളിഞ്ഞു. ഭര്‍ത്താവിന്റെ നാട്ടില്‍ത്തന്നെയുണ്ടായിരുന്ന, ഇടയ്ക്ക് നാട്ടില്‍ വന്നും പോയുമിരുന്ന ഒരാളായിരുന്നു കുറ്റവാളി. മൂന്ന് മാസത്തിനുള്ളില്‍ കേസ് തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

കുറ്റകൃത്യങ്ങള്‍ വലുതായാലും ചെറുതായാലും അത് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനാണ്. കുറ്റകൃത്യങ്ങളുടെ വലിപ്പച്ചെറുപ്പം തന്നെ ആപേക്ഷികമാണ്. കോടീശ്വരനായ ഒരാളിന്റെ ആഡംബരക്കാര്‍ മോഷണം പോയാല്‍ അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. ആ കേസിന്റെ അന്വേഷണവും പുരോഗതിയും അന്വേഷണം വഴിമുട്ടുന്നതും നിര്‍ണ്ണായക വഴിത്തിരിവും എല്ലാം ഏതാണ്ടൊരു റിയാലിറ്റിഷോ പോലെ നമുക്ക് കാണാം, വാര്‍ത്താ ചാനലുകളിലൂടെ. പല കാരണങ്ങള്‍കൊണ്ട് കുറ്റാന്വേഷണത്തിനു മതിയായ പ്രാധാന്യം കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊലീസ് സ്റ്റേഷന്‍ തലത്തില്‍ ജോലിത്തിരക്ക് ഒരു പ്രശ്നം തന്നെയാണ് പലപ്പോഴും. അതിനുമപ്പുറം അവിടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മാനുഷിക വീക്ഷണം പ്രധാനമാണ്. ഓരോ കേസിലും നിയമത്തിന്റെ യാന്ത്രിക പ്രയോഗത്തിനപ്പുറം അതിലന്തര്‍ഭവിച്ചിട്ടുള്ള മാനുഷിക വിഷയങ്ങളെക്കുറിച്ചുകൂടി ധാരണ ഉണ്ടാകണം. എങ്കില്‍ മാത്രമേ നിയമപ്രക്രിയ നീതിയിലേയ്ക്ക് നയിക്കുകയുള്ളൂ.

ഇവിടെ നമ്മള്‍ കണ്ട പോലുള്ള കേസുകള്‍ 'ചെറുതാ'ണ്, പൊലീസിനും നാട്ടുകാര്‍ക്കും. അതൊരിക്കലും വാര്‍ത്തപോലുമാകില്ല. സാമൂഹ്യ ജാഗ്രത നഷ്ടപ്പെടുമ്പോള്‍ പൊലീസിനും കാര്യങ്ങള്‍ എളുപ്പമാകും. നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട ് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. പരാതിക്കാരന്റെ സാമ്പത്തിക അവസ്ഥയോ ആ നഷ്ടം അയാളുടെ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ കഷ്ടത്തിലാക്കുന്നുവെന്നോ ഉള്ളതിനൊന്നും ഒരു പരിഗണനയുമില്ല. ചുരുക്കത്തില്‍  'പാത്തുമ്മയുടെ ആട്' മോഷണം പോയാല്‍ പൊലീസിനും നാട്ടുകാര്‍ക്കും അതു വലിയ വിഷയമല്ല. വെറും ചീള് കേസ്.

അതിനപ്പുറം ഇത്തരം കേസുകളില്‍ മറ്റൊരു വലിയ മാനുഷികദുരന്തം കൂടിയുണ്ട്. മോഷണക്കേസ് തെളിയിച്ച് യഥാര്‍ത്ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത് ആ പാവം പെണ്‍കുട്ടിയെ തന്നെയാണ്. ഇങ്ങനെയൊരവസ്ഥ ചില കേസുകളില്‍ അപൂര്‍വ്വമായിട്ടെങ്കിലും ഉണ്ടാകുന്നുണ്ട്. ഇവിടെ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിച്ച ഉടനെയാണ് ഇത് സംഭവിക്കുന്നത്. ഒരു വശത്ത് സ്ത്രീശാക്തീകരണം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളൊക്കെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുമ്പോഴും മറുവശത്ത് ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്. പൊലീസ് നടപടികള്‍ക്കുമപ്പുറം ഇതിന്റെ സാമൂഹ്യമായ കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും പരിശോധനാ വിധേയമാകേണ്ടതാണ്.

കേസ് തെളിഞ്ഞതിനുശേഷം വീണ്ടും ആ പെണ്‍കുട്ടി എന്നെ കാണാന്‍ വന്നു, നന്ദി പറയാന്‍. ഇത്തവണ അവളുടെ ഭര്‍ത്താവാണ് ഒപ്പമുണ്ടായിരുന്നത്. രണ്ടുപേരോടും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഇത്തവണ അവളും ഇരുന്നു, ഭര്‍ത്താവിന് അരികിലായി. എനിക്ക് അയാളുടെ പ്രവൃത്തിയില്‍ അമര്‍ഷമുണ്ടായിരുന്നു. അയാളോട് 'രണ്ട ് ഡയലോഗ്' പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഔചിത്യവും പ്രായോഗികതയുമോര്‍ത്ത് അങ്ങനെയൊന്നും പറഞ്ഞില്ല. കുറച്ച് നല്ല വാക്കുകള്‍ മാത്രം പറഞ്ഞ് ആശംസകളോടെ അവരെ മടക്കി. അപ്പോഴും ആ കുട്ടി ചിരിച്ചു. സന്തോഷത്തിന്റെ നിഷ്‌കളങ്ക പ്രകാശം പരത്തി അവള്‍ നടന്നുനീങ്ങി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com