ജയില്‍ അനുഭവങ്ങളുമായി നഗരത്തോട് വിട
By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.) | Published: 26th December 2021 05:28 PM |
Last Updated: 26th December 2021 05:28 PM | A+A A- |

തലസ്ഥാനത്ത് ഒരു വര്‍ഷം ഡി.സി.പിയായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും രാഷ്ട്രീയമാറ്റം ഉണ്ടായി. പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷ നേതാക്കള്‍ ജനകീയ സമരവുമായി വന്നപ്പോള്‍, സെക്രട്ടേറിയേറ്റ് ഗേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞുനിര്‍ത്തിയെങ്കില്‍, തെരഞ്ഞെടുപ്പിനു ശേഷം സെക്രട്ടേറിയേറ്റിനുള്ളിലേയ്ക്ക് ചുവന്ന പരവതാനിയിലൂടെ നടന്ന് അവര്‍ അധികാരകസേരകളിലെത്തി. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും വെളിവാക്കിയ അധികാരക്കൈമാറ്റ പ്രക്രിയ ഞാന്‍ കണ്‍മുന്നില്‍ കണ്ടു. രാഷ്ട്രീയ അധികാരമാറ്റത്തെത്തുടര്‍ന്ന് പൊലീസില്‍ വലിയ മാറ്റങ്ങളുണ്ടായി. എനിക്ക് മാറ്റമുണ്ടായില്ല. ഇന്നലത്തെ പ്രതിപക്ഷം ഇന്ന് ഭരണപക്ഷമായപ്പോളും എന്നോടുള്ള സമീപനം സൗഹാര്‍ദ്ദപരം തന്നെ ആയിരുന്നു. പക്ഷേ, എനിക്ക് ഇന്നും മനസ്സിലാക്കാന്‍ കഴിയാത്ത സമീപനം ഉണ്ടായത് മറ്റൊരു കോണില്‍നിന്നാണ്. പുതുതായി ചുമതലയേറ്റ ഡി.ജി.പി രാധാകൃഷ്ണന്‍ എന്നെ കാണുമ്പോഴെല്ലാം വാനോളം പുകഴ്ത്തും. അതിനുമാത്രം എന്തെങ്കിലും ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം. പുകഴ്ത്തലിന്റെ അവസാനം സിറ്റിയില്‍നിന്ന് മാറണമെന്ന് ഞാന്‍ ആവശ്യപ്പെടണം എന്നും പറയും. വലിയ സല്‍പ്പേരില്‍ നില്‍ക്കുമ്പോള്‍ മാറുന്നതാണ് നല്ലത് എന്നൊരു യുക്തിയും പറയും. ആ യുക്തി എനിക്ക് മനസ്സിലായില്ല. നിയമാനുസരണം സത്യസന്ധമായി പ്രവര്‍ത്തിക്കുക എന്നതിനപ്പുറം പൊലീസ് ഉദ്യോഗസ്ഥന് എന്തിനാണ് ഒരു പ്രതിച്ഛായപ്പേടി? മാത്രവുമല്ല, സിറ്റിയില്‍ വന്നിട്ട് അപ്പോള്‍ ഒരു വര്‍ഷമേ ആയിരുന്നുള്ളു. ഞാനാരോടും പറഞ്ഞിട്ടല്ല സിറ്റിയില്‍ പോസ്റ്റ് ചെയ്തത്. മാറണമെന്നും സ്വയം ആവശ്യപ്പെടില്ല എന്നതായിരുന്നു എന്റെ നിലപാട്. അദ്ദേഹം ഇക്കാര്യം പിന്നീടും പല പ്രാവശ്യം ആവര്‍ത്തിച്ചു. എന്റെ മറുപടി പഴയതു തന്നെയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഈ സമീപനം എന്നെ അല്പം അലോസരപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു ദിവസം കെ.ജെ. ജോസഫ് സാര്‍ എന്നെ ഫോണ്‍ ചെയ്തു. അദ്ദേഹം അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്നു. സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് വിജിലന്‍സ് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. ഏതാനും മാസം കഴിഞ്ഞ് ഞാന്‍ സിറ്റിയില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ വിജിലന്‍സില്‍ വരാമോ എന്ന് അദ്ദേഹം ചോദിച്ചു. സാവധാനം ആലോചിച്ച് പിന്നീട് മറുപടി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതലൊന്നും ആലോചിക്കാന്‍ ഇല്ലെന്നും ഉടന്‍ തന്നെ വിജിലന്‍സില്‍ വരാന്‍ സമ്മതമാണെന്നും ഞാന്‍ പറഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടി ആലോചിക്കാന്‍ അദ്ദേഹം അവസരം നല്‍കിയെങ്കിലും, എനിക്ക് കൂടുതലായൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അഴിമതിക്കെതിരെ നിയമപരമായി പ്രവര്‍ത്തിക്കാനുള്ള അവസരം എന്നതും ഒരാകര്‍ഷണമായി തോന്നിയിരിക്കണം. ആ തീരുമാനം വ്യക്തിപരമായി ഗുണംചെയ്തു എന്നാണെന്റെ ബോദ്ധ്യം. ക്രമസമാധാന ചുമതല വലിയ തലവേദനയാണ് എന്നൊക്കെ പൊതുവേ നടിക്കാറുണ്ടെങ്കിലും ആ 'തലവേദന'യുടെ മോഹവലയത്തില്‍നിന്ന് പുറത്തുപോകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ വലിയ വിമുഖതയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും ഈ പ്രലോഭനത്തില്‍ വീഴാറുണ്ട്. ഉദ്യോഗസ്ഥരുടെ ഈ ദൗര്‍ബ്ബല്യമാണ് രാഷ്ട്രീയക്കാര്‍ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കാന്‍ ചൂഷണം ചെയ്യുന്നത്. അത്തരം ഒരു ദൗര്‍ബ്ബല്യത്തിനു കീഴ്പെടാതെ തലസ്ഥാനത്തിന്റെ ക്രമസമാധാനം വിട്ട് വിജിലന്‍സിലേയ്ക്ക് പോകാന്‍ സമ്മതം നല്‍കാന്‍ കഴിഞ്ഞതില്‍ നേരിയ സന്തോഷം തോന്നി. ഇത്തരം കുറേ ചെറിയ അനുഭവങ്ങളാകണം പില്‍ക്കാലത്തും സര്‍വ്വീസില്‍ പല ഘട്ടങ്ങളിലും ആകര്‍ഷകമായ വഴി തേടാതെ ബോധ്യമുള്ള വഴിയേ സഞ്ചരിക്കാന്‍ കുറേശ്ശെ എന്നെ പ്രാപ്തനാക്കിയത്.

ഏതായാലും എന്റെ സമ്മതം നല്‍കി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം റേഞ്ച് വിജിലന്‍സ് എസ്.പി ആയി മാറ്റം വന്നു. പൊലീസ് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി മുതലായ റാങ്കുകളിലെല്ലാം സിറ്റിപൊലീസിന്റെ മേല്‍നോട്ട ചുമതല ഞാന്‍ വഹിച്ചിട്ടുണ്ട്. എങ്കിലും ഈ മാറ്റം എനിക്ക് വൈകാരികമായി വളരെ തീവ്രമായി അനുഭവപ്പെട്ടു. ഇരുപത് മാസക്കാലം ഏറ്റവും അടുത്തിടപഴകിയ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ ഒരുമിച്ച് നേരിട്ടിട്ടുണ്ട്. പലപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എല്ലാ മാറ്റങ്ങളിലും നേരിയ വേദന അനുഭവപ്പെടും. പക്ഷേ, സിറ്റിയിലെ സഹപ്രവര്‍ത്തകരില്‍നിന്നും പിരിയുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ ദുഃഖകരമായി എനിക്ക് അനുഭവപ്പെട്ടു.
സ്ഥലംമാറ്റ ഉത്തരവിനും ചുമതല വിടുന്നതിനുമിടയില്‍ ഒരു സംഭവമുണ്ടായി. സിറ്റിയില്‍ എസ്.പി എന്ന നിലയില്‍ എന്റെ അവസാന ഇടപെടലായിരിക്കണം അത്. സംഭവം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. ജയില്‍ മേധാവി ആയിരുന്ന അബ്ദുള്‍ സത്താര്‍ കുഞ്ഞ് ജയിലിലെ ഒരു പ്രശ്‌നം, സിറ്റി പൊലീസ് കമ്മിഷണര്‍ മഹേഷ്‌കുമാര്‍ സിംഗ്ലയോട് പറഞ്ഞു. ജയിലില്‍ ഒരു തടവുകാരന്‍ എന്തോ വലിയ പ്രശ്‌നമുണ്ടാക്കുന്നുവത്രെ. പ്രശ്‌നം വെളുപ്പിന് ആറുമണിയോടടുത്ത് തുടങ്ങിയതാണ്. ഞാന്‍ കമ്മിഷണറോടൊപ്പം ജയിലിലേയ്ക്ക് പുറപ്പെട്ടു. ജയിലിലെ പ്രശ്‌നം അവര്‍ക്കുതന്നെ പരിഹരിച്ചുകൂടെ എന്ന് തോന്നാതിരുന്നില്ല. എങ്കിലും സത്താര്‍ കുഞ്ഞ് സാര്‍ വിളിച്ചതുകൊണ്ട് കൂടുതല്‍ ചിന്തിച്ചില്ല. ഞങ്ങള്‍ നേരെ അദ്ദേഹമിരുന്ന മുറിയിലെത്തി. അവിടെ ഏതാനും ഉയര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. അവിടെ വച്ച് പ്രശ്‌നം മനസ്സിലായി. വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന തടവുകാരനാണ് പ്രശ്‌നമുണ്ടാക്കിയത്. തടവുകാരെ വെളുപ്പിന് ദൈനംദിന പരിപാടി അനുസരിച്ച് പുറത്തിറക്കും. അതിനിടയില്‍ ഒരു തടവുകാരന്‍ കൂട്ടത്തില്‍നിന്നും ഒഴിഞ്ഞുമാറി. അയാള്‍ ജയിലിനുള്ളില്‍ത്തന്നെയുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയറി. കയ്യില്‍ ഒരു കത്തിയുമുണ്ട്. കത്തിയുമുയര്‍ത്തിപ്പിടിച്ച് എല്ലാപേരേയും വെല്ലുവിളിച്ചുകൊണ്ടാണ് പിന്നെ അയാള്‍ പ്രത്യക്ഷപ്പെട്ടത്. മുകളില്‍നിന്ന് താഴോട്ട് ചാടിയോ, അല്ലെങ്കില്‍ കത്തികൊണ്ട് കുത്തിയോ മരിക്കും, എന്നാണയാളുടെ പ്രഖ്യാപനം. അയാള്‍ക്ക് ചില ആവലാതികളുണ്ടായിരുന്നു. അതൊന്നും പരിഹരിക്കാത്തതുകൊണ്ട് ജയില്‍ അധികൃതരെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് തടവുകാരന്‍. സാധാരണയായി തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരുടെ കാരുണ്യത്തിലാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ അയാളുടെ കാരുണ്യത്തിലായി. കാരണം തടവുകാരന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ജയില്‍ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്തുന്നതുപോലെ അയാളെങ്ങാനും താഴോട്ട് ചാടിമരിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടും. രാവിലെ തുടങ്ങിയ ആത്മഹത്യാ ഭീഷണി മണിക്കൂറുകള്‍ നാലഞ്ചായിട്ടും തുടരുകയാണ്. ഇതാണ് സ്ഥിതി.

''ഞാനൊന്നു പോയി നോക്കിയിട്ടുവരാം'' എന്ന് സത്താര്‍ കുഞ്ഞ് സാറിനോട് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ എന്നെ ആ സ്ഥലത്തോട്ട് കൊണ്ടുപോയി. അങ്ങോട്ട് പോകുന്നതിനിടയില്‍ ''ഈ തടവുകാരെക്കൊണ്ടുള്ള ശല്യം'' അയാളെന്നോട് പറഞ്ഞു. സംഭവസ്ഥലത്തെത്തുമ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ തടവുകാരനുണ്ട്. കത്തിയും കയ്യിലുണ്ട്. താഴെ, കെട്ടിടത്തിനു മുന്നില്‍ ധാരാളം ആളുകളുണ്ട്. യൂണിഫോം ധരിച്ച ജയില്‍ ഉദ്യോഗസ്ഥരുണ്ട്; യൂണിഫോം ധരിക്കാത്തവരുണ്ട്; തടവുകാരും മറ്റു പലരുമുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ ആകെ പരവശരായിരുന്നു. മുകളില്‍ ഭീഷണിയുമായി തടവുകാരനും താഴെ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥന്മാരും ഏറെ നേരമായി നില്‍ക്കുകയായിരുന്നല്ലോ. ''നീയിങ്ങ് ഇറങ്ങിവാടാ, എല്ലാം ശരിയാക്കാം'' എന്നൊക്കെ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് പറയുന്നുണ്ട്. അതിനിടെ ചില സാഹസികര്‍ മുകളില്‍ കയറി അയാളെ ഇറക്കാമെന്നും പറയുന്നുണ്ട്. അത് മനസ്സിലാക്കിയാകണം ''ആരെങ്കിലും കയറാന്‍ ശ്രമിച്ചാല്‍ ഞാന്‍ ചാടും'' എന്ന് തടവുകാരന്‍ പിന്നെയും നിലപാട് വ്യക്തമാക്കി. ഞാന്‍ അല്പസമയം നിശബ്ദനായി എല്ലാം കണ്ടും കേട്ടും നിന്നു. ''ഞാന്‍ മരിക്കും'' എന്നു പറഞ്ഞ് ഒരു മനുഷ്യന്‍ നാലഞ്ച് മണിക്കൂര്‍ നില്‍ക്കണമെങ്കില്‍ അയാളില്‍ ജീവിച്ചിരിക്കാനുള്ള ആഗ്രഹം ഉണ്ടാകും എന്നെനിക്കു തോന്നി. വലിയ വികാര വിക്ഷോഭങ്ങളൊന്നും അയാള്‍ അപ്പോള്‍ പ്രകടിപ്പിച്ചില്ല. ഒരുതരം ധാര്‍മ്മികരോഷം അയാളുടെ വാക്കുകളില്‍ വ്യക്തമായിരുന്നു. ജയിലധികൃതരുടെ അപ്പോഴത്തെ നിസ്സഹായവസ്ഥ അയാള്‍ ചെറുതായി ആസ്വദിക്കുന്നുണ്ടോ എന്നും സംശയം തോന്നി. ജയില്‍ ഉദ്യോഗസ്ഥര്‍, തടവുകാരനെ നിലത്തിറക്കാന്‍ ചെയ്ത ശ്രമങ്ങള്‍ വിവരിക്കാന്‍ ശ്രമിച്ചു. അവിടെ അത്യാവശ്യം ആളുകളൊഴിച്ച് മറ്റുള്ളവര്‍ ദൂരേയ്ക്ക് മാറുന്നതാണ് നല്ലതെന്ന് ഞാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊത്തത്തില്‍ അല്പം ശാന്തത വന്നപ്പോഴാണ് തടവുകാരന്റെ പ്രശ്‌നം വ്യക്തമായത്. അയാള്‍ ഏതാണ്ട് പത്തുവര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചിട്ടും ഒരിക്കല്‍പ്പോലും പരോള്‍ കിട്ടിയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അയാള്‍ അക്കാര്യം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍, അയാളെ ചൂണ്ടിയിട്ട് പറഞ്ഞത് ശരിയാണോ എന്ന് ഞാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. അത് ശരിയാണെന്നവര്‍ പറഞ്ഞു. തടവുകാരന്‍ പറയുന്നതില്‍ ന്യായമുണ്ടല്ലോ എന്നു തോന്നി. അത് ഞാന്‍ അല്പം ഉറക്കെ പറയുകയും ചെയ്തു. എനിക്ക് അയാളോട് സഹാനുഭൂതി ഉണ്ടെന്ന് തടവുകാരനു തോന്നിയിരിക്കണം. ഇങ്ങനെ കുറച്ച് സമയം മുന്നോട്ടുപോയി. പെട്ടെന്ന് തടവുകാരന്‍ പറഞ്ഞു: ''സാറേ, ഞാനിറങ്ങാം, പക്ഷേ, ഒരു കാര്യം; ഇതു പറഞ്ഞ് എന്നെ ആരും തല്ലരുത്.'' ഒരു കാരണവശാലും അയാളെ തല്ലരുതെന്ന് ഞാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത്രയുമായപ്പോള്‍ അയാള്‍ താഴോട്ടിറങ്ങിത്തുടങ്ങി. ഇടയ്ക്ക്, ''ഇനി തല്ലിയാല്‍ എന്തു ചെയ്യണമെന്നെനിക്കറിയാം'' എന്നും പറയുന്നുണ്ട്. അധികം താമസിയാതെ ശാന്തനായി അയാള്‍ താഴെ എത്തി. അങ്ങനെ ആറുമണിക്കൂര്‍ നീണ്ടുനിന്ന ആത്മഹത്യാനാടകം ശുഭകരമായി അവസാനിച്ചു.
എനിക്കെന്തോ പ്രത്യേക 'ദൈവികത്വം' ഉണ്ടെന്നും അതുകൊണ്ടാണ് അഞ്ചാറു മണിക്കൂര്‍ അവരൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം ഞാനെത്തി പെട്ടെന്ന് അവസാനിച്ചതെന്നും ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ വലിയ സന്തോഷത്തോടെ പറഞ്ഞതോര്‍ക്കുന്നു. സത്യത്തില്‍, അതില്‍ ഒരത്ഭുതവും ഇല്ലായിരുന്നു. ജീവിക്കാനുള്ള ആഗ്രഹം ആ മനുഷ്യനില്‍ മരിച്ചിരുന്നില്ല. ഞാനെത്തുമ്പോള്‍, ആ തടവുകാരനും താഴെയിറങ്ങാന്‍ മാന്യമായ ഒരവസരം കാത്തിരിക്കുകയായിരുന്നു. ഞാനൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാളോട് അനുതാപമുണ്ടെന്നും തോന്നിയപ്പോള്‍ അയാള്‍ കാത്തിരുന്ന അവസരം കിട്ടി എന്നുമാത്രം. പിന്നെ അയാളുടെ പേടി മര്‍ദ്ദനമാണ്. അതിനൊന്നും മുതിരരുതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞതും അയാള്‍ കേട്ടു. മനുഷ്യത്വത്തില്‍ ഊന്നിയാണ് അതില്‍ ഇടപെടാന്‍ ശ്രമിച്ചത്. അതായിരുന്നു തിരുവനന്തപുരം സിറ്റിയിലെ ഡി.സി.പി എന്ന നിലയില്‍ എന്റെ അവസാനത്തെ 'ആക്ഷന്‍.' കുഴപ്പത്തില്‍ ചാടിക്കാതെ എന്നെ രക്ഷപ്പെടുത്തിയ പ്രിയപ്പെട്ട തടവുകാരാ, നിങ്ങള്‍ക്ക് നന്ദി. നിങ്ങളെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നു കരുതുന്നു.

സിംഗ്ല
മര്‍ദ്ദനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം കേള്‍പ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനം പൊലീസാണ്. എങ്കിലും ഇക്കാര്യത്തില്‍ ജയിലും ഒട്ടും മോശമായിരുന്നില്ല എന്ന ജ്ഞാനം പണ്ടേ എനിക്ക് ലഭിച്ചിരുന്നു. അത് ആലപ്പുഴയില്‍ എസ്.പി ആയിരിക്കുമ്പോഴാണ്. അതിന് കാരണക്കാരനായത് സബ്ബ് ഇന്‍സ്പെക്ടര്‍ സുഗതനാണ്. അയാളവിടെ രാമങ്കരി പൊലീസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്പെക്ടറായിരുന്നത് 1987-ലാണ്. അതായത് ഞാന്‍ എസ്.പി ആയി അവിടെ എത്തുന്നതിനും നാലുവര്‍ഷം മുന്‍പ്. പക്ഷേ, ഇപ്പോള്‍ അയാള്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നത് പൊലീസ് അന്വേഷിക്കുന്ന കൊടുംകുറ്റവാളി എന്ന നിലയിലാണ്. ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ശേഷം പരോളിലിറങ്ങി അയാള്‍ മുങ്ങി. അയാള്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ, കേരളമാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു കൊലപാതക കേസിലും. വിവാഹിതരായ രണ്ടു ചെറുപ്പക്കാര്‍-ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍, മറ്റേയാള്‍ ബാങ്കുദ്യോഗസ്ഥന്‍-മൂന്നാമതൊരു സ്ത്രീയുമായി അസാന്മാര്‍ഗ്ഗിക ജീവിതം മോഹിച്ചു. ആ മത്സരത്തില്‍ പൊലീസ് ജയിച്ചു, ബാങ്ക് തോറ്റു. പരിണതഫലം ബാങ്കുദ്യോഗസ്ഥന്റെ തലയും, ദേഹവും വെവ്വേറെ കുട്ടനാട്ടില്‍ എവിടെയൊക്കെയോനിന്ന് കണ്ടെത്തി. പൊലീസ് ക്വാര്‍ട്ടേഴ്‌സ്, പൊലീസിന്റെ ബോട്ട്, ഡ്രൈവര്‍ ഒക്കെ ഈ കഥയില്‍ ഉള്‍പ്പെട്ടപ്പോള്‍ സംഭവം ജനമനസ്സില്‍ വേരോടി. ഈ കഥയിലെ വില്ലന്‍ സ്ഥാനത്തായിരുന്ന മുന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുഗതന്‍, കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ സുഗതന്‍ സര്‍ക്കാരിനു തലവേദന ആയി മാറി. ആലപ്പുഴ കണ്‍ട്രോള്‍ റൂം എസ്.ഐ ആയിരുന്ന പി.എം. വര്‍ഗ്ഗീസ് മുങ്ങിനടന്ന സുഗതനെ അറസ്റ്റുചെയ്തു. സമര്‍ത്ഥവും സമയോചിതവുമായ പ്രവൃത്തിയിലൂടെയാണ് വര്‍ഗ്ഗീസ് അത് സാധിച്ചത്. ഒരു ദിവസം രാവിലെ ആലപ്പുഴ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരു ഫോണ്‍കാള്‍. മുങ്ങിനടക്കുന്ന സുഗതനെപ്പോലൊരാളെ മുഹമ്മയ്ക്കടുത്ത് എവിടെയോ കണ്ടത്രെ. വര്‍ഗ്ഗീസിലെ പൊലീസുകാരന്‍ കുശാഗ്രബുദ്ധി ആയിരുന്നു. കുറ്റവാളിയുടെ 'പൊലീസ് ബുദ്ധി'യില്‍ അയാള്‍ ബോട്ട് മാര്‍ഗ്ഗം ആലപ്പുഴനിന്നും രക്ഷപ്പെടാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് വര്‍ഗ്ഗീസ് കണക്ക് കൂട്ടി. ഒട്ടും വൈകാതെ അയാള്‍ മുഹമ്മ ബോട്ട് ജട്ടിയില്‍ എത്തി. യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ബോട്ടില്‍ കഥാപുരുഷന്‍ ഇരിക്കുന്നു. വര്‍ഗ്ഗീസ് സാവകാശം ബോട്ടില്‍ കയറി അയാളുടെ അടുത്ത് ഉണ്ടായിരുന്ന ഒഴിഞ്ഞ സ്ഥലത്ത് ചെന്നിരുന്നു. എന്നിട്ട് പതുക്കെ ചോദിച്ചു. ''ഞാനെന്തിനാണ് ഇവിടെ വന്നതെന്ന് മനസ്സിലായിക്കാണുമല്ലോ?'' ''മനസ്സിലായി'' എന്ന് സുഗതന്‍. ''നിങ്ങളെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞാല്‍ എന്തു സംഭവിക്കും എന്നറിയാമല്ലോ? അതുകൊണ്ട് പൊലീസിനോട് സഹകരിക്കണം'' എന്ന് വര്‍ഗ്ഗീസ് പറഞ്ഞു. കുറ്റവാളി സുഗതന്‍ സഹകരിച്ചു. വര്‍ഗ്ഗീസ് അയാളേയും കൂട്ടി എന്റെ ഓഫീസില്‍ വന്നു. അയാള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ജയില്‍ജീവിതത്തിന്റെ ദുരിതത്തെക്കുറിച്ച് അയാള്‍ ചിലത് പറഞ്ഞു. അതില്‍നിന്നും രക്ഷനേടാനുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സില്‍ എന്നെനിക്കു തോന്നി. അപ്രതീക്ഷിത അറസ്റ്റ് അയാളെ ആകെ തകര്‍ത്തിരുന്നുവെന്ന് വ്യക്തം. പരോള്‍ ചാടിയ പ്രതിയെ ജയിലിലാക്കുക എന്ന ഉത്തരവാദിത്വമേ പൊലീസിനുണ്ടായിരുന്നുള്ളു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ തന്നെ ചുമതലയില്‍ അയാളെ പൂജപ്പുര ജയിലിലേയ്ക്ക് അയച്ചു. പ്രമാദമായ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് എന്ന നിലയില്‍ ആ സംഭവത്തിനു മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിച്ചു. എന്നാല്‍, പൊലീസ് അയാളെ അറസ്റ്റ് ചെയ്തതൊന്നുമല്ല, അയാള്‍ നേരിട്ട് പൊലീസില്‍ ചെന്ന് സ്വയം കീഴടങ്ങിയതാണ് എന്ന നിലയില്‍ ബഹുമാന്യനായ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തലസ്ഥാനത്ത് പലരോടും പറഞ്ഞതായി കേട്ടു. അതിന്റെ കാരണം പിന്നീട് ഞാനറിഞ്ഞു. ജയിലിലെ അവസ്ഥ അസഹ്യമാക്കിയ ഒരു പ്രധാന ഘടകം തടവുകാര്‍ നേരിടേണ്ടിവന്ന മര്‍ദ്ദനമാണ്. അറസ്റ്റിലായ സുഗതന്‍ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ജയിലിലെ മര്‍ദ്ദനത്തെക്കുറിച്ച് എസ്.ഐ വര്‍ഗ്ഗീസിനോട് കൂടുതല്‍ സംസാരിച്ചു. പരോളില്‍ മുങ്ങിയതുകൊണ്ട് തിരികെ എത്തുമ്പോള്‍ ജയിലിലെ 'സ്വീകരണം' അയാളെ ഭയചകിതനാക്കിയിരുന്നു. എല്ലാം പറഞ്ഞശേഷം അയാള്‍ ഒരു സഹായം എസ്.ഐയോട് അപേക്ഷിച്ചു. ജയിലില്‍ എത്തി പൊലീസ്, കുറ്റവാളിയെ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ ''ഞാന്‍ പൊലീസില്‍ പോയി സറണ്ടര്‍ ചെയ്തതാണ്,'' എന്ന് പറയുമെന്നും അതിനെ അനുകൂലിക്കണമെന്നും ആയിരുന്നു അപേക്ഷ. അല്ലെങ്കില്‍ കൊടിയമര്‍ദ്ദനം ഉണ്ടാകും എന്നയാള്‍ കരുതി. ജയില്‍ ഉദ്യോഗസ്ഥരോട് താന്‍ പൊലീസില്‍ സറണ്ടര്‍ ചെയ്തതാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ എസ്.ഐ വര്‍ഗ്ഗീസ് നിശബ്ദത പാലിച്ചു. എനിക്ക് വര്‍ഗ്ഗീസിനോട് മതിപ്പേ തോന്നിയുള്ളൂ. പിന്നീട് ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ച 'വിലപ്പെട്ട' വിവരമാണ് ആ ഉന്നത ഉദ്യോഗസ്ഥന്‍ പലരോടും പറഞ്ഞത് എന്നെനിക്കു മനസ്സിലായി. അതൊന്നും തിരുത്താന്‍ ഞാന്‍ മെനക്കെട്ടില്ല. സിവില്‍ സര്‍വ്വീസില്‍ പല ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇങ്ങനെ ചിലപ്പോള്‍ തെറ്റായ ധാരണകളും അഭിപ്രായങ്ങളും രൂപീകരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ 'മിടുക്കന്‍'മാരായ ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥരേക്കാള്‍ ഭേദം രാഷ്ട്രീയ നേതാക്കളാണ് എന്ന് തോന്നുന്നു. പൊതുവെ, മെച്ചപ്പെട്ട സാമൂഹ്യബന്ധമുള്ളതുകൊണ്ടാകണം അവര്‍ അത്ര എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയില്ല എന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്.

നമുക്ക് വീണ്ടും പൂജപ്പുര ജയിലില്‍നിന്നും സിറ്റിയിലെ ഡി.സി.പി ഓഫീസിലേയ്ക്ക് മടങ്ങാം. ഏറ്റവും അവസാനം ഞാന്‍ തീര്‍പ്പാക്കിയ ഫയലുകളില്‍ ഒന്ന് ഒരു അച്ചടക്ക നടപടിയുടേതായിരുന്നു. സാധാരണയായി സ്ഥലംമാറ്റ ഉത്തരവു വന്നാല്‍, അടിയന്തര പ്രാധാന്യമില്ലെങ്കില്‍ അച്ചടക്കത്തിന്റെ ഫയലുകള്‍ പിന്‍ഗാമിക്കായി മാറ്റിവയ്ക്കുകയാണ് പരമ്പരാഗതമായ രീതി; നിയമത്തിലോ ചട്ടത്തിലോ അങ്ങനെ ഒന്നും ഇല്ലെങ്കിലും. ഈ ഫയല്‍ ദീര്‍ഘമായി പെന്റിംഗ് ആയിരുന്നു; അനാസ്ഥകൊണ്ടൊന്നുമല്ല; മനപ്പൂര്‍വ്വം തന്നെ. മദ്യലഹരിയില്‍ ഡ്യൂട്ടിസ്ഥലത്ത് കാണപ്പെട്ട ഒരു പൊലീസുകാരന്റെ സസ്പെന്‍ഷനില്‍ തുടങ്ങിയ ഫയലാണ്. രണ്ടുവര്‍ഷം മുന്‍പാണ് സസ്പെന്‍ഷന്‍. അത് ഉത്തരവിട്ടത് എന്റെ മുന്‍ഗാമിയായിരുന്ന ഋഷിരാജ് സിംഗ് ആയിരുന്നു. പിന്നീട്, ഞാന്‍ അയാളെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. അച്ചടക്കനടപടിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയപ്പോള്‍ കുറ്റം തെളിഞ്ഞിരുന്നു. അയാളെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടോ എന്നറിയിക്കാന്‍ നോട്ടീസ് നല്‍കി. നോട്ടീസ് കിട്ടിയ അയാള്‍ ഓടി എന്നെ സമീപിച്ചു. മദ്യം അയാള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്നും അതുകൊണ്ട് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. ജോലിയില്‍ തുടരാന്‍ തടസ്സമില്ലെന്നു ഞാന്‍ ഉറപ്പു നല്‍കി. പക്ഷേ, ഫയല്‍ അന്തിമ തീരുമാനം എടുക്കാതെ സൂക്ഷിക്കുമെന്നും മേലില്‍ ഡ്യൂട്ടിയില്‍ മദ്യപിച്ചതായി കണ്ടാല്‍ അന്നുതന്നെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിട്ടുകൊണ്ട് അന്തിമ ഉത്തരവ് ഇറക്കുമെന്നും പറഞ്ഞു. മദ്യാസക്തിയില്‍നിന്ന് അയാളെ പിന്തിരിപ്പിക്കാന്‍ ഉള്ള സമ്മര്‍ദ്ദതന്ത്രം എന്ന നിലയില്‍ ചെയ്തതാണ്. ആലപ്പുഴയില്‍ ഞാന്‍ പരീക്ഷിച്ചു പരാജയപ്പെട്ടതാണിത്. പക്ഷേ, ഇവിടെ എന്റെ സ്ഥലം മാറ്റം വരെ അയാള്‍ വാക്കുപാലിച്ചു. അതുകൊണ്ട് പിരിച്ചുവിടല്‍ ഒഴിവാക്കി, ലഘു ശിക്ഷനല്‍കി അയാളുടെ തലയ്ക്കു മുകളിലെ പിരിച്ചുവിടല്‍ ഭീഷണിയുടെ വാള്‍ നീക്കി. ഇതിനിടെ അയാള്‍ കുപ്പി പൊട്ടിച്ച് ആഘോഷമാക്കുമോ എന്ന് മനസ്സിലെ കുസൃതിക്കാരന്‍ സംശയിക്കാതിരുന്നില്ല.

ആ സംശയം അസ്ഥാനത്തായിരുന്നു. ആഘോഷമാക്കിയില്ല, എന്നു മാത്രമല്ല, മദ്യത്തില്‍നിന്ന് മുക്തിനേടാന്‍ അയാള്‍ ശരിയായ വഴിയിലേയ്ക്ക് തിരിഞ്ഞു. അനവധി വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ എന്നെ കാണാനിടയായി. അപ്പോഴയാള്‍ എസ്.ഐ ആയിരുന്നു. പിരിച്ചുവിടല്‍ നോട്ടീസിനെ തുടര്‍ന്നുള്ള സ്ഥിരപ്പെടുത്തല്‍ അയാളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. മദ്യാസക്തിയില്‍നിന്ന് പൂര്‍ണ്ണമോചനം നേടണമെന്ന് അയാള്‍ക്കു തോന്നി. അയാള്‍ 'ആല്‍ക്കഹോളിക്ക് അനോണിമസ്' എന്നൊരു ഗ്രൂപ്പില്‍ അംഗമായി. മദ്യാസക്തിയില്‍നിന്ന് രക്ഷനേടാന്‍ നിരന്തരം പരിശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണത്. അതിലൂടെ ആ മനുഷ്യന്റെ വ്യക്തിത്വം പാടെ മാറിയിരുന്നു. ആത്മവിശ്വാസവും അഭിമാനബോധവുമുള്ള ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥനായുള്ള അയാളുടെ പരിണാമം എന്നെ സന്തോഷിപ്പിച്ചു. ലഹരിയില്‍നിന്ന് എങ്ങനെ മോചനം നേടാം എന്ന വിഷയത്തില്‍ അയാള്‍ക്കുണ്ടായിരുന്ന അറിവ് അത്ഭുതാവഹമായിരുന്നു. പല മദ്യാസക്തരേയും അതില്‍നിന്നു രക്ഷനേടാന്‍ അയാള്‍ സഹായിക്കുന്നുണ്ടായിരുന്നു. വീണ്ടും ലഹരിയിലേയ്ക്ക് മടങ്ങിപ്പോകാതിരിക്കുവാനുള്ള പോരാട്ടം അപ്പോഴും അയാള്‍ തുടര്‍ന്നു.
കടലാസ്സില്‍ കളിപ്പാട്ടമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു കുട്ടിയുടെ ആത്മഗതം അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചിരുന്നു; ''ചിലോര്‍ക്കു് ശരിയാകും, ചിലോര്‍ക്കു് ശരിയാകില്ല; എന്റത് ശരിയായില്ല, എനിക്ക് കുഴപ്പമില്ല.'' എന്റെ കാര്യത്തില്‍ ആലപ്പുഴയില്‍ ശരിയായില്ല; തിരുവനന്തപുരത്ത് ശരിയായി. ''എനിക്ക് കുഴപ്പമില്ല.''
(തുടരും)