ഉത്തരകാശി

By കെ.വി. ലീല  |   Published: 26th December 2021 04:09 PM  |  

Last Updated: 26th December 2021 04:09 PM  |   A+A-   |  

kashi

 

വെളുപ്പിന് 6 മണിക്കു തന്നെ ഉത്തരകാശിയിലേക്കുള്ള യാത്ര തുടങ്ങി. തലേന്നു തന്നെ ഒരുക്കിവച്ച ബാക്ക്പാക്കും ടെന്റും ട്രെക്ക്‌പോളും മറ്റ് സാമഗ്രികളുമെടുത്ത് ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറിനു മുന്നിലേക്കു നടന്നു. പത്തുമിനിറ്റോളം നടത്തമുണ്ട്. റോഡുനിര്‍മ്മാണത്തിനായി വെട്ടിപ്പൊളിച്ച് മണ്ണ് പുരണ്ട വഴികളും പൊട്ടിയ സ്ലാബുകളും കുഴികളും. കടകള്‍ തുറന്നുവരുന്നതേയുള്ളു. ഒന്നുരണ്ട് പൂക്കടകളും ചായക്കടകളും മാത്രം തുറന്നിട്ടുണ്ട്. ഒരു പാത്രക്കടയുടെ മുന്നില്‍ പല ഭാഷയിലുള്ള പത്രങ്ങള്‍ അടുക്കിയടുക്കി കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നവര്‍. അതില്‍നിന്നൊരു ഹിന്ദിപത്രവും വാങ്ങി നടന്നു. വായിക്കാനൊന്നുമല്ല, ഒരു കൗതുകത്തിന് കയ്യിലിരിക്കട്ടെ എന്നു കരുതി. ഇനി പത്രം കാണണമെങ്കില്‍ അഞ്ചാറുദിവസം കഴിയണം. മാത്രമല്ല, എന്തെങ്കിലും കാര്യത്തിന് പേപ്പര്‍ ഉപകരിക്കുമല്ലോ എന്നുമോര്‍ത്തു. ക്ലോക്ക് ടവറിനു മുന്നിലെത്തുമ്പോള്‍ ഞങ്ങളെ കാത്ത് ഒരു ടൂറിസ്റ്റ് ബസ് കിടപ്പുണ്ട്. സാധനങ്ങള്‍ ഡിക്കിയിലാക്കി കാരിബാഗുമായി വണ്ടിയില്‍ കയറി. അധികം താമസിയാതെ വണ്ടി നീങ്ങാന്‍ തുടങ്ങി. 

ഡെറാഡൂണ്‍ നഗരത്തിന്റെ ഹൃദയത്തിലൂടെ വീതിയേറിയ രാജവീഥികള്‍ പിന്നിട്ടുള്ള യാത്രയാണിത്. കൂട്ടിനായി നഗരക്കാഴ്ചകള്‍ ഒട്ടേറെയുണ്ട്. ഇരുപുറവും കെട്ടിടസമുച്ചയങ്ങളും ക്ഷേത്രങ്ങളും കാനനക്കാഴ്ചകളും  നിറഞ്ഞുനില്‍ക്കുന്നു. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍, എതിരെ വരുന്ന വാഹനങ്ങള്‍. സൈക്കിള്‍ റിക്ഷകളും കാറും ബസും ചരക്കുലോറികളും ടൂറിസ്റ്റ് വാഹനങ്ങളുമെല്ലാമുണ്ട്. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും പോകുന്നവരാകാം. ഡെറാഡൂണിന്റെ സുഖവാസകേന്ദ്രം തേടി വരുന്നവരാകാം. കച്ചവടക്കാരാകാം. നഗരജീവിതത്തിന്റെ താളക്രമങ്ങള്‍ക്കിടയിലൂടെ സാമാന്യം വേഗത്തില്‍ത്തന്നെ ഞങ്ങളുടെ ടൂറിസ്റ്റ് ബസും ചലിച്ചുകൊണ്ടേയിരുന്നു. 

ദേവഭൂമിയുടെ നെറുകയിലേക്കാണ് ഈ യാത്ര. ഉത്തരകാശിയുടെ മുകള്‍പ്പരപ്പിലെ ദയാറാബുഗ്യാല്‍ എന്ന ഹിമാലയന്‍ ഭൂമികയിലേക്ക്. ഡെറാഡൂണില്‍നിന്നും മുസ്സോറിയും ചിന്ന്യാലിസോറും ധരസുവും ദുണ്ടയും പിന്നിട്ടു വേണം ഉത്തരകാശിയിലെത്താന്‍. 185 കിലോമീറ്റര്‍ ദൂരം താണ്ടണം. അവിടെനിന്നും 38 കിലോമീറ്റര്‍ ദൂരമുള്ള റെയ്ത്താല്‍ എന്ന താഴ്വരയിലെത്തിയിട്ടുവേണം ദയാറായുടെ മുകളിലെത്താന്‍. ദയാറായില്‍നിന്നും ബര്‍സു താഴ്വരയിലെത്തി വീണ്ടും ഉത്തരകാശി വഴി ഡെറാഡൂണിലേക്ക്. അതായിരുന്നു പ്ലാന്‍.

സഹയാത്രികർക്കൊപ്പം

ഹിമാലയന്‍ മലനിരകളുടെ, ഗാര്‍വാര്‍ ഹിമാലയയുടെ ഭാഗമായ ഉത്തരകാശി ദേവഭൂമിയുടെ ശ്രദ്ധാകേന്ദ്രമാണ്. കാലാവസ്ഥയും ഭൂപ്രകൃതിയും ജൈവസമൃദ്ധിയുംകൊണ്ട് വ്യത്യസ്തത നിറഞ്ഞ ഭൂമിക. പൈതൃകവും സംസ്‌കാരവും നിറഞ്ഞ മണ്ണ്. വളവുകളും ചെരിവുകളും പിന്നിട്ടുള്ള ഈ ദീര്‍ഘയാത്രയില്‍ അനേകം ക്ഷേത്രങ്ങളും അവയുടെ ഗോപുരങ്ങളും കാവിയുടുത്ത് നില്‍പ്പുണ്ട്. ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം വഴിനീളെ അനുഭവപ്പെടും. ഐതിഹ്യങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉറങ്ങിക്കിടക്കുന്ന ഭൂമി. ഉത്തരാഖണ്ഡിന്റെ ദേശീയപാതയിലൂടെയാണ് ഈ സഞ്ചാരം. കയറ്റങ്ങളും കൊടും വളവുകളും താണ്ടി നീങ്ങുമ്പോള്‍ ഡെറാഡൂണിന്റെ മലഞ്ചെരിവുകളും ഗ്രാമങ്ങളും പ്രഭാതസൂര്യന്റെ പ്രഭയില്‍ ജ്വലിച്ചുനില്‍ക്കുന്ന കാഴ്ച അതിമനോഹരമായി തോന്നി. യാത്രയില്‍ തണുപ്പ് കൂടെത്തന്നെയുണ്ട്. നേരിയ വിശപ്പുമുണ്ട്. ഏതാണ്ട് ഒന്‍പത് മണിയോടുകൂടി ഒരു ഹെയര്‍പിന്‍ വളവിന്റെ അടുത്തായിക്കണ്ട  തുറസ്സായ സ്ഥലത്ത് വണ്ടി നിറുത്തി; പ്രാതല്‍ കഴിക്കാന്‍ ഹോട്ടലില്‍നിന്നിറങ്ങുമ്പോള്‍ പാക്ക് ചെയ്ത് വാങ്ങിയ ആലുപറത്തായും സബ്ജിയും അച്ചാറും ചേര്‍ന്ന രുചിയുള്ള ഭക്ഷണം കഴിച്ചു. അടുത്തുകണ്ട ചായക്കടയില്‍നിന്നും ചായ വാങ്ങി കുടിച്ചു. ഒന്നോ രണ്ടോ കടകള്‍ മാത്രമാണ് ഇവിടെയുള്ളത്. ചായയും കുല്‍ച്ചയും കിട്ടുമെന്ന് എഴുതിവച്ച ബോര്‍ഡ് കണ്ട് കടയിലേക്ക് ചെന്നു. അടുക്കിവച്ച പേരറിയാത്ത ചില പലഹാരങ്ങള്‍. വലിയ പപ്പായ പഴങ്ങളും പൈനാപ്പിളും തണ്ണിമത്തനും വാഴപ്പഴങ്ങളും മനോഹരമായി നിരത്തിവച്ചിരിക്കുന്ന പഴക്കൂടകള്‍. ആരും ഒന്നു നോക്കിപ്പോകുന്ന രീതിയിലാണ് അവയുടെ ക്രമീകരണം. സമീപത്തായി ഒരു കച്ചവടക്കാരന്‍ പലനിറ ചിത്രപ്പണികളുള്ള മാറ്റുകള്‍ റോഡില്‍ നിരത്തി വിലപേശുന്നു. ആയിരവും രണ്ടായിരവും വിലയുള്ള ഭംഗിയുള്ള കാര്‍പ്പറ്റുകളും ചവിട്ടികളും. ഉത്തരേന്ത്യന്‍ കുടില്‍വ്യവസായങ്ങളുടെ അദ്ധ്വാനത്തിന്റെ കരവിരുതുകളാണവ. ചണവും കമ്പിളിയുംകൊണ്ട് നൂറ്റെടുത്ത് നെയ്ത നിറപ്പകിട്ടാര്‍ന്ന ഈ വിരികളുടെ ഭംഗിയില്‍ ആകൃഷ്ടരായെങ്കിലും വാങ്ങിയില്ല. കാരണം, ഇനിയുള്ള കഠിനയാത്രയില്‍ അതൊരു ഭാരമാകേണ്ട എന്നു കരുതി.

വനഭൂമിയുടെ ഉത്തരാഖണ്ഢ്

റോഡില്‍നിന്നു മുകളിലേക്കു പണിത വീടിനോട് ചേര്‍ന്ന ഒരു കട. കടയുടമയോട് അനുവാദം ചോദിച്ച് അവരുടെ ശുചിമുറിയില്‍ പ്രാഥമിക കാര്യങ്ങള്‍ നടത്തി വീണ്ടും വണ്ടിയില്‍ കയറി. മലനിരകളും കുന്നുകളും താഴ്വരകളും ഇടതൂര്‍ന്ന മണ്ണിലൂടെ, മലമ്പാതയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. 

ഉത്തരാഖണ്ഡിന്റെ അറുപത്തിയഞ്ച് ശതമാനവും വനമേഖലയാണ്. ഇടതൂര്‍ന്ന വനങ്ങളും ചോലക്കാടുകളും പുല്‍മേടുകളും പര്‍വ്വതനിരകളും കൊടുമുടികളുമെല്ലാം ചേര്‍ന്ന് വൈവിദ്ധ്യവും വൈചിത്ര്യവുമാര്‍ന്ന ഭൂപ്രകൃതി. ഇലകൊഴിഞ്ഞ മരങ്ങളും മലയിടുക്കുകളും കൊക്കകളും അനേകമുണ്ട് ഈ യാത്രയില്‍. പാതയോരങ്ങളില്‍ മനോഹരികളായി പൂത്തുനില്‍ക്കുന്ന കുറ്റിച്ചെടികളും പുല്‍ച്ചെടികളും. ചെരിവുകളില്‍നിന്നു റോഡിലേക്ക് മുഖം നീട്ടി നില്‍ക്കുന്ന പൂങ്കുലകള്‍ - ഹിമാലയന്‍ സുന്ദരികള്‍, പുല്ലുവര്‍ഗ്ഗങ്ങള്‍, വഴിയോരത്തെ പാറയിടുക്കുകളില്‍ പറ്റിച്ചേര്‍ന്ന് വളര്‍ന്ന പട്ടുപോലെ മിനുത്ത പന്നല്‍ച്ചെടികള്‍, വളര്‍ന്നുതിങ്ങിയ കുറ്റിച്ചെടികള്‍ക്കും മുള്‍ച്ചെടികള്‍ക്കുമിടയില്‍ കലപിലകൂട്ടുന്ന കുഞ്ഞിപ്പക്ഷികള്‍, അവയുടെ തൂവല്‍ചന്തം, മിനുപ്പ്, ചുവന്ന കണ്ണുകള്‍, നിഷ്‌കളങ്കമായ നോട്ടം ഇതെല്ലാം ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി; മനസ്സിന്റെ ഗാലറിയിലേക്കും. വേറിട്ട കാഴ്ചാനുഭവങ്ങളുടെ ശ്രേണി തുടര്‍ന്നുകൊണ്ടേയിരുന്നു. നീലപ്പുതപ്പണിഞ്ഞ മലമടക്കുകളും നീലാകാശവും എവിടെ അതിരിടുന്നു എന്ന് തിരിച്ചറിയാനാവാത്ത ദൂരക്കാഴ്ചയുടെ വിശാലത. ശാന്തഗംഭീരമായ ദൃശ്യാനുഭവം. 

ഉള്ളുതുടിക്കുന്ന ഈ സൗന്ദര്യക്കാഴ്ചകള്‍ക്കൊപ്പം ഉള്ളുകിടുക്കുന്ന ഭീതിയുടെ ഓര്‍മ്മകള്‍കൂടി ഈ യാത്രയില്‍ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്നു. താഴെ കീഴ്ക്കാംതൂക്കായ ചെരിവിലേക്ക് നോക്കുമ്പോള്‍ അറിയാതെ കണ്ണടച്ചുപോകും. അത്രയ്ക്കുണ്ട് ആഴം. പാറകള്‍ വെട്ടിയുണ്ടാക്കിയ മലമ്പാതകളിലൂടെ പോകുമ്പോള്‍ ഇപ്പോള്‍ താഴേക്ക് പതിക്കുമോ എന്ന് പേടിപ്പെടുത്തുന്ന കൂറ്റന്‍ പാറകള്‍ റോഡിനു മുകളിലേക്കു തള്ളിനില്‍ക്കുന്ന കാഴ്ച പലയിടങ്ങളിലുമുണ്ട്. പൊട്ടിത്തകര്‍ന്ന് മണ്ണും കല്ലും ഉതിര്‍ന്നുവീണ് നാശമായ വഴികളുണ്ട്. നന്നേ വീതികുറഞ്ഞ റോഡില്‍ കൊടും വളവുകളും ധാരാളം. വാഹനങ്ങള്‍ കുറവെങ്കിലും എതിരെയൊരു വാഹനം വന്നാല്‍ പെട്ടുപോയതുതന്നെ. നമ്മുടെ നാട്ടില്‍ ഓട്ടോറിക്ഷയ്ക്കു പോകാന്‍ പറ്റുന്ന വീതിയാണ് റോഡില്‍ ചിലയിടങ്ങളില്‍. ബസിന്റെ ചക്രങ്ങള്‍ മാത്രം റോഡിന്റെ അതിരുകളില്‍ കയറിയിറങ്ങുന്നത്ര വീതി മാത്രം. ഇതിനിടയില്‍ റോഡിനെ മറികടക്കുന്ന നീര്‍ച്ചാലുകളും. അതിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പൊടിപോലും ബാക്കിയുണ്ടാവില്ല. ഓര്‍ത്തപ്പോള്‍ നടുങ്ങിപ്പോയി. നാല്‍പ്പതോളം ജീവനുകളുണ്ട് ബസില്‍. വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍, ആരും അറിയുകപോലുമില്ല. ആശുപത്രിയോ മറ്റ് വാഹനസൗകര്യങ്ങളോ പലയിടങ്ങളിലുമില്ല. നോക്കെത്താ ദൂരത്തെ മലമടക്കുകളും മരങ്ങളും തുറസ്സായ ഇടങ്ങളും മാത്രം. എക്സ്പര്‍ട്ടുകളായ ഡ്രൈവര്‍മാര്‍ക്കു മാത്രമേ ഈ വഴിയില്‍ വാഹനമോടിക്കാന്‍ പറ്റൂ. അവരുടെ കൈകളിലാണ് നമ്മുടെ ജീവനുകള്‍. ഈ ശകടത്തിന്റെ നിയന്ത്രണം വിട്ടുപോയാല്‍... ഉള്ളിലെ ഭയം മുഴുവന്‍ ഒരു തീരാപ്രാര്‍ത്ഥനയായി കൂടെ നിന്നു. ഈശ്വരന്റെ കരങ്ങളിലാണ് യാത്ര ചെയ്യുന്നത് എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് വഴിയോരക്കാഴ്ചകളിലേക്ക് വീണ്ടും മുഴുകി.
 
ചുരങ്ങള്‍ കയറുമ്പോള്‍ ചില ജനവാസമേഖലകളും കൃഷിയിടങ്ങളും കാണാം. ആപ്പിളും ഓറഞ്ചും കാരറ്റും പലതരം പച്ചക്കറികളും തൊടിയിലും ചെരിവുകളിലും നട്ടുപരിപാലിച്ചിരിക്കുന്നു. ഗ്രാമവാസികളും ചരക്കുലോറികളും ചില കടകളും കണ്ടയിടത്ത് ബസ് നിറുത്തി വീണ്ടും. ഓരോ ചായ വാങ്ങിക്കുടിച്ചു. തണുപ്പിനെ ചെറുക്കാനുള്ള ചെറിയൊരു മാര്‍ഗ്ഗം. കൂടെ ചെറുകടികളും കഴിച്ചു. തൊട്ടടുത്ത് കണ്ട പഴക്കടകളില്‍നിന്ന് ഓറഞ്ചും വാഴപ്പഴങ്ങളും ആപ്പിളും പേരയ്ക്കയും വാങ്ങിവച്ചു; ഒരു കരുതലെന്നോണം. ഉച്ചയായെങ്കിലും ഉച്ചഭക്ഷണം കിട്ടാന്‍ സാധ്യതയുള്ള കടകള്‍ കണ്ടില്ല. തിരിച്ചു വണ്ടിയില്‍ക്കയറി ആപ്പിളും ഓറഞ്ചുമൊക്കെ തിന്നുകൊണ്ടിരുന്നു. അങ്ങനെ ഒരു താല്‍ക്കാലിക വിശപ്പടക്കല്‍. നല്ല ചുവന്നുതുടുത്ത മധുരമുള്ള ആപ്പിള്‍. ഇത് കശ്മീര്‍ ആപ്പിളാണ്. ഉത്തരാഖണ്ഡില്‍ ഇത് ആപ്പിള്‍ സീസണല്ല. ശൈത്യകാലത്ത് മരങ്ങള്‍ മഞ്ഞ്പുതഞ്ഞുറങ്ങുന്ന കാലം. 

യാത്ര പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു, കൗതുകക്കാഴ്ചകളും. ഗ്രാമവീഥികള്‍ പിന്നിടുമ്പോള്‍ മറ്റൊരു സുന്ദരന്‍ കാഴ്ച കണ്ടു. മരക്കമ്പുകളില്‍ ഊര്‍ന്ന് നിറഞ്ഞ വൈക്കോല്‍കൂനകള്‍, ഉണക്കപ്പുല്ലുകള്‍. 'ലുട്ട'കള്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവ ഹിമാലയത്താഴ്വരകളുടെ ഗ്രാമജീവിതത്തിന്റെ സൂചകങ്ങളാണ്. ഉണങ്ങിയ പുല്ലും ധാന്യങ്ങളുടെ കച്ചിയും മരക്കമ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതി പരമ്പരാഗതമാണ്. ഇതിനു മുന്‍കയ്യെടുക്കുന്നത് അധ്വാനതല്പരരായ സ്ത്രീകളും. ധാന്യങ്ങളുടെ വിളവെടുപ്പുകാലം കഴിഞ്ഞാല്‍ അവയുടെ കച്ചികള്‍ ഉണക്കിയും മലകളില്‍നിന്നുള്ള പുല്ല് ശേഖരിച്ചും സൂക്ഷിച്ചുവയ്ക്കും. ആടുമാടുകള്‍ക്ക് ശൈത്യകാലത്തും ഭക്ഷണം ദുര്‍ലഭമാകുന്ന സമയത്തും ഉപകരിക്കുന്ന തരത്തിലുള്ള ഒരു ശേഖരമാണിത്. കാര്‍ഷിക ജീവിതത്തിന്റെ മാതൃകാപരമായ ഒരു പ്രവൃത്തി. നമുക്കിത് കൗതുകക്കാഴ്ചയാണെങ്കിലും കൃഷിയും കന്നുകാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമാക്കിയ ദേവഭൂമിയുടെ മക്കള്‍ക്കിത് കരുതല്‍ ധനമാണ്. ലുട്ടകളുടെ കാഴ്ച മനസ്സില്‍ ഏറെ സന്തോഷം നിറച്ചു. കൃഷി മനുഷ്യസംസ്‌കാരത്തിന്റെ ആണിക്കല്ലാണെന്ന് ഉറപ്പിക്കാന്‍ പോന്ന ഒരു കാഴ്ചയും തിരിച്ചറിവുമായി മാറി അത്. 

വീണ്ടും മുന്നോട്ടുപോകുമ്പോള്‍ ഹെയര്‍പിന്‍ വളവില്‍ സ്ഥലനാമങ്ങളെഴുതിയ ബോര്‍ഡ് കണ്ടു. മുസ്സോറിയിലേക്കും സുവഖോലിയിലേക്കും ഭവാനിലേക്കുമുള്ള ദിശാസൂചകങ്ങള്‍. യമുനോത്ര, നറോത്ത് എന്നിവിടങ്ങളിലേക്കുള്ള ആരോ മാര്‍ക്കുകള്‍. കേട്ടുകേള്‍വി മാത്രമുള്ള വായിച്ചുമാത്രമറിയാവുന്ന ഈ സ്ഥലപ്പേരുകള്‍. ഇതിനകം മുസ്സോറിയും പിന്നിട്ടിരുന്നു. ഗാര്‍വാര്‍ ഹിമാലയത്തിന്റെ താഴ്വാരത്തെ ഹില്‍ സ്റ്റേഷനാണ് മുസ്സോറി. ഉത്തരകാശിയുടെ ഭാഗമായ മസൂറി ഡെറാഡൂണില്‍നിന്നും 35 കിലോമീറ്റര്‍ ദൂരത്താണ്. ഗാര്‍വാറിന്റെ പാദഭൂമി എന്ന് പരക്കെ അറിയാവുന്ന മുസ്സോറിയുടെ ചുറ്റിലും കൃഷിസ്ഥലങ്ങളാണ്. പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് സങ്കേതം കൂടിയാണ് മുസ്സോറി. ഇനി ചിന്യാലിസോര്‍ ചെക്ക്‌പോസ്റ്റും കടന്ന്, ധരസു വഴിയാണ് പോകേണ്ടത്. അവിടെനിന്ന് ഉത്തരകാശിയിലെത്തി റെയ്ത്താല്‍ വഴി ദയാറാബുഗ്യാലിലേക്ക്. 10-12 മണിക്കൂര്‍ യാത്രയുണ്ട്. നമ്മുടെ നാട്ടിലേതുപോലെ നിരപ്പായ സ്ഥലങ്ങളും റോഡുകളും ഇല്ല. കുന്നും മലയുമിറങ്ങി ചാഞ്ചാടിയായി വണ്ടി എത്തുമ്പോള്‍ ഒരു നേരമാകും. കാത്തിരിക്കുക തന്നെ; കാഴ്ചകള്‍ കണ്ട്, സ്വപ്നങ്ങള്‍ കണ്ട്. 

മഞ്ഞുവീണ പൈന്‍മര പാതകള്‍

പൈന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ കാനനപാതകള്‍ പിന്നിടുമ്പോള്‍ ഒരു കാഴ്ച കണ്ടു. ദൂരെ, കുമ്മായം വാരിവിതറിയപോലെ വെളുത്ത പാടുകള്‍. റോഡിനിരുവശത്തും ചിലയിടങ്ങളില്‍ കാണാം. ആരോ പറഞ്ഞു അത് മഞ്ഞാണെന്ന്. വണ്ടി ഓടിക്കൊണ്ടേയിരുന്നു. സൈഡിലൂടെ എത്തിനോക്കുമ്പോള്‍ ചിതറിക്കിടക്കുന്ന വെണ്‍മയുടെ സാന്നിദ്ധ്യം തലേന്ന് രാത്രിയുണ്ടായ മഞ്ഞ്വീഴ്ചയുടെ ബാക്കിപത്രങ്ങളാണവ. കുറ്റിക്കാടുകളും പച്ചവിരിച്ച താഴ്വാരങ്ങളും കൊക്കകളും കണ്ട് മുന്നേറുമ്പോള്‍ അങ്ങ് ദൂരെ മുകളറ്റത്ത് വെള്ളത്തലപ്പാവുകളണിഞ്ഞുനില്‍ക്കുന്ന പര്‍വ്വതങ്ങളും കൊടുമുടികളും. യാത്രികര്‍ക്ക് കൂടുതല്‍ ഉത്സാഹം പകര്‍ന്ന ഒരു കാഴ്ചയായിരുന്നു അത്. മുകളിലേക്ക് പോകുന്തോറും തണുപ്പേറിവരുന്നു. വിശപ്പ് കൂടിക്കൂടി വരുന്നു. ഉച്ചഭക്ഷണത്തെ ഓര്‍ത്ത് കൊതിവരുന്നു. പക്ഷേ, പെട്ടെന്നൊന്നും കിട്ടാന്‍ വഴിയില്ല. ഇനിയും മുന്നോട്ട് പോകണം കടകള്‍ കാണാന്‍. 

കാത്തിരുന്നു വീണ്ടും ക്ഷമയോടെ, കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങിക്കൊണ്ട്. തണുപ്പ് കൂടിക്കൊണ്ടേയിരുന്നു. വിശപ്പും വഴിയോരക്കാഴ്ചകളുടെ അനുഭവങ്ങളും അപരിചിതമായ ജീവിതസഞ്ചാരങ്ങളും അടുത്തറിയാന്‍ കഴിയുന്ന ഒരു യാത്രയാണിത്. വിശപ്പിന്റെ വിളിക്ക് കാതോര്‍ക്കാതെ, മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ ലക്ഷ്യം മാത്രം സ്വപ്നം കണ്ടുകൊണ്ടുള്ള ഒരു യാത്ര. കയ്യില്‍ കരുതിയ ബിസ്‌കറ്റും ഡ്രൈ ഫ്രൂട്ട്‌സും വീണ്ടും പൊട്ടിച്ചെടുത്തു. കൂടെ ഫ്‌ലാസ്‌കില്‍ നിറച്ച ചൂടുവെള്ളവും കുടിച്ചു. പക്ഷേ, അത് പണ്ടേ ആറിയിട്ടുണ്ടായിരുന്നു. അത്രയ്ക്കുണ്ട് തണുപ്പ്, എട്ട് പത്ത് ഡിഗ്രി. ചുരങ്ങള്‍ പിന്നിടുമ്പോള്‍ ചില ഒറ്റപ്പെട്ട കൊച്ചു കൊച്ചു കെട്ടിടങ്ങള്‍. കെട്ടിടങ്ങള്‍ എന്നു പറഞ്ഞുകൂടാ; കരിങ്കല്‍ കൂരകള്‍ സ്ലേറ്റ്പാറകൊണ്ട് പണിതുമേഞ്ഞ ഒറ്റമുറി വസതികള്‍. ഉയരം കുറഞ്ഞ നിര്‍മ്മിതികള്‍. അവ കാണാനും നല്ല രസമുണ്ട്. തണുപ്പ് അകത്തുകയറാതിരിക്കാനാകണം, ജാലകങ്ങളില്ലാത്ത ഒറ്റവാതിലുകളുള്ള കുടിലുകളാണ് അവ. കാഴ്ചകളുടെ രസം പിടിച്ചിരിക്കുമ്പോള്‍ വീണ്ടും കലശലായ ശങ്ക. ഈ തണുപ്പില്‍ ഇതൊരു വലിയ പ്രശ്‌നമാണ്. ഇടയ്ക്കിടെ കാര്യം സാധിക്കണം. വഴിയിലൊന്നും മൂത്രപ്പുരകളോ കടകളോ ഒന്നുമില്ല. എന്നാലും ഇങ്ങനെ അധികം മുന്നോട്ടുപോകാനും കഴിയില്ല. വണ്ടി നിറുത്തി എല്ലാവരുമിറങ്ങി. വിജനമായ വഴി. വണ്ടികളും കാര്യമായി വരുന്നില്ല. എങ്ങനെ കാര്യം സാധിക്കുമെന്നോര്‍ത്തപ്പോള്‍ അതിലേറെ ആശങ്ക. ഞങ്ങള്‍ ഒന്‍പത് പെണ്ണുങ്ങള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തി. വഴിയരികില്‍ തന്നെയിരിക്കുക; വേറെ വഴിയില്ലല്ലോ. പരസ്പരം മറയാവുക. അല്ലാതെന്തുവഴി. നടന്ന് നടന്ന് ഏതാണ്ട് 500 മീറ്റര്‍ മുന്നോട്ടു നീങ്ങി. പകുതിപ്പേര്‍ കാവലിരുന്നു. റോഡുവക്കില്‍ത്തന്നെയിരുന്നു. ആരും ആരെയും പരസ്പരം നോക്കാതെ കണ്ണുകള്‍ ഇറുക്കിയടച്ച്. ഇടയ്ക്ക് ചില വണ്ടികള്‍ ചീറിപ്പാഞ്ഞ് പോയെങ്കിലും അതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല. അങ്ങനെ ഒരു നാണക്കേടുമില്ലാതെ കഴിച്ച ഈ യാത്രയിലെ ആദ്യത്തെ തകര്‍പ്പന്‍ പരിപാടിയെ ഞങ്ങള്‍ പിന്നീടുള്ള കാനനവാസത്തിലും പതിവാക്കിയിരുന്നു, കൂടുതല്‍ ആത്മവിശ്വാസത്തോടെ. 

ബസിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ചുറ്റും കണ്ണോടിച്ചു. മനസ്സുനിറയ്ക്കുന്ന ഗംഭീര കാഴ്ച. മലമ്പാതകള്‍ക്കപ്പുറം മുകള്‍പ്പരപ്പില്‍ കരിമ്പച്ച കിരീടമണിഞ്ഞ  മലനിരകള്‍ പൈന്‍മരങ്ങളുടെ നിറച്ചാര്‍ത്താണത്. കുന്നുകളില്‍ വരിവരിയായി നിരനിരയായി നില്‍ക്കുന്ന പൈന്‍മരങ്ങള്‍ മലമുകളിലേക്ക് മാര്‍ച്ചുചെയ്യുന്ന ജവാന്‍മാരുടെ പ്രൗഢിയുണ്ട് അവയ്ക്ക്. ഹിമവാന്റെ കാവലാളുകള്‍. പ്രകൃതിയൊരുക്കിയ ഈ വൃക്ഷവിന്യാസം അത്യപൂര്‍വ്വമായ ഒരു ദൃശ്യവിരുന്നായി ഹൃദയത്തില്‍ പതിഞ്ഞു. 

വീണ്ടും റോഡിലൂടെ നടന്നു. സൂക്ഷിച്ചു നടക്കണം, വാഹനങ്ങള്‍ പാഞ്ഞുവന്നേക്കാം, ലക്കും ലഗാനുമില്ലാതെ. അധികം വണ്ടി ഓടാത്തതുകൊണ്ടാകാം ഈ പ്രദേശത്ത് നല്ല സൂപ്പര്‍ പാതയാണ്. കണ്ണ് ചിമ്മി തുറക്കും മുന്‍പ് വണ്ടിവരും. തട്ടിയിട്ട് പോയാല്‍ ആരും തിരിഞ്ഞു നോക്കില്ല. അതിനാല്‍ സൈഡിലൂടെ സൂക്ഷിച്ചു നീങ്ങി. ഇടയ്‌ക്കൊരു ബൈക്ക് റൈഡേഴ്സിന്റെ നീണ്ട നിര, ഒന്നുരണ്ട് കാറുകള്‍, അവ ചീറിപ്പാഞ്ഞുപോയി. തലയില്‍ പച്ചിലക്കെട്ടുമായി നീങ്ങുന്ന ഒരു ഗ്രാമീണനെ കണ്ടു. പിന്നിലായി കുറേ ആടുകളുമുണ്ട്, കോലാടുകള്‍. കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ കണ്ട ഒരു മനുഷ്യസാന്നിദ്ധ്യം. അയാള്‍ മെയിന്റോഡില്‍നിന്ന് കുത്തനെയുള്ള വഴിയിലൂടെ മുകളിലേക്ക് കയറിപ്പോകുന്നു. വഴിയുടെ അറ്റം കാണാനില്ല. അയാള്‍ പോയ ദിക്കിലേക്ക് കണ്ണ് നട്ടു. കുറേക്കൂടി നടന്നപ്പോള്‍ കണ്ടു റോഡിനു മുകളിലായി ഒന്നുരണ്ട് കെട്ടിടങ്ങള്‍. സാമാന്യം നല്ല രീതിയില്‍ പണിതുയര്‍ത്തിയവ. ഭേദപ്പെട്ട ജീവിതം നയിക്കുന്ന ഒരു ഹിമാലയന്‍ കുടുംബനാഥനാകാം അതെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. അയാളുടെ നടപ്പിലും വേഷത്തിലും ഒരു പട്ടാളക്കാരന്റെ പരിവേഷവുമുണ്ടായിരുന്നു. 

ബസില്‍ കയറി അല്പം വെള്ളം കുടിച്ച് വീണ്ടും യാത്ര തുടങ്ങി. സമയം ഉച്ചതിരിഞ്ഞിട്ടുണ്ട്. വാച്ചില്‍ നോക്കാനൊന്നും തോന്നുന്നില്ല. തണുപ്പും ക്ഷീണവും വിശപ്പും അടിക്കടി കൂടിക്കൂടി വരുന്നു. അല്പംകൂടി കഴിഞ്ഞാല്‍ ഭക്ഷണശാല ഉള്ളയിടത്ത് എത്തുമെന്ന് കേട്ട് പ്രതീക്ഷയോടെ ഇരുന്നു. 

ബർസുവിലെ ഒരു വീട്

കുറേക്കൂടി മുന്നോട്ട് യാത്രചെയ്ത് വണ്ടി ചിന്യാലിസോറിലെത്തി. ഉത്തരകാശിയുടെ പ്രവേശന കവാടമാണിത്. ഇവിടുത്തെ ചെക്ക്‌പോസ്റ്റ് കടന്നുവേണം ഇനിയുള്ള യാത്ര. വണ്ടിനിറുത്തി. എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നു തിരക്കി ഒരാള്‍ വണ്ടിയുടെ അടുത്തേക്കു വന്നു. എല്ലാവരും ചെറുതായി ഒന്ന് അമ്പരന്നു. ഓരോരുത്തരായി ഇറങ്ങാന്‍ പറയുന്നു. പരിശോധന നടത്തിയിട്ടില്ലെങ്കില്‍ അതുകഴിഞ്ഞ് മാത്രമേ ചെക്ക്‌പോസ്റ്റ് കടന്നുപോകാന്‍ പറ്റൂ. എന്തു ചെയ്യും. ആരും ഒന്നും മിണ്ടുന്നില്ല. ആരും കൊവിഡ് ടെസ്റ്റ് ചെയ്തിട്ടുമില്ല. അത്ര നിര്‍ബ്ബന്ധമെന്ന് സംഘാടകരും പറഞ്ഞിരുന്നില്ല. ഇനി എന്തുചെയ്യും. എന്റെ കയ്യില്‍ ടെസ്റ്റ് ചെയ്ത കടലാസുണ്ടെന്നറിഞ്ഞ സാമിയേട്ടനും അലിയും എന്നോട് ഇറങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ പേപ്പറുമായി ധൈര്യം ഭാവിച്ച് മുന്നോട്ടു ചെന്നു. ചെക്ക്‌പോസ്റ്റില്‍ യൂണിഫോം ധരിച്ച രണ്ട് വനിതകള്‍. ഒരു പൊലീസ് ഓഫീസറും ഒരു മെഡിക്കല്‍ സ്റ്റാഫും. അവര്‍ ഹിന്ദിയില്‍ എന്നോട് എന്തോ പറഞ്ഞു. ഞാന്‍ കയ്യിലുള്ള ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊടുത്തു. അത് കണ്ട് വീണ്ടുമവര്‍ എല്ലാവരും ടെസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാനവരോട് ഇംഗ്ലീഷില്‍ ''എന്റെ കൂടെ എയര്‍പോര്‍ട്ടിലിറങ്ങിയ എല്ലാവരേയും ടെസ്റ്റ് കഴിഞ്ഞാണ് പുറത്തേക്കു വിട്ടത്'' എന്നു പറഞ്ഞു. എങ്കില്‍ പൊയ്‌ക്കോളൂ എന്നായി. വേഗം വണ്ടിയില്‍ കയറി വണ്ടി വിട്ടോളാന്‍ പറഞ്ഞു. സത്യം പറയട്ടെ, ഈ യാത്രയില്‍ ഉള്ള ഒരാളും എന്റൊപ്പം ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിരുന്നില്ല. രണ്ടുമൂന്നു ദിവസം മുന്‍പ് തമ്പടിച്ചവരും വേറെ വേറെ സമയത്തു വന്നവരും ആയിരുന്നു. എന്റെ സഹയാത്രികര്‍ ഡല്‍ഹിക്കാരായിരുന്നു കൂടുതലും. പക്ഷേ, ഞാനങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കു യാത്ര സമയത്ത് തുടരാന്‍ പറ്റില്ല. ഒരുപക്ഷേ, എല്ലാവര്‍ക്കും ഉത്തരകാശിയിലെത്താനുമാവില്ല. നാല്‍പ്പതോളം പേരുടെ ടെസ്റ്റ് കഴിയണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ടിവരും. ലക്ഷ്യസ്ഥാനത്ത് രാത്രിക്കു മുന്‍പേ എത്തിയില്ലെങ്കിലും പ്രശ്‌നമാണ്. കൂടാതെ ദുര്‍ഘട വഴികളും കാട്ടുപാതകളും നിറഞ്ഞ വഴികളാണ്. വഴിവെളിച്ചങ്ങളോ വൈദ്യുതിയോ ഉണ്ടാകാനിടയില്ല. അതിലുപരി ഉച്ചഭക്ഷണവും കഴിച്ചിട്ടില്ല. ഇതൊരു സാഹസിക യാത്രയാണ്. അവസരത്തിനൊത്ത് നീങ്ങേണ്ടിവന്നു. അങ്ങനെ പറയേണ്ടിവന്നു. അവര്‍ എന്നെ വിശ്വസിച്ചു. ഞാന്‍ മനസ്സില്‍ ഈശ്വരനോട് ക്ഷമ യാചിച്ചു; ഇങ്ങനെയൊരു നുണ പറയേണ്ടിവന്നതില്‍. ഒപ്പം ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടിന്റെ പുറത്ത് എന്നെ പിന്തുടര്‍ന്ന് കൊവിഡ് ടെസ്റ്റിന്റെ ക്യൂവില്‍ നിറുത്തിയ ആ മനുഷ്യനോട് ഒരു നൂറ് നന്ദിയും മനസ്സില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈശ്വരന്‍ പറഞ്ഞുവിട്ടതായിരുന്നു അദ്ദേഹത്തെ എന്ന് എനിക്കു തോന്നിയ നിമിഷങ്ങളായിരുന്നു അവ. 

വണ്ടി കുറേക്കൂടി സഞ്ചരിച്ച് മുന്നോട്ടെത്തിയപ്പോള്‍ പുതിയ റോഡ് നിര്‍മ്മാണത്തിന്റെ കാഴ്ചവട്ടങ്ങളും വാഹനങ്ങളുടെ ഇരമ്പലുമുണ്ട്. പൊടിപാറിയ റോഡുകളും മലഞ്ചെരിവുകളും പിന്നിട്ട് ഹെയര്‍പിന്നുകള്‍ കയറി യാത്ര തുടര്‍ന്നു. മലകളും പുഴകളും വളവുകളും വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. മേഘശകലങ്ങള്‍ക്കിടയിലൂടെ, ആകാശക്കാഴ്ചകളുടെ മധ്യത്തിലൂടെ ഞങ്ങളുടെ ശകടം സഞ്ചരിച്ചുകൊണ്ടേയിരുന്നു- ദേവഭൂമിയിലേക്ക്, അതിന്റെ നെറുകയിലേക്ക്. അതിലും കൂടുതല്‍ വേഗതയില്‍ ഞങ്ങളുടെ മനസ്സും. 

ഒന്നു മയങ്ങി കണ്ണ് തുറക്കുമ്പോള്‍ ആരോ വിളിച്ചുപറയുന്നു ഊണ് കഴിക്കാമെന്ന്. വണ്ടി പാര്‍ക്ക് ചെയ്ത് നിരത്തിലിറങ്ങി നോക്കുമ്പോള്‍ സാമാന്യം തിരക്കുള്ള ഒരു ചെറുപട്ടണം. സമയം രണ്ട് രണ്ടരയായിട്ടുണ്ടാകും. ധരസു എന്ന പട്ടണമാണിത്. ഇവിടെനിന്നും ഉത്തരകാശിക്ക് ഇനി 32 കിലോമീറ്ററില്‍ അധികമുണ്ട്. യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കുമുള്ള പാതകള്‍ തിരിയുന്നത് ധരസുവിന്റെ മണ്ണിലൂടെയാണ്. ദരസു ബെന്‍ഡ് എന്നാണ് ധരസുവിനെ പറയുന്നത്. ധരസു മുതല്‍ ഇനിയങ്ങോട്ട് ഭാഗീരഥിയും ഒപ്പമുണ്ടാകും യാത്രയില്‍. റോഡിനു മുകളിലായി വഴിയടയാളങ്ങള്‍ കാണിച്ച് കൂറ്റന്‍ ബോര്‍ഡുമുണ്ട്. ഹൈവേ അതോറിറ്റിയുടെ ചൂണ്ടുപലക. ദേശീയപാതയുടെ സംഗമസ്ഥാനമായ ധരസുവിന്റെ മധ്യത്തില്‍ ചായക്കടകളും ഹോട്ടലുകളും പഴക്കടകളും തുണിക്കടകളും എല്ലാമുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, ടൂറിസ്റ്റ് ബസുകള്‍, ടാക്സികള്‍, ബൈക്കുകള്‍ എന്നിവയും കാണാം. അവശ്യസാധനങ്ങളുടെ കടയില്‍ നല്ല തിരക്ക്. അതിനിടയിലൂടെ മുന്നോട്ടു നടന്ന് ഭക്ഷണശാലയെ ലക്ഷ്യമാക്കി നീങ്ങി. ചോറും കറികളും ചപ്പാത്തിയും റോട്ടിയുമെല്ലാം ചൂടോടെ തയ്യാറാക്കുന്ന ദമ്പതികളെ കണ്ടു. എല്ലാവര്‍ക്കുമുള്ള ഭക്ഷണം തരാമെന്ന് അവര്‍ പറഞ്ഞു. അവിടെക്കയറിയിരുന്ന് ചൂടുള്ള ചോറും രാജ്മാ പയറും കോളിഫ്‌ലവറും അച്ചാറും കൂട്ടി ഊണ് കഴിച്ചു. ചിലര്‍ ചപ്പാത്തിയും റോട്ടിയും കഴിച്ചു. ഇവയ്‌ക്കൊപ്പം പച്ചമുളകും. ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമാണ് കശ്മീരി മുളക്. അത് പച്ചയ്ക്കു തന്നെ കടിച്ചുതിന്നണം. എരിവും പുകച്ചിലുമൊന്നും നോക്കാതെ. കടുകെണ്ണയില്‍ പാചകം ചെയ്‌തെടുത്ത കറികളും ചോറും ഏറെ രുചികരമായി തോന്നി. ഹോട്ടലുടമയും ഭാര്യയും ചേര്‍ന്ന് വേഗത്തില്‍ വിളമ്പിത്തന്നു, വയറു നിറയെ. കഴിച്ചിറങ്ങുമ്പോള്‍ തൊട്ടപ്പുറത്തെ കടയിലേക്കായി എല്ലാവരുടേയും ആകര്‍ഷണം. കൂട്ടത്തിലുള്ളവരെല്ലാം അങ്ങോട്ട് ധൃതിയില്‍ പോകുന്നുണ്ട്. അവിടെ ആകപ്പാടെയൊരു തിരക്ക്. എന്താണാവോ എന്നു വിചാരിച്ചു നില്‍ക്കുമ്പോള്‍ കൂട്ടുകാര്‍ ആംഗ്യം കാണിക്കുന്നു. അങ്ങോട്ട് ചെല്ലാന്‍. ഞങ്ങളും പിന്നാലെ ചെന്നു. പലരും വായിലിട്ട് എന്തോ ചവയ്ക്കുന്നുമുണ്ട്. ഞങ്ങളും കടയുടെ ഉള്ളിലേക്ക് കടന്നുചെന്നു. പൊരിച്ചുവച്ച മീന്‍ പകോടകള്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്നു. ഒരെണ്ണം എടുത്ത് രുചിച്ചു നോക്കി. കിടിലന്‍ രുചി. ഒന്നുകൂടിയെടുത്തു. ഡാം ഫിഷ് ഫ്രൈ ചെയ്ത് തയ്യാറാക്കിയ പകോടകളാണ്. തെഹ്രി ഡാമിലെ മത്സ്യങ്ങളാണവ. എരിവും മസാലകളും മിതമായി ചേര്‍ത്ത് തയ്യാറാക്കിയ രസികന്‍ മീന്‍പകോട ആദ്യമായി കഴിക്കുകയായിരുന്നു. കഴുകി വൃത്തിയാക്കിയ മീന്‍കഷണങ്ങള്‍ മാവില്‍മുക്കി എണ്ണയിലിട്ട് സ്പീഡില്‍ വറുത്തുകോരുന്ന സുന്ദരിയായ ഒരു യുവതി. അവളുടെ നിഷ്‌കളങ്കമായ മുഖം, ഹൃദ്യമായ ചിരി. ഹിമവാന്റെ മണ്ണിലെ മിടുക്കിപ്പെണ്ണ്. ഇതൊരു കൂട്ടുസംരംഭമാണ്. മുന്‍പ് ഭക്ഷണം കഴിച്ച കട അമ്മയുമച്ഛനും നടത്തുമ്പോള്‍ സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇപ്പുറത്തെ കച്ചവടം. കടകള്‍ക്കു പിന്നിലായി ചേര്‍ത്തുപണിത വീടും. മനോഹരമായ വാതിലുകള്‍. അതിനു മുകളിലായി ദൈവങ്ങളുടെ പടങ്ങളും ഭിത്തിയില്‍ പതിപ്പിച്ചിട്ടുണ്ട്. കാശുകൊടുത്ത് കുശലം പറഞ്ഞ് ഇനിയും ഈ വഴിവരുമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടന്ന് തിരിച്ചു. 

ബർണാല ക്ഷേത്രം

തുരന്നെടുക്കുന്ന ഹിമാലയന്‍ താഴ്വാരങ്ങള്‍

വീണ്ടും മുന്നോട്ടു പോകുമ്പോള്‍ റോഡ് നിര്‍മ്മാണം നടക്കുന്നു. മലകള്‍ വെട്ടിയരിഞ്ഞ് വലിയ വലിയ പാതകള്‍ നിര്‍മ്മിക്കാനുള്ള പുറപ്പാടാണ്. ഹിമാലയത്തിന്റെ താഴ്വാരങ്ങള്‍ ഇങ്ങനെ തുരന്നുകളയുന്നതില്‍ വിഷമം തോന്നി. മലയിടിച്ചിലും മണ്ണിടിച്ചിലും ഒരു പരിധിവരെ ഉണ്ടാകുന്നത് ഇത്തരം നിര്‍മ്മാണപ്രക്രിയയുടെ പരിണതഫലമാണ്. പക്ഷേ, വികസനലക്ഷ്യങ്ങള്‍ക്കിടെ അതിനൊന്നും വലിയ പ്രസക്തിയുമില്ല. ഗംഗാതടം മുതല്‍ ഹിമവാന്റെ ഭൂമികയിലൂടെ സഞ്ചരിച്ച പലയിടങ്ങളിലും മുന്‍പും ഇത്തരം കാഴ്ചകള്‍ കണ്ട് മനസ്സ് വിഷമിച്ചിട്ടുണ്ട്. പരിസ്ഥിതിക്കനുയോജ്യമായ ഒരു വികസനസങ്കല്പം എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ആ ചിന്തകളെ തല്‍ക്കാലം മാറ്റിനിറുത്തി പച്ചക്കുന്നുകളിലേക്ക് നോക്കിയിരുന്നു. 

നേരം അഞ്ചര ആറു മണിയായിക്കാണും. മലമുകളില്‍ ഇരുള് പരന്നുതുടങ്ങി. ഭാഗീരഥിയുടെ ഓരം ചേര്‍ന്ന് അവളുടെ സംഗീതം കേട്ടാണ് ഈ യാത്ര. തുള്ളിത്തുളുമ്പി, ചിലുങ്ങിചിലമ്പി ചിലപ്പോള്‍ ഒച്ചവെച്ചും നീങ്ങുന്ന ഭാഗീരഥി. അവളുടെ ചെരിവുകളില്‍ ദൂരെ ദൂരെ ഇടയ്ക്കു മാത്രം ചിന്നുന്ന വെളിച്ചത്തിന്റെ കണ്ണുകള്‍. ഇരുട്ട് കൂടിവരുന്തോറും തണുപ്പിന്റെ കാഠിന്യവും കൂടിവരുന്നുണ്ട്. കമ്പിളിഷാളും തെര്‍മലുകളും മങ്കിക്യാപ്പുമൊന്നും മതിവരാത്തപോലെ. കുത്തിക്കയറുന്ന തണുപ്പ്, വിറങ്ങലിക്കുന്ന തണുപ്പ്. ഒപ്പം രാത്രി സഞ്ചാരത്തിന്റെ ഭയാനകതയും. അവയ്ക്ക് പിടികൊടുക്കാതെ പുറത്തേക്ക് കണ്ണുനട്ടിരുന്നു. അങ്ങകലെ ഗിരിനിരകള്‍ക്കു മുകളില്‍ ഉദിച്ചുവന്ന ചന്ദ്രന്‍. അതിന്റെ ചുറ്റുമുള്ള പ്രഭാവലയങ്ങള്‍. അവയെ നോക്കിയിരുന്നു. കൂരിരുട്ടില്‍ മറ്റു കാഴ്ചകളുടെ സാധ്യതകള്‍ മങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും തെളിഞ്ഞു തെളിഞ്ഞുവരുന്ന മറ്റൊരു ഗംഭീരദൃശ്യം കൂടെയുണ്ട്. നിലാവെളിച്ചം വീണ് കൂടുതല്‍ സുന്ദരിയായ ഭാഗീരഥി. അവളുടെ ഒഴുക്കിന്റെ ഞൊറിവുകള്‍ വെട്ടിത്തിളങ്ങുന്ന കാഴ്ച. വിജനതയില്‍ കൂരിരുട്ടിന്റെ മധ്യത്തിലൂടെ കുലുങ്ങിക്കുലുങ്ങി കുത്തനെയുള്ള കയറ്റങ്ങള്‍ കയറി വാഹനം ഗിരിനിരകളുടെ ഉച്ചിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ദേവഭൂമിയുടെ പൗരാണിക ഗ്രാമമായ റെയ്ത്താലിന്റെ താഴ്വരയിലേക്ക്. 

രാത്രി ഒന്‍പത് മണിയോടെ റെയ്ത്താല്‍ താഴ്വരയിലെത്തി. ചുറ്റും കൂരിരുട്ട്. കിടുകിടുപ്പന്‍ തണുപ്പ്. വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ തോന്നുന്നില്ല. അത്രയ്ക്ക് തണുപ്പാണ്. ഒരു ഹോംസ്റ്റേയുടെ മുന്നിലാണ് വണ്ടി നിറുത്തിയിട്ടുള്ളത്. ഇതല്ലാതെ ഇവിടെ വേറെ വീടുകളോ കെട്ടിടമോ കാണാനില്ല. വഴിവെളിച്ചങ്ങളുമില്ല. വീടിന്റെ ഉമ്മറത്തെ വെളിച്ചം മാത്രം. ചെരിവിനോടു ചേര്‍ന്ന് നിര്‍മ്മിച്ച വൃത്തിയും വെടിപ്പുമുള്ള, വിശാലമായ മുറ്റമുള്ള വസതി. ഒരു കൂട്ടുകുടുംബത്തിന്റെ സംരംഭമാണ് ഇവിടുത്തെ ഹോംസ്റ്റേ. റെയ്ത്താലിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹോംസ്റ്റേയാണിത്. വണ്ടിയില്‍നിന്നിറങ്ങി സാധനങ്ങള്‍ വരാന്തയില്‍ കൊണ്ടുവച്ചു. മുറിയില്‍ കയറി നോക്കി. രണ്ടുംമൂന്നും പേര്‍ക്ക് ഉറങ്ങാവുന്ന മുറികള്‍. ബാഗും മറ്റ് വസ്തുക്കളും മുറിയിലെടുത്തുവച്ചു. കമ്പിളിപ്പുതപ്പുകളും തലയിണകളുമിട്ട് വൃത്തിയായി ഒരുക്കിയ മുറികള്‍. അറ്റാച്ച്ഡ് ബാത്ത്‌റൂമും ഉണ്ട്. ഓടിച്ചെന്ന് ബാത്ത്‌റൂമില്‍ കയറി പൈപ്പ് തുറന്നു; ചൂടുവെള്ളമായിരിക്കുമെന്ന പ്രതീക്ഷയോടെ. വിരല്‍വച്ച് നോക്കുമ്പോള്‍ അറുത്തുപോകുന്ന തണുപ്പ്. ചൂടുവെള്ളം ഇതില്‍ വരില്ല. ആവശ്യമെങ്കില്‍ വീട്ടുകാരോട് പറഞ്ഞ് ഒപ്പിക്കണം. ഹോംസ്റ്റേയുടെ മുറ്റത്തുതന്നെ ഒരു ചെറിയ കെട്ടിടമുണ്ട്. ഒരു സ്റ്റോറും ചെറിയ ഒരു അടുക്കളയും ചേര്‍ന്ന നിര്‍മ്മിതി. അതിനകത്ത് സുന്ദരികളായ മൂന്നു സ്ത്രീകള്‍. വീട്ടുകാരാണ്. തട്ടമിട്ട്, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഗാര്‍വാളി മഹിളകള്‍. അവരാണ് ഇവിടുത്തെ അന്നമൂട്ടുകാര്‍. 

മുറ്റത്തിനു താഴെ മറ്റൊരു വീടുമുണ്ട്. ഈ കുടുംബത്തിന്റെ ഭാഗമാണ് ഇവര്‍. കൃഷിയും അനുബന്ധ തൊഴിലുകളുമായി മുന്നോട്ടു പോകുന്ന ഒരു കൂട്ടുകുടുംബം. ചെറിയ കുട്ടികളും വയോധികരും എല്ലാമടങ്ങുന്ന സംതൃപ്ത കുടുംബം. ഞങ്ങള്‍ക്കുള്ള റോട്ടിയും പറാത്തയും ചായയുമെല്ലാം പെണ്‍സംഘങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. മറചാരിയ വാതിലിനരികിലിരുന്ന് വിറകടുപ്പില്‍ കൈകൊണ്ട് പരത്തി ചുട്ടെടുത്ത പറാത്തയും റോട്ടിയും. ചൂടുചായ, താഴ്വരയില്‍ വിളഞ്ഞ നെല്ലിന്റെ ചോറ് ഇതെല്ലാം ഞങ്ങള്‍ കഴിച്ചു, രണ്ട് നാള്‍. വളരെ ക്ഷമയോടെ ഗോതമ്പ് കുഴച്ച് പരത്തിയെടുത്ത് കല്ലില്‍ ചുട്ടെടുക്കുന്നത് കാണാനിടയായി. നാല്‍പ്പത് പേര്‍ക്കുള്ള ഭക്ഷണമൊരുക്കാന്‍ ഏറെ നേരം പിടിക്കും അതിനാല്‍ ഡ്രൈ ഫ്രൂട്‌സും പഴങ്ങളും കഴിച്ച് കാത്തിരുന്നു അത്താഴത്തിനായി. മേലൊന്ന് കഴുകണമെന്നുണ്ടെങ്കിലും അതിനു കഴിഞ്ഞില്ല. ഒരു മഗ്ഗ് ചൂടുവെള്ളംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇനിയുള്ള നാളുകള്‍ തിരിച്ച് ഡെറാഡൂണെത്തും വരെ ആ ആഗ്രഹത്തിനു പ്രസക്തിയുമില്ല. അതറിഞ്ഞുകൊണ്ടുള്ള ഒരു യാത്രയാണിത്. 

രാത്രി പത്തുപത്തരയോടടുത്തു. ഭക്ഷണം റെഡിയാക്കി മുറ്റത്തെ ടേബിളില്‍ വച്ചിട്ടുണ്ട്. ചൂടുവെള്ളവും ചായയുമൊക്കെയുണ്ട്. മുറ്റത്തെ കസേരയില്‍ പുറത്തേക്കു നോക്കിയിരുന്ന് ഭക്ഷണം കഴിച്ചു. നല്ല രുചിയുള്ള ഭക്ഷണം. നിലാവ് പരന്നിരുന്നു. മലമുകളിലും താഴ്വാരത്തും നിലാവെളിച്ചം കൂടുതല്‍ തെളിമയോടെ, ഭംഗിയോടെ കാഴ്ചകളെ വ്യക്തമാക്കുന്നു. ഭക്ഷണം കഴിച്ച് മുറ്റത്ത് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. വരും യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍. ഇനിയുള്ള യാത്രകള്‍ കഠിനമായ മലകയറ്റങ്ങളാണ്. അതിനുവേണ്ടി പ്രത്യേകമായി ഒരുങ്ങേണ്ടതുണ്ട്. മൈനസ് ഡിഗ്രി തണുപ്പില്‍ നാലുനിര കമ്പിളിക്കുപ്പായങ്ങളും മറ്റ് വസ്ത്രങ്ങളും റെയിന്‍കോട്ടും ജാക്കറ്റും സ്നോ ഷൂസും ഗേറ്റേഴ്സുമണിഞ്ഞ്, മങ്കിക്യാപ്പും നെക്ക്വെയറുമിട്ട്, ട്രെക്‌പോളും കൂളിംഗ്ലാസ്സുമെടുത്ത് വേണം രാവിലെ യാത്ര തുടരാന്‍. അതിനു മുന്‍പായി വ്യായാമവും വാമിങ്ങ് അപ്പും ഉണ്ട്. രക്തസമ്മര്‍ദ്ദവും ഷുഗറുമെല്ലാം പരിശോധിക്കണം. ടെംപറേച്ചര്‍ നോക്കണം. ഇതെല്ലാം ഓര്‍മ്മപ്പെടുത്താനുള്ള ഒരു കൂടിച്ചേരലായിരുന്നു അത്. കയ്യില്‍ അവശ്യം കരുതേണ്ട സാധനങ്ങള്‍, ട്രെക്‌പോളിന്റെ ഉപയോഗരീതികള്‍, മലകയറുമ്പോഴും ഇറങ്ങുമ്പോഴും കാലുകള്‍ പതിപ്പിക്കേണ്ടവിധം, നടപ്പുവഴികളിലെ വേഗതാനിയന്ത്രണം- ഇങ്ങനെ പലതുമുണ്ട് അക്കൂട്ടത്തില്‍. ശൈത്യകാലത്തുള്ള  പര്‍വ്വതാരോഹണമായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ ഇതെല്ലാം കേട്ടിരുന്നു. അതിനിടയില്‍ മുറ്റത്ത് ഒന്നുരണ്ട് ടെന്റുകളും ഒരുങ്ങിക്കഴിഞ്ഞു. ഉറക്കത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍. ദീര്‍ഘയാത്രയുടെ ക്ഷീണമകറ്റി സ്വസ്ഥമായുറങ്ങാന്‍ ആഗ്രഹമുണ്ട് എല്ലാവര്‍ക്കും. പക്ഷേ, എത്രകണ്ട് നടക്കുമെന്നുറപ്പില്ല. ഈ തണുപ്പില്‍ ഓരോരുത്തരായി മുറികളിലേക്കും ടെന്റുകളിലേക്കും ചേക്കേറി, താമസിയാതെ. 

ബർസു തടാകം

നിലാവെളിച്ചത്തില്‍ മുങ്ങിയ ഹിമഗിരികള്‍

ഉറങ്ങാന്‍ പോകും മുന്‍പ് ഒരിക്കല്‍ക്കൂടി അകലെ മലനിരകളിലേക്കു നോക്കി. അങ്ങകലെ കൂടുതല്‍ കൂടുതല്‍ മിഴിവോടെ, നിലാവെളിച്ചത്തിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ഹിമഗിരികളെ നോക്കി. അതിന്റെ മഹനീയ ഭംഗി കൂടിക്കൂടി വരുന്നു. ദേവഭൂമിയിലെ  രാവിന്റെ സൗന്ദര്യക്കാഴ്ചയില്‍ മയങ്ങി അങ്ങനെ കുറേ നേരം നിന്നു. ഇതുവരെ കാണാത്ത, ആസ്വദിക്കാത്ത ഒരു മാസ്മരികത ആ കാഴ്ചവട്ടങ്ങള്‍ക്കുണ്ടായിരുന്നു. ഉയരെ സ്വര്‍ണ്ണപ്പൊട്ടുപോലെ ചിരിച്ചുകൊണ്ടുനിന്ന ചന്ദ്രബിംബം. നാളെ, ഗൊയിയിലെ പുല്‍മേടുകളില്‍, പൗര്‍ണ്ണമിദിനത്തില്‍ വീണ്ടും കാണണേയെന്ന് അപേക്ഷിച്ചു. ആ ദൃശ്യചാരുതയോട് വിടപറഞ്ഞു. മുറിയില്‍ കയറി കമ്പിളിപ്പുതപ്പിനടിയില്‍ ഒരു പ്യൂപ്പയായി മാറി. പക്ഷേ, തണുപ്പിന്റെ കാഠിന്യത്തില്‍ ഗാഢനിദ്ര ചിതറിപ്പോയ ദിനമായിരുന്നു അത്. റെയ്ത്താളിന്റെ പ്രഭാതം ഏറെ സുന്ദരമായിരുന്നു. മുന്നില്‍ മലനിരകളും താഴ്വാരങ്ങളും ഉദയസൂര്യന്റെ രശ്മികളേറ്റ് അഴകുവിടര്‍ത്തി നില്‍ക്കുന്നു. 

അകലെ വെള്ളിക്കൊടുമുടികളും പര്‍വ്വതനിരകളും നീലമലകള്‍ക്കു താഴെ പച്ചപ്പുതപ്പണിഞ്ഞ താഴ്വാരങ്ങളും കൃഷിയിടങ്ങളും. ചെറുകിളികളുടെ കലപിലകളും ഹിമാലയന്‍ കാക്കകളുടെ കരച്ചിലുമുണ്ട്. പുറത്തിറങ്ങി അല്പദൂരം നടന്നു. കമ്പിളിക്കുപ്പായങ്ങളും പുതപ്പുമണിഞ്ഞ് കന്നുകാലികളുമായി നീങ്ങുന്ന ഗ്രാമീണര്‍. അവരെ മറികടന്ന് മുന്നോട്ടു ചെന്നു. റോഡരുകില്‍ പൂത്തുനില്‍ക്കുന്ന മുള്ളുചെടികള്‍. നിറയെ പൂക്കളാണ്, മനോഹരമായ പൂക്കള്‍. നല്ല സുഗന്ധവുമുണ്ട്. റോഡിനിരുവശത്തും കാബേജും കോളിഫ്‌ലവറും കൃഷി ചെയ്തിരിക്കുന്നതു കണ്ടു. കുറേനേരം പിന്നെയും നടന്നു. മലകളെ നോക്കി. അതിസുന്ദരിയായ റെയ്ത്താലിനെ മനസ്സില്‍ വരച്ചിട്ടു. 

തിരികെ വസതിയിലെത്തി ട്രെയിനിങ്ങിനു പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. വസ്ത്രങ്ങള്‍ മാറി. നാലുനിര തെര്‍മലും മഴക്കോട്ടും ട്രെക്ഷൂസും ട്രെക്‌പോളും കൂളിംഗ്ഗ്ലാസ്സുമൊക്കെ വേണം. ഷൂസിനെ പൊതിഞ്ഞ് ഗേറ്റേഴ്സുമിട്ടു. ഇതെല്ലാം ധരിച്ച് എങ്ങനെ നടക്കണം, എങ്ങനെ ചെരിവുകള്‍ കയറണമെന്നൊക്കെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സംഘാടകര്‍ നല്‍കി. 

അതിനിടയില്‍ ചൂട് പറാത്തയും സബ്ജിയും കഴിച്ച് ചായയും കുടിച്ചു. ടെംപറേച്ചര്‍, പ്രഷര്‍ എന്നിവ നോക്കി. ആര്‍ക്കും കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തി. ബാക്ക് പാക്കും കയ്യിലെടുത്ത് പോകാന്‍ തയ്യാറായി. സംഘാടകരും ഭക്ഷണസാധനങ്ങളും കനമുള്ള ബാഗുകളുമേന്തിയ പോണികളും മുന്നില്‍ നടന്നു. പര്‍വ്വതാരോഹണത്തിന്റെ ആദ്യചുവടുകളായിരുന്നു അത്. റെയ്ത്താലില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട് ഗൊയിയിലേക്ക്. ദയാറാബുഗ്യാലിലേക്കുള്ള യാത്രയുടെ ആദ്യ ഇടത്താവളമാണ് ഗൊയി. മനോഹരമായ പുല്‍മൈതാനം. അതിനോടു ചേര്‍ന്ന് ഉറഞ്ഞുകിടക്കുന്ന 'ഗൊയിത്താള്‍' എന്ന തടാകം. അതിന്റെ തീരത്താണ് ഇന്നത്തെ അന്തിയുറക്കം. ഏതാണ്ട് 9.30 ഓടെ ഞങ്ങള്‍ റെയ്ത്താല്‍ ഹോംസ്റ്റേ വിട്ട് ഗൊയിയെ ലക്ഷ്യമാക്കി നീങ്ങി. റെയ്ത്താലിലെ ഇടറോഡിലൂടെ ഏതാണ്ട് 500 മീറ്റര്‍ പിന്നിട്ട് ഇടത്തോട്ട് തിരിയുമ്പോള്‍ ഒരു വലിയ ആര്‍ച്ച് കണ്ടു. ദയാറാബുഗ്യാലിലേക്ക് സ്വാഗതമോതുന്ന ബോര്‍ഡാണത്. ആ വഴി മുകളിലോട്ട് കയറി. കരിങ്കല്ല് പാകിയ, ഇരുപുറവും കയ്യാലകള്‍ തീര്‍ത്ത വീതികുറഞ്ഞ പാത. കുറേ മുന്നോട്ടു ചെല്ലുമ്പോള്‍ ഒരു ആട് ഫാമിന്റെ ബോര്‍ഡ് കണ്ടു. ഈ വഴി വളവുകളും കയറ്റവും തന്നെ. ചുറ്റും ആപ്രിക്കോട്ടും മറ്റെന്തൊക്കെയോ പഴവര്‍ഗ്ഗമരങ്ങളും തിങ്ങിനിറഞ്ഞ സ്ഥലമാണ്. കൃഷിസ്ഥലങ്ങളാണ് ഇതെല്ലാം. മുന്നില്‍ വലിയ ചാക്കുകളില്‍ കരിയിലയും പുല്ലും ശേഖരിച്ച് കാടിറങ്ങിവരുന്ന രണ്ട് വനിതകള്‍. അവര്‍ വഴിമാറി നിന്നു. നടന്നു നടന്ന് മുന്നോട്ടു ചെന്നപ്പോള്‍ കയറ്റങ്ങള്‍ കയറാന്‍ പ്രയാസം പോലെ. ട്രെക്കിങ്ങിന്റെ ആദ്യ ദിനമാണ്. അത്ര വേഗത്തില്‍ കയറ്റം കയറാന്‍ പറ്റില്ല. കിതച്ചും നിന്നും വെള്ളം കുടിച്ചും വീണ്ടും മുകളിലേക്കു നടന്നു. ഇപ്പോള്‍ കല്ലുപാകിയ വഴികളല്ല. കാട്ടുപാത തന്നെ.

ബർസു ​ഗ്രാമം

കുറ്റിച്ചെടികളും മുള്‍ച്ചെടികളും തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു ചുറ്റിലും. താഴോട്ട് നോക്കുമ്പോള്‍ നീലമലയുടെ ദൃശ്യചാരുത ഓരോ കയറ്റം കയറുമ്പോഴും ഓരോ നോട്ടം നോക്കുമ്പോഴും ഓരോതരം ഭംഗിയില്‍. പ്രകൃതിയുടെ കരവിരുതില്‍ അത്ഭുതം തോന്നി. ഇതിനു മുന്‍പ് ഒരിക്കലും തോന്നാത്തതുപോലെ. വഴിയില്‍ വിറകുകളുമായി രണ്ട് വയോധികരായ സ്ത്രീകള്‍ വരുന്നുണ്ട്. കാതില്‍ വലിയ കമ്മലിട്ട്, തട്ടമിട്ട്, കമ്പിളിക്കുപ്പായവും ഇട്ട ഹിമാലയന്‍ അമ്മമാര്‍. വിറകുകളും പുല്ലുകളും പുറത്തേറ്റി കുനിഞ്ഞ് ഭൂമിയിലേക്ക് നോക്കി നടക്കുകയാണവര്‍. താഴോട്ട്. വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ ഇടതൂര്‍ന്ന മരങ്ങള്‍. പൊടിമണ്ണും ചരലും ചീളുകല്ലുകളും നിറഞ്ഞ കാട്ടുപാത. വീണ്ടും നടന്നു രണ്ട്മൂന്ന് മണിക്കൂര്‍. സമയം ഏതാണ്ട് ഉച്ചയോടടുത്തു. നടപ്പ് തുടരുകതന്നെയാണ്. നേരിയ വിശപ്പുണ്ട്. തണുപ്പുമുണ്ട്. മരങ്ങള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ചിലയിടങ്ങളില്‍ താഴ്വാരങ്ങള്‍ കാണുന്നുണ്ട്. ഇടയ്ക്കിടെ മഞ്ഞ് പുതഞ്ഞ കാടിന്റെ അടിവാരങ്ങളും കാണാം. പക്ഷേ, വഴിയില്‍ മഞ്ഞൊന്നുമില്ല. കാട്ടുമരങ്ങളുടെ തണലില്‍ ശൈത്യത്തിന്റെ പ്രഹരം വകവയ്ക്കാതെ മുന്നോട്ടുതന്നെ നടന്നു. ഗൊയിയുടെ മൈതാനത്തേക്ക്, ഹിമവാന്റെ താഴ്വാരത്തേക്ക് കൊടും വളവുകളും കയറ്റങ്ങളും മരങ്ങള്‍വീണ് തടസ്സപ്പെട്ട വഴികളുമാണ് പലയിടത്തും. വഴിയില്‍ കിളിച്ചിലപ്പോ മറ്റ് ശബ്ദങ്ങളോ ഒന്നുമില്ല. ഒന്നിനേയും കാണാനുമില്ല. ശൈത്യകാലം ഹിമാലയന്‍ ജീവികള്‍ ഉറക്കറയിലാകും. 

കാട്ടുപൂവരശുകളും പൈന്‍മരങ്ങളും തിങ്ങിനിറഞ്ഞ ഹിമാലയന്‍ കാടാണിത്. ഇടയ്ക്ക് പൈന്‍ മരങ്ങളുടെ വാസനയുണ്ട്. കാട്ടുമരങ്ങളുടേയും കുറ്റിച്ചെടികളുടേയും കാഴ്ചകളല്ലാതെ ഈ വഴി മറ്റൊന്നുമില്ല. തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രകൃതി. ഒരു ചെറുകാറ്റോ ഇലയനക്കമോ കാണാനില്ല. നഗരത്തിരക്കിലെ ശബ്ദകോലാഹലം വിട്ട് ശുദ്ധവും ശാന്തവുമായ ഒരു പ്രകൃതിയിലൂടെയാണ് ഈ സഞ്ചാരം. അതിന്റെ സ്വസ്ഥതയും സന്തോഷവും മനസ്സിലുണ്ട്. നടന്നു നടന്ന് കുറേ കയറ്റിറക്കങ്ങള്‍ കഴിഞ്ഞു. കുറേ കാഴ്ചകളും കണ്ടു ഹിമാലയന്‍ സാനുക്കളുടേയും താഴ്വാരങ്ങളുടേയും. ഇതിനിടയില്‍ കയ്യിലിരുന്ന വെള്ളവും ബിസ്‌കറ്റും കഴിച്ചു. കറുത്ത കാട്ടുമരങ്ങള്‍ക്കിടയിലൂടെ പിന്നെയും മുന്നോട്ടു നീങ്ങി. പൊടിമണ്ണും ചരലുമുള്ള വഴികളില്‍ സൂക്ഷിച്ചുതന്നെ നടന്നു. ഇനിയത്തെ നടത്തത്തിനു വലിയ ശ്രദ്ധ വേണ്ട. മഞ്ഞിന്റെ സാന്നിദ്ധ്യം വരുന്നതേയുള്ളൂ എന്നു വിചാരിച്ച് കുറേക്കൂടി മുന്നോട്ടു നടന്നു. കയറ്റങ്ങളും വളവുകളും വീണ്ടും പിന്നിട്ടു കഴിഞ്ഞപ്പോള്‍ മഞ്ഞ് വീണുകിടന്ന ഒരു വഴിയിലെത്തി. മുന്നോട്ട് നോക്കുമ്പോള്‍ തുറസ്സായ ഒരിടം. പുല്‍മേടുകള്‍ നിറഞ്ഞ് ചുറ്റിലും മലകള്‍ നിറഞ്ഞ ഒരു മൈതാനം. അതിന്റെ ചെരിവുകളില്‍ പൊട്ടുപൊട്ടുകള്‍ പോലെ കാണുന്ന കൂരകള്‍. കുറേക്കൂടി മുന്നോട്ട് ചെന്നു. വളവുകള്‍ കയറി വിരിഞ്ഞു വിശാലമായ പുല്‍പ്പരപ്പിലെത്തി. ഇനി വീണ്ടും മുന്നോട്ട് കയറിയാല്‍ മതി ഗൊയിയുടെ ഹൃദയഭൂമിയിലേക്ക് എത്താന്‍. നടന്നു മുന്നോട്ടു തന്നെ.

(തുടരും)