നിഴലുകള്‍ നൃത്തം വയ്ക്കും, പ്രണയിക്കും, കലഹിക്കും...

പപ്പെറ്റ്‌ഷോ (പാവകളി) വിശ്വപ്രസിദ്ധ കലാരൂപമാണ്. ഒരുതരത്തില്‍ നാടകങ്ങളുടെ ആദിമരൂപം
നിഴലുകള്‍ നൃത്തം വയ്ക്കും, പ്രണയിക്കും, കലഹിക്കും...

രടുകളില്‍ ചലിക്കുന്ന കലാസപര്യയുടെ ഉള്ളുണര്‍ത്തി വള്ളുവനാട്ടിലേക്കും ഇക്കുറി പദ്മശ്രീ. 

തോല്‍പ്പാവകളുടെ നിഴലാട്ടത്തിലൂടെ പ്രാചീന കഥകളുടെ കല്‍പ്പനയും  ഉണ്മയും ഉദാത്തമായി ഉദയം കൊള്ളുന്ന പാവക്കൂത്ത് എന്ന അപൂര്‍വ്വമായ കലാസങ്കേതത്തിലെ ആധികാരിക നാമമായ ഷൊര്‍ണൂര്‍ കൂനത്തറയിലെ രാമചന്ദ്ര പുലവരാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ദേശീയാംഗീകാരത്തിന് അര്‍ഹത നേടിയവരിലൊരാളെന്നത് അത്രവേഗം അന്യം നില്‍ക്കുന്നതല്ല ഈ പ്രാചീനകലയെന്നതിനു നല്ല തെളിവായി. 

2019 സെപ്റ്റംബറിലാണ് രാമചന്ദ്രപുലവരെ ഒറ്റപ്പാലത്ത് വച്ച് കണ്ടത്. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും സുഹൃത്ത് ബാബുവേട്ടന്റെ (കവി പി.ടി. നരേന്ദ്രമേനോന്‍) വസതിയില്‍ അരങ്ങേറിയ പാവക്കൂത്ത് ഡെമോണ്‍സ്ട്രേഷനും അതീവ ഹൃദ്യമായ അനുഭവമായിരുന്നു. ഗ്രാമത്തനിമയുടെ ചേതോഹര ദൃശ്യങ്ങളില്‍ ആദ്യന്തം ജ്വലിച്ചുണര്‍ന്ന പുരാണകഥകളുടെ പുനരാവിഷ്‌കാരമായിരുന്നു അത്. 

പപ്പെറ്റ്‌ഷോ (പാവകളി) വിശ്വപ്രസിദ്ധ കലാരൂപമാണ്. ഒരുതരത്തില്‍ നാടകങ്ങളുടെ ആദിമരൂപം. ഉത്സവരാവുകളിലുയരുന്ന കൂത്തുമാടങ്ങളില്‍, നീട്ടിവലിച്ചു കെട്ടിയ തിരശ്ശീലയില്‍ നിഴലിന്റേയും വെളിച്ചത്തിന്റേയും ഒളിച്ചുകളിയില്‍ തെളിയുന്ന കഥകളുടെ നിഴലാട്ടമാണ് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലൊതുങ്ങിനില്‍ക്കുന്ന തോല്‍പ്പാവക്കൂത്ത്. പാവക്കൂത്തിനു ദൃശ്യകലകളുടെ ലോകഭൂപടത്തില്‍ ഇടം നേടിക്കൊടുത്തത് അറുപത്തൊന്നുകാരനായ രാമചന്ദ്ര പുലവരാണ്.

രാമചന്ദ്ര പുലവർ
രാമചന്ദ്ര പുലവർ

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, കേന്ദ്രസംഗീത നാടക അക്കാദമി എന്നിവയുടെ സ്ഥാപകയും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കമലാദേവി ചതോപാധ്യായയുമായുള്ള കൂടിക്കാഴ്ചയാണ് വള്ളുവനാടിന്റെ അമ്പലമുറ്റങ്ങളില്‍ തോല്‍പ്പാവക്കൂത്തുമായി ആരോരുമറിയാതെ ഒതുങ്ങിക്കൂടിയിരുന്ന രാമചന്ദ്ര പുലവരുടെ നടനപ്രതിഭയെ അതിരുകളില്ലാത്ത ലോകത്തിന്റെ കലാവിഹായസ്സിലേക്ക് പറത്തിവിടാന്‍ നിമിത്തമായത്. ബാംഗ്ലൂര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ പാവകളിക്ക് ആദ്യാവസരമുണ്ടാക്കിക്കൊടുത്ത കമലാദേവിക്ക് ഈ കലാരൂപം ഏറെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍) മുന്‍കയ്യെടുത്ത് തോല്‍പ്പാവക്കൂത്തിനു ദേശീയാംഗീകാരം നേടിക്കൊടുത്തതിനു പിന്നില്‍ കമലാദേവിയുടെ കനിവ് നിറഞ്ഞ കൈകളുണ്ടായിരുന്നുവെന്ന് രാമചന്ദ്ര പുലവര്‍ പറഞ്ഞു. 

കഥ പറയുന്ന പാവകളുമായി പുലവര്‍ ലോകം ചുറ്റി. റഷ്യ, സ്വീഡന്‍, ജര്‍മനി, ഹോളണ്ട്, പോളണ്ട്, ഇസ്രയേല്‍, ഒമാന്‍, ഗ്രീസ്, സിംഗപ്പൂര്‍, ജപ്പാന്‍, തായ്ലാന്റ്, ഓസ്ട്രേലിയ... ഒരു ഡസനിലധികം രാജ്യങ്ങളില്‍ പുലവര്‍ കേരളത്തിന്റെ പാവകളി അവതരിപ്പിച്ച് പ്രശംസ നേടി. 

കുറേ പാവകളുമായിട്ടാണ് പുലവര്‍ ആ വൈകുന്നേരം കൂനത്തറയില്‍നിന്ന് ഒറ്റപ്പാലത്തെത്തിയതും പാവകളിയുടെ കഥ സ്വാരസ്യത്തോടെ പറഞ്ഞുതുടങ്ങിയതും. മകന്‍ രാജീവും ഒപ്പമുണ്ടായിരുന്നു. 

കേരളത്തിലെ ഏക നിഴല്‍നാടക രൂപമായ തോല്‍പ്പാവക്കൂത്തിന് ഈ പേര് വരാന്‍ കാരണം മൃഗങ്ങളുടെ തോലുകൊണ്ടു നിര്‍മ്മിച്ച പാവകള്‍ ഉപയോഗിച്ചുള്ള കളിയായതുകൊണ്ടാണ്. പുരാതനമായ ഈ കലാരൂപത്തിന്റെ പിറവി പാലക്കാട് കുത്തനൂരാണ്. അവിടത്തെ നെയ്ത്തുകാര്‍ ആദ്യകാലത്ത് കുടപ്പനയുടെ ഓലകൊണ്ടു നിര്‍മ്മിച്ച പാവകളായിരുന്നു കൂത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അന്ന് ഈ കലാരൂപത്തിന്റെ പേര് ഓലപ്പാവക്കൂത്ത് എന്നായിരുന്നു. പെട്ടെന്നു കേടായിപ്പോകുമെന്നതിനാല്‍ ഓലപ്പാവകള്‍ക്കു പകരം മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവകള്‍ രംഗത്തെത്തി.

തോല്‍പ്പാവക്കൂത്തെന്ന കലാരൂപം ക്ഷേത്രമുറ്റങ്ങളിലും കാവുകളിലും മറ്റും എത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്. തോലുകൊണ്ടുണ്ടാക്കിയ പാവകളെ രംഗത്തെത്തിച്ചതും കുത്തനൂര്‍ സംഘക്കാര്‍ തന്നെയാണ്.

രാമചന്ദ്ര പുലവരുടെ അച്ഛന്‍ പ്രസിദ്ധ പാവക്കൂത്ത് കലാകാരന്‍ കൃഷ്ണന്‍കുട്ടി പുലവരുടെ സ്മരണ നിലനിര്‍ത്താന്‍ കൂനത്തറയിലെ വീട്ടില്‍ പാവക്കൂത്ത് തിയേറ്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ പാവകളുടെ പ്രദര്‍ശനം നടത്തുകയും പാവനിര്‍മ്മാണത്തിലും പാവകളിയിലും പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കുകയും ചെയ്തുപോരുന്നു.

ഒന്നോ രണ്ടോ കഥാപാത്രങ്ങളൊഴികെ ബാക്കിയുള്ളവയുടെ പാര്‍ശ്വരൂപം ദൃശ്യമാകുന്ന തരത്തിലാണ് പാവകളുടെ നിര്‍മ്മാണം. പാലപ്പുറം സംഘത്തിന്റെ പാവകള്‍ ഒഴികെയുള്ള പാവകളില്‍ രണ്ടു കണ്ണുകളും കൊത്തിയിട്ടുണ്ടാവും. പാലപ്പുറം പാവകളില്‍ ഒരു കണ്ണു മാത്രമേ ദൃശ്യമാകുന്നുള്ളു.

പുരോഹിതന്‍ എന്ന് അര്‍ത്ഥം വരുന്ന തമിഴകത്തെ മതപ്രഭാഷകരുടെ കുലത്തില്‍പ്പെട്ട പുലവര്‍ വിഭാഗക്കാരാണ് കേരളത്തില്‍ തോല്‍പ്പാവക്കൂത്തിന്റെ പ്രചാരകര്‍. ആഖ്യാനവൈഭവം, കഥ പറയാനുള്ള സിദ്ധി, കണിശമായ രംഗബോധം, കൃത്യമായ അഭിനയശേഷി, അഗാധമായ സംഗീതാവബോധം എന്നിവയൊക്കെ പാവക്കൂത്തിന്റെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണെന്ന് രാമചന്ദ്ര പുലവര്‍ വ്യക്തമാക്കുന്നു.

രാമായണകഥയുടെ പൂര്‍ണ്ണമായ അവതരണത്തിന് 71 ദിവസങ്ങള്‍ വേണം. കവളപ്പാറയിലെ ആര്യങ്കാവ് ക്ഷേത്രാങ്കണത്തില്‍ മാത്രമാണ് ഇത്രയും ദിവസങ്ങള്‍ നീളുന്ന പാവകളി അരങ്ങേറിയിട്ടുള്ളത്. രാമായണം കഥയിലെ ചില കാണ്ഡങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കാനാകട്ടെ, യഥാക്രമം ഏഴ്, പതിന്നാല്, ഇരുപത്തൊന്ന് ദിവസങ്ങളിലായാണ് നിഴലാട്ടത്തിലൂടെ തിരശ്ശീലയില്‍ രാമായണകഥയുടെ ആവിഷ്‌കാരം സാധ്യമാക്കുക. അതികായ പെരുമ, ഇന്ദ്രജിത്ത് പെരുമ, കുംഭകര്‍ണപ്പെരുമ, ബാലിമോക്ഷം തുടങ്ങിയ അധ്യായങ്ങള്‍ പാവകളി പരമ്പരയിലെ മാസ്റ്റര്‍പീസുകളായി പരിഗണിക്കപ്പെടുന്നു. നാല്‍പ്പത് കഥാപാത്രങ്ങളെയൊക്കെ ഒരേസമയം അവതരിപ്പിക്കണമെങ്കില്‍ അത്രയും കലാകാരന്മാര്‍/ കലാകാരികള്‍ ചരടുകളുടേയും പാവകളുടേയും നിയന്ത്രണമേറ്റെടുത്ത് പാട്ടുകളുടേയും ചൊല്ലുകളുടേയും പശ്ചാത്തലത്തില്‍ ജാഗരൂകമായി, സൂക്ഷ്മശ്രദ്ധയോടെ കളിയില്‍ മുഴുകുകയെന്ന ക്ലേശപൂര്‍ണ്ണമായ അഭ്യാസമാണ് പാവകളി ആവശ്യപ്പെടുന്നത്. ആറു മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ മാത്രമേ ഒരു പാവകളി കലാകാരനെ രൂപപ്പെടുത്താനാകൂവെന്നും രാമചന്ദ്ര പുലവര്‍ അഭിപ്രായപ്പെടുന്നു. ചെണ്ടയുടേയും ഇലത്താളത്തിന്റേയും വായ്ക്കുരവയുടേയും ഒപ്പം മനുഷ്യന്റെ ചിരിയുടേയും കരച്ചിലിന്റേയും അലര്‍ച്ചയുടേയും മറ്റും അകമ്പടിയോടെയാണ് പാവക്കൂത്തിനു സംഗീതപശ്ചാത്തലം സൃഷ്ടിക്കപ്പെടുക. കേളികൊട്ടോടെ തിരശ്ശീലയില്‍ ഇരുളും വെളിച്ചവും ഇടകലരും. അരങ്ങേറാനിരിക്കുന്ന കഥാസാരവും അതിനായി പാവകളെ അണിനിരത്തി ചരട് വലിക്കുന്ന കലാകാരന്മാരേയും കളരിച്ചിന്ത് എന്ന പരിപാടിയിലൂടെ ആമുഖമായി സദസ്യര്‍ക്കു പരിചയപ്പെടുത്തുന്നതോടെയാണ് കളിയുടെ തുടക്കം.

21 ചിരട്ടകളിലായി കൊളുത്തിവെച്ച വിളക്കുമാടത്തിലെ ചിരാതുകളില്‍നിന്നുയരുന്ന ദീപപ്രഭയുടെ നിഴല്‍വെട്ടത്തിലാണ് വലിച്ചുകെട്ടിയ തിരശ്ശീലയില്‍ പാവകള്‍ ആടുകയും പാടുകയും പൊരുതുകയും മരിക്കുകയുമൊക്കെ ചെയ്യുക. 

പ്രണയത്തിന്റേയും കലയുടേയും കലഹത്തിന്റേയുമൊക്കെ മാറിമാറി വരുന്ന നിറപ്പകിട്ടാര്‍ന്ന നിഴലാട്ടങ്ങള്‍ക്കനുസൃതമായുള്ള തപ്പും തുടിയുമാണ് പ്രകമ്പിതമായ രീതിയില്‍ സൃഷ്ടിക്കപ്പെടുക. ദേവാസുര സംഘര്‍ഷങ്ങളുടെ ഭീതിദമായ അന്തരീക്ഷം തിരശ്ശീലയിലെ നിഴല്‍ക്കൂത്തിലൂടെ ജീവന്‍വെക്കുമ്പോള്‍ സദസ്സ് നിര്‍ന്നിമേഷരാകുന്നു. വിദേശങ്ങളിലെ വേദികളില്‍ ഭാരതീയ പുരാണകഥകളുടെ ഇംഗ്ലീഷ് കമന്ററികളും യഥാവസരം നല്‍കും. കൂത്ത്മാടങ്ങളിലെ രാമരാവണയുദ്ധവും ദാരികവധവുമെല്ലാം കഥയുടെ മൗലികത ചോരാതെ ആദ്യന്തം തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിനുള്ള അസാധാരണ വൈഭവം രാമചന്ദ്ര പുലവരേയും സഹകലാകാരന്മാരേയും ആഗോള പപ്പെറ്റ് തിയേറ്റര്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്കെത്തിച്ചു. പുരാതന കേരളീയ കലയുടെ വിസ്മൃതമാകാത്തതും അനാദ്യന്തവുമായ യശസ്സാണ് ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലും പുലവരും കൂട്ടരും ഉയര്‍ത്തിപ്പിടിച്ചത്. 
  
ആറാം വയസ്സില്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടി പുലവരുടെ കീഴിലാണ് രാമചന്ദ്രന്‍ പാവക്കൂത്ത് അഭ്യസിച്ചത്. അഞ്ചുവര്‍ഷത്തെ കഠിനമായ അഭ്യാസത്തിനുശേഷം 1974-ല്‍ അരങ്ങേറ്റം. അച്ഛന്റെ വിയോഗശേഷം രാമചന്ദ്ര പുലവര്‍ ഇരുപതിലധികം കൂത്തുമാടങ്ങളുടെ അധിപനായി. തപാല്‍ വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് പൂര്‍ണ്ണമായും കലാരംഗത്തേക്കു തിരിഞ്ഞത്. തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് നാഷണല്‍ ഫോക്ലോര്‍ സപ്പോര്‍ട്ട് സെന്ററിനുവേണ്ടി ഷാഡോ പപ്പെറ്റ് ഇന്‍ കേരള എന്ന ഇംഗ്ലീഷ് ഗ്രന്ഥവും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി തോല്‍പ്പാവക്കൂത്ത് എന്ന മലയാള പുസ്തകവും പുലവര്‍ രചിച്ചു. 

കാലാതിവര്‍ത്തിയായ കേരളകലയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം മുന്‍നിര്‍ത്തി കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരവും രാമചന്ദ്ര പുലവരെ തേടിയെത്തിയിട്ടുണ്ട്. 1982-'85 കാലത്ത് മഹാരാഷ്ട്രയിലെ കൂടാലില്‍ പാവനിര്‍മ്മാണ അദ്ധ്യാപകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മറാത്താ പാരമ്പര്യത്തിന്റെ തനതു വഴികളിലേക്ക് വള്ളുവനാടന്‍ കലയുടെ പരകായപ്രവേശം കൂടിയായിരുന്നു പാവനിര്‍മ്മാണത്തിലെ ഈ രണ്ടു ശൈലീബദ്ധ ചേരുവയെന്ന് പുലവര്‍ ഓര്‍ക്കുന്നു. 

കമ്പരാമായണത്തിന്റെ കഥയും ഒപ്പം മഹാബലിക്കൂത്ത്, ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, ഒഥെല്ലോ എന്നീ അവതരണങ്ങളിലൂടെയും പാവക്കൂത്ത് കലയ്ക്ക് കാലോചിതമായ വൈവിധ്യം പകരാന്‍ രാമചന്ദ്ര പുലവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അഭിരുചിയില്‍ വൈവിധ്യം ആശിക്കുന്ന ആസ്വാദകരെ തൃപ്തരാക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നു.

വള്ളുവനാടന്‍ ഉത്സവങ്ങളുടെ ഭാഗമായി പാവക്കൂത്തിനായി ഉയര്‍ന്ന പീഠത്തില്‍ കൂത്ത്മാടങ്ങളുണരുന്നു. സാധാരണയായി കൂത്ത്മാടങ്ങള്‍ക്കു ദൈര്‍ഘ്യം 42 അടിയും വീതി 8 അടിയുമാണ്. ഇവയുടെ ഉപരിതലത്തിന്റെ മുകള്‍ഭാഗം വെളുത്ത നിറമായിരിക്കും; താഴത്തെ ഭാഗം കറുത്തതും. പരവതാനികളില്‍ മൂര്‍ച്ചയുള്ള നിഴലുകള്‍ വളര്‍ത്തിയെടുക്കാന്‍ പപ്പെറ്റുകളെ നടത്തുന്നു. പുള്ളിപ്പുലികളുടെ നിഴലുകള്‍ തിരശ്ശീലയില്‍ കാണാം. ഒരു സസ്യമുള്ളുപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. സാധാരണ പ്രധാന പാവക്കൂത്തുകാരനടക്കം എട്ടുപേര്‍ ഒരു സംഘത്തിലുണ്ടാകും. നീണ്ടകാലത്തെ അദ്ധ്വാനമുണ്ട് ഈ കലയ്ക്ക്. മാത്രമല്ല, ഏകദേശം 3000 ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കുകയും വേണം. ഇതിന്റെ ഗ്രന്ഥങ്ങളാകട്ടെ, ഒരു മഹാസാഗരം തന്നെയാണ്. കഠിന തപസ്യയിലൂടെയാണ് രാമചന്ദ്രപുലവര്‍ പാവക്കൂത്ത് അഭ്യസിച്ചതും അത് പുതുതലമുറയ്ക്ക് കൈമാറിയതും. ദേശാന്തരങ്ങളില്‍ ഈ കലയുടെ പെരുമയുമായി യാത്രചെയ്യുന്ന പുലവര്‍ക്ക് ഇസ്ലാമിക ചരിത്രത്തിലെ ഏതെങ്കിലും കഥയെ ആധാരമാക്കി ഒരു പാവക്കൂത്ത് അവതരിപ്പിക്കാനാഗ്രഹമുണ്ട്. അവിശ്വാസികളോട് പോരാടിയ പ്രവാചകാനുയായികളുടെ ധീരമായ ബദര്‍ യുദ്ധചരിത്രമാണ് തന്റെ മനസ്സിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ചില മൊറോക്കന്‍ പാവകളി കലാകാരന്‍മാരാണ് ഈ ആശയം പറഞ്ഞുകൊടുത്തതെന്ന് രാമചന്ദ്ര പുലവര്‍ വ്യക്തമാക്കി. പുലവരുടെ പത്‌നി രാജലക്ഷ്മി, മക്കള്‍ രാജീവ്, രജിത, രാഹുല്‍; സഹോദരന്മാരായ വിശ്വനാഥന്‍, ലക്ഷ്മണന്‍, മോഹനന്‍ എന്നിവരും പാവക്കൂത്തില്‍ വിദഗ്ദ്ധരാണ്. കൂനത്തറയിലെ പാവക്കൂത്ത് കേന്ദ്രത്തില്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടി പുലവരുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹം ഉപയോഗിച്ച നിരവധി പാവകളും വേഷങ്ങളും ഫോട്ടോഗ്രാഫുകളും അംഗീകാരമുദ്രകളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പുതിയ തലമുറയിലേക്ക് ഈ കലാപൈതൃകത്തിന്റെ പൊരുള്‍ കലര്‍പ്പേശാതെ കൈമാറാനും ആണ്ടുകളുടെ ആത്മബലമുള്ള തായ്വേരില്‍ തിടംവെച്ച പാവകളി അന്യംനിന്നു പോകാതിരിക്കാനും കൃഷ്ണന്‍കുട്ടി പുലവര്‍ സ്മാരക പാവക്കൂത്ത് കേന്ദ്രം പരമാവധി ശ്രമം നടത്തുന്നുണ്ട്. യുനെസ്‌കോ പൈതൃക കലാരൂപമായി അംഗീകരിച്ച പാവക്കൂത്തിന്റെ തനിമ നഷ്ടപ്പെടാതെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ശ്രമവും രാമചന്ദ്ര പുലവര്‍ നടത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com