വിയറ്റ്‌നാം ഊതിപ്പറത്തിയ നീറ്റലുകള്‍ 

ഹനോയിലെ ട്രെയിൻ സ്ട്രീറ്റ്. പാളത്തിനോട് ചേർന്ന് നിൽക്കുന്ന വീടുകളും കടകളുമാണ് ഇവിടുത്തെ പ്രത്യേകത. ന​ഗരത്തിലെ പ്രധാനപ്പെട്ട ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ് ഈ തെരുവ്
ഹനോയിലെ ട്രെയിൻ സ്ട്രീറ്റ്. പാളത്തിനോട് ചേർന്ന് നിൽക്കുന്ന വീടുകളും കടകളുമാണ് ഇവിടുത്തെ പ്രത്യേകത. ന​ഗരത്തിലെ പ്രധാനപ്പെട്ട ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ് ഈ തെരുവ്

13
ഗോഡൗണ്‍ പോലൊരു സ്ഥലത്താണ് ഞങ്ങള്‍ എത്തിയത്. അവിടെ എ.സി വെച്ച് തണുപ്പിച്ച ഒരു മുറി. ആ മുറിയില്‍ നാലുപേര്‍ക്കിരിക്കാവുന്ന കസേരകളും നടുവില്‍ ഒരു മേശയും. മേശമേല്‍ കോഴിക്കോട്ടെ വലിയങ്ങാടിയിലെപ്പോലെ പലതരത്തിലുള്ള അരി ചെറുപാത്രങ്ങളിലാക്കി വെച്ചിരിക്കുന്നു. അതില്‍ പാലക്കാടന്‍ മട്ടയുടെ തനിസ്വരൂപം കണ്ട് ഞാന്‍ അന്തംവിട്ടുപോയി. ചപ്പിയ മൂക്കും ക്ലീന്‍ഷേവ് ചെയ്ത മുഖവുമുള്ള ഒരു മധ്യവയസ്‌കനും മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ള ഒരു യുവാവുമായിരുന്നു അവിടെയുണ്ടായിരുന്നത്. യുവാവാണ് സംസാരിച്ചത്; വഴുവഴുക്കുന്ന ഇംഗ്ലീഷില്‍. മധ്യവയസ്‌കന്‍ മിണ്ടാതിരുന്നു. സംസാരത്തിനിടെ ഒരു സുന്ദരി കടലാസ് കൂട്ടിലടച്ച ഒരു ജൂസ് താലത്തില്‍വച്ച് ഞങ്ങള്‍ക്കു കൊണ്ടുവന്നു തന്നു.

യുവാവ് തന്റെ അരിയുടെ സവിശേഷതയെക്കുറിച്ചു ധാരധാരയായി സംസാരിച്ചു കൊണ്ടേയിരുന്നു. അബുദാബിയിലെ തന്റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വിയറ്റ്നാമില്‍നിന്നും അരിയിറക്കാനുള്ള പരിപാടിയിലാണ് ഫാക്കി എന്നുമാത്രം എനിക്കു മനസ്സിലായി. എനിക്കു മടുക്കുന്നു എന്നു തോന്നിയിട്ടാവാം ഫാക്കി പച്ചമലയാളത്തില്‍ ഉറക്കെ എന്നോട് പറഞ്ഞു:

''എടാ നീ കണ്ടുപഠിച്ചോ. ഈ മിണ്ടാണ്ടിരിക്ക്ന്ന ക്ലീന്‍ ഷേവുകാരന്റേതാണ് പൈശ. ഈ തൊള്ള കീറ്ന്ന ചെക്കന്‍ അത് വെച്ചിറ്റാണ് കളിക്ക്ന്നത്. ഈ ചെക്കന്‍ കൊറേക്കാലം ഈട എന്റെ ഏജന്റായിനി. അതിന്റെടേലാണ് ഇവന് ഈ പഹയനെ വീണ് കിട്ടിയത്. ഈ ചങ്ങായീനെ എന്തൊക്കെയോ പറഞ്ഞ് ചെക്കന്‍ പറ്റിച്ചിട്ട്ണ്ട്.''

ഫാക്കി എന്നോട് പറയുന്നത് തങ്ങളുടെ സ്ഥാപനത്തെപ്പറ്റിയുള്ള എന്തോ മഹത്തായ കാര്യമാണെന്നു കരുതി ക്ലീന്‍ ഷേവുകാരനും ചെക്കനും അഭിമാനത്തോടെ തലയാട്ടിച്ചിരിച്ചു. ഞാനും ചിരിയുടെ കാര്യത്തില്‍ ഒട്ടും പിശുക്കിയില്ല.

എന്തെല്ലാമോ കച്ചവടമുറപ്പിച്ചു ഞങ്ങള്‍ ഇറങ്ങി. വിയറ്റ്നാമിന്റെ ആകാശത്ത് സന്ധ്യ പരക്കുന്നു. എനിക്കെന്തോ നേരിയ വിഷാദം പോലെ.

ചെമ്മണ്‍വഴികളില്‍ സന്ധ്യ വീണലിയുന്നത് നാട്ടില്‍ കണ്ടിരിക്കുന്നതിന്റെ ഓര്‍മ്മകള്‍ എന്നെ വന്നു തൊട്ടു. എത്ര ദൂരെയാണ് എന്റെ ആ മണ്‍പാതകള്‍! ഒരു പ്രവാസിയുടെ വേദന ഏറ്റവും നന്നായി മനസ്സിലാവുക യാത്രികനാണ്. കുറഞ്ഞ ഇടവേളയിലെങ്കിലും ഓരോ യാത്രികനും ഒരു പ്രവാസിയാണ്.

ഉച്ചയ്ക്കു കണ്ട ഹോചിമിന്‍ സിറ്റിയായിരുന്നില്ല സന്ധ്യമയങ്ങിയതോടെ മുന്നില്‍. ചില്ലു ഗ്ലാസ്സുകളുടെ മറകള്‍ക്കപ്പുറം ശരറാന്തലുകള്‍ തൂക്കിയ ആയിരക്കണക്കിനു ഭോജനശാലകളുടെ തെരുവായി ഭാവം മാറി നഗരം. വെട്ടിത്തിളങ്ങുന്ന അതിമനോഹരമായ ഹോട്ടലുകള്‍. അവിടേയ്ക്ക് സ്‌കൂട്ടറുകളില്‍, വെട്ടുക്കിളിക്കൂട്ടത്തെപ്പോലെ മൂളിയിരമ്പിവരുന്ന മനുഷ്യര്‍. കാറുകളേക്കാള്‍ സ്‌കൂട്ടറുകളുടെ പുഴ. എനിക്ക് പെട്ടെന്ന് പോണ്ടിച്ചേരി ഓര്‍മ്മവന്നു. ഹോചിമിന്‍ സിറ്റിയും പോണ്ടിച്ചേരിയെപ്പോലെ ഫ്രെഞ്ച് കോളനിയായിരുന്നു. അതുകൊണ്ടായിരിക്കാം ഭക്ഷണശാലകളുടെ ഈ രൂപസാദൃശ്യത്തിനു കാരണം. പോണ്ടിച്ചേരിയില്‍, അരബിന്ദോയുടെ ആശ്രമത്തിനു മുന്നിലുള്ള പഴയ ഫ്രെഞ്ച് കോളനിയിലൂടെ രാത്രിവിളക്കുകളുടെ പ്രഭയില്‍ കുളിച്ച്, കെട്ടിടങ്ങള്‍ക്കിടയിലൂടെ നൂണ്ട് വരുന്ന കടല്‍ക്കാറ്റേറ്റ് നടക്കുക എനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ്. ഇവിടെയും ഏകദേശം അതുപോലെതന്നെ; ഒരു വ്യത്യാസം മാത്രം: അവിടെ നല്ല മസാലദോശയും തണ്ടൂര്‍ റൊട്ടിയും ദാലും ബിണ്ടി മസാലയും ഊത്തപ്പവും ഉഴുന്നുവടയുമൊക്കെ കിട്ടുമായിരുന്നു. എന്നാല്‍, ഇവിടെ എല്ലാം ഇഴയുന്നതും നീന്തുന്നതും ഓടുന്നതും പറക്കുന്നതും മാത്രം. എല്ലാം എന്റെ എതിരാളികള്‍.

അരിക്കച്ചവടക്കാരനായ യുവാവ് ഞങ്ങളെ കൊണ്ടുപോയത് വിശാലമായ ഒരു ഹോട്ടലിലേക്കായിരുന്നു. അവിടെയിരുന്നാല്‍, ചില്ലുമറയ്ക്കപ്പുറം നഗരം ഒഴുകുന്നതു കാണാം. ആ കാഴ്ച കാണാന്‍ പാകത്തിലുള്ള ഒരു ഇരിപ്പിടത്തില്‍ ഞങ്ങളിരുന്നു. ഞാനൊരു റെഡ് വൈനിന് ഓര്‍ഡര്‍ കൊടുത്തു. ടച്ചപ്പിനുപോലും ഒന്നും വാങ്ങാന്‍ പറ്റാത്ത അവസ്ഥ. എന്താണ് ഇവര്‍ കൊണ്ടുതരിക എന്നു ദൈവത്തിനുപോലും അറിയില്ല. നിസ്സഹായനും നിരാലംബനുമായി ഞാന്‍ വൈന്‍ കഴിച്ചിരുന്നു. ചുറ്റിലും കുടുംബസമേതം വന്നു തിന്നുകലമ്പുന്ന മനുഷ്യര്‍. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ അവര്‍ ചെയ്തിരുന്നത് ഭക്ഷണത്തെ ആക്രമിക്കുകയായിരുന്നു. ജന്തുക്കളുടെ ഒരു വലിയ ശ്മശാനംപോലെ തോന്നി എനിക്ക് ആ തീന്‍മേശകള്‍. അസഹ്യമായ മണം. തവള കരയുന്നതുപോലെ, അരി വെന്ത് തിളയ്ക്കുന്നതുപോലെയുള്ള ശബ്ദത്തില്‍ ഭാഷയുടെ ബഹളം. ഫാക്കിയും യുവാവും ബിസിനസ്സ് ചര്‍ച്ച തുടര്‍ന്നു. ഒപ്പം എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്യുന്നു, കഴിക്കുന്നു. ഏകാകിയായ എനിക്കു മുന്നില്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ: ഒരു റെഡ് വൈന്‍ കൂടി ഓര്‍ഡര്‍ ചെയ്യുക. രണ്ടാമത്തെ വൈന്‍ കഴിഞ്ഞപ്പോഴേയ്ക്കും റസ്റ്റോറന്റിന്റെ മുക്കാല്‍ ഭാഗവും കാലിയായിരുന്നു. ഞാന്‍ പതിവുപോലെ പച്ചച്ചോറ്, ചെറുനാരങ്ങ, ഉള്ളി, പച്ചമുളക്... അര്‍ദ്ധബോധത്തില്‍ കുറേ വാരിത്തിന്നു. ഭക്ഷണം കഴിഞ്ഞപ്പോള്‍ ബില്ലു വന്നു. യുവാവ് വാങ്ങുന്നതിനു മുന്‍പ് ഫാക്കി അതു വാങ്ങി. അയാള്‍ ഒരുപാട് എതിര്‍ത്തെങ്കിലും ഫാക്കി വഴങ്ങിയില്ല. മുഴുവന്‍ പണവും നല്‍കി ബില്‍ ക്ലോസ് ചെയ്തു. ഇറങ്ങുന്നതിനു മുന്‍പ് യുവാവ് കണ്ണിറുക്കിക്കൊണ്ട് ഞങ്ങളോട് ചോദിച്ചു: വേറെന്തെങ്കിലും വേണോ? എനിക്കു മനസ്സിലായില്ല.

ഫാക്കിക്കു മനസ്സിലായി എന്നു തോന്നുന്നു. ''വേണ്ട, ഭയങ്കര തലവേദന. വേഗം കിടക്കണം.'' ഞങ്ങള്‍ പിരിഞ്ഞു.

തിരിച്ചു മുറിയിലേക്കു പോരുമ്പോള്‍ ഹോചിമിന്‍ സിറ്റിയുടെ മറ്റൊരു മുഖമാണ് കണ്ടത്. നേരത്തെ സ്‌കൂട്ടറില്‍ പറന്നുവന്ന മനുഷ്യരെല്ലാം എങ്ങോ പോയിരിക്കുന്നു. അപൂര്‍വ്വം ആളുകളേ റോഡിലുള്ളൂ. ശുചീകരണത്തൊഴിലാളികള്‍ റോഡ് വൃത്തിയാക്കുന്നു. രാത്രി പത്തുമണിയോടെ എല്ലാവരും വീടുകളിലേയ്ക്കു പോവണം എന്നാണ് നഗരനിയമം. സന്ധ്യയ്ക്ക് ഒരു തിരപോലെ വരുന്നവര്‍, രാത്രി വേലിയിറക്കം പോലെ തിരിച്ചുപോവുന്നു. മഹാനഗരം തനിച്ചാവുന്നു. രാത്രിയുടെ ആഘോഷത്തിന്റെ യാതൊരു ലക്ഷണവും പിറ്റേന്നു റോഡില്‍ കാണില്ല. പട്ടാളച്ചിട്ടയാണ് ഇപ്പോഴും ഈ മനുഷ്യരുടെ ജീവിതത്തിന്.

രാത്രി കിടക്കുമ്പോള്‍ ഫാക്കി ചോദിച്ചു:
''ഓന്റെ കളി എന്താന്ന് അനക്ക് തിരിഞ്ഞിനാ?''
''ഇല്ല'' -ഞാന്‍ പറഞ്ഞു.
''ആദ്യം ഓന്‍ ബില്ലു കൊടുക്കും. രണ്ടാമത് ഓന്‍ കണ്ണിറുക്കി ചോദിച്ചത് പെണ്ണുവേണോന്നാ. അതില് വീണാപ്പിന്നെ ഓനുമായുള്ള കച്ചോടം ശരിയാവൂല. പല പല കാര്യങ്ങളില് പിന്നെ നമ്മക്ക് അയഞ്ഞ് കൊടുക്കണ്ടിവരും. വേറൊരു തരത്തില്ള്ള മൈല്‍ഡ് സൗഹൃദം വരും. ഇങ്ങനത്തെ സമയത്ത് അതു മനസ്സിലാക്കി സൂത്രത്തില്‍ ഊരിപ്പോരുന്നവന്‍ കൂടിയാണ് നല്ല കച്ചവടക്കാരന്‍.''

വ്യാപാരത്തിന്റെ വ്യത്യസ്തമായ ആ മന്ത്രം കേട്ട് ഞാന്‍ ഉറക്കത്തിലേക്കു വീണു.

വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പാമ്പ്
വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പാമ്പ്

14
പിറ്റേന്നത്തെ കറക്കം ഹോചിമിന്‍ സിറ്റിയുടെ സ്വന്തം വാഹനമായ മോപ്പഡ് സ്‌കൂട്ടറിലായാലോ എന്ന് ആദ്യം ചോദിച്ചത് ഞാനാണോ ഫാക്കിയാണോ എന്നോര്‍മ്മയില്ല. സംഭവിച്ചത് അങ്ങനെയാണ്. അതിന്റേതായ രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഓരോ നാടിന്റേയും ജീവനാഡിയില്‍ തൊടാന്‍ പറ്റൂ. ഇതില്‍ പ്രധാനമായ ഒന്നാണ് ഭക്ഷണം. സസ്യഭക്ഷണശീലം കാരണം എനിക്കേതായാലും അതിനുള്ള ഭാഗ്യമില്ല, എവിടെയും. സസ്യാഹാരികള്‍ക്കു ഭക്ഷണകാര്യത്തില്‍ ചോയ്സ് ഇല്ല. അമേരിക്കയില്‍ച്ചെന്ന് വിവേകാനന്ദന്‍ മാംസാഹാരം കഴിച്ചു എന്ന് കൊല്‍ക്കത്തയിലെ യാഥാസ്ഥിതികര്‍ പഴിചാരിയപ്പോള്‍ സ്വാമിജി പറഞ്ഞുവത്രേ: ''എന്നാല്‍ നിങ്ങള്‍ എനിക്കൊരു കുട്ടിപ്പട്ടരെ ശരിയാക്കിത്തരൂ.'' പണ്ടെന്നോ വായിച്ച ഈ മറുപടിയുടെ അര്‍ത്ഥം വിയറ്റ്നാമിലെ തീന്‍മേശയ്ക്കു മുന്നില്‍വച്ചാണ് എനിക്കു മനസ്സിലായത്.

ചട്ടിത്തൊപ്പി തലയില്‍വച്ച ഒരു നാട്ടുമനുഷ്യനായിരുന്നു എന്റെ സ്‌കൂട്ടറിന്റെ സാരഥി. സ്‌കൂട്ടറില്‍നിന്നും ഇറങ്ങി ആദ്യം അയാള്‍ എന്നെ വണങ്ങി. കണ്ണിറുക്കിച്ചിരിച്ചു. ഞാന്‍ അയാളുടെ പിറകില്‍ കയറി. ഫാക്കി മറ്റൊരു സ്‌കൂട്ടറിലും. എങ്ങോട്ടാണ് പോകുന്നത് എന്നോ എന്തിനാണ് പോകുന്നത് എന്നോ യാതൊരു പിടിയുമില്ല. ഇടുങ്ങിയതും വിശാലവുമായ തെരുവിലൂടെ അയാള്‍ കൊതുകിനെപ്പോലുള്ള ആ സ്‌കൂട്ടറിനെ പറപ്പിച്ചുവിട്ടു. മാര്‍ക്കറ്റുകള്‍ക്കും വഴിയോരങ്ങള്‍ക്കുമെല്ലാം ഒരേ മണമായിരുന്നു, പന്നിക്കൊഴുപ്പു കലര്‍ന്ന എണ്ണയുടെ. ഏതു നാട്ടില്‍പ്പോയാലും അവിടത്തെ പച്ചക്കറി മാര്‍ക്കറ്റില്‍പ്പോവുക എന്റെ ശീലമാണ്. കറിവേപ്പിലയുടേയും പൊതിനയിലയുടേയും മല്ലിച്ചെപ്പിന്റേയും മുറിച്ച പച്ചമത്തന്റേയും നെടുകേപ്പിളര്‍ന്ന വെണ്ണീര്‍ കുമ്പളത്തിന്റേയും നനഞ്ഞ നാടന്‍ ചീരയുടേയും മണമാസ്വദിച്ചുകൊണ്ടുള്ള ആ നടത്തത്തിനു വല്ലാത്തൊരു സുഖമുണ്ട്. അത് അതിരാവിലെയാണെങ്കില്‍ അതികേമം. കോഴിക്കോട്ടേയും കൊല്‍ക്കത്തയിലേയും താംബരത്തേയും ബാംഗ്ലൂരിലേയും ഒറീസ്സയിലെ ഗ്രാമങ്ങളിലേയും ചന്തകളിലൂടെ എത്ര നടന്നിരിക്കുന്നു! കേരളത്തിലേതൊഴിച്ച് മറ്റെല്ലായിടങ്ങളിലേയും ചന്തകളിലേയും പച്ചക്കറികളില്‍നിന്നും പ്രസരിക്കുന്നത് ഗ്രാമങ്ങളുടെ മണമായിരിക്കും. കര്‍ഷകന്റെ വിയര്‍പ്പൂറിവീണ പകലുകളുടെ ഗന്ധം. വിയറ്റ്നാമിലെ വഴികളില്‍ എവിടെയെങ്കിലും ഒരു പച്ചക്കറി മാര്‍ക്കറ്റ് കണ്ടുകിട്ടാന്‍ ഞാന്‍ കണ്ണുകടഞ്ഞ് പരതി. ഒന്നുപോലും കണ്ടില്ല. ഒരുപക്ഷേ, ഞാന്‍ കടന്നുപോയ വഴികളുടെ പ്രത്യേകതയുമാവാം. ഏതായാലും മാംസമാര്‍ക്കറ്റുകളുടെ നൂറിലൊരംശംപോലും പച്ചക്കറി മാര്‍ക്കറ്റുകളില്ല.

എന്റെ സാരഥി എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാം മനസ്സിലാവുന്നു എന്ന മട്ടില്‍ ഞാന്‍ തലയാട്ടി. മുന്നിലോ പിന്നിലോ ഫാക്കിയെ കാണാതാവുമ്പോള്‍ എന്റെ ഉള്ളം പിടയ്ക്കും. ഈ രാജ്യത്ത് ഞാന്‍ വഴിതെറ്റി തനിച്ചായിപ്പോയാല്‍ പട്ടിണി കിടന്നു ചത്തുപോകും എന്ന കാര്യം തീര്‍ച്ച.

അരമണിക്കൂറിലധികം ഓടിക്കഴിഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ ഒരു വയല്‍പ്രദേശത്തേയ്ക്കു കയറി. വിശാലമായ വയലുകള്‍. നിറഞ്ഞു കനത്ത നെല്‍ക്കതിരുകള്‍. ചിലതെല്ലാം ഉഴുതുമറിച്ച് ചെളിയാക്കിയിട്ടിരിക്കുന്നു. കൂമ്പന്‍തൊപ്പി ധരിച്ചു കൃഷിപ്പണിയിലേര്‍പ്പെട്ടവര്‍, ഏതോ കാലത്ത് പിക്ചര്‍ പോസ്റ്റ്കാര്‍ഡില്‍ കണ്ട ചിത്രങ്ങള്‍പോലെ തോന്നിച്ചു. ഞങ്ങളെ കണ്ട് അവര്‍ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. മണ്ണിനും ചെളിക്കും കേരളത്തിലെ അതേ മണം. ഈ വയല്‍ച്ചളിയില്‍ കാലൂന്നി നിന്നാണ് വിയറ്റ്നാം ജനത, പ്രായഭേദമില്ലാതെ, അമേരിക്കയുടെ അഹങ്കാരത്തിനു നേരെ പോരാടിയത്. അമേരിക്കയുടെ അപ്രതിരോധ്യം എന്നു കരുതിയ കാലാള്‍പ്പടയ്ക്ക് ഈ വയലുകളിലും വാഴത്തോപ്പുകളിലുമാണ് വഴിതെറ്റിയത്. ഈ വയലുകളായിരുന്നു ഒരു പാവം ജനതയുടെ കുരുക്ഷേത്രം. ഈ ചേറിലിപ്പോഴും ചോരയുടെ മണമുണ്ടാവും. അതിന്റെ ആഴങ്ങളില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ ഉണ്ടാവും. ദ്രവിക്കാത്ത മനുഷ്യാസ്ഥികള്‍ ഉണ്ടാവും.

ഹനോയ് ന​ഗരത്തെരുവ്. 1988ൽ പകർത്തിയ ചിത്രം
ഹനോയ് ന​ഗരത്തെരുവ്. 1988ൽ പകർത്തിയ ചിത്രം

ആ വയലിലെ അല്‍പ്പം സ്ഥലം ഫാക്കിയുടേതായിരുന്നു. അത് ചെമ്മീന്‍ കെട്ടിനായി കൊടുത്തിരിക്കുകയാണ്. അതേപ്പറ്റിയാണ് ഫാക്കിയും ഇയോണും കൃഷിക്കാരും തമ്മിലുള്ള സംസാരം. ഒട്ടും താല്‍പ്പര്യമില്ലാത്ത വിഷയമായതുകൊണ്ടും രാവിലെ കഴിച്ച വെറുമൊരു കഷണം ബ്രഡില്‍ ജീവന്‍ നിലനിര്‍ത്തുന്നതുകൊണ്ടും ഞാന്‍ മറ്റെന്തൊക്കെയോ ആലോചിച്ചുനിന്നു.
പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ പലവഴികളിലൂടെയും ഞങ്ങള്‍ അലഞ്ഞു. പലയിടത്തും കേരളം മുറിച്ചുവെച്ചതുപോലെ. എപ്പോഴും ചിരിക്കുന്ന മനുഷ്യര്‍. സദാ സഹായികള്‍. എന്നാല്‍, ഒന്നും എന്റെ മനസ്സില്‍ പതിഞ്ഞില്ല. യാത്രികന്റെ കൗതുകം നിറഞ്ഞ മനസ്സ് എവിടെയോ കെട്ടുപോയിരിക്കുന്നു. എന്തായിരിക്കാം അതിനു കാരണം എന്നു ഞാന്‍ ആഴത്തില്‍ ആലോചിച്ചു നോക്കി. ഒറ്റ ഉത്തരമേ കിട്ടിയുള്ളൂ: ഭക്ഷണം. പത്തു ദിവസത്തിലധികമായി ഞാന്‍ മര്യാദയ്ക്ക് എന്തെങ്കിലും കഴിച്ചിട്ട്. നാവ് കരിങ്കല്ലിന്റെ പാത്തിപോലെ മരവിച്ചിരിക്കുന്നു. കാഴ്ചയില്‍ ഒരു പാടവീണപോലെ. കാണുന്നതൊന്നും കണ്ണില്‍ നില്‍ക്കുന്നില്ല. ചിലപ്പോള്‍ കാലുറയ്ക്കുന്നില്ല. അന്നമാണ് നമ്മള്‍, അന്നത്തിലൂടെയാണ് നം കാണുന്നത്, അന്നമാണ് ആത്മാവ്.

അന്നം ബ്രഹ്മ എന്നു പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്നു ഞാന്‍ ഓരോ ദിനവും കഴിയുന്തോറും അനുഭവിച്ചറിയുകയായിരുന്നു. ഉച്ചയ്ക്ക് വഴിയോരത്തെ ഒരു കടയില്‍ ഭക്ഷണത്തിനു കയറി. ചില്ലുകൂട്ടില്‍ പതിവുപോലെ നീന്തുന്നതും പുളയ്ക്കുന്നതും ഇഴയുന്നതും. ഫാക്കിയും സംഘവും ആഘോഷത്തോടെ എന്തൊക്കെയോ കഴിച്ചു. ഞാന്‍ വിരസമായി ചോറ്, ചെറുനാരങ്ങ, ഉള്ളി, പച്ചമുളക്... എനിക്കു കരച്ചില്‍ വന്നു. വെളിച്ചെണ്ണയില്‍ കടുക് വറക്കുന്ന മണത്തിനുവേണ്ടി എന്റെ സകല കോശങ്ങളും ദാഹിച്ചു.

പച്ചച്ചോറ് കഴിച്ചിറങ്ങിയപ്പോള്‍ ഞാന്‍ ഫാക്കിയോട് ചോദിച്ചു:
''ഹോചിമിന്‍ സിറ്റിയില്‍ ഇന്ത്യന്‍ റസ്റ്റാറന്റുണ്ടോ?''
എന്റെ പരിതാപകരമായ അവസ്ഥ കണ്ട് ഫാക്കി പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
''എടാ പുല്ലു മാത്രം തിന്നുന്ന നിനക്കൊന്നും പറഞ്ഞതല്ല ലോകസഞ്ചാരം. ലോകം നിലനിന്നു പോവുന്നത് നോണ്‍വെജിറ്റേറിയനിലാണ്. ഒരു സഞ്ചാരി എന്തും എപ്പോഴും എവിടെവെച്ചും കഴിക്കാന്‍ തയ്യാറാവണം.''

ഫാക്കി പറഞ്ഞത് നൂറു ശതമാനം ശരിയായതുകൊണ്ട് ഞാന്‍ തര്‍ക്കിച്ചില്ല. എന്നിലെ യാത്രികന്റെ പരിമിതികള്‍ ഓര്‍ത്തപ്പോള്‍ എനിക്കു സങ്കടം വന്നു.

വൈകുന്നേരം, ഇയോണ്‍ പറഞ്ഞതനുസരിച്ച് ഹോചിമിന്‍ സിറ്റിയുടെ ഏതോ തെരുവില്‍ ഞങ്ങള്‍ ഇന്ത്യന്‍ റസ്റ്റോറന്റ് തേടി നടന്നു. പ്രിയപ്പെട്ട ഭക്ഷണത്തിനുവേണ്ടി ഹൃദയം തുടിക്കും എന്ന് അന്നാണ് എനിക്കു മനസ്സിലായത്. തിരഞ്ഞു തിരഞ്ഞ് ഒടുവില്‍ ആ ബോര്‍ഡ് ഞാന്‍ കണ്ടെത്തി. ഭക്തര്‍ മകരവിളക്ക് കണ്ടതുപോലെ എന്റെ മനം നിറഞ്ഞു. റസ്റ്റോറന്റിലേക്കുള്ള കോണിപ്പടികള്‍ രണ്ടു പടവുകള്‍ വീതമാണ് ഞാന്‍ കയറിയത്. കവാടത്തിലെത്തിയപ്പോഴേയ്ക്കും അകത്തുനിന്ന് മുഹമ്മദ് റാഫിയുടെ ഒരു ഗാനം ഒഴുകിവന്നു. ഒപ്പം, വെളിച്ചെണ്ണയുടേയും കടുകിന്റേയും ഉള്ളിയുടേയും മണം. ഇന്ത്യ, ഇന്ത്യയുടെ നാദം, മണം... കൊല്‍ക്കത്ത സ്വദേശികള്‍ നടത്തുന്നതായിരുന്നു ആ ഹോട്ടല്‍. മെനു കാര്‍ഡ് എടുക്കുകയല്ല, തട്ടിപ്പറിക്കുകയാണ് ഞാന്‍ ചെയ്തത്. ഊത്തപ്പം, മസാലദോശ, നെയ്റോസ്റ്റ്, തവറൊട്ടി, ദാല്‍ തഡ്ക... കാളിദാസ കവിതയേക്കാള്‍ മനോഹരമായി തോന്നി എനിക്ക് ആ മെനു കാര്‍ഡ്. ആദ്യം ഞാന്‍ രണ്ട് ഊത്തപ്പത്തിന് ഓര്‍ഡര്‍ ചെയ്തു. പിന്നെ നെയ്റോസ്റ്റ്... ബാക്കി അതുകഴിഞ്ഞു തീരുമാനിക്കാം എന്നു മനസ്സില്‍ കുറിച്ചു. എത്രയോ ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്ത ഒരു സോമാലിയന്‍ മനുഷ്യനെപ്പോലെ ഞാന്‍ വാരിവലിച്ചു തിന്നു. മരിച്ചുമരവിച്ച എന്റെ നാവിനു ജീവന്‍ വെയ്ക്കുന്നത് ഞാനറിഞ്ഞു. കുറേ ദിവസങ്ങളായി നിര്‍ജ്ജീവമായി കിടന്നിരുന്ന നെഞ്ചിലൂടെ രസമുകുളങ്ങള്‍ ഒഴുകിയിറങ്ങുന്നത് ഞാന്‍ അനുഭവിച്ചു. പശ്ചാത്തലത്തില്‍ പ്രണയപരവശനായി റാഫി പാടി.

വേണ്ടതിലധികം കഴിച്ച് ഒരുഗ്രന്‍ കാപ്പി കുടിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ മിഴിയുന്നതുപോലെ തോന്നി. വാര്‍ന്നുപോയ നിറങ്ങള്‍ വീണ്ടും വന്നു നിറയുന്നു. ജീവിതത്തിന്റെ ചലനങ്ങളും കണ്‍മുന്നിലെ കാഴ്ചകളും കൂടുതല്‍ പൊലിമയുള്ളതാവുന്നു. എനിക്ക് എല്ലാം ആസ്വദിക്കാന്‍ സാധിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ മനസ്സില്‍ പറഞ്ഞു, അല്‍പ്പം പാഠഭേദത്തോടെ: ഇഷ്ടപ്പെട്ട അന്നം ബ്രഹ്മ:

15
വിയറ്റ്നാമിന്റെ വടക്കന്‍ പ്രവിശ്യയായ ഹാനോയിയിലേക്ക് ഹോചിമിന്‍ സിറ്റിയില്‍നിന്നു രണ്ട് മണിക്കൂര്‍ വിമാനത്തിലിരിക്കണം. വലിയ നഗരം ഹോചിമിന്‍ സിറ്റിയാണെങ്കിലും തലസ്ഥാനം ഹാനോയി ആണ്. പഴക്കംകൊണ്ടും ചരിത്രത്തിന്റെ ഇടപെടല്‍ കൊണ്ടുമായിരിക്കണം ഇത്.

ഉച്ചയോടെയാണ് ഞങ്ങളുടെ വിമാനം ഹാനോയ് വിമാനത്താവളത്തിലേയ്ക്കു താണു തുടങ്ങിയത്. റണ്‍വേ തൊടാറായപ്പോഴേയ്ക്കും ജനാലയ്ക്കുള്ളിലൂടെ ഞാന്‍ മോഹിപ്പിക്കുന്ന ആ കാഴ്ച കണ്ടു: ഇളം മഞ്ഞ് മഴപോലെ ഉതിരുന്നു. നനഞ്ഞ റണ്‍വേ; കുതിര്‍ന്ന പുല്‍ത്തകിടികള്‍.

വിമാനത്താവളത്തിലെ ആചാരക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ വഴിയിലുടനീളം മഞ്ഞുതിരുന്നു. അല്‍പ്പം പഴക്കമുറ്റിയ കെട്ടിടങ്ങളാണ് ഇരുവശത്തും. ഉതിരുന്ന മഞ്ഞ് വെളുത്ത നിറത്തില്‍ കൂടിക്കിടക്കുന്നില്ല. ഇതളുകള്‍പോലെ ഉതിരുകയാണ്. കോട്ടും കൂമ്പന്‍ തൊപ്പിയും ധരിച്ചു സഞ്ചരിക്കുന്ന മനുഷ്യരുടെമേല്‍ അത് മൃദുവായി പതിക്കുന്നു.

ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്തത് ഇടുങ്ങിയതും തിരക്കേറിയതുമായ ഒരു തെരുവിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലായിരുന്നു. അതിന്റെ ജാലകവും ബാല്‍ക്കണിയും തുറക്കുന്നത് തെരുവിലേക്കാണ്. അവിടെനിന്നുള്ള കാഴ്ച ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല: നീണ്ട തെരുവിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന ഇലകൊഴിഞ്ഞ മരങ്ങള്‍ ഇരുവശത്തും; നട്ടുച്ചയ്ക്കും അവയ്ക്കിടയിലൂടെ മഞ്ഞ് പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായതുകൊണ്ടാവാണം അതിന്റെ ഭംഗിയൊന്നും ആസ്വദിക്കാതെ നടന്നുപോകുന്ന മനുഷ്യര്‍. നീണ്ട വടിയുടെ രണ്ടറ്റത്തും കയറില്‍ കെട്ടിത്തൂക്കിയ കൊട്ടയും അതില്‍ നിറയെ പഴങ്ങളുമായി നടന്നുനീങ്ങുന്ന വഴിവാണിഭക്കാര്‍. പഴയകാല വടക്കന്‍ കേരളത്തിലെ മത്സ്യവില്‍പ്പന ഓര്‍മ്മവന്നു. കടും വസ്ത്രങ്ങളണിഞ്ഞ സുന്ദരികളായ സ്ത്രീകള്‍... ഏതോ ചിത്രകാരന്‍ വരച്ചുവച്ചതുപോലെ. കണ്ടുമറന്ന ഏതോ സിനിമയിലെ രംഗംപോലെ.

ഞാനും ഫാക്കിയും തെരുവിലേക്കിറങ്ങി. പൊടിയുന്ന മഞ്ഞ് ഞങ്ങളെ ചുംബിച്ചുടഞ്ഞുവീണു. തണുപ്പ് തരുന്ന പ്രസരിപ്പ്. പലതരത്തില്‍ ഞാന്‍ ഫോട്ടോകള്‍ എടുത്തു. എത്രയോ കാലത്തെ പരിചയമുള്ളതുപോലെ ഫാക്കി എല്ലാവരോടും സംസാരിക്കുന്നു, മുറിഞ്ഞ മുറിഞ്ഞ വിയറ്റ്നാമീസ് വാക്കുകളിലൂടെ.

കൂട്ടത്തില്‍ മൂന്നു സ്ത്രീകള്‍ ഓടിവന്ന് എന്റെ മുന്നില്‍നിന്നു. അതിലൊരാള്‍ അവളുടെ നീണ്ട ചൂണ്ടുവിരല്‍കൊണ്ട് എന്റെ മൂക്കിലൂടെ മുകളിലോട്ടും താഴോട്ടും ഉഴിഞ്ഞു. അങ്ങനെ ഉഴിയുന്നതിനിടെ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു: ''യു ഇന്ത്യാ, ഇന്ദിരാ...'' എനിക്കൊന്നും മനസ്സിലായില്ല. ഹാനോയില്‍ പലതവണ വന്ന ഫാക്കി എനിക്കു വിശദീകരിച്ചുതന്നു:

''എടാ, ഇവര്ക്ക് ചപ്പിയ മൂക്കല്ലേ... നല്ല മൂക്കുള്ളോരെ ഇവര്ക്ക് വലിയ ഇഷ്ടാ. ഇന്ദിരാഗാന്ധീനെ പെരുത്ത് ഇഷ്ടാ. അതിന്റെ കാരണോം അവര്ടെ മൂക്ക് തന്നെയായിരിക്കും. ഇന്നെ ഓള്‍ക്ക് ഭയങ്കരായിട്ട് പിടിച്ചിറ്റിണ്ട്.''

ആ സ്ത്രീകള്‍ കുറേ നേരം എന്നെ ചുറ്റിപ്പറ്റിനിന്നു. പിന്നെ ചിരിച്ചുകൊണ്ട് എങ്ങോട്ടോ ഓടിപ്പോയി.

ഒരു മണിക്കൂറോളം ഞങ്ങള്‍ ആ തെരുവില്‍ കറങ്ങിനടന്നു. തണുപ്പേറി വരുന്നു, നന്നായി വിറയ്ക്കുന്നു. ഞങ്ങള്‍ വൃത്തിയുള്ള ഒരു ഹോട്ടലില്‍ കയറി. ഞാന്‍ പതിവുപോലെ ഒരു കുപ്പി റെഡ് വൈന്‍, പച്ചച്ചോറ്, ചെറുനാരങ്ങ, ഉള്ളി... തലേന്ന് കഴിച്ച ഊത്തപ്പവും നെയ്റോസ്റ്റും എന്റെ ബോധത്തില്‍ക്കിടന്നു പൊരിഞ്ഞു. ചില്ലുഭിത്തിക്കപ്പുറത്തെ തെരുവില്‍ പൊഴിയുന്ന മഞ്ഞുതരികളെ നോക്കിയിരുന്നു ഞാന്‍ ചോറ് വാരിത്തിന്നു കൊണ്ടിരുന്നു. ആ ഇരുപ്പില്‍ കണ്ണെത്തുന്ന ദൂരത്തെല്ലാം ഞാനൊരു ഇന്ത്യന്‍ റസ്റ്റോറന്റ് തിരഞ്ഞു. ഇത്തിരി ചോറിന്റേയും പരിപ്പുകറിയുടേയും അച്ചാറിന്റേയും മണം അന്വേഷിച്ചു. ഒന്നുമുണ്ടായിരുന്നില്ല. ഫാക്കി തൊട്ടപ്പുറത്ത് പുതിയ പുതിയ ഏതൊക്കെയോ വിഭവങ്ങള്‍ പരീക്ഷിക്കുന്നു. പുല്ലുതിന്നുന്നവര്‍ക്ക് എന്തു പരീക്ഷണം? ഞാന്‍ സ്വയം മനസ്സില്‍ പറഞ്ഞു.

16
സന്ധ്യയായപ്പോഴേയ്ക്കും മഞ്ഞുപൊഴിയുന്നത് വര്‍ദ്ധിച്ചു. അസ്ഥിയില്‍ കുത്തുന്ന തണുപ്പ്. തെരുവില്‍ ആള്‍ത്തിരക്കു കുറഞ്ഞു. ഇലകൊഴിഞ്ഞ മരച്ചില്ലകള്‍ മഞ്ഞിന്‍കണങ്ങളണിഞ്ഞ് നില്‍ക്കുന്നു, സന്ധ്യയുടെ സ്വാഭാവികമായ അരണ്ടവെളിച്ചം മഞ്ഞുമറയില്‍ കലര്‍ന്നപ്പോള്‍ വല്ലാത്തൊരു വിഷാദം വന്നു മൂടിയതുപോലെ. ഉള്ള വസ്ത്രം വാരിപ്പുതച്ച് വീടെത്താന്‍ കിതച്ചു നടക്കുന്ന മനുഷ്യരുടെ രൂപങ്ങള്‍ മങ്ങലിലൂടെ കാണാം. മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് ഇവയെല്ലാം കണ്ടു നില്‍ക്കുമ്പോള്‍, മുന്‍പെങ്ങോ വായിച്ച ഏതോ റഷ്യന്‍ നോവലിലെ രംഗംപോലെ തോന്നി. യൂറോപ്പിലും റഷ്യയിലുമൊന്നും സഞ്ചരിക്കാത്ത എനിക്ക് ഈ അനുഭവവും കാഴ്ചയും പുതുതായിരുന്നു. മനസ്സില്‍ റഷ്യന്‍ ശൈത്യവും സ്റ്റെപ്പികളും വന്നുനിറഞ്ഞു.

സന്ധ്യ പിരിയാറായപ്പോള്‍ ഞാനും ഫാക്കിയും തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രവും ധരിച്ചു നടക്കാനിറങ്ങി. തലസ്ഥാനമാണെങ്കിലും ഹാനോയിയുടെ ഉള്‍വഴികള്‍ക്ക് ഗ്രാമത്തിന്റെ ഛായയായിരുന്നു. വഴിയോരത്ത് വീടുകള്‍, മഞ്ഞിന്‍ തിരശ്ശീലയിലൂടെ കാണുന്ന വീട്ടുവെളിച്ചങ്ങള്‍, ആളനക്കങ്ങള്‍. കുറെ നടന്നപ്പോള്‍ വഴിയോട് ചേര്‍ന്ന ഒരു വീടിന്റെ ഗേറ്റില്‍ അഭിജാതഭാവമുള്ള ഒരാള്‍ നില്‍ക്കുന്നു. കറുത്ത നീളന്‍കോട്ട് ധരിച്ച ആ മനുഷ്യന് അറുപത് വയസ്സിനുമേല്‍ പ്രായം തോന്നും. ക്ലീന്‍ ഷേവ് ചെയ്ത മുഖം. അയാള്‍ക്കൊപ്പം വൃദ്ധയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

അവര്‍ ആരെയോ കാത്തുനില്‍ക്കുന്നതുപോലെ തോന്നി.

ഞങ്ങളെ കണ്ടപ്പോള്‍ ഇരുവരും ചിരിച്ചു. ഞങ്ങള്‍ ഹലോ പറഞ്ഞു. അയാള്‍ക്ക് ഇംഗ്ലീഷറിയാമായിരുന്നു. ഇന്ത്യയില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ തലകുനിച്ചു. നേരത്തേ, എന്റെ മൂക്കില്‍ തുടുത്ത വിരലോടിച്ച സ്ത്രീയില്‍ കണ്ട അതേ ആദരവ് ആ തലകുനിക്കലിലും ഉള്ളതായി തോന്നി.

''വിരോധമില്ലെങ്കില്‍ നിങ്ങളെ ഞങ്ങളുടെ വീട്ടിലെ അതിഥിയാവാന്‍ ക്ഷണിക്കുന്നു'' -അയാള്‍ പറഞ്ഞു.

കേള്‍ക്കേണ്ട താമസം ഞങ്ങള്‍ അങ്ങോട്ട് നടന്നു. ഏതു ദേശത്ത് ചെന്നാലും അവിടത്തെ ഒരു കുടുംബത്തിനൊപ്പം താമസിക്കുക എന്നത് ആ നാടിന്റെ ഉള്ളറകളെ തൊടാനും തുറക്കാനും സാധിക്കും. ഒരു മധ്യവര്‍ഗ്ഗ ഭവനമായിരുന്നു അത്. കിടക്കുന്ന മുറിയില്‍ത്തന്നെ ചുമരില്‍ ബുദ്ധമത വിശ്വാസപ്രകാരമുള്ള ഒരുപാട് ഫോട്ടോകള്‍, കുടുംബചിത്രങ്ങള്‍. അവ വച്ച സ്ഥലം അള്‍ത്താരപോലെ ഒരുക്കിയിരിക്കുന്നു. ആ ചിത്രങ്ങള്‍ക്കു താഴെ പല പല കുപ്പികളിലായി നിരന്നിരിക്കുന്ന മദ്യം. എല്ലാറ്റിലും ചെറിയ ചെറിയ പാമ്പുകള്‍ ചുരുണ്ടുകിടക്കുന്നു. അതില്‍ ഒരു കുപ്പി അയാള്‍ എടുത്തു ഞങ്ങള്‍ക്കു മുന്നില്‍വച്ചു. ചെറിയ മൂന്നു ചില്ലുഗ്ലാസ്സും. ഈ മനുഷ്യന്‍ കറുത്ത കോട്ടുമിട്ട് മഞ്ഞുപൊഴിയുന്ന തെരുവിലേയ്ക്കു നോക്കി ഗേറ്റിനരികില്‍നിന്നത് എന്തിനാണ് എന്ന് എനിക്കിപ്പോള്‍ മനസ്സിലായി: കക്ഷിക്ക് ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിക്കാനുള്ള ഒരു കമ്പനി വേണം. ഫാക്കി ചിരിച്ചുകൊണ്ട് ഗ്ലാസ്സ് നീക്കിവെച്ചു; എന്നിട്ട് പറഞ്ഞു:

''ഞാന്‍ കഴിക്കില്ല. എനിക്കുള്ളതുകൂടി ഇവന്‍ കഴിക്കും.''

തനിക്കു കഴിക്കാന്‍ പറ്റാത്തതെല്ലാം കഴിച്ച് ആതിഥേയരെ തൃപ്തിപ്പെടുത്താന്‍ കൂടെക്കൊണ്ടു നടക്കുന്ന ഭൂതമാണ് ഞാന്‍ എന്ന ഭാവമായിരുന്നു ഫാക്കിയുടെ മനസ്സില്‍. അയാള്‍ മദ്യം കുപ്പികളില്‍നിന്നു ചെറിയ ചില്ലുഗ്ലാസ്സിലേയ്ക്ക് പകര്‍ന്നു. കുപ്പിയില്‍ക്കിടന്ന് ആ സര്‍പ്പരൂപം ഒന്നിളകി. ഞാനതു വീണ്ടും കാണാതിരിക്കാന്‍ ശ്രമിച്ചു. ഞാനും കൂടി കഴിച്ചില്ലെങ്കില്‍ ആ ആതിഥേയന്‍ തകര്‍ന്നുപോവും. മേളിച്ചു തകര്‍ക്കാനാണ് അയാള്‍ ഞങ്ങളെ വിളിച്ചതുതന്നെ. ഞാന്‍ കൂടി മദ്യം നിരസിച്ചാല്‍ ഇന്ത്യയോടുള്ള അയാളുടെ എല്ലാ ആദരവും ഇല്ലാതാവാനും സാധ്യതയുണ്ട്. ഏതവസ്ഥയിലും രാജ്യത്തിന്റെ സല്‍പ്പേര് നാം കാത്തേ തീരൂ.

അയാള്‍ നീട്ടിയ കുഞ്ഞ് ചില്ലുഗ്ലാസ്സ് ഞാന്‍ വാങ്ങി. പുറത്തു മഞ്ഞുപൊഴിയുന്നതിന്റെ ശബ്ദം ഇപ്പോള്‍ അകമേ കേള്‍ക്കാം. ആതിഥേയന്റെ ഭാര്യയായ വൃദ്ധയും ഒരു ഗ്ലാസ്സ് നിറച്ചു. ഞങ്ങള്‍ ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു. സിപ് ചെയ്ത് സിപ് ചെയ്ത് കഴിക്കുകയല്ല, ഒറ്റയടിക്ക് ടക്കീല മദ്യം കഴിക്കുന്നതുപോലെ വലിക്കുന്നതാണ് നാട്ടുനിയമം. ഞാന്‍ കണ്ണടച്ചു. കുപ്പിയിലെ പാമ്പും അതിന്റെ ഇളക്കവും എന്റെയുള്ളില്‍ മിന്നിപ്പടര്‍ന്നു. കാവിലമ്മേ എന്നു വിളിച്ചു ഞാന്‍ ആഞ്ഞുവലിച്ചു. വെടിക്കെട്ടില്‍ വഴിമരുന്നിനു തീപിടിച്ചപോലെ നെഞ്ചിലൂടെ തീ പാഞ്ഞു കത്തിയിറങ്ങി. ഒപ്പം വയറ്റില്‍നിന്നും ഒരു ഓക്കാനും അഗ്‌നിപര്‍വ്വതംപോലെ പൊട്ടിയുയര്‍ന്നു. വഴിയിലെവിടെയോ വച്ച് അത് ഉടഞ്ഞുചിതറി. എന്റെ ശിരസ്സിലേയ്ക്ക് ലഹരിയുടെ ആദ്യത്തെ ഓളം പ്രസരിച്ചു. കണ്ണു തുറന്നപ്പോള്‍ കാണുന്നതെല്ലാം ഒരു തരി പരലുകളായിരിക്കുന്നു.

പിന്നീട് എത്രയോ ഗ്ലാസ്സുകള്‍ നിറഞ്ഞ് ഒഴിഞ്ഞു. അജ്ഞാതനായ ആ ആതിഥേയന്‍ തന്റെ കഥ ചുരുക്കിപ്പറഞ്ഞു: കക്ഷി കമ്യൂണിസ്റ്റുകാരനാണ്. മാര്‍ക്‌സിസവും കമ്യൂണിസവും അനുഭവിച്ചു പഠിക്കാനായി പാര്‍ട്ടി പഴയ സോവിയറ്റ് യൂണിയനിലേക്ക് അയച്ചയാള്‍. ഒരുപാട് കാലം റഷ്യയില്‍ പാര്‍ത്തു. ഞങ്ങളുടെ സംസാരത്തിനിടെ ഗ്ലാസ്സുകള്‍ നിറയുകയും ഒഴിയുകയും ചെയ്തു. അയാള്‍ അടുത്ത പാമ്പിന്‍കുപ്പി പുറത്തെടുത്തു. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറഞ്ഞതുപോലെ, എനിക്കിപ്പോള്‍ ധീരതയോടെ ആ കുപ്പിയിലേക്കു നോക്കാം. പാമ്പാണെങ്കിലെന്ത് പഴുതാരയാണെങ്കിലെന്ത്. ലഹരിയുടെ ലോകം ഭേദഭാവങ്ങളില്ലാത്തതാണ് എന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ ഗ്ലാസ്സുകള്‍ നിറഞ്ഞൊഴിയുന്നതിനിടെ ഫാക്കി ആ വീടിന്റെ അടുക്കള വരെ എത്തിയിരുന്നു. അവിടെ പാചകത്തില്‍ സഹായിച്ചു തുടങ്ങി. ഗൃഹനാഥന്റെ മകളുടെ മകന്‍ അപ്പോഴേയ്ക്കും വന്നു. അവന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞിരിക്കുകയായിരുന്നു. അവന് ഫാക്കി സ്വര്‍ണ്ണാക്ഷരങ്ങളിലെഴുതിയ തന്റെ വിസിറ്റിംഗ് കാര്‍ഡ് കൊടുത്തു. ദുബായിയില്‍ ജോലിയും വാഗ്ദാനം ചെയ്തു. ആ സന്തോഷത്തില്‍ ഗൃഹനാഥന്‍ രണ്ടു തവണകൂടി എന്റെ ചില്ലുഗ്ലാസ്സ് നിറച്ചു. ഫാക്കി ഇനിയുമെന്തെങ്കിലും വാഗ്ദാനും നല്‍കുന്നതിനു മുന്‍പ് അവിടെനിന്നുമിറങ്ങണമെന്ന് എനിക്കു മനസ്സിലായി. അപ്പോഴേയ്ക്കും മേശമേല്‍ ഭക്ഷണം നിരന്നു. സമൃദ്ധമാണ് സദ്യ എന്ന് ഫാക്കിയും മറ്റുള്ളവരും കഴിക്കുന്നതു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. എനിക്ക് ആ വീട്ടിലും പച്ചച്ചോറും പച്ചമുളകും ഉള്ളിയും ചെറുനാരങ്ങയും തന്നെ.

അവിടെനിന്നും ഇറങ്ങുമ്പോള്‍ ഒരുപാട് വര്‍ഷമായി പരിചയമുള്ള ഒരു വീട്ടില്‍നിന്നും വിരുന്നു കഴിഞ്ഞു പിരിയുന്നതുപോലെ തോന്നി. ഞങ്ങള്‍ കെട്ടിപ്പിടിച്ചു. ആ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഞാന്‍ ഉമ്മ കൊടുത്തു. ഗേറ്റുവരെ വന്ന് അവര്‍ ഞങ്ങളെ യാത്രയാക്കി. അല്‍പ്പം മണിക്കൂറുകള്‍ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ, എന്നിട്ടും പിരിയുമ്പോള്‍ ഒരു വേദന. ലോകത്ത് എവിടെയും അത് അങ്ങനെതന്നെയാവണം.

തെരുവില്‍ അനക്കങ്ങള്‍ തീര്‍ത്തും നിലച്ചിരിക്കുന്നു. വിളക്കുകാലുകള്‍ മഞ്ഞില്‍മൂടി മങ്ങിനില്‍ക്കുന്നു. തെരുവുപട്ടികളുടെ കരച്ചില്‍പോലുമില്ല.

നിശ്ശബ്ദതയെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ കാല്‍പ്പെരുമാറ്റവും കിതപ്പും മാത്രം. വിപ്ലവത്തിന്റേയും വീരയുദ്ധത്തിന്റേയും മണ്ണ് ഉറങ്ങുകയാണ്; ഞങ്ങള്‍ നടക്കുകയും.

1979ൽ തായ്ലൻഡിലെത്തിയ കമ്പോഡിയൻ അഭയാർത്ഥികളുടെ കൂട്ടത്തിൽ നിന്ന് പകർത്തിയതാണ് ഈ കുട്ടിയുടെ ചിത്രം
1979ൽ തായ്ലൻഡിലെത്തിയ കമ്പോഡിയൻ അഭയാർത്ഥികളുടെ കൂട്ടത്തിൽ നിന്ന് പകർത്തിയതാണ് ഈ കുട്ടിയുടെ ചിത്രം

17
ഹാനോയില്‍നിന്നും പിന്നെയും വടക്കോട്ടായിരുന്നു പിറ്റേന്നത്തെ യാത്ര. ഫാക്കിയുടെ കരകൗശലവസ്തു നിര്‍മ്മാണ യൂണിറ്റുണ്ട് അവിടെ. കേരളത്തില്‍നിന്നും ഒട്ടും ഭിന്നമല്ലാത്ത വഴിയോരങ്ങള്‍. അനന്തമായ വയലുകള്‍, വാഴത്തോപ്പുകള്‍, കൂമ്പന്‍തൊപ്പിയണിഞ്ഞ മനുഷ്യര്‍, കര്‍ഷകര്‍. ഇടത്തരം വീടുകള്‍. നേര്‍ത്ത മഴയില്‍ നനഞ്ഞുനില്‍ക്കുന്ന പ്രകൃതി. വിയറ്റ്നാം യുദ്ധത്തിനു തൊട്ടുശേഷം അവിടെ സന്ദര്‍ശിച്ച ടി.ജെ.എസ്. ജോര്‍ജ് എഴുതിയത് ഓര്‍ത്തു: ''അറബിക്കടലില്‍നിന്നും പറിച്ചെടുത്ത് തെക്കന്‍ ചീനസമുദ്രത്തില്‍ നട്ട ഒരു കേരളമാണ് വിയറ്റ്നാം.'' അതു ശരിയാണ് എന്ന് ആ കാഴ്ചകള്‍ തെളിയിച്ചു. എന്നാല്‍, കേരളത്തിന് ഒട്ടുമില്ലാത്ത ഒരു തീവ്രാനുഭവം ആ ജനതയ്ക്കുണ്ടായിരുന്നു: യുദ്ധം. ഒന്നല്ല, ഒന്നിലധികം യുദ്ധങ്ങള്‍, അടിച്ചമര്‍ത്തലുകള്‍. ഒരു തലമുറയ്ക്കുള്ളില്‍ത്തന്നെ ഫ്രാന്‍സിന്റേയും ജപ്പാന്റേയും ബ്രിട്ടന്റേയും അമേരിക്കയുടേയും സൈന്യങ്ങളോട് എതിരിടേണ്ടിവന്നവരാണ് വിയറ്റ്നാംകാര്‍ എന്നും ടി.ജെ.എസ്. നിരീക്ഷിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ നല്‍കിയ ഉള്ളുറപ്പ് വിയറ്റ്നാം ജനതയില്‍ ഇപ്പോഴുമുണ്ട്.

രണ്ടു മണിക്കൂറിലധികം നിര്‍ത്താതെ ഓടിയിട്ടാണ് ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ എത്തിയത്. നേരെ പോയത് ഒരു വീട്ടിലേയ്ക്കാണ്. അവിടെ വൃദ്ധയായ ഒരമ്മയും അവരുടെ മക്കളും. അവരുടെ ഭര്‍ത്താവ് ഹോചിമിന്റെ കൂടെ പടപൊരുതിയ ആളായിരുന്നു. അവരുടെ വീടിനോട് ചേര്‍ന്നാണ് ഫാക്കിയുടെ യൂണിറ്റ്. ആ യൂണിറ്റില്‍ ഒരുപാട് പേര്‍ മരപ്പണികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതിമനോഹരമായ കൊത്തുപണികള്‍. ഫാക്കി ഓരോന്നും എടുത്തുനോക്കി, എനിക്ക് വിശദീകരിച്ചുതന്നു.

ഞങ്ങള്‍ എത്തിയതറിഞ്ഞു കുറേപ്പേര്‍ കാണാന്‍ വന്നു. ആ ഗ്രാമത്തിലെ കൈത്തൊഴിലാളികള്‍ക്ക് അത്രയധികം തൊഴില്‍ ഫാക്കി നല്‍കുന്നുണ്ടായിരുന്നു. അവര്‍ക്കു ജീവിതവും ജീവനുമാണ് മലയാളിയായ ഈ മനുഷ്യന്‍ എന്ന് അവരുടെ പെരുമാറ്റങ്ങളില്‍നിന്നും എനിക്കു മനസ്സിലായി; അനല്‍പ്പമായ ആത്മാഭിമാനവും തോന്നി.

ഞങ്ങള്‍ അവിടെ എത്തിയതു മുതല്‍ ഗ്രാമം നിറയെ കേള്‍ക്കുന്ന വിധത്തില്‍ പാട്ടും എന്തോ അനൗണ്‍സ്മെന്റും നിര്‍ത്താതെ മൈക്കിലൂടെ പ്രവഹിച്ചിരുന്നു. വിയറ്റ്നാമിലെ വീടുകളില്‍ റേഡിയോയേക്കാള്‍ ഉച്ചഭാഷിണികളാണ് വാങ്ങുന്നത് എന്ന് ടി.ജെ.എസ്. എഴുതിയിട്ടുണ്ട്. വളരെ ചുരുങ്ങിയ വിലയ്ക്ക് ലൗഡ് സ്പീക്കര്‍ കിട്ടുമായിരുന്നു. ഗ്രാമങ്ങളിലും വീടുകളിലും ഇന്നും ഇവയുണ്ട്. ഇവയിലൂടെ ജനപ്രിയമായ പാട്ടുകളും പ്രഭാഷണങ്ങളും പ്രവഹിച്ചുകൊണ്ടേയിരിക്കും. വര്‍ഷങ്ങളായുള്ള ഈ രീതി വിയറ്റ്നാമിലെ വിദൂരഗ്രാമങ്ങള്‍ ഈ ആധുനിക യുഗത്തിലും തുടരുന്നു.

ഞാന്‍ സസ്യഭുക്കാണ് എന്ന കാര്യം വാചികമായും ആംഗികമായും ആ കുടുംബത്തിനോട് പറഞ്ഞുനോക്കി. എല്ലാവരും മിഴിച്ചുനില്‍ക്കുക മാത്രം ചെയ്തു. ആര്‍ക്കും മനസ്സിലാവുന്നില്ല.

''നീ എന്തു തരം ജന്തുവാണെന്ന് ഇവരിക്കു പറഞ്ഞിറ്റ് തിരിയുന്നില്ലെടാ'' -ഫാക്കി നിരാശനായി പറഞ്ഞു.

ഞങ്ങള്‍ക്കു നിലത്തിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഭക്ഷണം വരുന്നതിനു മുന്‍പ് ഒരു വെളുത്ത കാന്‍ ഒരാള്‍ ഞങ്ങള്‍ ഇരിക്കുന്നതിന്റെ മധ്യത്തില്‍ കൊണ്ടുവന്നു വെച്ചു. നമ്മുടെ നാട്ടില്‍ മണ്ണെണ്ണയോ വെളിച്ചെണ്ണയോ ഒക്കെ വാങ്ങുന്നതുപോലെ ഒന്ന്. അതില്‍ നിറയെ വിയറ്റ്നാമീസ് വോഡ്കയായിരുന്നു. ചെറിയ ഗ്ലാസ്സുകള്‍ നിരന്നു. പുറത്ത് മഴ തുടങ്ങി. എന്റെ ഉച്ചഭക്ഷണത്തിന്റെ കാര്യം പരമദയനീയമായിരിക്കും എന്ന് അടുക്കളയില്‍നിന്നു വരുന്ന ഗന്ധങ്ങളില്‍നിന്നും ഞാന്‍ ഊഹിച്ചു. വിദൂരപരിചയമെങ്കിലുമുള്ള ഒരു ഗന്ധംപോലും അവയില്‍ ഇല്ലായിരുന്നു. വോഡ്ക മാത്രമേ എനിക്കു തുണയാവൂ എന്നു തിരിച്ചറിഞ്ഞു ഞാനതില്‍ പരിശ്രമിച്ചു തുടങ്ങി. ഒന്നുരണ്ട് ഗ്ലാസ്സുകള്‍ നിറഞ്ഞൊഴിഞ്ഞപ്പോള്‍ വിയറ്റ്നാം എനിക്കു സ്വന്തം നാടുപോലെ തോന്നി; ഈ ലോകം ശരിക്കും ഒരു പക്ഷിക്കൂടാണെന്നും. ഗ്ലാസ്സുകള്‍ നാല് നിറഞ്ഞൊഴിഞ്ഞപ്പോഴേയ്ക്കും ഭക്ഷണം വന്നു. ചോറു തന്നെ മുഖ്യം. എനിക്കായി എന്തോ ഒരു കറി പ്രത്യേകമായ പാത്രത്തില്‍ കൊണ്ടുവന്നു വെച്ചു. അസഹ്യമായ മണമായിരുന്നു അതിന്. ഭക്ഷണം വന്നതിനുശേഷവും വീട്ടുകാരെല്ലാം എനിക്കു ചുറ്റുംകൂടി നിന്നു. ഒരു വിചിത്ര ജന്തുവിനെപ്പോലെ എന്നെ നോക്കി. എനിക്കു വല്ലായ്മ തോന്നി. പിടിച്ചിരിക്കാന്‍ ഞാന്‍ ഒരു ഗ്ലാസ്സ് കൂടി കമിഴ്ത്തി. ഇതിനിടെ ആരോ ചോറെടുത്ത് എന്റെ പാത്രത്തിലേക്കിട്ടു. കറിയൊഴിച്ചു. കഴിച്ച വോഡ്കയുടെ ബലത്തില്‍ കണ്ണടച്ച് ഉരുള ഉരുട്ടി വായിലേക്കിട്ടു. (ചോപ്സ്റ്റിക് കൊണ്ട് കഴിക്കുന്ന അവര്‍ക്ക് അതും ഒരു പുതിയ കാഴ്ചയായിരുന്നു). ഛര്‍ദ്ദിക്കാതിരിക്കാന്‍ ഒരിറക്ക് വോഡ്ക കൂടി ഞാന്‍ കഴിച്ചു. അങ്ങനെ മൂന്നു നാലുരുളകള്‍. അതുകണ്ട് എനിക്കു ചുറ്റും നിന്ന സ്ത്രീകള്‍ ആര്‍ത്തു ചിരിച്ചു. അവര്‍ക്കു മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ രണ്ടുരുള കൂടി കഴിച്ചു. എന്നിട്ട് വേഗം കൈ കഴുകി എഴുന്നേറ്റു. മണം പോകാന്‍ അവിടെ നിന്നിരുന്ന ചെറുപ്പക്കാരന്റെ കയ്യില്‍നിന്നും ഒരു സിഗററ്റ് വാങ്ങി പുകച്ചു. കഴിച്ച ഭക്ഷണത്തെക്കുറിച്ചു മറക്കാന്‍ ശ്രമിച്ചു. എന്താണ് എനിക്കു വിളമ്പിയ കറി എന്നു ചോദിക്കാന്‍ ശ്രമിച്ച ഫാക്കിയെ തടഞ്ഞു നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞു: ആ രഹസ്യം അങ്ങനെതന്നെയിരിക്കട്ടെ സുഹൃത്തേ. പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഇന്നും എനിക്കറിയില്ല അന്ന് വടക്കന്‍ വിയറ്റ്നാമിലെ ആ ഗ്രാമീണ ഭവനത്തില്‍നിന്നും ഞാന്‍ കഴിച്ച കറി എന്താണ് എന്ന്.

ഭക്ഷണശേഷം തന്റെ തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിഭയെക്കുറിച്ചും ഫാക്കി അല്‍പ്പം അതിശയോക്തി കലര്‍ത്തി സംസാരിച്ചു. ഞാന്‍ എല്ലാം കേട്ടുനിന്നു. അവരേക്കാള്‍ വലിയ കലാകാരന്മാര്‍ ഈ ഭൂമിയില്‍ ഇല്ല എന്ന തരത്തിലായിരുന്നു സംസാരം. ഈ ലോകത്ത് ഒരുപാട് മനുഷ്യര്‍ക്കു തൊഴില്‍ സൃഷ്ടിച്ചു സഹായിക്കുന്ന സാധാരണക്കാരനായ ആ അസാധാരണ മനുഷ്യന്‍ ഒരു ഘട്ടത്തില്‍ ആവേശഭരിതനായി:

''എടാ ഇന്റെ പത്രപ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഇവരെ ഏഴയലത്ത് വരൂലെടാ. നീയെല്ലാം വലിയ കാര്യങ്ങള്‍ പറയ്ന്ന്‌ണ്ടേല്ലോ. ഇതാ, ഇവന്‍ ഇണ്ടാക്കുന്നത് നോക്ക്...'' മരത്തില്‍ക്കൊത്തിയ മനോഹരമായ ഒരു പുഷ്പരൂപം ഫാക്കി കയ്യിലെടുത്തു. എന്നിട്ട് ആവേശത്തോടെ എന്നെ തള്ളിപ്പിടിച്ചു ചുമരിനോട് ചേര്‍ത്തുനിര്‍ത്തി. ചുറ്റിലുമുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ച് ഇതെല്ലാം നോക്കിനില്‍ക്കുകയാണ്. എന്റെ കഴുത്തിന്റെ ഭാഗത്ത് ചക്രംവെച്ച് ഫാക്കി പറഞ്ഞു:

''എടാ, കണ്ടോ, കണ്ടോ നാല് മാസമായി ഇവന്‍ ഇതുതന്നെ ഇണ്ടാക്കാന്‍ തുടങ്ങീറ്റ്. ഇത് ഇന്റെ സാഹിത്യംപോലെയല്ല'' അതു പറയുമ്പോള്‍ ആ സംരംഭകന്റെ നെഞ്ച് കിതയ്ക്കാന്‍ തുടങ്ങി. എന്റെ ശിരസ്സിലാകെ കുടിച്ച വോഡ്കയുടെ ചുഴലി പടര്‍ന്നു. ഫാക്കിയുടെ മുഖത്തേയ്ക്കു മുഖം ചേര്‍ത്തു ഞാന്‍ പറഞ്ഞു:

ഹോചിമിൻ ന​ഗരത്തിൽ നോത്രദാം കത്തീഡ്രൽ. സായ് ​ഗോൻ (ഹോചിമിൻ ന​ഗരത്തിന്റെ പഴയ പേര്) കീഴടക്കിയ ഫ്രഞ്ചുകാർ നിർമിച്ചതാണ് ഈ പള്ളി 
ഹോചിമിൻ ന​ഗരത്തിൽ നോത്രദാം കത്തീഡ്രൽ. സായ് ​ഗോൻ (ഹോചിമിൻ ന​ഗരത്തിന്റെ പഴയ പേര്) കീഴടക്കിയ ഫ്രഞ്ചുകാർ നിർമിച്ചതാണ് ഈ പള്ളി 

''രണ്ടാമൂഴം എന്ന മുന്നൂറ് പേജുള്ള നോവലെഴുതാന്‍ എം.ടി. ഒന്‍പത് വര്‍ഷങ്ങളെടുത്തു ഫാക്കി.''
എന്റെ കഴുത്തില്‍നിന്നും ഫാക്കിയുടെ പിടി പതുക്കെപ്പതുക്കെ അയയുന്നത് ഞാനറിഞ്ഞു. അയാള്‍ക്ക് അതൊരു പുതിയ അറിവായിരുന്നു.

ഫാക്കിയിലെ നിഷ്‌കളങ്കനായ നാടന്‍ തലശ്ശേരിക്കാരന്‍ പുറത്തുവന്നു:

''തെന്നേ... എടാ ഞാന്‍ വിചാരിച്ചു ലോകത്ത് ഞമ്മളെ ഈ പണിയാണ് ഏറ്റവും മെനക്കെട്ടത് എന്ന്. ഞ്ഞ് ഒന്നും വിചാരിക്കണ്ട.''

ഹാനോയില്‍നിന്നുള്ള മടക്കയാത്രയില്‍ ഞങ്ങളിരുവരും പരസ്പരം അധികം സംസാരിച്ചില്ല. പുഷ്പം കൊത്തിയ മരത്തെപ്പറ്റി ഞാനോ രണ്ടാമൂഴത്തെപ്പറ്റി ഫാക്കിയോ ഒന്നും ചോദിച്ചില്ല. മഴക്കാറിനിടയിലൂടെ ഊറിവരുന്ന സന്ധ്യയിലേയ്ക്ക് നോക്കിയിരിക്കെ ഞാന്‍ എന്നോടു തന്നെ സ്വയം ചോദിച്ചു:

''ഏതാണ് ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ തൊഴില്‍? ആരാണ് ലോകത്തെ ഏറ്റവും ശ്രേഷ്ഠനായ കലാകാരന്‍?''

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com