'ഒരടി കൊടുത്തുപോയി,  ഇമ്മാതിരി 'പ്രകടനം' നടത്തുന്നവന്റെ മുന്നില്‍ ഗായത്രി മന്ത്രം ജപിച്ചതുകൊണ്ട് കാര്യമില്ലല്ലോ'

'ഒരടി കൊടുത്തുപോയി,  ഇമ്മാതിരി 'പ്രകടനം' നടത്തുന്നവന്റെ മുന്നില്‍ ഗായത്രി മന്ത്രം ജപിച്ചതുകൊണ്ട് കാര്യമില്ലല്ലോ'
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

നിക്ക് നീതി വേണം.'' പൊലീസ് സ്റ്റേഷന്‍ മുതല്‍ മുകളിലോട്ട് സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണ് ഇത്. വേദനയും നിസ്സഹായതയും പ്രതിഫലിക്കുന്ന വാക്കുകള്‍. നമ്മുടെ പൊതുമണ്ഡലത്തില്‍ ധാരാളമായി മുഴങ്ങുന്ന ശബ്ദമാണ് നീതി. പത്രങ്ങളോ മറ്റു മാധ്യമങ്ങളോ നോക്കിയാല്‍ ഒരു ദിവസം പോലും നീതി എന്ന പദം കാണാതിരിക്കില്ല.  വാര്‍ത്തകള്‍ പലതും നീതിനിഷേധത്തിന്റെ കഥകളാണല്ലോ. മനുഷ്യരാശിയുടെ  വളര്‍ച്ചയിലും വികാസത്തിലും നീതിയുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചിന്തകരുടെ   പഠനത്തിനും ഇടപെടലുകള്‍ക്കും വിധേയമായിട്ടുണ്ട്. നീതി തേടിയുള്ള യാത്രയെ എങ്ങനെ മുന്നോട്ടു നയിക്കാം എന്ന വിഷയം ഇന്നും ലോകത്തിന്റെ പലേടത്തും മനുഷ്യനെ പ്രചോദിപ്പിക്കുന്നുമുണ്ട്. ജനാധിപത്യ ഭരണക്രമത്തിന്റെ ഉദയം, വളര്‍ച്ച ഇവയുടെ ചരിത്രം  മനുഷ്യന്റെ നീതിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിന്റേയും പോരാട്ടത്തിന്റേയും കൂടി ചരിത്രമാണ്. ആ പ്രക്രിയയിലൂടെ തന്നെയാണ് നമ്മുടെ നീതിന്യായ സംവിധാനവും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ആ സംവിധാനത്തില്‍  സാധാരണ പൗരന് നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടുന്ന ഏജന്‍സിയാണ് പൊലീസ്. 

അതില്‍ വീഴ്ചയുണ്ടാകുമ്പോഴാണ്  പൊലീസിനെതിരെ സമൂഹത്തില്‍ ആക്ഷേപമുണ്ടാകുന്നത്. ഉദാഹരണത്തിന് കേസന്വേഷണത്തില്‍ യഥാര്‍ത്ഥ കുറ്റവാളിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ല എന്ന് കാണുമ്പോള്‍ ഇരയ്ക്ക് വീണ്ടും നീതിനിഷേധത്തിന്റെ വേദന അനുഭവിക്കേണ്ടിവരും. അതേസമയം മനപ്പൂര്‍വ്വമോ അല്ലാതേയോ നിരപരാധിയെ പ്രതിയാക്കുകയാണെങ്കില്‍ അയാള്‍ക്കും നീതി നിഷേധിക്കപ്പെടുകയാണ്. ഒരു സ്ഥലത്ത് വര്‍ഗ്ഗീയ സംഘര്‍ഷം കലാപത്തിലേക്കു നയിക്കുമ്പോള്‍ പൊലീസ് നടപടി പക്ഷപാതപരമായാല്‍ അവിടെയും സംഭവിക്കുന്നത് കടുത്ത അനീതിയാണ്. പൊലീസിന്റെ കര്‍മ്മമണ്ഡലത്തില്‍ ചെറുതും വലുതുമായ ഓരോ ചുവടുവെയ്പിലും നീതിയുടേയും അനീതിയുടേയും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണല്ലോ പൊലീസ് തെറ്റായ നടപടി സ്വീകരിച്ചാല്‍ 'വേലി തന്നെ വിളവ് തിന്നുന്നു'വെന്ന  ആക്ഷേപമുയരുന്നത്. നീതിനിര്‍വ്വഹണത്തില്‍  അത്രയ്ക്ക് പ്രധാനപ്പെട്ട ചുമതലയാണ് പൊലീസിന്റേത്. മറ്റുള്ളവര്‍ക്ക് നീതി ഉറപ്പാക്കാന്‍ അനവരതം പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നീതിനിഷേധത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടോ? ധാരാളമുണ്ട് എന്നാണ് അനുഭവം. നമുക്കത്തരം ചില സംഭവങ്ങള്‍ പരിശോധിക്കാം. 

ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍ ആദ്യം ഇത്തരമൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടത് കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍നിന്നാണ്. അവിടെ ഒരു കോണ്‍സ്റ്റബിള്‍  സുകുമാരനെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്ന് വലിയ സമ്മര്‍ദ്ദം. ഭരണകക്ഷിയിലെ ഒരു ഉന്നതനായിരുന്നു പിന്നില്‍. ഔദ്യോഗികതലത്തിലും എന്റെ മേലതു വന്നു. ഈ സുകുമാരന്‍ എന്ത് 'ഭീകര'കൃത്യമാണ് ചെയ്തതെന്ന് മനസ്സിലാക്കിയിട്ടു വേണമല്ലോ നടപടി സ്വീകരിക്കാന്‍. ജില്ലാ എസ്.പി എന്ന നിലയില്‍ അച്ചടക്കത്തിനുള്ള  അധികാരം ഉപയോഗിച്ചാണ് അത്  തീരുമാനിക്കേണ്ടത്. സര്‍വ്വീസ് നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ വിനിയോഗിക്കേണ്ട അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമാണത്. മുന്‍വിധിയോടെ സമീപിക്കേണ്ട കാര്യമല്ല ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍. ചില അവസരങ്ങളില്‍ ഉദ്യോഗസ്ഥന്റെ വീഴ്ച വളരെ പ്രകടമായിരിക്കും. ഗൗരവമുള്ള പെരുമാറ്റദൂഷ്യമുണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുക തന്നെ വേണം. അത് വിലയിരുത്തുന്നതിന് അന്വേഷണം ആവശ്യമാണ്. കുത്തിയതോട്ടെ സുകുമാരന്റെ കാര്യത്തിലും ഞാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടയില്‍ ആ പൊലീസുകാരന്‍ എന്നെ കാണാന്‍ ഓഫീസില്‍ വന്നു. സ്ഥലത്തെ വളരെ ബഹുമാന്യനായ ഒരു മനുഷ്യനെ ഈ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം. സസ്പെന്‍ഷന്‍ ഭീഷണിയിലായിരുന്ന സുകുമാരന്‍ എന്നോട് കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കാനാണ് വന്നത്. 

സംഭവദിവസം രാത്രി അയാള്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി പത്തരയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലുള്ള പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി. ബസിനുള്ളില്‍ ബഹളം കേട്ട് പൊലീസുകാര്‍ വേഗം അങ്ങോട്ട് ചെന്നു. പൊലീസുകാര്‍ ബസിനുള്ളില്‍ കയറിയപ്പോള്‍ ഒരു മനുഷ്യന്‍ അവിടെ വലിയ ബഹളവും ചീത്തവിളിയും ഒക്കെ ആയിരുന്നു. പലരോടും വെല്ലുവിളിയും ഭീഷണിയുമായി വിലസുകയാണ്. പൊലീസുകാരെ കണ്ടപ്പോള്‍ യാത്രക്കാര്‍ കാര്യം  പറഞ്ഞു. ആ മനുഷ്യന്‍ മദ്യലഹരിയിലാണെന്നും ആദ്യം കണ്ടക്ടറുമായി വഴക്കിട്ടാണ് തുടങ്ങിയതെന്നും പറഞ്ഞു. സ്റ്റോപ്പില്ലാത്ത ഒരിടത്ത് നിര്‍ത്താന്‍ പറഞ്ഞത് നിരസിച്ചതിനെത്തുടര്‍ന്ന് കണ്ടക്ടറുടെ നേരെ തട്ടിക്കേറി. അതില്‍ ഇടപെട്ട മറ്റു യാത്രക്കാരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. 

''എല്ലാപേരെയും പാഠം പഠിപ്പിക്കു''മെന്നും ''താനാരാണെന്ന് എല്ലാപേരെയും അറിയിച്ച് തരാം'' എന്നുമൊക്കെ അപ്പോഴും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. പൊലീസുകാരുടെ സാന്നിദ്ധ്യം അവഗണിച്ച് അയാള്‍ ബഹളം തുടര്‍ന്നപ്പോള്‍, അത് നിര്‍ത്താന്‍ പൊലീസ് ഇടപെട്ടു. അയാള്‍ നിര്‍ത്തിയില്ലെന്നു മാത്രമല്ല, ''ഞങ്ങളുടെ നേരേ തട്ടിക്കേറാന്‍ തുടങ്ങി'', പൊലീസുകാരന്‍ പറഞ്ഞു. അയാളുടെ വെല്ലുവിളിയും ഭീഷണിയും പൊലീസിനു നേരെ തിരിഞ്ഞു. മദ്യലഹരിയും സ്വന്തം സ്വാധീനത്തെക്കുറിച്ചുള്ള ധാരണയുമായിരുന്നു കഥാപുരുഷനെ നയിച്ചതെന്നു തോന്നി.  ''നിങ്ങള്‍ അയാളെ അടിച്ചില്ലേ?'' ഞാന്‍ ചോദിച്ചു. അല്പം ഒന്നറച്ച ശേഷം ആ പൊലീസുകാരന്‍ പറഞ്ഞു: ''ഒരടി കൊടുത്തുപോയി, സാര്‍.'' മറ്റെന്തുവഴി? ഇമ്മാതിരി 'പ്രകടനം' നടത്തുന്നവന്റെ മുന്നില്‍ ഗായത്രിമന്ത്രം ജപിച്ചതുകൊണ്ട് കാര്യമില്ലല്ലോ. എന്റെ മുന്നില്‍നിന്ന പൊലീസുകാരന്‍ കാഴ്ചയില്‍ നല്ല കായികശേഷിയുള്ള വ്യക്തിയായിരുന്നു. അയാളുടെ ഒരടി ഏറ്റാല്‍ ഏത് തെമ്മാടിയിലും സ്ഥലകാലബോധം ജനിക്കും. ചുമ്മാതല്ല, ഏറെ നേരമായി തുടര്‍ന്നിരുന്ന പരാക്രമം സ്വിച്ചിട്ട പോലെ നിന്നു. ആട്ടിന്‍കുട്ടിയെപ്പോലെ മെരുങ്ങി അയാള്‍ പൊലീസുകാരുടെ കൂടെ സ്റ്റേഷനിലേയ്ക്ക് പോയി. ഇത്തരം ചില 'പരാക്രമി'കളെ പ്രതിഭാശാലിയായ നടന്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച് കണ്ടിട്ടുണ്ട്; പല സിനിമകളിലും.

ബസും യാത്രക്കാരുമൊക്കെ രക്ഷപ്പെട്ട് അതിന്റെ വഴിക്കു പോയെങ്കിലും നേരം പുലര്‍ന്നപ്പോള്‍ പൊലീസുകാര്‍ വെട്ടിലായി. ട്രാന്‍സ്പോര്‍ട്ട് ബസില്‍ പരാക്രമം നടത്തിയ മനുഷ്യന്‍ സ്ഥലത്തെ ഒരു പ്രധാന ദിവ്യനായിരുന്നു. അയാളൊരു പ്രാദേശിക നേതാവിന്റെ വലംകയ്യായിരുന്നു. ഈ നേതാവാകട്ടെ, ഒരു സംസ്ഥാന നേതാവിന്റെ വലംകയ്യും. അങ്ങനെ അവര്‍ കൈകോര്‍ത്തപ്പോള്‍ പൊലീസുകാര്‍ വെട്ടിലായി. സംഭവം പൊലീസ് അതിക്രമമായി. ഒരു പൊലീസുകാരനെയെങ്കിലും സസ്പെന്റ് ചെയ്യണമെന്നത് അവര്‍ക്ക് അഭിമാനപ്രശ്‌നമായി. അങ്ങനെ ഒരു പ്രതിസന്ധിയിലാണ് പൊലീസുകാരന്‍ എന്നെ കാണാന്‍ വന്നത്. അതിനുമുന്‍പേ സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് വഴി വിവരം തേടിയിരുന്നു. വളരെ സത്യസന്ധമായും കൃത്യമായും വിവരം കണ്ടെത്തി അറിയിക്കുന്ന പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നു.  ഇപ്പോള്‍ 'അഭിമാനി'യായ മാന്യന്റെ ബസിലെ പ്രകടനം അസഹ്യമായിരുന്നുവെന്നുതന്നെയാണ് ലഭിച്ച വിവരം. നേരിട്ടു വന്ന് കാര്യങ്ങള്‍ വിശദീകരിച്ച പൊലീസുകാരനെപ്പറ്റി സത്യത്തില്‍ എനിക്ക് മതിപ്പു തോന്നി. എങ്കിലും അയാളോട്  ഉറപ്പൊന്നും പറഞ്ഞില്ല. അന്വേഷിച്ച് ബോദ്ധ്യപ്പെട്ടു മാത്രമേ എന്തായാലും നടപടി സ്വീകരിക്കൂ എന്നുമാത്രം പറഞ്ഞു. 'ബോദ്ധ്യപ്പെട്ടു മാത്രമേ' എന്നതിലായിരുന്നു ഊന്നല്‍. എന്തായാലും ബാഹ്യപ്രേരണയിന്‍മേല്‍ സസ്പെന്റ് ചെയ്യില്ല എന്നു പറയാതെ പറയാനാണ് ശ്രമിച്ചത്.

ദീര്‍ഘമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ചില സത്യങ്ങള്‍ അപ്രിയമാണെങ്കിലും പറയാതെ വയ്യ. സസ്പെന്റ് ചെയ്യാനുള്ള അധികാരം അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ളതാണെന്നു നേരത്തെ ചൂണ്ടിക്കാട്ടിയല്ലോ. എന്നു പറഞ്ഞാല്‍ ഒരു ജഡ്ജിയുടെ മുന്നില്‍ വരുന്ന തെളിവുകള്‍ നിഷ്പക്ഷതയോടെ വിലയിരുത്തി ഒരാളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നപോലെ വേണം സസ്പെന്‍ഷനില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കേണ്ടത്. വിചാരണ തുടങ്ങും മുന്‍പേ ജഡ്ജി, ഞാനീ പ്രതിയെ തൂക്കിക്കൊല്ലും അല്ലെങ്കില്‍ ഞാനിയാളെ വെറുതെ വിടും എന്ന് തീരുമാനിച്ചാലോ. അദ്ദേഹം ജഡ്ജിയല്ലാതാകും. പൊലീസില്‍ ധാരാളമായി അതു സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില ആക്ഷേപങ്ങളുണ്ടാകുമ്പോള്‍ അതേപ്പറ്റി അന്വേഷണം തുടങ്ങും മുന്‍പേ ഡിസിപ്ലിനറി അതോറിറ്റിക്ക് നിര്‍ദ്ദേശം വരും ''അയാളെ ഉടന്‍ സസ്പെന്റ് ചെയ്യണം.'' അല്ലെങ്കില്‍ ''അയാളെ ഒരു കാരണവശാലും സസ്പെന്റ് ചെയ്യരുത്.'' തല്പരകക്ഷിയായ രാഷ്ട്രീയ നേതാവ്, അതിനുപറ്റിയ ഉദ്യോഗസ്ഥനിലൂടെയാണ് അത് നിര്‍വ്വഹിക്കുന്നത്. തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനും യാതൊരു നീതിബോധവുമില്ലാത്ത വ്യക്തിയാണെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരപ്രയോഗം പ്രഹസനമായി മാറും. ചില സന്ദര്‍ഭങ്ങളില്‍ സസ്പെന്‍ഷനു മുന്‍പോ പിന്‍പോ ആ കീഴുദ്യോഗസ്ഥനോട് ''തല്‍ക്കാലം വേറെ നിവൃത്തിയില്ല'' എന്ന് സ്വന്തം ഗതികേട് തുറന്നുപറയുന്ന ചില ഐ.പി.എസ് ഉദ്യോഗസ്ഥരേയും കണ്ടിട്ടുണ്ട്. എന്നു മാത്രമല്ല, വേഗം തിരികെ സര്‍വ്വീസില്‍ കയറാന്‍ ഉള്ള മാര്‍ഗ്ഗം ഉപദേശിക്കാനുള്ള 'ഉദാരമനസ്‌കത'യും പ്രകടിപ്പിക്കും. ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള ഇത്തരം നടപടികള്‍ക്കു താത്ത്വികവും ബൗദ്ധികവുമായ ന്യായീകരണങ്ങളും സര്‍വ്വീസിന്റെ ആരംഭകാലം മുതല്‍ കേട്ടിട്ടുണ്ട്. ''നമ്മള്‍ തന്നെ സസ്പെന്റ് ചെയ്താല്‍ നമുക്കു തന്നെ കുറെ കഴിയുമ്പോള്‍ അയാളെ തിരിച്ചെടുക്കാം. സര്‍ക്കാരാണ് സസ്പെന്റ് ചെയ്യുന്നതെങ്കില്‍ പിന്നെ തിരിച്ചെടുക്കാന്‍ നമുക്കു കഴിയില്ല. അതിനു വീണ്ടും സര്‍ക്കാരില്‍ പോകേണ്ടിവരും'' അതാണ് യുക്തി. പറയുന്നത് കേട്ടാല്‍ തോന്നുക, സസ്പെന്‍ഷനിലൂടെ കീഴുദ്യോഗസ്ഥനു വലിയ സഹായമാണ് ചെയ്തത് എന്നാണ്. അന്യായമായ സസ്പെന്‍ഷന്‍ ആ ഉദ്യോഗസ്ഥനുണ്ടാക്കുന്ന മാനഹാനി, അത് പൊലീസ് സേനയ്ക്കു നല്‍കുന്ന തെറ്റായ സന്ദേശം, എല്ലാറ്റിലുമുപരി അതിലെ അധാര്‍മ്മികത ഒന്നും പ്രസക്തമായ വിഷയമല്ലെന്നു തോന്നും ഇത്തരം വ്യഖ്യാനങ്ങള്‍ക്കു മുന്നില്‍. ബൗദ്ധികവും താത്ത്വികവുമായി ഞാനത്ര  ഉയരത്തിലെത്തിയില്ലെന്നാണ് വിശ്വാസം.

കുത്തിയതോട് വിഷയം ആദ്യം, ഉടന്‍ സസ്പെന്‍ഷന്‍ എന്ന രീതിയില്‍ ആളിക്കത്തി എങ്കിലും കൃത്യമായി അന്വേഷിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്ന് നിലപാട് സ്വീകരിച്ചപ്പോള്‍ അതിന്റെ ഗതിമാറി. പ്രാദേശിക മാധ്യമങ്ങളും പൊതുവികാരവും പൊലീസിനു അനുകൂലമായിരുന്നു. ചെറുതും വലുതുമായ സംഘര്‍ഷങ്ങളില്‍ ഇടപെടുന്ന പൊലീസുദ്യോഗസ്ഥന്‍ അവിടെ നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്നീട് അതേക്കുറിച്ച് ശാന്തമായ അന്തരീക്ഷത്തില്‍ ചിന്തിക്കുകയും വിശകലനം നടത്തുകയും ചെയ്യുമ്പോള്‍ പല സാദ്ധ്യതകളും കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് ആദ്യമേതന്നെ ആരെയെങ്കിലും സസ്പെന്റ് ചെയ്യണം എന്നു തീരുമാനിച്ചശേഷം അതിനുതകുന്ന ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനാണെങ്കില്‍ അത് എളുപ്പമാണ്. ആ ഭയം കൊണ്ടാകാം പൊലീസുകാരന്‍ ആദ്യമേ എന്നെ നേരിട്ടു കണ്ടത്. കുത്തിയതോട് സംഭവത്തില്‍ അതുണ്ടായില്ല. സ്വതന്ത്രമായ അന്വേഷണമായപ്പോള്‍ പരാതിക്കാരനുതന്നെ അത് ഗുണകരമാകില്ലെന്നു തോന്നി. അഭിമാന പ്രശ്‌നമായിരുന്ന  സസ്പെന്‍ഷന്‍ അങ്ങനെ ഒഴിവായി.

ഇത്തരമൊരു അഭിമാനപ്രശ്‌നം മാന്നാര്‍ പൊലീസ് സ്റ്റേഷനിലുമുണ്ടായി. അവിടെ ഒരു തട്ടിപ്പുകേസിലെ പ്രതിയെ പൊലീസ് അന്വേഷിച്ച് അറസ്റ്റ്‌ചെയ്തു. അന്നൊരു സന്ധ്യാസമയമായിരുന്നു. പ്രതിയുമായി സ്റ്റേഷനിലെത്തി കുറേക്കഴിഞ്ഞ്  ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ യുവനേതാവും അവിടെയെത്തി. നന്നായി മദ്യപിച്ചിരുന്ന യുവനേതാവ് പൊലീസ് ഉദ്യോഗസ്ഥരുമായി വഴക്കായി. അവരെ അസഭ്യം പറയുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അയാളതിനു വഴങ്ങിയില്ല. അവസാനം നേതാവും ലോക്കപ്പിലായി. പിന്നീട് മെഡിക്കല്‍ ചെക്കപ്പും മറ്റു നിയമനടപടികളും സ്വീകരിച്ചു. അവസാനം ചില മുതിര്‍ന്ന നേതാക്കള്‍ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തി എസ്.ഐയുമായി സംസാരിച്ച് ധാരണയായി, യുവനേതാവിനെ ജാമ്യത്തിലിറക്കി.

ഒരുപക്ഷേ, അത്രയ്ക്ക് ആക്ഷേപകരമായ സംഭവമായതിനാലാകാം പൊലീസ് നടപടിയെക്കുറിച്ച് പരാതി ഒന്നും വന്നില്ല. പക്ഷേ, ഒരാഴ്ച കഴിഞ്ഞ്  തലസ്ഥാനത്തുനിന്ന് ഒരു ഫോണ്‍. യുവ നേതാവുള്‍പ്പെട്ട ഘടക ക്ഷിയുടെ നേതാവായ മന്ത്രിയായിരുന്നു ഫോണ്‍ ചെയ്തത്.  വളരെ ഗൗരവമുള്ള ഒരു വിഷയം എന്ന നിലയിലാണ് സംസാരിച്ചു തുടങ്ങിയത്. എന്നിട്ട് പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ യുവനേതാവിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചു. 'very promising young leader' (വലിയ വാഗ്ദാനമായ യുവ നേതാവ്) എന്നാണ് മന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'ഭാവിയുടെ ആ വാഗ്ദാനം' സ്റ്റേഷനില്‍ ചെന്നപ്പോള്‍ 'മദ്യപിച്ച് ലക്കുകെട്ട കുറെ പൊലീസുകാര്‍' ആ യുവനേതാവിനെ മര്‍ദ്ദിച്ചവശനാക്കിയത്രെ. ധാര്‍മ്മികരോഷം തിളച്ചുമറിയും പോലെ തോന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍. അതുകൊണ്ട് ഉത്തരവാദികളായ പൊലീസുകാരെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്നാണ് മന്ത്രിയുടെ ആവശ്യം. വസ്തുതകള്‍ വളച്ചൊടിച്ചെങ്കിലും അദ്ദേഹത്തിന്റെ അവതരണം ഗംഭീരമായിരുന്നു. മറുപടിയിലും ഗാംഭീര്യം കുറച്ചില്ല.  ''സാര്‍, പരാതി അങ്ങേയറ്റം ഗൗരവമായിട്ടെടുക്കുന്നു. ഉടന്‍ അന്വേഷണം നടത്താം. സാര്‍ പറഞ്ഞതുപോലെയാണ് സംഭവമെങ്കില്‍ ഉത്തരവാദികളെ ഉടന്‍ സസ്പെന്റ് ചെയ്യും.'' യുവനേതാവ് മദ്യലഹരിയിലായിരുന്നതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കൈവശമുണ്ടായിരുന്നെങ്കിലും ഞാനതൊന്നും അപ്പോള്‍ പറഞ്ഞില്ല. ഒരുപക്ഷേ, യഥാര്‍ത്ഥ സംഭവം അദ്ദേഹത്തിനും അറിയാമായിരുന്നിരിക്കണം. ''സാര്‍ പറഞ്ഞതുപോലെയാണ്  സംഭവമെങ്കില്‍'' എന്ന ഭാഗം കേട്ട് കഴിഞ്ഞ് അദ്ദേഹം വലിയ ആവേശം കാണിച്ചില്ല. 'ഭാവി വാഗ്ദാന'ത്തിന്റെ 'വര്‍ത്തമാന'ത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കണം.  മിക്കവാറും ആ യുവ നേതാവിനെ തൃപ്തിപ്പെടുത്താന്‍ മാത്രം  നടത്തിയ ഫോണ്‍വിളിയായിരിക്കണം അതെന്നാണ് പിന്നീട് എനിക്കു തോന്നിയത്. കാരണം, യുവനേതാവിന്റെ മാനം രക്ഷിക്കാന്‍ ഞാനൊന്നും ചെയ്തില്ലെങ്കിലും  അദ്ദേഹം   പിന്നീടെന്നെ വിളിച്ചില്ല.

പൊലീസ് നടപടിയുടെ മറ്റേയറ്റത്ത് ഏതെങ്കിലും നിലയില്‍ സ്വാധീനമുള്ള വ്യക്തിയാണെങ്കില്‍ ശരിതെറ്റുകളൊന്നും വിഷയമല്ല. പൊലീസുകാരനെ പാഠം പഠിപ്പിക്കുക തന്നെ വേണം. ആലപ്പുഴ ടൗണില്‍ത്തന്നെ ഒരു പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ തന്റെ ബന്ധുവിനു നേരെ നടപടി സ്വീകരിക്കാന്‍ മുതിര്‍ന്ന പൊലീസുകാരനെതിരെ ഉടന്‍ വേണ്ടതു ചെയ്യണമെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിക്കയറിയത് ഞാനോര്‍ക്കുന്നു. 

എന്നാല്‍, എത്ര വലിയ അതിക്രമമായാലും പൊലീസ് നടപടിക്കിരയാകുന്നത് ഏതെങ്കിലും നിലയില്‍ സ്വാധീനമില്ലാത്ത വ്യക്തിയാണെങ്കില്‍ ആരും അതില്‍ ഇടപെടാറില്ല. തൃശൂരില്‍ എസ്.പി ആയിരിക്കുമ്പോഴത്തെ സംഭവം സൂചിപ്പിക്കേണ്ടതുണ്ട്. ഒരു സായാഹ്ന പത്രത്തിലെ അപ്രധാനമായ  വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇരിങ്ങാലക്കുടയില്‍ രാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഒരു ചെരിപ്പുകുത്തിയെ പട്രോളിംഗിനു പോയ പൊലീസുകാരന്‍ അകാരണമായി മര്‍ദ്ദിച്ചുവെന്നായിരുന്നു വാര്‍ത്ത. പരാതിയൊന്നും വന്നില്ല. അടികൊണ്ട ആളിന്റെ പേരറിയില്ലായിരുന്നു. കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ പ്രാധാന്യമേ വാര്‍ത്തയ്ക്കു് പത്രം നല്‍കിയിരുന്നുള്ളു. അത് ഗൗരവമായെടുത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഞാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ സംഭവം ശരിയായിരുന്നു. നൈറ്റ് പട്രോളിംഗിനു പോയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അടിച്ചത്. വിരോധകാരണമാകട്ടെ, അയാളുടെ ഷൂസ് റിപ്പയര്‍ ചെയ്തതിന് കൂടുതല്‍ രൂപ വാങ്ങിയത്രേ. രാത്രിയില്‍ റോഡരുകില്‍ കിടന്നുറങ്ങുകയായിരുന്ന ആ പാവത്തിനെ തല്ലാന്‍ മുതിര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ അയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ച കാര്യവും ചെരുപ്പുകുത്തി മൊഴിയില്‍ പറഞ്ഞിരുന്നു. ഒന്നിലും ആ പാവം മനുഷ്യനു  പരാതിയില്ല. 'രണ്ടാംകിട' പൗരനാണ് അയാള്‍. തരംതിരിവില്ലാത്ത പൗരന്മാര്‍ ഭരണഘടനയില്‍ മാത്രം. നാട്ടില്‍ കണ്ടിട്ടില്ല.  അയാളെ ഉപദ്രവിച്ച പൊലീസുകാരനെ ഞാന്‍ സസ്പെന്റ് ചെയ്തു, ആര്‍ക്കും പരാതിയില്ലായിരുന്നുവെങ്കിലും. 

ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നത് സേനാംഗങ്ങളേയും സ്വാധീനിക്കും. എനിക്കു നീതി കിട്ടിയില്ല എന്ന് സ്വന്തം സഹപ്രവര്‍ത്തകനു തോന്നലുണ്ടാകുന്ന അവസ്ഥ അഭിലഷണീയമല്ല. എന്തെല്ലാം നേതൃഗുണങ്ങളുണ്ടായാലും ശരിയാംവണ്ണം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനുവേണ്ടി മേലുദ്യോഗസ്ഥനോടായാലും രാഷ്ട്രീയ അധികാരമുള്ളവരോടായാലും നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനു കഴിയണം. മറിച്ചുള്ള പ്രവൃത്തി വ്യക്തികള്‍ക്കു നീതി നിഷേധിക്കുന്നതിനപ്പുറം സാമൂഹ്യതിന്മകള്‍ക്കെതിരെ പൊരുതാനുള്ള പൊലീസ് സംവിധാനത്തിന്റെ ശക്തി ക്ഷയിപ്പിക്കും എന്നതില്‍ സംശയമില്ല.

സര്‍വ്വീസില്‍നിന്നു വിരമിക്കുന്നതിനു രണ്ടു മാസം മുന്‍പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ കാണാന്‍ അഗ്‌നിരക്ഷാസേനയുടെ ആസ്ഥാനത്ത് വന്നു. അയാള്‍ ഏതാണ്ട് മുപ്പതു  വര്‍ഷം  മുന്‍പ് ആലപ്പുഴയില്‍ ഞാന്‍ എസ്.പി ആയിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്തിട്ടുണ്ട്. സത്യസന്ധതയും ആത്മാര്‍ത്ഥതയുംകൊണ്ട് അന്ന് ആ പൊലീസുകാരനെ  ഞാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോള്‍ അയാള്‍ സസ്പെന്‍ഷനിലായിരുന്നു. എങ്കിലും എന്റെ മനസ്സില്‍ ആ പഴയ പൊലീസുകാരന്‍ തന്നെയായിരുന്നു. സസ്പെന്‍ഷന്‍ സംഭവം അയാള്‍ ദീര്‍ഘമായി വിവരിച്ചത്  ക്ഷമയോടെ കേട്ടു. എസ്.ഐ എന്ന നിലയില്‍ അയാള്‍ അന്വേഷണം നടത്തിയ ഒരു കേസില്‍, സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവഗണിച്ചതാണ് ഇതിലേയ്ക്ക് നയിച്ചത് എന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. അയാളുടെ വാക്കുകള്‍ സത്യസന്ധമാണെന്നുതന്നെയാണ് എനിക്കു തോന്നിയത്. ആ മനുഷ്യന്‍ അങ്ങനെ തെറ്റിനു കൂട്ടുനില്‍ക്കുന്ന ആളായിരുന്നില്ല.  എന്നോട് ഇതൊക്കെ എന്തിനു പറയുന്നു എന്നുമാത്രം  മനസ്സിലായില്ല. അഗ്‌നിരക്ഷാസേനാമേധാവിക്ക് അതില്‍ എന്തു കാര്യം? അതും അയാള്‍ തന്നെ വ്യക്തമാക്കി. ''സാറിന് ഇതിലൊന്നും ചെയ്യാനില്ലെന്ന് എനിക്കറിയാം, വെറുതെ സാറിനെ കണ്ടൊന്നു പറയാം എന്നുമാത്രം വിചാരിച്ചു  വന്നതാണ്.'' അതയാള്‍ ആവര്‍ത്തിച്ചു. എങ്കിലും വെറുതെ എന്നെ കാണാന്‍ മാത്രം എന്തിനു വരണം എന്നത് മനസ്സിലായില്ല. ആ ചോദ്യം ഉത്തരമില്ലാതെ കിടന്നു. അയാള്‍ തെറ്റൊന്നും ചെയ്തതായി എനിക്കു തോന്നിയില്ല. എങ്കിലും ഇത്തരം ഘട്ടങ്ങളില്‍ നിഷ്‌ക്രിയത്വം അപകടകരമാണെന്നും അതിന്റെ പ്രയോജനം സ്ഥാപിത താല്പര്യക്കാര്‍ക്കായിരിക്കുമെന്നും അതുകൊണ്ട് ശക്തമായി പോരാടണമെന്നും പറഞ്ഞു.   നിയമപരമായും  ഭരണപരമായും സാധ്യമായ വഴികള്‍ എന്താണെന്നും  ആ വഴിയില്‍  ആത്മധൈര്യം കൈവിടാതെ മുന്നോട്ടുപോകാനും പറഞ്ഞാണ് അയാളെ വിട്ടത്. അയാള്‍ പോയ ശേഷം ഇക്കാര്യം വ്യക്തിപരമായി ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാലോ  എന്ന് ഒന്ന് രണ്ടു വട്ടം ആലോചിച്ചു. അതിന്റെ ഔചിത്യവും അനൗചിത്യവും ഒക്കെ പരിഗണിച്ചപ്പോള്‍ അത്  വേണ്ടെന്നുവച്ചു. പിന്നീടത് മറന്നു.  ഞാന്‍ റിട്ടയര്‍ ചെയ്യുന്ന അവസരത്തില്‍ അയാള്‍  എന്നെ ഫോണ്‍ വിളിച്ചു. ''സാറിനെ അന്ന് കാണാന്‍ വരുമ്പോള്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സാറിനെ കണ്ട ശേഷം ഞാന്‍ ആ തീരുമാനം മാറ്റി. ഇപ്പോള്‍ ഞാന്‍ ഫൈറ്റ് ചെയ്യുകയാണ്.'' ആദ്യം ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം തോന്നി. അനീതിക്കു മുന്നില്‍ ആത്മഹത്യ പരിഹാരമല്ല; പോരാട്ടമാണ് ശരിയായ വഴി. 

എത്രയോ തവണ ആലപ്പുഴയില്‍ എസ്.പി ഓഫീസില്‍ എന്നെ കണ്ടിട്ടുള്ള സൗമ്യനായ  ഒരു മനുഷ്യന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പക അദ്ദേഹത്തിന്റെ  കുടുംബത്തെ വേട്ടയാടിയിരുന്നു. കുറേ ചെറുത്തുനിന്നുവെങ്കിലും അന്തസ്സോടെയുള്ള ജീവിതം അസാധ്യമെന്നു തോന്നിയ ഘട്ടത്തില്‍ ആത്മഹത്യയില്‍ അഭയം തേടാന്‍ അവര്‍ തീരുമാനിച്ചു. എപ്പോള്‍, എങ്ങനെ എന്നെല്ലാം തീരുമാനിച്ചുറച്ചു കഴിഞ്ഞപ്പോള്‍ അവസാന നിമിഷം  മനസ്സില്‍ ഒരു ചിന്ത എവിടെനിന്നോ കടന്നുവന്നു; ''നാളെ മുതല്‍ നമ്മളീ ലോകത്തില്ല, അതുറപ്പായി; നമുക്ക് ജീവിക്കണ്ട; എങ്കില്‍ പിന്നെ  ഒന്ന് ഫൈറ്റ് ചെയ്തിട്ട് മരിക്കാം.'' ആ നിമിഷം മുതല്‍ അവരുടെ ജീവിതത്തിന്റെ ഗതി മാറുന്നു; അനീതിക്കു  മുന്നില്‍ പോരാട്ടത്തിന്റെ വഴി തുറക്കുന്നു. 
    
അപൂര്‍വ്വം ആത്മഹത്യയും പോരാട്ടമാകാം, രോഹിത് വെമൂലയുടേതുപോലെ.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com