'വലിയൊരു മഴയ്ക്കായി ആകാശം വെള്ളിടി വെട്ടി, കാളിയുടെ അട്ടഹാസം പോലെ'

ചെണ്ട മുറുകുംതോറും ചാമുണ്ഡിയുടെ ക്രോധവും ഉറച്ചിലുകളും ഉച്ചസ്ഥായിയില്‍ എത്തി. ആ മനുഷ്യന്‍ പൂര്‍ണ്ണമായും കുണ്ടോറ ചാമുണ്ഡിക്ക് തന്റെ രൂപവും ഭാവവും പകര്‍ന്നുനല്‍കുന്ന ആ ദൈവത്തിന്റെ വാഹനമായി
'വലിയൊരു മഴയ്ക്കായി ആകാശം വെള്ളിടി വെട്ടി, കാളിയുടെ അട്ടഹാസം പോലെ'

മീനമാസത്തിന്റെ കൊടുംതിളപ്പിലാണ് ഭൂമി. തണുത്ത കാറ്റ് പൊഴിച്ച് കാവിനു സമീപത്തുകൂടി പുഴയൊഴുകുന്നു. ഓളങ്ങളുടെ ശബ്ദങ്ങള്‍ക്കുമേല്‍ ചെണ്ടയുടെ മുഴക്കം. കാവ്, തെയ്യങ്ങളുടെ പുറപ്പാടിനായി നട്ടുച്ച വെയിലില്‍ കത്തിപ്പുകയുന്നു. കെട്ടിക്കോലമില്ലാത്ത ഭഗവതിയുടെ കാവിന്റെ മതിലിനു പുറത്ത് ആ നേരത്ത് നീളംകുറഞ്ഞു കറുത്ത ഒരു മനുഷ്യന്‍ ദാരികവധം കഴിഞ്ഞ കാളിയുടെ രൗദ്രതയിലേക്ക് തന്റെ ശരീരത്തെ ഒരുക്കുകയായിരുന്നു. ദേഹം മുഴുവന്‍ മഞ്ഞള്‍നിറം വാരിപൂശി കാളിക്കുറിയിട്ട് അരയില്‍ ഒലിയുടുപ്പും തലച്ചമയവും ധരിച്ചു കുണ്ടോറ ചാമുണ്ഡിയുടെ ഇളംകോലത്തിന്റെ രൂപത്തില്‍ അദ്ദേഹം കാവിനെ വലംവെച്ചുവന്നു; കാവിന്റെ അകത്തേക്ക് നോക്കി തിരികത്തിച്ചുവെച്ച കൊടിയിലയ്ക്കായി കാത്തുനില്‍ക്കുന്നു. കാലില്‍ ചിലങ്കകള്‍ ചെണ്ടയുടെ താളത്തിനനുസരിച്ചു കിലുങ്ങുന്നു. അകത്തുനിന്നും കൊണ്ടുവന്ന കൊടിയിലയില്‍നിന്നും കത്തുന്ന തിരികള്‍ ഓരോന്നായി എടുത്തു നാല് ദിക്കിലേക്കും തിരിഞ്ഞു കുണ്ടോറ ചാമുണ്ഡി അഗ്‌നി ഭക്ഷിച്ചു.

ചെണ്ട മുറുകുംതോറും ചാമുണ്ഡിയുടെ ക്രോധവും ഉറച്ചിലുകളും ഉച്ചസ്ഥായിയില്‍ എത്തി. ആ മനുഷ്യന്‍ പൂര്‍ണ്ണമായും കുണ്ടോറ ചാമുണ്ഡിക്ക് തന്റെ രൂപവും ഭാവവും പകര്‍ന്നുനല്‍കുന്ന ആ ദൈവത്തിന്റെ വാഹനമായി. ചാമുണ്ഡിക്ക് തന്റെ കരുത്തും അട്ടഹാസവും ദൈവികത്വവും പ്രത്യക്ഷത്തില്‍ വെളിപ്പെടുത്താന്‍ ആ ശരീരം ഉച്ചത്തീയില്‍ വെന്തുകൊണ്ടിരുന്നു. 

കുണ്ടോറ ചാമുണ്ഡി ദാരികവധം കഴിഞ്ഞ കാളി ആണെങ്കിലും ചാമുണ്ഡി രൂപമാണ്. പൊരിവെയിലില്‍നിന്നും ദൂരേക്ക് മാറിനിന്ന് ഞാന്‍ ചാമുണ്ഡിയുടെ അനക്കങ്ങള്‍ ശ്രദ്ധിച്ചു. പ്രധാന കാവില്‍ മറ്റൊരു തെയ്യം പുറപ്പെടാനായി ഒരുങ്ങിക്കഴിഞ്ഞു. ആളുകള്‍ കുറേയേറെ അങ്ങോട്ട് നീങ്ങി. അവിടത്തെ വലിയ തകിലിന്റെ ശബ്ദത്തില്‍ ചാമുണ്ഡിയുടെ ചെണ്ടയുടെ ശബ്ദം കുറഞ്ഞുകുറഞ്ഞു വന്നു. ഐതിഹ്യകഥകളില്‍നിന്നും തെയ്യമായി മാറുമ്പോഴേക്കും ജനങ്ങളുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഒരേ ദൈവസങ്കല്പങ്ങള്‍ തന്നെ പല രീതിയില്‍ വേര്‍തിരിക്കപ്പെടുന്നല്ലോ എന്നോര്‍ത്തപ്പോള്‍ കുണ്ടോറ ചാമുണ്ഡിയെന്ന, മതിലിനു പുറത്തു സ്ഥാനം കിട്ടിയ തെയ്യമായി മാറാനുള്ള കാളിയുടെ പരുവപ്പെടല്‍ കഥയായി എന്റെ ചെവിയില്‍ മുഴങ്ങി. തുളുനാട്ടില്‍നിന്നു മാണ്മലനാട്ടിലേക്ക് തെയ്യമായിട്ടുള്ള കാളിയുടെ വരവ്. 

ദാരികവധം കഴിഞ്ഞ കാളി കാവേരി നദിക്കരയില്‍ കുളി, കുറി, തേവാരം കഴിക്കുകയായിരുന്നു. അവിടെത്തന്നെ കുളിയും നിത്യകര്‍മ്മങ്ങളും ചെയ്യുകയായിരുന്ന രണ്ടു മനുഷ്യരെ കണ്ടുമുട്ടുന്നു. മന്ത്രതന്ത്രങ്ങളില്‍ വിശാരദരായ എട്ടില്ലം തന്ത്രിയും കുണ്ടോറ തന്ത്രിയും. രസംതോന്നി കാളി എട്ടില്ലം തന്ത്രിയുടേയും കുണ്ടോറ തന്ത്രിയുടേയും തന്ത്രത്തിനും മന്ത്രത്തിനും തപ്പും പിഴയും വരുത്തി. ഇത് കാളിയുടെ വിദ്യയാണെന്നു മനസ്സിലാക്കിയ കുണ്ടോറ തന്ത്രി ഒരു ചെമ്പു കിടാരമുണ്ടാക്കി കാളിയെ അതില്‍ ആവാഹിച്ച് അതുമായി യാത്ര തുടര്‍ന്നു. ഒരു വൃക്ഷച്ചുവട്ടില്‍ വിശ്രമിച്ച തന്ത്രിമാര്‍ക്ക് കാളി നിദ്രയെക്കൊടുത്തു. ശേഷം ചെമ്പു കിടാരം പൊട്ടിപ്പിളര്‍ന്നു പുറത്തുവന്നു കുമ്പഴക്കൂലോത്തെ നൂറ്റൊന്നാല കന്നുകാലികളെ ഭക്ഷിച്ചു തീര്‍ത്തു. ഭയപ്പെട്ട നാടുവാഴി ഇത്ര ശക്തിയുള്ള മൂര്‍ത്തിയെങ്കില്‍ കന്നുകാലിപ്പൈതങ്ങളെ പണ്ടേപ്പടി നിലനിര്‍ത്തി തന്നാല്‍ കുണ്ടോറപ്പന്റെ വലഭാഗം ഇരിപ്പാന്‍ പീഠവും പിടിക്കാന്‍ ആയുധവും നല്‍കി കുടിയിരുത്താം എന്ന് പറഞ്ഞതും ഉടന്‍ കന്നുകാലികള്‍ പഴയപോലെ നിലനിന്നു കണ്ടു. 

അങ്ങനെ സ്ഥാനം നേടിയ കാളി പൂവും നീരും കയ്യേറ്റു കുണ്ടോറ ചാമുണ്ഡിയെന്ന പേരും കൊണ്ടു. അതുകൊണ്ടും മതിപോരാ എന്നവസ്ഥ കരുതി കാളി തെക്കോട്ടേക്ക് യാത്ര തുടര്‍ന്നു. കീഴൂര്‍ ശാസ്താവ് ചാമുണ്ഡിയുടെ വഴി തടഞ്ഞു. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ശാസ്താവ് വഴി മാറിയില്ല. കാളിശാസ്താവിന്റെ അനുചരനായ ബ്രാഹ്മണനെ പിടിച്ചു ഭക്ഷിച്ചു. നാട്ടില്‍ മുഴുവന്‍ അനര്‍ത്ഥങ്ങള്‍ വിതച്ചു; എന്നാല്‍, ഇങ്ങനെയല്ലാതെ ഒക്കുന്നൊരടയാളത്തെ കാട്ടിയാല്‍ വഴിമാറാമെന്നു ശാസ്താവ് സമ്മതിച്ചു. കാഞ്ഞിരോട്ട് പെരുമ്പുഴ ആരിമണല്‍ പാറ്റിത്തൂറ്റി പതിനാറ് മുളമുള്ള മണല്‍ക്കമ്പ പിരിച്ച് ശാസ്താവിന്റെ തൃപ്പടിമേല്‍ കൊണ്ടുവെച്ചു കൊടുത്തു ദേവി. വഴിമാറിക്കൊടുക്കാന്‍ സമ്മതിച്ച ശാസ്താവില്‍നിന്നും വട്ടംതികഞ്ഞ പുതുപണവും കൂവിത്തെളിഞ്ഞശേഷം കോഴിയും സമ്മതിച്ചു വാങ്ങി, തുളുനാട്ടില്‍നിന്നും മലനാട്ടിലേക്ക് വന്ന് അള്ളടസ്വരൂപത്തിലും കോലസ്വരൂപത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും തെയ്യമായി ശേഷിപ്പെട്ടു. 

നട്ടുച്ച പുഴയിലേക്ക് പൊടിഞ്ഞുവീണുകൊണ്ടിരുന്നു. ഒന്നിനു പുറകെ ഒന്നായി തെയ്യങ്ങള്‍ അരങ്ങില്‍ തങ്ങളുടെ കഠിനജീവിതം മറച്ചുവെച്ച് കാവിനെ പൊലിപ്പിച്ചു. വണ്ണാനും മലയനും വേലനും തെയ്യങ്ങളുടെ ശരീരമണിഞ്ഞു വിയര്‍ത്തു. തെയ്യങ്ങള്‍ എണ്ണം കൂടിയപ്പോള്‍ കൂടിയാട്ടത്തിനായി മതിലിനു പുറത്തുള്ള തെയ്യങ്ങളെക്കൂടി അകത്തെ കാവിലെ തെയ്യങ്ങള്‍ ക്ഷണിച്ചു. 

എല്ലാവരും ചേര്‍ന്ന് കാവിന്റെ മുറ്റത്ത് കൂടിയാട്ടം നടത്തുന്നു. ആയുധങ്ങള്‍ പരസ്പരം കൈമാറുന്നു. തെയ്യ രൂപത്തിലുള്ള ഒരു കാളി തന്നെയാണ് മതിലിനു പുറത്തെ കാവിലുള്ള മറ്റൊരു കാളി സങ്കല്പത്തെ പ്രധാന മതില്‍ക്കെട്ടിന് അകത്തേക്ക് ക്ഷണിക്കേണ്ടിവരുന്നത്. തെയ്യങ്ങളുടെ വൈവിധ്യം അവയുടെ സ്വഭാവത്തിലുമുള്ളതാണ്. അത് മനുഷ്യനെ ഒന്നിപ്പിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നതുപോലെ മറ്റു തെയ്യങ്ങളോടും പെരുമാറും. ജാതിയുടെ വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്ന തെയ്യങ്ങള്‍ക്കിടയിലും ജാതിയുടെ, ആഭിജാത്യത്തിന്റെ തണല്‍ ഇഷ്ടപ്പെടുന്ന തെയ്യങ്ങളുമുണ്ട്. തെയ്യങ്ങളിലും ഉച്ചനീചത്വങ്ങള്‍ സൃഷ്ടിച്ച് അതിന്റെ യഥാര്‍ത്ഥ സ്വത്വത്തെ അട്ടിമറിക്കാന്‍ പണ്ടുതൊട്ടേ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാലത് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമായതുമില്ല. 

ലക്ഷ്മണൻ കുണ്ടോറ
ലക്ഷ്മണൻ കുണ്ടോറ

കുണ്ടോറ ചാമുണ്ഡി

എന്തിനേയും സ്വീകരിക്കുന്ന തെയ്യങ്ങള്‍ അത്തരം വേലിക്കെട്ടുകള്‍ മനുഷ്യരിട്ടത് സ്വീകരിച്ചുവെങ്കിലും അതേസമയം തന്നെ നേരത്തെ പറഞ്ഞപോലെയുള്ള ഒരു തെയ്യത്തിന്റെ മറ്റൊരു തെയ്യത്തെ അകത്തേക്ക് ക്ഷണിച്ചുള്ള ചില ചെപ്പടിവിദ്യകള്‍കൊണ്ട് അതിനെ എതിര്‍ത്തുനില്‍ക്കുകയും ചെയ്തു. തെയ്യത്തില്‍, പുരോഹിതവര്‍ഗ്ഗങ്ങളുടെ ഇടപെടലുകളേയും തെയ്യം ഈ വിധം പലരീതികളില്‍ പ്രതിരോധിച്ചു. ആ പ്രതിരോധങ്ങള്‍ മലബാറിലെ അവര്‍ണ്ണരുടെ പ്രതിഷേധങ്ങള്‍ കൂടിയായിരുന്നു. തെയ്യങ്ങളിലൂടെ വണ്ണാനും മലയനും വേലനും പുലയനുമെല്ലാം ഇടയ്‌ക്കെങ്കിലും നിവര്‍ന്നുനിന്നു. അവര്‍ണ്ണരുടെ ശബ്ദങ്ങളെ അടക്കിവെയ്ക്കാന്‍ പ്രയത്‌നിച്ച മേലാളരുടെ സകല ശ്രമങ്ങളേയും തെയ്യങ്ങളായി വന്നു കീഴാള സമൂഹം പൊടിച്ചുകളഞ്ഞു. 

പുതിയ പല സമ്പ്രദായങ്ങളും ചേര്‍ത്ത് കാഠിന്യമേറ്റും തോറും തെയ്യത്തിന്റെ വീര്യവും കൂടി വന്നു. അഗ്‌നി വിഴുങ്ങി പുറപ്പെട്ട കുണ്ടോറ ചാമുണ്ഡി തീവെയിലും തിന്ന് അസ്തമയ സൂര്യനേയും കടന്ന് ഏറെ രാത്രിയായി മുടിയഴിച്ചു വീണ്ടും ഒരു മനുഷ്യനായി. തെയ്യം മുടിയഴിച്ചശേഷം, ക്ഷീണിതനായ തീവെയിലില്‍ വെന്ത മനുഷ്യനെ ഓര്‍ത്തു വീട്ടിലേക്ക് നടക്കുമ്പോള്‍ കാവിനു പുറത്ത് മറ്റൊരു കാവ് ഉണ്ടാകുന്നതെന്താണെന്നും വേലന്റെ തെയ്യങ്ങളെങ്ങനെ പുറത്തായെന്നും ഞാന്‍ ആലോചിച്ചു. തെയ്യത്തിലെ വിശദീകരിക്കാനാകാത്ത സംഗതികളില്‍ അതിന്റെ ജാതി സങ്കല്പങ്ങളോടുള്ള ചേര്‍ത്തുപിടിക്കലും തട്ടിയകറ്റലും കൂടി പെടും. സ്വാതിക കര്‍മ്മങ്ങളോടും മറ്റും പൊതുവെ എതിര്‍പ്പുള്ള തെയ്യങ്ങള്‍ തന്നെ തങ്ങളുടെ കൂട്ടത്തിലെ മറ്റൊരു തെയ്യത്തെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തുന്നത് അത്യന്തം അത്ഭുതത്തോടെ കണ്ടുനില്‍ക്കാനേ കഴിയൂ. 

കണ്ണൂരിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വേലന്മാര്‍ കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രാധാന്യമേറിയ തെയ്യമാണ് കുണ്ടോറ ചാമുണ്ഡി. തേപ്പും കുറിയും മുഖത്തെഴുത്തും പിന്നീട് മുഖപ്പാള ധരിച്ചു ചൂട്ടും കയ്യിലേന്തിയുള്ള നൃത്തവും ചെയ്യുന്ന കുണ്ടോറ ചാമുണ്ഡിയേയും കുരുത്തോലയുടെ ഒലിയുടുപ്പും വളരെ ലളിതമായ ചമയങ്ങളും കൂകിക്കൊണ്ട് നടക്കുകയും ചെയ്യുന്ന കുറത്തിയേയും പോലുള്ള തെയ്യങ്ങളെ വേലന്മാര്‍ എന്ന വിഭാഗം കെട്ടിയാടുന്നതായി അറിയാമായിരുന്നുവെങ്കിലും ചെറുപ്പം മുതലേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നുവെങ്കിലും വളരെ അതിശയകരമായി അത് കെട്ടിയാടുന്ന മനുഷ്യരെ ഞാന്‍ അതിനു മുന്‍പോ പിന്‍പോ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അക്കാലങ്ങളിലെല്ലാം ഭംഗിയും സാഹസികതയും നിറഞ്ഞ മറ്റു തെയ്യങ്ങളിലും അതിന്റെ കോലക്കാരിലുമായിരുന്നു എന്റെ ശ്രദ്ധ. വേലന്മാര്‍ ഏറെ തെയ്യങ്ങള്‍ കെട്ടിയാടുന്നവരാണെന്നും തെയ്യാട്ടത്തില്‍ അവര്‍ക്ക് വളരെയേറെ പ്രാധ്യാന്യം ഉണ്ടെന്നും കാര്യമായി തെയ്യത്തെ നിരീക്ഷിച്ചു തുടങ്ങിയതില്‍ പിന്നെയാണ് മനസ്സിലായത്. 

ഐവര്‍ പരദേവത കാവുകളില്‍ കെട്ടിയാടിക്കുന്ന കുണ്ടോര്‍ ചാമുണ്ഡിയും കുറത്തിയും കൂടാതെ സ്ഥിരമായി വേലന്മാര്‍ കെട്ടുന്ന തെയ്യങ്ങള്‍ കാണാന്‍ കിട്ടുക ഞങ്ങളുടെ പ്രദേശങ്ങളില്‍ അപൂര്‍വ്വമായിരുന്നു. ഏറെനാള്‍ കഴിയും മുന്‍പേ ഭഗവതി തെയ്യങ്ങളുടെ അട്ടഹാസംപോലെ ഇടിപൊട്ടിവീണ മഴദിവസം ഒരു ഉച്ചമയക്ക സമയത്ത് കുണ്ടോറ ചാമുണ്ഡിയുടെ രൗദ്രഭാവം ഓര്‍മ്മവന്നപ്പോള്‍ അന്നത് കെട്ടിയാടിയ ഞങ്ങളുടെ നാട്ടിലെ വേലത്തെയ്യങ്ങളിലെ പ്രമുഖനായ കോലധാരി ലക്ഷ്മണന്‍ കുണ്ടോറയെ, അടുത്ത് പരിചയമുണ്ടായിട്ടും തെയ്യങ്ങളെക്കുറിച്ചു സംസാരിച്ചിട്ടില്ലല്ലോ എന്ന ഓര്‍മ്മയില്‍ ഞാന്‍ കാണാന്‍ ചെന്നു. അദ്ദേഹം നാല്‍പ്പത് വര്‍ഷത്തിലേറെയായി താന്‍ തെയ്യം കെട്ടുന്നുവെന്നു പറഞ്ഞപ്പോള്‍ എനിക്കതിശയമായി. തെയ്യങ്ങള്‍ കെട്ടിയാടുന്നതില്‍ അഗ്രഗണ്യനായിട്ടും അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ കാര്യമായി ആദരിക്കപ്പെട്ടില്ലല്ലോ എന്നതില്‍ അത്ഭുതമൊന്നും തോന്നിയില്ല. സിനിമാനടന്മാര്‍ക്കോ മറ്റു കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ കിട്ടുന്ന ആദരവും പ്രശസ്തിയും അതിലും കഠിനമായി സ്വശരീരം സമര്‍പ്പിക്കുന്ന തെയ്യക്കാരന് കിട്ടില്ലായെന്നത് അറിവുള്ളതാണല്ലോ. ഒരു തെയ്യക്കാരനും പൊതുവേദികളില്‍ ആനയിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യുമെന്ന് തോന്നുന്നില്ല. അത്തരം സാധ്യതകള്‍ക്കായി ഇനിയും സമൂഹമേറെ പുരോഗമിക്കേണ്ടതുണ്ട്. 

കുറത്തി- വേലന്റെ തെയ്യം
കുറത്തി- വേലന്റെ തെയ്യം

മറഞ്ഞുനില്‍ക്കുന്ന ജാതി-മത-വര്‍ണ്ണ സങ്കല്പങ്ങളൊന്നും തുടച്ചുനീക്കുക അത്രയെളുപ്പമല്ലല്ലോ. തെയ്യത്തില്‍ നിരന്തരം ഇടപെടുന്ന മനുഷ്യര്‍ക്കുപോലും തങ്ങളുടെ പ്രവൃത്തികള്‍ ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങളാണെന്നു മനസ്സിലാകാത്ത വിധത്തില്‍ തന്നെ തെയ്യത്തിന്റെ ചലനങ്ങളും അല്പം മാറിപ്പോയിട്ടുമുണ്ട്. തെയ്യം തെയ്യത്തെ തന്നെ വിവേചനപരമായി വീക്ഷിക്കുന്നത് പതിവുകളും അതിലുള്ളതാണ്. 

ഉത്തര മലബാറില്‍ ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടുന്നത് വണ്ണാന്‍ സമുദായക്കാരാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തൊട്ടുപുറകിലോ അവര്‍ക്കൊപ്പമോ തന്നെ മലയ സമുദായക്കാരുമുണ്ട്. തെയ്യം കെട്ടി മികവെടുത്താല്‍ വണ്ണാന്‍ പെരുവണ്ണാന്‍ ആകുന്നത് പോലെയും മലയന്‍, പണിക്കര്‍ ആകുന്നതുപോലെയും ആചാരപ്പേരു സ്വീകരിക്കുന്ന പതിവ് വേലന്മാര്‍ക്കിടയിലുമുണ്ട്. വളകിട്ടിയ വേലന്റെ ആചാരം കുണ്ടോറ വേലനെന്നാണ്. കുണ്ടോറ ചാമുണ്ഡിക്ക് ആ പേര് ലഭിച്ച കുണ്ടോര്‍, ഉത്തര കര്‍ണാടകത്തിലെ കുണ്ടൂര്‍ എന്ന സ്ഥലം തന്നെയാണെന്ന് ആ തെയ്യം കെട്ടിയാടുന്ന വേലന്‍ സമുദായക്കാര്‍ വിശ്വസിക്കുന്നു. പ്രാചീന കാലത്ത് തെയ്യം കെട്ടിയാടിയവരില്‍ വേലന് പ്രമുഖമായ സ്ഥാനമുണ്ട്. അവരുടെ തെയ്യങ്ങള്‍ നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. വളരെ ലളിതമായ ചമയങ്ങളും എഴുത്തുരീതിയുമാണ് പൊതുവെ വേലന്മാരുടെ തെയ്യങ്ങളില്‍ ഉള്ളത്. കൂടാതെ അണിയലങ്ങളില്‍ കൂടുതലും കുരുത്തോലകളുടെ ഉപയോഗവും മറ്റും വിരല്‍ചൂണ്ടുന്നത് വേലന്മാര്‍ പ്രാചീനരായ തെയ്യക്കാരാണെന്നു തന്നെയാണ്. വേലന്മാരുടെ തെയ്യങ്ങള്‍ മിക്കതും തേപ്പും കുറിയെന്ന വളരെ ലളിതമായ എഴുത്തുരീതികള്‍ സ്വീകരിച്ചവയാണ്. അതിനാല്‍ തെയ്യം അതിന്റെ ദൃശ്യഭംഗിയിലും മുഖത്തെഴുത്തും മെയ്യെഴുത്തും പോലുള്ള ചിത്രപ്പണികളിലും വലിയൊരു കുതിച്ചുചാട്ടം നടത്തിയത് വണ്ണാനും മലയനും തെയ്യത്തെ സ്വീകരിച്ചശേഷമായിരിക്കുമെന്ന് ഊഹിക്കാം. വേലന്‍പറ്റില്‍ കോലമെന്ന പഴമൊഴി തെയ്യക്കാര്‍ക്കിടയില്‍ തന്നെ പ്രചാരത്തിലുമുണ്ട്. 

വേലന്മാരുടെ തെയ്യങ്ങള്‍

വണ്ണാന്മാരുടെ തെയ്യത്തിനു മലയന്മാര്‍ വാദ്യം എടുക്കുമ്പോള്‍ വേലന്മാരുടെ തെയ്യത്തിനു ചെണ്ട കൊട്ടുന്നത് അവര്‍ തന്നെയാണ്. ചീനിക്കുഴല്‍പോലുള്ള ഉപകരണങ്ങള്‍ അവരുടെ തെയ്യത്തിനു പൊതുവെ ഉപയോഗിക്കാറുമില്ല. ആഭരണങ്ങളും കൂടുതലായി വേലന്മാരുടെ തെയ്യത്തിനില്ല. മുത്തപ്പന്‍ പോലുള്ള തെയ്യങ്ങളുടെ മുഖത്ത് എഴുത്തുരീതികള്‍ വളരെ പ്രാചീനത പേറുന്നവയാണ്. വേലന്മാരിലെ അഞ്ഞൂറ്റാന്‍ സമുദായത്തിനാണ് മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ മുത്തപ്പന്റെ തിരുവപ്പനകെട്ടാനുള്ള അവകാശം. വേലന്മാരുടെ തന്നെ ഉപവിഭാഗങ്ങളായിരുന്നു അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, ചിങ്കത്താന്‍ തുടങ്ങിയവര്‍. എന്നാല്‍ പുത്തന്‍ കാലഘട്ടത്തില്‍ പുതിയ ജാതികളായാണ് അവരെ പരിഗണിച്ചു വന്നിട്ടുള്ളത്. കര്‍ണാടകയില്‍നിന്നും മംഗലാപുരം വഴി മലബാറിലേക്ക് കുടിയേറിയവര്‍ ആണ് വേലന്മാര്‍ എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഇവരെ തുളുവേലന്മാര്‍ എന്നു വിളിക്കുന്നു.

കുണ്ടോര്‍ ഗ്രാമവുമായി ഇവര്‍ക്കുള്ള അടുത്ത ബന്ധവും തെയ്യങ്ങളില്‍ ഉപയോഗിച്ച് വരുന്ന തുളുനാട്ടിലെ ഭൂതകോലത്തിന്റെ സാമ്യമുള്ള വേഷവിതാനങ്ങളും ഇത്തരം തെളിവുകളെ ന്യായീകരിക്കാന്‍ പോകുന്നതാണ്. കുണ്ടോര്‍ ചാമുണ്ഡി ഇവരുടെ പ്രധാന തെയ്യമാണെന്നുകൂടി ഓര്‍ക്കണം. വേലന്മാര്‍ എന്നറിയപ്പെടുന്ന വിഭാഗം തുളുനാട്ടില്‍നിന്നും വന്ന തുളുവേലന്മാര്‍ ആണെന്നും കുണ്ടോറ ചാമുണ്ഡിയുടെ പ്രാമുഖ്യവും ആചാരപ്പേരിന്റെ സാമ്യവും എടുത്തുകാട്ടി പറയുന്നുണ്ടെങ്കിലും അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, ചിങ്കത്താന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇവിടേതന്നെയുള്ളവരാണെന്നാണ് വിശ്വസിച്ചു വരുന്നത്. 

എന്നാല്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുമായി ഉത്തര കേരളത്തിലെ വേലന്മാര്‍ക്ക് അടുത്ത ബന്ധമുണ്ട്. വിവാഹബന്ധങ്ങളിലും അവരേര്‍പ്പെടുന്നുണ്ട്. ഇവരില്‍ അഞ്ഞൂറ്റാന്‍, വണ്ണാന്മാര്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ കെട്ടാറുണ്ട്. ഇവരില്‍നിന്നുമായിരിക്കണം വണ്ണാന്തെയ്യങ്ങള്‍ ലഭിച്ചതെന്നോ അല്ലെങ്കില്‍ വണ്ണാന്‍ എന്ന സമുദായം പഴയ അഞ്ഞൂറ്റാന്‍ വേലന്റെ പിന്‍തലമുറക്കാര്‍ ആയിരുന്നുവെന്നോ കരുതാം. പല പഴയ വണ്ണാന്മാരും വേലന്മാരുടെ ചോറാണ് നമ്മള്‍ ഉണ്ണുന്നതെന്നു പ്രയോഗിച്ചു കാണാറുണ്ട്. 

ഒരു നാല്‍പ്പത് അന്‍പത് വര്‍ഷങ്ങള്‍ മുന്‍പ് വരെ മാടായിക്കാവ് കലശത്തില്‍ വേലന്മാര്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ഉണ്ടായിരുന്നതായി ഡോ. വൈ.വി. കണ്ണന്‍ മാസ്റ്റര്‍ 'തെയ്യങ്ങളും അനുഷ്ഠാനങ്ങളും' എന്ന തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചു കാണുന്നതും ഓര്‍ക്കുന്നു. ഇപ്പോഴത് കെട്ടിയാടുന്നത് വണ്ണാന്മാരാണ്. ജാതിരീതിയില്‍ വേലന്മാര്‍ ഏഴില്ലം ആയിരുന്നുവെന്നും ഒരില്ലം ഭ്രഷ്ട് കല്പിക്കപ്പെട്ട് ആറില്ലമായതാണെന്നും ലക്ഷ്മണന്‍ കുണ്ടോറ പറയുകയുണ്ടായി. പേരുകളും അദ്ദേഹം വിവരിച്ചു. കാങ്കോത്ത്, പൂങ്കോത്ത്, പാലയില്‍, മണത്തണ, ചട്ടടി, മുണ്ടേരി, പെരുതണ എന്നിവയായിരുന്നു അവ. പഴയ സംഘകൃതികളിലെ അകം കവിതകളില്‍ വേലന്മാരെക്കുറിച്ചും പരാമര്‍ശമുണ്ട്. അവര്‍ ദ്രാവിഡ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമായിരുന്നുവെന്നും ജാതിയുടെ ഉച്ചനീചത്വങ്ങള്‍ പ്രതിഫലിക്കാതിരുന്ന സമൂഹത്തില്‍ പുരോഹിതരായിട്ടാണ് വേലന്മാരെ കണക്കാക്കിയിരുന്നതെന്ന് സംഘംകൃതികളില്‍ സൂചനയുണ്ട്. 

ആനാടിൽ ഭ​ഗവതി- ചിങ്കത്താൻമാരുടെ തെയ്യം
ആനാടിൽ ഭ​ഗവതി- ചിങ്കത്താൻമാരുടെ തെയ്യം

ആര്യ അധിനിവേശത്തിനു ശേഷമായിരിക്കാം മറ്റു ദ്രാവിഡ സമൂഹങ്ങള്‍പോലെ വേലന്മാരും ജാതിയില്‍ താഴ്ന്നവരായി കണക്കാക്കപ്പെട്ടത്. മലമുകളില്‍ താമസിക്കുന്ന മുരുകന്‍ ആയിരുന്നു ഇവരുടെ ദേവന്‍. മുരുകന്റെ മറ്റൊരു പേരായ വേലായുധനില്‍നിന്നുമായിരിക്കും വേലനെന്ന പേരിവര്‍ക്ക് വന്നുചേര്‍ന്നത്. മുരുകന്‍ എന്ന പേരില്‍ ആഫ്രിക്കയില്‍ ഒരു ദേവനെ ആരാധിച്ചിരുന്നതായും ഇവര്‍ അവരുടെ പിന്‍തലമുറക്കാരാണെന്നും 'നായരുടെ ആദിമാതാവ് പുലയി' എന്ന ഗ്രന്ഥത്തില്‍ കുട്ടിക്കാട്ട് പുരുഷോത്തമന്‍ ചോന്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുരോഹിത വര്‍ഗ്ഗമായിരുന്ന ഇവര്‍ വെറിയാട്ട് നടത്തി ബാധ ഒഴിപ്പിച്ചു സൗഖ്യത്തെ കൊടുക്കുന്നവരാണെന്ന് സംഘസാഹിത്യത്തില്‍ പരാമര്‍ശമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 

തെയ്യത്തിന്റെ ആദിമ രൂപമായാണ് ഇതിനെ ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുള്ളത്. സംഘകാലത്തെ വേലന്റെ പിന്തുടര്‍ച്ചക്കാരായാണ് വണ്ണാന്മാരെ വിശേഷിപ്പിച്ചിട്ടുള്ളത്. തെയ്യവുമായി അടുത്ത ബന്ധമുള്ള കോലത്തിരിയുടെ പ്രധാന ആരാധനാമൂര്‍ത്തിയായ കോലസ്വരൂപത്തിങ്കല്‍ തായ്, കളരിയാല്‍ ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ ഒരുകാലത്ത് കെട്ടിയാടിയത് വേലന്മാരായിരുന്നു എന്ന് തെളിവുകള്‍ ഉണ്ടെന്നും മൂത്താനശ്ശേരി, ഇളാനിശ്ശേരി തുടങ്ങിയ ആചാരപ്പേരുകളുള്ള വണ്ണാന്മാരാണ് കളരി വാതുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ മുടിവെക്കാന്‍ അവകാശമിപ്പോഴുള്ളതെന്നും എന്നാല്‍ ഈ ആചാരപ്പേരുകള്‍ മുന്‍പ് വേലന്മാരുടേതായിരുന്നു വൈ.വി. കണ്ണന്‍ മാസ്റ്റര്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാടായിക്കാവിലെ പ്രധാന ദേവതയായ തിരുവര്‍ക്കാട്ട് ഭഗവതിയുടെ കോലക്കാര്‍ വേലന്മാര്‍ ആയിരുന്നു എന്നും ചിങ്കം ആചാരപ്പേരുള്ള വേലനായിരുന്നു കുഞ്ഞിമംഗലം മോലോത്തെ വീരചാമുണ്ഡിയമ്മയുടെ കോലംകെട്ടിയിരുന്നതെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. ചിങ്കം എന്ന ആചാരപ്പേര് പിന്നീട് ചിങ്കത്താന്‍ എന്ന പുതിയ ജാതി വിഭാഗമായി പരിണമിക്കപ്പെട്ടു. 

തെയ്യങ്ങളും വീരാരാധനയും

ഇപ്പോള്‍ ഉത്തര കേരളത്തില്‍ വേലന്‍ എന്നറിയപ്പെടുന്ന തുളുവേലന്മാര്‍ മുന്‍കാലങ്ങളില്‍ കാടുകളില്‍ പോയി മുളകള്‍ ശേഖരിച്ചു കുട്ടമെടഞ്ഞും മറ്റും ഉപജീവനം നടത്തിയിരുന്നവരാണ്. പ്രാചീനത പേറുന്നതും ആദിമ ജീവിതത്തിന്റെ ആരാധനരീതികളെ പിന്തുടര്‍ന്ന് പോരുന്നതും പോലെ തെയ്യങ്ങളിലും കുറത്തി, അയ്യപ്പന്‍ തുടങ്ങി മലദൈവ ആരാധനയും വേലന്മാരില്‍ കാര്യമായുണ്ട്. തെയ്യാട്ടത്തിന് ചെണ്ട കൊട്ടുവാനും പാടുവാനും വേലത്തികള്‍ കൂടി പങ്കുകൊള്ളാറുണ്ട്. പ്രധാനമായും തെയ്യം കെട്ടുന്ന അഞ്ഞൂറ്റാന്‍ വിഭാഗങ്ങള്‍ ഉള്ളത് നീലേശ്വരം ഭാഗത്താണ്. വേലന്‍ അഞ്ഞൂറ്റാന്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മറ്റൊരു ഉപവിഭാഗമായ ചിങ്കത്താന്മാര്‍ കോലത്തിരിയുടെ പഴയ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും അങ്ങനെയാണ് ചുങ്കത്താന്മാര്‍ എന്നും പിന്നീട് ചിങ്കത്താന്മാര്‍ എന്നായതെന്നും പറയുന്നു. പിന്നീട് കോലത്തിരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ തെയ്യം കൂടി തെയ്യം കെട്ടാന്‍ തുടങ്ങിയതെന്നും ഇവര്‍ പറയുന്നുണ്ട്.

കുറത്തി- വേലന്മാരുടെ തെയ്യം
കുറത്തി- വേലന്മാരുടെ തെയ്യം

തിണകളില്‍ താമസിച്ചിരുന്ന മാവിലരുമായി വേലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. വേലര്‍ മലകളില്‍ ജീവിച്ചിരുന്ന ആളുകള്‍ ആയിരുന്നുവെന്നും വേലന്‍ വെറിയാട്ടമാണ് തെയ്യത്തിന്റെ ആദിമ രൂപമെന്നും നിരീക്ഷണം ഉണ്ടായിരുന്നതായി പറഞ്ഞല്ലോ. അതിനെ സാധൂകരിക്കുന്ന ചിലത്തെയ്യത്തില്‍ ശക്തമായി ഉണ്ട്. തെയ്യാരാധന ആദ്യകാലങ്ങളില്‍ പ്രകൃതി, അമ്മ ആരാധനകളുമായാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത്. പിന്നീടത് പതിയെ ഗുരു ആരാധനയിലേക്കും വീരാരാധനയിലേക്കും കൂടി തിരിയുകയാണുണ്ടായത്. 

വേലരുടെ തെയ്യങ്ങളില്‍ വീരാരാധന പതിവില്ല എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. ചിങ്കത്താന്മാരുടെ തെയ്യങ്ങളിലും അഞ്ഞൂറ്റാന്മാരുടെ തെയ്യങ്ങളില്‍ അല്പമെങ്കിലും വീരാരാധനയുണ്ട്. മലയരുടെ തെയ്യങ്ങളില്‍ വീരാരാധന പതിവില്ല. വണ്ണാന്മാരുടെ തെയ്യങ്ങളില്‍; അതായത് വേലര്‍ക്ക് ശേഷം തെയ്യം കെട്ടിലേക്ക് ശക്തമായി എത്തിയെന്നു വിശ്വസിക്കുന്നവര്‍ക്ക് വീരാരാധനയിലാണ് ശക്തമായ വേരോട്ടമുള്ളത്. തെയ്യത്തില്‍ കാര്യമായി നിലനില്‍ക്കുന്ന പുലയര്‍ക്ക് അതിശയകരമായ ജീവിതം നയിച്ചു രക്തസാക്ഷികളായ മുത്തരെല്ലാം വീരന്മാരായിരുന്നു.

വേലന്മാരുടെ ഉപവിഭാഗമായ അഞ്ഞൂറ്റാന്മാര്‍ വണ്ണാന്മാര്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ഇപ്പോഴും ചിലയിടങ്ങളില്‍ കെട്ടിയാടുന്നുണ്ട്. അതില്‍ തുളുവീരനെപ്പോലുള്ള വീരാരാധന സമ്പ്രദായത്തിലുള്ള തെയ്യങ്ങളും മുച്ചിലോട്ട് ഭഗവതി പോലുള്ള തെയ്യങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നു കാണുമ്പോള്‍ അഞ്ഞൂറ്റാന്മാര്‍ വണ്ണാന്മാരുടെ മുന്‍തലമുറയായിരുന്നോ എന്നും പിന്നീട് എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് വേലന്മാരുമായി ചേര്‍ന്നതാണോ എന്നും സംശയിക്കേണ്ടിയും വരുന്നുണ്ട്. പല ജാതികളും പിന്നീട് പല ഉപവിഭാഗങ്ങളായി പിരിഞ്ഞതും പിന്നീടത് പുതിയ ജാതിയായി മാറിയതുംകൊണ്ട് അഞ്ഞൂറ്റാന്മാരും പിന്നീട് വണ്ണാന്മാരും വേലന്മാരുടെ പുതിയ വിഭാഗം ആയിരിക്കാമെന്ന വാദം ഉന്നയിക്കപ്പെടുന്നുണ്ട്. അല്ലെങ്കില്‍ തീയരുടെ ഉപവിഭാഗമെന്ന രീതിയില്‍നിന്നും പിന്നീട് മാറി വണ്ണാന്മാര്‍ തെയ്യം കെട്ടിലേക്ക് തിരിഞ്ഞതുമാകാം. വണ്ണാന്മാരുടെ ചരിത്രവും ചില പഴമൊഴികളും ഇതിനെയാണ് കൂടുതല്‍ സാധൂകരിക്കുന്നത്. വീരാരാധന തെയ്യത്തില്‍ കൂടുതലായി വന്നുതുടങ്ങിയപ്പോഴേക്കും തെയ്യത്തിലെ പ്രബലരായ ആള്‍ക്കാരായി വണ്ണാന്‍ സമുദായക്കാര്‍ പിന്നീട് മാറിയിരിക്കും. 

അത്തരം തെയ്യങ്ങള്‍ക്ക് തോറ്റങ്ങളും നൃത്തരീതികളും ചമയ്ക്കാന്‍ വണ്ണാന്മാര്‍ക്കായി എന്നെടുത്തു പറയേണ്ടിയും വരും. വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും പാട്ടുകള്‍ ചമയ്ക്കുന്നതിലും തുന്നല്‍, മറ്റു കരകൗശല വിദ്യകളിലും വണ്ണാന്മാര്‍ കേമന്മാര്‍ ആയിരുന്നുവെന്നു ചരിത്രം പറയുന്നു. അഞ്ഞൂറ്റാന്മാരുടെ തെയ്യങ്ങള്‍ വണ്ണാന്മാരുടെ തെയ്യങ്ങള്‍ പോലെ പരിഷ്‌കരിക്കപ്പെട്ട മുഖത്തെഴുത്തും ആടയാഭരണങ്ങളും ഉള്ള തെയ്യങ്ങളാണ്. വണ്ണാന്മാര്‍ അവരുടെ ധര്‍മ്മദൈവമായി കാണുന്നത് മുത്തപ്പനെയാണ്. എന്നാല്‍, മുത്തപ്പനും മുന്‍പേ അതേ രൂപത്തില്‍ വേലര്‍ ആരാധിച്ചതാവാം അയ്യപ്പന്‍ എന്ന തെയ്യത്തെ എന്ന് കരുതുന്നതില്‍ പ്രായോഗികപരമായി തെറ്റില്ല. കാരണം അയ്യന്‍ ആരാധന, അതായത് മലദൈവ ആരാധന മുത്തപ്പന്‍ ആരാധനയുടെ മറ്റൊരു പതിപ്പാണ്. മുത്തപ്പന്റെ തോറ്റംപാട്ടിനെ അയ്യന്‍തോറ്റമെന്നാണ് ഇന്നും വിശേഷിപ്പിക്കുന്നത്. 

പരാളിയമ്മ- ചിങ്കത്താൻമാരുടെ തെയ്യം
പരാളിയമ്മ- ചിങ്കത്താൻമാരുടെ തെയ്യം

വേലന്‍ എന്ന പേര് ഉണ്ടാകുന്നത് സുബ്രഹ്മണ്യന്റെ വേലായുധന്‍ എന്ന പേരില്‍നിന്നാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും പ്രാചീന സുബ്രഹ്മണ്യ ആരാധനയിലെ സുബ്രഹ്മണ്യന്‍ ആര്യ ആരാധനയിലെ സുബ്രഹ്മണ്യനില്‍നിന്നും വ്യത്യസ്തനായ ഒരാളാണെന്നു വിശ്വസിക്കപ്പെടുന്നുണ്ട്. തെയ്യങ്ങളുടെ പ്രാചീന രൂപം വേലന്‍ വെറിയാട്ടം എന്ന പ്രാചീന നൃത്തരൂപത്തില്‍നിന്നാണെന്നും സംഘകാലത്തെ ആളുകള്‍ വിശേഷ അവസരങ്ങളില്‍ ഉടുത്തിരുന്ന ഓലകൊണ്ടുള്ള 'തഴൈ' ഒടതെയ്യ ചമയത്തിലെ കുരുത്തോല ചീന്തിയെടുത്ത് ഉണ്ടാക്കുന്ന ഒലിയാണെന്നും ഡോ. കെ.കെ.എന്‍. കുറുപ്പ് നിരീക്ഷിക്കുന്നതും ശ്രദ്ധേയമാണ്. വേലന്മാരുടെ തെയ്യത്തില്‍ ഇപ്പോഴും ഇത്തരം ഒലികളാണ് കൂടുതലുള്ളത്. ചെറുജന്മാവകാശം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും മരുമക്കത്തായ സമ്പ്രദായത്തിലാണ് രീതികള്‍ എങ്കിലും അതൊന്നും കൃത്യമായി പാലിക്കപ്പെട്ടു പോകുന്നില്ല. അതിനു പ്രധാന കാരണം ഇവരിലെ ജനസംഖ്യ അനുപാതത്തിന്റെ കുറവും കൂടാതെ കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് വരെ തെയ്യത്തിലേക്ക് കൂടുതല്‍ പേര് താല്പര്യത്തോടെ വന്നിരുന്നില്ലായെന്നതും കൊണ്ടായിരുന്നു. 

കര്‍ക്കിടകത്തില്‍ വണ്ണാന്മാര്‍ അനുഷ്ഠിക്കുന്ന വേടന്‍പാട്ട് പോലെ വേലര്‍ക്ക് കര്‍ക്കിടോത്തി തെയ്യമുണ്ട്. എന്നാല്‍ പാരമ്പര്യമായി ഇത് നടത്താന്‍ ആളില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ ഇതും വണ്ണാന്മാര്‍ തന്നെ ഈയടുത്ത കാലത്തായി അനുഷ്ഠിച്ചുവരുന്നതായി കാണാം. പയ്യന്നൂര്‍ മുതല്‍ തെക്കോട്ട് വരുംതോറും വേലനെന്ന് അറിയപ്പെടുന്ന വിഭാഗങ്ങള്‍ക്ക് തെയ്യം തീരെയില്ല. കണ്ണൂരിനു തെക്കോട്ട് വരുമ്പോള്‍ വേലന്മാര്‍ അഞ്ഞൂറ്റാന്മാരും മുന്നൂറ്റാന്മാരുമായ പുതിയ ജാതികളായി മാറിയുമിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ തളിപ്പറമ്പ് വരെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ചുരുക്കത്തില്‍ വേലന്‍ വിഭാഗം കാര്യമായി തെയ്യത്തിലുള്ളത്. പുതുതലമുറ താല്പര്യപ്പെട്ടുവരുന്നില്ലയെങ്കില്‍ തങ്ങള്‍ക്കാവുന്നത്ര കാലം ഇത് തുടര്‍ന്നുകൊണ്ട് പോകുകയല്ലാതെ മറ്റു വഴികളൊന്നുമില്ലായെന്ന് ലക്ഷ്മണന്‍ കുണ്ടോറയെപ്പോലുള്ളവര്‍ ചിന്തിക്കുന്നു.

പാരമ്പര്യം അല്ലാതെ പുതിയ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന സാമ്പത്തികഭദ്രത തെയ്യത്തില്‍ ലഭ്യവുമല്ല. വരുമാനം തുച്ഛമെങ്കിലും തെയ്യങ്ങള്‍ ഏറെ ഉള്ളതിനാല്‍ തല്‍ക്കാലം വണ്ണാന്‍ മലയ സമുദായങ്ങളില്‍ പാരമ്പര്യമായി തെയ്യമേറ്റെടുക്കാന്‍ പുതുതലമുറയുണ്ട്. വേലര്‍ ഇപ്പോള്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ അതേ പാരമ്പര്യത്തില്‍ത്തന്നെ സംരക്ഷിക്കപ്പെടണമെന്നോ അവര്‍ തന്നെ ഈ തെയ്യങ്ങള്‍ കെട്ടിയാടണമെന്നോ കാവുകളുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ക്കു നിര്‍ബ്ബന്ധവുമില്ല. തെയ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ട് തെയ്യം കെട്ടില്‍നിന്നും ഭാവിയില്‍ തങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായേക്കുമോയെന്നും വേലര്‍ക്ക് ആശങ്കയുണ്ട്. ഒരു തൊഴിലിനപ്പുറം ഈ കര്‍മ്മം ഏറ്റെടുക്കാന്‍ പുതുതലമുറയെ മുന്‍പോട്ട് കൊണ്ടുവരുന്നതിനായി തങ്ങള്‍ കഠിനമായ ശ്രമങ്ങളിലാണുള്ളതെന്ന് ലക്ഷ്മണന്‍ കുണ്ടോറ പ്രതീക്ഷയുടെ തെളിച്ചം ചിരികളില്‍ നിറച്ചുകൊണ്ട് പറഞ്ഞു. കുണ്ടോറ ചാമുണ്ഡി തിന്നുന്ന തീ, തങ്ങളിലെ തെയ്യക്കാര്‍ തിന്നുന്ന ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞുനിര്‍ത്തി. കാളിയുടെ അട്ടഹാസം പോലെ വലിയൊരു മഴയ്ക്കായി ആകാശം വെള്ളിടി വെട്ടിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com