പുഴയനുഭവം; ബിനു എം പള്ളിപ്പാട് ഓര്‍ത്തെടുത്ത നാട്ടുചിത്രങ്ങള്‍

ഓര്‍മ്മയിലെ വള്ളങ്ങളുടെ ഒരറ്റം കെ. രാഘവന്‍ മാസ്റ്ററിലേക്കും മറ്റേയറ്റം ക്ലാസ്സിക്കല്‍ സ്വഭാവമുള്ള നാടന്‍ ഈണങ്ങളിലേക്കും പാര്‍ന്നു കിടക്കുന്നു
പുഴയനുഭവം; ബിനു എം പള്ളിപ്പാട് ഓര്‍ത്തെടുത്ത നാട്ടുചിത്രങ്ങള്‍

അടുത്തിടെ വിടപറഞ്ഞ കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം. പള്ളിപ്പാട് സമകാലിക മലയാളം വാരികയുടെ 2019 ഓണപ്പതിപ്പില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ്

ദേശിംഗനാടിന്റെ കിഴക്കന്‍ മലനിരകളില്‍നിന്നു പനച്ച് പുനലൂര്‍ പത്തനാപുരം പുന്നലവഴി കോന്നിയും പത്തനംതിട്ടയും പന്തളവും പിന്നിട്ട് മാങ്കാംകുഴി, വെട്ടിയാര്‍വഴി വീയപുരത്തുവച്ച് പമ്പാനദിയുമായി ചേരുന്ന അച്ചന്‍കോവിലാറിന്റെ തീരത്തായിരുന്നു പള്ളിപ്പാട് എന്ന ഞങ്ങളുടെ നാട്. മലയിറങ്ങിവരുന്ന ജൈവവഴിയുടെ ഒരറ്റമെന്നു വേണമെങ്കില്‍ പറയാം. പുഴയോരത്തിന്റെ ഓര്‍മകള്‍ തുടങ്ങുന്നത് വള്ളങ്ങളില്‍ നിന്നുകൂടിയാണ്. 

വള്ളങ്ങള്‍/പഹാഡികള്‍

ഓര്‍മ്മയിലെ വള്ളങ്ങളുടെ ഒരറ്റം കെ. രാഘവന്‍ മാസ്റ്ററിലേക്കും മറ്റേയറ്റം ക്ലാസ്സിക്കല്‍ സ്വഭാവമുള്ള നാടന്‍ ഈണങ്ങളിലേക്കും പാര്‍ന്നു കിടക്കുന്നു. ഒളിക്കാന്‍ ആവതില്ലാത്ത ദുഃഖത്തിന്റെ രൂപങ്ങളായിട്ട് ചിലപ്പോള്‍ വള്ളങ്ങളെ തോന്നാറുണ്ട്. സംഗീതം പഠിക്കുന്നതിനു മുന്‍പുതന്നെ രാഘവന്‍ മാസ്റ്ററിന്റെ ഈണങ്ങളും അതിലൂടെ കയറിപ്പോയ ചില വരികളും വെള്ളവും വള്ളവും കാണുമ്പോഴും ചില പ്രത്യേക തരം കാറ്റുവീശുമ്പോഴും മനസ്സിലിങ്ങനെ ഒരു ബന്ധുവിനെപ്പോലെ ഉയര്‍ന്നുവരും. പില്‍ക്കാലത്ത് ഓടക്കുഴല്‍ പഠിച്ച സമയത്ത് പഹാഡി രാഗശ്രേണിയിലുള്ള സിനിമാപ്പാട്ടുകളുടെ ഈണങ്ങള്‍ വിരലുകളിലൂടെ തുറന്നുവന്നു. അതിനും എത്രയോ മുന്‍പ് അമ്മൂമ്മ പറഞ്ഞുതന്ന കഥകളിലും പാട്ടുകളിലും ചെങ്ങന്നൂരാതിയടക്കമുള്ള വലിയ കഥാഗീതങ്ങളിലും മരണവീടുകളിലെ പങ്കം പറഞ്ഞുള്ള കണ്ണോക്ക് പാട്ടുകള്‍ക്കടക്കം പഹാഡി രാഗത്തിന്റെ ചുവയുണ്ടായിരുന്നു. അക്കാലത്ത് പരുമല പമ്പാകോളേജില്‍ പ്രീഡിഗ്രി പഠനകാലത്ത് തിരുവല്ലയിലുള്ള എന്റെയൊരു കൂട്ടുകാരന്‍ കോളേജ് ഡേയ്ക്ക് ഒരു കാസറ്റ് കൊണ്ടുവരികയും അത് മൈക്കുകാരനോട് പറഞ്ഞ് കോളേജില്‍ ഉറക്കെ പാടിക്കുകയും ചെയ്തു. പിന്നീട്, അതിന്റെ ഒരു കോപ്പി എടുത്ത് പള്ളിപ്പാട്ട് ഞങ്ങളുടെ ക്ലബ്ബിന്റെ പരിപാടിക്ക് നാട്ടുകാരെ മൈക്കിലൂടെ കേള്‍പ്പിച്ചപ്പോള്‍ കുറേ ആളുകള്‍ വന്ന് റെക്കോര്‍ഡറില്‍നിന്നും ആ കാസറ്റെടുത്ത് എന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. എന്തായാലും ചില ബാധ കൂടുംപോലെ ആ കാസറ്റിലെ ഈണങ്ങളും ദുഃഖം കലര്‍ന്ന വരികളും ഞരമ്പുകളിലേയ്ക്ക് ഒരു കുതിരയെപ്പോലെ കയറിപ്പോയി. പിന്നീടാണ് ആ കാസറ്റിലെ വരികള്‍ പൊയ്കയില്‍ അപ്പച്ചന്റേതാണെന്ന് അറിയുന്നത്. ആ സമയത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ഭാഗമായി ഉണ്ടായിരുന്ന പുസ്തകങ്ങളോടൊപ്പം അബ്ബയും ബോണിയെമ്മും അടക്കം ഒ.എന്‍.വിയുടേയും കടമ്മനിട്ടയുടേയുമൊക്കെ ഈണത്തില്‍ അവതരിപ്പിച്ച കവിതകളും രവിശങ്കര്‍, ഹരിപ്രസാദ് ചൗരസ്യ, ബിസ്മില്ലാഖാന്‍, സക്കീര്‍ ഹുസൈന്‍, ശിവകുമാര്‍ ശര്‍മ്മയടക്കമുള്ളവരുടെ രാഗവിസ്താരങ്ങളുടെ മുഴുനീളന്‍ ടേപ്പുകളും ഓഷോ കമ്പോസ് ചെയ്ത പാട്ടുകളുമൊക്കെ  കേള്‍ക്കാനിടയായിട്ടുണ്ട്.
എങ്കിലും അവയില്‍നിന്നൊക്കെ വ്യത്യസ്തമായതും നിസ്സാരമായി കേള്‍ക്കാന്‍ സാധിക്കുന്നതുമായ ഈണങ്ങളാണ് പഹാഡികള്‍. അതിന്റെ ദൃശ്യങ്ങള്‍ കാഴ്ചയുടെ അതിരിനെ ഒരുപാട് അകലങ്ങളില്‍ കൊണ്ടുനിര്‍ത്തുന്നു. താഴ്വാരങ്ങള്‍, തീരങ്ങള്‍, കണ്ണെത്താതെ കിടക്കുന്ന പാടങ്ങള്‍, സ്റ്റെപ്പി അപാരതകള്‍.... അതിനെയൊക്കെ ശബദംകൊണ്ട് ദൃശ്യപ്പെടുത്തും വിധം നാട്ടിടവഴികളിലൂടെ കുലുങ്ങിക്കുലുങ്ങി ചെറുതായി അശഞ്ഞുള്ള യാത്രകളും പഹാഡികളായി നമ്മെ പിടികൂടും. അതേയാത്ര ഒരു വള്ളത്തിലാണെങ്കില്‍ കൃത്രിമമായി പിന്നെ സംഗീതം ഉണ്ടാക്കേണ്ടിവരില്ല, നമ്മളെപ്പോഴൊക്കെയോ കേട്ടുപോയ ആ യാത്രയോട് ചേരുന്ന ഈണങ്ങള്‍ അടുക്കടുക്കായി അങ്ങനെ നമ്മുടെ മനസ്സിന്റെ വിഹായസുകളിലേയ്ക്ക് വന്നുചേരും. 
ഒരു വള്ളം ചലിപ്പിക്കാനുദ്ദേശിക്കുന്നതിന്റെ പകുതി ഊര്‍ജ്ജം നമ്മള്‍ അതിന്മേല്‍ ചെലുത്തി അടുത്ത പകുതി നമുക്ക് വള്ളത്തില്‍നിന്നുതന്നെ കിട്ടും എന്നുള്ളതും അദ്ധ്വാനത്തെ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. എങ്കിലും ഒരു വള്ളക്കാരനെ സംബന്ധിച്ച് അതില്‍ യാത്ര ചെയ്യുമ്പോള്‍ എന്തോ ഒരുതരം അനിശ്ചിതത്വം, ഒരു സന്ദിഗ്ദ്ധത ചൂഴ്ന്നുനില്‍ക്കുകയും ചെയ്യും. അതിനെ അതിജീവിക്കലാണ്, അതിനുള്ള ശ്രദ്ധയും ശ്രമവുമാണ് ഒരു അപ്പര്‍ കുട്ടനാടുകാരന്‍ എന്ന നിലയില്‍ നമ്മളാദ്യം പഠിക്കുന്നത്. വള്ളങ്ങള്‍ക്ക് പലപ്പോഴും ഒരുതരം ഡിപ്പാര്‍ച്ചര്‍ സ്വഭാവം ഉള്ളതുപോലെ തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ മനുഷ്യരോളം പഴക്കമുള്ള ഒരു ആത്മീയശരീരമായിട്ടും നമുക്കു തോന്നാം. അതിന്റെ പരിസമാപ്തി ഒരു അതിജീവനമല്ല. ഒരുപക്ഷേ, മരം കൊണ്ടുണ്ടാക്കിയതുകൊണ്ടാവാം മരണവുമായി എന്തോ അടുത്ത ബന്ധമുള്ള ഒരു വാഹകനായിരിക്കാനാണ് അതിന്റെ വിധിയെന്നു തോന്നും ചില സമയങ്ങളിലെ വള്ളയാത്രകള്‍. മനുഷ്യനോളമോ മനുഷ്യര്‍ക്കൊപ്പമോ തകര്‍ന്നു മണ്ണടിയുന്ന ബിംബം മാത്രമാണല്ലോ വള്ളങ്ങള്‍.
ഇണചേരുന്നതൊഴികെയുള്ള മറ്റെല്ലാ മുഹൂര്‍ത്തങ്ങളും വള്ളത്തില്‍ വെച്ച് നിര്‍വ്വഹിച്ചിട്ടുള്ളയാളാണ് ഞാന്‍. അതില്‍ ആകര്‍ഷണീയത തോന്നിയിട്ടുള്ളത് കളിവള്ളങ്ങളേക്കാളും യാനങ്ങളേക്കാളും ഇഷ്ടികയും മറ്റു ചരക്കുസാധനങ്ങളും കയറ്റിയിറക്കാന്‍ ഉപയോഗിച്ചിരുന്ന കേവു വള്ളങ്ങളോ കെട്ടുവള്ളങ്ങളോ ആണ്. വളവര വള്ളങ്ങളെന്നും അവയെ പറയാറുണ്ട്. അതിലെ ജോലിക്കാരുടെ വെപ്പും കുടിയുമെല്ലാം അതില്‍ത്തന്നെയാണ്. വളച്ചുകെട്ടിയ ആ ചെറുകുടിലില്‍ അരിയും പലവ്യഞ്ജനങ്ങളുമടക്കം അരകല്ല് വരെയുണ്ടാവും. ഇഷ്ടിക കയറ്റാനും മറ്റുമായി ചമ്പക്കുളത്തും പുളിങ്കുന്നില്‍നിന്നുമൊക്കെ വരുന്ന അതിലെ ജോലിക്കാരെ ഞങ്ങള്‍ അമ്മാവന്മാരെന്നാണ് വിളിക്കുന്നത്. പരിചയപ്പെട്ടും മദ്യം വാങ്ങിക്കൊടുത്തും ഒന്നിച്ച് കുടിച്ചും പാട്ടുപാടിയും രാത്രി മുഴുവന്‍ ചെലവഴിച്ചു കിടന്നുറങ്ങി അടുത്ത പ്രഭാതത്തില്‍ കുട്ടനാട്ടിലെ ഏതെങ്കിലും റോഡിറമ്പുകളില്‍ വള്ളം അടുപ്പിച്ച് വണ്ടികേറി വീട്ടിലേയ്ക്ക് വന്നിട്ടുണ്ട്.

കടത്തുകാരന്‍ 

ആറിനക്കരെ ഒരു കടത്തുകാരനുണ്ടായിരുന്നു. ആളുയരം വരുന്ന ഒരു തുഴ എപ്പോഴും അയാളുടെ കയ്യിലുണ്ടായിരുന്നു. അതയാള്‍ തന്റെ ഒരു അവയവംപോലെ കരുതിപ്പോന്നു. കറുത്ത് നല്ല ഉയരമുള്ള അയാള്‍ അച്ഛന്റെ ഒരു അകന്ന ബന്ധു ആയിരുന്നു. നീണ്ട മൂക്കും ശില്പം ചെയ്യുന്നവര്‍ മോള്‍ഡ് എടുക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ അങ്ങിങ്ങായി ചെറുകുഴികള്‍ ഉള്ള ചതുരാകൃതിയിലുള്ള മുഖമായിരുന്നു അയാള്‍ക്ക്. അന്നുവായിച്ച മാന്‍ഡ്രേക്ക് എന്ന കുറ്റാന്വേഷണ കഥയിലെ തെറോണ്‍ എന്ന കഥാപാത്രത്തിന്റേതുപോലെ ചെവി മൂടുവോളം കിടക്കുന്ന മുടിയുടെ തുമ്പ് കൃത്യമായി വെട്ടിയിട്ടാണ് നടപ്പ്. നേരം വെളുക്കും മുന്‍പേ കടവിന്റെ ഏതെങ്കിലും ഒരു കരയ്ക്ക് അയാള്‍ വള്ളവുമായി തെളിഞ്ഞുവരും. മൂളിപ്പാട്ട് പാടി ചിരിച്ച് കുനിഞ്ഞു വള്ളത്തിന്റെ വക്കില്‍ താളം പിടിച്ചിരിക്കും. സ്ത്രീകളോടാണ് കൂടുതല്‍ അടുപ്പമെങ്കിലും ആദ്യം കയറുന്ന ആളോട് മുതല്‍ താന്‍ എഴുതിയ കഥയോ നോവലോ കഥാപ്രസംഗമോ പറഞ്ഞുതുടങ്ങും. സാമാന്യം പാടാന്‍ കഴിവുള്ളതിനാലോ കാല്പനികനായതിനാലോ ആ പ്രായത്തിലും ഒരു സ്ത്രീയെ പ്രേമിക്കുന്നതിനാലോ ആവാം സ്ത്രീകള്‍ക്ക് അദ്ദേഹത്തോട് ഒരു മമതയും അടുപ്പവുമുണ്ടായിരുന്നു. ആയിടയ്ക്ക് പുള്ളിക്കാരന്‍ എഴുതിയ ദിവ്യശക്തിയുള്ള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ദ്രാവിഡ രാജാവിന്റെ കഥയിലെ മുതലപ്പുറത്ത് വരുന്ന നായികയുടെ മുടിയും അംഗലാവണ്യവുമാണ് ഏറെയും വിസ്തരിച്ചു പറയാറുള്ളത്. നാട്ടുകാര്‍ക്ക് അതൊക്കെ കാണാപാഠങ്ങളാണെങ്കിലും ആദ്യമായി വള്ളത്തില്‍ കയറുന്നവരും മദ്യപന്മാരും വള്ളത്തിലും ബണ്ടിറമ്പിലുമൊക്കെയിരുന്നു കഥ മുഴുവന്‍ കേള്‍ക്കും. അയാള്‍ പഴയ ഡിഗ്രിക്കാരനാണെന്നും ഒരിക്കല്‍ കിട്ടിയ ഗവണ്‍മെന്റ് ജോലി നിസ്സാരമായി ഉപേക്ഷിച്ച ആളാണെന്നും നാട്ടുകാരെപ്പോലെ അവരും പറഞ്ഞു നടക്കാന്‍ തുടങ്ങും. തന്നെയുമല്ല തമിഴ് കലര്‍ന്ന സ്ഥലനാമചരിത്രങ്ങള്‍, ദ്രാവിഡ ഭാഷയോടടുത്ത് നില്‍ക്കുന്ന കഥകള്‍, ജില്ലയിലെ തന്നെയുള്ള പലതരം സ്ഥലങ്ങള്‍, പുഴകള്‍, തോടുകള്‍, ചാലുകള്‍, കായലുകള്‍ തുടങ്ങിയവയൊക്കെ തരാതരത്തിന് കോര്‍ത്ത് കഥ മെനയുന്നതില്‍ അയാള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. കൂടാതെ വില്ലേജ്, പഞ്ചായത്ത് ആഫീസുകളിലേയ്ക്കുള്ള അപേക്ഷകള്‍, പെറ്റീഷനുകള്‍, പരാതികള്‍, കളക്ടറുടെ അടുത്തേയ്ക്കുള്ള പോക്കുവരവുകളൊക്കെ നടത്തിയിരുന്നതിനാല്‍ ഗവണ്‍മെന്റ് ജോലി ഉണ്ടായിരുന്നില്ല എന്ന് ആരും കരുതുകയുമില്ല. അവസാന സമയങ്ങളില്‍ പഞ്ചായത്ത് കടത്ത് നിര്‍ത്തിയെങ്കിലും ആ കടത്തുകാരന്‍ അതു നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. പറഞ്ഞ് പറഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ മനപ്പാഠമായ 'യക്ഷി' പലതവണ അയാളുടെ മൂത്ത മകളുടെ ശരീരത്ത് പ്രവേശിച്ച് ഒരു പ്രത്യേക താളത്തില്‍ അവള്‍ വര്‍ത്തമാനം പറഞ്ഞു. നാട്ടുകാരായ ചില സ്ത്രീകളില്‍ ഒന്നുരണ്ട് പ്രാവശ്യം ഇതേ യക്ഷി പരകായ പ്രവേശം നടത്തി എന്നു കേട്ടിട്ടുണ്ട്. ദൃഷ്ടി മറിഞ്ഞു മറിഞ്ഞുവീണ് വിറയ്ക്കുമ്പോള്‍ മുഖത്ത് വെള്ളം തളിച്ച് ബോധം വരുമ്പോഴാണ് സംഭാഷണങ്ങള്‍ തുടങ്ങുന്നത്. എന്റെ കൂടെ പഠിച്ച ആ അപ്പാപ്പന്റെ മൂത്തമകളെ ഞാന്‍ പിന്നീട് ശ്രദ്ധിച്ചിട്ടുണ്ട്. അവള്‍ക്ക് മോണയുടെ ഇരുവശങ്ങളിലുമായി രണ്ട് കോമ്പല്ലുകള്‍ വളര്‍ന്നു വന്നിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. കടത്തുകഴിഞ്ഞ് ഉടുപ്പ് തോളിലിട്ട് തോര്‍ത്ത് തലേല്‍ക്കെട്ടി ഉപ്പൂറ്റി തൊടാതെ ആണിക്കാലില്‍ ചവിട്ടിത്താഴ്ത്തുംപോലെ നടന്നു ചായകുടിച്ച് റീഫില്ലറും എഴുതാനുള്ള പേപ്പറും വാങ്ങി ദിവസവും സന്ധ്യയ്ക്ക് വീട്ടുമുറ്റത്തുകൂടി പുള്ളിക്കാരന്‍ നടന്നു പോകും. നോവലെഴുതിയ പേപ്പറിന്റെ അടുക്കുകള്‍ ടവറ് പോലെ തോന്നുംവിധം അയാള്‍ കിടക്കുമ്പോള്‍ തലയ്ക്കിരുവശവും ഇരിക്കുന്നത് ഞാനൊരുപാട് തവണ കണ്ടിട്ടുണ്ട്.

നവംബര്‍ മാസങ്ങളിലെ ഭക്തിയും നിലാവും 

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ക്ക് ഒരു വൃത്തിയുണ്ടായിരുന്നു. കാലില്‍ ചെളിപറ്റാത്ത, ചെരുപ്പില്ലാതെ നടക്കാവുന്ന, മട ചാടേണ്ടാത്ത വെടിപ്പായ ഗോള്‍ഡന്‍ ബ്രൗണ്‍ സന്ധ്യകളുടെ നാളുകളായിരുന്നു അത്. പണിയുള്ളതുകൊണ്ട് വീടുകളില്‍ ഒരു പ്രത്യേകതരം സന്തോഷങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, മഴയടക്കിയ കര്‍ക്കടക മാസത്തിന്റെ കരുവാളിപ്പ് പൂര്‍ണ്ണമായും ആകാശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകും. വൃത്തിയായി തൂത്തുകൂട്ടിയ സ്വര്‍ണ്ണനിറമുള്ള മണല്‍ ഫൗണ്ടേഷനോട് ചേര്‍ത്ത് ചാരുവാനം തൂത്ത് കൂടിക്കിടക്കുന്നത് ആ ഋതുവിന്റെ വൃത്തിയുടെ അടയാളമായിരുന്നു. നദിയും മെരുങ്ങി മെലിഞ്ഞു പറമ്പുകള്‍ക്കും ബണ്ടിനും പാടങ്ങള്‍ക്കും താഴെയായി ശാന്തമായി ഒഴുകും. ആവി പറത്തി ഒഴുകുന്ന പുഴയിലെ പ്രഭാതക്കുളിപോലും തിളപ്പിച്ചാറിയ വെള്ളത്തിലാണെന്നേ തോന്നൂ. പകലിന്റെ ചൂട് ഏറ്റവും ഒടുവില്‍ പുറത്തുവിടുന്നതും പുഴകള്‍ തന്നെയായിരിക്കും. കുളിക്കാനിറങ്ങുമ്പോളാദ്യം ഉണ്ടാക്കുന്ന ഓളത്തിന്റെ ചെറിയ വളയങ്ങള്‍ പെരുത്ത് വലുതായി അക്കരെനിന്നു കുളിക്കുന്നവളെ തൊടുവിക്കുന്ന വിദ്യകള്‍ ഞങ്ങളാണും പെണ്ണും മത്സരിച്ചു കാണിച്ചിരുന്നു. 
രാത്രികാലങ്ങളില്‍ സജീവമായിരുന്ന എഞ്ചിന്‍ തറകളിലെ കഥകളാണ് ആ കാലത്തിന്റെ ഹൈലൈറ്റ്. പാടാനും കൊട്ടാനുമൊക്കെ ചെറിയ കഴിവുള്ളതിനാല്‍ ചേട്ടന്മാരുടെ ഇടയില്‍ ചെറിയ സ്ഥാനങ്ങള്‍ കിട്ടിയിരുന്നു. വീടിനു തെക്കുവശത്ത് ആറ്റുതിട്ടയ്ക്കുള്ള ഇഞ്ചന്‍ തറയില്‍ ഒരു ഗഞ്ചിറയും ചളുങ്ങിയ കുടവും അതിനായി പ്രത്യേകം കരുതിയിരുന്നു. രാത്രിയുടനീളം മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടയ്ക്കതിന്റെ പ്രവര്‍ത്തനം നിന്നുപോകും വിധം, വലിയ മീനുകള്‍ കഷണങ്ങളായി മുറിഞ്ഞ് പെട്ടിവായിക്കലെ വലയില്‍ കുടുങ്ങും. അതു കഴുകി പൊരിച്ച് കള്ളു കുടിച്ച് കഥ പറയുന്ന ചേട്ടന്മാര്‍ ഞങ്ങള്‍ക്കും ചെറിയ ഇലയില്‍ മീനും ചെറിയ അളവില്‍ 'സാധന'വും തന്നിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ മോട്ടോറിന്റെ പങ്കയില്‍ ചപ്പ് കയറി കുരുങ്ങി അത് പ്രവര്‍ത്തിക്കാതെ വന്നു. മോട്ടോര്‍ നടത്തിപ്പിനു പിടിച്ച കണ്‍വീനറുടെ സ്ഥിരം തൊഴിലാളിയായ മേശരി മോട്ടോര്‍തറയിലെ ഫ്യൂസൂരി വെച്ചിട്ട് ഉടുത്ത കൈലിയോടെ ഒരു കത്തിയുമായി വെള്ളം അകത്തേയ്ക്ക് വലിച്ച് കയറ്റുന്ന മരച്ചാറ പോലുള്ള നീളന്‍ പറക്കുള്ളിലേക്ക് ഉണ്ടയിട്ട് പങ്കക്കിടയിലൂടെ തലകയറ്റിപ്പൊങ്ങി, അവിടെ കുരുങ്ങിയ ചപ്പ് അറുത്തുവിട്ടുകൊണ്ടിരുന്നു. പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്കിതൊന്നും മനസ്സിലാവില്ല. പറക്കുള്ളില്‍ പങ്കയില്‍ കുരുങ്ങിയ ചപ്പറക്കുന്ന മനുഷ്യനെപ്പറ്റി ഒരു ധാരണയുമില്ലാതെ പാടശേഖര കമ്മിറ്റിയുടെ കണ്‍വീനര്‍ വന്നു ഫ്യൂസ് കുത്തി മോട്ടോര്‍ ഓണ്‍ ചെയ്തു. ഒന്നു രണ്ടു തവണ മോട്ടോര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വിസമ്മതിച്ചു. അയാള്‍ നോക്കുമ്പോള്‍ കുറച്ച് തലമുടിയും ഒരു പകുതിത്തലയും പോലെ എന്തോ ആറ്റിലേക്ക് കെട്ടിയിട്ട വലയിലേക്ക് ഉരുണ്ടുപോകുന്നതുപോലെ തോന്നിയെന്നു പറയുന്ന കഥയാണ് ഇഞ്ചന്‍ തറയുടെ ഓര്‍മ്മകളില്‍ ഏറ്റവും വലുത്.

വേലത്താന്‍ 

അച്ഛന്റച്ഛന്റെ ഒരു അനിയന്‍ നാട്ടിലെ കേള്‍വികേട്ട വേലത്താനായിരുന്നു. ആ അപ്പൂപ്പനെ അന്വേഷിച്ച് അന്നൊക്കെ നാനാദേശങ്ങളില്‍നിന്നും അപരിചിതരായ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പലരും തിരക്കി വരാറുണ്ടായിരുന്നു. ചെറിയ കേസുകളാണെങ്കില്‍ പകലും സീരിയസ്സാണെങ്കില്‍ രാത്രിയിലുമായാണ് പരിഹരിക്കപ്പെട്ടിരുന്നത്. ആ അപ്പൂപ്പന്റെ ഇളയമകന്‍ അസാമാന്യമായി പാടാന്‍ കഴിവുള്ളയാളായിരുന്നു. അന്നയാള്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് ഒരു ബാലേയ്ക്കു വേണ്ടി പാടാന്‍ പോയിരുന്നു. ഇടയ്‌ക്കൊക്കെ ദൈവങ്ങളുടെ കിരീടവും ആഭരണങ്ങളും വീട്ടിലിട്ട് ഉണ്ടാക്കി വെയിലത്ത് ഉണക്കാന്‍ വെച്ചിരിക്കുന്നത് സ്‌കൂളില്‍ പോകുമ്പോള്‍ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കും. ആ ഉപ്പാപ്പന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇന്നത്തെ പ്രശസ്തനായ ഒരു ക്ലാസ്സിക്കല്‍ പാട്ടുകാരനെ സംസ്ഥാന തലത്തില്‍ ലളിതസംഗീതത്തിനും ചലച്ചിത്ര ഗാനത്തിനും തോല്‍പ്പിച്ചു. നാടുവിട്ടുപോകുന്നതിനു മുന്‍പ് എനിക്കും കൂട്ടുകാര്‍ക്കുംവേണ്ടി അയാള്‍ ഒരുപാട് തവണ പാട്ടുപാടിയിട്ടുണ്ട്. പുള്ളിക്കാരന്റെ മകനും അസാധാരണമായി പാടുമായിരുന്നു. റിയാലിറ്റി ഷോകള്‍ തുടങ്ങിയകാലത്ത് ഒരു ഓഡിഷനുപോലും കൊണ്ടുപോകാനോ പഠിപ്പിക്കാനോ ഉപ്പാപ്പനും മുതിര്‍ന്നില്ല. ഞാനും ഒരു കൂട്ടുകാരനും ചേര്‍ന്ന് അവനെ കുറച്ചുനാള്‍ ഞങ്ങളുടെ ചെലവില്‍ പാട്ട് പഠിപ്പിച്ചു. പിന്നീടവനും അവന്റപ്പനെപ്പോലെ അതൊഴിവാക്കി.
പറഞ്ഞുവന്നത് വേലത്താന്‍ അപ്പൂപ്പനെക്കുറിച്ചാണ്. അന്നൊക്കെ ഞങ്ങള്‍ക്ക് ഒരു പനിയോ തലവേദനയോ നിര്‍ത്താതെയുള്ള കരച്ചിലോ ഉണ്ടായാല്‍ അമ്മൂമ്മ ഓടിച്ചെന്ന് ആ അപ്പൂപ്പനെ വിളിച്ചുകൊണ്ടുവരും. അപ്പൂപ്പന്‍ തണുത്ത വിരലുകള്‍ തലയില്‍ തൊട്ടുകൊണ്ട് അടുത്തും അകലെയുമായി വരുന്ന ചില സംഗതികള്‍ വേഗത്തില്‍ പറഞ്ഞ് ദൃഷ്ടി മറിഞ്ഞ എല്ലുന്തിയ നെഞ്ചത്ത് കൈ തളര്‍ത്തിയൊന്നടിച്ച് ശംഖ് കറക്കിയിട്ട് ഒരു കുഴപ്പവുമില്ലെന്നു പറയും. ഞങ്ങളാപേടിയില്‍ ഉറങ്ങിയിട്ടുണ്ട്. 
ഒരിക്കല്‍ രാത്രി പതിവില്ലാതെ കുറേ പന്തങ്ങള്‍ അവിടെ കത്തിച്ചുവെച്ചതുകണ്ട് ഞാനങ്ങോട്ട് ചെന്നു. അമ്മൂമ്മ അതു കണ്ടെന്നെ വിലക്കിയതുകൊണ്ട് ഞാന്‍ പോയിക്കിടന്നു. കുറച്ചുകഴിഞ്ഞ് പതുക്കെ എണീറ്റ് ഞാന്‍ കൂട്ടുകാരനെ വിളിച്ചുകൊണ്ടു വന്നു. ഞങ്ങള്‍ പമ്മിവന്ന് ഒരു പുളിമരത്തിന്റെ ചുവട്ടിലൊളിച്ചിരുന്നു. മഞ്ഞള്‍പ്പൊടിയും അരിപ്പൊടിയും ഉമിക്കരിയും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ചുവപ്പുംകൊണ്ട് വലിയ രൂപത്തില്‍ കണ്ണുന്തി നാക്കുതള്ളിയ ഒരു സ്ത്രീ രൂപത്തിന്റെ കളം വരച്ചിട്ടുണ്ട്. അതിന്റെ ഒത്ത നടുക്ക് അപരിചിതയായ ഒരു സ്ത്രീ ഇരിപ്പുണ്ട്. അപ്പുറത്ത് അവരുടെ ഭര്‍ത്താവെന്നു തോന്നുന്ന ഒരാളും മറ്റൊരപ്പൂപ്പനും അമ്മൂമ്മയും. പന്തത്തിന്റെ പ്രകാശത്തില്‍ അവരുടെ മുടി കാറ്റത്ത് പറക്കുന്നുണ്ടായിരുന്നു. വേലത്താന്‍ കാവിമുണ്ടിന്റെ കോന്തലകള്‍ അരയില്‍ കുത്തി അതിനെ ഉറപ്പിക്കാനെന്നവണ്ണം ഒരു തോര്‍ത്ത് പിരിച്ച് അരയില്‍ വട്ടംകെട്ടി തൊട്ടപ്പുറത്ത്  'പറ' (ഒരു ചെറിയ വാദ്യം) ചെറിയ കോലുകൊണ്ട് മഴ ചാറുംപോലെ ആ ദൃശ്യത്തെ താളപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ദേശത്തെ ദൈവപരമ്പരകളെ തെക്ക് ഭീമാ പള്ളി മുതല്‍ വടക്ക് കൊടുങ്ങല്ലൂരും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ശബരിമലയ്ക്കും നടുക്കുള്ള മുഴുവന്‍ ദൈവങ്ങളേയും വിളിച്ചാണ് ചാറ്റ്. ഇടയ്ക്കിടെ അയാള്‍ കണ്ണുരുട്ടുന്നത് പന്തത്തിന്റെ വെളിച്ചത്തില്‍ കണ്ടാല്‍ ശ്വാസംമുട്ടി അയാള്‍ മരിക്കാന്‍ തുടങ്ങുന്നതുപോലെ തോന്നും. അതുകഴിഞ്ഞതും അയാള്‍ കൊണ്ടുവാ... എന്നലറി. പരികര്‍മ്മിയായ വളഞ്ഞയൊരാള്‍ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ കോടതിയിലെ പ്രതിക്കൂടുപോലെ തോന്നുന്ന ഒരു ചെറിയ ചങ്ങാടം കൊണ്ടുവന്നു. മേല്‍ക്കൂര കൂടി ഉണ്ടെങ്കില്‍ അതൊരു വീടാണെന്നേ തോന്നൂ. അതിലേയ്ക്ക് നാല് മൂലയ്ക്കും നാല് പന്തങ്ങള്‍ കുത്തി. തുടര്‍ന്ന് ഒരു കറുത്ത കോഴിയേയും അയാള്‍ കൊണ്ടുവന്നതിന്റെ ഉള്ളില്‍ കെട്ടി. തെറ്റിപ്പൂ വാരിയെറിഞ്ഞ് ഭര്‍സിച്ച് ചാറ്റ് മുറുകി. ആ നിമിഷം ഇലകോന്തിയ വാഴക്കയ്യും അരിവാളും മണിയും കൂടി അയാളുടെ കൈകളില്‍ക്കിടന്ന് ഈയലുപോലെ പറന്ന് കളിച്ചു. ഒടുവില്‍ വടക്കോട്ട് നോക്കി കുനിഞ്ഞ് അരിവാള്‍ ചരിച്ചു പിടിച്ച് അതിലേയ്ക്ക് വാഴത്തട അയാള്‍ അടിച്ച് തെറിപ്പിച്ചു. ഞങ്ങള്‍ പതുക്കെ പറമ്പിന്റെ അതിരിലെ ഈടിക്ക് താഴ്ന്നിരുന്നു. ഒച്ചകള്‍ നിലച്ചു. വേലത്താന്‍ തലയില്‍ ഒരു പട്ടെടുത്ത് കെട്ടി. കോഴിയുള്‍പ്പെട്ട ചെറിയ ചങ്ങാടം താങ്ങി തലയില്‍ വെച്ച് ഒരു പന്തവുമായി മുന്നേനടന്നു. പിറകേ ആ സ്ത്രീയും വീട്ടുകാരും. താളവും മണിയൊച്ചയുമില്ലാതെ അവര്‍ ആറ്റുകടവിലെത്തി ചെങ്ങാടം ആറിന്റെ നടുക്കേക്കിറക്കി ഒഴുക്കിവിട്ടു. ഞങ്ങള്‍ അതിന്റെ ഇപ്പുറത്തെ കടവിലേക്കോടി ഒരു വള്ളത്തില്‍ കയറി കഴുക്കോലുകൊണ്ട് ആ ചങ്ങാടക്കൂട് അടുപ്പിച്ച് കോഴിയെ അഴിച്ചെടുത്തു. രാത്രിതന്നെ കൂട്ടുകാരനത് അവന്റെ വീട്ടില്‍ കൊണ്ടുപോയി ഒരു ചരുവത്തിലടച്ചുവച്ചു. പിറ്റേന്നു ഞങ്ങള്‍ അതു മറ്റൊരിടത്തേയ്ക്കു കൊണ്ടുപോയി വിറ്റു. ആ പൈസയ്ക്ക് സിനിമ കണ്ടു. വേലത്താന്റെ കുടുംബത്തില്‍ ആരും ഇന്നവിടെ താമസമില്ല. ആ വീട് പോയി. ഒരു ഗവണ്‍മെന്റ് വീടു വന്നു. വേലത്താനും ഭാര്യയും മരിച്ചു. ഒരു മകന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടു. അദ്ദേഹത്തിന്നടുത്ത് വന്നുകൊണ്ടിരുന്ന മറ്റൊരു വേലത്താനെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുസ്തകത്തിന്റെ ആവശ്യത്തിനായി അഭിമുഖത്തിനു ഞാന്‍ ചെന്നു. അപ്പോഴേയ്ക്കും അയാളുടെ രണ്ട് കാലും ഒരു കയ്യും മുറിച്ചുകളഞ്ഞ അവസ്ഥയിലായിരുന്നു. ഒരു തവളയെപ്പോലെയിരുന്നു അന്നേരമയാള്‍. ഒരു നോവലിസ്റ്റും ഞാനും കൂടിയാണവിടെ പോയത്. ഞങ്ങളുടെ വരവില്‍ അയാള്‍ സംശയിച്ചാണ് പറഞ്ഞുതുടങ്ങിയത്. കുറേയൊക്കെ ഒളിപ്പിച്ചുവച്ചതായി തോന്നി. 500 രൂപാ ദക്ഷിണ കൊടുത്ത് വീണ്ടും വരുമെന്നു പറഞ്ഞു ഞങ്ങളിറങ്ങി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അയാളും മരിച്ചു.

പുല്ലാങ്കുഴല്‍ 

രണ്ടു പേരാണ് നാട്ടില്‍ പുല്ലാങ്കുഴല്‍ വായിച്ചിരുന്നത്. അവര്‍ രണ്ടുപേരും വേലക്കള്ളരുമായിരുന്നു. വെള്ളം കയറിക്കിടക്കുന്ന രാത്രികളില്‍ പഴയ സിനിമാപ്പാട്ടുകള്‍ നാട്ടിലൂടെ അങ്ങനെ ഒഴുകിനടക്കുമായിരുന്നു. അവര്‍ രണ്ടുപേരും ആറിനിക്കെരെയായിരുന്നു താമസം. രണ്ടുപേരുടേയും വീടുകള്‍ പാടത്തിനു നടുക്കുള്ള ഒറ്റ വീടുകളായിരുന്നു. രണ്ട് പേര്‍ക്കും എഴുത്തും വായനയുമുള്ളവര്‍. ഒരു വിതക്കാലത്ത് കുഴഞ്ഞ ചേറില്‍ ചവിട്ടി മുട്ടറ്റം താഴ്ന്ന ചെളിയില്‍ അയാളുടെ വീടിന്റെ വടക്കുവശത്തെ താഴ്ചയില്‍നിന്ന മാവിനെ മറഞ്ഞിരുന്ന്, വെളക്കു വെട്ടത്തില്‍ പുല്ലാങ്കുഴല്‍ വായിക്കുന്നയാളെ ചെറിയ നെഞ്ചിടിപ്പോടെ, അതിലേറെ കൊതിയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഒരിക്കല്‍ അയാളോട് എന്നെക്കൂടി ഇതു പഠിപ്പിക്കാമോ എന്നു ചോദിച്ചു. എന്നെ കുറച്ചുനേരം ഒന്നു നോക്കുക മാത്രമല്ലാതെ ഒന്നും അയാള്‍ പറഞ്ഞില്ല. മറ്റേയാള്‍ സമൃദ്ധമായ താടിയും മുഖത്ത് നിറയെ വസൂരിക്കലയും ഉള്ളയാളായിരുന്നു. ജംഗ്ഷനിലെ സ്‌കൂളിനടുത്തുള്ള ചായക്കടയിലെ മടിയന്മാരിരുന്ന് തിളങ്ങിയ ബഞ്ചില്‍ ഉച്ചവരെ അയാള്‍ പത്രം വായിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അയാള്‍ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ഒരാള്‍ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയായിരുന്നു. അയാളെ ഗുണ്ടയായി അത്ര പേരെടുത്തിട്ടില്ലാത്ത മറ്റൊരു ചെറുപ്പക്കാരന്‍ ഒരു പഞ്ചായത്ത് കിണറിനടുത്തിട്ട് പലപ്പോഴായി ആക്രമിച്ചും പ്രത്യാക്രമിച്ചും പോന്നു. പിന്നീടയാള്‍ മരിച്ചു. 
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് ഞാന്‍ ഓടക്കുഴല്‍ പഠിക്കാന്‍ തുടങ്ങിയത്. മുട്ടം രംഗനാഥ് എന്ന ചിത്രകാരനായിരുന്നു എന്റെ മാഷ്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജില്‍നിന്നു ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ആളായിരുന്നു അദ്ദേഹം. അന്നന്ന് പഠിപ്പിക്കുന്ന പാഠങ്ങള്‍ കൃത്യമായി പഠിച്ച് ചെല്ലുന്നതുകൊണ്ട് എന്നോട് ഒരു പ്രത്യേക ഇഷ്ടം മാഷുക്കുണ്ടായിരുന്നു. വീട്ടില്‍ ഇഷ്ടമില്ലാത്തതിനാല്‍ പാടത്തിനു നടുക്ക് വള്ളം കെട്ടിയിട്ട് ചിമ്മിനി വിളക്കിന്റെ വെട്ടത്തിലും നിലാവത്തുമായിരുന്നു അക്കാലത്തെ പ്രാക്ടീസ്. അതിനിടയ്‌ക്കൊക്കെ വായിക്കുന്ന, സിനിമാപ്പാട്ടുകള്‍ കൃത്യമായി ഓര്‍ത്തെടുത്ത് നാട്ടിലെ പെണ്‍കുട്ടികള്‍ കാണുമ്പോഴൊക്കെ പറയുമായിരുന്നു. അകലെ താമസിക്കുന്ന പുല്ലാങ്കുഴല്‍ വാദകന്‍ ചേട്ടനൊരു ദിവസം വീട്ടില്‍ വന്ന് എഴുതിത്തന്ന പാഠവും എന്റെ ഓടക്കുഴലുമെടുത്ത് അതുപോലെയൊക്കെ വായിക്കാന്‍ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോള്‍ ഓ... ഞങ്ങളൊക്കെ കാട്ട്കയ്യാ... എന്നു പറഞ്ഞു തിരികെപ്പോയി. ആ സമയങ്ങളില്‍ വീടും സ്ഥലവും കുറേച്ചെയായി വിറ്റ് വിറ്റ് അയാള്‍ മദ്യപിച്ചും ചായക്കടയിലെ പറ്റ് തീര്‍ത്തും കഴിഞ്ഞു. കിടപ്പാടമില്ലാതായി. പാസ്റ്ററായ ഇളയമകനും ഉപേക്ഷിച്ചു. കുറച്ചുനാള്‍ കൂടി സ്വന്തം അനിയന്റെ വീട്ടില്‍ താമസിച്ച് അയാള്‍ മരിച്ചുപോയി.

അടയാളപ്പെട്ട വേനല്‍ 

പുഴ അതിമനോഹരമായി തോന്നിച്ചത് ഒരു കൊയ്ത്തുകാലത്ത് വറ്റിയപ്പോഴാണ്. പൊടുന്നനവെ അക്കരെയെന്നും ഇക്കരെയെന്നുമുള്ള വേര്‍തിരിവുകള്‍ ഇല്ലാതായി. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ നടന്നുകയറാവുന്ന ഒരു സാദ്ധ്യത ഉടലെടുത്തു. അരയറ്റം വെള്ളത്തില്‍നിന്ന് താഴ്ന്നുതാഴ്ന്ന് പാദം വരെയെത്തി ഒടുവില്‍ വറ്റി. മീനുകള്‍ പള്ളകളിലും ആഴമുള്ള ചുഴികളിലും ഒളിച്ച് ഊര്‍ന്നുപോയി. മൂങ്ങകള്‍ തിന്നുകളഞ്ഞ വലിയ മീന്‍തലകള്‍, മുള്ളുകള്‍ വെയിലില്‍ ഉണങ്ങിക്കിടന്നു. മീനുകള്‍ക്കും താഴെ പൂണ്ടുപൂണ്ട് പോകുന്ന കറിക്കെടുക്കാത്ത ഒരുതരം നീളന്‍ മീനുകള്‍ വെയിലില്‍ ഉണങ്ങി നെയ്യുരുകി ഒലിച്ചു. അവയെ കാക്കകള്‍ കൊത്തിവലിച്ചു പറന്നു. എല്ലാ ആറ്റുകടവുകളിലും ചെറുകിണറുകള്‍ കുത്താനുള്ള തൊടികള്‍ പഞ്ചായത്തുകാരെത്തിച്ചു. കിണറുപണി തുടങ്ങി. ആറ്റിലെ കിണറ്റില്‍നിന്നും മനുഷ്യര്‍ കോരിക്കുടിക്കാനും കുളിക്കാനും തുടങ്ങി. സന്ധ്യകള്‍ അതിമനോഹരങ്ങളായി മാറി. ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ആറ്റിലേയ്ക്കിറങ്ങി പൊടിഞ്ഞ ധാന്യംപോലുള്ള മണല്‍പ്പരപ്പില്‍ അവിടവിടങ്ങളിലായി കൂട്ടംകൂടിയിരുന്നു. ചിലര്‍ മലര്‍ന്നുകിടന്ന് ചന്ദ്രനെ നോക്കി. അമ്പലത്തില്‍ അരങ്ങേറാനുള്ള വില്ലടിച്ചന്‍പാട്ടിന്റെ റിഹേഴ്സലുകള്‍ ചൊരിമണലില്‍ വിളക്കുവെട്ടത്തില്‍ തിമിര്‍ത്തു. അതു കാണാനായി സ്ത്രീകളും കുട്ടികളും കൂട്ടംകൂട്ടമായി വന്നു. അക്കാലത്തൊക്കെ കൊയ്ത്തുകാലങ്ങളില്‍ ബണ്ടുകളില്‍ പ്രത്യക്ഷപ്പെടാറുള്ള വാണിയപ്പുരകളും (താല്‍ക്കാലികമായ ചായക്കട ഷെഡുകള്‍) ആറ്റിലേക്കിറക്കിക്കെട്ടി. പുഴയ്ക്ക് നടുവിലൂടെ ഐസ് മിഠായി വില്‍ക്കുന്നവര്‍ സൈക്കിളോടിച്ചു വന്നു. ഞങ്ങളും സൈക്കിളോടിച്ച് കളിച്ചു. ഭയം തോന്നിയിരുന്ന പരുത്തിക്കാടുകള്‍, മുളങ്കാടുകള്‍, ചുഴികള്‍, മലരികള്‍ എല്ലാം പ്രകാശം കയറി മലര്‍ന്നുണങ്ങി. വലിയ മീനുകള്‍ പാര്‍ത്തിരുന്ന അള്ളാപ്പുകള്‍ക്കുള്ളില്‍ ഞങ്ങള്‍ പാത്തിരിപ്പ് കളിച്ച് പേടിമാറ്റി. മീനിനെപ്പോലെ മീന്‍ കളിച്ചിരുന്നതുപോലെ ഞങ്ങളും കളിച്ചുതിമിര്‍ത്തു. ഗുഹപോലെ തോന്നിക്കുന്ന ആറ്റിറമ്പിലെ പൊള്ളകളില്‍ പണ്ട് ഉണ്ടയിട്ട് മീന്‍പിടിച്ചിരുന്ന കാണ്ടാമരപ്പോടുകളടങ്ങിയ കറുത്ത വലിയ തടികള്‍ മനുഷ്യര്‍ മുറച്ചെടുത്ത് ഫര്‍ണിച്ചറുകളുണ്ടാക്കി. തീകത്തിക്കുവാനുള്ള വിറകുണ്ടാക്കി. 

താക്കീതുകള്‍ 

ഒരിക്കല്‍ സെക്കന്റ് ഷോ കഴിഞ്ഞ് ഒരു ബണ്ട് കടന്ന് വീട്ടിലേയ്ക്ക് വരും വഴി ആറ്റിലേയ്ക്കുള്ള മടയില്‍ വെള്ളം ചെറുതായി ഒലിച്ചിറങ്ങിയിടത്തേയ്ക്ക് ഒരു വെള്ളിവാള്‍പോലെയെന്തോ പൊങ്ങുകയും താഴുകയും ചെയ്യുന്നതുകണ്ടു. ആദ്യം പേടി തോന്നിയെങ്കിലും ഓടി അതിനടുത്ത് ചെന്നു. ആറ്റില്‍നിന്ന് ചാടിയ ഒരു വലിയ വാളമീനായിരുന്നു അത്. കൈകൊണ്ടുപിടിച്ചാല്‍ ആറ്റിലേയ്ക്കത് തിരികെ ചാടിപ്പോകുമെന്നുറപ്പുള്ളതിനാല്‍ ഉടുത്തിരുന്ന മുണ്ടുരിഞ്ഞ് അതിനെ പിടിച്ച് തോളിലിട്ട് വീട്ടിലേക്ക് ചെന്നു. അന്നു സാധാരണ ചെയ്യാറുള്ളതുപോലെ മുറിയിലേക്ക് കയറിപ്പോവാതെ അച്ഛന്‍ കിടന്ന മുറിയുടെ കതകിനു മുട്ടി. ഉറക്കമുണര്‍ന്ന് കതകുതുറന്നപ്പോള്‍ വലിയ മീനുമായി നിന്നു ചിരിക്കുന്ന എന്നെക്കണ്ട് അച്ഛന്‍ ചോദിച്ചു: ''എവിടുന്ന് കിട്ടി നിനക്കിതിനെ.'' തെക്കേച്ചിറക്ക് ആറ്റില്‍നിന്ന് ചാടിവീണ് കിട്ടിയതാ... അവിടെക്കിടന്ന വടിയെടുത്ത് എനിക്ക് രണ്ടെണ്ണം തന്നിട്ട് ''ചാടിവീഴുന്ന മീനൊന്നും നമുക്കുള്ളതല്ലെടാ'' എന്നു പറഞ്ഞതിനെ ആറ്റില്‍ കൊണ്ടുവിട്ടു.
പിന്നീടൊരിക്കല്‍ വീടിനടുത്ത് ഒരു വേനല്‍ക്കാലത്ത് കുളം വറ്റിച്ചപ്പോള്‍ ഏതാണ്ട് അഞ്ചടിയോളം വലിപ്പം വരുന്ന ഒരു പുലിവാഹയെ കിട്ടി. കുറേപ്പേര്‍ ചേര്‍ന്നു കുഴഞ്ഞ ചേറില്‍നിന്നതിനെ പിടിച്ച് വലിച്ച് കരക്കെത്തിച്ചു. അത് മനുഷ്യര്‍ സംസാരിക്കുമ്പോലെ എന്തൊക്കെയോ അവ്യക്തമായി പറയാന്‍ തുടങ്ങി. മീന്‍പിടുത്തക്കാര്‍ക്കും പേടിയായി. ആ വാര്‍ത്ത നാടുമുഴുവന്‍ പരന്നു. ജനം കൂട്ടംകൂട്ടമായി പല ദിക്കുകളില്‍നിന്നു വന്നു. മീന്‍പിടുത്തക്കാരതിനെ ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തി. ആ കൂട്ടത്തിന്റെ പൊതുതീരുമാന പ്രകാരം അതിനെ അവിടടുത്തുള്ള ഒരു അമ്പലക്കുളത്തില്‍ കൊണ്ടിടാന്‍ തീരുമാനിച്ചു. നാട്ടുകാര്‍ കൂടി പെട്ടിവണ്ടി പിടിച്ച് അതിനെ അമ്പലക്കുളത്തില്‍ കൊണ്ടുവിട്ടു. പിറ്റേന്ന് അതു ചത്തുപൊങ്ങി. അതിലൂടെ ഒഴുകിനടന്നു.
മറ്റൊരു കഥ. ഒരു ദിവസം ഒരു വരാലും കുഞ്ഞുങ്ങളും വീട്ടിനടുത്തുള്ള പുഞ്ചയിറമ്പിലെ ചാഞ്ഞു നില്‍ക്കുന്ന ശീലാന്തി മരത്തിനടിയില്‍ കണ്ടു. തീറ്റ ചൂണ്ടയില്‍ കൊരുത്ത് അതിന്റെ ചുവന്ന കുഞ്ഞുങ്ങള്‍ക്കിടയിലേയ്ക്ക് ഇട്ടുകൊടുത്തു. വരാല്‍ വെള്ളത്തിനടിയില്‍ പാളിത്തിരിഞ്ഞ് ചൂണ്ടയുടെ പരിസരങ്ങളില്‍ വന്നുമണത്തുനിന്നു. ഒടുവിലത് മാക്രിയെ വിഴുങ്ങാനായി പൊങ്ങിവന്നതും കൃത്യം അതിന്റെ നെറ്റിയില്‍ത്തന്നെ കുടക്കമ്പികൊണ്ടുണ്ടാക്കിയ ഒരു അമ്പ് വന്നു തറഞ്ഞു. ഞാന്‍ മുകളിലേക്ക് നോക്കിയതും അവിടെ മീന്‍പിടുത്തത്തില്‍ വിരുതനായ എന്റെ ഒരു കൂട്ടുകാരനായിരുന്നു. അവന്‍ ഏറെ നേരമായി അതിനെ ലക്ഷ്യമിട്ട് ആ പൂവരശ് മരത്തില്‍ ഇരുപ്പുണ്ടായിരുന്നു. ആ ശ്രദ്ധയാണ് ഒരു ചൂണ്ടക്കാരനും വേണ്ടിയിരുന്നത്.
അങ്ങനെയൊക്കെയാണെങ്കിലും പുഴയോരത്തെ ജീവിതം അത്ര സന്തോഷകരമല്ല എന്നതാണ് എന്റെ ഇത്രയും കാലത്തെ അനുഭവംകൊണ്ട് തോന്നിയിട്ടുള്ളത്. ആണ്ടോടാണ്ടുള്ള കണക്കെടുപ്പ് സമയങ്ങളില്‍ മൂന്നും നാലും തവണ വെള്ളം കയറി വീടുപേക്ഷിക്കേണ്ടിവരുന്നതും കഷ്ടപ്പെട്ടുണ്ടാക്കിയ കൃഷികള്‍, അതിനു മുടക്കേണ്ടിവന്നിട്ടുള്ള അദ്ധ്വാനം, പണം ഒക്കെ കണ്‍മുന്നിലൂടെ നശിച്ചില്ലാതാവുന്നതും ഒരു നല്ല കാര്യമല്ല. എത്രയോ മനുഷ്യരെയാണ് ഓരോ വര്‍ഷവും ഈ പുഴയിലൂടെ വരുന്ന വെള്ളം അപഹരിക്കുന്നത്; എത്രയോ കുഞ്ഞുങ്ങള്‍, വൃദ്ധര്‍, ജീവിതങ്ങള്‍.

തിരിച്ചറിവുകള്‍ 

പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ട്യൂട്ടോറിയല്‍ കോളേജുകള്‍ നാടു മുഴുവന്‍ കുമിഞ്ഞു കൂടിയിരുന്നത്. അവിടുത്തെ അദ്ധ്യാപകര്‍ സ്‌കൂള്‍ അദ്ധ്യാപകരേക്കാള്‍ ഊര്‍ജ്ജസ്വലരും കുട്ടികളോട് നല്ലസൗഹൃദം ഉള്ളവരുമായിരുന്നു. അന്നു കൂടെ പഠിച്ച ഒരു കൂട്ടുകാരന് നാട് മുഴുവന്‍ അറിയപ്പെട്ട ഒരു പ്രേമമുണ്ടായിരുന്നു. ഞങ്ങളേക്കാള്‍ രണ്ടു വയസ്സെങ്കിലും പ്രായം കൂടിയ അവന്‍ ഒരിക്കല്‍ ക്ലാസ്സില്‍ വന്നിരുന്നു കരയാന്‍ തുടങ്ങി. കാര്യമന്വേഷിച്ചപ്പോള്‍ അവന്‍ പ്രേമിക്കുന്ന പെണ്ണിനെ കുറച്ച് ദിവസമായി കാണാനില്ലെന്നു പറഞ്ഞു. ആ പെണ്ണ് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളതാണ്. അവരുടെ വീട്ടുകാര്‍ താറാവ് കര്‍ഷകരും പാവപ്പെട്ടവരുമായിരുന്നു. പ്രേമം വീട്ടില്‍ പിടിക്കപ്പെട്ടന്നു മുതലാണ് അവള്‍ ട്യൂട്ടോറിയലിലേക്ക് വരാതായത്. അവന്റെ ആത്മഹത്യാ ഭീഷണി ഭയന്ന് അദ്ധ്യാപകരും ഞങ്ങളും ചേര്‍ന്ന് അവരെ ഒളിച്ചോടാന്‍ സഹായിക്കാമെന്നു തീരുമാനിച്ചു. അടുത്തദിവസം രാത്രി തന്നെ അതിനുള്ള ഏര്‍പ്പാടുണ്ടാക്കി. രണ്ടുപേരുവീതം രണ്ടുവള്ളങ്ങളില്‍ പെണ്ണിനെ കൊണ്ടുപോകാനും രണ്ടുപേരെ കറണ്ട് കളയാനും മൂന്നുപേരെ ആട്ടോറിക്ഷയില്‍ പാലത്തിനടുത്തു നിര്‍ത്താനും തീരുമാനിച്ചു. രാത്രി എട്ടരയ്ക്ക് തന്നെ അവളുടെ വീടിനടുത്തുള്ള പരുത്തിക്കാട്ടില്‍ വള്ളമുറപ്പിച്ച് കാത്ത് കിടന്നു. പത്ത് മണിക്ക് കൃത്യം ആ ഭാഗത്തെ മുഴുവന്‍ കറണ്ടും ഇല്ലാതായി. മഴ ചന്നംപിന്നം ചാറാന്‍ തുടങ്ങി. അവള്‍ വന്നില്ല. പതിനൊന്ന്... പന്ത്രണ്ട്... സമയം പൊയ്ക്കൊണ്ടിരുന്നു. കാത്തിരുന്നു മടുത്ത ഞങ്ങള്‍ പാലത്തിങ്കലേയ്ക്ക് ചെന്നു. അവിടെ ഞങ്ങളേയും പെണ്ണിനേയും കാത്തിരുന്നവര്‍ ഞങ്ങളെ കണ്ട മാത്രയില്‍ ഓടിയിറങ്ങിവന്നു. അവളെ കാണാത്തതിനാല്‍, പ്രേമം തലയ്ക്കു പിടിച്ചവന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി. ഞങ്ങളാശ്രമം ഉപേക്ഷിച്ച് ട്യൂട്ടോറിയലിലേയ്ക്കു മടങ്ങി. അവിടക്കിടന്നുറങ്ങി. പിറ്റേന്നാണ് വിവരങ്ങളറിഞ്ഞത്. പെണ്ണ് കൃത്യം പത്തുമണിക്കുതന്നെ അവിടെ വന്നു. കടവിലേക്കിറങ്ങും മുന്‍പ്, കാട്ടില്‍ കിടക്കുന്ന വള്ളം കണ്ട് ഭയന്നു പെണ്ണ് കാമുകന്റെ ചിറ്റപ്പന്റെ വീട്ടിലേയ്ക്കു പോയി. തന്നെ പരുത്തിക്കാട്ടിലാക്കാന്‍ ആവശ്യപ്പെട്ടു. ചിറ്റപ്പന്‍ അതൊരപകടമാണെന്നു തിരിച്ചറിഞ്ഞു ബാഗും അവളെയുമായി അവളുടെ വീട്ടില്‍ കൊണ്ടു ചെന്നേല്പിച്ചു. ആ രാത്രി തന്നെ അവര്‍ അവളേയും കൊണ്ട് ബാംഗ്ലൂരിലേയ്ക്കും പോയി നല്ല പാരലല്‍ കോളേജുകളും മികച്ച അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നവര്‍. ഒരുപാട് പുസ്തകങ്ങള്‍, കാസറ്റുകള്‍, രാഷ്ട്രീയം, സിനിമകള്‍, പകുത്തറിവുകള്‍ ഒക്കെ ഉണ്ടാക്കിത്തന്നതില്‍ ആ ട്യൂട്ടോറിയല്‍ കോളേജിനും അദ്ധ്യാപകര്‍ക്കും നല്ല പങ്കുണ്ട്. 

പട്ടവും പാലമരവും 

വൃശ്ചികം, ധനു മാസങ്ങളില്‍ പാടം വറ്റി കറുത്ത് പച്ചച്ചു തുടങ്ങുമ്പോള്‍ പടിഞ്ഞാറന്‍ വിരിപ്പുകളില്‍നിന്ന് നൂല് പൊട്ടിപ്പറന്നു വരുന്ന പല നിറപ്പട്ടങ്ങള്‍ ആറ്റുതീരത്തുള്ള പാലയുടെ വിരൂപ ശിഖരങ്ങളില്‍ തങ്ങിക്കിടന്ന് പറക്കുന്ന ദൃശ്യമാണ് ആ സ്ഥലത്തെക്കുറിച്ചുളള പേടി ഒരു പ്രകാശം വന്നിട്ടെന്നപോലെ മായ്ച് കളയുന്നത്. പിന്നീട് നിറം മങ്ങി വാലിന്റെ ഞൊറിവുകളിറുന്ന് വരുന്ന കര്‍ക്കടകം വരെ അത് പല പ്രകാരങ്ങളില്‍ അവിടെ തങ്ങിനിന്നു. സന്ധ്യകഴിഞ്ഞും നട്ടുച്ച സമയത്തും അതുവഴി ആരും പോകരുതെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദ്ദേശം. പക്ഷേ, ആ സമയങ്ങളില്‍ അതിന്റെ ചുവട്ടിലെ തണുപ്പും കാറ്റും ഒരു കഥയിലെപ്പോലെ തോന്നും. ആറ്റിലേക്ക് താഴ്ന്നു കിടക്കുന്ന ചില്ലകള്‍ പൊടുന്നനെ ഒരു അത്തിമരത്തിന്റേതായി മാറും. താഴെ അതിന്റെ കൊമ്പിലെ ഹൃദയവും പ്രതീക്ഷിച്ച് ജലോപരിതലത്തില്‍ ശാന്തമായി കരയിലേക്ക് തലയും വച്ചിരുന്നു മയങ്ങുന്ന മുതലച്ചാര് അപ്പോള്‍ മനസ്സിലേക്ക് തെളിഞ്ഞു വരും. അപ്പോഴേയ്ക്കും പേടിയെല്ലാം മാറി കുനിഞ്ഞുനിന്നു കഥ പറയുന്ന ഒരു അപ്പൂപ്പനെപ്പോലെ പാലമരം നമ്മളെ കൊതിപ്പിക്കും. 
മാര്‍ച്ച് മാസം മുതല്‍ പാലയുടെ ചുവടും ശിഖരങ്ങളും അതിന്റെ മണവും ഞങ്ങളോടിണങ്ങും. ഒരിക്കല്‍ ഞങ്ങളുടെയൊക്കെ മൂത്ത ചേട്ടനായ കിട്ടന്‍ എന്നയാള്‍ ആ പാലയുടെ ഏറ്റവും മുകളില്‍ ഒരു പരുന്തിന്‍കൂടും അതില്‍ മുട്ടയും ഉണ്ടെന്നു പറഞ്ഞു. അവിടെനിന്നു നോക്കിയാല്‍ തെക്കേ റോഡ് വന്ന് ഒരു കോര്‍മ്പല്‍പോലെ വളഞ്ഞ് അതില്‍ കൊരുത്ത് പിടയുന്ന മീന്‍പോലെ ആറങ്ങനെ കിടന്നു. ഞങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ അയാള്‍ കൈലി ഉരിഞ്ഞു ഞങ്ങളെ ഏല്പിച്ച് അതിന്റെ മുകളിലെ കണ്ണെത്താത്ത ചില്ലയില്‍നിന്ന് ഓട്ടക്കലവും ചുള്ളിക്കമ്പും കൊണ്ടുണ്ടാക്കിയ പരുക്കന്‍ കൂട്ടില്‍നിന്നു കറുത്ത് വിരിയാറായ മൂന്നു പരുന്തിന്റെ മുട്ടകള്‍ ഞങ്ങളെ കാണിച്ചിട്ട് നിക്കറിന്റെ പോക്കറ്റിലേക്കിട്ട് തിരികെ അവിടെത്തന്നെ കൊണ്ടുവച്ചു. പൊടുന്നനെ അകലങ്ങളില്‍ കരഞ്ഞു നടക്കുന്ന രണ്ട് പരുന്തുകള്‍ പാറിത്തെളിഞ്ഞുവന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com