ഇന്ത്യയുടെ റൊമാന്റിക് നായക മുഖം

ബോളിവുഡിനെ ഇളക്കിമറിക്കാന്‍ പുതിയ നായകര്‍ വന്നു. പക്ഷേ, ബോളിവുഡിന്റെ കിംഗ് ഇന്നും ഷാരൂഖ് ഖാന്‍ തന്നെ
ഇന്ത്യയുടെ റൊമാന്റിക് നായക മുഖം

ഹാരി പോര്‍ട്ടറായി എത്രയോ മനസ്സുകള്‍ കീഴടക്കിയ ഡാനിയല്‍ റാഡ്ക്ലിഫിനു ഒരാഗ്രഹമുണ്ടായിരുന്നു: ഇന്ത്യയുടെ കിംഗ് ഖാന്റെ കൂടെ അഭിനയിക്കണം. ഹോളിവുഡിലെ അഭിനയ രാജാവ് ലിയര്‍ണാഡോ ഡികാപ്രിയോ ഒരിക്കല്‍ പറഞ്ഞത് ഷാരൂഖ് ഖാന്റെ കൂടെ അഭിനയിച്ചാല്‍ തന്റെ പ്രശസ്തി ഇനിയും വര്‍ദ്ധിക്കുമെന്നാണ്. പ്രതിഭാശാലിയായ സിനിമാതാരം എന്ന് ഷാരൂഖിനെ വിശേഷിപ്പിച്ചത് ടൈറ്റാനിക്കും ടെര്‍മിനെറ്ററും അവതാറും പോലുള്ള ഹോളിവുഡ് ഹിറ്റുകള്‍ സമ്മാനിച്ച വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍; ഇന്ത്യയില്‍ മറ്റൊരു നടനും അതുവരെ കിട്ടാത്ത ഒരു അംഗീകാരം. നെഗറ്റീവ് ഇമേജുമായി സിനിമയിലേക്ക് പ്രവേശിച്ച ഷാരൂഖ് ഖാന് ബോളിവുഡും കടന്ന് ഹോളിവുഡ് പ്രഭുക്കള്‍വരെ വന്‍കരയുടെ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്നു. ഓസ്‌ട്രേലിയന്‍ നടന്‍ ജാക്ക് മാന്‍, പോപ്പ് താരം സായാണ് മാലിക്, നടി ക്രിസ്ത്യന്‍ സ്റ്റുവര്‍ട്ട് തുടങ്ങി ആരാധകരുടെ വന്‍ താരനിരയുണ്ട് ഇന്ത്യയ്ക്ക് അപ്പുറം. സിനിമയുടെ എണ്ണം കുറച്ച്, അഭിനയത്തിന് ഇടവേളയെടുത്തു, ബോളിവുഡിനെ ഇളക്കിമറിക്കാന്‍ പുതിയ നായകര്‍ വന്നു. പക്ഷേ, ബോളിവുഡിന്റെ കിംഗ് ഇന്നും ഷാരൂഖ് ഖാന്‍ തന്നെ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വന്ന് ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് നായകനായി മാറിയ ബാദുഷായുടെ ബോളിവുഡ് സിംഹാസനത്തിന് ഇന്നും ഇളക്കമില്ല. ആ സിനിമാ പ്രവേശത്തിന് 30 വര്‍ഷം തികഞ്ഞിരിക്കുന്നു. 1992 ജൂണിലാണ് കന്നിച്ചിത്രം ദീവാന പുറത്തിറങ്ങുന്നത്.

നോവിന്റെ മുള്ളുകള്‍ പടര്‍ന്ന കൗമാരം 

ഭൂതകാലം പകര്‍ന്ന നോവുകളുടെ ഒരു കടല്‍ദൂരമുണ്ട് പ്രേക്ഷകമനസ്സുകളുടെ ഹൃദയസിംഹാസനത്തിലേക്കുള്ള ആ യാത്രയ്ക്ക്. അവകാശപ്പെടാന്‍ സിനിമാ പാരമ്പര്യമില്ലാത്ത ഒരാള്‍ ആ സിംഹാസനം വെട്ടിപ്പിടിക്കുന്നതിനും മുന്‍പുള്ള ജീവിതത്തിനു താരതമ്യം കണ്ണീര്‍ നനവിനോടാണ്. കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടമായി. യൗവ്വനത്തില്‍ അമ്മയും. ആ വേദനയുടെ ഡിപ്രഷനില്‍ മുങ്ങിയ സഹോദരി മാത്രമായി പിന്നെ സ്വന്തം. അന്നത്തെ ആരുമില്ലായ്മയില്‍നിന്ന് ഒരുപാടുപേര്‍ സ്‌നേഹിക്കുന്ന ഇന്നത്തെ ഇടത്തേക്കു വളര്‍ന്നത് കണ്‍മുന്നില്‍ ലോകം കണ്ട വിസ്മയിപ്പിക്കുന്ന അതിസാധാരണ ജീവിതത്തിലൂടെ. അച്ഛന്‍ മീര്‍ താജ് മുഹമ്മദ് ഖാന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ അംഗമായിരുന്ന ഷാനവാസ് ഖാന്റെ വളര്‍ത്തു മകള്‍ ലത്തീഫ് ഫാത്തിമ ഖാന്‍ അമ്മ. 1965 നവംബര്‍ രണ്ടിനാണ് ഷാരൂഖിന്റെ ജനനം. മുത്തശ്ശിയിട്ട പേര് അബ്ദു റഹ്മാന്‍. പിതാവാണ് ഷാരൂഖ് ഖാന്‍ എന്ന പേര് നല്‍കുന്നത്. പഠിക്കാന്‍ മിടുക്കന്‍. ഡല്‍ഹി സെന്റ് കൊളോമ്പോ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

എന്നാല്‍, ഷാരൂഖിന് 15 വയസ്സുള്ളപ്പോള്‍ പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു. അതോടെ ദുരിത ജീവിതകാലം തുടങ്ങി. പിതാവ് മരിച്ച ദിവസം സഹോദരി ഷഹനാസ് ലാലാറുഖ് ഖാന്റെ മനസ്സും പാതി മരിച്ചു. മൃതദേഹത്തിനരികില്‍നിന്നു നിലത്തുവീണു പിടഞ്ഞ അവര്‍ പിന്നെ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. വര്‍ഷങ്ങള്‍ നീണ്ട വിഷാദരോഗ ജീവിതത്തിന്റെ തുടക്കമായിരുന്നു ആ ആഘാതം. ഏറെ സ്മാര്‍ട്ടായ ഷഹനാസ് ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം രോഗിയായി മാറി. 1991ല്‍ അമ്മയും മരിച്ചതോടെ സഹോദരങ്ങള്‍ക്കു പരസ്പരം തണല്‍ അവര്‍ മാത്രമായി എന്നതുകൂടി ഓര്‍ക്കുമ്പോഴാണ് ഷഹനാസിന്റെ മൗനം അനിയനെ എത്രയോ അധികം ഒറ്റപ്പെടുത്തി എന്നു മനസ്സിലാവുക. അമ്മയുടെ മരണം കുറെ നാള്‍ ഷാരൂഖിനേയും ഡിപ്രഷനിലാഴ്ത്തി. അതിനിടയില്‍ ഉള്ളില്‍ ഒന്നുണ്ടായിരുന്നു, അടങ്ങാത്ത അഭിനയ മോഹം. അതു സാക്ഷാല്‍ക്കരിക്കാന്‍ സഹോദരിയേയും ഒപ്പം കൂട്ടി ആ അനാഥ യുവാവ് മുംബൈയിലേക്ക് കൂടുമാറി. അതിനു മുന്‍പ് ഷാരൂഖ് ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു.
 
ബോളിവുഡ് അരങ്ങേറ്റം 

അമിതാഭ് ബച്ചന്‍ യുഗവും കടന്നു താരപുത്രന്മാര്‍ ആധിപത്യം തുടരുന്ന തൊണ്ണൂറുകളുടെ തുടക്കം. അനില്‍ കപൂറും ഋഷി കപൂറും സണ്ണി ഡിയോളും സഞ്ജയ് ദത്തുമൊക്കെ ഹിന്ദിയില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന കാലം. അതിനിടെ രണ്ടു ഖാന്‍മാര്‍ കൂടി ബോളിവുഡില്‍ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും. ആമിറിന്റെ പിതാവ് സിനിമാ നിര്‍മ്മാതാവ്. സല്‍മാനാകട്ടെ, തിരക്കഥാകൃത്തിന്റെ മകനും.

ഇവര്‍ക്കിടയിലേക്കാണ് സിനിമാ പാരമ്പര്യമോ ശരീരസൗന്ദര്യമോ ഇല്ലാതെ, ചീകിയാല്‍ ഒതുങ്ങാത്ത കൊലുന്ന തലമുടിയുമായി ഷാരൂഖ് ബോളിവുഡിലേക്ക് കടക്കുന്നത്. ചില സീരിയലുകളില്‍ മുന്‍പ് അഭിനയിച്ച പരിചയം മാത്രം. ഹേമ മാലിനി സംവിധാനം ചെയ്ത 'ദില്‍ ആഷ്‌നാ'യാണ് ആദ്യം അഭിനയിച്ച ചിത്രമെങ്കിലും റീലിസ് ആയ സിനിമ ദീവാനയാണ്. അനില്‍ കപൂറും ശ്രീദേവിയും തിളങ്ങിയ 'മിസ്റ്റര്‍ ഇന്ത്യ' എന്ന ഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന രാജ് കന്‍വാരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദീവാന. ഋഷി കപൂര്‍ നായകനായ സിനിമയില്‍ രണ്ടാം നായകനായാണ് കിംഗ് ഖാന്റെ വരവ്. ദിവ്യ ഭാരതിയുടെ രണ്ടാം ഭര്‍ത്താവിന്റെ വേഷം. മറ്റൊരു നടനെയായിരുന്നു ഈ ചിത്രത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ, എങ്ങനെയോ മാറിയ സാഹചര്യങ്ങള്‍ പിന്നീട് ആ അവസരം ഷാരൂഖിനു നല്‍കി.

നടി ശ്രീദേവിയുടെ അസാമാന്യ രൂപസാദൃശ്യവുമായി ദിവ്യഭാരതി ബോളിവുഡിലും ടോളിവുഡിലും താരറാണിയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് 'ദീവാന'യില്‍ ഷാരൂഖ് രണ്ടാം നായകനാവുന്നത്.

മെലഡിയുടെ രാജ്ഞി അല്‍ക്ക യാഗ്‌നിക്കിന്റെ മാസ്മര ശബ്ദത്തില്‍ 'ഐസീ ദീവാനഗി' എന്ന പാട്ടും ഷാരുഖ്  ദിവ്യ ഭാരതി ജോഡി ഹിറ്റാക്കി. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവര്‍ഡും ഷാരൂഖ് ഈ ചിത്രത്തിലൂടെ നേടി. ആ വര്‍ഷം മറ്റ് നാല് സിനിമകളില്‍ക്കൂടി വേഷമിട്ടു.

പ്രതി നായകന്മാര്‍ 

റൊമാന്റിക് നായകന്മാരായും ആക്ഷന്‍ ഹീറോകളായും ബോളിവുഡില്‍ വിലസാന്‍ ചോക്ലേറ്റ് കുമാരന്മാര്‍ കാത്തുനില്‍ക്കുമ്പോഴാണ് നെഗറ്റീവ് ഇമേജുള്ള നായകന്റെ കഥയുമായി 1993 'ബാസിഗര്‍' പിറക്കുന്നത്. കുട്ടിക്കാലത്തെ ദുരന്തത്തിനു പകരം വീട്ടാന്‍ പ്രതികാരദാഹിയായി കൊലപാതകം ചെയ്യുന്ന നായകന്‍. അല്പം പാളിപ്പോയാല്‍ വില്ലന്‍ റോളിലേക്ക് കൂടു മാറിപ്പോകാമായിരുന്ന കഥ. ആരും അഭിനയിക്കാന്‍ രണ്ടു വട്ടം ആലോചിക്കും. സല്‍മാന്‍ ഖാനെയായിരുന്നു ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചത്. എന്നാല്‍, നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം ചെയ്താല്‍ തന്റെ ഇമേജ് തകരുമെന്ന ആശങ്കയില്‍ സല്‍മാന്‍ പിന്‍വലിഞ്ഞു. തുടര്‍ന്ന് കഥ കേട്ട് കൗതുകം തോന്നിയ ഷാരൂഖ് സിനിമ സ്വീകരിച്ചു. അജയ് ശര്‍മ്മയായും വിക്കി മല്‍ഹോത്രയായും ചതുരംഗം കളിക്കുന്ന നായകന്റെ പ്രതികാരബുദ്ധി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷാരൂഖ്  കജോള്‍ ഹിറ്റ് ജോഡിയുടെ തുടക്കം കൂടിയായിരുന്നു സിനിമ.

ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍

നെഗറ്റീവ് ഇമേജുകളുടെ തെരഞ്ഞെടുക്കല്‍ അവിടെയും തീര്‍ന്നില്ല. ആ വര്‍ഷം തന്നെയാണ് ഭ്രാന്തന്‍ കാമുകന്റെ കഥ പറഞ്ഞു 'ദര്‍' ഇറങ്ങിയത്. സണ്ണി ഡിയോലാണ് നായകന്‍. നായിക ജൂഹി ചൗളയും. സ്വന്തം ചോരയില്‍ മുക്കി നായികയുടെ പേരെഴുതുന്ന രാഹുല്‍ മെഹ്‌റ എന്ന ഭ്രാന്തന്‍ കാമുകനായി ഷാരൂഖും. വിവാഹശേഷവും നായികയെ വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന വില്ലന്‍ ഷാരൂഖിന്റെ അസാമാന്യ പ്രകടനത്തില്‍ സണ്ണിയും ജൂഹിയും നിഴലുകളായി. ഷാരൂഖിനു പകരക്കാരനായി ആരെയും ചിന്തിക്കാന്‍പോലും കഴിയാത്ത വിധമായിരുന്നു ദറിലെ വിസ്മയ പ്രകടനം. ആ ചിത്രത്തിലും പകരക്കാരനായാണ് ഷാരൂഖ് വന്നതെന്നത് മറ്റൊരു കൗതുകം. അജയ് ദേവ്ഗണും അമീര്‍ ഖാനും നിരസിച്ച വേഷം. ഇന്നും ഷാരൂഖിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് 'ദര്‍' ലെ വില്ലന്‍. തൊട്ടടുത്ത വര്‍ഷവും കിട്ടി അതിക്രൂരനായ വില്ലന്‍ വേഷം. അന്നത്തെ താരറാണി മാധുരി ദീക്ഷിതിനൊപ്പം 'ആംജാന്‍' എന്ന ചിത്രത്തിലെ വില്ലനും ഷാരൂഖിന്റെ മാസ്മരിക അഭിനയത്തില്‍ ശ്രദ്ധേയമായി.

റൊമാന്റിക് കിംഗിലേക്ക് ചുവട് 

കുമാര്‍ സാനുവും ഉദിത് നാരായണനും അല്‍ക്ക യാഗ്‌നിക്കും പാട്ടുകളിലൂടെ തരംഗം സൃഷ്ടിക്കുമ്പോഴാണ് ഷാരൂഖ് റൊമാന്റിക് നായകനായി ചുവടുമാറുന്നത്. ഇവരുടെ മികച്ച പാട്ടുകളുടെ അകമ്പടിയും ബാസിഗറിലും ദര്‍ലുമെല്ലാം ഷാരൂഖിന് മുതല്‍ക്കൂട്ടായിരുന്നു. 1995ല്‍ സല്‍മാന്‍ ഖാനോടൊപ്പം 'കരണ്‍ അര്‍ജുന്‍' എന്ന ഹിറ്റ് സിനിമ പിറന്നു. ആ വര്‍ഷം തന്നെ നിത്യഹരിത പ്രണയഗാഥയായി ആദിത്യ ചോപ്രയുടെ 'ദില്‍വാല ദുല്‍ഹാനിയ ലെ ജായേങ്കെ' വന്നു. ഗാഢ പ്രണയങ്ങള്‍ അനായാസം, ശരീരംകൊണ്ടുമാത്രമല്ല, ഹൃദയംകൊണ്ടുകൂടി അഭിനയിച്ച് ഇന്ത്യയുടെ റൊമാന്റിക് നായകമുഖമായി ഷാരൂഖ് മാറിയത് പൊടുന്നനെയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം 'ദില്‍വാല ദുല്‍ഹാനിയ ലെ ജായേങ്കെ' മാറ്റിയെഴുതി. ഈ സിനിമാ രാജ്യവും കടന്നു ജനപ്രീതി നേടി. ഇന്ത്യന്‍ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കാലം ഓടിയ ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. എക്കാലത്തേയും മികച്ച ജോഡികളിലൊന്നായി ഷാരൂഖ് ഖാന്‍ കജോള്‍ മാറി. ബോളിവുഡിന്റെ കിംഗ് ഖാന്‍ അവിടെ പിറന്നു.

അലസമുടിയുമായി നെഗറ്റീവ് വേഷങ്ങളില്‍നിന്ന് അയാള്‍ എത്ര പെട്ടെന്നാണ് ഇന്ത്യയുടെ റൊമാന്റിക് കിംഗായി മാറിയത്. കജോളും ഷാരൂഖും തകര്‍ത്തഭിനയിച്ച സിനിമയിലെ പാട്ടുകള്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ഒരു ജനതയുടെ കാതുകള്‍ ഏറ്റുവാങ്ങി. ലതാ മങ്കേഷ്‌കറുമൊത്ത് കുമാര്‍ സാനു പാടിയ 'തുജേ ദേഖാ തായേ...' എന്ന ഗാനം ഇന്നും നിത്യഹരിതം, മനോഹരം.

പിന്നെയും എത്രയോ സിനിമകളില്‍ കുമാര്‍ സാനുവിന്റേയും ഉദിത് നാരായണിന്റേയുമെല്ലാം ശബ്ദം ഷാരൂഖിന്റെ നായകന്മാര്‍ക്ക് അകമ്പടിയേകി. റൊമാന്റിക് വേഷങ്ങള്‍ പിന്നെയും പിന്നെയും ഷാരൂഖിനെ തേടിയെത്തി, 'ദില്‍ തോ പാഗല്‍ ഹേ', 'കുച്ച് കുച്ച് ഹോത്താ ഹേ' തുടങ്ങി ത്രികോണ പ്രണയകഥയിലും നായകനായി. അതും കഴിഞ്ഞാണ് ദുരന്ത പ്രണയ കഥയായ ദേവദാസ് വീണ്ടും സിനിമയാവുന്നത്. സഞ്ജയ് ലീല ബന്‍സാലി പുനരാവിഷ്‌കരിച്ച സിനിമയില്‍ ദേവദാസ് എന്ന ദുരന്തനായകനായി ഷാരൂഖ് തകര്‍ത്താടി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യപാക് പ്രണയകഥ പറയുന്ന വീര്‍സാറായിലെ നായകനെ നോക്കൂ, തടവറയില്‍ കിടക്കുന്ന ഷാരൂഖിന്റെ മുഖംപോലും അസാമാന്യ ഭാവങ്ങളായി. മുഹബഥേയ്ന്‍. കല്‍ ഹോ ന ഹോ , ദില്‍ സെ തുടങ്ങി എത്രയെത്ര ചിത്രങ്ങള്‍.

കഥാപാത്രങ്ങളിലേക്ക് ഇഴുകിച്ചേരല്‍ 

നര്‍മ്മവും റൊമാന്‍സും ആക്ഷനും ആളുന്ന വേദനയുമെല്ലാം ഒരുപോലെ അഭിനയിക്കാനുള്ള അസാമാന്യ കഴിവുണ്ട് ഷാരൂഖ് ഖാന്. അതുകൊണ്ട് തന്നെയാണ് 30 വര്‍ഷമായിട്ടും ബോളിവുഡ് സിംഹാസനം ഇന്നും അദ്ദേഹത്തിനു സ്വന്തമായുള്ളത്. ബാസിഗറിലും ദര്‍ലുമൊക്കെ നെഗറ്റീവ് ഇമേജുമായി നിന്ന അതേ വര്‍ഷം തന്നെയാണ് 'രാജു ബാന്‍ ഗയാ ജെന്റില്‍മാന്‍' എന്ന ചിത്രം ചിരി പടര്‍ത്തിയത്. റൊമാന്റിക് നായകനായി മാറുന്ന അതേ കാലത്തുതന്നെയാണ് കൊയ്‌ലായിലെ മൂക കഥാപാത്രമായി വേദന തിന്നത്, പ്രേക്ഷകരെ നൊമ്പരത്തീയില്‍ പൊള്ളിച്ചത്. ഇന്ത്യയുടെ ശ്രദ്ധേയ കായികവിനോദമായ ഹോക്കി താരങ്ങളുടെ കഥ പറയുന്ന 'ചക് ദേ ഇന്ത്യ' എത്ര പൊടുന്നനെയാണ് ദേശവികാരമായി മാറിയത്. ഓട്ടിസം ബാധിച്ചവനായി ഉള്ളുലയ്ക്കുകയായിരുന്നു കിംഗ് ഖാന്റെ 'മൈ നെയിം ഈസ് ഖാന്‍.' അമേരിക്കയില്‍ വേള്‍ഡ് ട്രെയിഡ് സെന്റര്‍ തകര്‍ന്നപ്പോള്‍ ഡോണ്‍ലൂടെ ആക്ഷന്‍ കിംഗായും മാറി. ചരിത്ര നായകനാവാന്‍ ഒരു ആകാരവടിവോ ഗാംഭീര്യമോ ഇല്ലാതെയാണ് അശോകയില്‍ അഭിനയിക്കുന്നത്. രാജാവിന്റെ രൂപസാദൃശ്യങ്ങളൊന്നും ഷാരൂഖിന്റെ ഈ വേഷത്തില്‍ കാണില്ല ആദ്യം. എന്നാല്‍, അസാമാന്യ അഭിനയവുമായി ഖാന്‍ അശോകയിലും മനം കവര്‍ന്നു. എന്നാല്‍, ആ സിനിമ ബോക്‌സ്ഓഫീസില്‍ പൊളിഞ്ഞു.

തൊണ്ണൂറുകളില്‍ കിംഗ് ഖാന്റെ ഹിറ്റുകള്‍ നിരവധി പിറന്നു. 2001ന്റെ തുടക്കം പാളി. അശോകയും വണ്‍ ടു കെ ഫോറും ബോക്‌സ്ഓഫീസില്‍ തകര്‍ന്നു. 2010ല്‍ ഒറ്റ രാത്രികൊണ്ട് ബോളിവുഡ് ഒരു താരോദയം കണ്ടു. 'കഹോന പ്യാര്‍ ഹേ' എന്ന ഒറ്റ ചിത്രത്തിലൂടെ ഹൃഥ്വിക് റോഷന്‍ വരവറിയിച്ചു. ഖാന്‍ ത്രയങ്ങള്‍ ഇളകിത്തുടങ്ങി. ഷാരൂഖിന്റേയും പുതിയ സിനിമകള്‍ തകര്‍ന്നു. എന്നാല്‍, കിംഗ് ഖാന്‍ ചുവടു മാറി. പിന്നെ ആ സിംഹാസനം കൂടുതല്‍ ഉറപ്പിക്കുന്നതിനാണ് ബോളിവുഡ് സാക്ഷിയായത്. ദേവദാസ്, കല്‍ ഹോ ന ഹോ, വീര്‍ സാറാ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം തുടങ്ങി എത്ര സിനിമകള്‍. 2018ല്‍ സീറോയ്ക്ക് ശേഷം സിനിമയില്‍ ഇടവേളയെടുത്ത ഖാന്റെ പകിട്ടിനു പിന്നെയും കുറവ് വന്നില്ല.

നായികമാര്‍ 

ദിവ്യഭാരതിയുടെ നായകനായി തുടങ്ങിയ ഷാരൂഖിന് പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അക്കാലത്തെ താ റാണിമാരായ ശ്രീദേവിയും ജൂഹി ചൗളയും മാധുരി ദീക്ഷിതുമൊക്കെ കിംഗ് ഖാന്റെ നായികമാരായി. തുടര്‍ന്ന് ഭാഗ്യജോഡിയായ കാജോളുമായി ചേര്‍ന്ന് എത്ര ഹിറ്റുകള്‍ ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ചു. ബോളിവുഡ് മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച ജോഡികളായി ഷാരൂഖ്  കജോള്‍ സഖ്യം മാറിയത് പൊടുന്നനെയാണ്.

ഹിന്ദി സിനിമയില്‍ മുന്‍നിരയിലെത്തുന്ന നടിമാരെല്ലാം കിംഗ് ഖാന്റെ നായികമാരായി. ഐശ്വര്യ റായ്, റാണി മുഖര്‍ജി, പ്രീതി സിന്റ, മനീഷ കൊയ്‌രാള, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ദീപിക പദുകോണ്‍, ആലിയാ ഭട്ട് തുടങ്ങി... ഓരോ കാലത്തേയും താരറാണിമാര്‍ക്കൊപ്പം ഷാരൂഖിന്റെ സിനിമകള്‍ പിറന്നു. ഒടുവില്‍ അറ്റ്‌ലീയുടെ ജവാനില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയിലെത്തിനില്‍ക്കുന്നു ഷാരൂഖിന്റെ നായകന്‍. താരപ്പകിട്ടില്‍ നില്‍ക്കുമ്പോഴും ഖാനെതിരെ വേട്ടയാടലുകളും വിവാദങ്ങളുമൊക്കെ പതിവാണ്. മൈ നെയിം ഈസ് ഖാനില്‍ അഭിനയിച്ച ശേഷം അമേരിക്കയിലെ വിമാനത്താവളത്തില്‍ അതുപോലെ ഖാനേയും തടഞ്ഞു വെച്ചു. ദില്‍സേയില്‍ അഭിനയിക്കുമ്പോള്‍ അധോലോക നായകനായ ചോട്ടാ ഷക്കീലിന്റെ ഭീഷണി വന്നു. ഒടുവില്‍ മൂത്ത മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത് കോളിളക്കം സൃഷ്ടിച്ചതും ഈയടുത്ത്. 

പിന്നെയും തുടര്‍ന്നു ഖാനെതിരെ ആക്ഷേപങ്ങള്‍. പ്രശസ്ത ഗായിക ലത മങ്കേഷ്‌ക്കറുടെ മൃതദേഹത്തിനരികെ പ്രാര്‍ത്ഥിച്ച കിംഗ് ഖാന്‍ മൃതദേഹത്തില്‍ തുപ്പിയെന്ന ആക്ഷേപവും ഉയര്‍ന്നു. അതിനെതിരെയുമുണ്ടായി സൈബര്‍ ആക്രമണങ്ങള്‍. പക്ഷേ, അതിലൊന്നും തളര്‍ന്നു പോകാതിരിക്കാനുള്ള അനുഭവക്കരുത്ത് എന്നേ നേടിക്കഴിഞ്ഞല്ലോ ഇന്ത്യയുടെ 'എസ്.ആര്‍.കെ.'

തികഞ്ഞ വിശ്വാസിയാണ് ഷാരൂഖ്. കുടുംബ ജീവിതം മതേതര മാതൃകയും. സിനിമയില്‍ വരുന്നതിനു മുന്‍പേ ഒരുമിച്ചു ജീവിതം തുടങ്ങിയ പങ്കാളി ഗൗരി ഖാന്‍ നല്ലൊരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ് ഹിന്ദുമുസ്‌ലിം വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുന്ന ഇവര്‍ക്ക് ആര്യന്‍ ഖാനെക്കൂടാതെ സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നീ മക്കളുമുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com