അരങ്ങ് കാണാത്ത ആഘോഷങ്ങള്‍
By വിജയകൃഷ്ണന്‍ | Published: 01st February 2022 03:34 PM |
Last Updated: 01st February 2022 03:34 PM | A+A A- |

ആഘോഷങ്ങളുടെ രഥഘോഷയാത്രകള്‍ക്ക് രാജവീഥികള്‍ സജ്ജമാക്കിക്കൊണ്ടാണ് രണ്ടായിരത്തി ഇരുപതിന്റെ തിരശ്ശീലയുയര്‍ന്നത്. എന്നാല്‍, കൊമ്പും കുഴല്‍വിളിയുമായി വിളംബരജാഥ കാല്‍കുത്തി നീങ്ങിയതേയുള്ളൂ, ചരിത്രം അന്നോളം കണ്ടിട്ടില്ലാത്ത അന്ധകാരം എല്ലാ കാഴ്ചകളേയും മറച്ചു. രാജവീഥിയുടെ ഇരുപുറവും കാത്തുനിന്ന ജനാവലിയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ശൂന്യത നിറഞ്ഞു. ആഘോഷങ്ങളുടെ പെരുമ്പറയൊച്ചകള്‍ നിശബ്ദതയില്‍ വിലയം പ്രാപിച്ചു. എത്ര വേഗമാണ് ആഹ്ലാദോന്മാദത്തിന്റെ ആര്‍പ്പുവിളികള്‍ ഭീതിയുടെ വിഹ്വലനാദങ്ങളായി പരിണമിച്ചത്! ഏതാനും മാസങ്ങളുടെ സമ്പൂര്‍ണ്ണ നിഷ്‌ക്രിയതയ്ക്കുശേഷം മെല്ലെമെല്ലെ ചലനങ്ങളുടെ വീണ്ടെടുപ്പ് ആരംഭിച്ചെങ്കിലും ആഘോഷങ്ങളെല്ലാം അപ്പോഴും കാണാമറയത്ത് ഒഴിഞ്ഞുനിന്നതേയുള്ളൂ. എത്ര സുവര്‍ണ്ണജൂബിലികള്‍, രജതജൂബിലികള്‍, സപ്തതികള്‍, നവതികള്‍, ശതാബ്ദികള്‍... എത്ര ഉദ്ഘാടന മഹാമഹങ്ങള്‍, എത്ര പ്രദര്‍ശന തിരയിളക്കങ്ങള്‍, കാല്‍ച്ചിലമ്പൊലി ഉയരുന്ന വേദികള്‍... സര്‍വ്വതും നഷ്ടസ്വപ്‌നങ്ങളായി പരിണമിച്ചു.
കേരളത്തിലെ രണ്ടുതരം ചലച്ചിത്രപ്രേമി കളില്‍നിന്നും ഉയര്‍ന്നത് ഒരേ നെടുവീര്‍പ്പായിരുന്നു. കാരണം തുലോം വ്യത്യസ്തമായിരുന്നെങ്കിലും. അടിപൊളിയുടെ ആരാധകര്‍ മാസങ്ങളായി കാത്തിരുന്ന കോടികളുടെ കിലുക്കമുള്ള വിനോദവിസ്ഫോടനങ്ങള്‍ കാത്തിരിപ്പ് തന്നെ ബാക്കിവച്ചതുകൊണ്ടാണെങ്കില്‍, കലാസിനിമയുടെ ഉപാസകര്‍ക്കു നഷ്ടമായത് ശബരീശ സന്നിധിയിലെത്താന്‍ വ്രതം നോറ്റ് കാത്തിരിക്കുന്ന ഭക്തരെപ്പോലെ കൊല്ലം മുഴുവന്‍ അവര്‍ ഉറ്റുനോക്കിയിരിക്കുന്ന രണ്ടു ചലച്ചിത്രമേളകളാണ്. ഇത്തരത്തില്‍ അലസിപ്പോയ ചലച്ചിത്രാഘോഷങ്ങളിലൊന്നത്രേ സംസ്ഥാന അവാര്‍ഡുകളുടെ അന്‍പതാം വര്‍ഷത്തിന് ചലച്ചിത്ര അക്കാദമി പദ്ധതിയിട്ട ആ മഹാമഹം. 1969-ലാണ് ആദ്യമായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തപ്പെടുന്നത്. 1969-ലെ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ 1970-ല്‍ വിതരണം ചെയ്യപ്പെട്ടു. 2019-ലെ അവാര്‍ഡുകള്‍ 2020-ല്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ അന്‍പതാണ്ടുകള്‍ പൂര്‍ത്തീകരിക്കപ്പെടുകയായി. 1969-ല്‍ ആരംഭം കുറിക്കപ്പെട്ടത് അവാര്‍ഡുകള്‍ക്ക് മാത്രമല്ല, അവാര്‍ഡുകളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും കൂടിയാണ്. ജീവിതഗന്ധിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരുപിടി ചിത്രങ്ങളുണ്ടായിരിക്കെ ഒരു സാദാ പുണ്യപുരാണചിത്രം മാത്രമായ 'കുമാരസംഭവ'മാണ് മികച്ച ചിത്രമായി പ്രഖ്യാപിക്കപ്പെട്ടത്. നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ സത്യന്‍ തന്നെ ഇതിനെതിരെ പ്രതിഷേധസ്വരമുയര്‍ത്തി. ആക്ഷേപങ്ങള്‍ക്ക് ഒരു ജൂറിയംഗം കൊടുത്ത മറുപടി സിനിമയുടെ മാത്രമല്ല, സിനിമാവബോധത്തിന്റേയും ശൈശവാവസ്ഥയെ ബോധ്യപ്പെടുത്താന്‍ പോന്നതത്രേ. സാക്ഷാല്‍ കാളിദാസന്റെ കഥയെ ഉപജീവിച്ചല്ലേ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യമായിരുന്നു മറുപടിയായി ഉയര്‍ത്തിക്കാട്ടിയത്. ഇങ്ങനെയൊരു അനുഭവമുണ്ടായതുകൊണ്ടാവണം, രണ്ടാം അവാര്‍ഡില്‍ കുറച്ചുകൂടി അവധാനത പുലര്‍ത്താന്‍ അധികാരികള്‍ നിഷ്‌കര്‍ഷ വച്ചു. നേര്‍വഴിക്കു നീങ്ങാനുള്ള മറ്റൊരു പ്രേരണ 'ഓളവും തീരവും' നേടിയെടുത്ത നിരൂപക അംഗീകാരങ്ങളാണ്. ആദ്യ അവാര്‍ഡിന്റെ സംഘാടകര്‍ വ്യവസായവകുപ്പായിരുന്നുവെങ്കില്‍ കുറച്ചുകൂടി ഉചിതമായ ഒരു ഉത്തരവാദകേന്ദ്രത്തിലേക്ക് അവാര്‍ഡിന്റെ സംഘാടനം പറിച്ചുനടപ്പെട്ടു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനായി രണ്ടാം വട്ടം തൊട്ട് അതിന്റെ ചുമതല. (ചലച്ചിത്ര അക്കാദമിയുടെ രക്ഷാകര്‍ത്തൃത്വത്തിലേക്ക് അതു വരുന്നത് പിന്നെയും ഏറെ കഴിഞ്ഞാണ്.)

1970 വ്യത്യസ്തമായ ഒരു സിനിമാവര്‍ഷമാവുന്നത് 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ സാന്നിധ്യം മൂലമത്രേ. പുറത്തുവന്ന കാലത്തുതന്നെ നിരൂപകര്‍ അതിന്റെ മേന്മ തിരിച്ചറിഞ്ഞു. കോഴിക്കോടന്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലും വി. ശശിധരന്‍ 'കേരളകൗമുദി'യിലും അതിന്റെ വ്യത്യസ്തതയും കലാമേന്മയും വേണ്ടുംവണ്ണം എടുത്തുകാട്ടി. 'കുങ്കുമം വാരിക'യിലും വന്നു നല്ലൊരു നിരൂപണം. നിരൂപകന്റെ പേര് പി. പദ്മരാജന്‍. വഴിയേ ദല്‍ഹി മലയാളി സമാജത്തിന്റെ അവാര്‍ഡും അതിനെ തേടിയെത്തി. അതിനാല്‍, രണ്ടാമത് സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച ചിത്രമായി 'ഓളവും തീരവും' തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതമില്ലെന്നു പറയാം. എന്നാല്‍, ആ വര്‍ഷം പുറത്തിറങ്ങിയ രണ്ടു മികച്ച ചിത്രങ്ങളെ മികച്ച രണ്ടാമത്തെ ചിത്രവും മൂന്നാമത്തെ ചിത്രവുമായി തിരഞ്ഞെടുത്തതില്‍ ഉചിതജ്ഞതയുണ്ടെന്ന കാര്യം കാണാതിരുന്നുകൂടാ. മധു സംവിധാനം ചെയ്ത കന്നിച്ചിത്രമായ 'പ്രിയ' മികച്ച രണ്ടാമത്തെ ചിത്രമായും കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'അരനാഴികനേരം' മൂന്നാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഈ മൂന്നു ചിത്രങ്ങളുമുണ്ടായിരിക്കെ, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയത് കാമ്യമായ ഗുണാംശങ്ങള്‍ യാതൊന്നുമില്ലാത്ത, വെറുമൊരു സാധാരണ നേരംകൊല്ലി മാത്രമായ 'എഴുതാത്ത കഥ'യാണെന്ന കഥയും ഓര്‍ക്കേണ്ടതുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന് അത്ഭുതം കൂറുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയും. മികച്ച മൂന്നു ചിത്രങ്ങളും ഡല്‍ഹിയിലെത്തിയില്ല എന്നതുതന്നെയാണ് കാരണം. അക്കാലത്ത് ചെന്നൈയില്‍ വച്ചൊരു പ്രാദേശിക തിരഞ്ഞെടുപ്പുണ്ടായിരുന്നു. സിനിമാവ്യവസായികളുടെ പ്രതിനിധികള്‍ മാത്രമായിരുന്നു ഇതില്‍ ജൂറി അംഗങ്ങളായി എത്തിയിരുന്നത്. കലാപരതയുടെ ബാലപാഠങ്ങളറിയാത്തവരും കച്ചവടസിനിമയിലെ പ്രമാണിമാരുടെ വിധേയരുമായിരുന്നു അവര്‍. രണ്ടു കൊല്ലം കഴിയുമ്പോള്‍ ഇവര്‍ തഴഞ്ഞ ഒരു ചിത്രത്തെ സ്വാധീനം ഉപയോഗിച്ചു ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്കു കഴിഞ്ഞു. അത് നാല് ദേശീയ അവാര്‍ഡുകള്‍ നേടുക മാത്രമല്ല, അനാരോഗ്യകരമായ ഈ ചെന്നൈ തിരഞ്ഞെടുപ്പ് അവസാനിപ്പിക്കാന്‍ നിമിത്തമാവുകയും ചെയ്തു. 'സ്വയംവര'മാണ് ഈ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം.
സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മൂന്നു ചിത്രങ്ങള്‍ തന്നെയാണ് അക്കൊല്ലം മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങള്‍. അവയോരോന്നും സുവര്‍ണ്ണജൂബിലി വാഴ്ത്തിന് സര്‍വ്വഥാ അനുയോജ്യമാണുതാനും. കാരണം, വ്യത്യസ്തമായ തരത്തില്‍ മലയാളസിനിമയുടെ വികാസചരിത്രത്തില്‍ അവ കൃത്യമായ പങ്കുവഹിക്കുന്നുണ്ട്.

ഒന്ന്
മലയാള സിനിമയുടെ ആധുനികതയിലേക്കുള്ള പരിണാമമാണ് 'സ്വയംവര'ത്തിലൂടെ സംഭവിച്ചതെങ്കില്‍, യാഥാര്‍ത്ഥ ചലച്ചിത്രഭാഷയുടെ ചാരുതകള്‍ ആദ്യമായി പരിചയപ്പെടുത്തുകയാണ് 'ഓളവും തീരവും' ചെയ്തത്. നല്ല സിനിമകള്‍ അതിനു മുന്‍പും മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, ദൃശ്യഭാഷയുടെ സാദ്ധ്യതകളിലേക്ക് കടന്നുകയറാന്‍ അവയ്ക്ക് കഴിഞ്ഞിരുന്നില്ല. ശീര്‍ഷകങ്ങള്‍ക്കു ശേഷം വരുന്ന ആദ്യ ഷോട്ടിലൂടെ തന്നെ 'ഓളവും തീരവും' ഈ സാദ്ധ്യതയിലേക്കുള്ള വാതില്‍ തുറക്കുകയാണ്. ചെണ്ടയില്‍ വന്നുപതിക്കുന്ന കോലുകളുടെ ആ അതിസമീപദൃശ്യം കാണുമ്പോള്‍ മലയാളത്തില്‍ ഇത്തരം എക്സ്ട്രീം ക്ലോസ്സപ്പുകള്‍ കണ്ടിട്ടില്ലല്ലോ എന്ന് നമുക്ക് തോന്നും. ശീര്‍ഷകങ്ങളോടൊപ്പം കേള്‍പ്പിക്കാതെ അതിനും മുന്നേ ഒരു പാട്ടു വരുന്നുണ്ടല്ലോ, എന്താണതിന്റെ പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാവും. ശരിയാണ്. ചിത്രത്തിന് നീളം കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികള്‍ ഇക്കാലത്ത് സുലഭമാണ്. അതുതന്നെയായിരുന്നു അന്ന് പി.എന്‍. മേനോന്‍ ചെയ്തത് എന്ന് സമ്മതിച്ചാലും, അത്ഭുതമെന്നു പറയട്ടെ, ഇന്നത് ഒട്ടും തന്നെ അസ്ഥാനസ്ഥിതമായി അനുഭവപ്പെടുന്നില്ല. ഒരു ശോകകാവ്യത്തിന്റെ ഉചിതമായ പ്രവേശികയായി മാറിയിട്ടുണ്ട് ആ ഗാനം. ഒരു മനുഷ്യജീവിയേയും കാട്ടാതെ പുഴയും പൂക്കളും പക്ഷികളും നിറയുന്ന ആ ദൃശ്യം 'രമണ'ന്റെ പ്രാരംഭത്തെ ഓര്‍മ്മിപ്പിക്കുന്നു.
അതിനു മുന്‍പും മലയാളസിനിമയില്‍ വാതില്‍പ്പുറ ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും പൂര്‍ണ്ണമായും വാതില്‍പ്പുറങ്ങളില്‍ വച്ച് ചിത്രീകരിക്കപ്പെട്ട ആദ്യചിത്രം 'ഓളവും തീരവു'മാണ്. അതുവരെ ഭേദപ്പെട്ട ചിത്രങ്ങളില്‍പ്പോലും സ്റ്റുഡിയോസെറ്റുകളില്‍ തെങ്ങിന്റേയും മറ്റു മരങ്ങളുടേയും കുടിലിന്റേയും മറ്റും ചിത്രങ്ങള്‍ വരച്ച തിരശ്ശീലകള്‍ക്കു മുന്നില്‍ വച്ച് ചിത്രീകരിക്കപ്പെട്ട രംഗങ്ങള്‍ സുലഭമായിരുന്നു. യാതൊരു യാഥാര്‍ത്ഥ്യപ്രതീതിയും ജനിപ്പിക്കാത്ത ജീവനറ്റ ദൃശ്യങ്ങളായിരുന്നു അവ. കൃത്രിമ പശ്ചാത്തലങ്ങളിലെ രംഗങ്ങള്‍ അനുവാചകനില്‍ ഉണര്‍ത്തുന്നത് വൈരസ്യം മാത്രമത്രേ. യഥാതഥമായ വാതില്‍പ്പുറങ്ങളിലേക്ക് ക്യാമറ കൊണ്ടുപോയതിന്റെ മനോജ്ഞമായ പ്രതിഫലനങ്ങളാണ് 'ഓളവും തീരവു'മിലെ ദൃശ്യാവലി.

അതേവരെ സിനിമയുടെ തനതായ ഭാഷ സിനിമയ്ക്ക് അന്യമായിരുന്നു എന്നു പറയാം. സ്റ്റേജിനെ ഓര്‍മ്മിപ്പിക്കുന്ന ഷോട്ടുകളായിരുന്നു എല്ലാ ചിത്രങ്ങളിലും. ഷോട്ടുകള്‍ രൂപപ്പെടുത്തുമ്പോള്‍ എങ്ങനെ സിനിമാറ്റിക് സ്വഭാവം കൊണ്ടുവരാം എന്നതിനെപ്പറ്റി അജ്ഞരായിരുന്നു മിക്കവരും. 'ഓളവും തീരവും' എന്ന ചിത്രത്തില്‍ ഉടനീളം സിനിമാറ്റിക്ക് ആയ ഷോട്ടുകള്‍ കാണാം. അന്നേവരെയുള്ള മലയാളസിനിമകള്‍ക്ക് ഫോര്‍മുലകളില്‍നിന്ന് ഒഴിഞ്ഞുമാറാനും കഴിഞ്ഞിരുന്നില്ല. അഞ്ചോ ആറോ പാട്ടുകള്‍, മേമ്പൊടിക്ക് ഹാസ്യം, രണ്ടോ മൂന്നോ സ്റ്റണ്ട് രംഗങ്ങള്‍, നെടുനെടുങ്കന്‍ സംഭാഷണങ്ങള്‍- ഇവയൊക്കെ ഏതു ചിത്രത്തിന്റേയും അനിവാര്യതകളായിരുന്നു. പാട്ടുകളൊഴിച്ചാല്‍ മറ്റു ഫോര്‍മുലാഘടകങ്ങളൊന്നും 'ഓളവും തീരവു' മില്‍ ഉപയോഗിച്ചിട്ടില്ല. പാട്ടുകള്‍ പോലും നായികാനായകന്മാര്‍ പാടുന്ന രീതിയിലൊന്നുമല്ല അവതരിപ്പിച്ചിരിക്കുന്നത്. കഥയുടെ പശ്ചാത്തലനിര്‍മ്മിതിക്ക് ഉതകുന്ന മട്ടിലാണ് അവയുടെ ചിത്രീകരണം. നാടന്‍ പാട്ടും മാപ്പിളപ്പാട്ടുമൊക്കെയാണ് ഇതില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തിന്റെ അന്ത്യഭാഗത്ത് കഥാഗതിക്ക് അനിവാര്യമായ ഒരു സംഘട്ടന രംഗമുണ്ട്. അതുപോലും ഏതെങ്കിലുമൊരു സ്റ്റണ്ട് മാസ്റ്റര്‍ സംവിധാനം ചെയ്തതല്ല. തികച്ചും സ്വാഭാവികവും യഥാതഥവുമായ ഒരു സംഘട്ടനമത്രേ അത്.
കലാസംവിധായകനായിരുന്നു 'ഓളവും തീരവും' സംവിധാനം ചെയ്ത പി.എന്‍. മേനോന്‍. ചിത്രകാരനായ മേനോന്‍ കലാസംവിധാനത്തിനു പുറമേ പോസ്റ്റര്‍ ഡിസൈനും ചെയ്തിരുന്നു. 'റോസി' എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് മേനോന്‍ പദമൂന്നിയത്. 'റോസി'യെ ഒരു മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു മികച്ച സംവിധായകനെ പ്രതീക്ഷിക്കാവുന്ന ചിത്രം എന്ന് വിശേഷിപ്പിക്കാം. മാത്രമല്ല, വാതില്‍പ്പുറ ചിത്രീകരണത്തിനുള്ള മേനോന്റെ അഭിരുചിയും സാമര്‍ത്ഥ്യവും 'റോസി'യില്‍ ദര്‍ശനീയവുമാണ്. 'ഓളവും തീരവും' മാധ്യമബോധമുള്ള ഒരു സംവിധായകനെ മലയാളത്തിനു പരിചയപ്പെടുത്തി. പ്രതിഭകളുടെ സംഗമമായിരുന്നു 'ഓളവും തീരവും.' പില്‍ക്കാലത്ത് സംവിധായകനെന്ന നിലയില്‍ പ്രശസ്തനായ പി.എ. ബക്കറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. സാഹിത്യത്തിലെന്നപോലെ തിരക്കഥാരചനയിലും പ്രാഗല്‍ഭ്യം തെളിയിച്ച എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ. 'അവള്‍' എന്ന കന്നിച്ചിത്രത്തിലൂടെ തന്നെ ഛായാഗ്രഹണ രംഗത്തെ വാഗ്ദാനം എന്ന പ്രതീക്ഷയുളവാക്കിയ മങ്കട രവിവര്‍മ്മയുടെ അന്യാദൃശമായ ഛായാഗ്രഹണവൈഭവം. ചിത്രത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരാതെ നിഷ്‌കര്‍ഷയോടെ ബാബുരാജ് പകര്‍ന്ന സംഗീതത്തിന്റെ മാധുര്യം. 'ചെമ്മീനി'ലെ പരീക്കുട്ടിയുടെ അപരനാമമായി മാറിയ മധു ആ കഥാപാത്രത്തെ പിന്നിലേക്ക് തള്ളി ബാപ്പുട്ടിയായി വേഷപ്പകര്‍ച്ച നല്‍കിയതിന്റെ ഹൃദ്യത. 'അവള്‍' എന്ന ചിത്രത്തിലൂടെ കടന്നുവന്ന് ശാലീനതകൊണ്ടും അഭിനയമികവുകൊണ്ടും നെബീസുവിന് സഹൃദയ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നല്‍കിയ ഉഷാനന്ദിനിയുടെ സാന്നിധ്യം. 'ഓളവും തീരവും' എന്ന ചിത്രത്തെ ആപാദചൂഡം മധുരോദാരമാക്കാന്‍ ഇങ്ങനെ എത്രയെത്ര കാമ്യവരപ്രസാദങ്ങള്‍!
ഓളത്തില്‍ പൊങ്ങുതടിപോലെ നീങ്ങിക്കൊണ്ടിരുന്ന ബാപ്പുട്ടി വിധിവശാല്‍ കണ്ടുമുട്ടാനിടവന്ന നെബീസുവില്‍ ഭാവിസ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നതും അതെല്ലാം ഒരു പ്രചണ്ഡവാതത്തില്‍ ചിതറിത്തെറിക്കുന്നതുമാണ് 'ഓളവും തീരവും' കരുണാര്‍ദ്രമായി പകര്‍ത്തുന്നത്. രോഗബാധിതനായ അബ്ദു മരണാസന്നനായ സമയത്ത് തന്നോടൊപ്പം തെരപ്പം തുഴയുന്ന ബാപ്പുട്ടിയോട് സ്വന്തം കഥ പറയുമ്പോള്‍ സഹോദരിയായ നെബീസുവിനെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠകള്‍ അതില്‍ നിഴലിട്ടുനില്‍ക്കുന്നുണ്ട്. വഴിപിഴച്ച ജീവിതം നയിക്കുന്നവളാണ് ഉമ്മ. ബാപ്പയുടെ മരണശേഷം താനങ്ങോട്ട് പോയിട്ടേയില്ലെന്ന് അബ്ദു പറയുന്നു. സഹോദരിയായ നെബീസുവിനെക്കുറിച്ചാണ് അയാളുടെ ഉല്‍ക്കണ്ഠകള്‍ മുഴുവന്‍. യൗവ്വനത്തിലേക്കു കടക്കുന്ന അവള്‍ ഉമ്മയോടൊപ്പം എത്രമാത്രം സുരക്ഷിതയായിരിക്കും എന്ന ആധി പങ്കുവച്ച ശേഷമാണ് അയാള്‍ അന്ത്യശ്വാസം വലിക്കുന്നത്. ആ മൃതശരീരം അയാള്‍ എന്നോ ഉപേക്ഷിച്ചുപോന്ന വാഴക്കടവത്ത് എത്തിക്കാനുള്ള ദൗത്യം ബാപ്പുട്ടിക്കാണ് ലഭിക്കുന്നത്. കടമ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്ന അയാളെ നെബീസുവിന്റെ കാതരരൂപം കൊളുത്തിവലിക്കുന്നു. അവരടുക്കുന്നു. നെബീസു അയാളില്‍ തന്റെ രക്ഷകനെ കണ്ടെത്തുന്നു. വിവാഹത്തിന് വേണ്ട പണവുമായി മടങ്ങിയെത്താം എന്ന് വാക്ക് കൊടുത്ത് അയാള്‍ യാത്രയാവുന്നു. പുതുപണക്കാരനായ കുഞ്ഞാലി വാഴക്കടവത്തെത്തിച്ചേരുന്നതോടെ തെളിഞ്ഞൊഴുകിയ കല്ലോലിനി കലങ്ങിമറിയുകയായി. കുഞ്ഞാലിക്ക് അനുഭവിക്കാന്‍ പാകത്തില്‍ നബീസുവിനെ ഒറ്റയ്ക്കാക്കി സൂത്രത്തില്‍ വീടൊഴിഞ്ഞു കൊടുക്കുന്നുണ്ട് ബീവാത്തുമ്മ. വാഴക്കടവത്തെത്തുന്ന ബാപ്പുട്ടി തകര്‍ന്നവശയായ നെബീസുവിനെയാണ് കാണുന്നത്. വിവരങ്ങളറിഞ്ഞ അയാള്‍ താനവളെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്നറിയിക്കുന്നു. പിന്നെ അയാള്‍ പ്രതികാരദാഹത്തോടെ കുഞ്ഞാലിയെ തേടിയിറങ്ങുന്നു. പ്രതികാരനിര്‍വ്വഹണത്തിനുശേഷം നെബീസുവിനെ സ്വീകരിക്കാനായി മടങ്ങിയെത്തുന്ന അയാള്‍ കാണുന്നത് ഓളങ്ങള്‍ കരയ്ക്കടുപ്പിച്ച അവളുടെ മൃതശരീരമാണ്.

കഥയുടെ ഈ രത്‌നച്ചുരുക്കം ഒരസാധാരണതയെക്കുറിച്ചും നമുക്കറിവ് തരുന്നില്ല. എന്നാല്‍, മിഴിവുറ്റ കഥാപാത്രങ്ങളെക്കൊണ്ടും കഥാസന്ദര്‍ഭങ്ങളെക്കൊണ്ടും സംഭവപരിണാമങ്ങളെക്കൊണ്ടും അസാധാരണത സൃഷ്ടിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്തിരിക്കുന്നത്. അഞ്ചുകൊല്ലം മുന്‍പ് 'മുറപ്പെണ്ണ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എം.ടി. വാസുദേവന്‍ നായര്‍ അതിനകം തന്നെ തിരക്കഥാരംഗത്തെ അനുപമത്വം വെളിപ്പെടുത്തിക്കഴിഞ്ഞിരുന്നു. 'മുറപ്പെണ്ണി'നുശേഷം എം.ടി. രചിച്ച നാലു തിരക്കഥകളില്‍ 'ഇരുട്ടിന്റെ ആത്മാവും' 'അസുരവിത്തും' പ്രമേയഗരിമകൊണ്ട് 'ഓളവും തീരവു'മിനെ അധ:കരിക്കുന്നുണ്ട്. എന്നാല്‍, സര്‍വ്വാംഗസുന്ദരമായ ചലച്ചിത്രകൃതിയായി രൂപാന്തരപ്പെട്ടത് 'ഓളവും തീരവും' തന്നെ. ഒരു പ്രണയകാവ്യത്തിന്റെ ചാരുത ഉടനീളം പുലര്‍ത്തുന്ന ചിത്രമാണ് 'ഓളവും തീരവും.' ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ഈ കാവ്യാത്മകതയ്ക്ക് മാറ്റേറ്റുന്നു. അന്നോളം മലയാളസിനിമ ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ചേതോഹരമായ ഛായാഗ്രഹണ മികവാണ് മങ്കട രവിവര്‍മ്മ ഈ ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ സാത്വികസാന്നിദ്ധ്യമാണ് രവിവര്‍മ്മ. 'ഓളവും തീരവു'മിലൂടെയാണ് അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച ഛായാഗ്രാഹകനായി ഉയരുന്നത്. പിന്നീട് കാലംകഴിയുംവരെ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായിത്തീര്‍ന്നു അദ്ദേഹം. അവയുടെ ദൃശ്യഭംഗിക്ക് തന്റേതായ സംഭാവന നല്‍കി. 'ഓളവും തീരവു'മിന്റെ ഔട്ട്‌ഡോര്‍ രംഗങ്ങള്‍ക്ക് വ്യത്യസ്തമായ ചാരുത പകര്‍ന്നതോടൊപ്പം ഇന്റീരിയര്‍ ലൈറ്റിങ്ങിലും ഒരപൂര്‍വ്വത സമ്മാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സ്ഥിരം അഭിനേതാക്കളെയല്ല മേനോന്‍ ഈ ചിത്രത്തില്‍ അണിനിരത്തിയിട്ടുള്ളത്. മണ്ണിന്റെ മണമുള്ള, ഭാവങ്ങളില്‍ കളവില്ലാത്ത ഒരു പിടി അഭിനേതാക്കള്‍. കഥാഭൂമികയില്‍ അവരാരും അന്യരാവുന്നില്ല. നായകനേയും നായികയേയും കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തില്‍ പരീക്കുട്ടിയുടെ ഒരാവര്‍ത്തനമല്ലേ ബാപ്പുട്ടി എന്നു തോന്നാം. പക്ഷേ, പരീക്കുട്ടിയെപ്പോലെ ഒരു ദുര്‍ബ്ബലമാനസനല്ല ബാപ്പുട്ടി. അടിച്ചാല്‍ തിരിച്ചടിക്കാന്‍ അയാള്‍ക്ക് കഴിയും. ആത്മാവില്‍ ആര്‍ദ്രതയുണ്ടെങ്കിലും കൈക്കരുത്തില്‍ ഒട്ടും മോശമല്ല അയാള്‍. എന്നാല്‍, അയാള്‍ക്ക് നേരിടേണ്ടിവരുന്നത് ദുരന്തമാണ്. പ്രേമപരാജയമാണ്. കാമുകന്റെ ഭിന്നഭാവങ്ങള്‍ മധു ഇതില്‍ അനായാസം ആവിഷ്‌കരിച്ചിരിക്കുന്നു. ആര്‍ദ്രമനസ്‌കനായും പ്രതികാരദാഹിയായും നിസ്സഹായനായും മധു നിഷ്പ്രയാസം പകര്‍ന്നാടുന്നു. 'അവള്‍' എന്ന ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത ഉഷാനന്ദിനിയാണ് നെബീസുവിന് രൂപഭാവങ്ങള്‍ പകരുന്നത്. ഈ ചിത്രത്തിലൂടെ ഉഷാനന്ദിനി വമ്പിച്ച പ്രതീക്ഷകളാണ് ഉയര്‍ത്തിയത്. അടൂരിന്റെ ആദ്യ ചിത്രമാവേണ്ടിയിരുന്ന 'കാമുകി'യിലും നായികാസ്ഥാനത്തായിരുന്നു അവര്‍. പിന്നീട് വളരെക്കുറച്ച് മലയാള ചിത്രങ്ങളില്‍ മാത്രമേ അവരെ കണ്ടുള്ളൂ. എന്നാല്‍, തമിഴില്‍ ഒരു കാലഘട്ടത്തില്‍ തിരക്കുള്ള നായികയായി.
'സ്വയംവര'ത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍ തുടര്‍ച്ചകള്‍ സൃഷ്ടിച്ചുവെങ്കില്‍ 'ഓളവും തീരവു'മിനു തുടര്‍ച്ചകള്‍ നല്‍കാന്‍ മേനോനു കഴിഞ്ഞില്ല. 'ഓളവും തീരവു'മിന്റെ രൂപഭാവഭംഗികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചത് 'കുട്ട്യേടത്തി'യില്‍ മാത്രമാണ്. അതാകട്ടെ, ഏറെ ദുര്‍ബ്ബലവും അനൗചിത്യബഹുലവുമായി മാറുകയാണുണ്ടായത്. പിന്നീടെല്ലാം സാമ്പ്രദായിക സിനിമയുടെ അച്ചില്‍ത്തന്നെ വാര്‍ത്തെടുക്കപ്പെടുകയും ചെയ്തു. എങ്കിലും മേനോന്‍ശൈലി അനാഥമായില്ലെന്നുവേണം പറയാന്‍. അദ്ദേഹത്തിലൂടെ സിനിമാപ്രവേശം നടത്തിയ, ബന്ധുവായ ഭരതന്‍ വഴിയാണ് പിന്നെ അത് സാക്ഷാല്‍ക്കാരം നേടുന്നത്.

രണ്ട്
നടന്മാര്‍ സംവിധായകരാകുക എന്നത് ലോകസിനിമയില്‍ ഒരു പുതുമയുള്ള കാര്യമല്ല. ഒറ്റ റീല്‍ നിശബ്ദ സിനിമകളുടെ കാലത്തുതന്നെ നടനായ ചാര്‍ളി ചാപ്ലിന്‍ സംവിധായകനായി. അതേ കാലഘട്ടത്തില്‍ത്തന്നെ സംവിധായകനായി മാറിയ മറ്റൊരു നടനാണ് ഡി. ഡബ്ലിയു. ഗ്രിഫിത്ത്. പിന്നെ എത്രയെത്ര ഭാഷകളില്‍ എത്രയെത്ര അഭിനേതാക്കള്‍ സംവിധായക കുപ്പായം അണിഞ്ഞിരിക്കുന്നു! എന്നാല്‍, മലയാളത്തില്‍ മധു സംവിധായകനാകുമ്പോള്‍ അത് ആദ്യത്തെ സംഭവമായിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ കഥയും തിരക്കഥയും ഗാനങ്ങളുമൊക്കെ രചിച്ചുവെങ്കിലും സംവിധായകനായിരുന്നില്ല. അദ്ദേഹത്തിന്റെ ശിരസ്സില്‍ ആ തൊപ്പി അണിയിക്കപ്പെടുന്നത് പില്‍ക്കാലത്താണ്. മധു സംവിധായകനാകുന്നു എന്നറിഞ്ഞപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. രംഗപ്രവേശം ചെയ്ത് അല്പകാലത്തിനുള്ളില്‍ രണ്ടു നായകന്മാര്‍ മാത്രമുണ്ടായിരുന്ന മലയാളസിനിമയില്‍ മൂന്നാമനായി സ്ഥാനമുറപ്പിച്ച ആളാണ് അദ്ദേഹം. ഈ ഹ്രസ്വമായ കാലയളവിനുള്ളില്‍ ഉള്‍ക്കരുത്തും വ്യക്തിത്വവും വ്യത്യസ്തതയുമുള്ള ഒട്ടധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ അദ്ദേഹത്തിനവസരം കിട്ടി. പ്രശസ്തരായ മലയാള സാഹിത്യകാരന്മാര്‍ സൃഷ്ടിച്ച അസാധാരണ കഥാപാത്രങ്ങളെ ഏതോ ജന്മാന്തരസുകൃതം പോലെ അദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടി. തുടക്കം തന്നെ എസ്.കെ. പൊറ്റെക്കാട്ടിന്റേയും പാറപ്പുറത്തിന്റേയും കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. (മൂടുപടം, നിണമണിഞ്ഞ കാല്‍പ്പാടുകള്‍). തൊട്ടടുത്ത വര്‍ഷം തന്നെ ഏതൊരു നടനും വെല്ലുവിളിയാവുന്ന ഒരു കഥാപാത്രത്തിന് ജീവന്‍ പകരാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ച'ത്തിലെ സാഹിത്യകാരനാണ് കഥാപാത്രം. കഥ 'ഭാര്‍ഗ്ഗവീനിലയ'മെന്ന പേരില്‍ സിനിമയായപ്പോള്‍ ആദ്യപകുതിയില്‍ ഒരു ഏകാംഗനടനത്തിനാണ് അരങ്ങൊരുങ്ങിയത്. അതൊരു കടുത്ത പരീക്ഷയായിരുന്നു. ആ പരീക്ഷയില്‍ മധു വിജയിയായി. തുടര്‍ന്ന് 'ചെമ്മീനി'ലെ പരീക്കുട്ടി മുതല്‍ 'ഓളവും തീരവു'മിലെ ബാപ്പുട്ടി വരെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ഒരു നടനെന്ന നിലയ്ക്ക് സുരക്ഷിതമായ ഇടം സ്വന്തമാക്കിയ അദ്ദേഹത്തിനു സാക്ഷാല്‍ കെ.എ. അബ്ബാസിലൂടെ ഹിന്ദിയിലേക്കും പ്രവേശനം കിട്ടി. ഈ സമയത്താണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയുന്നത്. ശങ്കകളുണ്ടാകുന്നത് സ്വാഭാവികം മാത്രമാണല്ലോ. എന്നാല്‍, 'പ്രിയ' എല്ലാ സന്ദേഹങ്ങള്‍ക്കും വിരാമമിട്ടു. കലാപരമായി വിജയമായതോടൊപ്പം ചിത്രം വലിയ ജനപ്രീതിയും നേടി.
സാഹിത്യകൃതികള്‍ ചലച്ചിത്രമാക്കുന്നതില്‍ സംവിധായകര്‍ മത്സരിച്ച ഒരു ദശകത്തിന്റെ അന്ത്യഘട്ടമായിരുന്നു അത്. മധുവും തന്റെ കന്നി സംവിധാന സംരംഭത്തിനുവേണ്ടി ഒരു സാഹിത്യകൃതിയിലേക്കു തന്നെ നീങ്ങി. തലമൂത്ത എഴുത്തുകാരുടെ പ്രശസ്തമായ കൃതികളിലേക്കല്ല മധു പോയത്. അതിനകം സാഹിത്യത്തില്‍ തന്റേതായ ഒരിടം നേടിയ ഒരു യുവസാഹിത്യകാരന്റെ വ്യത്യസ്തമായ നോവലാണ് ആശയാനുവാദത്തിനായി മധു സ്വീകരിച്ചത്. സി. രാധാകൃഷ്ണന്റെ 'തേവിടിശ്ശി'യായിരുന്നു മധുവിന്റെ ദൃഷ്ടി പതിഞ്ഞ കൃതി. കത്തുകളുടെ രൂപത്തിലെഴുതപ്പെട്ട ഒരു നോവലായിരുന്നു അത്. നോവലിന്റെ രൂപശില്പത്തെ പിന്തുടരുകയല്ല, അതിനൊരു സമാന്തരം സൃഷ്ടിക്കുകയായിരുന്നു മധു ചെയ്തത്. ആദ്യം തന്നെ 'തേവിടിശ്ശി' എന്ന ശീര്‍ഷകം അദ്ദേഹം എടുത്തുമാറ്റി. 'പ്രിയ' എന്ന പേരുമാറ്റം ഔചിത്യഭാസുരമായിരുന്നു എന്ന് വേണം പറയാന്‍. തേവിടിശ്ശിയെക്കാള്‍ കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്ന പേരാണല്ലോ പ്രിയ. അതു മാത്രമല്ല, പ്രിയ എന്ന പദത്തിന്റെ നാനാര്‍ത്ഥങ്ങളിലൊന്ന് തേവിടിശ്ശി എന്നു തന്നെയാണ്. ഇനിയുമുണ്ട് പ്രിയയ്ക്ക് പ്രസക്തി. നായികയായ തുളസി ചുവന്ന തെരുവിലെത്തുമ്പോള്‍ അവള്‍ സ്വീകരിക്കുന്ന പുതിയ പേരാണ് പ്രിയ.
മലയാളസിനിമയ്ക്ക് അപരിചിതമായ ഒരു ഭൂമികയിലാണ് 'പ്രിയ'യിലെ ജീവിതരംഗങ്ങള്‍ ആടിത്തിമിര്‍ക്കുന്നത്. ബോംബെയും ചുവന്ന തെരുവുമെല്ലാം അന്നോളം മലയാളത്തിനു കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു. പരസ്യക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ ഗോപന്റെ തിരോധാനത്തെത്തുടര്‍ന്ന് അയാളെ തേടിയെത്തുന്ന ഭാസി ആ അന്വേഷണത്തിന്റെ ഭാഗമായി ചുവന്നതെരുവിലേക്ക് പ്രവേശിക്കുമ്പോഴാണ് ദുരൂഹതയും വൈചിത്ര്യവും നിറഞ്ഞ ആ ലോകത്തേക്ക് മലയാളപ്രേക്ഷകനും കാലെടുത്തു കുത്തുന്നത്. ചുവന്നതെരുവ് മാത്രമല്ല, ഗോപന്റെ ഔദ്യോഗിക മേഖലയും അവിടെ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമെല്ലാം അപരിചിതത്വം ജനിപ്പിക്കുന്നവയാണ്. അന്വേഷകനായെത്തുന്ന ഭാസി പുതുമ പകരുന്നത് രണ്ടു വിധത്തിലാണ്. ചുക്ക് ചേരാത്ത കഷായമില്ല എന്ന് പറയുന്നതുപോലെ അടൂര്‍ ഭാസിയില്ലാത്ത മലയാളസിനിമ അക്കാലത്തുണ്ടായിരുന്നില്ലെന്നുതന്നെ പറയാം. ഹാസ്യത്തിന്റെ മേമ്പൊടിക്കു വേണ്ടിയാണ് അദ്ദേഹത്തെ ഉപയോഗിച്ചിരുന്നത്. ഭാസിയെ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ ചിരിക്കാന്‍ തുടങ്ങും എന്നതുകൊണ്ട് ഹാസ്യത്തില്‍ക്കവിഞ്ഞ മറ്റൊരു വേഷത്തില്‍ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. രണ്ടു പ്രാവശ്യം ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അടൂര്‍ ഭാസി രണ്ടാം തവണ അവാര്‍ഡ് വാങ്ങിക്കൊണ്ട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത് ഹാസ്യനടനുള്ള അവാര്‍ഡ് നിര്‍ത്തലാക്കണം എന്നാണ്. ഈ അവാര്‍ഡ് തുടര്‍ന്നാല്‍ ഇനിയും തനിക്ക് അവാര്‍ഡുകള്‍ ഉറപ്പാണെങ്കിലും മറ്റുവല്ല വേഷവും ചെയ്ത് അവാര്‍ഡ് നേടാന്‍ കഴിഞ്ഞാല്‍ അതുമതിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ അഭിനയമികവിലുള്ള ആത്മവിശ്വാസവും ടൈപ്പാക്കപ്പെടുന്നതിന്റെ അസ്വസ്ഥതയും ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം. (പില്‍ക്കാലത്ത് അദ്ദേഹം രണ്ടു പ്രാവശ്യം മികച്ച നടനും ഒരു പ്രാവശ്യം മികച്ച സ്വഭാവനടനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുത്ത കാര്യം ഇവിടെ ഓര്‍ക്കാം.) ഭാസിയെന്ന അന്വേഷകന്റെ മറ്റൊരു പുതുമ അങ്ങനെയൊരു അന്വേഷകന്‍ മലയാളത്തില്‍ നടാടെയായിരുന്നു എന്നതു തന്നെയാണ്. പൊലീസ് ഓഫീസര്‍മാരോ ഡിറ്റക്ടീവുമാരോ ആണല്ലോ ഇത്തരം കേസുകള്‍ അന്വേഷിക്കാനായി സാധാരണ എത്താറ്. പ്രതിനായകനായി സംവിധായകനായ മധു എത്തുമ്പോള്‍ അതിലുമുണ്ട് ഒരു പൊളിച്ചെഴുത്തിന്റെ ധ്വനി. നടന്മാരായ സംവിധായകര്‍ പ്രായേണ തങ്ങള്‍ക്കായി തിരഞ്ഞെടുക്കുക ധീരോദാത്തനതിപ്രതാപഗുണവാനായ നായകനെയായിരിക്കുമല്ലോ. മധുവാണെങ്കില്‍ നായകസിംഹാസനത്തില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. എന്നിരിക്കെ, ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ഒരു ദുഷ്ടബുദ്ധിയെ സ്വയം തിരഞ്ഞെടുക്കുന്നതില്‍ തീര്‍ച്ചയായും അസാധാരണത്വമുണ്ടല്ലോ.

അപ്രത്യക്ഷനായ ഗോപനെ അന്വേഷിക്കാന്‍ ഭാസിയെ നിയോഗിക്കുന്നതിനു പിന്നില്‍ ചില പൂര്‍വ്വബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു. പ്രണയബദ്ധരായ ഗോപനും ദേവിയും വിവാഹിതരാവാന്‍ തീരുമാനിക്കുമ്പോള്‍ ദേവിയുടെ പിതാവ് അതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നു. അന്ന് ആ എതിര്‍പ്പിനെ മറികടക്കാന്‍ സഹായിച്ചത് ഭാസിയുടെ നയചാതുര്യമായിരുന്നു. ഈ അന്വേഷണത്തിന് ആശ്രയിക്കാവുന്ന വ്യക്തി ഭാസി തന്നെയാണെന്ന് അവര്‍ ചിന്തിച്ചതിന്റെ ഹേതു ഇതത്രേ. ഇങ്ങനെ നാട്ടിലുള്ള ബന്ധുജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ അവതരിപ്പിച്ചുകൊണ്ടും ബന്ധങ്ങളുടെ ഉള്‍പ്പിരിവുകള്‍ സ്ഫുടീകരിച്ചുകൊണ്ടുമാണ് ബോംബെയിലേക്കുള്ള യാത്ര ചിത്രീകരിക്കപ്പെടുന്നത്.
ഗോപന്റെ ഓഫീസിലാണ് ഭാസി ആദ്യം എത്തിച്ചേരുന്നത്. അവിടെനിന്ന് ഗോപന് ടൈപ്പിസ്റ്റായ തുളസിയുമായി ബന്ധമുണ്ടായിരുന്നു എന്ന വിവരം അയാള്‍ക്ക് ലഭിക്കുന്നു. ആ ബന്ധത്തില്‍ രസക്കേടുണ്ടായിരുന്ന മുഖര്‍ജിയെപ്പറ്റിയും അറിയുന്നു. ഭാസി മുഖര്‍ജിയെ സമീപിക്കുന്നു. അയാള്‍ക്ക് ഒരു വിവരവും നല്‍കാനുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഗോപനെപ്പറ്റി തനിക്കുള്ള പരിഹാസം മറച്ചുവയ്ക്കുന്നുമില്ല. ഒക്ടോബര്‍ 28-ന് കറുത്തുമെലിഞ്ഞ ഒരു മലയാളിയുമൊന്നിച്ച് ഗോപന്‍ പുറത്തേക്കു പോയിയെന്നും അതിനുശേഷം അയാള്‍ ഓഫീസിലേക്ക് വന്നിട്ടില്ലെന്നും ഓഫീസില്‍നിന്നും വിവരം ലഭിക്കുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ കറുത്തുമെലിഞ്ഞ മലയാളിയെ ഭാസി കണ്ടെത്തുന്നു. ജയശങ്കറായിരുന്നു അത്. ഒക്ടോബര്‍ 28-ന് താന്‍ ഗോപനുമൊത്ത് പുറത്തുപോയി എന്നും തങ്ങള്‍ അമിതമായി മദ്യപിച്ചുവെന്നും അയാള്‍ സമ്മതിച്ചു. പിന്നെ ചുവന്നതെരുവിലേക്ക് പോകാന്‍ ഗോപന്‍ നിര്‍ബ്ബന്ധിക്കുകയും അവിടെയെത്തിയപ്പോള്‍ ഒരു വീടിന്റെ മുന്‍പില്‍വച്ച് തനിക്കൊരു മലയാളിപ്പെണ്ണിനെ കാണാനുണ്ടെന്നു പറഞ്ഞു തന്നെ ഒഴിവാക്കി എന്നാണ് ജയശങ്കര്‍ നല്‍കുന്ന വിവരം. ജയശങ്കറിന്റെ വിവരണമനുസരിച്ച് ഭാസി ചുവന്നതെരുവിലെ ആ വീട്ടിലെത്തുന്നു. പ്രിയയുമായി അയാള്‍ കണ്ടുമുട്ടുന്നു. താല്പര്യം നടിച്ച് പ്രിയയെ അയാള്‍ തന്റെ മുറിയിലേക്ക് കൊണ്ടുപോകുന്നു. പ്രിയ തന്നെയാണ് തുളസിയെന്ന് അയാള്‍ തിരിച്ചറിയുന്നു. വളരെ ശ്രമപ്പെട്ട് അവളില്‍നിന്നും സംഭവിച്ചതൊക്കെ മനസ്സിലാക്കിയെടുക്കുന്നു.
കേരളത്തിന്റെ നാട്ടിന്‍പുറത്തുനിന്ന് തുടങ്ങിയ ചിത്രം ഒട്ടിട മഹാനഗരത്തില്‍ ചുറ്റിക്കറങ്ങിയശേഷം വീണ്ടും കേരളത്തിലേക്ക് മടങ്ങുകയാണിവിടെ. ഗോപന്റെ ജീവിതപശ്ചാത്തലങ്ങള്‍ ആദ്യഭാഗത്ത് കാട്ടിക്കഴിഞ്ഞശേഷം ഗോപനും തുളസിയുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ നല്‍കുന്നു. അതുകഴിഞ്ഞു വീണ്ടും നാട്ടിലേക്കു പോകുന്നത് തുളസി എന്ന കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. തുളസി തന്റെ ജീവിതകഥ പറഞ്ഞുതുടങ്ങുമ്പോള്‍ തുളസിക്കതിര്‍ പോലെ ശാലീനയും നിര്‍മ്മലയുമായ ഒരു പെണ്‍കിടാവിന്റെ ജീവിതസമരങ്ങളുടെ ആഖ്യാനം കൂടിയായി അത് മാറുന്നു. തുളസിക്ക് ഒട്ടും ചേര്‍ന്ന ഇടമല്ല മഹാനഗരം എന്ന് നാം മനസ്സിലാക്കുന്നു. തുളസിക്കും അതറിയാം. പക്ഷേ, ജീവിതം വഴിമുട്ടിയപ്പോള്‍ അതു മാത്രമാണ് തുറന്നുകിട്ടിയ മാര്‍ഗ്ഗം. ബോംബെയില്‍ ഗോപന്റെ സ്ഥാപനത്തിലെത്തുന്ന അവളെ സമര്‍ത്ഥമായി വല വീശിപ്പിടിക്കുകയാണ് അയാള്‍ ചെയ്യുന്നത്. എന്നാല്‍, അവള്‍ ഗര്‍ഭിണിയാകുന്നതോടെ കളി മാറുന്നു. ഏതു വിധേനയും അവളെ ഒഴിവാക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. ഒന്നിച്ചൊരു വീട്ടില്‍ താമസിക്കാമെന്നു പറഞ്ഞ് അവളെ കൊണ്ടുപോകുന്ന ഗോപന്‍ വഞ്ചനയില്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അനാശാസ്യം നടക്കുന്ന ഒരു വീട്ടില്‍ പ്രസവം വരെ താമസിക്കാനെന്നു വിശ്വസിപ്പിച്ച് അവളെ പാര്‍പ്പിക്കുന്നു. അയാള്‍ കടന്നുകളയുകയും ചെയ്യുന്നു. വേശ്യയുടെ ജീവിതത്തിലേക്ക് പരിവര്‍ത്തനപ്പെടുകയല്ലാതെ അവള്‍ക്കൊന്നും ചെയ്യാനാവുമായിരുന്നില്ല.

ഒക്ടോബര്‍ 28 രാത്രിയില്‍ കുടിച്ചു ബോധംകെട്ട് ഗോപന്‍ തുളസിയുടെ അടുത്തെത്തുമ്പോള്‍ അവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. അവളുടെ മനസ്സില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന പകയും പ്രതികാരവാഞ്ഛയും അണപൊട്ടി ഒഴുകുന്നു. പിടിവലിക്കിടയില്‍ ഗോപന്റെ മരണം സംഭവിക്കുന്നു.
തുളസിയേയും കുഞ്ഞിനേയും ചുവന്നതെരുവില്‍നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോകാന്‍ ഭാസി ആഗ്രഹിക്കുന്നു. എന്നാല്‍, താന്‍ ചെയ്ത തെറ്റിനു ശിക്ഷ ഏറ്റുവാങ്ങാനാണ് തുളസി നിശ്ചയിക്കുന്നത്. ജയിലില്‍ കിടക്കുന്ന തുളസിയെ ദേവി കാണാനെത്തുന്നതാണ് ചിത്രത്തിന്റെ അന്ത്യരംഗം. ദേവി അവളെ സാന്ത്വനിപ്പിക്കുകയും അവളുടെ കുഞ്ഞിനെ വളര്‍ത്താനായി ഏറ്റുവാങ്ങുകയും ചെയ്യുന്നു.
തന്റെയും അടൂര്‍ ഭാസിയുടേയും കഥാപാത്രാവതരണം പോലെ മറ്റുപല പുതുമകള്‍ക്കും മധു തുനിഞ്ഞിട്ടുണ്ട്. നായികയുടെ വേഷം ബംഗാളി താരമായ ലില്ലി ചക്രവര്‍ത്തിക്കു നല്‍കിയത് അതിലൊന്നാണ്. മലയാളി കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു മുഖത്തിനായി അദ്ദേഹം തിരഞ്ഞു. ആ തിരച്ചില്‍ ബംഗാളിലാണ് അദ്ദേഹത്തെ എത്തിച്ചത്. അവിടെ സൗമിത്ര ചാറ്റര്‍ജിയാണ് അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത്. മാധവി മുഖര്‍ജിയുടെ ശാലീനതയും ഒരു മലയാളി പെണ്‍കൊടിയുടെ രൂപസൗകുമാര്യവും ഒത്തിണങ്ങിയ ലില്ലി ചക്രവര്‍ത്തിയെ സൗമിത്ര പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. 'പ്രിയ'യുടെ വിജയത്തിന് ലില്ലി ചക്രവര്‍ത്തി തന്റേതായ പങ്കു വഹിച്ചു. തനിക്ക് സിനിമയില്‍ ആദ്യാവസരം നല്‍കിയ രാമു കാര്യാട്ടിനേയും മധു ഇതില്‍ ഒരു അഭിനേതാവാക്കിയിട്ടുണ്ട്. ഋഷികേശ് മുഖര്‍ജിയുടെ സന്നിവേശചാരുതയാണ് 'പ്രിയ'യിലെ മറ്റൊരു ആകര്‍ഷണം. മഹേന്ദ്രകപൂര്‍ ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്. ''സാഗരകന്യക മുടിയില്‍ ചൂടിയ / സൗഭാഗ്യനവരത്‌നഹാരം / സ്വര്‍ഗ്ഗവും നരകവും ഹൃദയത്തിലൊതുക്കിയ / സുന്ദരഭീകരനഗരം'' (യൂസഫലി കേച്ചേരി-ബാബുരാജ്) എന്ന കഥാഭൂമികയെ വര്‍ണ്ണിക്കുന്ന ഗാനമാണ് തന്റെ ഘനഗംഭീരസ്വരത്തില്‍ മഹേന്ദ്രകപൂര്‍ ആലപിച്ചിരിക്കുന്നത്. രാജ് കപൂറിന്റെയടക്കമുള്ള ഹിന്ദിസിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചന്ദ്രാജി എന്ന അടൂര്‍ ഭാസിയുടെ സഹോദരന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് 'പ്രിയ.'
സി. രാധാകൃഷ്ണന്റേയും സിനിമാപ്രവേശം 'പ്രിയ'യിലൂടെയാണ്. പില്‍ക്കാലത്ത് കഥാകൃത്തായും തിരക്കഥാകൃത്തായും മാത്രമല്ല, സംവിധായകനായും രാധാകൃഷ്ണന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചു. 'അഗ്‌നി', 'പുഷ്യരാഗം', 'ഒറ്റയടിപ്പാതകള്‍' എന്നിവയാണ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

നടന്‍ സംവിധായകനായിക്കഴിഞ്ഞാല്‍ പിന്നെ അഭിനയാവസരങ്ങള്‍ ചുരുങ്ങുമെന്ന സാമാന്യ ധാരണയെ തിരുത്തിക്കൊണ്ട് 'പ്രിയ'യ്ക്കുശേഷവും മധുവിന്റെ അഭിനയജീവിതം അഭംഗുരം തുടര്‍ന്നു. സത്യന്‍ അരങ്ങൊഴിഞ്ഞു പോയശേഷം ദുര്‍ബ്ബല കാമുകനില്‍നിന്നും കരുത്തനായ പുരുഷനിലേക്കുള്ള പരിണാമമാണ് അദ്ദേഹത്തിനുണ്ടായത്. ഉമ്മാച്ചു, ഏണിപ്പടികള്‍, ചുക്ക്, സ്വപ്‌നം, ഗന്ധര്‍വക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിലൊക്കെ അത്തരം വേഷങ്ങളാണ് അദ്ദേഹം കയ്യാളുന്നത്. അതിന് 'പ്രിയ'യിലെ വേഷവും ഒരു നിമിത്തമായിട്ടുണ്ടാവാം. അതിനെക്കാള്‍ പ്രധാനപ്പെട്ട വസ്തുത മധു എന്ന സംവിധായകന്റെ അനന്തരകാല സംഭാവനകള്‍ ഇങ്ങനെയായിരുന്നു എന്നതാണ്. തീര്‍ച്ചയായും 'പ്രിയ'യോളം സമഗ്രശോഭയുള്ള ഒരു ചിത്രം പിന്നീട് അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എന്നാല്‍, താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നൂതനമായ ആശയങ്ങളും കഥാപരിസരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളും വേണമെന്ന നിഷ്‌കര്‍ഷ എല്ലായ്പ്പോഴും അദ്ദേഹം പുലര്‍ത്തിയിരുന്നതായി കാണാം. 'പ്രിയ' കഴിഞ്ഞ ഉടനെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രം തന്നെ ഉദാഹരണം. 'സിന്ദൂരച്ചെപ്പ്' എന്ന ഈ ചിത്രത്തില്‍ ഒരു ആനയാണ് പ്രധാന കഥാപാത്രമാവുന്നത്. ആനക്കാരന്റെ പ്രണയമാണ് ചിത്രത്തില്‍ നാം കാണുന്നത്. ഒരു ആനക്കാരന്‍ പ്രണയനായകനായി വരുന്ന ആദ്യ ചിത്രമാണത്. അഥവാ, ഒരേയൊരു ചിത്രമാണ്. ആ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അതു നേടി എന്നതും ശ്രദ്ധേയമാണ്. ജി. ശങ്കരപ്പിള്ളയുടെ 'പൂജാമുറി' എന്ന നാടകത്തില്‍നിന്നും രൂപപ്പെടുത്തിയ 'സതി'യും അസാധാരണമായ ഒരു ബന്ധത്തിന്റെ കഥ പറയുന്നു. 'പ്രിയ'യില്‍ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ സ്വയം വരിച്ചുകൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളോടുള്ള തന്റെ ആഭിമുഖ്യം പ്രകടമാക്കിയ മധു അത്ര തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കൈനിക്കര കുമാരപിള്ള രചിച്ച 'മാതൃകാമനുഷ്യന്‍' എന്ന നാടകത്തെ അവലംബിച്ചു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമാണ് അതെന്നതും മധു ഒരു ഹാസ്യകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് 'മാന്യശ്രീ വിശ്വാമിത്ര'ന്റെ സവിശേഷത. സിനിമയില്‍ പ്രവേശിക്കും മുന്‍പ് തിരുവനന്തപുരം നാടകവേദിയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ഒരു ഹാസ്യനടനായിട്ടായിരുന്നു എന്ന വസ്തുത വിശ്വസിക്കാന്‍ മടിക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കിയ സാക്ഷ്യമാണത്. ഒട്ടധികം ചിത്രങ്ങളൊന്നും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എന്നാല്‍, നിര്‍മ്മാതാവാണ് സിനിമയുടെ യഥാര്‍ത്ഥ ഉത്തരവാദി എന്ന് വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ മുദ്ര അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളിലെല്ലാം നമുക്ക് കണ്ടെടുക്കാം.
മൂന്ന്
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ മലയാളസിനിമയ്ക്ക് സാഹിത്യത്തോടുള്ള ആധമര്‍ണ്ണ്യം എത്ര ശക്തിമത്തായിരുന്നു എന്നറിയാന്‍ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവ തന്നെ നോക്കിയാല്‍ മതി. മൂന്നു ചിത്രങ്ങളും സാഹിത്യകൃതികളുടെ ആശയാനുവാദങ്ങളത്രെ. അതും എണ്ണം പറഞ്ഞ എഴുത്തുകാരുടെ പ്രശസ്തമായ കൃതികള്‍. ഒരു ചെറുകഥയും രണ്ടു നോവലുകളും. ഇവയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൃതി തീര്‍ച്ചയായും 'അരനാഴികനേരം' തന്നെ. മൂന്നാം സ്ഥാനം എന്നതൊരു ക്ഷീണം ആവാതിരിക്കാന്‍ വേണ്ടി ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് 'അരനാഴികനേര'ത്തിന്റെ സംവിധായകനാണ് നല്‍കിയത്. കെ.എസ്. സേതുമാധവന്‍ എന്ന ഈ സംവിധായകനാവട്ടെ, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയിലേക്ക് പകര്‍ത്തിയ വ്യക്തിയാണുതാനും. 1970-ല്‍ തന്നെ അദ്ദേഹം മറ്റുപല ചിത്രങ്ങള്‍ക്കുമൊപ്പം ഉറൂബിന്റെ 'മിണ്ടാപ്പെണ്ണും' പി. അയ്യനേത്തിന്റെ 'വാഴ്വേ മായ'വും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത വര്‍ഷം തന്നെ മുട്ടത്തു വര്‍ക്കിയുടെ 'കരകാണാക്കടല്‍' വെള്ളിത്തിരയില്‍ ആവിഷ്‌കരിച്ചുകൊണ്ട് മികച്ച സംവിധായകനുള്ള അവാര്‍ഡ് വീണ്ടും നേടുകയുണ്ടായി. അതിനടുത്ത വര്‍ഷം പാറപ്പുറത്തിന്റെ 'പണിതീരാത്ത വീടി'നു നല്‍കിയ ചലച്ചിത്രാവിഷ്‌കരണത്തിലൂടെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ നേടി.

വിദ്യാഭ്യാസകാലത്തുതന്നെ പിതാവ് മരണപ്പെട്ടുപോയതുകൊണ്ട് കുടുംബം പോറ്റാനായി പട്ടാളത്തില്‍ ചേര്‍ന്ന ആളാണ് പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി. പട്ടാളക്കഥകള്‍ ധാരാളമെഴുതിയെങ്കിലും അതിനുപരി സ്വന്തം ഗ്രാമത്തിന്റേയും കേരളീയ ജീവിതത്തിന്റേയും പശ്ചാത്തലത്തിലുള്ള രചനകളാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയതെന്നു പറയാം. ശാഖോപശാഖകളായി പടര്‍ന്നുകിടക്കുന്ന ഒരു കുടുംബത്തിന്റെ നായകനായ പടുവൃദ്ധനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച 'അരനാഴികനേരം' അദ്ദേഹത്തിന്റെ രചനകളില്‍ വച്ച് ഏറ്റവും ശക്തവും വ്യത്യസ്തവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ഇതിവൃത്തം നോവലിനു നല്‍കുന്ന സാദ്ധ്യതകള്‍, പക്ഷേ, ഒരു സിനിമയ്ക്ക് കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുക. വെല്ലുവിളികള്‍ നേരിടാനുള്ള സന്നദ്ധതയോടെ സാഹിത്യകൃതികളെ സമീപിക്കാന്‍ മുന്‍പും സേതുമാധവന് കഴിഞ്ഞിട്ടുണ്ട്. തമിഴിലെ എഴുത്തുകാരനായ ബിലഹരിയുടെ 'ദാഹം' മലയാളത്തില്‍ സിനിമയാക്കുമ്പോള്‍, ഒരു ആശുപത്രിവാര്‍ഡില്‍ ഒതുങ്ങിനിന്നുകൊണ്ട് ഒരു ചിത്രം ഉടനീളം ആവിഷ്‌കരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം. ചിത്രാരംഭത്തില്‍ത്തന്നെ സുഭഗനായ നായകന്റെ മുഖത്തിന്റെ ഒരു വശം മുഴുവന്‍ കരിഞ്ഞുപോയ നിലയില്‍ അവതരിപ്പിക്കാന്‍ അന്നത്തെ മലയാളസിനിമയില്‍ കുറച്ചൊന്നും പോരായിരുന്നു ചങ്കൂറ്റം. 'യക്ഷി'യില്‍ വിജയകരമായിത്തന്നെ ആ വെല്ലുവിളിയെ അദ്ദേഹം നേരിട്ടു. 'അരനാഴികനേര'ത്തിന്റെ ഒന്നാമത്തെ വെല്ലുവിളി സിനിമയുടെ കാന്‍വാസിലൊതുക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രബാഹുല്യം തന്നെയായിരുന്നു. നോവലില്‍നിന്ന് ഏറെയൊന്നും അകലാതെ തന്നെ കഥാപാത്രങ്ങളെ ഫ്രെയിമുകളില്‍ ഒതുക്കിനിര്‍ത്താന്‍ സേതുമാധവനു കഴിഞ്ഞു. അതുചെയ്യുമ്പോള്‍ താരപ്രാമാണ്യങ്ങള്‍ക്കൊന്നും പരിഗണന കൊടുക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധവച്ചു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായി സത്യന്‍ വരുന്നു. സത്യന്റെ മകനായി പ്രേംനസീറെത്തുന്നു. ഇങ്ങനെ ഒട്ടനവധി അഭിനേതാക്കളെ താന്‍ വരച്ച കള്ളികള്‍ക്കകത്ത് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. മലയാള സിനിമയിലെ നായകസങ്കല്പത്തെ അടിയോടെ തകര്‍ക്കുന്ന കഥാപാത്രഘടനയാണ് മറ്റൊരു വെല്ലുവിളി. ആസന്നമരണനായ ഒരു വൃദ്ധനെ നായകസ്ഥാനത്തു കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിനും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ മറുപടി നല്‍കുകയായിരുന്നു സേതുമാധവന്‍. 'യക്ഷി'യിലൂടെ നിര്‍മ്മാണരംഗത്തു പ്രവേശിച്ച മഞ്ഞിലാസായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മഞ്ഞിലാസിന്റെ പ്രത്യേകത അവര്‍ ഒരേ ടീമിനെ ഉപയോഗിച്ച് ചിത്രങ്ങള്‍ ചെയ്തു എന്നതാണ്. സേതുമാധവനായിരുന്നു എല്ലാ ചിത്രങ്ങളുടേയും സംവിധായകന്‍. വയലാറും ദേവരാജനും ആ ബാനറില്‍ അനിവാര്യതകളായിരുന്നു. ഛായാഗ്രാഹകനായി മെല്ലി ഇറാനി. എല്ലാത്തിലുമുപരിയായി നായകസ്ഥാനത്ത് സത്യന്‍. (സത്യന്റെ മരണശേഷം ആദ്യം സത്യനായി അഭിനയിക്കാന്‍ ശ്രമിക്കുന്ന ഒരു നടനെ അവര്‍ പരീക്ഷിച്ചു. പിന്നെ ആ ടീം തന്നെ ശിഥിലമായി.) സ്വാഭാവികമായും നിര്‍മ്മാതാവ് ആഗ്രഹിച്ചത് കുഞ്ഞേനാച്ചനായി സത്യന്‍ വേഷമിടണമെന്നായിരുന്നു. എന്നാല്‍, സത്യന്‍ തന്നെയാണ് ആ റോളിന് അനുയോജ്യന്‍ താനല്ല, കൊട്ടാരക്കരയാണെന്ന് പ്രഖ്യാപിച്ചത്. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയുള്ള ഒരു ക്രിസ്തീയ കുടുംബത്തിന്റെ ഭീഷ്മരാണ് കുഞ്ഞേനാച്ചന്‍. സത്യന്റെ നിര്‍ദ്ദേശം തികച്ചും ശരിയായിരുന്നു. കൊട്ടാരക്കര ആ റോളില്‍ ജീവിക്കുകതന്നെ ചെയ്തു.
തൊണ്ണൂറു വയസ്സുള്ള കുഞ്ഞേനാച്ചന്റെ ഓര്‍മ്മകളിലൂടെയും ചിന്തകളിലൂടെയുമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. അഞ്ചാമത്തെ മകനായ മാത്തുക്കുട്ടിയുടെ കൂടെയാണ് അയാളുടെ താമസം. പൊതുപ്രവര്‍ത്തകനാണ് മാത്തുക്കുട്ടി. വീട്ടില്‍ മിക്കവാറുമുണ്ടാവാറില്ല. അയാളുടെ രണ്ടാമത്തെ ഭാര്യ ദീനാമ്മയും മകള്‍ സിസിലിയുമാണ് ആ വീട്ടിലെ മറ്റു താമസക്കാര്‍. ജീവിതത്തിന്റെ കയ്പ്പുകളൊക്കെ കുഞ്ഞേനാച്ചന്‍ മറക്കുന്നത് സിസിലിയുമായി വിനോദത്തിലേര്‍പ്പെടുമ്പോഴാണ്. മാത്തുക്കുട്ടിയുടെ മകന്‍ രാജന്‍ പട്ടാളത്തിലാണ്. അവന്‍ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് വീട്ടുചെലവുകള്‍ നടന്നുപോകുന്നത്.

കുഞ്ഞേനാച്ചന്റെ മക്കളെല്ലാം തന്നെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. കുഞ്ഞേനാച്ചനിലൂടെയാണ് അവരുടെ ഭാഗധേയങ്ങള്‍ പ്രേക്ഷകരെ തേടിയെത്തുന്നത്. ഒരു ദിവസം പതിവുപോലെ മക്കളുടെ വീടുകളിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിവരവേ അയാള്‍ പെരുവഴിയില്‍ തളര്‍ന്നുവീഴുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അയാളെ വീട്ടിലെത്തിച്ചു. പിന്നെയങ്ങോട്ട് ചിത്രത്തിലുടനീളം ശയ്യാവലംബിയായ നിലയിലാണ് കുഞ്ഞേനാച്ചനെ നാം കാണുന്നത്. അയാളെ കാണാനായി ബന്ധുക്കളെത്തുന്നു. അവരുടെ സംഭാഷണങ്ങളിലൂടെയാണ് കുടുംബവൃത്താന്തങ്ങള്‍ നാമറിയുന്നത്. മാത്തുക്കുട്ടിയുടെ മകന്‍ രാജന്‍ പട്ടാളത്തില്‍നിന്ന് അവധിക്കെത്തുന്നു. ദീനാമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായ കോഴഞ്ചേരിയിലെ അച്ചന്‍ അവനൊരു കല്യാണാലോചനയുമായി വരുന്നു. പെണ്ണിനെ കണ്ട രാജന്‍ അവളെ വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു. എന്നാല്‍, വിവാഹം നടക്കും മുന്‍പ് ഒരേഷണിക്കാരനെത്തുന്നു. പെണ്ണ് കല്യാണാലോചനയുമായി വന്ന അച്ചന്റെ അവിഹിതസന്തതിയാണെന്നതായിരുന്നു ഏഷണിയുടെ പൊരുള്‍. അതോടെ എല്ലാവരും ആ വിവാഹത്തിനെതിരായി. പക്ഷേ, രാജന്‍ തനിക്ക് ഭാര്യയായി ആ പെണ്‍കുട്ടി തന്നെ മതി എന്ന് ഉറച്ചുനിന്നു. വിവാഹം നടന്നു.
വളരെ കുറച്ചുകാലമേ മധുവിധു ആഘോഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞുള്ളു. അപ്പോഴേക്ക് രാജന് അവധി കഴിഞ്ഞു മടങ്ങിപ്പോകേണ്ടിവരുന്നു. ഇത്തരത്തില്‍ പലപല സംഭവങ്ങളിലൂടെ ആ കുടുംബം കടന്നുപോകുന്നു. ഇതിനിടയില്‍ ഒരൊളിച്ചോട്ടവും അറസ്റ്റും ഒക്കെ നടക്കുന്നുണ്ട്. ഒരു മരുമകള്‍ക്ക് ഭ്രാന്ത് ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇതിനേക്കാളൊക്കെ വലിയൊരു ദുഃഖം ആ കുടുംബത്തിനുമേല്‍ വന്നു പതിക്കുന്നുണ്ട്. രാജന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു അത്.
കുഞ്ഞേനാച്ചന് അത് താങ്ങാനാവുമായിരുന്നില്ല. അയാള്‍ കറുപ്പില്‍ അഭയം തേടുന്നു. കുഞ്ഞേനാച്ചന് കറുപ്പ് കൊണ്ടുകൊടുത്തിരുന്നതും സരസഭാഷണങ്ങള്‍കൊണ്ട് രസിപ്പിച്ചിരുന്നതും കുറുപ്പച്ചനായിരുന്നു. ഇതേ കുറുപ്പച്ചനും മാതൃകാഭാര്യയെന്നും സല്‍സ്വഭാവിയെന്നും സര്‍വ്വരും വിശേഷിപ്പിച്ചിരുന്ന ദീനാമ്മയും തമ്മില്‍ അവിഹിതത്തിലേര്‍പ്പെടുന്നത് കണ്‍മുന്നില്‍ കാണാനുള്ള ദുര്യോഗം കുഞ്ഞേനാച്ചനുണ്ടായി. മനുഷ്യനിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുപോയ കുഞ്ഞേനാച്ചന്‍ മൗനിയായി മാറി. കുഞ്ഞേനാച്ചന്‍ താന്‍ കണ്ടത് പുറത്തുപറയുകയാണെങ്കില്‍ താനും ദീനാമ്മയും അപകടത്തിലാകും എന്ന് ഭയന്ന കുറുപ്പച്ചന്‍ കറുപ്പില്‍ വിഷം കലര്‍ത്തി നല്‍കുന്നു. ചതിയറിയാതെ ദീനാമ്മ കുഞ്ഞേനാച്ചന് കറുപ്പ് നല്‍കുന്നു. അത് കഴിച്ച കുഞ്ഞേനാച്ചന്‍ മരണപ്പെടുന്നു. കാര്യം മനസ്സിലാക്കിയ ദീനാമ്മ ബാക്കി വന്ന കറുപ്പ് കഴിച്ചു ജീവത്യാഗം ചെയ്യുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. ചുരുങ്ങിയ വാക്കുകളില്‍ സംഗ്രഹിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തില്‍ നാനാദിശകളിലേക്ക് പരന്നൊഴുകുന്ന ഈ ബൃഹത്തായ ജീവിതാഖ്യാനത്തെയാണ് സിനിമയുടെ പരിമിതിയുള്ള ഫ്രെയിമിനുള്ളിലേക്ക് സേതുമാധവന്‍ പറിച്ചുനടുന്നത്.

പ്രഗല്‍ഭ നടനായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്ക് തന്റെ കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ പറ്റിയ അപൂര്‍വ്വം കഥാപാത്രങ്ങളെ മാത്രമേ ലഭിച്ചിട്ടുള്ളൂ. 'ചെമ്മീനി'ലെ ചെമ്പന്‍കുഞ്ഞും 'പഴശ്ശിരാജാ', 'കുഞ്ഞാലി മരയ്ക്കാര്‍', 'വേലുത്തമ്പി ദളവാ' എന്നീ ശീര്‍ഷകവേഷങ്ങളും 'അള്‍ത്താര'യിലെ പുരോഹിതനുമൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. ഈ നിരയിലാണ് കുഞ്ഞേനാച്ചന്റേയും സ്ഥാനം. എന്നാല്‍, ഇവിടെപ്പറഞ്ഞ കഥാപാത്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് കുഞ്ഞേനാച്ചന്‍. ദയനീയതയും ധര്‍മ്മസങ്കടവും നിസ്സഹായതയും സഹതാപവും എല്ലാം മൂര്‍ത്തീകരിച്ച ഒരു കഥാപാത്രം. സൂക്ഷ്മവും സ്വാഭാവികവുമായ അഭിനയശൈലികൊണ്ട് കുഞ്ഞേനാച്ചനെ അവിസ്മരണീയമാക്കി കൊട്ടാരക്കര.
1970 അന്നോളം മലയാളസിനിമ പുലര്‍ത്തിപ്പോന്ന ചില ശീലങ്ങളുടെ ഉത്കൃഷ്ട ഫലങ്ങള്‍ കൊയ്തെടുത്ത വര്‍ഷമാണ്. സാഹിത്യവുമായുള്ള സിനിമയുടെ ബന്ധം ഏറ്റവും ആരോഗ്യകരമാവാന്‍ തുടങ്ങിയ വര്‍ഷമാണത്. മലയാളസിനിമ അതിന്റെ ശാപമായിരുന്ന നാടകസ്വഭാവത്തില്‍നിന്നും മോചിതമാവാന്‍ തുടങ്ങിയതും അപ്പോഴാണ്. ഛായാഗ്രഹണം, സന്നിവേശം തുടങ്ങിയ മേഖലകളില്‍ ഒരു നവോന്മേഷത്തിന്റെ കടന്നുവരവും ഈ ചിത്രങ്ങളിലൂടെ നാം കാണുന്നുണ്ട്. അഭിനേതാക്കള്‍ തമ്മിലും സംവിധായകരടക്കമുള്ള മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ തമ്മിലും പുലര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റേയും സഹകരണത്തിന്റേയും അവസാന ദൃശ്യങ്ങളാണ് ഈ ചിത്രങ്ങളില്‍ നാം കാണുന്നത്. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി നായകപരിവേഷമില്ലാത്ത മറ്റൊരു നടനെ നിശ്ചയിക്കുന്നതും താന്‍ സ്വയം ഒരു പ്രതിനായകവേഷത്തിലേക്ക് മാറിനില്‍ക്കുന്നതും ഒരു ഉദാഹരണം. കേന്ദ്രകഥാപാത്രമാവാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ആ റോളിന് തന്നെക്കാള്‍ അനുയോജ്യന്‍ മറ്റൊരു നടനാണെന്ന് ചൂണ്ടിക്കാട്ടി നന്നേ ചെറിയൊരു വേഷത്തിലേക്ക് മാറാന്‍ സത്യന്‍ സന്നദ്ധനായത് മറ്റൊരു ഉദാഹരണം. കലാപരമായ സിനിമയും ജനപ്രിയ സിനിമയും ഒരൊറ്റ കൈവഴിയായി ഒഴുകിയിരുന്ന കാലഘട്ടത്തിന്റെ അന്ത്യം കൂടിയായിരുന്നു അത്. അടുത്ത ദശകത്തിലേയ്ക്കു കടക്കുമ്പോള്‍ കലാസിനിമ എന്നും കച്ചവട സിനിമ എന്നും രണ്ടു വ്യത്യസ്ത ധാരകളായി പിരിഞ്ഞുമാറുകയാണ്. 1970 മലയാളസിനിമയുടെ ഒരു ചരിത്രസന്ധിയാണ്. ഈ മൂന്നു ചിത്രങ്ങള്‍ സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ ഓര്‍മ്മിക്കപ്പെടേണ്ടവയുമത്രേ. ഇവയില്‍ 'പ്രിയ' തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടുപോയി. ഓര്‍മ്മകളില്‍നിന്നുകൂടി നഷ്ടപ്പെടാനനുവദിച്ചാല്‍ അതിന്റെ ആഘാതം ചലച്ചിത്ര ചരിത്രത്തിനായിരിക്കും.

നാല്
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊന്നില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടേയും സുവര്‍ണ്ണജൂബിലി കഴിയുകയാണ്. ആഘോഷിക്കപ്പെടേണ്ട ചിത്രങ്ങള്‍ അക്കൊല്ലമുണ്ടായിരുന്നുവോ? തീര്‍ച്ചയായും എഴുപതിലെ നേട്ടങ്ങള്‍ എഴുപത്തിയൊന്നില്‍ ആവര്‍ത്തിക്കപ്പെട്ടില്ല. ഒരുവേള, പിറ്റേക്കൊല്ലം നടക്കാനിരിക്കുന്ന കുതിച്ചുചാട്ടത്തിനുവേണ്ടി ഒന്നു പിന്നാക്കം പിടിച്ചതാകാം. സംസ്ഥാന അവാര്‍ഡുകളും തലേക്കൊല്ലത്തെ ഔചിത്യം ദീക്ഷിക്കുകയുണ്ടായില്ല. എന്നാല്‍, രണ്ടും മൂന്നും സ്ഥാനങ്ങള്‍ തലേക്കൊല്ലത്തിന്റെ തനിയാവര്‍ത്തനങ്ങളായി. എഴുപതില്‍ രണ്ടാം സ്ഥാനത്ത് മധു സംവിധാനം ചെയ്ത ചിത്രമായിരുന്നല്ലോ. എഴുപത്തിയൊന്നിലും രണ്ടാം സ്ഥാനം മധുവിനു തന്നെ കിട്ടി. ചിത്രം മധുവിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ 'സിന്ദൂരച്ചെപ്പ്.' എഴുപതില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കെ.എസ്. സേതുമാധവന്‍ തന്നെയായിരുന്നു എഴുപത്തിയൊന്നിലും മൂന്നാം സ്ഥാനത്ത്. 'കരകാണാക്കടലാ'യിരുന്നു അവാര്‍ഡിന് അര്‍ഹമായ ചിത്രം. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് സേതുമാധവനാണ്. അടുത്ത കൊല്ലം കൂടി ഇതേ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം നേടിയത് ഹാട്രിക്കാണ്. മറ്റൊരു കൗതുകം അക്കൊല്ലം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായത് 'കരകാണാക്കടലാ'യിരുന്നു എന്നതാണ്.
ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് യാതൊരു ചലച്ചിത്രസ്വഭാവവുമില്ലാത്ത 'ശരശയ്യ'യാണ്. ഈ ചിത്രത്തിന്റെ വിതരണക്കാരന്‍ എഴുതിയ ആത്മകഥയില്‍ ഈ അവാര്‍ഡിനെപ്പറ്റി പറയുന്നുണ്ട്. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം കമ്മിറ്റിയിലെ ഒരംഗം അദ്ദേഹത്തെ വിളിച്ചുവത്രേ. അവാര്‍ഡ് നമ്മുടെ പടത്തിനാണ് എന്ന് അയാള്‍ പറഞ്ഞു. ഇതുകേട്ട വിതരണക്കാരന്‍ നിര്‍മ്മാതാവിനെ വിളിച്ച് നമ്മുടെ പടത്തിനാണ് അവാര്‍ഡ് എന്ന് പറയുന്നു. ''എത്ര കിട്ടും?'' എന്നായിരുന്നു അയാളുടെ മറുചോദ്യം. തുക പറഞ്ഞപ്പോള്‍ ''ഇത്രേയുള്ളോ, ഇതാര്‍ക്കുവേണം'' എന്ന് ചോദിച്ച് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നും തുടരുന്ന ഒരു വലിയ വൈരുദ്ധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന സംഭവമാണിത്. ഒരു സര്‍ക്കാര്‍ അവാര്‍ഡ് ജീവിതത്തിന്റെ ധന്യതയായി കരുതുകയും അതിനായി തപസ്സിരിക്കുകയും ചെയ്യുന്ന ചലച്ചിത്രകാരന്മാരുണ്ട് ഇവിടെ. എന്നാല്‍, പലപ്പോഴും അവാര്‍ഡ് കിട്ടുന്നത് അതിന് ഒരു വിലയും കല്പിക്കാതെ തങ്ങളുടെ ചലച്ചിത്രജീവിതത്തില്‍ ഒരു പ്രാധാന്യവുമില്ലാത്ത ഒന്നായി അതിനെ കാണുന്നവര്‍ക്കായിരിക്കും.

എഴുപത്തിയൊന്നിലെ മികച്ച നടന്‍ സത്യനായിരുന്നു. ഈ പദവി ചാര്‍ത്തിക്കൊടുക്കാന്‍ പോന്ന എമ്പാടും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നുതാനും. 'കരകാണാക്കടല്‍' എന്ന ചിത്രത്തിന്റെ പേരിലാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്. എന്നാല്‍, ഈ അവാര്‍ഡ് പട്ടികയിലൊന്നും കയറിപ്പറ്റാത്ത ഒരു ചിത്രമായിരുന്നു എഴുപത്തിയൊന്നിലെ ഏറ്റവും മികച്ച ചിത്രം. 'അനുഭവങ്ങള്‍ പാളിച്ചകളാ'ണ് സര്‍വ്വാംഗശോഭ പുലര്‍ത്തുന്ന ആ ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രം കൂടിയാണത്. മികച്ച കുടുംബചിത്രങ്ങളുടെ ശില്പി എന്ന നിലയിലാണല്ലോ സേതുമാധവന്‍ പ്രശസ്തി നേടിയിട്ടുള്ളത്. രാഷ്ട്രീയമായ ഇതിവൃത്തങ്ങളില്‍ അദ്ദേഹത്തിന് അത്ര വലിയ താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, രണ്ടു ചിത്രങ്ങളില്‍ പൊള്ളുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍.' മറ്റേത് 1970-ല്‍ത്തന്നെ പുറത്തിറങ്ങിയെങ്കിലും വിജയം കാണാതെ പോയ 'ഇന്‍ക്വിലാബ് സിന്ദാബാദ്.' രണ്ടു ചിത്രങ്ങളിലും ഒരു പ്രത്യേക രാഷ്ട്രീയത്തില്‍ ജീവിതം സമര്‍പ്പിക്കുന്ന സാധാരണക്കാരായ വ്യക്തികള്‍ നേരിടുന്ന തിരിച്ചടികളാണ് അവതരിപ്പിക്കപ്പെടുന്നത്. നിഷ്പക്ഷ രാഷ്ട്രീയക്കാരനായ ഒരു കലാകാരന്റെ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം ഈ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിലുണ്ടാവുന്ന പരിണാമം രേഖപ്പെടുത്തിയിരിക്കുകയാണ് 'അനുഭവങ്ങള്‍ പാളിച്ചകളി'ല്‍. അസംതൃപ്ത തൊഴിലാളിവിഭാഗങ്ങളില്‍ രൂപപ്പെട്ടുവരുന്ന തീവ്രവാദ ആഭിമുഖ്യവും ഇതിന്റെ അടിത്തട്ടിലുണ്ട്. മലയാള സിനിമയിലെ ഒറ്റപ്പെട്ട സംരംഭമായി 'അനുഭവങ്ങള്‍ പാളിച്ചകളെ' കാണാം. അത് കൈകാര്യം ചെയ്യുന്ന വിഷയംകൊണ്ടും ആവിഷ്‌കരണ ഭംഗികൊണ്ടും ഒപ്പം ഒരു നടന്റെ ജീവിതാന്ത്യത്തിലെ ഉജ്ജ്വലപ്രകടനം കൊണ്ടും. സുവര്‍ണ്ണജൂബിലി കൊണ്ടാടപ്പെടാനും സജീവമായി ചര്‍ച്ച ചെയ്യപ്പെടാനും സര്‍വ്വഥാ യോഗ്യമായ ഒരു ചിത്രമാണത്.