ആര്‍ക്കും വേണ്ടാത്ത ഒരു ഈശ്വരന്‍- റ്റി.ജെ.എസ് ജോര്‍ജ് എഴുതുന്നു

ഈ റാഹുല്‍ ഈശ്വര്‍ എന്ന സാധനം ആന ബോറാണെന്നതാണ് ഒന്നാമത്തെ വസ്തുത. രണ്ടാം സത്യം ടിയാന്റെ അകം വെറും പൊള്ളയാണെന്ന കാര്യമാണ്
ആര്‍ക്കും വേണ്ടാത്ത ഒരു ഈശ്വരന്‍- റ്റി.ജെ.എസ് ജോര്‍ജ് എഴുതുന്നു

റാഹുല്‍ ഈശ്വര്‍ എന്ന സാധനം ആന ബോറാണെന്നതാണ് ഒന്നാമത്തെ വസ്തുത. രണ്ടാം സത്യം ടിയാന്റെ അകം വെറും പൊള്ളയാണെന്ന കാര്യമാണ്. സത്യങ്ങള്‍ വേറെയും ധാരാളമുണ്ട്. ഇതിയാന്‍ എവിടെനിന്ന് എങ്ങനെ കയറി വന്നു എന്നതാണ് അത്ഭുതം.

പെരുമാറ്റശൈലി മറ്റൊരു അത്ഭുതമാണ്. ചൂണ്ടുവിരല്‍ പൊക്കി വാചകമടിക്കാന്‍ അവസരം ആവശ്യപ്പെടുന്നതു കണ്ടാല്‍ തോന്നും ആ വിരലിന്റെ ഉടമസ്ഥന് ലോകത്തെ രക്ഷിക്കാന്‍ അത്യാവശ്യം പറയേണ്ട എന്തൊക്കെയോ ഉണ്ടെന്ന്. ഒരു ചുക്കുമില്ല. വീണുകിട്ടിയ പേരു കാരണം താന്‍ ഈശ്വരതുല്യനാണെന്ന ഗര്‍വ്വുമാത്രമാണ് ബോറന്റെ മൂലധനം. ഇതിയാന്‍ റാഹുല്‍ (ഗാന്ധി) അല്ല, ഈശ്വരനുമല്ല, ഇരുവരേയും കോപ്പിയടിച്ച് ഉണ്ടാക്കിയ ഒരു വൈരുദ്ധ്യം മാത്രം.

പയ്യന്മാര്‍ പുരുഷന്മാരായി വളരുകയാണ് പ്രകൃതിയുടെ വഴി. പക്ഷേ, ചില പയ്യന്മാരെ കാണുമ്പോള്‍ പ്രകൃതിക്കും കിറുക്കുപിടിക്കും. അങ്ങനെ വരുമ്പോള്‍ പയ്യന്മാര്‍ പയ്യത്വത്തില്‍ കിടന്ന് തുള്ളിക്കളിക്കും. ഈശ്വരന്റെ വിലാസത്തില്‍ തുള്ളുമ്പോള്‍ പയ്യന്‍സിനുണ്ടാകുന്ന ഹാലിളക്കം വേഗമൊന്നും അവസാനിക്കുകയില്ല.

ബോറനാണെങ്കിലും ഈശ്വരന്‍ ചില്ലറക്കാരനാണെന്ന് കരുതരുത്. ഗംഭീരനാണ് പുള്ളി, നാം വിചാരിക്കുന്നതിലൊക്കെ അപ്പുറം. വിക്കിപീഡിയ, ഗൂഗിള്‍ തുടങ്ങിയ ശിലാലിഖിതങ്ങള്‍ പറയുന്നത് ഈശ്വരന്‍ 'എഴുത്തുകാരന്‍' ആണെന്നാണ്. പുള്ളിയുടെ നെറ്റ്വര്‍ത്ത്, മൊത്തം മൂല്യം, ഒന്‍പതു മില്യന്‍ അമേരിക്കന്‍ ഡോളറാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. എന്നുവച്ചാല്‍, 67 കോടി രൂപാ. എന്നുവച്ചാല്‍, മാസംതോറും ഏകദേശം അഞ്ചരക്കോടി രൂപാ.

എന്റെ കര്‍ത്താവേ, മാസം അഞ്ചരക്കോടി! മന്ത്രിപോലും അല്ലാത്ത ഒരാള്‍ എങ്ങനെയാണ് അഞ്ചരക്കോടി തൂത്തുവാരുന്നത്? 'എഴുത്തു'കൊണ്ട് ഇത്രയും സമ്പാദിക്കാമെങ്കില്‍, ആഴ്ചതോറും കോളമെഴുതിയിട്ടും നക്കാപ്പിച്ച മാത്രം കിട്ടുന്ന മരമണ്ടന്മാരെ എന്തു വിളിക്കണം. ഈശ്വരന് മറ്റെന്തൊക്കെയോ ചെപ്പടിവിദ്യകളുണ്ടെന്ന കാര്യം നിശ്ചയം. ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു - ബോറനാണെങ്കിലും ചില്ലറക്കാരനല്ല.

ഒരു നമ്പൂതിരിയുടെ മകനാണ് കഥാപുരുഷന്‍. ശബരിമല തന്ത്രികുടുംബം ടിയാനെ നിരാകരിച്ചു തള്ളി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അയ്യപ്പ ഭക്തന്മാരെ ചതിക്കുന്നു എന്നതായിരുന്നു ആരോപണം. ഇതിന്റെയൊക്കെ വിശദവിവരങ്ങള്‍ പുറത്തു വന്നിട്ടില്ലാത്തതുകൊണ്ട് സത്യാവസ്ഥ വിലയിരുത്താന്‍ നമുക്കു സാധിക്കുന്നില്ല. 'ഹിന്ദു പാര്‍ലമെന്റ്' എന്ന ഒരു സാധനത്തിന്റെ സെക്രട്ടറിയാണുപോലും ഈ വളര്‍ച്ചയറ്റ പയ്യന്‍. അത്യാഗ്രഹം പോകുന്ന പോക്ക്.

പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനുവേണ്ടി സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും പരിശ്രമിക്കുന്ന ഒരന്തരീക്ഷണമാണ് നമ്മുടെ നാട്ടിലുള്ളത്. അതിനിടയിലാണ് 'മുന്നോക്ക സംരക്ഷണ സമിതി' എന്ന പേരില്‍ ഒരു ധിക്കാര സംവിധാനം ഈ പയ്യന്‍ നടപ്പിലാക്കുന്നത്. എന്തായിരുന്നു ഈ സമിതിയുടെ പ്രധാന പരിപാടി? എം.എഫ്. ഹുസൈന്‍ എന്ന ലോക പ്രശസ്തനായ പെയിന്റര്‍ ഹിന്ദു വിരോധിയാണെന്നു പറഞ്ഞ് വിദ്വേഷ പ്രചാരണം നടത്തുക.

ഇസ്ലാമിനു വെള്ളിയാഴ്ചയും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും ഉള്ളതുപോലെ ഹിന്ദുക്കള്‍ക്ക് അവരുടേതായ ഒരു പുണ്യദിവസം ഇല്ലെന്ന പോരായ്മ നികത്താന്‍ ശനിയാഴ്ച ആത്മീയ വിദ്യാഭ്യാസ ദിവസമായി കൊണ്ടാടാന്‍ പദ്ധതിയിട്ടു. ഒന്നും വിജയം കണ്ടില്ല. മലയാളികള്‍ പുരോഗമന ചിന്താഗതിക്കാരാണെന്ന കാര്യം ഈ മുന്നോക്ക സമിതിക്കാരന്‍ മറന്നുപോയി.
 
ഇമിറ്റേഷന്‍ ഈശ്വരന്‍ എപ്പോഴും ടെലിവിഷനില്‍ വരുന്നത് പലരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു സ്വാമി തറപ്പിച്ചു പറഞ്ഞു: ''ഈ അലവലാതിയെ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് ചവിട്ട് പുറത്താക്ക്'' എന്ന്. അദ്ദേഹം ഉപയോഗിച്ചത് ''അരോചകം, അസഹനീയം, മടുപ്പിക്കുന്നത്'' എന്ന വാക്കുകളാണ്.

വാചകമടിക്കുന്ന ഈശ്വരനെ ''സാമൂഹ്യ നിരീക്ഷകന്‍'' എന്നാണ് ചാനല്‍ ചര്‍ച്ചക്കാര്‍ അവതരിപ്പിക്കുന്നത്. ''സാമൂഹ്യ ദ്രോഹി'' എന്നാണ് പറയേണ്ടതെന്ന് ഒരു നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. ''സാമൂഹ്യ പാഷാണം'' എന്ന തിരുത്തലുമായി മറ്റൊരാള്‍ മുന്‍പോട്ടു വന്നു.

ആലോചിക്കേണ്ട വിഷയമാണിത്. ചാനലില്‍ വീണ്ടും വീണ്ടും വന്ന് മനുഷ്യരെ മടുപ്പിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍ നിരീക്ഷകരെക്കൊണ്ട് എന്തു പ്രയോജനം? നിലവിലുള്ള ഇന്ത്യയെ മറികടന്ന് ഹിന്ദു പാര്‍ലമെന്റും കൊണ്ട് നാടുഭരിക്കാന്‍ ശ്രമിക്കുന്ന അധികാരമോഹികളെ കാണുമ്പോള്‍, കരയുന്നോ പുഴ ചിരിക്കുന്നോ എന്ന സംശയത്തിനുപോലും പ്രസക്തിയില്ലാതെ പോകുന്നു. വാവിട്ടു നിലവിളിക്കാന്‍ മാത്രമാണ് പുഴകള്‍ക്കു കഴിയുന്നത്. മനുഷ്യന്റെ കാര്യം അതിലും പരിതാപകരം. ചര്‍ച്ചയ്ക്ക് ആളുകളെ വിളിക്കുന്ന ചാനലുകാര്‍ ശ്രദ്ധിക്കുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com