ഒരപ്രതീക്ഷിത സ്ഥാനമാറ്റം ഓര്‍ക്കുമ്പോള്‍ 

വിജിലന്‍സ്‌കാല അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു വിചാരം
ഒരപ്രതീക്ഷിത സ്ഥാനമാറ്റം ഓര്‍ക്കുമ്പോള്‍ 

നിശ്ചിതത്വം ജീവിതത്തിന്റെ കൂടെപ്പിറപ്പാണ്. പൊലീസ് ജീവിതത്തില്‍ അത് ശരാശരി മനുഷ്യന്റേതിനേക്കാള്‍ കൂടുതലാണെന്നു തോന്നുന്നു. പൊലീസുകാരുടെ ലോകത്ത്, ഞങ്ങളിടപഴകുന്ന മനുഷ്യരില്‍ നല്ലൊരു പങ്കും സുരക്ഷിതത്വത്തിന്റെ തണലില്‍ കഴിയുന്നവരല്ല. അതുകൊണ്ടുതന്നെ, അപ്രതീക്ഷിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തി പൊലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി ക്രമേണ വളരേണ്ടതാണ്. താത്ത്വികമായി ഇതൊക്കെപ്പറഞ്ഞാലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള ജോസഫ് സാറിന്റെ അപ്രതീക്ഷിത മാറ്റം ഞങ്ങളെ ഞെട്ടിച്ചു. എന്നെ വീണ്ടും വിജിലന്‍സില്‍ എത്തിക്കുന്നതില്‍ പ്രധാന കാരണക്കാരന്‍ അദ്ദേഹമായിരുന്നുവല്ലോ. പ്രതീക്ഷിക്കാത്ത മാറ്റമായിരുന്നുവെങ്കിലും കുറേക്കൂടി നിസ്സംഗമായാണ് അദ്ദേഹം അതിനെ കണ്ടതെന്നു തോന്നുന്നു. വ്യക്തിനിഷ്ഠമായ പരിഗണനകള്‍ ആയിരുന്നില്ല, മുഖ്യമായും എന്നെ അസ്വസ്ഥനാക്കിയത്. സര്‍ക്കാര്‍ കൂടെയുണ്ട് എന്ന പ്രതീതിയില്‍ നിയമത്തിന്റെ പിന്‍ബലത്തോടെ അഴിമതിക്കെതിരായ നടപടികളില്‍ അര്‍ത്ഥവത്തായ മുന്നേറ്റം നടക്കുന്നതിനിടയിലായിരുന്നു ഈ സ്ഥാനചലനം. ചുരുങ്ങിയ കാലം കൊണ്ട് ഫലപ്രദമായ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ച കാലമായിരുന്നു കഴിഞ്ഞുപോയത്. 

മാറ്റം അനിവാര്യവുമായിരുന്നു. എം. ഗോപാലനെപ്പോലെ ഉന്നത നീതിബോധമുള്ള ആദ്യ വിജിലന്‍സ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും അഴിമതിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ശക്തമായ ഒരു ഉപകരണം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ, അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുവാനുള്ള ജാഗ്രതയും അതില്‍ പ്രകടമായിരുന്നു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുക എന്നത് വലിയ അധികാരമാണല്ലോ. ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമാണികളെയൊക്കെ വിറപ്പിക്കാന്‍ കഴിയുന്ന അധികാരം. അതുകൊണ്ട് തന്നെ ആ അധികാരം വിനിയോഗിക്കുന്നതിലും നിതാന്തമായ സൂക്ഷ്മതയും മൂല്യബോധവും കൂടിയേ തീരൂ. എല്ലാ കാലത്തും അതുണ്ടായിട്ടില്ല എന്നതാണ് വസ്തുത. അനന്തരഫലമായി, കാലക്രമേണ പല ദുഷ്പ്രവണതകളും വിജിലന്‍സിലും  വളര്‍ന്നുവന്നിരുന്നു. വിജിലന്‍സിലെ ഉപസംസ്‌കാരം എന്നുതന്നെ പറയാം. അത് പ്രതിഫലിച്ചിരുന്നത് പല രീതിയിലാണ്.

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകാം. സര്‍ക്കാര്‍ സംവിധാനത്തില്‍ ചിലപ്പോള്‍ അത് സംഭവിക്കും. എന്നാല്‍, അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കണം എന്നാണ് സര്‍ക്കുലര്‍. എത്ര സദുദ്ദേശ്യത്തോടെയുള്ള സര്‍ക്കുലര്‍ ആയാലും അത് സ്വയം നടപ്പിലാകുന്ന ഉപകരണമല്ല. പല അന്വേഷണങ്ങളും അനന്തമായി നീണ്ടുപോയി, പലര്‍ക്കും അവരര്‍ഹിക്കാത്ത ബുദ്ധിമുട്ടുണ്ടാക്കിയത് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ഇല്ലാഞ്ഞിട്ടല്ല. ഒരു ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേരില്‍ അഞ്ചു വര്‍ഷത്തിലധികമായി നിലവിലിരുന്ന അന്വേഷണ ഫയല്‍ ഞാന്‍ കണ്ടു. ഫയല്‍ പരിശോധിക്കുമ്പോള്‍ തികച്ചും ബാലിശമായ അസ്പഷ്ടവും പൊതു സ്വഭാവവുമുള്ള ആരോപണമാണ്. സത്യസന്ധനെന്ന നിലയില്‍ സല്‍പ്പേര് സമ്പാദിച്ച ആ ഉദ്യോഗസ്ഥനോടുള്ള ഏതോ വ്യക്തിവിരോധമാകാം പരാതിക്കു കാരണം എന്ന് വ്യക്തമാണ്. ശരാശരി കഴിവുള്ള ഒരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഒന്നോ രണ്ടോ പ്രവൃത്തി ദിവസം വിനിയോഗിച്ചാല്‍ തീരാവുന്ന അന്വേഷണമേ ഉള്ളു. അവസാനം അത് തീരുന്നത് ആ ഉദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്യുന്ന വേളയിലാണ്. ഇത് അവിചാരിതമായി സംഭവിക്കുന്നതല്ല. അദ്ദേഹത്തിന്റെ പേരില്‍ ''വിജിലന്‍സില്‍ എന്തോ ഉണ്ട്'' എന്ന് പറയുന്നതില്‍ സന്തോഷം കാണുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ സര്‍വ്വീസിലെ സഹപ്രവര്‍ത്തകരും ഉണ്ടാകാം.  വിജിലന്‍സിന്റെ അധികാരത്തില്‍ വല്ലാതെ ഭ്രമിച്ചുപോകുന്ന ഉദ്യോഗസ്ഥനും ഇങ്ങനെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരിലുള്ള അന്വേഷണത്തിന്റെ ഉടമസ്ഥാവകാശം നീട്ടുന്നതില്‍ അഭിരമിക്കുന്നവരാണ്. ജീംലൃ രീൃൃൗുെേ (അധികാരം ദുഷിപ്പിക്കും) എന്നത് വിജിലന്‍സ് ഉദ്യോഗസ്ഥനും ബാധകമാണ്. ചില അന്വേഷണങ്ങള്‍ അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിലായിരുന്നു. ഈ അവസ്ഥയ്ക്കു് വലിയ മാറ്റം അന്നുണ്ടായി. 

വിജിലന്‍സ് പരാതികളിലെ നെല്ലും പതിരും

അടിസ്ഥാനമില്ലാത്തതും നിയമനടപടികള്‍ അസാദ്ധ്യവുമായ അന്വേഷണങ്ങള്‍ അനാവശ്യമായി വലിച്ചുനീട്ടാതെ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ നിഷ്‌കര്‍ഷിച്ചു. അതു വളരെ ഗുണം ചെയ്തു. വിജിലന്‍സില്‍ പൊടിപിടിച്ചു കിടന്ന പല ഫയലുകളും തീര്‍പ്പാക്കി. അന്വേഷണത്തിന്റെ കാലതാമസം മൂലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയ പല സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കും  അര്‍ഹമായ പ്രയോജനം കിട്ടി. 

പല വിജിലന്‍സ് അന്വേഷണങ്ങളും സര്‍വ്വീസിനുള്ളിലെ ഉദ്യോഗസ്ഥ പടലപ്പിണക്കങ്ങളുടെ ഉല്പന്നമായിരുന്നുവോ എന്ന് സംശയം തോന്നിപ്പിച്ചു. ഐ.എ.എസിലേയും ഐ.പി.എസിലേയും ഉന്നതരുടെ തര്‍ക്കങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചപ്പോള്‍ വിജിലന്‍സും അതിലെ കഥാപാത്രം ആകുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിരുന്നു. വൈരനിര്യാതനമോ വ്യക്തിപരമായ അനിഷ്ടമോ ചില അന്വേഷണ ഉത്തരവുകള്‍ക്കു പിന്നില്‍ ഉള്ളതുപോലെ എനിക്കും തോന്നി. അക്കാലത്ത് സര്‍ക്കാര്‍ സ്വമേധയാ ഉത്തരവിട്ട ഒരന്വേഷണം ഞാനോര്‍ക്കുന്നു. സെക്രട്ടറി റാങ്കിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു അന്വേഷണം. അഴിമതിവിരുദ്ധതയുടെ ലേബലില്‍ ആരോ നല്‍കിയ പരാതിയില്‍ രണ്ടുതരം മുഖ്യ ആരോപണങ്ങളുണ്ടായിരുന്നു. ഒന്ന് അനധികൃത സ്വത്ത് സമ്പാദനം. കൈക്കൂലി പണംകൊണ്ട് വാങ്ങിയെന്ന് പറഞ്ഞ് കുറെയേറെ ഭൂമി സംബന്ധമായ വിവരങ്ങള്‍ അതിലുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നല്ലൊരു കേസിന്റെ തുടക്കമായിരിക്കാം ആ പരാതിയെന്നു തോന്നി. അന്വേഷണത്തില്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ സത്യമായിരുന്നു. പക്ഷേ, അതെല്ലാം തന്നെ ആ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു. എന്നുമാത്രമല്ല, അത് ആ ഉദ്യോഗസ്ഥന്‍ വിവാഹിതനാകും മുന്‍പേ അവരുടെ പേരിലുള്ളതും. അഴിമതിയുടെ വിദൂരബന്ധം പോലും അതില്‍നിന്നു വെളിവായില്ല. പിന്നെ എന്തിനീ 'അഴിമതിവിരുദ്ധ പോരാളി,' ഇത്രയ്ക്ക് ബുദ്ധിമുട്ടി കുറേയേറെ വ്യക്തിഗത വിവരങ്ങള്‍ കണ്ടെത്തി വിജിലന്‍സ് അന്വേഷണത്തിനയച്ചു? ഒരുപക്ഷേ, അതിന്റെ കാരണം രണ്ടാമത്തെ ആരോപണം വെളിവാക്കി. കുറെയേറെ സ്ത്രീകളുടെ പേര് നിരത്തി അവരുമായെല്ലാം അനാശാസ്യബന്ധം ഈ 'അഴിമതിക്കാര'നുണ്ടത്രെ. ശുദ്ധ സദാചാര പൊലീസ് ലൈനിലാണ് ആക്ഷേപം. വിജിലന്‍സ് എന്തായാലും സദാചാര പൊലീസ് ആകേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സദാചാര സംശയങ്ങള്‍  നിര്‍ദ്ദാക്ഷിണ്യം അവഗണിച്ചു. അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കണ്ടതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി വൈകാതെ റിപ്പോര്‍ട്ട് നല്‍കി. വൈകൃതം ബാധിച്ച പല മനസ്സുകളും ആശ്വാസം കണ്ടത് ഇത്തരം പരാതികളിലൂടെയാകാം. സദാചാര പൊലീസ് ചമയാന്‍ വ്യഗ്രതയുള്ള വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കയ്യില്‍ ഈ അന്വേഷണം എങ്ങനെയൊക്കെ പുരോഗമിക്കുമായിരുന്നു?  യാതൊരുവിധ ബാഹ്യ ഇടപെടലും ഇല്ലാതെ തികച്ചും വസ്തുനിഷ്ഠമായി തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. എങ്കിലും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അതിലത്ര തൃപ്തി ഉണ്ടായില്ലെന്ന് പിന്നീടറിഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നു മാത്രമേ എനിക്ക് പറയാനാകൂ. 

വിജിലന്‍സ് അന്വേഷണങ്ങളുടെ മുഖ്യസ്രോതസ്സ് ഡിപ്പാര്‍ട്ട്മെന്റിലും ഗവണ്‍മെന്റിലും ലഭിച്ചിരുന്ന പരാതികളായിരുന്നു. അവയില്‍ പലതും വ്യക്തിവിരോധം ഉള്‍പ്പെടെ പലവിധ സ്ഥാപിത താല്പര്യങ്ങളില്‍നിന്നും  ഉടലെടുക്കുന്നവയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും ഇത്തരം അര്‍ത്ഥശൂന്യമായ അന്വേഷണങ്ങളില്‍ തട്ടി പാഴായിപ്പോവുകയായിരുന്നു അന്ന്. മാസങ്ങളോ വര്‍ഷങ്ങളോ അന്വേഷിച്ച ശേഷം പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമാണ്? അങ്ങനെയാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ട പലതും വിജിലന്‍സിന്റെ നിരീക്ഷണത്തിനു പുറത്തായിരുന്നു. എന്നാല്‍, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് അന്വേഷണം മാനസിക പീഡനമായി മാറുകയും ചെയ്തു. കാലക്രമേണ വിജിലന്‍സ് സംവിധാനം എത്തിച്ചേര്‍ന്നിരുന്ന ഈ ദുരവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാന്‍ അന്ന് തുടക്കം കുറിച്ചിരുന്നു. 

അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ചില സര്‍ക്കാര്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുടെ രഹസ്യ സമ്പാദ്യം കണ്ടെത്തുവാനും ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അഴിമതിക്കാരെ കണ്ടുപിടിക്കാന്‍ പ്രയാസമൊന്നുമില്ല. തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറിയായിരുന്ന കെ.വി. രബീന്ദ്രന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞത് സത്യമാണ്; ''അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് സെക്രട്ടേറിയേറ്റില്‍ ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല, പുറത്തിറങ്ങി ആദ്യം കാണുന്ന ചായക്കടയില്‍ ചോദിച്ചാല്‍ എല്ലാവരും കൃത്യമായി പേരു് പറയും.'' വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത കുറേയേറെ ഉറപ്പാക്കാനായാല്‍ അഴിമതി സംബന്ധമായി വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കും എന്നാണ് അനുഭവം. പ്രകടനപരത ഒഴിവാക്കി, ചിട്ടയായ ശ്രമത്തിലൂടെ അക്കാര്യം പുരോഗമിച്ചു.

അതിന്റെ ഫലമായി തിരുവനന്തപുരം റേഞ്ച് വിജിലന്‍സ് എസ്.പി എന്ന നിലയില്‍ എന്റെ ചുമതലയില്‍ തന്നെയുണ്ടായിരുന്ന പത്തനംതിട്ട ജില്ലയില്‍ സ്വീകരിച്ച വിജിലന്‍സ് നടപടികള്‍ ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചു. അബ്കാരി മേഖലയുമായി ബന്ധപ്പെട്ടായിരുന്നു അത്. അക്കാലത്ത് എക്സൈസ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അബ്കാരികളുമായുള്ള കൂട്ടുകെട്ട് വ്യാപകവും ശക്തവുമായിരുന്നു. ചാരായനിരോധനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ചാരായഷാപ്പുകള്‍ അപ്രത്യക്ഷമായ സമയമായിരുന്നു അത്. ചാരായ നിരോധനത്തോടെ വ്യാപകമായി നാട്ടിലുണ്ടായിരുന്ന മദ്യത്തിന്റെ ഒരു വിപണനകേന്ദ്രം ഇല്ലാതായെങ്കിലും മദ്യത്തിന്റെ ഡിമാന്റില്‍ ഒരു കുറവും സംഭവിച്ചിരുന്നില്ല. അതോടെ അനധികൃത മദ്യം കള്ളുഷാപ്പുകളിലൂടെയും മറ്റും കൂടുതല്‍ വിറ്റഴിക്കാന്‍ തുടങ്ങി. ഇത്തരം അനധികൃത ഏര്‍പ്പാടുകള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വലിയ ചാകരയായിരുന്നു. ഇക്കാര്യത്തില്‍ പത്തനംതിട്ട ജില്ല അന്ന് കുപ്രസിദ്ധി ആര്‍ജ്ജിച്ചിരുന്നു. ആ അവസരത്തിലാണ് അവിടെ ഒരു ദിവസം ജില്ലയില്‍ ആസൂത്രിതമായി കുറേ സ്ഥലങ്ങളില്‍ ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്. മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശരിയായ വിവരശേഖരണം നടത്തി, തലസ്ഥാനത്തുനിന്നുതന്നെ ആസൂത്രണം ചെയ്ത് നടത്തിയ ആ നടപടി വലിയ വിജയമായി. രഹസ്യസ്വഭാവം നിലനിര്‍ത്തി, തികച്ചും അപ്രതീക്ഷിതമായ നടപടി ആയതിനാലാകണം, വിലപ്പെട്ട പല രേഖകളും അന്ന് കണ്ടെടുക്കാനും ഫലപ്രദമായ തുടര്‍നടപടികള്‍ ആരംഭിക്കാനും കഴിഞ്ഞു. അതിന്റെ ഏകോപനത്തില്‍ വിജിലന്‍സ് ഡി.ഐ.ജി ആയിരുന്ന രമേഷ് ചന്ദ്രഭാനുസാര്‍ വലിയ പങ്ക് വഹിച്ചു.

എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ അമിതാവേശം ചിലപ്പോള്‍ പ്രശ്‌നമാണ്. അക്കാലത്ത് ശ്രദ്ധയില്‍ വന്ന ഒരു സംഭവം നല്ല പാഠമായിരുന്നു. ഒരു യുവ എസ്.പിയുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് അയച്ചു. ആ എസ്.പി ചുമതല വഹിച്ച ജില്ലയിലെ ഒരഴിമതി പ്രശ്‌നമായിരുന്നു വിഷയം. തന്റെ കീഴിലുള്ള ഒരു എസ്.ഐ, എന്തോ കാര്യത്തിന് കൈക്കൂലി വാങ്ങിയതായി കേട്ടപ്പോള്‍, സത്യസന്ധനായ എസ്.പി അയാളെ വിളിച്ച് ശകാരിക്കുകയും പണം തിരികെ കൊടുപ്പിക്കുകയും ചെയ്തു. ഈ വിഷയം പിന്നീട് വിജിലന്‍സിന്റെ കണ്ണിലൂടെ നോക്കിയപ്പോള്‍ എസ്.പിയുടെ ഭാഗത്തും നിയമനടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നായി. അഴിമതിപ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെട്ട സര്‍വ്വീസിലെ തുടക്കക്കാരനായ എസ്.പിയുമായി ഡയറക്ടര്‍ സംസാരിച്ച് അത് അവസാനിപ്പിച്ചു. 

അല്പം അസാധാരണമെന്നു തോന്നിയ ഒരു അന്വേഷണം കല്ലട ജലസേചനവുമായി ബന്ധപ്പെട്ട് ഉണ്ടായി. പ്രാഥമികാന്വേഷണം നടത്തിയ ഡി.വൈ.എസ്.പി ഒരു സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി അവലോകനത്തില്‍ സൂചിപ്പിച്ചു. ആ എന്‍ജിനീയറുടെ പേര് മറ്റൊരു അന്വേഷണ ഫയലില്‍ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം, കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടും വഴിവിട്ട നടപടിയെ ചെറുത്തുനിന്നിരുന്നു. അതിനെ അപേക്ഷിച്ച് അഴിമതിസാദ്ധ്യത കുറഞ്ഞ ജോലി ആയിരുന്നു ഇപ്പോള്‍ പരിഗണനയ്ക്ക് വന്നത്. ആ നിലയ്ക്ക് കേസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും മുന്‍പ് ആ എന്‍ജിനീയറെ വിളിച്ച് വിശദീകരണം ചോദിക്കാന്‍ നിര്‍ദ്ദേശിച്ചു. വലിയ സമ്മര്‍ദ്ദത്തെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞ ഉദ്യോഗസ്ഥന്റെ പേരില്‍ തെറ്റായി കേസെടുത്താല്‍ അത് ആ വകുപ്പിലെ അഴിമതിക്കാരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ. തന്റെ നടപടികള്‍ തികച്ചും തൃപ്തികരമായി വിശദീകരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഫയലില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള ആ മനുഷ്യന്‍ അങ്ങനെ അനാവശ്യമായ കേസില്‍നിന്നും ഒഴിവായി. 

അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനം എന്ന വ്യാജേന പല കള്ളനാണയങ്ങളും വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത അന്നുണ്ടായിരുന്നു. പില്‍ക്കാലത്തും ഉണ്ടായിട്ടുണ്ട്. അഴിമതിക്കെതിരെ സ്വയം പ്രഖ്യാപിത പോരാട്ടം എന്ന നിലയ്ക്കാണ് ഇടയ്ക്കിടെ ഇത്തരക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത്തരം പല പോരാളികളും സ്ഥാപിത താല്പര്യങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. അഴിമതിവിരുദ്ധത എന്ന ലേബല്‍ സ്വീകരിക്കുമ്പോള്‍ മാധ്യമങ്ങളിലും പ്രാധാന്യം കിട്ടുമല്ലോ. വിജിലന്‍സിന്റെ പ്രവര്‍ത്തന രീതിയിലുണ്ടായ മാറ്റം അവരേയും ദോഷകരമായി ബാധിച്ചു. വിജിലന്‍സ് ആസ്ഥാനത്തും ഉദ്യോഗസ്ഥര്‍ക്കിടയിലും ഇവര്‍ക്ക് അക്കാലത്ത് ഒരു പരിഗണനയും കിട്ടുന്ന കാലാവസ്ഥ ആയിരുന്നില്ല. പക്ഷേ, ചില പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. വിജിലന്‍സ് കോടതി മുന്‍പാകെ പരാതി നല്‍കി മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു രീതി. പൊതുവേ വിജിലന്‍സ് കോടതികളും ഇത്തരം പോരാട്ടങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയില്ല. എന്നാല്‍. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ മാത്രം ഇത്തരം പരാതികള്‍ക്ക് അന്ന് വലിയ പരിഗണന കിട്ടി. അന്വേഷണ ഉത്തരവ്, കേസ് എന്ന നിലയില്‍ ആ കോടതി വാര്‍ത്തയില്‍ ഇടംപിടിച്ചു. വിജിലന്‍സ് അന്വേഷണത്തിനും കേസുകള്‍ക്കുമുള്ള കുറുക്ക് വഴി തടഞ്ഞുകൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അതിന്‍ പ്രകാരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്മേല്‍ നടപടി സ്വീകരിക്കുംമുന്‍പ് അവ വിജിലന്‍സ് ആസ്ഥാനത്ത് അയച്ച് നിര്‍ദ്ദേശം വാങ്ങണം എന്ന് നിഷ്‌കര്‍ഷിച്ചു. സുപ്രീംകോടതി വിധികളും വിജിലന്‍സ് നിയമ നടപടിക്രമങ്ങളും അടിസ്ഥാനമാക്കിയ സര്‍ക്കുലറില്‍ അതിന്റെ പശ്ചാത്തലവും കാരണവും വ്യക്തമായി വിശദീകരിച്ചിരുന്നു. ഈ സര്‍ക്കുലറും തുടര്‍നടപടികളും തൃശൂര്‍ വിജിലന്‍സ് ജഡ്ജിയെ, അല്ല കോടതിയെ പ്രകോപിപ്പിച്ചുവെന്നു തോന്നുന്നു. സര്‍ക്കുലര്‍ കോടതിയലക്ഷ്യം എന്ന നിലയിലാണ് കോടതി കണ്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് അയച്ചു. കോടതി അലക്ഷ്യം എന്നു കേട്ടാല്‍ മറ്റൊന്നും നോക്കാതെ മാപ്പപേക്ഷിച്ച് തടിയൂരുകയാണ് സാധാരണ ഉദ്യോഗസ്ഥരുടെ രീതി. മിക്ക സര്‍ക്കാര്‍ ഭാഗം വക്കീലന്മാരുടേയും ഉപദേശം അതായിരിക്കും. പൊലീസിന്റെ ഉപശാലകളില്‍ പല ഉയര്‍ന്ന ഉദ്യോഗസ്ഥരും ''ജോസഫ് കുടുങ്ങിയത് തന്നെ'' എന്ന് കാര്യവിചാരം നടത്തുന്നത് ഞാന്‍ കേട്ടു. പക്ഷേ, ഞങ്ങളുടെ ഡയറക്ടര്‍ കെ.ജെ ജോസഫ് അശേഷം കുലുങ്ങിയില്ല. കോടതിയലക്ഷ്യം പരിശോധിച്ച ഹൈക്കോടതി അത് തള്ളി. 

ചുരുങ്ങിയ കാലയളവുകൊണ്ട് മുന്‍മന്ത്രിമാരായിരുന്ന ധാരാളം രാഷ്ട്രീയ നേതാക്കളുടേയും ഉയര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടേയും പേരില്‍ അന്വേഷണം നടത്തി കേസെടുത്തിരുന്നു. പല നടപടികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും, കോടതിയില്‍നിന്നും വിജിലന്‍സിനു ശക്തമായ പിന്തുണ ലഭിക്കുന്ന തരത്തിലുള്ള അനുഭവമാണ് ഉണ്ടായത്. അതിനു കാരണം ശക്തമായ നടപടികളാണ് സ്വീകരിച്ചെതെങ്കിലും, അതെല്ലാം തന്നെ നിയമത്തിലധിഷ്ഠിതമായിരുന്നു എന്നതിനാലാണ്. ഗാലറിക്കുവേണ്ടി ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ടു മാത്രമാണ് ഒരിക്കല്‍പ്പോലും ഹൈക്കോടതിയില്‍നിന്നും തിരിച്ചടി ഉണ്ടാകാതിരുന്നത്. 

അങ്ങനെ ജൂഡിഷ്യറിയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും  മാധ്യമങ്ങളില്‍നിന്നും ഒക്കെ നല്ല പിന്തുണയുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ അപ്രതീക്ഷിത സ്ഥാനമാറ്റം സംഭവിച്ചു. രാഷ്ട്രീയ തീരുമാനത്തിന്റെ കാരണങ്ങളെക്കുറിച്ച് വലിയ വ്യക്തതയൊന്നുമുണ്ടായിരുന്നില്ല. ചില ചെറിയ വിഷയങ്ങളില്‍ സര്‍ക്കാരും വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി എനിക്കറിയാമായിരുന്നു. അന്ന് വിജിലന്‍സില്‍ ഡി.വൈ.എസ്.പി ആയിരുന്ന ജോഗേഷിനെ തിരുവനന്തപുരം സിറ്റിയില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. വിജിലന്‍സുമായി ആലോചിക്കാതെയാണ് ഉത്തരവ് ഇറക്കിയത്. ഇത്തരം കാര്യങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്തുന്നതാണ് ഭരണപരമായ ഔചിത്യം. പക്ഷേ, അത് പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യാം. സര്‍ക്കാരാണല്ലോ ഭരണത്തിന്റെ പരമാധികാരി. അധികാരിക്ക് എന്ത് ഔചിത്യം? സത്യസന്ധനായ നല്ല ഉദ്യോഗസ്ഥനായിരുന്നു ജോഗേഷ്. പക്ഷേ, അദ്ദേഹത്തെ വിജിലന്‍സില്‍നിന്നും ചാര്‍ജ്ജ് വിട്ട് പുതിയ ചുമതല ഏല്‍ക്കാന്‍ ഡയറക്ടര്‍ അനുവദിച്ചില്ല. അക്കാര്യത്തില്‍ ഞാനും വിജിലന്‍സ് ഡയറക്ടറോട് സംസാരിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്, പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ക്രമസമാധാനത്തില്‍ നിയമനം ലഭിക്കുന്നതിന് ഞാനെപ്പോഴും അനുകൂലമായിരുന്നു. അതുകൊണ്ടാണ് അക്കാര്യം ഡയറക്ടറോട് സംസാരിച്ചത്. വിജിലന്‍സിലും യോഗ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ധാരാളം പ്രധാന കേസുകളും അന്വേഷണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നല്ല ഉദ്യോഗസ്ഥരെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റേയും ആവശ്യമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

മറ്റൊരു വിഷയത്തിലും വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും വ്യത്യസ്ത ധ്രുവങ്ങളിലായ സംഭവമുണ്ടായി. വിജിലന്‍സ് കോടതിയില്‍ വിചാരണയിലിരുന്ന ഒരു കേസിന്റെ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഫലത്തില്‍ അഴിമതിക്കേസില്‍ നിന്നും കുറ്റവാളിയെ രക്ഷിക്കുന്ന നടപടിയാണത്. സാധാരണയായി അഴിമതിക്കേസുകളില്‍ ഒരു സര്‍ക്കാരും അങ്ങനെ ചെയ്യാറില്ല. സമരങ്ങളും പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രിമിനല്‍ കേസുകളിലാണ് പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കാറുള്ളത്. ഇക്കാര്യത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരു പ്രത്യേക ശൈലിയിലാണുള്ളത്. കേസിന്റെ നമ്പരും മറ്റും വ്യക്തമാക്കിയശേഷം, അത് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ല എന്നായിരിക്കും ഉത്തരവ്. ഒരു കാര്യം ചെയ്യുന്നതിന് ഏതെങ്കിലും അധികാരിക്ക് എതിര്‍പ്പില്ല എന്നതിനര്‍ത്ഥം അക്കാര്യം ചെയ്തുകൊള്ളണം എന്നുമാത്രം വ്യാഖ്യാനിക്കാനാവില്ലല്ലോ. ഏതായാലും സര്‍ക്കാരിന്റെ മനോഗതം അനുസരിച്ച് അഴിമതിക്കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറായില്ല. രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി, സര്‍ക്കാരിനുവേണ്ടി സ്വയം അറിഞ്ഞ് കാര്യനിര്‍വ്വഹണം നടത്തുക വിനീതവിധേയന്മാരെയാണല്ലോ സര്‍ക്കാരുകള്‍ കൂടുതലും കണ്ടുപരിചയിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ സര്‍ക്കാര്‍ താല്പര്യം വ്യക്തമാക്കിയിട്ടും സംശയവും എതിര്‍പ്പും പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥനെ, അതും വകുപ്പ് മേധാവിയെ, എങ്ങനെ സഹിക്കും? പതിമൂന്ന് മാസം പൂര്‍ത്തിയാക്കി, ജോസഫ് സാര്‍ പടി ഇറങ്ങുമ്പോള്‍, ഒരു സര്‍ക്കാരും അതിനപ്പുറം തന്നെ സഹിച്ചിട്ടില്ല എന്ന് നിസ്സംഗതയോടെ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. 

ആ സ്ഥാനമാറ്റം വ്യക്തമായ ഒരു സന്ദേശം പോലെ എനിക്കു തോന്നി. ഒന്നുകില്‍ വിജിലന്‍സ് സ്വതന്ത്രമാകാം; അല്ലെങ്കില്‍ വിജിലന്‍സ് ശക്തമാകാം. രണ്ടുംകൂടിയാകുന്നുവോ എന്ന് സംശയം തോന്നിയാല്‍ ആ വിജിലന്‍സിനെ സഹിക്കുവാനുള്ള ധാര്‍മ്മികബലം കേരളത്തിലെ അധികാര രാഷ്ട്രീയത്തിനില്ല.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com