'എക്‌സ്  മുസ്ലിംസ്' എന്നു പറഞ്ഞാല്‍ എന്താണ്?

'എക്‌സ്  മുസ്ലിംസ്' എന്നു പറഞ്ഞാല്‍ എന്താണ്?

കേരളത്തില്‍ 2021 ജനുവരി ഒന്‍പതിന് 'എക്‌സ് മുസ്ലിംസ് ഓഫ് കേരള' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിക്കപ്പെടുകയുണ്ടായി

ര്‍ട്രന്‍ഡ് റസല്‍ (1872-1970) മതവിശ്വാസത്തെ കണിശാര്‍ത്ഥത്തില്‍ ചോദ്യം ചെയ്ത ചിന്തകനാണ്. സ്വതന്ത്ര ചിന്തയുടെ വക്താവായിരുന്നു അദ്ദേഹം. ഒരു വ്യക്തി ചിന്താപരമായി സ്വതന്ത്രനാകണമെങ്കില്‍ അയാള്‍ രണ്ടു കാര്യങ്ങളില്‍നിന്നു മോചിതനാകേണ്ടതുണ്ടെന്ന് റസല്‍ നിരീക്ഷിക്കയുണ്ടായി. പരമ്പരാഗത വിശ്വാസങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്നും അവനവന്റെ വികാരങ്ങളുടെ സ്വേച്ഛാവാഴ്ചയില്‍നിന്നും വ്യക്തി വിമോചിതനാകുമ്പോഴേ അയാള്‍ക്ക് സ്വതന്ത്ര ചിന്ത  സാധ്യമാകൂ എന്നായിരുന്നു റസലിന്റെ വിലയിരുത്തല്‍.

അവ്വിധം വിമോചനം നേടിയ റസലാണ് 'ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനിയല്ല' എന്ന പുസ്തകമെഴുതിയത്. 'മതങ്ങള്‍ അപകടകരവും അസത്യവുമാണെ'ന്ന് അദ്ദേഹം അറുത്തുമുറിച്ചു പറഞ്ഞിരുന്നു. പക്ഷേ, ക്രിസ്തുമതവിശ്വാസം കൈവെടിഞ്ഞ അദ്ദേഹം സ്വയം 'എക്‌സ് ക്രിസ്റ്റ്യന്‍' (മുന്‍ ക്രിസ്റ്റ്യന്‍) എന്നു വിശേഷിപ്പിച്ചിരുന്നില്ല. റസലിനെപ്പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലയളവുകളില്‍ മതവിശ്വാസത്തോട് വിടചൊല്ലിയ ധാരാളം പേരുണ്ട്. ആല്‍ബര്‍ കമു, ഫ്രെഡറിക് നീഷെ, ലുഡ്വിഗ് ഫോയര്‍ബാഹ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, ആന്റണ്‍ ചെക്കോവ്, താരിഖ് അലി, ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെനറ്റ്, ജോസഫ് കോണ്‍റാഡ്, ഐസക് അസിമോവ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും.

ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഭഗത്സിംഗ്, പെരിയാര്‍ ഇ.വി. രാമസ്വാമി, ദേവിപ്രസാദ് ചതോപാധ്യായ, മേഘ്നാഥ് സാഹ, ബോളിവുഡ് താരം ഫര്‍ഹാന്‍ അഖ്തര്‍, സരസ്വതി ഗോറ, അക്ഷയ്കുമാര്‍ ദത്ത, അരോജ് അലി മധുബര്‍, നരേന്ദ്ര ദഭോല്‍കര്‍, ദുഷ്യന്ത്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, എ.ടി. കോവൂര്‍, എം.സി. ജോസഫ്, ജോസഫ് ഇടമറുക്, യു. കലാനാഥന്‍, കെ.കെ. അബ്ദുല്‍ അലി തുടങ്ങി വ്യത്യസ്ത സമുദായങ്ങളില്‍നിന്നു മതനിരാസത്തിലേക്ക് കടന്നുപോയവരെ നാം കാണുന്നു. പക്ഷേ, വിദേശങ്ങളിലേയോ സ്വദേശത്തേയോ മതത്യാഗികളാരും തങ്ങളെ എക്‌സ് ക്രിസ്റ്റ്യന്‍, എക്‌സ് ജ്യൂ, എക്‌സ് ഹിന്ദു, എക്‌സ് മുസ്ലിം എന്നിങ്ങനെ അടയാളപ്പെടുത്തിപ്പോന്നിട്ടില്ല. അവരൊക്കെ അറിയപ്പെട്ടത് റാഷണലിസ്റ്റുകള്‍ (യുക്തിവിചാരക്കാര്‍) ആയിട്ടാണ്.

പക്ഷേ, കേരളത്തില്‍ 2021 ജനുവരി ഒന്‍പതിന് 'എക്‌സ് മുസ്ലിംസ് ഓഫ് കേരള' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിക്കപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിന് 'എക്‌സ് മിസ്ലിംസ് ഡെ' ആയി അവര്‍ ആചരിച്ചതായും സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇസ്ലാം മതം ഉപേക്ഷിക്കുകയും യുക്തിചിന്തയിലേക്ക് കയറിപ്പോവുകയും ചെയ്തവരാണവര്‍. കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള, ഏറ്റവും അറിയപ്പെടുന്ന റാഷണലിസ്റ്റുകളായ കലാനാഥന്‍, ഗംഗന്‍ അഴീക്കോട്, രാജഗോപാല്‍ വാകത്താനം, അബ്ദുല്‍ അലി, അഡ്വ. അനില്‍കുമാര്‍, ഡോ. അഗസ്റ്റസ് മോറിസ്, അഡ്വ. ഇസ്മായില്‍, രാജു ജോസഫ്, എം. മുഹമ്മദ് ഖാന്‍, എന്‍.കെ. ഇസ്ഹാക്ക്, ജോസ് കണ്ടത്തില്‍ തുടങ്ങിയവരാരും തങ്ങള്‍ എക്‌സ് ഹിന്ദുക്കളാണെന്നോ എക്‌സ് മുസ്ലിങ്ങളാണെന്നോ എക്‌സ് ക്രിസ്ത്യാനികളാണെന്നോ ഘോഷിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മുസ്ലിം സമുദായ പശ്ചാത്തലമുള്ള ചില സ്വതന്ത്ര ചിന്തകള്‍ മാത്രം എന്തുകൊണ്ട് തങ്ങളെ എക്‌സ് മുസ്ലിംസ് (മുന്‍ മുസ്ലിങ്ങള്‍) എന്നു വിശേഷിപ്പിക്കുന്നു?

ഈ ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ നല്‍കുന്ന ഉത്തരം മതം ഉപേക്ഷിക്കുന്ന മുസ്ലിങ്ങള്‍ക്ക് മറ്റു സമുദായങ്ങളിലെ യുക്തിവാദികള്‍ (മതത്യാഗികള്‍) അഭിമുഖീകരിക്കുന്ന തരത്തിലുള്ളതല്ലാത്ത ചില സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്നാണ്. അതിനാല്‍ അവര്‍ വേറിട്ട് സംഘടിക്കുകയും അത്തരം സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്യേണ്ടതുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. ഏതൊക്കെയാണ് ആ പ്രശ്‌നങ്ങള്‍? ഇസ്ലാം ഉപേക്ഷിച്ചവരെ കൊല്ലണമെന്ന നിയമം ഇസ്ലാമിലുണ്ടെന്നും അത് ചില രാഷ്ട്രങ്ങളില്‍ ഭരണാധികാരികള്‍ തന്നെ നടപ്പാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ ഏതായാലും അത്തരമൊരു നിയമമില്ല. നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെയായി മാറുന്നവര്‍ക്ക് ചിലയിടങ്ങളില്‍ സമുദായ വിലക്കേര്‍പ്പെടുത്തുന്ന ഹീന സമ്പ്രദായം അവിടവിടെ നിലനില്‍ക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, കാലം മാറുകയും രാഷ്ട്രീയ പ്രബുദ്ധതയേറുകയും ഏകശിലാത്മക ഇസ്ലാം ഇല്ലെന്നും വിവിധയിനം ഇസ്ലാം മതങ്ങള്‍ നിലവിലുണ്ടെന്നുമുള്ള തിരിച്ചറിവ് വളരുകയും ചെയ്തതോടെ സമുദായ ഭ്രഷ്ടിന്റെ അളവിലും കാഠിന്യത്തിലും ഗണ്യമാംവിധം കുറവു വന്നിട്ടുണ്ട്.

മുന്‍ മത ലേബലില്ലാ റാഷണലിസ്റ്റുകള്‍

സംഘടിത മതമായ ഇസ്ലാമിന് അതിന്റേതായ ശവസംസ്‌കാര സംവിധാനവും വിവാഹാചാരങ്ങളും ഉണ്ടെന്നും അവയെല്ലാം മതപൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലാണെന്നുമാണ് എക്‌സ് മുസ്ലിം കൂട്ടായ്മ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാര്യം. പള്ളിയോടനുബന്ധിച്ചുള്ള ശ്മശാനം ഇസ്ലാം വിട്ടവര്‍ക്ക് പ്രാപ്യമല്ലാത്ത സാഹചര്യത്തില്‍ ശവസംസ്‌കാരം അത്തരക്കാര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. അതിന് പരിഹാരം കണ്ടെത്തുന്നത് തികച്ചും മതേതരമായി വേണം. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് രണ്ട് എന്ന കണക്കില്‍ പൊതു ശ്മശാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു ഭരണാധികാരികളോട് ആവശ്യപ്പെടണം. പ്രസ്തുത ആവശ്യം മതേതര രാഷ്ട്രീയപ്പാര്‍ട്ടികളോടും സാംസ്‌കാരിക സംഘടനകളോടും ചേര്‍ന്ന് ഉന്നയിക്കുകയാണ് മതത്യാഗികള്‍ ചെയ്യേണ്ടത്. പൊതു ശ്മശാനമെന്നപോലെ പൊതു വിവാഹവേദികള്‍ കൂടി പഞ്ചായത്ത് തലങ്ങളില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും താന്താങ്ങളുടെ ആചാരപ്രകാരം വിവാഹകര്‍മ്മം നടത്താനുള്ള സൗകര്യം അത്തരം വിവാഹവേദികളില്‍ ഏര്‍പ്പെടുത്തണം. ഭരണകര്‍ത്താക്കള്‍ മനസ്സുവെച്ചാല്‍ വലിയ കാലവിളംബമില്ലാതെ നടപ്പില്‍ വരുത്താവുന്ന കാര്യമാണിത്. ആ വഴിക്കുള്ള ശ്രമങ്ങള്‍ സെക്യുലര്‍ പാര്‍ട്ടികളേയും ചിന്താഗതികളേയും കൂട്ടുപിടിച്ചു നടത്താന്‍ മുന്നിട്ടിറങ്ങുകയത്രേ യുക്തിവാദികള്‍ ചെയ്യേണ്ടത്.

മതം വിട്ടാലും മുസ്ലിം സമുദായ പശ്ചാത്തലമുള്ള റാഷണലിസ്റ്റുകള്‍ മുസ്ലിം വ്യക്തി നിയമങ്ങളുടെ പരിധിയില്‍ തുടരുന്നുവെന്നും അത് അനന്തരസ്വത്തവകാശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നുമുള്ളതത്രേ എടുത്തുകാട്ടപ്പെടുന്ന മൂന്നാമത്തെ കാര്യം. മുസ്ലിം വ്യക്തിനിയമത്തിലെ ലിംഗവിവേചനമാണ് പ്രശ്‌നമെങ്കില്‍ അതിന്റെ പരിഹാരത്തിനുള്ള ഉത്തമ വഴി ഏകീകൃത കുടുംബ നിയമങ്ങളുടെ ആവിഷ്‌കാരമാണ്. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മുന്‍ മുസ്ലിങ്ങളടക്കമുള്ള യുക്തിവാദികള്‍ വിവിധ സമുദായങ്ങളിലെ ഉല്‍പ്പതിഷ്ണുക്കളോടൊപ്പം ചേര്‍ന്നു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം ഒഴിവാക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗ്ഗവുമുണ്ട്. തന്റെ പേരിലുള്ള സ്വത്തിന്റെ വിഭജനം ലിംഗസമത്വപൂര്‍വ്വം എല്ലാ ബന്ധുകള്‍ക്കും ലഭിക്കത്തക്കവിധം നേരത്തേ ദാനാധാരം വഴി ഏത് പൗരനും ഉറപ്പാക്കാവുന്നതേയുള്ളൂ.

സംഘടിത മതമായ ഇസ്ലാമില്‍നിന്നു പുറത്തുവന്നവര്‍ മാത്രം നേരിടുന്നതല്ല ശവസംസ്‌കാരം, വിവാഹം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍. ഇസ്ലാമിനേക്കാള്‍ സംഘടിതമായ ക്രൈസ്തവസഭകളില്‍നിന്നു പുറത്തുപോയവരും അമ്മട്ടിലുള്ള പ്രശ്‌നങ്ങളുടെ ഇരകളാണ്. പള്ളിവക ശ്മശാനം, പള്ളികളില്‍ നടത്തപ്പെടുന്ന വിവാഹകര്‍മ്മം, മാമോദീസ എന്നിവ വെച്ച് സ്വതന്ത്ര ചിന്തകരായ പല ക്രൈസ്തവരേയും സഭകള്‍ വേട്ടയാടിയത് ചരിത്രത്തിന്റെ ഭാഗമാണ്. പ്രശസ്ത സാഹിത്യ നിരൂപകനായ എം.പി. പോളിനും എ.കെ. ആന്റണിയുടെ പിതാവിനും കാക്കനാടന്റെ സഹോദരന്‍ തമ്പി കാക്കനാടനും മറ്റും പള്ളി സെമിത്തേരിയില്‍ സഭാ നേതൃത്വം ഇടം നല്‍കിയില്ല. ആശയതലത്തില്‍ സഭകളോട് ഏറ്റുമുട്ടിയ ഒട്ടേറെ പേര്‍ക്ക് തെമ്മാടിക്കുഴിയാണ് പള്ളിമേധാവികള്‍ നല്‍കിയത്.

കയ്പേറിയ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലുണ്ടായിട്ടും ക്രിസ്തുമതവിശ്വാസം വെടിഞ്ഞ് യുക്തിവാദം നെഞ്ചോട് ചേര്‍ത്ത ക്രിസ്ത്യാനികളാരും 'എക്‌സ് ക്രിസ്റ്റ്യന്‍' എന്ന പട്ടം സ്വയം എടുത്ത് ചാര്‍ത്തിയിട്ടില്ല. മുന്‍ മതത്തിന്റെ ലേബലില്ലാതെ റാഷണലിസ്റ്റുകളാവുകയാണ് അവര്‍ ചെയ്തത്. അവരില്‍നിന്നു വ്യത്യസ്തരായി മുസ്ലിം മതഭൂമികയില്‍നിന്നു വന്ന ചിലര്‍ 'എക്‌സ് മുസ്ലിംസ്' എന്ന പേരില്‍ പ്രത്യേക ചേരിയുണ്ടാക്കുന്നത് അത്ര നിരുപദ്രവകരമായി കാണാമോ? മതമൗലികവാദികളേയും വര്‍ഗ്ഗീയവാദികളേയും പോലെ, റാഷണലിസത്തിലേക്ക് സ്വത്വവാദം കടത്തിക്കൊണ്ടു വരികയാണവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ മുസ്ലിം സ്വത്വവാദം ഉയര്‍ത്തുന്ന പ്രമുഖ സംഘടനകള്‍ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രന്റും അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിനും മറ്റുമാണ്. അവ മുസ്ലിം എന്ന പദവും ആശയവും മുന്നില്‍ വെച്ച് സ്വത്വവാദം ജ്വലിപ്പിക്കുമ്പോള്‍ 'എക്‌സ് മുസ്ലിംസ് ഓഫ് കേരള' എന്ന നവ സംഘടന എക്‌സ് മുസ്ലിം എന്ന വാക്കും പരികല്പനയും മുന്നില്‍വെച്ച് സ്വത്വാവദത്തിന് ചൂട്ട് തെളിക്കുന്നു. പ്രതിലോമതയുടേയും സെക്ടേറിയനിസത്തിന്റേയും കാര്യത്തില്‍ വര്‍ഗ്ഗീയ, മതമൗലിക പ്രസ്ഥാനങ്ങളോട് മത്സരിക്കുകയാണവര്‍ ചെയ്യുന്നത്.

ഹൈന്ദവ മതപാരമ്പര്യം വിട്ട് യുക്തിചിന്തയിലേക്ക് പോയവരും ക്രൈസ്തവ മതപാരമ്പര്യം വിട്ട് സ്വതന്ത്ര ചിന്തയിലേക്ക് പോയവരും യഥാക്രമം 'എക്‌സ് ഹിന്ദൂസ് ഓഫ് കേരള'യും 'എക്‌സ് ക്രിസ്റ്റ്യന്‍സ് ഓഫ് കേരള'യും രൂപവല്‍ക്കരിച്ചാല്‍ സ്ഥിതി എന്താകുമെന്ന് എക്‌സ് മുസ്ലിംസ് ആലോചിച്ചിട്ടുണ്ടോ? അങ്ങനെ സംഭവിച്ചാല്‍ മതം വെടിയാന്‍ പോയവര്‍ മതസ്വരങ്ങളുടെ പതാകവാഹകരാകുന്ന വൃത്തികെട്ട ദൃശ്യത്തിന് കേരളം സാക്ഷിയാകേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com