എലിസബത്ത് ഡ്രേപ്പറുടെ കത്തുകള്‍ 

ഉന്മാദവും പ്രണയവും വിഷാദവും നിറഞ്ഞതായിരുന്നു ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്ഥനായിരുന്ന ഡാനിയല്‍ ഡ്രേപ്പറുടെ ഭാര്യ എലിസബത്ത് ഡ്രേപ്പറുടെ ജീവിതം
എലിസബത്ത് ഡ്രേപ്പറുടെ കത്തുകള്‍ 

ചുറ്റിലും ചൂഴ്ന്നുനില്‍ക്കുന്ന ഇരുട്ടില്‍ കടലിലേക്ക് എടുത്തുചാടിയ നിമിഷത്തില്‍ എലീസ എന്താണ് ആലോചിച്ചത് എന്നാര്‍ക്കുമറിയില്ല. എലീസയുടെ എഴുത്തുകളില്‍ അതേക്കുറിച്ച് ഒന്നും കാണാനില്ല. താഴെ കടലിന്റെ ഇരമ്പം വ്യക്തമായി കേള്‍ക്കാമായിരുന്നു. ദൂരെ നങ്കൂരമിട്ട കപ്പലിലെ വിളക്കുകള്‍ മൂടല്‍മഞ്ഞില്‍ മങ്ങിയ നിലയില്‍ കാണപ്പെട്ടു. എച്ച്.എം.എസ് പ്രുഡന്റ് എന്ന ആ കപ്പലില്‍നിന്നും തനിക്കായി അയച്ച ചെറുതോണി താഴെ കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തിലാണ് അവള്‍ ചാടിയത്. 

നേരെ മുകളില്‍, കടല്‍ഭിത്തിയോടു ചേര്‍ന്ന ഹാര്‍ബറിലെ മെറീന്‍ ഹൗസിലും നിശബ്ദതയായിരുന്നു. അവിടെ എലീസയുടെ കിടപ്പുമുറിയില്‍നിന്നും ചുമരിനോടു ചേര്‍ന്ന് ഒരു നീണ്ട കയര്‍ കടലിലേക്കു ഞാന്നുകിടന്നു. ഇരുള്‍ പരന്ന അവസരത്തിലാണ് കയറില്‍ പിടിച്ചുതൂങ്ങി കടലിന്റെ അപാരതയില്‍ അഭയം തേടാനായി അവള്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതൊരു പലായനമായിരുന്നു. രാജകീയമായ അടിമത്തത്തില്‍നിന്നുള്ള പലായനം; ഒരിക്കലും ഒത്തുപോകാനാവാത്ത ഒരു ഭര്‍ത്താവില്‍നിന്നുള്ള ഒളിച്ചോട്ടം. 15 വര്‍ഷം അയാളോടൊത്തു അവള്‍ കഴിച്ചുകൂട്ടി. 14-ാം വയസ്സില്‍ വലിയ പ്രതീക്ഷകളുമായി അയാളുടെ കൂടെ ചേര്‍ന്നതാണ്. ഇപ്പോള്‍ എങ്ങോട്ടെന്നില്ലാതെ കടലിലേക്കു എടുത്തുചാടുന്ന സാഹസികതയിലാണ് അതു പര്യവസാനിച്ചത്. ''അടുത്ത 24 മണിക്കൂറില്‍ ഒന്നുകില്‍ എന്റെ ജീവിതം അവസാനിക്കും; അല്ലെങ്കില്‍ പിഴച്ചവള്‍ എന്ന പേരോടെ ഒരു പുതുജീവിതത്തിലേക്ക് ഞാന്‍ കടക്കും'' എന്നാണ് ഭര്‍ത്താവിനായി തിരക്കിട്ടു കുത്തിക്കുറിച്ച യാത്രാമൊഴിയില്‍ അവള്‍ രേഖപ്പെടുത്തിയത്. 

ഭര്‍ത്താവിനായി എഴുതിവെച്ച കത്തില്‍ എലീസ ഇങ്ങനെ രേഖപ്പെടുത്തി: ''ഡ്രേപ്പര്‍, നിങ്ങളുടെ വേദനയോര്‍ക്കുമ്പോള്‍ എനിക്ക് ഹൃദയത്തില്‍ വിങ്ങല്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, നിങ്ങള്‍ സ്‌നേഹിക്കാന്‍ സമയം കണ്ടെത്തിയിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.'' ഡ്രേപ്പറുമൊത്തുള്ള ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. ഇനി ജീവിതത്തില്‍ എന്ത് എന്നു ചിന്തിക്കാനും അവള്‍ക്കു വഴിയുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോംബയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഡ്രേപ്പറുടെ ഭാര്യ എലിസബത്ത് ഡ്രേപ്പര്‍ അവരുടെ കുടുംബജീവിതത്തിനു അന്ത്യം കുറിച്ചത്. 1773 ജനുവരി 14-നു രാത്രിയാണ് ഹാര്‍ബറിലെ ഉയര്‍ന്ന കെട്ടിടത്തില്‍നിന്ന് ജനല്‍ വഴി ചാടി എലീസ വിമോചനം പ്രഖ്യാപിച്ചത്. അവള്‍ എന്നും കരുത്തയായിരുന്നു; സാഹസികതകള്‍ അവളെ ഭയപ്പെടുത്തിയുമില്ല. ഡാനിയല്‍ ഡ്രേപ്പര്‍ കമ്പനിയുടെ നല്ല ഉദ്യോഗസ്ഥനായിരുന്നു; എലീസയെക്കാള്‍ 20 വയസ്സിനു മൂത്തയാള്‍. അറബിക്കടലിന്റെ തെക്കേയറ്റത്ത് തിരുവിതാംകൂര്‍ രാജ്യത്തെ അഞ്ചുതെങ്ങില്‍ ജനിച്ച്, ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം കഴിഞ്ഞ് ബോംബെയില്‍ തിരിച്ചെത്തി ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ വല്യച്ഛന്റെ ബോംബെയിലെ വീട്ടില്‍ സഹോദരിമാര്‍ മേരിയും ലൂയിസയുമൊത്തു കഴിയുന്ന കാലത്താണ് അവള്‍ ഡാനിയലിനെ പരിചയപ്പെടുന്നത്. ആറുമാസം കഴിഞ്ഞ് അവരുടെ വിവാഹവും നടന്നു.   
 
കമ്പനിയുടെ ഗുമസ്തപ്പണിക്കാരനായി തുടങ്ങിയ ഡാനിയലിനെ പലരും ഒരു മന്തന്‍ എന്നാണ് വിളിച്ചുവന്നത്. അയാളുടെ വലതുകയ്യിന് ഇടയ്ക്കിടെ വിറ വരുന്ന ഒരു അസുഖമുണ്ടായിരുന്നു. നാഡീസംബന്ധമായ എന്തോ പ്രശ്‌നമെന്നാണ് അപ്പോത്തിക്കിരിമാര്‍ പറഞ്ഞത്. ''കമ്പനിപ്പണിയില്‍ പേനകൊണ്ടുള്ള അമിത ജോലിയാകണം അതിനു കാരണ''മെന്നു എലീസയ്ക്കു തോന്നിയിരുന്നു. എന്തായാലും അവള്‍ ജനിച്ച തെക്കന്‍ കടലോരത്തെ മാരുതനെപ്പോലെ സ്വതന്ത്രയായി വിണ്ണില്‍ പറക്കാന്‍ കൊതിച്ച എലീസയും ഗുമസ്തപ്പണിയില്‍ മാത്രം ശ്രദ്ധിച്ച ഡ്രേപ്പറും തമ്മിലുള്ള വിവാഹം ഒരിക്കലും സന്തോഷകരമായിരുന്നില്ല. 35 വര്‍ഷം നീണ്ട എലീസയുടെ ജീവിതം പല നിലയ്ക്കും വേദനാജനകമായിരുന്നു. എന്നാല്‍, അതിനിടയില്‍ ഒരുപാട് അനുഭവങ്ങളാണ് അവള്‍ നേരിട്ടത്. വിവാഹം പരാജയമെങ്കില്‍ അവളുടെ ബന്ധങ്ങള്‍ വിപുലമായിരുന്നു; 18-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരില്‍ ഒരാളായ ലോറന്‍സ് സ്റ്റേണുമായുള്ള എലീസയുടെ ബന്ധങ്ങളും എഴുത്തുകുത്തുകളും സമകാല ഇംഗ്ലീഷ് സമൂഹത്തില്‍ത്തന്നെ വലിയ കൗതുകമുണര്‍ത്തിയ സംഭവങ്ങളാണ്. 

തിരുവിതാംകൂറില്‍ വാണിജ്യാവശ്യത്തിനായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച അഞ്ചുതെങ്ങിലെ കോട്ടയിലാണ് 1744 ഏപ്രില്‍ അഞ്ചിന് എലിസബത്ത് ജനിച്ചത്. കോട്ടയുടെ സെക്രട്ടറി മേയ് സ്‌ക്ലെറ്റര്‍ പിതാവ്; കോട്ടയുടെ തലവന്‍ ചാള്‍സ് വൈറ്റ്ഹാളിന്റെ മകള്‍ ജൂഡിത്ത് അമ്മ. എലീസയുടെ ജനനം നടന്നു രണ്ടുവര്‍ഷം കഴിഞ്ഞ് 1746-ല്‍ പിതാവ് മരിച്ചു. വീണ്ടും രണ്ടുവര്‍ഷം കഴിഞ്ഞു മാതാവും മരിച്ചു. തുടര്‍ന്ന് എലീസയും രണ്ടു സഹോദരിമാരും ബോംബെയിലെ മുത്തച്ഛന്റെ പരിരക്ഷണയിലായി. 

ആറ്റിങ്ങല്‍ റാണിയില്‍നിന്ന് 1694-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പാട്ടത്തിനു വാങ്ങിയ സ്ഥലത്താണ് കോട്ട നിലനിന്നത്. നാട്ടുകാരും കോട്ടയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. എലീസയുടെ ജനനത്തിനു രണ്ടു പതിറ്റാണ്ടു മുന്‍പ് കോട്ടയിലെ പ്രമുഖരായ നിരവധി പേരെ റാണിയുടെ കൊട്ടാരത്തില്‍ വെച്ച് വധിക്കുകയുണ്ടായി. അന്നാട്ടിലെ പല ആചാരവിശേഷങ്ങളെക്കുറിച്ചും കോട്ടയിലെ ഉദ്യോഗസ്ഥരില്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ മാറുമറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന് അഞ്ചുതെങ്ങിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഫോര്‍ബ്സ് എഴുതിയിട്ടുണ്ട്. കിഴക്കന്‍ നാട്ടിലെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരില്‍ അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തില്‍ പറഞ്ഞത് ഏതോ ഇംഗ്ലീഷുകാരി സ്ത്രീ നല്‍കിയ റൗക്കയിട്ടു കൊട്ടാരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു രാജസേവികയുടെ മാറിടം വെട്ടിക്കളയാന്‍ റാണി കല്പിച്ചു എന്നാണ്. 

എലീസയെ ഓര്‍മ്മിപ്പിക്കുന്നത് അവര്‍ എഴുതിയ കത്തുകളാണ്. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നുമുണ്ട്. ഇംഗ്ലണ്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്തെ ബോംബെ, തലശ്ശേരി, സൂറത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന നാളുകളില്‍ എഴുതിയ കത്തുകള്‍ ചുറ്റുമുള്ള ലോകത്തെ ഔത്സുക്യത്തോടെ നിരീക്ഷിച്ച സ്വതന്ത്രബുദ്ധിയും കാല്പനിക സ്വഭാവവുമുള്ള ഒരു വനിതയുടെ ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങളും അവയില്‍ മിന്നിമറഞ്ഞു പോകുന്നു. തന്റെ സ്വകാര്യ ദുഃഖങ്ങളും ആഗ്രഹങ്ങളും പിണക്കങ്ങളും കാമനകളും ഇന്ത്യയിലെ ഇംഗ്ലീഷ് ജീവിതത്തിന്റെ ചിത്രങ്ങളും അവയില്‍ ചിതറിക്കിടക്കുന്നു. നാട്ടുകാരുമായി ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളേയും അവരുടെ സംസ്‌കാരത്തേയും രീതികളേയും സംബന്ധിച്ചും നാട്ടുനടപ്പും ശിക്ഷകളും സംബന്ധിച്ചും വിവരണങ്ങളുണ്ട്. ബേസിങ് പ്രഭുവിന്റെ സ്വകാര്യശേഖരത്തില്‍ കണ്ടെത്തിയ കത്തുകളില്‍ പലതും 1922-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എഴുത്തുകാരനായ ലോറന്‍സ് സ്റ്റേണുമായി എലീസ നിലനിര്‍ത്തിയ കാല്പനികബന്ധവും അതിന്റെ പരിണതിയും സംബന്ധിച്ച വിവരങ്ങളും അതില്‍ ഉള്‍പ്പെടുന്നു.

എലീസയുടെ സ്മാരകം ബ്രിട്ടനിലെ ബ്രസിസ്റ്റൾ കത്തീഡ്രലിൽ
എലീസയുടെ സ്മാരകം ബ്രിട്ടനിലെ ബ്രസിസ്റ്റൾ കത്തീഡ്രലിൽ

യോറിക്കിന്റെ കത്തുകള്‍  

ലോറന്‍സ് സ്റ്റേണിന്റെ കത്തുകളില്‍ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് യോറിക്ക് എന്നാണ്. ഇത്ര മനോഹരമായി കത്തുകള്‍ എഴുതാന്‍ ആരാണ് നിന്നെ പഠിപ്പിച്ചത് എന്ന് ഒരു കത്തില്‍ അദ്ദേഹം ചോദിക്കുന്നു. ഇത്രയും ചേതോഹരമായി കത്തുകള്‍ എഴുതുന്ന ഒരാളും ഇംഗ്ലണ്ടിലോ ഏഷ്യയിലോ അതിന്റെ വിശാലതീരങ്ങളിലോ ഇല്ലെന്ന് അദ്ദേഹം പുകഴ്ത്തുന്നു. ഏതാണ്ട് മൂന്നുമാസം നീണ്ടുനിന്ന ഒരു കാല്പനിക ബന്ധമായിരുന്നു അവരുടേത്. 1767-ല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനു ഇംഗ്ലണ്ടിലെത്തിയ സമയത്താണ് എലീസ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ വലിയ ഉദ്യോഗത്തിലിരുന്ന കൊമോഡര്‍ വില്യം ജെയിംസിന്റെ വീട്ടിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് അവര്‍ കണ്ടുമുട്ടി. അപ്പോഴേക്കും എലീസയ്ക്കു ഇന്ത്യയിലേക്ക് തിരിച്ചുള്ള യാത്രയുടെ സമയം അടുത്തിരുന്നു. മൂന്നുവര്‍ഷം മുന്‍പ് 1764-ലാണ് ഭര്‍ത്താവും രണ്ടു കുട്ടികളുമായി എലീസ ഇംഗ്ലണ്ടിലെത്തിയത്. യൗവ്വനം പൂത്തുനില്‍ക്കുന്ന കാലം; പക്ഷേ, ''കുട്ടികളെ പോറ്റലും പലവിധ അസുഖങ്ങളും ഒക്കെയായി എന്നെക്കണ്ടാല്‍ ഒരു പത്തുവയസ്സെങ്കിലും കൂടുതല്‍ തോന്നിക്കും'' എന്നാണ് പുറപ്പെടും മുന്‍പ് ഇംഗ്ലണ്ടിലെ ബന്ധു എലിസബത്തിനു എഴുതിയ ഒരു കത്തില്‍ എലീസ പറയുന്നത്. 

ഭര്‍ത്താവ് ഒരുവര്‍ഷം കഴിഞ്ഞ് 1765-ല്‍ത്ത ന്നെ ഇന്ത്യയിലേക്കു തിരിച്ചുപോയി. മക്കളെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തതോടെ എലീസയ്ക്കു ലണ്ടനിലെ ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാന്‍ അവസരം ഒത്തുവന്നു. ആ അവസരത്തിലാണ് എലിസബത്ത് ഡ്രേപ്പര്‍ ലോറന്‍സ് സ്റ്റേണുമായി പരിചയപ്പെടുന്നത്. എലീസയെ തന്നോട് അടുപ്പിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ പലതും നടത്തി. ഭര്‍ത്താവിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഏതാനും മാസങ്ങള്‍ക്കകം അവള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകുമെന്ന് അറിഞ്ഞ അദ്ദേഹം അതു തടയാന്‍ പോലും ശ്രമിച്ചു. ''എലീസ, നിന്റെ ആരോഗ്യം ഇനിയും ശരിയായിട്ടില്ല. ഇക്കൊല്ലം ഇന്ത്യയിലേക്കു പോകുന്ന ചിന്ത തന്നെ ഉപേക്ഷിക്കുക. ഭര്‍ത്താവിനോടു കാര്യം പറയൂ... നീ പറയുംപോലെ അയാള്‍ ഒരു മാന്യനാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഒരു കാരണവുമില്ല.'' എലീസയുടെ ഭര്‍ത്താവിനെക്കുറിച്ച് എഴുത്തുകാരന്‍ പറയുന്നത് ഇങ്ങനെയാണ്: ''ഞാന്‍ മനസ്സിലാക്കിയത് ഭാര്യ ഇംഗ്ലണ്ടില്‍ തങ്ങുന്നതിനു അയാള്‍ക്കുള്ള വിരോധത്തിന് ഒരേയൊരു കാരണം അയാളുടെ മനസ്സില്‍ തങ്ങുന്ന ചില സംശയങ്ങളാണെന്നാണ്. നീ ഇവിടെ ഇരുന്ന് കടങ്ങള്‍ വരുത്തിവെയ്ക്കും; അതെല്ലാം വീട്ടിത്തീര്‍ക്കുന്ന ചുമതല തന്റെ തലയിലാകും എന്ന് അദ്ദേഹം ഭയക്കുന്നു... ഇത്രയും മനോഹരിയായ ഒരു സ്ത്രീയെ അല്പം പണത്തിന്റെ പേരില്‍ ഇങ്ങനെ ഉപദ്രവിക്കുന്ന ആളെക്കുറിച്ചു എന്ത് പറയാനാണ്?''

എന്നാല്‍, എഴുത്തുകാരന്റെ അഭ്യര്‍ത്ഥനയൊന്നും എലീസ സ്വീകരിച്ചില്ല. അവള്‍ 1767 ഏപ്രില്‍ മൂന്നിനു ഇംഗ്ലണ്ടില്‍നിന്നും പുറപ്പെട്ട ചാത്തം പ്രഭു എന്ന കപ്പലില്‍ ഇന്ത്യയിലേക്കു പുറപ്പെട്ടു. ഒന്‍പതുമാസം നീണ്ട ഒരു യാത്രയായിരുന്നു അത്. എലീസ പോയതോടെ ദുഃഖിതനായ എഴുത്തുകാരന്‍ തന്റെ മാസ്റ്റര്‍പീസ് 'എ സെന്റിമെന്റല്‍ ജേര്‍ണി' എന്ന നോവലിന്റെ രചനയിലേക്കു തിരിഞ്ഞു. പിറ്റേവര്‍ഷം പുറത്തിറങ്ങിയ പുസ്തകത്തില്‍ തനിക്കു എലീസയോടുള്ള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറയുന്നുണ്ട്. അതിനകം തന്നെ ക്ഷയരോഗിയായി മാറിക്കഴിഞ്ഞ ലോറന്‍സ് സ്റ്റേണ്‍ അധികം വൈകാതെ ലണ്ടനിലെ ബോണ്ട് സ്ട്രീറ്റിലെ തന്റെ ഏകാന്തമായ കൊച്ചുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു.

രോഗിയും അവശനുമായ എഴുത്തുകാരന്റെ പ്രേമം എലീസ ഒരിക്കലും ഗൗരവത്തില്‍ എടുത്തിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍, അദ്ദേഹത്തെ മുഷിപ്പിക്കാന്‍ അവള്‍ മെനക്കെട്ടുമില്ല. യാത്രാമധ്യേ കപ്പല്‍ കേപ് വെര്‍ദെ ദ്വീപില്‍ നങ്കൂരമിട്ട അവസരത്തില്‍ ഇംഗ്ലണ്ടിലെ ബന്ധുവും കളിക്കൂട്ടുകാരനുമായ തോമസ് സ്‌ക്ലെറ്ററിനു എഴുതിയ ഒരു കത്തില്‍ എലീസ അതിനെക്കുറിച്ചു പറയുന്നുണ്ട്. പിന്നീട് കപ്പല്‍ ബോംബെയില്‍ എത്തുന്നതിനു രണ്ടാഴ്ച മുന്‍പ്  മദിരാശി തുറമുഖം വിട്ട സമയത്ത് ടോമിന് എഴുതിയ മറ്റൊരു കത്തില്‍ അവള്‍ തന്റെ ഉല്‍ക്കണ്ഠകളും മാനസിക സംഘര്‍ഷങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവിനെപ്പറ്റി അവള്‍ പല കാര്യങ്ങളും തുറന്നെഴുതുന്നു. ''മദിരാശിയിലെ മദാമ്മമാര്‍ ഞാന്‍ ഒഴിഞ്ഞുപോയതില്‍ ആശ്വസിക്കുന്നു എന്നാണ് തോന്നുന്നത്. എനിക്ക് ആളുകളോട് എളുപ്പം കൂടിച്ചേരാന്‍ സാധിക്കും; എന്റെ തുറന്ന സ്വഭാവം കാരണം ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതും സ്വാഭാവികം... (കുലീനത സംബന്ധിച്ച) നിങ്ങള്‍ ആണുങ്ങളുടെ നിയമങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. അതൊക്കെ വിഡ്ഢികളുടെ ഏര്‍പ്പാടുകളാണ്; ബുദ്ധിയോ കഴിവോ ഒന്നുമില്ലാത്തവര്‍ അങ്ങനെ പലതും പറയും. അതിനാല്‍ അത്തരം നല്ലകുട്ടി സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഞാന്‍ കാത്തുനില്‍ക്കാറില്ല...'' 

എന്നാല്‍, ഭര്‍ത്തൃസവിധത്തില്‍ എന്താണ് കാത്തിരിക്കുന്നത് എന്നതിനെപ്പറ്റി അവള്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. ''ഇനി രണ്ടാഴ്ച കൂടി ഞാന്‍ തന്നെയാണ് എന്റെ അധിപതി. പിന്നെയങ്ങോട്ട് നിയന്ത്രണങ്ങളുടേയും ചട്ടങ്ങളുടേയും കാലമായിരിക്കും.'' അതിനാല്‍ ഇനി എഴുതുമ്പോള്‍ സൂക്ഷിക്കണം എന്ന് അവള്‍ ടോമിനെ ഉപദേശിക്കുന്നു. ''നിനക്ക് തോന്നുന്ന പോലെയൊക്കെ എഴുതാമെന്നു കരുതിപ്പോകല്ലേ... എന്റെ പ്രിയ സുഹൃത്തേ, അങ്ങനെ എഴുതുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, അതു എന്റെ ഭര്‍ത്താവിന് അഹിതകരമായിരിക്കും. അദ്ദേഹത്തിന്റെ സ്വഭാവവും ഇഷ്ടങ്ങളും അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താന്‍ തന്നെയാണ് ഞാന്‍ തീര്‍ച്ചയാക്കിയിരിക്കുന്നത്. അദ്ദേഹത്തിനു സന്തോഷം നല്‍കാന്‍ എത്രയൊക്കെ വിട്ടുവീഴ്ച വേണോ, അതൊക്കെയും അംഗീകരിക്കാനാണ് എന്റെ തീരുമാനം. എന്റെ അഭിമാനം, കാര്യബോധം, കുട്ടികളുടെ ഭാവി ഇതൊക്കെയും നോക്കിയാല്‍ അതാണ് ഏറ്റവും നല്ല വഴി.''

അങ്ങനെയുള്ള ചിന്തകളും നിശ്ചയങ്ങളും മനസ്സിലുറപ്പിച്ചാണ് 1768 തുടക്കത്തില്‍ എലീസ ബോംബെയില്‍ കപ്പലിറങ്ങുന്നതും ഹൈ മെഡോ എന്നറിയപ്പെട്ട ഡ്രേപ്പറുടെ ഗ്രാമീണ വാസഗൃഹത്തില്‍ പ്രവേശിക്കുന്നതും. എന്നാല്‍, അധികം കഴിയും മുന്‍പ്  ഡ്രേപ്പര്‍ക്കു സ്ഥലംമാറ്റമായി. മലബാറില്‍ തലശ്ശേരിയിലെ ഇംഗ്ലീഷ് കോട്ടയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. 1768 നവംബറില്‍ കുടുംബവും പരിവാരങ്ങളുമായി മുപ്പതോളം പേരാണ് തലശ്ശേരിക്കു പുറപ്പെട്ടത്. ''പ്രളയത്തിനു മുന്‍പ്  പെട്ടകത്തിലെ തിക്കും തിരക്കും കാരണം പാടുപെട്ട നോഹയുടെ അവസ്ഥയിലാണ്'' താനെന്ന് പുറപ്പെടും മുന്‍പ്  എഴുതിയ ഒരു കത്തില്‍ എലീസ വിവരിക്കുന്നു.

തലശ്ശേരിയിലെ രാജ്ഞി 

തെക്കന്‍ തീരത്തെ പ്രധാനപ്പെട്ട ഇംഗ്ലീഷ് വ്യാപാരകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു തലശ്ശേരി അക്കാലത്ത്. വയനാടന്‍ കുരുമുളകും ഏലവും മറ്റു മലഞ്ചരക്കുകളും ആ തുറമുഖം വഴിയാണ് പടിഞ്ഞാറോട്ടു കയറ്റിക്കൊണ്ടു പോയത്. ബോംബെയ്ക്കും മദിരാശിക്കും ഇടയില്‍ സഞ്ചരിക്കുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിവക കപ്പലുകളുടെ പ്രധാന ഇടത്താവളവും തലശ്ശേരി തന്നെയായിരുന്നു. എലീസ അവിടെയെത്തുന്ന സമയത്ത് മലബാറില്‍ യുദ്ധത്തിന്റെ അന്തരീക്ഷം മുറ്റിനില്‍ക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് മൈസൂരിലെ ഹൈദരലി കോഴിക്കോട്ടു സാമൂതിരിയെ യുദ്ധത്തില്‍ തോല്‍പ്പിച്ചതും മലബാറിലെ പല പ്രദേശങ്ങളും കയ്യടക്കിയതും. ഹൈദരലിയുടെ സൈന്യം തലശ്ശേരിയില്‍ ഇംഗ്ലീഷ് കോട്ടയ്ക്കു അടുത്തുവരെ എത്തുകയുണ്ടായി; പക്ഷേ, ആ അവസരത്തില്‍ മൈസൂര്‍ സേന ബ്രിട്ടീഷ് കോട്ടയെ ആക്രമിച്ചില്ല. കടലിനോടു അഭിമുഖമായി ഒരു കുന്നിന്‍മുകളിലാണ് കോട്ട നിലകൊണ്ടത്. അതിനു തെക്കായി പോര്‍ച്ചുഗീസുകാരുടെ ഒരു താവളവും ഉണ്ടായിരുന്നു. അവരാണ് പട്ടണത്തിലെ വ്യാപാരം നിയന്ത്രിച്ചത്. നാട്ടുകാരുടെ താമസം അതിനും അകലെയായിരുന്നു. കോട്ടയിലെ സേവകരും സേനയിലെ പടയാളികളും വന്നത് പ്രധാനമായും നാട്ടുകാരില്‍നിന്നാണ്. കോട്ടയുടെ മേധാവിയും പ്രധാന ഉദ്യോഗസ്ഥരും കോട്ടയ്ക്കകത്തെ തങ്ങളുടെ വാസസ്ഥലങ്ങളിലാണ് കഴിഞ്ഞത്. അധികം അകലെയല്ലാതെ നിലകൊണ്ട, ധാരാളം മൃഗങ്ങളുള്ള കാടുകള്‍ അവരുടെ മൃഗയാവിനോദങ്ങള്‍ക്കു അവസരമൊരുക്കി. കോട്ടയിലെ പുരുഷന്മാരും സ്ത്രീകളും അവിടങ്ങളില്‍ ഇടക്കിടെ കുതിരസവാരി നടത്തി. ഇംഗ്ലീഷ് കമ്പനിയുടെ നിയന്ത്രണം ഏതാണ്ട് ഒരു മൈല്‍ തെക്കോട്ടു നീണ്ടുകിടന്നു. അവിടെ മൈല്‍ എന്‍ഡ് എന്ന പേരില്‍ മറ്റൊരു ചെറുകോട്ടയും ഉണ്ടായിരുന്നു. അതിനപ്പുറം പുഴയും പുഴയ്ക്കക്കരെ ഫ്രെഞ്ചു നിയന്ത്രണത്തിലുള്ള മയ്യഴിയും കാണാമായിരുന്നു. 

തലശ്ശേരിയില്‍ വന്നപ്പോള്‍ ആദ്യം നിരാശയാണ് എലീസയ്ക്കു അനുഭവപ്പെട്ടത്. കാരണം അവിടെ സ്വകാര്യ വാണിജ്യം വഴി നേട്ടമുണ്ടാക്കാന്‍ വഴികള്‍ അധികമുണ്ടായിരുന്നില്ല. മിക്ക കമ്പനി ഉദ്യോഗസ്ഥരും അതിലാണ് പ്രധാനമായും കണ്ണുവെച്ചിരുന്നത്. നാട്ടില്‍പ്പോയി സുഖമായി ജീവിക്കാന്‍ വേണ്ടത്ര വക അതുവഴി മിക്കവാറും എല്ലാവരും നേടിയിരുന്നു. തലശ്ശേരിയില്‍ യുദ്ധാവസ്ഥയില്‍ അങ്ങനെ വ്യാപാര സാദ്ധ്യതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വൈകാതെ സ്ഥിതിഗതികളില്‍ മാറ്റം വന്നു. 1769 ഏപ്രിലില്‍ നാട്ടിലേക്കയച്ച ഒരു കത്തില്‍ എലീസ പറഞ്ഞത്, ''ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണ്; ഇനി ഇംഗ്ലണ്ടിലേക്കല്ലാതെ ഇവിടെനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല'' എന്നാണ്. ഇംഗ്ലണ്ടില്‍ പോയി സുഖമായി കഴിയാനുള്ള വക തങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ പറയുന്നുണ്ട്. ''ഒരുപക്ഷേ, അടുത്ത ആറോ ഏഴോ വര്‍ഷത്തിനകം നാട്ടിലേക്കു മടങ്ങാനുള്ള വക നേടും എന്നാണ് പ്രതീക്ഷയെന്നും'' എലീസ പറയുന്നുണ്ട്. തലശ്ശേരിയെ അവള്‍ വളരെയേറെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. ഇറ്റലിയിലെ സുഖവാസകേന്ദ്രങ്ങള്‍പോലെയാണ് ഇവിടമെന്നു അവള്‍ നാട്ടിലെ ബന്ധുക്കളെ അറിയിക്കുന്നു. നാട്ടില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യവും ഓഫീസ് കാര്യങ്ങളില്‍ ഭര്‍ത്താവിനെ സഹായിക്കലും കോട്ടയുടെ അധികാരിയുടെ ഭാര്യയെന്ന നിലയില്‍ അതിഥികളെ പരിചരിക്കലും ജോലിക്കാരെ നിയന്ത്രിക്കലും മറ്റുമായി വളരെ തിരക്കുള്ള കാലമായിരുന്നു അത്. മദിരാശിക്കും ബോംബെയ്ക്കും ഇടയിലുള്ള പ്രധാന താവളമെന്ന നിലയില്‍ അതിഥികള്‍ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അവര്‍ക്കുള്ള തീനും കുടിയും ഒരുക്കല്‍ ഒരു വലിയ ഭാരം തന്നെയായിരുന്നു. ഒരു കത്തില്‍ എലീസ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഞാനിപ്പോള്‍ ഒരു വ്യാപാരിയുടേയും സൈനികന്റേയും ഭാര്യയും (കമ്പനിയുടെ) വിശ്രമകേന്ദ്രം നടത്തിപ്പുകാരിയുമാണ്.'' 

എലീസയുടെ ഇന്ത്യന്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളാണ് അവള്‍ തലശ്ശേരിയില്‍ കഴിച്ചുകൂട്ടിയത്. ''ഒരു രാജ്ഞിയെപ്പോലെയാണ്'' താനിവിടെ കഴിയുന്നതെന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കുള്ള കത്തുകളിലൊന്നില്‍ അവള്‍ വീമ്പടിക്കുന്നുണ്ട്. നാട്ടിലെ ബന്ധു ടോമിന് അയച്ച കത്തുകളില്‍ പുതിയ നാട്ടിലെ വിശേഷങ്ങള്‍ അവള്‍ വിവരിക്കുന്നു. മലബാറിലെ രാഷ്ട്രീയം, മൈസൂരുമായുള്ള യുദ്ധഭീതി, അതിന്റെ സാമ്പത്തിക ആഘാതങ്ങള്‍ എന്നിങ്ങനെയുള്ള പല കാര്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങളും ഈ കത്തുകളില്‍ കാണാനുണ്ട്. നാട്ടുകാരുമായി അവള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ''എന്റെ അടുത്തെത്തുന്ന മലബാറികളായ നാട്ടുകാരെ സംബന്ധിച്ച് അവര്‍ക്കെന്നോട് വലിയ പ്രിയമുണ്ടെന്ന് ഉറപ്പിച്ചു പറയാനാകും... ഞാന്‍ പിറന്നതും അവരുടെ നാട്ടിലാണല്ലോ. അതിനാല്‍ അവരുടെ ആളായി എന്നെ എണ്ണുന്നതില്‍ കാര്യമുണ്ട്. മാത്രമല്ല, ഞാന്‍ എല്ലാവരോടും തുറന്നു പെരുമാറുന്നു; നാട്ടുകാരോടു മോശമായി പെരുമാറുന്ന ശീലം എനിക്കില്ല...'' തലശ്ശേരിയിലെ വാസത്തിനിടയില്‍ നാട്ടുകാരുമായി ഇടപെട്ട് അവരുടെ ഭാഷയും അവള്‍ അല്പമൊക്കെ പഠിച്ചു കഴിഞ്ഞിരുന്നു. അതിലൂടെ നാട്ടിലെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും സാധ്യമായി. പലപ്പോഴും അവരില്‍ പലരും പലതരം കാഴ്ചക്കുലകളും മറ്റുമായി കോട്ടയുടെ മുറ്റത്തു വരുന്നതും പതിവായി. തലശ്ശേരി ആരോഗ്യകരവും സന്തോഷജനകവുമായ ഒരു സ്ഥലമാണെന്ന് എലീസ സാക്ഷ്യപ്പെടുത്തുന്നു.

എലീസയുടെ ജനന സ്ഥലം തിരുവിതാംകൂറിലെ അഞ്ചുതെങ്ങ് കോട്ട
എലീസയുടെ ജനന സ്ഥലം തിരുവിതാംകൂറിലെ അഞ്ചുതെങ്ങ് കോട്ട

എഴുത്തുകാരന്റെ പ്രേതം  

എലീസ തലശ്ശേരിയില്‍ എത്തിയ അവസരത്തിലാണ് പഴയ സുഹൃത്തും ആരാധകനുമായ ലോറന്‍സ് സ്റ്റേണ്‍ ലണ്ടനില്‍ ക്ഷയരോഗം മൂര്‍ച്ഛിച്ചു ഏകാകിയായി മരിക്കുന്നത്. നാട്ടില്‍നിന്നുള്ള കത്തുകളില്‍നിന്ന് അദ്ദേഹത്തിന്റെ മരണം അവള്‍ മനസ്സിലാക്കിയിരിക്കുന്നു. എഴുത്തുകാരന്റെ കത്തുകള്‍ക്കു മറുപടിയായി എഴുതിയ ചില കത്തുകള്‍ മരണാനന്തരം അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവശം എത്തിച്ചേര്‍ന്നതായും അവള്‍ മനസ്സിലാക്കി. അതു തനിക്കെതിരെ പ്രയോഗിക്കപ്പെടുമെന്ന് എലീസ ഭയന്നു; ടോമിനുള്ള കത്തുകളില്‍ അവള്‍ അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ലോകരെല്ലാം തന്നെ മാത്രമാണ് പഴിക്കുകയെന്നും അവള്‍ ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ വിധവയോടു അവള്‍ക്ക് ഒരു വിരോധവുമില്ല; ഈ എഴുത്തുകള്‍ തനിക്കെതിരെ ഉപയോഗിച്ചു കാര്യം നേടേണ്ടത് അവരുടെ ആവശ്യമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പരമാവധി തുക സംഭരിക്കാന്‍ താന്‍ തയ്യാറുമാണ്. എന്നാല്‍, താന്‍ നല്‍കുന്ന കാശുകൊണ്ട് അവര്‍ തൃപ്തരാകുമെന്ന് എലീസയ്ക്കു വിശ്വാസമില്ല. അവരുടെ ആവശ്യങ്ങള്‍ അത്ര വലുതാണ്. എലീസ ഇങ്ങനെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ''ഇതു നല്ല നിലയില്‍ അവസാനിക്കും എന്നെനിക്കു വിശ്വാസമില്ല. എന്തായാലും വരുന്നത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഏറ്റവും ചുരുങ്ങിയത് ഭാവിയിലേക്ക് അതൊരു നല്ല മുന്നറിയിപ്പെങ്കിലും ആയിരിക്കുമല്ലോ.'' 

1769-ല്‍ മലബാറിലും തെക്കേ ഇന്ത്യയിലും വലിയ കോളിളക്കങ്ങള്‍ നടക്കുന്ന അവസരമായിരുന്നു. പ്രദേശത്തെ ഏറ്റവും വലിയ ശക്തിയായി ഹൈദരാലി മാറിക്കഴിഞ്ഞിരുന്നു; ഹൈദരാലിയുമായുള്ള യുദ്ധങ്ങളില്‍ പലതിലും ഇംഗ്ലീഷ് കമ്പനി തോല്‍ക്കുകയും ചെയ്തു. യുദ്ധങ്ങള്‍ വ്യാപാരത്തെ ബാധിച്ചു; തീരത്തെ കുറെ കോട്ടകള്‍ക്ക് ചുറ്റുമായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനം പരിമിതപ്പെട്ടു നിന്നു. തലശ്ശേരിയിലെ സ്ഥിതിയും സമാനമായിരുന്നു. ഹൈദരാലി ആക്രമിച്ചാല്‍ പിടിച്ചുനില്‍ക്കല്‍ പ്രയാസം. ഒരു കത്തില്‍ എലീസ പറയുന്നു: '(ആക്രമണം വന്നാല്‍) ഇംഗ്ലീഷുകാരുടെ കൂട്ടക്കൊലയായിരിക്കും സംഭവിക്കുക.'' ഭര്‍ത്താവിന്റെ നിയന്ത്രണത്തിലുള്ള തലശ്ശേരി കോട്ടയിലെ ഇംഗ്ലീഷ് സൈനികശേഷിയെപ്പറ്റി എലീസയ്ക്കു വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. ''നമ്മുടെ കോട്ടയിലെ പ്രതിരോധം എന്നതു പേരിനു മാത്രമാണ്. ഇവിടെയുള്ള സേനകള്‍ ശരിക്കും ഒരു കൊള്ളസംഘത്തിനപ്പുറം ഒന്നുമല്ല. (ഹൈദരാലിയെപ്പോലെ) ശക്തനും തന്ത്രശാലിയുമായ ഒരു എതിരാളിയെ നേരിടാനുള്ള ശേഷിയോ അംഗബലമോ അവര്‍ക്കില്ല.'' ചില അവസരങ്ങളില്‍ എലീസയും അപകടമുഖത്തെത്തി; എന്നാല്‍ അതൊക്കെ തമാശയായാണ് അവള്‍ കാണുന്നത്. ''ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ (ഹൈദരുടെ) പിടിയില്‍ പെടേണ്ടതായിരുന്നു. എന്നാല്‍, വെറും ഒരു മണിക്കൂര്‍ മുന്‍പേ രക്ഷപ്പെട്ടു... ഹൈദരുടെ തടവുകാരി എന്ന ബഹുമതി ഒഴിവായിക്കിട്ടിയത് ഭാഗ്യമായി എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, അവിടെയുള്ള നിയമങ്ങള്‍ അനുസരിക്കുന്ന ഇംഗ്ലീഷ് സ്ത്രീകളോട് അദ്ദേഹം മാന്യമായാണ് പെരുമാറുന്നത് എന്നു ഞാന്‍ കേട്ടിട്ടുണ്ട്.''

ഹൈദരാലിയുമായുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കും മുന്‍പ് മലബാറിലെ പാശ്ചാത്യ വ്യാപാരങ്ങള്‍ വലിയ ലാഭം നല്‍കുന്നവയായിരുന്നു. മലബാറില്‍ ഫ്രെഞ്ചുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും കോട്ടകള്‍ കെട്ടി വാണിജ്യം നടത്തിവന്നു. എന്നാല്‍, ബോംബെയിലെ ഇംഗ്ലീഷ് സേനാമേധാവിയുടെ ഭാര്യയായ സ്വന്തം സഹോദരിയെപ്പോലെ രാജകീയമായ നിലയിലല്ല തന്റെ ജീവിതമെന്ന് എലീസ ചൂണ്ടിക്കാട്ടുന്നു. ''അവള്‍ സഞ്ചരിക്കുന്നത് ആനക്കൊമ്പില്‍ തീര്‍ത്ത, അകത്ത് സ്വര്‍ണ്ണം പൂശി രത്‌നംകൊണ്ട് അലങ്കരിച്ച പല്ലക്കിലാണ്.'' അതൊന്നും സ്വപ്‌നം കാണാവുന്ന സ്ഥിതിയല്ല തലശ്ശേരിയില്‍. ''ഞങ്ങളുടെ സ്ഥിതി നോക്കിയാല്‍ ഇംഗ്ലണ്ടില്‍ സുഖമായി കഴിഞ്ഞുകൂടാനുള്ള വക നേടിയെടുക്കാന്‍ ഇനിയും നിരവധി വര്‍ഷങ്ങള്‍ കഷ്ടപ്പെടേണ്ടി വരും. കാരണം കുറെ വര്‍ഷമായി ഇവിടെ യുദ്ധം തന്നെയാണ്. അതിനാല്‍ അവളുടെ അവസ്ഥയും എന്റേതും തമ്മില്‍ വലിയ അന്തരമുണ്ട്. വേദപുസ്തകത്തില്‍ പറഞ്ഞ ധനികന്റേയും പിച്ചക്കാരന്റേയും സ്ഥിതിയിലാണ് ഞങ്ങള്‍ ഇരുവരും.'' തലശ്ശേരി കോട്ടയിലെ വരവുചെലവുകളുടെ ഒരു വിവരണവും അവള്‍ നല്‍കുന്നു. മനോഹരമായ ബംഗ്ലാവാണ് താമസിക്കാനായി തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. ചെലവിനായി ഒരു നല്ല തുകയും കമ്പനി നല്‍കുന്നുണ്ട്. പക്ഷേ, കൊല്ലത്തില്‍ ആറുമാസവും അതിഥികളുടെ നിരന്തരമായ വരവും പോക്കുമാണ്. അതിനാല്‍ അതൊരു വലിയ സംഖ്യയെന്നു പറയാനാകില്ല. 

സമൂഹവും ജീവിതരീതികളും  

പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ച കൗതുകകരമായ നിരവധി നിരീക്ഷണങ്ങള്‍ എലീസയുടെ കത്തുകളില്‍ കാണാം. അവരുടെ ഭരണം നടത്തുന്നത് ഒരു ഹിന്ദു രാജാവാണ്. ''നീണ്ട മുടിയുള്ള, പൊതുവില്‍ ഇഷ്ടം തോന്നുന്ന കൂട്ടരാണ് അവര്‍.'' അവര്‍ക്കിടയില്‍ അഞ്ചു ജാതിക്കാരുണ്ട്. ഒന്നാമത് ബ്രാഹ്മണര്‍, അവരാണ് രാജാക്കന്മാരും പുരോഹിതന്മാരും. പിന്നെ നായന്മാര്‍. അവരാണ് പ്രധാന ഉദ്യോഗസ്ഥരും പടയാളികളും. അതുകഴിഞ്ഞാല്‍ തിയ്യര്‍ - അവരില്‍ ചിലരും ആയുധപാണികളാണ്; ചിലപ്പോള്‍ ഉന്നതരുടെ സേവകരായും പ്രവര്‍ത്തിക്കും. അതുകഴിഞ്ഞാല്‍ മുക്കുവരും മൊകയരും കുശവരും. അതൊക്കെ കഴിഞ്ഞ് ഏറ്റവും താഴെയുള്ള കൂട്ടര്‍ തൊട്ടുകൂടാത്തവരാണ്. അതിനാല്‍ ഗ്രാമത്തില്‍നിന്ന് അകന്നാണ് അവര്‍ കഴിയുന്നത്. നായരോ മറ്റു പ്രധാനികളോ അവരെയെങ്ങാനും വഴിയില്‍ നേരിട്ടു കണ്ടാല്‍ ഉടന്‍ വധിക്കുന്നതാണ് ഇവിടുത്തെ നിയമം. 

ബ്രാഹ്മണരെപ്പറ്റി എലീസ പറയുന്നത് അവര്‍ ''ലളിതസ്വഭാവക്കാരും ഒട്ടും അഹംഭാവം പ്രകടിപ്പിക്കാത്ത ശുദ്ധഹൃദയരു''മാണെന്നാണ്. അവരുടെ രീതികളിലും സംഭാഷണത്തിലും തന്നെ ആകര്‍ഷിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് അവള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, നായന്മാര്‍ അഹംഭാവികളാണ്. അവര്‍ അലസരും ഭീരുക്കളുമാണ്; അതേസമയം സുന്ദരന്മാരും. തിയ്യര്‍ നല്ല പോരാളികളാണ്. ''വളരെ അസഹിഷ്ണുക്കളായ മൂറുകളാണ് മാപ്പിളമാര്‍. എന്നാല്‍, അവരുമായി വ്യാപാരബന്ധങ്ങള്‍ ഉള്ളതിനാല്‍ അവരെ സഹിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.'' അവരെപ്പറ്റി പല കഥകളും അവള്‍ കേട്ടിരുന്നു. ''അവര്‍ വര്‍ഷം തോറും ചില കാലങ്ങളില്‍ ഭ്രാന്തുപിടിച്ചപോലെ ഓടിനടക്കും. ആ സമയത്ത് ഏതു ക്രിസ്ത്യാനിയെ കണ്ടാലും ഉടന്‍ കഥകഴിക്കും. അതു സ്വര്‍ഗ്ഗത്തിലേക്കുള്ള എളുപ്പവഴിയാണെന്നാണ് അവരുടെ വിശ്വാസം.'' 

ചില ശിക്ഷാവിധികള്‍പോലെ നാട്ടില്‍ കണ്ട പല വിഷയങ്ങളും എലീസയുടെ കത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. അതിലൊന്ന് തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്ന രീതിയാണ്. പാത്രത്തില്‍ കിടക്കുന്ന ഒരു മോതിരമോ നാണയമോ തപ്പിയെടുക്കണം. അന്നോ പിന്നീട് മൂന്നുദിവസമോ ഒരു പൊള്ളലോ പരിക്കോ ഉണ്ടാവാനും പാടില്ല. എന്നാല്‍, നേരിയയൊരു കുമിളയെങ്കിലും കാണപ്പെട്ടാല്‍ മരണശിക്ഷ ഉറപ്പാണ്. ടോമിന് അയച്ച കത്തില്‍ എലീസ പറയുന്നത് ഇത്തരം പരീക്ഷണങ്ങള്‍ പ്രതിയുടെ അഭ്യര്‍ത്ഥന അനുസരിച്ചു മാത്രമാണ് നടത്തുകയെന്നാണ്. ''ഞാന്‍ ഇതു കണ്ട സന്ദര്‍ഭത്തില്‍ (പ്രതി) യാതൊരു ചാഞ്ചല്യവുമില്ലാതെ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കി ഒരു നാണയം പുറത്തെടുത്തു. അതൊന്നും അയാളെ ഒട്ടും ബാധിച്ചതായി തന്നെ തോന്നിയില്ല.''

ഹൈദരാലിയുടെ പടയോട്ടങ്ങള്‍ കത്തുകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു വിഷയമാണ്. തെക്കുള്ള പ്രദേശങ്ങളില്‍ ഹൈദരാലിയെ തടയാന്‍ ബോംബെയിലെ ഇംഗ്ലീഷ് കമ്പനി മേധാവികള്‍ ഒരു പിന്തുണയും നല്‍കുന്നില്ല എന്ന് എലീസ പരാതിപ്പെടുന്നു. ഹൈദരാലിയുടെ കഴിവുകളെപ്പറ്റി മതിപ്പോടെയാണ് എലീസ കുറിക്കുന്നത്. ''അദ്ദേഹം വളരെ സമര്‍ത്ഥനും കാര്യശേഷിയുള്ള ഭരണാധികാരിയുമാണ്. യൂറോപ്യന്മാരെ യുദ്ധത്തില്‍ നേരിടാനും പരാജയപ്പെടുത്താനും പല തവണ (ഹൈദര്‍ക്കു) കഴിഞ്ഞിട്ടുണ്ട്.'' മറുഭാഗത്ത് ബോംബെയിലെ ഇംഗ്ലീഷ് കമ്പനി ഗവര്‍ണര്‍ ഹോഡ്ജസ് കടുത്ത ഭാഷയിലാണ് വിമര്‍ശിക്കപ്പെടുന്നത്. '...അയാള്‍ തനി നികൃഷ്ടനായ ഒരു വ്യക്തിയാണ്. ഗവര്‍ണര്‍ ആകാന്‍ ഒരു യോഗ്യതയുമില്ലാത്തയാള്‍. അങ്ങേര്‍ക്കു ഗവര്‍ണര്‍ ആകാമെങ്കില്‍ എനിക്ക് ആര്‍ച്ച് ബിഷപ്പുമാകാം...! ബോംബെയില്‍ അയാളെ സ്‌നേഹിക്കുന്നവരായി ഒരാളെപ്പോലും കാണാന്‍ കിട്ടില്ല. ചുരുക്കത്തില്‍ സ്‌നേഹിക്കാനോ ബഹുമാനിക്കാനോ ഭയക്കാനോ ഒന്നിനും അയാളെ കൊള്ളില്ല.''

1769 ഒക്ടോബര്‍ അവസാനം ഇംഗ്ലണ്ടില്‍ ബന്ധു എലിസബത്തിനു എഴുതിയ കത്തില്‍ വീണ്ടും ഒരു സ്ഥലംമാറ്റം വരുന്ന കാര്യത്തെപ്പറ്റി എലീസ സൂചിപ്പിക്കുന്നു. അതിനകം തലശ്ശേരിയില്‍ ഒരു കൊല്ലത്തോളം അവര്‍ താമസിച്ചിരുന്നു. കിഴക്കന്‍ നാടുകളില്‍ താമസിക്കാനാണ് തീരുമാനമെങ്കില്‍ തലശ്ശേരിയാണ് താന്‍ തെരഞ്ഞെടുക്കുകയെന്നും എലീസ പറയുന്നു. എന്നാല്‍, തിരിച്ചു നാട്ടിലെത്തി കുടുംബം സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം. നാട്ടില്‍ രണ്ടോ മൂന്നോ ഏക്കറില്‍ ഒരു വീട്, സ്വസ്ഥജീവിതം - അതാണ് തന്റെ ജീവിതാഭിലാഷം. 

ഡ്രേപ്പര്‍ കുടുംബത്തിന്റെ അടുത്ത താവളം ഗുജറാത്ത് തീരത്തെ ആദ്യകാല ഇംഗ്ലീഷ് കോട്ടകളിലൊന്നായ സൂറത്ത് ആയിരുന്നു. ഒരുകാലത്തു പടിഞ്ഞാറന്‍ തീരത്ത് ഇംഗ്ലീഷ് വ്യാപാര സംരംഭങ്ങളുടെ മുന്നില്‍നിന്ന നഗരം. മുഗള്‍ കൊട്ടാരത്തിലേക്ക് കമ്പനിയുടെ പ്രതിനിധികള്‍ പുറപ്പെട്ടത് അവിടെ നിന്നായിരുന്നു. എന്നാല്‍, പഴയ പ്രൗഢിയും പ്രതാപവുമൊക്കെ സൂറത്തിനു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അതേസമയം, ഇംഗ്ലീഷ് വ്യാപാരികള്‍ക്കു രാജകീയമായി കഴിയാനും ധനം സമ്പാദിക്കാനുമുള്ള സൗകര്യങ്ങള്‍ സൂറത്തില്‍ ധാരാളമായിരുന്നുതാനും. പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ടുനിന്ന നൃത്തപരിപാടികളെപ്പറ്റി എലീസ അവിടെനിന്ന് ടോമിന് എഴുതുന്നുണ്ട്. മാത്രമല്ല, നായാട്ടും മറ്റു വിനോദ പരിപാടികളും ധാരാളമായിരുന്നു. കടുവയെ ഉപയോഗിച്ച് മാനുകളെ വേട്ടയാടുന്ന വിനോദം അക്കാലത്ത് അവിടെ പ്രചുരപ്രചാരം നേടിയിരുന്നു. അതിലൊക്കെ ഉത്സാഹത്തോടെ പങ്കെടുത്ത കാര്യം അവള്‍ വര്‍ണ്ണിക്കുന്നുണ്ട്.

ആള്‍ക്കൂട്ടത്തില്‍ തനിയെ  

എന്നാല്‍, അത്തരം പൊലിപ്പുകള്‍ക്കപ്പുറം ജീവിതം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായി മാറുകയായിരുന്നു. തന്നെപ്പറ്റി, തന്റെ അസ്തിത്വത്തെപ്പറ്റി പലപ്പോഴും ആഴത്തിലുള്ള ചില അന്വേഷണങ്ങള്‍ ഇക്കാലത്തെ കത്തുകളില്‍ പ്രത്യക്ഷപ്പെടുന്നു. ചുറ്റിലുമുള്ള ലോകത്തു താന്‍ ഒറ്റയാണെന്ന ബോധം അവളെ വേട്ടയാടുന്നു. ''പ്രമാണിമാരായ പലരുടേയും കണ്ണില്‍ ഞാന്‍ വെറുതെ കറങ്ങിനടക്കുന്ന ഒരാളാണ്... എന്നാല്‍, അതില്‍ എനിക്ക് പ്രതിഷേധം തോന്നേണ്ട കാര്യമില്ല. അവരില്‍ പലരെക്കുറിച്ചും എനിക്കുള്ള അഭിപ്രായവും ഒട്ടും മെച്ചമല്ല...''

സൂറത്തിലെ ഇംഗ്ലീഷ് കുടുംബങ്ങളിലെ സ്ത്രീകളെപ്പറ്റി എലീസയ്ക്കു വലിയ അഭിപ്രായമൊന്നുമില്ല. സുഖസൗകര്യങ്ങളും ആഡംബരങ്ങളും ആഭരണങ്ങളുമാണ് അവരുടെ ലോകം. മറ്റുള്ളവരെ സംബന്ധിച്ച നിറംപിടിപ്പിച്ച കഥകള്‍ തേടിയാണ് അവരുടെ നെട്ടോട്ടം. അതിനാല്‍ സ്ത്രീകളുടെ കൂട്ടുകെട്ടില്‍ അവള്‍ക്കു വലിയ താല്പര്യമില്ല. ''പുരുഷന്മാരുമായി തുറന്ന് ഇടപെടാന്‍ എനിക്ക് മടിയില്ല. അതിനാല്‍ പല ആരോപണങ്ങളും ഇടയ്ക്കിടെ ഉയരുന്നുമുണ്ട്...'' ഇങ്ങനെയുള്ള ഒരു ലോകത്തു തന്റെ ജീവിതം വെറുതെ പാഴാവുകയാണെന്നു അവള്‍ പരാതിപ്പെടുന്നു; ഇതല്ല താന്‍ ആഗ്രഹിച്ച ലോകം. 

ഭര്‍ത്താവുമായി അപ്പോഴേക്കും ഒരുപാടു ഭിന്നതകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പലപ്പോഴും അയാളെക്കുറിച്ചു ചുരുക്കം വാക്കുകള്‍ മാത്രമാണ് അവള്‍ എഴുതിയത്. തന്റേതായ ഒരു ജീവിതത്തെപ്പറ്റിയാണ് അവള്‍ ചിന്തിക്കുന്നത്; അതിനായി സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനത്തെക്കുറിച്ചാണ് അവളുടെ ആലോചനകള്‍. താന്‍ സ്വതന്ത്രബുദ്ധിയാണ്; ഭര്‍ത്താവിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കഴിയാന്‍ തനിക്കു പ്രയാസമാണ്. അതൊരു ശാപമാണ്. തന്റെ ജീവിതത്തിലെ എല്ലാ മൂല്യങ്ങളേയും അത് തകര്‍ത്തുകളയുന്നു. ചിന്താശൂന്യരും അക്ഷരശൂന്യരുമായ സ്ത്രീകള്‍ക്കു മാത്രം യോജിച്ച ഒരു ജീവിതമാണിത്. അത്തരമൊരു ജീവിതം അവള്‍ക്കു മടുത്തുകഴിഞ്ഞിരിക്കുന്നു. ''തല ചായ്ക്കാനായി ഒരു കെട്ടിടവും എന്റേതായ ഒരു വരുമാനവും - അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിച്ചും സുഹൃത്തുക്കളുമായി സംവദിച്ചും എനിക്ക് സ്വതന്ത്രവും മാന്യവുമായ ഒരു ജീവിതം സാധ്യമാകും!''

വൈകാതെ മറ്റൊരു സ്ഥലംമാറ്റം വന്നു, ബോംബെയിലേക്ക്. അവിടെ 1772 തുടക്കത്തില്‍ എത്തിയ കുടുംബം മാസഗോണിലെ ബെല്‍വെഡിയര്‍ ഹൗസിലാണ് താമസിച്ചത്. കടലിലേക്കു തുറക്കുന്ന ജനലുകളുള്ള മനോഹരമായ കെട്ടിടം. ഫോര്‍ട്ട് പ്രദേശത്ത് അവര്‍ക്കു മറ്റൊരു വീടും ഉണ്ടായിരുന്നു - കടലിനു തൊട്ടുള്ള മെറിന്‍ ഹൗസ്. എന്നാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധങ്ങള്‍ വഷളായിരുന്നു. ലണ്ടനില്‍ ആദ്യമായി ലോറന്‍സ് സ്റ്റേണിനെ കണ്ടുമുട്ടിയ വിരുന്നിലെ ആതിഥേയ, മിസ്സിസ് ജെയിംസ് എന്ന പരിചയക്കാരിക്കു എഴുതിയ ഒരു കത്തില്‍ എലീസ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നു: ''ഞങ്ങളുടെ പരിചയത്തിലുള്ള എല്ലാവര്‍ക്കും ഇക്കഥ അറിയാം. ഞങ്ങള്‍ക്കിടയില്‍ ഒരു മനപ്പൊരുത്തവുമില്ല. അതിനാല്‍ ഈ കാര്യം ഞാന്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയായി ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നില്ല; അതിനു ആഗ്രഹിക്കുന്നുമില്ല. വളരെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. അതിനുള്ള കാരണങ്ങള്‍ ശക്തവുമാണ്. അല്ലെങ്കില്‍ ഞാന്‍ അത്തരമൊരു തീരുമാനം എടുക്കുമായിരുന്നില്ല.'' എന്നാല്‍, തീരുമാനത്തിനു പിന്നിലെ കാരണം എലീസ വെളിപ്പെടുത്തുകയുണ്ടായില്ല.

ഏപ്രില്‍ 15-നു എഴുതിയ ഈ കത്തില്‍ എലീസയുടെ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതവും കടുത്ത മാനസിക വ്യഥകളും വെളിപ്പെടുന്നുണ്ട്. തന്റെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്ഥാനത്തായി. മാത്രമല്ല, ഒരുകാലത്തു സൗഹൃദത്തിന്റെ പേരില്‍ സ്റ്റേണിനു എഴുതിയ കത്തുകള്‍ ഇപ്പോള്‍ തനിക്കൊരു വലിയ കുരിശായി മാറുകയാണ്. അതുപയോഗിച്ചു തന്നെ ഭീഷണിപ്പെടുത്താനും പണം പിടുങ്ങാനുമാണ് ശ്രമം. കത്തുകള്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുമെന്നു കേട്ടറിഞ്ഞ് അത് തടയാന്‍ പ്രസാധകനു കൈക്കൂലി നല്‍കാന്‍ പോലും അവള്‍ തയ്യാറായി. എഴുത്തുകാരന്റെ ഭാര്യയ്ക്ക് പണം കൊടുത്തു വിഷയം ഒതുക്കാനും വിഫലശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ കുടുംബബന്ധങ്ങളും താറുമാറായി. ആകെ ബാക്കിയുള്ള പ്രതീക്ഷ ഇംഗ്ലണ്ടില്‍ പഠിക്കുന്ന മകള്‍ ബെറ്റ്സിയിലാണ്; അവള്‍ യൗവ്വനത്തിന്റെ വക്കത്താണ്. അവളെ മാന്യമായി വളര്‍ത്തി സമൂഹത്തില്‍ ഉയര്‍ന്ന പദവിയില്‍ എത്തിക്കണം. അതുമാത്രമാണ് ഒരേയൊരു ആഗ്രഹം. അല്ലെങ്കില്‍ ഈ ദുരിതജീവിതം താന്‍ എന്നോ അവസാനിപ്പിക്കുമായിരുന്നു. പക്ഷേ, താന്‍ പോയാല്‍ ബെറ്റ്സിക്ക് ആരുമില്ല എന്ന ഓര്‍മ്മ അവളെ വേട്ടയാടുന്നു.

ഇതിനിടയിലും ജീവിതം സാധാരണപോലെ മുന്നോട്ടുപോകുന്നു. പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരിക്ക് പോയും കടലില്‍ കുളിച്ചും അവള്‍ സമയം പോക്കുന്നു. അവളുടെ എഴുത്തുകളില്‍ ഫലിതം തുളുമ്പുന്നു; അവ ഹൃദയഹാരിയായ ഒരു കവിതപോലെ വായനക്കാരെ രസിപ്പിക്കുന്നു.

എലീസയുടെ ബോംബെയിലെ താമസ സ്ഥലം മെറിൻ ഹൗസ് അടയാളപ്പെടുത്തുന്ന ഫലകം ഡോക്ക് യാർഡ് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു പൂന്തോട്ടത്തിൽ
എലീസയുടെ ബോംബെയിലെ താമസ സ്ഥലം മെറിൻ ഹൗസ് അടയാളപ്പെടുത്തുന്ന ഫലകം ഡോക്ക് യാർഡ് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു പൂന്തോട്ടത്തിൽ

ഏറ്റുമുട്ടല്‍  

അല്പകാലം വലിയ കോലാഹലമൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. എലീസ അധികസമയവും ദൂരെയൊരു വിശ്രമകേന്ദ്രത്തിലായിരുന്നു. തിരിച്ചെത്തിയത് ഒരു കൊടുങ്കാറ്റിന്റെ മധ്യത്തിലേക്കാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരു കനത്ത വഴക്ക് പൊട്ടിപ്പുറപ്പെടുന്നു. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഡാനിയലിനു പ്രിയം തന്നോടല്ല, വീടുനോക്കാന്‍ ഏര്‍പ്പെടുത്തിയ മിസ്സിസ് ലീഡ്സിനോടാണെന്ന് എലീസ. എലീസയ്ക്കു എച്ച്.എം.എസ് പ്രൂഡന്റിന്റെ കപ്പിത്താന്‍ സര്‍ ജോണ്‍ ക്ലര്‍ക്കുമായി അവിഹിതബന്ധമുണ്ടെന്ന് ഡാനിയല്‍. ജോണ്‍ ക്ലര്‍ക്ക് നയിച്ച 64 തോക്കുള്ള യുദ്ധക്കപ്പല്‍ അല്പകാലമായി ഹാര്‍ബറില്‍ നങ്കൂരമിട്ടു കഴിയുകയായിരുന്നു. എന്നാല്‍, ആരോപണം എലീസ നിഷേധിച്ചു. 

ഭര്‍ത്താവ് ആരോപണം പിന്‍വലിക്കുമെന്നും തെറ്റുതിരുത്തുമെന്നും എലീസ പ്രതീക്ഷിച്ചിരുന്നു. അവസാനത്തെ കത്തില്‍ അവള്‍ പറയുന്നു: ''ഓ, ഡ്രേപ്പര്‍! ഒരു വാക്ക്, ഒരു നോക്ക്, ഒരു തിരുത്ത്. അത് ഇപ്പോള്‍ ഞാന്‍ എടുക്കുന്ന അപകടകരമായ നീക്കങ്ങളില്‍നിന്ന് എന്നെ രക്ഷിക്കുമായിരുന്നു. ഒരുപക്ഷേ, നമ്മുടെ ജീവിതത്തെത്തന്നെ അതു മാറ്റിമറിക്കുകയും ചെയ്യുമായിരുന്നു...'' പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല. അവള്‍ രണ്ടു ദിവസം കാത്തിരുന്നു. പിന്നീട് ഇരുട്ടിന്റെ മറവില്‍ ജനല്‍ വഴി കടല്‍പ്പരപ്പിലേക്കു എടുത്തുചാടി.
കടല്‍പ്പരപ്പില്‍ പ്രതീക്ഷിച്ചപോലെ ജോണ്‍ ക്ലര്‍ക്ക് ഒരു വഞ്ചിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നല്ല നീന്തല്‍ക്കാരിയായ എലീസ കടലില്‍ തന്റെ വേദനകള്‍ ഒഴുക്കിക്കളഞ്ഞു. ജോണ്‍ ക്ലര്‍ക്കിന്റെ സംരക്ഷണയില്‍ അവള്‍ ഏതാനും ആഴ്ചകള്‍ കപ്പലില്‍ ചെലവഴിച്ചു. പിന്നീട് കിഴക്ക് കോറമണ്ഡല്‍ തീരത്ത് മസിലിപട്ടണത്തെ ഇംഗ്ലീഷ് കോട്ടയില്‍ ചീഫായി പ്രവര്‍ത്തിച്ചുവന്ന അമ്മാവന്‍ ജോണ്‍ വൈറ്റ്ഹാളിന്റെ സവിധത്തില്‍ അഭയം തേടി. 

അകലെയാണെങ്കിലും ഇംഗ്ലീഷ് കമ്പനിയുടെ ഉന്നതോദ്യോഗസ്ഥനായ ഭര്‍ത്താവിനു തന്നെ ഉപദ്രവിക്കാന്‍ ശേഷിയുണ്ടെന്ന് എലീസയ്ക്കു അറിയാമായിരുന്നു. തന്നെ ഇനിയും ശല്യപ്പെടുത്തരുതെന്ന് അവള്‍ അവസാനത്തെ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. തന്നോട് പകപോക്കാന്‍ ശ്രമിക്കരുത്. ''താങ്കളുടെ നിയന്ത്രണത്തില്‍നിന്നു ഞാന്‍ സ്വയം വിമുക്തി തേടിയതാണ്. അതിനാല്‍ എന്നെ എന്റെ വഴിക്ക് വിടുക.'' അവള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല; സ്വയം പഴിക്കുന്നുമില്ല. ''ഞാന്‍ പോവുകയാണ്; എങ്ങോട്ടു എന്നെനിക്കറിയില്ല. എന്നാല്‍, ഒരിക്കലും ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമാവില്ല. ഞാന്‍ മോശക്കാരിയായ ഒരു സ്ത്രീയാണെന്നു കരുതരുത്; ഞാന്‍ അതല്ല. ഒരിക്കലും ആകുകയുമില്ല.'' ഭര്‍ത്താവിനോടുള്ള ബഹുമാനം എന്നും നിലനിര്‍ത്തുമെന്നും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും അവള്‍ ഉറപ്പുനല്‍കുന്നു. ''അതിനാല്‍ എന്നെ ഉപദ്രവിക്കാതെ എന്റെ വഴിക്കു വിടുക. ജീവിതത്തില്‍ ബഹുമാനം നേടാന്‍ കഴിഞ്ഞില്ലെങ്കിലും അല്പം അംഗീകാരമെങ്കിലും നേടാന്‍ എന്നെ അനുവദിക്കുക.''

വീട് വിടുന്ന സന്ദര്‍ഭത്തിലും തന്നെ ആശ്രയിച്ചു കഴിഞ്ഞവരെ എലീസ ഓര്‍മ്മിക്കുന്നുണ്ട്. വിശ്വസ്തയായ വേലക്കാരിക്ക് എഴുതിയ ഒരു കത്തില്‍ അവള്‍ക്ക് ഒരു സമ്മാനം നല്‍കാനായി താന്‍ ഒരു ആഭരണം വില്‍ക്കാന്‍ ഏല്പിച്ചതായി അറിയിക്കുന്നുണ്ട്. അതു സ്വീകരിക്കുക. ചെരുപ്പുകുത്തിക്ക് ആറു രൂപ കൊടുക്കാനുണ്ടെന്നും അത് നല്‍കണമെന്നും അവള്‍ ഭര്‍ത്താവിനേയും ഓര്‍മ്മിപ്പിക്കുന്നു. വീട് വിടുമ്പോള്‍ തന്റെ ഏതാനും വസ്ത്രങ്ങളും മകളുടെ ഒരു ചിത്രവുമല്ലാതെ മറ്റൊന്നും താന്‍ കൊണ്ടുപോകുന്നില്ലെന്നും അവള്‍ അറിയിക്കുന്നു. 

ഡാനിയല്‍ ഡ്രേപ്പര്‍ അവളുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊണ്ടു എന്നാണ് തോന്നുന്നത്. അപവാദം ഒഴിവാക്കാന്‍ പേരിനു ചില നടപടികള്‍ സ്വീകരിച്ചു എന്നല്ലാതെ അദ്ദേഹം അതിന്റെ പിന്നാലെ അധികം പോയില്ല. ക്ലര്‍ക്കിനെതിരെ അദ്ദേഹം ഒരു കേസ് ഫയല്‍ ചെയ്തു. എന്നാല്‍, കോടതി ആമീന്‍ വാറണ്ടുമായി കപ്പലില്‍ ചെന്നപ്പോള്‍ അയാളെ ക്ലര്‍ക്കിന്റെ പടയാളികള്‍ ഓടിച്ചുവിട്ടു. കപ്പല്‍ വീണ്ടും ഹാര്‍ബറില്‍ പത്തു ആഴ്ചകളോളം ഉണ്ടായിരുന്നു; എന്നാല്‍, വാറണ്ട് നടപ്പാക്കാന്‍ വീണ്ടുമൊരു ശ്രമം ഉണ്ടായില്ല. പിന്നീടൊരിക്കലും എലീസയുമായി ബന്ധപ്പെടാന്‍ ഡ്രേപ്പര്‍ ശ്രമിച്ചില്ല. മകളുടെ മേല്‍ അവകാശം സ്ഥാപിക്കാനും അദ്ദേഹം ശ്രമിച്ചില്ല. 

കിഴക്കന്‍ തീരത്തു മസിലിപട്ടണത്തെ വിശേഷങ്ങള്‍ പിന്നീട് 1774 ജനുവരി 20-നു രാജമന്ദ്രിയില്‍നിന്ന് ടോമിന് എഴുതിയ ഒരു കത്തില്‍നിന്നാണ് നമ്മള്‍ അറിയുന്നത്. അപ്പോഴേയ്ക്കും എലീസ തന്റെ പഴയ നര്‍മ്മബോധം തിരിച്ചുപിടിച്ചു കഴിഞ്ഞിരുന്നു. രസകരമായ നിരീക്ഷണങ്ങള്‍, തമാശകള്‍, വര്‍ണ്ണനകള്‍ - ഇതെല്ലാം അതില്‍ തിളങ്ങിനില്‍ക്കുന്നു. സ്വന്തം അമ്മാവനെപ്പറ്റി അവള്‍ നല്‍കുന്ന സൂചനകള്‍ രസകരമാണ്. അയാള്‍ക്ക് സള്ളിവന്‍ എന്ന പേരുള്ള യുവാവായ ഒരു സേവകന്‍ ഉണ്ടായിരുന്നു. ''എന്റെ അമ്മാവന് അവനെ പിരിഞ്ഞു നില്‍ക്കാനേ പറ്റുകയില്ല. ആരെങ്കിലും അവനോടു അടുത്താല്‍ അദ്ദേഹത്തിനു കടുത്ത കോപം വരും. അവനെ വിട്ടുപിരിഞ്ഞു നില്‍ക്കുന്നതു പോകട്ടെ, ആള്‍ കണ്‍വെട്ടത്തുനിന്നു മാറിയാല്‍ തന്നെ പുള്ളിക്ക് അസ്വസ്ഥതയാണ്. തന്റെ മുറിയിലല്ലാതെ മറ്റെവിടെയും അവന്‍ ഉറങ്ങുന്നതും അമ്മാവന് ഇഷ്ടമല്ല...'' പാവം സള്ളിവന്‍, അമ്മാവന്റെ ഇഷ്ടഭാജനമാണെങ്കിലും ഓര്‍ക്കാപ്പുറത്തു വീട്ടില്‍ എത്തിച്ചേര്‍ന്ന എലീസയില്‍ അയാള്‍ ശരിക്കും അനുരക്തനായി. '24 വയസ്സുള്ള ഈ യുവാവിന്റെ സ്‌നേഹം, ശ്രദ്ധ, പരിചരണം അതൊക്കെയും എന്നെ അത്യന്തം ആകര്‍ഷിക്കുന്നു. അവന്റെ വാക്കുകള്‍ വരുന്നത് ഹൃദയത്തിനകത്തു നിന്നാണ്. എന്നോട് അവനു പ്രത്യേകമായി ഒരു സ്‌നേഹമുണ്ടെന്ന് എനിക്കറിയാം...''

പക്ഷേ, അങ്ങനെയൊരു ജീവിതം സാധ്യമല്ല. അവള്‍ക്കു മുന്നോട്ടുപോയേ തീരൂ. എന്നാല്‍, സള്ളിവനെ കൈവിടുന്നത് ആലോചിക്കാനും വയ്യ. എങ്ങനെ അയാളെ സങ്കടപ്പെടുത്തും എന്ന ചിന്ത അവളെ മഥിക്കുന്നു. സത്യത്തില്‍ വല്ലാത്തൊരു കെണിയിലാണ് ഇരുവരും ചെന്നുപെട്ടത്. വയസ്സായ അമ്മാവന്‍ തന്റെ 'സ്വന്തം പയ്യന്‍' കൈവിട്ടുപോകുമെന്ന ഭീതിയില്‍, ഓര്‍ക്കാപ്പുറത്തു പ്രത്യക്ഷപ്പെട്ട മനോഹരിയായ പുതിയ അവതാരത്തെ പിന്തുടരുന്ന യുവാവ്; യുവാവിനോട് എലീസയ്ക്കും താല്പര്യം; പക്ഷേ, അതിന്റെ വരുംവരായ്കകളെപ്പറ്റി കടുത്ത ആശങ്കയും... 

എലീസ അധികനാള്‍ അവിടെ കഴിഞ്ഞില്ല. അമ്മാവനേയും യുവ ആരാധകനേയും കിഴക്കന്‍ നാട്ടില്‍ വിട്ട് ഇംഗ്ലണ്ടിലേക്കുള്ള ഒരു കപ്പലില്‍ അവള്‍ ഇടം കണ്ടെത്തി. മസിലിപട്ടണം പക്ഷേ, എലീസയെ അത്രവേഗം മറക്കുകയുണ്ടായില്ല. അവിടെ ഇംഗ്ലീഷ് കോട്ടയുടെ അതിരില്‍ ഒരു കൂറ്റന്‍ സെഡാര്‍ മരം ഉണ്ടായിരുന്നു. എലീസ അതിന്റെ തണലിലിരുന്നാണ് എന്നും പുസ്തകം വായിച്ചത്. പില്‍ക്കാലത്ത് ആളുകള്‍ അതിനെ എലീസയുടെ മരം എന്നാണ് വിശേഷിപ്പിച്ചത്. മദിരാശിയിലെ സര്‍ക്കാര്‍ രേഖകളുടെ സൂക്ഷിപ്പുകാരനും തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ശവകുടീരങ്ങള്‍ സംബന്ധിച്ച ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ജെ.ജെ കോട്ടണ്‍ ഒരു നൂറ്റാണ്ടിനു ശേഷം ഈ മരത്തെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നീലഗിരിയിലെ കൂനൂരില്‍ താന്‍ കാണാനിടയായ മിസ്സിസ് മാര്‍ജറിബാങ്ക്സ് എന്ന വൃദ്ധ തന്റെ ചെറുപ്പത്തില്‍ ആ മരം കണ്ട കാര്യം ഓര്‍മ്മിച്ചതായി അദ്ദേഹം എഴുതിയിട്ടുണ്ട്. കോരമണ്ഡല്‍ തീരത്തു പതിവുള്ള കൊടുങ്കാറ്റുകളില്‍ ഒന്ന് 1894-ല്‍ വീശിയടിച്ചപ്പോള്‍ എലീസയുടെ ഓര്‍മ്മമരം വേരറ്റുവീണു എന്നാണ് അവര്‍ പറഞ്ഞത്.

സാംസ്‌കാരിക നക്ഷത്രം  

1774-ലെ ക്രിസ്മസ് കാലത്ത് എലീസ ലണ്ടനില്‍ ക്വീന്‍ ആന്‍ റോഡില്‍ ഒരു വിപുലമായ സുഹൃദ്ബന്ധത്തിന്റെ ഉടമയായി കഴിയുന്നതാണ് കാണുന്നത്. സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഈ തെരുവ്. അവരുടെ അയല്‍ക്കാരില്‍ പലരും സാഹിത്യരംഗത്തു വലിയ പേരുകേട്ടവരായിരുന്നു. ലൈഫ് ഓഫ് സാമുവല്‍ ജോണ്‍സണ്‍ എന്ന ക്ലാസ്സിക് ജീവചരിത്രം രചിച്ച ജെയിംസ് ബോസ്വെല്‍ അവരില്‍ ഒരാളായിരുന്നു. അവിടെ കഴിയുന്ന കാലത്ത് 1775-ല്‍ പഴയ സുഹൃത്ത് ലോറന്‍സ് സ്റ്റേണ്‍ തനിക്കയച്ച പ്രേമലേഖനങ്ങള്‍ എലീസ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കത്തുകളുടെ പ്രസിദ്ധീകരണം തടയാനായി ഒരുകാലത്തു പ്രസാധകനു കൈക്കൂലി കൊടുത്ത എലീസ അവ എലീസയ്ക്കു യോറിക്ക് അയച്ച കത്തുകള്‍ എന്ന പേരിലാണ് പുറത്തിറക്കിയത്. യോറിക്ക് എന്ന തൂലികാനാമത്തിലാണ് സ്റ്റേണ്‍ വികാരപരവശമായ ആ കത്തുകള്‍ എഴുതിയത്. പുസ്തകം അന്നത്തെ ബ്രിട്ടീഷ് ലോര്‍ഡ് ചാന്‍സലര്‍ ആപ്സ്ലി പ്രഭുവിനാണ് സമര്‍പ്പിച്ചത്. സ്റ്റേണിന്റെ അടുത്ത സുഹൃത്തായ ബത്തേഴ്സ്റ്റ് പ്രഭുവിന്റെ മകനായിരുന്നു അദ്ദേഹം. ആ പ്രഭുവിന്റെ വീട്ടിലെ ഒരു സല്‍ക്കാരത്തിലാണ് എലീസയോടുള്ള തന്റെ അഭിനിവേശം സ്റ്റേണ്‍ ആദ്യമായി പരസ്യമായി പ്രകടിപ്പിച്ചത്. 

ചുരുങ്ങിയ കാലം കൊണ്ട് എലീസയുടെ പ്രശസ്തി വര്‍ദ്ധിച്ചു; അവളുടെ ഗൃഹം എഴുത്തുകാരുടേയും കലാകാരന്മാരുടേയും സംഗമകേന്ദ്രമായി. പ്രശസ്തിയുടെ കൂടെ അസൂയയും ദുഷിപ്പുകളും വന്നു. സാംസ്‌കാരിക മണ്ഡലത്തിലെ ഗോസിപ്പുകള്‍ അന്വേഷിച്ചു നടന്ന വില്യം കോംബേ എന്നൊരു കക്ഷി യോറിക്കിനുള്ള എലീസയുടെ കത്തുകള്‍ എന്ന പേരില്‍ ഒരു വ്യാജകൃതി തന്നെ തയ്യാറാക്കി അച്ചടിച്ച് വില്‍ക്കുകയുണ്ടായി. എലീസയ്ക്ക് പ്രേമം തന്നോടായിരുന്നു എന്നും ഒരിക്കല്‍ അവളുടെ കിടപ്പുമുറിയില്‍നിന്നും തനിക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു എന്നും അയാള്‍ പറഞ്ഞുപരത്തി. ഓട്ടത്തിനിടയില്‍ ഒരു ഷൂ മാത്രമേ കയ്യില്‍ കിട്ടിയുള്ളൂ; മറ്റേത് അവിടെത്തന്നെ കിടന്നു എന്നാണയാള്‍ സാക്ഷ്യപ്പെടുത്തിയത്!

പ്രശസ്തിയുടെ കൊടുമുടിയില്‍ ഏതാനും വര്‍ഷം മാത്രമാണ് എലീസയ്ക്കു കഴിയാന്‍ വിധിയുണ്ടായിരുന്നത്. 1778 ആഗസ്റ്റ് മൂന്നിനു 35-ാം വയസ്സില്‍ അവര്‍ അന്തരിച്ചു. അതിനു തൊട്ടുമുന്‍പ് എലീസ ലണ്ടനില്‍നിന്നും അന്നത്തെ കൊളോണിയല്‍ വ്യാപാരി സമൂഹത്തിന്റെ കേന്ദ്രമായി മാറിയ ബ്രിസ്റ്റളിലേക്കു താമസം മാറിയിരുന്നു. എലീസയുടെ മരണം സംബന്ധിച്ച ഒരു ചെറുകുറിപ്പ് ഫെലിക്‌സ് ഫാര്‍ലിസ് ബ്രിസ്റ്റള്‍ ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തിലാണ് കാണുന്നത്. മിസ്സിസ് എലീസാ ഡ്രേപ്പര്‍ ക്ലിഫ്ടണില്‍ ആഗസ്റ്റ് മൂന്നിന് അന്തരിച്ചു എന്നുമാത്രമാണ് അതില്‍ പറയുന്നത്. ലണ്ടനിലെ ശില്പി ജെ. ബേക്കണ്‍ 1780-ല്‍ നിര്‍മ്മിച്ച എലീസയുടെ മനോഹരശില്പം ഇന്നും ബ്രിസ്റ്റള്‍ കത്തീഡ്രലില്‍ കാണപ്പെടുന്നു. അതിലെ അനുസ്മരണക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ''അസാധാരണ ശേഷിയും ഔദാര്യവും സംഗമിച്ച ശ്രീമതി എലിസബത്ത് ഡ്രേപ്പറുടെ സ്മരണയ്ക്കായി.''

എന്നാല്‍, ഫ്രെഞ്ച് എഴുത്തുകാരനും ചരിത്രകാരനുമായ ആബെ റെയ്നാല്‍ എഴുതിയ ഒരു അനുസ്മരണക്കുറിപ്പാണ് എലീസയെ സംബന്ധിച്ച ഏറ്റവും മനോഹരമായ വിവരണം. റെയ്നാല്‍ അക്കാലത്തെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളായിരുന്നു. ലണ്ടനിലെ താമസകാലത്താണ് അദ്ദേഹം അവരുടെ ആരാധകനാകുന്നത്. റോയല്‍ സൊസൈറ്റി അംഗമായിരുന്ന റെയ്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍പ്പോലും ബഹുമതി നേടുകയുണ്ടായി. ഒരവസരത്തില്‍ അദ്ദേഹം ഹൗസ് ഓഫ് കോമണ്‍സ് സന്ദര്‍ശിച്ചു. എഴുത്തുകാരന്‍ സന്ദര്‍ശക ഗാലറിയില്‍ എത്തിയപ്പോള്‍ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തി അദ്ദേഹത്തിന്റെ വരവ് സംബന്ധിച്ച് അംഗങ്ങളോടു പ്രസ്താവന നടത്തിയതായി ചില രേഖകളില്‍ കാണുന്നു. 

റെയ്നാല്‍ എഴുതി: 

എന്റെ ദുഃഖം തുറന്നുപറയട്ടെ, എന്റെ കണ്ണീര് തടസ്സമില്ലാതെ ഒഴുകട്ടെ! എലീസ എന്റെ സുഹൃത്തായിരുന്നു. വായനക്കാരാ, അറിയാതെ വരുന്ന എന്റെ വികാരപ്രകടനങ്ങളില്‍ മാപ്പുതരിക. ഞാന്‍ എലീസയെക്കുറിച്ച് ഓര്‍മ്മിക്കട്ടെ... എലീസയെപ്പോലെ ആകര്‍ഷകത്വമുള്ള മറ്റൊരു മഹിളയില്ലെന്നു പുരുഷന്മാര്‍ പറയാറുണ്ടായിരുന്നു; സ്ത്രീകളും അതുതന്നെ ആവര്‍ത്തിച്ചു. അവളുടെ കളങ്കമില്ലായ്മയെ അവരെല്ലാം പ്രശംസിച്ചു. അവളുടെ സംവേദനശേഷിയെ അവരെല്ലാം പുകഴ്ത്തി. അവളുടെ സൗഹൃദത്തിനായി അവരെല്ലാം ആഗ്രഹിച്ചു. അവളുടെ നൈസര്‍ഗ്ഗികമായ ശേഷികള്‍ അസൂയാലുക്കളുടെ മനസ്സിനെപ്പോലും അലോസരപ്പെടുത്തിയില്ല. 

എലീസയെത്തേടി ഞാന്‍ എല്ലായിടത്തും പരതുന്നു: അവളുടെ ചില സവിശേഷതകള്‍, ചില ഗുണങ്ങള്‍ സുന്ദരികളായ പല സ്ത്രീകളിലുമായി ചിതറിക്കിടക്കുന്നതായി ഞാന്‍ കാണുന്നു. എന്നാല്‍, അവയൊക്കെയും സംഗമിച്ച ഒരേയൊരാള്‍ക്ക് എന്തുപറ്റി? പ്രകൃതിയുടെ മുഴുവന്‍ വരദാനവും നേടിയെടുത്ത ഒരേയൊരാള്‍? അവള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു നിമിഷനേരത്തെ കാഴ്ചയ്ക്കു മാത്രമായിരുന്നുവോ, പിന്നീട് എക്കാലത്തും ഓര്‍മ്മിച്ചു ദുഃഖിക്കാനായി മാത്രം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com