സാലിം അലിക്ക് 'തൂക്കണാം കുരുവി'; ഇന്ദുചൂഡന് 'തുന്നാരന്‍ പക്ഷി'

എന്തിനാണ് പക്ഷിനിരീക്ഷണം എന്ന ചോദ്യത്തിന് ശരിക്കുമൊരുത്തരം നല്‍കുക ബുദ്ധിമുട്ടാണെന്നാണ് കെ.കെ. നീലകണ്ഠന്റെ അഭിപ്രായം
സാലിം അലിക്ക് 'തൂക്കണാം കുരുവി'; ഇന്ദുചൂഡന് 'തുന്നാരന്‍ പക്ഷി'

സാക്ഷാല്‍ പരമശിവന്റെ പേരുകളാണ് നീലകണ്ഠനും ഇന്ദുചൂഡനും. ഇതില്‍ നീലകണ്ഠന്‍ എന്നത് അദ്ദേഹത്തിന് മാതാപിതാക്കളിട്ട പേരാണ്. സ്വയമിട്ട പേരാണ് ഇന്ദുചൂഡന്‍ എന്നത്. ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ല്‍ പക്ഷിക്കുറിപ്പുകള്‍ എഴുതിയിരുന്നത്. 'കേരളത്തിലെ പക്ഷികള്‍' എന്ന മലയാളത്തിലെ ആദ്യത്തെ ആധികാരികമായ പക്ഷിപ്പുസ്തകം എഴുതിയതും ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തില്‍ തന്നെ. അതുകൊണ്ട് കെ.കെ. നീലകണ്ഠന്‍ എന്ന കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറാണ് ഇന്ദുചൂഡന്‍ എന്ന പ്രശസ്ത പക്ഷിനിരീക്ഷകനെന്ന് അദ്ദേഹത്തിന്റെ പല വിദ്യാര്‍ത്ഥികള്‍ക്കും, അടുപ്പക്കാര്‍ക്കും അറിയുമായിരുന്നില്ല. തന്റെ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പക്ഷികാര്യങ്ങള്‍ പറയാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. കെ.കെ. നീലകണ്ഠന്‍ സ്വന്തം കാര്യങ്ങള്‍ പറഞ്ഞ് മേനി നടിക്കുന്ന ശീലക്കാരനുമായിരുന്നില്ല. എന്നാല്‍ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി തന്റെ പ്രൊഫസ്സര്‍ പക്ഷിവിദഗ്ദ്ധനാണെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തോട് അതുമായി ബന്ധപ്പെട്ട സംശയവുമായി എത്തിയാല്‍ സംശയനിവാരണം നടത്തികൊടുക്കാന്‍ ഒട്ടും അമാന്തിച്ചിരുന്നില്ല. തന്നെ സമീപിക്കുന്നയാള്‍ പ്രകൃതിസ്‌നേഹിയും പക്ഷികളില്‍ താല്പര്യമുള്ളയാളുമെന്ന് ബോധ്യപ്പെട്ടാല്‍ ഒപ്പം കൂട്ടാനും അവരെ പ്രകൃതിപഠനത്തിന്റെ ഏതറ്റംവരെ നയിക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ഇങ്ങനെ ഒരുപിടി ശിഷ്യന്മാര്‍ കെ.കെ. നീലകണ്ഠന്‍ മാഷിനു കേരളത്തിലുണ്ട്. ഇവരൊക്കെ പിന്നീട് അറിയപ്പെടുന്ന പക്ഷിനിരീക്ഷകരും പ്രകൃതിശാസ്ത്രജ്ഞരുമായി മാറുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ ഇന്ദുചൂഡന്റെ ഗുരുകുലത്തില്‍നിന്നാണ് വലിയ പക്ഷിസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ന്നുവന്നതെന്നു പറയുന്നതില്‍ തെറ്റില്ല. ബോംബെ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി പോലൊരു സ്ഥാപനം ഇന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഒരു കുറവ് കുറച്ചെങ്കിലും പരിഹരിക്കുന്നത് കെ.കെ. നീലകണ്ഠനെപ്പോലെയുള്ള പ്രകൃതിസ്‌നേഹികളിലൂടെയാണ്. 

അദ്ധ്യാപനത്തില്‍ അസാധാരണമായ കഴിവുകളുള്ള ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍, ഒരാളുടെ സഹജമായ കഴിവുകളെ തട്ടിയുണര്‍ത്തുകയെന്നല്ലാതെ തനിക്കിഷ്ടപ്പെട്ട വിഷയത്തിലേക്ക് അവരെ ബലമായി പിടിച്ചടുപ്പിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമേ ആയിരുന്നില്ല. സ്വന്തം പരിശ്രമംകൊണ്ട് നേടുകയെന്നതായിരുന്നു അദ്ദേഹം ശിഷ്യരെ പഠിപ്പിച്ച പ്രധാന പാഠം.     ഇംഗ്ലീഷ് സാഹിത്യത്തിലുള്ള കെ.കെ. നീലകണ്ഠന്റെ ജ്ഞാനം അപാരമായിരുന്നു. പ്രശസ്ത സാഹിത്യനിരൂപകനും പരന്ന വായനയുള്ള ആളുമായിരുന്ന എം. കൃഷ്ണന്‍ നായര്‍ക്ക് ഒരു ആംഗലകവിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ടായിരുന്നു. 'സാഹിത്യവാരഫലം' എന്ന ആഴ്ചപംക്തിയിലൂടെ പ്രശസ്തനായ ആളാണ് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. തനിക്കറിയേണ്ട കവിയെക്കുറിച്ച് അദ്ദേഹം പല ഇംഗ്ലീഷ് പ്രൊഫസര്‍മാരോട് തിരക്കിയിട്ടും കാര്യമായൊന്നും അവര്‍ക്കും അറിയുമായിരുന്നില്ല. ഇന്റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലമായതിനാല്‍ എം. കൃഷ്ണന്‍നായര്‍ ആകെ വശം കെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം കെ.കെ. നീലകണ്ഠനെ കാണാനിടയായി. എം. കൃഷ്ണന്‍ നായര്‍ തന്റെ സംശയങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ചു. കാര്യമായിട്ടൊന്നും ആ കവിയെക്കുറിച്ച് എനിക്കറിയില്ലെന്ന് പറഞ്ഞുതുടങ്ങിയ കെ.കെ. നീലകണ്ഠന്‍ തനിക്ക് അറിയേണ്ടതെല്ലാം പറഞ്ഞുതന്നുവെന്ന് പിന്നീട് എം. കൃഷ്ണന്‍ നായര്‍ എഴുതുകയുണ്ടായി. കെ.കെ. നീലകണ്ഠന്റെ ഇംഗ്ലീഷ് ക്ലാസ്സില്‍ ഒരിക്കല്‍ ഇരുന്നവര്‍ പിന്നീട് അദ്ദേഹത്തിന്റെ ക്ലാസ്സ് ഒഴിവാക്കുമായിരുന്നില്ല. കൃശഗാത്രനായ ഈ മനുഷ്യന്റെ ക്ലാസ്സില്‍ എത്ര കൊടികെട്ടിയ വിദ്യാര്‍ത്ഥിയും ഒരുതരത്തിലുള്ള വിളച്ചിലും പുറത്തെടുത്തിരുന്നില്ല. അസാമാന്യമായ ആജ്ഞാശക്തി ആ കണ്ണുകളില്‍നിന്ന് പ്രസരിച്ചിരുന്നു. ക്ലാസ്സിലെ ബാക്ക് ബെഞ്ചുപോലും കെ.കെ. നീലകണ്ഠന്റെ ക്ലാസ്സില്‍ നിശ്ശബ്ദമായിരിക്കും. ആരെങ്കിലും ഒന്നനങ്ങിയാല്‍ ആ കണ്ണുകളില്‍നിന്ന് ഒരഗ്‌നിസ്ഫുലിംഗം പാറും. അതോടെ പരിപൂര്‍ണ്ണ നിശബ്ദത അവിടെ പരക്കും. പക്ഷിനിരീക്ഷകന്റെ സൂക്ഷ്മശ്രദ്ധയോടെ ഓരോ പാഠഭാഗത്തിനും അദ്ദേഹം കുറിപ്പുകള്‍ തയ്യാറാക്കിയാണ് പഠിപ്പിച്ചിരുന്നത്. 

എന്തിനാണ് പക്ഷിനിരീക്ഷണം എന്ന ചോദ്യത്തിന് ശരിക്കുമൊരുത്തരം നല്‍കുക ബുദ്ധിമുട്ടാണെന്നാണ് കെ.കെ. നീലകണ്ഠന്റെ അഭിപ്രായം. ഇതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഒരു ഉദാഹരണം ഇങ്ങനെ. 'ഒരിക്കല്‍ പ്രസിദ്ധ പര്‍വ്വതാരോഹണ വിദഗ്ദ്ധനായ മലോറിയോട് ഒരാള്‍ എവറസ്റ്റ് കയറുവാന്‍ ശ്രമിക്കുന്നതെന്തിന് എന്ന് ചോദിച്ചുവത്രെ. ഉടനെ കിട്ടിയ ഉത്തരം അതവിടെ ഉള്ളതുകൊണ്ട് എന്നായിരുന്നു. ഇത്തരത്തിലുള്ള ഒരു മറുപടിയായിരിക്കും പക്ഷികളെക്കുറിച്ച് പഠിക്കുന്നതെന്തിന് എന്ന ചോദ്യത്തിനും ഏറ്റവും യുക്തമായിരിക്കുക എന്ന് അദ്ദേഹം 'പക്ഷിനിരീക്ഷണം' എന്ന കുറിപ്പില്‍ എഴുതുകയുണ്ടായി.

മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഒരയവുവരുത്തുന്നതിനും മനസ്സിന് ഉല്ലാസവും ആഹ്ലാദവും പ്രദാനം ചെയ്യാനും പക്ഷിനിരീക്ഷണത്തിലൂടെ കഴിയും. പക്ഷിനിരീക്ഷണത്തിനായി ജീവിതശൈലിയില്‍ പ്രത്യേകിച്ച് കാര്യമായ മാറ്റങ്ങളൊന്നും ആരും വരുത്തേണ്ടതില്ല. ഏതൊരു ഗൃഹസ്ഥാശ്രമിയേയും പോലെ കുടുംബത്തോടും ബന്ധുക്കളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങളൊക്കെ മുറയനുസരിച്ച് ചെയ്തുകൊണ്ട് കണ്ണും കാതും മനസ്സും പക്ഷികള്‍ക്കു കൂടി സമര്‍പ്പിച്ചാല്‍ മാത്രം മതിയാകും. ഇതേക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ എഴുതി:

കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)
കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)

പക്ഷിനിരീക്ഷണം ഒരു ശാസ്ത്രം

'സ്വന്തം വീട്ടില്‍ സ്ഥിരമായി താമസിക്കുന്ന ഒരു പക്ഷിപ്രിയന് തനിക്കു ചുറ്റും ഒരു പക്ഷിത്താവളം സൃഷ്ടിക്കാന്‍ വിഷമമില്ല. സ്വന്തം ജീവിതംകൊണ്ട് ഇതു കാട്ടിത്തന്ന ആളാണ് അദ്ദേഹം.' യാതൊരുവിധത്തിലുള്ള സവിശേഷ പ്രാഗത്ഭ്യവും ആവശ്യമില്ലാത്ത ഉപദ്രവകാരികളല്ലെന്നു മാത്രമല്ല, പ്രത്യുപകാരങ്ങള്‍ കൂടിയായ ചില വിനോദങ്ങളുണ്ട്. അവയില്‍ പ്രധാനമായൊന്നാണ് പ്രകൃതിപഠനമെന്നും അദ്ദേഹം വിശ്വസിച്ചു. എന്തിനേയും ഉപയോഗവാദത്തിന്റെ കണ്ണുകളില്‍ക്കൂടി നോക്കിക്കാണുന്ന ആര്‍ക്കും പഠനത്തിനു പറ്റിയ ഒരു വിഷയം തന്നെയാണ് പ്രകൃതി. സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, ചെറുപ്രാണികള്‍ ഇവയില്‍നിന്ന് ലഭ്യമാകുന്ന ഭൗതികങ്ങളായ നേട്ടങ്ങള്‍ നിര്‍ണ്ണയാതീതമാണ്. പ്രായോഗിക പരിജ്ഞാനമുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനുപോലും ഒരുലക്ഷം സംവത്സരക്കാലം ഗവേഷണം തുടരാന്‍ വേണ്ടുന്ന വക ഈ മണ്ഡലങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പ്രകൃതിപഠനത്തിന്റെ പല വിഭാഗങ്ങള്‍ക്കിടയില്‍ പക്ഷികളെ നിരീക്ഷിക്കുന്നതുപോലെ ആനന്ദദായകവും ഏവര്‍ക്കും എളുപ്പം വശത്താക്കാന്‍ കഴിയുന്നതുമായ മറ്റൊരു വിഷയം ഉണ്ടോ എന്നും സംശയമാണെന്നും അദ്ദേഹം എഴുതി. 

നിങ്ങള്‍ക്ക് പക്ഷികളെ അടുത്തറിയണമെന്നുണ്ടെങ്കില്‍ രാജ്യത്തുള്ള മുഴുവന്‍ പക്ഷികളുടേയും പേര് പഠിക്കാനുള്ള അഭിലാഷം ഉപേക്ഷിക്കുകയാണ് നല്ലത്. അതിനുപകരം ഏതാനും പക്ഷികളുടെ പെരുമാറ്റം കുറെ കാലങ്ങള്‍ തുടര്‍ച്ചയായി സൂക്ഷ്മമായി നിരീക്ഷിച്ചു പഠിക്കുകയാണ് വേണ്ടതെന്ന അഭിപ്രായക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. 

പക്ഷിനിരീക്ഷണം വിനോദമെന്നതുപോലെ ഒരു ശാസ്ത്രമാണെന്നും കെ.കെ. നീലകണ്ഠന്‍ തന്റെ ശിഷ്യരെ ബോധ്യപ്പെടുത്തി. ഒരു നോട്ടുബുക്കും പെന്‍സിലും (പേന) പക്ഷിനിരീക്ഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ഏതൊരാളും നിര്‍ബ്ബന്ധമായും കയ്യില്‍ കരുതിയിരിക്കണം. പക്ഷിനിരീക്ഷകന്‍ വളരെ നിസ്സാരമെന്നു കരുതുന്ന കാര്യംപോലും രേഖപ്പെടുത്തണം. ഒരുപക്ഷേ, ഭാവിയില്‍ അതാവും വലിയ കണ്ടെത്തലുകളായി മാറുക. പക്ഷിയെ കണ്ട സമയം, സ്ഥലം, പക്ഷിയുടെ ആകൃതി, നിറങ്ങളും അവയുടെ സ്ഥാനങ്ങളും, പക്ഷിയുടെ ഇരിപ്പ്, നില്‍പ്പ്, ഗമനരീതി, ആഹാരം ഇരതേടുന്ന രീതി, പക്ഷി ഉച്ചരിക്കുന്ന ശബ്ദങ്ങള്‍ എന്നീ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചെഴുതണം. പക്ഷിയുടെ ആകൃതിയും മറ്റു സവിശേഷതകളും തിരിച്ചറിയത്തക്കവിധത്തില്‍ വരച്ചിടുന്നതും പക്ഷിയേതെന്നു തിരിച്ചറിയാന്‍ പിന്നീട് ഉപകാരമാകും. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പക്ഷിയെയാണ് കാണുന്നതെങ്കില്‍ അതിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ കഴിയുംവിധം കുറിപ്പെഴുതണം. എങ്ങനെവേണം ഇത്തരം കുറിപ്പെഴുതേണ്ടതിന്റെ ഒരു കെ.കെ. നീലകണ്ഠ മാതൃകയിങ്ങനെ:

'അറ്റകുരുവിയെക്കാള്‍ ചെറിയത് സുമാര്‍ 5' (അഞ്ചിഞ്ച്) നീളം ഏകദേശം അങ്ങാടിക്കുരുവിയുടേതുപോലെ. നിലത്ത് അമര്‍ന്നിരിക്കുവാനാണ് ഇഷ്ടം. ഇണ അടുത്തുതന്നെയുണ്ട്. അവര്‍ക്ക് മുഖത്തോ അടിവശത്തോ കറുപ്പ് തീരെയില്ല. രണ്ടുപേരും ദേഹം പൊക്കാതെ തന്നെ കൂടെക്കൂടെ അല്പദൂരം ഓടി നിലത്തുനിന്ന് എന്തോ കൊത്തിവിഴുങ്ങുന്നു. അടിവശം കറുത്ത പക്ഷി ഇടയ്ക്കിടെ പെട്ടെന്ന് പറന്ന് 2530 അടി ഉയരം ചെന്നശേഷം ഉയര്‍ന്നും താഴ്ന്നുംകൊണ്ട് പറക്കുന്നു. ഓരോ തവണ ഉയരുമ്പോള്‍ കരീ...രീ... രീ...രീ എന്നും താഴുമ്പോള്‍ വ്വീ... വീ... വീ...? എന്ന് ശബ്ദിക്കുന്നു. കരീ രി രി രി എന്നുച്ചരിച്ചുകൊണ്ട് ഉയരുമ്പോള്‍ ചിറകുകള്‍ തുടരെത്തുടരെ വിറപ്പിക്കുകയും താഴോട്ടു കൂമ്പല്‍കുത്തുമ്പോള്‍ ചിറകുകള്‍ പൂട്ടിയിടുകയും ചെയ്യുന്നു. ഇങ്ങനെ അഞ്ചാറുപ്രാവശ്യം പൊങ്ങിയും താഴ്ന്നും പറന്നശേഷം പെട്ടെന്നു കല്ലു വീഴുന്നപോലെ താഴോട്ടിറങ്ങി വരമ്പിന്മേല്‍ പൂര്‍വ്വസ്ഥാനത്തുതന്നെ ഇരിക്കുന്നു. കൂടെക്കൂടെ പൂവന്‍ (അടിവശം കറുത്ത പക്ഷി പൂവനായിരിക്കാം എന്ന് ഊഹം) പിടയെ തുരത്തി പറക്കുന്നു. നല്ല വേഗതയോടെ നിലത്തുനിന്ന് അധികം ഉയരത്തിലല്ലാതെയാണ് ഈ തുരത്തല്‍. തിരിഞ്ഞും വളഞ്ഞുമാണ് പോക്ക്. അല്പസമയത്ത് യാതൊരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല. നിലത്തു നടന്ന് പുല്‍വിത്തുകള്‍ പെറുക്കി വിഴുങ്ങുന്നു.

കരിവയറന്‍ വാനമ്പാടിയാണ് ഈ കുറിപ്പില്‍ വിവരിച്ചിരിക്കുന്ന പക്ഷിയെന്ന് പക്ഷിപ്പുസ്തകം നോക്കി ഏതൊരാള്‍ക്കും പിന്നീട് മനസ്സിലാക്കിയെടുക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇങ്ങനെ ഒരു പക്ഷിയെ സംബന്ധിച്ച് വളരെ സൂക്ഷ്മമായ വിവരങ്ങള്‍ പോലും കുറിച്ചുവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ശിഷ്യന്മാരേയും ഇതിനായി അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരാള്‍ ഞാന്‍ സാധാരണമായി കാണാത്ത ഒരു പക്ഷിയെ കണ്ടുവെന്ന് വിളിച്ചുപറഞ്ഞാല്‍ അതപ്പടി വിശ്വസിക്കുന്ന ശീലക്കാരനായിരുന്നില്ല അദ്ദേഹം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ. ഇന്നത്തെപ്പോലെ ഫോട്ടോഗ്രാഫിയൊന്നും സര്‍വ്വസാധാരണമാകാത്ത കാലത്തായിരുന്നുവല്ലോ ഇന്ദുചൂഡന്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നത്. ഇതേക്കുറിച്ച് പ്രമുഖ പക്ഷിനിരീക്ഷകനായ ഡോ. പി.ഒ. നമീര്‍ തന്റെയൊരു അനുഭവം എഴുതിയിട്ടുണ്ട്. 'മണ്ണുത്തിവെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല കാമ്പസില്‍നിന്ന് ഞാന്‍ പുല്ലുപ്പനെ (lesser coucal) കണ്ടെത്തുകയുണ്ടായി. അത് കേരളത്തിലെ പക്ഷികളില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ഒരു പക്ഷിയായിരുന്നു. മാത്രമല്ല, കേരളത്തില്‍ അപൂര്‍വ്വമായിരുന്നു. ഇന്ദുചൂഡന്‍ സാര്‍ ആ കണ്ടെത്തല്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം എന്നോട് പറഞ്ഞത് നമീര്‍ പുല്ലുപ്പന്‍ എന്ന് അവകാശപ്പെടുന്ന പക്ഷിയുടെ ഒരു ചിത്രമോ അല്ലെങ്കില്‍ അതിന്റെ ഒരു സ്‌പെസിമനോ കൊണ്ടുവന്നാല്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണ്. അങ്ങനെയിരിക്കെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പക്ഷിനിരീക്ഷകനായ തമിഴ്‌നാട് സ്വദേശിയായ ഡോ. ശാന്താറാം കുറെ നാളുകള്‍ക്കു ശേഷം ഞങ്ങളുടെ കാമ്പസില്‍ വരികയും അദ്ദേഹത്തിന് ഞാന്‍ പുല്ലുപ്പനെ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ കാവശ്ശേരിയില്‍ സാറിനെ കാണാന്‍ പോയി. അപ്പോള്‍ ഇന്ദുചൂഡന്‍ സാര്‍ പറഞ്ഞത് 'ശാന്താറാം കണ്ട് ഉറപ്പാക്കിയതാണെങ്കില്‍ ഞാനത് സ്വീകരിക്കുന്നു എന്നാണ്.'

ഒരു പക്ഷിയെ കണ്ടുവെന്ന് ആവര്‍ത്തിച്ചുറപ്പാക്കിയ ശേഷമേ അദ്ദേഹം അംഗീകരിച്ചിരുന്നുള്ളൂ. പ്രത്യേകിച്ച് തുടക്കക്കാരായ പക്ഷിനിരീക്ഷകര്‍ പുതിയ ജാതി പക്ഷികളെ കണ്ടെത്തി ആ മേഖലയില്‍ തന്റെ കയ്യൊപ്പ് പതിച്ച് അംഗീകാരം നേടാന്‍ വ്യഗ്രത കാട്ടാറുണ്ട്.

ഇത്തരക്കാര്‍ക്ക് പലപ്പോഴും അബദ്ധംപിണയാനും സാധ്യതയുണ്ട്. അതുകൊണ്ട് ഏതെങ്കിലും അപൂര്‍വ്വ പക്ഷിയെ കണ്ടതായി ചെറുപ്പക്കാര്‍ ആരെങ്കിലും കെ.കെ. നീലകണ്ഠനെ വിവരം അറിയിച്ചാല്‍ കഴിവതും അവിടെയെത്തി അതു ശരിതന്നെയോ എന്ന് അദ്ദേഹം ഉറപ്പാക്കുമായിരുന്നു. 1991ല്‍ നമീറിന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ വച്ച് ഒരു ചത്ത നത്തിനെ കിട്ടി. സൈലന്റ് വാലി കാട്ടിലെ സൈരന്ദ്രിയില്‍ വച്ചാണത് കിട്ടിയത്. ഒരു ബ്ലെയിഡ് ഉപയോഗിച്ച് ഈ നത്തിനെ സ്‌കിന്‍ ചെയ്ത് കെ.കെ. നീലകണ്ഠന്റെ അരികിലെത്തിച്ചു. 'Oriental scops owl' ആണെന്ന് പക്ഷിയെ കണ്ട മാത്രയില്‍ തന്നെ കെ.കെ. നീലകണ്ഠനു മനസ്സിലായി. കേരളത്തില്‍നിന്നു ലഭിക്കുന്ന ഈ പക്ഷികളുടെ ആദ്യത്തെ സ്‌പെസിമനായിരുന്നു. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ അദ്ദേഹം ബോംബെ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചുവയ്ക്കാനായി അയച്ചുകൊടുക്കുകയും ചെയ്തു. സൈരന്ദ്രിയില്‍നിന്ന് ലഭിച്ച നത്തായതിനാല്‍ 'സൈരന്ധ്രിനത്ത്' എന്നതിന് പേരിടുകയും ചെയ്തു. 

ചിന്നക്കുട്ടുറുവൻ/ ഫോട്ടോ: സിജി അരുൺ
ചിന്നക്കുട്ടുറുവൻ/ ഫോട്ടോ: സിജി അരുൺ

പക്ഷിനിരീക്ഷകനായ സി. സുശാന്ത് തന്റെ പക്ഷി നിരീക്ഷണ തുടക്കകാലത്തെ അനുഭവം ഓര്‍ക്കുന്നു. '1984 ആണ് എന്റെ പക്ഷിനിരീക്ഷണത്തിന്റെ ഗതി തിരിച്ചുവിട്ട സംഭവം ഉണ്ടാകുന്നത്. ആ വര്‍ഷത്തെ വേനല്‍മഴയില്‍ വീടിന്റെ സമീപത്തെ ഇരുമരം വയലേലകളില്‍ വെള്ളക്കെട്ടുകളുണ്ടായി. തന്റെ പക്ഷിനിരീക്ഷണ യാത്രകളില്‍ തീപ്പൊരി കണ്ണന്‍ (water cock) മഴക്കൊച്ച, കരിക്കൊച്ച തുടങ്ങിയ നാണംകുണുങ്ങികളായ പക്ഷികളെ അടുത്തു കാണാന്‍ കഴിഞ്ഞു. ആ കൂട്ടത്തില്‍ തീരെ പരിചിതമല്ലാത്ത മൂന്ന് പക്ഷികളെ നിരീക്ഷിക്കുകയുണ്ടായി. കണ്ണിനു ചുറ്റും വെള്ള ചുട്ടിയും തിളങ്ങുന്ന ഇരുമ്പ് കലര്‍ന്ന നിറവും നീണ്ട മഞ്ഞച്ചുണ്ടുമുള്ള ഒരു പക്ഷിയും അതിനോടൊപ്പം നടക്കുന്ന വര്‍ണ്ണശോഭയില്ലാത്ത രണ്ടു പക്ഷികളും. കുറച്ചു ദിവസം കഴിഞ്ഞ് ഈ അപരിചിതരായ പക്ഷികളെ കാണാതായി.

പിന്നീട് അപരിചിതരായ പക്ഷികളെ വീണ്ടും കണ്ടു. ഒപ്പം വെള്ളത്തില്‍ നീന്തുന്ന വരയും കുറികളുമുള്ള രണ്ട് കുഞ്ഞുങ്ങളേയും. കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പക്ഷിയുടെ വിവരങ്ങള്‍ കുറിച്ചെടുത്ത നോട്ടുബുക്കും കുഞ്ഞുങ്ങളുടെ ഫോട്ടോയുമായി ഞാന്‍ നീലകണ്ഠന്‍ സാറിന്റെ വീട്ടിലെത്തി. അദ്ദേഹം കുറിപ്പുകള്‍ വായിച്ച് ചിത്രങ്ങളും നോക്കിയ ശേഷം അത്ഭുതത്തോടെ പറഞ്ഞു. 'നിങ്ങള്‍ കണ്ട പക്ഷി അപൂര്‍വ്വനായ കാളികാടയാണ്.' പിന്നീട് അദ്ദേഹം പക്ഷിപ്പുസ്തകങ്ങള്‍ വായിച്ചശേഷം ബ്രിട്ടീഷ് പക്ഷിശാസ്ത്രജ്ഞനായ എച്ച്.എസ്. ഫര്‍ഗൂസന്‍ കണ്ടെത്തിയശേഷം നൂറുവര്‍ഷത്തിനു ശേഷമാണ് കാളിക്കാടയുടെ പ്രജനനം കണ്ടെത്തുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പ്രജനന നിരീക്ഷണത്തെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹം തന്നെ തയ്യാറാക്കി ബോംബെ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിക്ക് അയച്ചുകൊടുക്കുകയും ആ കണ്ടെത്തല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷിനിരീക്ഷണം വെറുമൊരു ഹോബി മാത്രമല്ല, ഗൗരവമേറിയ ശാസ്ത്രീയ പഠനമാണെന്നും അന്ന് കെ.കെ. നീലകണ്ഠന്‍ വ്യക്തമാക്കി.

നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ഒരു പക്ഷി പക്ഷിനിരീക്ഷണ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ളതാണെന്ന് ചിലപ്പോള്‍ പിന്നീട് തെളിയിക്കപ്പെടാം. അതുകൊണ്ട് പക്ഷിനിരീക്ഷണത്തിനിറങ്ങുമ്പോള്‍ അതൊക്കെ രേഖയാക്കി സൂക്ഷിക്കുകയെന്നത് പക്ഷിനിരീക്ഷകന്റെ ഉത്തരവാദിത്വമാണ്. ഭാവി തലമുറയ്ക്കുള്ള വിലപ്പെട്ട പ്രകൃതി നിരീക്ഷണ വിവരങ്ങളുടെ നിധിശേഖരമാണ് ഇത്തരം പ്രകൃതിനിരീക്ഷണ കുറിപ്പുകള്‍ കെ.കെ. നീലകണ്ഠന്‍ വിശദമായ പ്രകൃതി നിരീക്ഷണ കുറിപ്പുകള്‍ എഴുതുമായിരുന്നു. ഒരു പക്ഷി നിരീക്ഷകനെന്ന നിലയില്‍ വസ്തുതകളില്‍ ഒരുതരത്തിലും കളങ്കം കടന്നുകൂടാതിരിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധേയനായിരുന്നു. ഈ ജാഗ്രതയാണ് കെ.കെ. നീലകണ്ഠനെ ഈ രംഗത്തെ ഒരു ആചാര്യനായി ഉയര്‍ത്തുന്നതും.
ശിഷ്യര്‍ക്കൊപ്പം പക്ഷി നിരീക്ഷണത്തിനു പോകുമ്പോള്‍ കാട്ടിനുള്ളില്‍നിന്ന് ഒരു പക്ഷിയുടെ കൂജനം കേട്ടുവെന്നിരിക്കട്ടെ. കെ.കെ. നീലകണ്ഠന്‍ പെട്ടെന്ന് ആ ശബ്ദത്തിലേക്ക് തന്റെ സര്‍വ്വ ശ്രദ്ധയും കേന്ദ്രീകരിക്കും, എന്നിട്ട് ശിഷ്യരോട് പറയും. ഈ കരയുന്നത് ചിന്ന കൂട്ടുറുവനാണ്. കാട്മുഴക്കിയാണ്, കാട്ടുമൈനയാണ്. കുയിലാണ്, കുളക്കോഴിയാണ്, ശിഷ്യന്മാരെങ്കിലും അതുകേട്ട് ആ പക്ഷിയെക്കുറിച്ച് നോട്ടുബുക്കില്‍ കുറിച്ചാല്‍ മട്ടുമാറും. നിങ്ങള്‍ പക്ഷിയെ കണ്ടോ എന്ന് അദ്ദേഹം ചോദിക്കും. കണ്ടില്ലെന്ന് ശിഷ്യര്‍ ചമ്മലോടെ മറുപടി പറഞ്ഞെന്നിരിക്കട്ടെ, പിന്നെങ്ങനെ നിങ്ങള്‍ പക്ഷിയുടെ പേര് നോട്ടുബുക്കില്‍ കുറിച്ചു എന്നാവും അടുത്ത ചോദ്യം.

സാര്‍ പറഞ്ഞതല്ലെ എന്ന് ശിഷ്യര്‍ മറുപടി പറഞ്ഞെന്നിരിക്കട്ടെ. അതുകേട്ട് അദ്ദേഹം പറയും: മുതിര്‍ന്ന പക്ഷിനിരീക്ഷകര്‍ പക്ഷിയുടെ ശബ്ദം കേട്ട് അവയുടെ പേര് പറഞ്ഞെന്നിരിക്കും. അതുകേട്ട് നിങ്ങള്‍ ഒരിക്കലും പക്ഷിയെ കണ്ടതായി എഴുതരുത്. കാരണം, പിന്നീട് ഈ കുറിപ്പുകള്‍ നിങ്ങള്‍ തന്നെ പരിശോധിക്കുമ്പോള്‍ ആകെ സംശയമാകും. ഒരു പക്ഷി തന്നെ മറ്റു പല പക്ഷികളുടേയും ശബ്ദം അനുകരിച്ചെന്നിരിക്കും. ഉദാഹരണം കാടുമുഴക്കി തന്നെ. അതുകൊണ്ട് ശബ്ദം കേട്ടുവെന്നു കരുതി ആ പക്ഷി അവിടെയുണ്ടെന്ന് ഉറപ്പിക്കാനാകില്ല, എന്നാല്‍ നിരന്തരം പരിശീലനംകൊണ്ട് ശബ്ദം കേട്ട് ഒട്ടുമിക്ക പക്ഷികളേയും ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുമെന്ന് വിസ്മരിക്കുന്നില്ല. ശബ്ദം കേട്ട് പക്ഷിയേതെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍പോലും അതിനെ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷം കുറിക്കുന്നതാണ് ശരിയായ രീതി എന്നതായിരുന്നു കെ.കെ. നീലകണ്ഠന്‍ ഗുരുകുലശൈലി. 

ആശുപത്രിക്കിടക്കയില്‍ കിടന്നു പോലും പക്ഷികളെക്കുറിച്ച് എന്തെങ്കിലും സംശയവുമായി ആരെങ്കിലും കത്തെഴുതി ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി അയക്കുമായിരുന്നു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് വീടിന്റെ തട്ടിന്‍പുറത്തുനിന്നൊരു വെള്ളിമൂങ്ങയെ കിട്ടി. പറക്കാന്‍ കഴിയാത്ത അവസ്ഥയിലായ അതിനെ ഒരു കോഴിക്കൂട്ടിലടച്ചിട്ടു. പിന്നെന്തുചെയ്യണമെന്നറിയില്ല. പക്ഷിനിരീക്ഷകനായ കെ.കെ. നീലകണ്ഠനെ ശ്രീരാമന് അപ്പോ ഓര്‍മ്മവന്നു. കെ.കെ. നീലകണ്ഠന് കാര്യങ്ങള്‍ വിശദീകരിച്ചൊരു കത്തെഴുതി. അപ്പോള്‍ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗബാധിതനായി കിടക്കുകയായിരുന്നു. 

ഫ്രം. റൂം 428, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. വാര്‍ഡ്, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ട്രിവാന്‍ഡ്രം. 8.5. 89 എന്ന വിലാസത്തില്‍നിന്നാണ് ശ്രീരാമന് മറുപടിക്കത്ത് വന്നത്. കത്തിങ്ങനെ:

താങ്കളുടെ വിരുന്നുകാരനെ ഇന്ന് രാത്രി എട്ട് മണിക്ക് മോചിപ്പിക്കുകയാണ് ഏറ്റവും നല്ലത്. പകല്‍സമയത്ത് തുറന്നുവിട്ടാല്‍ കാക്കകള്‍ കൊത്തിക്കൊല്ലാനിടയുണ്ട്. മുറിവോ മറ്റോ ഉണ്ടെങ്കില്‍ നല്ലതുപോലെ കൊത്തിനുറുക്കിയ ഇറച്ചി ചെറുതായി മുറിച്ചത് തിന്നാന്‍ കൊടുക്കുക, രാത്രി ഏഴുമണിക്കു ശേഷം കൂട് തുറന്നുവിടുന്നതാണ് ഉത്തമം. സ്വതന്ത്രമായ മൂങ്ങ ധാരാളം എലികളെ പിടിച്ചുതിന്ന് നമുക്ക് ഗുണം ചെയ്യും. വളര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. ദേഹത്തിന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലാണെന്നും മേയ് മാസം കഴിയും മുന്‍പ് കാവശ്ശേരിക്ക് തിരിച്ചുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിലെഴുതിയിട്ടുണ്ട്. വിരുന്നുകാരനെ ആരെങ്കിലും തടവിലിടാറുണ്ടോ എന്നൊരു ചോദ്യവും കത്തിലുണ്ട് (വെള്ളിമൂങ്ങയെ പിടിച്ച് കോഴിക്കൂട്ടിലടച്ചതിനെക്കുറിച്ചാണിത്). കെ.കെ. നീലകണ്ഠന്റെ ഈ കത്ത് വി.കെ. ശ്രീരാമന്‍ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. കെ.കെ. നീലകണ്ഠനെപ്പോലെ പ്രശസ്തനായൊരു പ്രകൃതിസ്‌നേഹിയെ നേരില്‍ കാണാനായില്ലല്ലോ എന്ന ഖേദവും അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

തുന്നാരൻ പക്ഷി/ ഫോട്ടോ: ശരത് ലാൽ
തുന്നാരൻ പക്ഷി/ ഫോട്ടോ: ശരത് ലാൽ

തുന്നാരന്‍ 

സംഗീതത്തോട് കെ.കെ. നീലകണ്ഠന് താല്പര്യമായിരുന്നു. പല കീര്‍ത്തനങ്ങളും ഭംഗിയോടെ വിസില്‍ ചെയ്തിരുന്നു. പക്ഷികളുടെ ശബ്ദം സൂക്ഷ്മതയോടെ വിസില്‍ ചെയ്ത് അനുകരിക്കാനും പ്രത്യേക കഴിവുണ്ടായിരുന്നു. ബുള്‍ബുള്‍ പക്ഷിയുടെ പാട്ടായാലും മണ്ണാത്തി പുള്ളിന്റേതായാലും ശ്യാമയുടേതായാലും എന്തിനു സങ്കീര്‍ണ്ണമായ ചില നീര്‍പ്പക്ഷികളുടെ പോലും ശബ്ദം അദ്ദേഹം നന്നായി അനുകരിച്ചിരുന്നു. 

സംഗീതത്തോടുള്ള ഈ താല്പര്യം തന്നെ അദ്ദേഹത്തിന് ചിത്രരചനയിലും കാണാം. പക്ഷികളുടെ സൂക്ഷ്മനിറ വിന്യാസം അതിന്റെ ശരീരഘടനയുടെ പ്രത്യേകതകളൊന്നും ചോരാതെയും അദ്ദേഹം പക്ഷികളെ വരച്ചിരുന്നു. ഒരുപക്ഷേ, സാലിം അലിയാവാം കെ.കെ. നീലകണ്ഠന്റെ ഇക്കാര്യത്തിലുള്ള മാതൃക. കൊളോണിയല്‍ സ്വാധീനം സാലിം അലിയുടെ വരയിലും പക്ഷിനിരീക്ഷണ ശൈലിയിലും തുടക്കകാലത്ത് നിറഞ്ഞുനിന്നിരുന്നുവെന്നത് സത്യമാണ്. അതിന്റെ തുടര്‍ച്ച കെ.കെ. നീലകണ്ഠനിലും കാണാം. പക്ഷികളെ അതിന്റെ ജീവിത പരിസരത്തുനിന്ന് അടര്‍ത്തിയെടുത്ത് വരയ്ക്കുകയെന്നത് കൊളോണിയല്‍ ചിത്രരചനാശൈലി. എന്നാല്‍, ഇന്ത്യന്‍ ശൈലി ചുറ്റുപാടുകളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. മുഗള്‍ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. പ്രകൃതിയുടെ പല അടരുകള്‍ നമുക്കതില്‍ ദര്‍ശിക്കാനാവും. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫി കവിയായ ഫരീദുദ്ദീന്‍ അത്താറിന്റെ പക്ഷിയുടെ സമ്മേളനം (matiq-ut-Tair - The conference of birds) എന്ന കാവ്യം ലോകപ്രശസ്തമാണ്.

നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍ ഫരീദുദ്ദീന്‍ അത്താറിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ വരുന്ന ശ്രദ്ധേയമായ ആദ്യത്തെ ലേഖനം വൈക്കം മുഹമ്മദ് ബഷീറിന്റേതാവാം. ലോകത്തിലെ പക്ഷികളെല്ലാവരും കൂടി 'സിമോര്‍ഗ്' (Simurgh) എന്ന അവയുടെ ഭരണാധിപനെ കാണാനുള്ള യാത്രയിലാണ്. ഉപ്പൂപ്പന്‍ (Hoopoe) ആണവരുടെ നേതാവ്. ആത്മാന്വേഷണത്തിന്റെ മഹാവിഹായസാണ് ഈ കാവ്യത്തിലൂടെ അദ്ദേഹം തുറന്നിടുന്നത്. ആയിരക്കണക്കിന് പക്ഷികളില്‍ മുപ്പതെണ്ണത്തിനു മാത്രമെ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നുള്ളൂ. മനുഷ്യന്റെ കേവല അറിവുകള്‍ക്കപ്പുറം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തതും ബുദ്ധികൊണ്ടു പ്രാപിക്കാന്‍ കഴിയാത്തതുമായ ഒന്നിന്റെ ഗംഭീരമായൊരു കവാടത്തിലാണ് പക്ഷികളുടെ യാത്ര ചെന്ന് അവസാനിക്കുന്നത്. സൂഫി ചിന്തയല്ലാതെ ഇതു മറ്റൊന്നല്ല സമഗ്രതയെ പുല്‍കാനുള്ള അഭിവാഞ്ഛയാണതില്‍ നിറഞ്ഞു നില്‍ക്കുന്നത്. പക്ഷി വൈവിധ്യത്തിലും രചനാസൗകുമാര്യത്തിലും കിഴക്കിന്റെ കലയുടെ മഹാത്മ്യം മുഴുവന്‍ വെളിവാക്കുന്നതാണ്. എ.ഡി. 1600ല്‍ പേര്‍ഷ്യന്‍ ചിത്രകാരനായ ഹബീബ് അള്ളാ പക്ഷികളുടെ സമ്മേളനത്തിനു വരച്ച ചിത്രം പക്ഷികളുടെ ആവാസവ്യവസ്ഥ കൂടി വെളിപ്പെടുത്തുന്നതാണ്. . ബാഗ്ദാദിലേക്ക് എ.ഡി. 1258ല്‍ മാഗോള്‍ അധിനിവേശം സംഭവിച്ചശേഷം പേര്‍ഷ്യന്‍ കലാപാരമ്പര്യത്തില്‍ ചൈനീസ് പാരമ്പര്യം സ്വാധീനം ചെലുത്തുകയുണ്ടായി. പേര്‍ഷ്യന്‍ചൈനീസ് പാരമ്പര്യങ്ങളുടെ സമന്വയത്തിന് ഇത് കാരണമായി. രണ്ടു ചിത്രരചനാ പാരമ്പര്യങ്ങളുടെ സമന്വയത്തിന്റെ മനോഹരമായൊരു ചിത്രം 'സിമോര്‍ഗി'ലൂടെ ഞാനവിടെ കണ്ടു. സാംസ്‌കാരിക പരിമിതികളെ ഭേദിച്ചുള്ള ചിത്രരചനാ ശൈലിയാണിത്. ഭാവനയ്ക്കാണിവിടെ കേന്ദ്രസ്ഥാനം. (സിമോര്‍ഗിന്റെ) ദാര്‍ശനികവും ഭാവനാത്മകവുമായ 'പക്ഷികളുടെ സമ്മേളനത്തില്‍'നിന്നു വ്യത്യസ്തമായ തലമാണ് പക്ഷിനിരീക്ഷകനുള്ളത്. പക്ഷിപ്പുസ്തകങ്ങള്‍ക്കായി ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ പല പരിമിതികളുമുണ്ട്. പക്ഷികളെ തിരിച്ചറിയാന്‍ വേണ്ടുന്ന ചേരുവകളാണതില്‍ പ്രധാനം. അതുകൊണ്ട് നീലകണ്ഠന്റേയും സാലിം അലിയുടേയും പക്ഷിച്ചിത്രങ്ങളുടെ വിമര്‍ശകര്‍ ഇക്കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. 

ഡോ. സാലിം അലിയുടെ ജീവിതവും ഇന്ദുചൂഡന്റെ ജീവിതവും തമ്മില്‍ പലതരത്തില്‍ സാമ്യമുള്ളതായി കാണാം. പക്ഷികളുടെ പെരുമാറ്റശാസ്ത്രവും ചുറ്റുപാടുമായുള്ള പക്ഷികളുടെ ബന്ധത്തെയും കുറിച്ച് പഠിക്കാനായിരുന്നു സാലിം അലിക്ക് ഏറെ താല്പര്യം. ഇന്ദുചൂഡനും അങ്ങനെ തന്നെയായിരുന്നു. ജന്തുശാസ്ത്രത്തില്‍ ഒരു ഡിഗ്രിയില്ലാതെയാണ് സാലിം അലി ലോകപ്രശസ്ത പക്ഷി നിരീക്ഷകനായി മാറിയത്. ഇന്ദുചൂഡനും ജന്തുശാസ്ത്രത്തില്‍ ഡിഗ്രിയുണ്ടായിരുന്നില്ല. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു അദ്ദേഹം ഡിഗ്രി നേടിയത്. എന്നാല്‍, ജന്തുശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഏതൊരാളെക്കാളും കണിശതയും ശാസ്ത്രീയതയും പുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്നു കാണാം. വ്യക്തിപരമായ നേട്ടങ്ങളോ സാമ്പത്തിക താല്പര്യമോ ലക്ഷ്യംവയ്ക്കാതെയാണ് ഇരുവരും തങ്ങളുടെ ജീവിതം പ്രകൃതി സംരക്ഷണത്തിനും പക്ഷികള്‍ക്കായും സമര്‍പ്പിച്ചത്. തൂക്കണാം കുരുവിയുടെ ജീവിതരഹസ്യം നമുക്കു പറഞ്ഞുതന്നത് സാലിം അലിയാണ്. തൂക്കണാം കുരുവി പൂവന്‍ മനോഹരമായ കൂട് നെയ്ത് ഇണക്കായി കാത്തിരിക്കും.

സാലിം അലി
സാലിം അലി

പിടപക്ഷി വന്ന് കൂട് പരിശോധിച്ച് ഇഷ്ടമായെങ്കില്‍ മാത്രമെ ഇരുവരും വിവാഹകരാറില്‍ ഏര്‍പ്പെടുകയുള്ളൂ. കൂട് ഇഷ്ടമായ ഇണപക്ഷിക്ക് മുട്ടയിടാനായി അതു സമ്മാനിച്ചശേഷം പൂവന്‍ മറ്റൊരു കൂടിന്റെ പണി തുടങ്ങും. അടുത്ത ഇണപക്ഷിക്കതു നല്‍കും. ഇങ്ങനെ കൂടൊരുക്കുന്ന കാലത്ത് മൂന്നും നാലും കൂടുകള്‍ ഒരാണ്‍പക്ഷി നിര്‍മ്മിക്കാറുണ്ട്. സാലിം അലി തൂക്കണാം കുരുവിക്കൂടുകള്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തുമ്പോള്‍ പ്രിയ പത്‌നി തെഹ്മിനയും ഒരു സഹായിയായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തൂക്കണാം കുരുവിയുടെ രഹസ്യജീവിതം നമുക്കു വെളിവാക്കി തന്നത് സാലിം അലിയാണെങ്കില്‍ തുന്നാരന്‍ കിളികളുടെ ജീവിത രഹസ്യത്തിലേക്ക് വെളിച്ചം വീശിയത് ഇന്ദുചൂഡനാണ്. സാലിം അലിക്ക് തൂക്കണാം കുരുവിയെന്നതുപോലെയായിരുന്നു ഇന്ദുചൂഡന് തുന്നാരന്‍ പക്ഷി. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായി ഇന്ദുചൂഡന്‍ ജോലി നോക്കുമ്പോള്‍ പുളിമൂടിനു സമീപമുള്ള മാമ്പള്ളി ലൈനിലുള്ള ഒരു വാടക വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോള്‍ ആ ലൈന്‍ ജി.പി.ഒ (ജനറല്‍ പോസ്റ്റ് ഓഫീസ് ലൈന്‍) എന്നാണറിയപ്പെടുന്നത്. ചെറുതെങ്കിലും മനോഹരമായൊരു വീട്ടുവളപ്പായിരുന്നു ആ വീടിനുണ്ടായിരുന്നത്. കുറെ ചെടികളും മരങ്ങളും അവിടുണ്ടായിരുന്നു. ധാരാളം പക്ഷികളവിടെ നിത്യസന്ദര്‍ശകരായിരുന്നു. 

ഇന്ദുചൂഡന്റെ പക്ഷിനിരീക്ഷണ ജീവിതത്തില്‍ തന്നെ തിളക്കമുള്ള ഒരു അദ്ധ്യായമായി മാറിയ തുന്നാരന്‍ കുരുവി പഠനം ഇവിടെയാണ് നടന്നത്. അടയ്ക്കാക്കുരുവി, പാണക്കുരുവി എന്നെല്ലാം പേരുള്ള ഒരു സാധാരണ പക്ഷിയാണിത്. ആകെ നീളം അഞ്ചിഞ്ച് മാത്രമെ വരുകയുള്ളൂ. പൂവന്റെ വാലിന് ഒരിഞ്ചോളം നീളം വരും. നെറ്റിയും മൂര്‍ദ്ധാവും ചുകപ്പ്, പുറം ചിറകുകള്‍, വാല്‍ എന്നിവ മഞ്ഞകലര്‍ന്ന പച്ച. ചിറകുകളിലെ വലിയ തൂവലുകള്‍ക്ക് തവിട്ടുനിറം. മുഖവും ദേഹത്തിന്റെ അടിവശവും വെള്ള, പൂവനും പിടയും തമ്മില്‍ കാഴ്ചയ്ക്കു വാലിന്റെ ആകൃതിയിലും നീളത്തിലും മാത്രമെ വ്യത്യാസം കാണുകയുള്ളൂ. കൂടുനിര്‍മ്മാണത്തിന്റെ പേരില്‍ പ്രസിദ്ധനായ പക്ഷിയാണിത്. Tailor Bird (തുന്നാരന്‍) എന്നാണ് പൊതുവില്‍ ഇതറിയപ്പെടുന്നത്. താഴ്ന്ന ക്ലാസ്സുകളില്‍ ഈ പക്ഷിയെക്കുറിച്ച് പഠിക്കാനുണ്ടാകും. എങ്കിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഇതിന്റെ ജീവിതരഹസ്യങ്ങളെക്കുറിച്ച് അധികമൊന്നും അനാവരണം ചെയ്യപ്പെട്ടിരുന്നില്ല. കേരളത്തില്‍ തുന്നാരന്‍ പക്ഷിയെക്കുറിച്ച് ആദ്യമായി ബൃഹത്തായൊരു നിരീക്ഷണം നടത്തിയത് കെ.കെ. നീലകണ്ഠനാണ്. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു മുറിയുടെ (സ്‌റ്റോര്‍ റൂം) ജനലിനരികില്‍ ഇരുന്നാല്‍ തൊട്ടടുത്തുള്ള മന്ദാരത്തില്‍ തുന്നാരന്‍ കൂടൊരുക്കുന്നതൊക്കെ നന്നായി കാണാനാവുമായിരുന്നു. ഇതൊരു അവസരമാക്കിയാണ് അദ്ദേഹം കുടുംബാംഗങ്ങളുടെ സഹകരണത്തോടെ തുന്നാരന്‍ പക്ഷി നിരീക്ഷണം ആരംഭിച്ചത്. 128 മണിക്കൂറുകള്‍ തുന്നാരന്‍ പക്ഷികളുടെ വരവും പോക്കും പെരുമാറ്റവും കൃത്യമായി അവര്‍ രേഖപ്പെടുത്തി. 13 ദിവസം പ്രായമുള്ള മൂന്നു തുന്നാരന്‍ കുഞ്ഞുങ്ങള്‍ക്ക് 233 തവണ തീറ്റ കൊടുത്തതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ ആ നിരീക്ഷണത്തിലൂടെ വെളിപ്പെട്ടു. 

പക്ഷിനിരീക്ഷണം എങ്ങനെയാവണം എന്നതിന്റെ വ്യക്തമായൊരു പാഠശാലയാണ് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ചുള്ള കുറിപ്പുകള്‍:    'സംഭവം നടന്നത് 1973 ജൂണ്‍ജൂലൈ മാസക്കാലത്താണ്, സ്ഥലം തിരുവനന്തപുരം നഗരമധ്യത്തില്‍ ഒരു കൊച്ചു വളപ്പ്. അഞ്ചാറു ചതുരശ്ര വാര വിസ്തൃതിയുള്ള ഈ വളപ്പില്‍ കുറെ ചെമ്പരത്തി, ഒരു പുളി, കുറെ മുരിങ്ങ, ഒരു മന്ദാരം ഒരു ചെമ്പകത്തൈ എന്നിവ നിന്നിരുന്നു. ജൂണ്‍ 11നാണ് ചെമ്പകത്തില്‍ കെട്ടിത്തുടങ്ങിയ കൂട് കണ്ടുപിടിച്ചത്. 17 ഉം 19 ഉം വയസ്സുള്ള രണ്ടു മക്കളും ഞാനും മാറിമാറി പതിവായി കൂടിനു കാവലിരിക്കുകയും ദിവസേന മൂന്നു തവണ ഓരോ മണിക്കൂര്‍ നേരം പക്ഷികളുടെ ചേഷ്ടകളെല്ലാം സൂക്ഷിച്ചു നോക്കി കുറിച്ചിടുകയും ചെയ്തു.'

'കെട്ടിടത്തിന്റെ രണ്ട് വാതിലുകളില്‍നിന്നും ഒരു ജനാലയില്‍നിന്നും 1.52.5 മീറ്റര്‍ മാത്രം ദൂരെയായിരിക്കുന്നു തുന്നാരന്‍ കൂട്. നല്ലപോലെ കാണാമായിരുന്നു. 11.6.'73 നും 13.7.'73 നും ഇടയ്ക്ക് 6 ദിവസം സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ആരെങ്കിലും ഒരാള്‍ പക്ഷികളുടെ പരിപാടികളെല്ലാം നിരീക്ഷിച്ച് കുറിപ്പെഴുതി. ഒരു കസാലയും ഒരു പലകയും വാച്ച്, കടലാസ്, പെന്‍സില്‍ എന്നിവയും മാത്രമാണ് ഗവേഷണത്തിനുവേണ്ടി വന്ന ഉപകരണങ്ങള്‍. ഒട്ടാകെ 128 മണിക്കൂര്‍ നേരം പക്ഷികളുടെ ഗതാഗതവും പെരുമാറ്റവും ഇങ്ങനെ രേഖപ്പെടുത്താന്‍ കഴിഞ്ഞു. 10.6.'73ന് കാലത്ത് ഒന്‍പതര മണിക്ക് കൊക്കില്‍ തൂവെള്ളയായ പൂടത്തൂവലുകളുമായി വന്ന ആണ്‍ തുന്നാരന്‍ അവയെ ഓടിന്റെ പുറത്തിരുന്നിരുന്ന പിടയുടെ വായില്‍ ഇട്ടുകൊടുക്കാന്‍ ശ്രമിക്കുന്നതു കണ്ടു. തത്സമയം പിട ഭക്ഷണം യാചിക്കുന്ന കുഞ്ഞിനെപ്പോലെ കൊക്ക് മുകളിലേക്ക് ചൂണ്ടി, വായ തുറന്നുപിടിച്ച് ചിറകുകള്‍ തൂക്കിയിട്ട് തുരുതുരെ വിറപ്പിച്ചു. ആണ്‍പക്ഷി തൂവലുകളും കൊണ്ട് താഴോട്ട് പറന്ന്, അങ്ങിങ്ങു തുള്ളിചാടിയ ശേഷം പറന്നുപോയി. ഞങ്ങള്‍ കൂട് തിരഞ്ഞു തുടങ്ങി. പിറ്റേന്നു മാത്രമെ കണ്ടുകിട്ടിയുള്ളൂ.

നിരീക്ഷണ പഠനം ചുരുക്കത്തില്‍ 

1973 ജൂണ്‍ 10: പൂവന്‍ തൂവലുകള്‍ കൊണ്ടുവരുന്നതു കണ്ടു. ജൂണ്‍ 11: കെട്ടിത്തുടങ്ങിയ കൂട് കണ്ടെത്തി. 

ജൂണ്‍ 1215: കൂട് നിര്‍മ്മാണം നടന്നു. പിട മാത്രമെ ജോലി ചെയ്തിരുന്നുള്ളൂ. 15ന് വൈകുന്നേരം കൂട് പൂര്‍ത്തിയായി.

ജൂണ്‍ 16: പക്ഷികള്‍ കൂടുള്ള സ്ഥലത്ത് വന്നതേയില്ല.

ജൂണ്‍ 17: കാലത്ത് 7.30 ന് കൂട്ടില്‍ ഒരു മുട്ട കണ്ടു.

ജൂണ്‍ 18: കാലത്ത് 6.35ന് പിട വന്ന് രണ്ടാമത്തെ മുട്ടയിട്ടു 6.38ന് പറന്നുപോയി. പിന്നീട് വന്നത് സന്ധ്യയ്ക്ക് 6.40നായിരുന്നു.

ആദ്യമായി കൂട്ടില്‍ ഇറങ്ങിയത് ഈ ദിവസമാ യിരുന്നു.

ജൂണ്‍ 19: രാവിലെ 6.45ന് മൂന്നാമത്തെ മുട്ടയിട്ട് 6.47ന് പിട പറന്നുപോയി. ഒരു മണിക്കൂറിനുശേഷം വന്ന് അടയിരുന്നു തുടങ്ങി. പകല്‍ പലവുരു അടയിരുന്നു. രാത്രി കൂട്ടില്‍ത്തന്നെ ഉറങ്ങി.

ജൂണ്‍ 20-30: പിട പതിവായി പൊരുന്നി നിരിക്കുകയും കൂട്ടില്‍ രാത്രി ഉറങ്ങുകയും ചെയ്തു. പൂവന്‍ ഒരിക്കലും അടയിരുന്നില്ല. കൂട്ടിലിരുന്നിരുന്ന പിടയ്ക്കു ഭക്ഷണം കൊടുക്കുന്നതും കണ്ടില്ല.

ജൂണ്‍ 31: പുലര്‍ച്ചെ 6.58ന് പിട ഒരു മുട്ടത്തോടും കൊക്കില്‍ പിടിച്ച് പറന്നുപോയി.

ഉച്ചതിരിഞ്ഞ് 2.10ന് കൂട്ടില്‍ 2 കുഞ്ഞുങ്ങളും ഒരു മുട്ടയുമാണ് ഉണ്ടായിരുന്നത്. 11.37 തൊട്ട് പൂവനും പിടയും കുഞ്ഞുങ്ങളെ തീറ്റി തുടങ്ങി വൈകുന്നേരം 5.50ന് പിട കൂട്ടില്‍ ഉറങ്ങുവാന്‍ എത്തി.

ജൂലൈ 1: ഉച്ചതിരിഞ്ഞ് 2 മണി  കൂട്ടില്‍ മൂന്നു കുഞ്ഞുങ്ങള്‍ ഉള്ളതായി കണ്ടു. 2.10  പൂവനും പിടയും കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുത്തു.

ജൂലൈ 10, ജൂണ്‍ 19: മുതല്‍ പതിവായി കൂട്ടില്‍ത്തന്നെ ഉറങ്ങിയിരുന്ന പിട രാത്രി കൂട്ടില്‍ ഉണ്ടായിരുന്നില്ല. രാത്രി 9.30ന് നല്ല വളര്‍ച്ച എത്തിയ മൂന്നു കുഞ്ഞുങ്ങളും സുഖമായി ഉറങ്ങുന്നതു കണ്ടു. ജൂലൈ ഒന്‍പതിനാണ് പിട അവസാനമായി കൂട്ടില്‍ ഉറങ്ങിയത്.

ജൂലൈ 13: കാലത്ത് 6.55, 8.05, 8.15 എന്നീ സമയങ്ങളില്‍ കുഞ്ഞുങ്ങള്‍ ഓരോന്നായി കൂടുവിട്ടു പറന്നു.

കൂട് 965 സെ.മീ പൊക്കമുള്ള ചെമ്പകത്തില്‍ തറയില്‍നിന്ന് 60 സെ.മീ. പൊക്കത്തിലായിരുന്നു. മൂന്നു കുഞ്ഞുങ്ങളും കൂട്ടില്‍നിന്ന് പറന്നുപോയിട്ടും പിട കൊക്കില്‍ ആഹാരവുമായി ഒഴിഞ്ഞുകിടക്കുന്ന കൂട്ടിലേക്കു വന്നു. പറന്നുപോയ കുഞ്ഞുങ്ങള്‍ തിരികെ കൂട്ടില്‍ വന്നിരിപ്പുണ്ടോയെന്ന് പരിശോധിക്കാനാവണം ഈ വരവ്. കുഞ്ഞുങ്ങളെ കാണാത്തതിനാല്‍ പിട തിരിച്ചുപോയി.

'സാലിം അലിയും റിപ്ലിയും (1973) മാല്‍ക്കം മാക്ക്‌ഡൊനാള്‍ഡും (1960) പറയുന്നത് കൂടുകെട്ടുന്നതിലും അടയിരിക്കുന്നതിലും കുഞ്ഞുങ്ങളെ തീറ്റിക്കുന്നതിലും പിടയും പൂവനും തുല്യപങ്കുണ്ടെന്നാണ്. അടയിരിക്കുന്ന പിടയെ ഇടയ്ക്കിടെ പൂവന്‍ തീറ്റുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഡി.കെ. ഷാഗാംഗുലി എഴുതിയ പുസ്തകത്തില്‍ (1975) പിട മാത്രമേ അടയിരിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് കാണുന്നത്. ഞങ്ങള്‍ നിരീക്ഷിച്ച ഇണയിലെ പൂവന്‍ തുടക്കത്തില്‍ ഒരു പ്രാവശ്യം തൂവല്‍ കൊണ്ടുവന്നതല്ലാതെ മറ്റൊരു വിധത്തിലും കൂടുണ്ടാക്കാന്‍ സഹായിച്ചില്ല. അവര്‍ ഒരിക്കലും അടയിരിക്കുകയോ കൂട്ടില്‍ ഇരുന്ന പിടയ്ക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്തില്ല. എന്നാല്‍, മുട്ട വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നതിനും അവയുടെ പുരീഷസഞ്ചി (കാഷ്ഠം) കൊത്തികൊണ്ടു പോകുന്നതിലും പൂവന്‍ പിടയെക്കാള്‍ തൃഷ്ണ കാണിച്ചു.'

ഒരു ഗവേഷണത്തില്‍നിന്നു മാത്രം തുന്നാരന്റെ കുടുംബജീവിത്തെ സാമാന്യവല്‍ക്കരിക്കുക സാധ്യമല്ലെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് 20, 30 കൂടുകളെ സൂക്ഷിച്ച് നിരീക്ഷിച്ച് കഴിഞ്ഞാല്‍ മാത്രമെ ചില പൊതുതത്ത്വങ്ങള്‍ക്ക് രൂപം കൊടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. പുതുതലമുറയിലെ പക്ഷി നിരീക്ഷകര്‍ക്കിതൊരു ശക്തമായ താക്കീതാണെന്നതില്‍ സംശയമില്ല. 1979ല്‍ മറ്റൊരു മന്ദാരത്തില്‍ തുന്നാരന്‍ കൂടൊരുക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ പൂവനും പിടയും മാറി മാറി സാമഗ്രികള്‍ കൊണ്ടുവന്ന് കൂട് നിര്‍മ്മിക്കുന്നത് കണ്ട കാര്യവും കെ.കെ. നീലകണ്ഠന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷികളെ സംബന്ധിച്ച് ലഭിക്കുന്ന അറിവുകള്‍ ആവര്‍ത്തിച്ചുറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം നമുക്ക് നല്‍കുന്നത്. ഇലകള്‍ തുന്നി കൂടൊരുക്കുന്നതില്‍ പ്രസിദ്ധനായ തുന്നാരന്‍ പക്ഷി കൂട്ടിനുള്ളില്‍ തയ്യാറാക്കുന്ന പഞ്ഞിമെത്തയുടെ നിര്‍മ്മിതിയിലും അസാധാരണ വൈദഗ്ദ്ധ്യം പുലര്‍ത്താറുണ്ട്. കൂടിന്റെ ഏറ്റവും കട്ടികൂടിയ ഭാഗത്ത് ഓരോ നിര പരുത്തിയും ചകിരിനാരും ഇടവിട്ട് വെച്ച് ഈ സ്ഥലത്ത് കൂടുതല്‍ ബലം കൊടുക്കുന്നു. ഏകദേശം പ്ലൈവുഡ് നിര്‍മ്മിക്കുന്നതുപോലെയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇങ്ങനെ തുന്നാരന്‍ പക്ഷിയുടെ ജീവിതത്തിലെ അറിയപ്പെടാതിരുന്ന ഒരുപാടു കാര്യങ്ങള്‍ കണ്ടെത്താന്‍ തുന്നാരന്‍ പഠനം സഹായിച്ചു. തുന്നാരന്‍ ദമ്പതികളെക്കുറിച്ചുള്ള മൂന്ന് പേജ് ഡയറി 1976ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1989ല്‍ ന്യൂസ് ലെറ്റര്‍ ഫോര്‍ ബേര്‍ഡ് വാച്ചേഴ്‌സിലാണ് ഈ പരീക്ഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സഹധര്‍മ്മിണി പാര്‍വ്വതി നീലകണ്ഠനാണ് അദ്ദേഹത്തോടൊപ്പം ലേഖനം എഴുതിയത്. പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞന്‍ സഫര്‍ഫത്തേഹള്ളി ബാംഗ്ലൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് ന്യൂസ് ലെറ്റര്‍ ഫോര്‍ ബേര്‍ഡ്‌സ്.

കെ.കെ. നീലകണ്ഠന്റെ 23 ലഘു കുറിപ്പുകള്‍ 'ദ ഹാന്‍ഡ് ബുക്ക് ഓഫ് ബേര്‍ഡ്‌സ് ഓഫ് ദി വേള്‍ഡില്‍' പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ എല്ലാ പക്ഷികളെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണിത്. അങ്ങനെ കേരളത്തിന്റെ മഹത്തായ ഈ പക്ഷി നിരീക്ഷകന്‍ ലോകത്തിലെ എണ്ണപ്പെട്ട പക്ഷി നിരീക്ഷകരില്‍ ഒരാളായി മാറിയെന്നതില്‍ നമുക്ക് അഭിമാനിക്കാം.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com