അനുഭവങ്ങളുടെ സമ്പത്തുകൊണ്ട് യാത്രികരായ ഞങ്ങളുടെ ഭാണ്ഡക്കെട്ടും നിറയട്ടെ!

ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും ദാല്‍ തടാകത്തിനു മുകളില്‍ സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു
അനുഭവങ്ങളുടെ സമ്പത്തുകൊണ്ട് യാത്രികരായ ഞങ്ങളുടെ ഭാണ്ഡക്കെട്ടും നിറയട്ടെ!

ഗുല്‍മാര്‍ഗ്ഗില്‍നിന്ന് തിരിച്ചു വരും വഴി വഴിയില്‍ ഒരിടത്ത് ചായ കുടിക്കാന്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അഹമ്മദും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കടയില്‍നിന്നും വെളിയില്‍ ഇറങ്ങിയപ്പോള്‍ ഒരാള്‍ അഹമ്മദിനെ കണ്ട് ഓടിവന്നു. അയാള്‍ 'മാസ്റ്റര്‍, മാസ്റ്റര്‍' എന്നു വിളിച്ചു അഹമ്മദിനോട് എന്തൊക്കെയോ പറയുന്നു. മാസ്റ്ററോ? ഞങ്ങള്‍ക്ക് കൗതുകമായി. 

'എന്താണ് നിങ്ങളുടെ യഥാര്‍ത്ഥ ജോലി?' ഞാന്‍ അഹമ്മദിനോട് ചോദിച്ചു. 

'ഇതൊരു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനാണ്.' മറുപടി പറഞ്ഞത് അയാളുടെ കൂട്ടുകാരനാണ്. 

'ഇക്കാര്യം എന്താണ് നേരത്തെ പറയാഞ്ഞത്, ഞങ്ങളും അദ്ധ്യാപകരാണ്'  റയീസ് പറഞ്ഞു. 

'ഓ അതൊക്കെ എന്തിനാ പറയുന്നേ!' അഹമ്മദ് ചിരിച്ചു. 

ഞങ്ങളും അയാളുടെ ചിരിയില്‍ പങ്കുചേര്‍ന്നു. ചായ കുടിച്ചു കഴിയുംവരെ അയാള്‍ തന്റെ കുട്ടികളെക്കുറിച്ചും സ്‌കൂളിനെപ്പറ്റിയുമൊക്കെ ചിലതെല്ലാം പറഞ്ഞു. ദൂരമിത്രയും ഒരുമിച്ചു സഞ്ചരിച്ചിട്ടും ഇപ്പോഴാണയാള്‍ ഞങ്ങളോട് ഇത്രനേരം സംസാരിക്കുന്നത്. പക്ഷേ, അപ്പോഴും അഹമ്മദ് എല്ലാം തുറന്നുപറയുന്നില്ല. ചോദിക്കുന്നതിനു ഉത്തരം പറയുന്നു, അത്രമാത്രം. 

റയീസും അഹമ്മദും തമ്മില്‍ സംസാരം തുടരുന്നതിനിടയില്‍ ഞങ്ങള്‍ കടയില്‍നിന്നും വെളിയിലിറങ്ങി. അഹമ്മദിന്റെ കൂട്ടുകാരനും ഞങ്ങളോടൊപ്പം റോഡിലേക്ക് വന്നു.

'കേരളത്തില്‍ ഇപ്പോള്‍ കാലാവസ്ഥ എങ്ങനെയാണ്?' അയാള്‍ ചോദിച്ചു.

'ചുട്ടുപൊള്ളുന്ന ചൂടാണ്'  സോജന്‍ മറുപടി പറഞ്ഞു. 'ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഞങ്ങളുടെ വേനല്‍.'
 
'ഓ, ഇവിടെ അത്രയും ചൂടൊന്നും ഉണ്ടാവാറില്ല. എന്നാലും ഓരോ വര്‍ഷവും ചൂട് കൂടുന്നുണ്ട്.'

'എല്ലായിടവും അങ്ങനെ തന്നെ. ചൂട് മാത്രമല്ല, തണുപ്പും. മഞ്ഞും മഴയും എല്ലാം ഇപ്പോള്‍ തോന്നിയ പടിയല്ലേ!'

'അതെ, കാലാവസ്ഥ മാറുന്നത് ഞങ്ങള്‍ക്ക് നല്ലോണം അറിയാന്‍ കഴിയുന്നുണ്ട്. നദികളിലൊക്കെ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാവും. പണ്ടും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ട്. മഞ്ഞുവീഴ്ചയും പലപ്പോഴും കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്.'

'ഞങ്ങളുടെ നാട്ടിലൊക്കെ ഇപ്പോള്‍ നദികള്‍ വറ്റിവരണ്ടിരിക്കും,' ഞാന്‍ പറഞ്ഞു.

'എന്റെ ഗ്രാമം ഇവിടെ അടുത്താണ്. വരുന്നോ? ഒന്ന് വന്നിട്ട് പോകൂ. മനോഹരമായ ഗ്രാമമാണ്, നിങ്ങള്‍ക്കെന്തായാലും ഇഷ്ടപ്പെടും. അവിടെ ഒരു നദിയുമുണ്ട്.'

ഞങ്ങള്‍ക്ക് അയാളുടെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ഒരു കാരണവും ഇല്ലായിരുന്നു. അതുമല്ല, വേഗം തിരിച്ചു ബത്മാലുവില്‍ ചെന്നിട്ട് ചെയ്യാന്‍ മലമറിക്കുന്ന പണികളൊന്നുമില്ല താനും. അപ്പോള്‍ പിന്നെ ഒന്ന് കുതറിയൊഴുകുക തന്നെ. ചായ കുടിച്ചുകഴിഞ്ഞ് അഹമ്മദ് വന്നപ്പോള്‍ ഞങ്ങള്‍ കാര്യം പറഞ്ഞു. അയാള്‍ക്ക് പ്രത്യേകിച്ച് എതിരഭിപ്രായം ഒന്നുമില്ല. മാത്രവുമല്ല, കൂട്ടുകാരനോട് സംസാരിക്കാന്‍ കിട്ടിയ അവസരവുമാണ്. അഹമ്മദ് അയാളുടെ പഴയ അംബാസഡര്‍ കാര്‍ വീണ്ടും സ്റ്റാര്‍ട്ടു ചെയ്തു. അങ്ങനെ ഞങ്ങള്‍ ഗുംരിയിലേക്ക് പോയി. 

ഷിക്കാര തുഴയുന്ന കാശ്മീരി യുവതി/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍
ഷിക്കാര തുഴയുന്ന കാശ്മീരി യുവതി/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍

ഇടുങ്ങിയ വഴിയിലൂടെ പോപ്ലാര്‍ മരക്കൂട്ടങ്ങളെ പിന്നിലാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും ചുറ്റി വഴി ഒടുവില്‍ ഒരു നദിയുടെ തീരത്തു ചെന്നു നിന്നു. ഒരു കുന്നിന്റെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെറിയൊരു ജലവൈദ്യുത പദ്ധതിയാണ് അവിടുത്തെ പ്രത്യേകത. അതില്‍നിന്നും താഴേക്കൊഴുകുന്ന വെള്ളം പാലുപോലെ ഉരുളന്‍കല്ലുകളില്‍ തട്ടിത്തെറിച്ചു താഴ്‌വരയിലൂടെ ഒഴുകിപ്പോകുന്നു. വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ നദിയുടെ മറുകരയിലേക്കു നടന്നു. അവിടെനിന്നും വലത്തേക്ക് പോകുമ്പോള്‍ നദിയില്‍ കൂറ്റന്‍ പാറകളും വലിയ ചുഴികളും കാണാം. ഇവിടെ വെള്ളം കുറവാണ്. മുകളിലെവിടെയോ തടയണ കെട്ടി അതില്‍നിന്നും വെള്ളം ഞങ്ങള്‍ വണ്ടി നിര്‍ത്തിയിടത്തുള്ള കുന്നിന്റെ ഉച്ചിയിലെ പവര്‍ഹൗസില്‍ എത്തിച്ച് കരണ്ടുണ്ടാക്കുകയാണ്. 

എത്ര തടഞ്ഞാലും പൂര്‍ണ്ണമായും വരണ്ടുപോകാത്തവണ്ണം ഒരു നീരൊഴുക്ക് നദി എപ്പോഴും കരുതും, തോല്‍ക്കാന്‍ മനസ്സില്ല എന്ന് പറയുമ്പോലെ. ഇവിടെയും നദിയില്‍ അങ്ങനെയൊരു നീര്‍ച്ചാലൊഴുകുന്നുണ്ട്. അവിടെ ചിലര്‍ തുണി അലക്കുന്നു. ഞാന്‍ ആ പാറകളുടെ മുകളിലേയ്ക്കു കയറി. പ്ലംബിയസ് വാട്ടര്‍ റെഡ്സ്റ്റാര്‍ട്ട് എന്ന പക്ഷിയുടെ ആവാസവ്യവസ്ഥ ഇതാണ്. കൂടാതെ ബ്രൗണ്‍ ഡിപ്പര്‍, ലിറ്റില്‍ ഫോര്‍ക്ക്‌ടെയില്‍ എന്നിവയും കണ്ടേക്കാം. വന്നത് വെറുതെയായില്ല. തൊട്ടപ്പുറത്തെ പാറയില്‍ രണ്ടു ഫോര്‍ക്ക്‌ടെയില്‍ പക്ഷികള്‍! അതിനടുത്തായി വാട്ടര്‍ റെഡ്സ്റ്റാര്‍ട്ടും! ആനന്ദലബ്ധിക്കിനി എന്തുവേണം? ബ്രൗണ്‍ ഡിപ്പറിനെ മാത്രമേ കാണാതുള്ളൂ. അത് സാരമില്ല. ഉള്ളതാവട്ടെ. ഞാന്‍ അവയുടെ കുറെ ഫോട്ടോകള്‍ എടുത്തതിനുശേഷം തിരിച്ചിറങ്ങി.

അഹമ്മദും കൂട്ടുകാരനും ദൂരെ ഒരിടത്തു മാറിയിരുന്നു സംസാരിക്കുകയാണ്. കുറേനാളായി അവര്‍ കണ്ടിട്ടെന്നു തോന്നുന്നു. പവര്‍ഹൗസില്‍നിന്നും ഇരമ്പിയാര്‍ക്കുന്ന വെള്ളത്തിന്റെ ഒച്ചയില്‍ അവര്‍ എന്താണ് പറയുന്നതെന്ന് വ്യക്തമല്ല. ഒരു നിശ്ശബ്ദ സിനിമയിലെന്നപോലെ അഹമ്മദും കൂട്ടുകാരനും എന്തോ ഗൗരവമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് അവര്‍ കുശലം പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്. ചിലപ്പോള്‍ സന്ദേഹികളെപ്പോലെ പരസ്പരം നോക്കിനില്‍ക്കുന്നു. അവരുടെ സംസാരത്തിന്റെ തീക്ഷ്ണത കണ്ടപ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം അവരുടെ വര്‍ത്തമാനത്തെ തടസ്സപ്പെടുത്താതിരിക്കുകയാണെന്നു തോന്നി. 

അങ്ങനെ ആ നദിക്കരയില്‍ കുറേനേരം കൂടി ചെലവഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വെറുതെ നോക്കിയിരുന്നാല്‍ തന്നെ സന്തോഷം തോന്നുന്ന പ്രകൃതി. ഞങ്ങള്‍ നദിയുടെ തീരത്തുകൂടെ നടന്നു. ഒരുവേള നദിയില്‍ മുഖം മുക്കി തീരത്തു പാറയുടെമേല്‍ കമിഴ്ന്നുകിടന്നു. അപ്പോള്‍ നദി തന്റെ തണുത്ത കൈവിരലുകള്‍കൊണ്ട് ഞങ്ങളെ സ്‌നേഹപൂര്‍വ്വം തഴുകി. നദിയോരങ്ങളില്‍ സംസ്‌കാരങ്ങള്‍ തഴച്ചുവളര്‍ന്നത് എന്തുകൊണ്ടാണെന്ന് അന്നേരം എനിക്ക് ബോധ്യമായി. മനുഷ്യനെ മനുഷ്യനാക്കുന്നത് ജലമാണ്. പ്രാണന്റെ കുളിര്‍ എന്നത് ജലത്തിന്റെ കുളിരാണ്.  ഞങ്ങള്‍ ആവോളം വെള്ളം മൊത്തിക്കുടിച്ചു. ഉരുളന്‍കല്ലുകള്‍ പെറുക്കിയെടുത്ത് അവയില്‍ ഞാന്‍ വിരലുകൊണ്ട് പേരെഴുതി നദിയില്‍ തന്നെ തിരിച്ചിട്ടു. 

എന്നെങ്കിലും ആരെങ്കിലും ആ കല്ലുകള്‍ എടുത്താലോ? തെളിയാതെ എഴുതിയ എന്റെ പേര് ആരും കാണില്ല, തീര്‍ച്ച. എന്നാലും എന്റെ പേര്‍ ദാ, നദിയിലൂടെ താഴേയ്ക്ക് ഒഴുകുന്നു. അത് നദിയുടെ തിരിവിലൊരിടത്ത് ഓരം ചേര്‍ന്നൊഴുകി ചെടികളുടെ ചില്ലകളില്‍ തട്ടി വട്ടം കറങ്ങുന്നു. പിന്നെ മണ്ണിലുറഞ്ഞു വേരുകളിലൂടെ മുകളിലേക്ക് കയറി അതാ പൂക്കളാകുന്നു. താഴ്‌വാരമാകെ എന്റെ പേര് പൂക്കുന്നു! പ്രണയം എന്റെ പിന്‍കഴുത്തില്‍ തൊടുന്നത് ഞാന്‍ അറിഞ്ഞു. സഞ്ചാരി കാഴ്ചക്കാരന്‍ മാത്രമല്ല. ചെല്ലുന്നയിടങ്ങളില്‍ അയാള്‍ പൂക്കുന്നുണ്ട്. 

അഹമ്മദും കൂട്ടുകാരനും സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ ചില 'വഴിതെറ്റലുകള്‍' കൂടി സംഭവിക്കുമ്പോഴേ യാത്ര പൂര്‍ണ്ണമാവൂ. മുന്‍കൂട്ടി തീരുമാനിക്കാത്ത ഇടങ്ങളിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ തീര്‍ത്തും അപരിചിതരായ മനുഷ്യരോടൊപ്പം യാത്ര പോകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. ആകാംക്ഷയുടെ തൊങ്ങല്‍ തുന്നിയ ഒരു സുഖം. 'തെളിച്ചിട്ട പാതകള്‍ പിന്തുടരാതിരിക്കുക. വഴികളൊന്നുമില്ലാത്ത ഇടങ്ങളിലേക്ക് പോയി അവിടെ നിങ്ങളുടെ അടയാളം അവശേഷിപ്പിച്ചു മടങ്ങുക' ഞാന്‍ റാല്‍ഫ് വാള്‍ഡോ എമേഴ്‌സന്റെ വാക്കുകള്‍ ഓര്‍ത്തു. 'തീരം ഉപേക്ഷിച്ചു പോകാതെ മനുഷ്യന് പുതിയ സാഗരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല' എന്ന് ആന്ദ്രേ ഴീദ് എഴുതിയിട്ടുണ്ട്. തീരുമാനിച്ചുറപ്പിച്ച വഴികളും പാര്‍പ്പിടങ്ങളും ഉള്ളപ്പോള്‍ നമ്മള്‍ വെറും കാഴ്ചക്കാരായി ചുരുങ്ങുന്നു.

ദാൽ തടാകത്തിലെ മോസ്ക്
ദാൽ തടാകത്തിലെ മോസ്ക്

വിളക്കുകള്‍ പൂത്ത തടാകം

ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും ദാല്‍ തടാകത്തിനു മുകളില്‍ സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു. റംസാന്‍ മാസമാണ്. ഞങ്ങള്‍ ഒരു ഷിക്കാര വാടകയ്‌ക്കെടുത്തു. റയീസിനും ജിഷാദിനും നോമ്പ് തുറക്കണം. കാര്യം പറഞ്ഞപ്പോള്‍ ഷിക്കാരക്കാരന്‍ തടാകത്തിനു നടുവിലുള്ള ഒരു പള്ളിയിലേക്ക് തുഴഞ്ഞു. ഷിക്കാര അടുക്കുംതോറും പോപ്ലാര്‍ മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ പള്ളി പതിയെ തെളിഞ്ഞുവരികയാണ്. വെള്ളത്തില്‍ വലിയ തൂണുകള്‍ കുത്തി നാട്ടി അതില്‍ പലകകള്‍ നിരത്തി തട്ട് അടിച്ചതിനു ശേഷം ആ തട്ടിന്റെ മേലെയാണെന്നു തോന്നുന്നു പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. മരപ്പലകകള്‍കൊണ്ട് തന്നെ ഭിത്തികളും നിര്‍മ്മിച്ചിരിക്കുന്നു. പച്ചനിറമാണ് ഭിത്തികള്‍ക്ക്. മിനാരത്തിനു മുകളില്‍ ഒരു കോളാമ്പി. അതിലൂടെ ഖസാക്കിലെ അള്ളാപ്പിച്ച മൊല്ലാക്കയെപ്പോലെ പരുക്കന്‍ ഒച്ചയില്‍ ഒരാള്‍ മഗ്രിബ് വിളിക്കുന്നുണ്ട്. അസ്തമയ സൂര്യന്‍ അവിടമാകെ തൂവിവീണിരിക്കുന്നു. സമയം പോയ പലരും അതിവേഗം തോണി തുഴഞ്ഞു വരുന്നുണ്ട്. 

ഞങ്ങള്‍ പള്ളിയുടെ പലകത്തട്ടിനോട് ചേര്‍ത്ത് തോണി നിര്‍ത്തി. ജിഷാദും റയീസും ഇറങ്ങി. അവര്‍ നിസ്‌കരിക്കാന്‍ പോയപ്പോള്‍ ഞാനും സോജനും വള്ളത്തില്‍ തന്നെ ഇരുന്നു. സ്വര്‍ണ്ണം ഉരുക്കിയൊഴിച്ചതുപോലെ ദാല്‍ തിളങ്ങുകയാണ്. പോപ്ലാര്‍ മരച്ചില്ലകള്‍ക്കിടയില്‍ പുല്ലുകളോട് ചേര്‍ന്ന് ഒരു വെള്ളക്കൊക്കന്‍ കുളക്കോഴിയും അതിന്റെ കുഞ്ഞുങ്ങളും നീന്തുന്നു. പതിയെപ്പതിയെ സന്ധ്യ രാത്രിയിലേക്ക് ചേക്കേറുന്നു. ഞാനോര്‍ത്തു, വാഴ്‌വിന്റെ ഏതു തിരിവില്‍ വെച്ചാണ് മനുഷ്യര്‍ വിശ്വാസികള്‍ ആകുന്നത്? അല്ലെങ്കില്‍ അവിശ്വാസി? കടലെടുത്ത കരയിലെ അവശേഷിക്കുന്ന മണല്‍ത്തരികള്‍പോലെ ഒറ്റയാകുമ്പോള്‍ ഏതോ നഷ്ടബോധത്തിന്റെ കലക്കങ്ങളില്‍ അവര്‍ വിശ്വാസത്തിലേക്കോ അവിശ്വാസത്തിലേക്കോ സ്വയം മുങ്ങിപ്പോകുന്നതാവാം. യാത്രയും അതുപോലെ തന്നെ. സ്ഥലങ്ങള്‍ കാണാന്‍ പോകുന്നതല്ല, സ്വയം അന്വേഷിച്ചുള്ള യാത്രകള്‍. 

ദാലിന്റെ ഓളങ്ങള്‍ക്കുമേല്‍ ഞങ്ങളുടെ തോണി ചെറുതായി ഉലഞ്ഞു. ദൂരെ പര്‍വ്വതങ്ങളുടെ മുകളില്‍ രാത്രി ചിക്കുപായ കുടഞ്ഞു വിരിച്ചു. ഇരുട്ട് ചുരുള്‍ നിവരും പോലെ താഴേയ്ക്കുരുണ്ട് തടാകത്തില്‍ പടര്‍ന്നു. കുളക്കോഴിയും കുഞ്ഞുങ്ങളും പുല്ലുകള്‍ക്കിടയിലെ അവരുടെ താവളത്തില്‍ ചേക്കേറിക്കഴിഞ്ഞു. ചുറ്റിനും പടരും നിശ്ശബ്ദതയില്‍ കാറ്റ് ജലോപരിതലത്തില്‍ തീര്‍ക്കും ചിറ്റോളങ്ങളുടെ നേരിയ കിലുക്കം മാത്രം. ഇടയ്ക്ക് ദൂരെയാരോ തോണിതുഴഞ്ഞു പോകുന്നതിന്റെ തിരമാലകള്‍ വന്നിടിച്ചു ഷിക്കാര നന്നായി ഉലയുന്നു. ഇരുട്ടിലേക്കങ്ങനെ നോക്കിയിരിക്കെ ആത്മാവില്‍ പനിവീണതുപോലെ. പിന്നെയും കുറേനേരംകൂടി കഴിഞ്ഞാണ് ജിഷാദും റയീസും തിരികെ വന്നത്.

അവര്‍ വന്നുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തടാകത്തിലൂടെ വെറുതെ തുഴയാമെന്നു തീരുമാനിച്ചു. തീരത്തോടു ചേര്‍ന്ന് കെട്ടിയിട്ടിരിക്കുന്ന ഷിക്കാരകളില്‍ പലതിലും വെളിച്ചമുണ്ട്. ചിലതിലൊക്കെ ആളുകളും ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടേയിരുന്നു. കരയോടടുപ്പിച്ചിരിക്കുന്ന ഹൗസ് ബോട്ടുകളില്‍ താമസസൗകര്യം ഉണ്ടെന്നതൊഴിച്ചാല്‍ രാത്രിയില്‍ ഈ തടാകത്തിലൂടെ യാത്ര അനുവദനീയമല്ലെന്നു പറയപ്പെടുന്നു. പക്ഷേ, നേരം ഒരുപാട് വൈകാത്തതുകൊണ്ടാവാം ഞങ്ങളേയും കൊണ്ട് തോണിക്കാരന്‍ മുന്നോട്ടു തുഴയുന്നത്. തടാകത്തില്‍ ഒരിടത്ത് കശ്മീരി കമ്പളവും മറ്റ് കൈത്തറി വസ്ത്രങ്ങളും ലഭിക്കുന്ന ഒരു കടയിലേക്കാണ് അയാള്‍ ഞങ്ങളെ കൊണ്ടുപോയത്. 

ഇരുപുറങ്ങളിലും വിളക്കുകള്‍ ഓളംവെട്ടുന്നു. അതിനു നടുവിലൂടെ ജലത്തിന്റെ പോളീസ്റ്റര്‍ പകുത്തുപോകുന്ന ഷിക്കാരയുടെ അണിയത്തിനെ തൊട്ട് പോപ്ലാര്‍ മരങ്ങളുടെ വിളറിയ നിഴലുകള്‍. ഒഴുകിനടക്കുന്ന പച്ചക്കറിത്തോട്ടങ്ങളും വയലുകളും ഇടയ്ക്കിടയ്ക്കു ഞങ്ങളെ കടന്നു പോകുന്നു. തടാകത്തിന്റെ മുടിപോലെ പച്ചയാം പുല്ലുകള്‍ ഓളത്തില്‍ പുളയുന്നു. പതിയെപ്പതിയെ ഇരുട്ട് ഉറകൂടി ഉറകൂടി എല്ലാത്തിനെയും പുതച്ചു. കുറേനേരമായി തുഴയുന്ന ഞങ്ങള്‍ വിശാലമായ ജലപ്പരപ്പില്‍ അപ്പോള്‍ ഒറ്റയ്ക്കായി. ആകാശത്തുനിന്നും പതിയെ പൊഴിയുന്ന ചന്ദ്രികയുടെ നേര്‍ത്ത പട്ടുതൂവാലയ്ക്കു കീഴെ നേരിയ കാറ്റില്‍ തണുപ്പിന്റെ ഉടയാട ഉലയുന്നു.

കുറേ നേരം അങ്ങനെ കടന്നുപോയി. ഇപ്പോള്‍ തടാകത്തിന്റെ വീതികുറഞ്ഞ ഏതോ സ്ഥലത്താണ് ഞങ്ങള്‍ ഉള്ളത്. തീരത്തെ മരച്ചില്ലകള്‍ ഞങ്ങളുടെ മേലില്‍ തഴുകുന്നുണ്ട്. പതിയെ മുന്നോട്ടു പോകവേ പെട്ടെന്ന് ഇരുട്ടില്‍നിന്നും ഒരു ചോദ്യം. 

'മലയാളികള്‍ ആണല്ലേ? എവിടുന്നാ?' 

ആരാണ് ഈ രാത്രിയില്‍ ദാല്‍ തടാകത്തിനു നടുവില്‍വെച്ചു ഞങ്ങളെ തിരിച്ചറിഞ്ഞത്? എവിടെനിന്നാണ് ആ ചോദ്യങ്ങള്‍ വന്നത്? ആരാണത്? ഞങ്ങള്‍ ചുറ്റിലും നോക്കി.

'ദാ ഇവിടെ, നേരെ മോളിലോട്ടു നോക്കൂ.' 

അപ്പോഴാണ് ഞങ്ങളതു കണ്ടത്. ഞങ്ങളുടെ ശിക്കാരയോട് ചേര്‍ന്ന് ഒരു ഷെഡ്ഡ് വെള്ളത്തില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്നു. തൂണുകളിലാണത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനു മുകളിലെ കിളിവാതിലില്‍ എ.കെ. 47 തോക്കിന്റെ ഒരു കുഴല്‍. അതിനു പിന്നില്‍നിന്നും ഒരു തല വെളിയിലേക്കു വന്നു. 

'ഞാനും മലയാളി ആണ്!'

ആലപ്പുഴക്കാരന്‍ സിജു എന്ന പട്ടാളക്കാരനായിരുന്നു അത്. സിജു കശ്മീരില്‍ ജോലി നോക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായി. നാട്ടില്‍ പോകാന്‍ ഇനിയും കുറെ മാസങ്ങള്‍കൂടി കഴിയണം.
'നാട്ടില്‍ എവിടുന്നാ?'

'പലയിടങ്ങളില്‍ നിന്നാണ്. എന്തായാലും ആലപ്പുഴക്കാര്‍ ആരുമില്ല. തൊട്ടടുത്ത എറണാകുളത്താണ് ഞങ്ങള്‍ രണ്ടുപേര്‍ ഇപ്പോള്‍ താമസിക്കുന്നത് എന്നുമാത്രം. രണ്ടുപേര്‍ കോഴിക്കോടുനിന്നു വരുന്നു.'

'എന്താ ജോലിയൊക്കെ?'

'മൂന്നുപേര്‍ പഠിപ്പിക്കുന്നു. ഒരാള്‍ ഗ്രാഫിക് ഡിസൈനര്‍.'

'ഓ അദ്ധ്യാപകരാണല്ലേ?'

'എന്താ സിജു ഒരു പുച്ഛം?'

'ഏയ് അങ്ങനെയൊന്നുമില്ല സാര്‍. പഴയ കുറെ സാറന്മാരെ ഓര്‍ത്തുപോയി അതാ!'

ഞങ്ങള്‍ ചിരിച്ചു. 'ഞങ്ങള്‍ അങ്ങനെയുള്ള അദ്ധ്യാപകരല്ലെടോ.'

'എല്ലാവരും അങ്ങനെയൊക്കെത്തന്നെയാ പറയുന്നത്!'

ശെടാ ഇവന്‍ ആള് കൊള്ളാമല്ലോ! ഞങ്ങള്‍ക്ക് അയാളുടെ നര്‍മ്മബോധം ഇഷ്ടമായി. 

'നിങ്ങള്‍ എന്നാണ് വന്നത്?'

'ഞങ്ങള്‍ വന്നിട്ട് രണ്ടു ദിവസം ആയതേയുള്ളൂ.'

'ഇവിടെ എത്രനാള്‍ കാണും?'

'ഒന്ന് രണ്ടു ദിവസം കൂടി.'

'വേറെ എവിടെയെങ്കിലും പോകുന്നുണ്ടോ? അതോ ശ്രീനഗര്‍ മാത്രമേ കറങ്ങുന്നുള്ളോ?'

'അല്ല, ലഡാക്കിലേക്ക് പോകാനും പ്ലാനുണ്ട്.'

'അത് കൊള്ളാം. സൂപ്പര്‍ സ്ഥലമാണ്.'

'സിജു അവിടെ പോയിട്ടുണ്ടോ?'

'ഞാന്‍ അവിടെയും കുറേനാള്‍ ജോലി നോക്കിയിരുന്നു. മഞ്ഞുകാലത്ത് അങ്ങോട്ടേക്കുള്ള വഴികളെല്ലാം അടയ്ക്കും. അന്നേരമുണ്ടല്ലോ നീറുന്ന തണുപ്പാണവിടെ.'

'കേട്ടിട്ടുണ്ട്. ഒരിക്കല്‍ പോകണമെന്നുണ്ട്.'

'ഓ നിങ്ങള്‍ക്കത് താങ്ങാനാവുമെന്നു തോന്നുന്നില്ല. വെറുതെ ആവേശം കാണിക്കേണ്ട.'

'അതെന്താ സിജു ഞങ്ങളെ കണ്ടിട്ട് അങ്ങനെയാണോ തോന്നുന്നേ?'

'ഏയ് അതല്ല സാര്‍, ഞാന്‍ തണുപ്പ് ഓര്‍ത്തിട്ടു പറഞ്ഞതാ. പിന്നെ നിങ്ങള്‍ക്കെല്ലാം അത്യാവശ്യം പ്രായവുമായല്ലോ!'

'താന്‍ കൊള്ളാമല്ലോടോ!'

ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ഷിക്കാരക്കാരന് ഞങ്ങള്‍ പറയുന്നതൊന്നും മനസ്സിലാവുന്നില്ലെങ്കിലും അയാളും ചിരിയില്‍ പങ്കുചേര്‍ന്നു. ഓളങ്ങള്‍ക്കുമേല്‍ ഇളകിയാടി ഷിക്കാരയും ഞങ്ങളുടെ ചിരി ഏറ്റുപിടിച്ചതുപോലെ.

സിജു വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. കിലോമീറ്ററുകള്‍ക്കകലെ അന്യദേശത്തുവെച്ച് സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ കിട്ടിയ അവസരം അയാള്‍ പാഴാക്കാന്‍ തയ്യാറായിരുന്നില്ല. രസികനായ ഒരു ചെറുപ്പക്കാരനാണ് അയാള്‍. വീട്ടുകാര്യവും നാട്ടുകാര്യവും കശ്മീരിലെ കാര്യവും ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുടെ കാര്യങ്ങളും എന്നുവേണ്ട അയാള്‍ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല. ഞങ്ങളും കുറെ നേരം അയാളോട് സംസാരിച്ചിരുന്നു. 

ഝലം ന​ദി
ഝലം ന​ദി

വര്‍ഷങ്ങള്‍ക്കു മുന്നേ ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്‌ലവേഴ്‌സിലേക്കുള്ള യാത്രയില്‍ ഗോവിന്ദ്ഘട്ടില്‍വെച്ച് തമിഴനായ ഒരു പട്ടാളക്കാരനെ കണ്ടത് ഞാനോര്‍ത്തു. അയാളും ഇതുപോലെ തന്നെയായിരുന്നു. മഴപെയ്യും പോലെ തമിഴില്‍ സംസാരിച്ചുകൊണ്ട് അയാള്‍ മണിക്കൂറുകളോളം ഞങ്ങളോടൊപ്പം യാത്ര ചെയ്തു. മനുഷ്യന് അവന്റെ സ്വന്തം ഭാഷ നല്‍കുന്ന സുരക്ഷിതത്വം ആണത്. വേണ്ടപ്പെട്ടവരുടെ അടുത്തെത്തി എന്ന തോന്നല്‍. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് നമ്മളെ മനസ്സിലാവുക അവരെ നമ്മള്‍ മനസ്സിലാക്കുക എന്നതിനോളം വലുതല്ല മറ്റൊന്നും. എല്ലാ യുദ്ധങ്ങളും പരസ്പരം മനസ്സിലാകാത്തവര്‍ തമ്മിലാണ് ഉണ്ടാകുന്നത്. നമ്മള്‍ നമ്മോടു തന്നെ പടവെട്ടുന്നതും സ്വന്തം ഭാഷയുടെ തീരങ്ങളില്‍ അപരിചിതരായി പോകുമ്പോഴാണല്ലോ. ഞങ്ങള്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ സിജുവിന് അയാളുടെ ഭാഷയുടെ ഊഞ്ഞാലാണ് നഷ്ടമായത്.

ചരിത്രത്തിലൂടെ ഒരു നദി

കുറച്ചു ദിവസങ്ങള്‍ ശ്രീനഗറില്‍ തങ്ങി സോനാമാര്‍ഗും കൂടി കണ്ടിട്ടാണ് ഞങ്ങള്‍ ലേയിലേക്കുള്ള യാത്ര ആരംഭിച്ചത്. ശ്രീനഗറില്‍നിന്നും കാര്‍ഗിലിലേക്കു ഞങ്ങളെ കൊണ്ടുപോയത് ബഷീര്‍ അഹമ്മദ് എന്ന ചെറുപ്പക്കാരനാണ്. ചിലപ്പോള്‍ അങ്ങനെയാണ്. നമ്മുടെ അതേ 'തിര ദൂരം' ഉള്ളവര്‍ നമ്മുടെ സാരഥികളായി വരും. ആ സമയം നാം സഞ്ചരിക്കുന്നത് സ്വപ്നങ്ങളുടെ അലുക്ക് പിടിപ്പിച്ച ഇടങ്ങളിലൂടെയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ബഷീര്‍ അഹമ്മദ് പഴയ ഹിന്ദി പാട്ടുകള്‍ വല്ലാതെ ഇഷ്ടപ്പെടുന്ന, നന്നായി പാടുന്ന ഒരാളായിരുന്നു. അന്ന് ഞങ്ങളോടൊപ്പം റാഫിയും കിഷോറും ലതാ മങ്കേഷ്‌കറും മന്നാഡേയുമൊക്കെ മല കയറി. അവന് ഏകദേശം ഒരു 21 വയസ്സ് പ്രായം കാണും.

പോകുന്ന വഴിക്ക് ഞങ്ങള്‍ ഝലം നദിയുടെ കരയില്‍ അല്പനേരം ചെലവഴിച്ചു. ഇന്ത്യയിലെ ശ്രീനഗറില്‍ ഉത്ഭവിച്ച് പാകിസ്താനിലെ പഞ്ചാബിലൂടെ ഒഴുകി ചെനാബ് നദിയില്‍ ചേരുകയാണ് ഝലം ചെയ്യുന്നത്. അതിനുമുന്നെ 700ല്‍പ്പരം കിലോമീറ്ററുകള്‍ ഈ നദി സഞ്ചരിക്കുന്നുണ്ട്. പ്രഭാതം പൂര്‍ണ്ണമായി വിടര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്നാലും വെളിച്ചമുണ്ട്. ഞങ്ങള്‍ ഝലം മുറിച്ചു കടന്നുപോകുന്ന ഒരു പാലത്തിനു മുകളിലാണ് നില്‍ക്കുന്നത്. താഴെ നദി ശാന്തമായി ഒഴുകുന്നു. പക്ഷേ, വെള്ളം കലങ്ങിയിട്ടാണ്. ദൂരെ മലനിരകളില്‍ മഞ്ഞുപെയ്തിട്ടുണ്ട്. ചുഴലികളില്‍ കറങ്ങി നദി പതഞ്ഞൊഴുകുകയാണ്. അങ്ങനെ നില്‍ക്കെ ചരിത്രം ഒരു കുമിളപോലെ ജലോപരിതലത്തില്‍ വന്നു പൊട്ടി. 

ഞങ്ങള്‍ നില്‍ക്കുന്നത് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ കുഴപ്പിച്ച നദിയുടെ മുന്നിലാണ്. ബി.സി. 326ലെ ഒരു മഴക്കാലം. ഝലം കുലംകുത്തിയൊഴുകുകയാണ്. തന്റെ പടയോട്ട ചരിത്രത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ച യുദ്ധത്തിന് അലക്‌സാണ്ടര്‍ തയ്യാറെടുക്കുന്നു. മറുകരയില്‍ താന്‍ ഇതുവരെയും നേരിട്ടതില്‍ വെച്ചേറ്റവും ശക്തനായ എതിരാളി. പോറസ് മഹാരാജാവ്. പക്ഷേ, പോറസിനെ നേരിടുന്നതില്‍നിന്നും അദ്ദേഹത്തെ തടയുന്നത് ഒരു നദിയാണ്. ഹൈഡാസ്പസ് അഥവാ ഝലം. ഒരുതരത്തിലും ഝലം മുറിച്ചു കടക്കാന്‍ അലക്‌സാണ്ടറുടെ പടയ്ക്ക് കഴിയുന്നില്ല. അവര്‍ എല്ലാ രാത്രിയിലും നദീതീരത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എവിടെയെങ്കിലും ആഴം കുറഞ്ഞ ഒരു കടവ് കണ്ടെത്തിയാല്‍ മാത്രമേ രക്ഷയുള്ളൂ. 

പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കടവും കണ്ടെത്താന്‍ യവനര്‍ക്ക് കഴിഞ്ഞില്ല. പോറസിന്റെ പടയാളികള്‍ ഇതു കണ്ടു ചിരിച്ചു. മഴക്കാലം കഴിയും വരെ എന്തായാലും ഇവരുടെ കവാത്ത് ഇങ്ങനെ തന്നെ തുടരുകയേയുള്ളൂ എന്ന് അവര്‍ കരുതി. പക്ഷേ, തന്റെ രാജ്യം സ്വന്തം കൈവെള്ളപോലെ അറിയാവുന്ന പോറസിന് ലോകം കീഴടക്കാനിറങ്ങിയ അലക്‌സാണ്ടറുടെ ഈ നാട്ടിലെ അപരിചിതത്വം അത്ര തമാശയായി തോന്നിയില്ല. അയാള്‍ അത്ര പെട്ടെന്ന് പരാജയം സമ്മതിക്കുന്നവനല്ലെന്നു പോറസ്സിനറിയാം. അങ്ങനെയെങ്കില്‍ മാസിഡോണിയ മുതല്‍ പേര്‍ഷ്യ വരെ നീണ്ടുപരന്നു കിടക്കുന്ന ഒരു സാമ്രാജ്യം അയാള്‍ക്ക് സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല. ദാരിയൂസിനെ വരെ പരാജയപ്പെടുത്തിയ പോരാളിയാണ് അരിസ്റ്റോട്ടിലിന്റെ ഈ പഴയ ശിഷ്യന്‍. 

കാവലില്‍ ഒരു അണുവിട ഇളവ് വന്നാല്‍, പ്രതിരോധത്തില്‍ ഒന്ന് പിഴച്ചാല്‍ യവനസൈന്യം അണപൊട്ടിയപോലെ കുതിച്ചെത്തും. അലക്‌സാണ്ടറുടെ, പുരികത്തിനു മുകളില്‍ നക്ഷത്രം പോലെ വെളുത്ത പുള്ളിയുള്ള പ്രിയപ്പെട്ട കുതിര ബ്യുസിഫാലസിന്റെ കറുത്ത തല യവനരുടെ അശ്വസൈന്യത്തിനിടയില്‍ എവിടെയെങ്കിലും കാണുന്നുണ്ടോ? പോറസ് തിരക്കി. ബ്യുസിഫാലസിനെ അലക്‌സാണ്ടര്‍ മെരുക്കിയ കഥ നാടെങ്ങും പ്രശസ്തമാണ്. കാളയുടേത് പോലെയുള്ള തലയാണ് ബ്യുസിഫാലസിന്റേത്. തന്റെ തന്നെ നിഴല്‍ കണ്ടു വിറളിപിടിച്ചിരുന്ന ബ്യുസിഫാലസിനെ നിമിഷനേരംകൊണ്ട് മെരുക്കിയ അയാളുടെ വിരുതിനെ വിലകുറച്ചു കാണാന്‍ പാടില്ല. അയാള്‍ ബുദ്ധിമാനാണ്. പക്ഷേ, സ്വന്തം പിഴവുകൊണ്ടു സംഭവിക്കുന്നത് മാത്രമേ പോറസ് പരാജയമായി കണ്ടിരുന്നുള്ളൂ. അവസാനം വരെ പോരാടുന്നതാണ് പോറസിനു പഥ്യം. അതു മാത്രമേ അയാളുടെ ചിന്തയിലുമുള്ളൂ. 

ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഇതിനിടയില്‍ പല പ്രാവശ്യം നദി മുറിച്ചുകടക്കാന്‍ അലക്‌സാണ്ടര്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മിക്കയിടത്തും നദി തന്നെ അയാളെ തോല്‍പ്പിച്ചു. മറ്റിടങ്ങളില്‍ പോറസിന്റെ ധീരമായ ചെറുത്തുനില്‍പ്പിനു മുന്നില്‍ അലക്‌സാണ്ടറിന് അടി തെറ്റി. പക്ഷേ, ആ ദിവസം ഒടുവില്‍ വരുക തന്നെ ചെയ്തു. ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തുവെച്ച് അലക്‌സാണ്ടര്‍ ഝലം മുറിച്ചു കടന്നു. പിന്നീട് സംഭവിച്ചത് അലക്‌സാണ്ടറുടെ പടയോട്ടചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ്. ചരിത്രത്തില്‍ ഇത് ഹൈഡാ സ്പസ് യുദ്ധം എന്നറിയപ്പെടുന്നു.  പോറസും സൈന്യവും യവനര്‍ക്ക് കനത്ത നാശം വരുത്തിവെച്ചു. അവര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി ചക്രവര്‍ത്തിയുടെ സ്വന്തം കുതിര ബ്യുസിഫാലസിന് പോറസിന്റെ സൈന്യം ഏല്പിച്ച മുറിവാണ്. ആ പരുക്കില്‍നിന്നും ബ്യുസിഫാലസ് പിന്നീട് ഒരിക്കലും മോചിതനായില്ലെന്നു മാത്രമല്ല, യുദ്ധത്തിനുശേഷം മരണപ്പെടുകയും ചെയ്തു. 

അലക്‌സാണ്ടറും പോറസും തമ്മില്‍ ദ്വന്ദയുദ്ധം വരെ നടന്നു. ഇതില്‍ പോറസിനായിരുന്നു വിജയം. അലക്‌സാണ്ടര്‍ കുതിരപ്പുറത്തുനിന്നും താഴെ വീണു. പക്ഷേ, പോറസ് സൈന്യത്തിന്റെ ശക്തിയായിരുന്ന ആനപ്പട തന്നെയാണ് അവരുടെ പരാജയത്തിനും വഴിവെച്ചത്. യവനരുടെ കുന്തമുനകള്‍കൊണ്ട് മുറിവുപറ്റിയ ആനകള്‍ പിന്തിരിഞ്ഞോടുകയും സ്വന്തം സൈന്യത്തിനു തന്നെ നാശം വരുത്തിവെക്കുകയും ചെയ്തു. ഈ തക്കം നോക്കി വശങ്ങളിലൂടെയും പിന്നില്‍ നിന്നും അലക്‌സാണ്ടറുടെ സൈന്യം ഇരച്ചുകയറി. അന്തിമ വിജയം എന്നത്തേയും പോലെ അലക്‌സാണ്ടറുടെ ഒപ്പമായിരുന്നു. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ പോറസ് പരാജയം സമ്മതിച്ചു. മുറിവേറ്റ് തന്റെ മുന്നില്‍ നില്‍ക്കുന്ന പോറസിനോട് അലക്‌സാണ്ടര്‍ ചോദിച്ചു:

'പോറസ്, താങ്കളോട് ഞാന്‍ എങ്ങനെ പെരുമാറണം?'

'ഒരു രാജാവിനോട് മറ്റൊരു രാജാവ് എങ്ങനെ പെരുമാറുമോ അങ്ങനെ പെരുമാറൂ അലക്‌സാണ്ടര്‍' പോറസ് മറുപടി പറഞ്ഞു. 

പോറസിന്റെ ധീരതയിലും പോരാട്ടവീര്യത്തിലും മതിപ്പുതോന്നിയ അലക്‌സാണ്ടര്‍ അദ്ദേഹത്തെ തന്റെ സാമന്തനായി വാഴിച്ചു എന്ന് ചരിത്രം. 

നദിക്കരയില്‍ രണ്ടു നഗരങ്ങള്‍ സ്ഥാപിച്ചിട്ടാണ് അലക്‌സാണ്ടര്‍ പടയോട്ടം തുടര്‍ന്നത്. യുദ്ധത്തില്‍ മരണപ്പെട്ട ബ്യുസിഫാലസിന്റെ ഓര്‍മ്മയ്ക്കായി 'അലക്‌സാന്‍ഡ്രിയ ബ്യുസിഫാലസ്' എന്ന നഗരവും മഹത്തായ വിജയം എന്നര്‍ത്ഥം വരുന്ന 'നികേ' എന്ന നഗരവും. ഹൈഡാസ്പസ് യുദ്ധത്തിനു ശേഷം പിന്നീട് അത്രയും വലിയ ഒരു യുദ്ധം അലക്‌സാണ്ടര്‍ നടത്തിയിട്ടില്ല. സിന്ധു നദീതീരത്തു അധിവസിച്ചിരുന്ന ചില ഗോത്രങ്ങള്‍ക്കെതിരെ ചെറുതും വലുതുമായ കുറച്ചു യുദ്ധങ്ങള്‍ നടത്തി ബീസ് നദിയുടെ കരയില്‍ വരെ എത്തിയെങ്കിലും സൈന്യത്തിനുള്ളില്‍ ഉടലെടുത്ത കലാപംമൂലം അലക്‌സാണ്ടര്‍ മാസിഡോണിയയിലേക്കു തന്നെ മടങ്ങി. നദിക്കപ്പുറം വീരന്മാരായ നന്ദന്മാരുടെ മഗധ സാമ്രാജ്യമാണ്. പോറസിന്റേതുപോലുള്ള മറ്റൊരു സൈന്യത്തെ മഗധയിലും നേരിടുന്നതില്‍ യവനര്‍ക്ക് പേടിയുണ്ടായിരുന്നു. അതോടൊപ്പം വര്‍ഷങ്ങളായി നാട്ടില്‍നിന്നും മാറിനിന്ന പട്ടാളക്കാര്‍ക്ക് തിരിച്ചുപോകാനുള്ള ആഗ്രഹവും കൂടി ചേര്‍ന്നപ്പോള്‍ പിന്തിരിയുകയല്ലാതെ അലക്‌സാണ്ടര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. 

കാർ​ഗിൽ പാത
കാർ​ഗിൽ പാത

ഗ്രീസും ഇന്ത്യയും തമ്മിലുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടത് ഹൈഡാസ്പസ് യുദ്ധത്തോടെയാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഇന്ത്യന്‍ കലയുടേയും ഗ്രീക്ക് കലയുടേയും സമ്മിശ്രരൂപമായ ഗാന്ധാര കലാശൈലി ഉടലെടുക്കുന്നതും ഇതിനുശേഷമാണ്. ബുദ്ധനെ ആദ്യമായി മനുഷ്യരൂപത്തില്‍ ചിത്രീകരിച്ചത് ഗാന്ധാരകലയാണ്. അതിനു മുന്‍പ് ബുദ്ധനെ അടയാളപ്പെടുത്തിയിരുന്നത് കാല്‍പ്പാദം പോലെയുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ്. മുന്തിരിവള്ളികള്‍പോലെ ചുരുണ്ട മുടിയുള്ള ഒരു മനുഷ്യനായി ബുദ്ധന്‍ പുന:സൃഷ്ടിക്കപ്പെട്ടത് ഗ്രീക്ക് ദേവന്മാരുടെ ഛായയിലാണ്. പലപ്പോഴും അപ്പോളോ ദേവന്റേതുപോലെയുള്ള വസ്ത്രങ്ങളൊക്കെ അണിഞ്ഞ രീതിയിലാണ് ഗാന്ധാര കലാകാരന്മാര്‍ ഗൗതമനെ വരഞ്ഞത്.

സങ്കടങ്ങളുടെ മറുകര തേടിയലഞ്ഞ സിദ്ധാര്‍ത്ഥന്റെ പിന്മുറക്കാര്‍ ചിലയിടങ്ങളിലെങ്കിലും ആയുധമെടുത്തു സഹജീവികളോടെതിരിടുന്നത് എന്തുകൊണ്ടാവും? ഓരോ നദിയും ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കാനുള്ള അവസരങ്ങളാണ് യാത്രികനു നല്‍കുന്നത്. യാത്രകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, നിരവധി ചോദ്യങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാണ്. വാഴ്‌വിന്റെ അതിരുകളോളം ചെന്ന് അത് നമ്മെ സന്ദേഹികള്‍ കൂടിയാക്കും. നേരം പുലര്‍ന്നിരുന്നതിനാല്‍ ആളുകള്‍ നദീതീരത്തേക്ക് വന്നുതുടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഖാങ്കിടി പകരുന്നവര്‍

ശ്രീനഗറില്‍നിന്നും സോജി ലാ വഴി കാര്‍ഗിലില്‍ എത്തിയിട്ടു വേണം ഞങ്ങള്‍ക്ക് ലേയിലേക്കു പോകാന്‍. ഈ റോഡ് പണ്ട് 'ഉടമ്പടി റോഡ്' (Tretay Road) എന്നാണ് അറിയപ്പെട്ടിരുന്നത്. 1870ല്‍ ബ്രിട്ടീഷുകാരും ജമ്മു കശ്മീരിലെ മഹാരാജാവായ പ്രതാപ് സിംഗും തമ്മില്‍ ഒപ്പിട്ട കച്ചവട ഉടമ്പടി പ്രകാരം ഈ വഴിയിലൂടെയുള്ള വ്യാപാരത്തില്‍ കരം ഒഴിവാക്കി കൊടുത്തിരുന്നു. അങ്ങനെയാണ് ഈ പേര് വന്നത്. ലാ എന്നാല്‍ ലഡാക്കി ഭാഷയില്‍ 'ചുരം' എന്നാണ് അര്‍ത്ഥം. സോജി ലാ എന്നാല്‍ 'ഹിമക്കാറ്റിന്റെ മലമ്പാത' എന്നും. ഈ പാതയ്ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. കശ്മീര്‍ താഴ്‌വരയെ ഇന്‍ഡസ് താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണിത്. 11575 അടി ഉയരത്തില്‍ സദാസമയവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു വഴി. ഇവിടെ ഓരോ വളവിലും മരണം പതുങ്ങിയിരിക്കുന്നത് നമുക്കു കാണാം.

പാതയെന്നു പറഞ്ഞാല്‍ ടാറിട്ട വഴിയൊന്നുമല്ല. മലയിടിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഏതാണ്ട് മുഴുവനായും പൊട്ടിപ്പൊളിഞ്ഞ ഒരു വഴി. അതാണ് സോജി ലാ. അത് മാനം മുട്ടുന്ന മലനിരകളുടെ വിളുമ്പിലൂടെ വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്നു. തൊട്ടുതൊടീച്ചു വെച്ചിരിക്കുന്നതുപോലെ വലിയ പാറകള്‍, അവയ്ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന ജലധാരകള്‍. വഴിയില്‍ പലയിടത്തും മഞ്ഞുവീണു ചെളിയും കുഴിയുമായി ആകെ താറുമാറായിരിക്കുന്ന അവസ്ഥ. ഒരിടത്തും സംരക്ഷണ ഭിത്തികളോ കൈവരികളോ ഇല്ല. കണ്ണൊന്നു തെറ്റിയാല്‍ നമ്മളും വാഹനവും കാറ്റില്‍ ഇലയെന്നപോല്‍ താഴ്‌വാരത്തിലേക്കു പറന്നിറങ്ങിപ്പോകും. 

1947ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഈ ചുരം പാക് സൈനികര്‍ കൈവശപ്പെടുത്തിയിരുന്നു. അതോടെ ലഡാക് മുഴുവനായി അവരുടെ അധീനതയില്‍ ആവുന്ന സ്ഥിതി വന്നു. അന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ ബൈസണ്‍' അന്നുവരെ ലോകം കണ്ട യുദ്ധങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. പതിനായിരം അടിക്കു മുകളില്‍ പീരങ്കി ഉപയോഗിച്ച് യുദ്ധം നടത്തുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. സോജി ലാ നഷ്ടപ്പെട്ടാല്‍ അതു വലിയ തിരിച്ചടിയാകും എന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ ലെഫ്റ്റനന്റ് ജനറല്‍ കരിയപ്പ എം.5 ടാങ്കുകള്‍ ഉപയോഗിച്ച് പാക് പട്ടാളത്തെ തുരത്താനുള്ള പദ്ധതി തയ്യാറാക്കി. 

ഇത്രയും ഉയരത്തിലേക്ക് ഓടിച്ചുകൊണ്ടു പോകാന്‍ കഴിയാത്തതുകൊണ്ട് ടാങ്കുകള്‍ പല ഭാഗങ്ങളായി അഴിച്ചെടുത്ത് ജീപ്പില്‍ ചുരം കയറ്റിക്കൊണ്ടു പോകാനായിരുന്നു കരിയപ്പ തീരുമാനിച്ചത്. ഇതിനായി 'മദ്രാസ് സാപ്പേഴ്‌സ്' എന്ന ഇന്ത്യന്‍ പട്ടാളത്തിലെ എന്‍ജിനീയറിങ് വിഭാഗം കോവര്‍ക്കഴുതകള്‍ ഉപയോഗിച്ചിരുന്ന ഒരു കാട്ടുപാത തെളിച്ചെടുത്തു. അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ത്ഥാടന പാതയ്ക്കരുകില്‍ ബാല്‍താലില്‍നിന്നും ഗുംരി വരെയുള്ള ഒരു ഇടുങ്ങിയ പാതയായിരുന്നു ഇത്. 

1948 നവംബര്‍ 1നു ഈ ടാങ്കുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കം പാക് സൈന്യം ഒട്ടും പ്രതീക്ഷിച്ചതാ യിരുന്നില്ല. ഇന്ത്യന്‍ പട്ടാളം ടാങ്കുകള്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന വിവരം പാകിസ്താന്‍ സൈനികര്‍ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും അവര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഇത്രയും ഉയരത്തില്‍ ടാങ്കുകള്‍ എത്തിക്കുന്നത് അസംഭവ്യം ആണെന്ന കാര്യത്തില്‍ അവര്‍ക്ക് മറുത്തൊരു അഭിപ്രായം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അത് ടാങ്കുകള്‍ ആവില്ല പകരം ടാങ്കുകള്‍ പോലെ രൂപമാറ്റം വരുത്തിയ ജീപ്പുകള്‍ ആകും എന്നവര്‍ കരുതി. ഇന്ത്യന്‍ പട്ടാളം പീരങ്കികള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തോടൊപ്പം ലേയില്‍നിന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം കൂടി ആയപ്പോള്‍ പാക് പട്ടാളം സ്‌കര്‍ദു എന്ന സ്ഥലത്തേയ്ക്ക് പിന്‍വാങ്ങുകയാണുണ്ടായത്. 

ശ്രീനഗറില്‍നിന്നും നൂറു കിലോമീറ്റര്‍ ദൂരമുണ്ട് സോജി ലായിലേയ്ക്ക്. സോനാമാര്‍ഗ്ഗില്‍നിന്നും പതിനഞ്ച് കിലോമീറ്ററും. സോജി ലാ കയറി നമ്മള്‍ എത്തുന്നത് ദ്രാസ് താഴ്‌വരയിലേക്കാണ്. അവിടെനിന്നും കാര്‍ഗില്‍ എത്തണം. പിന്നെയും കിലോമീറ്ററുകള്‍ താണ്ടി ഒടുവില്‍ ലേയില്‍ എത്തും. ആകെ നാനൂറ്റി ഇരുപതു കിലോമീറ്റര്‍. ഞങ്ങള്‍ ആദ്യ ദിവസം കാര്‍ഗില്‍ വരെ എത്താനാണ് തീരുമാനിച്ചിരുന്നത്. അവിടെ ഒരു രാത്രി തങ്ങിയിട്ട് പിറ്റേന്ന് ലേയിലേക്കു പോകുക. 

ശ്രീനഗറില്‍നിന്നും അഹമ്മദിന്റെ കാറില്‍ തന്നെയാണ് ഞങ്ങള്‍ കാര്‍ഗിലിലേക്കും പോകുന്നത്. പക്ഷേ, ഇത്തവണ വണ്ടി ഓടിക്കുന്നത് അഹമ്മദിന്റെ അനന്തരവന്‍ ബഷീര്‍ ആണ്. അഹമ്മദിന് എന്തോ അത്യാവശ്യ കാര്യങ്ങള്‍ക്കായി ശ്രീനഗറില്‍ത്തന്നെ തങ്ങേണ്ടതുണ്ട്. തന്നെക്കാള്‍ നല്ല ഡ്രൈവറാണ് അനന്തരവന്‍ എന്നു പറഞ്ഞ് അഹമ്മദ് തന്നെയാണ് ആ ചെറുപ്പക്കാരനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നതും. വണ്ടി ശ്രീനഗറില്‍നിന്നും വിട്ടത് മുതല്‍ ബഷീര്‍ ഇടമുറിയാതെ പഴയ ഹിന്ദി ഗാനങ്ങള്‍ മൂളിക്കൊണ്ടിരുന്നു. ഞങ്ങളും ഇടയ്‌ക്കൊക്കെ അവനോടൊപ്പം കൂടി. 

സോജിലായുടെ മുകളില്‍ എത്തിയപ്പോള്‍ ശക്തമായ മഞ്ഞുവീഴ്ച തുടങ്ങി. ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി. വഴിയുടെ വലതുവശം കണ്ണെത്തും ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുപാടം. അതിലൂടെ തെന്നിനീങ്ങുന്ന സ്ലെഡ്ജുകള്‍. മഞ്ഞുവാരിയെറിഞ്ഞു കളിക്കുന്ന സന്ദര്‍ശകര്‍. ഇടതുവശത്ത് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഒരു മലയുടെ മുനമ്പില്‍നിന്നും താഴേയ്‌ക്കൊലിച്ചിറങ്ങുന്ന ഹിമാനി. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ ചുരത്തെ വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ട്. വഴിയരികില്‍ നിറയെ ചെറുതും വലുതുമായ തട്ടുകടകള്‍, വെച്ചുവാണിഭക്കാര്‍, സാഹസിക സവാരിക്കുള്ള ബുക്കിങ്ങ് എടുക്കുന്നവര്‍. ഇവര്‍ക്കെല്ലാമിടയിലൂടെ മഴ ഓടിനടക്കുന്നു. പക്ഷേ, ചുരത്തില്‍ അത്രയും ആളുകളും വാഹനങ്ങളും കൂട്ടം കൂടിയിട്ടും വലിയ ബഹളങ്ങളൊന്നും കേള്‍ക്കാനില്ല. ഇത് പുതുതായി പെയ്യുന്ന മഞ്ഞിന് പ്രതിഫലനശേഷി കുറവായതിനാല്‍ ശബ്ദതരംഗങ്ങളെ അത് ആഗിരണം ചെയ്യുന്നതുകൊണ്ടാണ്.
ഞങ്ങള്‍ മലയിടുക്കില്‍ പരന്നുകിടക്കുന്ന മഞ്ഞിനു മുകളിലൂടെ കുറേനേരം നടന്നു. കാലുകള്‍ മുട്ടൊപ്പം താണുപോകുന്നു. ചിലയിടങ്ങളില്‍ അരയോളം മഞ്ഞില്‍ പുതഞ്ഞുപോയപ്പോള്‍ ഞങ്ങള്‍ ചെറുതായി പേടിച്ചു. മഞ്ഞുതുരന്നു മാളങ്ങള്‍ ഉണ്ടാക്കി ശിശിരകാല നിദ്രയിലേക്കു പോകുന്ന ജീവികളെക്കുറിച്ച് ഞാനന്നേരമോര്‍ത്തു. അവയെങ്ങനെയാവും ഈ തണുപ്പിനെ മറികടക്കുന്നത്? യഥാര്‍ത്ഥത്തില്‍ മഞ്ഞിനും നല്ല ചൂടുണ്ട്. ഓരോ ഹിമകണത്തിലും ഏതാണ്ട് 90 ശതമാനത്തോളം വായുവാണുള്ളത്. ഈ വായു ചൂടിനെ കടത്തിവിടുന്നത് തടയും. ഇതുകൊണ്ടാണ് ഈ ജീവികളുടെ മാളങ്ങളില്‍ പുറത്തുള്ളതിനേക്കാള്‍ ചൂടുണ്ടാവുന്നത്. ധ്രുവങ്ങളിലെ എസ്‌കിമോകള്‍ നിര്‍മ്മിക്കുന്ന ഇഗ്ലൂകള്‍ക്കുള്ളില്‍ ശരീരോഷ്മാവ് കൊണ്ടുതന്നെ 100 ഡിഗ്രിയോളം ചൂടുണ്ടാവുന്നതും ഇതുകൊണ്ടുതന്നെ. 

കാലുകള്‍ മഞ്ഞിലൂടെ വലിച്ചുവെച്ചു നടക്കുമ്പോള്‍ വല്ലാത്ത ആയാസം തോന്നുന്നു. അതുകൊണ്ട് ഞങ്ങള്‍ നടത്ത അവസാനിപ്പിച്ചു മഞ്ഞിലിരുന്നു. അന്നേരം സോജന്‍ ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കി. ഞങ്ങള്‍ അവനു 'കുട്ടപ്പായി' എന്ന് പേരിട്ടു. തിരിച്ചു വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ അവിടെ കണ്ട ഒരു തട്ടുകടയില്‍ ആളുകള്‍ വട്ടം കൂടിയിരുന്നു തീ കായുന്നു. ഞങ്ങളും അവരോടൊപ്പം കൂടി. കശ്മീരിലും ലഡാക്കിലുമുള്ള മനുഷ്യര്‍ തണുപ്പിനെ ചെറുക്കാനായി ഒരു ഉപകരണം ഉണ്ടാക്കിയിട്ടുണ്ട്. 'ഖാങ്കിടി' എന്നാണതിനു പേര്. ചൂരല്‍കൊണ്ടുണ്ടാക്കുന്ന ഒരു കൂട. അതിനുള്ളില്‍ തീക്കനല്‍ വെക്കും. എന്നിട്ടു നീളന്‍ കുപ്പായത്തിനകത്തുകൂടെ നെഞ്ചോടു ചേര്‍ത്ത് പിടിക്കും. തീ പാറുകയോ പൊള്ളല്‍ ഏല്‍ക്കുകയോ ചെയ്യാത്ത തരത്തില്‍ തികച്ചും തനതായ ഒരു നിര്‍മ്മിതിയാണിത്. 

തട്ടുകടയുടെ നടത്തിപ്പുകാരന്‍ അയാളുടെ ഖാങ്കിടി ഞങ്ങള്‍ക്കു നേരെ നീട്ടി. ഞങ്ങള്‍ അതില്‍ നിന്നും കുറച്ചു നേരം ചൂട് പിടിച്ചു. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു ചൂട് പകരുന്നതിനേക്കാളും മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തില്‍! നേരം വൈകുന്നതില്‍ ബഷീര്‍ അസ്വസ്ഥനായിരുന്നു. ഇനിയും എത്രയോ ദൂരം പോകേണ്ടതുണ്ട്. ഞങ്ങളെ കാര്‍ഗിലില്‍ വിട്ടിട്ട് അവന് ഇന്നുതന്നെ മടങ്ങിപ്പോരേണ്ടതാണ്. ഞങ്ങള്‍ തിരിയെ വണ്ടിയില്‍ കയറി. സോജി ലാ കയറി മുകളില്‍ എത്തുന്നതോടെ നമ്മള്‍ ലഡാക്കില്‍ എത്തുന്നു. കശ്മീര്‍ അവിടംകൊണ്ട് അവസാനിക്കുകയാണ്. കാര്‍ഗിലും ലേയുമാണ് ലഡാക്കിലെ രണ്ടു പ്രധാന നഗരങ്ങള്‍. ഇതിനിടയില്‍ ദ്രാസ്സുണ്ട്. ലോകത്ത് സൈബീരിയ കഴിഞ്ഞാല്‍ പിന്നെ സ്ഥിരമായി മനുഷ്യന്‍ വസിക്കുന്ന ഏറ്റവും തണുപ്പുള്ള സ്ഥലമാണ് ദ്രാസ്.

പോകുന്ന വഴിക്ക് മരക്കൂട്ടങ്ങള്‍ക്കു നടുവില്‍ മിനാരങ്ങള്‍ മാത്രം ഉയര്‍ന്നു കാണുന്ന ഒരു മുസ്‌ലിം പള്ളി ഞങ്ങള്‍ കണ്ടു. പച്ചയുടെ കടലില്‍ വെള്ളയുടെ മുനമ്പ് എന്ന് തോന്നുന്ന ഒരു പള്ളി. പിന്നെയും പോകെ 1999ലെ കാര്‍ഗില്‍ യുദ്ധസ്മാരകം കാണാന്‍ ഞങ്ങള്‍ ദ്രാസ്സില്‍ വണ്ടി നിര്‍ത്തി ഇറങ്ങി. വിശാലമായ ഒരു താഴ്‌വാരമാണ് ദ്രാസ്. വില്ലോ മരങ്ങളുടെ തണലില്‍ ദ്രാസ് നദി ഒഴുകുന്നു. നദിയുടെ ഓരം പറ്റി വഴി കാര്‍ഗിലിലേക്ക് നീളുന്നു. താഴ്‌വാരത്തിന്റെ അതിരുകളില്‍ തോലോലിങ് മലനിരകള്‍. അവയ്ക്കു താഴെ കൃഷിയിടങ്ങളും വിശാലമായ പുല്‍ മൈതാനങ്ങളും.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഈ മലനിരകളില്‍ പടവെട്ടുമ്പോള്‍ അങ്ങ് ദൂരെ തെക്കേ മുനമ്പില്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഇരുന്ന് ടി.വിയില്‍ ആ ദൃശ്യങ്ങള്‍ കണ്ടത് ഞാന്‍ ഓര്‍ത്തു. മരണപ്പെട്ട സൈനികരുടെ പേരുകള്‍ നിരനിരയായി എഴുതിവെച്ചിരിക്കുന്ന വലിയ വെങ്കലപ്പലകയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ദേശം വാരിപ്പിടിക്കുന്നത് ഞാന്‍ അറിഞ്ഞു. അതിന്റെ എല്ലാ പുറന്തള്ളല്‍ വ്യഗ്രതയ്ക്കിടയിലും നിരവധി ഗൃഹാതുരതകള്‍ ദേശം കരുതിവെയ്ക്കുന്നുണ്ട്. അതിലൂടെ നമ്മുടെ യുക്തിയുടെ അതിരുകളില്‍ അത് കടന്നുകയറും. ദേശത്തിന്റേയും ദേശീയതയുടേയും ഭാവനകളെക്കുറിച്ച്, അവയുടെ നിര്‍വ്വചനങ്ങളിലെ അപരങ്ങളെക്കുറിച്ചൊക്കെയും നാട്ടില്‍വെച്ച് ഞാന്‍ നടത്തിയ പഠനങ്ങള്‍, വായനകള്‍, നേടിയ തിരിച്ചറിവുകള്‍ എല്ലാം ബോധമനസ്സിന്റെ നിലങ്ങളില്‍ വിളഞ്ഞുനില്‍ക്കുമ്പോഴും ഒരു നിമിഷം സത്യത്തില്‍ ഞാനൊരു 'ഇന്ത്യക്കാരന്‍' മാത്രമായി!

10800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആ യുദ്ധഭൂമിയില്‍നിന്നും ഞങ്ങള്‍ പതിയെ യാത്ര പുനരാരംഭിച്ചു. ഇവിടുന്നിനിയും 56 കിലോമീറ്റര്‍ കൂടി താണ്ടണം കാര്‍ഗിലിലെത്താന്‍. ഇരുവശങ്ങളിലും മണ്ണും മെറ്റിലും വിരിച്ച റോഡിലൂടെ വണ്ടി വഴിയില്‍ പാറിവീണിരിക്കുന്ന കച്ചിത്തുരുമ്പുകള്‍ പറത്തിക്കൊണ്ട് മുന്നോട്ടുരുണ്ടു.

പുരീഗിലെ വെള്ളക്കൈലേസ്

കാര്‍ഗിലില്‍ എത്തിയപ്പോള്‍ നേരം രാത്രിയായിരുന്നു. ഇവിടെനിന്നും നാളെ ബസ്സിലാണ് ലേയിലേക്കു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ബസ് സ്റ്റാന്റില്‍നിന്നും കുറച്ചകലെ ഒരു ലോഡ്ജില്‍ ഞങ്ങള്‍ മുറിയെടുത്തു. ബഷീര്‍ അഹമ്മദിന് അവന്‍ ചോദിച്ചതിലും കുറച്ചു പണം കൂടുതല്‍ നല്‍കിയിട്ട് 'ഇനി ഇന്ന് മടക്കയാത്ര വേണ്ട. നാളെ നേരം പുലരുമ്പോള്‍ പോയാല്‍ മതി' എന്ന് ഞങ്ങള്‍ പറഞ്ഞത് അവന്‍ സമ്മതിച്ചു. അവന്റെ വട്ടച്ചെലവിനും പിന്നെ അവന്‍ മൂളിയ ഹിന്ദി പാട്ടുകള്‍ക്കുള്ള ചെറിയ ഒരു സമ്മാനവും കൂടി ആയിക്കോട്ടെ എന്നു കരുതി. 

വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞുതുടങ്ങി. ചുരുക്കം ചില കടകളില്‍ മാത്രമേ വെളിച്ചമുള്ളൂ. അവയും ഉടന്‍ അണയും. കടക്കാര്‍ അവസാനത്തെയാളുകള്‍ക്കും പലചരക്കുകള്‍ നല്‍കുന്ന തിരക്കിലാണ്. ചിലര്‍ സാധനങ്ങള്‍ തിരിച്ചെടുത്തുവെക്കുന്നതിന്റേയും. ഞങ്ങള്‍ താമസിക്കാനായി മുറിയെടുത്ത ഹോട്ടലില്‍നിന്നു തന്നെ ഭക്ഷണം കഴിച്ചു. പിന്നെ അല്പദൂരം വഴിയിലൂടെ നടന്നിട്ടു തിരിച്ചു പോന്നു. നിലാവെളിച്ചത്തില്‍ അകലങ്ങളില്‍ മലനിരകള്‍ കാണാം. അവയിലെവിടെയോ പണ്ടൊരു പിക്കറ്റ് പോയിന്റ് പാകിസ്താന്റേതായി ഉണ്ടായിരുന്നു. അവിടിരുന്നു നോക്കിയാല്‍ താഴെ ബസ്സ്റ്റാന്റുവരെ അവര്‍ക്ക് നന്നായി കാണാമായിരുന്നു. ഇന്നിപ്പോള്‍ അവിടെനിന്നും ഏകദേശം 12 കിലോമീറ്റര്‍ അപ്പുറത്തുകൂടിയാണ് അതിര്‍ത്തിരേഖ കടന്നുപോകുന്നത്. ഷിംല ഉടമ്പടി പ്രകാരം രണ്ടു രാജ്യങ്ങളും അതിര്‍ത്തിയുടെ നിലവിലെ സ്ഥിതി അംഗീകരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും '99-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക് ഷെല്ലുകള്‍ ഇടതടവില്ലാതെ വീണുചിതറിയിരുന്ന ഒരു നഗരത്തിലൂടെയാണ് ഈ രാത്രിയില്‍ ഞങ്ങള്‍ നടക്കുന്നത്.

തിരിച്ചെത്തിയപ്പോഴേക്കും കടകളെല്ലാം അടഞ്ഞിരുന്നു. ഞങ്ങള്‍ നേരെ റൂമിലേക്ക് പോയി. രാവിലത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാര്‍ഗിലിന്റെ രാത്രിയിലേക്ക് കാലുകള്‍ നീട്ടിവെച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. പക്ഷേ, അധികനേരം ഇല്ല. വെളുപ്പിനെ തന്നെ പോകണം. യാത്രയുടെ ക്ഷീണമുണ്ടെങ്കിലും ഉറക്കം വരുന്നില്ല. ഞാന്‍ കാര്‍ഗിലിന്റെ ചരിത്രത്തെക്കുറിച്ചു ചിന്തിച്ചു. 

കാര്‍ഗിലിനു ആ പേര് ലഭിച്ചത് കര്‍ഗീല്‍ എന്ന ഭരണാധികാരിയില്‍ നിന്നാണെന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാര്‍ ഉണ്ട്. കാര്‍ഗില്‍ ചരിത്രാതീത കാലത്ത് വലിയൊരു തടാകമായിരുന്നെന്നും പറയപ്പെടുന്നു. സിന്ധു നദിയില്‍ വന്നുപതിച്ച കൂറ്റനൊരു പാറ ഒഴുക്ക് തടഞ്ഞതുമൂലം രൂപം കൊണ്ടതായിരുന്നു ആ തടാകം. ഈ തടാകം ലാമയൂരുവിലൂടെ ഖല്‍സി വരെ നീണ്ടു കിടന്നിരുന്നെന്നും അതിന്റെ തെളിവാണ് ഇവിടങ്ങളില്‍ ഇന്നും കാണുന്ന എക്കല്‍ മണ്ണെന്നും പറയപ്പെടുന്നു. അമ്പതു ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ചെടികളുടെ ഫോസിലുകള്‍ വരെ ഇവിടെനിന്നും ലഭിച്ചിട്ടിട്ടുണ്ട്. തിമിംഗലങ്ങളുടെ പൂര്‍വ്വികരായ നടക്കും തിമിംഗലങ്ങളുടെ (Walking Whales) ഫോസിലുകള്‍ ഹിമാലയത്തില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. കാര്‍ഗില്‍ തടാകം ആയിരുന്നു എന്ന വാദത്തെ ന്യായീകരിക്കാന്‍ ഈ കണ്ടെത്തലുകളെ ഉപയോഗിക്കുന്നവരും ഉണ്ട്. അതു പക്ഷേ, ശരിയാകാന്‍ സാധ്യത കുറവാണ്.

കാര്‍ഗിലിന്റെ ആദ്യപേര്‍ 'പുരീഗ്' എന്നായിരുന്നു. ഈ പ്രദേശങ്ങളില്‍ ആദ്യം താമസം തുടങ്ങിയത് മധ്യ ഏഷ്യയില്‍നിന്നും കുടിയേറിയ ഇന്‍ഡോആര്യന്‍ വംശത്തില്‍പ്പെട്ട ഡാര്‍ഡുകള്‍ ആണ്. ടിബറ്റന്‍ വംശജര്‍ ഡാര്‍ഡുകള്‍ക്കു മുന്നേ ഇവിടെ വന്നെങ്കിലും അവര്‍ നാടോടികള്‍ ആയിരുന്നതിനാല്‍ താമസം ഉറപ്പിച്ചില്ല. പിന്നീടാണ് അവര്‍ ഇവിടങ്ങളില്‍ താമസം തുടങ്ങുന്നത്. പുരീഗിന്റെ ചരിത്രം കണ്ടെത്തുക അത്ര എളുപ്പമല്ല. പ്രാദേശിക ചരിത്രകാരന്മാരായ മൗലവി ഹഷ്മഷ്മത്തുള്ളാ ഖാനും കാച്ചു സിക്കന്ദര്‍ ഖാനും വാമൊഴി കഥകളുടേയും ടിബറ്റന്‍ പുരാവൃത്തങ്ങളുടേയും സഹായത്തോടെ കുറേയൊക്കെ ചരിത്രം മെനഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ, ഈ ചരിത്രത്തിലെ തീയതികളൊക്കെ മിക്കവാറും ഊഹങ്ങള്‍ മാത്രമാണ്. 
പുരീഗ് എന്ന സ്ഥലനാമത്തിന്റെ ഉല്പത്തിയെക്കുറിച്ച് പര്‍വേസ് ദേവാന്‍ അദ്ദേഹത്തിന്റെ എ ഹിസ്റ്ററി ഓഫ് ലഡാക്, ഗില്‍ഗിസ്ഥാന്‍, ബാള്‍ട്ടിസ്ഥാന്‍ എന്ന പുസ്തകത്തില്‍ നാല് വ്യത്യസ്ത അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്നും ഈ പ്രദേശത്തെ മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയ്ക്ക് ടിബറ്റന്‍ ഭാഷയോടാണ് കൂടുതല്‍ സാമ്യം. ടിബറ്റന്‍ ഭാഷയില്‍ പുരീഗിലെ താമസക്കാരെ 'പുരീഗ്പ' എന്നാണു വിളിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പുരീഗ് എന്നത് ടിബറ്റന്‍ വംശജര്‍ ഇവിടങ്ങളില്‍ താമസം ഉറപ്പിച്ചതിനു ശേഷം നല്‍കപ്പെട്ട പേരാകാനാണ് സാധ്യത. 

പുരീഗ് എന്ന വാക്കിന് ടിബറ്റന്‍ ഭാഷയില്‍ 'കുഴല്‍' എന്നാണര്‍ത്ഥം. കാര്‍ഗില്‍ താഴ്‌വര കുഴല്‍പോലെ നീണ്ടുകിടക്കുന്ന ഒന്നാകയാല്‍ അങ്ങനെ വന്ന പേരാവാനും സാധ്യതയുണ്ട്. പുരീഗ് എന്നത് 'ബുരീഗ്' എന്ന വാക്കില്‍നിന്നും ഉണ്ടായതാണെന്നാണ് എ.എച്ച്. ഫ്രാങ്കിയെപ്പോലുള്ള ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നത്. ബുരീഗ് എന്നാല്‍ 'വീരന്മാരുടെ വംശം' എന്നര്‍ത്ഥം. ഇവിടങ്ങളില്‍ താമസിച്ചിരുന്ന ഡാര്‍ഡുകളുടെ വീരകഥകള്‍ പ്രശസ്തമാണ്. അതുകൊണ്ട് അതാവാനും സാധ്യത ഉണ്ട്. നാലാമത്തെ സാധ്യത ഇവിടങ്ങളില്‍ ആദ്യം ഭരണം നടത്തിയത് ടിബറ്റുകാര്‍ ആയിരുന്നെന്നും, അവര്‍ 'പുരാങ്ങില്‍' നിന്നാണ് വന്നതെന്നതുകൊണ്ട് ഈ പ്രദേശത്തെ പുരീഗ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നുമാണ്.

ഡാര്‍ഡുകളുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്ന ആര്യന്‍ വംശജരെ ഇന്നും കാര്‍ഗിലിലെ ദാഹാനുവില്‍ കാണാം. ഇവരുടെ ഗ്രാമം ആര്യന്‍ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. 1970കളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 'ദാഹാനുവിലെ നൂറു ശതമാനം ആര്യന്മാരായവര്‍' എന്ന വാര്‍ത്തകള്‍ വിദേശ മാസികകളില്‍ വന്നു തുടങ്ങിയപ്പോള്‍ കാര്‍ഗിലിലേക്ക് വിദേശ സഞ്ചാരികള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി. ഇവരില്‍ ചിലര്‍ നിയോ നാസികള്‍ ആയിരുന്നു. അവരുടെ ലക്ഷ്യം ആര്യന്‍ രക്തത്തിലുള്ള കുട്ടികള്‍ ഉണ്ടാവുക എന്നതും. 1976ല്‍ ജര്‍മനിയില്‍നിന്നും വന്ന നിയോ നാസികളായ രണ്ടു സ്ത്രീകള്‍ ദാഹാനുവിലെ പുരുഷന്മാരില്‍നിന്നും ഗര്‍ഭം ധരിച്ചു എന്നൊരു വാര്‍ത്ത പരന്നിരുന്നു. ഇതൊരു കുപ്രചാരണമാണെന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം 1993ലാണ് ഭാഗികമായെങ്കിലും മാറ്റിയത്.

ഇന്ന് ലഡാക്കിലെ വലുതും ഏറ്റവും അധികം ജനങ്ങള്‍ താമസിക്കുന്നതുമായ നഗരം ലേ ആണെങ്കിലും പണ്ടുകാലത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് ആ സ്ഥാനം ബാള്‍ട്ടിസ്ഥാനായിരുന്നു. അതിനു തൊട്ടു പിന്നില്‍ പുരീഗ് (കാര്‍ഗില്‍), പിന്നെ സന്‍സ്‌കാര്‍. ഏറ്റവും ഒടുവിലായിരുന്നു ലേ. ഡാര്‍ഡുകളാണ് ബാള്‍ട്ടിസ്ഥാനിലും സന്‍സ്‌കാറിലും കാര്‍ഗിലിലും ആദ്യം താമസമുറപ്പിച്ചതെങ്കിലും മോണ്‍ വംശജരാണ് ഇവിടങ്ങളില്‍ ഗ്രാമങ്ങളും നഗരങ്ങളും നിര്‍മ്മിച്ചത്. ഡാര്‍ഡുകള്‍ ബി.സി. 23 നൂറ്റാണ്ടുകളിലാണ് ലഡാക്കില്‍ താമസം തുടങ്ങിയതെന്നാണ് അവരുടെ തന്നെ നാടോടി പാട്ടുകള്‍ ക്രോഡീകരിച്ചിരിക്കുന്ന ദേവമാലയില്‍ പറയുന്നത്.

കാര്‍ഗിലില്‍ ഇസ്‌ലാം മതം പ്രചാരം നേടുന്നത് 14501475 കാലഘട്ടത്തില്‍ അമീര്‍ കബീര്‍ സയീദ് അലി ഹംദാനി, സയീദ് മുഹമ്മദ് നൂര്‍ബക്ഷ് എന്നിവരിലൂടെയാണ്. ഈ സമയം കാര്‍ഗില്‍ ഭരിച്ചിരുന്നത് അമ്‌റൂദ് ചോ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന് മുരീദ് ഖാന്‍ എന്നൊരു പേര് കൂടിയുണ്ടായിരുന്നു. 'ഖാന്‍' എന്ന പേര് ഇസ്‌ലാമുമായി എളുപ്പത്തില്‍ ബന്ധപ്പെടുത്തുമെങ്കിലും അത് യഥാര്‍ത്ഥത്തില്‍ രാജാവ് എന്നര്‍ത്ഥം വരുന്ന ഒരു മംഗോളിയന്‍ വാക്കാണ്. എന്തായാലും അമ്‌റൂദ് ചോയുടെ ഈ രണ്ടാം പേര് അദ്ദേഹവും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു എന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. അതല്ലെങ്കില്‍ അദ്ദേഹം രണ്ട് വിശ്വാസങ്ങളും പുലര്‍ത്തിപ്പോന്നിരുന്നുവെന്നും കരുതാവുന്നതാണ്. എന്തായാലും കാര്‍ഗിലിലേയും ദ്രാസ്സിലേയും മുസ്‌ലിങ്ങളുടെ പിന്മുറക്കാര്‍ ബാള്‍ട്ടിസ്ഥാനില്‍നിന്നും ഗില്‍ഗിത്തില്‍നിന്നും കുടിയേറിയവരാണെന്ന കാര്യം ഉറപ്പാണ്.

ചരിത്രം താല്‍ക്കാലികമായി അവസാനിക്കുമ്പോള്‍ പുറത്ത് നേരം പുലരുകയാണ്. തണുപ്പ് ജനാലയുടെ വിടവുകളിലൂടെ നുഴഞ്ഞുകയറുന്നു. നഗരവും നഗരവാസികളും ഇപ്പോഴും ഉറക്കത്തില്‍ തന്നെ. ചരിത്രത്തിന്റെ ഇടനേരങ്ങളില്‍ ഉറങ്ങാന്‍ കിടക്കുന്നവര്‍. ഞാന്‍ മാത്രം ഉണര്‍ന്നിരിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞത് ഞാനോര്‍ത്തു: 'നമ്മള്‍ ചരിത്രം നിര്‍മ്മിക്കുന്നവരല്ല. ചരിത്രം നമ്മളെയാണ് നിര്‍മ്മിക്കുന്നത്.' ഞാന്‍ ജനാല തുറന്നു. കൊടുമുടികള്‍ക്കിടയില്‍ തളംകെട്ടി കിടക്കുന്ന ഇരുട്ട്. അരികിലെവിടെയോ സുരു നദി ഒഴുകുന്നത് കേള്‍ക്കാം. പെന്‍സി ചുരത്തിലെ പാന്‍സെല്ല ഹിമാനിയില്‍ നിന്നുമുത്ഭവിച്ച് കാര്‍ഗില്‍സന്‍സ്‌കാര്‍ റോഡിനോട് ചേര്‍ന്ന് 185 കിലോമീറ്റര്‍ പടിഞ്ഞാറോട്ടൊഴുകി പാകിസ്താനിലെ നര്‍ളയില്‍വെച്ച് സിന്ധു നദിയില്‍ ചേരുകയാണ് സുരു ചെയ്യുന്നത്. ഇതിനിടയില്‍ കാര്‍ഗില്‍ ഉള്‍പ്പെടുന്ന വിശാലമായ സുരു താഴ്‌വര എന്ന എക്കല്‍ത്തടം തന്റെ ഇരുകരകളിലുമായി നിര്‍മ്മിച്ചുകൊണ്ടാണ് ഈ പ്രയാണം. ഈ നദിയുടെ ഓരംപറ്റി പഴയ പട്ടുപാതയുടെ ഒരു കൈവഴി പാകിസ്താനിലെ സ്‌കര്‍ദുവിലേക്കു പോകുന്നുണ്ട്. ഇന്ന് പക്ഷേ, ഈ പാത അടച്ചിരിക്കുകയാണ്.

അലാറം അടിച്ചപ്പോള്‍ കൂട്ടുകാര്‍ എഴുന്നേറ്റു. ഞങ്ങള്‍ക്ക് പോകാന്‍ സമയമായിരിക്കുന്നു. തലേന്ന് രാത്രി തന്നെ ലേയിലേക്കുള്ള ബസ് ടിക്കറ്റ് ഞങ്ങള്‍ വാങ്ങിയിരുന്നു. അതുകൊണ്ട് നേരെ സ്റ്റാന്റില്‍ ചെന്നാല്‍ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. വൈകിയാല്‍ വണ്ടി പോകും. ഞങ്ങള്‍ സമയം കളയാതെ ലോഡ്ജില്‍ നിന്നുമിറങ്ങി. സ്റ്റാന്റിലെത്തി കുറച്ചു നേരം നിന്നപ്പോള്‍ ബസ് വന്നു. അഫ്താബ് ടൂറിസ്റ്റ് സര്‍വ്വീസിന്റെ ഒരു ബസ്സാണ് ഞങ്ങളേയുംകൊണ്ട് ലേയിലേക്കു പോകുന്നത്. ഒരു പകല്‍ മുഴുവന്‍ നീളുന്ന യാത്രയാണ്. ബാഗുകളെല്ലാം ബസ്സിന്റെ ലഗ്ഗേജ് കംപാര്‍ട്ട്‌മെന്റില്‍ വെച്ചിട്ട് ഞങ്ങള്‍ കയറിയിരുന്നു. ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. എല്ലാവരും വന്നുകഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടി എടുത്തു. യാത്ര തുടങ്ങിയതും അയാള്‍ ബസ്സില്‍ ഖവാലി ഗാനങ്ങള്‍ വെച്ചു. കാര്‍ഗിലിന്റെ മലമ്പാതകളിലൂടെ സാബ്രി സഹോദരന്മാര്‍ ഞങ്ങളോടൊപ്പം സഞ്ചരിക്കുകയാണ്.

'ഷാഈമദീന സുനോ ഇല്‍തിജാ ഖുദാ കെ ലിയേ,
കരം ഹോ മുജ് പേ ഹബീബ്ഈഖുദാ ഖുദാ കെ ലിയേ.
....
ഭര്‍ ദോ ജോലി മേരി യാ മുഹമ്മദ്,
ലോട്ട് കാര്‍ മേന്‍ ന ജാവൂന്‍ ഗ ഖാലി!'

'മദീനയുടെ രാജാവേ ദയവായി എന്റെ പ്രാര്‍ത്ഥന നീ കേള്‍ക്കൂ,
നിന്റെ അനുഗ്രഹങ്ങളെന്റെമേല്‍ ചൊരിയൂ.
....
ഓ മുഹമ്മദ് എന്റെ ഭാണ്ഡം നീ നിറയ്ക്കൂ, 
ഒന്നുമില്ലാതെ ഞാന്‍ തിരിച്ചു പോവില്ല!'

യാത്രികരായ ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ അനുഭവങ്ങളുടെ സമ്പത്തുകൊണ്ട് ഞങ്ങളുടെ ഭാണ്ഡക്കെട്ടും നിറയട്ടെ! ഒന്നിനു പുറകെ ഒന്നായി ഖവാലികള്‍ പാടിക്കൊണ്ടിരുന്നു. അലൗകികമായ ഏതോ പ്രയാണത്തിലെന്നപോലെ ഞങ്ങളും അതിനോടൊപ്പം ഒഴുകുകയാണ്. പുറത്ത് കാഴ്ചകളോരോന്നായി വന്നു മറയുന്നു. യാത്രക്കാരില്‍ ചിലര്‍ ജപമാലാമണികളില്‍ തഴുകി നിശ്ശബ്ദമായി പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നു. ചിലര്‍ ബാക്കി ഉറക്കത്തിലേക്കു വഴുതിവീണിരിക്കുന്നു. ഞങ്ങള്‍ മാത്രമാണെന്ന് തോന്നുന്നു അന്ന് ആ ബസ്സില്‍ സഞ്ചാരികളായി ഉണ്ടായിരുന്നത്. വരണ്ട മലഞ്ചെരിവുകളില്‍ ഇടയ്ക്കിടയ്ക്ക് ചെറിയ ഗ്രാമങ്ങളുടെ പച്ചകള്‍ തെളിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സ് കുളിരും. ഓരോ ഗ്രാമങ്ങളും കഴിയുംവരെ വഴിയരികില്‍ നിറയെ പോപ്ലാര്‍ മരങ്ങളാണ്. പിന്നെ വീണ്ടും ഭൂമി പിംഗളവര്‍ണ്ണത്തിലേക്കു കൂപ്പുകുത്തും. അതിനിടയില്‍ക്കൂടി ഞങ്ങളേയുംകൊണ്ട് പോകുന്ന അഫ്താബ് ബസ്സിന്റെ വെള്ള ശരീരം ഒരു കൈലേസുപോലെ പാറിപ്പോയിക്കൊണ്ടേയിരുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com