ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് പടര്‍ന്നുപിടിക്കുന്നത് സാംസ്‌കാരിക വര്‍ഗ്ഗീയതയുടെ പുതിയ വൈറസ്

വടക്കന്‍ കാസര്‍കോട്ടെ മേല്‍ക്കൈ ചിരസ്ഥായിയാക്കുന്നതിനായി, സാംസ്‌കാരിക മണ്ഡലത്തില്‍ മതവിഭജനങ്ങളുടെ മുറിപ്പാടുകള്‍ സൃഷ്ടിച്ചുകൊണ്ട് അവിടെ ഹിന്ദു, മുസ്‌ലിം വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ
ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് പടര്‍ന്നുപിടിക്കുന്നത് സാംസ്‌കാരിക വര്‍ഗ്ഗീയതയുടെ പുതിയ വൈറസ്

ത്യുത്തര കേരളത്തിന് ഇന്ന് പൗരസമൂഹത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ അനിവാര്യമായിരിക്കയാണ്. പരമ്പരാഗതമായിത്തന്നെ ബഹുസ്വര സംസ്‌കൃതിയുടെ ഉദാത്ത മേഖലയാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കു സ്ഥിതിചെയ്യുന്ന കാസര്‍കോടും മഞ്ചേശ്വരവുമൊക്കെ. സപ്തഭാഷാ സംഗമഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കാസര്‍കോടിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ എന്നാല്‍, ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത് സാംസ്‌കാരിക വര്‍ഗ്ഗീയതയുടെ പുതിയൊരു വൈറസാണ്. കര്‍ണാടകയില്‍നിന്ന് തെക്കോട്ട് വീശുന്ന വിഷക്കാറ്റിലാണ് ഈ വൈറസ് എത്തിപ്പെടുന്നത്. എന്നാല്‍, ഈ വൈറസിനു വ്യാപിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത് പ്രദേശത്തെ ഭൗതിക ജീവിതപരിസരമാണ്  സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും 1970കള്‍ മുതലുണ്ടായ വ്യതിയാനങ്ങളാണ്. 

കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളില്‍ സാംസ്‌കാരികരംഗത്തെ വര്‍ഗ്ഗീയത, ഗ്രാമീണ, കായിക വിനോദങ്ങളില്‍പ്പോലും പിടിമുറുക്കിയിരിക്കുന്നു. മതേതരത്വത്തിന്റേയും സാമുദായിക സൗഹാര്‍ദ്ദത്തിന്റേയും മഹത്തായ പൈതൃകമുള്ള ആ പ്രദേശങ്ങള്‍ മതനിരപേക്ഷ സംസ്‌കാരത്തിന്റേയും മാനവികതയുടേയും മുഖ്യധാരയില്‍നിന്നും വിഘടിച്ചു പോകാതിരിക്കണമെങ്കില്‍ മനുഷ്യസ്‌നേഹികളുടെ സജീവമായ ഇടപെടല്‍ അടിയന്തരമായുണ്ടാകേണ്ടതുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവിനു ശക്തിപകരാന്‍ മതാടിസ്ഥാനത്തിലുള്ള സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നൊരിനം കൂടി കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ ഇറക്കുമതി ചെയ്തിരിക്കുന്നു. ഈ അനഭിലഷണീയ പ്രവണത കൂടുതല്‍ പ്രദേശങ്ങളിലേക്കുകൂടി കടന്നെത്താതിരിക്കണമെങ്കില്‍ അതിനെ അതു മുളപൊട്ടിയ മണ്ണില്‍നിന്നുതന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. 

‍ഡോ. എ സുബ്ബറാവു 
‍ഡോ. എ സുബ്ബറാവു 

ബായാര്‍ ഒരു ചൂണ്ടുപലക 

മഞ്ചേശ്വരത്ത് ജനിച്ചുവളര്‍ന്ന മഹാസാഹിത്യകാരനായ രാഷ്ട്രകവി ഗോവിന്ദപൈയുടെ പ്രശസ്തമായ ഒരു കൃതിയാണ് 'ഹെബ്ബരലു' (Hebberalu-പെരുവിരല്‍). മഹാഭാരതത്തിലെ ഏകലവ്യ കഥയെ ഇതിവൃത്തമാക്കി നാടകരൂപത്തില്‍ രചിച്ച കൃതി. ഭാരതീയ പുരാവൃത്തകഥകള്‍ പ്രകാരം ആര്യന്‍ അധിനിവേശ കാലത്തോടുകൂടി ഇന്ത്യയില്‍ ആയോധനകലകളിലും കായികാഭ്യാസങ്ങളിലും വിദ്യാഭ്യാസത്തിലുമൊക്കെ ഉണ്ടായിരുന്ന കടുത്ത വിവേചനത്തെ എടുത്തുകാട്ടുന്ന ആദ്യസൂചനയാണ് ഏകലവ്യന്റെ കഥ. ജാതിമതചിന്തയും വംശീയവിദ്വേഷവും വിവേചനവും വരുത്തിവയ്ക്കുന്ന വിന ഏകലവ്യനിലൂടെ ഹൃദയസ്പൃക്കായിത്തന്നെയാണ് ഗോവിന്ദപൈ ചിത്രീകരിച്ചിട്ടുള്ളത്. ഗോവിന്ദപൈയുടേയും മറ്റും രചനകളിലൂടെ മതസൗഹാര്‍ദ്ദവും മനുഷ്യസ്‌നേഹവും മാനവികതയും പ്രചരിച്ച മണ്ണിലാണിന്ന് ഗ്രാമീണ കായിക വിനോദങ്ങളില്‍പ്പോലും വര്‍ഗ്ഗീയതയുടെ ദുര്‍ഭൂതം കടന്നുകൂടിയിരിക്കുന്നത്. 

പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ എന്ന സ്ഥലത്ത് ഏതാനും വര്‍ഷങ്ങളായി 'വീരകേസരി' ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘപരിവാര്‍ ഹിന്ദുക്കള്‍ക്കു മാത്രം എന്ന ബോര്‍ഡ് വെച്ചുകൊണ്ട് കലാകായിക മത്സരപരിപാടികള്‍ സംഘടിപ്പിച്ചുപോരികയാണ്. ഇതേ ബോര്‍ഡ് വെച്ചുകൊണ്ടുതന്നെ ഈ വര്‍ഷവും ജൂലൈ മാസത്തില്‍ മഴക്കാല കായികമത്സരങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍, ഇത്തവണ മഞ്ചേശ്വരം ബ്ലോക്കിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിനയകുമാറിന്റേയും മറ്റും നേതൃത്വത്തില്‍ ഫലപ്രദമായി ഇടപെടുകയും വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. റജിസ്‌ട്രേഷനുള്ള സംഘടനയാണ്. വീരകേസരി ക്ലബ്. സര്‍ക്കാര്‍ വകുപ്പുകളുടെ ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നേടിയെടുത്താണ് പ്രവര്‍ത്തനം. എന്നാല്‍, ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സാംസ്‌കാരികരംഗത്ത് വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന രീതിയിലാണെന്ന് സമീപപ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വീരകേസരി ക്ലബ്ബ് ഹിന്ദുക്കള്‍ക്കു മാത്രമായി കായികമേളകള്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാകണം ഈയടുത്തകാലത്ത് അവിടുത്തെ തുളുകന്നഡ പാരമ്പര്യമുള്ള ബണ്ട് സമുദായക്കാര്‍ ആ സമുദായത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി കായികമത്സരങ്ങള്‍ സംഘടിപ്പിച്ചു. പൈവളിഗെ പഞ്ചായത്തിലെപ്പോലെ മറ്റു അതിര്‍ത്തി പഞ്ചായത്തുകളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്കു മാത്രമായി വീണ്ടും സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ശ്രമിച്ച സന്ദര്‍ഭത്തില്‍ പുരോഗമന യുവജന സംഘടനാ പ്രവര്‍ത്തകര്‍ അവിടങ്ങളിലും ഇടപെടുകയും അത്തരം ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്തു. 

രാഷ്ട്ര കവി ​ഗോവിന്ദ പൈ
രാഷ്ട്ര കവി ​ഗോവിന്ദ പൈ

കേരളത്തില്‍, ഇത്തരത്തില്‍ വര്‍ഗ്ഗീയത കായികരംഗത്തുപോലും മറ്റെവിടെയും കടന്നുവന്നതായി തോന്നുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഇത്തരം വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ കണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വര്‍ഗ്ഗീയ സംഘടനകളും അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് ബദല്‍ മുസ്‌ലിംവര്‍ഗ്ഗീയത എന്ന നിലയില്‍, ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് ചില പ്രദേശങ്ങളില്‍ യൂത്ത്‌ലീഗും എം.എസ്.എഫും ഈ രീതിയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, അത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിനു തുല്യമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാകാം തല്‍ക്കാലം പിന്‍വലിഞ്ഞിരിക്കുകയാണ്.

സംസ്ഥാന പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി യൂണിയന്‍ ഗവണ്‍മെന്റ് രൂപീകരിച്ച ഫസല്‍ അലി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ദക്ഷിണ കനറാ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോട് താലൂക്കിനെ മലബാറിന്റെ ഭാഗമാക്കിയത്. തുടര്‍ന്ന് കേരളാ സംസ്ഥാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. തുളുനാടന്‍ നാട്ടുവഴക്കങ്ങള്‍ പിന്തുടരുന്ന വടക്കന്‍ കാസര്‍കോടിനെ സപ്തഭാഷാ സംഗമഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാന ഭാഷകളായ മലയാളം, തുളു, കന്നഡ എന്നിവയ്ക്കു പുറമെ ബ്യാരി, കൊങ്കണി, മറാഠി, ഉറുദു, ഹിന്ദി, കൊറഗ തുടങ്ങിയ ഭാഷ സംസാരിക്കുന്നവരും ഇവ പലതും കൂടിച്ചേര്‍ന്ന സങ്കരഭാഷാ സംസ്‌കാരമുള്ളവരും ഇവിടെ ഇടകലര്‍ന്ന് ജീവിക്കുന്നു. കേരളത്തില്‍ വടക്കന്‍ കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ് ഇത്. ഭാഷാപരമായ ബുദ്ധിശക്തി (linguistic intelligence) മികച്ച രീതിയില്‍ സ്വായത്തമാക്കിയിട്ടുള്ളവരാണ് ഇവിടുത്തെ സാമാന്യ ജനസമൂഹം. അവിടെയുള്ള സാധാരണക്കാര്‍ക്കുപോലും ഒന്നിലധികം ഭാഷകളില്‍ നന്നായി ആശയവിനിമയം നടത്താനാകും. അതേസമയം നിഷ്‌കളങ്കമായ പ്രകൃതം വെച്ചുപുലര്‍ത്തുന്നവര്‍ കൂടിയാണ് വികസനകാര്യങ്ങളില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടന്‍ ജനത. ഈ നിഷ്‌കളങ്കതയെ മുതലെടുത്തുകൊണ്ടാണ് വര്‍ഗ്ഗീയശക്തികള്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നത്. 

കാസർക്കോട് അരക്കോടി ഭ​ഗവതി ക്ഷേത്രത്തിൽ ആലിത്തെയ്യം
കാസർക്കോട് അരക്കോടി ഭ​ഗവതി ക്ഷേത്രത്തിൽ ആലിത്തെയ്യം

ഗള്‍ഫ് പണത്തിന്റെ ദു:സ്വാധീനം 

1970കള്‍വരെ കാസര്‍കോട്ടുകാര്‍ക്കിടയില്‍ മതാന്ധതയും വര്‍ഗ്ഗീയതയും വിരളമായിരുന്നു. പരമ്പരാഗതമായി പ്രധാനമായും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയിലും അനുബന്ധ കൈത്തൊഴിലുകളിലും പ്രാദേശികമായ വ്യാപാരങ്ങളിലും ഏര്‍പ്പെട്ട് സ്വച്ഛന്ദ ജീവിതം നയിച്ചിരുന്ന കാസര്‍കോടിന്റെ ഭൗതിക ജീവിതസാഹചര്യങ്ങളില്‍ മാറ്റം ദൃശ്യമായി തുടങ്ങുന്നത് 1970കള്‍ മുതലാണ്. അക്കാലത്ത് മുംബൈ തീരങ്ങളില്‍ താവളമൊരുക്കിയിരുന്ന കള്ളക്കടത്ത് അധോലോക സംഘങ്ങളുമായി കാസര്‍കോട്ടുകാര്‍ക്ക് ചില ബന്ധങ്ങള്‍ സ്ഥാപിക്കുവാനായി. ഇതേ കാലഘട്ടത്തില്‍ത്തന്നെ മുസ്ലിം ജനവിഭാഗങ്ങളുടെയിടയില്‍ മതമൗലികവാദവും പച്ചപിടിച്ചു. എണ്‍പതുകളിലെ ഗള്‍ഫ് പ്രവാസം ഹിന്ദുമുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അന്തരം സൃഷ്ടിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് പ്രവാസത്തിനു മുന്‍പുണ്ടായിരുന്ന കാസര്‍കോടന്‍ മേഖലയിലെ കാര്‍ഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ മേല്‍ക്കൈ ഭൂരിപക്ഷ സമുദായത്തിനായിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഹിന്ദുക്കള്‍ക്കിടയില്‍ കര്‍ണാടകയിലെ ജാതിഘടന തന്നെയാണ് നിലനില്‍ക്കുന്നത്. ഭൂസ്വത്തുക്കളിലേറെയും വരേണ്യജാതിക്കാരുടെ കൈവശമായിരുന്നു. സാമ്പത്തിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കര്‍ണാടകയുമായി ബന്ധം പുലര്‍ത്തിയിരുന്ന അവരില്‍ വലിയൊരു വിഭാഗം ക്രമേണ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും ഭാഗമായി മാറുകയായിരുന്നു.

ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കാസര്‍കോടിന്റെ സാമ്പത്തിക ബന്ധങ്ങളേയും ഭൗതിക ജീവിത സാഹചര്യത്തെത്തന്നെയും മാറ്റിമറിക്കുകയായിരുന്നു. കൃഷിയിലും അനുബന്ധ തൊഴിലുകളിലും ചെറുകിട വ്യാപാരത്തിലുമൊക്കെ കഴിഞ്ഞുകൂടിയിരുന്നവരുടെ ലളിതജീവിതം ഗള്‍ഫ് പണത്താല്‍ മാറിമറിയുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും ചെയ്തപ്പോള്‍ അതിന്റെ ഓരം ചേര്‍ന്ന് രംഗപ്രവേശം ചെയ്ത മതമൗലികവാദവും അതേ ചുവടു പിടിച്ചെത്തിയ വര്‍ഗ്ഗീയ രാഷ്ട്രീയവും ഇന്ന് ആ നാടിന്റെ മനസ്സിനെ വിഷലിപ്തമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫിലേക്കു പോയ മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ ബന്ധുക്കളേയും അയല്‍ക്കാരേയുമൊക്കെ തങ്ങളുടെ വഴിയേ സാമ്പത്തിക പുരോഗതിയിലേയ്ക്ക് നയിച്ചുവെങ്കിലും മറ്റു ജാതിമത വിഭാഗത്തില്‍പ്പെട്ടവര്‍ ഗോവയിലും ബോംബെയിലും വിദേശത്തുമടക്കം പോയി സാമ്പത്തിക പുരോഗതി നേടിയപ്പോള്‍ തങ്ങളുടെ ബന്ധുക്കളെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതും സമുദായികമായിത്തന്നെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അന്തരമുണ്ടാകുന്നതിനു വഴിതെളിച്ചുവെന്ന് യക്ഷഗാനവിദഗ്ദ്ധനും സാംസ്‌കാരിക പൊതുപ്രവര്‍ത്തകനുമായ ശങ്കര്‍ റായ് മാസ്റ്ററെപ്പോലെയുള്ളവര്‍ നിരീക്ഷിക്കുന്നു. എന്തുതന്നെയായാലും കാസര്‍കോട് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും 1980കള്‍ തൊട്ട് വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലുണ്ടായ സാമ്പത്തിക അന്തരം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാനാകും.

അപ്രത്യക്ഷമാകുന്ന സാംസ്‌കാരിക ചിഹ്നങ്ങള്‍ 

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ സാംസ്‌കാരികമായ ഒരുമയുടേയും സ്‌നേഹത്തിന്റേയും സഹിഷ്ണുതയുടേയും പാരസ്പര്യത്തിന്റേയുമൊക്കെ പ്രതീകങ്ങളായിരുന്ന പല സാംസ്‌കാരിക ചിഹ്നങ്ങളും നാട്ടുവഴക്കങ്ങളുമൊക്കെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏതാനും പതിറ്റാണ്ടു മുന്‍പുവരെ ഈ ഗ്രാമങ്ങളില്‍ 'മൂസക്കുട്ടന്‍' എന്ന് ആളുകള്‍ വിളിച്ചിരുന്ന മുട്ടനാടുകളെ കാണാമായിരുന്നു. കഴുത്തില്‍ കെട്ടിത്തൂക്കിയ സഞ്ചിയും അതില്‍ വിശ്വാസികള്‍ നിക്ഷേപിക്കുന്ന നാണയത്തുട്ടുകളുമായി തോന്നുംപടി അലഞ്ഞിരുന്ന മുട്ടനാടുകളെ യാഥാസ്ഥിതിക വിശ്വാസികള്‍ ഉള്ളാള്‍ ദര്‍ഗ്ഗയിലേയ്ക്ക് നേര്‍ച്ചയായി നേരുന്നവയായിരുന്നു. ജാതിമതഭേദമന്യേ ആളുകള്‍ മൂസക്കുട്ടന്റെ സഞ്ചിയില്‍ നാണയത്തുട്ടുകള്‍ നിക്ഷേപിച്ചിരുന്നു. വ്യത്യസ്ത ജാതിമത വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അതിനെ ഒരു വിഭാഗത്തിന്റെ വിശ്വാസപ്രതീകമായി കാണാതിരുന്ന നാളുകള്‍വരെ അത് തുടര്‍ന്നു. ഇന്ന് മൂസക്കുട്ടന്റെ ചിത്രം പ്രായമായരുടെ ഓര്‍മ്മയില്‍ മാത്രമാണുള്ളത്. 

മുഹറം ആഘോഷവേളയില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍തോറും കയറിയിറങ്ങിയിരുന്ന പ്രാദേശിക മാപ്പിള കലാരൂപമായിരുന്നു 'ആലാമിക്കളി.' പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കാസര്‍കോടന്‍ ഗ്രാമങ്ങളിലെ ഹിന്ദുമുസ്‌ലിം മൈത്രിയുടെ നല്ലൊരു പ്രതീകമായിരുന്ന ആലാമിക്കളിയെക്കുറിച്ചുള്ള സൂചനകള്‍ ഇന്നൊരു സ്ഥലപ്പേരില്‍ മാത്രമൊതുങ്ങുന്നു. 

ഉമ്മച്ചിത്തെയ്യം
ഉമ്മച്ചിത്തെയ്യം

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കെട്ടിയാടിയിരുന്ന തെയ്യങ്ങള്‍ മാപ്പിളമാരേയും പ്രതിനിധാനം ചെയ്തിരുന്നു. ജില്ലയില്‍ പലയിടങ്ങളിലുമുള്ള മുസ്‌ലിം പള്ളികളും തൊട്ടടുത്ത സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും തമ്മില്‍ ചരിത്രപരമായിത്തന്നെ അഭേദ്യമായ ബന്ധമുണ്ട്. മഞ്ചേശ്വരത്തിനടുത്തുള്ള ഉദ്യാവര്‍ മാടയും ജമാഅത് പള്ളിയും നല്ലൊരു ഉദാഹരണമാണ്. ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കുള്ള ഭാഗങ്ങളിലാണെങ്കില്‍ മടിയാന്‍ കൂലോം ക്ഷേത്രവും അതിഞ്ഞാല്‍ പള്ളിയും കന്നാടം പള്ളിയും മഖാമും ഏണിയാടി പള്ളിയും പാറപ്പള്ളിയും സമീപത്തുള്ള ക്ഷേത്രങ്ങളും തമ്മിലൊക്കെ ഇത്തരത്തിലുള്ള ബന്ധങ്ങള്‍ കാണാം. ഉത്സവങ്ങളിലും ഉറൂസ് നേര്‍ച്ചകളിലുമൊക്കെ വിവിധ സമുദായങ്ങള്‍ പ്രകടിപ്പിക്കുന്ന ബന്ധം കൂട്ടായ്മയുടേയും പരസ്പര സഹകരണത്തിന്റേയും അടയാളങ്ങളാണ്. ഈ അടയാളങ്ങളെയൊക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. കുമ്പളയിലെ ആലിത്തെയ്യം, മാലോത്തെ മുക്രിപ്പോക്കര്‍ തെയ്യം, കാക്കട്ടെ ഉമ്മിച്ചി തെയ്യം, ബപ്പിരിയന്‍ തെയ്യം തുടങ്ങിയ മാപ്പിളതെയ്യങ്ങള്‍ അന്യംനിന്നുപോകുവാന്‍ വേണ്ടി ആഗ്രഹിക്കുന്നതിലും അതിനായി ശ്രമിക്കുന്നതിലും വിവിധ വിഭാഗങ്ങളിലെ വര്‍ഗ്ഗീയവാദികളുണ്ട്. 

കാസര്‍കോടന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന വര്‍ഗ്ഗീയവാദികളുടെ അജന്‍ഡ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ലക്ഷ്യമല്ല. മുസ്ലിങ്ങളുടെയിടയില്‍ വിവിധ വിഭാഗങ്ങള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ടിവിടെ. സുന്നി വിഭാഗങ്ങളും മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐയും പി.ഡി.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ തരാതരംപോലെ പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പു വരുമ്പോള്‍ അവരെല്ലാം വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാവുന്നു. മറുവശത്ത് സംഘപരിവാര്‍ മേല്‍നോട്ടത്തില്‍ വിവിധ ജാതി സംഘടനകളും പ്രവര്‍ത്തിക്കുന്നു. സൗകര്യാനുസരണം പോലെ പേര് മാറ്റുന്ന ശ്രീരാമസേനയും ഹനുമാന്‍ സേനയും ബജ്‌രംഗ്ദളും ഹിന്ദു ജാഗരണ്‍ സമിതിയും വിശ്വഹിന്ദു പരിഷത്തുമുണ്ട്. ഈയടുത്ത കാലത്തായി തെക്കന്‍ കര്‍ണാടകത്തിലെ ചില കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ട്രസ്റ്റുകള്‍ മൈക്രോഫിനാന്‍സ് സംവിധാനത്തിലൂടെ ദുര്‍ബ്ബല സാമ്പത്തിക സാഹചര്യങ്ങളുള്ള ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനമുറപ്പിക്കുന്നുണ്ട്. തവണ വ്യവസ്ഥയില്‍ തിരിച്ചടക്കുവാനുള്ള സൗകര്യത്തോടെ പലിശയ്ക്കു പണം കടം കൊടുക്കുമ്പോള്‍ അവര്‍ സംഘപരിവാര്‍ വര്‍ഗ്ഗീയതകൂടി വടക്കന്‍ കാസര്‍കോട്ടെ കന്നഡതുളു കുടുംബങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളിലുള്ളതുപോലുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളും മൈക്രോഫിനാന്‍സ് സംവിധാനങ്ങളും അതിര്‍ത്തി പഞ്ചായത്തുകളില്‍ സക്രിയമല്ലാത്തത് സംഘപരിവാര്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന പലിശസംഘങ്ങള്‍ക്ക് പ്രവര്‍ത്തന സാഹചര്യമൊരുക്കുന്നു. 

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിഫലിച്ച വര്‍ഗ്ഗീയത 

കാസര്‍കോട് നഗരത്തിന്റെ തെക്കുഭാഗത്തുകൂടിയൊഴുകുന്ന ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള കാസര്‍കോട്, മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളിലും മൂന്നു പതിറ്റാണ്ടിലേറെക്കാലമായി മുഴച്ചുനില്‍ക്കുന്നത് വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണവുമാണ്. ആസൂത്രിതമായ വര്‍ഗ്ഗീയ പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടങ്ങുന്നതും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഗുണങ്ങള്‍ മുസ്!ലിം ലീഗും ബി.ജെ.പിയും അനുഭവിച്ചുതുടങ്ങിയതും 1987ലെ തെരഞ്ഞെടുപ്പു തൊട്ടാണ്. സി.ടി. അഹമ്മദലി 1980 മുതല്‍ 31 വര്‍ഷക്കാലം കാസര്‍കോട്ട് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1980ലേയും '82-ലേയും തെരഞ്ഞെടുപ്പുകളില്‍ വര്‍ഗ്ഗീയ പ്രചാരണവും സാമുദായിക ധ്രുവീകരണവും ശക്തമായിട്ടുണ്ടായിരുന്നില്ല. അതുപോലെ തന്നെ 1980ല്‍ ചെര്‍ക്കളം അബ്ദുല്ല മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കിലും വര്‍ഗ്ഗീയ കാര്‍ഡ് വിലപ്പോയില്ല. മഞ്ചേശ്വരത്ത് 1980ലേയും '82-ലേയും തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ നേതാവും ജനകീയ ഭിഷഗ്വരനുമായിരുന്ന ഡോ. സുബ്ബറാവുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

എന്നാല്‍, 1987ലെ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കളം അബ്ദുള്ളയും മുസ്‌ലിം ലീഗും മഞ്ചേശ്വരത്ത് കൃത്യമായ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് നടത്തിയത്. ആ തെരഞ്ഞെടുപ്പില്‍ ശങ്കര ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയും സമാനമായ വര്‍ഗ്ഗീയ കാര്‍ഡ് തന്നെ കളിച്ചു. തുടര്‍ന്നുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കാസര്‍കോടും മഞ്ചേശ്വരത്തും മുസ്‌ലിം ലീഗും ബി.ജെ.പിയും പച്ചയായ വര്‍ഗ്ഗീയ ധ്രുവീകരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 1990ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജി. മാരാര്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കര്‍ണാടകയില്‍നിന്നും വടക്കേ ഇന്ത്യയില്‍നിന്നും അടക്കം ആര്‍.എസ്.എസ് പ്രചാരകര്‍ മഞ്ചേശ്വരത്ത് വന്നു തമ്പടിച്ച് പ്രചാരണത്തിനിറങ്ങുന്നത് 1990 മുതലാണ് (അക്കാലത്ത് ഏറെ അറിയപ്പെടാതിരുന്ന, ആര്‍.എസ്.എസ്സിന്റെ പൂര്‍ണ്ണസമയ പ്രചാരകനായിരുന്ന നരേന്ദ്ര മോദി മഞ്ചേശ്വരത്ത് കുറച്ചു ദിവസങ്ങള്‍ പ്രചാരണം ആസൂത്രണത്തിനായി ഉണ്ടായിരുന്നുവെന്ന കാര്യം ഒരു പഴയകാല ബി.ജെ.പി നേതാവ് ഓര്‍ത്തെടുക്കുന്നു). 

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തത് മറ്റു സ്ഥലങ്ങളിലേതുപോലെതന്നെ കാസര്‍കോട്ടെ മുസ്!ലിം ജനവിഭാഗത്തേയും ആശങ്കയിലാക്കിയിരുന്നു. വടക്കന്‍ കാസര്‍കോട്ടെ വര്‍ഗ്ഗീയ രാഷ്ട്രീയകുതിപ്പിനു വലിയ ഊര്‍ജ്ജം പകര്‍ന്ന സംഭവമായിരുന്നു അത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനോടുബന്ധിച്ചും തുടര്‍ന്നുണ്ടായ ഡിസംബര്‍ ആറ് ആചരണങ്ങളുടേയും ഭാഗമായി ഇരുസമുദായങ്ങളില്‍നിന്നുമായി മുപ്പതോളം ജീവനുകള്‍ കവര്‍ന്നെടുക്കപ്പെട്ടു. 

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുകളിലെ മുസ്‌ലിം വര്‍ഗ്ഗീയതയുടെ തേരോട്ടത്തിന് ഒരു തിരിച്ചടിയുണ്ടായത് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി സി.എച്ച്. കുഞ്ഞമ്പു നല്ല മാര്‍ജിനില്‍ വിജയിച്ചുകയറി. ജില്ലയിലെ ശക്തമായ മതനിരപേക്ഷ പ്രസ്ഥാനങ്ങളില്‍ ഒന്നായ സി.പി.എമ്മിന് ആ തെരഞ്ഞെടുപ്പുനേട്ടം തുടര്‍ന്ന് നിലനിര്‍ത്തുവാനായില്ല. ഇതിലേക്കു നയിച്ച കാരണങ്ങളിലൊന്ന് മുസ്‌ലിം വര്‍ഗ്ഗീയ വാദികളുടെ രാഷ്ട്രീയ തന്ത്രങ്ങളാണ്. ലീഗ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ജില്ലയിലെ ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുസ്‌ലിം ലീഗ് കൃത്യമായി മുതലെടുത്തത് സി.പി.എമ്മിനെ ഭൂരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു.

സികെ കുഞ്ഞമ്പു
സികെ കുഞ്ഞമ്പു

കാസര്‍കോടിന്റെ അധോലോക വേരുകളെക്കുറിച്ച് പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയത് 1989 ഏപ്രില്‍ 29ന് നടന്ന ഹംസ വധത്തോടുകൂടിയാണ്. അധോലോക ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നടക്കുമ്പോള്‍ സമാന്തരമായിത്തന്നെ വര്‍ഗ്ഗീയ ധ്രുവീകരണവുമുണ്ടാകുന്നു. വര്‍ഗ്ഗീയ പ്രശ്‌നങ്ങളെ അധമ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായിട്ട് ഉപയോഗിക്കുന്നു. മണല്‍ക്കടത്തും സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു വ്യാപാരവും നിലയ്ക്കുന്നില്ല. 

1990കളില്‍ കാസര്‍കോട് ജില്ലയിലെ ഊര്‍ജ്ജസ്വലനായ യുവരാഷ്ട്രീയ നേതാവായിരുന്ന് ഭാസ്‌കര കുമ്പളയുടെ വധമാണ് കാസര്‍കോട്ടെ രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കിയ സംഭവം. വര്‍ഗ്ഗീയവാദത്തിന്റെ കൊലക്കത്തിക്കായിരുന്നു അദ്ദേഹം ഇരയായത്. കന്നഡ സാംസ്‌കാരിക പശ്ചാത്തലമുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെയിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഭാസ്‌കര കുമ്പളയുടെ പ്രവര്‍ത്തനശേഷിയും നേതൃത്വപാടവവും തിരിച്ചറിഞ്ഞ ക്രിമിനലുകള്‍ 1997 ഏപ്രില്‍ 22ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. ആ കൊലപാതകം ആ നാട്ടിലെ മതേതര ജനാധിപത്യ മുന്നേറ്റത്തിനേറ്റ അപരിഹാര്യമായ ക്ഷതമായിരുന്നു. വര്‍ഗ്ഗീയ വാദികളേയും അധോലോകഗുണ്ടാമാഫിയ കൂട്ടുകെട്ടിനേയുമൊക്കെ നിര്‍വീര്യമാക്കണങ്കില്‍ അവിടങ്ങളിലെ യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടെയുമിടയില്‍ മതേതര ജനാധിപത്യബോധം സൃഷ്ടിക്കപ്പെടണം.

വിദ്യാഭ്യാസത്തിന്റേയും വികസനത്തിന്റേയും അഭാവം 

കേരളത്തിലെ പൊതുവായ വികസന മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ അതിര്‍ത്തി പഞ്ചായത്തുകളൊക്കെ ഏറെ പിറകിലാണ്. ദീര്‍ഘകാലം ആ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ജനപ്രതിനിധികള്‍ക്ക് ഈ പ്രശ്‌നത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല. പതിറ്റാണ്ടുകളായി പൊതുവിദ്യാഭാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഏതാനും ദശകങ്ങളിലായി സ്ഥാപിക്കപ്പെട്ട സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വിവിധ ജാതിമത വിഭാഗങ്ങളുടെ മാനേജുമെന്റുകളുടെ വകയാണ്. തങ്ങളുടെ വിഭാഗത്തിന്റെ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുകയെന്ന ശീലം വിവിധ ജാതിമത വിഭാഗങ്ങളില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുന്‍പൊക്കെ പൊതുവിദ്യാലയങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് ജാതിമത പരിഗണനകളൊന്നും കൂടാതെയുള്ള പൊതുവിദ്യാഭ്യാസം നേടിയ തലമുറയില്‍ ചെറുപ്പം മുതലെ സൗഹാര്‍ദ്ദവും മതേതര ചിന്താഗതികളും നിലനിന്നിരുന്നുവെന്ന കാര്യം കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ സാംസ്‌കാരിക പൊതുപ്രവര്‍ത്തന കാര്യങ്ങളിലെ സജീവസാന്നിധ്യമായ കെ.ആര്‍. ജയാനന്ദ ഓര്‍ത്തെടുക്കുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കാസര്‍കോട് ജില്ലയുടെ സ്ഥാനം സംസ്ഥാനത്തുതന്നെ ഏറ്റവും പിറകിലാണ്. കോളേജുകളും ശാസ്ത്രസാങ്കേതികവൈദ്യശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും കുറവാണ്. കാസര്‍കോട് ജില്ലയില്‍ ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണമെന്നുള്ള ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ ശിപാര്‍ശകള്‍ ഇതുവരേയും നടപ്പായിട്ടില്ല. വര്‍ഷാവര്‍ഷം ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്നു പഠിക്കാന്‍ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയില്ല. ഇവയുടെ അഭാവത്തില്‍ തുടര്‍പഠനത്തിന് അവര്‍ മംഗലാപുരത്തെ ആശ്രയിക്കുകയും ചെയ്യുന്നു. മംഗലാപുരത്ത് ഇപ്പോള്‍ ശക്തമായിട്ടുള്ള സംഘപരിവാര്‍ രാഷ്ട്രീയം അവിടെ പഠിച്ചിറങ്ങുന്ന വടക്കന്‍ കാസര്‍കോട്ടുകാരായ വിദ്യാര്‍ത്ഥികളേയും സ്വാഭാവികമായി സ്വാധീനിക്കുന്നുണ്ട്. 

ഭരണകൂട സ്ഥാപനങ്ങളേയും ആധുനിക സാങ്കേതികവിദ്യയേയുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഫാസിസം പിടിമുറുക്കുകയാണ്. കാസര്‍കോട്ടെ യുവാക്കള്‍ക്കിടയിലും ചലനമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഈ പശ്ചാത്തലത്തിലാണ് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കായിക വിനോദ മത്സരങ്ങള്‍പോലും മതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുന്നത്. 

ഏതാനും ദശകങ്ങള്‍ക്കു മുന്‍പുവരെ മഞ്ചേശ്വരത്തെ ഉദ്യാവര്‍ മാട മൈതാനത്തും മറ്റു പല ക്ഷേത്രങ്ങളോടനുബന്ധിച്ചും എല്ലാ വര്‍ഷവും ജന്മാഷ്ടമിയുടെ ഭാഗമായി വിവിധ ജാതി മതസ്ഥര്‍ പങ്കെടുത്തിരുന്ന കബഡിയടക്കമുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു പോന്നിരുന്നു. വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍പ്പെട്ടിരുന്നവര്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കലാകായിക മത്സരത്തില്‍ പങ്കെടുത്തിരുന്നത് പ്രായമായവരുടെ ഓര്‍മ്മകളില്‍ മാത്രമാണിന്നുള്ളത്. കേരളീയ മനസ്സുകളില്‍ അരിച്ചിറങ്ങാന്‍ പലവിധ വഴികള്‍ തേടുന്ന സാംസ്‌കാരിക വര്‍ഗ്ഗീയതയുടെ വിഷ വൈറസിനെ ഉന്മൂലനം ചെയ്യേണ്ടത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com