'ദീര്‍ഘമായി എഴുതി ഞാന്‍ ഒരിക്കലും വായനക്കാരെ  ബോറടിപ്പിക്കില്ല...' 

അകത്തെ മുറിയില്‍ പുസ്തകങ്ങള്‍ ഒരു ഗ്രാമീണ ലൈബ്രറിയിലെന്നപോലെ ഷെല്‍ഫുകളില്‍ അടുക്കിവെച്ചിരിക്കുന്നു. അപ്രധാനമെന്നു തോന്നുന്ന പുസ്തകങ്ങളൊന്നും മുറിയിലെ ആ ബുക്ക് ഷെല്‍ഫുകളില്‍ ഇല്ല
'ദീര്‍ഘമായി എഴുതി ഞാന്‍ ഒരിക്കലും വായനക്കാരെ  ബോറടിപ്പിക്കില്ല...' 

രാമചന്ദ്രാ, ആ അലമാരയില്‍നിന്ന് ഭാരതീയ ഭാഷാപരിഷത്തിന്റെ പുസ്തകമെടുക്കൂ -''

ടി. പത്മനാഭന്‍ പറഞ്ഞു. 

അകത്തെ മുറിയില്‍ പുസ്തകങ്ങള്‍ ഒരു ഗ്രാമീണ ലൈബ്രറിയിലെന്നപോലെ ഷെല്‍ഫുകളില്‍ അടുക്കിവെച്ചിരിക്കുന്നു. അപ്രധാനമെന്നു തോന്നുന്ന പുസ്തകങ്ങളൊന്നും മുറിയിലെ ആ ബുക്ക് ഷെല്‍ഫുകളില്‍ ഇല്ല. മിക്കവാറും, വീണ്ടും വീണ്ടും വായിച്ചവ. വിദേശ യാത്രകളില്‍ വലിയ വില കൊടുത്തു വാങ്ങിയവ. ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ച കൃതികള്‍. കാലപ്പഴക്കം പുസ്തകങ്ങളുടെ നിറം മാറ്റിയിട്ടുണ്ട്. പേജുകള്‍ അടര്‍ന്നു വീഴുന്നവ...

ആ കിടപ്പുമുറി തന്നെ ഒരു ലൈബ്രറിയാണെന്നു പറയാം.

എഴുതുക മാത്രമല്ല, നിരന്തരമായി വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളാണ് മുന്നിലിരിക്കുന്നത്.

രാമചന്ദ്രന്‍ പുസ്തകമെടുത്തു വന്നു. ഭാരതീയ ഭാഷാ പരിഷത്ത്, കല്‍ക്കത്ത പുറത്തിറക്കിയ മികച്ച ഇന്ത്യന്‍ കഥകളുടെ സമാഹാരം. 'ഭാരതീയ ശ്രേഷ്ഠ കഹാനീയാം.'

''വലിയൊരു സാഹിത്യ പ്രസ്ഥാനമാണ് ഭാരതീയ ഭാഷാ പരിഷത്ത്'' എന്നു പറയാം, ടി. പത്മനാഭന്‍ പറഞ്ഞു:

''ഇന്ത്യയിലെ എല്ലാ എഴുത്തുകാരേയും ആദരവോടെ പ്രചോദിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഘടന. കല്‍ക്കത്തയില്‍ അവര്‍ക്ക് സ്വന്തമായി വലിയ കെട്ടിടവും പ്രസാധന ശാലയും സെമിനാര്‍ ഹാളും...ഒക്കെയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലെ ഒരു ഭാഷയിലെ സാഹിത്യകൃതിക്ക് അവര്‍ പുരസ്‌കാരം നല്‍കും. പിന്നെ ഒന്‍പതു വര്‍ഷം കഴിഞ്ഞേ അതേ ഭാഷയില്‍ വീണ്ടും പുരസ്‌കാരത്തിനായി രചനകള്‍ തിരഞ്ഞെടുക്കുകയുള്ളൂ. ഇന്ത്യയിലെ മുഴുവന്‍ ഭാഷകളേയും ഉള്‍ക്കൊള്ളുന്നതിനുവേണ്ടിയാണത്. 

മലയാളത്തില്‍നിന്ന് മൂന്നു പേര്‍ക്കു മാത്രമാണ് ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം കിട്ടിയത്. ഒ.എന്‍.വി, എം.ടി., ടി. പത്മനാഭന്‍.''

'ഭാരതീയ ശ്രേഷ്ഠ കഹാനീയാം' എന്ന ഹിന്ദിയില്‍ അച്ചടിച്ച വലിയ പുസ്തകത്തിന്റെ താളുകള്‍ പത്മനാഭന്‍ മറിച്ചു. 1989-ല്‍ പുറത്തിറങ്ങിയ  പതിപ്പാണ് പത്മനാഭന്റെ ലൈബ്രറിയില്‍ ഉള്ളത്. അതില്‍ ആദ്യ കഥ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണ്.

'ടാഗോര്‍!'

പത്മനാഭന്‍ ആ പേര് ഉറപ്പിച്ചു നിര്‍ത്തിയ സ്നേഹത്തോടെ ഉച്ചരിച്ചു. അനന്തമായ ഒരു സാഹിത്യവിസ്മയത്തിന്റെ പേരാണ് ടാഗോര്‍ എന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.

''ഇന്ത്യന്‍ സാഹിത്യത്തിലെ ഹിമാലയമാണ്, ടാഗോര്‍ - പത്മനാഭന്‍ പറഞ്ഞു: ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു പഴക്കമോ വിരസതയോ തോന്നാത്തവിധം ഉജ്ജ്വലമായിത്തന്നെ നില്‍ക്കുന്ന ശ്രേഷ്ഠമായ സാഹിത്യമാണ് ടാഗോര്‍ എഴുതിയത്. ആര്‍ക്ക് എഴുതാന്‍ കഴിയും അങ്ങനെ... ടാഗോറിലൂടെയാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആത്മാവ് ലോകം അറിയുന്നത്. ആ ഭാഷ, അതിലൂടെ ടാഗോര്‍ ഹൃദയത്തെ ചേര്‍ത്തുപിടിച്ചാണ് എഴുതിയത്...'' 

ടാഗോറില്‍നിന്നു തുടങ്ങുന്ന കഥകളില്‍, ഭാരതീയ ശ്രേഷ്ഠ കഥകളില്‍ ഉള്‍പ്പെട്ടത്, തകഴി, ടി. പത്മനാഭന്‍, കോവിലന്‍, മലയാറ്റൂര്‍, എം.ടി, മാധവിക്കുട്ടി, എം.പി. നാരായണപിള്ള, പുളിമാന പരമേശ്വരന്‍ പിള്ള, എം. മുകുന്ദന്‍ എന്നിവരുടെ കഥകളാണ്.

''ഈ പുസ്തകം ഞാനെടുത്തത്-'' പത്മനാഭന്‍ പറഞ്ഞു: ''ടാഗോറിന്റെ കഥ ഉള്‍പ്പെടുന്ന ഒരു കഥാസമാഹാരത്തില്‍ എന്റെ കഥ കൂടി ഉള്‍പ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നു സൂചിപ്പിക്കാനാണ്. ബംഗാളില്‍നിന്നുള്ള അതുല്യമായ രചനകളുടെ വിവര്‍ത്തനങ്ങള്‍ വായിച്ച് സ്വയം നഷ്ടപ്പെട്ട എത്രയോ ദിനരാത്രങ്ങളിലൂടെ കടന്നുപോയ ഒരു കുട്ടിയായിരുന്നു ഞാന്‍.  ഏതോ സ്വപ്നലോകത്ത് ഏറെ അന്തര്‍മുഖനായി ജീവിച്ച ഒരു കൂട്ടി. ആ  കുട്ടി വളര്‍ന്നപ്പോള്‍...''

കുട്ടിയായിരിക്കുമ്പോഴാണ് പത്മനാഭന്‍ വായനയിലൂടെ ഇന്ത്യയിലെ തന്നെ മറുകരകള്‍ കാണുന്നത്. ജീവിതത്തിന്റെ പല മുഹൂര്‍ത്തങ്ങള്‍ വിവര്‍ത്തനങ്ങളിലൂടെ നാട്ടിന്‍പുറത്തെ ആ കുട്ടിയെ തേടിയെത്തി. ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ ആ കുട്ടി ഏറെ ആകൃഷ്ടനായി.

മൂന്ന്:

ടാഗോര്‍ എന്ന ഹിമവാന്‍

ഏതോ ഓര്‍മ്മയില്‍ സ്വയം നഷ്ടപ്പെട്ടതിനു ശേഷം, ഒരുണര്‍വ്വോടെ പത്മനാഭന്‍ തുടര്‍ന്നു:

''മനുഷ്യരെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ബംഗാളി സാഹിത്യ  വിവര്‍ത്തനങ്ങള്‍ വായിച്ചതുകൊണ്ട് സാധിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തെക്കുറിച്ച്, ആ നാളുകളില്‍, കൂടുതല്‍ ആകൃഷ്ടനാകാനും ബംഗാളില്‍നിന്നുള്ള കൃതികളുടെ വായന വലിയ സ്വാധീനശക്തിയായി നില നിന്നു. ഒരു കാര്യത്തിലേക്ക് വെളിച്ചം കടത്തിവിടുക, ബോധത്തെ പ്രകാശത്തില്‍ നിര്‍ത്തുക... ഒരു മികച്ച കൃതി എപ്പോഴും നമ്മില്‍ പ്രകാശബിന്ദുവായി നിലനില്‍ക്കും. ഞാന്‍ കുട്ടിക്കാലത്ത് ആവേശത്തോടെ  ബംഗാളി സാഹിത്യം വായിച്ചു. വിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ, താരാ ശങ്കര്‍ ബാനര്‍ജി, ജരാസന്ധന്‍... 

വാസ്തവത്തില്‍, ഞാന്‍ വായനയിലൂടെ ജീവിക്കുകയായിരുന്നു. ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ 'ആരണ്യക്' ഇപ്പോള്‍ വായിച്ചാലും ഞാന്‍ കരയും. നാം ആദിവാസികളോട് ചെയ്ത അനീതികള്‍, ക്രൂരതകള്‍... ഇല്ല, ഇത്ര കാലമായിട്ടും നാം അവരോട് നീതി ചെയ്തിട്ടില്ല. ആ നോവല്‍, സാഹിത്യകൃതി എന്ന നിലയിലും വളരെ ഉയര്‍ന്നാണ് നില്‍ക്കുന്നത്...''

ബംഗാള്‍ സാഹിത്യത്തിന്റെ വിശാലമായ ആ ലോകത്തേക്ക് എങ്ങനെയാണ് എത്തുന്നത്, അവയുടെ വിവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ടി. പത്മനാഭന്‍ പറഞ്ഞു:

''ശരിക്കും ആദ്യം വായിച്ച വിവര്‍ത്തനം, 'പാവങ്ങള്‍' - നാലപ്പാട്ട് നാരായണമേനോന്‍ വിവര്‍ത്തനം ചെയ്തതായിരുന്നു. ഒരെഴുത്തുകാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും 'പാവങ്ങള്‍' എന്നില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മരണം വരെ നിലനില്‍ക്കുന്ന സ്വാധീനമാണത്. ചില കൃതികള്‍, മഹത്തരമാകുമ്പോഴും അവ ചെലുത്തുന്ന സ്വാധീനം ശാശ്വതമായി നിലനില്‍ക്കണമെന്നില്ല. എന്നാല്‍, വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളുടെ' സ്വാധീനം അത് വായിച്ച വായനക്കാരെ മരണം വരെ പിന്തുടരാതിരിക്കില്ല...
 
പിന്നീട്, അതിന്റെ ഇംഗ്ലീഷ് വായിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴും വിവര്‍ത്തനമാണ് മനസ്സില്‍ നില്‍ക്കുന്നത്. മൂലകൃതിയുടെ സ്പിരിറ്റ് ഒട്ടും ചോരാത്ത പരിഭാഷയാണ് നാലപ്പാട്ട് ചെയ്തത്. മലയാളികളെ കാലാതീതമായി സ്വാധീനിക്കുന്ന, നമ്മെ അതിലെ അനുഭവലോകത്തേക്ക് പിടിച്ചിടുന്ന ഒരു പുസ്തകം.

നാല്:

ബാല്യം, അമ്മ, അച്ഛന്‍

''ആ പുസ്തകം ആകര്‍ഷിക്കാന്‍ അത്രമേല്‍ കാരണം?''

''ദാരിദ്ര്യം. ഇല്ലായ്മ... ബാല്യത്തില്‍ അത്തരം അനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ  വീട്ടുപറമ്പിലേക്ക് ചാഞ്ഞുനിന്ന അയല്‍വീട്ടിലെ മാവിന്‍ക്കൊമ്പില്‍നിന്നുള്ള മാങ്ങ പറിച്ച് അമ്മ പൂളിത്തരും. അതാണ് ആ ദിവസത്തെ... വിശപ്പറിഞ്ഞിരുന്നു. അതുകൊണ്ടു കൂടിയായിരിക്കാം, 'പാവങ്ങള്‍' എന്നെ അഗാധമായി സ്പര്‍ശിച്ചത്. നീതി, നന്മ, വിശപ്പ്, കരുണ... എല്ലാം ആ പുസ്തകത്തിലുണ്ടല്ലോ.''
പുസ്തകങ്ങളെക്കുറിച്ചു തുടങ്ങിയ ഈ വര്‍ത്തമാനം പെട്ടെന്നു ജീവിതത്തെക്കുറിച്ചായി മാറുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ബാല്യം' എന്ന വിഷയത്തെക്കുറിച്ചു മാത്രം സംസാരിക്കാമെന്നും ആ ഓര്‍മ്മകള്‍ ഒരു പുസ്തകമായി രൂപപ്പെടുത്താമെന്നും പറഞ്ഞപ്പോള്‍, പത്മനാഭന്‍ പറഞ്ഞു:

''അമ്മയെക്കുറിച്ച് പറയാനുണ്ടാവും. അച്ഛനെക്കുറിച്ച് അമ്മയില്‍നിന്ന് കേട്ട കഥകള്‍ മാത്രമാണ്...''

''അമ്മയില്‍നിന്നു കേട്ട ആ അച്ഛന്‍ ഓര്‍മ്മകള്‍?''

''അച്ഛന്‍ സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അമ്മ പറഞ്ഞിട്ടുണ്ട്, അച്ഛന്‍ നല്ല വെളുത്തിട്ടാണ് എന്നൊക്കെ. ഭയങ്കര ശുദ്ധിക്കാരനാണ്. എന്നുവെച്ചാല്‍, അടുക്കും ചിട്ടയും മാന്യമായ വസ്ത്രധാരണയും... അച്ഛന്‍ ഏറെ കാലം മദിരാശിയിലായിരുന്നു. പിന്നീട് ഞാന്‍ മദ്രാസ് ലോ കോളേജില്‍ (ചട്ടക്കല്ലൂരി എന്നാണ് ലോ കോളേജിനെ തമിഴില്‍ പറയുക) പഠിക്കുമ്പോള്‍ അമ്മ അച്ഛന്റെ കൂടെ താമസിച്ച വാടക വീട്, അച്ഛനോടൊപ്പം നടന്ന വഴികള്‍, അച്ഛന്‍ കണ്ട നഗരം...

അമ്മയുടെ കൈ പിടിച്ച് ഞാനതിലൂടെയൊക്കെ നടന്നു. ഞാന്‍ മാത്രമല്ല, ഏട്ടനും ഒപ്പമുണ്ടായിരുന്നു... 

അപ്പോള്‍, അദൃശ്യനായി അച്ഛന്‍ ഞങ്ങളെ പിന്തുടരുന്നതായി തോന്നി. ശരിക്കും, ഏട്ടനായിരുന്നു ഞങ്ങളുടെ കുടുംബനാഥന്‍. മരങ്ങളെ ഒരുപാട് സ്നേഹിച്ച ആളായിരുന്നു ഏട്ടന്‍... പഠനത്തില്‍ മിടുക്കനായ എന്നോട് ഏട്ടന്‍ പറഞ്ഞു: പഠിച്ച് നീ വളരെ ഉയരത്തിലെത്തണം...''

''ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ചേരാനായിരുന്നു എനിക്കാഗ്രഹം. എന്നാല്‍, ഏട്ടന്‍ പറഞ്ഞു: വലിയൊരു ഹൈസ്‌കൂള്‍ മാത്രമല്ലെ ബ്രണ്ണന്‍ കോളേജ്. നീ വലിയ സര്‍വ്വകലാശാല പോലെയുള്ള എവിടെയെങ്കിലും... ആദ്യം, തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിലായിരുന്നു. ഒരു മാസം അവിടെ പഠിച്ചു. പിന്നെ മാനസികമായ ഒരു വിരക്തികൊണ്ടോ എന്തോ അവിടെനിന്ന് പിന്‍വാങ്ങി. അപ്പോഴേയ്ക്കും മംഗലാപുരം ഗവ. കോളേജില്‍ അഡ്മിഷന്‍ കിട്ടി. എം.ഐ. ഹാഷിമിയായിരുന്നു, പ്രിന്‍സിപ്പാള്‍. ഗംഭീരനായ പ്രിന്‍സിപ്പാളാണ്. അറിവും അനുഭവവുംകൊണ്ട്... അദ്ദേഹം ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഇംഗ്ലണ്ടിലൊക്കെ പോയി പഠിച്ചുവന്ന ആളാണ് എം.ഐ. ഹാഷിമി... മികച്ച വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് അദ്ദേഹം കയ്യൊപ്പിട്ടു തന്ന പുസ്തകങ്ങള്‍ അലമാരയിലിപ്പോഴും ഉണ്ട്... മംഗലാപുരം ഗവ. കോളേജില്‍നിന്ന് പിന്നെ മദ്രാസ് ലോ കോളേജിലേക്ക്...''

''അമ്മയെക്കുറിച്ച് പറഞ്ഞല്ലൊ, അമ്മ തപ്പിത്തടഞ്ഞ് 'ഹിന്ദു'വൊക്കെ വായിക്കുമായിരുന്നു. വര്‍ണ്ണനൂലുകള്‍കൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ മനോഹരമായി എംബ്രോയിഡറി ചെയ്യുമായിരുന്നു... ഒരു ധ്യാനം പോലെയായിരുന്നു അമ്മയ്ക്കത്... അമ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എപ്പോഴും ഞാന്‍ ഒരു വിശുദ്ധിയെ വീണ്ടും വീണ്ടും തൊടുന്നതുപോലെയാണ് കടന്നുപോകുന്നത്. എന്റെ മനുഷ്യസമത്വത്തെക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തിയതില്‍ പുസ്തകങ്ങളേക്കാള്‍ വലിയ പങ്കുവഹിച്ചത് അമ്മയാണ്...

അമ്മ ഒട്ടും യാഥാസ്ഥിതികയായിരുന്നില്ല. ആ കാലത്ത് ഏറെയും യാഥാസ്ഥിതികതയോടും അന്ധവിശ്വാസങ്ങളോടും ഒട്ടിപ്പിടിച്ച് കഴിയുന്നവരായിരുന്നു. സ്വജാതിയിലുള്ളവരുമായി മാത്രമായി സഹവാസം. എന്നാല്‍, അമ്മ അങ്ങനെയേയായിരുന്നില്ല. ഒരുപക്ഷേ, അച്ഛനും അങ്ങനെയായിരിക്കില്ല. പറഞ്ഞല്ലൊ,  മനുഷ്യസമത്വബോധം അമ്മയില്‍നിന്നാണ് പകര്‍ന്നു കിട്ടുന്നത്. ആ കാലത്ത് പള്ളിക്കുന്നിലെ എല്ലാ നായര്‍ സ്ത്രീകളും പുലര്‍ച്ചെ അമ്പലക്കുളത്തില്‍ പോവുകയും... തിരിച്ചു വീട്ടിലെത്തി കീര്‍ത്തനങ്ങളാലപിക്കുകയും...

പക്ഷേ, അമ്മ അതൊന്നും ചെയ്തില്ല. മരിക്കുന്നതുവരെ അമ്മ ഏതെങ്കിലും സ്തോത്രമോ കീര്‍ത്തനമോ ചൊല്ലുന്നത് ഞാന്‍ കണ്ടിട്ടില്ല. രാവിലെ എണീറ്റ് ഭസ്മക്കൊട്ടയില്‍നിന്ന് ഒരു നുള്ളു ഭസ്മമെടുത്ത് നെറ്റിയില്‍ തടവും... അത് അമ്മ തന്നെയുണ്ടാക്കിയ ഭസ്മമായിരുന്നു. ചാണകം ഉരുട്ടി അടുപ്പിലിട്ട് ഉമിക്കരിയോടൊപ്പം ചേര്‍ത്ത് നന്നായി കത്തിച്ചാണ് ഭസ്മമുണ്ടാക്കുന്നത്. അമ്മ ഒട്ടേറെ പഞ്ചതന്ത്രം കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ ഒരു കഥ എഴുതിയിരുന്നു. പരോക്ഷമായി ആ സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്... അമ്മ പറഞ്ഞുതന്ന കഥയുടെ പുനരാഖ്യാനം പോലെയാണ് അതെഴുതിയത്...'' 

''ഭാര്യയും ഭര്‍ത്താവും വീട്ടിലിരിക്കുകയാണ്. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് മധ്യവയസ്സ് കഴിഞ്ഞ അവര്‍ രണ്ടു പേര്‍... വീടിന്റെ ഇറയത്ത് ഇരിക്കുമ്പോള്‍, മഴത്തുള്ളികള്‍ നോക്കി ഭര്‍ത്താവ് അസാധാരണമായി ഒന്നു ചിരിച്ചു. മഴ നോക്കി എന്തിനാണ് ചിരിച്ചത്... ഭാര്യ അങ്ങനെ ചോദിച്ചപ്പോള്‍ അയാള്‍ ആദ്യമൊക്കെ ഒഴിഞ്ഞുമാറി. പിന്നീട് ഭാര്യയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ അയാള്‍ ഒരു നടുക്കുന്ന സത്യം പറഞ്ഞു. മുന്‍പ് നാട്ടില്‍ ഒരു കൊലപാതകം നടന്നിരുന്നു. ഒരു കരുണാകരന്റെ... കരുണാകരന്‍ അയാളുടെ ചങ്ങാതിയും ബിസിനസ് പാര്‍ട്ണറുമായിരുന്നു. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയാരാണെന്ന് കിട്ടിയിരുന്നില്ല... വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ സംഭവം, കൊലപാതകം ചെയ്തത് ഈ മനുഷ്യനാണ്. കൊല നടക്കുമ്പോള്‍ സാഹചര്യത്തെളിവുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍, മഴ പെയ്യുന്നുണ്ടായിരുന്നു. ജീവന്‍ പോകുമ്പോള്‍, രക്തമൊലിച്ചു കിടന്ന ആ മനുഷ്യന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി, നീര്‍പ്പോളകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു: എന്റെയീ കൊലപാതകത്തിന് നിങ്ങള്‍ സാക്ഷിയാണ്...

മഴത്തുള്ളികളെ സാക്ഷിനിര്‍ത്തി അയാള്‍, കൊല്ലപ്പെട്ടു. പ്രതികളെ അന്വേഷിച്ചൊന്നും കിട്ടിയില്ല... വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് ഏതാണ്ട് എല്ലാവരും മറന്നുപോവുകയും ചെയ്തിരുന്നു... 

എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവില്‍നിന്ന് ഈ സംഭവം കേട്ട ഭാര്യ, ബന്ധുക്കളോടും പൊലീസിനോടും ഈ കഥ പറയുന്നതും... അയാള്‍ പിടിക്കപ്പെടുന്നതും... മഴത്തുള്ളിയെ സാക്ഷിയാക്കി കൊല്ലപ്പെട്ട ഒരു മനുഷ്യന്റെ കഥ പറഞ്ഞത് അമ്മയായിരുന്നു. അത് വേറൊരു സന്ദര്‍ഭത്തില്‍ ഞാന്‍ ഒരു കഥയായി... ഹിംസ ചെയ്യുമ്പോള്‍ സാഹചര്യത്തെളിവുകള്‍ എത്ര സമര്‍ത്ഥമായി കുറ്റവാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും, ഏതു കാട്ടില്‍ പോയി ഒളിച്ചാലും ഒരു തെളിവ് ബാക്കിയുണ്ടാവും. നീര്‍പ്പോളകളെ സാക്ഷിനിര്‍ത്തി അന്ത്യശ്വാസം വലിച്ചയാള്‍ എത്ര വലിയ സത്യമാണ് ലോകത്തോട് പറഞ്ഞത്...''
ഈ വര്‍ത്തമാനമൊക്കെ ടി. പത്മനാഭന്‍ പറയുമ്പോള്‍ മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു. മഴ നനയാതിരിക്കാന്‍ നായകള്‍ സണ്‍ഷേഡിന്റെ ചുവടെ നിശ്ശബ്ദരായി, ചുരുണ്ടുകൂടി ഇരുന്നു.

''ടാഗോറിനെക്കുറിച്ചു പറഞ്ഞല്ലോ. ഏറ്റവും പ്രചോദിപ്പിച്ച ഇന്ത്യന്‍ സാഹിത്യകാരന്‍ അദ്ദേഹമാണോ?''

പത്മനാഭന്‍: ''പറഞ്ഞല്ലോ, അദ്ദേഹം ഹിമാലയമാണ്. അത്രയും ഉയരത്തില്‍ വേറാരും എത്തിയിട്ടില്ല. എത്ര മനോഹരമായിട്ടാണ് അദ്ദേഹം എഴുതിയത്. തനിച്ചിരിക്കുമ്പോള്‍ നമ്മെ ആലിംഗനം ചെയ്യുന്ന വരികള്‍...''
കുറച്ചു നേരം പത്മനാഭന്‍ മൗനം പാലിച്ചു പിന്നെ തുടര്‍ന്നു: ''എന്റെ ജീവിതത്തിലെ വേദനാജനകമായ സന്ധികളില്‍, ജീവിതം മുന്നോട്ടു പോകാനാവാത്തവിധം വാതില്‍ പൂട്ടുമെന്ന അവസ്ഥയില്‍, തുടര്‍ന്നും ജീവിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നത് ടാഗോറിന്റെ വരികളാണ്. 'ഗീതാഞ്ജലി' വായിച്ചാണ് ഞാനന്ന് ദുഃഖത്തിന്റെ കഠിനമായ ദിവസങ്ങള്‍ മറികടന്നത്. വിഷമസന്ധികളെ മറികടക്കാന്‍ ടാഗോറിന്റെ വരികള്‍ എന്നെ സഹായിച്ചു. ഒരു പുസ്തകം വായിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍  വാക്കുകള്‍  സമാധാനം നിറക്കുക, പ്രത്യാശയോടെ  നമ്മെ ചേര്‍ത്തുപിടിക്കുക... ടാഗോറിനെ വായിക്കുമ്പോഴൊക്കെ ഞാനത് അനുഭവിച്ചു. എങ്ങനെയാണ് അത് വിശദീകരിക്കുക. മറ്റൊരാള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ കഴിയാത്ത നിര്‍വൃതിയാണത്.''

പത്മനാഭന്‍, ടാഗോറിന്റെ മഹത്വം വാചാലമായി പറയുകയാണ്. നമ്മുടെ കാലത്തെ വലിയൊരു കഥാകാരന് ലോകത്തിനു മുന്നില്‍ മായികവും നിഗൂഢവുമായ മിസ്റ്റിക് അനുഭൂതികള്‍ അവതരിപ്പിച്ച ടാഗോറിനോടുള്ള മുഴുവന്‍ ആദരവും ആ വാക്കുകളിലുണ്ടായിരുന്നു...

പത്മനാഭന്‍ ടാഗോറിന്റെ വരികള്‍ ഓര്‍മ്മയില്‍നിന്ന്, സ്വയം ലയിച്ചു താളാത്മകമായി ചൊല്ലുകയാണ്:

''The Sun went down in a blaze of bliss
The Moon loitered behind thet rees,
And the South wind whispered to the Jasmine.'

മറ്റൊന്നുകൂടി കേള്‍ക്കൂ,

''Thou hast made me endless, such is thy pleasure. This frail vessel thou emptiest again and again, and fillest it ever with fresh life.'

പഴയ ഒരു വൈഷ്ണവ ഗാനം ടാഗോര്‍ തര്‍ജ്ജമ ചെയ്തത് പത്മനാഭന്‍ ഓര്‍ത്തെടുത്തു:

''The  Passinate clouds of August burst into a heavy rain,
But alas! emtpy is My home!'

'വീട്ടില്‍ ആരുമില്ല, ഏകനായിരിക്കുക എന്ന അവസ്ഥ. അപ്പോള്‍ എന്താണ് കൂട്ടിനുണ്ടായിരിക്കുക? കഥകള്‍... അല്ലെങ്കില്‍ പ്രിയപ്പെട്ട കവിതകള്‍... ഒരാള്‍ തനിച്ചിരിക്കുമ്പോള്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ഓര്‍മ്മകളുടേയും വാക്കുകളുടേയും ആശ്രയത്തില്‍ മാത്രമാണ്...

ബംഗാളി സാഹിത്യത്തിന് എക്കാലത്തും അവയുടേതായ ഉയര്‍ന്ന മൂല്യങ്ങളുണ്ടായിരുന്നു. ബംഗാള്‍ ഇന്നു ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന ഒരു ചൊല്ലുതന്നെയുണ്ടല്ലോ.''

ടാഗോറിനെ കൂടാതെ രമേശ് ചന്ദ്ര ദത്ത്, തോറു ദത്ത് എന്നിവരുടെ രചനകളും പത്മനാഭന് ഏറെ ഇഷ്ടപ്പെട്ടവയാണ്. രമേശ് ചന്ദ്ര ദത്തിന്റെ ഘമസല ീള ജമഹാ ഹൃദയസ്പര്‍ശിയായ രചനയാണ്. തോറു ദത്ത് (Toru Dutt) രചനകളുടെ വിവര്‍ത്തനം മലയാളത്തില്‍ ഏറെയൊന്നും വന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു. കുഞ്ഞുകഥകള്‍ എഴുതിയ വനഫൂല്‍ പ്രിയപ്പെട്ട എഴുത്തുകാരനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാര്യര്‍ എഡിറ്ററായിരുന്ന കാലത്ത് വനഫൂല്‍ കഥകളുടെ വിവര്‍ത്തനങ്ങള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.

'ആരോഗ്യനികേതനി'ലെ ജീവന്‍ മശായി അതുല്യനായ ഒരു ഇന്ത്യന്‍ കഥാപാത്രമാണെന്ന് പത്മനാഭന്‍ പറഞ്ഞു.

''ആരോഗ്യനികേതന്‍ പോലെയുള്ള മറ്റൊന്ന്, ഇന്ത്യന്‍ ഭാഷകളില്‍ വേറെ ഉണ്ടായിട്ടില്ല. ജീവന്‍ മശായി മരണാസന്നനായി കിടക്കുമ്പോള്‍, ജീവിതത്തിലൊരിക്കലും സൈ്വര്യം കൊടുക്കാതിരുന്ന ഭാര്യ അദ്ദേഹത്തോട് ജീവിതത്തെക്കുറിച്ച് എന്തോ ചോദിച്ചപ്പോള്‍ ഒന്നും പറയാതെ വെറുതെ കൈയാംഗ്യം കാണിക്കുക മാത്രമാണ് ജീവന്‍ മശായി ചെയ്യുന്നത്.'' 

''ചിലപ്പോള്‍ ജീവിതം അങ്ങനെയല്ലേ?'' പത്മനാഭന്‍ ചോദിക്കുന്നു: ''ചില ചോദ്യങ്ങള്‍ക്ക് എന്തു മറുപടിയാണ് പറയുക? ഒരു ചിരിയോ ആംഗ്യമോ മൗനമോ അല്ലാതെ...''

അഞ്ച്:

ആരോഗ്യനികേതന്‍

ബംഗാളി സാഹിത്യലോകത്തുനിന്ന് ഇവരെ കൂടാതെ സരോജിനി നായിഡു എഴുതിയ ഇംഗ്ലീഷ് കവിതകളും അവരുടെ സഹോദരന്‍ ഹരീന്ദ്രനാഥ ചതോപദ്ധ്യായയുടെ രചനകളും പത്മനാഭന് ഏറെ പ്രിയപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.

''ആരോഗ്യനികേതനെക്കുറിച്ചു പറയുമ്പോ മറ്റൊരു ഓര്‍മ്മകൂടി മനസ്സില്‍ വരുന്നുണ്ട്-'' 

പത്മനാഭന്‍ ആ ഓര്‍മ്മ പറഞ്ഞു:

''ഞാന്‍ ആദ്യം കല്‍ക്കത്ത സന്ദര്‍ശിച്ച ഓര്‍മ്മയാണത്. അപൂര്‍വ്വമായി മാത്രം ഒരാള്‍ക്ക് കിട്ടുന്ന ചില അനുഭവങ്ങളിലൂടെ ഞാന്‍... ശ്രീരാമകൃഷ്ണ പരമഹംസരുടെ ക്ഷേത്രം പുലര്‍ച്ചെ നാലരയ്ക്കാണ് ഞാന്‍ സന്ദര്‍ശിച്ചത്. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ബേലൂര്‍ മഠവും സന്ദര്‍ശിച്ചു. അവിസ്മരണീയമായ ഒരനുഭവമായിരുന്നു അന്നുണ്ടായത്. സൂര്യന്‍ ഉദിച്ചുയര്‍ന്നു വരുന്നു. അവിടെ പുല്‍ത്തകിടില്‍ ഞാനിരുന്നു. പ്രശസ്ത ബംഗാളി ഗായകന്‍ പങ്കജ് മല്ലിക് ആലപിച്ച ശങ്കരാചാര്യര്‍ രചിച്ച ശ്ലോകം മഠത്തില്‍നിന്നു കേള്‍ക്കാം. പുലര്‍കാലത്തിന്റെ തണുപ്പും സംഗീതവും സൂര്യോദയവും...

അങ്ങനെയിരിക്കുമ്പോള്‍ ബാല്യത്തിലെന്നോ വായിച്ച ബംഗാളി കൃതികളിലെ ചില മുഹൂര്‍ത്തങ്ങളും ടാഗോറിന്റെ വരികളുമൊക്കെ മനസ്സില്‍ വന്നു. വാസ്തവത്തില്‍ അതും ഒരാത്മീയ അനുഭവമായിരുന്നു. എവിടെയെങ്കിലും തൊഴുതുനില്‍ക്കണമെന്നു തന്നെയില്ല...

ആ ദിവസം അങ്ങനെ കടന്നുപോകുമെന്നാണ് കരുതിയത്. എവിടെ ചെന്നാലും പത്രങ്ങളില്‍ ഞാന്‍ താമസിക്കുന്ന നഗരത്തില്‍ നടക്കുന്ന പരിപാടികള്‍ - ഇന്നത്തെ പരിപാടികള്‍  നോക്കാറുണ്ട്. അതുപോലെ തിയേറ്ററുകളില്‍ ഏതൊക്കെ സിനിമയാണ് കളിക്കുന്നതെന്നും... അങ്ങനെ നോക്കിയപ്പോള്‍, കല്‍ക്കത്ത കോര്‍പ്പറേഷന്‍ പരിധിക്കപ്പുറമുള്ള ഒരു ടാക്കീസില്‍ 'ആരോഗ്യ നികേതന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഏറെ ദൂരെയാണ് ടാക്കീസ്. ടാക്സിയില്‍ പോയാല്‍ ഏറെ ചാര്‍ജ്ജാകുമെന്നതിനാല്‍ ബസിലാണ് പോയത്.

അതൊരു ചെറിയ സിനിമാ ടാക്കീസായിരുന്നു. ഓലഷെഡ്ഡ് എന്നു പറയാം. വളരെ ശോചനീയമായ ഒരു തിയേറ്റര്‍...

മികച്ച സിനിമയ്ക്കുള്ള പ്രസിഡണ്ടിന്റെ ഗോള്‍ഡ് മെഡല്‍ നേടിയ സിനിമയാണ് 'ആരോഗ്യനികേതന്‍.' സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ കാണികളായി ഇരുന്ന ചില ചെറുപ്പക്കാര്‍ കൂവാന്‍ തുടങ്ങി... 'ആരോഗ്യനികേതന്‍' എന്ന മഹത്തായ നോവല്‍ അവര്‍ വായിച്ചിട്ടുണ്ടാവില്ല. മറ്റെന്തോ സിനിമ പ്രതീക്ഷിച്ചു വന്നവരായിരിക്കാം ആ ചെറുപ്പക്കാര്‍. സൈ്വര്യമായിരുന്ന് ആ സിനിമ കാണാന്‍ പറ്റിയില്ല. സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് കടുത്ത നിരാശയും ദുഃഖവും തോന്നി. ആ രാവില്‍ ജീവന്‍ മശായി മനസ്സില്‍ ആര്‍ദ്രമായ മുഖത്തോടെ, ഏകാകിയായി നടന്നുവന്നു...''

പത്മനാഭന്‍ ആ ഓര്‍മ്മയില്‍ സംഭാഷണം നിര്‍ത്തി.

ബംഗാളി സാഹിത്യം പോലെ ഇതര ഇന്ത്യന്‍ ഭാഷാ കൃതികള്‍ പത്മനാഭനെ അത്രയൊന്നും  സ്വാധീനിച്ചിട്ടില്ല.

''ഞാന്‍ രണ്ടു വര്‍ഷത്തോളമായി മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കഥയുണ്ട്. കടലാസ്സില്‍ എഴുതിയിട്ടില്ല. എന്നാല്‍, അത് മനസ്സിലെഴുതി. രണ്ടു മൂന്നു ദിവസം കൊണ്ട് ഇനിയത്...''

പത്മനാഭന്‍ എഴുതാന്‍ പോകുന്ന ആ കഥ പറഞ്ഞു. 'മരയ' എഴുതുമ്പോഴും ഇതുപോലെ പറഞ്ഞിരുന്നു...

'എന്നിട്ട്?' എന്നൊരു ചോദ്യമാണ് കഥയുടെ പേര്. 'എന്നിട്ട്?' ഒരു പ്രണയകഥയാണ്. പ്രണയമെന്നു പറയുമ്പോള്‍... അതിലൊരാള്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ആ കുട്ടി ഇപ്പോള്‍ യൗവ്വനത്തിലാണ്. അച്ഛന്‍ ജീവിച്ചിരിപ്പുമില്ല. എന്നാല്‍, ആ സ്ത്രീയുടെ മനസ്സില്‍ അവന്റെ അച്ഛനല്ലാതെ ഒരാളോട് സ്നേഹമുണ്ടായിരുന്നു. മകനതറിയാം. എന്നും, അയാളെക്കുറിച്ച് ആ സ്ത്രീ അവനോട് പറയുമായിരുന്നു. ഒരുപക്ഷേ, അച്ഛനേക്കാള്‍ കൂടുതലായി ആ സ്ത്രീ മകനോട് പറഞ്ഞത് അയാളെക്കുറിച്ചായിരുന്നു... ഒരു ദിവസം അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മകന്‍ സാക്ഷിയാവുന്നതും അവരുടെ പ്രണയം നോക്കിനില്‍ക്കുന്നതും...

അയാള്‍ അവിവാഹിതനായിരുന്നു. അവള്‍ ചോദിക്കുന്നു:

''എന്തുകൊണ്ടാണ് ഇത്രയും കാലം വിവാഹിതനാവാതെ...''

അപ്പോള്‍ അയാള്‍ പറയുന്നു: ''എന്നും എന്റെ മനസ്സില്‍ നീ മാത്രമായിരുന്നല്ലോ...''
 
അതു കേട്ട് അവള്‍ ചോദിക്കുന്നു: ''എന്നിട്ട്?''

''ഇങ്ങനെയൊക്കെയാണ് കഥ മനസ്സിലുള്ളത്. രണ്ടു വര്‍ഷമായി... അതങ്ങനെ മനസ്സിലുണ്ട്. എന്നുവെച്ച് ഒരുപാട് നീണ്ട കഥയാവണമെന്നില്ല... എഴുതുമ്പോള്‍ വളരെ ചെറിയ കഥയായിരിക്കാം. ഒരുപാട് പേജുകള്‍ ഉള്ള കഥകള്‍ എനിക്കിപ്പോള്‍ ആലോചിക്കാനേ വയ്യ... ഞാനെഴുതുന്നത് എന്റെ സന്തോഷത്തിനുവേണ്ടി മാത്രമാണ്. ചിലപ്പോള്‍ എല്ലാവരുമെഴുതുന്നത് അവരവരുടെ സന്തോഷത്തിനോ നിര്‍വ്വചിക്കാന്‍ കഴിയാത്ത ഏതോ നിര്‍വൃതിക്കോ ആയിരിക്കാം... ഇപ്പോള്‍ എഴുതിക്കഴിഞ്ഞ ഒരു കഥ ഏതു കാര്യം പറയുമ്പോഴും 'നോ പ്രോബ്ലം' എന്നു പറയാറുള്ള ഒരു സഹൃദയനായ പ്രവാസി സുഹൃത്തിനെക്കുറിച്ചാണ്. എന്തു പറയുമ്പോഴും 'നോ പ്രോബ്ലം' എന്ന് പറയുന്ന ഒരാള്‍... ആ ഒരു വാക്ക് തന്നെ ഒരു കഥയാവുമെന്ന് തോന്നി...''

എഴുതുകയും എഴുതാനിരിക്കുകയും ചെയ്യുന്ന കഥകളെക്കുറിച്ച്, ഈ പ്രായത്തിലും തുടര്‍ച്ചയായി എഴുതാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തോടെ പത്മനാഭന്‍ സംസാരിച്ചു. ''എനിക്ക് വയസ്സുമായല്ലോ... എന്റെ കഥകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നിരിക്കാം. എന്നാല്‍ ദീര്‍ഘമായി എഴുതി ഞാന്‍ ഒരിക്കലും വായനക്കാരെ  ബോറടിപ്പിക്കില്ല...'' 

''നാം ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ചാണല്ലോ പറഞ്ഞത്. ബംഗാളി സാഹിത്യം കഴിഞ്ഞാല്‍ പിന്നെ സ്വാധീനമായി നിറയുന്നത് ഇംഗ്ലീഷ് സാഹിത്യലോകമാണ്. എക്കാലവും ശാശ്വതമായി നില്‍ക്കുന്ന മഹത്തായ കൃതികള്‍. അത് അടുത്ത സന്ദര്‍ശനത്തില്‍... ഇപ്പോള്‍ ഉച്ചയുമായല്ലോ...''

കല്‍പ്പറ്റയില്‍നിന്ന് മാതൃഭൂമിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തു തിരിച്ചുവരുമ്പോള്‍ ശ്രേയാംസ് കുമാര്‍ നല്‍കിയ അവരുടെ സ്വന്തം തോട്ടത്തിലെ കോഫീ പൗഡര്‍ കൊണ്ടുള്ള  ഒരു കോഫി പത്മനാഭന്‍ സ്നേഹത്തോടെ നല്‍കി. അതു കുടിച്ച് മഴയിലേക്കിറങ്ങി.

നഗരത്തിലേക്ക് തിരിച്ചെത്തിക്കാന്‍ രാമചന്ദ്രനോട് അദ്ദേഹം പറഞ്ഞിരുന്നു...

''ഞാന്‍ തനിച്ചാണല്ലോ, ഏകനുമാണല്ലോ...'' എന്ന ടാഗോര്‍ വരികള്‍ അദ്ദേഹം ചൊല്ലുന്നുണ്ടായിരുന്നു. 

മഴയിലൂടെ പത്മനാഭന്റെ സമീപകാല കഥകളില്‍ നിരന്തര സാന്നിദ്ധ്യമായി പ്രത്യക്ഷപ്പെടുന്ന രാമചന്ദ്രന്‍ ഓട്ടോ ഓടിച്ചു.

(ടി. പത്മനാഭന്റെ എഴുത്തുകാര്‍, പാട്ടുകാര്‍, പത്രാധിപര്‍ - എന്ന വിഷയം അടിസ്ഥാനമാക്കി സമകാലിക മലയാളത്തിനുവേണ്ടി നടത്തുന്ന ദീര്‍ഘമായ അഭിമുഖസംഭാഷണത്തിലെ രണ്ടാം ഭാഗം)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com