'ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു'

മന്ത്രിമാര്‍ പ്രതികരിച്ചാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന് രാഷ്ട്രീയമായി മറുപടി പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്
'ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു'

'മാനേജ്മെന്റ് ക്വാട്ട'യില്‍ മന്ത്രിയായ ആള്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് ?

അത് രണ്ടു രീതിയില്‍ പറയാം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ പറ്റാത്തതിന്റെ ഒരു അപചയത്തിലേക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ വന്നുപെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ മന്ത്രിമാര്‍ പ്രതികരിച്ചാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന് രാഷ്ട്രീയമായി മറുപടി പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. രണ്ടാമത്തേത്, അത്തരം ആരോപണങ്ങള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത് അവര്‍ക്കിടയില്‍ ചിലരെ കുത്താനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

'മരുമകന്‍' എന്ന് താങ്കളെ ആദ്യം വിശേഷിപ്പിച്ചത് ബി.ജെ.പി നേതാക്കളാണ്. പിന്നീട് ഇത് കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തു. ഇതിനു പിന്നില്‍ പ്രഖ്യാപിത ലക്ഷ്യമുണ്ടോ?

പല വിഷയത്തിലും അവര്‍ യോജിച്ചുപോകുന്നതാണ് കാണുന്നത്. കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെ വളരാനായില്ലെങ്കിലും രാഷ്ട്രീയപരമായി അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭാഗികമായെങ്കിലും നടപ്പിലാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉണ്ടെന്നതാണ് അവരുടെ ധൈര്യം. ഈ വിഷയം മാത്രമല്ല, ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാകാണം ഇ പ്രധാനമന്ത്രിപോലും കേരളത്തില്‍ ബി.ജെ.പി ഭരണം വരുമെന്ന് പറഞ്ഞിട്ടുള്ളത്.ബി.ജെ.പി ആഗ്രഹിക്കുന്ന തരത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ ഇല്ലാതാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടാവുക. പ്രധാനമന്ത്രി പറഞ്ഞതൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം. 2021-ല്‍ കേരളം പിടിക്കുമെന്നു പറഞ്ഞ ബി.ജെ.പിയുടെ അക്കൗണ്ട് തന്നെ ഇല്ലാതായി.സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനത്തിലല്ല, ചില കോണ്‍ഗ്രസ് നേതാക്കളിലാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആത്മവിശ്വാസം.

പൊതുമണ്ഡലത്തില്‍ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങള്‍ക്കുള്ള മറുപടി എന്താണ്?

പറയാനുള്ളവര്‍ക്ക് എന്തും പറയാം. അയ്യോ എന്നൊന്നും പറഞ്ഞ് അവരെ തടുക്കാന്‍ പോകേണ്ടതില്ല. പക്ഷേ, അതിന്റെ നിലവാരം അളക്കാന്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്വമുള്ളത് കേരളത്തിലെ ജനങ്ങള്‍ക്കാണ്. അവര്‍ പറയുന്നത് സ്വീകരിക്കണമോ എന്നുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇതിലും വലിയ പ്രചാരണമാണ് അവര്‍ നടത്തിയത്. വീടുവീടാന്തരം കയറി എല്ലാ അസംബന്ധങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അന്നും പലരും ചോദിച്ചു, ഇതിന് മറുപടിയില്ലേയെന്ന്. ജനം മറുപടി കൊടുക്കുമെന്നായിരുന്നു എന്റെ വാക്കുകള്‍. മണ്ഡലത്തില്‍ സര്‍വ്വകാല റെക്കോഡുകൂടിയാണ് ജയിച്ചത്. 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആ തെരഞ്ഞടുപ്പില്‍  ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആ മണ്ഡലത്തില്‍ പരമാവധി കിട്ടുക, 14,000 വോട്ടാണ്. അതിന്റെ ഇരട്ടിയായി. അതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് രാഷ്ട്രീയ സാഹചര്യമാണ്. മറ്റൊരു കാരണം ഇത്തരം അസംബന്ധ പ്രചാരണങ്ങളോട് കോണ്‍ഗ്രസ് തന്നെ ഇടതുപക്ഷത്തിന് അനുകൂലമായി പ്രതികരിച്ചതുകൊണ്ടുകൂടിയാണ്. ഇത്തരം കാര്യങ്ങള്‍ അവര്‍ പറയുന്നത് ഇടതുപക്ഷത്തിന് ഗുണമാണ്. പറയുന്നവര്‍ പരമാവധി പറയട്ടെ. ജനം അത് കൃത്യമായി അറിയുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷവും താങ്കള്‍ക്ക് നേരെയുള്ള അധിക്ഷേപം രൂക്ഷമായി തുടര്‍ന്നു. ഇതിനു പിന്നില്‍ എന്തെങ്കിലും പ്രത്യേക അജണ്ടയുള്ളതായി തോന്നുന്നുണ്ടോ?

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് എന്റെ പാര്‍ട്ടിയാണ്. മന്ത്രിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണ്. പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നത് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ്. ഇപ്പോഴാണ് എനിക്കെതിരെയുള്ള അത്തരം ആരോപണങ്ങള്‍ രൂക്ഷമായത്. അതിന്റെ കാരണം ചില കാര്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചു എന്നുള്ളതാണ്. എന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഒട്ടേറെ പ്രക്ഷോഭസമരങ്ങളിലൂടെ കേരളത്തില്‍ നേതൃത്വത്തിലേക്ക് എത്തിയ വ്യക്തിയാണ്. എണ്‍പതുകളില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ എങ്ങനെയാണ് പ്രതിപക്ഷനേതാവ് അഭിസംബോധന ചെയ്തത്, അവഹേളിച്ചത് അപമാനിച്ചത്. വീണാജോര്‍ജ്, ബിന്ദു, അബ്ദുറഹിമാന്‍ തുടങ്ങിയ മന്ത്രിമാരെ ആക്ഷേപിക്കുക, അവഹേളിക്കുക. എന്നിട്ട്  ഞാനാണ് എല്ലാം തികഞ്ഞതെന്ന് പറയുക, ഇതിലൂടെ അവരുടെ നിലവാരമാണ് പുറത്തെടുക്കുന്നത്. ബി.ജെ.പിയുടെ നേതാക്കന്മാരെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയുന്നില്ല. രാഷ്ട്രീയമായാണ് അവരെക്കുറിച്ച് പറയുന്നത്. രാജ്യം അപകടകരമായ സാഹചര്യത്തിലാണെന്ന് പറയുമ്പോള്‍ തിരിച്ചുപറയുന്നത് വ്യക്തിപരമായ പദപ്രയോഗങ്ങളിലൂടെയാണ്. പാചകവാതക വിലവര്‍ദ്ധനവ് ശരിയായില്ലെന്ന് പറഞ്ഞാല്‍ തിരിച്ചുപറയുന്നത് വ്യക്തിപരമായ ആരോപണമാണ്. കേരളത്തോട് അവഗണനയാണെന്ന് പറയുമ്പോള്‍ തിരിച്ചുപറയുന്നത് വ്യക്തിപരമായിട്ടാണ്. ഇത് ജനം മനസ്സിലാക്കുന്നുണ്ട്. 

പ്രതിപക്ഷ ആരോപണം വരുമ്പോള്‍ മറുപടി പറയേണ്ടത് താങ്കളുടെ മാത്രം ഉത്തരവാദിത്വമാണോ? പാര്‍ട്ടി നേതാക്കള്‍ പലരുമുണ്ടല്ലോ സഭയില്‍?

കൂട്ടായിത്തന്നെയാണ് പ്രതികരിക്കുന്നത്. അവരവരുടെ സാധ്യതകള്‍ക്കനുസരിച്ച് ഓരോരുത്തരും ഇടപെടുന്നുണ്ട്. 

എന്നാല്‍ തിരിച്ച് ആക്രമണം പാര്‍ട്ടിക്കെതിരെയല്ല? താങ്കള്‍ക്ക് നേരെ മാത്രമാണ്? 

അത് നോക്കേണ്ടതില്ല. നമ്മുടെ മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന തെറ്റിനെതിരെ ശബ്ദിക്കാതെ ഇരിക്കാന്‍ പറ്റില്ലല്ലോ? പറയേണ്ട കാര്യങ്ങള്‍ ഉച്ചത്തില്‍ പറയാന്‍ തന്നെയാണ് തീരുമാനം. അതിനുള്ള കരുത്ത് ഇക്കാലയളവിലെ പ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ആറാം ക്ലാസ്സില്‍ എസ്.എഫ്.ഐ അംഗത്വം എടുത്തു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രകടനത്തിലും നേരിട്ടുള്ള സമരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. എട്ടിലും ഒമ്പതിലും ലീഡറായി ജയിച്ചു. പിന്നീട് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായി. ഫറോക്ക് കോളേജില്‍ പഠിക്കാന്‍ തീരുമാനമെടുക്കാന്‍ ഒരു കാരണം ആ കാമ്പസിന്റെ പ്രത്യേകതയായിരുന്നു. എസ്.എഫ്.ഐ വല്ലാതെ ഒറ്റപ്പെടുന്ന കാമ്പസായിരുന്നു അത്. 

ആദ്യവര്‍ഷം പ്രീഡിഗ്രി റപ്രസന്റിറ്റീവായി വിജയിച്ചു. ജനറല്‍ സീറ്റില്‍ ഒന്‍പതും തോറ്റു. അന്ന് ജയിച്ചത് താന്‍ മാത്രമായിരുന്നു. ഫൈനല്‍ ഇയര്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ 9-ല്‍ 5 സീറ്റും വിജയിച്ച് കോളജില്‍ എസ്.എഫ്.ഐ നിര്‍ണായക ശക്തിയായി. പിന്നീട് ഫറോക്ക്, കോഴിക്കോട് സിറ്റി ഏരിയാ ഭാരവാഹിയായി. ആ സമയത്താണ് പാര്‍ട്ടി മറ്റ് ചുമതലകള്‍ ഏല്പിക്കുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി, ഡി.വൈ.എഫ്.ഐയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ച് അഖിലേന്ത്യാ പ്രസിഡന്റ് വരെ ആയി. ഒരു സ്വിച്ചിട്ടപ്പോള്‍ ബള്‍ബ് കത്തുന്നതുപോലെയായിരുന്നില്ല എനിക്കു കിട്ടിയ പദവികള്‍. 

ജയില്‍വാസത്തെക്കുറിച്ചും വിവാദങ്ങളുണ്ടല്ലോ?

ജയിലില്‍ കിടക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെന്ന് ഞാന്‍ കരുതുന്നില്ല. കിടന്നവരുണ്ടാകാം. കിടക്കാത്തവര്‍ ഉണ്ടാകാം. ഭീകരമര്‍ദ്ദനം ഏറ്റവരും അല്ലാത്തവരും ഉണ്ടാകും. ജയില്‍വാസവും ത്യാഗവുമെല്ലാം സഹിച്ചവര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നോട്ടുപോകാന്‍ സാധ്യമാകുന്നത്. വിവിധ ഘട്ടങ്ങളിലായി പ്രക്ഷോഭങ്ങളുടെ ഭാഗമായി സഖാക്കള്‍ക്കൊപ്പവും അല്ലാതെയും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 

പിണറായി വിജയന്റെ മരുമകനായതുകൊണ്ടാണ് മന്ത്രിയായതെന്ന ആക്ഷേപം ഉണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവുമുണ്ടോ?

അത് ജനങ്ങളല്ലേ നിശ്ചയിക്കേണ്ടത്. അതില്‍ വാസ്തവമില്ലെന്ന് ഞാന്‍ തന്നെ പറയുന്നത് ബോറാണ്. അതിന് എന്റെ പാര്‍ട്ടി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അതൊന്നും ഇപ്പോ ജനങ്ങളുടെ വിഷയമല്ല. ഏല്പിച്ച ഉത്തരവാദിത്വം ഞാന്‍ ചെയ്യുന്നുണ്ടോ എന്ന് ജനങ്ങളോട്  ചോദിച്ചാല്‍ ജനം അതിനു മറുപടി പറയും. ഏത് കാര്യവും പറയേണ്ടവര്‍ക്ക് പറയാം. അതിന് കൃത്യമായി മറുപടി ജനം നല്‍കും. കോണ്‍ഗ്രസ്സും ബി.ജെ.പിയും അത് പറയുന്നതിന് അവര്‍ക്ക് രാഷ്ട്രീയമായ കാരണങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസ്സിലെ ചിലര്‍ പറയുന്നത് മറ്റ് എന്തോ ഉദ്ദേശ്യം കൊണ്ടായിരിക്കും. 

ഭരണത്തുടര്‍ച്ചയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ രണ്ടുവര്‍ഷം പോലും സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാതെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു പ്രതിപക്ഷ സമീപനം ആരുടെയൊക്കെ അജണ്ടയാണ്?

തുടര്‍ഭരണം പലരുടേയും ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഐക്യകേരളം വന്നതിന് ശേഷമുള്ള ആദ്യ സര്‍ക്കാരിനെ എങ്ങനെയാണോ വലതുപക്ഷം സ്വീകരിച്ചത് അതിന് സമാനമായ രീതിയിലാണ് തുടര്‍ഭരണം നേടിയ ഇടതുസര്‍ക്കാരിനേയും വലതുപക്ഷം സ്വീകരിക്കുന്നത്. അതിനിടെ കുറെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിച്ചു. ആ സര്‍ക്കാരിനോടുള്ള സമീപനമല്ല ഇപ്പോള്‍ എടുക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ തന്നെ ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ അധികാരസൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ളത്. അതിനു കുടപിടിച്ചുകൊടുക്കുന്ന പണിയാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എടുക്കുന്നത്. കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി ഇതിലൊക്കെ നയവും നിലപാടുമുള്ള പാര്‍ട്ടിയാണ്. ബി.ജെ.പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അധികാരവും ഉപയോഗപ്പെടുത്തുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ്സിന്റെ ദേശീയ അടിസ്ഥാനത്തിലുള്ള പ്രമേയമുണ്ട്. എന്നാല്‍, അതിനു വിരുദ്ധമായി ബി.ജെ.പിക്കൊപ്പം നില്‍ക്കാനാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. ബി.ജെ.പിയുടെ സംസ്ഥാന ഘടകം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത്.
 
ഇടതുപക്ഷം പോലെ സമരരംഗത്ത് പ്രവര്‍ത്തിക്കേണ്ട ഒരു പ്രസ്ഥാനത്തിന് തുടര്‍ഭരണം ലഭിക്കുകയെന്നത് എത്രമാത്രം അഭികാമ്യമാണ്?

സമരം ഭരണമുണ്ടെങ്കിലും നടത്താവുന്നതാണ്. ഭരിക്കുമ്പോഴും സമരം നടത്തണം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണം. തുടര്‍ഭരണം നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പാര്‍ട്ടി തന്നെ അതു പറഞ്ഞിട്ടുണ്ട്. ആ ജാഗ്രതയുടെ ഭാഗമായി പാര്‍ട്ടി ഘടകങ്ങളില്‍ പ്രത്യേകം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തുടര്‍ഭരണത്തിന്റെ ഭാഗമായി അറിയാതെ വന്നുപെടാന്‍ സാധ്യതയുള്ള തെറ്റായ പ്രവണതകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ രംഗത്തുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്തിന്റെ പ്രത്യേകത  അധികാരത്തിന്റെ ഭാഗമായി പുതിയ ചില മുഖങ്ങള്‍ കടന്നുവരും. ചില മധ്യവര്‍ത്തികള്‍ വരും. തെറ്റായ പ്രവണതകള്‍ വളര്‍ന്നുവരും. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന ഉത്തരവാദിത്വം. അതുകൊണ്ടാണ് എം.എല്‍.എമാര്‍ക്ക് രണ്ട് തവണ മാത്രമാക്കിയത്. ഒരു വ്യക്തിതന്നെ ദീര്‍ഘകാലം ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്വാഭാവികമായും അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റു ചില തെറ്റായ പ്രവണതകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പാര്‍ട്ടിയുടെ കേഡര്‍മാരില്‍ മഹാഭൂരിപക്ഷവും പാര്‍ലമെന്ററി രംഗത്ത് ഒരു ബാങ്ക് ഭരണസമിതി അംഗം പോലുമാകാത്തവരാണ്. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നവരാണ്. 

റിയാസും പിണറായി വിജയനും
റിയാസും പിണറായി വിജയനും

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഫാസിസവും വര്‍ഗ്ഗീയതയുമാണ്. അതിനെതിരായ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് ആശയപരമായ നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എത്രത്തോളം സത്യസന്ധമാണ്?

എവിടെയും മത്സരിക്കാനുള്ള അവകാശം രാഹുല്‍ ഗാന്ധിക്കുണ്ട്. അതില്‍ ഒരു കുഴപ്പവുമില്ല. പക്ഷേ, ഉയരുന്ന ചോദ്യം മുഖ്യശത്രു ആരാണ് എന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുലിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും മുഖ്യശത്രു ബി.ജെ.പിയാണോ, സി.പി.എമ്മാണോ, ഇടതുപക്ഷമാണോ എന്നതിന്റെ ഉത്തരം പറയേണ്ടത് രാഹുലാണ്. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നേതൃത്വം കൊടുക്കേണ്ട വ്യക്തിയാണ്. അവിടെ മത്സരിക്കാതെ, കേരളത്തില്‍ വന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ വേണ്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുക എന്നുള്ളത് ആരെയാണ് സഹായിക്കുക എന്നുള്ളതാണ് ചോദ്യം. ഇതാണ്  കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. പ്രവര്‍ത്തകരില്‍ ബി.ജെ.പി വിരുദ്ധത ഉണ്ടാകാതിരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയാണ്. 

ബി.ജെ.പിക്കെതിരെ പേരിന് ഒരു ഫോട്ടോഷൂട്ട് സമരം മാത്രമാണ് നടക്കുന്നത്. ബി.ജെ.പി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയം ബോധ്യപ്പെടുത്താതെ എങ്ങനെയാണ് ബി.ജെ.പി വിരുദ്ധ സമരം ചെയ്യാനാവുക. നാളെ, ത്രിപുരയിലെ കോണ്‍ഗ്രസ് ബി.ജെ.പി ആയതുപോലെ, ഗുജറാത്തിലെ കോണ്‍ഗ്രസ് ബി.ജെ.പി ആയതുപോലെ കേരളത്തിലെ കോണ്‍ഗ്രസ് ബി.ജെ.പിയായി മാറും. അധികാര താല്പര്യങ്ങള്‍ വച്ചുള്ള നീക്കം മാത്രമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഷംസീറാകട്ടെ, ജലീല്‍ ആകട്ടെ, റഹീമോ, റിയാസോ ആകട്ടെ. മുസ്ലിം നേതൃനിരയെ പ്രതിപക്ഷം അടക്കം മറ്റുള്ളവര്‍ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ടോ? അങ്ങനെയൊരു ശ്രമത്തിനു പിന്നില്‍ മറ്റ് എന്തെങ്കിലും വിദ്വേഷ താല്പര്യങ്ങള്‍ ഉള്ളതായി തോന്നുന്നുണ്ടോ?

മുസ്ലിം നാമധാരിയായതുകൊണ്ട് മതന്യൂനപക്ഷങ്ങള്‍ ആകെ ഇടതുപക്ഷത്തേക്ക് കടന്നുവരുമെന്ന് കാണുന്നില്ല. നിലപാടുകളാണ് പ്രധാനം. ഈ പറഞ്ഞ ആളുകള്‍ എടുക്കുന്ന രാഷ്ട്രീയ നിലപാട് ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ഇത്തരം ആളുകള്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ മറ്റൊരു ആംഗിളില്‍ ചെന്നെത്തിക്കാനുള്ള വലിയ ശ്രമവും ഇന്ന് നടക്കുന്നുണ്ട്. താടിവെച്ചയാള്‍ എന്തോ കുഴപ്പക്കാരനാണ്, തീവ്രവാദ ആശയഗതിക്കാരനാണ്. മുസ്ലിം = തീവ്രവാദം എന്നീ പ്രചാരണങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. മുസ്ലിം നാമധാരികള്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് ഓപ്ഷണലാണ്. എന്ത് പറയണം, എന്തുപറയണ്ട. ചിലത് നിങ്ങള്‍ പറയാന്‍ പാടില്ല എന്നു തോന്നുന്ന പ്രചാരണം സംഘപരിവാര്‍ ബോധപൂര്‍വ്വം നടത്തുന്നുണ്ട്. 

മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയം രാജ്യത്ത് നിറഞ്ഞാടുകയാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന കോണ്‍ഗ്രസ് പോലും തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഭയക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോലും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.കോണ്‍ഗ്രസ് എടുക്കുന്ന നിലപാടും അതുതന്നെയാണ്. മുസ്ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കിയോ എന്നുള്ളതല്ല പ്രശ്നം. 

 രാഷ്ട്രീയ നിലപാട് എടുത്തുനോക്കിയാലും അത് കാണാം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇന്ത്യന്‍ മതനിരപേക്ഷത ലജ്ജിച്ച് തലതാഴ്ത്തിയ സംഭവമാണ്. ബാബറി മസ്ജിദ് ഒരു മുസ്ലിം പള്ളി മാത്രമായിരുന്നില്ല. ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം മാത്രമായിരുന്നു. കോടതിവിധി വന്നു, രാമക്ഷേത്രം വരുന്നു. എന്നാല്‍, അതിന് വെള്ളി ഇഷ്ടിക അയച്ചുകൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്. അത്രമാത്രമുണ്ട് രാഷ്ട്രീയ അല്പത്തരം. 

മതനിരപേക്ഷ കോണ്‍ഗ്രസ്സിനെ വഞ്ചിക്കുന്ന നേതൃത്വത്തിന്റെ നിലപാട് എത്രത്തോളം ആ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളി ഇഷ്ടിക അയച്ചതിനെപ്പറ്റി എന്തു നിലപാടാണ് സ്വീകരിച്ചത്. തീവ്രഹിന്ദുത്വ നിലപാടിനെ മൃദുഹിന്ദുത്വ നിലപാടുമായാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഹിന്ദുത്വ എന്നുള്ളത് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമതം മതരാഷ്ട്രത്തിന് എതിരാണ്. എന്നാല്‍, ഹിന്ദുത്വ അജണ്ട മതരാഷ്ട്രം ലക്ഷ്യം വച്ചിട്ടുള്ളതാണ്. 

മതനിരപേക്ഷമായി നേതാക്കളെ തെരഞ്ഞടുക്കുന്ന ചരിത്രമുണ്ട് കേരളത്തിന്. സമീപകാലത്തായി ന്യൂനപക്ഷ സമുദായത്തില്‍നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരാണ് താങ്കളുടേത്? ഇത് മുന്‍കൂട്ടി കണ്ടിട്ടാണോ ഇത്തരമൊരു പ്രചാരണം?

അത് ഒരാവശ്യമുള്ള ചോദ്യമല്ല.

ഇന്ന് രാജ്യത്ത് ഒരു മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്ലിം നാമധാരിയുടെ പേര് വരാന്‍ സാധ്യതയുളള സംസ്ഥാനം കേരളം മാത്രമാണ്. ഇടതുപക്ഷം ഒരാളെ ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് നിശ്ചയിക്കുന്നത് ഇങ്ങനെ എന്തെങ്കിലും ഒരു പ്രത്യേക സാഹചര്യം നോക്കിയിട്ടല്ല. പൊതുവേയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. മറ്റുള്ള പ്രചാരണം ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കാനും ശത്രുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും അക്രമം ശക്തിപ്പെടുത്താനുമുള്ള ചില രീതികളാണ്. 

റിയാസ് ഉയര്‍ന്നുവരുന്ന ഘട്ടങ്ങളിലൊക്കെ നിരവധി പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഫാരിസ് അബൂബക്കറിന്റെ നോമിനിയാണെന്നായിരുന്നു ആക്ഷേപം. അത് മറ്റൊരുതരത്തില്‍ ഇപ്പോഴും തുടരുന്നു. ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടി?

ഫാരീസ് അബൂബക്കര്‍ മോശപ്പെട്ടയാളാണെന്ന് അഭിപ്രായപ്പെടാന്‍ പറ്റില്ല. ഇന്ന് ഈ നിമിഷം വരെ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. ഫോണില്‍പോലും സംസാരിച്ചിട്ടില്ല. നാളെ കാണില്ല എന്ന് പറയാനും പറ്റില്ല. നാളെ കണ്ടാല്‍ സംസാരിക്കും. മുന്നോട്ടുപോകും. അദ്ദേഹം പാവപ്പെട്ട ഒരുപാട് ആളുകളെ സഹായിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ ആണെന്ന് പ്രചരിപ്പിച്ചു. അന്നത്തെ പ്രചരണത്തിന് ആ സാഹചര്യത്തില്‍ വേറെ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയായപ്പോള്‍ അന്നത്തെ ഓരോ ദിവസത്തേയും പത്രത്തില്‍ എഴുതിയത് എന്താണ് എന്ന് നോക്കുകയായിരുന്നു ഒരു ജോലി. വീട്ടിലെ ആര്‍ക്ക് നേരെയാണ് പത്രമെഴുതിയിട്ടുള്ളത് എന്ന് നോക്കലായിരുന്നു. പത്രം നോക്കി നെഗറ്റീവ് വാര്‍ത്ത കണ്ടിട്ടാണ് വോട്ട് ചോദിക്കാന്‍ പോയത്. എന്നിട്ടും 838-നാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. 20-ല്‍ 16 സീറ്റും യു.ഡി.എഫിനായിരുന്നു. അന്നത്തെ പൊതുമിനിമം പരിപാടി ഒട്ടേറെ ജനവിരുദ്ധ നടപടികളെ തടഞ്ഞിരുന്നു. ഇടതുപക്ഷത്തിന് അംഗബലം ഉണ്ടെങ്കില്‍ കോര്‍പറേറ്റ് താല്പര്യങ്ങള്‍ നടക്കില്ലെന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്താന്‍ ദേശീയതലത്തില്‍ തന്നെ അജണ്ട നടപ്പാക്കിയിരുന്നു.  ആ തവണ കേരളത്തില്‍ മാത്രമല്ല, ബംഗാളിലും തിരിച്ചടിയുണ്ടായി. കേരളത്തില്‍ തിരിച്ചടിയുടെ ഘട്ടത്തില്‍ ഈ അസംബന്ധ പ്രചാരണങ്ങളെ ജനം സ്വീകരിച്ചില്ലെന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ഭൂരിപക്ഷം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ തെരഞ്ഞടുപ്പ് വലിയ അനുഭവമായിരുന്നു. വളഞ്ഞിട്ടുള്ള ആക്രമണം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കരുത്താവുകയും ചെയ്തു.

ലൈവില്‍ വന്ന് ജീവനക്കാരെ ശാസിക്കുന്ന പൊതുമരാമത്ത് മന്ത്രി, മൈക്കിന് ശബ്ദം കുറഞ്ഞതിന് മൈക്ക് ഓപ്പറേറ്ററെ ശകാരിക്കുന്ന പാര്‍ട്ടി സെക്രട്ടറി. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പൊതുസമൂഹം ഇത് എങ്ങനെ വിലയിരുത്തുമെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? ഇത്തരം ഇടപെടലുകളില്‍ ഒരു ജനകീയ സ്വഭാവം ഉണ്ടാകേണ്ടതല്ലേ?

പാര്‍ട്ടി സെക്രട്ടറി അക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വന്ന ഉടനെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പരിശോധിക്കല്‍ അനിവാര്യമാണ്. സമൂഹത്തെ അറിയിക്കേണ്ടത് അറിയിക്കുക എന്നുള്ളത് ഉത്തരവാദിത്വമാണ്. തുടക്കത്തില്‍ അങ്ങനെ ഒരു നീക്കം നടത്തിയതുകൊണ്ടാണ് റോഡുകള്‍ തരക്കേടില്ലാത്ത നിലയില്‍ പോകുന്നത്. റെസ്റ്റ് ഹൗസുകളില്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്നത്, റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് ഓണ്‍ലൈന്‍ ബുക്കിങ്ങ് കൊണ്ടുവന്നതുമൂലം 4 കോടിയുടെ വരുമാനം സര്‍ക്കാരിനുണ്ടായി. എന്തെങ്കിലും ചെയ്താല്‍ പെട്ടെന്ന് ഇടപെടും. അത് മന്ത്രി മാത്രമല്ല, ഞങ്ങള്‍ക്ക് ഒരു ടീമുണ്ട്. ടീം വരുമെന്ന പ്രതീതി തുടക്കത്തില്‍തന്നെ സൃഷ്ടിക്കാനായതുകൊണ്ടാണ് കാര്യങ്ങള്‍ ഭംഗിയായി പോയത്. ഇനിയും അത്തരം പരിശോധനകള്‍ തുടരും. എല്ലാ 45 ദിവസവും ഓരോ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. അതിന്റെ റിസല്‍റ്റാണ് കേരളത്തിലെ റോഡുകളില്‍ കാണുന്നത്. ചിലത് അങ്ങനെ ചെയ്യേണ്ടിവരും. ഉദ്യോഗസ്ഥരില്‍ മഹാഭൂരിപക്ഷവും നന്നായി ജോലി ചെയ്യുന്നവരാണ്. കരാറുകാരിലും അങ്ങനെയാണ്. എന്നാല്‍, ഒരു ചെറു ന്യൂനപക്ഷം അങ്ങനെയല്ല. അതിനെ തച്ചുടയ്ക്കുക എന്നതാണ് മന്ത്രിയുടേയും സര്‍ക്കാരിന്റേയും ചുമതല. അതിന് ഏതൊക്കെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പറ്റുമോ അത് സ്വീകരിക്കും. അത് ജനം അംഗീകരിച്ചതാണ്. 

റിയാസും എഎൻ ഷംസീറും
റിയാസും എഎൻ ഷംസീറും

മുസ്ലിം ലീഗ് തീവ്രവാദ പാര്‍ട്ടിയല്ല ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് ആര്‍.എസ്.എസ് പറയുന്നത്? ലീഗ് എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് വാര്‍ത്തകള്‍. വരുന്ന ലോക്സഭാ  തെരഞ്ഞടുപ്പിനു മുന്‍പായി ലീഗ് നേതാക്കള്‍ ബി.ജെ.പിയിലെത്തുമോ?

മുസ്ലിം ലീഗ് നേതൃത്വമാണ് മറുപടി പറയേണ്ടത്. ആര്‍.എസ്.എസ് എന്നു പറയുന്ന സംഘടന രാഷ്ട്രീയ വിഷയങ്ങളില്‍ അവരുടെ ലക്ഷ്യത്തിനു വിരുദ്ധമായി ഏതെങ്കിലും ചര്‍ച്ചയിലൂടെ അവര്‍ പിന്നോട്ടു പോകുമെന്ന് കാണാന്‍ പറ്റില്ല. പുള്ളിമാന്റെ പുള്ളി തേച്ചുമാച്ചാലും മായില്ല. ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമുണ്ട്. അത് ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രത്തിനു വേണ്ടി ആഭ്യന്തര ശത്രുക്കള്‍ ആരൊക്കെയാണെന്ന് അവരുടെ അടിസ്ഥാന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അവരുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിഷയങ്ങളില്‍ ലീഗ് എന്തു ചര്‍ച്ച നടത്തിയാലും കാര്യമില്ല. പൊതുവെ കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ് എലമെന്റുകള്‍ കയറിവരുന്നുണ്ട്. ഇത് ഇടതുപക്ഷ പ്രസ്ഥാനം അല്ലാത്ത മറ്റ് പ്രസ്ഥാനങ്ങളില്‍ കടന്നുവരികയും ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നതുപോലെ ആ പ്രസ്ഥാനങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് അവര്‍ പരിശോധിക്കണം

ലീഗില്‍ ഈ ആര്‍.എസ്.എസ് എലമെന്റ് കടന്നുവന്നിട്ടുണ്ടോ?

കേരളത്തില്‍ അന്ധമായ മാര്‍ക്സിസ്റ്റ് വിരുദ്ധത കുത്തിവെയ്ക്കുന്നത് ആരെയാണ് സഹായിക്കുകയെന്നത് മുസ്ലിം ലീഗ് തിരിച്ചറിയണം. അത് ബി.ജെ.പിയെയാണ്. ഇടതുപക്ഷം കേരളത്തില്‍ ദുര്‍ബ്ബലപ്പെട്ടാല്‍ മാത്രമേ ബി.ജെ.പിക്ക് കടന്നുവരാന്‍ പറ്റുകയുള്ളു. സി.പി.എമ്മിനെ ദുര്‍ബ്ബലപ്പെടുത്തുകയാണ് ആര്‍.എസ്.എസ് ലക്ഷ്യം. ആ ലക്ഷ്യത്തിനനുസരിച്ച് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബോധപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം ആര്‍.എസ്.എസ്സിനെ സഹായിക്കാനാണ്. ഇത് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ട്. മതനിരപേക്ഷ കേരളം എല്‍.ഡി.എഫിന്റെ കുത്തകയല്ല. യു.ഡി.എഫിലെ വലിയൊരു വിഭാഗം മതനിരപേക്ഷവാദികളാണ്. അവര്‍ ഇതുകാരണം ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

മുഖ്യമന്ത്രി പറഞ്ഞത് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകുമെന്നാണ്? ഇതില്‍ എന്തെങ്കിലും ശരിയുണ്ടോ? 

എനിക്ക് അതിനെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രി പറയുമ്പോള്‍ അതു വെറുതെയാവില്ല. കോണ്‍ഗ്രസ്സില്‍നിന്ന് ഒരു നേതാവ് ബി.ജെ.പിയിലേക്ക് പോകുമെന്നത് അത്ഭുതകരമായ കാര്യമല്ല. ജൂണില്‍ കേരളത്തില്‍ മഴപെയ്യും എന്നു പറയുന്നത് അത്ഭുതകരമായ സംഭവം അല്ല. അതുപോലെയാണ് അത്. അധികാരവുമായി ബന്ധപ്പെട്ട് ചുറ്റിപ്പറ്റി നില്‍ക്കുന്ന പ്രശ്നങ്ങള്‍കൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പോകാത്തത്. ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കോണ്‍ഗ്രസ്സിന് കൂടുതല്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കും.

വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ എത്ര സീറ്റുകള്‍ നേടാന്‍ എല്‍.ഡി.എഫിന് കഴിയും? 

2004-ല്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിന് നല്‍കിയ വോട്ട് 2024-ല്‍ നല്‍കും. ഇടതുപക്ഷ അംഗബലം പാര്‍ലമെന്റില്‍ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ജനവിരുദ്ധ നയങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. 2019-ല്‍ പറ്റിയ തെറ്റ് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ വിശ്വസിക്കാനാകില്ല. കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ച കേന്ദ്രബജറ്റ് വന്നിട്ടുപോലും ഇതിനെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ തയ്യാറായിട്ടില്ല. ബി.ജെ.പി വിരുദ്ധത അലയടിക്കുന്ന ഫലമായിരിക്കും കേരളത്തില്‍ ഉണ്ടാക്കുക. ഇതിന്റെ  രാഷ്ട്രീയ നഷ്ടം ബി.ജെ.പിക്കും സീറ്റിന്റെ നഷ്ടം കോണ്‍ഗ്രസ്സിനുമായിരിക്കും. 

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് വരുമോ?

രാഷ്ട്രീയ സാഹചര്യമാണ് അത് നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വരുമോ എന്നതിനപ്പുറത്തേക്ക് മതനിരപേക്ഷ മനസ്സുകള്‍ കൂടുതല്‍ എല്‍.ഡി.എഫിലേക്ക് വരും. കേരളത്തില്‍ അന്‍പത് ശതമാനത്തിലധികം വോട്ട് നേടുന്ന മുന്നണിയായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഭാവിയില്‍ മാറും. 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം ലീഗ് നിലയുറപ്പിക്കേണ്ട പക്ഷം ഇടതുപക്ഷമല്ലേ? എന്തുകൊണ്ടാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് ഇടതുപക്ഷം മുന്‍കൈ എടുക്കാത്തത്?

വ്യത്യസ്ത വിഷയങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആ സമയത്തെ രാഷ്ട്രീയ നിലപാടുകള്‍ പരമപ്രധാനമാണ്. പാര്‍ട്ടി സെക്രട്ടറി തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരു ഭാഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധി വലുതാണ്. അതിന്റെ ഭാഗമായി സൃഷ്ടിച്ച അരക്ഷിതാവസ്ഥ മതന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ട്. ആ അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തി ജനാധിപത്യ പാത തെറ്റാണെന്ന അപകടകരമായ പ്രചാരണം ന്യൂനപക്ഷവിഭാഗങ്ങളില്‍ നടത്തുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഭരണമുള്ളതാണ്. അത് അപകടകരമാണ്. അതിനെ ചെറുക്കേണ്ടത് മതവര്‍ഗ്ഗീയമായി ഞങ്ങള്‍ മാത്രം എന്ന നിലയില്‍ സംഘടിച്ചല്ല എന്ന രാഷ്ട്രീയം ശക്തിപ്പെടുത്തി കേരളത്തില്‍ മുന്നോട്ടുപോകുക എന്നുള്ളതാണ്. ഓരോ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവരിക.

യുവനേതാക്കളെ വളരെ പ്രതീക്ഷയോടെയാണ് പൊതുസമൂഹം കാണുന്നത്. അവര്‍ക്ക് രാഷ്ട്രീയമേഖലയില്‍ നേരത്തയുള്ളതിനെക്കാള്‍ പ്രാതിനിധ്യവും ലഭിക്കുന്നുണ്ട്. എന്നാല്‍, താങ്കളെ മൊയന്ത് എന്നാണ് ഒരു യുവനേതാവ് വിശേഷിപ്പിച്ചത്. നട്ടെല്ല് വാഴപ്പിണ്ടിയെന്ന് താങ്കളും. ഇത്തരം പ്രസ്താവനകളെല്ലാം തീര്‍ത്തും അരാഷ്ട്രീയമല്ലേ?

നട്ടെല്ല് ഇല്ലാത്ത സ്പീക്കര്‍ എന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിന്റെ ആശിര്‍വ്വാദത്തോടെ പരസ്യമായി പറയുകയും മന്ത്രി എന്ന നിലയില്‍ പേപ്പര്‍ മേശപ്പുറത്ത് വെക്കേണ്ട എന്റെ അവകാശത്തെ തടയുകയും ചെയ്തതോടെയാണ് നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം എന്ന് പറഞ്ഞത്. അത് പ്രതീകാത്മകമായി പറഞ്ഞതാണ്.  മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളേണ്ട കോണ്‍ഗ്രസ് അതിന് ആര്‍ജ്ജവം കാണിക്കാതെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ അതില്‍ എടുക്കുന്ന ബി.ജെ.പി അനുകൂലമായ നിലപാടുണ്ട്. അത് ചൂണ്ടിക്കാണിക്കുക എന്ന പ്രധാന ഉത്തരവാദിത്വമാണ് ഞാന്‍ ആ വാക്കിലൂടെ പ്രകടിപ്പിച്ചത്. കേരളത്തിലെ നിയമസഭയില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകുക, സര്‍ക്കാര്‍ അസ്ഥിരപ്പെടുക എന്നുള്ളത് ആര്‍.എസ്.എസ് ലക്ഷ്യമാണ്. ആ ലക്ഷ്യത്തിനായി മതനിരപേക്ഷ കോണ്‍ഗ്രസ്സിനെ വഞ്ചിക്കുന്ന രാഷ്ട്രീയ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയതുപോലെ പെരുമാറുന്ന പ്രതിപക്ഷ നേതാവിനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞത്. അത് എല്ലാവര്‍ക്കും ബോധ്യമായതാണ്. അത് മഹാപരാധമാണെന്നു തോന്നുന്നില്ല. നിയമസഭയില്‍ എന്തുപറയണമെന്ന കൃത്യമായ ധാരണ എനിക്കുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com