കുന്ദേരയെ ഓര്‍മ്മിക്കുമ്പോള്‍

മിലന്‍ കുന്ദേരയുടെ നോവലുകള്‍ രാഷ്ട്രീയത്തിന്റെ കേവലമായ ആഖ്യാനമല്ല. അതിലെ ഭിന്നസ്വരങ്ങളും ചരിത്രത്തോടുള്ള സമീപനവും വ്യത്യസ്തമാണ്. രാഷ്ട്രീയവും ചരിത്രവും കുന്ദേരയ്ക്ക് രചനാവസ്തുക്കളാണ്
മിലന്‍ കുന്ദേര
മിലന്‍ കുന്ദേര
Updated on
8 min read

സോവിയറ്റ് അധിനിവേശം തന്റെ നാടിന്റെ സംസ്‌കൃതിയിലും തന്റെ വ്യക്തിജീവിതത്തിലും ഏല്പിച്ച ആഘാതവും സംഘര്‍ഷവും മിലന്‍ കുന്ദേരയുടെ നോവലുകളുടെ നിര്‍മ്മാണ പ്രേരണകളായിരുന്നു എക്കാലവും. എന്നാല്‍, നിലനില്‍പ്പ് എന്ന സമസ്യയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ആകുലതകളുമാണ് താന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം തുറന്നുപറയാറുണ്ട്. സ്‌നേഹത്തിന്റേയും ജീവിതത്തിന്റേയും ഉപാസകനായി അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വ്യക്തികളുടെ കഥ രാഷ്ട്രീയ സംഭവവികാസങ്ങളുമായി സമന്വയിപ്പിച്ച് രചിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഒരു ഭാവുകത്വ വ്യതിയാനത്തിനു കാരണമായിട്ടുണ്ടെന്നതില്‍ സംശയമില്ല. കുന്ദേരകൃതികളില്‍ ചരിത്രവും യാഥാര്‍ത്ഥ്യവും ദര്‍ശനവും തമ്മിലിടഞ്ഞും ചിലപ്പോഴൊക്കെ ഒത്തുചേര്‍ന്നും വായനക്കാരനെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അവിടെ ആഖ്യാനകലയുടെ ഇന്ദ്രജാല പ്രകടനം ദൃശ്യമാണ്. അത് നോവല്‍ സങ്കല്‍പ്പത്തിന് ആകാശവിസ്തൃതി നല്‍കുന്നു.

എഴുതപ്പെട്ട എല്ലാറ്റിനേയും കയ്യടക്കി, അതിനെ സിനിമയോ ടെലിവിഷന്‍ പ്രോഗ്രാമോ കാര്‍ട്ടൂണോ ആക്കി മാറ്റുന്ന ഉത്തരാധുനിക തലമുറയെ കുന്ദേര പ്രതിക്കൂട്ടിലാക്കുന്നുണ്ട്. നോവലിനു മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്നതാണ്, അതിനേറ്റവും അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നോവലിനെ മറ്റു കലാരൂപങ്ങളാക്കി പുനഃസൃഷ്ടി നടത്തുന്ന പ്രവണതയെ തന്റെ മൗലികവും അനാദൃശ്യമായ രചനാകൗശലംകൊണ്ട് പ്രതിരോധിക്കുകയാണ് അദ്ദേഹം. പുനര്‍നിര്‍മ്മാണത്തിനു വഴങ്ങാത്ത സങ്കീര്‍ണ്ണത അദ്ദേഹത്തിന്റെ നോവലുകള്‍ക്കുണ്ട്. ആദിമദ്ധ്യാന്ത സുഘടിതമായ കഥകള്‍ പറയാന്‍ അദ്ദേഹത്തിനാവില്ല. ചരിത്രത്തിന്റെ സ്‌ഫോടനാത്മക നിമിഷങ്ങള്‍ക്കും എണ്ണമറ്റ ദുരന്തങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഒരു തലമുറയ്ക്ക്, സംസ്‌കാരത്തിന്റെ മൂവന്തി വെളിച്ചത്തില്‍ ഭീകരമായ ഏകാകിതയ്ക്കും അന്യതാബോധത്തിനും വിധേയനായി, അന്ധാളിച്ചുനില്‍ക്കുന്ന മനുഷ്യനോട് പഴയ കഥകള്‍ പഴയ മട്ടില്‍ പറയാന്‍ അദ്ദേഹമൊരുക്കമല്ല.

നോവല്‍, നിലനില്‍പ്പ് എന്ന പ്രഹേളികയെക്കുറിച്ചുള്ള കാവ്യാത്മകമായ വിചിന്തനമാണ്. വിസ്മരിക്കപ്പെട്ട മനുഷ്യാസ്തിത്വത്തെ, അത് നിരന്തരമായ അന്വേഷണത്തിനു വിധേയമാക്കുന്നു. നോവല്‍, നോവലിസ്റ്റിന്റെ തുറന്നുപറച്ചിലല്ല. അത്, ഈ ലോകമാകുന്ന കെണിയില്‍ അകപ്പെട്ട മനുഷ്യജീവിതത്തിന്റെ സര്‍ഗ്ഗാത്മക വിശകലനമാണ്. ആധുനിക യുഗത്തിന്റെ തുടക്കം മുതലേ നോവല്‍, മനുഷ്യനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഈ ലോകം ഒരു വലിയ സന്ദിഗ്ദ്ധതയാണെന്നും അത് സത്യമല്ലെന്നും അവിടെ പരസ്പരം ഇടഞ്ഞുനില്‍ക്കുന്ന നിരവധി സത്യങ്ങളുണ്ടെന്നും നോവലിസ്റ്റ് തിരിച്ചറിയുന്നു. വാഴ്വിനെ സുന്ദരമായ ഒരു സമസ്യയായി എന്നും നിലനിര്‍ത്താന്‍ നോവലിനു മാത്രമേ കഴിയുകയുള്ളൂ. അത് സങ്കീര്‍ണ്ണതയുടെ കലയാണ്. ഓരോ നോവലും വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു, ഒന്നും അവന്‍ വിചാരിച്ചതുപോലെയല്ല എന്ന്.

റാബെലെയുടേയും സെര്‍വാന്റിസിന്റേയും പുനരവതാരമായ ആധുനിക നോവല്‍ യൂറോപ്പിന്റെ സൃഷ്ടിയാണ്. യൂറോപ്പിന്റെ ആത്മാവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സാഹിത്യരൂപമാണ് നോവല്‍. യൂറോപ്യന്‍ നോവലിന്റെ വളര്‍ച്ചയെ എല്ലാക്കാലവും നിശ്ചയിച്ചിരുന്നത് ചില വൈരുദ്ധ്യങ്ങളായിരുന്നു. കാര്‍ട്ടീസ്യന്‍ നിലപാടുകളുടെ അസ്ഥിരതയില്‍നിന്നാണ് ഈ വൈരുദ്ധ്യങ്ങള്‍ ഉടലെടുത്തത്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും കരുത്തില്‍ പ്രകൃതിയുടെമേല്‍ ആധിപത്യം സ്ഥാപിക്കാമെന്നു മോഹിച്ച മനുഷ്യന്‍, അതേ കരുത്തിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവരുന്നതും ഒടുവില്‍, പ്രകൃതി തന്നെ തുടച്ചുമാറ്റപ്പെടുമെന്ന ഭീതിയില്‍ ജീവിക്കേണ്ടിവരുന്നതും വലിയ വൈരുദ്ധ്യം തന്നെയാണ്. മദ്ധ്യകാലഘട്ടം മുതല്‍ പൈതൃകമായി കിട്ടിയ മൂല്യങ്ങളെ കടപുഴക്കിക്കൊണ്ട് ജൈത്രയാത്ര നടത്തിയ യൂറോപ്യന്‍ യുക്തിചിന്ത, അതിന്റെ വിജയം ആഘോഷിച്ചത് യുക്തിരാഹിത്യത്തിന്റെ രൂപത്തിലായിരുന്നുവെന്നത് മറ്റൊരു വൈരുദ്ധ്യമായിരുന്നു. ഈ വൈരുധ്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്, കുന്ദേരയുടെ നോവലുകള്‍.

മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

സമകാലിക ചരിത്ര യാഥാര്‍ത്ഥ്യങ്ങളിലെ സര്‍ഗ്ഗാത്മക സാധ്യതകള്‍ കണ്ടെത്താനും അതിലൂടെ മനുഷ്യകാമനകളെ അനുഭവവേദ്യമാക്കാനുമാണ് കുന്ദേര ശ്രമിച്ചത്. ചരിത്ര സത്യങ്ങളെ ഭാവനയുടെ ചിത്രദര്‍ശനിക്കുഴലിലൂടെ അദ്ദേഹം കണ്ടു. അധികാരത്തിന്റെ ദുര്‍വ്വിനിയോഗം, ഇന്നലെകളുടെ മേലുള്ള രാഷ്ട്രീയ നിയന്ത്രണം, സങ്കല്പരാഷ്ട്രത്തിന്റെ ആകര്‍ഷണം, ചരിത്രത്തിന്റേയും മനുഷ്യാവസ്ഥയുടേയും നിഗൂഢതകള്‍ഇതൊക്കെയാണ് കുന്ദേരയുടെ മനസ്സിനെ മഥിക്കുന്ന സമകാലിക സമസ്യകള്‍. കഴിഞ്ഞ നൂറ്റാണ്ടിലെ ഒരുപക്ഷേ, ഏറ്റവും കൗതുകമുണര്‍ത്തുന്ന ചോദ്യങ്ങള്‍ പലതും കുന്ദേര ചോദിക്കുന്നുണ്ട്. സ്വത്തിന്റെ പുനര്‍വിതരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തിനാണ് വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ ഇത്രയധികം കടന്നുകയറ്റം നടത്തുന്നതെന്നും ആദര്‍ശാധിഷ്ഠിത ലോകമെന്ന സ്വപ്നം എന്തുകൊണ്ട് പേക്കിനാവാകുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ബുദ്ധിജീവി വര്‍ഗ്ഗം നേരിട്ട ഭീകരതയേയും നാണംകെടുത്തലിനേയും അദ്ദേഹം പ്രതിരോധിക്കുന്നു.

തന്റെ കാലഘട്ടത്തിലെ കമ്യൂണിസ്റ്റുകാരുടെ ഇളംതലമുറ സമൂഹത്തേയും മനുഷ്യനേയും പരിവര്‍ത്തനത്തിനു വിധേയമാക്കാനായി അവര്‍ സ്വപ്നം കണ്ട വിപ്ലവം, ആ വിപ്ലവത്തിനുണ്ടായ അപചയംഇതെല്ലാം കുന്ദേരയുടെ സ്വാസ്ഥ്യം കെടുത്തിയിട്ടുള്ള ഉല്‍ക്കണ്ഠകളാണ്. കുന്ദേരയുടെ യൗവ്വനകാലത്ത്, ചെക്കോസ്ലോവാക്യ സമഗ്രമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹമായിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളേയും കീഴ്‌പെടുത്താനും വരുതിക്കു നിര്‍ത്താനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അവിടുത്തെ ഭരണകൂടം വിശ്വസിച്ചു. റഷ്യന്‍ കമ്യൂണിസത്തിന്റെ സൈനികവും പ്രത്യയശാസ്ത്രപരവുമായ അധിനിവേശത്തില്‍ ചെക്കോസ്ലോവാക്യ എന്ന കൊച്ചു രാജ്യത്തിന് അതിന്റെ സംസ്‌കാരവും സ്വാതന്ത്ര്യവും നഷ്ടമായി. ചരിത്രത്തിന്റെ കൊടുംക്രൂരതയോടും വഞ്ചനയോടുമുള്ള പ്രതിഷേധവും അതുണ്ടാക്കിയ ആ തീവ്രനൊമ്പരവും വിഹ്വലതയുമാണ് കുന്ദേരയുടേയും അദ്ദേഹത്തിന്റെ തലമുറയിലെ ചെക്ക് സാഹിത്യകാരന്മാരുടേയും സര്‍ഗ്ഗവേദനയുടെ ഉറവിടം. റഷ്യന്‍ അധിനിവേശവും സ്റ്റാലിനീകരണവും അപസ്റ്റാലിനീകരണവും പ്രാഗ് വസന്തവും അതിനുശേഷമുള്ള അടിച്ചമര്‍ത്തലുമായിരുന്നു, വിമത സാഹിത്യകാരന്മാരെന്നു വിശേഷിപ്പിക്കപ്പെടാവുന്ന കുന്ദേര, ഇവാന്‍ക്ലിമ, ബൊഹുമല്‍ ഹര്‍ബല്‍, ലുഡ്‌വിക് വക്കുലിക് എന്നിവരുടെ ചെക്ക് അനുഭവത്തിന് ആഴവും വൈവിധ്യവും നല്‍കിയത്.

രാഷ്ട്രീയ ഭാവനയും രതിഭാവനയും മുറ്റിനില്‍ക്കുന്നതാണ് കുന്ദേരയുടെ നോവലുകള്‍. എന്തുകൊണ്ടോ രാഷ്ട്രീയ നോവലഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ജീവിതത്തെ വികലവും വിരൂപവുമാക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ധിഷണാപരമായ എതിര്‍പ്പുകളൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിര്‍വ്വചനത്തില്‍പെടുന്നു. ഈ അര്‍ത്ഥത്തില്‍ മാത്രമാണ് കുന്ദേരയുടെ കൃതികള്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതായി മാറുന്നത്. സ്റ്റാലിനീകരിക്കപ്പെട്ട ചെക്കോസ്ലോവാക്യ, സംസ്‌കാരത്തിന്റെ ശിഥിലീകരണത്തിനു സാക്ഷ്യം വഹിച്ചു. സമൂഹത്തിന്റെ ബോധഘടനയെയാകെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍, ചരിത്രദുര്‍വ്വിധിയുടെ അനിവാര്യതപോലെ അവിടെ അരങ്ങുതകര്‍ത്തു. ഭൂതകാല സംഭവങ്ങളെക്കുറിച്ചുള്ള ഭീകരസ്മൃതികള്‍ ജനങ്ങളുടെ മനസ്സില്‍നിന്നും മായ്ചുകളയപ്പെട്ടു. ഒരു പുതിയ ചരിത്രം ജന്മമെടുത്തു.

പ്രാഗ് വസന്തത്തിലെ പങ്കാളിത്തം

കുന്ദേര, 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബ്രൂണോയില്‍ ജനിച്ചു. അച്ഛന്‍ സംഗീതജ്ഞനായ ലുഡ്‌വിക് കുന്ദേര, അമ്മ മില്ലാഡ. പൈതൃകമായി കിട്ടിയ സംഗീതബോധം കുന്ദേരയുടെ കലയിലും ജീവിതത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1948ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ചാള്‍സ് സര്‍വ്വകലാശാലയില്‍ സാഹിത്യത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദപഠനം നടത്തിയതിനുശേഷം, അദ്ദേഹം ഫിലിം അക്കാദമിയില്‍ ചേര്‍ന്ന്, സംവിധാനത്തിലും സ്‌ക്രിപ്റ്റ് എഴുത്തിലും പരിശീലനം ആര്‍ജ്ജിച്ചു. 1950ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടു. 1952ല്‍ കുന്ദേര, ഫിലിം അക്കാദമിയില്‍ അദ്ധ്യാപകനായി. അദ്ദേഹം 1956ല്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്നു. പ്രാഗ് വസന്തത്തില്‍ കലാശിച്ച ബഹുജന മുന്നേറ്റങ്ങളിലെ സജീവ പങ്കാളിത്തം, 1970ല്‍ വീണ്ടും അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം നഷ്ടമാകുന്നതിന് ഇടയാക്കി. അദ്ദേഹത്തിന്റെ ആദ്യ നോവലായ 'തമാശ' (1967) സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് മുദ്രയടിക്കപ്പെടുകയും അവസാനം, നിരോധിക്കപ്പെടുകയും ചെയ്തു. ഫിലിം അക്കാദമിയിലെ ജോലിയും കുന്ദേരയ്ക്ക് നഷ്ടമായി. പ്രാഗ് വസന്തം അവസാനിച്ചതിനുശേഷവും കുന്ദേര, രഹസ്യമായി എന്നാല്‍ പ്രകോപനപരമായി, പാര്‍ട്ടിയുടെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ 1975ല്‍ ജന്മനാട്ടില്‍, അജ്ഞാതവാസംപോലും അസാധ്യമായപ്പോള്‍ തന്റെ വിമോചന സ്വപ്നങ്ങള്‍ പൂവണിയുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടി. അദ്ദേഹത്തിന്, തന്റെ ചെക്ക് പൗരത്വം 1979ല്‍ നഷ്ടമായി. ജീവിതാവസാനം വരെ അദ്ദേഹം ഫ്രാന്‍സില്‍ തുടര്‍ന്നു.

തന്റെ രാജ്യക്കാരുടെ ഭയാശങ്കകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ കുന്ദേരയുടെ രചനാവസ്തുക്കളായി മാറി. മൂര്‍ച്ചയേറിയ ഉള്‍ക്കാഴ്ചയും ഈ കാലഘട്ടത്തിലെ, പ്രത്യേകിച്ച് മദ്ധ്യയൂറോപ്പിലെ മനുഷ്യജീവിതത്തിന്റെ അപഗ്രഥനവുമാണ് അദ്ദേഹത്തിന്റെ കലയുടെ അടിസ്ഥാനം. അതിലെ രാഷ്ട്രീയദര്‍ശനം അസ്തിത്വവാദപരമാണ്. അധികാരത്തിന്റെ 
മൃഗീയഭാവങ്ങള്‍ അതിഭൗതിക തലങ്ങളെപ്പോലും പിച്ചിച്ചീന്തിയപ്പോള്‍ അദ്ദേഹത്തിന്റെ അശാന്തി പുതിയ ആവിഷ്‌കാര രീതി പൂണ്ടു. ഒരു കവിയായിട്ടാണ് കുന്ദേരയുടെ സാഹിത്യജീവിതം ആരംഭിക്കുന്നത്. 1953ല്‍ അദ്ദേഹത്തിന്റെ ആദ്യ കൃതിയായ 'മാന്‍ ദി വാസ്റ്റ് ഗാര്‍ഡന്‍' (Man, the vast Garden) പ്രസിദ്ധീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റ് വിശ്വാസത്തിലുള്ള കടന്നാക്രമണമായിരുന്നില്ല, അത്. പക്ഷേ, അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യക്തിഗതങ്ങളായ പ്രണയചിന്തകള്‍ വിമര്‍ശനത്തിനു വിധേയമായി. ഭരണകൂടം നിര്‍ദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനു പ്രവര്‍ത്തിക്കുന്നവരല്ല അതിലെ കമിതാക്കള്‍. 'മൊണോളജി' (Monology) ആയിരുന്നു കുന്ദേരയുടെ ഏറ്റവും ശ്രദ്ധേയമായ കാവ്യസമാഹാരം. അതും പ്രേമഗീതങ്ങള്‍ ആയിരുന്നു. എന്നാല്‍, അതിലെ സാമൂഹിക മൂല്യങ്ങളുടെ ശ്രദ്ധേയമായ അഭാവം സമകാലീന രാഷ്ട്രീയ വ്യവസ്ഥയെ അലോസരപ്പെടുത്തി. 'ദി ട്രാപ്പ്' (Thet rap) എന്ന കവിത വളരെ മനോഹരമായിരുന്നു, ഏറെ വിവാദപരവും. പുതിയതായി രൂപംകൊണ്ട പറുദീസയില്‍ സന്തോഷിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റുകാരെ സ്ഥിതിസമത്വത്തിന്റെ ശില്പികളായി മാത്രമേ ചിത്രീകരിക്കാന്‍ പാടുള്ളൂ എന്നുവന്നു. പക്ഷേ, കുന്ദേര, അവരുടെ ജീവിതത്തിന്റേയും അന്യവല്‍ക്കരണത്തിന്റേയും വ്യര്‍ത്ഥതയെക്കുറിച്ചു ചിന്തിക്കാന്‍ ധൈര്യം കാട്ടി.

കുന്ദേര, കവിയും സാഹിത്യ ചരിത്രകാരനും പത്രപ്രവര്‍ത്തകനും ആയതിനുശേഷമാണ് നാടകകൃത്തായത്. 1962ല്‍ 'ഓണേഴ്‌സ് ഓഫ് ദി കീസ്' (Owners of the keys) എന്ന ആദ്യ നാടകത്തിലൂടെ അദ്ദേഹം പ്രശസ്തനായി. ചെക്കോസ്ലോവാക്യയിലും വിദേശത്തും വളരെ ശ്രദ്ധ പിടിച്ചുപറ്റിയ നാടകമായിരുന്നു അത്. ഈ നാടകം അദ്ദേഹത്തിനു 
സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. ഈ കാലയളവില്‍ പാരീസില്‍ പര്യടനം നടത്തിയ കുന്ദേര ഫ്രെഞ്ചു നാടകത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കി. അയനസ്‌കോ (Ionesco) അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. പീന്നിട്, വിദേശനാടകങ്ങള്‍ ചെക്കില്‍ മൊഴിമാറ്റം ചെയ്യുപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ കാലവിളംബത്തെക്കുറിച്ച് തനിക്കുള്ള ഉല്‍ക്കണ്ഠ അദ്ദേഹം പങ്കവയ്ക്കുന്നുണ്ട്.

അറുപതുകളുടെ ആദ്യമാണ് കുന്ദേരയുടെ ചെറുകഥകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 'റിഡിക്കുലസ് ലവ്‌സ്' (Ridiculous Loves) എന്ന തലക്കെട്ടില്‍ മൂന്നു ഭാഗങ്ങളായി അദ്ദേഹത്തിന്റെ ചെറുകഥകള്‍ പുറത്തുവന്നു. മിഥ്യാബോധവും മതിവിഭ്രമവും വഞ്ചനയും തമാശയുമൊക്കെ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളുടെ ഒരു മഹാപ്രവാഹമായി മാറുന്നു, കുന്ദേരയുടെ കഥകളില്‍.

കള്ളത്തിന്റേയും കാപട്യത്തിന്റേയും ഭരണകൂടത്തിനു നര്‍മ്മബോധം ഇല്ലാതായപ്പോള്‍, നിഷ്‌കളങ്കമായ നര്‍മ്മംപോലും അപകടകരമായി. കുന്ദേരയുടെ കഥാപ്രപഞ്ചത്തില്‍ സ്ത്രീകള്‍ അതിഭാവുക പ്രവണതയുള്ളവരും യുക്തിഹീനരുമായാണ് അവതരിപ്പിക്കപ്പെടുന്നത്. പുരുഷന്മാര്‍ അവരെ വൈകാരികവും ലൈംഗികവുമായ സംതൃപ്തിക്കുവേണ്ടി ഉപയോഗിക്കുന്നു. അവര്‍ ക്രൂരന്മാരും പ്രതികാരദാഹികളുമാകുന്നു. രാസക്രീഡ അവര്‍ക്ക് ഏറ്റവും രസകരമായി തോന്നുന്നത് സ്‌നേഹത്തിന്റെ അഭാവത്തിലാണ്. കുന്ദേര പലപ്പോഴും തന്റെ കഥാപാത്രങ്ങളുടെ ദുര്‍വ്വിധി കണ്ട് ആനന്ദിക്കാറുണ്ട്. അദ്ദേഹത്തിന്റെ കഥകളിലെ നായകന്മാര്‍ ഒക്കെത്തന്നെ നിഷ്ഠുരതയുടേയും ഒരുതരം ദോഷദര്‍ശന സ്വഭാവത്തിന്റേയും പ്രതീകമായി മാറിയിരിക്കുന്നു.

ചരിത്രസത്യങ്ങളേയും ചരിത്രപരമായ സാഹചര്യങ്ങളേയും മിതത്വത്തോടെയാണ് കുന്ദേര ആവിഷ്‌കരിച്ചിരിക്കുന്നത്. 
'ദി ജോക്ക്' (The Joke 1967) എന്ന അദ്ദേഹത്തിന്റെ ആദ്യ നോവലില്‍ സ്റ്റാലിനിസത്തിന്റെ സ്വാധീനത്തിലായ ചെക്കോസ്ലോവാക്യയിലെ ജനജീവിതത്തെക്കുറിച്ചുള്ള ഗഹനമായ നിരീക്ഷണങ്ങളാണുള്ളത്. ജനങ്ങളുടെ ദുഃഖത്തിനു കാരണം ഭാഗ്യത്തിന്റെ അസ്ഥിരതയോ വിധിയോ ആയിരുന്നില്ല. ശാസ്ത്രീയമായ നീതിപ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചരിത്രനിഗൂഢതകളെ വ്യാഖ്യാനിക്കാനും അപഗ്രഥിക്കാനും കഴിവുണ്ടെന്ന് വെറുതെ നടിച്ച, വഴിപിഴച്ച ഒരു വ്യവസ്ഥിതിയായിരുന്നു അവരുടെ നിത്യദുഃഖത്തിനു കാരണം. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ അനുഭവങ്ങള്‍ക്കു വ്യത്യസ്തമായ മറ്റൊരു സമൂഹത്തില്‍ ഒട്ടും തന്നെ പ്രസക്തിയുണ്ടാവില്ല. നോവലിസ്റ്റിന്റെ അവബോധത്തെ കരുപിടിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിലും തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്ന വിശ്വാസം. മറ്റൊന്ന്, ആ പ്രസ്ഥാനത്തിന്റെ ആത്മവഞ്ചനാപരമായ ക്രൂരതയുടെ കണ്ടെത്തല്‍.

'ലൈഫ് ഈസ് എല്‍സ്‌വേര്‍' (Life is Elsewhere, 1973) ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ചരിത്രം മുഷിഞ്ഞ ഒരധോവസ്ത്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ 'ലൈംഗികഭാവന സാക്ഷാല്‍ക്കാരം തേടുന്ന, ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളില്‍, ജറോമിലിനു നഗ്‌നനാകാനുള്ള ധൈര്യം നഷ്ടപ്പെടുന്നു. മുഷിഞ്ഞ അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്നതിലുള്ള ലജ്ജ, അയാളുടെ വ്യര്‍ത്ഥമായ കാമത്തെ ദുരന്തപൂര്‍ണ്ണമാക്കുന്നു. വിലക്ഷണത, വിസ്മരിക്കപ്പെട്ടേക്കാവുന്ന മറ്റൊരു ചരിത്ര സവിശേഷതയാണ്. പക്ഷേ, സമഗ്രാധിപത്യത്തിന്റെ കീഴില്‍ ജീവിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്ന ഒരാള്‍ക്ക് ഇതു വളരെ പ്രധാനപ്പെട്ടതാകുന്നു.

കഥാപാത്രങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രപശ്ചാത്തലമാണ് കുന്ദേര സ്വീകരിക്കുന്നത്. 'ദി ജോക്കില്‍' തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തന്നെ സര്‍വ്വകലാശാലയില്‍നിന്നും പുറത്തുകളയുന്നതിനുവേണ്ടി കയ്യുയര്‍ത്തി വോട്ടു ചെയ്യുന്നത്, ലുഡ്‌വിക് നിസ്സഹായതയോടെ കാണുന്നു. ഇതേ ലാഘവത്തോടെ തന്നെ തൂക്കിക്കൊല്ലുന്നതിനും അവര്‍ കയ്യുയര്‍ത്തുമായിരുന്നുവെന്ന് അയാള്‍ക്കു തോന്നി. 

ലുഡ്‌വിക്കിന്റെ മൗലികമായ ജീവിതാനുഭവത്തിനു ചരിത്രപരമായ വേരുകള്‍ ഉള്ളതായി കാണാം ചരിത്രകാരനു പലപ്പോഴും കൗതുകം ജനിപ്പിക്കാത്ത ചരിത്രസംഭവങ്ങള്‍ കുന്ദേര തന്റെ കലയുടെ വിഭവങ്ങളാക്കുന്നു. 1968ലെ റഷ്യന്‍ ആക്രമണത്തിനുശേഷം ചെക്കോസ്ലോവാക്യയില്‍ പൈശാചിക ഭരണം തുടങ്ങുന്നതിനു മുന്നോടിയായി നാട്ടിലെ നായ്ക്കളെല്ലാം കൂട്ടക്കൊല ചെയ്യപ്പെടുന്നു. ചരിത്രകാരന്‍ അവഗണിക്കുന്ന ഈ സംഭവം മനുഷ്യ ദുര്‍വിധിയുടെ സമസ്യ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സാഹിത്യകാരനു പ്രിയപ്പെട്ടതായി മാറുന്നു. ഈ ഒറ്റ സംഭവത്തിന്റെ ആഖ്യാനത്തിലൂടെ, കുന്ദേര 'ദി ഫെയര്‍വെല്‍ പാര്‍ട്ടി' (The Farewell Patry, 1976) എന്ന നോവലിന്റെ ചരിത്രപശ്ചാത്തലം വരച്ചുകാട്ടുന്നു.

മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

ചരിത്രം എന്ന മനുഷ്യാവസ്ഥ

തന്റെ കൃതികളെ രാഷ്ട്രീയ നോവലുകളായി വ്യാഖ്യാനിക്കാന്‍ കുന്ദേര ഒട്ടും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ള ഒരു വ്യാഖ്യാനത്തില്‍ പുസ്തകത്തിലെ വിലപ്പെട്ട പലതും അവഗണിക്കപ്പെടുമെന്ന് അദ്ദേഹം ഭയക്കുന്നു. 
ദി ജോക്ക് സ്റ്റാലിനിസത്തിനെതിരെയുള്ള ഒരു കുറ്റപത്രമായി വ്യാഖ്യാനിക്കപ്പെട്ടാല്‍ ഒരു പ്രേമകഥയായി വായിക്കപ്പെടാതെ പോകും എന്ന് അദ്ദേഹം ശങ്കിച്ചു. 'ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്റ് ഫൊര്‍ഗെറ്റിംഗ്' (The Book of Laughter and Forgetting, 1979) ചെക്കോസ്ലോവാക്യയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നാശത്തെക്കുറിച്ചുള്ള രോദനമായിക്കണ്ടാല്‍ ഓര്‍മ്മയുടേയും അഭിലാഷത്തിന്റേയും കഥയല്ലാതാകും. വിമതസാഹിത്യം പലപ്പോഴും പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനത്തെ ആകര്‍ഷിക്കാറുണ്ട്. അപ്പോള്‍, നോവലിന്റെ മൗലികതയെ ആദരിക്കുന്ന ഒരു സാഹിത്യകാരന്‍ 'വിമതസാഹിത്യം' എന്ന ലേബല്‍ സ്വീകരിക്കാതിരിക്കുന്നത് സ്വാഭാവികമാണ് ചരിത്രം തന്നെ മനുഷ്യാവസ്ഥയായിട്ടാണ് കുന്ദേര മനസ്സിലാക്കുന്നതും അപഗ്രഥിക്കുന്നതും. 'ദി അണ്‍ബെയ്‌റബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിംഗ്' (The Unbearable Lightness of Being, 1984) ല്‍, അറസ്റ്റ് ചെയ്യപ്പെട്ട അലക്‌സാണ്ടര്‍ ഡുബ് ചെക്ക് ഒത്തുതീര്‍പ്പിനു തയ്യാറായി പ്രാഗിലേയ്ക്ക് മടങ്ങുന്നു. അദ്ദേഹം പ്രസംഗിച്ചപ്പോള്‍ വാചകങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍പോലും കഴിയാതെ വിഷമിച്ചു. ഈ ചരിത്രസംഭവം ദൗര്‍ബ്ബല്യത്തെയാണ് കാണിക്കുന്നത്. തന്നെക്കാള്‍ ശക്തിയുള്ളവനെ അഭിമുഖീകരിക്കുമ്പോള്‍ ദുര്‍ബ്ബലനായി തോന്നുക മനുഷ്യാവസ്ഥ തന്നെയാണ്. തെരേസ, ഈ ദൗര്‍ബ്ബല്യം താങ്ങാന്‍ കഴിയാതെ നാടുവിട്ടുപോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, 
തോമസിന്റെ സ്‌നേഹശൂന്യതയ്ക്കു മുന്‍പില്‍ അവള്‍ ഏറെ ദുര്‍ബ്ബലയാണ്. ദൗര്‍ബ്ബല്യത്തിന്റെ ലഹരിയില്‍ അവള്‍ അയാളെ ഉപേക്ഷിച്ച് പ്രാഗിലേയ്ക്കു മടങ്ങി; ദൗര്‍ബ്ബല്യത്തിന്റെ നഗരമായ പ്രാഗിലേയ്ക്ക്. ഇവിടെ ചരിത്രാവസ്ഥയും ജീവിതാവസ്ഥയും ഒന്നാകുകയാണ്.

'ഇമ്മോര്‍ട്ടാലിറ്റി' (Immortaltiy, 1991)യില്‍ കുന്ദേര, ചരിത്രത്തിന്റെ മഹാസ്ഥൂലതയ്ക്ക് പുറത്തുനിന്നുകൊണ്ട് അനശ്വരതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ വ്യര്‍ത്ഥമായ അന്വേഷണങ്ങളുടെ വൈകാരികവും ദാര്‍ശനികവുമായ തലങ്ങള്‍ അനാവരണം ചെയ്യുന്നു. സത്യവും സങ്കല്പവും പ്രണയവും രതിയും ജീവിതവും മരണവും ഭൂതവും ഭാവിയും ഏതോ വിചിത്രമായ അനുപാതത്തില്‍ ചാലിച്ചു ചേര്‍ത്ത് അനുവാചകനെ ചിന്തിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു, കുന്ദേര. സമകാലിക യൂറോപ്പിന്റെ സാംസ്‌കാരിക പ്രതിസന്ധിയുടെ പ്രതിഫലനം നോവലിന്റെ പശ്ചാത്തലത്തെ സങ്കീര്‍ണ്ണമാക്കുന്നു.

'സ്ലോനെസ്' (Slowness, 1996) ആധുനിക തത്ത്വശാസ്ത്രത്തിന്റെ തിരനോട്ടമാണ്. വ്യക്തിയുടെ കാഴ്ചപ്പാടിനെ ആധുനിക സംസ്‌കാരം എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് നോവല്‍ അന്വേഷിക്കുന്നു. രചനാരീതിയിലെ പുതുമ അതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

'ഐഡന്റിറ്റി' (Identtiy, 1998) സ്വത്വപ്രതിസന്ധിയെക്കുറിച്ചുള്ള വിചിന്തനമാണ്. ഒപ്പം ഉള്ളവരെപ്പോലും തിരിച്ചറിയാന്‍ ചിലപ്പോള്‍ മനുഷ്യന്‍ വിഷമിക്കാറുണ്ട്. നോവലില്‍, യാഥാര്‍ത്ഥ്യത്തിനും ഭ്രമകല്പനയ്ക്കുമിടയില്‍ വായനക്കാരന്‍ സഞ്ചരിക്കുന്നു, അസ്തിത്വ സമസ്യകള്‍ക്ക് ഉത്തരം തേടി.

'ഇഗ്‌നറന്‍സ്' (Ignorance, 2000), നോവലിസ്റ്റ് ഒരു പ്രമേയത്തിന്റെ വിവിധ സാധ്യതകള്‍ പരിശോധിക്കുന്നു. ഗൃഹാതുരതയുടെ ദാര്‍ശനികവും മനശ്ശാസ്ത്രപരവുമായ തലങ്ങള്‍ തേടുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ഓര്‍മ്മയും മറവിയും അവയ്ക്ക് മനുഷ്യജീവിതവുമായുള്ള നിഗൂഢബന്ധവും സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാകുന്നു, ഈ നോവലില്‍.

'ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ്' (Festival of Insignificance, 2013) ഏഴ് ഭാഗങ്ങളുള്ള നോവലാണ്. ഇതില്‍ കുന്ദേര തനിക്ക് ഏറെ പ്രിയപ്പെട്ട വിഷയങ്ങളെ പാരീസിന്റെ സമകാലിക സാംസ്‌കാരിക പരിസരത്തുനിന്നുകൊണ്ട് വീക്ഷിക്കുന്നു. കളിയും ചിരിയും രതിയും മരണവും പ്രമേയഘടനയെ രൂപപ്പെടുത്തുന്ന നിസ്സാരതയുടെ ഉത്സവം കുന്ദേര ഫ്രെഞ്ചില്‍ രചിച്ച ചുരുക്കം നോവലുകളിലൊന്നാണ്.

കുന്ദേരയുടെ നോവലുകള്‍ രാഷ്ട്രീയത്തിന്റെ കേവലമായ ആഖ്യാനമല്ല. അതിലെ ഭിന്നസ്വരങ്ങളും ചരിത്രത്തോടുള്ള സമീപനവും വ്യത്യസ്തമാണ്. രാഷ്ട്രീയവും ചരിത്രവും കുന്ദേരയ്ക്ക് രചനാവസ്തുക്കളാണ്. എന്നാല്‍, അസ്തിത്വത്തിന്റെ അവസാനിക്കാത്ത സമസ്യകള്‍ക്കുത്തരം കണ്ടുപിടിക്കാനായി അദ്ദേഹം പലപ്പോഴും രാഷ്ട്രീയത്തേയും ചരിത്രത്തേയും കൂട്ടുപിടിക്കുന്നു. ഉത്തരം അസാധ്യമാകുമ്പോള്‍ പുതിയ ചോദ്യങ്ങളിലൂടെ അദ്ദേഹം വായനക്കാരനെ അന്ധാളിപ്പിക്കുന്നു. നിലനില്‍പ്പിന്, ഒരു ഹെയ്ദഗേറിയന്‍ വ്യാഖ്യാനമാണ് അദ്ദേഹം നല്‍കുന്നത്. മനുഷ്യന്‍ ജീവിക്കുന്ന ലോകം അവന്റെ തന്നെ ഒരു ഭാഗമാണെന്നും ലോകം മാറുന്നതനുസരിച്ച് അവന്റെ നിലനില്‍പ്പും മാറുമെന്നുള്ള ഹെയ്ദഗേറിയന്‍ സിദ്ധാന്തം കുന്ദേരയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യന്റെ അവസ്ഥയും അവന്‍ ജീവിക്കുന്ന ലോകവും തമ്മിലുള്ള ജൈവബന്ധത്തിന്റെ മോഹിപ്പിക്കുന്ന നിഗൂഢതയാണ് കുന്ദേര തന്റെ നോവലിന്റെ വിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാലമായ അര്‍ത്ഥത്തില്‍, ജീവിതത്തെ വികലവും വികൃതവുമാക്കുന്ന എന്തിനും എതിരെയുള്ള പ്രതിരോധം രാഷ്ട്രീയ പ്രവൃത്തി തന്നെയാണ്.

തന്റെ തലമുറയിലെ ആവേശഭരിതരായ കമ്യൂണിസ്റ്റുകാരുടെ ദുര്‍വ്വിധിയും അവര്‍ കണ്ട വിപ്ലവസ്വപ്നങ്ങളും അവയുടെ തകര്‍ച്ചമൂലമുണ്ടായ മോഹഭംഗവുമൊക്കെ കുന്ദേരയ്ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. മദ്ധ്യയൂറോപ്പിന്റെു ദുരന്തമാണ് അദ്ദേഹത്തിന്റെ സര്‍ഗ്ഗപ്രക്രിയയുടെ ചാലകശക്തിയായി മാറിയത്. റഷ്യന്‍ അധിനിവേശകാലത്ത് ചെക്കോസ്ലോവാക്യയുടെ ഓരോ സ്പന്ദനത്തിനും രാഷ്ട്രീയമാനമുണ്ടായിരുന്നു. വ്യക്തിജീവിതത്തെ സമഗ്രമായി നിയന്ത്രിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന് അധിനിവേശ ശക്തികള്‍ ധരിച്ചു. കമ്യൂണിസം വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗം നരകമായി പരിണമിച്ചപ്പോള്‍ എഴുത്തിന്റെ. ഇത്തിരിവെട്ടത്തില്‍ തന്റെ തലമുറയ്ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ കുന്ദേര ശ്രമിച്ചു.

സമഗ്രാധിപത്യത്തിന്റെ ആസുരഭാവങ്ങള്‍ മനുഷ്യജീവിതത്തിന്റെ വൈകാരികതലങ്ങളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ കുന്ദേരയുടെ നോവലിന്റെ ഭാവഘടനയെ സമ്പന്നമാക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങള്‍ തന്റെ നോവലിന്റെ നിര്‍മ്മാണ സാമഗ്രിയായി തിരഞ്ഞെടുക്കുമ്പോള്‍, അവയ്ക്ക് കഥാപാത്രങ്ങളുടെ നിലനില്‍പ്പുമായുള്ള ബന്ധം അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു.

രതിയെ നിലനില്‍പ്പിന്റെ രാഗവും താളവുമായി കുന്ദേര എതിരേല്‍ക്കുന്നു. ലൈംഗികതൃഷ്ണ മനുഷ്യകാമനകളുടെ അടിസ്ഥാനമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. മനുഷ്യമനസ്സിലെ ആരും കാണാത്ത രഹസ്യങ്ങളുടെ നിലവറ തുറക്കാനുള്ള മാന്ത്രികവിദ്യയായിട്ടാണ് രതിയെ കുന്ദേര ഉപയോഗിക്കുന്നത്. കഥാപാത്രങ്ങളുടെ വ്യാഖ്യാനവും വിശകലനവും പലപ്പോഴും സാധ്യമാകുന്നത് അവരുടെ ലൈംഗികബന്ധങ്ങളിലെ സൂക്ഷ്മഭാവങ്ങളുടെ നിരീക്ഷണത്തിലൂടെയാണ്. ഇക്കിളിപ്പെടുത്തുന്ന കാമകേളിയായല്ല, കഥാപാത്രങ്ങളുടെ നാട്യങ്ങളേയും പൊങ്ങച്ചത്തേയും അമിത ഗൗരവത്തേയും ഇല്ലാതാക്കാനുള്ള ഉപാധിയായിട്ടാണ് കുന്ദേര ലൈംഗികതയെ സമീപിക്കുന്നത്.

ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും ചിറകിലേറി ഭൗതിക പുരോഗതി കൈവരിച്ച പടിഞ്ഞാറന്‍ യൂറോപ്പ്, സംസ്‌കാരത്തിന്റെ മൂവന്തിവെളിച്ചത്തില്‍ മുങ്ങിത്തപ്പുന്നതിന്റെ ദയനീയ ചിത്രങ്ങള്‍ കുന്ദേരയുടെ നോവലുകളിലുണ്ട്. ജീവിതത്തിന്റെ പൊരുളറിയാത്ത, അതിനു ശ്രമിക്കാന്‍പോലും കഴിയാത്ത, ആധുനിക മനുഷ്യന്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയും ധര്‍മ്മസങ്കടവും അദ്ദേഹത്തിന്റെകഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. അവര്‍ക്ക് കെട്ടുറപ്പുള്ള ബന്ധമോ മൂല്യങ്ങളുടെ പരിരക്ഷയോ ഇല്ല. ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന കടലാസുവഞ്ചികള്‍ പോലെയാണവര്‍. അവര്‍ക്ക് എന്തിനോടെങ്കിലും പ്രതിബദ്ധതയോ ഏതെങ്കിലും ലക്ഷ്യമോ ഇല്ല, ആഴത്തിലുള്ള ചിന്തയോ വിമര്‍ശനാത്മക സമീപനമോ അവര്‍ക്ക് പരിചിതമാണ്. മരണമെന്ന സത്യത്തേയും ജീവിതത്തിന്റെ വൈകൃതത്തേയും വൈകല്യത്തേയും മറച്ചുവയ്ക്കുന്ന പുറംമോടിയിലും കോലാഹലത്തിലുമാണവര്‍ക്ക് താല്പര്യം. മുഴുപ്പുള്ള കഥാപാത്രങ്ങള്‍ കുന്ദേരയുടെ നോവലുകളില്‍ ഇല്ലാത്തതിന്റെ കാരണവും അതാകാം. തീവ്രാനുരാഗത്തിന്റെ പിന്നില്‍ ഇരമ്പിനില്‍ക്കുന്ന നിസ്വാര്‍ത്ഥതയും നിഷ്‌കളങ്കതയും അവര്‍ക്കന്യമാണ്. അവരുടെ പ്രണയത്തേയും രതിയേയും സൗഹൃദത്തേയും നിര്‍വ്വചിക്കുന്നത് ഉപഭോഗ സംസ്‌കാരമാണ്. യൂറോപ്യന്‍ സംസ്‌കാരം നേരിടുന്ന പ്രതിസന്ധിയുടെ ചുവരെഴുത്തുകള്‍ കുന്ദേരയുടെ നോവലുകളില്‍ കാണാം. അവ കാലഘട്ടത്തിന്റെ സര്‍ഗ്ഗാത്മ വിമര്‍ശനമായി നിലകൊള്ളുന്നു.

ഉത്തരാധുനിക നോവലിസ്റ്റ് എന്നറിയപ്പെടാന്‍ കുന്ദേര ആഗ്രഹിക്കുന്നില്ലെങ്കിലും ഉത്തരാധുനിക നോവലിന്റെ പ്രത്യേകതകള്‍ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിന്റ കൃതികളില്‍ കാണാവുന്നതാണ്. ആധുനികതയില്‍നിന്നും ഉത്തരാധുനികതയിലേക്കുള്ള പരിണാമം അദ്ദേഹത്തിന്റെ നോവലുകളുടെ പ്രമേയഘടനയുടേയും രചനാരീതിയുടേയും സൂക്ഷ്മവിശകലനത്തില്‍ വ്യക്തമാകുന്നു. അവ സൂക്ഷ്മവും വിമര്‍ശനാത്മകവുമായ വായന ആവശ്യപ്പെടുന്നു. സാധാരണ നോവലുകളിലെ വൈകാരിക വിസ്‌ഫോടനമോ നാടകീയ മുഹൂര്‍ത്തങ്ങളോ പരിണാമഗുപ്തിയോ മനശ്ശാസ്ത്രപരമായി വികാസം പ്രാപിക്കുന്ന കഥാപാത്രങ്ങളോ അതില്‍ കണ്ടില്ലെന്നു വരും. ആദ്യമദ്ധ്യാന്തപ്പൊരുത്തമോ നിയതമായ രൂപമോ ഘടനയോ അവിടെ അന്വേഷിക്കേണ്ടതില്ല. നോവലിന് എന്തും വിഷയമാകാമെന്നും നിര്‍വ്വചനങ്ങള്‍ക്കപ്പുറമാണതെന്നും കുന്ദേര വിശ്വസിക്കുന്നു. നോവല്‍ രചന, അദ്ദേഹത്തിനു ഡയറി എഴുത്തുപോലെയാണ്. പലതരം വീക്ഷണകോണുകളുടേയും പല സാഹിത്യരൂപങ്ങളുടേയും സാഹിത്യേതര രൂപങ്ങളുടേയും സംഘര്‍ഷാത്മക സാന്നിധ്യം അദ്ദേഹത്തിന്റെ നോവലുകളില്‍ ദര്‍ശിക്കാം. ബഹുസ്വരതയും മാന്ത്രിക ഭാവനയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആഖ്യാനതന്ത്രങ്ങളാണ്. ഏഴ് ഭാഗങ്ങളായി രൂപകല്പന ചെയ്തിട്ടുള്ളതാണ് അദ്ദേഹത്തിന്റെ മിക്ക നോവലുകളും. സപ്തസ്വരങ്ങളുടെ ലയത്തിലൂടെ സാധ്യമാകുന്ന സംഗീതശില്പംപോലെയാണ് ആ നോവലുകള്‍. നല്ല സംഗീതബോധമുള്ള കുന്ദേര സ്വരലയത്തിന്റെ സൃഷ്ടിയിലൂടെ അനുവാചകന് ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നു. നോവലിനെ അദ്ദേഹം സംഗീതത്തോട് അടുപ്പിക്കുന്നു, അതിന്റെ ഭാവതലങ്ങളെ വിസ്തൃതമാക്കുന്നു. സിനിമയുടെ സൗന്ദര്യശാസ്ത്രം ആഴത്തില്‍ പഠിച്ചിട്ടുള്ള കുന്ദേര, ആ മാധ്യമത്തിന്റെ ആവിഷ്‌കാരസാധ്യതകള്‍ തന്റെ നോവലുകളില്‍ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെകളുടെ ചുരുളഴിക്കാനും അതിന് ഇന്നുമായുള്ള പാരസ്പര്യം വ്യക്തമാക്കാനും വ്യത്യസ്തമെന്നു തോന്നുന്ന കഥാസന്ദര്‍ഭങ്ങളേയും ബിംബങ്ങളേയും ചേര്‍ത്തുവെച്ച് വായനക്കാരനെ അത്ഭുതപ്പെടുത്താനും ചലച്ചിത്രത്തിന്റെ നൂതന സങ്കേതങ്ങള്‍ കുന്ദേര പ്രയോജനപ്പെടുത്തുന്നു.

പരിചിതമായ കാലസങ്കല്പത്തെ പൊളിച്ചെഴുതി, കഥാഗതിയുടെ നൈരന്തര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയും കുന്ദേര പല നോവലുകളിലും അവലംബിക്കുന്നുണ്ട്. പുരാവൃത്തത്തിന്റെ അവതരണത്തിലൂടെ നോവലില്‍ പ്രതിപാദിക്കുന്ന സമകാലിക സമസ്യകള്‍ക്ക് സാര്‍വ്വലൗകിക തലങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു. ചരിത്രപുരുഷന്മാരും ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ സാഹിത്യകാരന്മാരും നോവലിലെ കഥാപാത്രങ്ങളുമായി ഒത്തുചേരുമ്പോള്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് വായനക്കാരന്‍ വിസ്മയപ്പെടുന്നു. കുന്ദേര തന്നെ കഥാപാത്രമായും ആഖ്യാനകാരനായും പ്രത്യക്ഷപ്പെടുന്ന നോവലുകള്‍ പുതിയ പാരായണരീതിയും സംവേദനശീലവും ആവശ്യപ്പെടുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com