

ഒരു ചെകുത്താനും നൂറുവര്‍ഷം വരെ ജീവിക്കില്ല. എന്നാല്‍ കിസിഞ്ചര്‍ അത് തിരുത്തി എന്നാണ് ക്യൂബക്കാര്‍ സാധാരണ പറയുക. ഹെന്റി കിസിഞ്ചര്‍ എന്ന വ്യക്തിത്വം ചിലര്‍ക്കെങ്കിലും നായകനും വീരനുമാണ്. പക്ഷേ, നൃശംസതയുടെ ആള്‍രൂപമായി ദശാബ്ദങ്ങളോളം അഴിഞ്ഞാടിയ അയാളുടെ പാതകങ്ങള്‍ മനുഷ്യരാശിക്കു മറക്കാവുന്നതല്ല. അയാളുടെ ചാണക്യബുദ്ധിയില്‍ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, അധികാരം കൈകള്‍ മറഞ്ഞു, രാജ്യങ്ങളും നിരപരാധികളും വെന്ത് വെണ്ണീറായി. വേട്ടയാടലിന്റേയും പലായനത്തിന്റേയും വേദനയറിഞ്ഞ അയാള്‍ തന്റെ ജീവിതംകൊണ്ട് ലക്ഷോപലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു.
ലോകരാഷ്ട്രീയത്തെ ഇത്രമേല്‍ സ്വാധീനിക്കുകയോ മാറ്റിമറിക്കുകയോ ചെയ്ത മറ്റൊരു വ്യക്തിയുണ്ടോയെന്ന് സംശയമാണ്. രാജ്യങ്ങളും അധികാരികളും ചതുരംഗപലകയിലെ കരുക്കളായിരുന്നു കിസിഞ്ചറിന്. കിസിഞ്ചറിന്റെ ജീവചരിത്രമായ ഷാഡോ എഴുതിയ ഗ്രെഗ് ഗ്രാന്‍ഡിന്‍ പറയുന്നത് അനുസരിച്ച് 1969-നും 1976-നും ഇടയിലുള്ള എട്ട് വര്‍ഷം നാലു ദശലക്ഷം പേരെയാണ് അയാള്‍ ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കിയത്. ഈ കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന റിച്ചാര്‍ഡ് നിക്‌സണിന്റേയും ജെറാള്‍ഡ് ഫോര്‍ഡിന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു അയാള്‍. കിസിഞ്ചര്‍ മുന്‍കൈയെടുത്ത് കമ്പോഡിയയിലും ചിലിയിലും കിഴക്കന്‍ തിമൂറിലും നടത്തിയ രക്തരൂഷിത ചെയ്തികള്‍ ലോകത്തെ നടുക്കിയ ക്രൂരതകള്‍ കൂടിയായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റവാളിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചത് ചരിത്രത്തിലെ ഒരു വൈരുദ്ധ്യമായി നിലനില്‍ക്കും.
1923 മേയില്‍ ബവേറിയയില്‍ ഒരു മധ്യവര്‍ഗ്ഗ ജൂത കുടുംബത്തിലാണ് കിസിഞ്ചറിന്റെ ജനനം. നാസികളുടെ വേട്ടയാടലിനെത്തുടര്‍ന്ന് 1938-ല്‍ കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. കാല്‍പന്ത് കളിയെ സ്‌നേഹിച്ച ഹെന്റി കൗമാരകാലത്ത് നാണക്കാരനായ ഒരു കുട്ടിയായിരുന്നു. പകല്‍ ഫാക്ടറിയില്‍ ജോലി, രാത്രിയില്‍ സ്‌കൂള്‍ പഠനം, അങ്ങനെയാണ് ആ ജീവിതം മുന്‍പോട്ട് പോയിരുന്നത്. അക്കൗണ്ടന്‍സി പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും മിലിട്ടറി ഇന്റലിജന്‍സിലാണ് കിസിഞ്ചര്‍ ചെന്നുപെട്ടത്. ബള്‍ജ് യുദ്ധത്തില്‍ പ്രധാന റോള്‍ വഹിക്കുമ്പോള്‍ കിസിഞ്ചറിന് പ്രായം 23 വയസ്സ്. മുന്‍ ഗെസ്തപ്പോ ഓഫീസര്‍മാരെ വീഴ്‌ത്താനായി പ്രത്യേക സംഘത്തെ അദ്ദേഹത്തിനു നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമൊക്കെ പൂര്‍ണ്ണ സ്വാതന്ത്ര്യം കിസിഞ്ചറിന്റെ ഈ ക്രിമിനല്‍ സംഘത്തിനുണ്ടായിരുന്നു. തിരികെയെത്തിയ അദ്ദേഹം ഹര്‍വാര്‍ഡില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചശേഷം അക്കാദമിക തലത്തില്‍ താരമായി. ആദ്യ പുസ്തകം 1957-ല്‍ (ന്യൂക്ലിയര്‍ വാര്‍ ആന്‍ഡ് പോളിസി) പ്രസിദ്ധീകരിച്ചു. പരിമിതമായ രീതിയില്‍ ആണവയുദ്ധങ്ങള്‍ പരീക്ഷിക്കാവുന്നതാണെന്നായിരുന്നു ആ പുസ്തകത്തില്‍ പറഞ്ഞത്. ഇന്നും ഈ സിദ്ധാന്തം ഭരണതലങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ഈ സിദ്ധാന്തത്തോടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.
1952-ല്‍ മാസ്റ്റേഴ്‌സും 1954-ല്‍ ഡോക്ടറേറ്റും നേടി 17 വര്‍ഷം അദ്ധ്യാപകനായി ജോലിചെയ്തു. ഇക്കാലയളവില്‍ നയതന്ത്ര വിഷയങ്ങളില്‍ ഉപദേശകനായി മാറിയ കിസിഞ്ചര്‍ അധികാരത്തോട് എന്നും അടുപ്പമുള്ളയാളായിരുന്നു. അന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന നെല്‍സണ്‍ റോക്ക്‌ഫെല്ലറിന്റെ സഹായിയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും തെമ്മാടിയായ പ്രസിഡന്റ് എന്നറിയപ്പെട്ട നിക്‌സണിനോടുള്ള അടുപ്പമായിരുന്നു അതില്‍ പ്രധാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന സ്ഥാനമാണ് നിക്‌സണ്‍ പ്രത്യുപകാരമായി കിസിഞ്ചറിന് സമ്മാനിച്ചത്. പിന്നീട് നടന്നത് ചരിത്രം.
ആഗോളതലത്തില്‍ യു.എസിന്റെ അധികാരവും പ്രാമുഖ്യവും വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന റോള്‍ വഹിച്ചുവെന്ന് പറയുന്നതില്‍ തെറ്റില്ല. റിയല്‍പൊളിറ്റിക് എന്ന രാഷ്ട്രീയ തത്ത്വചിന്തയാണ് അദ്ദേഹം പഠിച്ചതും പയറ്റിയതും. എങ്ങനെയാണ് രാജ്യങ്ങള്‍ യുദ്ധങ്ങളിലൂടെയും അസ്ഥിരാവസ്ഥകളിലൂടെയും പ്രായോഗികമായി അധികാരം കയ്യടക്കുന്നതെന്ന് പഠിക്കുന്ന രാഷ്ട്രീയ പഠനശാഖ! യാഥാര്‍ത്ഥ്യവും പ്രായോഗികതയും ഇഴപിരിയുന്ന നയതന്ത്രനയം. ഇതിനുമപ്പുറം അധികാരത്തിലിരിക്കുന്നവരുമായുള്ള സൗഹൃദവലയം സൃഷ്ടിക്കാനും അത് കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് മറ്റൊരു നേട്ടം.
അധികാരവും യുദ്ധക്കൊതിയും
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ അമേരിക്കന്‍ ആധിപത്യം ഉറപ്പിക്കാനായി നിക്‌സണും കിസിഞ്ചറും വര്‍ഷിച്ചത് ഒരു ലക്ഷം ടണ്‍ ബോംബുകളാണ്. അധികാരവും യുദ്ധക്കൊതിയും എന്നും ഹരമായിരുന്നു കിസിഞ്ചര്‍ക്ക്. അധികാരലബ്ധിക്കായി എന്തും ചെയ്യും. ഡെമോക്രാറ്റായ ലിന്‍ഡന്‍ ബി ജോണിനു കീഴില്‍ വിയറ്റ്‌നാമിന്റെ ഉപദേശകനായി വര്‍ത്തിക്കുന്ന സമയത്താണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിക്‌സണിനൊപ്പം കൂടിയത്. നിക്‌സണിനുവേണ്ടി പാരീസില്‍ നടന്ന രഹസ്യമായ വിയറ്റ്‌നാം സമാധാന ചര്‍ച്ചകളുടെ രേഖകള്‍ കൈമാറുകയും ചെയ്തു. പ്രതിപക്ഷത്തായിരുന്ന നിക്‌സണാകട്ടെ, ഇത് ഉപയോഗിക്കുകയും ചെയ്തു. അതായത് വിജയിക്കുമായിരുന്ന സമാധാനചര്‍ച്ചകളോ മനുഷ്യരോ ആയിരുന്നില്ല കിസിഞ്ചര്‍ക്ക് പ്രാധാന്യം. അധികാരകേന്ദ്രം സൃഷ്ടിക്കാന്‍ സമാധാനചര്‍ച്ചകള്‍ ഫലശൂന്യമാക്കുക എന്ന ക്രൂരതയാണ് അയാള്‍ ചെയ്തത്. പശ്ചിമേഷ്യയിലെ അറബ്-ഇസ്രയേല്‍ പ്രശ്‌നം വഷളാക്കിയതും തെക്കെ അമേരിക്കയിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഇല്ലാതാക്കിയതുമൊക്കെ കിസിഞ്ചറിന്റെ കുബുദ്ധിയിലെ തന്ത്രങ്ങളായിരുന്നു. ഇന്ത്യ-പാകിസ്താനുമായുള്ള ബന്ധങ്ങളിലെ അലോസരസൃഷ്ടികള്‍ക്കു പിന്നിലും ആ കരങ്ങളുണ്ടായിരുന്നു.
മുതലാളിത്ത ലോകവും കമ്യൂണിസ്റ്റ് ശാക്തികചേരികളുമായി ലോകം വേര്‍തിരിഞ്ഞ് മത്സരിച്ച കാലത്ത് ധ്രുവീകരണങ്ങള്‍ മാറ്റിമറിക്കാന്‍ കിസിഞ്ചര്‍ക്ക് കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയമായി, പ്രത്യയശാസ്ത്രപരമായി, ഭൗമശാസ്ത്രപരമായി, സാംസ്‌കാരികമായി എന്നിങ്ങനെ സോവിയറ്റ്-യു.എസ് പോരാട്ടത്തിന് പല സ്വഭാവമാനങ്ങളുണ്ടായിരുന്നു. അന്ന് രണ്ട് ചേരികളേ ഉണ്ടായിരുന്നുള്ളൂ. ഇന്നങ്ങനെയല്ലെന്ന് അദ്ദേഹം പിന്നീട് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ലോകം കൂടുതല്‍ സങ്കീര്‍ണ്ണമായി മാറി. ആഗോളവല്‍ക്കരണം ലോകത്തെ അത്തരത്തിലാക്കി. ഇന്ന് ഭൗമരാഷ്ട്രീയത്തിനു ബഹുമുഖ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുന്നുണ്ട്. ഇനിയൊരു കിസിഞ്ചര്‍ ഉണ്ടാകില്ലെന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്.
സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ ആയുധനിയന്ത്രണ ഉടമ്പടി(സോള്‍ട്ട് 1) കിസിഞ്ചറിന്റെ നയതന്ത്രത്തിന്റെ നേട്ടമായിരുന്നു. ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചതടക്കം വലിയ നേട്ടങ്ങളായി കിസിഞ്ചറിന്റെ വാഴ്‌ത്തുപാട്ടുകാര്‍ ആഘോഷിക്കുന്നുണ്ട്. ചൈനയുമായുള്ള ബന്ധം സ്ഥാപിക്കാനും കിസിഞ്ചര്‍ ശ്രമിച്ചു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ത്തന്നെ സോവിയറ്റ് യൂണിയന് അവിശ്വാസമുണ്ടാക്കുന്ന ഒരു വൈരിയെ സൃഷ്ടിക്കുകയായിരുന്നു കിസിഞ്ചറിന്റെ ഈ ലക്ഷ്യത്തിനു പിന്നില്‍. സോവിയറ്റ് യൂണിയനോട് അടുപ്പമുണ്ടെങ്കിലും ആശയപരമായും രാഷ്ട്രീയമായും മാവോയുടെ ചൈന അകല്‍ച്ചയിലായിരുന്നു. ഈ അകല്‍ച്ചയാണ് കിസിഞ്ചര്‍ മുതലെടുത്തത്. പാകിസ്താനെ മധ്യസ്ഥ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി ചൈനയുമായി ചര്‍ച്ച നടത്തി. പാകിസ്താനിലെ സുഖവാസ കേന്ദ്രത്തില്‍നിന്ന് ചൈനയിലെത്തി നേതാക്കളെ കണ്ട കിസിഞ്ചര്‍ നിക്‌സണിന്റെ ചൈന സന്ദര്‍ശനത്തിനു വഴിയൊരുക്കി. അങ്ങനെ നിക്‌സണ്‍ മാവോയെ കണ്ടു. ലോകം ഞെട്ടിയ ചരിത്രനിമിഷങ്ങളായിരുന്നു ഇത്. സോവിയറ്റ് യൂണിയന്‍ അക്ഷരാര്‍ത്ഥത്തില്‍ പതറിപ്പോയി. 23 വര്‍ഷത്തെ നയതന്ത്രതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്തുന്നത് ഇതോടെ അവസാനിച്ചു. ചൈനയോട് എന്നും അടുപ്പം കാണിക്കുന്ന സുഹൃത്ത് കൂടിയായിരുന്നു കിസിഞ്ചര്‍.
കമ്യൂണിസത്തെ ഇല്ലാതാക്കാനുള്ള ആഗോളപദ്ധതിയുടെ ഭാഗമായാണ് കൊറിയന്‍ യുദ്ധത്തിനു ശേഷം വിയറ്റ്‌നാമില്‍ അമേരിക്ക ഇടപെടുന്നത്. അഫ്ഗാനിലും ഇറാഖിലും സൈനികമായി ഇടപെടുന്നതിനു മുന്‍പ് വിദേശത്ത് അമേരിക്ക നടത്തിയ ഏറ്റവും നീണ്ട യുദ്ധമായിരുന്നു വിയറ്റ്‌നാമിലേത്. 1955 നവംബര്‍ മുതല്‍ 1975 ഏപ്രില്‍വരെ അതു നീണ്ടുനിന്നു. അതിനിടയില്‍ യുദ്ധം അയല്‍രാജ്യങ്ങളായ ലാവോസിലേക്കും കമ്പോഡിയയിലേക്കും വ്യാപിച്ചു. അങ്ങനെ രണ്ടാം ഇന്തോ-ചൈനാ യുദ്ധമെന്ന പേരിലും അറിയപ്പെടുകയും ചെയ്തു. ഫ്രാന്‍സിന്റെ അധീനത്തിലായിരുന്ന ആ പ്രദേശത്തെ മോചിപ്പിക്കാന്‍ അവിടത്തുകാര്‍ 1946 മുതല്‍ 1954 വരെ നടത്തിയ ഗറില്ലാ യുദ്ധമായിരുന്നു ഒന്നാം ഇന്തോ-ചൈനാ യുദ്ധം. ഫ്രെഞ്ചുകാര്‍ സ്ഥലംവിട്ടതോടെ വിയറ്റ്‌നാമിന്റെ വടക്കന്‍ മേഖലയില്‍ സോവിയറ്റ് യൂണിയന്റേയും ചൈനയുടേയും പിന്തുണയുള്ള കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍വന്നു. തെക്കന്‍ മേഖലയിലെ കമ്യൂണിസ്റ്റ്‌വിരുദ്ധ ഭരണകൂടത്തെ സഹായിക്കാന്‍ അമേരിക്കയും തയ്യാറായി. ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടി തെക്കന്‍ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഗറിലകള്‍ (വിയറ്റ്‌കോങ്) വടക്കന്‍ വിയറ്റ്‌നാമിന്റെ സഹായത്തോടെ ഒളിപ്പോരു തുടങ്ങി. ഇതോടെ അവരെ ഇല്ലാതാക്കാന്‍ അമേരിക്കയും തെക്കന്‍ വിയറ്റ്‌നാമിനോടൊപ്പം ചേര്‍ന്നു. ചില സഖ്യരാജ്യങ്ങളും ഒപ്പം കൂടി. അങ്ങനെ തുടങ്ങിയതാണ് വിയറ്റ്‌നാം യുദ്ധം.
ഇടപെട്ടില്ലെങ്കില്‍ തെക്കു കിഴക്കന്‍ ഏഷ്യയുടെ ആ ഭാഗം മുഴുവന്‍ ചുവന്നുപോകുമെന്ന് അമേരിക്കന്‍ ഭരണാധികാരികള്‍ കരുതി. ആ കാലഘട്ടത്തില്‍ അമേരിക്ക ഭരിച്ച ഹാരി എസ്. ട്രൂമാന്‍, ഡൈ്വറ്റ് ഐസന്‍ഹോവര്‍, ജോണ്‍ എഫ്. കെന്നഡി, ലിന്‍ഡന്‍ ജോണ്‍സന്‍, റിച്ചഡ് നിക്‌സന്‍ എന്നീ അഞ്ചു പ്രസിഡന്റുമാരും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. അത് അമേരിക്കയ്ക്കു വലിയ ഭീഷണിയാകുമെന്നും അവര്‍ കരുതി. അതിന്റെ കാരണഭൂതന്‍ കിസിഞ്ചര്‍ എന്ന പൊളിറ്റിക്കല്‍ തിയറിസ്റ്റിന്റെ അതിദേശീയതാ സിദ്ധാന്തമായിരുന്നു.
വിയറ്റ്നാം, ചിലി തീരാത്ത പാതകം
1969-ല്‍ യുദ്ധത്തില്‍ കക്ഷിയല്ലാതിരുന്ന രാജ്യമായ കമ്പോഡിയയില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ആജ്ഞ നല്‍കിയത് കിസിഞ്ചറായിരുന്നു. 100000 ടണ്‍ സ്‌ഫോടകവസ്തുക്കളാണ് കാര്‍പറ്റ് ബോംബിങ്ങിലൂടെ ആ ജനതയ്ക്കു മുകളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചത്. വിയറ്റ്‌നാമിലേക്കുള്ള വിതരണശൃംഖല(ആയുധവും ഭക്ഷണവും) ഇല്ലാതാക്കുകയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം. രണ്ട് മില്യണ്‍ ബോംബുകള്‍, ഭ്രാന്ത്പിടിച്ച സൈന്യം. എല്ലാവരും കൂടി കൊന്നൊടുക്കിയ സാധാരണക്കാരുടെ എണ്ണത്തിന് കണക്കില്ല. 50,000 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഏകദേശ കണക്ക്. ഇതിനപ്പുറം അസ്ഥിരത കമ്പോഡിയയ്ക്ക് നല്‍കിയത് പോള്‍ പോട്ടിന്റെ ക്രൂരവാഴ്ചയ്ക്കും ഖമറൂഷ് ഭരണവാഴ്ചയ്ക്കുമാണ്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വടക്കന്‍ വിയറ്റ്‌നാം പ്രതിനിധി ലീ ഡക് തോയുമായി നടത്തിയ ചര്‍ച്ചകളാണ് വിയറ്റ്‌നാം യുദ്ധത്തിന്റെ വിരാമത്തിലേക്ക് വഴിതെളിച്ചത്. ഇരുവര്‍ക്കുമായി 1973-ലെ സമാധാനത്തിനുള്ള നൊബേല്‍സമ്മാനം പ്രഖ്യാപിച്ചെങ്കിലും ലീ ഡക് തോ സ്വീകരിച്ചില്ല. കുറ്റബോധത്തിന്റെ തരിമ്പുപോലും ശേഷിക്കാതെ അതീവ വിനയത്തോടെ കിസിഞ്ചര്‍ അതേറ്റു വാങ്ങുകയും ചെയ്തു. സമ്മാനമായി കിട്ടിയ പണം യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ കുട്ടികള്‍ക്കായി മാറ്റിവച്ചു.
ചിലിയില്‍ നടന്ന പൈശാചികമായ അധികാര അട്ടിമറിയുടെ ബുദ്ധികേന്ദ്രം കിസിഞ്ചറായിരുന്നു. 1970 സെപ്റ്റംബര്‍ നാലിനാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സാല്‍വദോര്‍ അലന്‍ഡെ ജനകീയമായി അധികാരത്തില്‍ വരുന്നത്. യു.എസ് സാമ്രാജ്യത്തിനെതിരേയായിരുന്നു അലന്‍ഡെയുടെ പോരാട്ടം. അറുപതുകളില്‍ ലോകത്തെ 80 ശതമാനവും കൈകാര്യം ചെയ്തിരുന്നത് അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനികളായ ആനാകോണ്ട, കെന്നികോട്ട് എന്നിവയായിരുന്നു. ഇവരുടെ ഖനികള്‍ ചിലിയിലും. ഖനന മേഖല ദേശസാല്‍ക്കരിച്ചതോടെ പ്രശ്‌നം തുടങ്ങി. ചിലിയിലെ അട്ടിമറിക്കു പിന്നിലെ അമേരിക്കയുടെ സാമ്പത്തിക താല്പര്യം അതായിരുന്നു. അലന്‍ഡെ ജയിച്ചുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്ക് കിസിഞ്ചറും സി.ഐ.എയുടെ പദ്ധതിയൊരുക്കി. ജനങ്ങളുടെ നിരുത്തരവാദിത്വം മൂലം ഒരു രാജ്യം കമ്യൂണിസ്റ്റാകുന്നത് നമ്മള്‍ എന്തിനാണ് നോക്കിനില്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു കിസിഞ്ചറുടെ മറുപടി.
1973 സെപ്റ്റംബര്‍ 11-ന് സാന്‍ഡിയോഗയില്‍ ടാങ്കുകളും ബോംബ് വര്‍ഷിക്കുന്ന ജെറ്റ് വിമാനങ്ങളും ഇരമ്പിയെത്തി. അലന്‍ഡെയുടെ വസതി ആക്രമിച്ചു. രാജിവച്ചൊഴിയാനുള്ള അന്ത്യശാസനത്തിനു വഴങ്ങാതിരുന്ന അലന്‍ഡെ ആത്മഹത്യ ചെയ്തു. തുടര്‍ന്ന് ചിലിയില്‍ അരങ്ങേറിയ കിരാതവാഴ്ചയില്‍ കൂട്ട അറസ്റ്റുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍, തടവറപീഡനങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവ സാധാരണ സംഭവങ്ങളായി. 17 വര്‍ഷത്തെ ഏകാധിപത്യത്തിന്റെ തുടക്കമായിരുന്നു അത്. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യവാഴ്ചയുടെ പ്രത്യാഘാതങ്ങള്‍ ഇന്നും ചിലിയന്‍ ജനത അനുഭവിക്കുന്നു. ഉറ്റവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത ഒട്ടേറെ കുടുംബങ്ങള്‍ ഇന്നും ചിലിയിലുണ്ട്. പിനോഷെയുടെ ഭരണത്തിന്‍ കീഴില്‍ 40,000 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. രണ്ട് ലക്ഷം പേര്‍ പലായനം ചെയ്തു. ആയിരക്കണക്കിനു പേരെക്കുറിച്ച് ഇന്നും വിവരമില്ല.
പിനോഷെയെപ്പോലെ അര്‍ജന്റീനയിലും ബ്രസീലിലും മധ്യഅമേരിക്കയിലും അമേരിക്കയുടെ ഇഷ്ടപ്പെട്ട ഏകാധിപതികളെ കിസിഞ്ചര്‍ അധികാരത്തിലെത്തിച്ചു. 1971-ല്‍ കിഴക്കന്‍ ബംഗാളിലെ പാക്ക്സൈന്യം നടത്തിയ കിരാതനടപടികള്‍ കിസിഞ്ചറിന്റെ സൃഷ്ടിയായിരുന്നു. മുജിബുര്‍ റഹ്‌മാന്‍ നയിക്കുന്ന അവാമി ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ പട്ടാള ഭരണാധികാരി ജനറല്‍ യാഹ്യാഖാന്‍ തയ്യാറായില്ല. ഇന്നത്തെ ബംഗ്ലാദേശിലേക്ക് ജനമുന്നേറ്റം അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. കിസിഞ്ചറുടെ ഉപദേശപ്രകാരം നിക്‌സണ്‍ പാകിസ്താനെ സൈനികമായും സാമ്പത്തികമായും സഹായിച്ചു. ബംഗ്ലാദേശില്‍നിന്ന് അഭയാര്‍ത്ഥി പ്രവാഹമായതോടെ ഇന്ത്യ വിഷയത്തില്‍ ഇടപെടുന്നതും യുദ്ധത്തില്‍ കലാശിക്കുന്നതും. സോവിയറ്റ് പിന്തുണയോടെ അമേരിക്കയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നതിനു മുന്‍പുതന്നെ പാക്ക് സൈന്യത്തെക്കൊണ്ട് കീഴടങ്ങല്‍ ഉടമ്പടിയിലേര്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 1975-ല്‍ യു.എസ് പിന്തുണയോടെയാണ് കിഴക്കന്‍ തിമൂറില്‍ ഇന്തോനേഷ്യന്‍ അധിനിവേശം നടക്കുന്നത്. ഈ നീക്കത്തിനു പിന്നിലും കിസിഞ്ചറിന്റെ കുബുദ്ധിയായിരുന്നു.
1973-ലെ അറബ് ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടത് കിസിഞ്ചറായിരുന്നു. അതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ നന്ദി പറയുന്നത് പിന്നീട് നിക്‌സണ്‍ രേഖകളിലൊന്നായി പുറത്തുവന്നു. എന്നാല്‍, റഷ്യന്‍ ജൂതരെ ഇസ്രയേലിലേക്ക് കുടിയേറാന്‍ സോവിയറ്റ് യൂണിയനോട് കിസിഞ്ചറോ നിക്‌സണോ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന സത്യവും അതോടെ പുറത്തുവന്നു. സോവിയറ്റ് ഗ്യാസ് ചേംബറുകളിലെ ജൂതന്മാരെ ഓര്‍ത്ത് അമേരിക്കയ്ക്ക് ആശങ്കയില്ല. അതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്നാണ് കിസിഞ്ചര്‍ പറഞ്ഞത്. വാട്ടര്‍ഗേറ്റ് സംഭവത്തിനു പിന്നാലെ നിക്‌സണ്‍ പുറത്തുപോയെങ്കിലും പിന്‍ഗാമിയായെത്തിയ ജെറാള്‍ഡ് ഫോര്‍ഡ് സ്റ്റേറ്റ് സെക്രട്ടറിയായി കിസിഞ്ചറെ നിലനിര്‍ത്തി. ജിമ്മി കാര്‍ട്ടര്‍ ഫോര്‍ഡിനെ തോല്‍പ്പിച്ചതോടെ വൈറ്റ്ഹൗസ് ഒഴിയാന്‍ കളമൊരുങ്ങി. 1977-നു ശേഷം അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കൊളംബിയ യൂണിവേഴ്‌സിറ്റി ആദരിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ വന്‍പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കേണ്ടിവന്നു, പിന്നീട് ജിമ്മി കാര്‍ട്ടറിന്റേയും ബില്‍ ക്ലിന്റണിന്റേയും വിദേശനയങ്ങളുടെ വിമര്‍ശകനായി അദ്ദേഹം മാറി. മധ്യേഷ്യയില്‍ സമാധാനത്തിലേക്കുള്ള അതിവേഗ കുതിച്ചുചാട്ടമാണ് ഈ പ്രസിഡന്റുമാര്‍ ആഗ്രഹിച്ചത്. കിസിഞ്ചറിനെ അഭിപ്രായമനുസരിച്ച് ഇഞ്ചിഞ്ചായി മാത്രമേ അത് സംഭവിക്കൂ.
9/11 ആക്രമണത്തിനുശേഷം പ്രത്യേക അന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് കിസിഞ്ചറോട് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. സ്വന്തം കണ്‍സള്‍ട്ടന്‍സിയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടിവരുമെന്നതിനാല്‍ കിസിഞ്ചര്‍ ആ സ്ഥാനം സ്വീകരിച്ചില്ല. 2003-ല്‍ ഇറാഖ് അധിനിവേശത്തിന് പ്രസിഡന്റ് ബുഷും വൈസ് പ്രസിഡന്റും ഡിക് ചിനിയും ഉപദേശം തേടിയത് കിസിഞ്ചറോടായിരുന്നു. യുദ്ധവിജയം മാത്രമാണ് അവസാന തന്ത്രമെന്നാണ് അന്ന് അദ്ദേഹം നല്‍കിയ ഉപദേശം. 2017-ല്‍ തെരഞ്ഞെടുപ്പിനു ശേഷം ഡൊണാള്‍ഡ് ട്രംപിനോട് വിദേശകാര്യ വിഷയങ്ങള്‍ വിശദീകരിച്ച് കൊടുത്തു. പുടിനെ അംഗീകരിക്കണമെന്നതും ക്രിമിയയിലെ റഷ്യന്‍ അധിനിവേശവുമൊക്കെ ഉപദേശവിഷയങ്ങളില്‍പ്പെടുന്നു. നൂറുവയസ്സ് തികഞ്ഞപ്പോള്‍ യുക്രൈയിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് സെലന്‍സ്‌കി നാറ്റോ സൈന്യത്തില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇനിയുമേറെയുണ്ട് ക്രൂരതകളുടെ കണക്കെടുപ്പ്. അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ അദ്ദേഹം തയ്യാറായി. ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇതിനായി ബലികഴിച്ചു. രാജ്യതാല്പര്യം, ദേശീയതാല്പര്യം സംരക്ഷിക്കാന്‍ പാതകങ്ങളാകാമെന്ന സിദ്ധാന്തം അദ്ദേഹത്തിന്റെ സംഭാവനയാണ്. പലായനത്തിന്റെ നരകയാതനകള്‍ അനുഭവിച്ച കിസിഞ്ചറിന് ഒരിക്കല്‍പ്പോലും തന്റെ ചെയ്തികളില്‍ സങ്കടം തോന്നിയിട്ടുണ്ടാകില്ല. കാരണം, അയാള്‍ ഇഷ്ടപ്പെട്ടത് അധികാരവും അതിന്റെ പ്രയോഗങ്ങളിലുമായിരുന്നു. കരുത്തനാകുകയായിരുന്നു അയാളുടെ സ്വപ്നം.
ഈ റിപ്പോർട്ട് കൂടി വായിക്കാം
മഹുവയെ ബിജെപി കുരുക്കിയതെന്തിന്?
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates