സഭാ ചരിത്രകാരന്മാരെ വെറിളി പിടിപ്പിക്കുന്ന കണ്ടെത്തലുകള്‍

UNMASKING THE SYRIACS: THE HIDDEN ORIGIN OF INDIAN CHRISTIANITY പുസ്തകത്തെക്കുറിച്ച് ജീവന്‍ ഫിലിപ്പ് സമകാലിക മലയാളവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍നിന്ന്
സഭാ ചരിത്രകാരന്മാരെ വെറിളി പിടിപ്പിക്കുന്ന കണ്ടെത്തലുകള്‍
Published on
Updated on

ജീവന്‍ ഫിലിപ്പ് എഴുതിയ UNMASKING THE SYRIACS: THE HIDDEN ORIGIN OF INDIAN CHRISTIANITY എന്ന പുസ്തകം കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമുള്ള നമ്മുടെ സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുംവിധം സമഗ്രമാണ്. തീര്‍ച്ചയായും ചരിത്രമെഴുത്തിനെ പാരമ്പര്യത്തിന്റെ വാഴ്ത്തുപാട്ടാക്കി മാറ്റുന്ന സഭാചരിത്രകാരന്മാരെ വെറിളി പിടിപ്പിക്കാന്‍ പര്യാപ്തമാണ് പുസ്തകത്തിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. 

പഴയകാലത്ത് സാമൂഹ്യ-വാണിജ്യ ശൃംഖല ശക്തമായ ഇടങ്ങളില്‍ നിന്നുള്ള പുരാവസ്തുശാസ്ത്രപരമായ കണ്ടെത്തലുകളില്‍നിന്നാണ് ഗ്രന്ഥകര്‍ത്താവ് ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയുടെ, വിശേഷിച്ചും സിറിയക് ക്രിസ്ത്യാനിറ്റിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിച്ചുതുടങ്ങുന്നത്. മദ്ധ്യേഷ്യയില്‍ ഉരുവം കൊണ്ട മതപരമായ സമന്വയത്തെ പ്രതിനിധീകരിക്കുന്ന പുരാവസ്തുക്കളേയും ചിത്രണങ്ങളെയും അടിസ്ഥാനമാക്കി മൈലാപ്പൂരിലെ സെയിന്റ് തോമസിന്റെ രക്തസാക്ഷിത്വത്തേയും അതിന്റെ പ്രധാന തെളിവായ പഹ്ലവി ആലേഖനം ചെയ്ത കുരിശിനേയും സംബന്ധിച്ച ആഖ്യാനങ്ങളെ ഗ്രന്ഥത്തില്‍ ചോദ്യം ചെയ്യുന്നുണ്ട് ജീവന്‍ ഫിലിപ്പ്. പൊതുധാരണകള്‍ക്കു വിരുദ്ധമായി ദക്ഷിണേന്ത്യയിലെ പഹ്ലവി കുരിശുകള്‍ക്ക് ഒരു ജ്ഞാനവാദ (Gnostic) പാരമ്പര്യത്തിനുള്ള സാധ്യതയുണ്ടെന്നു രചയിതാവ് സൂക്ഷ്മമായി സമര്‍ത്ഥിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. നെസ്‌തോറിയന്‍ മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ ഒന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള കാലഘട്ടത്തില്‍ ഫാര്‍സി-ദ്രവീഡിയന്‍ മാനിക്കേയന്മാരും ജൂഡോ-ദ്രവീഡിയന്‍ പ്രീ-പ്രോട്ടോ-ഓര്‍ത്തഡോക്‌സ് ഗ്രൂപ്പുകളും അടങ്ങുന്ന വ്യത്യസ്ത ജ്ഞാനവാദ ഗ്രൂപ്പുകളുടെ സംയോജനത്തിലാണ് അദ്ദേഹം ഇന്ത്യയില്‍ ഇന്നത്തെ സുറിയാനി ക്രിസ്തുമതത്തിന്റെ ഉറവിടം കണ്ടെതുന്നത്. കുരിശ് എന്ന ക്രൈസ്തവ ചിഹ്നത്തിന്റെ പരിണാമത്തെ സമുദ്രാന്തര വാണിജ്യത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ജീവന്‍ ഫിലിപ്പ് ഇന്ത്യയിലെ മാത്രമല്ല, മെസൊപ്പൊട്ടേമിയയിലേയും മദ്ധ്യേഷ്യയിലേയും സുറിയാനി സഭകളുടെ കൂടി അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നുണ്ട് തന്റെ വാദമുഖങ്ങളെ ശക്തിപ്പെടുത്തുന്നതിനു മാനിക്കേയിസം, ബുദ്ധമതം, താവോയിസം, കിഴക്കന്‍ സിറിയക് ക്രിസ്ത്യാനിറ്റി എന്നിവ ഉള്‍പ്പെടുന്ന മതപരമായ സമന്വയത്തെ സൂചിപ്പിക്കുംവിധം കുരിശ് എന്ന ചിഹ്നം എങ്ങനെയാണ് മദ്ധ്യേഷ്യയിലും ചൈനയിലും പരിണമിച്ചുവന്നത് എന്നും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ക്രിസ്തുമതത്തിന്റെ കൊളോണിയല്‍ ആധുനികതയിലുള്ള വേരുകളാണ് ക്രിസ്ത്യന്‍ സമൂഹത്തിന്റെ പൗരാണികതയെക്കുറിച്ചുള്ള ഈ അന്വേഷണങ്ങളില്‍നിന്നും ആത്യന്തികമായി വെളിപ്പെടുന്നത്.

പുസ്തകത്തെക്കുറിച്ച് ജീവന്‍ ഫിലിപ്പ് സമകാലിക മലയാളവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍നിന്ന്.

****

സെയിന്റ് തോമസ്
സെയിന്റ് തോമസ്

'അണ്‍മാസ്‌കിംഗ് ദ സിറിയക്‌സ്' ഒരു സമുദായ ചരിത്രമാണ്. നിലവിലുള്ള ചരിത്രാഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന ഒന്ന്. എന്താണ് ഈ പുസ്തകം എഴുതുന്നതിനു പ്രേരിപ്പിച്ചത് എന്താണ്? 

ഞാന്‍ എന്റെ ചെറുപ്പകാലം മുതല്‍ കേരളത്തിലെ സമുദായങ്ങളെക്കുറിച്ച്, അവയുടെ ചരിത്രത്തെക്കുറിച്ചു പഠിക്കാന്‍ തല്പരനായിരുന്നു. കലാലയ വിദ്യാഭ്യാസ കാലത്ത് അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ സമയം കണ്ടെത്തിയിരുന്നു. വായന വളര്‍ന്നപ്പോള്‍ പല സമുദായങ്ങളെക്കുറിച്ചും വായിച്ചതിന്റെ കൂട്ടത്തില്‍ എന്റെ സ്വന്തം സമുദായമായ നസ്രാണികളെക്കുറിച്ചും വായിക്കാനിടയായി. മതപരമായ ധാരണകള്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി എനിക്കു ചെറുപ്പകാലത്തേ കിട്ടിയ അറിവ് സെയിന്റ് തോമസ് ഇവിടെ വരികയും ഇവിടെ വന്ന് ബ്രാഹ്മണരെ ക്രിസ്ത്രീയ മാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്തു എന്നാണ്. അവരുടെ പിന്‍തലമുറക്കാരാണ് മലങ്കര നസ്രാണികള്‍ എന്നാണ് സാമ്പ്രദായിക വ്യാഖ്യാനം. സെയിന്റ് തോമസ് വന്നു ഇവിടുത്തെ ഗുണ്ടപ്പ രാജാവ് ആണ് അതിനുള്ള സൗകര്യം ചെയ്തു കൊടുത്തതെന്നും സെയിന്റ് തോമസ് ഇവിടെ വന്നത് അദ്ദേഹത്തിന്റെ കൊട്ടാരം പണിയാനാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ നമ്മുടെ സണ്‍ഡേ സ്‌കൂളുകളിലൊക്കെ പഠിപ്പിച്ചിരുന്നു. അന്നും ഈ കാര്യങ്ങളൊക്കെ എനിക്കു ബോദ്ധ്യമാകുകയോ അതു സ്വീകാര്യമായ ഒരു വിവരമായി തോന്നുകയോ ചെയ്തിരുന്നില്ല. പിന്നീട് കുറച്ചു പ്രായമൊക്കെയായപ്പോള്‍ വായനയിലൂടെ ഞാന്‍ ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യം അന്വേഷിച്ചു തുടങ്ങി. ആക്ട്‌സ് ഒഫ് തോമസ് പുസ്തകങ്ങളും യൂണിവേഴ്‌സിറ്റി തലത്തിലുള്ള പുസ്തകങ്ങളും സീരിയസ്സായിട്ടുള്ള പേപ്പറുകളുമൊക്കെ വായിച്ചു തുടങ്ങി. അങ്ങനെ പഠിച്ചു തുടങ്ങിയപ്പോള്‍ ഈ വിവരങ്ങളുടെയൊക്കെ ആധികാരികതയെക്കുറിച്ചായി അന്വേഷണം. ചരിത്രരചനയില്‍ അനുവര്‍ത്തിക്കുന്ന പരമ്പരാഗത രീതിശാസ്ത്രം പുരാതനമായ മാനുസ്‌ക്രിപ്റ്റുകള്‍ അല്ലെങ്കില്‍ മറ്റാരുടേയെങ്കിലും പുസ്തകങ്ങളിലെ റഫറന്‍സുകള്‍ ഇതൊക്കെ വെച്ചുകൊണ്ടാണ്. അതൊക്കെ അനുസരിച്ച് സെയിന്റ് തോമസ് ഇന്ത്യയിലേക്കു പോയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നു. ഇന്ത്യ എന്നു പറയുമ്പോള്‍ നമുക്കു പെട്ടെന്നുണ്ടാകുന്ന ധാരണ എന്താണ്? മലങ്കരയില്‍, കേരളത്തിന്റെ കരയില്‍ സെയിന്റ് തോമസ് വന്നിട്ടുണ്ട് എന്നും ഇവിടെ സുറിയാനി ക്രിസ്ത്യാനികള്‍ അങ്ങനെ ഉണ്ടായെന്നും ആണ്. ഇതു സംബന്ധിച്ച് ആധുനിക ചരിത്രകാരന്മാര്‍ നടത്തിയ ഗവേഷണ ഫലങ്ങളിലേക്കു ഞാന്‍ ചെന്നപ്പോള്‍ എനിക്കു കൂടുതല്‍ താല്പര്യമുണ്ടായി. അവരെല്ലാം പറയുന്നത് എത്യോപ്യയുടെ തീരത്തുനിന്നും തുടങ്ങി തെക്കേ അറേബ്യ, പേര്‍ഷ്യ, ശ്രീലങ്ക വരെയുള്ള ഭാഗം ഇന്ത്യയായിട്ടാണ് പൗരാണിക സാഹിത്യത്തില്‍ സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. ബര്‍ത്തലോമിയോ എന്നു പറയുന്ന സുവിശേഷകന്‍ ഇവിടെ വന്നപ്പോള്‍ ഇവിടുള്ള ക്രിസ്ത്യാനികളില്‍നിന്നും ഹീബ്രുവിലെഴുതിയ മത്തായിയുടെ സുവിശേഷം കിട്ടിയതായും റഫറന്‍സുണ്ട്. പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഇതു പ്രകാരം സെയിന്റ് തോമസ് വന്നിട്ടുള്ളത് സൗത്ത് അറേബ്യയുടെ തീരത്തിലെവിടെയോ ആകാം എന്നാണ്. പശ്ചിമേന്ത്യന്‍ തീരങ്ങളിലാണ് സെയിന്റ് തോമസ് വന്നത് എന്നതിനു ശാസ്ത്രീയ സൂചനകളൊന്നുമില്ല. ഇതിന്റെ പശ്ചാത്തലം തേടിപ്പോയപ്പോള്‍ എനിക്കു മനസ്സിലായി നമ്മുടെ പരമ്പരാഗത ധാരണകളൊക്കെ വെറും 'സപ്പോസിഷന്‍സ്' ആണ് എന്ന്. ചരിത്രം പലപ്പോഴും എഴുതപ്പെടുന്നത് മെറ്റീരിയല്‍ എവിഡന്‍സിന്റെ പിന്‍ബലത്താലല്ല, മറിച്ച് ആരുടെയൊക്കെയോ വിഷ്ഫുള്‍ തിങ്കിംഗിന്റെ ഭാഗമായിട്ടാണ് എന്നും തിരിച്ചറിയാനായി. പരമ്പരാഗത ചരിത്രത്തെ വെറും ഹാഗിയോഗ്രഫി ആയിട്ടാണ് കണക്കാക്കേണ്ടത് എന്നും മനസ്സിലായി. ആത്മപ്രശംസാപരമായ ചരിത്രമെഴുത്ത്. യഥാര്‍ത്ഥ ചരിത്രമെഴുതണമെങ്കില്‍ പുരാവസ്തു ശാസ്ത്രപരമായ (Archeolgical) തെളിവു വേണമെന്നും ആ തെളിവുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷാശാസ്ത്രപരമായ (Linguistic) സവിശേഷതകളെ സംബന്ധിച്ച തെളിവുകള്‍ വേണമെന്നും ഏറ്റവും ആധുനികമായ ജനിതശാസ്ത്രപരമായ കണ്ടെത്തലുകളുടെ പിന്‍ബലവും അവയ്ക്കു വേണമെന്നും എനിക്കു മനസ്സിലായി. അങ്ങനെയാണെങ്കില്‍ മാത്രമേ അതിനെ സമഗ്രവും ശാസ്ത്രീയവുമായ ചരിത്രമെഴുത്താകുകയുള്ളൂ എന്നും ബോദ്ധ്യമായി. അതനുസരിച്ച് ലോകത്തിന്റേയും ഇന്ത്യയുടേയും ചരിത്രങ്ങളെ സംബന്ധിച്ച കൂടുതല്‍ ആധികാരികമായ പുസ്തകങ്ങളും ക്രിസ്തുമത സംബന്ധിയായ പുസ്തകങ്ങളും ആഴത്തില്‍ വായിച്ചു തുടങ്ങി. ക്രിസ്തുമത സംബന്ധിയായ പുസ്തകങ്ങളാണെങ്കില്‍ റവറന്റ് മിലന്‍ റേയുടെ പുസ്തകങ്ങള്‍ മുതല്‍ ആധുനിക ചരിത്രകാരന്മാരായ അന്‍ഡ്രാഡേയുടേതടക്കമുള്ള ഇതുവരെ എഴുതപ്പെട്ടവയില്‍ ഏറിയ കൂറും ഞാന്‍ വായിച്ചിട്ടുണ്ട്. ഇതില്‍ പലതും സ്‌പെസിഫിക്കലി എഴുതിയവയും റിസര്‍ച്ച് പേപ്പറുകളും വായിച്ചവയില്‍ ഉണ്ട്. പാശ്ചാത്യ എഴുത്തുകാരും മുണ്ടാടനെപ്പോലെ പൗരസ്ത്യരായ പുരോഹിതരായ എഴുത്തുകാരും എഴുതിയിട്ടുള്ളത് പഴയകാല ധാരണകളേയും ചില റഫറന്‍സുകളെ ആധാരമാക്കിയാണ് എന്നു മനസ്സിലായി. ഇതില്‍ ചിലരൊക്കെ ചില ആര്‍ക്കിയോളജിക്കല്‍ തെളിവുകളെ ആശ്രയിച്ചു എന്നു വരുത്തിയിട്ടുണ്ട്. അതു ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍നിന്നും കണ്ടെടുത്തിട്ടുള്ള പേര്‍ഷ്യന്‍ ക്രോസ് എന്നു വിളിക്കുന്ന ഒരു പഹ്‌ലവി ക്രോസ് ആണ്. പിന്നീട് ഇന്നു വിശ്വാസയോഗ്യമാണെന്നു കരുതുന്ന തെരിസാപ്പള്ളി ചെപ്പേടുമാണ്. പിന്നീടുള്ളത് ഹെഡ് സ്റ്റോണ്‍സോ അല്ലെങ്കില്‍ വെളിമ്പ്രദേശത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ളതോ സ്തംഭരൂപത്തിലുള്ളതോ ആയ കുരിശുകളോ ഒക്കെയാണ്. ഇതിനു എട്ടോ പത്തോ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് പഴക്കമില്ല. ഇന്നു കാണുന്ന പള്ളികളും അവയുടെ വാസ്തുശില്പവുമെല്ലാം പോര്‍ച്ചുഗീസുകാര്‍ക്കുശേഷം ഉണ്ടാക്കപ്പെട്ട ഘടനകളാണ് എന്നാണ് എന്റെ പഠനത്തില്‍നിന്നും മനസ്സിലായി. ക്രിസ്ത്യാനികളുടെ, വിശേഷിച്ചും മലങ്കര നസ്രാണികളുടെ എല്ലാ പള്ളികളും പണിതതും പുതുക്കിപ്പണിതതും അതിനുവേണ്ടി കാശുമുടക്കിയതുമെല്ലാം പോര്‍ച്ചുഗീസുകാരാണ്. പേര്‍ഷ്യന്‍ മെത്രാന്മാര്‍ അല്ലെങ്കില്‍ ഈസ്റ്റ് സിറിയക് മെത്രാന്മാര്‍ ഇവിടെ വരികയും കച്ചവടത്തിന്റെ ഇടനിലക്കാരായി വര്‍ത്തിച്ചു എന്നല്ലാതെ സഭയുടെ ഇന്നത്തെ ഭരണപരമായ ഘടനയിലേക്കുള്ള അവരുടെ സംഭാവനകള്‍ തുലോം തുച്ഛമാണ്. പിന്നീട് ഈ വസ്തുതയെ സഭാചരിത്രകാരന്മാര്‍ അവരവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യഖ്യാനിച്ചെടുക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ എന്റെ സന്ദേഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും ഇപ്പോള്‍ വ്യാഖ്യാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന വസ്തുതകളെ കൂടുതല്‍ അന്വേഷിക്കാനും പഠിക്കാനും തുടങ്ങി. അപ്പോഴാണ് ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തേയും വളര്‍ച്ചയേയും കുറിച്ച് ആര്‍ക്കിയോളജി, ലിംഗ്വിസ്റ്റിക്‌സ്, പോപ്പുലേഷന്‍ ജനറ്റിക്‌സ് തുടങ്ങി വ്യത്യസ്ത ശാഖകളെ പ്രയോജനപ്പെടുത്തി അന്വേഷിക്കണമെന്നു തോന്നിയത്. മതം, മതതത്ത്വ ശാസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേയ്ക്ക് സംക്രമിക്കണമെങ്കില്‍ അതിനൊരു മീഡിയം ആവശ്യമാണ്. 

ജനങ്ങള്‍ ഒരു പ്രദേശത്തുനിന്നു മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിക്കുകയോ അന്യപ്രദേശങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തുവെങ്കില്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ. സെയിന്റ് തോമസ് എ.ഡി. 52-ല്‍ ഇവിടെ വന്നു കുറേപ്പേരെ മതപരിവര്‍ത്തനം ചെയ്തുവെന്ന ധാരണ ശരിയാണെന്നു സങ്കല്പിക്കുക. തോമസ് മലങ്കരയില്‍ വരണമെങ്കില്‍ ഒരു സഞ്ചാരപഥവും ഉദ്ദേശ്യവും വേണം. വരാനുള്ള കാരണങ്ങളിലൊന്ന് സാധാരണഗതിയില്‍ വാണിജ്യം അഥവാ ട്രേഡ് ആണ്. അതുമല്ലെങ്കില്‍ യുദ്ധം. അപ്പോഴും ആളുകള്‍ മൈഗ്രേറ്റ് ചെയ്യും. രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളുമൊക്കെയും ആളുകളെ കൂട്ടത്തോടെ ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചേക്കാം. അതല്ലാതെ വേറെ കാരണങ്ങളില്ല. കാരണം ഒരു നദീതീരത്തോ മറ്റോ ഒരു സംസ്‌കാരം വികസിച്ചു വന്നാല്‍ പിന്നീട് ആളുകള്‍ അവിടം വിട്ട് സാധാരണഗതിയില്‍ വേറൊരിടത്തേക്ക് നീങ്ങുകയില്ല. യുദ്ധം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭം എന്നീ അസാധാരണ സന്ദര്‍ഭങ്ങള്‍ക്കു പുറമേ മനുഷ്യര്‍ കച്ചവടത്തിനുവേണ്ടി മാത്രമേ ജനം വേറൊരിടത്തേയ്ക്കു നീങ്ങുകയുള്ളൂ. ക്രിസ്തുമതം കേരളത്തില്‍ ആദ്യ നൂറ്റാണ്ടില്‍ത്തന്നെ വരണമെങ്കില്‍ അതിനു ഏകകാരണം വാണിജ്യം മാത്രമായിരിക്കും. ഇതു തന്നെയാണ് ആധുനിക കാലത്ത് അന്‍ഡ്രാഡേയോപ്പോലുള്ള ചരിത്രകാരന്മാര്‍ പ്രൊപ്പോസ് ചെയ്തത്. ഇതിനു സമാന്തരങ്ങള്‍ ഗ്രീസ് വരെയെത്തിയ ബുദ്ധമതത്തിന്റെ കാര്യത്തിലും കാണാം. ഈ വസ്തുത ബോദ്ധ്യപ്പെട്ടപ്പോള്‍ ഞാന്‍ ആഫ്രോ-യൂറേഷ്യന്‍ ട്രേഡിനെ ക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഈ ആഫ്രോ-യൂറേഷ്യന്‍ ട്രേഡ് എന്നു മുതല്‍ തുടങ്ങിയെന്നും ഏതു വഴിയുണ്ട് എന്നും അനലൈസ് ചെയ്തു. അപ്പോള്‍ അഞ്ചോളം വഴികളുണ്ടെന്നു മനസ്സിലായി. സാധാരണഗതിയില്‍ 300 ആഇഋ മുതലാണ് ആഫ്രോ, യൂറേഷ്യന്‍ വാണിജ്യത്തിനു തുടക്കമായിരിക്കാന്‍ സാദ്ധ്യത. കേരളവുമായുള്ള വിദൂര ദേശങ്ങളുടെ വാണിജ്യത്തിനു ഏറെപ്പഴക്കമുണ്ട്. ഫറോവമാരുടെ ശവകുടീരങ്ങളില്‍നിന്നും ഒരു കുടം നിറയേ കുരുമുളക് കണ്ടെത്തിയിട്ടുണ്ട്. ഇതു മയോസ് ഹോര്‍മോസില്‍ (Myos Hormos) നിന്നും ബെറേണിക്കയില്‍ (Berenike) നിന്നും സുഗന്ധദ്രവ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിലുണ്ട്. അന്നത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു അലക്‌സാന്‍ഡ്രിയ. റോം ഈജിപ്ത് കയ്യടക്കുന്നതിനു മുന്‍പും അലക്‌സാന്‍ഡ്രിയ വലിയ വാണിജ്യകേന്ദ്രമായിരുന്നു. ഫറോവയുടെ കാലത്തിനു മുന്‍പു തന്നെ കുരുമുളക് അവിടെയെത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മലബാര്‍ എന്നു വിളിക്കുന്ന പ്രദേശവുമായുള്ള വാണിജ്യമാണ്. ഇവിടെ വളരുന്ന കുരുമുളക് ശേഖരിച്ച് കപ്പലുകളില്‍ നിറച്ച് അന്യദേശങ്ങളിലെത്തിക്കുന്നത് കച്ചവടക്കാരാണ്. ചെങ്കടലിന്റെ തീരത്തുള്ള നശിച്ചുപോയ പ്രാചീന തുറമുഖങ്ങളായ മയോസ് ഹോര്‍മോസില്‍നിന്നും ബെറേണിക്കയില്‍നിന്നും പായ്ക്കപ്പലുകളിലെ പായയുടേയും തേക്കു തടിയുടേയും അവശിഷ്ടങ്ങള്‍, ചുക്ക് തുടങ്ങിയവയൊക്കെ കണ്ടെടുത്തിട്ടുണ്ട്. ചെങ്കടല്‍ വഴി മുച്ചിറിയിലേക്ക് ഒരു ട്രേഡ് മൂവ്‌മെന്റ് ഉണ്ടായിരുന്നുവെന്ന് ഇതില്‍നിന്നും അനുമാനിക്കാം. ഇതുപോലെ തന്നെ മുച്ചിറിയില്‍നിന്നും തെക്കോട്ടു മാറി ഇന്ത്യയുടെ കിഴക്കന്‍ തീരവും മലയ രാജ്യവും ചുറ്റി ചൈനയിലെ ഗോങ്ഷു പ്രവിശ്യയിലെത്തുന്ന സ്‌പൈസ് റൂട്ടും അതിനു പുറമേ ആന്റിയോക്കു മുതല്‍ ചൈനയിലേക്കു നീളുന്ന സ്‌പൈസ് റൂട്ടും ഉണ്ടായിരുന്നു. സ്‌പൈസ് റൂട്ടിന്റെ ഒരു ശാഖ കശ്മീര്‍ വഴി ദില്ലിയിലേക്കു വന്ന് കൊല്‍ക്കത്ത തുറമുഖം വരെ നീളുന്നുണ്ട്. ഇതു കൂടാതെ വേറൊരു റൂട്ട് പേര്‍ഷ്യന്‍ ഗള്‍ഫ് ചുറ്റി ഇപ്പോള്‍ പാകിസ്താനിലുള്ള പ്രദേശങ്ങള്‍ വഴി ഗുജറാത്തിലെ ബറൂച്ചിലെത്തുന്നുണ്ട്. പിന്നെ മദ്ധ്യധരണ്യാഴിക്കു ചുറ്റുമുള്ള സര്‍ക്കുലര്‍ റൂട്ട്. ഈ റൂട്ടുകളിലൂടെയുള്ള വാണിജ്യത്തെ ഫെസിലിറ്റേറ്റ് ചെയ്യാന്‍ സോഷ്യോ കൊമേഴ്‌സ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടായിരുന്നു. ഫെസിലിറ്റേറ്റേഴ്‌സ്, കരിയേഴ്‌സ്, ഫിനാന്‍സിയേഴ്‌സ്, അവരുടെ ഏജന്റുമാര്‍ ഇവരെല്ലാം വേണം. പ്രധാന കേന്ദ്രങ്ങളിലൊക്കെ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള വംശീയതകളിലുള്ള മനുഷ്യരുടെ സെറ്റില്‍മെന്റുകളും ഉണ്ടാകും. മതവിശ്വാസങ്ങളും വ്യത്യസ്തങ്ങളാകും. മയോസ് ഹോര്‍മോസില്‍നിന്നൊക്കെ ആനപാപ്പാന്മാരുണ്ടായിരുന്നതിനു (mahouts) തെളിവുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അലക്‌സാന്‍ഡ്രിയയില്‍നിന്നും കണ്ടെടുത്തിട്ടുള്ള മുസിരിസ് പാപ്പിറസിലും ഈ കച്ചവടത്തിനുള്ള തെളിവുകള്‍ കാണാം. മുസിരിസിലേക്കുള്ള ഒരു പര്യവേഷണത്തിനായി ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍നിന്നുള്ള ഒരു വ്യാപാരിയും പണം കടംകൊടുക്കുന്നയാളും തമ്മില്‍ ഒപ്പുവെച്ച വായ്പാ കരാറാണ് മുസിരിസ് പാപ്പിറസ്. എ.ഡി രണ്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ സമുദ്ര, സാംസ്‌കാരിക സമ്പര്‍ക്കമുഖങ്ങള്‍ രേഖപ്പെടുത്തുന്ന പ്രാഥമിക രേഖയാണത്. ഇത്ര പണം കൊടുത്തുവെന്നും ഇത്ര പലിശയോടുകൂടി ഈ തുക തിരിച്ചു കൊടുക്കണമെന്നുമുള്ള ഉപാധിയാണ് ഈ രേഖയിലുള്ളത്. ഇങ്ങനെ വാണിജ്യത്തിന്റെ ഭാഗമായി കച്ചവടം ചെയ്യപ്പെടുന്ന കുരുമുളക്, വൈന്‍ തുടങ്ങിയ വസ്തുക്കള്‍ നൈല്‍ നദി വഴി കൊപ്ടോസിലെത്തുന്നു. കൊപ്ടോസില്‍നിന്നും നൈല്‍ നദിയില്‍നിന്നും ചെങ്കടലിലേക്കു പ്രവേശിക്കാന്‍ മാര്‍ഗ്ഗമുണ്ട്. കൊപ്ടോസില്‍ അത് ചെറിയ പായ്ക്കപ്പലുകളില്‍നിന്നും ഇറക്കിയിട്ട് അവിടെനിന്നും ആനകളുടേയോ ഒട്ടകത്തിന്റേയോ പുറത്തു കയറ്റിയാണ് ബെറേണിക്കയിലോ മയോസ് ഹോര്‍മോസിലോ എത്തിക്കുന്നത്. അവിടെ നിന്നും ഇറക്കി ഇടത്തരം കപ്പലുകളില്‍ ഇത് ലോഡ് ചെയ്ത് തെക്കന്‍ അറേബ്യയിലെ ഏതെങ്കിലും തുറമുഖത്തു നിന്നെത്തിച്ച് ആ വാണിജ്യവസ്തുക്കള്‍ മദര്‍ ഷിപ്പുകളിലേക്ക് കയറ്റുന്നു. അവ 41-ാം ദിവസം മുച്ചിറിയിലെത്തും. ബറൂച്ചിലേക്കും മക്രാനിലേക്കും ഇവിടെ നിന്നും കപ്പലുകളുണ്ട്. ഈ തുറമുഖങ്ങളിലൊക്കെ നേരത്തെ പറഞ്ഞ ഫെസിലിറ്റേറ്റര്‍മാരും ചരക്കുകള്‍ ശേഖരിച്ചെത്തിക്കുന്നവരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകും. ഇവരൊക്കെ ഒരൊറ്റ യൂണിറ്റായാണ് പ്രവര്‍ത്തിക്കുക. സാമ്പത്തികമായ ക്രയവിക്രയം മാത്രമല്ല, സാംസ്‌കാരികമായ വിനിമയങ്ങളും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക് നടക്കുന്നുണ്ട്. അങ്ങനെയാണ് മതവിശ്വാസങ്ങളും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സംക്രമിക്കുന്നത്. 

ജീവൻ ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ജീവൻ ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

സെയിന്റ് തോമസ് ഈ വരുന്നത് ഈ റൂട്ടിലാണോ? സാംസ്‌കാരികമായ അവശിഷ്ടങ്ങള്‍ തോമസ് വന്നതിനു തെളിവായി കണ്ടെടുക്കപ്പെട്ടിട്ടുണ്ടോ? 

സെയിന്റ് തോമസ് വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പ്രദേശങ്ങളിലൊക്കെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടേയും അതുവഴി ഉണ്ടായ ക്രിസ്ത്യന്‍ സെറ്റില്‍മെന്റുകളുടേയുമൊക്കെ പുരാതനാവശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നെങ്കില്‍ അവരും അത്തരം അവശിഷ്ടങ്ങള്‍ ബാക്കിവെച്ചിട്ടുണ്ടാകും. അങ്ങനെയെങ്കില്‍ സെയിന്റ് തോമസ് വന്നുവെന്നു പറയുന്ന പ്രദേശങ്ങളില്‍നിന്നും കണ്ടെടുക്കപ്പെട്ട പുരാവസ്തുക്കള്‍ക്കും കേരളത്തില്‍നിന്നോ പഴയ തമിഴകത്തുനിന്നോ കണ്ടെടുക്കപ്പെട്ട വസ്തുക്കള്‍ക്കോ തീര്‍ച്ചായും താരതമ്യം കാണുമല്ലോ. ഈ താരതമ്യത്തില്‍നിന്നും ഏതു വഴിയാണ് സെയിന്റ് തോമസ് വന്നതെന്നു മനസ്സിലാക്കാനാകും. ചൈന വരെ പോയിട്ടുണ്ട് ഈസ്റ്റേണ്‍ ക്രിസ്ത്യാനിറ്റി. ഇവിടങ്ങളില്‍നിന്നൊക്കെ കണ്ടെടുക്കപ്പെട്ടിട്ടുള്ള പുരാവസ്തുക്കളുടെ താരതമ്യപഠനം, പുരാതന ലിഖിതങ്ങളുടെ വിശകലനവും പഠനവും എന്നിവയെല്ലാം സാധ്യമായാല്‍ ക്രിസ്തുമതം യഥാര്‍ത്ഥത്തില്‍ ഏതു വഴിയാണ് വന്നതെന്നതു സംബന്ധിച്ച ശരിയായ ചിത്രം നമുക്കുകിട്ടും. ഈ രീതിശാസ്ത്രമാണ് (Methodology) ഞാനെഴുതിയ പുസ്തകത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ ശ്രമത്തിനിടയില്‍ ഇതു സംബന്ധിച്ച് ഒരു ഇസ്രയേലി ഗവേഷകന്‍ പഠനങ്ങളുടെ ഭാഗമായി ഒരു അംഫോറയില്‍ (രണ്ടു പിടികളുള്ള ഒരുതരം ഭരണി) നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ നമ്മുടെ വയണ ഇലയുടെ (Malabathrum) അവശിഷ്ടങ്ങള്‍ വിശകലനം ചെയ്തു. ഇവിടെനിന്നും കൊണ്ടുപോകുന്ന വീഞ്ഞു കേടുകൂടാതെ ഇരിക്കുന്നതിനുവേണ്ടി അതില്‍ ഇട്ടുവെയ്ക്കുന്ന ഈ ഇല പഴയ തമിഴകത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരത്തുനിന്നുള്ളതാണ്. അതായത് കേരളത്തില്‍നിന്നുള്ളതാണ്. ഇത് ബി.സി 600-കള്‍ക്കു മുന്‍പുള്ളതാണെന്നും അവര്‍ കണ്ടെത്തി. അതായത് ഫറോവയുടെ കാലത്തുതന്നെ നമുക്ക് അവരുമായി ഈജിപ്തുമായി കച്ചവടബന്ധമുണ്ട് എന്ന് അര്‍ത്ഥം. ഞാനെഴുതിയ പുസ്തകത്തിലെ രണ്ടു അദ്ധ്യായങ്ങളില്‍ ഈ റൂട്ടുകളിലൂടെ നടന്ന വാണിജ്യ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പുരാവസ്തു പര്യവേക്ഷണത്തെ (Archeological Excavations) പറ്റിയുള്ളതാണ്. 

ഏതു തോമയാണ് കേരളത്തില്‍ വന്നതെന്നതിന് ഒരു തീര്‍ച്ചയും യഥാര്‍ത്ഥത്തില്‍ ഇല്ല. മാനിക്യന്മാരുടെ ഒരു തോമയും ഇവിടെ വന്നിട്ടുണ്ട്. ആ തോമയേയും മാനിക്യ മതം പ്രചരിപ്പിക്കുന്നതിനു കിഴക്കിലേക്ക് അയയ്ക്കപ്പെടുന്നുണ്ട്. 'അണ്‍മാസ്‌കിംഗ് ദ സിറിയക്‌സ്' എന്ന പുസ്തകത്തില്‍ ഞാന്‍ മാനിക്യന്‍ അപ്പോസ്തലന്മാരുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ക്നായിതൊമ്മൻ
(ചിത്രകാരന്റെ
ഭാവനയിൽ)

ഇത്തരം പുരാവസ്തുക്കള്‍ നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ടാണോ പുസ്തകമെഴുതുന്നത്? 

നേരിട്ടു കണ്ടിട്ടില്ല. എന്നാല്‍, പ്രശസ്ത സര്‍വ്വകലാശാലകളിലെ ഗവേഷകരാല്‍ എഴുതപ്പെട്ട ഗവേഷക പ്രബന്ധങ്ങള്‍ പുസ്തകമെഴുതുന്നതിനായി ആശ്രയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ട്. അവരുടെ പഠനഫലങ്ങളെ ഏകോപിപ്പിക്കാനാണ് ഞാന്‍ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഇതെല്ലാം നേരിട്ടു കണ്ടതിനു ശേഷം എഴുതുക എന്നു പറയുന്നത് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌കാണ്. ലോകപ്രശസ്തരും പൊതുസമ്മതരുമായ ചരിത്ര ഗവേഷകരുടെ പഠനങ്ങളെ നമ്മള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല. ചരിത്ര ഗവേഷണ മണ്ഡലത്തില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വ്യത്യസ്തരായ ചരിത്ര പണ്ഡിതരെയാണ് ഞാന്‍ ഈ പുസ്തകത്തിനുവേണ്ടി ആശ്രയിച്ചിട്ടുള്ളത്. ലോകപ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള നിരവധി ഗവേഷകരുടെ പഠനങ്ങള്‍ നല്‍കുന്ന വിവരങ്ങളെ സമാഹരിച്ച് ഒരു ചരടില്‍ കോര്‍ക്കുകയും അതിനെ ഇപ്പോഴുള്ള ഹിസ്റ്റോറിക്കല്‍ നാരേറ്റീവ്‌സുമായി താരതമ്യപ്പെടുത്തുകയുമാണ് 'അണ്‍മാസ്‌കിംഗ് ദ സിറിയക്‌സ്' എന്ന ഈ ഗ്രന്ഥത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളത്. ക്രിസ്തുമതത്തെ സംബന്ധിച്ചുള്ള ചരിത്രരചനയില്‍ ഇങ്ങനെയൊരു സമീപനം മുന്‍കാലങ്ങളില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം. സഭാചരിത്രകാരന്മാര്‍ക്ക് പഥ്യമുള്ള രീതിയായിരുന്നില്ല ഇത്. അവര്‍ക്കു വേണ്ടത് Hagiography ആയിരുന്നു. 

നമ്മുടെ സാമ്പ്രദായിക ക്രിസ്തുമത ചരിത്രകാരന്മാര്‍ പറയുന്നത് നമുക്ക് പേര്‍ഷ്യന്‍ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു എന്നാണ്. അതാണ് ക്‌നായിതൊമ്മനും മറ്റും എഡേസയില്‍നിന്നും വന്നുവെന്നതിനും താമസമുറപ്പിച്ചതിനും തെളിവായി സഭാചരിത്രകാരന്മാരും സെക്യുലര്‍ ചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ സാധുതയെന്താണ് എന്നതായിരുന്നു എനിക്കു മുന്നിലുയര്‍ന്ന ചോദ്യം. അതു പഠിക്കാന്‍ നേരത്തെ സൂചിപ്പിച്ച മെഥഡോളജി പ്രകാരം പുരാവസ്തുക്കളുടെ താരതമ്യ പഠനത്തെ ഞാന്‍ ആശ്രയിച്ചു. പേര്‍ഷ്യന്‍ ക്രിസ്ത്യാനിറ്റി ഉപയോഗിച്ചിരുന്ന സസ്സാനിയന്‍ കുരിശുകള്‍ ആണ് ഈ താരതമ്യ പഠനത്തില്‍ പ്രമുഖം. ഇവ സ്‌പ്ലേയ്ഡ് ആം ക്രോസ്സസ് ആണ്. അതിന്റെ കോണുകളില്‍ കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള ടലൃശള െകാണും. ഇതു യഥാര്‍ത്ഥത്തില്‍ കണ്ടു തുടങ്ങുന്നത് ഗ്രീക്ക് ക്രിസ്ത്യാനിറ്റിയിലാണെങ്കിലും അത് അതിശയകരമായി ഉപയോഗിച്ചിട്ടുള്ളത് സസ്സാനിയന്‍ ക്രിസ്ത്യാനിറ്റിയിലാണ്. ക്രിസ്തുമതം കുരിശു ചിഹ്നമായി സ്വീകരിക്കുന്നത് മിലാന്‍ ശാസനത്തിലാണ് (ഋറശര േീള ങശഹമി). കോണ്‍സ്റ്റന്റ്റൈന്റെ വിജയത്തിനു ശേഷമാണ്. അതുവരെ കുരിശിനു പകരം മത്സ്യം അടക്കമുള്ള പത്തോളം ചിഹ്നങ്ങളാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ വിശദാംശങ്ങള്‍ പുസ്തകത്തില്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. അതുവരെ കുരിശിനെ ആരാധിച്ചിരുന്നില്ല. മറിച്ച് കുരിശു ക്രിസ്തുമതത്തെ അപമാനിക്കാനായി പാഗനുകള്‍ ഉപയോഗിച്ചിരുന്ന ഒരു ചിഹ്നമായിരുന്നു. 

മുസിരിസ് പാപ്പിറസ്
മുസിരിസ് പാപ്പിറസ്

കുരിശ് എന്നത് ക്രിസ്ത്യന്‍ പ്രതീകഭാഷയിലെ ഒരു സംഗതിയായിരുന്നില്ല. അതേസമയം ബുദ്ധമതംപോലുള്ള വിശ്വാസങ്ങളില്‍ കുരിശ് ഉണ്ടായിരുന്നുവെന്നും വായിച്ചിട്ടുണ്ട്. കോണ്‍സ്റ്റന്റൈന്റെ കാലത്തു സ്വീകരിച്ചതാണോ ഇത്? അതോ ക്രിസ്തുമതം പ്രചരിപ്പിക്കപ്പെട്ടതോടെ വ്യത്യസ്ത പ്രാദേശിക വിശ്വാസങ്ങളുമായി കലര്‍ന്നതിന്റെ ഫലമായിട്ടാണോ കുരിശ് ക്രിസ്ത്യന്‍ പ്രതീകമായി തീരുന്നത്? 

പ്രാദേശിക വിശ്വാസങ്ങളുമായി കലര്‍പ്പുകളുടെ ഭാഗമായിട്ടല്ല. ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ കുരിശിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. അതും യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശുമായി hardly any relationship. യേശുവിനെ ക്രൂശിച്ച കുരിശ് ഇന്ന് ക്രിസ്തുമതം ഉപയോഗിക്കുന്ന കുരിശല്ല. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തമായ പഠനങ്ങളുണ്ട്. പുരാവസ്തു ഗവേഷണഫലങ്ങളുണ്ട്. യേശുവിനെ കുരിശില്‍ തറച്ച രീതിയെ സംബന്ധിച്ചും പഠനങ്ങളുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനും പുസ്തകത്തില്‍ ഒരദ്ധ്യായം നീക്കിവെച്ചിട്ടുണ്ട്. കുരിശ് എന്നു പറയുന്ന സങ്കല്പം ആദിമ സംസ്‌കാരങ്ങളിലുണ്ട്. പ്രാചീന ഗ്രീക്കുകാരും അസ്സീറിയക്കാരും കുരിശ് പ്രതീകമാക്കിയിട്ടുണ്ട്. കുരിശ് യഥാര്‍ത്ഥത്തില്‍ ലിംഗ-യോനീ ആരാധനയുടേയും ഊര്‍വരതാ അനുഷ്ഠാനങ്ങളുടേയും പ്രതീകമാണ്. കോസ്‌മോളജിയുമായും ഭൂമിയുടെ കറക്കവുമായുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ട് കുരിശിനെ റോമന്‍ കള്‍ട്ടുകള്‍ ആരാധനാവസ്തുവാക്കുന്നുണ്ട്. പാഗനുകളുടെ ആരാധനാവസ്തുവായിരുന്നു കുരിശ്. ക്രിസ്തുവിനും ഏറെക്കാലം മുന്‍പേ നിലനിന്നിരുന്ന അസ്സീറിയന്‍ സംസ്‌കാരത്തിലും കുരിശ് ആരാധനാവസ്തുവാണ്. ക്രിസ്തുവിനെ തറച്ചത് തീര്‍ച്ചയായും കുരിശിലാണ്. അത് ഈ കുരിശിലാണ്. നാലോളം കുരിശുകളാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ അത് തൗ കുരിശിലാണ്. ടി ഷേപ്പിലാണ് ഈ കുരിശ്. കുരിശിനെ യഥാര്‍ത്ഥത്തില്‍ അന്ന് ആരാധിച്ചിരുന്നില്ല. സ്വന്തം നേതാവിനെ പീഡിപ്പിച്ച് കൊല്ലാനുപയോഗിച്ച വസ്തു അനുയായികള്‍ക്ക് എങ്ങനെയാണ് ആരാധനാവസ്തുവായി തീരുക? അങ്ങനെ ആരാധനാവസ്തുവായി തീര്‍ന്നു എന്നു പറയുന്നത് യുക്തിരഹിതമല്ലേ? എ.ഡി 313-ലെ മിലാന്‍ അനുശാസനത്തിനു ശേഷമുള്ള കുരിശുകള്‍ മാത്രമേ ക്രിസ്തുമത കുരിശുകളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ. അതിനു മുന്‍പ് നാം കണ്ടെടുത്തിട്ടുള്ള കുരിശുകളെല്ലാം പാഗനുകള്‍ ക്രിസ്തുമതക്കാരെ കളിയാക്കാന്‍ ഉദ്ദേശിച്ചു വരച്ചിട്ടുള്ള കുരിശുകളാണ്. ഈ കുരിശ് കോണ്‍സ്റ്റന്റൈനിന്റെ വിജയവുമായി ബന്ധപ്പെട്ടിട്ടുള്ള കഥയിലുള്ളതാണ്. കോണ്‍സ്റ്റന്റൈനും ശേഷം ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രിസ്തുമതത്തിന്റെ സാര്‍വ്വത്രിക ചിഹ്നമായി കുരിശ് മാറുന്നത്. സസ്സാനിയന്‍ സാമ്രാജ്യവും റോമന്‍ സാമ്രാജ്യവും എന്നും യുദ്ധത്തിലായിരുന്നു. ചിലപ്പോള്‍ സമാധാന ഉടമ്പടി ഉണ്ടാകും. പിന്നേയും വഴക്കടിക്കും. സസ്സാനിയ സ്ഥിതി ചെയ്യുന്ന പേര്‍ഷ്യയില്‍ പണ്ടുണ്ടായിരുന്ന അസ്സീറിയന്‍ ക്രിസ്ത്യാനികള്‍ കുരിശ് പ്രതീകമായി ഉപയോഗിച്ചിട്ടുണ്ട്. അത് ഗ്രീക്ക് കുരിശാണ്. അതു പില്‍ക്കാലത്ത് സസ്സാനിയന്‍ ക്രിസ്ത്യാനികള്‍ സ്വീകരിച്ചു. ആ കുരിശില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായ സൊ രാസ്ട്രിയനിസത്തിന്റെ ചിഹ്നമായ വിടര്‍ന്ന ചിറകുകള്‍ (Spread wings) കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ താമരയായി തെറ്റിദ്ധരിച്ചിട്ടുള്ളത് ഈ വിടര്‍ന്ന ചിറകുകളെയാണ്. സസ്സാനിയയിലെ തദ്ദേശീയരായ ഭരണാധികാരികള്‍ക്ക് അവരുടെ ദൈവം കൈമാറുന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ ചിറകുകള്‍. 

സെയിന്റ് തോമസിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്നു എന്നവകാശപ്പെടുന്ന കല്ലറയ്ക്ക് മുകളിൽ പണിത മൈലാപ്പൂരിലെ സെയിന്റ് തോമസ് കത്തീഡ്രൽ
സെയിന്റ് തോമസിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്നു എന്നവകാശപ്പെടുന്ന കല്ലറയ്ക്ക് മുകളിൽ പണിത മൈലാപ്പൂരിലെ സെയിന്റ് തോമസ് കത്തീഡ്രൽ

സസ്സാനിയന്‍ ക്രിസ്ത്യാനികള്‍ ഇങ്ങനെ ഈ ചിറകുകളെ സ്വന്തം മതചിഹ്നത്തോടു കൂട്ടിച്ചേര്‍ക്കുന്നതിനു രാഷ്ട്രീയ കാരണമുണ്ടോ? 

തീര്‍ച്ചയായും ഉണ്ട്. റോമന്‍ സാമ്രാജ്യവും സസ്സാനിയക്കാരും എന്നും യുദ്ധത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ റോമില്‍ ഉടലെടുത്ത ഒരു മതം സസ്സാനിയയില്‍ വേരുപിടിച്ചാല്‍ ചിലപ്പോഴൊക്കെ ശത്രുതയിലാകുന്ന റോമിനെ സസ്സാനിയന്‍ ക്രിസ്ത്യാനികള്‍ പിന്തുണയ്ക്കില്ലേ എന്നൊരു സംശയം സസ്സാനിഡ് ഭരണാധികാരികള്‍ക്കു തീര്‍ച്ചയായും ഉണ്ടാകും. അതുകൊണ്ടു ആദ്യ കാലത്ത് സസ്സാനിയന്‍ ഭരണാധികാരികള്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു. ഈ സമയമാകുമ്പോഴേക്കും റോമില്‍ ക്രിസ്തുമതത്തില്‍ വിഭാഗീയത ഉണ്ടായി. പൗരസ്ത്യ ക്രിസ്ത്യാനിറ്റി നെസ്‌തോറിയന്‍ സങ്കല്പത്തെ ശരിവെയ്ക്കുകയും സ്വീകരിക്കുകയും ചെയ്തു. വിശേഷിച്ചും സെലൂഷ്യയിലുള്ള സഭയുടെ നേതൃത്വം. ഇതോടെ റോമിലുള്ള പീഡിത വിഭാഗങ്ങള്‍ ഇക്കാലയളവില്‍ കിഴക്കന്‍ നാടുകളിലേക്കു കുടിയേറി. അതോടെ റോമന്‍ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി സെലൂഷ്യ മാറുകയും ചെയ്തു. അക്കാലത്ത് റോമും സസ്സാനിയയും തമ്മില്‍ നല്ല ബന്ധമായിരുന്നു. സസ്സാനിയന്‍ ചക്രവര്‍ത്തിയുടെ രോഗം മാറ്റാനായി ഒരു ബിഷപ്പിനെ അയച്ചു കൊടുത്തിരുന്നു. ബിഷപ്പിന്റെ നിര്‍ദ്ദേശത്താലാണ് സെലൂഷ്യയില്‍ ഒരു പാഗന്‍ ഗവര്‍ണരുടെ നേതൃത്വത്തില്‍ ഒരു സിനഡ് ചേരുന്നത്. ഇതേ സമയം നെസ്‌തോറിയനുകള്‍ക്ക് രാജാധികാരത്തിന്റെ പ്രീതി കൂടുതല്‍ സമ്പാദിക്കണമെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്നും വന്നു. അങ്ങനെയാണ് 'വിടര്‍ന്ന ചിറകുകള്‍' കുരിശിനോടു ചേരുന്നത്. 

പഹ്‌ലവി കുരിശ്
പഹ്‌ലവി കുരിശ്

ഇതാണോ പഹ്‌ലവി എന്നു സഭാചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന കുരിശ്? 

അതേ; ഇതു യഥാര്‍ത്ഥത്തില്‍ സസ്സാനിയന്‍ കുരിശാണ്. പഹ്‌ലവി കുരിശ് Splayed Arm കുരിശല്ല. സസ്സാനിയന്‍ കുരിശിലും പഹ്‌ലവി കുരിശിലും ടുൃലമറ ംശിഴ െഉണ്ട്. കുരിശിന്റെ മുകളില്‍ ഗോളാകൃതിയില്‍ ഒരു സംഗതി ഉണ്ട്. ഇതുപോലുള്ള കുരിശുകള്‍ നെസ്‌തോറിയന്മാരും മാനിക്യന്‍ (Manichean)മാരും ഉപയോഗിച്ചിട്ടുണ്ട്. മാനിക്യന്മാരെ സംബന്ധിച്ചു കണ്ടെടുക്കപ്പെട്ടിട്ടുള്ള പുരാവസ്തുക്കളില്‍നിന്നും ഇതേ രീതിയിലുള്ള കുരിശുകളാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ട്. 

കേരളത്തിലെ ക്രിസ്ത്യാനികളുടെ മാനിക്യന്‍ പാരമ്പര്യം എന്താണ്? 

'അണ്‍മാസ്‌കിംഗ് ദ സിറിയക്‌സ്' എന്ന പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായി ഞാന്‍ കണ്ടെടുത്ത വസ്തുത കേരളത്തിലെ ക്രിസ്ത്യാനികള്‍ പഹ്‌ലവി കുരിശുകള്‍ എന്നു വിശേഷിപ്പിക്കുന്ന തരം കുരിശുകള്‍ യഥാര്‍ത്ഥത്തില്‍ മാനിക്യന്‍ കുരിശുകളാണ് എന്നതാണ്. അതുകൊണ്ടുതന്നെ ഇവ കണ്ടെടുക്കപ്പെട്ടിട്ടുള്ള കുരിശുകള്‍ മാനിക്യന്‍ അധിവാസമേഖലകളാണ് എന്നതാണ് കാര്യം. ഇത് നെസ്‌തോറിയന്‍ വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന കുരിശുകളില്‍നിന്നും കുറേയേറെ വ്യത്യസ്തതകളുള്ള ഒന്നാണ്. പഹ്‌ലവി കുരിശുകള്‍ അവയുടെ കൈകള്‍ക്കു മദ്ധ്യത്തില്‍ വണ്ണം കുറഞ്ഞുവരികയും രണ്ടറ്റത്തും വണ്ണം കൂടിവരികയും ചെയ്യുന്ന തരത്തിലുള്ള  Splayed Arms ഉള്ളവയല്ല. മൈലാപ്പൂരില്‍നിന്നു കണ്ടെടുത്ത പഹ്‌ലവി ലിഖിതങ്ങളുള്ള കുരിശ് നമുക്ക് പേര്‍ഷ്യയില്‍നിന്നോ സസ്സാനിയന്‍ സാമ്രാജ്യത്തില്‍നിന്നോ കിട്ടില്ല. ഇതു കൂടാതെ ഒരു കുരിശു കൂടിയുണ്ട്. അഫ്ഗാനിസ്ഥാനിലെ ഹീററ്റില്‍നിന്നു കണ്ടെടുക്കപ്പെട്ടത്. പക്ഷേ, ഇവ രണ്ടിലേയും പഹ്‌ലവി സ്‌ക്രിപ്റ്റുകള്‍ വ്യത്യസ്തമാണ്. മൈലാപ്പൂരിലെ പഹ്‌ലവി കുരിശുകളിലെ ശിലാനന്ദ് ഹേമരാജ് നടത്തിയ അവസാനവായന പ്രകാരം മനസ്സിലാക്കാനാകുന്നത് അതിനു ക്രിസ്തുമതവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. അതൊരു മാനിക്യന്‍ കുരിശാണ്. മുന്‍കാലങ്ങളില്‍ ഈ ലിഖിതങ്ങള്‍ വായിച്ചെടുത്തതൊക്കെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചരിച്ചു പോരുന്ന കഥകള്‍ക്ക് ചേരുംവിധമാണ് എന്നു വ്യക്തമാണ്. ഇക്കാര്യങ്ങളൊക്കെ ഞാന്‍ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മാനിക്യന്മാര്‍ക്ക് നാലു പ്രവാചകരാണ് ഉള്ളത്. സൊരാസ്ട്രരാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ബുദ്ധന്‍, മൂന്നാമത്തേത് യേശു, നാലാമത്തേത് മാനി. ശരീരത്തിന്റെ തടവറയില്‍നിന്നും മനുഷ്യാത്മാവിനെ മോചിപ്പിക്കലാണ് മാനിയുടെ മുക്തിസങ്കല്പം. അതുകൊണ്ട് അവര്‍ ലൈംഗിക വേഴ്ചയെ അംഗീകരിക്കുന്നില്ല. ബന്ധങ്ങളില്‍നിന്നും പരമാവധി മാറിനില്‍ക്കാനും നിര്‍ദ്ദേശിക്കുന്നു. വീണ്ടും ജനനം ആത്മാവിനെ ബന്ധനത്തിലാക്കും. മാനിക്യന്മാരുടെ ഒരു പ്രവാചകനായ യേശു ആത്മാവിനെ വിടുവിക്കുന്നത് കുരിശിലേറുക വഴിയാണ്. ആത്മാവിനെ വെളിച്ചത്തിലേക്കു വിടുവിക്കുന്ന കാര്യമാണ് മൈലാപ്പൂരിലെ ഈ പഹ്‌ലവി കുരിശിലെ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളത്. യേശുക്രിസ്തു പറഞ്ഞ പാരാക്ലീറ്റ് ഞാന്‍ തന്നെയാണ് എന്നാണ് മാനി പറയുന്നത്. അതാണ് പ്രാവിന്റെ രൂപത്തില്‍ കുരിശിനു മുകളില്‍ കാണുന്നത്. ഇതേ കുരിശുള്ളത് കോട്ടയം വലിയ പള്ളിയിലാണ്. മുട്ടുച്ചിറ ചര്‍ച്ചിലുണ്ട്. എല്ലാം അനുകരണങ്ങളാണ്. വിശദാംശങ്ങളില്ല എന്നതാണ് ഇതു വെളിവാക്കുന്നത്. മാനിക്യന്‍ കുരിശുകളില്‍ മകരകള്‍ എന്ന ജലജീവികളും അവ കടിച്ചുപിടിച്ചിരിക്കുന്ന മുത്തുകളും ഉണ്ട്. മുത്തുകള്‍ മനുഷ്യാത്മാക്കളെ പ്രതിനിധീകരിക്കുന്നു. ഇത്തരം പ്രതീകവല്‍ക്കരണങ്ങളൊന്നും ക്രിസ്തുമതത്തിലുള്ളതല്ല. ഇത്തരമൊരു കുരിശ് 1547-ല്‍ പോര്‍ച്ചുഗീസുകാരാണ് മൈലാപ്പൂരില്‍നിന്നു കണ്ടെടുക്കുന്നത്. അതിനു മുന്‍പ് ഇങ്ങനെയൊരു കുരിശിനെക്കുറിച്ച് ഒരറിവും ഇല്ല. ഈ കുരിശ് ക്രിസ്തുമതത്തിന്റേതാണെങ്കില്‍ നമ്മുടെ പള്ളികളിലൊക്കെ ഇതു കാണേണ്ടതല്ലേ? ആകെ കിട്ടിയിരിക്കുന്നത് നാലോ അഞ്ചോ എണ്ണം. അതിലേറെയും കോപ്പി. ഇതിനെക്കുറിച്ച് ടി.കെ. ജോസഫ് എഴുതിയിട്ടുള്ളത് പില്‍ക്കാലത്ത് കോട്ടയത്ത് സ്ഥാപിച്ചതാണ് എന്നതാണ്. ഈ കുരിശുകളെല്ലാം ഇവിടെ വന്നത് വ്യത്യസ്ത സെക്ടുകളില്‍നിന്നാണ്. ഈ സെക്ടുകളെ മുഴുവന്‍ സ്വാംശീകരിച്ച് ഒരൊറ്റ കുടക്കീഴിലാക്കുകയാണ് പില്‍ക്കാലത്ത് നെസ്‌തോറിയന്മാര്‍ ചെയ്തത്. ഇതാണ് കേരളത്തിലെ ക്രിസ്തുമതമായി തീരുന്നത്. 

ജീവൻ ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ജീവൻ ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

നെസ്‌തോറിയന്‍ സെറ്റില്‍മെന്റുകള്‍ അവിടെയുണ്ടായിരുന്നില്ല എന്നതാണ് അക്കാലത്തെ സഞ്ചാരികളൊക്കെ രേഖപ്പെടുത്തിയവയില്‍നിന്നും മനസ്സിലാക്കാനാകുന്നത്. പോര്‍ച്ചുഗീസുകാര്‍ വന്നതിനുശേഷമാണ് അതെല്ലാം ഉണ്ടാകുന്നത്. നമ്മുടെ സഭാചരിത്രകാരന്മാര്‍ പ്രചരിപ്പിക്കുന്നത് അവിടെ സെമിനാരിയും ലൈബ്രറിയുമൊക്കെ ഉണ്ടായിരുന്നു എന്നാണ്. അവിടെ നെസ്‌തോറിയന്മാരുണ്ടായിരുന്നെങ്കില്‍ അവരുടെ കുരിശും അവിടെ കാണേണ്ടേ? നെസ്‌തോറിയന്‍ മതം ചൈനവരെ പ്രചരിച്ചിട്ടുണ്ട്. അവിടെയെല്ലാം ഹെഡ്‌സ്റ്റോണുകളിലും മറ്റും നെസ്‌തോറിയന്‍ കുരിശുകളുണ്ട്. ടര്‍ക്കിക് അല്ലെങ്കില്‍ സീറോ ടര്‍ക്കിക് ആലേഖനങ്ങളും നിരവധി ഉണ്ട്. നമുക്ക് സുറിയാനി ലിപിയിലുള്ളതുപോലും കിട്ടിയിട്ടില്ല. നമുക്ക് ഇവിടെ കിട്ടിയ ഏറ്റവും പഴയ സുറിയാനി ലിഖിതം 1500-നുശേഷമാണ്. 
നമ്മുടെ ക്രിസ്ത്യന്‍ പൂര്‍വ്വികര്‍ക്ക് ആദ്യകാലത്ത് സിറിയന്‍ ബന്ധമുണ്ടായിരുന്നില്ല. അത് പത്താം നൂറ്റാണ്ടിനുശേഷം ഉണ്ടായതാണ്. അതും കച്ചവടം വഴി. അന്നു വന്നതും നെസ്‌തോറിയന്‍ ബന്ധമുള്ളവരാണെന്നു പറയാനാകില്ല. പത്താം നൂറ്റാണ്ടിനു മുന്‍പ് നമുക്ക് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നെങ്കില്‍ അതിന്റെ തെളിവ് സാഹിത്യ കൃതികളിലെങ്കിലും കാണേണ്ടതല്ലേ. എ.ഡി 52-ല്‍ വന്നെന്നു പറയുന്നു. എന്നാല്‍, സംഘകാല കൃതികളിലെവിടെയും അത്തരം ഒരു ജനവിഭാഗത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com