അപ്പന്റെ എഴുത്തിന്റെ പിന്നിലെ കരുത്തിന്റെ രഹസ്യം

യൂറോപ്യന്‍ സാഹിത്യത്തിലെ എഴുത്തുകാരേയും ചിന്തകരേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അപ്പന്റെ ക്ലാസ്സുകള്‍ കുട്ടികള്‍ ആസ്വദിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്ഥലം മാറ്റത്തിനുള്ള ഓര്‍ഡര്‍ വന്നു
അപ്പന്റെ എഴുത്തിന്റെ പിന്നിലെ കരുത്തിന്റെ രഹസ്യം

1964 ല്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായി. പ്രീ യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കുകയും പ്രീഡിഗ്രി മാത്രമുള്ള ജൂനിയര്‍ കോളേജുകള്‍ കേരളത്തില്‍ ഉടനീളം ആരംഭിക്കുകയും ചെയ്തു. അതുകൊണ്ട് അപ്പന് യു.സി. കോളേജിലെ ജോലി നഷ്ടപ്പെട്ടെങ്കിലും കൂടുതല്‍ നാള്‍ ജോലിയില്ലാതെ നില്‍ക്കേണ്ടിവന്നില്ല. അദ്ദേഹത്തിനു വലിയ താമസം കൂടാതെ ശ്രീനാരായണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള എസ്.എന്‍. കോളേജില്‍ ജോലി ലഭിച്ചു. ആദ്യം നിയമിച്ചത് കൊല്ലം എസ്.എന്‍. കോളേജിലാണ്. ട്രസ്റ്റിന്റെ കീഴിലുള്ള കോളേജില്‍ ജോലി കിട്ടിയാല്‍ ആദ്യം കൊല്ലത്ത് നിയമിക്കും. പിന്നീടാണ് ജൂനിയര്‍ കോളേജുകളിലേക്ക് മാറ്റി നിയമിക്കുന്നത്. അദ്ദേഹം രണ്ടു മാസം അവിടെ ജോലി ചെയ്തു. പ്രൊഫ. കെ. ചന്ദ്രശേഖരന്‍ അപ്പനെ ക്ലാസ്സുകളില്‍ പരിചയപ്പെടുത്തി. 'കൗമുദി' വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയ കാലമാണ്. അതു പറഞ്ഞാണ് പ്രൊഫസര്‍ ചന്ദ്രശേഖരന്‍ അപ്പനെ ക്ലാസ്സുകളില്‍ പരിചയപ്പെടുത്തിയത്. അന്നത്തെ എസ്.എന്‍. കോളേജിലെ പരമ്പരാഗതമായ മലയാളം ക്ലാസ്സുകളില്‍നിന്നും ഭിന്നമായിരുന്നു അപ്പന്റെ ക്ലാസ്സുകള്‍. യൂറോപ്യന്‍ സാഹിത്യത്തിലെ എഴുത്തുകാരേയും ചിന്തകരേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അപ്പന്റെ ക്ലാസ്സുകള്‍ കുട്ടികള്‍ ആസ്വദിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്ഥലം മാറ്റത്തിനുള്ള ഓര്‍ഡര്‍ വന്നു. കുറച്ചു നാളുകള്‍ മാത്രമേ പഠിപ്പിച്ചുള്ളൂ എങ്കിലും അപ്പന്റെ ക്ലാസ്സുകള്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.  അദ്ദേഹത്തെ സ്വന്തം നാടായ ആലപ്പുഴയ്ക്കു സമീപത്തുള്ള ചേര്‍ത്തല എസ്.എന്‍. കോളേജിലേക്കു സ്ഥലം മാറ്റി.

1965 തുടക്കത്തില്‍ കെ.പി. അപ്പന്‍ ചേര്‍ത്തല എസ്.എന്‍. കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള ആറ് വര്‍ഷക്കാലം അവിടെ ജോലി ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ വായന ആരംഭിക്കുന്നത് ഈ കാലത്താണ്. മുന്‍പും നന്നായി വായിച്ചു. എന്നാല്‍, രാത്രികളെ പകലുകളാക്കിയുള്ള അഗാധവും കഠിനവുമായ വായന ഈ കാലയളവിലാണ് തുടങ്ങിയത്. അദ്ദേഹത്തിന്റെ വായന അതിന്റെ ഉന്നതങ്ങളില്‍ പ്രവേശിച്ചു. 1970 മുതല്‍ മലയാള സാഹിത്യവിമര്‍ശനത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും മലയാളിയുടെ സംവേദനശീലത്തെ അടിമുടി പരിഷ്‌കരിച്ച് വഴിതിരിച്ചു വിടുകയും പുതിയ അഭിരുചി സൃഷ്ടിക്കുകയും ചെയ്ത വിമര്‍ശകനായി മാറിയ അപ്പന്‍ അതിനുള്ള ശക്തിയും ഊര്‍ജ്ജവും സൗന്ദര്യബോധവും സംഭരിച്ചത് 1965 മുതലുള്ള നിരന്തരമായ വായനയില്‍നിന്നും ആഴമേറിയ അന്വേഷണത്തില്‍നിന്നുമാണ്.   ജീവിതം വായനയ്ക്കുവേണ്ടി മാറ്റിവച്ചു എന്നുതന്നെ പറയാം. 'വായനയെ മറ്റൊരു ജീവിതമാക്കുകയല്ല, ജീവിതത്തെ വലിയൊരു വായനയായി പരിവര്‍ത്തിപ്പിക്കുകയാണ്' അപ്പന്‍ ചെയ്തതെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ എസ്. ജയചന്ദ്രന്‍ നായര്‍ പില്‍ക്കാലത്ത് അഭിപ്രായപ്പെട്ടത് അക്ഷരംപ്രതി ശരിയാണ്. അദ്ദേഹം വെറുതെ വായിക്കുകയായിരുന്നില്ല. വാസ്തവത്തില്‍ അദ്ദേഹം പുസ്തകം വായിക്കുകയല്ല ചെയ്തത് നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ അത് അരച്ചുകലക്കി കുടിക്കുകയാണ് ചെയ്തത്. ഒരു നോവല്‍ അപ്പന്‍ വായിക്കുന്നു എന്നു വിചാരിക്കുക. ആദ്യമൊന്ന് വായിക്കുന്നു. വീണ്ടും അതിലേക്കു തന്നെ പോകുന്നു. പിന്നീട് അതിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നു. എഴുത്തുകാരന്റെ ജീവചരിത്രവും കാലഘട്ടവും പരിശോധിക്കുന്നു. വേറൊരു വായനക്കായി വീണ്ടും കൃതിയിലേക്ക്. ഇങ്ങനെ നിരന്തരമായ വായനയിലൂടെയാണ് കൃതിയെ കീഴടക്കുന്നത്. 'അന്‍പത്തിയഞ്ച് കൊല്ലത്തെ അനുസ്യൂതമായ വായന' എന്ന് തന്റെ വായനയെപ്പറ്റി ജീവിതത്തിന്റെ അവസാന കാലത്ത് എഴുതിയിട്ടുണ്ട്. ജീവിതത്തെ വലിയൊരു വായനയാക്കി മാറ്റിയ ആളായിരുന്നു കെ.പി. അപ്പന്‍.

വായനയെക്കുറിച്ച് അത്യന്തം സൂക്ഷ്മവും രസകരവുമായ ഒരു ലേഖനം അപ്പന്‍ എഴുതിയിട്ടുണ്ട്. 1970ലെ ദേശാഭിമാനി വാരികയുടെ വിഷുപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്. 'വായന ഒരു കലയും തപസ്യയും' എന്നാണ് ലേഖനത്തിന്റെ ശീര്‍ഷകം. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൊന്നും ഈ ലേഖനം ചേര്‍ത്തിട്ടില്ല. വായനയെക്കുറിച്ചുള്ള തന്റെ തത്ത്വശാസ്ത്രം ഇവിടെ അവതരിപ്പിക്കുന്നു. രണ്ടുതരം വായനക്കാരുണ്ടെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. ഉറങ്ങാന്‍ വേണ്ടി വായിക്കുന്നവരും വായിച്ചുണരുന്നവരും. ശരിയായ വായനയിലൂടെ വായനക്കാരന്‍ ഉറങ്ങുകയല്ല, പിടഞ്ഞുണരുകയാണ്. പുസ്തകം ആവര്‍ത്തിച്ചു വായിക്കണമെന്ന് അപ്പന്‍ ആ ലേഖനത്തില്‍ പറയുന്നു. ഓരോ വായനയും അനുഭൂതിയുടെ പുതിയ പച്ചത്തുരുത്ത് വായനക്കാര്‍ക്കു കാണിച്ചുകൊടുക്കും. ഒരു ഗ്രന്ഥം ഒന്നില്‍ക്കൂടുതല്‍ തവണ വായിക്കുകയും അതിനെ സ്വന്തം ചിന്തയ്ക്ക് വിധേയമാക്കുകയും ചെയ്യുമ്പോഴാണ് വായന എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാകുന്നത്. വായന യുവാക്കളുടെ പ്രേമം പോലെ ഓമന കൗതുകമല്ല. അതൊരു പുന:സൃഷ്ടിയാണ്. എഴുത്തുകാരന്‍ അക്ഷരങ്ങളില്‍ ബന്ധിപ്പിച്ചിട്ടിരിക്കുന്ന ജീവിതഭാവങ്ങളെ സ്വതന്ത്രമാക്കുകയും വീണ്ടും സൃഷ്ടിക്കുകയുമാണ് വായനക്കാരന്‍ ചെയ്യുന്നത്. അതുകൊണ്ട് വായന ഒരു കല തന്നെയാണ്. അപ്പന്‍ ഇപ്രകാരം വിവരിക്കുന്നു:

'...അതുകൊണ്ടാണ് ഒരു പുസ്തകം രചിക്കുമ്പോള്‍ തന്റെ അന്തര്‍ഭാവങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുവാന്‍ എഴുത്തുകാരന്‍ വായനക്കാരോട് അപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് സാര്‍ത്ര് അദ്ദേഹത്തിന്റെ 'എന്താണു സാഹിത്യം' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു പുസ്തകം വായിക്കാനെടുക്കുമ്പോള്‍ എഴുത്തുകാരന്റെ നിശ്ശബ്ദമായ ഈ അപേക്ഷ നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഈ ഭാരിച്ച ഉത്തരവാദിത്വബോധത്തോടുകൂടി വേണം പുസ്തകം വായിച്ചു തുടങ്ങേണ്ടത്.'

വായനയില്‍നിന്നും കിട്ടുന്ന ആശയങ്ങളാണ് മനുഷ്യന് മുന്നോട്ടു കുതിക്കുവാനുള്ള കരുത്ത് നല്‍കുന്നതെന്ന് പറഞ്ഞ് ലേഖനം അവസാനിക്കുന്നു. പുസ്തകത്തെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള തന്റെ വ്യക്തമായ കാഴ്ചപ്പാട് ഇവിടെ അപ്പന്‍ വിശദമാക്കുന്നു. ഈ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നാണ് അദ്ദേഹം തന്റെ വായനയുടെ വിശാലലോകത്തില്‍ മുന്നോട്ടുപോയത്.

കെ.പി. അപ്പന്റെ പുസ്തകവായന കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആഴമുള്ളതായിത്തീര്‍ന്നു. അത് സാഹസികമായ വായനയായിത്തീര്‍ന്നു എന്നു കാണാം. എഴുത്തുകാരന്‍ നേരിട്ടു പറയുന്നതു ശ്രദ്ധിക്കാതെ, പറയാതെ പറയുന്നതു വായിക്കുന്ന രീതിയിലേക്ക് അദ്ദേഹം നീങ്ങി. കൃതികള്‍ തിരിച്ചും മറിച്ചും വായിച്ചു. ചിലപ്പോള്‍ പുസ്തകത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി വിപരീതാര്‍ത്ഥങ്ങളും മറഞ്ഞുകിടക്കുന്ന ഭാവതലങ്ങളും പുറത്തു കൊണ്ടുവരുന്ന ആപല്‍ക്കരമായ വായനകളും അദ്ദേഹം നടത്തി. കൃതികളുടെ അബോധത്തില്‍ കുടിയിരിക്കുന്ന ഗൂഢാര്‍ത്ഥങ്ങളും വൈരുദ്ധ്യങ്ങളും ആവാഹിച്ചെടുക്കുവാന്‍ ഗാഢമായ വായന അദ്ദേഹത്തെ സഹായിച്ചു. പില്‍ക്കാലത്ത് സൃഷ്ടിയുടെ യഥാര്‍ത്ഥ അര്‍ത്ഥം രചയിതാവിനു തന്നെ പറഞ്ഞുകൊടുക്കുന്ന വിമര്‍ശകനായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് 'ആപല്‍ക്കരമായ വായന'യുടെ മാര്‍ഗ്ഗം സ്വീകരിച്ചതുകൊണ്ടാണ്. 

നോവലും ചെറുകഥയും സാഹിത്യവിമര്‍ശനവും തത്ത്വചിന്തയുമാണ് പ്രധാനമായും വായിച്ചത്. എല്ലാ വിജ്ഞാനശാഖകളില്‍നിന്നും അറിവിന്റെ തേന്‍തുള്ളികള്‍ ശേഖരിക്കാന്‍ അദ്ദേഹം തുനിഞ്ഞു. വ്യത്യസ്ത ചിന്താധാരകളും സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങളും ക്ഷമയോടെ പരിശോധിച്ചു നോക്കി. തത്ത്വശാസ്ത്രവും മതചിന്തകളും  മാര്‍ക്‌സിസം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തത്ത്വശാസ്ത്രവും ആഴത്തില്‍ പഠിച്ചു. ബൈബിളിലെ പുരാവൃത്തങ്ങളും ദാര്‍ശനികതയും ചരിത്രവും മനശ്ശാസ്ത്രവും കവിതയും ഭാഷയും രൂപകങ്ങളും സ്വാംശീകരിച്ചെടുക്കാന്‍ വലിയ ശ്രമം തന്നെ നടത്തി. ചിത്രകലയുടെ അര്‍ത്ഥരഹസ്യങ്ങള്‍ അന്വേഷിച്ചു. കലയ്ക്കും യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തെക്കുറിച്ച് തനിക്കു പറഞ്ഞുതന്നത് ചിത്രകലയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഗീതത്തെ കലയെന്ന നിലയില്‍ മനസ്സിലാക്കാന്‍ പരിശ്രമിച്ചു. മാത്രമല്ല, സാഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സംഗീതസമാനതകള്‍ വേണമെന്ന് തനിക്കു ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യകൃതികള്‍ ആവര്‍ത്തിച്ചു വായിച്ചു. വായിച്ച് വായിച്ച് വായനയുടെ ലഹരിയില്‍ മുഴുകുക തന്നെ ചെയ്തു. ഇപ്പറഞ്ഞതില്‍ അതിശയോക്തിയുടെ സ്പര്‍ശമൊട്ടുമില്ല.

വായനയുടെ ആദ്യകാലം മുതല്‍ നോവലുകളാണ് അപ്പന്‍ കൂടുതലായി വായിച്ചത്. ചേര്‍ത്തലയില്‍ ജോലി തുടങ്ങിയ ആ ഘട്ടത്തില്‍ സോമര്‍ സെറ്റ് മോമിന്റെ 'ലോകത്തെ പത്തു നോവലുകള്‍' എന്ന പുസ്തകം വായിച്ചതിനെക്കുറിച്ച് അദ്ദേഹം ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. 'യുദ്ധവും സമാധാനവും', 'കാരമസോവ് സഹോദരന്മാര്‍', 'മോബിഡിക്ക്', 'മദാം ബൊവറി', 'പ്രൈഡ് ആന്‍ഡ് പ്രിജുഡിസ്', 'ചുവപ്പും കറുപ്പും', 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്', 'കിഴവന്‍ ഗോറിയോ', 'വുതറിങ് ഹൈറ്റ്‌സ്', 'ടോം ജോണ്‍സ്' എന്നിവയായിരുന്നു ആ പത്തു നോവലുകള്‍. ടോം ജോണ്‍സ് ഒഴിച്ച് ബാക്കി ഒന്‍പതു നോവലുകളും അപ്പന്‍ വായിച്ചു. അതിനു കുറച്ച് കാലമെടുത്തു. അങ്ങനെ വായിച്ചുകൊണ്ട് താന്‍ തന്റെ വിമര്‍ശന ജീവിതത്തിന് അടിത്തറയിടുകയായിരുന്നു എന്ന് അദ്ദേഹം പിന്നീട് നിരീക്ഷിക്കുന്നു.

ആലപ്പുഴയിലെ സ്വന്തം വീട്ടില്‍നിന്നും നാല്‍പ്പത്തിഅഞ്ച് മിനിറ്റ് ബസിലിരുന്നാല്‍ ചേര്‍ത്തല കോളേജിലെത്താം. പക്ഷേ, അപ്പന്‍ ചേര്‍ത്തല എസ്.എന്‍. കോളേജിനടുത്ത് ഒരു വലിയ വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചു. വായനയ്ക്കുവേണ്ടിയായിരുന്നു അത്. ഒറ്റയ്ക്കായിരുന്നു ആ വലിയ വീട്ടിലെ താമസം. കോളേജിലെ കുട്ടികള്‍ അതിനെ ആശ്രമം എന്നു വിളിച്ചു. കൂട്ടുകാര്‍ ഭാര്‍ഗ്ഗവീനിലയം എന്നു വിളിച്ചു കളിയാക്കി. ആ വീടിനെക്കുറിച്ച് കോളേജില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ഇപ്രകാരമെഴുതി:

'കുട്ടികള്‍ ആശ്രമം എന്നു പേരിട്ടിരുന്ന ആ വീട്ടുമുറ്റത്ത് എപ്പോഴും ധാരാളം കടും ചുവപ്പു പൂങ്കുലകള്‍ ചൂഴ്ന്നിരുന്ന ഒരു വലിയ തെച്ചിച്ചെടി ഉണ്ടായിരുന്നു. ആ പൂങ്കുലകളെ അപ്പന്‍ സാര്‍ 'അഗ്‌നിപുത്രികള്‍' എന്നു വിളിച്ച് അവയോടുള്ള തന്റെ വാത്സല്യാതിരേകം പ്രകടമാക്കിയിരുന്നു.'

ആ വീട്ടിലിരുന്ന് പുസ്തകങ്ങള്‍ വായിച്ചു. ഒരുപാട് ക്ലേശിച്ചാണ് വായിച്ചതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആ കാലത്തെ വായനയെക്കുറിച്ച് ആവേശപൂര്‍വ്വം ഓര്‍ക്കുന്നുണ്ട് അദ്ദേഹം. വായനയില്‍ മുഴുകിയിരുന്നതുകൊണ്ട് തണുപ്പു കൊണ്ടുവന്ന മിഥുനക്കാറ്റിലും തന്റെ മനസ്സ് തിളച്ചുകൊണ്ടിരുന്നു എന്ന് പറയുന്നു. ചേര്‍ത്തല എസ്.എന്‍. കോളേജ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന 'ഗ്രേറ്റ് ബുക്‌സി'ന്റെ അന്‍പതില്‍പരം വാല്യങ്ങള്‍ വളരെ ശ്രമപ്പെട്ട് വായിച്ചതും കുറിപ്പുകള്‍ എടുത്തതും ആത്മകഥാക്കുറിപ്പുകളില്‍ ആവേശപൂര്‍വ്വം വിവരിച്ചിട്ടുണ്ട്. പാശ്ചാത്യ തത്ത്വചിന്തയുടെ വിശാലമായ ലോകം ആ വാല്യങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നിട്ടു. ക്ലേശങ്ങള്‍ സഹിച്ച് വായിക്കാനുള്ള ശിക്ഷണവും തനിക്ക് ലഭിച്ചുവെന്നും അപ്പന്‍ പറയുന്നുണ്ട്. വലിയ ചിന്തകരുടെ രചനകള്‍ നിറഞ്ഞ ആ വാല്യങ്ങള്‍ തനിക്കു ധീരത തന്നു. ഓരോ വാല്യവും പേടിച്ചു പേടിച്ചാണ് വായിച്ചത്. തത്ത്വചിന്ത സാഹിത്യത്തിന്റെ അടിയൊഴുക്കുകളും അതിന്റെ വൈകാരികവും ബുദ്ധിപരവുമായ വശങ്ങളും മനസ്സിലാക്കുവാന്‍ തന്നെ സഹായിച്ചു. തന്റെ സാഹിത്യവിമര്‍ശനത്തിനു ശക്തമായ അടിത്തറ പണിഞ്ഞത് ആ തത്ത്വചിന്തയാണെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആധുനിക സാഹിത്യത്തിലെ കലാസൃഷ്ടികളുടെ പിന്നിലുള്ള ദാര്‍ശനികതയും സൗന്ദര്യവും ഉള്‍ക്കൊള്ളുവാന്‍ പടിഞ്ഞാറന്‍ തത്ത്വശാസ്ത്രപഠനം സഹായിച്ചു. ഈ ശിക്ഷണം കിട്ടിയില്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ ആധുനികതാവാദത്തെ വിശദീകരിക്കാനും വ്യാഖ്യാനിക്കുവാനും അദ്ദേഹത്തിനു കഴിയാതെ പോകുമായിരുന്നു.
                 
ആഴത്തില്‍ സ്വാധീനിച്ച  തത്ത്വചിന്തകള്‍ 

എല്ലാം വായിച്ചെങ്കിലും അപ്പനെ പിന്‍മാറാതെ പിടികൂടിയത് പടിഞ്ഞാറന്‍ തത്ത്വചിന്തയായിരുന്നു.  പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, കോള്‍റിഡ്ജ്, ആര്‍നോള്‍ഡ് തുടങ്ങിയ ചിന്തകരുടെ ആശയങ്ങള്‍ അദ്ദേഹം സ്വാംശീകരിച്ചു. വോള്‍ട്ടയറുടേയും ഗൊയ്‌ഥെയുടേയും ചിന്തകള്‍ ആഴത്തില്‍ പഠിച്ചു. ഗൊയ്‌ഥെയുടെ ചിന്തകള്‍ ജീവിതത്തിനും കലയ്ക്കും സൈദ്ധാന്തികമായ ശാഠ്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹത്തെ പഠിപ്പിച്ചു. എല്ലാവിധ സിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് കലയെന്ന് ഗൊയ്‌ഥെ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. എന്നാല്‍ പാസ്‌കല്‍, കീര്‍ക്കെഗോര്‍, ഷോപ്പനോവര്‍, ഹൈഡഗര്‍, കാള്‍ യാസ് പേഴ്‌സ്, നീറ്റ്‌ഷേ, കമ്യൂ, കാഫ്ക, സാര്‍ത്ര് എന്നിവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും അപ്പനെ അടിമുടി മാറ്റുകതന്നെ ചെയ്തു. ആ ചിന്തകര്‍ യുവാവായ അപ്പന്റെ മനസ്സിന്റെ സമനില ഗുണപരമായി തെറ്റിക്കുകയും ചിന്തകളെ വേറെ ചാനലുകളില്‍ തിരിച്ചുവിടുകയും ചെയ്തു. അപ്പന് ദാര്‍ശനിക ആധിയായിത്തീര്‍ന്ന ചിന്തകനാണ് പാസ്‌കല്‍. നിലനില്‍പ്പിന്റെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് ആധിനിറഞ്ഞ ദാര്‍ശനിക വിചാരങ്ങള്‍ അവതരിപ്പിച്ച ചിന്തകരെയാണ് അപ്പന്‍ ഇഷ്ടപ്പെട്ടത്. പ്രപഞ്ചഘടനയെക്കുറിച്ച് ചിന്തിച്ച ശാസ്ത്രജ്ഞനായ പാസ്‌കലിന്റെ (Blaise Pascal) ചിന്തകള്‍ അപ്പനില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. അനന്തമായ കാലങ്ങളുടെ അനന്തമായ നിശ്ശബ്ദത എന്നെ പേടിപ്പിക്കുന്നു ('The eternal silence of these infinite spaces terrifies me') എന്ന പാസ്‌കലിന്റെ വാക്കുകള്‍ അപ്പന് ആധിയായി മാറി. ഡെന്‍മാര്‍ക്കിലെ മഹര്‍ഷി എന്ന് അറിയപ്പെടുന്ന കീര്‍ക്കെ ഗോറിന്റെ ദാര്‍ശനിക ചിന്തകളും അപ്പനില്‍ വലിയ സ്വാധീനം ചെലുത്തി. മനുഷ്യാസ്തിത്വത്തിന്റെ രഹസ്യമെന്താണ് എന്നു ചോദിച്ച കീര്‍ക്കെഗോറിന്റെ ചിന്തകളും അപ്പനെ ആഴത്തില്‍ സ്പര്‍ശിച്ചു. ഭയവും ഉല്‍ക്കണ്ഠയും മൂലം പീഡിതമാണ് മനുഷ്യന്റെ അസ്തിത്വമെന്ന് കീര്‍ക്കെഗോര്‍ പറഞ്ഞു. ഇങ്ങനെയുള്ള ദാര്‍ശനിക ചിന്തകള്‍ അപ്പന്‍ ആ കാലയളവില്‍ നന്നായി പഠിച്ചു. പില്‍ക്കാലത്തെ അപ്പന്റെ ചിന്താപദ്ധതിയുടെ ആണിക്കല്ലുകളായി അവയെല്ലാം മാറി. ഇതെല്ലാം ഉള്‍ക്കൊള്ളുവാനുള്ള സവിശേഷമായ ദാര്‍ശനിക മനസ്സ് ജന്മനാ കിട്ടിയതുകൊണ്ടാണ് ഈ ചിന്തകരുടെ ചിന്തകള്‍ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും അപ്പനു കഴിഞ്ഞത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഈ ചിന്തകരുടെ ആശയങ്ങളുടെ ആദിമരൂപങ്ങള്‍ ഏതൊക്കെയോ രൂപത്തില്‍ അപ്പന്റെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. ആ ചിന്തകരിലൂടെ അദ്ദേഹം തന്നെത്തന്നെ ആഴത്തില്‍ അറിയുകയായിരുന്നു എന്നതാണ് വാസ്തവം.

കമ്യൂവിന്റെ 'ദ് റിബല്‍' മഹാരാജാസില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പന്‍ ധാരാളം സമയമെടുത്തു വായിച്ചുവെന്നും അത് അദ്ദേഹത്തിന്റെ ചിന്തയെ അഗാധമായി സ്വാധീനിച്ചുവെന്നും മുന്‍പ് പറഞ്ഞിട്ടുണ്ട്. 'ദ് റിബല്‍', 'മിത്ത് ഓഫ് സിസിഫസ്' തുടങ്ങിയ തത്ത്വചിന്താപരമായ കൃതികള്‍ വീണ്ടും വായിച്ചു. അദ്ദേഹം കമ്യൂവിന്റെ ചിന്തകളില്‍ തന്നെത്തന്നെ കണ്ടു. രാഷ്ട്രീയത്തേയും അധികാരത്തേയും സംബന്ധിച്ച അപ്പന്റെ ധാരണകളെ രൂപപ്പെടുത്തുന്നതില്‍ കമ്യൂവിന്റെ ചിന്തകള്‍ വലിയ പങ്കു വഹിച്ചു. ദൈവത്തിന്റെ സിംഹാസനം കീഴ്‌മേല്‍ മറിഞ്ഞതിനാല്‍ നീതി സൃഷ്ടിക്കുക എന്നത് റിബലിന്റെ ചുമതലയായിത്തീര്‍ന്നു, ഭരണമാറ്റം എന്നത് ഒരു പീഡനത്തില്‍നിന്നും മറ്റൊരു പീഡനത്തിലേക്കുള്ള മാറ്റമാണ് എന്നിങ്ങനെയുള്ള കമ്യൂവിന്റെ വ്യത്യസ്തവും പാരമ്പര്യവിരുദ്ധവുമായ ചിന്തകള്‍ അപ്പനെ ആഴത്തില്‍ സ്വാധീനിച്ചു. പിന്നീട് അപ്പന്‍ പറഞ്ഞു:

'...എന്നെ ഈ ചിന്തകള്‍ ഒരുപാട് വിരട്ടി, പേടിപ്പിച്ചു. പിന്നെ ആചാരവിധേയമല്ലാത്ത ചിന്തയിലേക്ക് ആഘോഷപൂര്‍വ്വം പറഞ്ഞയച്ചു.'

അപ്പനെ ഏറ്റവും കൂടുതല്‍ 'വിരട്ടിയ' ചിന്തകന്‍ നീറ്റ്‌ഷേയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് എവിടെയുമുള്ള എഴുത്തുകാരേയും ചിന്തകരേയും ആഴത്തില്‍ സ്വാധീനിച്ച ചിന്തകനാണ് നീറ്റ്‌ഷേ. ശാസ്ത്രത്തിനും യുക്തിബോധത്തിനും എതിരായി ചിന്തിച്ച മിസ്റ്റിക്കായിരുന്നു നീറ്റ്‌ഷേ എന്ന് അപ്പന്‍ എഴുതി. ദൈവസ്പര്‍ശമില്ലാത്ത വെളിപാടുകളിലൂടെ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ വിചാരവിപ്ലവങ്ങളെ പ്രവചിക്കുകയുണ്ടായി. നീറ്റ്‌ഷേയുടെ അരാജകവാദത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആസ്വദിച്ചുകൊണ്ടു തന്നെ അപ്പന്‍ ആ ചിന്താധാരയെ തന്റെ രക്തത്തില്‍ കലര്‍ത്തി. മനുഷ്യാവസ്ഥയെപ്പറ്റിയും ആധുനിക ജീവിതത്തിന്റെ ആന്തരികമായ തകര്‍ച്ചയെക്കുറിച്ചും എഴുത്തുകാരന്റെ ദര്‍ശനത്തെക്കുറിച്ചും പലതും നീറ്റ്‌ഷേയില്‍നിന്നും ഉള്‍ക്കൊണ്ടു. പാസ്‌കലിന്റേയും കീര്‍ക്കെഗോറിന്റേയും നീറ്റ്‌ഷേയുടേയും കമ്യൂവിന്റേയും മറ്റും ചിന്തകളും വെളിപാടുകളും ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് എവിടെയുമുള്ള സാഹിത്യത്തെ നിയന്ത്രിച്ച ചിന്താധാരകളാണ്. ചേര്‍ത്തലയിലെ വാടകവീട്ടില്‍വച്ചും ആലപ്പുഴയിലെ സ്വന്തം വീട്ടില്‍വച്ചും ഈ തത്ത്വചിന്തയുടെ സംസ്‌കാരം സ്വാംശീകരിക്കുവാനുള്ള കഠിനശ്രമമാണ് നടത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ മനസ്സറിയുവാന്‍ ഈ തത്ത്വചിന്താപഠനം അദ്ദേഹത്തെ വളരെ സഹായിച്ചു എന്നുതന്നെ പറയാം. കെ.പി. അപ്പന്‍ കെ.പി. അപ്പനായി മാറിയത് ആ വായനയിലൂടെയാണ്.

അക്കാലത്ത് അദ്ദേഹം എഫ്.ആര്‍. ലീവിസിന്റെ 'മഹത്തായ പാരമ്പര്യം' എന്ന വിമര്‍ശന ഗ്രന്ഥം വായിച്ചു. ഇംഗ്ലീഷ് നോവലിന്റെ മഹത്തായ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തി ലീവിസ് ഉയര്‍ത്തിക്കാണിച്ചത് ജയിന്‍ ഓസ്റ്റിന്‍, ഹെന്‍ട്രി ജെയിംസ്, ജോസഫ് കോണ്‍ട്രാഡ്, ഡി.എച്ച്. ലോറന്‍സ് തുടങ്ങിയവരെയാണ്. ഇംഗ്ലീഷ് നോവലിന്റെ മഹത്തായ പാരമ്പര്യത്തില്‍ എമിലി ബ്രോണ്ടിയെ ഉള്‍പ്പെടുത്താതിരുന്നത് അപ്പനില്‍ ക്ഷോഭമുണര്‍ത്തി. ആയിടയ്ക്കാണ് എമിലി ബ്രോണ്ടിയുടെ 'വുതറിങ് ഹൈറ്റ്‌സ്' വായിച്ചത്. ഈ നോവലിനെപ്പറ്റി ആല്‍ബേര്‍ കമ്യൂ 'റിബലി'ല്‍ പരാമര്‍ശിച്ചിരിക്കുന്നതും ഓര്‍മ്മയില്‍ വന്നു. ഒട്ടും താമസിയാതെ അപ്പന്‍ 'മഹത്തായ പാരമ്പര്യ'ത്തില്‍ എമിലി ബ്രോണ്ടിയെ ഒഴിവാക്കിയത് ശരിയായില്ല എന്നു പറഞ്ഞ് എഫ്.ആര്‍. ലീവിസിനു കത്തെഴുതി. പുസ്തകത്തിന്റെ പ്രസാധകരായ 'ചാറ്റോ ആന്‍ഡ് വിന്‍ഡ സി'ന്റെ വിലാസത്തിലാണ് കത്തയച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ ലീവിന്റെ മറുപടി വന്നു. എമിലിയുടെ നോവല്‍ ഇംഗ്ലീഷ് പാരമ്പര്യത്തിലല്ല യൂറോപ്യന്‍ പാരമ്പര്യത്തിലാണ് നില്‍ക്കുന്നതെന്നും അതുകൊണ്ടാണ് ഒഴിവാക്കിയതെന്നും ലീവിസ് വിശദീകരിച്ചു. ആ വിശദീകരണം അപ്പനെ ഒട്ടും തൃപ്തനാക്കിയില്ല. പടിഞ്ഞാറന്‍ നോവലുകളുടെ പിന്നിലെ പാരമ്പര്യവും സംസ്‌കാരവും അപ്പന്‍ നന്നായി മനസ്സിലാക്കിയെന്നാണ് ഈ സംഭവം വെളിവാക്കുന്നത്. മാത്രമല്ല, പാശ്ചാത്യ വിമര്‍ശന സാഹിത്യചരിത്രത്തില്‍ വലിയ സ്ഥാനമുള്ള എഫ്.ആര്‍. ലീവിസുമായി തര്‍ക്കിക്കാനും വിയോജിക്കാനും സന്നദ്ധനായത് അദ്ദേഹത്തിന്റെ ചിന്താപരമായ സ്വാതന്ത്ര്യത്തേയും ധൈര്യത്തേയും കാണിക്കുന്നു.

സാഹിത്യവും തത്ത്വചിന്തയും മാത്രല്ല അദ്ദേഹം വായിച്ചതെന്ന് പറഞ്ഞു. എല്ലാ കലകളും പഠിക്കാന്‍ ശ്രമിച്ചു. ആധുനിക സാഹിത്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണമെങ്കില്‍ ചിത്രകലയും ശില്പകലയും കൂടി പഠിക്കണമെന്ന കാര്യം അപ്പന്‍ മനസ്സിലാക്കി. കാരണം, ആധുനിക കാലത്ത് എല്ലാ കലകളും മാറിക്കൊണ്ടിരിക്കും. അവ തമ്മില്‍ ആന്തരികമായി ബന്ധപ്പെട്ടുമിരിക്കും. ആധുനിക ചിത്രകലയിലെ ടെക്‌നിക്കുകളും പരീക്ഷണങ്ങളും സാഹിത്യത്തെ സ്വാധീനിക്കാറുണ്ട്. പുതിയ ടെക്‌നിക്കുകളും പരീക്ഷണങ്ങളും ആദ്യമുണ്ടാകുന്നത് ചിത്രകലയിലാണ്. പിന്നീടാണ് അതെല്ലാം സാഹിത്യ കലയിലേക്കു വരുന്നത്. അതുകൊണ്ട് ചിത്രകല വിശദമായി മനസ്സിലാക്കുവാന്‍ അപ്പന്‍ പരിശ്രമിച്ചു. വില്യം ഓര്‍ഫന്‍ രചിച്ച 'ദ ഔട്ട്‌ലൈന്‍ ഓഫ് ആര്‍ട്ട്' (The Outline of art) എന്ന പുസ്തകം വായനയുടെ ആദ്യകാലത്ത് തന്നെ ശ്രദ്ധാപൂര്‍വ്വം വായിച്ചു. പിക്കാസോ, സാല്‍വദോര്‍ ദാലി, പോള്‍ മോണി ഗെയില്‍, ഡാന്‍വുഡ്‌സ് തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളും പഠനങ്ങളും അടങ്ങിയ പുസ്തകമാണത്. ആധുനിക ചിത്രകാരന്മാരായ പിക്കാസോ, ദാലി തുടങ്ങിയവരുടെ അമൂര്‍ത്തവും സ്വപ്നാത്മകവും സര്‍റിയലുമായ ചിത്രങ്ങളിലൂടെ കടന്നുപോയപ്പോള്‍ സൗന്ദര്യാനുഭവത്തിന്റെ വേറൊരു തലത്തിലേക്കു നീങ്ങുന്നതായി അപ്പന് അനുഭവപ്പെട്ടു. പിക്കാസോ, ദാലി തുടങ്ങിയ ആധുനിക ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ആസ്വാദനത്തിലൂടെ തന്റെ ഭാവുകത്വത്തിനു സൂക്ഷ്മമായ മാറ്റം സംഭവിച്ചതായി അനുഭവപ്പെട്ടു എന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. സാഹിത്യവിമര്‍ശനത്തില്‍, മൗനത്തിന്റെ ചിറകടികള്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളുടെ വിചിത്ര രൂപഘടനയും സൗന്ദര്യവും  കലര്‍ത്തി പുതിയ വിമര്‍ശന പാരമ്പര്യം സൃഷ്ടിക്കുവാനും അപ്പന്‍ പിന്നീട് ശ്രമിച്ചിട്ടുണ്ട്.

ഈ ഘട്ടത്തില്‍ അപ്പന്‍ ലോകസാഹിത്യത്തിലെ ഉന്നതങ്ങളായ സാഹിത്യസൃഷ്ടികള്‍ ആവേശത്തോടെ ആവര്‍ത്തിച്ച് വായിക്കുന്നുണ്ടായിരുന്നു. ദസ്‌തേയെവ്‌സ്‌കിയുടേയും ടോള്‍സ്‌റ്റോയിയുടേയും വിക്ടര്‍ ഹ്യൂഗോയുടേയും മറ്റും കൃതികള്‍ ആവര്‍ത്തിച്ചു വായിച്ചു. ദസ്‌തേയെവ്‌സ്‌കിയുടെ 'കരമസോവ് സഹോദരന്മാര്‍', 'ഭൂതാവിഷ്ടര്‍', 'ഇഡിയറ്റ്' തുടങ്ങിയ ക്ലാസ്സിക് നോവലുകള്‍ വിശുദ്ധഗ്രന്ഥം വായിക്കുന്നതുപോലെ നിരന്തരം വായിച്ചു. അപ്പന്റെ സംവേദനത്തിന്റെ രക്തത്തില്‍ ആ ഗ്രന്ഥങ്ങള്‍ അലിഞ്ഞുചേര്‍ന്നിരുന്നു. പിന്നീട് സാഹിത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചപ്പോള്‍ 'കരമസോവ്' ഉള്‍പ്പെടെയുള്ള ദസ്‌തേയെവ്‌സ്‌കിയുടെ കൃതികളില്‍ നിന്നുള്ള ആശയചിത്രങ്ങള്‍ ധാരാളമായി ഉപയാഗിച്ചിട്ടുണ്ട് അപ്പന്‍.  'തിരസ്‌കാരം' എന്ന സൗന്ദര്യശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതിയില്‍ 'കരമസോവ് സഹോദരന്മാരി'ലെ മതദ്രോഹവിചാരകനും ക്രിസ്തുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു കലാതത്ത്വം വിശദീകരിക്കുവാന്‍ വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ ഇത്തരം മികച്ച ക്ലാസ്സിക് കൃതികള്‍ നല്‍കുന്ന സൗന്ദര്യലഹരിയും ഒരുതരം ഉന്മാദവും അനുഭവിക്കാന്‍ വേണ്ടി ജീവിതത്തെ മാറ്റിത്തീര്‍ക്കുകയായിരുന്നു അപ്പന്‍. ജീവിതത്തിലെ മറ്റെല്ലാ സുഖസൗകര്യങ്ങളും വേണ്ടെന്നുവച്ച് വായനയുടെ ലഹരിയില്‍ മുഴുകുകയായിരുന്നു അദ്ദേഹം. യുവത്വത്തിന്റെ ആഘോഷങ്ങളില്‍ മുഴുകാതെ വായനയുടെ ആനന്ദത്തില്‍ സംതൃപ്തി കണ്ടെത്തി.
                                    
കഠിനമായ വായനകള്‍

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തത്ത്വചിന്തയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങളുണ്ടായി. യൂറോപ്പിന്റെ മനസ്സിലും ഹൃദയത്തിലും ലോകയുദ്ധം സൃഷ്ടിച്ച മുറിവുകള്‍ വളരെ വലുതായിരുന്നു. യുദ്ധം മനുഷ്യമനസ്സില്‍ കടുത്ത നൈരാശ്യവും തീവ്രവ്യഥകളും നിറച്ചു. ഇതെല്ലാം യുദ്ധാനന്തരമുണ്ടായ മനുഷ്യചിന്തയിലും സാഹിത്യത്തിലും പ്രതിഫലിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം നാല്‍പ്പതുകളുടെ ഒടുവിലും അന്‍പതുകളിലും അറുപതുകളുടെ തുടക്കത്തിലും ലോകസാഹിത്യത്തില്‍  വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സാഹിത്യകൃതികളും തത്ത്വചിന്തയും ആഴത്തിലറിയുവാന്‍ കഠിനപരിശ്രമം തന്നെ അപ്പന്‍ നിരന്തരം നടത്തി.  അന്ന് ഫ്രാന്‍സിലും ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന തത്ത്വചിന്തകളും ആധുനിക കലാവിചാരങ്ങളും ആഴത്തില്‍ മനസ്സിലാക്കുവാന്‍ പരമാവധി ശ്രമിച്ചു. വര്‍ത്തമാനകാല സാഹിത്യത്തെ അഗാധമായി സ്വാധീനിച്ച അസ്തിത്വവാദം ഉള്‍പ്പെടെയുള്ള തത്ത്വചിന്ത മനസ്സിലാക്കുവാന്‍ വലിയ ശ്രമം തന്നെ അപ്പന്‍ നടത്തി. ഓരോ മാസവും ശമ്പളം കിട്ടുമ്പോള്‍ എറണാകുളത്തു പോയി വിദേശത്തുനിന്നും വരുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങി. താന്‍ കാശ് കൊടുത്തു പുസ്തകം വാങ്ങുന്നയാളാണെന്നു തമാശയും ഗൗരവവും കലര്‍ന്ന സ്വരത്തില്‍ അപ്പന്‍ പറയാറുണ്ട്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലെ പുസ്തകശാലകളില്‍നിന്നും പുസ്തകം വരുത്തുകയും ചെയ്തു. ലോകത്ത് എവിടെയെങ്കിലും ഒരു നല്ല പുസ്തകം പുറത്തിറങ്ങുന്നു എന്നറിഞ്ഞാല്‍  അത് ആദ്യം കരസ്ഥമാക്കുവാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ജീവിതാവസാനം വരെ ഈ രീതിയുണ്ടായിരുന്നു. മഹാരാജാസില്‍ വച്ച് പരിചയപ്പെട്ട കാഫ്ക, സാര്‍ത്ര്, ആല്‍ബേര്‍ കമ്യൂ എന്നിവരുടെ രചനകളിലേക്കും ആശയങ്ങളിലേക്കും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനുള്ള തീവ്രശ്രമം ആരംഭിച്ചു. അന്ന് ലോകസാഹിത്യത്തില്‍ അവരുടെ കൃതികളും തത്ത്വചിന്തയും നിറഞ്ഞുനില്‍ക്കുകയാണ്. അവരുടെ നോവലുകളും നാടകങ്ങളും ചെറുകഥകളും തത്ത്വചിന്താഗ്രന്ഥങ്ങളും ലോകമാകെ ചര്‍ച്ച ചെയ്യുന്ന ഘട്ടമായിരുന്നു അത്. സാര്‍ത്രും കമ്യൂവും തമ്മിലുള്ള ആശയസംഘര്‍ഷങ്ങളും സാര്‍ത്ര് നൊബേല്‍ സമ്മാനം നിഷേധിച്ചതുമെല്ലാം അന്നത്തെ ചിന്താലോകത്തെ പ്രധാന വിഷയങ്ങളാണ്. ഇതെല്ലാം അപ്പോഴപ്പോള്‍ മനസ്സിലാക്കി വര്‍ത്തമാനകാല ലോകസാഹിത്യത്തിന് അഭിമുഖമായി നില്‍ക്കാന്‍ അപ്പനു കഴിഞ്ഞു. ഹെമിങ്‌വേ , വില്യം ഫോക്‌നര്‍, വെര്‍ജീനിയ വുള്‍ഫ്, ജെയിംസ്  ജോയിസ്, മാര്‍സേല്‍ പ്രൂസ്റ്റ്, തോമസ് മന്‍, ഹെര്‍മ്മന്‍ ഹെസ്സെ തുടങ്ങി പ്രമുഖരായ നോവലിസ്റ്റുകളുടെ നോവലുകളും കഥകളുമെല്ലാം ഈ കാലയളവില്‍ അപ്പന്‍ വായിച്ചു തീര്‍ത്തു. ലോക നോവല്‍ സാഹിത്യത്തിലെ ഏതു ചലനവും വേഗത്തില്‍ തിരിച്ചറിയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലോകസാഹിത്യം മനസ്സിലാക്കിയ കണ്ണുകള്‍കൊണ്ട് വര്‍ത്തമാന ഘട്ടത്തെ മലയാള സാഹിത്യത്തെ വീക്ഷിക്കാന്‍ അപ്പനു സാധിച്ചു. മലയാളത്തിലെ വിമര്‍ശകരില്‍ ലോകസാഹിത്യത്തിന്റെ ചലനങ്ങള്‍ അപ്പോഴപ്പോള്‍ അറിഞ്ഞവര്‍ ചുരുക്കമാണ്. കേസരി ബാലകൃഷ്ണപിള്ളയേയും എം. കൃഷ്ണന്‍ നായരേയും മാറ്റിനിര്‍ത്തിയാല്‍ വേറെയും കുറച്ചുപേരുണ്ടാകും. അവരില്‍ ഒരാളായിരുന്നു കെ.പി. അപ്പന്‍. വര്‍ത്തമാനകാല ലോകസാഹിത്യത്തേയും മലയാള സാഹിത്യത്തേയും ബന്ധിപ്പിച്ച് ചിന്തിക്കുന്ന  വിമര്‍ശകര്‍ അധികമില്ല. അതിന് അപ്പനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ നിരന്തരമായ വായനയാണ്. ഈ വായനാനുഭവമാണ് ആധുനിക ഘട്ടത്തിലുണ്ടായ മലയാള നോവലുകളേയും കഥകളേയും വേഗത്തില്‍ തിരിച്ചറിയാന്‍ അപ്പനു സാധിച്ചത്.

വായന ലഹരിയാണെങ്കിലും അത് ആരോഗ്യകരവും ഹൃദ്യവുമായ ഒരുതരം ഉന്മാദം പകര്‍ന്നു തരുമെങ്കിലും അത് കഠിനമായ അനുഭവം കൂടിയാണ്. തത്ത്വചിന്ത വായിച്ചു മനസ്സിലാക്കുവാന്‍ മാത്രമല്ല, ചിലപ്പോള്‍ വ്യത്യസ്ത രൂപഭാവങ്ങളുള്ള നോവല്‍ വായിച്ച് മനസ്സിലാക്കുവാനും വലിയ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സഹിക്കണ്ടിവരും. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള കഥകള്‍ നിറഞ്ഞ നോവലുകള്‍ ഒറ്റയിരുപ്പിലിരുന്ന് രസിച്ചു വായിക്കാം. എന്നാല്‍ കാലങ്ങളെ ചിതറിച്ച് ബോധത്തിന്റെ പല തലങ്ങളെ ഒരേസമയം ചിത്രീകരിച്ച് നീങ്ങുന്ന പരീക്ഷണ നോവലുകളെ ബുദ്ധിപരമായി കീഴടക്കുവാന്‍ പ്രയാസമാണ്. അത്തരം കഠിനമായ വായനാനുഭവങ്ങളെക്കുറിച്ച് അപ്പന്‍ എഴുതിയിട്ടുണ്ട്. ജെയിംസ് ജോയിസ്സിന്റെ 'യുളീസിസ്' (Ulysses), വില്യം ഫോക്‌നറുടെ  'ശബ്ദകോലാഹലങ്ങള്‍' (The Sound and the Fury), മര്‍സേല്‍ പ്രൂസ്റ്റിന്റെ 'പൊയ്‌പോയ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മ' (Remembrance of Things Past) എന്നീ നോവലുകള്‍ അപ്പനു നല്‍കിയ പീഡാനുഭങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഒടുവില്‍ അദ്ദേഹമെഴുതിയ  'വായനയുടെ വിപത്‌സന്ധികളില്‍ വീണു പോകാതെ...' എന്ന ലേഖനത്തില്‍ അതുണ്ട്. നോവല്‍ എന്ന കലാരൂപത്തെ പരീക്ഷണത്തിനു വിധേയമാക്കുകയാണ് ഈ നോവലിസ്റ്റുകള്‍. അങ്ങേയറ്റം യാതനാനിര്‍ഭരമായ വായനാനുഭവങ്ങളാണ് ഈ മൂന്ന് നോവലുകള്‍ അപ്പനു നല്‍കിയത്. ആ നോവലുകള്‍ അദ്ദേഹത്തെ വശീകരിച്ച് ദുരിതത്തില്‍ വീഴ്ത്തുകയായിരുന്നു. വിരാമചിഹ്നങ്ങളില്ലാതെ നീങ്ങുന്ന 'യുളീസിസ്' വായനക്കാര്‍ക്ക് ബോധപ്രവാഹം അനുഭവപ്പെടുത്തി തരാന്‍ ശ്രമിക്കുന്നു. ആദ്യ വായനകളില്‍ നോവലിലേക്കുള്ള പ്രവേശനം അപ്പനു ലഭിച്ചില്ല. സ്റ്റ്യൂട്ട് ഗില്‍ബര്‍ട്ട് എന്ന നിരൂപകന്റെ വിശദീകരണങ്ങളെ ആശ്രയിച്ചപ്പോള്‍ നോവലിന്റെ ഉള്ളിലേക്കു കടക്കുവാന്‍ കഴിഞ്ഞുവെന്ന് അപ്പന്‍ സൂചിപ്പിക്കുന്നു. തന്റെ കഠിനമായ ശ്രമങ്ങള്‍ 'യുളീസിസി'നെ 'ഒഡീസി'യുടെ ഹാസ്യസമാനതയായി തിരിച്ചറിയുവാന്‍ സഹായിച്ചുവെന്ന് അപ്പന്‍ സൂചിപ്പിക്കുന്നു. ബുദ്ധിപരമായ മല്‍പ്പിടുത്തത്തിലൂടെയാണ് താന്‍ 'യുളീസിസി'നെ കീഴടക്കിയതെന്നും പറയുന്നുണ്ട്. വായനയുടെ 'ഭീകരാനുഭവങ്ങള്‍' ജീവിതത്തിലുടനീളം അനുഭവിച്ച വായനക്കാരനാണ് കെ.പി. അപ്പന്‍.

പ്രൂസ്റ്റിന്റെ 'പൊയ്‌പോയ കാലത്തെക്കുറിച്ചുള്ള സ്മരണ'യും ആദ്യം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ നോവലാണ്. തന്നെ കഠിനമായി മുഷിപ്പിച്ച നോവലാണിത്. 'ദീര്‍ഘ ദീര്‍ഘമായി നീങ്ങിയിരുന്ന പന്ത്രണ്ട് വാല്യങ്ങളുള്ള ഏഴ് പുസ്തകങ്ങള്‍ ഏകദേശം ഒന്‍പതു മാസങ്ങളെടുത്ത് ശ്രമകരമായ ജോലി ചെയ്യുന്നതുപോലെ ഞാന്‍ വായിച്ചു തീര്‍ക്കുകയായിരുന്നു'വെന്ന് അപ്പന്‍ പറയുന്നു. ആ നോവല്‍ നല്‍കിയ അനുഭവം എന്ത്? എന്ന് സ്വയം ചോദിച്ചിട്ട് അദ്ദേഹം പറയുന്നു: 'അന്‍പത്തഞ്ചു വര്‍ഷത്തെ വായനാനുഭവങ്ങളില്‍ ഇത്രത്തോളം കാലാനുഭവങ്ങള്‍ നല്‍കിയ മറ്റൊരു നോവലില്ല. കാലം ഈ വിമര്‍ശകനെ നിരന്തരം വേട്ടയാടി. കുട്ടിക്കാലം മുതല്‍ കാലത്തിന്റെ രഹസ്യങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ട മനസ്സായിരുന്നു അപ്പന്റേത്. അദ്ദേഹത്തിന്റെ വിമര്‍ശനത്തിലെ ഏറ്റവും വലിയ പ്രമേയങ്ങളില്‍ ഒന്ന് കാലമാണ്. 'സമയ പ്രവാഹവും സാഹിത്യ കലയും' എന്ന പേരില്‍ ഒരു ഗ്രന്ഥം അദ്ദേഹം പില്‍ക്കാലത്ത് എഴുതി. ആദ്യകാലത്ത് പ്രൂസ്റ്റിന്റെ നോവല്‍ കാലം എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരുപാട് പുതിയ ധാരണകളും പുതിയ വെളിച്ചവും  അദ്ദേഹത്തിനു നല്‍കി. ഫോക്‌നറുടെ 'ശബ്ദകോലാഹലങ്ങള്‍' എന്ന നോവലും അപ്പനെ ഒരുപാട് വെള്ളം കുടിപ്പിച്ചു. കീഴടക്കുവാന്‍ പ്രയാസമുള്ള പുസ്തകമായിരുന്നു അത്. നാല് കോണുകളില്‍നിന്നും പ്രവഹിക്കുന്ന ബോധധാരകളുടെ രഹസ്യം തേടി അലയാന്‍ തുടങ്ങി അദ്ദേഹം. തിരിച്ചറിവ് പൂര്‍ണ്ണമായി ലഭിച്ചില്ലെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിഞ്ഞുവെന്ന് അപ്പന്‍ പറയുന്നു. 'ദുര്‍ഗ്രഹതയുടെ വിധ്വംസക സൗന്ദര്യ'മുള്ള ഈ മൂന്ന് നോവലുകളും ആധുനിക ജീവിതത്തേയും ആധുനിക മനുഷ്യനേയും സംബന്ധിച്ച നിരവധി ഉള്‍ക്കാഴ്ചകളും വെളിപാടുകളും അപ്പനു നല്‍കി എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ്  മലയാളത്തില്‍ മോഡേണിസം ശക്തിപ്പെട്ടപ്പോള്‍ പുറത്തുവന്ന 'ദുര്‍ഗ്രഹ'മായ രചനകള്‍ മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിച്ചപ്പോള്‍ ഈ കഠിന വായനകള്‍ നല്‍കിയ സൗന്ദര്യ ശിക്ഷണം അപ്പനെ സഹായിച്ചു കാണുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തില്‍ ആധുനികത ശക്തിപ്പെട്ടത് അറുപതുകളുടെ പകുതി കഴിഞ്ഞാണ്. അതിനുമുന്‍പു തന്നെ പടിഞ്ഞാറന്‍ സാഹിത്യത്തിലെ ആധുനികതയുടെ ഗഹനതയും സങ്കീര്‍ണ്ണമായ സൗന്ദര്യവും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പരിഭ്രാന്തികളും ഉല്‍ക്കണ്ഠകളും പ്രയാസങ്ങളുമില്ലാതെ അനായാസം ആധുനിക മലയാള നോവലിലേക്ക് പ്രവേശിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.'

വിമര്‍ശനത്തിന്റെ ലഹരിയിലേക്കു വീഴുന്നു

കഥകള്‍ എഴുതിക്കൊണ്ടിരുന്ന കെ.പി. അപ്പനിലെ സാഹിത്യവിമര്‍ശകന്‍ പുറത്തുവന്നത് മഹാരാജാസില്‍ പഠിക്കുമ്പോഴാണ്. അവിടെ പഠിക്കുമ്പോള്‍ അദ്ദേഹം നിശ്ശബ്ദനായിരുന്നു. കൂടുതലൊന്നും സംസാരിച്ചില്ല. അവിടെ നടന്ന സാഹിത്യ സംവാദങ്ങളിലോ ചര്‍ച്ചകളിലോ പങ്കെടുത്തില്ല. പക്ഷേ, മനസ്സ് ഉണര്‍ന്നിരുന്നു. എല്ലാം സ്വാംശീകരിച്ചു. എല്ലാം മനസ്സിലാക്കി. അവിടെ വച്ച് പഠിച്ച പാശ്ചാത്യ പൗരസ്ത്യ സാഹിത്യതത്ത്വങ്ങളും അവിടെ നടന്ന ആശയ സംവാദങ്ങളും ചര്‍ച്ചകളും അവിടെ വച്ച് വായിച്ച കലാസൃഷ്ടികളുടെ സൗന്ദര്യ ചൈതന്യവും അദ്ദേഹത്തെ വിമര്‍ശനവേദിയിലേക്കു നയിക്കുകയാണുണ്ടായത്. എന്തെങ്കിലും പെട്ടെന്ന് എഴുതി വേഗത്തില്‍ കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വിമര്‍ശകനാവുക അദ്ദേഹത്തിന്റെ ലക്ഷ്യമല്ലായിരുന്നു. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുക എന്നത് എന്നും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. നിരന്തരവും നിസ്തന്ദ്രവുമായ വായന വിമര്‍ശനമെഴുതുവാന്‍ ശക്തമായ പ്രേരണ നല്‍കി എന്ന കാര്യത്തില്‍ സംശയമില്ല. കാലം ആവശ്യപ്പെട്ടത് ഏറ്റെടുക്കുക എന്ന വിമര്‍ശന ധര്‍മ്മമാണ് അപ്പന്‍ ഏറ്റെടുത്തത്. 

ദുഷിച്ച  സാഹിത്യാഭിരുചിയും കാലഹരണപ്പെട്ട സാഹിത്യ ധാരണകളും മലയാള വിമര്‍ശന ലോകത്തെ അടക്കിഭരിക്കുന്നതു കണ്ടുള്ള അമര്‍ഷവും അതിന്റെ പിന്നില്‍ ഉണ്ടാകും. കാല്പനിക സാഹിത്യത്തെ വിലയിരുത്തുവാന്‍ ഉപയോഗിച്ചു തേഞ്ഞ വാക്കുകളും  കേട്ടു പഴകിയ ആശയങ്ങളും സാഹിത്യവിമര്‍ശനത്തെയും മലയാളിയുടെ ചിന്താശീലത്തേയും നശിപ്പിക്കുന്നതു കണ്ടാണ് അദ്ദേഹം ആക്രമണോത്സുകനായി വിമര്‍ശനകലയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ വിമര്‍ശനമെഴുതുവാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകം താന്‍ അബോധപരമായി കാംക്ഷിച്ച ലാവണ്യ സങ്കല്പങ്ങള്‍ അറുപതുകളുടെ തുടക്കം മുതല്‍ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷമായിക്കൊണ്ടിരുന്നതാണ്. മലയാളത്തില്‍ പുതിയൊരു സാഹിത്യ സംസ്‌കാരം പിറവിയെടുക്കുന്നത് അപ്പന്‍ സ്പര്‍ശിച്ചറിഞ്ഞു. അതിനെക്കുറിച്ച് എഴുതുന്നത് തന്നെക്കുറിച്ചെഴുതുന്നതിനു തുല്യമാണെന്ന ബോധവുമുണ്ടായിക്കാണണം. കാരണം, താന്‍ ആന്തരികമായി കൊതിച്ച കൃതികളാണ് അന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഇതാണ് അപ്പന്റെ എഴുത്തിന്റെ പിന്നിലെ കരുത്തിന്റെ രഹസ്യം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com