പുതുവത്സര ദിനം ലോകത്തിന് ആഘോഷം, എന്നാല്‍ ആ ജനതയ്ക്ക് 'കറുത്ത ദിനം'

പുതുവത്സരദിനം പോലൊരു ദിവസത്തെ 'കറുത്തദിനം' എന്ന് വിളിക്കുന്നത് പൊതുസമൂഹത്തിന് ഒരുപക്ഷേ കൗതുകകരമായി തോന്നിയേക്കാം
പുതുവത്സര ദിനം ലോകത്തിന് ആഘോഷം, എന്നാല്‍ ആ ജനതയ്ക്ക് 'കറുത്ത ദിനം'

ലോകമെമ്പാടുമുള്ള ജനത പുതുവത്സരദിനമായി ആഘോഷിക്കുന്ന ജനുവരി ഒന്ന് പട്ടാള വെടിവെയ്പില്‍  രക്തസാക്ഷികളായ തങ്ങളുടെ പൂര്‍വ്വികരുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദുഃഖദിനമായി ആചരിക്കുന്ന ഒരു ജനതയുണ്ട് ലോകത്ത്. പുതുവത്സരദിനം പോലൊരു ദിവസത്തെ 'കറുത്തദിനം' എന്ന് വിളിക്കുന്നത് പൊതുസമൂഹത്തിന് ഒരുപക്ഷേ കൗതുകകരമായി തോന്നിയേക്കാം. എന്നാല്‍, ഝാര്‍ഖണ്ഡിലെ കോല്‍ഹാനിലെ ഹോ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് ഇത് കറുത്തദിനമാണ്. അത് എന്തുകൊണ്ടാണ് എന്നറിയാന്‍ അവരുടെ ചരിത്രത്തിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടന്ന വെടിവെയ്പിനെക്കുറിച്ച് കേട്ടവര്‍ വിരളമായിരിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം അഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ആ സംഭവം നടന്നത്. 1948 ജനുവരി ഒന്നിനു വൈകിട്ട് ഉരുക്കുനഗരമായ ജംഷഡ്പൂരില്‍നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ആധിപത്യമുള്ള പട്ടണമായ ഖര്‍സവാനിലാണ് ഒഡിഷ മിലിട്ടറി പൊലീസ് നിരായുധരായ ആദിവാസികള്‍ക്കു നേരെ നിറയൊഴിക്കുന്നത്. പ്രതിവാര ഹാത്ത് ദിനമായിരുന്നു അന്ന്. എന്നാല്‍ ഒഡിഷ സര്‍ക്കാര്‍ ഈ പ്രദേശം മുഴുവന്‍ പൊലീസ് ക്യാമ്പാക്കി മാറ്റിയിരുന്നു.

ആ സമയത്ത് ബ്രിട്ടീഷുകാരില്‍നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ച് കേവലം 150 ദിവസം പോലുമായിട്ടില്ല, രാജ്യത്തിന്റെ ഭരണഘടന പോലും നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മഹാത്മാഗാന്ധി ജീവിച്ചിരിക്കുന്നു.  ഇന്ത്യയുടെ ഐക്യത്തിനു തടസ്സം സൃഷ്ടിച്ചുകൊണ്ട് നാട്ടുരാജ്യങ്ങളും രാജകുടുംബങ്ങളും അപ്പോഴും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഖര്‍സവാനില്‍ നിരായുധരായ ആയിരക്കണക്കിന് ആദിവാസികള്‍ക്കു നേരെ ഒഡിഷ മിലിട്ടറി പൊലീസ് വിവേചനരഹിതമായി വെടിയുതിര്‍ത്തത്. ഈ വെടിവെയ്പില്‍ മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക രേഖകള്‍ ഒന്നുമില്ല.  എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ ഈ 'ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍' എണ്ണമറ്റ ആദിവാസികള്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അന്ന് കാണാതെ പോയ നിരവധി ആളുകളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. അതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഇംഗ്ലീഷ് കലണ്ടറിലെ പുതുവത്സരദിനം ആഘോഷിക്കുമ്പോള്‍, ആയിരക്കണക്കിനു പേര്‍ അന്നേ ദിവസം ഖര്‍സവാന്‍ ശഹീദി സ്ഥാനില്‍ എത്തിച്ചേരുകയും തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തുവരുന്നു.

എന്തുകൊണ്ടാണ് ഖര്‍സവാനില്‍ വെടിവെയ്പ് നടന്നത്? ഖര്‍സവാന്‍ ഉള്‍പ്പെടുന്ന സെറൈകെലയിലെ രാജാവ് ആദിത്യപ്രസാദ് ദേവ് തന്റെ രാജ്യത്തെ ഒഡിഷയില്‍ ചേര്‍ക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഭാഷാപരമായും സാംസ്‌കാരികമായും വ്യതിരിക്തത പുലര്‍ത്തിയ ആദിവാസികള്‍ ഒഡിയ ഭാഷ സംസാരിക്കുന്നവരുമായി ഇടപഴകാന്‍ തയ്യാറായില്ല. ഇതിനെതിരെ 1948 ജനുവരി ഒന്നിന് ഖര്‍സവാനിലെ മാര്‍ക്കറ്റില്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. അതിനുവേണ്ടി പുതുതായി സ്ഥാപിതമായ ഒഡിഷ ഭരണകൂടത്തില്‍നിന്ന് അനുമതിയും നിരാക്ഷേപപത്രം വാങ്ങുകയും ചെയ്തിരുന്നു. എല്ലാം നന്നായി പൊയ്ക്കൊണ്ടിരുന്നു. ചയ്ബാസ, ജംഷഡ്പൂര്‍, മയൂര്‍ഭഞ്ച്, രാജ്ഓങ്പൂര്‍, റാഞ്ചി എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. യോഗം തുടങ്ങുന്നതിനു മുന്‍പ് ആദിവാസി നേതാക്കള്‍ രാജാവ് ആദിത്യപ്രസാദ് ദേവിന്റെ കൊട്ടാരത്തിലെത്തി അദ്ദേഹവുമായി സംഭാഷണം നടത്തി. ഖര്‍സവാനെ ഒഡിഷയില്‍ ഉള്‍പ്പെടുത്താന്‍ രാജാവിനു താല്പര്യം ഉണ്ടായിരുന്നുവെങ്കിലും അന്തിമ തീര്‍പ്പിലെത്തിയിരുന്നില്ല. പ്രത്യേക ഗോത്രവര്‍ഗ്ഗ സംസ്ഥാനമെന്ന ആവശ്യം അക്കാലത്ത് ഗോത്രസഭയില്‍ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. അന്നേദിനം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക്, ഗോത്ര നേതാക്കള്‍ കൊട്ടാരത്തില്‍നിന്നു മടങ്ങി. യോഗസ്ഥലത്ത് എത്തിയ ശേഷം ഒരു പ്രസംഗം നടത്തുകയും ചെയ്തു. 

സമാനതകളില്ലാത്ത ഭരണകൂട ഭീകരത

വൈകിട്ട് നാലിന് യോഗത്തില്‍ പങ്കെടുത്ത 35,000-ത്തോളം വരുന്ന ജനക്കൂട്ടത്തോട് അവരവരുടെ വീടുകളിലേക്ക് മടങ്ങാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഘാടകരുടെ ആവശ്യപ്രകാരം അരമണിക്കൂറിനുശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുകയായിരുന്ന അവരില്‍ പലരും കൊല്ലപ്പെട്ടു. ഒഡിഷ ഭരണകൂടം വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആദിവാസികള്‍ക്കു നേരെ മെഷീന്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നു. യോഗത്തിനെത്തിയ സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും ശരീരങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറി. പശുക്കള്‍ക്കും കന്നുകാലികള്‍ക്കും വരെ വെടിയേറ്റു. ഖര്‍സവന്‍ മാര്‍ക്കറ്റ് രക്തംകൊണ്ട് ചുവന്നു. ആദിവാസി നേതാവ് ജയ്പാല്‍ സിംഗ് മുണ്ടയും ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പരിപാടി അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട്, ജയ്പാല്‍ സിംഗ് മുണ്ട 1948 ജനുവരി 11-ന് ഖര്‍സ വാനില്‍ തന്നെ ഒരു യോഗം നടത്തുകയും ഈ കൂട്ടക്കൊലയെ സ്വതന്ത്ര ഇന്ത്യയിലെ 'ജാലിയന്‍ വാലാബാഗ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികള്‍ക്കിടയില്‍ പെട്ടെന്ന് വെടിയൊച്ച കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും ആളുകള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, വലിയൊരു വിഭാഗം ആളുകള്‍ തുടരെ വെടിയേറ്റു വീഴുകയും മരിക്കുകയും ചെയ്തു. ആദിവാസികളാണ് ആദ്യം അമ്പുകള്‍കൊണ്ട് ആക്രമിച്ചതെന്നും പട്ടാളം പിന്നീട് വെടിയുതിര്‍ക്കുകയാണ് ഉണ്ടായതെന്നും വ്യാഖ്യാനമുണ്ട്.

വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങള്‍ കുഴിച്ചുമൂടുകയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയും നദികളിലേക്ക് വലിച്ചെറിയുകയും ചെയ്തു. വെടിവെയ്പിനു ശേഷം, വൈകിട്ടു തന്നെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ തുടങ്ങിയതായും പറയുന്നുണ്ട്. പരുക്കേറ്റവരെ ഇതിലും മോശമായിട്ടാണ് പരിഗണിച്ചത് എന്നും. ജനുവരിയിലെ ആ ശൈത്യകാല രാത്രിയില്‍ ജനങ്ങള്‍ തുറന്ന വയലില്‍ പീഡിപ്പിക്കപ്പെട്ടു. ആവശ്യാനുസരണം വെള്ളം പോലും നല്‍കുകയുണ്ടായില്ലെന്നാണ് ചരിത്രം. പിന്നീട് ജയ്പാല്‍ സിംഗ് മുണ്ടയുടെ യോഗത്തില്‍ വെച്ച് ഖര്‍സവാന്‍ ദുരിതാശ്വാസനിധി രൂപീകരിക്കപ്പെട്ടു. വെടിവെയ്പില്‍  മരിച്ച 2,000 പേരുടേയും അത്രയും തന്നെ പരുക്കേറ്റവരുടേയും കുടുംബങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം ആദിവാസി നേതാക്കള്‍ ഏറ്റെടുത്തു. ഝാര്‍ഖണ്ഡിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ രക്തസാക്ഷിത്വത്തിന്റെ തെളിവായി ഹിന്ദിഭാഷയില്‍ കൈ കൊണ്ടെഴുതിയ രേഖയുണ്ട്.

എന്തായാലും സംഭവത്തിനു ശേഷം പ്രദേശത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തി. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ലഹളയെ അടിച്ചമര്‍ത്താന്‍ പട്ടാളനിയമം നടപ്പാക്കിയത് ഖര്‍സവാനിലായിരിക്കും. അക്കാലത്ത്, ബിഹാറിലെ നേതാക്കള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. അവരും ഈ ലയനം ആഗ്രഹിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒഡിഷയില്‍ ഈ പ്രദേശത്തെ ലയിപ്പിക്കുന്നത് വേണ്ടെന്നുവെച്ചതാണ് ഈ സംഭവത്തിന്റെ അനന്തരഫലം. കാലം പോകേ, ഈ സ്ഥലം ഖര്‍സവാന്‍ രക്തസാക്ഷികള്‍ വെടിയേറ്റു വീണ് ജീവന്‍ വെടിഞ്ഞ സ്ഥലം എന്ന പേരിലറിയപ്പെട്ടു തുടങ്ങി.  ജനുവരി ഒന്നിന് ഖര്‍സവാനിലെ ആദിവാസികള്‍ ഇവിടെയെത്തി വെടിവെയ്പില്‍ രക്തസാക്ഷികളായ തങ്ങളുടെ പൂര്‍വ്വികരെ ആരാധിക്കുകയും അവരുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

1831-'32 ലെ കോള്‍ കലാപത്തെക്കുറിച്ചും 1820-'37 ലെ ഹോ കലാപത്തെക്കുറിച്ചും ചരിത്രം പറയുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികള്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഹോ ആദിവാസികള്‍ പ്രതിരോധിച്ചതിനെ തുടര്‍ന്നാണ് ഹോ കലാപം ഉണ്ടായത്. ഹോ ആദിവാസികളെ കീഴടക്കാനും സിംഹ്ഭൂമിയില്‍ അവരുടെ നിയന്ത്രണം സ്ഥാപിക്കാനും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ ഏജന്റായ ക്യാപ്റ്റന്‍ വില്‍ക്കിന്‍സന്റെ നേതൃത്വത്തില്‍ ഒരു തന്ത്രം നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.  ഹോ സമുദായത്തിലെ ചില നേതാക്കളെ ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ അടിമകളാക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍  ശ്രമിച്ചു. എന്നാല്‍, അവരുടെ ആ ഗൂഢാലോചനയെ ആദിവാസികള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്തു. പലയിടത്തും ബ്രിട്ടീഷുകാര്‍ക്ക് ഹോ ജനതയുടെ ഗറില്ലാ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. ഹോ ജനത നടത്തിയ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്താന്‍ ക്യാപ്റ്റന്‍ വില്‍ക്കിന്‍സണ്‍  സൈനിക നടപടി തുടങ്ങി. 1837-ല്‍ ബ്രിട്ടീഷ് സൈന്യം  കോല്‍ഹാന്‍ പ്രദേശത്ത് പ്രവേശിച്ചു. പക്ഷേ, അവര്‍ക്ക് ഒരിക്കലും ഹോ ആദിവാസികളെ കീഴ്പെടുത്താന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ മനസ്സോ അവരുടെ ഭൂമിയോ പിടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരിക്കലുമായില്ല.

മഹായോദ്ധാവ് പോട്ടോ ഹോയുടെ നേതൃത്വത്തില്‍ കോല്‍ഹാനില്‍ അഗ്‌നിപര്‍വ്വതം പുകയുംപോലെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. നിബിഡവനങ്ങളില്‍ രഹസ്യമായി കൂടിയാലോചനകള്‍ നടന്നു. ആ കൂടിയാലോചനകളില്‍ ബ്രിട്ടീഷുകാരെ ഈ പ്രദേശത്തുനിന്ന് വേട്ടയാടാനും തുരത്താനുമുള്ള പദ്ധതികള്‍ തയ്യാറാക്കപ്പെട്ടു. ജീവന്‍ ത്യജിക്കാന്‍ തയ്യാറായ പോരാളികളുടെ സംഘങ്ങള്‍ ആ കൂടിയാലോചനകളിലൂടെ അവര്‍ കെട്ടിപ്പടുക്കുകയും ചെയ്തു. ജഗന്നാഥ്പൂരിനടുത്തുള്ള പോകോം എന്ന ഗ്രാമമാണ് രഹസ്യസമ്മേളനം നടന്ന സ്ഥലങ്ങളില്‍ ഒന്ന്. പോട്ടോ ഹോയെ കൂടാതെ, ഈ സംഘത്തില്‍ ബലാന്‍ഡിയയിലെ ബോഡയും ദേബായും ഉള്‍പ്പെടുന്നു. പോട്ടേല്‍, ഗോപാലി, പാണ്ഡുവ, നര, പാദേ, ബദായെ എന്നിവരെ കൂടാതെ 20-ഓളം പേര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു. കലാപം ലാല്‍ഗഢ്, അംല, ബദ് പീഡ് തുടങ്ങി എണ്ണമറ്റ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് പരിണമിക്കുകയും ചെയ്തു. 
ബലാന്‍ഡിയയുടെ മാര, കൊച്ചേ പര്‍ദന്‍, പാറ്റ ഓഫ് സര്‍വില്‍, ദുമാരിയയിലെ പാണ്ഡുവ, ജോട്ടോ, ജോങ്കോ തുടങ്ങി മറ്റ് ധീരരായ പുരുഷന്മാരും കലാപത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ നിരവധി ഗ്രാമങ്ങള്‍ കത്തിക്കുകയും സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി കൊല്ലുകയും ചെയ്തു.

കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ

പോട്ടോ ഹോയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഒരേയൊരു ലക്ഷ്യം പുറത്തുനിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകളില്‍നിന്ന് തന്റെ ജനങ്ങളെ സംരക്ഷിക്കുകയും ബ്രിട്ടീഷുകാരെ പ്രദേശം വിട്ടുപോകാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുക എന്നതായിരുന്നു. തന്ത്രപ്രധാനമായ സിരുങ് സായ് (സെറെങ്കിസ), ബാഗവിള താഴ്വരകള്‍ എന്നിവയില്‍ പിടിച്ചുനില്‍ക്കാന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് കഴിഞ്ഞു, ബ്രിട്ടീഷുകാര്‍ക്കെതിരെ സുസംഘടിതമായ ഒരു യുദ്ധം തന്നെ അവര്‍ നടത്തി. 1837 നവംബര്‍ 19-ന്, ബ്രിട്ടീഷ് പട്ടാളസംഘം സിരുങ്‌സായ് താഴ്വരയില്‍ എത്തിയപ്പോള്‍, പതിയിരുന്ന പോട്ടോ ഹോയുടെ സംഘം അവര്‍ക്കുമേല്‍ അസ്ത്രങ്ങള്‍ വര്‍ഷിച്ചു. നിബിഡവനങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ടതായിരുന്നു ആ താഴ്വര. അതുകൊണ്ട്  ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താന്‍ ഹോ പോരാളികള്‍ക്ക് അധികം പ്രയത്‌നിക്കേണ്ടിവന്നില്ല.  ഒട്ടനവധി ബ്രിട്ടീഷ് സൈനികര്‍ ഹോ പോരാളികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അവരുടെ എണ്ണം വെളിപ്പെടുത്താതിരിക്കുന്നതാണ് വിവേകമെന്നായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ കരുതിയത്. തങ്ങളുടെ നഷ്ടത്തിന് പ്രതികാരം ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ 1837 നവംബര്‍ 20-ന് രാജബാസ ഗ്രാമം ആക്രമിക്കുകയും അത് കത്തിക്കുകയും ചെയ്തു. അവര്‍ പോട്ടോ ഹോയുടെ പിതാവിനേയും മറ്റ് ഗ്രാമീണരേയും പിടികൂടി. 

തുടര്‍ന്ന്, രാംഗഢ് ബറ്റാലിയനിലെ 300 സൈനികരെ കോല്‍ഹാനിലേക്ക് വിളിപ്പിച്ചു, ബ്രിട്ടീഷുകാര്‍ ഈ സ്വാതന്ത്ര്യസമര സേനാനികളെ പിടികൂടാനുള്ള പ്രചാരണം വീണ്ടും ശക്തമാക്കി. ഗ്രാമവാസികളെ വശത്താക്കല്‍ അടക്കം എല്ലാ ഉപായങ്ങളും അവര്‍ പയറ്റി. ഒടുവില്‍ 1837 ഡിസംബര്‍ എട്ടിന് പോട്ടോ ഹോയും കൂട്ടാളികളും അറസ്റ്റിലായി. 1837 ഡിസംബര്‍ 19-ന് ജഗന്നാഥ്പൂരില്‍ അവരുടെ വിചാരണ ആരംഭിച്ചു. 1837 ഡിസംബര്‍ 25-ന് നടപടികള്‍ പൂര്‍ത്തി യാക്കി, 1837 ഡിസംബര്‍ 31-ന് വിധിയും പ്രസ്താവിച്ചു. പ്രോസിക്യൂട്ടര്‍ ആയിരുന്ന ക്യാപ്റ്റന്‍ വില്‍ക്കിന്‍സണ്‍ തന്നെയായിരുന്നു ജഡ്ജിയും. ഇത് വ്യക്തമായും നീതിയുടെ എല്ലാ മാനദണ്ഡങ്ങള്‍ക്കും എതിരായിരുന്നു. പോട്ടോ ഹോയും കൂട്ടാളികളും ജീവനോടെ ഇരുന്നാല്‍ കോല്‍ഹാന്‍ പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. 1838 ജനുവരി ഒന്നിന് ജഗന്നാഥ്പൂരില്‍ വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ പോട്ടോ ഹോ, ദേ ബായെ ഹോ, ബദായെ ഹോ എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 1838 ജനുവരി 2-ന് രാവിലെ നാരാ ഹോ, പാണ്ഡുവ ഹോ, ദേവി ഹോ എന്നിവരുള്‍പ്പെടെ ബാക്കിയുള്ള കലാപകാരികളെ സിരുങ് സായ് (സെറെങ്കിസ) ഗ്രാമത്തില്‍ വച്ച് വധിക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിച്ച് അഞ്ച് മാസത്തിനു ശേഷം, 1948 ജനുവരി ഒന്നിനു  ഖര്‍സവാന്‍ ഹാത്ത് ബസാറില്‍ നടന്ന പൊലീസ് വെടിവെയ്പില്‍ 2,000-ലധികം ഹോ ആദിവാസികളാണ് കൊല്ലപ്പെട്ടത്. കോല്‍ഹാന്‍ പ്രദേശം ഒഡിഷയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ അവര്‍ എതിര്‍ത്തിരുന്നു.  ദശകങ്ങള്‍ക്കു ശേഷം 2006 ജനുവരി രണ്ടിനു ടാറ്റയുടെ സഹായികള്‍ വെടിയുതിര്‍ത്തപ്പോള്‍ 14 ഹോ ആദിവാസികളാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭൂമി ടാറ്റയ്ക്ക് വിട്ടുനല്‍കാന്‍ തയ്യാറായില്ല എന്നതായിരുന്നു അവരുടെ കുറ്റം. പുതുവത്സരദിനം അങ്ങനെ ഹോ ആദിവാസികള്‍ക്കും കോല്‍ഹാന്‍ പ്രദേശത്തെ ജനങ്ങള്‍ക്കും കറുത്ത ദിനമായി മാറി. ധീരന്മാരായ പുത്രന്മാരുടെ മരണം ആഘോഷിക്കാന്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും കഴിയില്ല. അതുകൊണ്ട് കോല്‍ഹാനില്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് കറുത്തദിനമായി മാറി എവിടെയായിരുന്നാലും, ആദിവാസികള്‍ തങ്ങളുടെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഈ ദിവസം കറുത്ത ബാഡ്ജ് ധരിക്കുന്നു.

ഖര്‍സവാനില്‍ വെടിവെയ്പു ണ്ടായതിനെ ത്തുടര്‍ന്ന് അങ്ങോട്ടേക്ക് ആദ്യം ഓടിയെത്തിയ ദേശീയ നേതാവ് ഡോ. റാം മനോഹര്‍ ലോഹ്യയായിരുന്നു. വിഭജനത്തെത്തുടര്‍ന്ന് വര്‍ഗ്ഗീയ കലാപങ്ങള്‍ കൊണ്ടു കലുഷിതമായിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പര്യടനം നടത്തുകയായിരുന്ന ഡോ. ലോഹ്യ അത് നിര്‍ത്തിവെച്ചുകൊണ്ടാണ് ഖര്‍സവാനിലേയ്ക്ക് ഓടിയെത്തുന്നത്. മനുഷ്യത്വം മരവിച്ചുപോകുന്ന കരളലിയിക്കുന്ന കാഴ്ചകളായിരുന്നു ഡോക്ടര്‍ ലോഹ്യയ്ക്ക് ഖര്‍സവാനില്‍ കാണുവാന്‍ കഴിഞ്ഞത്. നൂറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കു ശേഷം ലഭിച്ച സ്വാതന്ത്ര്യത്തിലൂടെ പിറവിയെടുത്ത ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ആ രാജ്യത്തെ പൗരന്മാര്‍ക്ക് നേരിടേണ്ടിവന്ന അതിഭീകരമായ നരനായാട്ടിനെ അദ്ദേഹം ശക്തമായി അപലപിച്ചു. മനുഷ്യാവകാശം, പൗരാവകാശം തുടങ്ങിയ അവകാശ ബോധങ്ങള്‍ അത്രമേല്‍ ശക്തമായിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്കു നേരെ ഉണ്ടായ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ അദ്ദേഹം ശക്തമായ സമരം പ്രഖ്യാപിച്ചു. സമാധാനപരമായി വീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന നിരായുധരായ ജനങ്ങളെ പ്രകോപനമേതുമില്ലാതെ  പിറകില്‍നിന്നും വെടിവെച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ  ശിക്ഷാനടപടികള്‍ സ്വീകരിക്കുക, കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കും തക്കതായ നഷ്ടപരിഹാരം നല്‍കുക, വെടിവെയ്പിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡോക്ടര്‍ ലോഹ്യ നിരാഹാര സമരം ആരംഭിച്ചു. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്  ലോഹ്യ നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.

ഖര്‍സവാന്‍ വെടിവെയ്പിന്റേയും മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വേണ്ടി ഡോക്ടര്‍ ലോഹ്യ നടത്തിയ സമരത്തിന്റേയും എഴുപത്തിയഞ്ചാം വാര്‍ഷികമാണ് 2023-ലെ പുതുവത്സര ദിനം. എഴുപത്തിയഞ്ചാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഡോ. റാം മനോഹര്‍ ലോഹ്യ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഖര്‍സവാനില്‍ നടക്കാനിരിക്കുന്നത്. 

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് സോഷ്യലിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഖര്‍സവാന്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി ഖര്‍സവാനിലേക്ക് അന്നേദിനം എത്തിച്ചേരും.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com