

ജൂണ്‍ 18-നാണ് ഗോരഖ്പൂരിലെ ഗീതാപ്രസ്സിനു 2021-ലെ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചത്. അഹിംസയിലൂടെയും മറ്റ് ഗാന്ധിയന്‍ രീതികളിലൂടെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ആ സ്ഥാപനം നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് മന്ത്രാലയം അനുബന്ധമായി പറഞ്ഞതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ വിധി നിര്‍ണ്ണയസമിതിയാണ് ഗീതാപ്രസ്സിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. ഒരുതരത്തിലുമുള്ള സാമ്പത്തിക സംഭാവനയും സ്വീകരിക്കുകയില്ല എന്നാണ് ഗീതാപ്രസ്സിന്റെ പ്രഖ്യാപിത നിലപാട്. ആ പാരമ്പര്യം ഈ സന്ദര്‍ഭത്തിലും പ്രസ്സിന്റെ അധികാരികള്‍ തുടര്‍ന്നു. അവാര്‍ഡിന്റെ ഭാഗമായി ലഭിക്കുന്ന സദ്‌പേരും ബഹുമാനവും മതിയെന്നും അവാര്‍ഡ് തുക വേണ്ടെന്നും ഗീതാപ്രസ്സ് ഔദ്യോഗികമായിത്തന്നെ പൊതുസമൂഹത്തേയും പുരസ്‌കാരം നല്‍കുന്ന മന്ത്രാലയത്തേയും അറിയിച്ചു. ഒരു കോടി രൂപയാണ് പുരസ്‌കാരത്തിന്റെ ഭാഗമായി ഗീതാപ്രസ്സിനു ലഭിക്കേണ്ടിയിരുന്നത്.
ഇത്തവണയും ഗാന്ധി സമാധാന പുരസ്‌കാരം അര്‍ഹമായ കൈകളിലാണ് എത്തിച്ചേര്‍ന്നത് എന്ന് ഹിന്ദുത്വവക്താക്കള്‍ ഉദ്‌ഘോഷിച്ചു. ഈ പുരസ്‌കാരം നേടിയതിന് ഗീതാപ്രസ്സിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഈ രംഗത്ത് അവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നു പറയുകയും ചെയ്തു.
''2021-ലെ ഗാന്ധി സമാധാന സമ്മാനം നേടിയ ഗൊരഖ്പൂരിലെ ഗീതാപ്രസ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അവര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്'' എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ പാര്‍ട്ടിയാണ്. ഭരണകൂടം ഔപചാരികമായി നല്‍കുന്ന ഒരു പുരസ്‌കാരം ഭരിക്കുന്നവരുടെ താല്പര്യം മുന്‍നിര്‍ത്തി ആശയപരമായ അടുപ്പം പങ്കുവെയ്ക്കുന്ന ഒരു സ്ഥാപനത്തിനു നല്‍കി എന്നതിലപ്പുറം മറ്റൊരു സവിശേഷതയും ഈ അവാര്‍ഡ് ദാനത്തിനു വന്നുചേരേണ്ടതില്ലാത്തതാണ്. എന്നാല്‍, ഈ പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്.
സവര്‍ക്കറിനും ഗോഡ്സെയ്ക്കും ഈ പുരസ്‌കാരം നല്‍കുന്നതുപോലെയാണ് ഗീതാപ്രസ്സിന് ഇതു നല്‍കാനുള്ള തീരുമാനമെന്നും ഇതു പരിഹാസ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
''ഈ വര്‍ഷം ശതാബ്ദി ആഘോഷിക്കുന്ന ഗോരഖ്പൂരിലെ ഗീതാപ്രസ്സിന് 2021-ലെ ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചു. അക്ഷയ മുകുള്‍ എഴുതി 2015-ല്‍ പ്രസിദ്ധീകരിച്ച ഈ സംഘടനയുടെ വളരെ മികച്ച ഒരു ജീവചരിത്രമുണ്ട്. ഗീതാപ്രസ്സ് മഹാത്മാവുമായി പുലര്‍ത്തിയ പ്രക്ഷുബ്ധമായ ബന്ധവും രാഷ്ട്രീയവും മതപരവും സാമൂഹികവുമായ അജന്‍ഡയെ പ്രതി അദ്ദേഹവുമായി നടത്തിയ പോരാട്ടങ്ങളും മുകുളിന്റെ പുസ്തകത്തില്‍ കാണാം. ഈ തീരുമാനം തീര്‍ത്തും പരിഹാസ്യമാണ്. സവര്‍ക്കറിനും ഗോദ്‌സെയ്ക്കും അവാര്‍ഡ് നല്‍കുന്നതുപോലെയാണിത്''-കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തതിങ്ങനെ.
ഗാന്ധി സമാധാന പുരസ്‌കാരം ഗീതാപ്രസ്സിനു നല്‍കിയ നടപടിയില്‍ രാജ്യത്തെമ്പാടും വലിയ വിമര്‍ശനവും വിയോജിപ്പും ഉയര്‍ന്നു. ഈ നടപടിയില്‍ ചരിത്രകാരന്മാരും വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്നവരും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളുമുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങളില്‍നിന്നും ശക്തമായ പ്രതിഷേധമുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയ താല്പര്യങ്ങളാണ് ഈ അവാര്‍ഡ് ദാനത്തിനു പിറകിലെന്ന വിമര്‍ശനത്തിനെ ഊട്ടിയുറപ്പിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ പ്രസ്താവന. മുസ്‌ലിം ലീഗിനെ മതേതരകക്ഷിയായി കരുതുന്നവരാണ് ഗീതാപ്രസ്സിന് അവാര്‍ഡ് നല്‍കിയ നടപടിയെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
''ഗീതാപ്രസ്സ് രാജ്യത്തിന്റെ സംസ്‌കാരം, നമ്മുടെ ധാര്‍മ്മികത, ഹൈന്ദവ വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു; മാത്രമല്ല, അത് എല്ലാ വീടുകളിലും താങ്ങാനാവുന്ന വിലയ്ക്ക് ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്ന രീതിയില്‍ സാഹിത്യം എത്തിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്'' എന്നാണ് ജിതേന്ദ്ര പ്രസാദ് പത്രസമ്മേളനത്തില്‍ പ്രതിവചിച്ചത്. 
രണ്ടു കാര്യങ്ങളായിരുന്നു ജിതേന്ദ്ര പ്രസാദിന്റെ ഈ ന്യായീകരണ പ്രസ്താവനയില്‍ തെളിഞ്ഞുനിന്നത്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയകക്ഷി മതേതരകക്ഷിയല്ല എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസമാണ് ഒന്നാമത്തേത്. ഭരണകൂടം ഹൈന്ദവ വിശ്വാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് മതേതരവിരുദ്ധമല്ല എന്നതാണ് രണ്ടാമത്തേത്. അതായത് മുസ്‌ലിം എന്ന പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി മതേതരമല്ല എന്നു ഉറപ്പിച്ചു പറയുമ്പോള്‍ തന്നെ ഹിന്ദുമത വിശ്വാസത്തെ അടിത്തറയാക്കിയ രാഷ്ട്രീയം മതേതരവിരുദ്ധമല്ല എന്ന കാഴ്ചപ്പാടിന് അദ്ദേഹം അടിവരയിടുകയും ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും പുറമേ ഹൈന്ദവ വിശ്വാസവും ധാര്‍മ്മികതയും രാജ്യത്തിന്റെ സംസ്‌കാരവും പര്യായപദങ്ങളെന്ന മട്ടിലാണ് അദ്ദേഹം പ്രസ്താവനയില്‍ പ്രയോഗിച്ചത് എന്നതും ശ്രദ്ധേയം. 
ശരിതെറ്റുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടുന്ന കാലം
വിശ്വപ്രസിദ്ധമായ ഒരു ഷേക്‌സ്പീരിയന്‍ നാടകത്തില്‍ ദുര്‍മന്ത്രവാദിനികള്‍ നടത്തുന്ന ഒരു മന്ത്രോച്ചാരണമുണ്ട്. ഒരു മരുഭൂമിയാണ് രംഗവേദിയാകുന്നത്. ഇരുട്ടും ഇടിയും മിന്നലും ഒരുക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് മന്ത്രവാദിനികള്‍ ചുരുങ്ങിയ വാക്കുകളില്‍ വിചിത്രവും ലോകാതീതവുമായ ഒരു താളത്തില്‍ ഈ നാടകത്തില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കാണികളോടു പറയുന്നുണ്ട്. മൂല്യങ്ങളുടെ ഒരു മറിച്ചിടല്‍. നന്മ തിന്മയും തിന്മ നന്മയുമായി തീരുന്ന ഭാവിലോകം. 'The fair is foul and foul is fair' എന്നാണ് ആ മന്ത്രം. ഇതുകണക്ക് രാഷ്ട്രീയമായ ശരിതെറ്റുകളുടെ ഒരു മറിച്ചിടലാണ് ഹിന്ദുത്വകക്ഷിയുടെ ഭരണത്തില്‍ നടക്കുന്നത് എന്ന നിഗമനത്തിലേക്കു നയിക്കുന്നതാണ് ഭരണതലത്തില്‍ നടക്കുന്ന നടപടികളേറെയും. രാജ്യവും സമൂഹവും ഇത:പര്യന്തം ആദര്‍ശാത്മകമായ നന്മയെ പ്രതിനിധാനം ചെയ്യുന്നുവെന്നു കരുതിയ പ്രതീകങ്ങളേയും വ്യക്തികളേയും സ്ഥാപനങ്ങളേയും അപ്പാടെ ഉച്ചാടനം ചെയ്യുകയും ഏതേതു പ്രതീകങ്ങളും രാഷ്ട്രീയവുമാണോ അകറ്റിനിര്‍ത്തേണ്ടത് എന്നു കരുതിയത് അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നും ഇന്ത്യന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം കരുതുന്നു.
ഇപ്പോള്‍ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കിയ ഗീതാപ്രസ്സിനെ ഇതിനു അര്‍ഹമാക്കിയത് എന്താണ് എന്നു പരിശോധിക്കുമ്പോള്‍ ഈ ധാരണ ആളുകള്‍ക്കുണ്ടായതില്‍ അദ്ഭുതമില്ലെന്നു മനസ്സിലാകും. സംഘപരിവാറിന്റെ പ്രചാരകരായിട്ടാണ് ഗീതാപ്രസ്സ് പൊതുവെ അറിയപ്പെടുന്നത്. രാജ്യത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനു വേരുകള്‍ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് അതു വഹിച്ചിട്ടുള്ളത്. ഹിന്ദുത്വ പ്രചാരണം തന്നെയാണ് ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ലക്ഷ്യമായത്. ഗാന്ധിവധത്തില്‍ പങ്കാരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടവരാണ് ഗീതാപ്രസ്സിന്റെ ഉടമസ്ഥരായ ഹനുമന്‍ പ്രസാദ് പൊദ്ദാറും ജയ്ദയാല്‍ ഗോയന്‍ഡ്കയും. ഗാന്ധിവധത്തില്‍ അറസ്റ്റിലായവരാണ് ഗോദ്‌സേയും സവര്‍ക്കറും. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുതന്നെ സവര്‍ക്കര്‍ ആദരിക്കപ്പെട്ടു. ഇപ്പോള്‍ ഗീതാപ്രസ്സ് പുരസ്‌കാരദാനത്തിലൂടെ പരോക്ഷമായി പൊദ്ദാറും ഗോയന്‍ഡ്കയും. ഇനി വൈകാതെ ആരുടെ ഊഴമാണ് വരാനിരിക്കുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
സനാതനധര്‍മ്മം എന്ന പേരില്‍ വിഭാഗീയ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ഗീതാപ്രസ്സിന്റെ പ്രസിദ്ധീകരണങ്ങള്‍ ഗോദ്‌സെ ഉള്‍പ്പെടെയുള്ളവരെ ഹിന്ദു മഹാസഭാക്കാരാക്കിയതില്‍ പങ്കുവഹിച്ചിട്ടുണ്ടന്ന് 'ഗീതാപ്രസ്സ് ആന്റ് ദ മേക്കിംഗ് ഒഫ് ഹിന്ദു ഇന്‍ഡ്യ' എന്ന പുസ്തകത്തില്‍ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അക്ഷയ മുകുള്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് അടങ്ങുന്ന സംഘ്പരിവാര്‍ സംഘടനകളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര പ്രചാരണത്തിനു സാംസ്‌കാരികമായ അടിത്തറയിടുകയാണ് ഗീതാപ്രസ്സ് ചെയ്തിട്ടുള്ളത്. മഹാത്മാഗാന്ധിയുമായി പലകാര്യങ്ങളിലും വലിയ അഭിപ്രായ വ്യത്യാസം ഗീതാപ്രസ്സിന്റെ വക്താക്കള്‍ക്ക് ഉണ്ടായിരുന്നുവെന്ന് അക്ഷയ മുകുള്‍ എഴുതുന്നു. പ്രധാനമായും ദളിത് വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനം, പുന പാക്ട് തുടങ്ങിയ കാര്യങ്ങളില്‍. മഹാത്മാവ് കൊല്ലപ്പെട്ടപ്പോള്‍ അതേക്കുറിച്ച് കല്യാണ്‍ ഉള്‍പ്പെടെയുള്ള ഗീതാപ്രസ്സ് പ്രസിദ്ധീകരണങ്ങള്‍ സമ്പൂര്‍ണ്ണ മൗനം പാലിച്ചു. അതേ ഗീതാപ്രസ്സിന് ഗാന്ധിയുടെ പേരിലുള്ള സമാധാന സമ്മാനം നല്‍കുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാണ്.
ആര്‍.എസ്.എസ് സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ഒരുപിടി നിഴല്‍ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ചരിത്രവും പ്രവര്‍ത്തനങ്ങളും ധീരേന്ദ്ര കെ. ഝാ തന്റെ പുസ്തകമായ 'ഷാഡോ ആര്‍മീസ്: ഫ്രിഞ്ച് ഓര്‍ഗനൈസേഷന്‍സ് ആന്റ് ഫൂട്ട് സോള്‍ജ്യേഴ്‌സ് ഒഫ് ഹിന്ദുത്വ'യില്‍ വിശദമാക്കുന്നുണ്ട്. ഇവയില്‍ ചിലതിനു ഇതിനകം തന്നെ ഭരണഘടനാ സ്ഥാപനങ്ങളുടേയും വ്യവസ്ഥയുടേയും അംഗീകാരമുണ്ട്. അതിലൊന്നാണ് ഭോണ്‍സാല മിലിറ്ററി സ്‌കൂള്‍. മാലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ച എ.ടി.എസ്സിന്റെ അന്വേഷണം നീണ്ടത് ഭോണ്‍സാല മിലിറ്ററി സ്‌കൂളിലേക്കാണ്. അതുകണക്കേ ഗാന്ധിവധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരു ഹിന്ദുത്വ സ്ഥാപനമായ ഗീതാപ്രസ്സിന്റെ പൊദ്ദാറും ഗോയന്‍ഡ്കയും.
സ്വാതന്ത്ര്യസമരത്തിലെ ഹ്യൂമനിസ്റ്റ് സോഷ്യലിസ്റ്റ് ധാരയും അതിന്റെ വക്താക്കളും നേതാക്കളുമാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യാരാജ്യത്തിന്റെ സാരഥ്യത്തിലേക്കുയര്‍ന്നത്. ഇന്ത്യന്‍ സമൂഹത്തിന്റേയും ഭരണവ്യവസ്ഥയുടേയും സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ആ നേതൃത്വത്തിനു വലിയ പങ്കുണ്ട്. അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ് രാജ്യം നന്മയുള്ളതായും പവിത്രമായും കണ്ടത്. എന്നാല്‍, ഈ മൂല്യങ്ങള്‍ക്കുള്ള പകരംവെയ്പിനാണ് ഇപ്പോഴത്തെ ശ്രമം. അതുകൊണ്ടാണ് മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം സര്‍ക്കാര്‍ കലണ്ടറുകളില്‍ പോലും ഗാന്ധിസ്മരണ എന്ന വിശേഷണത്തിലേക്കു ഒതുങ്ങുന്നതും. രാഷ്ട്രശില്പിയായ നെഹ്‌റുവിന്റെ സ്മരണപോലും മായ്ചുകളയാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതായാണ് ഇപ്പോള്‍ നാം കാണുന്നത്. തീന്‍മൂര്‍ത്തി ഭവനിലെ 'നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി'യെ 'പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി'യാക്കി മാറ്റിയത് ഈയിടെയാണ്. രാജ്യം നേരിടുന്ന എല്ലാ കെടുതികള്‍ക്കും തിന്മകള്‍ക്കും കാരണക്കാരന്‍ അദ്ദേഹമാണ് എന്ന നിലയില്‍.
സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചെങ്കിലും രാഷ്ട്രീയ ഹിന്ദുവിനു നേരെ എതിര്‍ദിശയില്‍ നിന്നിരുന്നയാളായിരുന്നു ഗാന്ധി എന്ന് ആശിസ് നന്ദി ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ പലവട്ടം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും മതത്തിലോ അതിന്റെ പരിശുദ്ധ ഗ്രന്ഥങ്ങളിലോ ഒതുക്കിനിര്‍ത്താന്‍ കഴിയുന്നയാളായിരുന്നില്ല ഗാന്ധി. അദ്ദേഹം സായാഹ്ന പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചു നാം കേട്ട വരികളില്‍ ''രഘുപതി രാഘവ രാജാറാം'' എന്നതിനൊപ്പം ''ഈശ്വര അല്ലാഹ് തേരേ നാം'' എന്നതും ഉള്‍പ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ദൈവാരാധന മതങ്ങളുടെ ദൈവാരാധനയല്ലായിരുന്നു. ഒരു പക്ഷവുമില്ലാത്ത മാനവസേവയും അല്ലായിരുന്നു. അതു ദരിദ്രനാരായണ സേവയായിരുന്നുവെന്ന് ഗാന്ധിയുടെ ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതനിരപേക്ഷമായ ആത്മീയതയായിരുന്നു ഗാന്ധിയുടേതെന്നും. അയിത്തം മുതല്‍ ഹിന്ദുക്കള്‍ പരമ്പരാഗതമായി ആചരിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമായ പലതിനേയും അദ്ദേഹം എതിര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രാമരാജ്യമാകട്ടെ, സംഘ്പരിവാറിന്റെ രാമരാജ്യമായിരുന്നില്ല. മതനിരപേക്ഷമായിരുന്നു ആ സങ്കല്പം. അദ്ദേഹത്തില്‍ മുസ്‌ലിം പക്ഷപാതിത്വം ആരോപിച്ചാണല്ലോ ഗോദ്‌സെ അദ്ദേഹത്തെ കൊലപ്പെടുത്തുന്നതും.
എന്താണ് ഗാന്ധി സമാധാന പുരസ്‌കാരം?
രാഷ്ട്രപിതാവിന്റെ 125-ാം ജന്മവാര്‍ഷികത്തിലാണ്, 1995-ല്‍ ഗാന്ധി സമാധാന പുരസ്‌കാരം നിലവില്‍ വരുന്നത്. പ്രശസ്തിപത്രവും ഒരു കോടി രൂപയുമാണ് പുരസ്‌കാരം. പ്രധാനമന്ത്രി അദ്ധ്യക്ഷനായ അവാര്‍ഡ് നിര്‍ദ്ദേശക സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ടു പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അഹിംസാത്മകമായ മാര്‍ഗ്ഗത്തിലൂടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ സാദ്ധ്യമാക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവര്‍ ഇക്കാര്യത്തില്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് നല്‍കുന്നത്. ആദ്യപുരസ്‌കാരം മുന്‍ ടാന്‍സാനിയന്‍ പ്രസിഡന്റ് ജൂലിയസ് നെരേരയ്ക്കായിരുന്നു. നെല്‍സണ്‍ മണ്ഡേല, ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, ഷേയ്ഖ് മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ക്കും ഈ പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ഗീതാപ്രസ്സിനു മുന്‍പ് ഈ പുരസ്‌കാരം ലഭിച്ച ഹിന്ദുത്വാനുഭാവമുള്ള സംഘടനകള്‍ ഭാരതീയ വിദ്യാഭവന്‍, വിവേകാനന്ദ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നു. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷനും ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കര്‍, സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക്, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി എം.പി അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരായിരുന്നു ഇത്തവണ ജൂറി അംഗങ്ങള്‍. വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും മൂന്നു അംഗങ്ങള്‍ക്ക് യോഗം ചേര്‍ന്നു പുരസ്‌കാര നിര്‍ണ്ണയം നടത്താം. എന്നാല്‍, താനുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു.
ഗീതാപ്രസ്സ് ദൗത്യവും പ്രവര്‍ത്തനവും
ഭഗവദ്ഗീതയുടെ 16.21 കോടി കോപ്പി ഉള്‍പ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഗീതാപ്രസ്സ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒന്നാണ്. 1923-ലാണ് ഇത് സ്ഥാപിതമാകുന്നത്. അതായത് ഇക്കൊല്ലം ഈ സ്ഥാപനത്തിന് 100 വര്‍ഷം തികയുന്നുവെന്നര്‍ത്ഥം. ഗീതാപ്രസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം 'ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, പ്രമുഖ സന്ന്യാസിമാരുടേയും മറ്റു കഥാപാത്രങ്ങളുടേയും പ്രഭാഷണങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ച് സനാതന ധര്‍മ്മത്തിന്റെ തത്ത്വങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ്. പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും ഉയര്‍ന്ന സബ്സിഡി നിരക്കില്‍ വിപണനം ചെയ്യുകയും ചെയ്യുന്നുവെന്ന് വെബ്‌സൈറ്റ് പറയുന്നു.
പശ്ചിമബംഗാളിലെ ബാങ്കുറ സ്വദേശിയായ ജയദയാല്‍ ഗോയന്‍ഡ്കയും ബന്ധുവായ ഹനുമന്‍ പ്രസാദ് പൊദ്ദറും ചേര്‍ന്നു സ്ഥാപിച്ചതാണ് ഗൊരഖ്പുരിലെ ഗീതാപ്രസ്സും 'കല്യാണ്‍' എന്ന മാസികയും. പരുത്തിയും മണ്ണെണ്ണയും അടുക്കളപ്പാത്രങ്ങളും തരക്കേടില്ലാത്ത രീതിയില്‍ കച്ചവടം ചെയ്തുപോന്നയാളായിരുന്നു ജയദയാല്‍ ഗോയന്‍ഡ്ക. ഗോയന്‍ഡ്കയെപ്പോലെ പൊദ്ദാറും ഹിന്ദുത്വവാദപരമായ ആത്മീയതാ സങ്കല്പങ്ങളിലേക്ക് പരിണമിച്ചെത്തിയ മാര്‍വാഡി കച്ചവടക്കാരന്‍. ഇരുവരും ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകരും ആയിരുന്നു. അടിസ്ഥാന ഹൈന്ദവ ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ഇന്ത്യക്കാര്‍ക്ക്, വിശേഷിച്ചും ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ലഭ്യമാക്കുകയായിരുന്നു പ്രസ്സിന്റേയും മാസികയുടേയും ലക്ഷ്യം. 1923-ലാണ് ഗീതാപ്രസ്സ് സ്ഥാപിതമാകുന്നതെങ്കില്‍ 1926-ലാണ് കല്യാണ്‍ മാസിക പ്രസാധനം ആരംഭിക്കുന്നത്. ഭഗവദ്ഗീതയ്ക്കു പുറമേ തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ ഏഴു കോടിയോളം കോപ്പികളും പുരാണങ്ങളുടേയും ഉപനിഷത്തുകളുടേയും രണ്ടു കോടിയോളം പ്രതികളും ഗീതാപ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കല്യാണ്‍' എന്ന ഹിന്ദി മാസികയുടെ പ്രതിമാസ പ്രചാരം ഇപ്പോള്‍ രണ്ട് ലക്ഷത്തോളമാണ്. അതിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ സര്‍ക്കുലേഷനാകട്ടെ, ഒരു ലക്ഷവും.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
