വേദനകള്‍ പോലും അപമാനിക്കപ്പെടുമ്പോള്‍

ഗാസ മുനമ്പില്‍ വായുവും വെള്ളവും അന്നവുമില്ലാതെനിരപരാധികള്‍ ശ്വാസംമുട്ടി മരിക്കുന്നു
വേദനകള്‍ പോലും അപമാനിക്കപ്പെടുമ്പോള്‍

ഭൂമിയില്‍ മതങ്ങളും ജാതികളും വര്‍ഗ്ഗങ്ങളും ഇല്ലാതാകുന്ന ഒരു കാലം സ്വപ്നം കാണണമെങ്കില്‍ യുദ്ധങ്ങള്‍ പഴങ്കഥകളാവണം. മതങ്ങളെ മറയാക്കി ആയുധക്കച്ചവടക്കാരും ലോകരാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തുന്ന പൈശാചിക ഹിംസകള്‍ അവസാനിക്കണമെങ്കില്‍ കുറഞ്ഞത് മതങ്ങളും ദൈവങ്ങളും മനുഷ്യഹൃദങ്ങളില്‍ ഒതുങ്ങണം. വാളും ബോംബും ശൂലവുമായി തെരുവുകളില്‍ അഴിഞ്ഞാടിക്കൂട. പള്ളികളും മോസ്‌കുകളും പ്രാര്‍ത്ഥന-ധ്യാനശാലകളാകണം.

ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി
ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി

ഇത്രയും എഴുതിയത് ഗാസയിലേയും പലസ്തീനിലേയും ഇസ്രയേലിലേയും നിരപരാധികളായ മനുഷ്യരുടേയും കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ദയനീയമായ നിലവിളികള്‍ ഒരുമാസമായി കാതില്‍ വന്ന് മുഴുങ്ങുന്നതുകൊണ്ടാണ്. പിടയുന്ന കുഞ്ഞിന്റെ വേദനയും അപമാനിക്കപ്പെടുന്ന സ്ത്രീയുടെ ഹൃദയം പിളരുന്ന കരച്ചിലും നിസ്സഹായന്റെ യാതനയും കേള്‍ക്കാത്ത മനുഷ്യന്‍, അവനെത്ര ഉന്നതനായാലും മനുഷ്യന്‍ എന്ന പദത്തിന് അര്‍ഹനല്ല.

2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ക്രൂരമായ ഇസ്രയേല്‍ ആക്രമണത്തിനു പകരമായി ഇസ്രയേലിന്റെ നിഷ്ഠൂരതകള്‍ ഗാസയെ ഒരു തുറന്ന ഗ്യാസ്ചേംബറായി മാറ്റിയിരിക്കുകയാണ്. വായുവും വെള്ളവും അന്നവുമില്ലാതെ നിരപരാധികള്‍ ശ്വാസംമുട്ടി മരിക്കുന്നു. പലസ്തീനിനെ, ഗാസയെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടില്‍ ഇസ്രയേല്‍ കാണിച്ചുകൂട്ടുന്നത് ഭൂമിയിലെ ഒരു യുദ്ധത്തിലും കാണാത്ത നഗ്നമായ കൊടുംക്രൂരതകളാണ്,. 1940-കളില്‍ ഹിറ്റ്ലറുടെ നാസപ്പട ഗ്യാസ്ചേംബറുകളിലിട്ട് ശ്വാസംമുട്ടിച്ചു കൊന്ന ജൂതജനതയുടെ അനന്തരവന്മാരാണ് ഈ നരബലിയില്‍ ഏര്‍പ്പെടുന്നത്. ചരിത്രത്തില്‍നിന്ന് ആരും ഒന്നും പഠിക്കുന്നില്ല!

ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍
ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍

ഹമാസും പലസ്തീനും ഇസ്രയേലും പരസ്പരം നടത്തുന്ന നരബലികള്‍കൊണ്ട് പശ്ചിമേഷ്യയിലെ ഭരണാധികാരികളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ മൂലധനമിറക്കി ഇസ്രയേലിന്റെ സാങ്കേതികവിദ്യകള്‍ക്കായി ചര്‍ച്ച നടത്തുകയാണ്. അറാഫത്ത് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്നപ്പോള്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ (1990-കളുടെ തുടക്കത്തില്‍) സദ്ദാം ഹുസൈനുമായി സഹകരിച്ചതിന്റെ പേരില്‍ കുവൈറ്റ് ഒരു ലക്ഷം പലസ്തീനികളെ പുറത്താക്കിയത് മറക്കരുത്. പശ്ചിമേഷ്യന്‍ രാഷ്ട്രത്തലവന്മാര്‍ പ്രസ്താവനകളിറക്കുകയും യു.എസില്‍ അനുകൂല വോട്ട് ചെയ്യുകയുമൊഴിച്ചാല്‍ പലസ്തീന്‍ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധ്യതയില്ല. സൗദിഅറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള കച്ചവട ചര്‍ച്ചകള്‍ തുടരുകതന്നെ ചെയ്യും. ഇന്ത്യയടങ്ങുന്ന ലോകരാഷ്ട്രങ്ങളും. യുദ്ധം, അതുമൂലമുള്ള നരബലി കച്ചവടത്തെ ബാധിച്ചില്ല. ആയുധക്കച്ചവടക്കാര്‍ക്കും അധികാരികള്‍ക്കും നരബലിയാണ് ആവശ്യം, അധികാരത്തില്‍ തുടരാന്‍. ഈ കച്ചവട ലാക്കാണ് ഹിന്ദുത്വയെന്ന മതവര്‍ഗ്ഗീയതയെ മറയാക്കി മുസ്‌ലിങ്ങളേയും ദളിതുകളേയും ശത്രുക്കളാക്കി ഇന്ത്യയിലെ ഭരണവര്‍ഗ്ഗവും ചെയ്യുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സാധാരണക്കാരന്റേയും ആദിവാസിയുടേയും പിച്ചച്ചട്ടി മോഷ്ടിക്കുന്നതും ഈ കച്ചവടത്തിന്റെ ആര്‍ത്തികൊണ്ട് തന്നെ.

2011-ല്‍ പ്രശസ്ത പലസ്തീന്‍ ബുദ്ധിജീവിയും ആക്ടിവിസ്റ്റും യഥാര്‍ത്ഥ ഗാന്ധിയനുമായ സരി നുസ്സിബെഹ് (Sari Nusseibeh) ‘What is a Palaestinian State Worth?’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. (ഹിന്ദു: 16/10/23-Chinmaya R. Gharekhan) : സ്റ്റെയിറ്റ് ജനങ്ങള്‍ക്കുവേണ്ടിയാണ്. മറിച്ചല്ല. സ്റ്റെയിറ്റിന്റെ പ്രാഥമിക കര്‍ത്തവ്യം: പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുക, അവരുടെ ക്ഷേമത്തിനും പുരോഗതിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വേണ്ടിയുള്ള വഴിയൊരുക്കുക രാജ്യത്തിനകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരം നല്‍കുക. എന്നാല്‍, സര്‍ക്കാരുടെ ഭരണസംഘങ്ങള്‍ ദേശീയഭ്രാന്ത് സൃഷ്ടിച്ച് രാജ്യസുരക്ഷയുടെ പേരില്‍ ജനങ്ങളെ ഉത്തേജിപ്പിച്ച് ബലികൊടുക്കുന്നു, യുദ്ധങ്ങളില്‍, വികസനങ്ങളില്‍. ഇത് അധാര്‍മ്മികവും അസാന്മാര്‍ഗ്ഗികവുമാണ്.

ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ 
ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ 

ഈ യുദ്ധംകൊണ്ട് ഇസ്രയേലിന് (ഹമാസിസത്തെ) തുടച്ചുനീക്കാനോ ഹമാസിന് ഇസ്രയേലിനെ കടലില്‍ തള്ളാനോ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെന്തിന് ഈ നരബലി? ഒരു രാജ്യത്തെ പൗരനും ഭൂരിപക്ഷവും ഇത് ചോദിക്കാറില്ല. ഇന്ത്യ-ചൈന-പാക് സംഘര്‍ഷങ്ങളില്‍ ചെലവിടുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ ധൂര്‍ത്തിനെപ്പറ്റിയോ അതിര്‍ത്തികളില്‍ കുരുതികൊടുക്കപ്പെടുന്നവരെപ്പറ്റിയോ ആരെങ്കിലും ശബ്ദമുയര്‍ത്തുമോ? അതിര്‍ത്തി സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍ അധാര്‍മ്മികമാണെന്നും അസാന്മാര്‍ഗ്ഗികമാണെന്നും ആയുധക്കച്ചവടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വേണ്ടിയാണ് ഇതൊക്കെയെന്നും പറഞ്ഞാല്‍ അയാള്‍ ദേശദ്രോഹിയാണ്. ഗാന്ധിയായാല്‍പോലും.

വാസ്തവത്തില്‍ മേല്‍പ്പറഞ്ഞ അധാര്‍മ്മികവും അസാന്മാര്‍ഗ്ഗികവുമായ ഇസ്രയേല്‍-ഹമാസ്-പലസ്തീന്‍ കൊലപാതക സംഘങ്ങള്‍ നടത്തുന്ന മനുഷ്യക്കുരുതിക്കുവേണ്ടിയാണ്, നാം കേരളത്തിലും കക്ഷിചേരുന്നത്. ഇസ്രയേല്‍ സംഘത്തിന്റെ കൂടെ. അല്ലെങ്കില്‍ ഹമാസ്, പലസ്തീന്‍ സംഘങ്ങളുടെ കൂടെ. കുരുതികൊടുക്കപ്പെട്ട നിരപരാധികള്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ രണ്ടിടത്തുമുണ്ട്; പരിക്കേറ്റവരും മരണശ്വാസം വലിക്കുന്നവരും. അവര്‍ എവിടുത്തുകാരായാലും ആദ്യം നില്‍ക്കേണ്ടത് അവര്‍ക്കൊപ്പമാണ്.

രണ്ടാമത്, നീതി കിട്ടേണ്ടത് ആര്‍ക്കാണ് എന്നതാണ് ചോദ്യം. സംശയമില്ല. ഗാസയിലേയും പലസ്തീനിലേയും ജനങ്ങള്‍ക്കാണ്. അവര്‍ മുസ്‌ലിം ആയതുകൊണ്ടല്ല. അവര്‍ മനുഷ്യരായതുകൊണ്ടാണ്. നീതി അര്‍ഹിക്കുന്നതുകൊണ്ടാണ്. ഇന്ത്യയില്‍ എന്നെപ്പോലുള്ളവര്‍ ഭീതിദരായ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പമാണെന്ന് പറയാന്‍ ഒരു മടിയുമില്ല. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു ജീവിക്കാനുള്ള ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരിക്കുന്നവര്‍ക്ക് ധാര്‍മ്മികമായ കടമയുണ്ട്. അതിനെ തടയിടുന്നവര്‍ ആരായാലും അവര്‍ സാത്താന്റെ സന്തതികളാണെന്നേ പറയാനാവൂ. ഇത് ഇസ്രയേല്‍-ഗാസ, പലസ്തീന്‍ യുദ്ധത്തിലും ശരിയാകേണ്ടതുണ്ട്.

തകര്‍ന്ന ഗാസ 
തകര്‍ന്ന ഗാസ 

അതുകൊണ്ട് ഹമാസിന്റെ ആക്രമണം പൈശാചികവും നിന്ദ്യവും ക്രൂരവും ആകാതിരിക്കുന്നില്ല, ഇസ്രയേല്‍ ആക്രമണം പോലെത്തന്നെ. ഹമാസിന്റെ ആക്രമണം പലസ്തീന്‍ വിമോചനത്തിനു വഴിവെയ്ക്കുമെന്ന് പറയുന്നവര്‍ മൂ‌ഢസ്വര്‍ഗ്ഗത്തിലാണ്. താലിബാനും അല്‍ക്വയ്ദയും ജമായത്തെ ഇസ്‌ലാമിയും ഇസ്‌ലാമിനെ രക്ഷിക്കുമെന്ന് പറയുന്നതുപോലെ. ആര്‍.എസ്.എസ്സും വിശ്വഹിന്ദു പരിഷത്തും ഹിന്ദുമഹാസഭയും ഹിന്ദുയിസത്തേയും ഹിന്ദുക്കളേയും രക്ഷിക്കുമെന്നു പറയുന്നതുപോലെ. രണ്ട് കൂട്ടരും സ്വര്‍ഗ്ഗരാജ്യവും രാമരാജ്യവും (അയോധ്യയിലൂടെ) വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും. കേരളത്തിലെ മുസ്‌ലിംലീഗും മറ്റ് മുസ്‌ലിം സംഘടനകളും ഹമാസിന്റെ ക്രൂരമായ നരബലിയെ പലസ്തീനുവേണ്ടി പിന്താങ്ങുന്നത് ഇസ്‌ലാമിന് ചേര്‍ന്നതല്ല. ഇസ്‌ലാം സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും ശാന്തിയുടേയും മതമാണ് എന്ന ബോധ്യമുണ്ടെങ്കില്‍. ധീരദേശാഭിമാനിയായ ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്തവുമായി ഹമാസിന്റേതിനെ താരതമ്യപ്പെടുത്തുന്നത് മനുഷ്യവിരുദ്ധമാണ്. ഭീരുത്വമാണ്. കേരളത്തിലെ മുസ്‌ലിംലീഗിന് (ജിന്നയുടെ മുസ്‌ലിംലീഗ് ഇന്ത്യാവിഭജനത്തിലെ ഒരു മുഖ്യകക്ഷിയായിരുന്നു; സവര്‍ക്കറിന്റെ ഹിന്ദുമഹാസഭയും ആര്‍.എസ്.എസ്സും മറ്റൊരു കക്ഷിയും. ഈ വര്‍ഗ്ഗീയ ശക്തികളാണ് ഗാന്ധിവധത്തിന് കളമൊരുക്കിയത്) ഒരു ദേശീയബോധമുണ്ടായിരുന്നു. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ഗുജറാത്ത് വംശീയഹത്യകള്‍ നടക്കുമ്പോഴും അവര്‍ ഒരു ബഫറായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്നത്.

ഇറാനിലും അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഇതര മുസ്‌ലിം രാഷ്ട്രങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ചും അവരെ തടവറയിലിട്ട് ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട് തോക്കിന്‍കുഴലിലൂടെയും ബോംബിലൂടെയും ഇസ്‌ലാം മോചനം ഉരുവിടുന്നവര്‍ പുണ്യവാനായ മുഹമ്മദ് നബിയുടെ വിരോധികളാണ്. മതവിശ്വാസികളല്ല. രാമന്റെ പേരില്‍, കൃഷ്ണന്റെ പേരില്‍ മുസ്‌ലിമിനേയും ക്രിസ്ത്യാനിയേയും ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കണമെന്ന് ആക്രോശിക്കുന്നവര്‍ യഥാര്‍ത്ഥ രാമന്റേയും കൃഷ്ണന്റേയും ശത്രുക്കളാണ്. ഹിന്ദുയിസത്തിന്റെ വിശ്വാസികളല്ല.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com