യോണ്‍ ഫോസെ: ആത്മഭാഷണങ്ങളുടെ നിലയ്ക്കാത്ത ഒഴുക്ക്

By ബെന്നി ഡൊമിനിക്  |   Published: 25th October 2023 02:25 PM  |  

Last Updated: 25th October 2023 02:25 PM  |   A+A-   |  

ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകര്‍ വലിയ ഹര്‍ഷാരവത്തോടെയാണ്, നോര്‍വീജിയന്‍ നാടകകൃത്തും കവിയും നോവലിസ്റ്റുമായ യോണ്‍ ഫോസ്സെയ്ക്ക് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിച്ചത്. ഫോസ്സെയുടെ നൊബേല്‍ പുരസ്‌കാരലബ്ധി അദ്ദേഹത്തിന്റെ ആരാധകവൃന്ദം ആഹ്ലാദത്തോടെ വരവേല്‍ക്കുകയും വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തു. ഉരിയാടാനാവാതെപോയ വാക്കുകള്‍ക്ക് ശബ്ദം നല്‍കിയ ഈ മഹാസാഹിത്യകാരന് വിശിഷ്ട പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി ആസ്വാദക ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി.

ഉച്ചരിക്കാതെ വിട്ട വാക്കുകള്‍ ജീവിക്കാതെ പോയ ജീവിതങ്ങളാണ്. നാല്‍പ്പതോളം നാടകങ്ങളുള്‍പ്പെടെ കവിത, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി ശ്രദ്ധേയങ്ങളായ കൃതികള്‍ ഈ എഴുത്തുകാരന്റേതായിട്ടുണ്ട്. നോവല്‍ സാഹിത്യത്തില്‍ യോണ്‍ ഫോസ്സെ നല്‍കിയിട്ടുള്ള സംഭാവന വളരെ വലുതാണ്. നോവലില്‍ വലിയ നവീകരണമാണ് ഫോസ്സെയുടെ എഴുത്ത് സാധ്യമാക്കിയിട്ടുള്ളത്. അത് വായനക്കാരെ അതിശയിപ്പിക്കുകതന്നെ ചെയ്തു. ഫിക്ഷന്റെ മണ്ഡലത്തില്‍ സ്വകീയമായൊരു രചനാശൈലി കരുപ്പിടിപ്പിച്ചു എന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിത്തീര്‍ക്കുന്നത്. അനുകരണീയമല്ലാത്ത ശൈലിയാണത്.

നോര്‍വെയിലെ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസുണ്ടിലെ സ്ട്രാന്‍ഡ്ബാമില്‍ 1959ല്‍ ജനിച്ച ഫോസ്സെ പന്ത്രണ്ടാം വയസ്സില്‍ കവിത രചിച്ചുകൊണ്ടാണ് സാഹിത്യലോകത്തേയ്ക്കു കടന്നുവന്നത്. അന്‍പതിലേറെ ഭാഷകളിലേക്ക് ഈ സാഹിത്യകാരന്റെ കൃതികള്‍ ഭാഷാന്തരീകരണം ചെയ്തിട്ടുണ്ട്. വടക്കേ യൂറോപ്പിലെ ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെയുടെ ഭൂരിഭാഗം അതിര്‍ത്തിയും നിര്‍ണ്ണയിക്കുന്നത് നോര്‍വീജിയന്‍ സമുദ്രമെന്നറിയപ്പെടുന്ന അറ്റ്‌ലാന്റിക് സമുദ്രമാണ്. ധാരാളം പര്‍വ്വതങ്ങളും നദികളും മഞ്ഞുനിറഞ്ഞ പ്രദേശങ്ങളും ഫിയോഡുകളും നോര്‍വെയുടെ ഭൂപ്രകൃതിയുടെ സവിശേഷതയാണ്.

ഹിമാനികള്‍ സൃഷ്ടിച്ച ചെങ്കുത്തായ വശങ്ങളോ പാറക്കെട്ടുകളോ ഉള്ള നീണ്ടതും ഇടുങ്ങിയതുമായ പ്രവേശന കവാടമാണ് ഫിയോഡ്. ഇങ്ങനെ മനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗൃഹീതമായ നോര്‍വെ അതികായന്മാരായ ഏറെ എഴുത്തുകാരേയും കലാകാരന്മാരേയും ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ഹെന്റിക് ഇബ്‌സന്‍, നൂട്ട് ഹാംസണ്‍, സിഗ്രി യുണ്‍സെറ്റ്, ഡാഗ് സോള്‍സ്റ്റാഡ്, ജോ നെസ്‌ബൊ, കാള്‍ ഓവ് നോസ്ഗാഡ്, യോണ്‍ ഫോസ്സെ, എഡ്വേര്‍ഡ് മുങ്ക് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഇവരില്‍ നോസ്ഗാഡും ഫോസ്സെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഫിക്ഷന് പരീക്ഷണാത്മകമായ എഴുത്താല്‍ ഔന്നത്യം നല്‍കിയവരാണ്.

എഴുപതോളം കൃതികള്‍ രചിച്ചിട്ടുള്ള ഫോസ്സെയുടെ രണ്ടോ മൂന്നോ പുസ്തകങ്ങള്‍ മാത്രമേ മലയാളികളായ വായനക്കാരിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളു എന്ന ദുര്യോഗം നിലനില്‍ക്കുന്നു. അവ തന്നെ പരിമിതരായ വായനക്കാരേ ശ്രദ്ധിച്ചിട്ടുള്ളു. നൊബേല്‍ പുരസ്‌കാരം ഈ അവസ്ഥയെ മാറ്റി ആ കൃതികളെ വ്യാപകമായി വായനക്കാരിലേക്കെത്തിക്കും എന്നതില്‍ സംശയമില്ല. ഫോസ്സെയുടെ നാടകങ്ങള്‍ പുസ്തകരൂപത്തില്‍ ഇന്ത്യയിലേക്കെത്തിയിട്ടില്ല. ഫ്രാന്‍സിലും മറ്റുമായി ഫോസ്സെയുടെ നാടകങ്ങള്‍ ആയിരത്തിലധികം വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. അവ അദ്ദേഹത്തെ ഫ്രാന്‍സില്‍ പ്രശസ്തനാക്കി മാറ്റി. അദ്ദേഹത്തിന്റെ നാടകങ്ങളെ ഹാരോള്‍ഡ് പിന്ററുടേയും സാമുവല്‍ ബക്കറ്റിന്റേയും കൃതികളോടാണ് വിമര്‍ശകര്‍ തുലനം ചെയ്തിട്ടുള്ളത്. പുതിയ കാലത്തിന്റെ ഇബ്‌സന്‍ എന്ന വിളിപ്പേരിലൂടെയുള്ള ബഹുമതിയും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ

സാമുവല്‍ ബക്കറ്റ് എന്നും അദ്ദേഹം വാഴ്ത്തപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍, ഫോസ്സെയ്ക്ക് മറ്റൊരു സാഹിത്യകാരനോടും താരതമ്യപ്പെടുത്താതെ തന്നെ ഒറ്റയ്ക്കു നില്‍ക്കാനാവും എന്ന് അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ വായിച്ചതിന്റെ വെളിച്ചത്തില്‍ നിസ്സംശയം പറയാനാവും. ഫോസ്സെയുടെ സൂക്ഷ്മസംവേദിയായ വാക്കുകള്‍ ഭാഷയുടെ പരിമിതികളെ അതിവര്‍ത്തിച്ചുകൊണ്ട് വിസ്മയം തീര്‍ക്കുന്നു എന്ന് നൊബേല്‍ പുരസ്‌കാരസമിതിയുടെ അധ്യക്ഷന്‍ ആന്‍ഡേര്‍സ് ഓള്‍സണ്‍ നിരീക്ഷിച്ചത് അതിശയോക്തിയല്ല. നാടകത്തിന് ഉപയോഗിക്കുന്ന തീക്ഷ്ണവും ചടുലവുമായ ഭാഷയില്‍നിന്നും വിപരീത സ്വഭാവം ഉള്‍ക്കൊള്ളുന്ന ഒരു ഭാഷാരീതിയാണ് ഫോസ്സെ സെപ്‌റ്റോളജിയില്‍ പരീക്ഷിച്ചിട്ടുള്ളത്. നോവലില്‍ ഉപയോഗിച്ചിട്ടുള്ള തന്റെ ഗദ്യത്തെ വിളംബിത ഗദ്യം (slow prose) എന്ന് ഫോസ്സെ തന്നെ വിശേഷിപ്പിക്കുന്നുണ്ട്. അത് നേര്‍ത്ത വിഷാദസ്വരമാണ് കേള്‍പ്പിക്കുന്നത്.

ലോകത്തെമ്പാടും ഫോസ്സെയുടെ കൃതികള്‍ക്ക് ഇന്നു വായനക്കാരുണ്ട്; അവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും. നമ്മള്‍ മലയാളികള്‍ക്ക് സീന്‍സ് ഫ്രം എ ചൈല്‍ഡ്ഹുഡ് എന്ന ചെറുകഥാസമാഹാരവും സെപ്‌റ്റോളജി ഏഴു പുസ്തകങ്ങളുമാണ്. അവയില്‍ ആറും ഏഴും പുസ്തകങ്ങളായ അ ചലം ചമാല ആണ് പലര്‍ക്കും കിട്ടിയിട്ടുള്ളത്. ഫോസ്സെയുടെ മുഖ്യ നോവലുകള്‍ മെലങ്കളി (melancholy I-II), സെപ്‌റ്റോളജി സപ്തകം, ട്രിലജി t(rilogy) എന്നിവയാണ്. ആയിരത്തിലേറെ പുസ്തകങ്ങളുള്ള സെപ്‌റ്റോളജി കഢകക മൂന്നു പുസ്തകങ്ങളായിട്ടാണ് മുദ്രണം ചെയ്തിട്ടുള്ളത്. മറ്റൊരു പേര് (The Other Name), ഞാന്‍ മറ്റൊരാളാണ്(I ls Another), പുതിയ പേര് (A New Name) എന്നിവയാണ് അവ.

ഫോസ്സെയുടെ ജാപ്പനീസ് പരിഭാഷക ഒരിക്കല്‍ പറഞ്ഞു: അദ്ദേഹത്തിന്റെ എഴുത്ത് മാര്‍ക്ക് റോത്‌കൊ(Mark Rothko)യുടെ ചിത്രകലയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്. ഫോസ്സെ അതു പോസിറ്റീവായി എടുക്കുന്നുണ്ട്. റോത്‌കൊയുടെ ചിത്രകലയില്‍നിന്ന് നിശ്ശബ്ദതയുടെ മുഴക്കമാണുയരുന്നത്. തന്റെ എഴുത്തിലും ഉച്ചരിക്കാതെപോയ ശബ്ദം വന്നു നിറയുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. നൂറ്റിയന്‍പത് പുറങ്ങളില്‍ തീര്‍ന്നേക്കാവുന്ന ഒരു നോവല്‍ എഴുതാനായിരുന്നു തന്റെ പുറപ്പാടെന്ന് സെപ്‌റ്റോളജിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫോസ്സെ പറയുന്നുണ്ട്.

അത് എഴുതിവന്നപ്പോള്‍ ആയിരത്തി ഇരുനൂറിലധികം പുറങ്ങളിലേക്കു പടര്‍ന്നു വ്യാപിച്ചു. എഴുത്തുതന്നെ രചനയെ നയിച്ചുകൊണ്ടു പോവുന്ന അവസ്ഥയായിരുന്നു അത്. തന്റെ ബോധപൂര്‍വ്വമായ ശ്രമം അതില്‍ ഉണ്ടായിരുന്നില്ല എന്നും നോവല്‍ ആ ദൈര്‍ഘ്യം ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുമ്പോള്‍ അദ്ദേഹത്തിന്റെ രചനാരീതിയെ സംബന്ധിച്ച ഒരു സ്ഥൂല ചിത്രമാവുന്നുണ്ട്. പന്ത്രണ്ടാമത്തെ വയസ്സിലാണ് ആദ്യത്തെ കവിത എഴുതിയതെന്നും ഇന്നും എഴുതാനിരിക്കുമ്പോള്‍ ആ കൗമാരക്കാരനാണ് താന്‍ എന്നും 2019ല്‍ ഗ്രന്റ മാസിക(Granta)യ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഫോസ്സെ അഭിമുഖകാരനായ ഡീ പിയോക്കിനോട് (Dee Piyok) പറയുന്നത് രസകരമായി അനുഭവപ്പെടുന്നു.

ഒരു ചിത്രകാരന്‍ ഒരേ വിഷയം തന്നെ ക്യാന്‍വാസില്‍ ആവര്‍ത്തിച്ചു വരയ്ക്കുമ്പോള്‍ അവയോരോന്നിനും വിഭിന്നമായ ഭാവങ്ങള്‍ ഉളവാകുന്നതുപോലെ തന്റെ എഴുത്തിലും ചില പ്രതിപാദ്യങ്ങള്‍ (motif) ആവര്‍ത്തിച്ചുവരാറുണ്ടെങ്കിലും ഓരോ തവണയും അവയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. ഫോസ്സെയുടെ നോവലില്‍ ഇങ്ങനെ ആവര്‍ത്തിച്ചുവരുന്ന ഒരു മോട്ടീഫ് ജാലകത്തിനരികെ നിന്നോ, ഇരുന്നോ ഒരാള്‍ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന, വിശേഷിച്ചും കടലിലേക്കു നോക്കിയിരിക്കുന്നതാണ്. (ഗ്രന്റ മാസികയോട് കടപ്പാട് )

ആത്മഭാഷണം

ഒരാള്‍ തന്നോടു തന്നെ സംസാരിക്കുമ്പോള്‍ ഉള്ളിലെ ആകുലതകളും ആത്മനിന്ദയും മറ്റാരോടും വെളിപ്പെടുത്താത്ത സത്യങ്ങളും ആ ഭാഷണത്തില്‍ വരുക സ്വാഭാവികമാണ്. സെപ്‌റ്റോളജിയില്‍ ഈ ഏകാന്ത ഭാഷണമാണ് (monologue) നാം ശ്രവിക്കുന്നത്. വൃദ്ധനായ ഒരു പെയിന്റര്‍ അയാളുടെ പേര് അസ്‌ലെ (Asle) എന്നാണ് മറ്റൊരാളോടെന്നപോലെ തന്നോടു തന്നെ സംസാരിക്കുന്ന വിധത്തിലാണ് നോവലിലുടനീളം ആഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ആത്മഭാഷണമായതുകൊണ്ടുതന്നെ നോവലിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എവിടെയും പൂര്‍ണ്ണവിരാമമില്ലാതെ, വാക്യങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കാണ് അനുഭവപ്പെടുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു രചനാരീതിയാണിത്.

ബോധധാരാ സങ്കേതം ഉപയോഗിച്ച് എഴുതിയിട്ടുള്ള മാര്‍സല്‍ പ്രൂസ്റ്റിന്റെ ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് ടൈമിലോ (In Search Of Lost Time), ജെയിംസ് ജോയിസിന്റെ യുലീസസ്സിലോ (UIysses), ഒന്നും നാം പരിചയിച്ചിട്ടുള്ള ആഖ്യാനരീതിയല്ല ഫോസ്സെയുടെ നോവലില്‍ കാണാന്‍ കഴിയുന്നത്. ഇങ്ങനെ പൂര്‍ണ്ണവിരാമമില്ലാത്തതിനാല്‍ ആദ്യമേ വായിച്ചതിന് പേജിനൊടുവിലെത്തുമ്പോഴേക്കും തമ്മിലുള്ള ബന്ധം നഷ്ടപ്പെടാതെ കൊണ്ടുപോവാന്‍ തന്നെ പ്രയാസമാണ്. അപ്പോള്‍, ആയിരത്തിഇരുനൂറിലധികം പുറങ്ങളുള്ള നോവല്‍ ഇപ്രകാരം വായിക്കുക എന്നത് എത്ര സാഹസമാണെന്നു ചിന്തിക്കുക. എഴുത്തുകാരന്‍ മഹാ സാഹസികനാവുമ്പോള്‍ വായനക്കാരും ആ സാഹസത്തിന്റെ ത്രില്‍ അനുഭവിക്കുകയാണ്! നോവലിലെ വാക്യങ്ങള്‍ (സാങ്കേതികമായി അങ്ങനെ പറയട്ടെ. വാസ്തവത്തില്‍ നോവല്‍ മുഴുവനും ഒറ്റ വാക്യമാണ്!) വളരെ ലളിതമായിരിക്കെത്തന്നെ, സാകല്യാവസ്ഥയില്‍ ദുര്‍ഗ്രഹമായിത്തീരാവുന്നതാണ്. ഇത്തരമൊരു രചനാശൈലിയെ എങ്ങനെയാണ് വിശേഷിപ്പിക്കുക എന്നറിയില്ല. പുറമേ

കാണുന്ന ലാളിത്യം വഞ്ചനാസ്വഭാവമുള്ളതാണ്.(deceptive) സെപ്‌റ്റോളജി ഒരു ബോധധാരാ നോവല്‍ ആണെങ്കിലും മറ്റ് ബോധധാരാ നോവലുകളുമായി വിഭിന്നതയാര്‍ജ്ജിക്കുന്നു.

ഫോസ്സെയുടെ ഇംഗ്ലീഷ് ഭാഷാ വിവര്‍ത്തകരിലൊരാളായ ഡാമിയന്‍ സിയള്‍സ് (Damian Searls) ഇങ്ങനെ പറയുന്നു: 'അദ്ദേഹം വ്യത്യസ്തങ്ങളായ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴും തന്റെ എഴുത്തിനെ ഒരു ചരടിലെന്നപോലെ ഏകീകൃതമാക്കി നിറുത്തുന്ന ഘടകം അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒരുതരം പ്രശാന്തതയാര്‍ന്ന വികാരമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ എഴുത്ത് മോഹനിദ്രാത്മകമോ (hypnotic), ആത്മീയാനുഭവങ്ങളുണര്‍ത്തുവയായോ സാക്ഷാല്‍കരിക്കപ്പെട്ടിട്ടുള്ളത്.'

ഏഴ് ബുക്കുകളുള്ള സെപ്‌റ്റോളജിയുടെ ആറും ഏഴും പുസ്തകങ്ങളേ ഈ ലേഖകന്‍ വായിച്ചിട്ടുള്ളു. കൂടാതെ സീന്‍സ് ഫ്രം എ ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരവും വായിക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ പേര് (A New Name) എന്ന പുസ്തകത്തില്‍ ആഖ്യാതാവ് അസ്‌ലെ (Asle) എന്ന പെയിന്റര്‍ ആണ്. അയാള്‍ക്ക് ഒരു സുഹൃത്തുണ്ട്. അസ്‌ലെ എന്ന് അയാള്‍ക്കും പേര്. ഒന്നാമനായ അസ്‌ലെയുടെ ഇരട്ട വ്യക്തിത്വം (doppleganger) എന്നോ അയാളിലെ അപരത്വം എന്നോ ഈ രണ്ടാമനെ കരുതുന്നതില്‍ തെറ്റില്ല. അങ്ങനെ ഉറപ്പിച്ചു പറയാനും കഴിയില്ല. കാരണം തെല്ല് ആശയക്കുഴപ്പമുണ്ടാക്കുന്ന പാത്രസൃഷ്ടിയാണ് ഫോസ്സെ നടത്തിയിട്ടുള്ളത്. ഇതിലൂടെ സുനിശ്ചിതത്വത്തിന്റെ വൈരസ്യത്തെ മറികടക്കുകയാണ് ഈയെഴുത്തുകാരന്‍. പ്രൊട്ടസ്റ്റന്റ് മതം (ചര്‍ച്ച് ഓഫ് നോര്‍വെ) വിട്ട് കത്തോലിക്കാ മതം സ്വീകരിച്ചയാളാണ് ഇതിലെ ആഖ്യാതാവ്. മധ്യകാല ദൈവശാസ്ത്രജ്ഞന്‍ മെയ്സ്റ്റര്‍ എക്ഹാര്‍റ്റ് (Meister Eckhart)ന്റെ സ്വാധീനം ഈ നോവലിലെ മുഖ്യ കഥാപാത്രം അസ്‌ലെമിനുണ്ട്. യോണ്‍ ഫോസ്സെയും ആ സ്വാധീനവലയത്തില്‍പ്പെട്ടിരുന്നു. ആദ്യം കമ്യൂണിസ്റ്റും നിരീശ്വരനുമായിരുന്ന ഫോസ്സെ പില്‍കാലത്ത് ക്രിസ്ത്യാനിറ്റിയോടടുത്തു. നല്ലൊരു മദ്യപനായിരുന്ന ഫോസ്സെ മദ്യത്തില്‍ നിന്നുള്ള വിടുതല്‍ നേടുന്നതിന് ചികിത്സ തേടുകയും ക്രമേണ െ്രെകസ്തവ മതാത്മകതയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

ഈ െ്രെകസ്തവ ആത്മീയതയുടെ അടയാളം സെപ്‌റ്റോളജിയില്‍ പതിഞ്ഞുകിടക്കുന്നത് കാണാം. എങ്കിലും കേവലം മാമൂല്‍ പ്രകാരമുള്ള ക്രിസ്റ്റ്യന്‍ ചിന്തയല്ല സെപ്‌റ്റോളജിയിലുള്ളത്. നോവലിലെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:

'I think Jesus Christ in the utmost powerlessness died on the cross it was God himself who died, because The Father and I are one, it says in scripture, yes, then it was the old God, the vengeful God as described in the Old Testament who died, the God of vengeance died with Jesus Christ dead on the cross, and rose up again with Jesus Christ, the resurrection of God, and with his disappearing from the created world a new connection between God and humantiy was formed, but not in this world, or rather it was like an annihilation of this world...'

page 72

A New Name

ഇങ്ങനെ മതാത്മകമായ ഒരു ആത്മീയത തന്നെയാണ് ഫോസ്സെയുടെ സാഹിത്യത്തില്‍ ഉള്ളത്.

യൂറോപ്പില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ മതത്തിന്റെ അടിത്തറയിളക്കുകയും യുക്തിചിന്ത പ്രബലമാവുകയും ചെയ്ത സാഹചര്യം മതാന്ധതയെ പ്രതിരോധിക്കുന്നതിന് ഉതകിയിരുന്നു. എന്നാല്‍, യുക്തിവാദികളുടേയും കമ്യൂണിസ്റ്റുകളുടേയും കേവല യാന്ത്രികസമീപനങ്ങളില്‍ അഭിരമിക്കുന്ന കാഴ്ചപ്പാട് ചിലര്‍ക്ക് അനഭിമതമായിത്തീര്‍ന്നു. ചിന്താശീലത്തിനു പുറമേ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണവശങ്ങളോട് താദാത്മ്യം പ്രാപിക്കുകയും അവയുടെ ഉള്ളുകള്ളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്ത അവര്‍ ആത്മീയതയെ തിരിച്ചുപിടിക്കാന്‍ ആഗ്രഹിച്ചു. കൂടുതല്‍ കൂടുതലായി യാന്ത്രികതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മനുഷ്യന്റെ ഒറ്റപ്പെടലും ആരോടും പറയാന്‍ കഴിയാത്ത അസ്വസ്ഥതകളും അരക്ഷിതത്വവും വലിയ സ്വത്വപ്രതിസന്ധികളിലേക്കു (Identtiy crisis) നയിച്ചു. ആത്മീയതാരാഹിത്യം മനുഷ്യനില്‍നിന്ന് എല്ലാത്തരം അനുഭൂതികളേയും തുടച്ചുനീക്കി. സാഹിത്യവും കലയും ഒക്കെ ഇതിന്റെ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന് അവര്‍ വേപഥു കൊണ്ടു. മനുഷ്യജീവിതത്തില്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണതകള്‍ അവരെ ഹതാശരാക്കുകയും ഈ പ്രതിസന്ധികളെ ശാസ്ത്രത്തിനു മുഴുവനായി പരിഹരിക്കാനാവില്ലെന്നു മനസ്സിലാക്കിയ അവര്‍ ആത്മീയതയെ അഭയം പ്രാപിച്ചു. യൂറോപ്പിലെ ഒരു വിഭാഗം എഴുത്തുകാരില്‍ നവ്യമായ ഒരു ആത്മീയതയുടെ പ്രകാശം വ്യാപിച്ചു. നോസ്ഗാഡും ഫോസ്സെയും ഒക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഫോസ്സെയുടെ ആത്മീയത മതാത്മകമായിരുന്നുവെന്ന് നമ്മള്‍ കണ്ടല്ലോ. യൂറോപ്പില്‍ പലയിടത്തും ക്രിസ്റ്റ്യാനിറ്റി തിരിച്ചുവരവിന്റെ പാതയിലാണ്. സെപ്‌റ്റോളജിയില്‍ പുതുതായി ശക്തിപ്രാപിച്ച ഈ ക്രിസ്റ്റ്യന്‍ ആത്മീയതയുടെ പ്രതിഫലനം ശരിക്കുമുണ്ട്.

ഒന്നാമന്‍ അസ്‌ലെ എന്ന വൃദ്ധന്റെ ഓര്‍മ്മകളാണ് നോവലില്‍ പതിഞ്ഞ വേഗത്തില്‍ പ്രവഹിക്കുന്നത്. ഓര്‍മ്മകള്‍ ഏകാന്ത ഭാഷണമായാണ് ഉറവെടുക്കുന്നതെന്നു മാത്രം. അസ്‌ലെയുടെ ഭാര്യ വളരെ മുന്‍പേ മരിച്ചു. അവളെക്കുറിച്ചുള്ള ദുഃഖതപ്തമായ ഓര്‍മ്മകള്‍ വൃദ്ധനെ മിക്കപ്പോഴും വീട്ടിനുള്ളില്‍ തളച്ചിടുന്നു. മിക്ക സമയവും നിഷ്‌ക്രിയനാണിയാള്‍. സ്വന്തം വിധിയോട് പൊരുത്തപ്പെട്ട് മറ്റു മോഹങ്ങളൊന്നുമില്ലാതെ കഴിയുന്ന അയാള്‍ നോവലിന്റെ ആദ്യ ഭാഗത്ത്, നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന തന്റെ അതേ പേരുള്ള ഒരു മനുഷ്യനെ മഞ്ഞുവീഴ്ചയില്‍പ്പെട്ടുള്ള മരണത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതു വിവരിക്കുന്നുണ്ട്. ഈ സംഭവത്തിന് ഫോസ്സെയുടെ ജീവിതത്തില്‍ സംഭവിച്ച ഒരു അപകടവുമായി ബന്ധമുണ്ടെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. തണുത്തുറഞ്ഞ മഞ്ഞിലൂടെ നടക്കുമ്പോള്‍ പിളര്‍ന്നു മാറിയ മഞ്ഞുപാളിയുടെ വിടവിലൂടെ ബാലനായ ഫോസ്സെ താഴോട്ടു പതിച്ചു. മരണത്തെ മുഖാമുഖം കണ്ട ആ ബാല്യകാലാനുഭവം ഒരു മനപ്പീഡയായി ഫോസ്സെ കൃതികളില്‍ നിഴല്‍വീഴ്ത്തുന്നുണ്ട്. ആ സംഭവം ഫോസ്സെയുടെ ചിന്താഗതിയെ സ്വാധീനിക്കുകയുണ്ടായി. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ ഒരാള്‍ തുനിയുന്നത് മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഒരിക്കലെങ്കിലും അടുത്തു കാണുകയോ അതിന്റെ സാമീപ്യം തിരിച്ചറിയുകയോ ചെയ്യുന്നതുകൊണ്ടാണെന്നു പറയാം. മരണം ഏല്പിച്ച ആഘാതം സെപ്‌റ്റോളജിയിലെ പ്രധാന പ്രതിപാദ്യവിഷയമാകുന്നുണ്ട്. തന്റെ ഇരട്ടയായ അസ്‌ലെയെക്കുറിച്ചുള്ള ഓര്‍മ്മകളും ഇവയും കൂടിക്കുഴയുന്നു. മതിഭ്രമമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കാഴ്ചകള്‍ വൃദ്ധന്‍ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. ഈ രണ്ടാമന്‍ യാഥാര്‍ത്ഥ്യമാണോ മിഥ്യയാണോ എന്നു വായനക്കാരനു തീര്‍ച്ച കല്പിക്കാനാവാത്തവിധം ആഖ്യാനത്തിന് അനിശ്ചിത സ്വഭാവം നല്‍കി നോവലിനു ഗൗരവം കൂട്ടുന്നുണ്ട്. ഒന്നാമനുമായി വലിയ വ്യത്യാസം രണ്ടാമന്‍ അസ്‌ലെയ്ക്കുണ്ട്. അയാള്‍ തികഞ്ഞ മദ്യപനാണ്. ഒരു ക്രിസ്തുമസ് കാലത്ത് അയല്‍വാസി അസ്‌ലിമുമൊത്ത് ബോട്ട് യാത്ര ചെയ്യുന്നതൊഴികെ ഏറെ സമയവും കട്ടിലില്‍ കിടന്ന് ഭൂതകാലത്തെ ഓര്‍മ്മിച്ചെടുക്കുന്ന, തന്നിലെ അപരനോടു നിരന്തരം ശബ്ദമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെപ്‌റ്റോളജിയിലെ ആഖ്യാനകൗശലം അസാധാരണം തന്നെയെന്നേ പറയാവൂ. മലയാളനോവലില്‍ തന്നോടു തന്നെ വര്‍ത്തമാനം പറയുന്ന ഒരു കഥാപാത്രത്തെ സാന്ദര്‍ഭികമായി ഓര്‍മ്മിക്കുന്നു. പാറപ്പുറത്തിന്റെ അരനാഴികനേരത്തിലെ വൃദ്ധ കഥാപാത്രം കുഞ്ഞോനാച്ചന്‍ ഇങ്ങനെ ആത്മഭാഷണത്തിലേര്‍പ്പെടുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ. ഇങ്ങനെ ഒരു രചനാതന്ത്രം പരീക്ഷിച്ചു വിജയത്തിലെത്തിച്ച ഫോസ്സെയെ അറിഞ്ഞ ആസ്വാദകര്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നതില്‍ അത്ഭുതമില്ല. സ്‌നേഹം, മനുഷ്യാസ്തിത്വം, മതം, ആത്മീയത, ദൈവം തുടങ്ങിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കി രചിച്ച ഈ കൃതി ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമായി ഇതിനകം വിലയിരുത്തപ്പെട്ടു കഴിഞ്ഞു.

ജീവിതത്തിന്റേയും മരണത്തിന്റേയും മിസ്റ്ററികളെക്കുറിച്ചുള്ള ഒരു പ്രബന്ധം എഴുതുന്നതിനു പകരം മനസ്സിന്റെ തുരങ്കങ്ങളിലൂടെ യാത്ര ചെയ്യുകയും അപ്പപ്പോള്‍ രൂപംകൊള്ളുന്ന ഓര്‍മ്മകളും ചിന്തകളും യാതൊരു ക്രമീകരണവുമില്ലാതെ വായനയ്ക്കും അനുഭവത്തിനും വിട്ടുകൊടുക്കുന്ന ഏറ്റവും സ്വാഭാവികമായ ആവിഷ്‌കാരം എന്നു ചിലപ്പോള്‍ തോന്നിപ്പിച്ചുകൊണ്ടും അതേസമയം ഗൗരവാവഹമായ ഒരു വിഷയത്തെ ഏറ്റവും പരീക്ഷണാത്മകമായി അവതരിപ്പിക്കാനുള്ള നിരന്തര വ്യഗ്രതയും കൂടിച്ചേര്‍ന്നാല്‍ യോണ്‍ ഫോസ്സെയുടെ നോവല്‍ പിറക്കുകയായി എന്നു പറയാം.

 

കുട്ടിക്കാലത്തെ

ഓര്‍മ്മകള്‍

 

സീന്‍സ് ഫ്രം എ ചൈല്‍ഡ്ഹുഡ് എന്ന ചെറുകഥാ സമാഹാരം കഥ പറയുന്ന രീതികൊണ്ട് ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ സമാഹാരത്തില്‍ മൈക്രോ ഫിക്ഷന്‍ എന്നു വിളിക്കാവുന്ന വളരെ ചെറിയ കഥകളും 'ആന്‍ഡ് ദെന്‍ മൈ ഡോഗ് വില്‍ കം ബാക് ടു മീ' പോലുള്ള നോവെല്ലയും ഇടംപിടിച്ചിരിക്കുന്നു. ഇതിലെ രചനകളുടെ പൊതുവായ സ്വഭാവം ബാല്യ, കൗമാരകാലത്തെ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകള്‍ കഥയ്ക്ക് വിഷയമാകുന്നു എന്നതാണ്. അവയിലാകട്ടെ, ഒരു നിഗൂഢതയും സൃഷ്ടിക്കാതെ, തികച്ചും ലളിതമായ ഭാഷ ഉപയോഗിച്ചിരിക്കുന്നു. കഥ പറയുകയാണ് എന്ന ഭാവമേയില്ല. കഥയെക്കുറിച്ച് പരമ്പരാഗതമായി നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും അപ്രസക്തമാക്കുന്നുണ്ട് ഇതിലെ രചനകള്‍. അവ ഭാവനാസൃഷ്ടമാണെന്നു തോന്നുകയേയില്ല. കഥാരചനയില്‍ കൃത്രിമത്വത്തെ ഫോസ്സെ വെറുക്കുന്നുണ്ടെന്നു തോന്നിപ്പിക്കും വിധമാണ് അവ തീര്‍ത്തിട്ടുള്ളത്. കോടാലി(The Axe)എന്ന പേരില്‍ ഒരു കഥ ഇവിടെ കൊടുക്കുന്നു:

ഒരു ദിവസം അച്ഛന്‍ അവനെ ഉച്ചത്തില്‍ വിളിച്ചു. അവന്‍ വിറകുപുരയിലേക്കു പോയി. ഏറ്റവും വലിപ്പമുള്ള ഒരു വിറകുകൊള്ളി എടുത്ത് സ്വീകരണമുറിയിലേക്കു കൊണ്ടുചെന്നു. അത് പിതാവിന്റെ കസേരയുടെ അടുത്തുവച്ചിട്ട് തന്നെ കൊല്ലാന്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിക്കാവുന്ന പോലെ ഇത് അവന്റെ അച്ഛനെ കൂടുതല്‍ രോഷാകുലനാക്കുന്നു.

Scenes From A Childhood

page 14.

ഇങ്ങനെയാണ് കഥയുടെ വിവരണരീതി. യാതൊരു ആലഭാരവും അലങ്കാരവും ഇല്ലാതെ, പ്രതീകകല്പനകള്‍ കൂടാതെ വായനക്കാരന്റെ ഉള്ളിലേക്കു നേരിട്ടു കേറി ഇരിപ്പുറപ്പിക്കുന്ന രചനാ സവിശേഷതയാല്‍ കേമമാണീ കഥകള്‍. സാരള്യമാണ് അവയുടെ മുഖമുദ്ര. ആത്മകഥാപരമാണ് ഇതിലെ കഥകള്‍ എല്ലാം തന്നെ.

വിവര്‍ത്തകന്‍ എന്ന നിലയിലും ഫോസ്സെ ശ്രദ്ധേയനാണ്. കാഫ്കയുടെ ട്രയല്‍ (The Trial) എന്ന നോവല്‍ ഫോസ്സെ വിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്ന അറിവ് കൗതുകമുളവാക്കുന്നു. തന്റെ നോവലുകള്‍ക്ക് മറ്റു ഭാഷകളിലേക്ക് പരിഭാഷ വന്നപ്പോള്‍ ജര്‍മന്‍, ഇംഗ്ലീഷ്, സ്‌കാന്‍ഡിനേവിയന്‍ ഭാഷകളില്‍ത്തന്നെ അവ വായിക്കാന്‍ ശ്രദ്ധ വച്ചു. അത്തരം ശ്രമങ്ങള്‍ ധാരാളം സമയം വ്യയം ചെയ്യാനിടയാക്കുമെന്നതിനാല്‍ പിന്നീട് പരിഭാഷകരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്തത്. സംവിധായകനേയും നടനേയും പരിഭാഷകനേയും വിശ്വസിക്കുന്നതാണ് നല്ലത് എന്ന് കളിമട്ടില്‍ പറയുന്ന ഫോസ്സെ, തന്റെ നോവലിന് ഡാമിയന്‍ സിയള്‍സ് ചെയ്തിട്ടുള്ള (Damian Searls) ഇംഗ്ലീഷ് പരിഭാഷയെക്കുറിച്ച് വലിയ മതിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. വിശിഷ്ടം (fantastic) എന്നാണ് അദ്ദേഹം ഡാമിയന്റെ പരിഭാഷയെ വിശേഷിപ്പിച്ചത്.

അസ്‌ലെയിലേക്കു തന്നെ തിരികെ വരാം. അയാളുടെ ഭാര്യയുടെ പേര് അലിസ് (Ales) എന്നാണ്. അസ്‌ലെ എന്ന പേര് പ്രത്യേക രീതിയില്‍ തിരിച്ചിട്ടാല്‍ അയാളുടെ ഭാര്യയുടെ പേരായി. ഇങ്ങനെ കഥാപാത്രങ്ങളുടെ പേര് തിരിച്ചിട്ട് മറ്റൊരു കഥാപാത്രത്തിനു നല്‍കുന്ന രീതി (anagrammatic) അവലംബിച്ചുകൊണ്ടും ചില വാക്യങ്ങള്‍ ആവര്‍ത്തിച്ചും ഓരോ ബുക്കിന്റെ തുടക്കത്തില്‍ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടും നോവലില്‍ പുതുമ കൊണ്ടുവരുന്നത് കരുതിക്കൂട്ടിയല്ല. അത് നോവല്‍ കൈകാര്യം ചെയ്യുന്ന ഭാവഘടനയ്ക്ക് അനുഗുണമായി സംഭവിക്കുന്നതു തന്നെയാണ്.

'A picture is not done until there's light in it' എന്ന് അസ്‌ലെ കരുതുന്നുണ്ട്. ഈ പ്രകാശം കലയെ സംബന്ധിച്ചു മാത്രമല്ല, ആത്മീയതയെ സംബന്ധിച്ചും വെളിച്ചം നല്‍കുന്നുണ്ട്. നോവല്‍ അവസാനിക്കുന്നത് ഈ പ്രകാശം കടന്നുവരുന്നതോടെയാണ്. '...a ball of blue light shoots into my forehead and burst and I say reeling inside myself Ora Pro nobis peccatoribus nunc et in hora.'

 

ഈ ലേഖനം വായിക്കൂ

യോണ്‍ ഫോസെയുടെ എഴുത്ത് വഴികള്‍