ഓര്‍മയില്‍ നിത്യ സാന്നിധ്യമായി ആഹ്ലാദിപ്പിച്ച ചില ഇംഗ്ലീഷ് തരളതകള്‍, ഇടങ്ങള്‍...

വിന്‍ഡ്സര്‍ കാസിലില്‍ പ്രവേശന സമയം കഴിഞ്ഞിരുന്നതിനാല്‍ മതിലിനു വെളിയില്‍ പാതയോരത്തുള്ള ചാരുബെഞ്ചില്‍ സമയം ചെലവഴിച്ച ശേഷം സാവകാശം ആ വളപ്പു ചുറ്റി നടന്നു ഞങ്ങള്‍
ഓര്‍മയില്‍ നിത്യ സാന്നിധ്യമായി ആഹ്ലാദിപ്പിച്ച ചില ഇംഗ്ലീഷ് തരളതകള്‍, ഇടങ്ങള്‍...
Updated on
11 min read

*''The pansy at my feet 
Does the same tale repeat:
Whither is fled the visionary gleam ?
Where is it now, the glory and
the dream?' -William Wordsworth
(''Ode on Intimations of Immortality')

അരയന്നവെണ്മകള്‍ 

സൂര്യന്‍ മറഞ്ഞിട്ടും വെളിച്ചം മറയാത്ത ഒരു പ്രകാശരാവിലായിരുന്നു തെംസ് നദിയുടെ ആദ്യ കാഴ്ച. ഗ്രന്ഥത്താളുകളിലിരുന്ന് വിസ്മയിപ്പിച്ചിരുന്ന ആ ക്ലാസ്സിക് പ്രവാഹത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്നമ്പരന്ന് കണ്ണുകളും ഹൃദയവും തുളുമ്പി.

ഒന്‍പതുമണി രാവ്. തെംസില്‍ അപ്പോഴും വെള്ള അരയന്നങ്ങളുടെ നിര. 'Sweet Thames, run gently, till l end my osng...' എഡ്മണ്ട് സ്പെന്‍സറുടെ പ്രോത്തലാമിയോണിലെ (1596) ആ പഴയ വരികള്‍ ഉള്ളില്‍ ഓളമിട്ടു. ഇവള്‍ മെല്ലെയാണൊഴുകുന്നത്, മനോഹരിയാണ്, രാവിലും ദൃശ്യയാണ്. വെള്ള പട്ടുതൂവലുകളില്‍ അരയന്നങ്ങള്‍ നീന്തുമ്പോള്‍ രാവിന്റെ പ്രകാശം സ്വര്‍ഗ്ഗീയമെന്നോണം. ''പിന്‍ഡസ് പര്‍വ്വതനിരകളിലെ ശുഭ്രമഞ്ഞ്‌പോലും ഈ അരയന്നങ്ങളോളം ധവളിമയിലല്ല'' എന്നാണ് സ്പെന്‍സര്‍ കവിത കുറിച്ചത്.

ഈ രാവ്, വെളിച്ചം വളരെ വൈകി പിന്‍വാങ്ങുന്ന ബ്രിട്ടീഷ് വേനല്‍ രാവുകളിലൊന്ന്. അസ്തമയവേള കഴിഞ്ഞുവെന്നാലും വെളിച്ചം പിന്‍വാങ്ങുവാന്‍ മടിച്ച് ഇവിടെ തങ്ങുകയാണ്. സിവില്‍ ടൈ്വലൈറ്റ്. നഗരവിളക്കുകള്‍ തെളിഞ്ഞുതുടങ്ങിയെങ്കിലും, നടപ്പിനും പ്രവൃത്തികള്‍ക്കും വേണ്ടത്ര വെളിച്ചം അന്തരീക്ഷത്തില്‍, ഇനിയും.

രാവില്‍ ഇത് നിലാവോ വെയിലോ എന്ന വിസ്മയം കണ്ണുകള്‍ക്ക്. വെളിച്ചമേതും ഒരേ ഉറവില്‍ നിന്നായിരിക്കേ ഏതിലൂടെ അത് പ്രതിഫലിക്കുന്നു എന്നതു വച്ച് നാം വെളിച്ചത്തിന്റെ പേരു മാറ്റുകയാണ് (ചന്ദ്രികേ നീയും സൂര്യസന്തതി. ഏറ്റുവാങ്ങി പ്രതിഫലിപ്പിക്കുന്ന വെളിച്ചത്താലാണ് ഭൂമിയെ നീ നിറയ്ക്കുന്നത്).

വിന്‍ഡ്സര്‍ കാസിലില്‍ പ്രവേശന സമയം കഴിഞ്ഞിരുന്നതിനാല്‍ മതിലിനു വെളിയില്‍ പാതയോരത്തുള്ള ചാരുബെഞ്ചില്‍ സമയം ചെലവഴിച്ച ശേഷം സാവകാശം ആ വളപ്പു ചുറ്റി നടന്നു ഞങ്ങള്‍. തിരികെപ്പോയി വീണ്ടും യാത്ര തിരിച്ചപ്പോഴായിരുന്നു തെംസിന്റെ ഈ ആദ്യ കാഴ്ച.

വാസ്തുവിദ്യാമികവോടെ ഈറ്റണ്‍ സ്‌കൂള്‍ (Eton College). 1440ല്‍ സ്ഥാപിതമായ, ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും പഠനച്ചെലവ് വരുന്ന സ്‌കൂളുകളിലൊന്ന്. ആണ്‍കുട്ടികള്‍ക്കുള്ള ഈ ബോര്‍ഡിംഗ് സ്‌കൂള്‍ നൊബേല്‍ ജേതാക്കളും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും രാജകുമാരന്മാരുമടക്കം അനവധി ലോകപ്രശസ്തര്‍ പഠിച്ചയിടം. രാവിലും അത് തുടുമുഖങ്ങളുള്ള കുട്ടികളാല്‍ സജീവമായിരുന്നു.

പിന്നെയും പിന്നെയും തെംസ്. കുറുകെ പാലങ്ങള്‍ അങ്ങിങ്ങ്. കൊച്ചു ബോട്ടുകള്‍, പച്ചയുടെ പശ്ചാത്തലം. ജലവും പച്ചയില്‍. അതില്‍ അടയാളക്കുറിപോലെ അരയന്ന ഗണം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അരയന്നങ്ങളാണ്. എലിസബത്ത് രാജ്ഞിയുടേതായിരുന്നവ ഇപ്പോള്‍ ചാള്‍സ് രാജാവിന്റേത്. ഏഴു പതിറ്റാണ്ട് ഇംഗ്ലണ്ട് ഭരിച്ച രാജ്ഞി എലിസബത്ത് സെക്കന്റ് തന്റെ പ്രിയപ്പെട്ട വിന്‍ഡ്സര്‍ കാസിലിലെ ചാപ്പലില്‍ നിദ്രയില്‍. അരയന്നങ്ങള്‍ സംരക്ഷിതര്‍, ആരും അവയെ അപഹരിക്കുന്നില്ല, ഉപദ്രവിക്കുന്നില്ല. അവയെ അപായപ്പെടുത്തുന്നത് ശിക്ഷാര്‍ഹമെന്ന് നൂറ്റാണ്ടുകള്‍ക്കു മുന്നേ കുറിക്കപ്പെട്ടതാണ്.

നമ്മുടെ ഹൈന്ദവ ക്ഷേത്രങ്ങളിലെ മീനൂട്ട് പോലെ ഇവിടെ വിന്‍ഡ്സറിലും ഒരു അന്നമൂട്ട്. പകലുകളില്‍, പടവുകളില്‍ ആ കാഴ്ച. ആഹാരവസ്തുക്കള്‍ വാങ്ങിയോ കൈവശം കൊണ്ടുവന്നോ ആളുകള്‍ തെംസ് നദിയിലെ ഹംസങ്ങളെ ഊട്ടുന്നു. ചങ്ങാത്തത്തിന്റെ വഴിഞ്ഞൊഴുകല്‍ ആസ്വദിച്ച് അരയന്നത്തുടികള്‍. കൂട്ടമായി കരയ്ക്കരികെ നദിപ്പരപ്പില്‍ അവ വിഹരിക്കുന്നു.

അരയന്നത്തുടികൾ
അരയന്നത്തുടികൾ

ഒരു മേപ്പിള്‍ ഇലയില്‍ 

ആ മണ്ണില്‍നിന്ന് ഒരു മേപ്പിള്‍ ഇലമാത്രം ഞാന്‍ കൂടെക്കൂട്ടി. ഇലഞരമ്പുകളില്‍ ഋതു കാലങ്ങളുടെ സിരാപടലങ്ങളോ വൃക്ഷനെടുനിലകളുടെ മുദ്രകളോ? അതോ, ഒരു ദേശമോ ഗ്രഹമോ പ്രപഞ്ചമോ അവയിലൂടെ വായിക്കപ്പെടുന്നു?

മറ്റൊന്നും അവിടെനിന്ന് എടുത്തില്ല. ആ എടുക്കായ്കയിലേക്ക് പ്രേരണയായത് സെന്‍ വഴികളില്‍ ചരിച്ച ആചാര്യന്‍ പീറ്റര്‍ മാത്തിസന്റെ വിചാരധാരകളുടെ വായനയാണ്; അദ്ദേഹത്തിന്റെ 'സ്‌നോ ലെപ്പേര്‍ഡ്' യാത്രപുസ്തകമാണ്. താന്‍ പെറുക്കിയെടുക്കുവാന്‍ ശ്രമിച്ച പുഴക്കല്ലുകളെ അവയുടെ സ്ഥാനത്ത് (സുസ്ഥാനത്ത്) തന്നെ തിരികെ വെച്ച് നിര്‍ലേപനാകുന്നു, മാത്തിസന്‍: ''ഞാന്‍ കണ്ടു എന്നു ഞാന്‍ കരുതുന്നവയില്‍ സ്ഥായിത്വത്തിനു പാടുപെടുകയെന്നാല്‍, അവയുടെ പൊരുള്‍ നഷ്ടപ്പെടുത്തുകയെന്നാണ്.''

മുന്‍പ് യാത്രകളില്‍ വൃക്ഷഭീമന്മാരുടെ വിണ്ടുപൊട്ടിയ പുറന്തോലോ, മണ്ണില്‍നിന്നുള്ള എന്തെങ്കിലും തുണ്ടുകളോ ഞാന്‍ അടര്‍ത്തുമായിരുന്നു. ആ യാത്രയെ വീണ്ടും വിളിച്ചു തിരികെ വരുത്താന്‍. മരപ്പൊളികള്‍, പൈന്‍ ഇല, ചുള്ളിക്കമ്പ്, പുഴക്കല്ല് എന്നിങ്ങനെ തീരെ അപ്രധാനങ്ങളെ ഓരോ യാത്രയിലും കൂടെക്കൂട്ടി. എനിക്കു മാത്രം അവ പ്രധാനം; യാത്രയുടെ വീണ്ടെടുപ്പ് സാധിപ്പിക്കുന്ന മാന്ത്രികത്തുണ്ടുകള്‍.

മേപ്പിള്‍ ഇലകള്‍ ഒരു പ്രവാഹത്തിലെന്നവണ്ണം ഒഴുകുന്ന ദൃശ്യത നല്‍കുന്ന ഒരു സ്മാരകമുണ്ട് ബെക്കിങ്ഹാം കൊട്ടാര പരിസരത്ത്; ഉയരെ ആകാശം ചുംബിച്ച് മേപ്പിള്‍ മരങ്ങള്‍ നിരചേരുന്ന തണല്‍ സങ്കേതത്തില്‍. ഇലപൊഴിയും കാലത്തിന്റെ വിപരീതത്തില്‍, ഇലകള്‍ കടുംതവിട്ടു വര്‍ണ്ണത്തില്‍നിന്നു ക്രമേണ, ഇല തുളിരും കാലത്തിന്റെ പച്ചയിലേക്ക് മാറിക്കൊണ്ടേയിരിക്കുകയാണ്, 'ഗ്രീന്‍ പാര്‍ക്കി'ലെ ഈ ജലചലനത്തില്‍. പച്ച യൗവ്വനയുക്തതയുടെ, പുനരുജ്ജീവനത്തിന്റെ, ഓര്‍മ്മിപ്പിക്കലാണ്.

'കാനഡ മെമ്മോറിയല്‍' എന്ന ഈ സ്മാരകം ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ ബ്രിട്ടനിലെത്തി ശാന്തിക്കും സ്വാതന്ത്ര്യത്തിനുമായി ത്യാഗം ചെയ്ത പത്തു ലക്ഷത്തോളം വരുന്ന കനേഡിയന്‍, ന്യൂ ഫൗണ്ട്ലാന്റ് നിവാസികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ളതാണ്. എലിസബത്ത് രാജ്ഞി അനാച്ഛാദനം ചെയ്തത്.

തെല്ലും തണുപ്പില്ല, ഉച്ചകള്‍ക്കും മധ്യാഹ്നത്തിനും. സ്വെറ്റര്‍ ആവശ്യമുണ്ടായിരുന്നില്ല, അത് കൈത്തണ്ടയില്‍തന്നെ കിടന്നു. 'ഹോപ് ഓണ്‍ ഹോപ് ഓഫ്' ബസുകളിലായിരുന്നു നഗരത്തില്‍ വലംവയ്പ്. ഡബിള്‍ ഡക്കറിന്റെ മുകള്‍തട്ടില്‍ മൃദുവായ വെയില്‍ പഴുതു തേടി എത്തി. ഒറ്റ ടിക്കറ്റില്‍ ഒരു പകലിന്റേയോ 24 മണിക്കൂറിന്റേയോ യാത്രാനുമതിയോടെ ഹോപ് ഓണ്‍ ഹോപ് ഓഫ് ബസുകള്‍ അവയുടെ പതിവുശൈലിയില്‍. ബസുകള്‍ തുടരെയുണ്ട്. പ്രധാന കാഴ്ചസ്ഥലങ്ങളിലെല്ലാം ബസ് നിര്‍ത്തുന്നു. എവിടെയും ഇറങ്ങാം, വീണ്ടും കയറാം. സ്ഥല വിവരണങ്ങള്‍ കേള്‍ക്കാന്‍ ഒരു നീലനിറ ഇയര്‍ഫോണ്‍ അവര്‍ കൈവശം തന്നു. ഓഡിയോ ഗൈഡാണ്.

മേപ്പിൾ മരച്ചുവട്
മേപ്പിൾ മരച്ചുവട്

വഴിമാറിത്തരൂ, എന്ന് 

ഗംഭീര സ്മാരകങ്ങളിലോ നിര്‍മ്മിതികളിലോ അല്ല, തികച്ചും ലളിതമായ പ്രാദേശിക തനിമകളിലാണ് യാത്രകളില്‍ എപ്പോഴും ഹൃദയവും കണ്ണും കൊളുത്തപ്പെടുക. സൗധനിരകള്‍ അറുതിയില്ലാത്തവിധം നീണ്ടു തുടരുന്നു. പൊതുനിരത്തുകളുടെ ഇരുപുറങ്ങളെ നിറച്ച് അവയങ്ങനെ നില്‍ക്കേ അവയോട് 'തെല്ല് വഴിമാറിത്തരൂ' എന്നു പറയാന്‍ പ്രേരണ.

ബിഗ് ബെന്നും ലണ്ടന്‍ ഐയും ബക്കിങ്ഹാമും ലണ്ടന്‍ ബ്രിഡ്ജും വിന്‍ഡ്സര്‍ കാസിലും വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും എല്ലാമുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തില്‍, അനേകം പ്രാചീനങ്ങളിലൂടെ ഞാന്‍ കടന്നുപോയി, കാലനിരന്തരതയുടെ ആദിമ പക്ഷത്തിലേക്കു തന്നെ ഊളിയിട്ടു പോയി. ആയിരമായിരം ആണ്ടുകളില്‍നിന്ന്, നൂറ് നൂറ് ദേശങ്ങളില്‍നിന്ന്, ശേഖരിച്ച സാക്ഷ്യ ദ്രവ്യങ്ങള്‍... (ഇവിടെ എവിടേക്ക് ഞാന്‍ തിരിയണം, ഏതേതു ഗ്യാലറികളിലേക്ക്?!)സ്ഥലത്തിലും കാലത്തിലും നെയ്തു നെയ്തെടുത്ത ഒരു ചിത്രകംബളം ഈ ലോകം എന്ന് ഈ ദൃശ്യതകള്‍ സാക്ഷ്യപ്പെടുത്തുന്നു. ''കാലാദിയായ മൃദു നൂലാലെ...''

മനുഷ്യനിര്‍മ്മിതികളേക്കാള്‍, പ്രകൃതി ഒരുക്കിയവയോട് കണ്ണുകള്‍ക്ക് ഇമ്പമെന്നതിനാല്‍ വിനിമയത്തിന് എത്തിയതെല്ലാം പ്രകൃതിയുടെ ഓരോ ശകലങ്ങളാണ്. പഴച്ചെടികള്‍, പുല്ലുകള്‍, പൂവുകള്‍, അരുവികള്‍, നീലാകാശം, പൊടിമഴ, രാവെളിച്ചം... ഇത് സ്വച്ഛശീതളമായ ഋതുവാണ്. വേനല്‍കടുപ്പമില്ല, കടുംമഞ്ഞില്ല. പ്രാണചലനങ്ങള്‍ എണ്ണത്തിലും ഭാവത്തിലും എത്രയനവധി.

പുല്‍പുറങ്ങളില്‍ ചെമ്മരികള്‍ തുള്ളിയോടുന്നു. കുതിരകള്‍ ഗംഭീരര്‍ മേഞ്ഞുനടക്കുന്നു. ഗ്രാമങ്ങളാണിവ. വൈക്കോലുകള്‍ അമര്‍ത്തിയുരുട്ടി ഉരുളകളാക്കി വെച്ചിരിക്കുന്ന ഗോതമ്പുപാടങ്ങള്‍, കൊയ്ത്തിനു പാകമാകുന്നുവെന്നറിയിച്ച് സുവര്‍ണ്ണാഭയിലേക്കു സംക്രമിക്കുന്ന കതിര്‍കൂട്ടങ്ങള്‍, കുന്നിന്‍ നിരകള്‍. പുഴകള്‍ ഒഴുകുന്നു; പൂവുകള്‍, പഴങ്ങള്‍ പ്രത്യക്ഷം കാട്ടുന്നു.

വഴികളില്‍ ശൈത്യകാലത്ത് മഞ്ഞുരുക്കാന്‍ ഉപയോഗിച്ച ഉയരമുള്ള ഉപ്പു തൊട്ടികള്‍ (salt grit bins). വഴികളില്‍ വീണുറയുന്ന മഞ്ഞിനുമേല്‍ വിതറാനുള്ള ഉപ്പ് സൂക്ഷിക്കുന്ന ഉറപ്പുള്ള അടപ്പുപാത്രങ്ങളാണവ. വഴിയോരത്ത് അവിടവിടെ ഉപ്പിന്റെ ശേഷിപ്പുകളും. 

പൊതുനിരത്തുകളിലെ മഞ്ഞുനീക്കല്‍ കൗണ്‍സിലുകളുടെ ചുമതലയാണ്. കൂടുതല്‍ മഞ്ഞുവീഴ്ചയുടെ അറിയിപ്പുള്ളപ്പോള്‍ വലിയ റോഡുകളില്‍ മുന്നേകൂട്ടി ട്രക്കുകളെത്തി ഉപ്പു വിതറുന്നു. ഉപ്പ് മഞ്ഞിനെ ഉരുക്കിത്തുടങ്ങുന്നു. മഞ്ഞുവീഴ്ച കഴിയുമ്പോള്‍ മഞ്ഞുകലപ്പ (noswplow) ഘടിപ്പിച്ച ട്രക്കുകള്‍ മഞ്ഞ് ഉഴുതു നീക്കുന്നു. സ്വകാര്യ റോഡുകളില്‍ അവിടുത്തെ നിവാസികള്‍ തന്നെ മഞ്ഞു നീക്കണം. എല്ലാവരും ഇതില്‍ ഒന്നാകും, മഞ്ഞുനീക്കല്‍ എല്ലാവരുടേയും ആവശ്യമാണ്. ഒറ്റച്ചക്രമുള്ള മഞ്ഞുകോരികകള്‍ മുതല്‍ പലയിനം കൊച്ചുപകരണങ്ങളുണ്ട്. കൃഷിപ്രദേശങ്ങളില്‍ ട്രാക്ടറുകളില്‍ കോരികകള്‍ ഘടിപ്പിച്ച് കര്‍ഷകരും സന്നദ്ധരാകുന്നു.

ഇപ്പോഴിത്, വേനല്‍ ഋതുവിന്റെ ആരംഭം. ബ്ലാക്ക്ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നിങ്ങനെ ബെറിപ്പഴങ്ങളുടെ നിരകള്‍. പ്ലം, പീച്ച്, പിയര്‍ പഴങ്ങളുടേയും പാകപ്പെട്ടു വരുന്ന ആപ്പിളുകളുടേയും നാളുകള്‍. മേച്ചില്‍പുറങ്ങളില്‍ വേണ്ടുവോളം പുല്ല്. ആടുകള്‍ ചിതറാതിരിക്കാന്‍ തടിയഴികള്‍ കൊണ്ടുള്ള കെട്ടിവളപ്പുകള്‍, അവയ്ക്ക് പലകയിട്ട വാതിലുകള്‍.
ഗ്രാമങ്ങള്‍ സ്വച്ഛന്ദതയുടേയും വെടിപ്പിന്റേയും കളമാണ്. ലേക്ക് ഡിസ്ട്രിക്റ്റില്‍, കംബ്രിയയില്‍, ഗ്രാമയഴക് ഏറെ തികവോടെ. കംബ്രിയ, വേര്‍ഡ്സ് വര്‍ത്തിന്റെ ദേശമെന്നതിനാല്‍ കണ്ണുകളവിടെ അധികമധികം അഴക് കണ്ടെടുക്കുകയായിരുന്നുവോ! പ്രകൃതി ഉപാസനയില്‍നിന്ന് ആത്മാവിന്റെ വിടര്‍ച്ചകളില്‍നിന്ന് ഉത്തുംഗമായ കവിതകളെ പിറവി കൊള്ളിച്ച, പത്തൊന്‍പതാം നൂറ്റാണ്ടിലെ റൊമാന്റിക് കവി. ഇംഗ്ലണ്ടില്‍നിന്ന് സ്‌കോട്ട്ലന്‍ഡിലേക്കുള്ള വിസ്തൃതമായ ഡ്രൈവിംഗ് റൂട്ടിലാണ് കംബ്രിയ.

ഇംഗ്ലണ്ടില്‍, ബര്‍ക്ക്ഷെയറിലെ സ്ലോയില്‍ (SIough) താമസമാക്കിയ സുഹൃത് കുടുംബമാണ് അഞ്ചു പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന്റെ യാത്രാദിവസങ്ങള്‍ ക്രമീകരിച്ചു തന്നതും വാടകയ്ക്കുള്ള വീടുകള്‍ കണ്ടെത്തിയതും. അവര്‍ കുട്ടികളെ ചേര്‍ത്ത് സ്‌കോട്ട്ലന്‍ഡിന് ഞങ്ങള്‍ക്കൊപ്പം വന്നു. ആഹാരങ്ങള്‍ പലത് പാകപ്പെടുത്തിയും അരിയും മറ്റു വസ്തുക്കളും കൂടെ കരുതിയും ഞങ്ങള്‍ ടഹീൗഴവയില്‍നിന്നു തിരിച്ചു. സജ്ജീകരണങ്ങളോടെ വാടക വില്ലകളില്‍ അടുക്കളകള്‍ കാത്തിരിപ്പുണ്ട്. എല്ലാ വീട്ടുപകരണങ്ങളും അടുപ്പുകളും അത്യാവശ്യം മസാലകളും പൊടികളും ബട്ടറും യോഗര്‍ട്ടുമൊക്കെയുണ്ട്. അവ ഉപയോഗിച്ചുകൊള്ളാന്‍ കുറിപ്പ് എഴുതി വെച്ചിട്ടുമുണ്ട്. എല്ലാ ഗൃഹാലങ്കാരങ്ങളും ഉപയോഗവസ്തുക്കളുമുണ്ട്. എല്ലാം സ്വതന്ത്രമായി വിട്ടുതരുന്നു. പലതിനുമരികെ കൊച്ചു ലേബലുകളില്‍ നിര്‍ദ്ദേശങ്ങളും എഴുതിവയ്ക്കുന്നു. പ്ലഗുകള്‍ എവിടെ കുത്തണം, കെറ്റില്‍ ഷെല്‍ഫിനു കീഴില്‍നിന്നു മാറ്റിവെച്ചുകൊണ്ട് ചൂടാക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. റിച്ച്മണ്ടിലെ വാടക വില്ലയില്‍, ഉടമസ്ഥര്‍ തന്നെയും ഇടയ്ക്കവിടെ താമസിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ മുറികള്‍ അവര്‍ക്കുള്ള പ്രത്യേക കരുതല്‍ വസ്തുക്കളോടെയും കളിപ്പാട്ടങ്ങളോടെയുമായിരുന്നു. സൗന്ദര്യാത്മകമായ വീടൊരുക്കല്‍. അടുക്കളയില്‍ കൗണ്ടറില്‍ വൈനും ചോക്ലേറ്റുകളും പോലും അവര്‍ വെച്ചിരുന്നു; ഉപയോഗിക്കാം എന്ന കുറിപ്പും.

കുന്നുകളുടേയും പച്ചയുടേയും വൈവിധ്യങ്ങളിലൂടെ, ഇടയ്ക്കിടെ കാര്‍ നിര്‍ത്തി, തെല്ലും തിടുക്കത്തിലായിരുന്നില്ല ഞങ്ങള്‍.

ചുവരുകളില്‍ ജനല്‍പടികളിലെല്ലാം പൂക്കെട്ടുകളുമായി നിരന്നുനില്‍ക്കുന്ന ഗ്രാമവീടുകള്‍. അവിടവിടെ ബി & ബികള്‍. ബെഡും ബ്രേക്ക്ഫാസ്റ്റും വാഗ്ദാനം ചെയ്ത് അതിഥികളെ കാത്ത് അവ നില്‍ക്കുന്നു. ഒന്നൊന്നായ് തടാകങ്ങള്‍. അവ പച്ചപ്പുകളെ കൂടുതല്‍ മിനുപ്പിലാക്കുന്നു. മഞ്ഞ് സൂര്യനിലുരുകുമ്പോള്‍ താഴ്ചയുള്ളിടങ്ങളില്‍ ജലമായി അടുങ്ങുന്നതാണ് ഈ നിരന്തര തടാകങ്ങള്‍. അവ എങ്ങും ഒഴുകിപ്പോകുന്നില്ല. വെയില്‍ കടുത്ത് അവയെ വറ്റിക്കുവോളം അവയങ്ങനെ തടാകരൂപികളായി തുടരുന്നു. ഈ അതിചടുലകാലത്തിനു സംതുലനം പകരുവാനെന്നോണം ഈ ശാന്ത പ്രവിശ്യകള്‍.

ബ്രിട്ടീഷ് മ്യൂസിയം 
ബ്രിട്ടീഷ് മ്യൂസിയം 

പാദച്ചുവട്ടില്‍ ആ പാന്‍സി 

വേര്‍ഡ്സ് വര്‍ത്തിന്റെ 'Ode on Immortality'യില്‍ തുളുമ്പിനില്‍ക്കുന്നൊരു പൂവുണ്ട് - പാന്‍സി (pansy). ഒരു ഇത്തിരിച്ചെടിയിലെ വര്‍ണ്ണപ്പൂവ്. ചുറ്റുമുള്ള പ്രകൃതിയില്‍ താന്‍ കണ്ടുകൊണ്ടിരുന്ന സ്വര്‍ഗ്ഗീയ പ്രഭ ഇപ്പോള്‍ പൊയ്പോയിരിക്കുന്നുവെന്ന് വ്യഥിതനായിക്കൊണ്ട് ആരംഭിക്കുന്ന കവിത. എല്ലാം ഇപ്പോഴും മനോഹരം. എന്നാല്‍, പുല്ലില്‍ തേജസും പൂവില്‍ മഹിമയും കാണാനൊത്തിരുന്ന പഴയ നാളുകള്‍, ആ ദര്‍ശന ദീപ്തി, സ്വപ്ന സുഭഗത, ഇപ്പോഴില്ല. ആഹ്ലാദത്തിന്റെ ഋതുവാണ്. എന്നാല്‍, കവി ഉറ്റുനോക്കിയ ഒരു മരവും ഒറ്റയായ ഒരു പാടവും പൊയ്പോയ ഒന്നിനെക്കുറിച്ച് പറയുന്നു. ''എന്റെ കാല്‍ച്ചുവട്ടിലെ പാന്‍സി പൂവും അതേ കഥ ആവര്‍ത്തിക്കുന്നു.''

ശൈശവ നിഷ്‌കളങ്കതയ്ക്കു സാധിക്കുന്ന സ്വര്‍ഗ്ഗീയത. ശിശു വളരുന്നതോടെ അവനു മുന്നില്‍ അതിനെ മറച്ച് തടവറനിഴലുകള്‍ ഉയരുകയാണ്. അന്ധമായ അനുകരണങ്ങളാല്‍ തന്റെ 'ഹാസ്യവേദി' നിറയ്ക്കുന്ന മനുഷ്യനു തന്റെ അഗാധത കാണുവാനാവുന്നില്ല. ''എങ്കിലും ദു:ഖിക്കുകയില്ല ഞങ്ങള്‍. ശേഷിക്കുന്നവയില്‍ ഞങ്ങള്‍ കരുത്തു കണ്ടെത്തും... നന്ദി, ഈ മനുഷ്യ ഹൃദയത്തിന്. അതിന്റെ അലിവിനും ആനന്ദങ്ങള്‍ക്കും നന്ദി.'' ഈ വാഴ്ത്തിന്റെ ചരണങ്ങളില്‍ പങ്കു പറ്റിയ കൊച്ചു പൂവിനെ കണ്‍നിറയെ ഞാന്‍ നോക്കിനിന്നു.

ടഹീൗഴവയിലെ വീട്ടുമുറ്റത്താണ് അവയെ ആദ്യം കണ്ടത്. കൊച്ചു പാന്‍സിച്ചെടികള്‍ അവയുടെ ഓറഞ്ച് പൂക്കളോടെ. നീല, വയലറ്റ്, മഞ്ഞ, വെള്ള എന്നിങ്ങനെ നാനാനിറങ്ങളിലുണ്ട് അവ. റിച്ച്മണ്ടില്‍ ഞങ്ങള്‍ താമസിച്ച വാടകവില്ലയുടെ മുറ്റത്തും അവ. 'Immortality Ode'-ലെത്തി രണ്ടു നൂറ്റാണ്ടിനപ്പുറവും അവ കാറ്റില്‍ ചാഞ്ചാടിനില്‍ക്കേ, പ്രിയകവിയുടെ നാട്ടിലെ മണ്ണിനും വിണ്ണിനും അലൗകികത. കൗമാരത്തില്‍ വായിച്ച വേര്‍ഡ്സ് വര്‍ത്ത് കവിതകള്‍ എന്നില്‍ ഒരുക്കിയിരുന്ന ഒരു മായികപ്രപഞ്ചമുണ്ട്. സുഷുപ്തിയിലായിരുന്ന എന്തോ ഒന്ന് മെല്ലെ ചലിച്ച പോലെ. ആ അജ്ഞാതാത്ഭുതം ഉള്ളിലിരുന്ന് വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. എന്തെന്നറിയാത്തപ്പോഴും അത്രയുറപ്പോടെ ആ കൊളുത്തിലേക്ക് ഞാന്‍ ബന്ധിക്കപ്പെട്ടു. നടത്തമോ ഒഴുകലോ പാറലോ ഊളിയിടലോ എന്നു തിട്ടമില്ലാത്തൊരു ചലനം. ഭൂമിയാകുന്ന വീട്ടുമുറ്റത്ത് ഞാന്‍...

സ്‌കോട്ട്ലന്‍ഡിലേക്കുള്ള ഡ്രൈവിംഗ് റൂട്ടില്‍നിന്ന് അല്പം വഴിമാറിയാണ് വേര്‍ഡ്സ് വര്‍ത്തിന്റെ രണ്ടു ഭവനങ്ങള്‍ നിലകൊള്ളുന്ന ഗ്രാസ്മിയര്‍ ഗ്രാമവും റൈഡല്‍ ഗ്രാമവും. വഴിയോരങ്ങളില്‍ ഡാഫോഡിലുകള്‍. ആ മഞ്ഞപ്പൂക്കളുടെ ഉത്സവം തീരാറായ വേള. (കാറ്റില്‍ നൃത്തം വയ്ക്കുന്ന ഡാഫോഡിലുകളുടെ തീരാനിരകളെ നിധിയെന്നപോല്‍ ഒരിക്കല്‍ കണ്ടുനിന്നത്, ഉള്‍ക്കണ്ണില്‍ മിന്നിയെത്തി കവിയില്‍ ആനന്ദം നിറയ്ക്കുന്നതിന്റെ കവിതയാണല്ലോ 'ഡാഫോഡില്‍സ്'). 
വീണ്ടും കണ്ടത് ഒരു ഡാഫോഡില്‍ പാടം തന്നെയാണ് 'ഡോറാസ് ഫീല്‍ഡ്.' എന്നാല്‍, പൂക്കള്‍ തീര്‍ന്ന വേള. മകള്‍ ഡോറയ്ക്കു നല്‍കിയ നിലം, മകളുടെ മരണശേഷം വേര്‍ഡ്സ് വര്‍ത്തും ഭാര്യ മേരി ഹച്ചിന്‍സണും ചേര്‍ന്ന് ഡാഫോഡിലുകള്‍കൊണ്ട് നിറക്കുകയായിരുന്നു. എഴുപത്തിയേഴാം വയസ്സില്‍ എത്തിയിരുന്ന അവരിരുവരും തോട്ടക്കാരനോടൊപ്പം ചേര്‍ന്നു മകള്‍ക്കുള്ള സജീവ സ്മാരകമായി അവ നട്ടു. ഓരോ വര്‍ഷവും ചെടികളും പൂക്കളും ഇരട്ടിയിരട്ടി വര്‍ദ്ധിക്കുന്നു. പൂക്കളുടെ വര്‍ദ്ധന മകളോടുള്ള തങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ദ്ധനയായി അവര്‍ കണ്ടുപോന്നുവെന്ന് ഒരിടത്ത് എഴുതിയിരിക്കുന്നു.

റൈഡല്‍ ഗ്രാമത്തില്‍ വേര്‍ഡ്സ് വര്‍ത്ത് 37 വര്‍ഷം, ജീവിതാവസാനം വരെ, പാര്‍ത്ത 'റൈഡല്‍ മൗണ്ടി'ന്റെ അഞ്ച് ഏക്കറോളം വരുന്ന തോട്ടത്തിനു സമീപേയാണ് ഈ ചെരിവുനിലം. 'റൈഡല്‍ മൗണ്ട്' ഭവനം ഇപ്പോള്‍ മ്യൂസിയം. വേര്‍ഡ്സ് വര്‍ത്ത് കുടുംബത്തിന്റെ മുറികളും ഗൃഹവസ്തുക്കളും അപ്പാടെ നിലനിര്‍ത്തിയിരിക്കുന്നു. കവിയുടെ ഡ്രോയിങ് റൂം, ലൈബ്രറി, ഗ്രന്ഥനിരകള്‍, എഴുത്തിനിരുന്നിരുന്ന മേശകള്‍, കസേരകള്‍, എല്ലാ ഉപയോഗ വസ്തുക്കളോടെയുമുള്ള ഊണ്‍ മുറി, വസ്ത്രങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍. മുകള്‍നിലയിലാണ് കിടപ്പുമുറികള്‍. ദമ്പതികളുടെ, സഹോദരി ഡോറോത്തിയുടെ മകള്‍ ഡോറയുടെയും. പുറത്ത് തണുപ്പോടെ പൊടിമഴ ചാറിനില്‍ക്കെ ഓരോരോ മുറികളിലൂടെ ഞാന്‍ ഒഴുകിനീങ്ങി. കവി തന്നെ രൂപകല്പന ചെയ്ത ഒരു കല്‍പാത ഒരു മുറിയുടെ ജനലിനപ്പുറം. വലിയ തോട്ടം അപ്പാടെ തന്നെ, ഉദ്യാന നിര്‍മ്മാണത്തില്‍ നിപുണനായിരുന്ന വേര്‍ഡ്സ് വര്‍ത്ത് രൂപകല്പന ചെയ്തതാണ്.

വേര്‍ഡ്സ് വര്‍ത്തിന്റെ study, വായനയിടം, വീടിന്റെ ഉള്‍ത്തളമായിരുന്നില്ല, പുറത്തെ പരിസരമായിരുന്നു എന്നൊരെഴുത്ത് ചുവരില്‍. അകത്തിരുന്നാല്‍കൂടി പുറത്തെ ഹരിത വിശാലതയിലേക്ക് കണ്ണുകള്‍ ഇറങ്ങിയെത്തിയുള്ള ഉപാസന. ഹരിതഭംഗികളിവിടെ വഴിഞ്ഞൊഴുകുകയായിരുന്നല്ലോ. കാടും തടാകവും വീട്ടുമുറ്റവുമെല്ലാം മികവു തികഞ്ഞ ഉദ്യാനങ്ങള്‍. ആകാശത്തെളിമയും ആകാശമൂടലും ആകാശപ്പെയ്ത്തും വശ്യതയോടെ. ഈ പ്രശാന്ത പരിസരത്തോടുള്ള പ്രിയത്താല്‍ ആംഗലേയ കവികള്‍, സാമുവല്‍ ടെയ്ലര്‍ കോളെറിഡ്ജും ജോണ്‍ കീറ്റ്സും ഈ ഭവനത്തില്‍ പതിവു സന്ദര്‍ശകരായിരുന്നു.

ഗ്രാസ്മിയറില്‍, വേര്‍ഡ്സ് വര്‍ത്ത് എട്ടുവര്‍ഷം പാര്‍ത്ത 'ഡവ് കോട്ടേജ്' (Dove Cottage) അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മുറ്റവും തടിഗേറ്റും ഗേറ്റിനോട് ചേര്‍ത്ത് ഇരുമ്പുകമ്പിയാല്‍ കെട്ടിവച്ചിരിക്കുന്ന ചെറിയ കരിങ്കല്‍പാളിയിലെ Dove Cottage എന്ന അങ്കനവും തന്നെ ഹൃദയം നിറയ്ക്കാന്‍ പോന്നവയായി. കവി സഹോദരി ഡോറോത്തിയുമൊത്ത് 1799 മുതല്‍ 1808 വരെ പാര്‍ത്ത ചെറിയ കല്‍വീട്. മേല്‍കൂരയും കല്‍പാളികള്‍ കൊണ്ടുള്ളതാണ്. കല്ലുകള്‍ അടുക്കിയുയര്‍ത്തിയ കോട്ടേജ് മതിലില്‍, വിള്ളലുകളില്‍, പായലുകളും ചെറുപന്നലുകളും. പഴമയുടെ പ്രതീതിയില്‍നിന്ന് അത്രയടരാതെ ആ ഗൃഹവും മുറ്റവും. കാട്ടു പുല്ലുകളും വളരാനനുമതിയോടെ അവിടെ.

ഡവ് കോട്ടേജിന് അരികെ 1981-ല്‍ തുറന്ന വേര്‍ഡ്സ് വര്‍ത്ത് മ്യൂസിയവും പുസ്തക ഷോപ്പും. വേര്‍ഡ്സ് വര്‍ത്തിന്റെ രചനകളില്‍ ഭൂരിഭാഗത്തിന്റേയും കയ്യെഴുത്തു പ്രതികള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വര്‍ണ്ണച്ചിത്രങ്ങളോടെയുള്ള വേര്‍ഡ്സ് വര്‍ത്ത് കൃതികളുടെ പുതിയ പതിപ്പുകളും അനവധി സ്‌കെച്ചുകളുമെല്ലാം വില്പനയ്ക്ക് വച്ചിരിക്കുന്നു. ഇളംനിറ പ്രകൃതിചിത്രങ്ങളോടെയുള്ള കവിതകളുടെ സമാഹാരം-ഠവല ഏീഹറലി ടീേൃലഅതിന്റെ മിനുസത്താളുകളോടെ അരികെ, ഇപ്പോള്‍.

വേര്‍ഡ്സ് വര്‍ത്ത് നിരവധി കവിതകള്‍ ഡവ് കോട്ടേജില്‍ വെച്ചാണ് എഴുതിയത്, Ode on lmmortality-യും. പ്രശസ്തരായ ആംഗലേയ എഴുത്തുകാര്‍, ചാള്‍സ് ലാമ്പ്, വാള്‍ട്ടര്‍ സ്‌കോട്ട് തുടങ്ങിയവര്‍ കവിയെ സന്ദര്‍ശിച്ചുകൊണ്ടിരുന്നിടം. സഹോദരി ഡോറോത്തി 'ഗ്രാസ്മിയര്‍ ജേര്‍ണല്‍സ്' എഴുതിക്കൊണ്ടിരുന്നതും ഇവിടെവച്ച്. ഗ്രാസ്മിയര്‍ പ്രകൃതിയും വേര്‍ഡ്സ് വര്‍ത്തും അദ്ദേഹത്തിന്റെ കവിതകളുമെല്ലാം പ്രമേയമായി വരുന്ന കുറിപ്പുകളാണവ.

ലണ്ടനിലെ ബസുകൾ
ലണ്ടനിലെ ബസുകൾ

സീഗള്‍പറക്കലുകള്‍ 

സ്‌കോട്ട്ലന്‍ഡില്‍, ഗ്ലാസ്ഗോയിലെ രാവില്‍, ശബ്ദങ്ങളായാണ് അവ അവതരിച്ചത്. സീഗളുകള്‍. ഇമ്പകരമല്ലാത്ത ശബ്ദങ്ങളെങ്കിലും, വെള്ളച്ചിറകുകാരുടെ ഒരു പരമ്പര. ചേക്കേറലിന്റെ തിരക്കിലാണവര്‍. എന്തൊരു ചിലപ്പ്! എന്തൊരു തിരക്കുകൂട്ടല്‍. ഗ്ലാസ്ഗോയില്‍ ഇവയ്ക്ക് കുറുമ്പ് അല്പം കൂടുതലോ! കര്‍ക്കശ സ്വരം, കിളിക്കുഞ്ഞുങ്ങളെ ഇരപിടിയന്മാരില്‍നിന്നു കാക്കുവാനെന്നു പറയപ്പെടുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുഞ്ഞ് ജൂലിയ രാവിരുട്ടില്‍ ആ ശബ്ദത്തെ ഭയന്നു. വാടകയ്‌ക്കെടുത്ത വില്ലയില്‍ ഒറ്റയ്‌ക്കൊരു മുറി വേണമെന്നു പറഞ്ഞ് ഒരെണ്ണം തെരഞ്ഞെടുത്തവള്‍, നിലംനീളെയുള്ള പലകത്തട്ടുകളില്‍ കരകരാ ശബ്ദമുണ്ടാക്കിക്കൊണ്ട് പുതപ്പും തലയിണയുമായി അമ്മയ്ക്കരികെ തിരിച്ചെത്തി. പേടിപ്പിക്കുന്ന കൂട്ടശബ്ദങ്ങള്‍. ശരിയാണ്, അപരിചിത നാട്ടില്‍ ഒരു കുട്ടിയെ കടല്‍റാഞ്ചികള്‍ പേടിയിലാക്കാം.
എന്നാല്‍, കടല്‍റാഞ്ചിയെന്നാല്‍ എനിക്ക് ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗളാണ്. ഇത്തരം കലപിലക്കൂട്ടില്‍നിന്നാണ് അവന്‍ തന്റെ വ്യാപ്തികളറിഞ്ഞത്. റിച്ചാര്‍ഡ് ബാക്ക് തന്റെ 'ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍' നോവലില്‍ രചിച്ചൊരുക്കിയ ആ അന്വേഷിപ്പക്ഷി. ചെറുചിറകുകളിലായിരുന്നില്ല അവന്‍, ആഹാരം തേടലിലായിരുന്നില്ല അയനങ്ങള്‍. ആഹാരം തേടാനും അതിനുവേണ്ടി മല്ലിടാനും മാത്രം ചിറകുകളെ ഉപയോഗിക്കുന്നവരില്‍നിന്നു ഭിന്നമായി അന്തരംഗത്തില്‍ അവനു നിമന്ത്രണങ്ങള്‍ മറ്റൊന്നായിരുന്നു. സാധാരണതയില്‍നിന്നു മെല്ലെ മെല്ലെ കുതിച്ച് അവന്‍ ചിറകുകള്‍ ആകാശത്തുഴകളാക്കി. തന്റെ വ്യാപ്തികളിലൂടെ അവന്‍ അതിരില്ലായ്മയിലേയ്ക്ക്. സീഗള്‍ കുലത്തിന്റെ ചരിത്രത്തിലെ അതീതന്‍!

ആ ദിനങ്ങളില്‍, രാവേറെച്ചെന്നാലും പക്ഷി സ്വരങ്ങള്‍. എപ്പോഴോ രാവില്‍ അവര്‍ ഒതുങ്ങിയുറങ്ങുന്നുണ്ടാവാം. എന്നാല്‍, പുലര്‍ച്ചെ ജനാല തുറക്കപ്പെടുന്നത് എണ്ണമറ്റ സീഗള്‍ നിരകളിലേക്കാണ്. നാലേ മുക്കാല്‍ മണിയുടെ അലാറം ഇവിടെ ഗ്ലാസ്ഗോയിലും എന്നെയുണര്‍ത്തി (ഇന്ത്യന്‍ സമയത്തേക്കാള്‍ നാലര മണിക്കൂര്‍ പിന്നിലുള്ള ഇവിടെ ആദ്യ ദിവസം അലാറം പാതിരായില്‍ മുഴങ്ങി. ഇംഗ്ലണ്ടിന്റെ നാലേമുക്കാലിലേക്ക് ഞാനതിനെ നീക്കി). കാഴ്ചക്കൊട്ടില്‍പോലെ പടിയുള്ള ജനാല ഞാന്‍ തുറന്നത് സീഗള്‍ ചിറകടികളിലേക്കാണ്. നിര്‍ത്താതെ പാറുകയാണവര്‍; ചുറ്റിലും ചുറ്റിലും. നഗരവിളക്കുകള്‍ തെളിഞ്ഞുനില്‍ക്കേ, മേല്‍കൂരകളാകെ അവരുടേതായിരിക്കുന്നു. ചിറകിന്‍ ചലനങ്ങള്‍ ജീവത്താക്കിയ പുലരികള്‍. വീണ്ടും, ചാറ്റല്‍ മഴയാല്‍ മൂടല്‍ വീണ നാലുമണി നേരത്ത് സോളാര്‍ വിളക്കുകളുടെ പ്രഭയെത്തുംമുന്നേ വായുവില്‍ ആനന്ദച്ചിറകടി. ചുവപ്പു കാലുകള്‍, ചുവപ്പു ചുണ്ടുകള്‍. വന്യസ്വരങ്ങള്‍.

എന്തും ഭക്ഷിക്കുന്നവരെന്നാണ് ഇവരെ പറയുക. മനുഷ്യപാര്‍പ്പ് ഏറെയുള്ള നിരത്തുകളില്‍ അവര്‍ കൂട്ടമായി, പതിവായി എത്തുന്നു. ഭയമേതുമില്ല. ആഹാരാവശിഷ്ടങ്ങളാണ് ആകര്‍ഷണം. അവര്‍ക്കിത് ഇണചേരല്‍കാലവുമാണ്.

വെള്ളയുടലില്‍ ചാരച്ചിറകുള്ള ഈ കടല്‍പക്ഷികുലം അഴകാര്‍ന്നത്. എന്നാല്‍, ഈ അസംഖ്യം എണ്ണങ്ങളുടെ തിരക്കുകൂട്ടല്‍, സ്വരകാഠിന്യം, അവിടുത്തെ പാര്‍പ്പുകാരെ വലയ്ക്കുന്നുണ്ട്. കടല്‍റാഞ്ചികള്‍ അരുമകളാണ്. എന്നാല്‍, ഒരു 'മ്യൂട്ട് ബട്ടണു'മായി അവര്‍ വന്നിരുന്നെങ്കില്‍, എന്നു നിസ്സഹായയായി പറഞ്ഞ ഒരു ഗ്ലാസ്ഗോക്കാരിയെ ഓര്‍മ്മവരുന്നു.

റോസറ്റ സ്റ്റോൺ- ബിസി 196ലെ ഈജിപ്ഷ്യൻ ശാസനം പതിഞ്ഞു കിടക്കുന്ന പ്രാചീന കല്ല്
റോസറ്റ സ്റ്റോൺ- ബിസി 196ലെ ഈജിപ്ഷ്യൻ ശാസനം പതിഞ്ഞു കിടക്കുന്ന പ്രാചീന കല്ല്

ഗ്രാമത്തിലെ ചായവിരുന്ന് 

എഡിന്‍ബറോയില്‍ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ പുരാതന കോട്ടകള്‍, കൊട്ടാരം, മ്യൂസിയം, ദേവാലയങ്ങള്‍. വാസ്തുവിദ്യയുടെ മുന്‍കാല മികവുകള്‍. എല്ലാ ദൃശ്യഗാംഭീര്യങ്ങളുമുണ്ടിവിടെ. പൗരാണികതയും നവീനതയും കൈകോര്‍ത്തു നില്‍ക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സെന്റ് മാര്‍ഗരറ്റ് ചാപ്പല്‍ ആണ് എഡിന്‍ബറോയിലെ ഏറ്റവും പഴക്കമുള്ള സ്മാരകം. രാജകുടുംബം ഉപയോഗിച്ചുപോന്നിരുന്ന ചെറിയ ചാപ്പല്‍ പുതുക്കലുകളോടെ എഡിന്‍ബറോ കാസിലില്‍ പരിരക്ഷിച്ചിരിക്കുന്നു. ഒരു അഗ്‌നിപര്‍വ്വതത്തിന്റെ ശേഷിപ്പായ ഉയര്‍ന്ന പാറമേലാണ് കാസില്‍ പണിതിരിക്കുന്നത്. ഈ കാസില്‍ റോക്കില്‍ ഇരുമ്പ് യുഗം മുതലുള്ള അനവധി നൂറ്റാണ്ടുകളുടെ അധിവാസ, ഭരണ, യുദ്ധചരിത്രങ്ങളുറങ്ങുന്നു.

പരമ്പരാഗത സ്‌കോട്ടിഷ് വേഷമായ മുട്ടൊപ്പമുള്ള ചെക്ക് പാവാട (Kilt) ധരിച്ച പുരുഷന്മാര്‍ വളരെ വിരളമെങ്കിലും ഒന്നുരണ്ടു പേര്‍ വഴിയില്‍ പ്രത്യക്ഷരായി. കൂടാതെ, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിസരത്ത് ബാഗ്പൈപ്പ് വാദനവുമായി ആ പരമ്പരാഗത വസ്ത്രക്കാര്‍ അങ്ങിങ്ങുണ്ട്. ബൂട്ടുകളും ഇടതു തോള്‍ ചുറ്റി പിന്നോട്ട് ഇടുന്ന ചെക്ക് കമ്പിളിത്തുണി (plaid)യുമുണ്ട് വാദകര്‍ക്ക്. അവര്‍ ഉപജീവനം തേടുകയാണ്.

പൊടിമഴയും പുല്‍പുറങ്ങളും സ്വച്ഛതടാകങ്ങളും. പട്ടണത്തിലും ഗ്രാമത്തിലും ഏതു ദൃശ്യവും ചാരുതയില്‍. പ്രകൃതിയുടെ താളം മനുഷ്യവാസങ്ങളിലേക്കും ചേര്‍ന്നിരിക്കുന്നു എന്നവിധം പ്രശാന്തത എങ്ങും. അവധിക്കാലമെന്നതിനാല്‍ മഴയത്ത് സൈക്കിള്‍ ചവിട്ടി നീങ്ങുന്ന കുട്ടികളുടെ ചെറുസംഘങ്ങള്‍ വഴികളില്‍. മഴയെ ഇവര്‍ തടസ്സമായി കാണുന്നില്ല. മുതിര്‍ന്നവര്‍ അവര്‍ക്കത് അനുവദിക്കുന്നുമുണ്ട്.

ഒരിടത്തൊരിടത്ത് ഗ്രാമത്തിലൊരു വഴിയോരത്ത്, ഒരു ചായക്കട. സ്‌കോട്ട്ലന്‍ഡില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള പാതയിലാണ് ആ പഴയ ഗ്രാമീണ ചായക്കട. ''നമുക്ക് ഗ്രാമങ്ങളില്‍ പോകാം'' എന്ന എന്റെ നിരന്തര പല്ലവിക്കു മറ്റൊരു ഫലത്തികവായി അത്. 

'ഓള്‍ഡി ടോള്‍ ടീ ഹൗസ്' (Olde Toll Tea House) സ്‌കോട്ട്ലന്‍ഡിന്റെ അതിര്‍ത്തി ഭാഗത്ത് വെസ്റ്റ് ലിന്റണ്‍ ഗ്രാമത്തില്‍ വഴിവക്കില്‍, സ്വച്ഛഭംഗിയുമായി നില്‍ക്കുന്നു. ചെറിയ ഷോപ്പ്. ഏതാനും മേശകളുടെ സജ്ജീകരണം മാത്രം. ആഹാരങ്ങളും ഇളവിന്റെ അന്തരീക്ഷവുമായി തിടുക്കങ്ങളില്ലാതെ അതു നിലകൊള്ളുന്നു. നീളന്‍ യാത്ര അല്പനേരമൊന്നു മുറിച്ച് ഗ്രാമാന്തരീക്ഷത്തില്‍ തെല്ലു വിശ്രമിച്ചിരിക്കാന്‍ ഒരിടം. വായിക്കാന്‍ പുസ്തകങ്ങളുമായി ഷെല്‍ഫുകളും ഒരുക്കിയിരിക്കുന്നു. 'ബുക്ക് ഓഫ് ബ്രിട്ടന്‍സ് കണ്‍ട്രിസൈഡ്', 'ലൈഫ് ആന്റ് ലാഫിങ്ങ്', 'ഹിമാലയ' എന്നിങ്ങനെ പുസ്തകങ്ങള്‍ കണ്ടു. പുറത്തെ ഇളംതണുപ്പിലും ഏതാനും മേശകസേരകള്‍ നിരത്തിയിട്ടുണ്ട്.

വളരെ സൗഹൃദപരമായ, ലാളിത്യം നിറഞ്ഞ ഗ്രാമീണ ചായക്കടയന്തരീക്ഷം. വൈകുന്നേരം നടക്കാനിറങ്ങി ചായയോ കാപ്പിയോ കഴിച്ച് അവിടെ സമയം ചെലവഴിക്കുന്ന കുറച്ചു പതിവുകാരുണ്ട്. പല വീടുകളിലും പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി പട്ടണങ്ങളില്‍ ആണ്. എന്നാല്‍, പട്ടണത്തിലേക്കു മാറാന്‍ പഴയ തലമുറ ആഗ്രഹിക്കുന്നില്ല. അവര്‍ ഗ്രാമത്തില്‍ അവരുടെ ചെറിയ ജീവിതം നയിക്കുന്നു. അതിനാല്‍തന്നെ പ്രാദേശികമായ ചെറിയ കടകളും കച്ചവടങ്ങളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു.

എഴുപതിനുമേല്‍ പ്രായം തോന്നിക്കുന്ന ഗ്രാമവാസികള്‍ ചിലര്‍ കോഫിക്ക് എത്തിയിരുന്നു. മിക്ക ദിവസവും തങ്ങള്‍ ഇവിടെ ഒരുമിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു കാപ്പിയുമായി വളരെ നേരം അവര്‍ ഇരിക്കും. വായിച്ചും സംസാരിച്ചും പസില്‍സ് (puzzles) എന്തെങ്കിലും ചെയ്തും അവര്‍ ഇരിക്കും. ചായയും സാധാരണ കോഫിയും ലാറ്റെ മുതലുള്ള മറ്റു കോഫികളും ഹോം മെയ്ഡ് പലഹാരങ്ങളുമുണ്ട്. ഒപ്പം, ചെറിയ ഓരോ വസ്തുക്കളും കൈവേലയില്‍ തീര്‍ത്ത ചെറിയ അലങ്കാരങ്ങള്‍ ഏതാനുമെണ്ണവും വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. ഏതാനുമെണ്ണം മാത്രം. എന്തൊക്കെയെന്ന് പേനയില്‍ എഴുതിയിട്ട ഒരു കാര്‍ഡ്ബോര്‍ഡ് കഷണം ചുവരില്‍ തൂങ്ങിയാടുന്നു. ഫെല്‍റ്റ് ക്യാപ്പ്-14, ബുക്ക്മാര്‍ക്ക്-16 എന്നിങ്ങനെ എണ്ണവും കുറിച്ചിട്ടുണ്ട്.

ടീ ഹൗസിനോടു തൊട്ട് ചെറിയ പാര്‍ക്ക്. കുട്ടികള്‍ക്ക് ഊഞ്ഞാലും സീസോയും പുല്ലുപാകിയ മണ്‍കൂനകളുമുണ്ട്. പ്രാചീനമായ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് (1781) അതിന്റെ പൂര്‍വ്വകാല ശേഷിപ്പുകള്‍ ചേര്‍ത്ത് അഴകോടെ പുതുക്കിപ്പണിതത്, തൊട്ടരികെ നിലകൊള്ളുന്നു. ഒപ്പം പതിനേഴാം നൂറ്റാണ്ടിലെ കല്ലറകളും ഉള്‍പ്പെട്ട പ്രാചീന സെമിത്തേരി. 1697 എന്നു വര്‍ഷം കുറിച്ച ഒരു കല്ലറഫലകം കണ്ടു. മരണഭീകരത അടയാളമിട്ടവയാണ് ചിലത്. തലയോടും കുറുകെ വെച്ച അസ്ഥികളും മാലാഖച്ചിറകുകളും എല്ലാംകൊണ്ട് മുദ്രണം നടത്തിയിരിക്കുന്നു. ചിലതില്‍ ആള്‍രൂപങ്ങളും കൊത്തിയിട്ടുണ്ട്.

അപ്പുറം, ഗ്രാമത്തിലെ കളിമൈതാനം കുട്ടികളുടെ ഒഴിവുകാല ആഹ്ലാദ സാന്നിധ്യങ്ങളോടെ. സമീപത്ത് കല്‍ഭിത്തി കെട്ടിയ തെളിമയുള്ള കൈത്തോട്. മാലിന്യസ്പര്‍ശമില്ലാത്ത ജലമൊഴുക്കുകളുടെയും തടാകങ്ങളുടെയും പരമ്പരയില്‍ ഇതും. ഓരംപറ്റി നടക്കാന്‍ നടപ്പുവഴിയുണ്ട്. ഒരു ചായക്കട സായാഹ്നത്തില്‍, ചായയ്ക്കും ഹോം മെയ്ഡ് കേക്കു കഷണങ്ങള്‍ക്കുമൊപ്പം ഇവയെല്ലാം വിഭവങ്ങളായി.

എതിരെ വന്ന, എഴുപത്തഞ്ചിനുമേല്‍ പ്രായം തോന്നിക്കുന്ന സായാഹ്ന നടപ്പുകാരി ഷെയ്ല പുഞ്ചിരിക്കുക മാത്രമല്ല, സംസാരത്തിന് എത്തുകയും ചെയ്തു. അവര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യയെന്നു കേട്ടത് അവര്‍ക്ക് ആഹ്ലാദമായി. 'ഓള്‍ഡി ടോള്‍ ടീ ഹൗസ്' അവരുടേയും സങ്കേതമാണ്. അവര്‍ ഇനി അവിടേയ്ക്കാണ്.

മാസ്മരികമായ ലാന്‍ഡ്സ്‌കേപ്പുകള്‍ പിന്നിട്ട് നീളന്‍യാത്ര. ചതുരവടിവുകളില്‍, വലിയ കേക്കുകഷണങ്ങള്‍പോലെ ഗ്രാമവീടുകള്‍. ഉയരത്തിലേയ്ക്കു കൂര്‍പ്പിച്ച ഗോപുരാഗ്രങ്ങളോടെ പള്ളികള്‍. കുന്നുകളുടേയും കണ്ണാടിത്തടാകങ്ങളുടേയും നീരൊഴുക്കുകളുടേയും മേച്ചില്‍പുറങ്ങളുടേയും തീരാനിരകളിലൂടെ. 

കംബ്രിയയിലെ മനോഹരമായ ​ഗ്രാമങ്ങൾ‌
കംബ്രിയയിലെ മനോഹരമായ ​ഗ്രാമങ്ങൾ‌

മാലാഖമാരുടെ ഓഹരി 

വിസ്‌കിയുടെ ആദ്യ തുള്ളികള്‍ ഹൃദയത്തിലൂടെ നാവിലേക്ക്. അതേ, അങ്ങനെയാണവര്‍ പറഞ്ഞതും: ഹൃദയംകൊണ്ടാണ് നിങ്ങള്‍ ഈ വിസ്‌കി നുകരേണ്ടത്. എഡിന്‍ബറോയില്‍നിന്ന് ഡിസ്റ്റിലറി കാണാനെന്നു പുറപ്പെട്ടപ്പോള്‍ ഇതൊന്നും നിരൂപിച്ചിരുന്നില്ല. സന്ദര്‍ശനം മുറ്റത്തു തന്നെ ഒതുക്കാന്‍ വന്ന പ്രേരണ മാറ്റിവെച്ചാണ് ഉള്ളില്‍ പ്രവേശിച്ചത്. ഒരു വാറ്റുപുര പരിഭ്രമണം.

1825-ല്‍ രണ്ട് കര്‍ഷക സഹോദരന്മാര്‍ ആരംഭമിട്ട വിസ്‌കി നിര്‍മ്മാണപ്പുര. ജോണ്‍ റേറ്റ്, ജോര്‍ജ് റേറ്റ് സഹോദരന്മാര്‍ ഒരു ബാര്‍ലിക്കളത്തില്‍ സാക്ഷാല്‍കരിച്ച ഗ്ലെന്‍കിന്‍ചി (GIenkinchie) ഡിസ്റ്റിലറി എഡിന്‍ബറോയില്‍നിന്ന് അല്പമകലെ ഈസ്റ്റ് ലോത്തിയനിലാണ്. കൃഷിയിടത്തിന്റെ ഉടമകളുടെ പേരായ 'ഡി ക്വിന്‍സി'യില്‍നിന്നാണ് കിന്‍ചി എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 'ഗ്ലെന്‍' എന്നാല്‍, താഴ്വരയാണ്. പഴയ പൈതൃകത്തുടര്‍ച്ചയുമായി, പുതിയ ഉടമകളുടെ കീഴില്‍ ഉല്പാദന മികവോടെ ഗ്ലെന്‍കിന്‍ചി. 'ഡിയാജിയോ' കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ സിംഗിള്‍ മാള്‍ട്ട് ഡിസ്റ്റിലറി ഇപ്പോള്‍.

ഈ പ്രദേശം, ഈസ്റ്റ് ലോത്തിയന്‍, മുന്തിയയിനം ബാര്‍ലി ധാരാളമുള്ള ഇടമെന്നതിനാല്‍ മുന്‍കാലങ്ങളില്‍ വിസ്‌കിക്കുള്ള മാള്‍ട്ട് ഈ ഡിസ്റ്റിലറിയില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. പിന്നീട് ഉല്പാദന യൂണിറ്റുകളില്‍നിന്നു വാങ്ങിത്തുടങ്ങി. പഴയ മാള്‍ട്ടിംഗ് ഫ്‌ലോറുകളുടെ കെട്ടിടമിപ്പോള്‍ വിസ്‌കിയുടെ ചരിതങ്ങള്‍ നിറഞ്ഞ മ്യൂസിയമായിരിക്കുന്നു. വാറ്റുചരിതം, സംഭരണചരിതം, എല്ലാം ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൊച്ചു മാതൃകാരൂപങ്ങളില്‍ കൈതൊട്ട് ഗൈഡ് വാറ്റിന്‍ക്രിയകള്‍ വിവരിച്ചുതന്നു. പിന്നെ, നാനാഗന്ധങ്ങളുടേയും താപവ്യതിയാനങ്ങളുടേയും സന്നിധികളിലൂടെ, പ്രസാദവതിയായി അവര്‍ ഞങ്ങളെ നടത്തി. ബാര്‍ലിച്ചേരുവകള്‍ അവിടെ തിളകൊള്ളുകയാണ്.

ബാര്‍ലി പുളിപ്പിക്കല്‍ മുതലുള്ള ആ നീളന്‍ പ്രക്രിയ, ചേരുവകളുടെ സംയോജനം, ഒരു കലയാണ്. ഈസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച ദ്രാവകം ഭീമന്‍ വാറ്റുപാത്രങ്ങളില്‍ (pot stills) നിറച്ച് തിള നല്‍കി ബാഷ്പമാക്കി, തണുപ്പിക്കുന്നു. ഗ്ലെന്‍കിന്‍ചിയിലെ ഒന്നാംഘട്ട വാറ്റുപാത്രം (wash still) സ്‌കോട്ട്ലന്‍ഡിലെ ഏറ്റവും വലിപ്പമുള്ള വാറ്റുപാത്രമാണ്. 30,963 ലിറ്റര്‍ കൊള്ളുന്നത്. വാറ്റിലെ ഈ ആദ്യ തുള്ളികള്‍ വേര്‍തിരിച്ചെടുത്ത് രണ്ടാംഘട്ടമായി വീണ്ടും വാറ്റുന്നു. ഇങ്ങനെ ഒരു ജോടി അതിഭീമന്‍ ചെമ്പുപാത്രങ്ങള്‍. മേല്‍തട്ട് കയറിയെത്തണം, അവയുടെ വായ്ഭാഗം കാണാന്‍. ഡിസ്റ്റില്‍ ചെയ്ത ദ്രാവകം പിന്നീട് ഓക്കു വീപ്പകളിലേക്കു പകരുന്നു, വര്‍ഷങ്ങളുടെ പാകപ്പെടലിനായി വീപ്പകള്‍ സംഭരണപ്പുരകളിലേക്ക്.

സംഭരണപ്പുരയുടെ അന്തരീക്ഷ സൂക്ഷ്മത, വീപ്പയുടെ ഇനവും വലിപ്പവും, പാകപ്പെടലിന്റെ വര്‍ഷങ്ങള്‍-എല്ലാം വിസ്‌കിയുടെ മേന്മയില്‍ നിര്‍ണ്ണായക ഘടകങ്ങളാണ്. വിസ്‌കി സ്‌കോച്ച് ആകണമെങ്കില്‍ വീപ്പ ഓക്കുതടിയിലുള്ളതായിരിക്കണം. മുന്‍പ് ഉപയോഗിച്ചു മെരുങ്ങിയ (മയങ്ങിയ) വീപ്പയെങ്കില്‍ കൂടുതല്‍ ഉത്തമം. ഓക്ക് തടിയാണ് വിസ്‌കിക്ക് അതിന്റെ സ്വര്‍ണ്ണഛായ നല്‍കുന്നത്. എല്ലാം ഗൈഡ് വിവരിക്കുന്നു, ഫലകങ്ങളില്‍ അവ ആകര്‍ഷകമായി കുറിച്ചിട്ടുമുണ്ട്.

ഇവിടെനിന്നുള്ള വിസ്‌കി 'ഗ്ലെന്‍കിന്‍ചി സിംഗിള്‍ മാള്‍ട്ട് വിസ്‌കി'യായി വില്‍ക്കപ്പെടുന്നു; ഒപ്പം, അതിന്റെ വലിയൊരു ഭാഗം ഡിയാജിയോയുടെ 'ജോണിവാക്കര്‍' ബ്രാന്റിലേക്കും കലരുന്നു: പലതരം വിസ്‌കികളുടെ സംയോജനത്തില്‍ തയ്യാറാക്കുന്ന ബ്ലെന്‍ഡഡ് വിസ്‌കികളിലേക്ക്. സ്‌കോട്ട്ലന്‍ഡിന്റെ സാംസ്‌കാരികസത്തയിലെ ഒരു പ്രധാന കലയായ വിസ്‌കി നിര്‍മ്മാണവുമായി, ആകര്‍ഷകമായ മുഖഛായയോടെ ഡിസ്റ്റിലറികള്‍ പലതുണ്ട്, ഈ പ്രദേശങ്ങളില്‍. 'താഴ്വര' (Glen) പദം ചേര്‍ത്ത് പേരുകളുള്ളവ അനവധിയുണ്ട്. ഗ്ലെന്‍ഫിഡിച്ച്, ഗ്ലെന്‍ലിവറ്റ്, ഗ്ലെന്‍ ആല്‍ബിന്‍, ഗ്ലെന്‍ മൊറെയ് എന്നിങ്ങനെ. വിസ്‌കി നിര്‍മ്മാണത്തില്‍ താഴ്വാരയരുവികളിലെ സംശുദ്ധജലത്തെ മാനിച്ചവരാവാം, ഇവര്‍.

ഗ്ലെന്‍കിന്‍ചിയുടെ വിശാലമായ ടേസ്റ്റിംഗ് മുറിയില്‍ പുഞ്ചിരിയോടെ ഗൈഡ് പ്രലോഭിപ്പിച്ചു, വിസ്‌കി രുചി നോക്കാന്‍. 'ഹൃദയം ചേര്‍ത്ത്' നുകരാനാണ് ക്ഷണം. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാണ് അനുമതി. 12 വര്‍ഷം പഴക്കമുള്ള വിസ്‌കി നുകര്‍ന്ന് മകളും ആ ഗന്ധരുചികളെ വാഴ്ത്തിയപ്പോള്‍ ഞാനും ചില്ലുചഷകം കയ്യിലെടുത്തു. തെല്ല് മധുരവും തെല്ല് വ്യഞ്ജന സുഗന്ധങ്ങളും അല്പം പുകഗന്ധവുമായി, 12 വര്‍ഷങ്ങളുടെ പാകതയില്‍ പാനീയം. ആചാരപരമായൊരു പാനകര്‍മ്മമെന്നോണം അതു നുകര്‍ന്നു. ഏതോ പുഷ്പ-ഫല ഗന്ധങ്ങളും പരിചിതമായ ഏതൊക്കെയോ വ്യഞ്ജനരുചികളും മേളിച്ചിരിക്കുന്നു.

ഹൃദയം ചേര്‍ത്തുള്ള പാചകത്തിന്റെ വിശിഷ്ടതപോലെ, ഹൃദയം ചേര്‍ത്തുള്ള പാനത്തിന്റെ വിശിഷ്ടതയുമോ! 'റാമെന്‍ ഗേള്‍' എന്ന ജപ്പാനീസ് സിനിമയില്‍ പേരുകേട്ട ഷോപ്പിലെ 'റാമെന്‍' സൂപ്പിന്റെ രുചിമഹിമയുടെ രഹസ്യം തേടി, പെണ്‍കുട്ടി. അവള്‍ അവിടെ സഹായിയായി കൂടി. ഒടുവിലൊടുവില്‍ വൃദ്ധ ആ രഹസ്യം അവള്‍ക്കു പറഞ്ഞുകൊടുക്കുന്നു: നീ ഹൃദയംകൊണ്ട് സൂപ്പ് പാകപ്പെടുത്തുക. ''കാരണം, നീ തയ്യാറാക്കുന്ന ഓരോ പാത്രം സൂപ്പും ഉപഭോക്താക്കള്‍ക്കുള്ള ഒരു സമ്മാനമാണ്. നീ നല്‍കുന്ന ആഹാരം അവരുടെ ഒരംശമായി മാറുകയാണ്.'' അതാണാ രഹസ്യം. ഹൃദയം ചേര്‍ക്കലാണ് ഏതു കര്‍മ്മത്തിനും കലയ്ക്കും വൈശിഷ്ട്യമേറ്റുക.

ഓക്കുവീപ്പയില്‍, പാകപ്പെടാനുള്ള കാത്തുകിടപ്പില്‍ വിസ്‌കിയുടെ തെല്ല് അംശം ബാഷ്പമായി വായുവില്‍ മറയുന്നു. 'മാലാഖമാരുടെ ഓഹരി' (Angel's Share) എന്നാണ് ഇതിനെ പറയുക. മാലാഖമാര്‍ അവരുടെ ഓഹരി പാനം ചെയ്യുകയാണെന്ന്. മരവീപ്പകളുടെ സൂക്ഷ്മ സുഷിരങ്ങളിലൂടെയാണ് ഈ അപ്രത്യക്ഷമാകല്‍. യവമദ്യം മരസുഷിരങ്ങളിലൂടെ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുമ്പോള്‍ അല്പം ബാഷ്പം പുറത്തുകടന്നു വായുവില്‍ കലരുന്നു. മാലാഖമാര്‍ വിസ്‌കി മോഷ്ടിക്കുകയാണെന്ന കളിപറച്ചിലും പ്രചാരത്തിലുണ്ട്.

വര്‍ഷംതോറും ഓരോ വീപ്പയില്‍നിന്നും രണ്ടു ശതമാനം വീതം എന്നാണ് ഗൈഡ് പറഞ്ഞത്. ഈ തോതുവച്ച് ഗ്ലെന്‍കിന്‍ചിയില്‍നിന്നു വര്‍ഷം തോറും മാലാഖമാര്‍ക്ക് അയക്കപ്പെടുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വിസ്‌കിയാണ്. ഉല്പാദനത്തിന്റെ അളവു വെച്ച് കൃത്യമായ കണക്കും അവര്‍ പറയുന്നു: വര്‍ഷം തോറും ഗ്ലെന്‍കിന്‍ചിയുടെ 90,000 ബോട്ടില്‍ വിസ്‌കി മാലാഖമാര്‍ക്ക്!

* പാന്‍സി: വേര്‍ഡ്‌സ്വര്‍ത്തിന്റെ Ode on Immortality യിലെ പൂവ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com