

നമ്മുടെ കഥ ആരംഭിക്കുന്നത് ഒരു ഹൈടെക് ജീനോമിക്‌സ് ലാബിൽ അല്ല, മറിച്ച് കാഴ്ചയ്ക്ക് അല്പം വിചിത്രമായ ‘സ്‌കർഫി’ എന്ന് വിളിക്കപ്പെടുന്ന ഒരു ചുണ്ടെലിയിലാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തുള്ള ‘മൻഹാട്ടൻ പ്രോജക്ടിന്റെ’ ഭാഗമായി ജനിതക പഠനത്തിനായി പരിപാലിച്ചുപോന്ന എലികളുടെ കോളനികളിൽ ‘സ്‌കർഫി’ രൂപഭാവമുള്ള, അതായത് പാടുകളുള്ള രോമങ്ങൾ, വീക്കം ബാധിച്ച ചർമം, വലുതായ ലിംഫ് നോഡുകൾ, വളരെ കുറഞ്ഞ ആയുസ്സ് - എന്നിങ്ങനെ ആൺ എലികൾ മാത്രം രോഗബാധിതരാവുന്ന ഒരു അപൂർവ മ്യൂട്ടന്റ് ഇനം ചുണ്ടെലികളെ ഗവേഷകർ വളരെക്കാലമായി ശ്രദ്ധിച്ചിരുന്നു. ഈ രോഗം ഗുരുതരമായ മനുഷ്യ ഓട്ടോഇമ്മ്യൂൺ സിൻഡ്രോമുകളുമായി വളരെ സാമ്യമുള്ളതായി കാണപ്പെട്ടു. എന്നിരുന്നാലും വർഷങ്ങളായി ഈ നാടകീയമായ രോഗപ്രതിരോധ തകർച്ചയ്ക്ക് കാരണമായ ജനിതക വൈകല്യം യഥാർത്ഥത്തിൽ എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. എങ്കിലും ഈ അപൂർവ ജനുസ്സിനു പിന്നിൽ കാര്യമായെന്തോ ഉണ്ടാകാം എന്ന കൗതുകംകൊണ്ട് ശാസ്ത്രജ്ഞർ അവയെ നിലനിർത്തിപ്പോന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1990-കളിൽ മേരി ബ്രങ്കോ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞ ഈ എലികളുടെ മ്യൂറ്റേഷനുകളെ കണ്ടുപിടിക്കാനും വിശകലനം ചെയ്യാനും മുതിർന്നപ്പോഴാണ് കഥയുടെ ദിശ മാറിയത്. തന്മാത്ര ജനിതക സാങ്കേതികതൾ ബാലാരിഷ്ടതയിലായിരുന്ന അക്കാലത്ത് തന്നെ ബ്രങ്കോ ആ മ്യൂട്ടേഷന്റെ കാരണമായ FOXP3 ജീനിനെ കണ്ടുപിടിച്ചു. സഹപ്രവർത്തകനും ഇമ്മ്യൂണോളജിസ്റ്റുമായ ഫ്രെഡ് റാംസ്ഡെൽ, അതെ ജീൻ തന്നെയാണ് ആൺകുട്ടികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ IPEX-നു കാരണമാകുന്നത് എന്ന് കണ്ടെത്തി. ഭൂഗോളത്തിന്റെ മറ്റൊരു ഭാഗത്ത് പ്രതിരോധശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ഷിമോൺ സകാഗുച്ചി താൻ കണ്ടുപിടിച്ച ട്രെഗ് (TREG) എന്ന നിയന്ത്രക പ്രതിരോധ കോശങ്ങളിലെ നിർണായക ഘടകം മേല്‍പ്പറഞ്ഞ FOXP3 ജീൻ തന്നെയാണെന്നും ട്രെഗ്ഗുകളുടെ സജീവപ്രവർത്തനം മൂലമാണ് സ്വന്തം കോശങ്ങളെ നമ്മുടെ തന്നെ രോഗപ്രതിരോധകോശ സേന ആക്രമിക്കാത്തത് എന്നും കണ്ടെത്തി. ഈ മൂന്നു വസ്തുതകളും ചേർത്ത് വായിക്കുമ്പോൾ ശാസ്ത്രലോകത്തിന് വെളിപ്പെട്ട പ്രതിഭാസമാണ് ‘പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ്’ എന്ന കണ്ടുപിടുത്തം; പിന്നീടുള്ളത് ചരിത്രമാണ്. പ്രതിരോധശാസ്ത്രത്തിലെ വാർപ്പുമാതൃകകളെ മാറ്റിനിർമിച്ചുകൊണ്ടുള്ള അറിവാണ് 2025-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനാർഹമായ ഈ കണ്ടെത്തൽ. ഈ കഥ തൽക്ഷണപ്രശസ്തിയുടേതല്ല, മറിച്ച് ശ്രദ്ധാപൂർവമായ നിരീക്ഷണത്തിന്റേയും അപ്രതീക്ഷിത കണ്ടെത്തലുകളുടേയും രണ്ട് പതിറ്റാണ്ടിലേറെയായി പക്വത പ്രാപിച്ച ഒരു ‘മാതൃകാ മാറ്റ’ത്തിന്റേയും കഥയാണ്
രോഗപ്രതിരോധ വ്യവസ്ഥ എന്ന സുരക്ഷാസേന
നമ്മുടെ ശരീരത്തെ നന്നായി സംരക്ഷിക്കപ്പെട്ട ഒരു രാഷ്ട്രമായി സങ്കല്പിക്കുക. ആക്രമണകാരികളെ അകറ്റിനിർത്താനും ആന്തരിക സമാധാനം നിലനിർത്താനും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജൻസിയും പ്രതിരോധ സേനയുമാണ് അതിന്റെ രോഗപ്രതിരോധ സംവിധാനം അഥവാ ഇമ്മ്യൂൺ സിസ്റ്റം. രോഗപ്രതിരോധ സംവിധാനത്തിന് രണ്ടു വിഭാഗങ്ങളാണുള്ളത്. സഹജ പ്രതിരോധവും (Innate immunity) ആർജിത പ്രതിരോധവും (Adaptive immunity). അതിർത്തി പട്രോളിംഗും മുന്നറിയിപ്പ് നൽകുന്ന റഡാറുകളും പോലെയാണ് സഹജ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്; അപരിചിതമായ എന്തും നിരന്തരം സ്‌കാൻ ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാരനായിരിക്കാൻ ഇടയുള്ള ഒരാളെ, ഒരു അണുവിനെ കണ്ടെത്തുന്ന നിമിഷം അത് വേഗത്തിലും വ്യാപകമായും പ്രതികരിക്കുന്നു - അതിർത്തിയിൽ പെട്ടെന്ന് ഒരു ലംഘനം ഉണ്ടായാൽ തടയാൻ പായുന്ന റാപിഡ് റെസ്‌പോൺസ് ടീമിനെപ്പോലെ!
മറുവശത്ത് അഡാപ്റ്റീവ്/അക്വയേർഡ്/ആർജിത രോഗപ്രതിരോധ സംവിധാനം, ഉയർന്ന പരിശീലനം ലഭിച്ച പ്രത്യേക സേനകളുടെ ഒരു സംഘത്തെപ്പോലെയാണ്. ആക്രമണകാരിയുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഈ വിഭാഗം ലക്ഷ്യവേധിയായ ആക്രമണം നടത്തുന്നു, പ്രത്യേകം തയ്യാറാക്കപ്പെട്ട ആയുധങ്ങൾ വിന്യസിക്കുകയും പ്രധാനമായും ഭാവിയിലേക്കുള്ള വിശദമായ ‘ഇന്റലിജൻസ് ഫയലുകൾ’ സൂക്ഷിക്കുകയും ചെയ്യുന്നു. അതേ ശത്രു വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ, പ്രതികരണം വേഗതയേറിയതും മികച്ചതും കൂടുതൽ കാര്യക്ഷമവുമാണ്. ഈ ശക്തമായ പ്രതിരോധം രാജ്യത്തിന്റെ സ്വന്തം പൗരന്മാരെ -അതായത് ശരീരത്തിന്റെ കലകളെ - അബദ്ധത്തില്‍പോലും തെറ്റായി ലക്ഷ്യം വയ്ക്കുന്നില്ലെന്ന് മേൽനോട്ട യൂണിറ്റുകൾ ഉറപ്പാക്കുന്നു - ‘ഫ്രണ്ട്‌ലി ഫയർ’ തടയുന്നു. പലതരത്തിലും കാര്യപ്രാപ്തിയുള്ള ഈ സേനകൾ ഒരുമിച്ച് ചലനാത്മകവും പലപ്പോഴും പ്രവചനാതീതവുമായ ഒരു സൂക്ഷ്മജീവലോകത്ത് ശരീരത്തെ സുരക്ഷിതമായി നിലനിർത്തുന്നു. കഥപോലെ പറഞ്ഞുപോയെങ്കിലും നമ്മുടെ ഈ പ്രതിരോധസേനയുടെ ചിട്ടകളുടേയും ആക്രമണ പ്രതിരോധരീതികളുടേയും ആയുധങ്ങളുടേയും അവയുടെ പരിപാലനക്രമങ്ങളുടേയും ഉള്ളുകള്ളികൾ വളരെ സങ്കീർണമാണ് പ്രത്യേകിച്ച്, മാറുന്ന പരിസരങ്ങളോട് ഏറ്റുകൊണ്ടുള്ള ജീവനുള്ള സുരക്ഷാപദ്ധതിയുടേതാകുമ്പോൾ. ഉദാഹരണത്തിന്, അബദ്ധത്തിൽ സ്വന്തം പാളയത്തിലെ സൈനികന് വെടിയേറ്റ് പോയാലോ, മേൽപ്പറഞ്ഞ ‘ഫ്രണ്ട്‌ലി ഫയർ’ എന്ന ഉപമ പോലെ? ഇത് സൈന്യത്തിനു പകരം പ്രതിരോധ വ്യവസ്ഥയിലാകുമ്പോൾ ഒരാളുടെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന ‘ഓട്ടോ ഇമ്മ്യൂണിറ്റി’ എന്ന അവസ്ഥയായി മാറും. സിസ്റ്റമിക് ലൂപസ് എരിതിമാറ്റോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, സോറിയാസിസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത് കൂടാതെ കാൻസർ തുടങ്ങി പല രോഗങ്ങൾ ഉണ്ടാക്കുന്നതിലും പ്രതിരോധ വ്യവസ്ഥയുടെ ഇത്തരം ചില അപഭ്രംശങ്ങളാണുള്ളത്.
ഇത്ര സങ്കീർണമായൊരു വ്യവസ്ഥയുടെ ഓരോ തന്മാത്രാ പ്രവർത്തനവും അവ തമ്മിലുള്ള ബന്ധങ്ങളും അറിഞ്ഞാൽ സഹജ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ നമുക്ക് പല മാരകരോഗങ്ങളിൽനിന്നും മനുഷ്യരേയും മറ്റു ജീവികളേയും രക്ഷിക്കാനാകും.
നൊബേൽ സമ്മാനാർഹമായ രോഗപ്രതിരോധ വ്യവസ്ഥയിലെ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പറയുന്നതിന് മുൻപ്, രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ച് അവശ്യം അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.
നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ അഥവാ രോഗപ്രതിരോധ സംവിധാനം അഥവാ ഇമ്മ്യൂൺ സിസ്റ്റം, ദശലക്ഷക്കണക്കിനു വർഷങ്ങളുടെ പരിണാമഫലമായ ഒരു മാസ്റ്റർപീസാണ്. ശരീരത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് ഓരോ നിമിഷവും ഈ സംവിധാനം നമ്മെ സംരക്ഷിക്കുന്നുണ്ട്. ശരീരത്തെ പകർച്ചവ്യാധികളിൽനിന്ന് സംരക്ഷിക്കുന്നതിനും ‘സ്വയം സഹിഷ്ണുത’ (self tolerance) നിലനിർത്തുന്നതിനും രൂപകല്പന ചെയ്തിട്ടുള്ള കോശങ്ങൾ, കലകൾ, തന്മാത്രകൾ എന്നിവയുടെ വളരെ ഏകോപിതമായ ഒരു ശൃംഖലയാണ് ഇത്.
അതിന്റെ പ്രാഥമിക പ്രവർത്തനങ്ങളിൽ തിരിച്ചറിയൽ, പ്രതികരണം, നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. ഒന്നാമതായി, അത് സ്വന്തം/സ്വന്തമല്ലാത്തത് എന്നീ നിലകളിൽ കോശങ്ങളെ കൃത്യമായി തിരിച്ചറിയണം (വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ, പരാദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധതരം രോഗകാരികളേയും സ്വന്തം കോശങ്ങളേയും ഒക്കെ തമ്മിൽ തിരിച്ചറിയണം). എന്നാൽ, പല രോഗാണുക്കളും അവയുടെ നിലനില്‍പ്പിനുവേണ്ടി നമ്മുടെ കോശങ്ങളെ അനുകരിച്ചുള്ള രൂപഭാവങ്ങൾ കൈക്കൊള്ളാറുണ്ട്. സ്വന്തം കോശങ്ങളേയും നുഴഞ്ഞുകയറ്റക്കാരായ രോഗാണുക്കളേയും തമ്മിൽ നമ്മുടെ പ്രതിരോധവ്യൂഹം എങ്ങനെയാണ് തിരിച്ചറിയുക? ശത്രുകോശമെന്നു കരുതി സ്വന്തം കോശങ്ങളെ നമ്മുടെ തന്നെ കാവൽഭടന്മാർ ആക്രമിച്ചാലോ? എങ്കിൽ അതൊരു ഇമ്മ്യൂണിറ്റി രോഗങ്ങളുടെ ഭീകര അരാജകാവസ്ഥയാവുകയില്ലേ. ഭാഗ്യത്തിന് അങ്ങനെ സംഭവിക്കുന്നില്ല, അതിനുള്ള കാരണമാണ് ഈ കഥയിലെ പ്രധാന കാര്യം!
രണ്ടാമതായി, മറ്റ് ധവളരക്താണുക്കളുടെ പ്രവർത്തനം, ആന്റിബോഡികൾ എന്ന പ്രതിരോധ തന്മാത്രകളുടെ ഉല്പാദനം തുടങ്ങിയ സംവിധാനങ്ങളിലൂടെ ഈ ഭീഷണികളെ നേരിടുകയും മാത്രമല്ല, ഇത്തരം ഏറ്റുമുട്ടലുകൾകൊണ്ട് ശരീരത്തിന് അധികം വ്യയം ഉണ്ടാവാത്തവിധം പ്രവർത്തനങ്ങളെ മിതപ്പെടുത്തുകയും ചെയ്യുന്നു.
ആർജിത പ്രതിരോധവും ബി & ടി പ്രതിരോധ കോശങ്ങളും
രോഗപ്രതിരോധ സംവിധാനം സഹജമെന്നും ആർജിതമെന്നും പരസ്പരപൂരകമായ രണ്ടുരീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ സഹജ(innate)സംവിധാനം, തന്മാത്രാ തടസ്സങ്ങൾ, രോഗാണുഭക്ഷകരായ കോശങ്ങൾ, നാച്ചുറൽ കില്ലർ കോശങ്ങൾ, പാറ്റേൺ-റെക്കഗ്‌നിഷൻ റിസപ്റ്ററുകൾ എന്നിവയിലൂടെ ഉടനടി പ്രതിരോധം നൽകുന്നു. ഇത് ഇൻഫ്ലമേഷൻ അഥവാ വീക്കം വരാതെ നോക്കുകയും അടുത്ത ലെവലായ ആർജിത പ്രതിരോധ വിഭാഗത്തെ വിവരമറിയിക്കുകയും ചെയ്യുന്നു. അഡാപ്റ്റീവ് അഥവാ ആർജിത രോഗപ്രതിരോധ സംവിധാനത്തിൽ രണ്ട് പ്രധാന കളിക്കാരാണുള്ളത് ബി കോശങ്ങളും ടി കോശങ്ങളും. രണ്ടും അസ്ഥിമജ്ജയിൽ ഉല്‍ഭവിക്കുന്നു, പിന്നീട് വെവ്വേറെ പാതകളിൽ നീങ്ങുന്നു. ആർജിത രോഗപ്രതിരോധ സംവിധാനം ഒരല്പം സാവധാനത്തിലാണ് നടപടികൾ സ്വീകരിക്കുക, എന്നാൽ വളരെ നിർദിഷ്ടവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സംരക്ഷണം നൽകുന്നു.
ബി കോശങ്ങൾ അസ്ഥിമജ്ജയിൽ പക്വത പ്രാപിക്കുന്ന, ശരീരത്തിന്റെ ആന്റിബോഡി ഫാക്ടറികളാണ്. അവ രോഗകാരികളെ നിർവീര്യമാക്കാനും ദീർഘകാല രോഗപ്രതിരോധ മെമ്മറി നൽകാനും കഴിയുന്ന നിർദിഷ്ട ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു - അല്ല, ഈ പ്രതിരോധ വ്യവസ്ഥയ്ക്ക് ‘ഓർമ’യുണ്ടോ? തമാശയല്ല, ഓർമകൾ ഉണ്ട്. അഡാപ്റ്റീവ് പ്രതിരോധ ശേഷിയുടെ മുഖമുദ്രയായ ഇമ്മ്യൂണോളജിക്കൽ മെമ്മറി, ഒരേ രോഗകാരിയുമായി വീണ്ടും സമ്പർക്കത്തിലാവുമ്പോൾ വേഗതയേറിയതും ശക്തവുമായ പ്രതികരണം ഉറപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾ ഒരുമിച്ച്, ശരീരത്തെ അണുബാധയിൽനിന്ന് സംരക്ഷിക്കാൻ മാത്രമല്ല, കലകളുടേയും പേശികളുടേയും സമഗ്രത നിലനിർത്താനും സഹിഷ്ണുത നിയന്ത്രിക്കാനും പ്രതിരോധവും ആന്തരിക സംതുലനവും ഉറപ്പാക്കാനും പ്രാപ്തമാക്കുന്നുണ്ട്. ഒരിക്കൽ ചിക്കൻപോക്‌സ് വന്നാൽ വീണ്ടും വരാതിരിക്കുന്നതും വാക്‌സിനേഷൻകൊണ്ട് രോഗങ്ങളെ തടയാനാവുന്നതും ഈ ഇമ്മ്യൂണോളജിക്കൽ ഓർമയുടെ പ്രയോഗങ്ങളാണ്.
ടി കോശങ്ങൾ, നെഞ്ചെല്ലിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയായ തൈമസിലേക്ക് കുടിയേറുന്നു - അവിടെ അവ സ്വന്തം ശരീരത്തിന്റേതും അല്ലാത്തതും എന്താണെന്ന് തിരിച്ചറിയാൻ കർശനമായ ‘പരിശീലനത്തിന്’ വിധേയമാകുന്നു. അവിടെവച്ചാണ് സെൻട്രൽ ഇമ്മ്യുണോ ടോളറൻസ് ഉറപ്പാക്കപ്പെടുന്നത്. ആഭ്യന്തര കലഹക്കാർ ആയി തിരിച്ചറിയപ്പെടുന്ന ടി കോശങ്ങൾ അപ്പോൾ തന്നെ നിർമാർജനം ചെയ്യപ്പെടും.
പൂർണ വളർച്ചയെത്തിയ ടി കോശങ്ങൾ പ്രത്യേക വിഭാഗങ്ങളായി വേർതിരിക്കപ്പെടുന്നു. (CD അഥവാ ‘ക്ലസ്റ്റർ ഓഫ് ഡിഫറൻഷ്യേഷൻ’ എന്നത് പ്രതിരോധ കോശങ്ങളെ തിരിച്ചറിയാനും വർഗീകരിക്കാനും ഉപയോഗിക്കുന്ന ഒരു കോശ ഉപരിതല തന്മാത്രയാണ്).
ഹെൽപ്പർ ടി കോശങ്ങൾ (CD4?) ഫീൽഡ് കമാൻഡർമാരെപ്പോലെ പ്രവർത്തിച്ച് മറ്റ് രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സൈറ്റോടോക്‌സിക് ടി കോശങ്ങൾ (CD8?) വിദഗ്ദ്ധ സൈനികരായി പ്രവർത്തിച്ച് രോഗബാധിതമോ അസാധാരണമോ ആയ കോശങ്ങളെ നേരിട്ട് കൊല്ലുന്നു. മെമ്മറി ടി കോശങ്ങൾ ദീർഘകാല കാവൽക്കാരായി പ്രവർത്തിച്ച് മുൻകാല അണുബാധകളെക്കുറിച്ചുള്ള അറിവ് സംരക്ഷിക്കുന്നു.
പിന്നെയുള്ളത് റെഗുലേറ്ററി ടി കോശങ്ങൾ (ട്രെഗ്‌സ്) -ഇവർ സമാധാനപാലകരാണ്, രോഗപ്രതിരോധ പ്രതികരണങ്ങൾ അതിരുകടന്ന് ശരീരത്തിന്റെ സ്വന്തം കലകളെ തെറ്റായി ലക്ഷ്യം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.
ബി, ടി കോശങ്ങൾക്കപ്പുറം, രോഗപ്രതിരോധ സംവിധാനത്തിൽ ഡെൻഡ്രിറ്റിക് സെല്ലുകൾ, മാക്രോഫേജുകൾ ഗ്രാനുലോസൈറ്റുകൾ, നാച്ചുറൽ കില്ലർ സെല്ലുകൾ എന്നിങ്ങനെ മറ്റ് നിരവധി കോശങ്ങളും ഉണ്ട് കേട്ടോ. ഒരുമിച്ച്, ഈ കോശസൈന്യം അടിയന്തര ശ്രദ്ധയും ദീർഘകാല സംരക്ഷണവും നൽകുന്നു.
എന്താണീ പെരിഫെറൽ ടോളറൻസ്?
സ്വന്തം കോശങ്ങളേയും അന്യകോശങ്ങളേയും വിവേചിച്ചറിയുന്നതിന് (പ്രതിരോധ സഹിഷ്‌ണുത എന്ന് പറയാം) ഇമ്മ്യൂൺ വ്യവസ്ഥയിൽ രണ്ടു ചെക്ക് പോയിന്റുകളുണ്ട്, അവ പരസ്പരപൂരകങ്ങളുമാണ്. സെൻട്രൽ ടോളറൻസ് എന്നും പെരിഫറൽ ടോളറൻസ് എന്നും അറിയപ്പെടുന്ന ഇവ ഒരുമിച്ച് സ്വയം നാശം (കോശങ്ങൾ തമ്മിലുള്ള തൊഴുത്തിൽക്കുത്ത്) ഒഴിവാക്കിക്കൊണ്ട് പ്രതിരോധ സംവിധാനത്തിന് രോഗകാരികൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ടി ലിംഫോസൈറ്റുകൾക്കായി തൈമസിലും ബി ലിംഫോസൈറ്റുകൾക്കായി അസ്ഥിമജ്ജയിലും സ്ഥാപിച്ചിരിക്കുന്ന സെൻട്രൽ ടോളറൻസ്, ലിംഫോസൈറ്റ് വികസന സമയത്ത് തന്നെ പ്രവർത്തിക്കുന്നു. സെൻട്രൽ ടോളറൻസ് ആത്യന്തികമായി അപൂർണമാണ്: അതായത് അപകടകരമാകാനിടയുള്ള സ്വന്തം ആന്റിജൻ തന്മാത്രകൾ എല്ലാം തന്നെ പ്രാഥമിക ലിംഫോയിഡ് അവയവങ്ങളിൽ പിടിക്കപ്പെടുന്നില്ല, കൂടാതെ ചില ഓട്ടോറിയാക്ടീവ് സെല്ലുകൾ അനിവാര്യമായും ആന്തരിക ചുറ്റുപാടുകളിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് പെരിഫറൽ ടോളറൻസ് എന്ന രണ്ടാമത്തെ കർശനമായ ചെക്ക്‌പോയിന്റിന്റെ പ്രസക്തി. ഈ സന്നാഹം, മേൽപ്പറഞ്ഞ ഒളിച്ചോടിയ അക്രമികോശങ്ങളെ നിർജീവമാക്കാനോ നിയന്ത്രിക്കാനോ ദ്വിതീയ ലിംഫോയിഡ് അവയവങ്ങളിലും പെരിഫറൽ ടിഷ്യൂകളിലും പ്രവർത്തിക്കുന്നു. അതായത് പല ഉപായങ്ങൾ ഉപയോഗിച്ച് ആഭ്യന്തരപ്പോരാളികളായ കോശങ്ങളെ പിടികൂടി നിർവീര്യമാക്കുന്നു. ഇതിൽ ഏറ്റവും നിർണായകമായത് - CD4? CD25? FOXP3? എന്ന ഫിനോടൈപ്പ് സ്വഭാവമുള്ള റെഗുലേറ്ററി ടി സെല്ലുകൾ (ട്രെഗ്‌സ്) വഴി സജീവമായി വേർതിരിച്ച് നിർമാർജ ചെയ്യുന്ന പ്രക്രിയയാണ്. ഇപ്രകാരം സെൻട്രൽ, പെരിഫറൽ ചെക്ക്പോസ്റ്റുകളുടെ സഹവർത്തിത്വം കാരണമാണ് നമ്മളിൽ കാര്യക്ഷമമായ സ്വയം സഹിഷ്‌ണുത നിലനിൽക്കുന്നത്. സെൻട്രൽ ടോളറൻസ് സ്വയം-പ്രതിപ്രവർത്തന കോശങ്ങളുടെ ഉല്പാദനം കുറയ്ക്കുമ്പോൾ, പെരിഫറൽ ടോളറൻസ് ജീവിതത്തിലുടനീളം രോഗപ്രതിരോധ സന്തുലിതാവസ്ഥ നിലനിർത്തുന്നു, സംരക്ഷണ പ്രതിരോധശേഷിയിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ, കോശങ്ങളുടെ ആഭ്യന്തര ഏറ്റുമുട്ടൽ തടയുന്നു.
ആദ്യകാല സൂചനകളും നിഗൂഢതകൾ നിറഞ്ഞ ‘സ്‌കർഫി’ എലിയും
രോഗപ്രതിരോധ സഹിഷ്ണുതയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നു:
ദശലക്ഷക്കണക്കിന് കോശങ്ങൾ അച്ചടക്കമുള്ള കാവൽക്കാരെപ്പോലെ ശരീരത്തിൽ പട്രോളിംഗ് നടത്തുന്ന രോഗപ്രതിരോധ വ്യവസ്ഥയുടെ സങ്കീർണമായ ലോകത്ത്, ഏറ്റവും വലിയ കടങ്കഥകളിൽ ഒന്ന് ഇതാണ്: രോഗപ്രതിരോധ സംവിധാനം സുഹൃത്തിനേയും ശത്രുവിനേയും എങ്ങനെ വേർതിരിക്കുന്നു? ഇത് വെറുമൊരു അക്കാദമിക് ജിജ്ഞാസയല്ല. ഈ വിവേചനം ആർജിക്കാൻ പ്രതിരോധ കോശങ്ങൾ പരാജയപ്പെടുകയോ ക്രമത്തിലധികമാവുകയോ ചെയ്യുമ്പോഴാണ് ഓട്ടോ ഇമ്മ്യൂണിറ്റി, അവയവമാറ്റത്തെ ശരീരം തിരസ്‌കരിക്കുന്നത്, അലർജികൾ, കാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥകൾ സംജാതമാകുന്നത്.
പതിറ്റാണ്ടുകളായി, ശാസ്ത്രജ്ഞർ രോഗപ്രതിരോധ സംവിധാനത്തിന്റെ രീതിശാസ്ത്രങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിലും അവയുടെ അതിന്റെ സങ്കീർണനിയമങ്ങൾ അത്രകണ്ട് വ്യക്തമായിരുന്നില്ല. സ്വന്തം ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് രോഗപ്രതിരോധ സംവിധാനത്തെ വിലക്കിയില്ലെങ്കിൽ. കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തതുപോലെയോ അതിലും മാരകമായ അവസ്ഥയോ ആകും. ആ വിലക്കിന്റെ അഥവാ നിയന്ത്രണത്തിന്റെ ഉറവിടം എവിടെയാണ് ?
1990-കളുടെ അവസാനത്തിൽ, സിയാറ്റിലിലെ ഇമ്മ്യൂണെക്‌സ് കോർപറേഷനിൽ ജോലി ചെയ്തിരുന്ന പ്രതിഭാധനയായ ജനിതകശാസ്ത്രജ്ഞയായ മേരി ബ്രങ്കോ സ്‌കർഫി ചുണ്ടെലികളെ സൂക്ഷ്മമായി പരിശോധിച്ചു. ഇന്നത്തേതുപോലെ വേഗത്തിലുള്ള മുഴുവൻ-ജീനോം സീക്വൻസിംഗിന് മുന്‍പുള്ള കാലമാണ്. മന്ദഗതിയിലുള്ളതും സൂക്ഷ്മവും എന്നാൽ കഠിനവുമായ പ്രക്രിയയായ പൊസിഷണൽ ക്ലോണിംഗിലൂടെ - അവർ X ക്രോമസോമിൽ മുന്‍പ് പഠിക്കപ്പെടാത്ത, ചെയ്യാത്ത ഒരു ജീനിൽ എത്തിച്ചേർന്നു. സ്‌കർഫി ചുണ്ടെലിയിൽ ഉള്ള മ്യൂട്ടേഷൻ, FOXP3 (ഫോർക്ക്‌ഹെഡ് ബോക്‌സ് P3) എന്നറിയപ്പെടുന്ന ഒരു ട്രാൻസ്‌ക്രിപ്ഷൻ ഘടകത്തെ തടസ്സപ്പെടുത്തി എന്ന് അവർ കണ്ടെത്തി. 2001-ൽ ബ്രങ്കോവിന്റെ നേച്ചർ ജനറ്റിക്‌സ് പ്രബന്ധം, പ്രവർത്തനക്ഷമമായ FOXP3 ഇല്ലാത്ത ആൺ എലികളിൽ അനിയന്ത്രിതമായ ലിംഫോസൈറ്റ് ആക്ടിവേഷനും വ്യാപകമായ ഓട്ടോ ഇമ്മ്യൂണിറ്റിയും (അതായത് സ്‌കർഫി മ്യൂട്ടേഷന്റെ ലക്ഷണങ്ങൾ) ഉണ്ടായതായി കാണിച്ചു.
ഏകദേശം അതേ സമയത്ത്, അതേ സ്ഥാപനത്തിലെ ഒരു രോഗപ്രതിരോധ ശാസ്ത്രജ്ഞനായ ഫ്രെഡ് റാംസ്ഡെൽ, IPEX സിൻഡ്രോം (ഇമ്മ്യൂൺ ഡിസ്റെഗുലേഷൻ, പോളിഎൻഡോക്രിനോപ്പതി, എന്ററോപ്പതി, എക്‌സ്-ലിങ്ക്ഡ്) ബാധിച്ച മനുഷ്യരോഗികളുടെ അവസ്ഥയെ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. ഇത് ആൺകുട്ടികളിൽ കാണപ്പെടുന്ന അപൂർവവും വിനാശകരവുമായ ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ്. FOXP3 ജീനിലെ മ്യൂട്ടേഷനുകളാണ് ഈ മാരകമായ രോഗത്തിനു പിന്നിലെന്ന് അദ്ദേഹവും സംഘവും കണ്ടെത്തി. ചുണ്ടെലികളിലും മനുഷ്യരിലും FOXP3 ജീനിലെ മ്യൂട്ടേഷൻ ഗുരുതരമായ ഓട്ടോ ഇമ്മ്യൂൺ ആഘാതങ്ങളുണ്ടാക്കുന്നു എന്നത് വളരെ ശ്രദ്ധേയമായിരുന്നു. FOXP3 വ്യക്തമായും മറ്റൊരു ട്രാൻസ്‌ക്രിപ്ഷൻ ഘടകം (ജനിതക പകർത്തെഴുത്ത് ഘടകം) മാത്രമായിരുന്നില്ല - അത് രോഗപ്രതിരോധ സ്വയം സഹിഷ്‌ണുതയുടെ (സെൽഫ് ടോളറൻസ്) ഒരു മാസ്റ്റർ റെഗുലേറ്റർ അഥവാ പ്രധാന നിയന്ത്രകം ആയിരുന്നു. എന്നിട്ടും ഈ ജനിതക വെളിപ്പെടുത്തലോടെ പോലും ഒരു പ്രധാന ചോദ്യം അവശേഷിച്ചു: രോഗപ്രതിരോധ വ്യവസ്ഥയിൽ FOXP3 യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്?
സകാഗുച്ചിയും റെഗുലേറ്ററി ടി സെല്ലുകളുടെ ഉദയവും
ആ ചോദ്യത്തിന്റെ ഉത്തരം അപ്പോഴേക്ക് മറ്റൊരിടത്ത് വെളിപ്പെട്ടുവരുന്നുണ്ടായിരുന്നു! 1990-കളുടെ മധ്യത്തിൽ, ജപ്പാനിൽ ഗവേഷണം ചെയ്തിരുന്ന ശാസ്ത്രജ്ഞൻ ഷിമോൺ സകാഗുച്ചി ഒരു അമ്പരപ്പിക്കുന്ന നിരീക്ഷണം നടത്തി: എലികളിൽനിന്ന് CD25 പ്രകടിപ്പിക്കുന്ന CD4? T കോശങ്ങളുടെ ഒരു ചെറിയ കൂട്ടം അദ്ദേഹം നീക്കം ചെയ്തപ്പോൾ, അവയ്ക്ക് ഗുരുതരമായ ഓട്ടോ ഇമ്മ്യൂൺ രോഗം ഉണ്ടായി. എണ്ണത്തിൽ കുറവാണെങ്കിലും ഈ CD25 CD4? T കോശങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന്റെ, ‘സ്വന്തം കോശങ്ങളെ നശിപ്പിക്കൽ’ (Auto Immune) പ്രവണതകളെ തടഞ്ഞുനിർത്തുന്നതായി നിരീക്ഷിച്ചു. അദ്ദേഹം അവയെ റെഗുലേറ്ററി ടി സെല്ലുകൾ (ട്രെഗ്‌സ്) എന്ന് വിളിച്ചു. ആക്രമണകാരികളെ ആക്രമിക്കുക എന്നതിലല്ല, മറിച്ച് പ്രതിരോധവ്യവസ്ഥയുടെ ആത്മഹത്യാപരമായ അല്ലെങ്കിൽ സ്വന്തം കോശങ്ങളെ ആക്രമിക്കാനുള്ള പ്രവണതയെ നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രം ഏർപ്പെടുത്തിയിട്ടുള്ള ടി സെല്ലുകളുടെ ഒരു പ്രത്യേക പരമ്പര തന്നെ നിലവിലുണ്ടെന്ന ആശയം 1995, 1997-ലെ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
നിരവധി വർഷങ്ങളായി ഈ ആശയം വിവാദമായി തുടർന്നു. ചിലർ ഈ കോശങ്ങൾ വേഷംമാറി സജീവമാക്കപ്പെട്ട ഇഫക്‌റ്റർ കോശങ്ങളാണെന്ന് കരുതി. മറ്റുള്ളവർ അവയുടെ നിലനിൽപ്പിനെ തന്നെ സംശയിച്ചു. FOXP3 മ്യൂട്ടേഷൻ കഥ വരുന്നതുവരെ ട്രെഗുകളെ വ്യക്തമായി നിർവചിക്കാൻ കഴിയുന്ന ഒരു തന്മാത്രാ മാർക്കർ അഥവാ വിശ്വസനീയമായ അടയാളം ഈ രംഗത്ത് ഇല്ലായിരുന്നു.
FOXP3, റെഗുലേറ്ററി ടി കോശങ്ങളിൽ പ്രത്യേകം പ്രകടമാണെന്നും അവയുടെ വികസനത്തിനും നിയന്ത്രക പ്രവർത്തനത്തിനും FOXP3 അത്യന്താപേക്ഷിതമാണെന്നും സകാഗുച്ചിയും സംഘവും ഉടൻ തന്നെ സമഗ്രമായ പരീക്ഷണങ്ങളാൽ തെളിയിച്ചു. FOXP3 ഇല്ലാത്ത എലികളിൽ, ട്രെഗുകൾ വികസിക്കുന്നതിൽ പരാജയപ്പെട്ടു, രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ടുപോയി. സാധാരണ ടി കോശങ്ങളിലേക്ക് FOXP3 ജനിതക എന്‍ജിനീയറിംഗ് വഴി കടത്തിവിടുന്നത് അവയെ നിയന്ത്രണ കോശങ്ങളാക്കി (ട്രെഗ്) മാറ്റി; ഇതായിരുന്നു നമുക്കറിയേണ്ട ഉത്തരം. രോഗപ്രതിരോധ സംവിധാനത്തിന്റെ സമാധാനപാലന ശക്തിയെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്ത ജനിതക താക്കോൽ FOXP3 ആയിരുന്നു!
മൗസിൽനിന്ന് മെക്കാനിസത്തിലേക്ക്
ബ്രങ്കോ, റാംസ്ഡെൽ (ജീൻ മ്യൂട്ടേഷൻ), സകാഗുച്ചി (ട്രെഗ് കോശങ്ങളുടെ പ്രവർത്തനം) എന്നിവരുടെ കണ്ടെത്തലുകൾ, - ജനിതകശാസ്ത്രവും രോഗപ്രതിരോധശാസ്ത്രവും എന്നീ വ്യത്യസ്ത ദിശകളിൽ നിന്നാണ് വന്നത് എന്നാൽ ഒരു ജിഗ്സാ പസിലിന്റെ കഷണങ്ങൾപോലെ പരസ്പരം കൂടിച്ചേർന്നു. സ്‌കർഫി മൗസ് മ്യൂട്ടേഷനിൽനിന്ന് FOXP3 ജീൻ വെളിപ്പെടുത്തപ്പെട്ടു; IPEX രോഗികൾ അതിന്റെ ക്ലിനിക്കൽ പ്രാധാന്യം സ്ഥിരീകരിച്ചു; റെഗുലേറ്ററി ടി സെൽ പഠനങ്ങൾ ജൈവിക പങ്ക് വിശദീകരിച്ചു. ഈ കണ്ടെത്തലുകൾ ഒരുമിച്ച് ചേർന്നപ്പോഴാണ് പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ് എന്നത് ആശയമല്ല തുടർന്നുകൊണ്ടേയിരിക്കുന്ന പ്രതിരോധന സമാധാന പാലന പ്രക്രിയയാണെന്ന് തെളിഞ്ഞുവന്നത്. എത്രയും അടിസ്ഥാനപരവും അത്രതന്നെ പ്രായോഗിക സമീപനങ്ങൾക്കുതകുന്നതുമായ കണ്ടുപിടിത്തങ്ങളുടെ സമന്വയമാണിത്.
തൈമസിൽ സംഭവിക്കുന്ന സെൻട്രൽ ടോളറൻസ്, ഓട്ടോ ഇമ്മ്യൂൺ പ്രവണതയുള്ള ടി കോശങ്ങളെ അവയുടെ വികസനത്തിന്റെ പ്രാരംഭഘട്ടത്തിൽതന്നെ ഇല്ലാതാക്കുന്നു. എന്നാൽ - ചില ഓട്ടോറിയാക്ടീവ് കോശങ്ങൾ രക്ഷപ്പെടുന്നുമുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇക്കാര്യത്തിൽ നഞ്ചെന്തിന് നാനാഴി എന്ന് പറഞ്ഞതുപോലെയാണ്. ഇമ്മ്യൂൺ റീയാക്‌റ്റിവിറ്റിയുടെ പടക്കക്കടയ്ക്കു തീയിടാൻ തലതിരിഞ്ഞ ഒരു ഓട്ടോ ഇമ്മ്യൂൺ ടി കോശം മതിയാകും. അതാണ് ഇനിയൊരു ചെക്ക്‌പോയിന്റിന്റെ പ്രസക്തി, FOXP3? റെഗുലേറ്ററി ടി സെല്ലുകൾ മധ്യസ്ഥത വഹിക്കുന്ന പെരിഫറൽ ടോളറൻസ്, തൈമസിന് പുറത്തുള്ള രണ്ടാമത്തെ, നിർണായക ചെക്ക്പോയിന്റായി വർത്തിക്കുന്നു, ശരീരത്തിന്റെ ടിഷ്യൂകളിലെ രോഗപ്രതിരോധ പ്രതികരണങ്ങളെ തുടർച്ചയായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇവ എല്ലാ അവയവ വ്യവസ്ഥകളിലും റോന്തുചുറ്റി കാവൽജോലി ചെയ്യുന്നുണ്ട്.
FOXP3 മ്യൂട്ടേറ്റ് ചെയ്യപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ, ഈ പെരിഫറൽ റെഗുലേറ്ററി അഥവാ നിയന്ത്രകപാളി തകരുന്നു, ഇത് അനിയന്ത്രിതമായ ‘സ്വന്തം കോശങ്ങളെ ആക്രമിക്കലിനും’ അങ്ങനെ ഓട്ടോ ഇമ്മ്യൂണിറ്റിക്കും കാരണമാകുന്നു.
ശരീരത്തിന്റെ പ്രതിരോധശാസ്ത്രത്തിലെ ലബ്‌ധപ്രതിഷ്ഠമായ ഒരു മാതൃകയാണ് ഈ കണ്ടുപിടിത്തങ്ങളുടെ സമന്വയത്തിലൂടെ മാറ്റി എഴുതപ്പെട്ടത്. രോഗപ്രതിരോധ ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത് തൈമസിലെ സ്വയം-പ്രതിപ്രവർത്തന കോശങ്ങളെ ഇല്ലാതാക്കുകയോ നിർജീവമാക്കുകയോ ചെയ്യുന്നതിലൂടെയാണ് സഹിഷ്‌ണുത അഥവാ ടോളറൻസ് പ്രധാനമായും സ്ഥാപിക്കപ്പെടുന്നത് എന്നായിരുന്നു. FOXP3, TREGS എന്നിവയുടെ കണ്ടെത്തൽ, രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ആശയപരമായ ചട്ടക്കൂടിനെ അടിസ്ഥാനപരമായി പരിഷ്‌കരിച്ചുകൊണ്ട്, ട്രെഗ് കോശങ്ങളുടെ ഒരു സമർപ്പിത പരമ്പരയിലൂടെ സഹിഷ്‌ണുത സജീവമായും തുടർച്ചയായും നടപ്പിലാക്കപ്പെടുന്നു എന്ന് കാണിച്ചു.
പതിയെ എത്തിയ അംഗീകാരം, നീണ്ടുനിൽക്കുന്ന സ്വാധീനം
രസകരമെന്നു പറയട്ടെ, 2001-ൽ ബ്രങ്കോയും റാംസ്ഡെലും അവരുടെ കൃതികൾ പ്രസിദ്ധീകരിച്ചപ്പോൾ, അത് അവരെ ആഗോളപ്രശസ്തിയിലേക്ക് പെട്ടെന്ന് എത്തിച്ചൊന്നുമില്ല. അവരുടെ ഗവേഷണം സൂക്ഷ്മവും പ്രാധാന്യമുള്ളതുമായിരുന്നു, പക്ഷേ, രോഗപ്രതിരോധ വിജ്ഞാനശാഖയുടെ ചില തലങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. FOXP3-യുടെ പ്രാധാന്യം ക്രമേണ വികസിച്ചു. വിശാലമായ രോഗപ്രതിരോധ ശാസ്ത്രസമൂഹത്തിൽനിന്ന് ശ്രദ്ധ ആകർഷിച്ചുകൊണ്ട് സകാഗുച്ചിയുടെ സമാന്തരപ്രവർത്തനം ഈ ജീൻ-കോശ അച്ചുതണ്ടിന്റെ പ്രാധാന്യം വെളിച്ചപ്പെടാനും സ്വീകരിക്കപ്പെടാനും കാരണമായി.
അടുത്ത രണ്ട് ദശകങ്ങളിൽ, FOXP3 TREGS രോഗപ്രതിരോധശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും കേന്ദ്രമായി. ടൈപ്പ് 1 പ്രമേഹം, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് തുടങ്ങിയ ഓട്ടോഇമ്മ്യൂൺ രോഗങ്ങളിലും അലർജി, ആസ്ത്മ എന്നിവയിലും അവയവം മാറ്റിവയ്ക്കലിന്റെ പശ്ചാത്തലത്തിലും ട്രെഗുകൾ പ്രധാനമാണ്. ട്രെഗുകളുടെ പ്രവർത്തനം ക്രമീകരിച്ചാൽ മാറ്റിവച്ച അവയവങ്ങളേയും ടിഷ്യുകളേയും ശരീരം തിരസ്‌കരിക്കുന്നത് തടയാനാകും. കാൻസറിന്റെ കാര്യത്തിൽ ഇരുതല മൂർച്ചയുള്ള വാളാണ് ട്രെഗുകൾ, അതായത് ട്യൂമറുകൾക്ക് ട്രെഗിനെ ഉപയോഗപ്പെടുത്തി ശരീരത്തിന്റെ സ്വാഭാവികമായ ആന്റി-ട്യൂമർ പ്രതിരോധശേഷി അടിച്ചമർത്താൻ കഴിയും. എന്നാൽ, അതുകൊണ്ടുതന്നെ കാൻസർ ഇമ്മ്യൂണോ തെറാപ്പിയിൽ ട്രെഗിന്റെ പ്രവർത്തനത്തെ ലക്ഷ്യംവച്ചുള്ള പുതിയ ചികിത്സാതന്ത്രങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുമുണ്ട്.
2025 ആയപ്പോഴേക്കും ബ്രങ്കോ, റാംസ്ഡെൽ, സകാഗുച്ചി എന്നിവരുടെ സംഭാവനകൾ ആധുനിക രോഗപ്രതിരോധശാസ്ത്രത്തിലെ ഏറ്റവും മനോഹരമായ കഥകളിൽ ഒന്നായി പക്വത പ്രാപിച്ചു. അവരുടെ സംയുക്ത പ്രവർത്തനങ്ങൾ പാഠപുസ്തകങ്ങൾ മാറ്റിയെഴുതുകയും രോഗപ്രതിരോധ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ട്രെഗുകളെ ഉപയോഗപ്പെടുത്തുന്നതോ ക്രമീകരിക്കുകയോ ആയ ചികിത്സകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates