

സാലിം അലിയുടെ കാൽപ്പാടുകൾ പതിഞ്ഞ ഈ സ്വർഗ്ഗഭൂമി ഒരു നോക്കു കാണാൻ എന്റെ ഹൃദയം കുതിക്കുകയായിരുന്നു. സ്വപ്നസാക്ഷാല്‍ക്കാരത്തിന് നീണ്ട നാൽപ്പത് വർഷങ്ങൾ വേണ്ടി വന്നെങ്കിലും” സിയ വിറ്റാക്കറുടെ വാക്കുകളിൽ ആത്മസാഫല്യം നിറഞ്ഞു.
പെരിയാറിന്റെ തീരത്ത് കോതമംഗലത്തിനു സമീപമുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിലായിരുന്നു സിയ. പ്രശസ്തനായ പക്ഷിഗവേഷകനും പ്രകൃതി സംരക്ഷകനുമായ സാലിം അലിയുടെ അനന്തരവൾ ലിയാക്ക് ഹന്തേഹള്ളിയുടെ മകളാണ് സിയ. പക്ഷി നിരീക്ഷകയും ആൻഡമാൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ വനങ്ങളിൽ അതീവ സാഹസികയാത്ര നടത്തുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരി. ഇപ്പോൾ മദ്രാസ് ക്രൊക്കൈഡൽ ബാങ്കിന്റെ സാരഥി. സർപ്പഗവേഷകന്‍ റോമുലസ് വിറ്റാക്കറുടെ ജീവിതപങ്കാളിയുമായിരുന്നു. ദാമ്പത്യത്തിന്റെ കണ്ണികൾ അടർന്ന് ഇരുവരും വേർപിരിഞ്ഞുവെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
സുഹൃത്തായ വിമലയോടൊപ്പമാണ് സിയ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ എത്തിയത്. സാലിം അലി നീണ്ട 91 വർഷങ്ങൾക്കു മുന്‍പ് ആദ്യമായി തട്ടേക്കാട് പിന്നിട്ട കാട്ടുപാതകൾ തേടിയുള്ള വൈകാരിക യാത്രയായിരുന്നു ലക്ഷ്യം. അന്നത്തെ വെളിച്ചം കയറാത്ത കൊടുംകാട് ഇന്നില്ല. വനനശീകരണവും കയ്യേറ്റവും കാടിനെ വെളുപ്പിച്ചു കഴിഞ്ഞു.
കയ്യിൽ ക്യാമറയും ബിനോക്കുലറുകളും കൂട്ടിന് സങ്കേതത്തിലെ പരിചയ സമ്പന്നയായ ഗൈഡ് സുധാമ്മയും മകൻ അഡ്വ. ഗിരീഷും. പക്ഷികളുടെ ആവാസവ്യവസ്ഥയും നാദവും സ്വഭാവവിശേഷങ്ങളും ഹൃദയത്തിന്റെ ഭാഷയിൽ സുധാമ്മ വിവരിക്കുന്നുണ്ടായിരുന്നു. പക്ഷികളുടെ ചിലയ്ക്കലും സംഗീതവും വനത്തിന്റെ ചിലമ്പൊലിയും കാതോർത്തു നടന്നു. സിയ വിറ്റാക്കർ പറഞ്ഞു “സാലിം അങ്കിൾ നടന്നുപോയ വഴികൾ.”
പ്രകൃതിശാസ്ത്രജ്ഞനും പക്ഷിഗവേഷകനുമായി സാലിം അലി അന്ന് ഇന്ത്യയിൽ അറിയപ്പെട്ടു തുടങ്ങിയ കാലം. ഹൈദരബാദിലെ പക്ഷിസർവേക്ക് ശേഷം 1933-ലാണ് അദ്ദേഹവും സംഘവും തട്ടേക്കാട് എത്തിയത്. അന്ന് റോഡുകൾ കുറവ്. കാട്ടുപാതകൾ മാത്രം. പകൽപോലും വെളിച്ചം കയറാത്ത വനങ്ങൾ. ചിലയിടങ്ങളിൽ ഭീതിപ്പെടുത്തുന്ന അന്തരീക്ഷം. നായാട്ടുകാരുടെ വിഹാരഭൂമി. മൂന്നാറിലും നീലഗിരിയിലുമുള്ള ഇംഗ്ലീഷുകാർ പലപ്പോഴും ഈ വഴികളിൽ കുതിരപ്പുറത്ത് സഞ്ചരിക്കും.
സാലിം അലിയുടെ യാത്രകള്‍
മറയൂരിൽനിന്ന് മൂന്നാറും നേര്യമംഗലവും പിന്നിട്ടാണ് തട്ടേക്കാട് സാലിം അലി എത്തിയത്. അദ്ദേഹത്തേയും ഭാര്യ തെഹ്‌മിനയേയും സംഘത്തേയും വരവേൽക്കാൻ തിരുവിതാംകൂർ മഹാരാജാവിന്റെ പ്രജകൾ കാത്തുനിന്നു. കാട്ടുപൂക്കളുടെ പൂച്ചെണ്ട് നൽകി സംഘത്തെ രാജപ്രതിനിധി സ്വീകരിച്ചു. കുറഞ്ഞിത്തേനും കരിക്കിൻ വെള്ളവും എല്ലാവരും നുകർന്നു. ഒരുപറ്റം ഗിരിവർഗ്ഗക്കാരുടെ സംരക്ഷണവലയത്തിൽ സംഘം നടന്നു. പക്ഷിനിരീക്ഷണത്തിൽ സാലിം അലി മുഴുകി. കുറിപ്പുകൾ എഴുതി. രാത്രി വിശദമായി അദ്ദേഹം പറഞ്ഞത് ഭാര്യ രേഖപ്പെടുത്തി. മണ്ണെണ്ണവിളക്കിന്റെ വെളിച്ചം മാത്രം. താമസിച്ചിരുന്ന ടെന്റിനു ചുറ്റും പന്തം പിടിച്ച് കാവൽക്കാർ.
സാലിം അലി എഴുതി:
“മരതകപ്പട്ടിന്റെ മാസ്മരഭംഗിയാണ് തട്ടേക്കാടിന്. പക്ഷിസമ്പത്ത് ധന്യവും വൈവിധ്യമാർന്നതും. പക്ഷികളുടെ സ്വർഗ്ഗഭൂമിയാണിത്. ആകാശവും ഭൂമിയും മലനിരകളും ഹരിതഭംഗിയും സമന്വയിക്കുന്ന അത്യപൂർവ സൗന്ദര്യം.”
“പക്ഷിസമ്പത്തിൽ കേരളത്തിനുതന്നെയാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനം. വടക്ക് കിഴക്കൻ വനങ്ങളിലെ മഞ്ഞണിഞ്ഞ കാല്പനികഭംഗിയെപ്പോലും പിന്നിലാക്കുന്ന പ്രതിഭാസമാണ് തട്ടേക്കാടിനുള്ളത്.” തന്റെ ആത്മകഥയായ ‘ഒരു കുരുവിയുടെ വീഴ്ചയിൽ’ (Fall of a sparrow) സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. 1985-ൽ അത് പ്രസിദ്ധീകരിച്ചു.
സിയ വിറ്റാക്കറുടെ പിതാവ് സഫർ ഫതേഹല്ലിയും അമ്മ ലയീക്കും പക്ഷിനിരീക്ഷകരും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായിരുന്നു. പക്ഷികളെക്കുറിച്ച് ഒരു ഗ്രന്ഥം അമ്മ എഴുതിയിട്ടുണ്ട്. ഇന്ത്യ മുഴുവൻ വ്യാപിച്ച പക്ഷിനിരീക്ഷണ ശൃംഖല പിതാവ് സ്ഥാപിച്ചിരുന്നു. 1961 മുതൽ 1973 വരെ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറിയായിരുന്നു. നിരവധി പക്ഷി സർവേകളിൽ സാലിം അലിയോടൊപ്പം പങ്കെടുക്കുകയും ചെയ്തു.
“സാലിം അലിയുടെ ആത്മകഥ വായിച്ചത് ഒരു വഴിത്തിരിവായിരുന്നു. അതിൽ തട്ടേക്കാടിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പരാമർശങ്ങൾ തന്നെ ആഴത്തിൽ സ്വാധീനിച്ചു. അന്ന് മുതൽ തുടങ്ങിയതാണ് തട്ടേക്കാട് സന്ദർശിക്കാനുള്ള മോഹം” - സിയ പറഞ്ഞു. എനിക്ക് തട്ടേക്കാട് പോകണം. സാലിം അങ്കിൾ വരുന്നുണ്ടോ?” പക്ഷേ, അദ്ദേഹത്തിന് ഒഴിവില്ലായിരുന്നു. “യാത്ര ഉടനെ വേണം” - അദ്ദേഹം സിയയോട് പറഞ്ഞു: “വർഷങ്ങൾ 50 കഴിഞ്ഞു പ്രകൃതിയുടെ മുഖച്ഛായ മാറിക്കാണും, എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം.”
പക്ഷേ, യാത്ര പലപ്പോഴും നീട്ടിവച്ചു. അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തി പൗരത്വം നേടിയ റോമുലസ് വിറ്റാക്കറെ 1974-ലാണ് സിയ വിവാഹം കഴിച്ചത്. അതോടെ ജീവിതത്തിനു തിരക്കേറി. മദ്രാസിൽ സ്‌നേക്ക് പാർക്കും ക്രൊക്കഡൈൽ ബാങ്കും സ്ഥാപിച്ച കാലം. പിന്നീട് ഉഗ്രവിഷപ്പാമ്പുകളെ തേടി റോമുലസ് ആൻഡമാൻ ദ്വീപുകളിലെ വനങ്ങളിലേക്ക് യാത്രയായി. കൂടെ സിയയും പത്ത് വർഷങ്ങളിലായി നിരവധി യാത്രകൾ. ഋതുക്കൾ മാറിമാറി വന്ന അനുഭവങ്ങളും നേരിടാൻ കഴിഞ്ഞു. ഒട്ടാകെ ആൻഡമാൻ വ്യത്യസ്തമായ ലോകം. ഇന്ത്യയിൽനിന്ന് ഭയാനകമായ അന്തരീക്ഷത്തിൽ സമുദ്രത്താൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ എന്നും നിഗൂഢ അനുഭവങ്ങൾ ആയിരുന്നു.
സിയ പറഞ്ഞു: “ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ചിറകുകളുടെ ലോകത്തിൽ ആകൃഷ്ടയായി സാലിം അങ്കിൾ ആദ്യം കാണിച്ചുതന്നത് തൂക്കണാം കുരുവികളെയാണ്. ശില്പഭംഗിയോടെ നാരുകൾകൊണ്ട് നിർമ്മിച്ച കൂടുകൾ കാറ്റിൽ ആടിക്കളിക്കുന്നു. നിലത്ത് വീഴുമെന്ന് തോന്നും. പക്ഷേ, പ്രകൃതി അവയെ വീഴാതെ സംരക്ഷിച്ച് നിർത്തുന്നു (Baya Weaver birds). മുംബൈ നഗരത്തില്‍നിന്നും അകലെ കടലോര ഗ്രാമമായ കിഹിമിലായിരുന്നു ഏറ്റവും കൂടുതൽ കൂടുകൾ ഉണ്ടായിരുന്നത്.
അവ കാണിച്ചുകൊണ്ട് സാലിം അങ്കിൾ സിയയുടെ കാതുകളിൽ മന്ത്രിക്കും: “നോക്കൂ, ഈ കുരുവികൾ സമർത്ഥരായ നെയ്‌ത്തുകാരാണ്. എത്ര മനോഹരമായി ചുണ്ടുകൾകൊണ്ട് നാരുകൾ തുന്നിച്ചേർക്കുന്നു. മിന്നൽവേഗത്തിൽ. അതായിരുന്നു അവിസ്മരണീയമായ ബാല്യകാല കാഴ്ച - സിയ പറഞ്ഞു. നൂറുകണക്കിന് കൂടുകൾ സാലിം അങ്കിൾ നിരീക്ഷിച്ചു. എത്രയെത്ര ദിവസങ്ങൾ എത്രയെത്ര മണിക്കൂറുകൾ. കുരുവികളുടെ പ്രജനനത്തെക്കുറിച്ച് നീണ്ട നിരീക്ഷണത്തിലൂടെ ശാസ്ത്രീയമായ കണ്ടെത്തലുകൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ആൺപക്ഷിയാണ് കൂടുകൾ നിർമ്മിക്കുക. അത് പരിശോധിച്ച് തൃപ്തിയായാൽ മാത്രം പെൺപക്ഷി അതിൽ കയറി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. ഏഴ് കൂടുകൾ വരെ നിർമ്മിച്ച് ഏഴ് പെണ്ണുങ്ങളെ കുടിയിരുത്തുന്ന ആണുങ്ങളുണ്ട്.
കാലം കഴിഞ്ഞപ്പോൾ സിയയുടെ ബുക്ക്ഷെൽഫുകൾ നിറഞ്ഞു. വായിച്ചും പഠിച്ചും സംശയങ്ങൾ നിരവധി. എല്ലാത്തിനും മറുപടി നൽകാൻ സാലിം അങ്കിൾ തയ്യാര്‍. സൊസൈറ്റി ഓഫീസിലെ വിശാലമായ ലൈബ്രറിയിലെ പുസ്തകങ്ങൾ ഒന്നൊന്നായി വായിച്ചു. ലോകപ്രശസ്തമായ വന്യജീവിശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അവരെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ നേട്ടമായിരുന്നു. ജോർജ് ഷാലറേയും ധില്ലൻ റിപ്ലിയേയും പീറ്റർ സ്‌കോട്ടിനേയും ജെറാൾഡ് ഡുറലിനേയും നേരിൽ കണ്ട് സൗഹൃദം പുലർത്തി. കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫർ എം. കൃഷ്‌ണനേയും പരിചയപ്പെട്ടു.
പ്രധാനമന്ത്രിമാരായ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുമായി ആഴത്തിലുള്ള സൗഹൃദം സാലിം അങ്കിളിന് ഉണ്ടായിരുന്നു. ഭാരത്പൂരിൽ പക്ഷിസങ്കേതം സ്ഥാപിക്കാൻ നെഹ്റു മുൻകൈ എടുത്തു. അതുപോലെ പാലക്കാട് ജില്ലയിലെ സൈലന്റ്‌വാലി നിത്യഹരിത വനങ്ങൾ സംരക്ഷിക്കാൻ ഇന്ദിരാഗാന്ധിയും സാലിം അങ്കിളിന്റെ ഉപദേശം തേടി.1987 നവംബറിൽ സാലിം അങ്കിൾ അന്തരിച്ചു. മനസ്സിനേറ്റ കനത്ത ആഘാതം അതായിരുന്നു.
തട്ടേക്കാടിന്റെ വാതിൽ
ബുക്ക്ഷെൽഫിൽനിന്ന് സാലിം അങ്കിളിന്റെ ആത്മകഥ ഒരിക്കൽ കൂടി എടുത്ത് വായിച്ച ശേഷമാണ് സെപ്റ്റംബറില്‍ തട്ടേക്കാട് സിയ വിറ്റാക്കർ എത്തിയത്. ഗൈഡ് സുധാമ്മ കാത്തിരിക്കുകയായിരുന്നു. കൊടൈക്കനാൽ ഇന്റർനാഷണൽ പബ്ലിക് സ്‌കൂളിൽ തന്നോടൊപ്പം അദ്ധ്യാപികയായിരുന്ന വിമല പലപ്പോഴും സിയയോടൊപ്പം യാത്ര ചെയ്യുന്നു.
കാട്ടുപാതയിലൂടെ നടന്നപ്പോൾ ഇരുവരും ആദ്യം തിരഞ്ഞത് ആ വിചിത്രപക്ഷിയെയാണ്. മലമുഴക്കി വേഴാമ്പലിനെ ‘Grotesque Bird’ (വിചിത്രപക്ഷി) എന്നാണ് സാലിം അലി വിശേഷിപ്പിച്ചത്. വലിയ ചിറകടി ശബ്ദം കേട്ടാൽ, ആവിയന്ത്രം വരുന്നതുപോലെ തോന്നും. 1933-ൽ തട്ടേക്കാട് പക്ഷിസർവെ നടത്തിയപ്പോൾ മലമുഴക്കികളുടെ വൻ വ്യൂഹത്തെത്തന്നെ കണ്ടിട്ടുണ്ട്. തേക്കടിയിലും ഇതുപോലുള്ള കാഴ്ചയായിരുന്നു. വേഴാമ്പലുകളിൽ ഏറ്റവും വലിയ ഇനം ഇതാണ്. പക്ഷേ, മലമുഴക്കിയെ സിയക്ക് തട്ടേക്കാട് കാണാൻ കഴിഞ്ഞില്ല. മറ്റ് നിരവധി വർണ്ണപക്ഷികളെ കൺകുളിർക്കെ കണ്ടു. സംഗീതം ആസ്വദിച്ചു. ചിലരെല്ലാം മികച്ച പാട്ടുകാരാണ്.
തട്ടേക്കാട് സന്ദർശനം സിയയ്ക്ക് അവിസ്മരണീയമായ മറ്റൊരനുഭവം കൂടിയായിരുന്നു. പ്രമുഖ പക്ഷിഗവേഷകന്‍ ഡോ. ആർ. സുഗതന്റെ സാന്നിദ്ധ്യം. സാലിം അലിയുടെ ശിഷ്യൻ- ഡോ. വി. എസ്. വിജയനും ഭാര്യ ഡോ. ലളിതയും ഡോ. ഡി.എൻ. മാത്യുവും മുളുന്തുരുത്തി സ്വദേശി സുരേന്ദ്രനും മലയാളികളായ മറ്റ് ശിഷ്യരുമാണ്.
കാൽനൂറ്റാണ്ട് കാലം സാലിം അലിയുമായി ആത്മബന്ധം പുലർത്തിയ ഡോ. സുഗതൻ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞനായിരുന്നു. 1987-ൽ സാലിം അലിയുടെ മരണത്തിനുശേഷം പറമ്പിക്കുളത്തും തട്ടേക്കാടും കേരള വനംവകുപ്പിൽ ശാസ്ത്രജ്ഞനായി ചേർന്നു. തട്ടേക്കാട് സങ്കേതം ഇന്ത്യയിലെ പ്രമുഖ പക്ഷിസങ്കേതമാക്കി ഉയർത്താൻ അദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചു. വംശനാശം നേരിട്ട മാക്കാച്ചി കാട (Frogmouth) തട്ടേക്കാടിന്റെ മുഖമുദ്രയായി ഇന്ന് ഉയിർത്തെഴുന്നേറ്റു. ഇപ്പോൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നു. ഈ പദ്ധതിയിൽ ഡോ. സുഗതനാണ് പ്രമുഖസ്ഥാനം.
ആത്മബന്ധം സൗഹൃദങ്ങള്‍
പക്ഷികളെ പിടിച്ച് വളയമിട്ട് അവയെ അടയാളപ്പെടുത്തി കാട്ടിലേക്ക് വിട്ട് ദേശാടനത്തെക്കുറിച്ച് പഠിക്കാൻ സാലിം അലിയുടെ സൊസൈറ്റി നടത്തിയ മഹത്തായ ദൗത്യത്തിൽ ഡോ. സുഗതനും പങ്കാളിയായി. കശ്മീരിലും കാർഗിലിലും ലഡാക്കിലും ഗുജറാത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമഘട്ട മലനിരകളിലും പോയിന്റ് കാലിമറിലും സാലിം അലിയോടൊപ്പം പിന്നിട്ട വർഷങ്ങൾ അദ്ദേഹത്തിനു ധന്യമായ അനുഭവങ്ങൾ ആയിരുന്നു. സാലിം അലിയുടെ ‘കേരളത്തിലെ പക്ഷികൾ’ എന്ന ഗ്രന്ഥം വനംവകുപ്പ് പ്രസിദ്ധീകരിച്ചപ്പോൾ അത് പരിഷ്‌കരിച്ച് കുറിപ്പുകൾ എഴുതിയത് ഡോ. സുഗതനായിരുന്നു.
ഗുരുവായ സാലിം അലിയെപ്പോലെ സുഗതനും താടിയുണ്ട്. സിയ വിറ്റാക്കർ ആഹ്ലാദഭരിതയായി സംസാരിച്ചു. ആൻഡമാൻ ദ്വീപുവിശേഷങ്ങൾ പങ്കിട്ടു. 1979 മുതൽ 1982 വരെ സാലിം അലിയോടൊപ്പം ആൻഡമാനിൽ പക്ഷികളെക്കുറിച്ച് പഠിച്ച സംഘത്തിൽ ഡോ. സുഗതനും അംഗമായിരുന്നു. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന മുന്നൂറോളം ദ്വീപുകൾ അദ്ദേഹം സന്ദർശിച്ചു. മാത്രമല്ല, നർകോണ്ടം ദ്വീപിലുള്ള ചെറിയ വേഴാമ്പലുകളേയും നിരീക്ഷിക്കാൻ അത്യപൂർവ അവസരം കിട്ടി. പോർട്ട്ബ്ലയറിൽനിന്നും എട്ടുമണിക്കൂർ കപ്പൽയാത്ര നടത്തിയാൽ മാത്രമെ നർകോണ്ടത്തിലെത്താൻ കഴിയൂ. പ്രത്യേക സുരക്ഷയോടെ നാവികസേന ഈ പ്രദേശം സംരക്ഷിക്കുന്നു.
ആൻഡമാൻ അനുഭവങ്ങൾ അവിസ്മരണീയങ്ങളാണ്. ഒറ്റപ്പെട്ട ജീവിതം. ബാഹ്യലോകങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. നാല് വർഷങ്ങളായി മാതാപിതാക്കളെ കാണാൻ കഴിഞ്ഞില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ രൂപം മാറിയിരുന്നു. ശാരീരിക അസുഖങ്ങൾ ആൻഡമാനിൽ ആരെയും അലട്ടും. കുറച്ചുനാൾ സാലിം അലി ഞങ്ങൾക്കൊപ്പം താമസിച്ചു. പിന്നീട് മുംബൈക്ക് പോയ ശേഷവും നാവികസേന ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ വന്നിരുന്നു” - സുഗതൻ പറഞ്ഞു.
‘എനിക്കും മറക്കാനാവാത്ത അനുഭവങ്ങളുണ്ട്’ - സിയ പറഞ്ഞു. കാരണം ഉഗ്രവിഷമുള്ള കരിമൂർഖൻ തുടങ്ങിയ പാമ്പുകളെ തേടിയായിരുന്നു റോമുലസ് വിറ്റാക്കറുടെ യാത്ര. കൂട്ടിനു പരിചയസമ്പന്നരായ ഗിരിവർഗ്ഗക്കാർ ഉണ്ടായിരുന്നു. അവർ ഏത് കരിമൂർഖനേയും നിലയ്ക്ക് നിർത്തും. അവരുടെ കണ്ണുകളിൽനിന്ന് തീപാറുന്ന പ്രതിഭാസം മൂർഖനെ നിശ്ചലനാക്കും. ഒരിക്കൽ ഒരു മൂർഖന്റെ മുട്ടകൾ എടുത്ത് മറ്റൊരിടത്തുകൊണ്ടുപോയി റോമുലസ് വിരിയിച്ചു. പല വഴികളും അപകടങ്ങൾ നിറഞ്ഞതായിരുന്നു. പക്ഷേ, റോമുലസിന് അസാമാന്യമായ ധൈര്യമുണ്ട്. ഞാനും മക്കളും ആൻഡമാൻ ജീവിതം വേണ്ടത്ര ആസ്വദിച്ചു - സിയ പറഞ്ഞു.
പക്ഷിനിരീക്ഷണത്തെക്കുറിച്ച് സാലിം അലിയുടെ ഒരു ലേഖനം വായിച്ചാണ് സുഗതൻ ആകൃഷ്ടനായത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ കാലം. അദ്ദേഹത്തിന് കത്തെഴുതി. മറുപടി കിട്ടിയപ്പോൾ മുംബൈക്ക് കുതിച്ചു. സൊസൈറ്റി ഓഫീസിൽ താമസിക്കാൻ സാലിം അലി അനുമതി നൽകി. അങ്ങനെ ജോലി കിട്ടി. തുച്ഛമായ ശമ്പളം. ക്രമേണ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിലൂടെ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി പിന്നിട്ടു. പക്ഷിഗവേഷണത്തിൽ സുഗതനും പങ്കാളിയായി. പല ദിവസങ്ങളിലും ശിഷ്യരോടൊപ്പമായിരുന്നു സാലിം അലി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തത്.
തട്ടേക്കാട് അന്നും ഇന്നും
1933-ൽ നടത്തിയ പക്ഷിസർവേയെക്കുറിച്ച് പലപ്പോഴും ആകാംക്ഷയോടെ ഗുരുവിനോട് ചോദിക്കാൻ അവസരങ്ങൾ ഡോ. സുഗതന് കിട്ടി. “അതീവ സൗഹൃദത്തോടെ സാലിം അലി സംസാരിക്കും. കഴിഞ്ഞകാല അനുഭവങ്ങൾ ഒന്നൊന്നായി കോർത്തിണക്കി ശിഷ്യർക്ക് സമ്മാനിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം. ഫീൽഡിൽ പക്ഷിനിരീക്ഷണത്തിനും മറ്റുമായി പോകുമ്പോൾ അദ്ദേഹം കർക്കശക്കാരനായി മാറും. ഏല്പിച്ച ജോലി കൃത്യമായി ശിഷ്യർ ചെയ്തിരിക്കണം. അദ്ദേഹം സൂക്ഷ്മമായി നോക്കും” - ഡോ. സുഗതൻ പറഞ്ഞു. “വീഴ്ച കണ്ടാൽ ശകാരവും.”
സാലിം അലി പലപ്പോഴും പറഞ്ഞിട്ടുണ്ട്: “നേര്യമംഗലത്തുനിന്ന് കാട്ടുപാതകളിലൂടെ നടന്നായിരുന്നു യാത്ര. കാട്ടുപാതകൾ പിന്നിട്ടപ്പോൾ കാട്ടാനകളുടെ ഭയാനകമായ ചിന്നംവിളി കേൾക്കാം. പക്ഷേ, ആനകളെ കാണാൻ കഴിയില്ല. ആനയെക്കാൾ ഉയരത്തിലാണ് പുല്ലുകൾ മുളച്ച് വൻമതിൽപോലെ നിൽക്കുന്നത്.”
“ആദിവാസികൾ സമർത്ഥന്മാരായിരുന്നു. ആനകളുടെ നീക്കം അവർക്കറിയാം. അപകടമില്ലാത്ത വഴിയിലൂടെ, ചിലപ്പോൾ പുതുതായി വെട്ടിയ വഴിയിലൂടെ സാലിം അലിയെ നയിച്ചു. മലമുഴക്കി വേഴാമ്പലിന്റെ മുഴങ്ങുന്ന ശബ്ദം കേട്ട് സാലിം അലി മതിമറന്നു. വർണ്ണപക്ഷികൾ നിരവധി. പക്ഷേ, മാക്കാച്ചിക്കാടൻ മാത്രം 1933-ൽ തുടങ്ങി അഞ്ച് തവണ വന്നിട്ടും സാലിം അലിക്ക് തട്ടേക്കാട് കാണാൻ കഴിഞ്ഞില്ല. കാലം കഴിഞ്ഞപ്പോൾ വനം കയ്യേറ്റവും വനനശീകരണവും വർദ്ധിച്ചു. അതോടെ തട്ടേക്കാടിനും ദുര്യോഗമായി. വികസന പദ്ധതികൾക്കായി വനത്തെ ബലികഴിച്ചു. കുടിയേറ്റവും കയ്യേറ്റവും വർദ്ധിച്ചു. തട്ടിപ്പുകാരായ രാഷ്ട്രീയക്കാരും ആധിപത്യം ഹരിതവനങ്ങളുടെ മരണമണി മുഴക്കി. 1935-ൽ കണ്ടിരുന്ന വൻമരങ്ങൾ 1985-ൽ വീണ്ടും തട്ടേക്കാട് സന്ദർശിച്ചപ്പോൾ സാലിം അലിക്ക് കാണാൻ കഴിഞ്ഞില്ല. തേക്കടി സങ്കേതത്തിന്റെ സുവർണ്ണജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനാണ് അന്ന് തട്ടേക്കാട് എത്തിയത്. 1983-ൽ തട്ടേക്കാട് പക്ഷിസങ്കേതമായി കേരള സർക്കാർ പ്രഖ്യാപിച്ചു.
തട്ടേക്കാടിനേറ്റ മുറിപ്പാടുകൾ തന്റെ മനസ്സിനേറ്റ മുറിപ്പാടുകളായി കരുതിയ സാലിം അലി അതീവ ദുഃഖത്തിലായി. പലയിടങ്ങളിലും നാശം വിതറിയ കാഴ്ച. 1986-ൽ കേരള കാർഷിക സർവകലാശാലയുടെ ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയപ്പോഴും തട്ടേക്കാട് സന്ദർശിച്ചു. അന്നാണ് തീവ്രദുഃഖത്തിൽ അമർന്നത്. അന്ന് പ്രകൃതിയുടെ ശൂന്യതയാണ് നേരിൽ കണ്ടത്.
ഡോ. സുഗതനോടൊപ്പം നടന്നപ്പോൾ ബൈനോക്കുലറുകൾ എടുത്തുനോക്കി അദ്ദേഹം ചോദിച്ചു. “വൻമരങ്ങൾ പലതും കാണുന്നില്ലല്ലോ. അവയൊക്കെ വെട്ടിമാറ്റിയോ? ഈ മരങ്ങൾ ഇല്ലെങ്കിൽ വേഴാമ്പലുകൾക്ക് കൂടുകൂട്ടാൻ കഴിയില്ല, കൂടില്ലെങ്കിൽ അവയുടെ വംശം നശിക്കും. ഒരൊറ്റ മലമുഴക്കിയെപ്പോലും കാണാൻ കഴിയാതെ അദ്ദേഹം ഒരു വൃക്ഷച്ചുവട്ടിൽ തളർന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് എഴുന്നേറ്റ് വാക്കിങ് സ്റ്റിക്കിൽ പിടിച്ച് തീവ്രവേദനയോടെ നടന്നു. മുംബൈയിൽ തിരിച്ചെത്തിയപ്പോൾ തട്ടേക്കാടിന്റെ ദുര്യോഗങ്ങൾ അദ്ദേഹം സഹപ്രവർത്തകരോട് വിവരിച്ചു.
തട്ടേക്കാടിന്റെ ദുര്യോഗത്തിൽ സിയ വിറ്റാക്കര്‍ക്കും നിരാശയുണ്ട്. പക്ഷേ, ആത്മഗതമെന്നോണം പറഞ്ഞു: “ഇന്ത്യയിലെ നിരവധി വനങ്ങളുടേയും സ്ഥിതി ഇതുതന്നെയാണ്. സൈലന്റ്‌വാലി ഹരിതവനം സംരക്ഷിച്ചതുപോലുള്ള ബഹുജന പ്രസ്ഥാനങ്ങളാണ് നമുക്ക് ആവശ്യം. ചിലയിടങ്ങളിൽ സമരങ്ങൾ വിജയിക്കും. മറ്റിടങ്ങളിൽ പരാജയപ്പെടും.”
മാക്കാച്ചിക്കാടയെ തേടി
കാഴ്ചയിൽ മൂങ്ങയുടെ മുഖച്ഛായയുള്ള ചാരനിറത്തിലുള്ള പക്ഷിയാണ് മാക്കാച്ചിക്കാട (Frog moult) തവളകളുടെ വായ് പോലെയാണ് ഈ പക്ഷിയുടെ വായും. അങ്ങനെയാണ് പേര് വന്നത്. ശ്രീലങ്കയിലും പശ്ചിമഘട്ടനിരകളിലും പക്ഷിയെ ഇംഗ്ലീഷുകാരായ വനശാസ്ത്രജ്ഞർ കണ്ട് പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്താൻ 1933 മുതൽക്ക് തന്നെ സാലിം അലിക്ക് ആകാംക്ഷയായിരുന്നു. കൂടെയുള്ള ഗിരിവർഗ്ഗക്കാർ അതെക്കുറിച്ച് പറഞ്ഞു. അതിന്റെ ശബ്ദം പരിചിതമാണ്. പക്ഷേ, കണ്ടിട്ടുള്ളവർ കുറവും. മാത്രമല്ല, വേണ്ടത്ര രീതിയിൽ പക്ഷിയെ വിവരിക്കാനും അവർക്ക് കഴിയാതെ പോയി. കാട്ടുപാതയിലൂടെ നടക്കുമ്പോഴെല്ലാം അദ്ദേഹം സൂക്ഷ്മമായി നോക്കി. അദ്ദേഹത്തെ അനുഗമിക്കാൻ തിരുവനന്തപുരം മ്യൂസിയത്തിലെ ക്യൂറേറ്റർ എൻ.ജി. പിള്ളയെയാണ് മഹാരാജാവ് നിയോഗിച്ചത്. ഇരുവരും ആകാംക്ഷയോടെ ചുറ്റും നോക്കി. പക്ഷിയുടെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പുവരുത്തി. പക്ഷേ, പക്ഷി അദൃശ്യമായിരുന്നു. കാണാൻ കഴിയാതെ അദ്ദേഹം നിരാശനായിരുന്നു.
1947-ലായിരുന്നു സാലിം അലിയുടെ രണ്ടാമത്തെ തട്ടേക്കാട് യാത്ര. പക്ഷിയുടെ നാദം അപ്പോൾ കേട്ടതായി അദ്ദേഹം തന്റെ ‘കേരളത്തിലെ പക്ഷി’കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മിനിറ്റു കൂടുമ്പോൾ ശബ്ദം കേട്ടു. നിലാവുള്ള രാത്രിയിലായിരുന്നു നാദം. അദ്ദേഹം മതിമറന്നു മെല്ലെ തുടങ്ങുന്ന ശബ്ദം. പിന്നീട് ഒരു കരച്ചിൽപോലെ ഉയരും. എന്നാൽ തവളയുടെ പോലുള്ള ശബ്ദവും ചിലപ്പോൾ പുറപ്പെടുവിക്കും. പക്ഷിയെ പലപ്പോഴായി നിരീക്ഷിച്ചിട്ടുള്ള ഡോ. സുഗതൻ പറയുന്നതിങ്ങനെയാണ്. “പല സന്ദർഭങ്ങളിലായി വ്യത്യസ്തമായ ശബ്ദവും പക്ഷി സൃഷ്ടിക്കും. സ്വാഗതമരുളുന്ന ശബ്ദം പോലെ. മറ്റ് ചിലപ്പോൾ അപകട മുന്നറിയിപ്പ് നൽകുന്ന തരത്തിലും കേൾക്കാം.”
1953-ലും തട്ടേക്കാട് സന്ദർശിച്ചപ്പോൾ മാക്കാച്ചി കാടയെ സാലിം അലി തേടി. അന്ന് കാട്ടിലൂടെ നീണ്ട യാത്ര നടത്തി. പക്ഷേ, കാണാനായില്ല. മൂന്നാറിന് സമീപമുള്ള മുളങ്കാട്ടിൽ അതിന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടിട്ടും കഴിഞ്ഞില്ല.
മുംബൈയിലുള്ള ഓഫീസിലിരുന്ന് വംശനാശം നേരിടുന്ന പക്ഷികളെക്കുറിച്ച് എഴുതാൻ തയ്യാറെടുത്ത ഘട്ടത്തിൽ സാലിം അലി സുഗതനോട് പറഞ്ഞു: “മാക്കാച്ചിക്കാടയുടെ വംശം നശിച്ചോ? അതന്വേഷിക്കണം. പശ്ചിമഘട്ടത്തിലൂടെ താങ്കൾ ഒരു സാഹസിക യാത്ര നടത്തണം. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പൂർത്തിയാക്കാം. ദക്ഷിണേന്ത്യയിൽനിന്ന് പരിസ്ഥിതി പ്രവർത്തകരും വന്യജീവി ശാസ്ത്രജ്ഞരും വരുമ്പോൾ അവരോട് മാക്കാച്ചിക്കാടയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കും. എല്ലാവരും കൈ മലർത്തും.”
1975 ഏപ്രിൽ മുതൽ സുഗതൻ പശ്ചിമഘട്ടത്തിലൂടെ കാൽനടയാത്ര തുടങ്ങി. കൂട്ടിന് പ്രാദേശിക വാസിയായ ഗിരിവർഗ്ഗക്കാർ ഉണ്ടായിരുന്നു. “എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം. പക്ഷികളുടെ നാദം പ്രത്യേകിച്ച്” - സാലിം അലി പറഞ്ഞു. രാത്രി കാട്ടിൽ ടെന്റ് കെട്ടി താമസിച്ചു. ഭക്ഷണം പാകം ചെയ്യാൻ വഴികാട്ടികളായ ഗിരിവർഗ്ഗക്കാർ ഉണ്ടായിരുന്നു.
കാട്ടിൽ നിരവധി പ്രതിബന്ധങ്ങൾ. കാട്ടാനശല്യമായിരുന്നു കൂടുതലും. വഴിമാറിപ്പോകേണ്ടി വന്നു. സുരക്ഷയ്ക്കായി പലപ്പോഴും വനംവകുപ്പ് ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. മഴയും മഞ്ഞും വേനലും പലപ്പോഴായി ഒന്നരവർഷം നേരിട്ടു. ഇടയ്ക്ക് കാട് വിട്ട് ഒരാഴ്ച സമീപത്തുള്ള ഗ്രാമത്തിൽ തങ്ങും. വീണ്ടും കാട്ടിലേക്ക് തിരിക്കും. അങ്ങനെ ഒന്നരവർഷം കഴിഞ്ഞു. കർണാടകത്തിൽനിന്നും കണ്ണൂരിലെ ആറളത്തും അവിടെനിന്ന് ബ്രഹ്മഗിരിയിലും വയനാട്ടിൽനിന്നും തമിഴ്‌നാട് അതിർത്തിയിലേക്കും നടന്നു. പിന്നീട് നിലമ്പൂരിൽനിന്നും പാലക്കാട് ജില്ലയിൽ പ്രവേശിച്ചു. 1976 സെപ്തംബറിൽ സൈലന്റ്‌വാലിയിലെ കുന്തിപ്പുഴയുടെ തീരത്തെത്തി അവിടെ ഒരു മരച്ചില്ലയിൽ ഒരനക്കം കണ്ടു. സൂക്ഷിച്ചുനോക്കി ബൈനോക്കുലർ എടുത്ത് വീണ്ടും നോക്കി. അത് മാക്കാച്ചിക്കാടയാണെന്ന് വനം വകുപ്പിലെ ഗാർഡുമാരുടെ സഹായത്തോടെ സ്ഥിരീകരിക്കുകയും ചെയ്തു. സാലിം അലിയുടെ പുസ്തകം കയ്യിലുണ്ടായിരുന്നു. അതെടുത്ത് പലതവണ വായിച്ചു. ആ കുറിപ്പുകളിൽനിന്നും പക്ഷിയെ തിരിച്ചറിയുകയും ചെയ്തു.
40 കിലോമീറ്റർ അകലെയുള്ള മണ്ണാർക്കാട് ടൗണിലെ പോസ്റ്റ്ഓഫീസിൽ എത്തി മുംബൈയ്ക്ക് ട്രങ്ക് കോൾ ബുക്ക് ചെയ്തു. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞിട്ടും കിട്ടിയില്ല. ഒടുവിൽ നിരാശനായി ഒരു പോസ്റ്റ്കാർഡ് വാങ്ങി സാലിം അലിക്ക് പക്ഷിയെ കണ്ടെത്തിയ സന്തോഷം അറിയിച്ച ശേഷം പെരുമ്പാവൂരിലേക്കുള്ള വീട്ടിലേക്ക് തിരിച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ സാലിം അലിയുടെ ആഹ്ലാദഭരിതമായ മറുപടി കിട്ടി. ഒരുമാസത്തിനു ശേഷം അദ്ദേഹം മുംബൈയിൽനിന്ന് സൈലന്റ്‌വാലിയിലെത്തി മാക്കാച്ചിക്കാടയെ കണ്ട് സായൂജ്യമടഞ്ഞു. “തട്ടേക്കാട് പക്ഷിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ആ ദുഃഖം ഇപ്പോൾ പരിഹരിച്ചിരിക്കുന്നു” അദ്ദേഹം വികാരാധീനനായ നിമിഷം. സുഗതൻ പിന്നീട് യാത്ര തുടർന്നു. ശബരിമലയിലും പറമ്പിക്കുളത്തും തട്ടേക്കാടും ഈ പക്ഷിയെ പിന്നീട് തിരഞ്ഞു കണ്ടെത്തി. സൊസൈറ്റിയുടെ 1987-ലെ ജേർണലിൽ അദ്ദേഹം വിശദമായ ലേഖനം എഴുതി.
തട്ടേക്കാട് എത്തിയപ്പോൾ മാക്കാച്ചിക്കാടയെക്കുറിച്ച് സിയ ആകാംക്ഷയോടെ തിരക്കി. “സംശയിക്കേണ്ട പക്ഷി ഇവിടെയുണ്ട്” - സുധാമ്മ പറഞ്ഞു. പിറ്റേന്ന് രാവിലെ കാട്ടുപാതയിൽ, ഇറങ്ങി അല്പസമയത്തിനുള്ളിൽ തന്നെ പക്ഷിയെ കാണാൻ സിയക്ക് കഴിഞ്ഞു. “തൊട്ടടുത്തുനിന്ന്, കൺകുളിർക്കെ കണ്ടു” ക്യാമറയിലും വീഡിയോയിലും പകർത്തി. “ഇതൊരു അമൂല്യനിധി, സാലിം അങ്കിളിന് കാണാൻ കഴിഞ്ഞില്ലെങ്കിലും പ്രകൃതി എന്നെ അനുഗ്രഹിച്ചു” - സ്വപ്നത്തിലെന്നപോലെ സിയ നിന്നു.
സുഗതനെ സാക്ഷി നിർത്തിക്കൊണ്ട് സുധാമ്മ പറഞ്ഞു: “എനിക്ക് പക്ഷികളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ്. മാത്രമല്ല, സാധാരണക്കാരിയായ എനിക്ക് സാലിം അലിയുടെ പേരിലുള്ള സങ്കേതത്തിൽ ഗൈഡായി ജോലിയെടുക്കാനുള്ള സൗഭാഗ്യവും ലഭിച്ചു.” ഇക്കഴിഞ്ഞ ‘സാങ്ച്വറി’ ദേശീയ അവാർഡ് സുധാമ്മയ്ക്ക് ലഭിച്ചു.
മാക്കാച്ചിക്കാടകൾ മൂന്നെണ്ണം നിരന്നിരിക്കുന്ന ചിത്രമുള്ള ഈ പുസ്തകം സിയയ്ക്ക് സുഗതൻ സമ്മാനിച്ചു. ആകർഷകമായ ചിത്രം. ദക്ഷിണേന്ത്യയിൽ പക്ഷികളെക്കുറിച്ച് അദ്ദേഹം എഴുതിയ ആധികാരിക ഗ്രന്ഥം. അതിൽ മാക്കാച്ചിക്കാടയുമുണ്ട്.
സാലിം അലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോൾ ഏറ്റവും അവിസ്മരണീയമായ അനുഭവം ഏതാണ്? സിയ മറുപടി നൽകി. “ഇന്ന് എനിക്ക് വയസ്സ് 75. കടലോരഗ്രാമത്തിൽ സാലിം അങ്കിൾ എനിക്ക് കാണിച്ചുതന്ന തൂക്കണാംകുരുവികളുടെ കാറ്റിൽ ആടിയ കൂടുകളാണ് മനസ്സിൽ മുദ്രണം ചെയ്യപ്പെട്ടത്. അന്ന് എനിക്ക് വയസ്സ് 15. വിദ്യാർത്ഥിനി. ഇന്നലെ ആ രംഗം കണ്ടതുപോലെയാണ്. മായാതെ നിൽക്കുന്നു. പ്രകൃതിയുമായി ആത്മബന്ധം സ്ഥാപിച്ചെടുക്കാൻ ആ കാഴ്ചയ്ക്ക് കഴിഞ്ഞു. അവിസ്മരണീയം പക്ഷിനിരീക്ഷണത്തിലേക്കും പ്രകൃതിസ്നേഹത്തിലേക്കുമുള്ള വഴി അങ്ങനെ തുറന്നുകിട്ടി.
ഇനി മറ്റൊന്നു കൂടിയുണ്ട്. പറമ്പിക്കുളത്തും സാലിം അങ്കിൾ പക്ഷിസർവെ നടത്തിയിരുന്നു. അതെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കാൻ അവസരം കിട്ടിയിരുന്നു. പറമ്പിക്കുളത്തുനിന്നും ചാലക്കുടിയിലേക്ക് കാട്ടിലൂടെ ട്രാംവെ പാത ഉണ്ടായിരുന്നു. വിറക് കത്തിച്ചാണ് വണ്ടി ഓടിച്ചിരുന്നത് ട്രാംവേയിൽ ചാലക്കുടിയിലേക്ക് തടി കയറ്റിക്കൊണ്ടുപോകും.
ഒരു ദിവസം ട്രാംവെ ജീവനക്കാരൻ ഒരു ചത്ത പക്ഷിയെ സാലിം അലിക്ക് നൽകി. ലണ്ടൻ മ്യൂസിയത്തിൽ കേരളത്തിലെ പക്ഷികളുടെ പട്ടിക തയ്യാറാക്കിയ ഹ്യൂവിസ്ലർ എന്ന പക്ഷി നിരീക്ഷകനായ ഇന്ത്യയിലെ ബ്രിട്ടീഷ് പൊലീസ് ഓഫീസർക്ക് സാലിം അലി അത് കൈമാറി. പക്ഷിയെ തിരിച്ചറിഞ്ഞു. പരുന്ത് വർഗ്ഗത്തിൽപ്പെട്ട Feather toed hawk eagle എന്ന പക്ഷിയായിരുന്നു അത്. അത്യപൂർവമല്ലെങ്കിലും സാലിം അലിയെ ആകർഷിച്ചു.
സാലിം അലി കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നുവെന്ന് സിയ പറഞ്ഞു. അതിനാൽ കുട്ടികൾക്കുവേണ്ടി സാലിം അങ്കിളിനെക്കുറിച്ച് മികച്ച ഒരു ഗ്രന്ഥം സിയ എഴുതി. കൂടാതെ പ്രകൃതിയെക്കുറിച്ച് ആകെ ഇരുപതോളം ഗ്രന്ഥങ്ങൾ.
ജീവിതപങ്കാളിയായിരുന്ന റോമുലസ‌്‌വിതാകറുടെ ജീവിതകഥയാണ് സിയ കാൽ നൂറ്റാണ്ട് മുന്‍പ് എഴുതിയ ‘Snake Man’ ഇപ്പോൾ അതിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ‘Scaling up’ എന്ന പേരിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates