അറബിക്കഥപോലെ ഒരു ജീവിതം

പ്രകാശവേഗതയിലൊരു കുതിപ്പ്. തൊട്ടതൊക്കെ പൊന്നാക്കുന്ന മിദാസ് ചക്രവര്‍ത്തിക്ക് സമ്മാനം ഈ പ്രവാസിയുടെ സാഹസിക കഥ
അറബിക്കഥപോലെ ഒരു ജീവിതം
Updated on
5 min read

2001 ജൂണ്‍ 28. അബുദാബി കരാമാ സ്ട്രീറ്റിലെ ഷെയ്ഖ് ഖലീഫാ ആശുപത്രിയുടെ ഐ.സി.യുവിന്റെ മുന്‍പിലെ കോറിഡോറില്‍ ഇരുകൈകളുമുയര്‍ത്തി അല്ലാഹുവിനോട് അകം നൊന്ത് പ്രാര്‍ത്ഥിക്കുന്ന മലയാളി. കണ്ണീരില്‍ മുങ്ങിയ കവിളുകളുമായി 'ദുആ' ഇരക്കുന്നത് തൃശൂര്‍ നാട്ടിക സ്വദേശി മുസ്ല്യാംവീട്ടില്‍ യൂസഫലിയായിരുന്നു. പ്രകാശവേഗതയില്‍ ലോകം കീഴടക്കിയ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി. ദുബായിയില്‍നിന്ന് അബുദാബിയിലേക്കുള്ള യാത്രാമധ്യേ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തന്റെ പ്രിയപിതാവ് എം.കെ. അബ്ദുല്‍ഖാദര്‍ ഹാജി, അകത്ത് മരണത്തോട് പൊരുതുകയാണ്.

അതെ, ഏത് കോടീശ്വരനും നിസ്സഹായതയോടെ നിന്നുപോകുന്ന നിമിഷമായിരുന്നു അത്. അളവറ്റ സമ്പത്ത് മുഴുവന്‍ പകരം തന്നാലും തന്റെ ബാപ്പയുടെ ജീവന്‍ തിരിച്ചുതരണമേ എന്ന പ്രാര്‍ത്ഥന പക്ഷേ, വിഫലമായി. ഡോക്ടര്‍ കൈമലര്‍ത്തി. ബാപ്പയെ തിരിച്ചുകിട്ടിയില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ ഉമ്മയും പിന്നീട് ഈ ലോകത്തോട് വിടപറഞ്ഞു. ഉമ്മയും ബാപ്പയുമില്ലാത്ത രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷവും ഓരോ ദിവസവും യൂസഫലി അവരെ ഓര്‍ക്കുന്നു, അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അദൃശ്യമായ വാത്സല്യം ഏറ്റുവാങ്ങുന്നു. മാതാപിതാക്കളുടേയും സര്‍വ്വോപരി അല്ലാഹുവിന്റേയും അപാരമായ അനുഗ്രഹമാണ് താന്‍ ഈ നിലയിലേക്കുയരാന്‍ കാരണമെന്ന് യൂസഫലിക്കറിയാം. കഠിനാധ്വാനം, ഇച്ഛാശക്തി, സൗഭാഗ്യം എന്നൊക്കെ പറയുമ്പോഴും എന്റെ ഓരോ ചുവടുവെയ്പിലും അജ്ഞേയമായ ശക്തിയുടെ അപരിമേയമായ അനുഗ്രഹം പൂക്കള്‍ വിതറിയിരിക്കുന്നുവെന്നും അദ്ദേഹം സദാ ഓര്‍ത്ത് വെയ്ക്കുന്നു. ആ കരുത്തിലാണ് ഈ പ്രയാണം. ബാപ്പ അബ്ദുല്‍ഖാദര്‍ ഹാജിയുടെ പിതാവ്, അതായത് എന്റെ വല്ലിപ്പ, 48 കൊല്ലം മുന്‍പ് എന്റെ ദുബായ് യാത്രാസമയത്ത് സ്‌നേഹത്തോടെ എന്റെ കയ്യില്‍വെച്ചു തന്ന അഞ്ചു രൂപയുടെ പച്ചനോട്ടിന്റെ പകിട്ട് മറക്കാനാവില്ല. പൂര്‍വ്വപിതാക്കള്‍ കാട്ടിത്തന്ന സത്യത്തിന്റെ സല്‍സരണിയാകണം, തന്റെ വഴിവെളിച്ചമെന്നും യൂസഫലി വിശ്വസിക്കുന്നു. 

പ്രകാശവേഗതയിലൊരു കുതിപ്പ്. തൊട്ടതൊക്കെ പൊന്നാക്കുന്ന മിദാസ് ചക്രവര്‍ത്തിക്ക് സമ്മാനം ഈ പ്രവാസിയുടെ സാഹസിക കഥ. സഹസ്രകോടികളുടെ ആസ്തിയിലേക്കാണ് യൂസഫലി ഉയര്‍ന്നത്. നാട്ടിലെ മലയാളികള്‍ക്കും ലക്ഷക്കണക്കിനു പ്രവാസികള്‍ക്കും ആവേശകരമായ ഈ ജീവിതകഥയില്‍ നല്ല പാഠങ്ങളുമുണ്ട്. അതിസമ്പന്നരുടെ ആധികാരിക മാസിക ഫോബ്സ് പറയുന്നത് എം.എ. യൂസഫലി ലോകത്തിലെ 589-ാമത്തേയും ഇന്ത്യയിലെ മുപ്പത്തെട്ടാമത്തേയും ഏറ്റവും വലിയ സമ്പന്നനാണെന്നാണ്. മൂന്നര കോടി മലയാളികളിലെ ഒന്നാം നിരക്കാരനായ പണക്കാരനും യൂസഫലി തന്നെ. (വ്യക്തിപരമായ അദ്ദേഹത്തിന്റെ മൊത്തം വരുമാനം 4.8 ബില്യണ്‍ ഡോളര്‍. മാതൃസ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെ വരുമാനം 7.4 ബില്യണ്‍ ഡോളര്‍). കൊച്ചിയിലും തിരുവനന്തപുരത്തുമുള്‍പ്പെടെ ലോകത്താകെ 222 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ഫോറെക്‌സ് സ്ഥാപനങ്ങള്‍. ഇന്ത്യയ്ക്കകത്തും പുറത്തും പച്ചക്കറി-മാംസ സംസ്‌കരണ ഫാക്ടറികള്‍. കൊച്ചിന്‍ മാരിയോട്ട്-ഗ്രാന്റ് ഹയാത്ത് ഹോട്ടലുകള്‍, ആഗോള ഉപഭോക്തൃമേഖലയില്‍ നൂതന വിപ്ലവത്തിന്റെ കൊടിയടയാളങ്ങള്‍. സ്വദേശമായ നാട്ടികയില്‍ വൈ മാള്‍. അബുദാബിയില്‍ ലുലു കേന്ദ്രആസ്ഥാനമായ വൈ. ടവര്‍. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരിലൂടെ മാത്രം നാം കേട്ടിട്ടുള്ള പരിശീലനസ്ഥലമായ ബ്രിട്ടനിലെ സ്‌കോട്ട്ലാന്റ്യാര്‍ഡ് ഒന്നര ബില്യണ്‍ ദിര്‍ഹം നല്‍കി യൂസഫലി സ്വന്തമാക്കി. പറക്കാന്‍ സ്വന്തമായി വിമാനവും ഹെലികോപ്റ്ററും. തന്റെ പേരിന്റെ ആദ്യാക്ഷരം സൂചിപ്പിക്കുന്ന വൈ എന്ന സ്വര്‍ണ്ണമുദ്രയുള്ള വിമാനവും ആഡംബരക്കാറുകളും യു.എ.ഇയിലുള്‍പ്പെടെയുള്ള നഗരങ്ങളിലെ കൊട്ടാരസദൃശമായ വീടുകളും.

അഴകിന്റെ അലകടല്‍പോലെ കിനാവുകളെ പൊന്‍കസവണിയിച്ച സമൃദ്ധി. അറബിക്കഥകളില്‍ കേട്ടുപരിചയിച്ച വിസ്മയങ്ങളുടെ വിജയഗാഥകള്‍. നടന്നുതീര്‍ത്ത വഴികളില്‍, പൂക്കളല്ല മുള്ളുകളായിരുന്നു ഏറെയും. അതിസമ്പത്തിന്റെ മാസ്മരിക പ്രഭാവത്തിനപ്പുറമൊരു യൂസഫലിയുണ്ട്. ആ യൂസഫലിയുടെ കഥയാണ്, പരിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറമിലുയര്‍ന്ന മിനാരങ്ങളിലേക്ക് കണ്ണുനട്ട്, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന്റെ സ്വീറ്റിലിരുന്ന്, യൂസഫലി ഈ ലേഖകനുമായി പങ്കുവെച്ചത്. മറക്കാനാവാത്ത കൂടിക്കാഴ്ചയായിരുന്നു. പല തവണ അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മക്കയിലെ ഈ അഭിമുഖത്തില്‍, യൂസഫലിയുടെ ബാല്യവിസ്മയങ്ങളുടെ നനവാണ് ഏറെ ഉണ്ടായിരുന്നതെന്ന് എനിക്കു തോന്നി. ആ തോന്നലിനെ ശരിവെച്ചുകൊണ്ട് പ്രവാചകന്റെ മണ്ണില്‍ രാത്രി നമസ്‌കാരത്തിനുള്ള ബാങ്കൊലി മുഴങ്ങി.

*****

എംഎ യൂസഫലി ലോക കേരളസഭയിൽ
എംഎ യൂസഫലി ലോക കേരളസഭയിൽ

1973 ഡിസംബര്‍ 31-നാണ് മറ്റേതൊരു ഗള്‍ഫ് ഭാഗ്യാന്വേഷിയേയും പോലെ, യൂസഫലിയും ദുബായ് റാശിദിയാ തുറമുഖത്ത് വന്നിറങ്ങുന്നത്. നാട്ടികയിലെ പഠനത്തിനുശേഷം അഹമ്മദാബാദില്‍നിന്നു ലഭിച്ച ബിസിനസ് മാനേജ്മെന്റിലെ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റും ബാപ്പയും വല്ലിപ്പയും പകര്‍ന്ന ആത്മവിശ്വാസവുമായിരുന്നു, ദുബായ് മണ്ണിലിറങ്ങിയ യൂസഫലിയുടെ കരുത്ത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഇതേ യു.എ.ഇയുടെ ഭരണാധിപന്മാരുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയതും തലസ്ഥാനമായ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വൈസ് ചെയര്‍മാനായി അവരോധിക്കപ്പെട്ടതും യൂസഫലിയുടെ ജീവിതത്തിലെ സുവര്‍ണ്ണഘട്ടമായി മാറി. ഒരേയൊരു യൂസഫലിക്കു മാത്രം കൈവന്ന സൗഭാഗ്യം.

പിതൃസഹോദരന്‍ എം.കെ. അബ്ദുല്ല (യൂസഫലി, കൊച്ചാപ്പ എന്നു വിളിക്കുന്ന എം.കെ. അബ്ദുല്ല. ഇക്കഴിഞ്ഞ നവംബര്‍ 25-ന് ഇദ്ദേഹം അന്തരിച്ചു) 1973-ല്‍ അബുദാബിയിലുണ്ട്. ചെറിയൊരു ഗ്രോസറി നടത്തുകയായിരുന്നു. അവിടെ സഹായിയായി കൂടിയ യൂസഫലി പറയുന്നു: കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റും ഞാനാണ് പോകാറുള്ളത്. ആദ്യം ടാക്‌സിയിലും പിന്നീട് സ്വന്തമായി ചെറിയൊരു പിക്കപ്പ് വാനിലുമായിരുന്നു യാത്ര. ചിലപ്പോള്‍ കടയില്‍ നില്‍ക്കും. പലചരക്ക് സാധനങ്ങളുടെ ചാക്കുകള്‍ ഞാന്‍ തന്നെയാണ് ചുമക്കാറുള്ളത്. ഭാരം താങ്ങി, മാസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ ചുമലില്‍ തഴമ്പ് വീണു. എങ്കിലും ജോലിയില്‍ ആത്മാര്‍ത്ഥമായി മുഴുകി. കച്ചവടം തന്നെയാണ് തന്റെ വഴിയെന്ന കണ്ടെത്തല്‍ കൂടിയായിരുന്നു അത്. അന്നു തോളില്‍ വീണ തഴമ്പും ഇറ്റിവീണ വിയര്‍പ്പുതുള്ളികളും എന്നെ പുതിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചു. പതുക്കെ കോള്‍ഡ് സ്റ്റോറേജ് ബിസിനസിലേക്ക് പ്രവേശിച്ചു. ത്വയ്ബ ഫുഡ്സ് എന്ന പേരില്‍ ഫ്രഷ്-ഫ്രോസണ്‍ മാംസ-മത്സ്യ വസ്തുക്കളുടെ വിപണനമായിരുന്നു ലക്ഷ്യം. ഈ ബിസിനസ് പച്ചപിടിച്ചു. അബുദാബിയില്‍നിന്ന് യു.എ.ഇയിലെ മറ്റ് ആറു എമിറേറ്റുകളിലേക്കും വ്യാപാരം വ്യാപിപ്പിച്ചു. അവിടന്നങ്ങോട്ട് വളര്‍ച്ചയുടെ പടവുകളിലേക്കുള്ള കയറ്റമായിരുന്നു. 1980-ലെ ഇറാന്‍-ഇറാഖ് യുദ്ധം, 1990-ലെ ഇറാഖിന്റെ കുവൈറ്റി അധിനിവേശം. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ യു.എ.ഇയെ ഉപേക്ഷിച്ച് വിദേശികള്‍ പലരും രക്ഷപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ യൂസഫലി അബുദാബിയില്‍ തുടര്‍ന്നു. തന്നെ സഹായിച്ച അധികൃതരോടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം പറഞ്ഞു: എന്തു സംഭവിച്ചാലും യു.എ.ഇ എന്റെ രണ്ടാമത്തെ മാതൃരാജ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും ഈ നാടിനെ ഞാന്‍ ചേര്‍ത്തുപിടിക്കും. പലരും പതര്‍ച്ചയോടെ യു.എ.ഇയില്‍നിന്നു പലായനം ചെയ്തപ്പോള്‍, ലാഭനഷ്ടം നോക്കാതെ തന്റെ ബിസിനസുമായി യൂസഫലി അബുദാബിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അബുദാബി ഭരണാധികാരികളില്‍പ്പോലും ഈ നിലപാട് അകമഴിഞ്ഞ പ്രശംസ പിടിച്ചെടുക്കുകയും ചെയ്തു. 

ലുലു എന്നാല്‍ മുത്ത്. ഈ പേര് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് യൂസഫലി നല്‍കിയ മറുപടി, പല പേരുകളാലോചിച്ചപ്പോള്‍ പെട്ടെന്ന് ഉച്ചരിക്കാന്‍ പറ്റിയ പേരിതാണെന്ന തോന്നലില്‍നിന്നാണ് ലുലു ഉണ്ടായതെന്നാണ്. ലുലുവിന്റെ ആദ്യ ഷോപ്പ് അബുദാബിയിലും പിന്നീട് ശാഖകളായി പലയിടങ്ങളിലേക്കും വളരുകയും ചെയ്തു. കുറഞ്ഞ ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനം ക്രമേണ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാഷ്ട്രങ്ങളായ യു.എ.ഇയിലും ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചതോടെ യൂസഫലിക്ക് പിന്‍ബലമായി മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികളുടെ സംഖ്യ ഉയര്‍ന്നു. പിന്നീടങ്ങോട്ട് ലുലുവിന്റെ കുതിപ്പായിരുന്നു. ഉപഭോക്തൃ മേഖലയില്‍ ഭീമന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ പിന്നിലാക്കി, ലുലു അതിവേഗം മുന്നേറി. ഗുണമേന്മയുള്ള സാധനങ്ങള്‍, കുറഞ്ഞ നിരക്കില്‍ ആവശ്യക്കാരിലേക്കെത്തിക്കുകയെന്ന മാജിക്കാണ് തന്നെ വിജയപഥത്തിലെത്തിച്ചതെന്ന് യൂസഫലി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ അതിരുകളും കടന്ന് ലുലു മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും ഈജിപ്തിലേക്കുമൊക്കെ ചുവടുവെയ്ക്കാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു. കേവലം 20 വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ 222 മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലുവിന്റെ വിജയപതാക പാറിച്ച് വാണിജ്യലോകത്ത് പരിലസിച്ചു നില്‍ക്കുന്നു. ഏതാണ്ട് എഴുപതിനായിരം ജീവനക്കാരാണ് ലുലു ശൃംഖലയിലുള്ളത്. സ്വകാര്യമേഖലയില്‍ ഏറ്റവുമധികം തൊഴിലാളികളുടെ അന്നദാതാവായി മാറിയ സ്ഥാപനം. ഓരോ തൊഴിലാളിയുമായും നേരിട്ട് ഇടപെടുന്ന യൂസഫലിയുടെ മുഖ്യപരിഗണന അവരുടെയെല്ലാം കുടുംബകാര്യങ്ങളാണ്, വീട്ടുവിശേഷങ്ങളാണ്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം കുടുംബങ്ങളിലേക്കയക്കണമെന്ന നിഷ്‌കര്‍ഷയാണ് അദ്ദേഹം ജീവനക്കാരെ ഉണര്‍ത്താറുള്ളത്. 

ജീവനക്കാരോ മറ്റുള്ളവരോ ഒരിക്കലും ചെറുതാണെന്ന ചിന്തപോലുമുണ്ടാകരുത്. നീ എത്ര വലിയവനാണെങ്കിലും ആ വിധത്തില്‍ ചിന്തിച്ചാല്‍ അതു നിന്നെ തകര്‍ച്ചയിലെത്തിക്കും. യൂസഫലിയുടെ ഈ ചിന്തയാണ്, ഓരോ ലുലു തൊഴിലാളിയേയും സ്വന്തം കുടുംബാംഗത്തെപ്പോലെ അദ്ദേഹത്തെ കാണാന്‍ പ്രേരിപ്പിക്കുന്നത്. ലുലു ജീവനക്കാരും ഇഷ്ടക്കാരുമെല്ലാം യൂസഫലിയെ, സ്‌നേഹത്തോടെ 'യൂസഫ് ഭായ്' എന്നാണ് വിളിക്കാറുള്ളത്. 

ഈശ്വരവിശ്വാസം, കുടുംബസ്‌നേഹം, നന്മ, സഹജീവി സ്‌നേഹം- ഇതൊക്കെയാണ് ധന്യത, അനുഗ്രഹം എന്നു പറയുന്നതെന്ന് കൂടി യൂസഫലി അടിവരയിടുന്നു. എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുമ്പോള്‍ നേട്ടമായി പലതും തേടിയെത്തുകയും ചെയ്യുന്നുവെന്നാണ് എന്റെ അനുഭവം. ത്യാഗസന്നദ്ധതയാണ് നമുക്ക്, പ്രവാസികള്‍ക്ക് പ്രത്യേകിച്ചും വേണ്ടത്. പല പ്രതിസന്ധി ഘട്ടങ്ങളിലും നിര്‍ണ്ണായകമെന്ന് തോന്നിയ തീരുമാനങ്ങളെടുക്കാന്‍ കാട്ടിയ ധൈര്യവും കൂടിയായിരിക്കണം എന്നെ ഈ നിലയിലെത്തിച്ചതെന്ന് കരുതുന്നു. തീരുമാനങ്ങളൊന്നും ഇന്നോളം പാളിപ്പോയിട്ടില്ല. 12 മണിക്കൂര്‍ ഞാന്‍ ഇന്നും ജോലി ചെയ്യുന്നു. ഗള്‍ഫ് ഭരണാധികാരികളുമായുള്ള സൗഹൃദം എന്റെ ജീവിതത്തിന്റെ അമൂല്യവും ഹരിതാഭവുമായ അനുഭവസമ്പത്താണ്. രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ല. എല്ലാ നേതാക്കളുമായും എനിക്ക് സൗഹൃദമുണ്ട്. അടിസ്ഥാനപരമായി ഞാനൊരു കച്ചവടക്കാരനാണ്, രാഷ്ട്രീയക്കാരനല്ല. രാജ്യപുരോഗതിക്കും സംസ്ഥാനത്തിന്റെ വികസനത്തിനും തന്റെ സമ്പൂര്‍ണ്ണ പങ്കാളിത്തം അതാത് ഭരണാധികാരികളോട് പ്രതിബദ്ധതയോടെ വാഗ്ദാനം ചെയ്യുകയും ഉറപ്പ് വരുത്തുകയും ചെയ്ത ചരിത്രമാണ് എനിക്കുള്ളത്. അപ്രിയ സത്യങ്ങള്‍ തുറന്നു പറയാന്‍ എനിക്കു മടിയില്ല. വികസനത്തിനു വിഘാതം നില്‍ക്കുന്നവരോട് എനിക്ക് സന്ധിയില്ല-യൂസഫലി പറയുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നിര്‍മ്മിതിയില്‍ പതിഞ്ഞ യൂസഫലിയുടെ വിരലൊപ്പുകള്‍ ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നു. 

ജീവകാരുണ്യത്തിന്റെ മറുവാക്കാണ് യൂസഫലി. അര്‍ഹരായ കുടുംബങ്ങളിലേക്ക് കനിവിന്റെ ഈറന്‍ കാറ്റായി യൂസഫലി എത്തുന്നു. പുറത്തറിഞ്ഞും അറിയാതേയും അദ്ദേഹം നല്‍കി വരുന്ന സഹായങ്ങളും സംഭാവനകളുമെല്ലാം ലക്ഷക്കണക്കിനാളുകള്‍ക്കാണ് സ്‌നേഹത്തണലായി മാറുന്നത്. ഗള്‍ഫിലും നാട്ടിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍, നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഗള്‍ഫ് നാടുകളില്‍ അലയുന്നവര്‍, ചെറുതും വലുതുമായ കേസുകളില്‍ കുടുങ്ങി ജീവിതത്തിലാകെ ഇരുള്‍ പടര്‍ന്നവര്‍. ഇങ്ങനെയുള്ള ആയിരങ്ങളെയാണ് യൂസഫലി കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുള്ളത്. 

കച്ചവടത്തിന്റെ ടെന്‍ഷനുകളില്‍നിന്നു മുക്തമാകുന്ന നിമിഷങ്ങളില്‍ സംഗീതവും സിനിമയും ആസ്വദിക്കുന്ന യൂസഫലിക്ക് ഹ്യൂമര്‍ ഏറെ ഇഷ്ടമാണ്. തമാശ പറയുന്ന ഒരു കൂട്ടായ്മ തന്നെ അദ്ദേഹവും സുഹൃത്തുക്കളും അബുദാബിയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വായനയും ഏറെ ഇഷ്ടമാണ്. ബിസിനസ് മാഗസിനുകളാണ് കൂടുതല്‍ താല്പര്യം. പ്രാതലിനു പുട്ടും പഴവും നിര്‍ബ്ബന്ധം. ഉച്ചയൂണിന് ഗുരുവായൂര്‍ പപ്പടവും ഒഴിച്ചുകൂടാനാവാത്തതാണ്. (ഗള്‍ഫിലെ ആറു രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും നിത്യേന പറക്കുന്ന വിമാനങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് അരഡസന്‍ ലുലു ജീവനക്കാരെങ്കിലുമുണ്ടാകും. നേരിട്ടും അല്ലാതെയുമായി ലുലു വേതനം നല്‍കുന്ന എഴുപതിനായിരം ലുലു ജീവനക്കാരില്‍ ഏറിയ പങ്കും മലയാളികളാണ്). സഹോദരന്‍ എം.എ. അഷ്റഫലി, യൂസഫലിയുടെ സംരംഭങ്ങളുടെ ശക്തിസ്രോതസ്സായി നിലനില്‍ക്കുന്നു. ഷാബിറയാണ് യൂസഫലിയുടെ പത്‌നി. മക്കള്‍: ഷബീന, ഷഫീന, ഷിഫ. 

2021 ഏപ്രില്‍ 10-ന് കൊച്ചി പനങ്ങാട്ട് സംഭവിച്ച കോപ്റ്റര്‍ അപകടത്തില്‍നിന്നു തന്നെ രക്ഷപ്പെടുത്താന്‍ സഹായിച്ച പ്രദേശവാസികളായ രാജേഷ്, ബിജി ദമ്പതികളോടും നാട്ടുകാരോടുമുള്ള യൂസഫലിയുടെ നന്ദിയും കടപ്പാടും സ്‌നേഹവുമെല്ലാം കേരളം കണ്ടറിഞ്ഞു. പനങ്ങാട്ടെ പാവപ്പെട്ടവര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരോടും സ്വാധീനശക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അറബ് രാജാക്കന്മാരോടും രാജകുമാരന്മാരോടുമെല്ലാം ഒരേ മനസ്സോടെ ഇടപെടാന്‍ കഴിയുന്നുവെന്നതാണ്, കനിവിന്റേയും കരുണയുടേയും സമഭാവനയുടേയും ഇതിഹാസം രചിക്കുന്ന എം.എ. യൂസഫലി എന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ വൈശിഷ്ട്യം.

എംഎ യൂസഫലി
എംഎ യൂസഫലി

സമൃദ്ധിയുടെ മഹാകാശം,  പുരസ്‌കാരത്തിന്റെ തിളക്കങ്ങള്‍

നിരന്തരമായ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് സമൃദ്ധിയുടെ മഹാകാശം ഈ നാട്ടികക്കാരന്‍ കീഴടക്കിയത്. 2005-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2008-ല്‍ പത്മശ്രീ പുരസ്‌കാരം, 2014-ല്‍ ബഹറൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, 2017-ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, കഴിഞ്ഞ വര്‍ഷം യു.എ.ഇയുടെ ഉന്നത സിവിലിയന്‍ ബഹുമതി എന്നിങ്ങനെ യൂസഫലിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഇതു കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് (ഗോള്‍ഡന്‍ വിസ-പ്രീമിയം ഇഖാമ) അര്‍ഹനായതും യൂസഫലിയാണ്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുള്ളതാണ്. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിര്‍മ്മിക്കാനുള്ള സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശൈഖ് മുഹമ്മദ് യൂസഫലിക്കു നല്‍കിയത്. ഇത് കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മുഷ്റിഫ് മാള്‍ നിലനില്‍ക്കുന്ന 40 ഏക്കര്‍ സ്ഥലം അബുദാബി സര്‍ക്കാര്‍ നല്‍കിയതാണ്.

35,000-ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 70,000-ലേറെ ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 222 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായാണ് ഇവരത്രയും ജോലിയെടുക്കുന്നത്.

ഇതുകൂടാതെ യു.എസ്.എ, യു.കെ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ് മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് അടുത്ത വര്‍ഷാരംഭത്തോടെത്തന്നെ 250 ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com