ജോൺ എബ്രഹാമിന്റെ ആന്റണി എബ്രഹാം

ജോൺ എബ്രഹാമിന്റെ ആന്റണി എബ്രഹാം
Updated on
4 min read

സിനിമ ഉള്ളിൽ പേറിനടക്കുന്ന ചില മനുഷ്യരുണ്ട്, സിനിമയുടെ കെടാവിളക്കുകൾ. വെള്ളിത്തിരയുടെ പ്രകാശവും പേറി അവർ നിത്യസഞ്ചാരം നടത്തുന്നു. സിനിമ എന്നപ്രസ്ഥാനത്തെ നിലനിർത്തുന്നത് അദൃശ്യരായ അത്തരം നിത്യസഞ്ചാരികളുടെ ചലച്ചിത്രപ്രണയമാണ്. അങ്ങനെ സിനിമയെ സ്‌നേഹിച്ച് ഈ ഭൂമിയിലെ ജീവിതം കടന്നുപോയ സൗന്ദര്യമാണ് ആന്റണി എബ്രഹാം. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ ജോൺ എബ്രഹാമിന്റെ ആന്റണി എബ്രഹാം.

സിനിമയുടെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു ‘ജോൺ’ സൗഹൃദത്തിന്റെ ഓർമ്മയാണ് കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ ജീവനാഡിയായിരുന്ന ആന്റണി എബ്രഹാം. 2025 ജനുവരി 31-ന് ആന്റണി എബ്രഹാം ഈ ഭൂമിയോട് വിടപറഞ്ഞു. കഴിഞ്ഞ വർഷം ജോൺ എബ്രഹാമിന്റെ ഓർമ്മദിവസം കോട്ടയം സി.എം.എസ്. കോളേജ് തിയേറ്ററിൽ ‘ജോൺ’ പ്രദർശനവേളയിൽ ആന്റണിക്ക് ഒപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് രാത്രിയിൽ സംവിധായകൻ കെ.എം. കമലിന്റെ ഒരു വാട്സ്ആപ്പ് സന്ദേശം വന്നു: “അറിഞ്ഞില്ലേ” എന്ന്. ഒന്നും അറിഞ്ഞിരുന്നില്ല അപ്പോൾ. ‘ഞങ്ങളുടെ മെന്റർ’ എന്ന് മരണ അറിയിപ്പിന്റെ വേദന വന്നു തൊട്ടുപിറകെ. അറിയിച്ചില്ലായിരുന്നു എങ്കിൽ ഒന്നുമറിയില്ലായിരുന്നു. എല്ലാം അതത് പ്രാദേശിക എഡിഷനുകളിൽ ഒതുക്കുന്ന മാധ്യമകാലത്ത് കോതമംഗലത്തിന് പുറത്തേക്ക് ഒരു മരണം വളരണമെങ്കിൽ അതിന് ഒട്ടേറെ കടമ്പകളുണ്ട്, അച്ചടിയുടെ അൽഗോരിതങ്ങൾ. അത് മുറിച്ചുകടക്കാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണം എന്നില്ല.

ജോൺ എബ്രഹാം ഉദ്ഘാടനം ചെയ്ത പ്രസ്ഥാനമാണ് കോതമംഗലം സുമംഗല ഫിലിം സൊസൈറ്റി. 1976 സെപ്തംബർ 19-നായിരുന്നു സുമംഗലയുടെ ഫിലിം

സൊസൈറ്റി ഉദ്ഘാടനം ചെയ്യാൻ ആന്റണി ജോണിനെ കോതമംഗലത്ത് എത്തിക്കുന്നത്. കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട 1975-ലെ വിഖ്യാതമായ നെയ്യാർ ചലച്ചിത്ര ക്യാമ്പിൽ പങ്കെടുത്തത് മുതൽക്കാണ് ആന്റണിയും ജോണും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. മലയാളത്തിൽ നവസിനിമയുടെ വസന്തകാലമായിരുന്നു അത്. അടൂർ ഗോപാലകൃഷ്ണനും കെ.ജി. ജോർജും ജോൺ എബ്രഹാമും ആ ക്യാമ്പിൽ പങ്കെടുത്ത ഒരു ചിത്രം ആന്റണി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുള്ളതാണ്. അടൂർ ‘സ്വയംവര’വും (1971) കെ.ജി. ജോർജ് ‘സ്വപ്നാടന’വും (1975) ജോൺ എബ്രഹാം ആദ്യ ചിത്രമായ ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ’ (1972) കഴിഞ്ഞ് ‘പണിതീരാത്ത അഗ്രഹാരത്തിലെ കഴുത’(1977)യ്ക്ക് പിറകെ അലഞ്ഞുകൊണ്ടിരിക്കുന്നതുമായ കാലത്താണ് ‘നെയ്യാർ ക്യാമ്പ്’ (1975). കഴുതയ്ക്ക് പിറകെയുള്ള ഏഴ് വർഷം; ആ നീണ്ട അലച്ചിലാണ് ജോണിനെ ലെജന്റ് ആക്കി മാറ്റിയത്. സ്വാഭാവികമായും നെയ്യാർ ക്യാമ്പിൽനിന്നും തുടങ്ങിയ സൗഹൃദം മരണം കഴിഞ്ഞും ജോണിനെ പിന്തുടരുന്നതിലേക്കാണ് ആന്റണിയെ കൊണ്ടുചെന്നെത്തിച്ചത്. ഇത്രയും ദീർഘകാലം ജോണിനെ പിന്തുടർന്ന മറ്റൊരു ഫിലിം സൊസൈറ്റി ആക്ടിവിസ്റ്റ് ചരിത്രത്തിൽ

വേറെയുണ്ടാകില്ല. അരനൂറ്റാണ്ടിന്റെ ചരിത്രം അതിലുണ്ട്. നീണ്ട ചരിത്രസ്മരണകൾ മായാതെ കാത്തുസൂക്ഷിച്ച നന്മനിറഞ്ഞ ഒരു മനുഷ്യന്റെ വിടപറച്ചിലാണ് ആന്റണിയുടെ വേർപാടിലൂടെ സംഭവിക്കുന്നത്.

കോട്ടയം സിഎംഎസ് കോളേജ് തിയേറ്ററില്‍ 2024ലെ ഓര്‍മ്മദിനത്തിന് ജോണ്‍ സിനിമ കാണാനെത്തിയ ജോണിന്റെ സഹോദരി ശാന്തേടത്തിക്കൊപ്പം ആന്റണി ജോണ്‍. കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് ജയരാജ്, ജോണിന്റെ സുഹൃത്ത്  മാത്യുസ്, മാത്യൂസിന്റെ പങ്കാളി വത്സല, ആന്റണി എബ്രഹാം എന്നിവര്‍
കോട്ടയം സിഎംഎസ് കോളേജ് തിയേറ്ററില്‍ 2024ലെ ഓര്‍മ്മദിനത്തിന് ജോണ്‍ സിനിമ കാണാനെത്തിയ ജോണിന്റെ സഹോദരി ശാന്തേടത്തിക്കൊപ്പം ആന്റണി ജോണ്‍. കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് ജയരാജ്, ജോണിന്റെ സുഹൃത്ത് മാത്യുസ്, മാത്യൂസിന്റെ പങ്കാളി വത്സല, ആന്റണി എബ്രഹാം എന്നിവര്‍

ജോണ്‍ എബ്രഹാം എഴുതിയ കത്ത്

എഴുപതുകളുടെ അന്ത്യത്തിലോ എൺപതുകളുടെ തുടക്കത്തിലോ രണ്ടുപേരും ഒന്നിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ ആലോചിച്ചിരുന്നതായി ജോൺ എബ്രഹാം ആന്റണിക്ക് എഴുതിയ ഒരു കത്തിൽ കാണാം. അതിനായി അടുത്ത ആഴ്ച താൻ കോതമംഗലത്തേക്ക് വരാമെന്നും അതിന് മുന്‍പ് കോട്ടയത്തേക്ക് വരുന്നുണ്ടെങ്കിൽ ആ വിവരം തന്നെ അറിയിക്കണമെന്നും ജോൺ ആന്റണിക്ക് എഴുതുന്നുണ്ട്.

‘കയ്യൂർ’ സിനിമയ്ക്കുള്ള അദ്ധ്യായം തുടങ്ങുമ്പോൾ ഒപ്പം നിൽക്കാൻ ജോൺ ആന്റണിയെ കോഴിക്കോട്ടേക്ക് കത്തെഴുതി ക്ഷണിക്കുന്നുണ്ട്. 25-4-1984-ന് ഫറൂഖിൽ താമസിക്കുന്ന കാലത്താണ് ജോൺ ആ കത്ത് എഴുതുന്നത്.

ഫറൂഖ് കോളേജിനടുത്തുള്ള സഖാവ് ഫറൂഖ് സോമന്റെ ഫറൂഖ് ആട്‌സിൽ 1984 മെയ് 6-ന് ചേരാൻ പോകുന്ന ഫിലിം സൊസൈറ്റി പ്രേമികളുടേയും സുഹൃത്തുക്കളുടേയും യോഗത്തിൽ പങ്കെടുക്കാനാണ് ജോൺ ആന്റണിയെ ക്ഷണിക്കുന്നത്. വന്നില്ലെങ്കിൽ കോതമംഗലത്തുവന്ന് ഇരിക്കും എന്ന് സ്‌നേഹത്തോടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തുന്നുണ്ട് ജോൺ ആ കത്തിൽ.

ആ യോഗത്തിൽ ആന്റണി വന്നിരുന്നോ എന്നറിയില്ല. അന്ന് ആന്റണിയെ അറിയില്ലായിരുന്നു. ജോണിന്റെ കോഴിക്കോടൻ സൗഹൃദത്തിന്റെ കേന്ദ്രമായിരുന്ന സേതു ഏട്ടനൊപ്പം ഫറൂഖ് ആട്‌സിലെ ആ മീറ്റിങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. മീറ്റിങ്ങിനു മുന്‍പ് ഫറൂഖ് സോമന്റെ വീട്ടിൽ പോയതും കുഞ്ഞിലക്ഷ്മി ടീച്ചറെ കണ്ടതും ഓർക്കുന്നു. സേതുവിന്റെ ടെലിഫോൺസിലെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന അമ്മത് മാഷ് ആ പ്രസ്ഥാനത്തിന്റെ ചുമതലയേറ്റ യോഗമായിരുന്നു അത്. പരാജയപ്പെട്ട കയ്യൂരിന്റേയും നടന്നുതീർത്ത ‘അമ്മ അറിയാന്റേ’യും യാത്ര അവിടെ തുടങ്ങുന്നു. പിൽക്കാലത്ത്

കാണാതായ ആർ.ഇ.സി. വിദ്യാർത്ഥിയും വിപ്ലവ വിദ്യാർത്ഥി സംഘടനാപ്രവർത്തകനുമായിരുന്ന അയ്യപ്പൻ ജോണിന്റെ സന്തതസഹചാരിയാകുന്നത് ആ യാത്രയിലാണ്. ഒഡേസ്സയും ഒഡേസ്സ സത്യനുമൊക്കെ ചരിത്രമായി മാറുന്നതിന്റെ ഒരു തുടക്കമായിരുന്നു അത്. പല തുടക്കങ്ങൾ അതിനുണ്ട്. ചരിത്രമാകൽ പിന്നീടാണ് സംഭവിക്കുന്നത്. ആന്റണി എബ്രഹാം ജോൺ എബ്രഹാമിന് എത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് ലഭ്യമായ രണ്ടു കത്തുകളിലും തെളിഞ്ഞുകാണാം.

ജോൺ എബ്രഹാമിന്റെ ഓർമ്മയിൽ ഒരു സിനിമ ചെയ്യുന്നു എന്ന വാർത്ത കേട്ടാണ് 2013-ല്‍ എപ്പോഴോ ജോണിന്റെ സുഹൃത്തായിരുന്നു എന്ന് പറഞ്ഞ് ആന്റണി എബ്രഹാം കോതമംഗലത്ത് നിന്നും വിളിക്കുന്നത്. പിന്നീട് ആ സിനിമ എങ്ങനെയെങ്കിലും നടന്നുകാണാൻ ആഗ്രഹിച്ച് ഒരു ദശകക്കാലം ഓർമ്മയായി നിന്ന ഒരജ്ഞാത ശബ്ദമായിരുന്നു ആന്റണി എബ്രഹാം. ജോൺ എബ്രഹാമിന് സ്വന്തക്കാരില്ലാത്ത നാടില്ല എന്നതുപോലെ ഓരോരുത്തർക്കും അവരവരുടെ ജോൺ എബ്രഹാം ഉണ്ട് എന്നതിന്റെ സാക്ഷ്യമായിരുന്നു അത്. ‘ജോൺ’ സിനിമ എന്തായി, തീർന്നില്ലേ എന്ന് ആ സിനിമയെ പിന്തുടർന്നത് ഏതാനും ചിലർ മാത്രമാണ്. ജോണിനെ കോഴിക്കോട്ടെത്തിച്ച ചെലവൂർ വേണു, ജോണിന്റെ സ്വന്തം അഭിനേതാക്കളും സുഹൃത്തുക്കളുമായ ഹരിനാരായണൻ, ശോഭീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, ‘കയ്യൂർ’ കാലത്തിന്റെ സഹയാത്രികൻ മധു മാസ്റ്റർ, ‘ഇത്രയൊക്കയേ ഉള്ളൂ സ്‌നേഹിതാ’ എന്ന സെൻ ബുദ്ധിസ്റ്റ് കഥയിലൂടെ കഥാലോകത്തെ വിസ്മയിപ്പിച്ച പ്രിയ സുഹൃത്ത് നന്ദൻ എന്ന എ. നന്ദകുമാർ, പിന്നെ നേരിട്ടു കാണാത്ത അശരീരിയായി കോതമംഗലത്തുനിന്നും ഒരു ആന്റണി ജോണും. ആദ്യ പ്രദർശനത്തിനു മുന്‍പുതന്നെ സിനിമയിൽ വേഷമണിഞ്ഞ ഹരിനാരായണനും നന്ദനും മൊകേരി മാഷും മധു മാസ്റ്ററും വിടപറഞ്ഞു. രണ്ട് വെള്ളപ്പൊക്കവും കൊവിഡും അതിനിടയിൽ പിന്നിട്ടു.

ഒടുവിൽ 2023-ൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ജോണി’ന്റെ ആദ്യ

പ്രദർശനവേളയിൽ കോതമംഗലത്തുനിന്നും ആന്റണി എത്തി, നേരിൽ കണ്ടു,

ജോണിന്റെ കത്തുകൾ കാണിച്ചുതന്നു. സ്‌നേഹത്തോടെ സിനിമ കണ്ട് സ്‌നേഹത്തോടെ ആ സിനിമയ്ക്ക് നന്ദി പറഞ്ഞു, ജോണിനെ ഓർക്കാൻ ഒരു സിനിമ ഉണ്ടായതിൽ. പിന്നീട് കൊച്ചിയിലും തിരുവനന്തപുരത്തും ആലപ്പുഴയിലും കോട്ടയത്തും കോഴിക്കോട്ടും പ്രദർശിപ്പിച്ചപ്പോഴും ആ സിനിമയ്ക്ക് പിന്തുണ രേഖപ്പെടുത്താനായി മാത്രം ആന്റണി എബ്രഹാം സ്വന്തം കയ്യിൽനിന്നും കാശും ചെലവാക്കി ഒപ്പം നിൽക്കാനെത്തി. അതൊരു വിസ്മയമായിരുന്നു. എന്തൊരു മനുഷ്യൻ എന്ന് അത്ഭുതത്തോടെയല്ലാതെ ആന്റണി എബ്രഹാമിനെ ഓർക്കാനാവില്ല. ‘ജോൺ’ സിനിമ എടുത്ത കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ സുഹൃത്തുക്കളായിരുന്ന ചലച്ചിത്ര നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഒരക്ഷരം മിണ്ടാതെ മുഖംതിരിച്ചു നിന്ന വേളയിലാണ് ജോണിന്റെ പ്രിയ കൂട്ടുകാരൻ ഇങ്ങനെ സിനിമയ്ക്കൊപ്പം നിന്ന് ഹൃദയത്തിൽ തൊട്ടത്. അങ്ങനെ ഒരു സിനിമ ചെയ്തതിൽ കിട്ടിയ ഏറ്റവും സ്‌നേഹപൂർവ്വമായ അംഗീകാരമായിരുന്നു അത്.

68-ാം വയസ്സിൽ, ബൈപ്പാസ് സർജറിയെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ആന്റണിയുടെ അന്ത്യം സംഭവിച്ചത്. കോതമംഗലം പട്ടണത്തിൽ തന്നെ ചില വ്യാപാരസ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു ആന്റണി എബ്രാഹം. അയിരൂർപാടം അടപ്പൂർ എൽസമ്മയാണ് ഭാര്യ. അനു ബറ്റ്‌സി; ഗീതു മെറിൻ; ക്രിസ് എബിൻ (റിച്ചു) എന്നിവരാണ് മക്കൾ.

‘സ്‌മൃതി’ എന്ന സാംസ്‌കാരിക സംഘടനയ്ക്ക് ചുക്കാൻ പിടിച്ച് ഗായകനും സംഗീതസംവിധായകനുമായ ബാബുരാജിന്റെ ഓർമ്മയ്ക്ക് മലയാളിമനസ്സിൽ ഒരു നവോത്ഥാനം ഉണ്ടാക്കിയ

നിരവധി ഗാനമേളകൾ ആന്റണി നടത്തിയിരുന്നു. കോതമംഗലത്തിന്റെ അഭിമാനങ്ങളായ സംവിധായകൻ കെ.എം. കമൽ, ഛായാഗ്രാഹകനായ മധു നീലകണ്ഠൻ, സംവിധായകനും എഡിറ്ററുമായ ബി. അജിത്കുമാർ എന്നിവരുടെ സിനിമയിലെ ഓരോ കാൽവെയ്‌പ്പും സ്‌നേഹപൂർവ്വം ഹൃദയത്തിലേറ്റി നടന്നു ആന്റണി.

ആന്റണി എബ്രഹാം
ആന്റണി എബ്രഹാം

‘കോതമംഗലത്ത് ആന്റണിക്ക് പകരംവയ്ക്കാൻ ഒരാളില്ല. കോതമംഗലത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ഏറെ തെളിമയോടെ ‘ആന്റണി’യുടെ കയ്യൊപ്പ് പതിഞ്ഞുകിടക്കും.

ഒരുതരത്തിൽ പറഞ്ഞാൽ, “A One Man Army...കോതമംഗലത്തെ ഇനി വിളിച്ചുപറയാൻ ഒരാളില്ല. ആന്റണി ഒറ്റയ്ക്ക് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു” - എന്ന് അദ്ധ്യാപകനും ആന്റണിയുടെ സഹപാഠിയും ആത്മമിത്രവുമായ കെ.പി. കുര്യാക്കോസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിൽ പറയുന്നു. നിശ്ശബ്ദം ഒരു നാടിന്റെ ഹൃദയത്തുടിപ്പായി മാറിയ ഒരു സാംസ്‌കാരിക സഞ്ചാരിയുടെ മുഖമാണ് ആന്റണിയിലൂടെ തെളിയുന്നത്. ജോൺ എബ്രഹാമിനെ ആകർഷിച്ചത് ആന്റണിയിലെ ഈ ദസ്തയേവ്‌സ്‌കി ഘടകമായിരിക്കും എന്ന് ഉറപ്പിച്ചു പറയാം.

കോതമംഗലത്ത് ‘ജോൺ’ എത്തിക്കാൻ ആന്റണി ശ്രമിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും തിയേറ്ററിൽ മാത്രം പ്രദർശനം ഏറ്റെടുത്ത് നടത്തുമെങ്കിൽ മതി എന്ന എന്റെ നിലപാടുകൊണ്ടാണ് അത് നടക്കാതെ പോയത്. ആ ഭാരം ഏറ്റെടുക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കോതമംഗലം സുമംഗല ഫിലിം സൊസൈറ്റി. അത് എന്റെ തെറ്റായിരുന്നു. എൺപതുകളിൽ ഞങ്ങളുടെ തലമുറ ലോകസിനിമകൾ കണ്ട് നടന്നത് കൊട്ടകകളിൽ പോലുമല്ല, 16 എം.എം. പ്രൊജക്ടറിന്റെ ശബ്ദവും ഒപ്പം കേട്ട് ക്ലാസ്സ്മുറികളിലും സൗജന്യമായി കിട്ടുന്ന ഹോട്ടലുകളുടെ ടെറസ്സുകളിലും വച്ചായിരുന്നു എന്നത് ഞാനും മറന്നു. ആ ക്ഷണം സ്വീകരിക്കാതെ പോയതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. എത്ര പേർ കാണുന്നു എന്നതുപോലും അപ്രധാനമാണ്. ആരോ ഒരാൾ കാണാനുണ്ട് എന്നത് മാത്രമാണ് ഒരു സിനിമയെ ജീവിപ്പിക്കുന്നത്. അല്ലെങ്കിൽ അത് മരിച്ച സിനിമയാണ്.

ഭൂമിയിലെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ മണ്ണിന്നടിയിൽ അപ്പനോട് പങ്കുവയ്ക്കുന്ന ‘ജോൺ’ സിനിമയിലെ ദീദിയുടെ സംഭാഷണങ്ങളാണ് ആന്റണിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

“അവരെന്നെ വിളിക്കുന്നത് കേൾക്കുന്നില്ലേ അപ്പാ,

ഭൂമിയിലെ നിലവിളികൾ ഒടുങ്ങുന്നില്ലല്ലോ.

(വാതിലിൽ മുട്ടുന്നത് കേൾക്കാം)

കടലുകളും മനസ്സുകളും അവിടെ ഇങ്ങനെ കലങ്ങിമറിയുമ്പോൾ ഞാനെങ്ങനെ ഇവിടെ സമാധാനത്തോടെ കഴിയും.

No. I can’t, rest in peace.

I am John, John Abraham. I am the Hitler of my cinema.

(ചിരിക്കുന്നു)

എല്ലാ ഹിറ്റ്‌ലർമാരുടേയും വിധി ഇതാണ്. ഈ കുഴിമാടം വരെ...

ഇത്രയൊക്കെയേ ഉള്ളൂ.

(ക്യാമറ ഇരുട്ടിലേക്ക്)

കുഴിച്ചുമൂടപ്പെട്ട ജീവിതങ്ങളുടെ സോഷ്യലിസം കാണണമെങ്കിൽ കുഴിമാടങ്ങളുടെ ഈ പറുദീസയിലേക്ക് വരണം.

മുതിർന്നപ്പോൾ അപ്പനെ കേൾക്കാൻ സമയമില്ലായിരുന്നു. ഇവിടെ ഈ ഇരുട്ടിലിങ്ങനെ കേട്ടും പറഞ്ഞും എത്രകാലം വേണമെങ്കിലും കഴിയാം.

Notes from the underground പോലെ.

Underworld അല്ല. അതല്ല എന്റെ വഴി. അത് ശ്വാസംമുട്ടിക്കും.

ഈ ഇരുട്ട് അസഹനീയമാണ്. ഇത് മറവിയെക്കാൾ ഭയാനകം. I hate this sullen darkness.

Let there be light.

ജോണിനൊപ്പം ചെയ്തുതീർക്കാനാവാതെ പോയതും പറയാൻ ബാക്കിവച്ചതുമായ വിശേഷങ്ങൾ ആന്റണി ഇനി മണ്ണിന്നടിയിലിരുന്ന് ജോണിനോട് പറയട്ടെ. ആന്റണി എബ്രഹാമിന് വിട.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com