ചിലര്‍ക്ക് ചില കാലം

iMage of gracy
ഗ്രേസിSamakalika Malayalam
Updated on
3 min read

സി. വി. രാമന്‍പിള്ളയുടെ ചരിത്രനോവലുകള്‍ വായിച്ചാണ് ഞാന്‍ തിരുവനന്തപുരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. തിരുവനന്തപുരത്തുകാരനായ ഒരാളെ പ്രണയിച്ച് കല്ല്യാണം കഴിച്ച് അവിടെയങ്ങ് താമസമുറപ്പിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. എന്റെ പ്രണയം ഒരു ചെറുവൃക്ഷത്തിന്റെ കൊമ്പില്‍ ചിറകൊതുക്കി ഇരിക്കുകയും ചെയ്തു. പക്ഷേ, ഒരു കൊടുങ്കാറ്റ് ആ കൊമ്പുതന്നെയും വട്ടം ഒടിച്ച് എന്റെ പ്രണയത്തെ ആട്ടിയകറ്റി. കാറ്റിലുലഞ്ഞ് ചിറകുകള്‍ കീറിപ്പറിഞ്ഞ് എന്റെ പ്രണയം ഒരു കുറ്റിച്ചെടിയില്‍ അഭയം പ്രാപിച്ചു.

ജീവിതത്തിന്റെ സായാഹ്നത്തിലാണ് ഞാന്‍ പിന്നെ തിരുവനന്തപുരത്ത് താമസിക്കാനെത്തിയത്. പക്ഷേ, അപ്പോഴേയ്ക്കും തിരുവനന്തപുരം എന്നെ അത്രയൊന്നും മോഹിപ്പിക്കാത്ത ഒരു ഇടമായി മാറിക്കഴിഞ്ഞുവെന്ന് ഇച്ഛാഭംഗത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. ഒരേയൊരു മകളും കുടുംബവും തിരുവനന്തപുരത്തായതുകൊണ്ട് സമീപത്തുതന്നെ ഒരു ചെറിയ വീട് കെട്ടി ഞാനും കൂട്ടുകാരനും പാര്‍പ്പ് തുടങ്ങി. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ കൂറ്റന്‍ വീടുകള്‍ ഞെരുങ്ങിനില്‍ക്കുന്ന തിരുവനന്തപുരം എന്നെ ഭയപ്പെടുത്തി. മനുഷ്യശരീരത്തിലെ ഞരമ്പുകള്‍പോലെ തിരുവനന്തപുരത്ത് സര്‍വത്ര മുടുക്കുകളാണല്ലോ എന്ന് ഞാന്‍ അതിശയിച്ചു. അതിലത്രയും തെരുവുനായ്ക്കള്‍ ആധിപത്യമുറപ്പിച്ചിരിക്കുകയാണുതാനും. പകല്‍ മുഴുവനും വഴിനടുവില്‍ നിശ്ചിന്തരായി അവരുറങ്ങും. വൈകുന്നേരത്തോടെ ഉറക്കമുണര്‍ന്ന് പരാക്രമികളാകും. ചില രാത്രികളില്‍ അവര്‍ കൂട്ടം ചേര്‍ന്ന് കുരച്ചും ഓളിയിട്ടും എന്റെ ഉറക്കം കെടുത്താറുമുണ്ട്. വേണോങ്കീ കണ്ടോ എന്ന മട്ടില്‍ ആണ്‍നായകള്‍ എന്റെ വീടിന്റെ മുന്നില്‍നിന്ന് ശൃംഗരിക്കുകയും പിന്നെ ഇണചേരുകയും ചെയ്യാറുണ്ട്. അവരുടെ പെണ്ണുങ്ങള്‍ തൊട്ടപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ പ്രസവിക്കുകയും ചെയ്യും. അവരുടെ സാമൂഹിക ജീവിതം കൗതുകകരമാണ്. എന്തോ ത്വക്രോഗം ബാധിച്ച ഒരു പെണ്‍നായയ്ക്കായിരുന്നു നായ്ക്കൂട്ടത്തിന്റെ നേതൃത്വം. വാല്‍ സദാ ഒരു കൊടിപോലെ അവള്‍ ഉയര്‍ത്തിപ്പിടിച്ചു. അവളുടെ കുഞ്ഞുങ്ങളുടെ തന്ത കറുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ നായയാണെന്നു മനസ്സിലായപ്പോള്‍ മൃഗങ്ങള്‍ക്ക് സൗന്ദര്യബോധം തീരെയില്ലെന്ന് ഞാന്‍ പരിതപിച്ചു. ഓരോ പ്രസവത്തിലും അവള്‍ ആറോ ഏഴോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുട്ടികള്‍ മുതിര്‍ന്നാലും പിരിഞ്ഞുപോകാതെ ഒരു കൂട്ടുകുടുംബത്തിന്റെ ചിട്ടവട്ടങ്ങളിലൊതുങ്ങുന്നത് വിസ്മയകരമായ ഒരനുഭവമായിരുന്നു. അവര്‍ സ്വയം നിര്‍ണയിച്ച അതിര്‍ത്തി ഭേദിച്ചെത്തുന്ന നായ്ക്കളെ കുലമൊന്നടങ്കം പാഞ്ഞുവന്ന് തുരത്തുന്നത് കണ്ട്, മനുഷ്യരെ പിന്നെങ്ങനെ കുറ്റപ്പെടുത്തും എന്നു ഞാന്‍ വിഷണ്ണയായി. തെരുവുനായ്ക്കളുടെ സ്വതന്ത്രമായ സമൂഹജീവിതം കണ്ട് ചില വീടുകളുടെ മുറ്റത്തെ ഇരുമ്പുകൂടുകളില്‍ ഏകാന്തത്തടവിനു വിധിക്കപ്പെട്ട മുന്തിയ ഇനം നായകള്‍ ഉറക്കെ നെടുവീര്‍പ്പിടുകയും മുരണ്ട് പ്രതിഷേധിക്കുകയും ചെയ്യാറുണ്ട്. സായാഹ്നസവാരിക്കിറങ്ങുന്ന യജമാനന്മാര്‍ അവരെ ചങ്ങലയ്ക്കിട്ട് കൂടെ കൂട്ടുക പതിവാണ്. ഉശിര് കൂടിയ നായകള്‍ യജമാനന്മാരെ വലിച്ചുകൊണ്ട് പോകുന്നത് കാണുമ്പോള്‍ ശീതരാജ്യങ്ങളിലെ മഞ്ഞുവണ്ടികളാണ് ഓര്‍മയിലെത്തുക.

സന്ധ്യ മയങ്ങുമ്പോഴേയ്ക്കും തിരുവനന്തപുരത്തിന്റെ ഉള്‍പ്രദേശങ്ങള്‍ക്ക് ഒരു ശ്മശാനഛായ കൈവരും. അവിടവിടെയായി കൂനകൂട്ടിയ പാഴ്വസ്തുക്കള്‍ നീറിക്കത്താന്‍ തുടങ്ങും. നഗരഹൃദയത്തില്‍നിന്നു വീട്ടിലേയ്ക്കുള്ള മുടുക്കിന്റെ ഓരത്ത് പാഴ്വസ്തുക്കള്‍ക്ക് സ്വന്തമായി പതിച്ചുകിട്ടിയ ഒരു പറമ്പുതന്നെ ഉണ്ട്. സന്ധ്യയാവുമ്പോള്‍ ആരാണതിനു തീ കൊളുത്തുന്നതെന്ന് ആര്‍ക്കറിയാം? രാവ് മുഴുവന്‍ ഉരുകുന്ന പ്ലാസ്റ്റിക്കിന്റെ മരണഗന്ധം വീടുകള്‍ക്കു മുകളില്‍ ഒരു മേലാപ്പ്‌പോലെ തങ്ങിനില്‍ക്കും. പുലര്‍ന്നിട്ടും കത്തിത്തീരാത്ത പാഴ്വസ്തുക്കളില്‍നിന്ന് തളര്‍ച്ചയോടെ പുക പുറത്തേയ്ക്കിഴഞ്ഞുപോകും.

തിരുവനന്തപുരം പ്രതിമകളുടെ നഗരമായാണ് അറിയപ്പെടുന്നത്. എന്നാല്‍, അത് യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രനഗരിയാണ്. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ക്ഷേത്രങ്ങള്‍ കാണും. ഞങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത് അഞ്ച് ക്ഷേത്രങ്ങളുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഉത്സവം തിമിര്‍ക്കുന്നത്. വഴികളായ വഴികളിലെല്ലാം സ്പീക്കറുകള്‍ ഘടിപ്പിക്കും. ശബ്ദഘോഷം ഓരോ വീട്ടിലും അതിക്രമിച്ചുകയറും. കുട്ടികളുടെ പരീക്ഷക്കാലമാണ് അതെന്ന ചിന്ത ആരേയും അലോസരപ്പെടുത്താത്തത് വിചിത്രംതന്നെ! കിടപ്പ് രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അതെത്രമേല്‍ ശല്യകാരിയാണെന്ന വസ്തുതയും കണക്കിലെടുക്കാറില്ല. ഭയംകൊണ്ടുതന്നെയാവും മനുഷ്യരാരും എതിര്‍പ്പ് പ്രകടിപ്പിക്കാത്തത്. ഒരുപക്ഷേ, ദൈവം പോലും ഭയന്ന് ചൂളിയിരിക്കുകയാവണം!

തിരുവനന്തപുരത്തെ രാജപാതകളില്‍ കൂറ്റന്‍ തണല്‍ വിരിച്ചുനിന്ന വൃക്ഷങ്ങള്‍ നിശ്ശബ്ദമായൊരു നിലവിളിയോടെ അപ്രത്യക്ഷമാകാറുണ്ട്! ഈ മനുഷ്യര്‍ ഭൂമിയോട് ചെയ്യുന്നതെന്ത് എന്ന് ചോദിച്ച് ഞാനും നിശ്ശബ്ദമായി നിലവിളിക്കും! കണ്‍മറഞ്ഞുപോയ പ്രിയകവികളുടെ അഭാവം അപ്പോഴാണ് എന്നെ വല്ലാതെ അലട്ടുക! അവരുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. നിസ്സഹായയായി, സമൃദ്ധമായ ഏലാകളും കുന്നുകളും കാടുകളും ഘോരവിപിനങ്ങളുമൊക്കെയുള്ള പഴയ തിരുവനന്തപുരത്തെ ഞാന്‍ മനസ്സില്‍ വരയ്ക്കാന്‍ ശ്രമിക്കും. ശ്രമം പാളിപ്പോകുമ്പോഴാണ് പുസ്തകക്കൂട്ടത്തില്‍നിന്ന് സി.വിയുടെ മാര്‍ത്താണ്ഡവര്‍മ്മ തിരഞ്ഞുപിടിച്ച് അവിടെയും ഇവിടെയുമൊക്കെ പരതിനോക്കുക. അതിലെ പ്രകൃതിവര്‍ണനയുടെ ഗാംഭീര്യം കണ്ട് ഞാന്‍ നെടുവീര്‍പ്പിടും. ഞാനൊരു സി.വി. ഭക്തയാണെന്ന് തുറന്നുപറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. സി.വി. ശ്രീരാമനേയോ സി.വി. ബാലകൃഷ്ണനേയോ സി.വി. എന്നു വിളിക്കുമ്പോള്‍ ഞാന്‍ കലമ്പുന്നത് അതുകൊണ്ടാണ്. സാക്ഷാല്‍ സി.വി. ഒന്നുമാത്രം! പക്ഷേ, ഇതുവരേയും സി.വിയുടെ റോസ്‌കോട്ട് ഭവനമൊന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഓര്‍ത്ത് ഞാന്‍ നിരാശയുടെ അടിത്തട്ടിലേയ്ക്ക് താണ്താണ് പോയി. ഒരു പരിചയവുമില്ലാത്ത വീട്ടിലേയ്ക്ക് കയറിച്ചെല്ലാന്‍ ഞാന്‍ മടിച്ചു. തിരുവനന്തപുരത്ത് എനിക്ക് ആകെയുള്ള രണ്ടോ മൂന്നോ സുഹൃത്തുക്കളാകട്ടെ, നമുക്കൊരു ദിവസം പോകാം എന്നു പറയുന്നതല്ലാതെ ആ സുവര്‍ണദിനമൊട്ട് എത്തിച്ചേരുന്നുമില്ല. ഒടുവില്‍ സി.വിയുടെ ഒരു ശേഷക്കാരിയെ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഒരു ദിവസം ഉറപ്പിച്ചു.

അങ്ങനെയാണ് ഞാനും മകളും റോസ്‌കോട്ട് കാണാന്‍ പുറപ്പെട്ടത്. പടി കടന്നപ്പോള്‍ത്തന്നെ ഒരു കുളിര്‍മ വന്ന് ഞങ്ങളെ പൊതിഞ്ഞു. വരാന്തയില്‍ വീല്‍ചെയറിലിരിക്കുന്ന ഒരാള്‍ ഹൃദ്യമായി ചിരിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. മുന്‍വാതില്‍ മലര്‍ക്കെ തുറന്നുകിടക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചു. അത് നമ്മുടെ സംസ്‌കാരത്തില്‍നിന്ന് എന്നോ ചോര്‍ന്നുപോയ ഒന്നാണല്ലോ! ഞങ്ങള്‍ വരാന്തയില്‍ തമ്പിട്ട് നിന്നപ്പോള്‍ ശുഭ്രവസ്ത്രധാരിയും ഐശ്വര്യവതിയുമായ ഒരമ്മ നേര്‍ത്തൊരു പുഞ്ചിരിയോടെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ആ പുഞ്ചിരി ഒരു ക്ഷണമായി സ്വീകരിച്ച് ഞങ്ങള്‍ അകത്തേയ്ക്ക് കടന്നു. പുറത്തെവിടെയോ പോയ ഒരു മകന്‍ അപ്പോള്‍ എത്തിച്ചേര്‍ന്നു. രമേഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ അയാളാണ് റോസ്‌കോട്ട് ഭവനത്തെക്കുറിച്ച് ചിലതൊക്കെ പറഞ്ഞുതന്നത്. സി.വിയുടെ കൊച്ചുമകളായ സുശീല നായരാണ് ആ അമ്മ എന്നും അവരുടെ മൂത്ത മകനാണ് പോളിയോ ബാധിച്ച് വീല്‍ചെയറിലായ രാജീവെന്നും അങ്ങനെയാണ് ഞങ്ങള്‍ക്കു മനസ്സിലായത്. സി.വി. ഇരുന്നെഴുതിയ കസേരയും മേശയുമൊക്കെ തൊട്ടുനോക്കി ഞാന്‍ നിര്‍വൃതിക്കൊണ്ടു. തൊട്ടടുത്തുതന്നെ, ഒരു പ്രതിഭാശാലിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ചാരുകസേര ഓര്‍മകളയവിറക്കി കിടക്കുന്നതും കണ്ടു. വിശാലമായ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് സി.വി. ഭാര്യയ്ക്ക് കേട്ടെഴുതാന്‍ നോവല്‍ഭാഗങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു എന്ന കേട്ടറിവ് രമേഷ് ഞങ്ങള്‍ക്കു കൈമാറി. വരാന്തയിലെ ചിത്രപ്പണി ചെയ്ത കൈവരികള്‍ രാജാരവിവര്‍മ ബോംബെയില്‍നിന്ന് അയച്ചുകൊടുത്തതാണെന്നറിഞ്ഞ് ഞാന്‍ അതിലൊക്കെ ഒന്നു വിരലോടിച്ചു. റിയലിസ്റ്റിക് എന്ന് ആരൊക്കെ വിലകുറച്ച് കണ്ടാലും ഞാന്‍ രവിവര്‍മച്ചിത്രങ്ങളുടെ ഒരാരാധികയാണ്.

അപ്പൂപ്പന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നു എന്ന് രമേഷ് പറഞ്ഞതുകേട്ട് സി.വി. ചുമരിലെ ചിത്രത്തിലിരുന്ന് രാജസ്വഭാവത്തില്‍ ഞങ്ങളെ നിരീക്ഷിച്ചു. വീരരസം തുളുമ്പുന്ന കൊമ്പന്‍മീശയില്‍ നോക്കി ഞാന്‍ ആത്മഗതം ചെയ്തു; സ്വാഭാവികം! സ്വന്തം ഗുരുനാഥനായ റോസ് സായിപ്പിനോട് സി.വിക്ക് അഗാധമായ സ്‌നേഹാദരങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് വീടിന് റോസ്‌കോട്ട് എന്ന് പേരിട്ടതെന്നറിഞ്ഞപ്പോള്‍ ആ മഹാനുഭാവനെ ഹൃദയംകൊണ്ട് നമിച്ചുപോയി! ഗുരുനിന്ദ ഒരാഭരണമായി അണിയുന്നവരല്ലോ നമ്മള്‍!

തൊണ്ണൂറ്റാറ് വയസ്സായെങ്കിലും സുശീല നായര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഹൃദ്യമായ ചായസല്‍ക്കാരത്തിനുശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ മുറ്റത്ത് സി.വിക്ക് കുട ചൂടിക്കൊടുത്ത പവിഴമല്ലി മരത്തിന്റെ പുതുതലമുറക്കാരനേയും കണ്ടു. പുതിയ നാട്ടുരാജാക്കന്മാരുടെ വികലമായ വികസനനയംകൊണ്ട് വികൃതമായ നഗരത്തിലെ ചൂട് ഞങ്ങളെ കാത്തുനിന്നിരുന്നു. വിപ്ലവത്തിന്റെ മാത്രമല്ല, വികസനത്തിന്റേയും അവസാനം വട്ടപ്പൂജ്യമാണ്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com