

കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഫലമായി കേരളത്തിന് കിട്ടിയ ചില പ്രസിദ്ധീകരണങ്ങളാണ് അറുപതുകളിലും എഴുപതുകളിലും പാഠപുസ്തകം പൊതിയാനുള്ള ചട്ടയായി ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. സോവിയറ്റ് ലാന്‍ഡ്, സോവിയറ്റ് യൂണിയന്‍, സോവിയറ്റ് നാട് എന്നീ മാസികകളായിരുന്നു അത്. സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും ഞങ്ങളൊക്കെ ഹൃദിസ്ഥമാക്കിയത് സൗജന്യമായി കിട്ടിയ ആ മാസികകളില്‍നിന്നാണ്. അത്രത്തോളം സോഫ്റ്റ് ഗ്ലോസിയല്ലെങ്കിലും 1967 മുതല്‍ പ്രസിദ്ധീകരിച്ചുപോന്ന, മലയാളനാട് വാരികയുടെ അതേ വലിപ്പമുള്ള, സ്പുട്‌നിക്ക് മാസിക ഞങ്ങളെ ശാസ്ത്രലോകത്തേക്ക് കൈപിടിച്ചു നടത്തി. ലെയ്ക്ക എന്ന നായയെ സ്പുട്‌നിക്ക്-2 എന്ന പേടകത്തില്‍ ശൂന്യാകാശത്തെത്തിച്ച കൗതുകം കലര്‍ന്ന വിവരണം ആകാംക്ഷയോടെ അതില്‍ വായിച്ച ഓര്‍മ്മ ഇപ്പോഴുമുണ്ട്.
സോവിയറ്റ് റഷ്യന്‍ എഴുത്തുകാരായ ദസ്തയേവ്സ്‌കിയും ടോള്‍സ്റ്റോയിയും പുഷ്‌ക്കിനും മാക്‌സിം ഗോര്‍ക്കിയും ആന്റണ്‍ ചെക്കോവും ഷോളോക്കോവും മയക്കോവ്സ്‌കിയും നമ്മുടെ സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഫാക്ടറി തൊഴിലാളികളുടെ കഥയാവിഷ്‌കരിച്ച 1906-ല്‍ പുറത്തുവന്ന മാക്‌സിം ഗോര്‍ക്കിയുടെ അമ്മയാണ് അക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകം. അതാകട്ടെ, തിളക്കമുള്ള പേപ്പറില്‍ അച്ചടിച്ച് നിസ്സാര വിലയ്ക്കും മിക്കവാറും സൗജന്യമായും വിറ്റ വിപ്ലവ സാഹിത്യമായിരുന്നു. നമ്മുടെ നാട്ടില്‍ കമ്യൂണിസത്തിന്റെ വിത്തു മുളക്കാന്‍ കാരണമായ വായനയില്‍ 'അമ്മ' എന്ന നോവലിന് ഏറെ സ്ഥാനമുണ്ട്. സാഹിത്യം വിപ്ലവത്തിന്റേയും കമ്യൂണിസത്തിന്റേയും പ്രചരണായുധമായതിനു തെളിവായി ചൂണ്ടിക്കാണിക്കാവുന്നത് സോവിയറ്റു നാട്ടില്‍നിന്നും ഇറക്കുമതി ചെയ്ത പ്രസിദ്ധീകരണങ്ങളാണ്. പ്രത്യേകം എടുത്തുപറയേണ്ട പുസ്തകമാകട്ടെ, മൂലധനമാണ്.
പഴയ വിപ്ലവവീര്യമോ പ്രചരണതന്ത്രങ്ങളോ അവസാനിച്ച് കമ്യൂണിസത്തിന്റെ പാത മറന്ന റഷ്യ ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ റാഡിസന്‍ ബ്ലൂവും ഹോളിഡേ ഇന്‍ന്നും ഹയാത്ത് റീജന്‍സിയും കാള്‍ട്ടനും ഇന്നു നമ്മെ സ്വാഗതം ചെയ്യുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന അതികഠിനമായ തണുപ്പാണ് മോസ്‌ക്കോയില്‍. അതുകൊണ്ട് ആറുമാസമേ സന്ദര്‍ശകര്‍ അങ്ങോട്ട് പോവുകയുള്ളൂ. റഷ്യയ്ക്കു പുറത്തു ജനിച്ചവരെല്ലാം ശത്രുക്കളാണെന്ന തോന്നല്‍ അവിടെ അനുഭവപ്പെടുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല, യാത്രയ്‌ക്കൊരുങ്ങുമ്പോള്‍.
പുതുമകളുടെ പുറംകാഴ്ചകള്‍
ഷാര്‍ജ വഴി മോസ്‌കോയിലെ എയര്‍പോര്‍ട്ടിലേക്ക് എയര്‍ അറേബ്യയുടെ വിമാനമുണ്ട്. അഞ്ച് മണിക്കൂര്‍ യാത്രയില്‍ സമുദ്രവും മരുഭൂമിയും കാണാം, വിന്‍ഡോസീറ്റ് ലഭിച്ചാല്‍. ഡല്‍ഹി വഴിപോകുന്ന റഷ്യയുടെ സ്വന്തം എയ്‌റോ ഫ്‌ലോട്ടില്‍ സംഭാരംപോലെ വോഡ്ക കുടിക്കാമെങ്കിലും എയര്‍ അറേബ്യ ബാര്‍-ഫ്രണ്ട്ലി അല്ല. കുടിവെള്ളംപോലും പൈസ കൊടുത്തു വാങ്ങേണ്ട ഗതികേട്. മിനിമം സ്റ്റാഫിനെ വെച്ചുനടത്തുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയുടേത്.
അടുത്ത സീറ്റില്‍ ഒരു റഷ്യന്‍ സായിപ്പാണ് ഇരുന്നിരുന്നത്. ഒരു ഉറക്കത്തിനുള്ള പുറപ്പാടിലായിരുന്നു അയാള്‍. ജാലകക്കാഴ്ച കാണാനുള്ള എന്റെ ആവശ്യം പറഞ്ഞപ്പോള്‍ അയാള്‍ എന്റെ സീറ്റിലേക്കു മാറി. ഉയരങ്ങളിലെത്തുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗീയ വിതാനത്തിലാണെന്ന തോന്നലുളവാകുന്നു. ചില്ലുപാളികള്‍ക്കപ്പുറം കടന്നുപോകുന്ന മാലാഖച്ചിറകുപോലുള്ള മേഘത്തുണ്ടുകള്‍. ദൂരക്കാഴ്ചകളില്‍ മസ്ലിന്‍ തുണി വിരിച്ചപോലുള്ള ആകാശത്തട്ടിനു താഴെ മരുപ്രദേശത്തുകൂടി മലനിരകളിലേയ്ക്കു നീണ്ടുപോകുന്ന വഴിത്താരകള്‍. പാറക്കെട്ടുകള്‍ക്കിടയിലൂടെ സഞ്ചാരികളുടെ കാല്‍പ്പാദങ്ങള്‍ മിനുസ്സം വരുത്തിയ രേഖകള്‍. പുരാതന സില്‍ക്ക് റൂട്ടാവണം ഞരമ്പുപോലുള്ള ഈ നടപ്പാതകള്‍. അസര്‍ബെയ്ജാന്റെ തലസ്ഥാനമായ ബാക്കുവാകണം കാസ്പിയന്‍ കടല്‍ത്തീരത്തുള്ള ജനപഥം. കുറേക്കഴിഞ്ഞപ്പോള്‍ വീണ്ടും കാഴ്ചയ്ക്കു തടസ്സംവന്നു മേഘമറയില്‍. താണുപറക്കുമ്പോള്‍ വനസ്ഥലികള്‍ ദൃശ്യമായി. പിന്നേയും പഞ്ഞിക്കെട്ടുപോലുള്ള വെണ്‍മേഘങ്ങള്‍ക്കിടയില്‍ വിമാനം ഒളിച്ചുകളിച്ചു.
എയര്‍പോര്‍ട്ടില്‍ പച്ചക്കുതിരകളെപ്പോലെ അസംഖ്യം വിമാനങ്ങള്‍ ദൃശ്യമായി. വിമാനങ്ങള്‍ സാധാരണ കടുംപച്ചനിറത്തില്‍ കാണാറില്ല. ട7 വിമാനങ്ങള്‍ യുക്രെയ്ന്‍ യുദ്ധഭൂമിയിലേക്കു പറക്കാന്‍ റെഡിയായി നില്‍ക്കുന്ന റഷ്യന്‍ കാര്‍ഗോ വിമാനങ്ങളാണ്. ട എന്നത് ഇ എന്നാണ് റഷ്യന്‍ ഭാഷയില്‍. സൈബീരിയയിലെ യുറല്‍ പ്രദേശത്തേയ്ക്കു പോകുന്ന വിമാനങ്ങള്‍ നിരയിട്ട് കിടക്കുന്നുണ്ട്. റഷ്യയുടെ ഖനി പ്രദേശമാണ് യുറല്‍. കല്‍ക്കരി, ഇരുമ്പ്, ചെമ്പ്, സ്വര്‍ണ്ണം, പ്ലാറ്റിനം, നിക്കല്‍, ബോക്സൈറ്റ് എന്നീ ധാതുക്കളുടെ വന്‍ നിക്ഷേപമുണ്ട് യുറല്‍ പര്‍വ്വത സാനുക്കളില്‍. റഷ്യയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ഈ ഖനി പ്രദേശത്തുനിന്നായിരുന്നു.
വിമാനത്താവളത്തില്‍നിന്നും മോസ്‌കോയിലേക്ക് 42 കിലോമീറ്റര്‍ ദൂരമുണ്ട്. വീതിയേറിയ നിരത്തുകള്‍ ഗതാഗതം സുഗമമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള രാജ്യമാണ് റഷ്യ എന്നറിയപ്പെടുന്ന സോവിയറ്റ് യൂണിയന്‍. സൈബീരിയന്‍ മരുഭൂമിയാണ് ഈ വലിപ്പത്തിനു കാരണം. അമേരിക്കയുടെ രണ്ടിരട്ടിയോളവും ഇന്ത്യയുടെ അഞ്ചിരട്ടിയോളവും വലിപ്പമുള്ള റഷ്യ ഏഷ്യയിലും യൂറോപ്പിലുമായി പതിനാല് രാജ്യങ്ങളുമായി അതിര്‍ത്തി തിരിക്കുന്നു. തൊട്ടപ്പുറത്ത് യുക്രെയ്നുമായുള്ള യുദ്ധം നടക്കുന്നു. അതൊന്നും പക്ഷേ, മോസ്‌കോയെ ബാധിക്കുന്നില്ലെന്നു തോന്നി. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചുറ്റും കിടക്കുന്ന ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നു.രണ്ടാംലോകയുദ്ധ സ്മാരകങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചതുകൊണ്ട് എസ്‌തോണിയയുടെ പ്രധാനമന്ത്രി കയ കലാസ് റഷ്യയില്‍ പിടികിട്ടാപ്പുള്ളിയാണ്. യുക്രെയ്നില്‍നിന്നുള്ള അറുപതിനായിരത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് എസ്‌തോണിയ അഭയം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍നിന്നും ഏറെ സന്ദര്‍ശകരൊന്നും റഷ്യയില്‍ എത്തിപ്പെടാറില്ല. വടക്കേ ഇന്ത്യക്കാര്‍ക്ക് അത്ര താല്പര്യമില്ലാത്ത ഇടമാണ് റഷ്യ. മുമ്പൊക്കെ കേരളത്തില്‍നിന്നുള്ള കമ്യൂണിസ്റ്റുകാരുടെ മേച്ചില്‍പ്പുറമായിരുന്നു റഷ്യ. 1960-കളില്‍ ബ്രഷ്നേവിന്റെ ഭരണകാലത്ത് കുറഞ്ഞ ശമ്പളവും വിലക്കയറ്റവും അവശ്യസാധനങ്ങളുടെ അഭാവവും മൂലം പണിമുടക്കിയ സൈബീരിയയിലെ ഖനിത്തൊഴിലാളികളെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. ഗുലാങ്ങ് തടവറയിലെ തടവുകാരെയാണ് യുറല്‍പ്രദേശത്തെ മൈനുകളില്‍ നിയോഗിച്ചിരുന്നത്. ഇതില്‍ മൂന്നിലൊന്നും സ്ത്രീ കുറ്റവാളികളായിരുന്നു. 1989-ല്‍ ഗോര്‍ബച്ചേവിന്റെ കാലത്തു നടന്ന ഖനിത്തൊഴിലാളികളുടെ കലാപമാണ് റഷ്യയില്‍ കമ്യൂണിസത്തിന് അന്ത്യകൂദാശ നല്‍കിയത്. 1991-ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയതില്‍ ഏറെ പങ്കുവഹിച്ചത് യുക്രെയ്നിലേയും റഷ്യയിലേയും ഖനിത്തൊഴിലാളികളാണ്. അതേവര്‍ഷം തന്നെ യുക്രെയ്ന്‍ സ്വതന്ത്ര റിപ്പബ്ലിക്കായതും യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതും റഷ്യയ്ക്കു തിരിച്ചടിയുമായി.
റഷ്യന്‍ യാത്രികര്‍ക്ക് ഒരാഴ്ചത്തെ വിസയാണ് ലഭിക്കുക. ഓണ്‍ അറൈവല്‍ വിസ റഷ്യയില്‍ ലഭിക്കില്ല. ടൂറിസം പ്രമോഷന്‍ ആ നാടിന്റെ അജണ്ടയില്‍ ഇല്ല എന്നു സ്ഥിരീകരിക്കുന്നതാണി ഹ്രസ്വയാത്രാസമയം. വിസയുണ്ടെങ്കില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാറില്ല ഒരു രാജ്യത്തും. അമേരിക്കന്‍ വിസയുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ വളരെ ലഘുവാണ് എല്ലായിടത്തും. മറ്റുള്ളവരെയാകട്ടെ, പാസ്പോര്‍ട്ട് ചെക്കു ചെയ്ത് ബയോമെട്രിക്ക് എടുത്ത് പുറത്തുകടക്കാന്‍ അനുവദിക്കാറാണ് സാധാരണ പതിവ്.
യൂറോപ്പ് വന്‍കരയിലെ ഏറ്റവും വലിയ നഗരമാണ് മോസ്‌കോ. അഞ്ച് അന്തര്‍ദ്ദേശിയ വിമാനത്താവളങ്ങള്‍ റഷ്യയിലുണ്ട്. റെഡ്സ്‌ക്വയറും ക്രെംലിനും ലെനിന്‍ മുസോളിയവും ഭൂഗര്‍ഭത്തില്‍ അനേകം തട്ടുകളിലൂടെ സഞ്ചരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ മെട്രോ റെയിലും ആ കാഴ്ചകളില്‍പ്പെടുന്നു. മോസ്‌കോ നദിയിലൂടെ റാഡിസന്‍ ബ്ലു രാത്രി സംഘടിപ്പിക്കുന്ന ക്രൂയിസും റഷ്യന്‍ സര്‍ക്കസും ഉള്‍പ്പെടുന്നതാണ് മോസ്‌കോയിലെ കാഴ്ചകള്‍. സൂര്യാസ്തമനം രാത്രി എട്ടിനു ശേഷമാണെങ്കിലും നിയോണ്‍ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന നദിയുടെ ഇരുകരകളിലേയും കൊട്ടാരങ്ങളും ദേവാലയങ്ങളും ചേതോഹരമായിരുന്നു. നന്നായി സംരക്ഷിക്കപ്പെടുന്ന കെട്ടിടങ്ങളേ മോസ്‌ക്കോയിലുള്ളൂ. പുരാവസ്തുക്കളെന്നാല്‍ ഇടിഞ്ഞുപൊളിഞ്ഞ ചരിത്രസ്മാരകങ്ങളുടെ ബാക്കി പത്രങ്ങളാണെന്ന നമ്മുടെ ധാരണ തിരുത്തുന്നതാണിത്. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. വന്‍നഗരമാണെങ്കിലും നഗരത്തിനകത്ത് വീടുകളേയില്ല, ജനങ്ങള്‍ പാര്‍ക്കുന്നത് അപ്പാര്‍ട്ടുമെന്റുകളിലാണ്. നഗരം എവിടേയും ഹരിതാഭമാണ്. ഒഴുക്കുള്ള മാലിന്യമില്ലാത്ത തെളിനീരൊഴുകുന്ന നദികള്‍.
പള്ളികളുടേയും കൊട്ടാരങ്ങളുടേയും നഗരമാണ് മോസ്‌കോ. ചുറ്റിനടന്നു കാണേണ്ട നഗരമാണിത്. വാഹനങ്ങള്‍ക്കു പലയിടങ്ങളിലും പ്രവേശനമില്ല. ബസുകളൊക്കെ ഡ്രൈവര്‍ മാത്രമാണ് നിയന്ത്രിക്കുന്നത്. യാത്രക്കാര്‍ സ്വയം ടിക്കറ്റെടുത്ത് പഞ്ചു ചെയ്ത് സഞ്ചരിക്കേണ്ടിവരും. നഗരത്തെ വലംവെയ്ക്കുന്ന കൊച്ചു നദിയുടെ പേരും മോസ്‌കോ തന്നെ.
''വോള്‍ഗാ നദിയിലെ തരംഗമാലകള്‍ അതേറ്റു പാടുന്നു'' എന്ന മലയാള ഗാനം മൂളി അതാണോ ഇതെന്ന് ആശങ്ക പൂണ്ടവരോട് അത് ആയിരം കാതം ദൂരെ മോസ്‌കോയുടെ വടക്കു പടിഞ്ഞാറ് വാല്‍ദായി മലനിരകളില്‍നിന്നും യുറല്‍ പര്‍വ്വത സാനുക്കളില്‍നിന്നും ഉദ്ഭവിച്ച്, മദ്ധ്യ റഷ്യയില്‍ തിടംവെച്ച് തെക്കന്‍ റഷ്യ വഴി ഒഴുകി കിഴക്ക് കാസ്പിയന്‍ കടലില്‍ച്ചേരുന്ന വോള്‍ഗാ നദി മോസ്‌കോ വഴി ഒഴുകുന്നില്ല എന്നു തിരുത്തുന്ന ഗൈഡിനെ നമുക്കു കാണാം. യൂറോപ്പിലെ ഏറ്റവും വലിയ നദിയും റഷ്യയുടെ ദേശീയ നദിയുമാണ് അത്. സാമൂഹിക-സാംസ്‌കാരിക ജീവിതത്തെ ഏറെ സ്വാധീനിച്ച നദിയാണ് വോള്‍ഗാ. റഷ്യന്‍ സാഹിത്യത്തിലും ചരിത്രസംഭവങ്ങളിലും ഐതിഹ്യങ്ങളിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന നദിയെ 'മദര്‍ വോള്‍ഗാ' എന്നാണ് വിശേഷിപ്പിക്കുന്നത്.
1991 ഡിസംബര്‍ 31-ന് യു.എസ്.എസ്.ആര്‍ ഇല്ലാതായി. 14 രാജ്യങ്ങളാണ് കമ്യൂണിസത്തിന്റെ വാഗ്ദത്തഭൂമിയായിരുന്ന യു.എസ്.എസ്.ആറില്‍നിന്നു വേര്‍പെട്ടുപോയത്. വിപ്ലവത്തിന് അറുതി വന്നപ്പോള്‍ രാജ്യം റഷ്യയിലേയ്ക്കു ചുരുങ്ങി. 1999 ഡിസംബര്‍ 31-ന് പ്രസിഡന്റായി അധികാരമേറ്റ വ്‌ലാദിമര്‍ പുട്ടിന്റെ ഏകാധിപത്യത്തിലാണ് റഷ്യയിന്ന്.
മുഖമുദ്രയായി ക്രെംലിന്‍കോട്ട
മോസ്‌കോയുടെ ഹൃദയമാണ് ക്രെംലിന്‍. നൂറേക്കര്‍ ചുറ്റളവുണ്ട് ക്രെംലിന്‍ കോട്ടയ്ക്ക്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരുടെ ആരാധനാലയമായ റെഡ്സ്‌ക്വയറിലുള്ള സെന്റ് ബേസില്‍ കത്തീഡ്രലാണ് മോസ്‌കോയുടെ മുഖമുദ്ര. കാസാന്‍ കത്തീഡ്രല്‍, ആര്‍ച്ച് ഏഞ്ചല്‍ കത്തീഡ്രല്‍, കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ സേവ്യര്‍ എന്നിവ തൊട്ടടുത്ത് മുഖാമുഖം നില്‍ക്കുന്നു. കോട്ടയ്ക്കകത്ത് ഏഴു പള്ളികളുണ്ട്. പള്ളികളുടെ എടുപ്പുകള്‍ കടുംനിറം പിടിപ്പിച്ചതും സ്വര്‍ണ്ണം പൂശിയതുമായ താഴികക്കുടങ്ങളും ഗോപുരങ്ങളുമായി നിലകൊള്ളുന്നു. എല്ലാത്തിന്റേയും ഉച്ചിയില്‍ കുരിശും അഞ്ച് കോണുകളുള്ള നക്ഷത്രവും കാണാം. മോസ്‌കോവ് നദിതീരത്താണ് ഈ നിര്‍മ്മിതികളൊക്കെ.
19-ാം നൂറ്റാണ്ടില്‍ പണിത കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ സേവ്യര്‍ സ്റ്റാലിന്‍ അധികാരത്തില്‍ വന്നപ്പോള്‍ പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം ഇടിച്ചുനിരത്തി. 1960-ല്‍ പള്ളിനിന്നിടത്ത് ഒരു നീന്തല്‍ക്കുളം രൂപപ്പെട്ടു. ആരാധനാലയം കുളംതോണ്ടിയതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രായശ്ചിത്തമായി ഒരു കല്ലുപോലും സ്ഥാനംതെറ്റാതെ പുനര്‍നിര്‍മ്മിച്ചതായി കാണാം. അതോടൊപ്പം സ്വര്‍ണ്ണം പ്ലെയിറ്റു ചെയ്ത അഞ്ച് താഴികക്കുടങ്ങളും പണിതുചേര്‍ത്തു. റെഡ്‌സ്‌ക്വയറിലെ പ്രധാന കാഴ്ചകളിലൊന്ന് ലെനിന്‍ സ്മാരകമാണ്.
സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിന്റെ അരമനയുമുള്ള ക്രെംലിന്‍ ആദ്യകാലത്ത് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് രണ്ട് പാത്രിയര്‍ക്കീസുമാരുണ്ട്. മോസ്‌കോ പാത്രിയര്‍ക്കീസും യുക്രെയ്നിലെ കീവ് പാത്രിയര്‍ക്കീസും.
ലോകത്തിലെ ഏറ്റവും വലിയ വെങ്കലമണിയും ഈ കോട്ടക്കകത്തുണ്ട്. 1783-ല്‍ നിര്‍മ്മിച്ച ഈ മണി പൊട്ടിവീണു. 1586-ലെ നിര്‍മ്മിതിയായ ഏറ്റവും വലിയ പീരങ്കിയും അതിന്റെ ഉണ്ടകളും ഈ ചത്വരത്തിലുണ്ട്. ഈ പീരങ്കിയുണ്ടകള്‍ പക്ഷേ, ഒരു യുദ്ധത്തിനും ഉപയോഗിച്ചിട്ടില്ലെന്നു പറയപ്പെടുന്നു. 1700 പൗണ്ട് വീതം തൂക്കമുണ്ട് ഓരോ ഉണ്ടയ്ക്കും. പതിനേഴര അടിയാണ് പീരങ്കിയുടെ നീളം.
ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായ ശാസ്ത്രജ്ഞന്മാരാണ് റഷ്യയിലേത്. മോസ്‌ക്കോ മെട്രോ കണ്ടു കഴിയുമ്പോള്‍ നമുക്ക് അതു ബോദ്ധ്യപ്പെടും. 1935-ല്‍ 13 സ്റ്റേഷനുകളുമായി തുടക്കമിട്ട മോസ്‌കോ മെട്രോ ഒരു അദ്ഭുതകാഴ്ചയാണ്. പ്രധാന സ്റ്റേഷനായ 'പാര്‍ക്ക് പോബഡി' 84 മീറ്റര്‍ ആഴത്തില്‍ ഒരു 28 നിലകെട്ടിടമാണ്. സബ് ബേയിലേക്കുള്ള എക്സലേറ്റര്‍ തന്നെ ഒരു കാഴ്ചയാണ്. 294 സ്റ്റേഷനുകളില്‍ 80 എണ്ണം ഭൂമിക്കടിയില്‍. ഒന്നരമിനിട്ട് ഇടവിട്ടാണ് ട്രെയിനുകളുടെ പോക്കുവരവ്. ഞങ്ങള്‍ ഒരു സ്റ്റേഷനില്‍നിന്നു കയറി തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി താഴേയ്ക്കു സഞ്ചരിച്ച് അടുത്ത സ്റ്റേഷനിലേയ്ക്കു കയറി അഞ്ചു പ്രാവശ്യം ചുറ്റിയടിച്ചു. ഓരോ സ്റ്റേഷനും ഒരോ തീമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിലത് പ്രതിമകളും മ്യൂറലുകളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്റ്റേറ്റ് മ്യൂസിയത്തിലെ കൊട്ടാരങ്ങളുടെ അന്തപ്പുരങ്ങള്‍ക്കു സമാനമാണ് മറ്റു ചിലത്. സ്റ്റാലിനിസ്റ്റ് സ്‌റ്റൈലില്‍ പണിതീര്‍ത്ത മയക്കോവിസ്‌ക്കിയ സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെട്രോ സ്റ്റേഷന്‍. ഇതിന്റെ മച്ചിലും ചുവരുകളിലും ചിത്രീകരിച്ചിട്ടുള്ള 34 മ്യൂറലുകള്‍ റഷ്യന്‍ ജീവിതമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അണ്ടര്‍ഗ്രൗണ്ടിലെ കൊട്ടാരമെന്നാണ് മോസ്‌കോ മെട്രോ അറിയപ്പെടുന്നത്.
റെഡ് ആര്‍മിയോ ചുവപ്പു കൊടികളോ ആള്‍ക്കൂട്ടമോ എങ്ങും കാണാനില്ല. ചത്വരത്തിലൊരു സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഏറെ സമയം നീണ്ടുപോയതായി കണ്ടില്ല. കൂടിനിന്നവരുടെ കയ്യിലുണ്ടായിരുന്ന കൊടികള്‍ ചുവപ്പല്ല, പിന്നെയോ ഓറഞ്ചു നിറത്തിലുള്ളതായിരുന്നു. ഗോര്‍ബച്ചേവിന്റെ പെരിസ്ട്രോയിക്ക കാലത്താണ് മാധ്യമ സ്വാതന്ത്ര്യമുണ്ടായതും ജനങ്ങള്‍ക്ക് ക്രെംലിനില്‍ പ്രവേശനാനുമതി ലഭിച്ചതും.
17-ാം നൂറ്റാണ്ടില്‍ റഷ്യയുടെ തലസ്ഥാനമായിരുന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള മൂന്നര മണിക്കൂര്‍ യാത്രയില്‍ സാപ്സാന്‍ ട്രെയിനു ഒരിടത്തു മാത്രമേ സ്റ്റോപ്പുള്ളൂ. നമ്മുടെ വന്ദേഭാരത് ട്രെയിന്‍ പോലെയാണെങ്കിലും ഭക്ഷണങ്ങള്‍ വില്‍ക്കുന്നവര്‍ എയര്‍ ഹോസ്റ്റസിന്റെ കെട്ടിലും മട്ടിലുമാണ്. യുക്രെയ്ന്‍ യുദ്ധം നടക്കുന്നതു കൊണ്ടാവാം കര്‍ശനമാണ് ചെക്കിങ്ങ്. 635 കിലോമീറ്റര്‍ നീളുന്ന യാത്രയില്‍ ട്രെയിന്‍ കടന്നുപോകുന്നത് പുല്‍മേടുകളിലൂടെയും വനത്തിലൂടെയുമാണ്. മഴക്കാടുകള്‍പോലെ ഇടതൂര്‍ന്ന വനഭൂമിയില്‍ ഉയരം ഏറെയില്ലാത്ത പൈന്‍, ലാര്‍ച്ച്, ഫിര്‍ എന്നിവയാണ് പ്രധാന വൃക്ഷങ്ങള്‍. മൃഗങ്ങള്‍ ക്രോസ് ചെയ്യുന്നത് തടയാനാവാം പാതയുടെ ഇരുവശങ്ങളിലും ആള്‍പ്പൊക്കത്തില്‍ ഇരുമ്പുവേലി കെട്ടിപ്പൊക്കിയിട്ടുണ്ട്. ഏതു മൃഗങ്ങളാണ് ഈ കാട്ടിലുള്ളതെന്നു ചോദിച്ചപ്പോള്‍ മാനുകളും കരടിയും എന്നായിരുന്നു ഹോസ്റ്റസിന്റെ ഉത്തരം. ഇടയ്ക്കിടെ കുറുകെയൊഴുകുന്ന നദികളും ചതുപ്പുകളും ഉയരംകുറഞ്ഞ മരങ്ങളും പുല്‍മേടുകളും ടിന്‍ഷീറ്റുമേഞ്ഞ വീടുകളും കാണാമെങ്കിലും വനസ്ഥലികളാണ് ഇരുവശത്തും.
ചരിത്രം ദര്‍ശിക്കുമ്പോള്‍
സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കാഴ്ചകളില്‍ സെന്റ് ഐസക്ക് കത്തീഡ്രല്‍, ഹെര്‍മിറ്റേജ് മ്യൂസിയം, വോഡ്ക മ്യൂസിയം, 1700-ലെ നിര്‍മ്മിതിയായ പീറ്റര്‍ ഹോഫ് പാലസ്സ്, നേവാ നദിയിലെ ക്രൂയിസ് എന്നിവ ഉള്‍പ്പെടുന്നു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നേവാനദിക്കും പാലസ് സ്‌ക്വയറിനും ഇടയ്ക്ക് വിന്റര്‍ പാലസില്‍ 260 കൊല്ലം മുന്‍പ് കാതറിന്‍ രാജ്ഞി തുടങ്ങിവെച്ചതാണ് ഹെര്‍മ്മിറ്റേജ് മ്യൂസിയം അഥവാ സ്റ്റേറ്റ് മ്യൂസിയം. 1852-ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വളരെ നാളത്തെ കാത്തിരിപ്പിനുശേഷം കാഴ്ചയില്‍ വന്നുപെട്ടതാണ് ഹെര്‍മിറ്റേജ് മ്യൂസിയം. റഷ്യന്‍ ആര്‍ക്ക് (2002) എന്ന സിനിമ കണ്ടതിനുശേഷമുള്ള ആശയാണത്. പാരീസിലെ ലൂവ്റെ മ്യൂസിയത്തിനു തൊട്ടുപിന്നിലുണ്ട് ഹെര്‍മിറ്റേജ്. മൂന്ന് ദശലക്ഷം വസ്തുക്കളാണ് പ്രദര്‍ശനത്തിനുള്ളത്. നവീന ശിലായുഗത്തിലെ ആര്‍ട്ടിഫാക്ട്സ് മുതല്‍ ഈജിപ്തിലെ പിരമിഡുകളില്‍നിന്നും കണ്ടെടുത്ത മമ്മികള്‍ വരെ പ്രദര്‍ശനത്തിനുണ്ട്. നവോത്ഥാന ഘട്ടംമുതലുള്ള ഗ്രീക്ക്, ഇറ്റാലിയന്‍, ഫ്രെഞ്ച്, ഫ്‌ലമിഷ്, ഡച്ച് മാസ്റ്റര്‍പീസുകള്‍ പ്രദര്‍ശന വസ്തുക്കളിലുണ്ട്.
അലക്‌സാണ്ടര്‍ സുക്കറോവിന്റെ റഷ്യന്‍ ആര്‍ക്ക് (2002) എന്ന ഒറ്റഷോട്ടില്‍ സ്റ്റെഡി ക്യാമില്‍ ചിത്രീകരിച്ച എഡിറ്റു ചെയ്യാത്ത സിനിമയില്‍ ഹെര്‍മ്മിറ്റേജ് മ്യൂസിയത്തിലെ പ്രദര്‍ശനമുറികള്‍ ചുറ്റിനടന്ന് 300 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന മതിഭ്രമം വന്ന ഒരു കേള്‍വിക്കാരനേയും ഒരു മരണാനന്തര ദേഹിയേയുമാണ് കാണാനാവുക. 2002-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. മ്യൂസിയത്തിലെ എല്ലാ വസ്തുക്കളും കണ്ടു തീര്‍ക്കണമെങ്കില്‍ ഒരു മാസമെടുക്കും എന്നു ഗൈഡ് പറഞ്ഞു.
നവോത്ഥാനകാലത്തെ പ്രശസ്തനായ ഇറ്റാലിയന്‍ ചിത്രകാരനായ കരവാജിയോയുടെ Lute Player എന്ന ഒറ്റച്ചിത്രമേ ഹെര്‍മിറ്റേജില്‍ ഉള്ളൂ. ലൂവ്റേ മ്യൂസിയത്തില്‍ ഡാവിഞ്ചിയുടെ മഡോണ കണ്ടപോലെയായിരുന്നു കരവാജിയോയുടെ ലൂട്ട് എന്ന സംഗീതോപകരണം വായിക്കുന്ന പെണ്‍കുട്ടിയും. മൈക്കലാഞ്ചലോ, ഡാവിഞ്ചി, റഫേല്‍ എന്നിവരുടെ ചിത്രങ്ങളോട് കിടപിടിക്കുന്ന പെയിന്റിങ്ങുകളുടെ ഉടമയായ കരവാജിയോയുടെ ചിത്രങ്ങള്‍ യൂറോപ്പിലെ പല മ്യൂസിയങ്ങളിലുമുണ്ട്. ഡാവിഞ്ചിയുടെ മഡോണ ലിറ്റ അമൂല്യ ചിത്രങ്ങളുടെ മുന്‍നിരയിലുണ്ട്. പീറ്റര്‍ പോള്‍ റൂബന്‍സ്, റംബ്രാന്റ്, ജേക്കബ് ജോര്‍ഡാന്‍സ്, റഫേല്‍ എന്നിങ്ങനെ പ്രശസ്തരായ ചിത്രകാരന്മാരുടെ നിര നീളുന്നു.
ചലച്ചിത്ര പ്രതിഭയായ സെര്‍ജി ഐസന്‍സ്‌റ്റൈന്റെ നഗരമാണ് സെന്റ് പീറ്റഴ്സ്ബര്‍ഗ്. അദ്ദേഹത്തിന്റെ സ്ട്രൈക്ക്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ഒക്ടോബര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ റഷ്യന്‍ വിപ്ലവത്തിനു കാരണമായിട്ടുണ്ട്. ഐസന്‍സ്‌റ്റൈന്റെ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ ആണ് മൊണ്ടാഷ് തീയറി ആദ്യമായിട്ട് പ്രയോഗിച്ച നിശ്ശബ്ദ ചിത്രം. 1905 നടന്ന റഷ്യന്‍ വിപ്ലവത്തിന്റെ നേര്‍ക്കാഴ്ച. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വോഡ്ക മ്യൂസിയം ഒരു ദേശിയ പാനീയത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. 38 ശതമാനം ആല്‍ക്കഹോളിക്ക് കണ്ടന്റുള്ള പാനീയമാണ് വോഡ്ക. തണുപ്പുള്ള രാജ്യത്ത് ഈ വീര്യംതന്നെ കുറവാണെങ്കിലും നമ്മുടെ നാട്ടില്‍ ഈ ലഹരി അധികം തന്നെയാണ്. കുപ്പികളും സാമ്പിളുകളും തീന്‍ വിഭവങ്ങളും നിരത്തിവെച്ചിരുന്ന കാഴ്ച കൗതുകമുണര്‍ത്തുന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ വോഡ്കയുടെ വില കുറക്കുന്ന തന്ത്രമുണ്ടായിരുന്നു.
റഷ്യന്‍ ഭക്ഷണം ചുറ്റുമുള്ള ബാള്‍ട്ടിക്, സ്‌കാന്‍ഡിനേവിയന്‍, ജോര്‍ജിയന്‍, ജര്‍മ്മന്‍, പേര്‍ഷ്യന്‍ എന്നിവിടങ്ങളിലെ കുശിനികളില്‍നിന്നും പകര്‍ന്നുകിട്ടിയതാണ്. എരിവും പുളിയും തീരെക്കുറവാണ്. പുലാവ് പേര്‍ഷ്യയില്‍നിന്നു കടന്നുവന്നതാണ്. റഷ്യയുടെ ജനകീയ വിഭവമാണ് ഷചി എന്ന കാബേജ് സൂപ്പ്. ആട്, മാട്, പന്നി എന്നീ മൂന്ന് ഇറച്ചിയും മാവില്‍ നിറച്ച് ആവിയില്‍ വേവിച്ചോ എണ്ണയില്‍ മൊരിച്ചോ വിളമ്പുന്ന വിഭവമാണ് പെല്‍മെനി. മംഗോളിയ വഴി സൈബീരിയയില്‍ എത്തിയ വിഭവമാണിത്. ചൈനക്കാരുടെ മാമോസും പെല്‍മെനിയും തമ്മില്‍ സാമ്യമുണ്ട്. ഫില്ലിങ്ങിനായി പലതരം ചേരുവകള്‍ കടന്നുവരുന്നുവെന്നുമാത്രം. വിയറ്റ്നാമിലെ ജവീ(ഫോ) എന്ന സൂപ്പിനോട് കിടപിടിക്കുന്ന ഒരു ഭക്ഷണവും നിങ്ങള്‍ക്ക് റഷ്യയില്‍ കണ്ടെത്താനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates