

സിസ്റ്റര്‍ ജസീന്തയ്‌ക്കൊപ്പം ഒരാണ്‍കുട്ടി. ആരാണത്? ഞങ്ങളെല്ലാം കൗതുകപ്പെട്ട് നോക്കി.
''പുതിയ ആളാണ്. ഇന്നു മുതല്‍ ഇവളും ഈ ക്ലാസ്സിലുണ്ടാവും.'' സിസ്റ്റര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഒന്നമ്പരന്നു.
ഇവളോ? അതൊരു പെണ്‍കുട്ടിയാണോ?
നീതാ ദേവ്ചന്ദിനെക്കുറിച്ച് ദീപ്തി നവലിന്റെ ആദ്യ ഓര്‍മ്മ അതാണ്. ശരിക്കും ആണ്‍കുട്ടിയെപ്പോലെ തന്നെയായിരുന്നു അവള്‍. മുടിയൊക്കെ മുറിച്ച്, സംസാരത്തിലും ചലനത്തിലുമെല്ലാം ഒരു ആണ്‍മട്ട്. പോയിരിക്കൂ എന്ന് സിസ്റ്റര്‍ ജസീന്ത പറഞ്ഞപ്പോള്‍ എല്ലായിടത്തും ഒന്നോടിച്ച് നോക്കിയ ശേഷം നീത ശങ്കയൊന്നുമില്ലാതെ വന്നിരുന്നത് തന്റെ അടുത്തുതന്നെയായിരുന്നെന്ന് ദീപ്തി ഓര്‍ത്തെടുക്കുന്നുണ്ട്, 'കുട്ടിക്കാലം എന്ന രാജ്യ'ത്തില്‍.
'കുട്ടിക്കാലം എന്ന രാജ്യം' (A country called childhood) എന്തൊരു പേരാണത്! ദീപ്തി നവല്‍ എന്ന നടിയേയോ എഴുത്തുകാരിയേയോ അത്രയൊന്നും പരിചയമില്ലെങ്കില്‍ക്കൂടി അവരുടെ ജീവിതത്തിലേയ്ക്ക് നമ്മെ ക്ഷണിച്ചിരുത്തും, ആ തലക്കെട്ട്. കുട്ടിക്കാലത്തിന്റെ കഥകള്‍, ജീവിതം പറയാന്‍ അതാണ് ഏറ്റവും നല്ല വഴിയെന്നാണ് ദീപ്തിയുടെ പക്ഷം. ജീവിതമെന്നാല്‍ കഥകളാണ്. കുട്ടിക്കാലത്ത് കേട്ട, അറിഞ്ഞ, അനുഭവിച്ച കഥകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ നമ്മളാവുമായിരുന്നോ? നമ്മള്‍ കഥകളുണ്ടാക്കുകയല്ല, മറിച്ച് കഥകള്‍ നമ്മെ രൂപപ്പെടുത്തുകയായിരുന്നെന്നു പറയും, ദീപ്തി. അതിലെ വേദന ചിന്തുന്നൊരു കഥയാണ് നീതയുടേത്.
ആദ്യദിനത്തില്‍ ഉണ്ടാക്കിയ അദ്ഭുതത്തിന്റെ ശേഷിപ്പുകളെ പിന്നീട് ഓരോ ദിവസവും കെട്ടഴിച്ചുകൊണ്ടേയിരുന്നു, നീത. വളരെപ്പെട്ടെന്നുതന്നെ സ്‌കൂളില്‍ താരമായി മാറി, അവള്‍. കവിത, പ്രസംഗം, നാടകം തുടങ്ങി എല്ലാത്തിലും നീത നിറഞ്ഞുനിന്നു. നാലുപേരടങ്ങുന്ന തങ്ങളുടെ 'നിരാല' സംഘത്തിലെ, ഒഴിവാക്കാനാവാത്ത അഞ്ചാം അംഗമായി അവള്‍ മാറിയെന്ന് ദീപ്തി. നിരാല*യുടെ കവിതകള്‍ തലയ്ക്കുപിടിച്ച കാലമായിരുന്നു അത്. നാടകങ്ങളില്‍ ഞൊടി നേരംകൊണ്ട് മറ്റൊരാളായി മാറാനുള്ള അവളുടെ കഴിവ് അമ്പരപ്പിക്കുന്നതായിരുന്നു. അതിലെല്ലാം അപ്പുറമായിരുന്നു, അവള്‍ തുറന്ന അനുഭവകഥകളുടെ ലോകം. അറുപതുകളില്‍ കൗമാരപ്രായക്കാരായ പെണ്‍സംഘത്തിന് സങ്കല്പിക്കാവുന്നതിലും അകലത്തിലായിരുന്നു അവ. കോമിക് ബുക്കുകളില്‍ കണ്ട അവിശ്വസനീയ കഥകളെപ്പോലെ തോന്നിച്ചു, അതില്‍ പലതും.
''ഒരു ദിവസം രാത്രി എനിക്കു പുറത്തുപോവാന്‍ തോന്നി. വലിയ മഞ്ഞുവീഴ്ചയുള്ള ദിവസമായിരുന്നു. വീട്ടില്‍ ആരുമറിയാതെ ജനലിലൂടെ ഞാന്‍ പുറത്തിറങ്ങി. വഴിയെല്ലാം മഞ്ഞു മൂടിക്കിടക്കുന്നു, വല്ലാത്ത വിജനതയായിരുന്നു തെരുവില്‍. കുറേദൂരം നടന്നപ്പോഴേയ്ക്കും വിറയ്ക്കാന്‍ തുടങ്ങി. കുറച്ചപ്പുറത്ത് ഒരു സിനിമാഹാള്‍ ഉണ്ടായിരുന്നു. ഞാനവിടെക്കയറി സിനിമ കണ്ടു. പിന്നെ ആരും അറിയാതെത്തന്നെ തിരിച്ച് വീട്ടില്‍ വന്നുകയറി.''
രാത്രി ഇത്ര വൈകിയും സിനിമയോ? ആരോ ചോദിച്ചു. ആ സമയത്തും ഷോ ഉണ്ടായിരുന്നെന്നുതന്നെ അവള്‍ ഉറപ്പിച്ചു പറഞ്ഞു. 1966-ല്‍ അതൊരു അദ്ഭുതലോകത്തെ കഥയായിരുന്നതിനാല്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. മുന്‍പ് പഠിച്ചിരുന്ന സിംലയിലെ സ്‌കൂളില്‍നിന്ന് ഒന്നുരണ്ടു വട്ടം ഓടിപ്പോയിട്ടുണ്ടത്രെ, അവള്‍; വീട്ടില്‍നിന്നും. ആരുമറിയാതെ വീടിന്റെ നിലവറയില്‍ കഴിഞ്ഞിട്ടുണ്ട് രണ്ടു ദിവസം!
അച്ഛനെക്കുറിച്ച് വലിയ സ്‌നേഹത്തോടെയാണ് നീത വര്‍ത്തമാനം പറയുക. രാജകുമാരി എന്നാണ് അച്ഛന്‍ വിളിക്കുകയെന്നു പറഞ്ഞപ്പോള്‍ എന്തൊരു തിളക്കമായിരുന്നു അവള്‍ക്ക്. അമ്മയെപ്പറ്റി പക്ഷേ, അങ്ങനെയല്ല. അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതാണവരെ. വളരെ മോശമായാണ് അവര്‍ അവളോട് പെരുമാറിയിരുന്നത്. അതു കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും, 'പാവം കുട്ടി.' സ്‌കൂളില്‍ ഓരോ ദിവസവും നീതയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു, ചിലത് അവള്‍ പറഞ്ഞത്, മറ്റു ചിലത് അവളെക്കുറിച്ച് പറഞ്ഞതും. ഇതിനിടെ ആരോ പറഞ്ഞു, അവള്‍ക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടത്രെ. രാത്രി ഹോസ്റ്റലില്‍ മറ്റാരുടേയോ കിടക്കയില്‍ വന്നുകിടന്നെന്ന്! ആ കുട്ടി ബഹളം വെച്ച് എഴുന്നേറ്റപ്പോള്‍ അതാ നില്‍ക്കുന്നു, ഒന്നുമറിയാത്തതുപോലെ, നീത. വിശേഷങ്ങള്‍ ഇങ്ങനെ പെരുകിക്കൊണ്ടിരിക്കെയാണ് അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായത്. തൊട്ടടുത്തിരിക്കുകയായിരുന്നു, അവള്‍. പെട്ടെന്ന് സ്വന്തം വിരലുകള്‍ ഉള്ളിലേയ്ക്കു വെച്ച് മേശവലിപ്പ് ആഞ്ഞടച്ചു. നോക്കിനില്‍ക്കെ ഉള്ളിലൂടെ ഒരു വിറയല്‍ പാഞ്ഞു പോയി. വിരലുകള്‍ ചതഞ്ഞിരുന്നു. നിലവിളിക്കാനാഞ്ഞപ്പോള്‍ അവള്‍ കയ്യില്‍ തട്ടി, സാരമില്ല. എന്തിനാണവള്‍ ഇങ്ങനെ ചെയ്തത്? മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ? പിന്നീടൊരു ദിവസം നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് ചോരയൊലിപ്പിച്ച് അവള്‍ ക്ലാസില്‍ വന്നു. വേറൊരിക്കല്‍ സ്വന്തം കൈത്തണ്ട കടിച്ചുമുറിച്ചു. വല്ലാത്തൊരു പ്രഹേളികയായി നീത മാറുകയായിരുന്നു. അതിന്റെ കണ്ണികള്‍ മുറുക്കി പിന്നെയും സംഭവങ്ങളുണ്ടായി.
''സ്‌കൂള്‍ ആനിവേഴ്സറി പ്രോ ഗ്രാം. സ്റ്റേജില്‍ ഷെക്സ്പിയറിന്റെ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം തകര്‍ക്കുന്നു. ഞാന്‍ സദസ്സില്‍ രക്ഷിതാക്കളെ സ്വീകരിച്ചിരുത്തുന്ന ചുമതലയിലായിരുന്നു. പെട്ടെന്ന് ടോയ്ലറ്റില്‍ പോവണമെന്നു തോന്നി. പുറത്ത് ഇരുട്ടാണ്. കൂട്ടുകാരി കിരണ്‍ ഒപ്പം വരാമെന്നേറ്റു. ഓഡിറ്റോറിയത്തിനു പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ നീത. അസ്വസ്ഥയായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇവളെന്താണിവിടെ? നാടകത്തിന്റെ ടെന്‍ഷനാവും, അവളാണല്ലോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ ശില്പി. മുന്നോട്ടു നടന്നപ്പോള്‍ നീത ഒപ്പം വന്നു, കിരണിനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ടോയ്ലറ്റില്‍നിന്നു മടങ്ങുംവഴി പെട്ടെന്നായിരുന്നു എല്ലാം. ഇരുട്ടുനിറഞ്ഞ ഒരിടത്തുവെച്ച് നീത എന്നെ കെട്ടിപ്പിടിച്ചു, ചുണ്ടുകളില്‍ ആഴത്തില്‍ ചുംബിച്ചു. എനിക്ക് അനങ്ങാന്‍പോലുമായില്ല. എന്താണ് സംഭവിക്കുന്നതെന്നു തിരിച്ചറിഞ്ഞ് കുതറിയപ്പോള്‍ അവളുടെ പിടി കൂടുതല്‍ മുറുകി. ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുവന്നപ്പോള്‍ ഞാനാകെ വിളറിവെളുത്തിരുന്നു. കിതപ്പു മാറ്റി ശ്വാസമെടുക്കുമ്പോള്‍ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീമില്‍ ഹെലീനയുടെ വിഖ്യാതമായ ആത്മഗതം അകലെ എവിടെയോ നിന്നെന്നവണ്ണം കേട്ടു, പ്രണയം കാണുന്നത് കണ്ണുകള്‍ കൊണ്ടല്ല...''
പഠനത്തില്‍ മുന്നിലായിരുന്നെങ്കിലും നീത പരീക്ഷ എഴുതാന്‍ വന്നില്ല. പരീക്ഷാദിവസം ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയ അവള്‍, നിരാലാ സംഘം ഒത്തുചേരാം എന്നു പറഞ്ഞിരുന്ന കൂട്ടുകാരിയുടെ വീട്ടിലെത്തിയത് മുഖം മുഴുവന്‍ ചോരയൊലിപ്പിച്ചുകൊണ്ടാണ്. എല്ലാവരും ചേര്‍ന്ന് അവളെ ആശുപത്രിയിലാക്കി. ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ ഒരു കമ്പി മുഖത്തു കൊണ്ടതാണെന്നാണ് അവള്‍ സിസ്റ്റര്‍മാരോട് പറഞ്ഞത്. സത്യത്തില്‍ അത് ബ്ലേഡ്‌കൊണ്ട് വരഞ്ഞതായിരുന്നു. എന്തായാലും പിന്നെയവളെ സ്‌കൂളില്‍ കണ്ടതേയില്ല. ആരോ പറഞ്ഞു, നീതയെ മനോരോഗ ചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്ന്. അതു ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാവും; എന്നാലും ചിത്തരോഗ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ വണ്ണം ഭ്രാന്തിയാണോ അവള്‍? ഒന്നുപോയി കാണുകയെങ്കിലും വേണ്ടേ? അങ്ങനെയാണ് നിരാലാ സംഘം അമൃത്സര്‍ ഗവണ്‍മെന്റ് മനോരോഗ ചികിത്സാകേന്ദ്രത്തില്‍ എത്തിയത്. വിഭജനകാലത്ത് ലാഹോര്‍ ആശുപത്രിയില്‍ നിന്നെത്തിച്ച അമുസ്ലിം മനോരോഗികളെ പാര്‍പ്പിക്കാനായി സ്ഥാപിച്ചതായിരുന്നു അത്.
നീതയെ കാണണമെന്നു പറഞ്ഞപ്പോള്‍ സന്ദര്‍ശകമുറിയില്‍വെച്ച് ഒരു അറ്റന്‍ഡര്‍ അവളെക്കുറിച്ചുള്ള കാര്യങ്ങള്‍ വിവരിച്ചു തന്നു. വാസ്തവത്തില്‍ അയാള്‍ ഒരു ഫയല്‍ നോക്കി വായിക്കുകയായിരുന്നു. ''നീത ദേവിചന്ദ് ഡോ. ബല്‍ദേവ് കിഷോറിന്റെ ചികിത്സയിലാണ്. അച്ഛനാണ് അവളെ കൊണ്ടുവന്നത്. വെറുതേ വാശിപിടിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, നുണ പറയുക, ഒന്നും ചെയ്യാതെ അലസമായിരിക്കുക ഇതൊക്കെയാണ് പ്രശ്‌നങ്ങള്‍. അവള്‍ക്ക് അമ്മയോട് കടുത്ത വെറുപ്പാണ്, ഇതിനൊക്കെ പുറമേ ആത്മഹത്യാ പ്രവണതയും കാണിക്കുന്നുണ്ട്. ഇടയ്ക്കിടെ അപസ്മാരം വരുന്നുമുണ്ട്.'' പിന്നെ അയാള്‍ ഒരു കാര്യം കൂടി പറഞ്ഞു, ''മുന്‍പ് നീതയെ ചണ്ഡിഗഡ് മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.''
അറ്റന്‍ഡര്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി നീത പ്രത്യക്ഷപ്പെട്ടു, സ്വതസിദ്ധമായ അതേ ചിരിയോടെ. ചിത്തരോഗാശുപത്രിയില്‍ ഇവള്‍ക്കെന്തു കാര്യം എന്ന് ആര്‍ക്കും തോന്നാവുന്നവിധത്തില്‍ സാധാരണമായി.
''നീതാ, എന്തുപറ്റി? നീ ഓക്കെ അല്ലെ?''
എനിക്കെന്തു പറ്റാന്‍? ഒന്നുമില്ല.
''പിന്നെ?''
''ഓ, അതോ! അന്നു ഞാന്‍ മുഖത്ത് മുറിവേല്പിച്ചില്ലേ, അതിന്റെ പിറ്റേന്ന് എന്നെയവര്‍ ഇവിടെ കൊണ്ടുവന്നു. നിങ്ങള്‍ക്കറിയില്ലേ ഞാനിതൊക്കെ ചുമ്മാ ചെയ്യുന്നതാണെന്ന്. വെറും അഭിനയം.'' അവള്‍ ചിരിച്ചു.
''ഇവിടെ പക്ഷേ, രസമാണ് കേട്ടോ. എനിക്കിപ്പോ ചുഴലിദീനം വരെ അഭിനയിച്ചു കാണിക്കാനാവും. എല്ലാവരും പേടിച്ച് മാറിനില്‍ക്കും. നിങ്ങള്‍ക്കു കാണണോ? നോക്കിക്കോളൂ.''
എന്തെങ്കിലും പറയുന്നതിനു മുന്‍പുതന്നെ അവള്‍ തറയില്‍ വീണ് കൈകാലിട്ടടിക്കാന്‍ തുടങ്ങി. അവളുടെ പേശികള്‍ വലിഞ്ഞുമുറുകി, മുഖം കോടി വികൃതമായി. വായില്‍നിന്നു നുരയും പതയും വന്നു.
ഹേയ്, ഇത് അഭിനയമല്ല. എങ്ങനെയാണ് ഇതുപോലെ അഭിനയിക്കാനാവുക? ഞങ്ങളാകെ ഭയന്നു. നീതയുടെ ശരീരം ഇപ്പോള്‍ നിലച്ചുപോവുമെന്ന മട്ടില്‍ വിറയ്ക്കുകയായിരുന്നു. കൃഷ്ണമണികള്‍ മേലോട്ട് മറിയുന്നു, ആരോ കഴുത്തു മുറുക്കിയിട്ടെന്ന വണ്ണം അവള്‍ ശ്വാസത്തിനായി പിടയുന്നു. ഞങ്ങള്‍ അലറിവിളിച്ചു. കര്‍ട്ടന് അപ്പുറത്തുനിന്നും പാഞ്ഞുവന്ന അറ്റന്‍ഡര്‍മാര്‍ നീതയെ തൂക്കിയെടുത്ത് അകത്തേയ്ക്കു മറഞ്ഞു. പെട്ടെന്നൊന്നും അവള്‍ സാധാരണ നിലയിലെത്തില്ലെന്ന് ഏവരും കരുതിയ ആ ഘട്ടത്തില്‍ പക്ഷേ, നീതയ്ക്കു മാത്രം കഴിയുന്ന അദ്ഭുതം വിരിയിച്ച് അവള്‍ ഞങ്ങള്‍ക്കു നേരെ പുഞ്ചിരിച്ച് കണ്ണിറുക്കി. ചുവന്ന കര്‍ട്ടന് അപ്പുറത്തേയ്ക്കു മറയുന്നതിനു തൊട്ടു മുന്‍പുള്ള ആ അദ്ഭുതപ്രവൃത്തിയായിരുന്നു ജീവിതത്തില്‍ നീത ദേവിചന്ദ് എന്ന കൂട്ടുകാരിയുടെ അവസാന ദൃശ്യം. പിന്നെ അവളെ കണ്ടിട്ടേയില്ല.
ശരിക്കും എന്തായിരുന്നു അത്? അവള്‍ പറഞ്ഞപോലെ അഭിനയം ആയിരുന്നോ? എങ്കില്‍ അതൊരു അസാധ്യ പെര്‍ഫോമന്‍സാണ്. പക്ഷേ, ഇങ്ങനെ അഭിനയിക്കാനാവുമോ? അപസ്മാരം അഭിനയിക്കുന്നയാളുടെ വായില്‍നിന്നു നുരയും പതയും വരുമോ? ശരിക്കും അവള്‍ മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുകയാണോ അതോ തന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ അഭിനയിക്കുകയാണോ? അവളുടെ അഭിനയം അവള്‍തന്നെ യാഥാര്‍ത്ഥ്യമെന്നു വിശ്വസിക്കുകയാണോ? അവളെ സംബന്ധിച്ച് യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യ പ്രതീതിയും തമ്മിലുള്ള അതിര് മാഞ്ഞുകഴിഞ്ഞോ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പെരുകിക്കൊണ്ടേയിരുന്നു.
ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം സിംലയിലെത്തിയപ്പോള്‍ നീതയെ തേടിപ്പിടിക്കാന്‍ വെറുതെ ഒരു ശ്രമം നടത്തി. അവരുടെ ദേവിചന്ദ് സ്റ്റോര്‍ അടച്ചുപോയിരുന്നു. തന്റെ രാജകുമാരിയെ ചിത്ത രോഗാശുപത്രിയിലാക്കിയതിന്റെ വേദനയില്‍ തകര്‍ന്നുപോയ അച്ഛന്‍ അധികമൊന്നും അതിജീവിച്ചില്ല. നീത പിന്നീട് എപ്പോഴോ ഓസ്ട്രിയയിലേയ്ക്ക് പോയെന്നും അവിടെവെച്ച് ഉന്മാദത്തിന്റെ തിരയില്‍പ്പെട്ട ഏതോ നിമിഷത്തില്‍ ജീവനൊടുക്കിയെന്നും അറിഞ്ഞു. അമ്മ മാത്രമായിരുന്നു വീട്ടില്‍. അവരെ കാണണോ? നീത പറഞ്ഞ കഥകളായിരുന്നു മനസ്സില്‍, രണ്ടാനമ്മയുടെ ക്രൂരതകള്‍. വിളിച്ചപ്പോള്‍ അവര്‍ കാണാമെന്നു പറഞ്ഞു. അതായിരുന്നു നീത കാത്തുവെച്ച അവസാനത്തെ 'ഷോക്ക്.' അവര്‍ നീതയുടെ ശരിപ്പകര്‍പ്പു തന്നെയായിരുന്നു! അവളുടെ യഥാര്‍ത്ഥ അമ്മയെക്കുറിച്ചുള്ളതായിരിക്കണം, അവള്‍ പറഞ്ഞ നുണകളില്‍ ഏറ്റവും വലുത്. അതോ അവള്‍ അങ്ങനെ തന്നെയായിരുന്നോ വിശ്വസിച്ചിരുന്നത്??
.......................................................
*നിരാലാ - സൂര്യകാന്ത് ത്രിപാഠി - ഹിന്ദി കവി
(ദീപ്തി നവലിന്റെ 'എ കണ്‍ട്രി കോള്‍ഡ് ചൈല്‍ഡ്ഹുഡ്' വായിച്ച അനുഭവം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates