

മാതൃഭൂമി പത്രത്തിന്റെ ഫിലിം പേരായ ‘താരാപഥ’വും അതിന്റെ ഫിലിം മാഗസിനായ ‘ചിത്രഭൂമി’യുടേയും ചുമതല വഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു. ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്ത പണിയും അതായിരുന്നു. എന്നാൽ,
താരാപഥത്തിലെ വിസ്മയക്കാഴ്ചയായ അച്ചടിച്ച ‘കാഴ്ചബംഗ്ലാവുകൾ’ ഞാനാദ്യം കാണുന്നത് അതൊക്കെ ചെയ്യാൻ കിട്ടുന്നതിനും എത്രയോ മുന്‍പാണ്, അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്ത്. ‘സിനിമാമാസിക’ എന്ന മലയാളത്തിലെ ആദ്യത്തെ സിനിമാമാസികയുടെ ബൃഹത് ശേഖരമായിരുന്നു അത്. അതായിരുന്നു സിനിമാവായനയിലെ എന്റെ ആദ്യത്തെ സ്‌കൂളിങ്ങ്.
മധ്യവേനലവധിക്കാലത്ത് അടുത്ത ബന്ധുവീടുകളിൽ പാർക്കാൻ പോകുന്ന ആചാരം നിലനിന്നിരുന്ന കാലമായിരുന്നു അത്. ഭൂമിയുടെ ഒരറ്റം തന്നെയായിരുന്നു കോഴിക്കോട് ചാലിയാറിന്റെ ഒരു കൈവഴിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊളത്തറ ചുങ്കവും കടന്നെത്തേണ്ട അച്ഛന്റെ പെങ്ങൾ ലീല വല്യമ്മയുടെ വീട്. മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പറമ്പിലാണ് അരികിലൊന്നും മറ്റൊരു വീടുമില്ലാത്ത അവരുടെ വീട്. മുഖ്യപാതയില്‍നിന്നും നാലഞ്ച് കിലോമീറ്റർ നടന്നുവേണം ആ വീടെത്താൻ. പകൽ നീർനായ്‌ക്കളും പുഴയിലൂടെ കടന്നുപോകുന്ന തോണിക്കാരും ഒക്കെ നിറഞ്ഞ ലോകമാണത്. പുഴയ്ക്കപ്പുറത്തെ കര ചൂണ്ടി വല്യമ്മ പറഞ്ഞു; അതിന്നപ്പുറമാണ് മാമിയിൽ വീട്, ‘മുറപ്പെണ്ണി’ന്റെ ഷൂട്ടിങ്ങ് നടന്ന സ്ഥലം. അവിടെ പ്രേംനസീർ വന്നിട്ടുണ്ട്. പ്രേംനസീർ ദൈവമായിരുന്ന കാലമാണത്.
കാത്തുകിടന്ന സിനിമാ മാസികകള്‍
രാത്രിയാണ് കഠിനം. വിദ്യുച്ഛക്തി എത്തിയിട്ടില്ലാത്ത, അട്ടവും തട്ടിൽ പുറവുമൊക്കെയുള്ള മാളിക വീടാണ്. സന്ധ്യയോടെ മണ്ണെണ്ണ വിളക്കുകൾ നിറയുന്ന ഇരുണ്ട മുറികൾ. പ്രേതങ്ങൾ ഭൂമിയിൽനിന്നും വിട്ടുപോയിട്ടില്ല. യക്ഷികളും ഒടിയന്മാരും പാമ്പുകളും പൊന്തക്കാടുകളിൽ പതിയിരിപ്പുണ്ട്. പുറത്തിറങ്ങുന്നത് ചിന്തിക്കാൻ പോലുമാകില്ല. കാതിന്റെ അറ്റം വരെ ചീവീടുകളുടെ ശബ്ദമാണ്. ഏകാന്തമായ ആ മധ്യവേനലവധികളിൽ ഏറ്റവും വലിയ കൂട്ടായിരുന്നത് ‘സിനിമാമാസിക’കളുടെ കെട്ടുകളാണ്. ഞാൻ പിറക്കുന്നതിന് എത്രയോ കാലം മുതൽക്കുള്ള കെട്ടുകൾ. താരാപഥത്തിലെ ചെറുതും വലുതുമായ നക്ഷത്രങ്ങൾ മനസ്സിലേക്ക് കയറിക്കൂടിയത് ആ കാഴ്ചബംഗ്ലാവിലൂടെയുള്ള യാത്രയിലൂടെയായിരുന്നു.
വിമലേച്ചി, വത്സലേച്ചി, തങ്കേച്ചി, യമുനേച്ചി, ജയേച്ചി: വല്യമ്മയുടെ സിനിമാആരാധകരായ അഞ്ച് പെൺമക്കളുടെ സമ്പാദ്യമായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും ഒരു കൊട്ടക പോലുമെത്താത്ത ആ കോഴിക്കോടൻ കുഗ്രാമത്തിൽ സിനിമാ ആരാധികരായ ആ അഞ്ച് സഹോദരിമാർ അന്നുണ്ടായി എന്നത് ഒരത്ഭുതമാണ്. സിനിമ എന്ന പ്രസ്ഥാനം ജനജീവിതിങ്ങളിൽ വേരുറച്ച കാലത്തിന്റെ വിജയമാണത്. നഗരത്തിലെ കോളേജുകളിൽ പോയി പഠിച്ചവരായിരുന്നു ആ ചേച്ചിമാരെല്ലാം. അവർ കൃത്യമായി സിനിമാമാസികകൾ വാങ്ങുകയും അടുക്കും ചിട്ടയോടെയും അവ സൂക്ഷിച്ചുപോരുകയും ചെയ്തു. ആരാണ് ആ കാഴ്ചബംഗ്ലാവിന്റെ ഉപജ്ഞാതാവ് എന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല.
‘സിനിമാമാസിക’കളുടെ ചരിത്രം പിന്നീടെത്രയോ കഴിഞ്ഞാണ് ചികയുന്നത്. തൊണ്ണൂറുകളിലാണ് ‘മാതൃഭൂമി’യുടെ സിനിമാപേജായ ‘താരാപഥ’ത്തിന്റെ ചുമതല എ. സഹദേവനിൽനിന്നു ഞാനേറ്റെടുക്കുന്നത്. അന്നത്തെ എഡിറ്റോറിയൽ ബോർഡിലെ പ്രധാനിയായ വി. രാജഗോപാൽ പഴയ താരാപഥം പേജുകളും ‘ചിത്രഭൂമി’യുടെ പഴയ ലക്കങ്ങളുമൊക്കെ
ചികഞ്ഞുനോക്കാൻ എന്നെ ആർകൈവിലേക്ക് പറഞ്ഞുവിട്ടു. ഡിജിറ്റൽ യുഗപ്പിറവിക്കു മുന്‍പുള്ള പഴയ മാതൃഭൂമി ആർകൈവ് (ഗ്രന്ഥപ്പുര) വിസ്മയകരമായ ഒരു ലോകമായിരുന്നു.
കോഴിക്കോട് എം.എം. പ്രസ്സിന് എതിർവശത്തുള്ള, പതിറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടിടത്തിൽ 1923 മാർച്ച് 18-ന് ഇറങ്ങിയ ആദ്യത്തെ പത്രം മുതൽ ഒന്നുപോലും വിട്ടുപോകാതെ മുഴുവൻ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വിശേഷാൽ പതിപ്പുകളും അടുക്കിവച്ചിരുന്നു. പൊയ്‌പോയ കാലം നിശ്ശബ്ദമായി സ്‌പന്ദിക്കുന്നത് ഒരു സ്പർശത്തിലൂടെ അറിയാം.
ആ ചികയലിനിടയിലാണ് എഴുപതുകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ചലച്ചിത്ര വാർഷികപതിപ്പുകളുടെ പഴയ ലക്കങ്ങൾ കാണുന്നത്. അതൊരു വഴി വിളക്കായിരുന്നു. ഉള്ളടക്കത്തിന്റെ മികവുകൊണ്ട് അത് പണിത മാതൃക അദ്വിതീയമായിരുന്നു. മുഖ്യധാരാ സിനിമയ്ക്ക് നൽകുന്ന പ്രാധാന്യത്തിൽ സമാന്തര സിനിമയെ മുക്കിക്കൊല്ലാതെ നടത്തിയ പരിചരണം ഒരു കലാരൂപമെന്ന നിലയ്ക്കുള്ള സിനിമയുടെ സമഗ്രമായ വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതായിരുന്നു. എൺപതുകളിൽ ചരിത്രം സൃഷ്ടിച്ച ‘ചിത്രഭൂമി’യുടെ മുൻഗാമിയാണ് ആ ചലച്ചിത്ര വാർഷികപ്പതിപ്പുകൾ. എന്നാൽ അതിന്റെ ഉപജ്ഞാതാക്കൾ ആരാണെന്ന് ഇന്നത്തെപ്പോലെ കണ്ടെത്താനാവില്ല. പത്രാധിപർ എന്ന ഒറ്റ അധികാരത്തിനു കീഴിലെ അദൃശ്യജന്മങ്ങളായിരുന്നു അത് സൃഷ്ടിച്ച യഥാർത്ഥ ചുമതലക്കാരെല്ലാം തന്നെ. പത്രസ്ഥാപനങ്ങളിലെ ‘ഡസ്‌ക് വർക്ക്’ എന്നാൽ ഇങ്ങനെ കാലത്തിലേക്ക് ബാഷ്‌പീകരിക്കപ്പെടുന്ന ജന്മങ്ങളുടേതാണ്.
ഗോപി പഴയന്നൂർ എന്ന പേര് അവിടെവച്ചാണ് ഞാനറിയുന്നത്. വി. രാജഗോപാൽ തന്നെയാണ് എന്നെ പരിചയപ്പെടുത്തിയത്: ‘ചിത്രഭൂമി’യുടെ സ്ഥാപകൻ എന്ന്. എൻ.വി. കൃഷ്‌ണവാരിയർ, എം.ടി. വാസുദേവൻ നായർ
തുടങ്ങി പുറത്തറിയുന്ന മഹാവൃക്ഷങ്ങൾക്കു കീഴിൽ മലയാളത്തിൽ ഫിലിം ജേർണലിസത്തിനു കൃത്യമായ ദിശാബോധം നൽകാൻ ‘താരാപഥം’, ‘ചലച്ചിത്ര വാർഷികപ്പതിപ്പ്’, ‘ചിത്രഭൂമി’ എന്നിവയുടെയെല്ലാം പണിപ്പുരയിൽ നിശ്ശബ്ദനായി പണിയെടുത്ത ഗോപി പഴയന്നൂരിനെപ്പോലൊരാൾ ഉണ്ടായിരുന്നു എന്നത് എഴുതപ്പെട്ട ചരിത്രത്തിന്റെ ഭാഗമല്ല. അത്തരം സൂക്ഷ്മചരിത്രങ്ങൾ എല്ലാ സ്ഥൂലചരിത്രങ്ങളുടേയും വളമാണ്. പുറത്തുനിന്നു നോക്കുമ്പോൾ കാണില്ല. തൊണ്ണൂറുകളിൽ ‘താരാപഥം’ പേജ് ചെയ്യുമ്പോഴും, 2003-2012 കാലത്ത് ‘ചിത്രഭൂമി’യുടെ പണിപ്പുരയിലിരുന്നപ്പോഴും എന്ത് ചെയ്യരുത് എന്ന ഗോപി പഴയന്നൂരിന്റെ മുന്നറിയിപ്പുകൾ എനിക്ക് നിർലോഭം കിട്ടി. എന്ത് ചെയ്യണം എന്നു പറഞ്ഞ് ഒരിക്കലും വഴിമുടക്കിയതുമില്ല. ഒരു വഴിവിളക്കുപോലെ അതെന്റെ ജോലിയിൽ പ്രകാശം പരത്തി.
മലയാളത്തിലെ ഫിലിം ജേർണലിസത്തിനു തറക്കല്ല് പാകിയത് അതിനും പതിറ്റാണ്ടുകൾക്കു മുന്‍പ് 1946-ൽ കോട്ടയത്തുനിന്നും ഇറങ്ങിയ ‘സിനിമാമാസിക’യും അതിന്റെ പത്രാധിപർ മാളിയേക്കൽ എം.എം. ചെറിയാനുമാണ് എന്ന് പിന്നീടറിഞ്ഞു. “മലയാളത്തിൽ ആകെ അഞ്ചു സിനിമകൾ മാത്രം - ‘വിഗതകുമാരൻ’ (1928), ‘മാർത്താണ്ഡവർമ്മ’ (1933), ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ളാദ (1941) - പുറത്തിറങ്ങിയ കാലത്താണ് കോട്ടയത്തുനിന്നും ടി.എം. ചാണ്ടി പ്രിന്റർ ആന്റ് പബ്ലിഷർ ആയി 1946-ൽ സിനിമാമാസിക അച്ചടിച്ചത് എന്ന് ഇ മലയാളി ഡോട്ട് കോമിൽ ഡോ. പോൾ മണലിൽ ‘സിനിമാമാസിക മുതൽ ഫിലിം സൊസൈറ്റി’ വരെ എന്ന ലേഖനത്തിൽ പറയുന്നുണ്ട് (2023 മെയ് ലക്കം). ചലച്ചിത്ര പത്രപ്രവര്‍ത്തനത്തെക്കുറിച്ച് അടുത്തിടെ വായിച്ച ഏറ്റവും സമഗ്രമായ പഠനമാണ് പോൾ മണലിന്റേത്. ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെ അദ്ദേഹം ആ പഠനത്തിൽ സമാഹരിച്ചിട്ടുണ്ട്. ഓരോ നാട്ടിലും അതിന് അതിന്റേതായ കൈവഴികളും ചരിത്രവുമുണ്ട്. കേരളപ്പിറവിയെ പിൻതുടർന്ന്, 1957-ൽ കെ. ശങ്കരൻനായർ സിനിമാമാസികയുടെ ചുമതല ഏറ്റെടുത്തതോടെയാണ് കേരളത്തിലെ ഫിലിം ജേർണലിസം പുതിയ കാലത്തിലേക്ക് കടക്കുന്നത്. ദക്ഷിണേന്ത്യയുടെ താരനായകൻ എം.ജി.ആർ. പോലും ആദരിക്കുകയും വായിക്കുകയും ചെയ്യുന്ന ഒരു മാധ്യമമായി ‘സിനിമാമാസിക’ മാറി. അത് ഫിലിം ജേർണലിസത്തിന്റെ അജണ്ട തന്നെ മാറ്റി നിശ്ചയിച്ചു.
“ഒരുകാലത്ത് ശ്രദ്ധേയമെന്നു പറയാവുന്ന ഒരേയൊരു സിനിമാപ്രസിദ്ധീകരണമേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളൂ. കെ. ശങ്കരൻ നായരുടെ ഉടമസ്ഥതയിൽ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സിനിമാമാസിക’... ദീപ്‌തി ഫിലിം, സിനിമാദീപം തുടങ്ങിയ ചില പ്രസിദ്ധീകരണങ്ങൾ ഇടയ്ക്ക് പ്രചാരത്തിൽ എത്തുകയും വളരെ പെട്ടെന്നു തന്നെ പൊലിഞ്ഞു പോകുകയും ചെയ്തു. ജനയുഗത്തിന്റെ ഉടമസ്ഥതയിൽ ‘സിനിരമ’യും കൃഷ്‌ണസ്വാമി റെഡ്ഢിയാരുടെ ഉടമസ്ഥതയിൽ; ‘നാന’യും വളരെ കഴിഞ്ഞാണ് തുടങ്ങിയത്. ഇതേ സമയത്ത് സിനിമാമാസികയുടെ സഹപ്രസിദ്ധീകരണമായി ‘ചിത്രരമ’യും വന്നു. സിനിമാമാസികയിൽ വളരെ ചെറുപ്പകാലത്തു തന്നെ ‘നിങ്ങളും ഞാനും’ എന്ന പേരിൽ ഒരു ചോദ്യോത്തര പംക്തി ഞാൻ കൈകാര്യം ചെയ്തിരുന്നു. ഈ പംക്തിക്ക് ധാരാളം ആസ്വാദകർ ഉണ്ടായിരുന്നു. കെ. ശങ്കരൻ നായരുടെ കുടുംബത്തിൽ ഞാൻ ഒരു അംഗത്തെപ്പോലെ ആയിരുന്നു. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന പ്രശസ്ത ജേണലിസ്റ്റ് സി.കെ. സോമൻ ദീർഘകാലം സിനിമാമാസികയുടേയും ചിത്രരമയുടേയും പത്രാധിപർ ആയിരുന്നു. മലയാള സിനിമയ്ക്ക് ആദ്യമായി അവാർഡ് ഏർപ്പെടുത്തിയ പ്രസിദ്ധീകരണം സിനിമാമാസിക ആണ്. സിനിമാമാസിക ട്രോഫി ഒരു വലിയ അംഗീകാരം ആയിരുന്നു. കെ. ശങ്കരൻ നായരുടെ നിര്യാണത്തോടെ സിനിമാമാസികയും ചിത്രരമയും ഓർമ്മ മാത്രം ആയി! എന്ന് ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി ആ കാലത്തെ തന്റെ ഫെയ്‌സ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചലച്ചിത്ര മാധ്യമപ്രവർത്തനത്തിനു മുഖമുദ്ര പണിത കെ. ശങ്കരൻ നായരുടെ ജീവിതവും അദ്ദേഹം നേതൃത്വം നൽകിയ കാലത്തെ ‘സിനിമാമാസിക’യും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കേണ്ടത് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളാണ്. എം.എം. ചെറിയാൻ 1946-ൽ ഇറങ്ങിയ ആദ്യ ലക്കം മാത്രമേ ഇപ്പോൾ പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ പറ്റും വിധം നെറ്റിലുള്ളൂ. ബാക്കിയെല്ലാം കാലത്തിൽ മറഞ്ഞുകിടക്കുന്നു.
സിനിമയും സിനിമാ മാസികകളും
മലയാളത്തിൽ സിനിമാമാസികയ്ക്ക് തുടക്കമിടുന്നത് മലയാള സിനിമയുടെ ആദ്യകാല ചരിത്രത്തിലെ അതികായനായിരുന്ന കെ.വി. കോശിയാണെന്ന് സാഹിത്യഅക്കാദമി സെക്രട്ടറിയും ഓർമ്മയുടെ ചരിത്രകാരനുമായ ആർ. ഗോപാലകൃഷ്ണൻ തന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. 1940-ൽ മലയാളത്തിലാദ്യമായി എറണാകുളത്തുനിന്നും ‘സിനിമ’ എന്ന പേരിൽ ഒരു ചലച്ചിത്ര പ്രസിദ്ധീകരണം (മാസിക) അദ്ദേഹം പുറത്തിറക്കിയിരുന്നു. ആദ്യ ലക്കം 750 കോപ്പി അച്ചടിച്ച ‘സിനിമ’ എന്ന മാസികയുടെ സർക്കുലേഷൻ മൂന്നുവർഷംകൊണ്ട് ഏഴായിരമായി ഉയർന്നുവത്രെ. വൻവിജയമായിരുന്ന ‘സിനിമ’ മാഗസിന്റെ പ്രവർത്തനം ഇടയ്ക്കുവച്ച് നിർത്തിപ്പോയി. (കെ&കെ പ്രൊഡക്‌ഷൻസ് എന്ന ചലച്ചിത്ര നിർമ്മാണക്കമ്പനിയുടെ പരിശ്രമത്തിനിടയിലാണ് ഇത് നിന്നതത്രെ) എന്ന് അദ്ദേഹം ആ പോസ്റ്റിൽ പറയുന്നു.
മലയാള സിനിമ മദിരാശിയിൽനിന്നും കേരളത്തിന്റെ മണ്ണിലേക്കു പിച്ചവച്ചപ്പോൾ ‘സിനിമാമാസിക’യുടെ യുഗം അവസാനിച്ചു. എൺപതുകളിൽ ‘ഫിലിം മാഗസി’നും ‘നാന’യും ‘ചിത്രഭൂമി’യും ഒക്കെ സിനിമാവായനയുടെ കമ്പോളത്തിൽ പുതിയ തരംഗങ്ങൾ പണിതതോടെ ‘സിനിമാമാസിക’ കാലയവനികയ്ക്കുള്ളിലേക്ക് പിന്മാറി. എഴുപതുകളുടെ മധ്യത്തിൽ ആർട്ട് സിനിമയുടെ ഉദയത്തോടെ ഗൗരവത്തോടെ സിനിമയെ കാണുന്ന വായനക്കാരും ഫിലിം സൊസൈറ്റി പ്രവർത്തകരും ഒക്കെ രംഗത്തുവന്നതോടെയാണ് ‘ഫിലിം മാഗസി’ന്റെ കാലം വന്നത്. ആർട്ട് സിനിമയുടേയും കമേഴ്‌സ്യൽ സിനിമയുടേയും മനോഹരമായ ഒരു ഉള്ളടക്ക ചേരുവ നിർമ്മിക്കുന്നതിൽ ഫിലിം മാഗസിൻ മുന്‍പേ സഞ്ചരിച്ചു.
1964-ൽ തന്നെ ‘സിനിമാശാലകളിൽ’ എന്ന പംക്തി മാതൃഭൂമി വാരാന്തപ്പതിപ്പിൽ ആരംഭിക്കുന്നുണ്ട്. ചലച്ചിത്രരംഗത്തെ അത് വായനാലോകവുമായി കൂട്ടിയിണക്കി. എഴുപതുകളിലാണ് അത് ‘താരാപഥം’ എന്ന പ്രത്യേക പേജായി വികസിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിന്റെ മുൻകൈയിൽ പുറത്തിറങ്ങിയ ചലച്ചിത്ര വാർഷികപതിപ്പുകൾ (1971 - 1978) ആ ധാര ബൃഹത്താക്കി. 1982-ൽ തുടക്കമിട്ട ചിത്രഭൂമി 2013-ൽ നിലച്ചു. 2003 മുതൽ 2012 വരെ ഞാൻ അതിനൊപ്പം സഞ്ചരിച്ചു.
1950-ൽ തന്നെ സിനിമാവിശേഷങ്ങൾക്കായി ‘ചിത്രശാല’ എന്ന പംക്തിക്ക് ‘മാതൃഭൂമി’ പത്രം തുടക്കമിടുന്നുണ്ട്. ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിൽ എൻ.വി. കൃഷ്‌ണവാരിയരും എം.ടി. വാസുദേവൻ നായരും എത്തിയതോടെയാണ് സിനിമയ്ക്ക് അർഹമായ പ്രാധാന്യം കിട്ടിയത്. സിനിക്ക് (എം. വാസുദേവൻ നായർ), നാദിർഷ (ടി.എം.പി. നെടുങ്ങാടി), കോഴിക്കോടൻ (അപ്പുക്കുട്ടൻ നായർ), അശ്വതി (പത്മനാഭൻ) എന്നിവരുടെ ആഴ്ചതോറുമുള്ള ചലച്ചിത്ര വായനകളാണ് മലയാളത്തിലെ ചലച്ചിത്ര പഠനത്തിന് അടിത്തറ പാകിയത്. ശ്രദ്ധിക്കേണ്ട വസ്തുത അതൊക്കെ ആൺകാഴ്ചകളായിരുന്നു എന്നതാണ്. സിനിമയേയും സിനിമയുടെ ചരിത്രത്തേയും നിർണയിച്ചതിലും രൂപപ്പെടുത്തിയതിലും ആധിപത്യം എന്നും ആൺകാഴ്ചകൾക്കായിരുന്നു. തീരുമാനമെടുക്കുന്ന ഇടങ്ങളിലെ സ്ത്രീ ശൂന്യത സിനിമയിലും ചിന്തയിലും നീങ്ങിക്കിട്ടാൻ കാലം പിന്നെയും ഏറെ മാറിമറയേണ്ടിവന്നു.
എഴുപതുകളുടെ അന്ത്യത്തിലാണ് ചലച്ചിത്ര ചിന്തയ്ക്ക് രാഷ്ട്രീയമാനം നൽകിയ ചിന്ത രവീന്ദ്രന്റെ ഇടപെടലുകളുണ്ടായത്. അത് സമാന്തര സിനിമയ്ക്കൊപ്പമാണ് വളർന്നത്. കോഴിക്കോട് അതിന് അത്താണിയായി ചെലവൂർ വേണുവിന്റെ ‘സൈക്കോ’ പ്രസ്ഥാനവും അശ്വിനി ഫിലിം സൊസൈറ്റിയുമുണ്ടായിരുന്നു. ചിന്ത രവീന്ദ്രൻ ഒറ്റപ്പെട്ട ഒരു പേരല്ല. ചലച്ചിത്ര ചിന്തയിൽ അതേ കാലത്ത് തന്നെയാണ് ചിന്തയുടെ സൗന്ദര്യമായി നിസ്സാർ അഹമ്മദ്, ടി.കെ. രാമചന്ദ്രൻ, സേതു എന്നിവർ ഒപ്പം സഞ്ചരിച്ചിരുന്നത്. 1977 മുതൽ ഞാനും ഈ കോഴിക്കോടൻ സ്‌കൂളിൽ അംഗമായി. ഫെമിനിസം ചലച്ചിത്ര ചിന്തയിൽ ഇടപെടാൻ പിന്നെയും വർഷങ്ങളെടുത്തു. എൺപതുകളിൽ ജെ. ഗീത, പി. ഗീത, ദീദി എന്നിവർ മലയാളത്തിൽ ഫെമിനിസം പിച്ചവച്ചതിനൊപ്പമാണ് അത് ആൺകാഴ്ചയുടെ കണ്ണിൽ ഇടപെട്ടു തുടങ്ങുന്നത്.
അച്ചടിയിൽ കെട്ടിപ്പൊക്കിയ താരാപഥത്തിന്റെ കാഴ്ചബംഗ്ലാവുകൾ പതുക്കെ പൊടിഞ്ഞു വീഴുന്ന കാഴ്ചയ്ക്കാണ് മൊബൈൽ ഇന്റർനെറ്റ് യുഗം ബാക്കിവയ്ക്കുന്നത്. പതിറ്റാണ്ടുകൾകൊണ്ട് കെട്ടിപ്പൊക്കിയ പിരമിഡുകളും ബാബേൽ ഗോപുരങ്ങളും ഇന്റർനെറ്റ് മൊബൈൽ ആക്രമണങ്ങളിൽ വിറച്ചു. 1995 ആഗസ്റ്റ് 15-നാണ് ഇന്ത്യയിൽ ഇന്റർനെറ്റ് യുഗത്തിന്റെ തുടക്കം. മാതൃഭൂമിയിൽ ഇന്റർനെറ്റ് എഡിഷന്റെ പിറവിക്കൊപ്പം നിൽക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഫോട്ടോ കമ്പോസിങ്ങിനു പുറത്തേക്ക് ഒരു എഡിറ്റോറിയൽ ജീവനക്കാരന് ആദ്യമായി ഒരു കംപ്യൂട്ടർ അനുവദിച്ചു കിട്ടുന്നത് അപ്പോഴാണ്. 1997 ആയി അപ്പോഴേക്കും.
താരാപഥം പേജിലേക്ക് ചെന്നൈയിൽനിന്നും രാജീവ് അഞ്ചലിന്റെ ‘ഗുരു’ എന്ന സിനിമയുടെ സ്റ്റില്ലുകൾ ഫ്ലോപ്പി ഡിസ്‌കിലാക്കി ചെന്നൈ മാതൃഭൂമി ലേഖകൻ കെ.കെ. ബലരാമൻ കോഴിക്കോട്ടേക്കയച്ചു. സിനിമ റിലീസിങ്ങിന് തയ്യാറെടുക്കുകയായിരുന്നു അപ്പോൾ. പുറത്തുനിന്നുള്ള ഒരു ഫ്ലോപ്പി മാതൃഭൂമി നെറ്റ്‌വർക്കിലുള്ള ഒരു
കംപ്യൂട്ടറിൽ ഇട്ട് തുറക്കാൻ പാടില്ലെന്ന് വർക്ക്‌സ് മാനേജർ ശഠിച്ചു. ആ ആഴ്ച ചെയ്യേണ്ട താരാപഥത്തിൽ ഉപയോഗിക്കാനുള്ള ചിത്രങ്ങളായതുകൊണ്ട് തീരുമാനത്തിനായി അത് മുകൾപരപ്പ് വരെ എത്തി. അങ്ങനെ ഒരു കുഴിബോംബോ മറ്റോ നിർവീര്യമാക്കുന്ന മട്ടിൽ എന്‍ജിനീയർമാരുടെ ഒരു സന്നാഹം തന്നെ എത്തി ആ ഫ്ലോപ്പി ഡിസ്‌ക് തുറന്ന് ചിത്രം പുറത്തെടുക്കാൻ. ഓരോ ചിത്രവും ഒരു പേജിനെക്കാൾ വലുതായിരുന്നു. അത് ചെറുതാക്കാനുള്ള സാഹസിക യത്നമായി പിന്നീട്. അത് വിജയം വരിച്ചതോടെ ചിത്രങ്ങൾ പ്രിന്റെടുക്കുന്ന യുഗത്തിനാണ് തിരശ്ശീല വീണത്. ‘ഗുരു’ (1997) ആയിരുന്നു അതിന് നിമിത്തമായത്. ‘സെല്ലുലോയ്ഡി’ന്റെ മരണത്തിന്റെ മുന്നറിയിപ്പായിരുന്നു അത്. എന്നാൽ സമ്പൂർണമായ, ആദ്യത്തെ ഡിജിറ്റൽ സിനിമ പിറവികൊള്ളാൻ മലയാള സിനിമയ്ക്ക് പിന്നെയും ഒന്‍പത് വർഷം കാത്തിരിക്കേണ്ടതുണ്ടായിരുന്നു. 2006-ൽ വി.കെ. പ്രകാശിന്റെ ‘മൂന്നാമതൊരാൾ’ വരെ. അപ്പോഴേക്കും ഇന്റർനെറ്റ് എഡിഷൻ വിട്ട് ഞാൻ ‘ചിത്രഭൂമി’ക്കാലത്തെത്തിയിരുന്നു.
ഇന്ത്യയിലെ ഇന്റർനെറ്റ് വിപ്ലവത്തിന് 2025-ൽ മൂന്ന് പതിറ്റാണ്ട് തികയും. അത് ഇടിച്ചുനിരത്തി കത്തിപ്പടർന്ന അതിരുകൾ നിരവധിയാണെന്ന് ഇപ്പോൾ കാണാനാവും. അച്ചടി അതിന്റെ ചരിത്രത്തിലെ അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുന്നു. സെല്ലുലോയ്ഡിന്റെ മരണം പൂർണമായി. ഓരോരുത്തരും അവരവരുടെ മൊബൈൽ ഫോണിന്റെ കൊച്ചുവെള്ളിത്തിരയിൽ ഒരു താരാപഥം മാത്രമല്ല, ഒരു കാഴ്ചബംഗ്ലാവും ഒപ്പം കൊണ്ടുനടക്കുന്നു. ചരിത്രത്തിന് ഒറ്റനായകനോ ഒറ്റനായികയോ ഇല്ല. ഓരോരുത്തരും ഓരോ കൈവഴിയാണ്. കണ്ടു കണ്ട് കടലുകൾ ഉണ്ടാകുന്നത് അങ്ങനെയാണ്. ഓർമ്മ മാത്രമല്ല, മറവിയും ഇവിടെ ഒരു തെരഞ്ഞെടുപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates